സ്വാസ്ഥ്യം നഷ്ടപ്പെട്ട മനുഷ്യന് നല്ലൊരു ജീവിതം സ്വപ്‌നമായിരിക്കുന്നു. അന്തരീക്ഷത്തിലെ പുകമഞ്ഞും അസഹ്യമായ ചൂടും ജല ദൗര്‍ലഭ്യവും ആകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. മനുഷ്യന്‍ തന്റെ സുഖ ജീവിതത്തിന് വേണ്ടി ചെയ്യുന്ന പ്രവൃത്തികള്‍ വാസ്തവത്തില്‍ അവന് അസുഖ ജീവിതമാണ് വഴിയൊരുക്കുന്നത്. അസംഖ്യം ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടി കാണിക്കാനാകും.
കഠിന ചൂട് ശരീരത്തിന് പ്രയാസം സൃഷ്ടിക്കുമ്പോള്‍ സൗഖ്യത്തിന് വേണ്ടി വീടിന്റെ ബെഡ് റൂമില്‍ നാം എ.സി(എയര്‍ കണ്ടീഷണര്‍) ഫിറ്റ് ചെയ്യുന്നു. എയര്‍ കണ്ടീഷണറില്‍ നിന്നും പുറം തള്ളുന്നതാണെങ്കില്‍ സി എഫ് സി(ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍)യും. അള്‍ട്രാവയലറ്റ് രശ്മികളെയും മറ്റും തടയുന്ന ഓസോണ്‍ ലെയറിന് വിള്ളലുണ്ടാക്കുന്നതില്‍ പ്രമുഖനാണീ സി.എഫ്.സി. ഈ വിള്ളലാകട്ടെ ആഗോള താപനത്തിന് കാരണമാകുന്നു. ആഗോള താപനമെന്നാല്‍ അന്തരീക്ഷത്തില്‍ ചൂട് കൂടുന്ന അവസ്ഥയും. ചുരുക്കത്തില്‍ പരിസ്ഥിതി സംരക്ഷണം എന്നുള്ളത് മരം വെട്ടാതിരിക്കലും മരം വെച്ചുപിടിപ്പിക്കലും മാത്രമല്ല.
അനിയന്ത്രിതമായ പ്രകൃതി ചൂഷണമാണ് മറ്റൊരു പ്രശ്‌നം. വികസനാവശ്യങ്ങള്‍ക്ക് വേണ്ടി മഴക്കാടുകളും വനഭൂമികളും വെട്ടി നിരത്തി പാടവും പറമ്പും കോണ്‍ക്രീറ്റ് കാടുകളാകുന്ന അവസ്ഥ. കൃത്രിമ തടാകങ്ങളും കുളങ്ങളും മറ്റൊരു ഭാഗത്തും. പ്രകൃതി കനിഞ്ഞതിനെ ഇല്ലാതാക്കി കൃത്രിമതയെ തേടുന്ന ദുരവസ്ഥയിലേക്ക് മനുഷ്യന്റെ ദുരയെത്തിരിക്കുന്നു. മഴയുടെ ഗണ്യമായ കുറവ് മൂലം കൃത്രിമമായി മഴ പെയ്യിക്കുന്നതിലേക്കുള്ള സാധ്യതയിലേക്ക് ഭരണകൂടം നീങ്ങേണ്ടി വന്നത് അതുകൊണ്ടാണല്ലോ.
കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ചയും അതിനെ തുടര്‍ന്ന് വാഗ്വാദവും നടന്ന് കൊണ്ടിരിക്കുന്ന ഒരു പദ്ധതിയാണ് തൃശ്ശൂര്‍ ജില്ലയിലെ ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി. 138.6 ഹെക്ടര്‍ വനഭൂമിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പില്‍ വരുന്നതോടെ 104 ഹെക്ടര്‍ വനം വെള്ളത്തിനടിയിലാകും. കേരള ഗവണ്‍മെന്റ് ഈ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള പ്രധാന കാരണം 163 മെഗാവാട്ട് വൈദ്യുതി ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന ഉറപ്പിന്‍മേലാണ്. പക്ഷെ പല പരിസ്ഥിതി വാദികളും ഇതിനെ എതിര്‍ക്കുന്നു.
മന്ത്രിസഭയിലെ ധനകാര്യം കൈകാര്യം ചെയ്യുന്ന ഡോ. തോമസ് ഐസക് പറയുന്നത് കേരളത്തിലെ നാലരക്കോടി ബള്‍ബുകള്‍ മാറ്റി പകരം എല്‍ ഇ ഡി ബള്‍ബുകള്‍ പുനഃസ്ഥാപിച്ചാല്‍ ഈ 163 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ സാധിക്കുമെന്നാണ്. വനഭൂമിയെ നിലനിര്‍ത്തി കേരളത്തില്‍ കൂടുതല്‍ കാറ്റ് ലഭിക്കുന്ന പ്രദേശങ്ങളില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന രീതി കൂടി കൂടുതല്‍ ആലോചിക്കേണ്ടിയിരിക്കുന്നു. സോളാര്‍ സംവിധാനമുപയോഗിച്ച് ഊര്‍ജ്ജം സംരക്ഷിക്കുന്ന രീതിയും കൂടുതല്‍ കരുത്താര്‍ജ്ജിച്ചാല്‍ മാത്രമേ സുസ്ഥിര വികസനമെന്നത് യാഥാര്‍ത്ഥ്യമാവുകയുള്ളൂ. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുമ്പോഴുള്ള ഇരട്ടത്താപ്പ് ഉപേക്ഷിച്ച് പ്രകൃതിക്ക് കരുത്തേകുന്ന വികസനങ്ങള്‍ കാഴ്ച വെക്കേണ്ടതുണ്ട്.
പ്രശസ്ത ഇംഗ്ലീഷ് കവിയായ വില്യം വേഡ്‌സ്‌വര്‍ത്ത് പറയുന്നുണ്ട്. ‘പ്രകൃതി അതിനെ സ്‌നേഹിക്കുന്നവനെ ഒരിക്കലും വഞ്ചിച്ചിട്ടില്ല.’ സത്യത്തില്‍ പ്രകൃതി തിരിച്ചടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കവിയുടെ വാചകം അന്വര്‍ത്ഥമാക്കും വിധത്തില്‍ നാം പ്രകൃതിയെ അതിയായി വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ പ്രകൃതിയുടെ താളാത്മകത വികൃതമായി ഉലയുകയാണിപ്പോള്‍.
കേരളമെന്ന നാല്‍പ്പത്തിനാല് നദികളുടെ പെരുമയറിയിക്കുന്ന കൊച്ചു സംസ്ഥാനം വറ്റിവരണ്ടുണങ്ങുകയാണിപ്പോള്‍. കാലവസ്ഥാ വ്യതിയാനമാണ് ഇതിനുള്ള പ്രധാന കാരണം. ജൂണ്‍ മാസത്തിലും ജൂലൈ മാസത്തിലും കേരളത്തിന് വേണ്ടത്ര മഴ ലഭിച്ചിട്ടില്ല. ഈ കാലയളവില്‍ 31 ശതമാനം മഴയുടെ കുറവുണ്ടായി. അഥവാ 143 സെ.മി മഴ ലഭിക്കേണ്ട സ്ഥാനത്ത് 105 സെ.മി മഴ മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇടവപ്പാതിയില്ലെങ്കിലും കേരളം മഴ കൊണ്ടനുഗ്രഹിക്കപ്പെടാറുണ്ട്. പക്ഷെ ഇത്തവണ വേനല്‍ മഴയും ഇല്ലാത്ത അവസ്ഥയിലേക്കാണ് പോകുന്നത്. വീടുകളിലെ കിണറുകളും നാട്ടിന്‍ പുറങ്ങളിലെ ചെറിയ തോടുകളും വറ്റി വെള്ളമില്ലാതെ ചക്രശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. പുഴകളും നദികളും വലിയ തോടുകളും വയലുകളും നടപ്പാതകളും കളിഗ്രൗണ്ടുകളുമായി പരിണമിച്ചിരിക്കുന്നു.
മാര്‍ച്ച്-െമയ് മാസങ്ങളില്‍ മാത്രം കാണുന്ന അപൂര്‍വ്വ കാഴ്ചകള്‍ ഫെബ്രുവരി തുടങ്ങിയതു മുതല്‍ തന്നെ കാണാന്‍ തുടങ്ങി. കുടവുമേന്തി നീണ്ട ക്യൂ നില്‍ക്കുന്ന സ്ത്രീകള്‍,പൈപ്പ് ജലത്തിന് വേണ്ടി കാത്തിരിക്കുന്ന വയോധികര്‍. ആരാണുത്തരവാദി? മനുഷ്യന്റെ നിരുത്തരവാദപരമായ സമീപനമല്ലെ ഇതിനെല്ലാം കാരണം.
വര്‍ഷ കാലത്ത് വര്‍ഷിക്കുന്ന മഴവെള്ളത്തെ തടഞ്ഞ് നിര്‍ത്തി ഭൂമിയിലേക്കിറക്കി സംഭരിച്ചു വെച്ചാല്‍ തന്നെ ഒരുവിധം വരള്‍ച്ചയില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും. ഇന്റര്‍ ലോക്കും കോണ്‍ക്രീറ്റും നിറച്ച വീടു മുറ്റത്തെ മണ്ണ് മഴയുടെ മണം പോലും അറിയാതെ ഒഴുകിയകലുന്ന അവസ്ഥയാണുളളത്. വെളളത്തിന്റെ ദുര്‍വ്യയവും പ്രധാന കാരണമാണ്. പരിഹാരം മനുഷ്യന്റെ ചെയ്തികള്‍ മാറ്റി പിടിക്കുക മാത്രമാണ്. വനവത്കരണവും ജലസംരക്ഷണവും ഏറെക്കുറെ നിലനിര്‍ത്തിയാല്‍ ഒരു പരിധി വരെ നമുക്ക് നമ്മുടെ ജലത്തെ കാക്കാനാകും. അനിയന്ത്രിതമായ ജല ചൂഷണവും കമ്പനികളുടെ ജല കൊള്ളയും ഇല്ലായ്മ ചെയ്യുന്നതിലൂടെ പരിഹാരം കാണാവുന്നതാണ്.
സമൃദ്ധിയുടെ കാലത്ത് അമിതമായും വറുതിയുടെ കാലത്ത് മിച്ചമായും ഉപയോഗിച്ചത് കൊണ്ട് മാത്രമായില്ല. സമൃദ്ധിയുടെ കാലത്ത് സംഭരിച്ചതിനെ വറുതിയുടെ കാലത്ത് സേവിക്കാനാകണം. എന്നാലെ നില നില്‍പ്പുണ്ടാവുകയൊള്ളൂ.. മിതവ്യയം എന്നത് ഒരു സംജ്ഞയായി നിലനില്‍ക്കാനുളളതല്ല. അതിനെ വേണ്ട വിധത്തില്‍ പ്രത്യേകിച്ചും അടിസ്ഥാന പദാര്‍ത്ഥങ്ങളില്‍ ഉപയോഗിച്ചാലേ നല്ല പ്രതികരണം ഉണ്ടാവുകയൊള്ളൂ.
അന്താരാഷ്ട്ര പരിസ്ഥിതിദിനം ജൂണ്‍ അഞ്ചിന് എല്ലാവരും നല്ലരീതിയില്‍ ആഘോഷിക്കാറുണ്ട്. തുടര്‍ന്നുള്ള ഒരാഴ്ച പരിസ്ഥിതി വാരാഘോഷമായും കൊണ്ടാടുന്നു. ഡിഫോറസ്റ്റേഷനും എഫോറസ്റ്റേഷനും പരിസ്ഥിതി സൗഹൃദ വികസനവുമെല്ലാം ജനപ്രതിനിധികളുടെയും പരിസ്ഥിതി വാദികളുടെയും പ്രസംഗങ്ങളിലും പേജുകളിലും മാത്രം ഒതുങ്ങുന്നു. വൃക്ഷത്തൈ വിതരണവും പരിസ്ഥിതി ബോധവത്കരണ ക്ലാസുകളും ഈ കാലയളവ് കഴിഞ്ഞാല്‍ പിന്നെയില്ല. എല്ലാം രാഷ്ട്രീയ മുതലെടുപ്പിനും പേരിനും വേണ്ടി മാത്രം.
കാലാവസ്ഥാ വ്യതിയാനം കുറക്കാന്‍ വേണ്ടി പരിസ്ഥിതി ഉച്ചകോടികളും ഉടമ്പടികളും കാരാറുകളും അന്താരാഷ്ട്ര തലങ്ങളില്‍ ഉണ്ടാവാറുണ്ട്. അത്തരമൊരു ഉടമ്പടിയായിരുന്നു 1997ല്‍ ജപ്പാനിലെ ക്യോട്ടോവില്‍ നടന്ന ക്യോട്ടോ പ്രോട്ടോകോള്‍. കരാര്‍ പ്രകാരം പദ്ധതിയില്‍ ഒപ്പ് വെച്ച 191 രാജ്യങ്ങള്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറം തള്ളുന്നതും കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് കുറക്കാനും ലക്ഷ്യമിട്ടിരുന്നു. വികസിത രാജ്യങ്ങളായ അമേരിക്കയും കാനഡയും ഈ കരാറില്‍ നിന്ന് പിന്നീട് മാറി നില്‍ക്കുന്ന അവസ്ഥയാണുണ്ടായത്.
തുടര്‍ന്നുണ്ടായ പാരീസ് ഉടമ്പടിയും ഹരിതഗൃഹവാതകങ്ങള്‍ പുറം തള്ളുന്ന കാര്യത്തില്‍ കുറവ് വരുത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വന്‍കിട വികസിത രാജ്യങ്ങളും ഇന്ത്യയും ഈ കരാര്‍ അംഗീകരിക്കുകയും ഉടമ്പടിയില്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. കരാറുകളെല്ലാം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളിലെ ഊഷ്മളതക്കപ്പുറം ഒരു നേട്ടവും നേടുന്നില്ല എന്ന് നാം കണ്ടു കൊണ്ടിരിക്കുന്നു.
ഭൂഗര്‍ഭ ജലം സംരക്ഷിക്കാന്‍ കാതലായ മാറ്റങ്ങള്‍ ആവിഷ്‌കരിച്ച് ഭരണ രംഗത്ത് നിന്നും നിയമങ്ങള്‍ ഉണ്ടാകണം. സംസ്ഥാനത്ത് പ്രതിദിനം പതിനാല് ലക്ഷം ലിറ്റര്‍ ജലം സ്വകാര്യ കമ്പനികള്‍ ഊറ്റുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. വ്യാജ കമ്പനികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ശക്തമായൊരു ജലനയം കേരളത്തില്‍ രൂപപ്പെടേണ്ടതുണ്ട്. ജലം മനുഷ്യ ജീവന്റെ നിലനില്‍പ്പാണ്. ജീവന്റെ നിലനില്‍പ്പ് മാനവരാശിയുടെ നിലനില്‍പ്പും. നദീ തടങ്ങള്‍ സംരക്ഷിച്ചു കൊണ്ടും മലിനമായ ജലാശയങ്ങള്‍ വിമലീകരിച്ചു കൊണ്ടും ജലസംഭരണികളുടെ സംരക്ഷണം ഉറപ്പ് വരുത്തി കൊണ്ടും കാതലായ തീരുമാനങ്ങള്‍ കൊണ്ടു വന്നാല്‍ ഭാവിയില്ലെങ്കിലും ഇത്ര വരള്‍ച്ച നേരിടേണ്ടി വരില്ല.
എന്നിരുന്നാലും ആവലാതിയും ആകുലതയുമാണ് മലയാളിയുടെ മനസ്സില്‍ ഇനിയുള്ള രണ്ട് മാസങ്ങള്‍. കേരളത്തിന് ലഭിക്കേണ്ട പകുതി മഴപോലും ഈ വര്‍ഷം ലഭിച്ചിട്ടില്ല എന്ന ദുരന്ത മുഖത്തു നിന്നാണ് കേരളം ജലത്തിനായി നെട്ടോട്ടമോടുന്നത്. ഇനിയുള്ള രാത്രികളും പകലുകളും ഉഷ്ണം നിറഞ്ഞ മനസ്സുമായി വിയര്‍പ്പും കണ്ണീരുമൊഴുക്കി ഒരിറ്റു ജലത്തിനായി കേഴേണ്ടി വരും.