ഒരു വിശ്വാസിയെ സംബന്ധിച്ച് അവഗണിക്കാനാവാത്ത വിധം ശ്രേഷ്ടതകളുള്‍ക്കൊള്ളുന്ന മഹത്തായ മാസമാണ് റജബ്. പ്രത്യേക സ്ഥലങ്ങള്‍ക്കും, വ്യക്തികള്‍ക്കും, വസ്തുക്കള്‍ക്കും ഇതര വസ്തുക്കള്‍ക്കില്ലാത്ത ശ്രേഷ്ടത നല്‍കിയത് പോലെ പ്രത്യേക സമയങ്ങള്‍ക്കും, മാസങ്ങള്‍ക്കും ചില പ്രത്യേക മഹത്വങ്ങളും സ്രഷ്ടാവ് നല്‍കിയിട്ടുണ്ട്. മുന്‍കാല സമൂഹങ്ങളേക്കാള്‍ ആയുസും ആരോഗ്യവും കുറഞ്ഞ നമ്മെ സംബന്ധിച്ചിടത്തോളം ഇത്തരം മുഹൂര്‍ത്തങ്ങളെ വിജയകരമായി ഉപയോഗപ്പെടുത്തല്‍ അനിവാര്യമാണ്. വളരെ പെട്ടെന്ന് അള്ളാഹുവിലേക്ക് കൂടുതല്‍ അടുക്കാനും തിന്മകള്‍ പൊറുപ്പിക്കാനും ഇവ കാരണമാകും. ഇതില്‍ ഏറ്റവും പ്രധാനമാണ് നമ്മിലേക്ക് ആസന്നമാകുന്ന റജബ് മാസം.
തിരുനബി ആഗതനാവുന്നതിന് മുമ്പ് തന്നെ അക്കാലത്തെ ജനത റജബിന് വളരെയധികം മഹത്വം കല്‍പിച്ചിരുന്നു. അവര്‍ കല്‍പിച്ചു നല്‍കിയ മഹത്വം കാരണം റജബ് മാസത്തില്‍ യുദ്ധത്തിന് വിലക്കുണ്ടായിരുന്നു. നിസ്സാര പ്രശ്‌നങ്ങള്‍ക്ക് വരെ അനാവശ്യമായി വര്‍ഷങ്ങളോളം യുദ്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ഒരുമ്പെടുന്ന അജ്ഞതാ സമൂഹം പക്ഷെ ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ നാലു മാസങ്ങളില്‍ അവയെ ബഹുമാനിച്ച് യുദ്ധം ചെയ്യാതെ മാറി നില്‍ക്കുമായിരുന്നു.
റജബിന്റെ ശ്രേഷ്ടത മനസ്സിലാക്കാന്‍ ‘റജബ് അള്ളാഹുവിന്റെ മാസവും ശഅ്ബാന്‍ എന്റെ മാസവും റമളാന്‍ സമുദായത്തിന്റെ മാസവുമാണെന്ന’ തിരുനബിയുടെ വചനം തന്നെ മതി. ഈ ലോകത്തെ ഒന്നടങ്കം സൃഷ്ടിച്ച് പരിപാലിക്കുന്ന, നമുക്ക് ശ്വസിക്കാന്‍ വായുവും കുടിക്കാന്‍ വെള്ളവും തരുന്ന അള്ളാഹുവിലേക്ക് ഒരു മാസത്തെ ചേര്‍ത്തിയെങ്കില്‍ പിന്നെ ആ മാസത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതുണ്ടോ? ഒരു ഹദീസില്‍ തിരുനബി പറഞ്ഞു: മാസങ്ങളെ അപേക്ഷിച്ച്, റജബിനുള്ള ശ്രേഷ്ടത മറ്റു അമ്പിയാക്കളെ അപേക്ഷിച്ച് എനിക്കുള്ള ശ്രേഷ്ടത പോലെയാണ്. ‘റജബ്’ എന്ന വാചകത്തിലെ ‘റ’ എന്നതിന്റെ സൂചന റഹ്മത്ത് ആണെന്നും ‘ജ’ എന്നതിന്റെ സൂചന ജൂദ് (ധര്‍മ്മം) എന്നാണെന്നും ‘ബ’ എന്നതിന്റെ സൂചന ബിര്‍റ് (ഗുണം) എന്നാണെന്നും പണ്ഡിതര്‍ പഠിപ്പിക്കുന്നുണ്ട്. ആയതിനാല്‍ തന്നെ അള്ളാഹുവിന്റെ മാസമായ റജബില്‍ അള്ളാഹുവിന് ഇഷ്ടപ്പെട്ട കര്‍മ്മങ്ങള്‍ ചെയ്ത് അള്ളാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ നാം ശ്രമിക്കണം.
റജബിനെ പൊതുവില്‍ പരിചയപ്പെടുത്താറുള്ളത് തന്നെ റമളാനിലേക്കുള്ള മുന്നൊരുക്കത്തിനുള്ള മാസമെന്ന നിലക്കാണ്. റജബ് മാസത്തിലേക്ക് പ്രവേശിച്ചാല്‍ പിന്നീട് നബി തങ്ങള്‍ ”അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍ വ ശഅ്ബാന വ ബല്ലിഗ്‌നാ റമളാന്‍” എന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഓരോ വിശ്വാസിയുടെയും മനസ്സില്‍ എത്താന്‍ കൊതിക്കുന്ന സല്‍ക്കര്‍മങ്ങളെ വേട്ടയാടി പിടിക്കാനുള്ള റമളാന്‍ മാസത്തിലേക്ക് ചെന്നെത്താന്‍ റജബ് തൊട്ട് തന്നെ നാം തയ്യാറാവേണ്ടതുണ്ടെന്ന് ചുരുക്കം. അബ്ദുര്‍റഹ്മാനി സുഫൂരി(റ) പറയുന്നു: റജബ് മാസം സല്‍ക്കര്‍മ്മങ്ങളുടെ വിത്ത് കുഴിച്ചിടേണ്ട മാസവും ശഅ്ബാന്‍ ആ വിത്തിന് വെള്ളം നല്‍കേണ്ട മാസവും റമളാന്‍ കൊയ്‌തെടുക്കാനുള്ള മാസവുമാണ്. റജബില്‍ വിത്ത് കുഴിച്ചിടാതെ ശഅ്ബാനില്‍ വെള്ളം നനയ്ക്കാതെ റമളാനില്‍ എങ്ങിനെ റഹ്മത്താകുന്ന കൃഷി കൊയ്‌തെടുക്കാന്‍ സാധിക്കും? റജബ് ശാരീരിക ശുദ്ധീകരണത്തിന്റെയും ശഅ്ബാന്‍ ഹൃദയ ശുദ്ധീകരണത്തിന്റെയും റമളാന്‍ ആത്മീയ ശുദ്ധീകരണത്തിന്റെയും മാസമാണ്.
ഒരു മാസം മഹത്വമുള്ളതാവുക എന്നാല്‍ അതിലെ കര്‍മ്മങ്ങള്‍ക്ക് കൂടുതല്‍ ഫലം ലഭിക്കുമെന്നും അതിനാല്‍ കൂടുതല്‍ കര്‍മ്മങ്ങള്‍ ചെയ്യണമെന്നുമാണ്. അതിനാല്‍ തന്നെ ഇതര മാസങ്ങളേക്കാള്‍ കൂടുതല്‍ ഫലം ഈ മാസത്തില്‍ ആരാധനകള്‍ക്ക് ലഭിക്കും. നബി(സ) പറയുന്നു: സ്വര്‍ഗ്ഗത്തില്‍ ഒരു നദിയുണ്ട,് റജബ് എന്നാണതിന്റെ നാമം. പാലിനേക്കാള്‍ വെളുപ്പും തേനിനേക്കാള്‍ മാധുര്യവുമാണതിലെ പാനീയം. ആരെങ്കിലും റജബ് മാസത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രസ്തുത നദിയില്‍ നിന്ന് അവന് നല്‍കും. അനസുബ്‌നു മാലിക്(റ) പറയുന്നു: സ്വര്‍ഗ്ഗത്തില്‍ ഒരു കൊട്ടാരമുണ്ട്, റജബില്‍ നോമ്പനുഷ്ഠിച്ചവര്‍ക്ക് മാത്രമാണതില്‍ പ്രവേശനം. ആയതിനാല്‍ തന്നെ നോമ്പനുഷ്ഠിക്കല്‍ റജബില്‍ പ്രത്യേകം പുണ്യമുള്ള കാര്യമാണ്. റജബില്‍ പൂര്‍ണ്ണമായി നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഇബ്‌നു ഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്.(ഫതാവല്‍ കുബ്‌റാ)
റജബില്‍ പ്രത്യേക ദിക്‌റുകളും സുന്നത്തുണ്ട്. ഒന്ന് മുമ്പ് സൂച്ചിപ്പിച്ച നബിതങ്ങളുടെ പ്രാര്‍ത്ഥന തന്നെ. മറ്റൊരു പ്രധാന ദിക്‌റാണ് ”അല്ലാഹുമ്മഗ്ഫിര്‍ ലീ വര്‍ഹമ്‌നീ വതുബ് അലയ്യ” എന്നത്. റജബ് മാസം എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും 70 പ്രാവശ്യം ഇത് ചൊല്ലിയാല്‍ നരകമോചനം ലഭിക്കുമെന്ന് വഹബ് ബ്‌നു മുനബ്ബഹ്(റ) വിനെ തൊട്ട് തുഹ്ഫതുല്‍ ഇഖ്‌വാനില്‍ വന്നിട്ടുണ്ട്.
റജബ് മാസത്തിന് മൊത്തത്തില്‍ ശ്രേഷ്ടതയുണ്ട് എന്നതിന് പുറമെ റജബ് ഒന്നിനും റജബ് 27നും പ്രത്യേകം പുണ്യമുണ്ട്. ഈ രണ്ടു ദിനരാത്രങ്ങള്‍ സല്‍ക്കര്‍മ്മങ്ങളാല്‍ ഹയാത്താക്കലും പകല്‍ നോമ്പനുഷ്ടിക്കലും മുന്‍ഗാമികളുടെ പതിവാണ്. ഇമാം ശാഫിഈ(റ) പറയുന്നു: ”അഞ്ചു രാവുകളിലെ ദുആ സ്വീകരിക്കപ്പെടും. വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് മാസത്തിന്റെ ആദ്യ രാവ്, ശഅ്ബാന്‍ പകുതിയുടെ രാവ് എന്നിവയാണവ.” (അല്‍ ഉമ്മ് 1/204)
ഇരുപത്തിയേഴാം രാവിലാണല്ലോ ഇസ്‌റാഅ് മിഅ്‌റാജ് സംഭവം നടന്നത്. ആ ദിവസത്തെ ആദരിക്കലും പ്രത്യേകം സുന്നത്താണ്. പ്രസ്തുത ദിനം നോമ്പനുഷ്ടിക്കല്‍ സ്വാലിഹീങ്ങളുടെ പതിവാണ്. ഇമാം അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) തന്റെ തന്റെ ഗുന്‌യത്ത് (1/82) എന്ന ഗ്രന്ഥത്തില്‍ അബൂഹുറൈറ(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ പറയുന്നു. നബി തങ്ങള്‍ പറഞ്ഞു: ‘റജബ് 27ന്റെ അന്ന് നോമ്പനുഷ്ഠിക്കുന്നവന് അറുപത് മാസം നോമ്പനുഷ്ഠിച്ച കൂലിയുണ്ട്.’
റജബിനെ മൊത്തത്തില്‍ ആദരിക്കാനും റമളാനിനായി തയ്യാറാവാനും പ്രത്യേകം റജബ് ഒന്നിനും 27നും ആരാധനകളില്‍ സജീവമാകാനും ശ്രദ്ധിക്കണം. മുസ്‌ലിം ഭൂരിപക്ഷ നാടുകളിലെല്ലാം ഇത് പതിവുള്ളതാണ്. നബി(സ)യെ ഗര്‍ഭം ധരിച്ച മാസമായതിനാല്‍ മക്ക, യമന്‍ തുടങ്ങി പല രാഷ്ട്രങ്ങളിലും കേരളത്തില്‍ റബീഉല്‍ അവ്വല്‍ കൊണ്ടാടുന്ന പോലെ ആഘോഷപ്രതീതിയുണ്ടാകാറുണ്ട്. അവിടങ്ങളില്‍ വലിയ മൗലിദ് സദസ്സുകള്‍ നടക്കാറുണ്ട്. കേരളത്തില്‍ വിജ്ഞാന – ആത്മീയ രംഗങ്ങളില്‍ നവചരിതങ്ങള്‍ സൃഷ്ടിച്ച് മുന്നേറുന്ന മഅ്ദിന്‍ അക്കാഡമിയിലും റജബ് ഒന്ന്, 27 ദിനങ്ങളില്‍ പ്രത്യേകം മജ്‌ലിസുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരം ദിനങ്ങളുടെ ചൈതന്യം ഉള്‍ക്കൊണ്ട് പകര്‍ത്താനും സ്വജീവിതത്തിലും, വീട്ടിലും നാട്ടിലും സജീവമാക്കാനും നാം യത്‌നിക്കുക. അങ്ങനെ വിജയികളില്‍ ഉള്‍പെടാന്‍ നാഥന്‍ തുണക്കട്ടേ…