ചുവന്ന ബീക്കണും കത്തിച്ചോടുന്ന ഈ നാലു ചക്ര വാഹനങ്ങള്‍ പറയുന്ന കഥകള്‍ കാതുള്ളവരൊക്കെയൊന്ന് കേട്ടിട്ട് പോകണം. അല്‍പം തിരക്കിലാണെങ്കിലും ഇതൊന്ന് കേട്ട് പോയാല്‍ തെല്ലും നഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. ഇന്നലെ രാത്രി നേരത്ത് നടുവും നിവര്‍ത്തി നടന്നു വന്നയാളാണ്. മോനോടൊപ്പം അത്താഴവും കഴിച്ച് വിരിപ്പും വിരിച്ചുറങ്ങി. എന്നത്തേയും പോലെ ഇന്നും രാവിലെ ഞാന്‍ വിളിക്കാന്‍ ചെന്നു. കണ്ണു തുറന്നിട്ടുണ്ട് ശ്വാസോച്ഛാസവുമുണ്ട്. പക്ഷെ, പലവുരു ശ്രമിച്ചിട്ടും ഒന്നു നിവര്‍ന്നു നില്‍ക്കാനാവുന്നില്ലെന്ന് മാത്രം! കൂടെയുള്ള കൂലിപ്പണിക്കാരൊക്കെ നേരത്തിന് വന്ന് ജാലകച്ചില്ല് തുറന്ന് ഹംസേ നേരമായെടാ എഴുന്നേല്‍ക്കെടാ എന്നൊക്കെ വിളിച്ചു കൂവുന്നുണ്ട്. പാവം ഇക്ക! നാഥന്റെ പരീക്ഷണമെന്ന് തന്നെ പറയാം. എന്തു സംഭവിച്ചു പോയതെന്നറിയില്ല. അതില്‍ പിന്നെ കിടന്നതാണീ കിടത്തം. നിവര്‍ന്നു നില്‍ക്കാനാകാത്ത ഗതി തന്നെ.
അനു നിമിഷം ഓരോ ജീവനെയുമേറ്റിപ്പായുന്ന മഅ്ദിന്‍ ഹോസ്‌പെയ്‌സ് സുഹൃത്തിന് ഇന്നലത്തെ ദിനത്തില്‍ മാത്രമുണ്ടായ ഒരു നേര്‍ക്കാഴ്ച്ചയാണ്. ഇതും പറഞ്ഞ് അവന്‍ അറിയാതെ കരഞ്ഞ് പോയി. എങ്ങനെ കരയാതിരിക്കും. അവനാ പച്ച മനുഷ്യനെ നേരിട്ട് കണ്ട് വരികയല്ലെ.? അയാളുടെ മുഖത്തെ ദയനീയത ഇപ്പോഴും അവന്‍ മുന്നില്‍ നിന്നും കാണുന്നത് പോലെയാണ്. ഇരുകരവുമുയര്‍ത്തി കണ്ണുകളും മേല്‍പോട്ടുയര്‍ത്തി നാഥാ നീ തുണ നല്‍കണേയെന്ന പ്രാര്‍ത്ഥന മാത്രം മനസ്സില്‍ നിന്നും ഒരഗ്നിലാവ പോലെ പുറത്തേക്കുരുകിയൊഴുകി.
സുഹൃത്തെ, ഇതൊക്കെ ഓരോ വാടക വസ്തുക്കള്‍ മാത്രമാണ്. അഞ്ച് ചില്ലിക്കാശ് പോലും കൊടുക്കാതെ പടച്ചവന്‍ നിനക്ക് തന്ന നല്ല വഴക്കമുള്ള ഒന്നാന്തരം കൈകാലുകള്‍, അരോഗദൃഢഗാത്രമായ മേനീ വിലാസങ്ങള്‍, ആശയവിനിമയത്തിനുള്ള സംവേദനശക്തി, മധുരോദാര ശബ്ദം കേള്‍ക്കാനുതകുന്ന ശ്രവണശേഷി, വര്‍ണ്ണാഭമായ ലോകം കാണാനുള്ള കാഴ്ചശക്തി. ഇതൊക്കെ വെറുതെ കിട്ടിയത് കൊണ്ടാണോ പിന്നെയും പിന്നെയും പടച്ചവനോട് നീയെന്നെ കാണാത്തതെന്തെ, എന്റെ ശബ്ദം കേള്‍ക്കാത്തതെന്തേ ഉടയവനേ നീയെന്തേ എന്നോട് കനിയാത്തത് എന്നൊക്കെ ആവലാതിപ്പെടുന്നത്. കഴിയുമെങ്കില്‍ ഒരു ഇരുപത്തിനാല് മണിക്കൂര്‍ ഒഴിഞ്ഞു വെക്കണം നീ. ഒരു പണിയും ഏല്‍പ്പിക്കാനല്ല. മറിച്ച് നീയൊന്ന് കണ്ണടച്ച് നിന്നാല്‍ മാത്രം മതി. അന്നു മുഴുവന്‍ നിനക്ക് ഇരുട്ടിനെ സന്തതസഹചാരിയാക്കി കൂടെ കൂട്ടാന്‍ കഴിയുമോ…ഉടയവനേ നീ തന്ന കണ്ണിന്റെ വിലയെത്രയാണെന്ന് ഉടനെയറിയും നമ്മള്‍! കാലിനുമുണ്ടൊരു വില. കേള്‍വിക്കും നിനക്കുള്ള കായികബലത്തിനുമൊക്കെ ഈ ദുന്‍യാവ് മൊത്തം വിറ്റാലും കിട്ടാത്തത്ര മൂല്യമൊളിഞ്ഞിരിപ്പുണ്ട്. ചില വേദനകള്‍ കണ്ടാലേ നാമതൊക്കെ തിരിച്ചറിയൂ എന്നുമാത്രം!
ഇനി ഇപ്പറഞ്ഞതൊന്നും കേട്ടില്ലെങ്കിലും, നമുക്ക് വിസര്‍ജിക്കാന്‍ കഴിയുന്നതിലെ സൗഭാഗ്യം നാം കണക്ക് കൂട്ടിയിട്ടുണ്ടോ.. അതൊക്കെ മഹാഭാഗ്യമാണെന്ന് ഞാനറിഞ്ഞത് ഒരു മയ്യിത്ത് കാണാന്‍ ചെന്നപ്പോഴായിരുന്നു. മഅ്ദിന്‍ ഹോസ്‌പേസ് ജീവനക്കാരുടെ കൂടെ ഒരു മരണ വീട്ടിലേക്കാണെന്ന് പറഞ്ഞപ്പോ കൂടെ ചെന്ന് കൊടുത്തതാണ്. തലേന്നാള്‍ വരെ അവര്‍ ശുശ്രൂഷിച്ച് കൊടുത്ത വ്യക്തിയതാ അവിടെ വെള്ളത്തുണിയില്‍ പൊതിഞ്ഞ് ചന്ദനത്തിരി പുകയുന്ന ആ വീടിന്റെയകത്ത് കിടക്കുന്നു. കാര്യമായിട്ട് രോഗമെന്ന് പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല പക്ഷെ കുറച്ച് ദിവസം മുമ്പ് ഒന്ന് മൂത്രമൊഴിക്കാന്‍ പോയതാണ് കക്ഷി. എത്ര ശ്രമിച്ചിട്ടും പുറത്ത് പോവുന്നില്ല. മെല്ലെ മെല്ലെ അത് വീര്‍ത്ത് തുടങ്ങി. ഒടുവില്‍ വീര്‍ത്ത് പൊട്ടിയിട്ടാണ് അദ്ദേഹമിന്നാ കഫന്‍ പുടവയില്‍ കിടക്കുന്നത്. കഴിക്കുന്ന ആഹാരം നല്‍കിയതിന് മാത്രമല്ല നാഥാ നിനക്ക് ശുക്‌റ് ചൊരിയേണ്ടത്. മറിച്ച് അത് പുറന്തള്ളാന്‍ സൗകര്യമൊരുക്കുന്നതും നീ തന്നെയാണ് കരുണാമയനേ…
ഒരു ചെങ്കുത്തായ വഴിയും കടന്ന് ഇരു പാര്‍ശ്വങ്ങളിലും മരം മൂടി കിടക്കുന്ന പാതയിലൂടെയായിരുന്നു മറ്റൊരു ദിവസം ഞങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വന്നത്. ഓലമേഞ്ഞും ഒപ്പം മഴക്കോളില്‍
ചോരാതിരിക്കാനായി വലിച്ചുകെട്ടിയ ഫ്‌ളക്‌സ് ബോഡിന്റെ സഹായത്താലുമുള്ള കൊച്ചു കൂര. അതിന്റെയരികല്‍ ഒരു കുഞ്ഞു മണ്‍പാത്രത്തില്‍ ചകിരിയും ചിരട്ടയും കുന്തിരിക്കവുമിട്ട് പുകയ്ക്കുന്നുണ്ട്. ഈ നട്ടുച്ച നേരത്തെന്തിനാണ് ഇവരിങ്ങനെ പുകയ്ക്കുന്നതെന്ന് മനസ്സിനകത്തെ ജിജ്ഞാസുവിങ്ങനെ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. അതിനുത്തരം ലഭിച്ചത് ആ വീടിനോടല്‍പം അടുത്തപ്പോഴും!. ആരും മൂക്ക് പൊത്തിപ്പോവുന്ന വാസന. ഒരു മരിച്ചുപോയ മനുഷ്യശരീരം അകത്തുണ്ടോയെന്നു പോലും സംശയിച്ചു പോയി. ഉള്ളില്‍ ചെന്നപ്പോഴോ മനസ്സ് ക്ഷീണിച്ചുപോയി. മധ്യവയസ്‌കനായ ഒരുപ്പയവിടെ കിടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കാലിനെക്കുറിച്ച് പറയാനോ വിവരിക്കാനോ കഴിയില്ല. കറുത്തിരുണ്ട് കട്ടിക്കറുപ്പായ മുട്ടിന് കീഴിലുള്ള ഭാഗം. അതൊന്ന് തൊട്ടു നോക്കിയപ്പോ മരവിച്ച ഒരു മരക്കഷ്ണത്തെപോലെ ഉറച്ച് പോയ കാല്‍മുട്ട്. അവിടെത്തീര്‍ന്നില്ല. മാംസം അല്‍പം അടര്‍ന്നു പോയതിനാല്‍ അകത്തെ അസ്ഥികള്‍ പോലും പുറത്ത് കാണാം. കൂടെ പുകഞ്ഞരിക്കുന്ന പുഴുക്കളും. ഇതിനൊക്കെ പുറമെ അസഹ്യമായ വാസനയമുണ്ട്. അദ്ദേഹത്തിന് വിഷമമാകുമെന്ന് കരുതി ഞങ്ങള്‍ മൂക്ക് പൊത്തിയില്ലെന്ന് മാത്രം. ചുരുക്കിപ്പറഞ്ഞാല്‍ അദ്ദേഹത്തിന്റെ കാലെന്നോ മരിച്ചു കഴിഞ്ഞിരുന്നു. ആദ്യം കാല്‍ വെള്ളയില്‍ ചെറിയൊരു കറുപ്പു മാത്രമായിരുന്നു. പിന്നീടത് പടര്‍ന്ന് പിടിച്ചതാണ്. സാമ്പത്തിക ബാധ്യത ഭയന്നും മറ്റും അവര്‍ക്ക് ഡോക്ടറെ കാണിക്കാനായില്ല. ഉടനെ ഹോസ്‌പെയ്‌സുകാര്‍ ഇടപെട്ടു ആശുപത്രിയിലെത്തിച്ചു. അടിയന്തിരമായി കാല് മുറിച്ചു മാറ്റേണ്ടി വന്നു. ഒന്നോര്‍ത്തു നോക്കൂ കഥയും ബോധവുമില്ലാതെ നോവിന്‍ തീക്കനല്‍ തിന്നുന്ന ഒത്തിരി പേരില്ലേ നമുക്കു ചുറ്റും.
എല്ലാത്തിനുമൊരു പരധിയുണ്ട്. പരിമിതിയുമുണ്ട്. ചിലപ്പോള്‍ മനക്കോട്ടയ്ക്കകത്ത് സ്‌നേഹ മഴപെയ്യിച്ച് നാം താലോലിക്കുന്ന ചില വ്യക്തിത്വങ്ങളുണ്ടാവും നമുക്കൊക്കെ. പക്ഷെ അവരൊക്കെ മരിച്ചു കഴിഞ്ഞാല്‍ ആ ദിനം അസഹ്യമായും അനസ്യൂതമായും നമ്മള്‍ ഹൃദയം പൊട്ടി കരഞ്ഞേക്കും. ദിനമിങ്ങനെ കഴിയുന്തോറും അതിന്റെ കാഠിന്യം കുറഞ്ഞ് പിന്നെ ഓര്‍മകളും സ്മരണകളും പലപ്പോഴുമായിട്ടതങ്ങ് ഒതുങ്ങും. എന്നാലിത് മരിച്ചവരുടെ കഥയല്ല, ജീവിക്കുന്നവരുടെ കഥയാണ്. മാനം മുട്ടെ നീണ്ട് നിവര്‍ന്നിരുന്ന തെങ്ങിന്‍ തലപ്പത്ത് കയറിയിരുന്നതായിരുന്നു അതിലൊരു കക്ഷി. കാലില്‍ കുരുക്കിയ തലപ്പുകള്‍ തമ്മില്‍ കെട്ടിയ ഒരു കയര്‍ മാത്രമായിരുന്നു അയാള്‍ക്ക് ആ തൊഴിലില്‍ സഹായിയായിട്ടുണ്ടായിരുന്നത്. വിധിയെന്ന് പറയട്ടെ ഒരു ദിനം നിലതെറ്റി അയാള്‍ നിലത്തടിച്ചു വീണു. പിന്നീടദ്ദേഹം നല്ല പോലെ എഴുന്നേറ്റിട്ടില്ല. കൈകാലുകള്‍ വളഞ്ഞുപോയിരിക്കുന്നു. ഉടലും തളര്‍ന്നിരിക്കുന്നു. പരസഹായമില്ലാതെ നടന്നു നീങ്ങാന്‍ പ്രയാസപ്പെടുന്ന ഒരു വ്യക്തിയായി അദ്ദേഹം തളര്‍ന്നിരുന്നു. അന്നൊക്കെ വീട്ടിലേക്ക് സന്ദര്‍ശന പ്രവാഹം തന്നെയായിരുന്നു. എന്നാല്‍ നദിയുടെ നീരൊഴുക്ക് കുറയും പോലെ നാളുകള്‍ നീളും തോറും ആള്‍ക്കാരുടെ വരവും കുറഞ്ഞു. നാല് ചുവരുകള്‍ക്കുള്ളില്‍ നെടുവീര്‍പ്പിടുന്ന പാവം പച്ച മനുഷ്യന്‍!. അന്ന് തോളില്‍ കയ്യിട്ടവരെയും തോട്ടില്‍ ചാടിക്കളിച്ച് നീന്തിയുല്ലസിക്കാന്‍ കൂടെ കൂടിയവരെയൊന്നും ഇന്ന് കാണാനില്ല. എല്ലാവര്‍ക്കും ഓരോ തിരക്കാണ്. ഒന്നോര്‍ക്കുക നാട്ടിലോ വീട്ടിലോ അത്തരത്തില്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരോടൊപ്പം ഒന്നു സംസാരിക്കാന്‍ നാം സമയം കണ്ടെത്തിയാല്‍ ആയിരം സൂര്യന്മാര്‍ ഒന്നിച്ചുദിക്കുന്ന പ്രതീതിയായിരിക്കും അവരുടെ മുഖത്ത്. സംശയം വേണ്ട. ഒന്ന് ചെന്നു നോക്കിയാല്‍ മതി. തീര്‍ച്ചയാവുമത്.
ചിലരൊക്കെ കുഞ്ഞുങ്ങളെ പോലെയാണ് കരയാറുള്ളത്. താനൊരു പക്വതയെത്തിയ വ്യക്തിയാണെന്നോ, എനിക്ക് മുടിനരച്ച പ്രായം ചെന്ന ശരീരമാണെന്നോ എന്നൊന്നും അവര്‍ക്കവിടെ ചിന്തയില്ല. പൊട്ടാനിരിക്കുന്ന വീര്‍ത്തുരുണ്ട ബലൂണുകള്‍ പോലെ അകത്ത് നിറയെ വേദനകള്‍ നിറഞ്ഞ് തുളുമ്പാനിരിക്കുന്ന നേരത്ത് നമ്മളൊരു ആര്‍ദ്രസ്പര്‍ശവുമായി ഒന്നു തലോടിയാല്‍ മാത്രം മതി. അവര്‍ പൊട്ടിക്കരയുന്നത് നേരിട്ട് കാണാന്‍ കഴിയും നമുക്ക്.
ഒരു മഴക്കാറുള്ള ദിനമാണ് ഇടയിലൊന്ന് ഓര്‍മയിലേക്ക് വന്നത്. പുറത്തെ മേഘക്കുടത്തില്‍
നിന്നും മഴത്തുള്ളികള്‍ തുളുമ്പാന്‍ വെമ്പല്‍ കൊള്ളും മുമ്പെ, മലപ്പുറത്തിനടുത്തെ ഒരു കൊച്ചു കൂരയില്‍ നമ്മളെത്തിച്ചേര്‍ന്നിരുന്നു. ചിതലരിക്കാറായ കട്ടിലില്‍ കിടക്കുന്നുണ്ട് അവിടെയൊരുപ്പ. അദ്ദേഹത്തെയൊന്ന് ഞാന്‍ തലോടിക്കൊണ്ട് കൂടെ കരുതിയ ചോറ്റുപാത്രത്തില്‍ നിന്നും ഒരുരുളയെടുത്ത് മല്ലെ വായിലേക്ക് വെച്ചു കൊടുത്തിട്ടേയുള്ളൂ. പുറത്തു കനത്ത മഴയോടൊപ്പം അദ്ദേഹത്തിന്റെ മിഴിമേഘങ്ങളില്‍ നിന്നും അദമ്യമായൊഴുകി കണ്ണുനീര്‍ ചാലുകള്‍!. എന്താണുപ്പായെന്ന അര്‍ത്ഥത്തില്‍ നമ്മളദ്ദേഹത്തെ നോക്കിയിട്ടേ ഉണ്ടായിരുന്നുള്ളു. എന്റെ മോനെനിക്ക് ഇതുപോലെ വാരിത്തന്നില്ലല്ലോ.. എന്നദ്ദേഹം തേങ്ങലടിച്ച് പറഞ്ഞുപോയി. ഒന്നോര്‍ത്തു നോക്കൂ. ഈ തൊലിക്കട്ടിയും സൗന്ദര്യസൗകുമാരതയൊന്നും സുസ്തിരമല്ല, എല്ലാം അസ്ഥിരമാണ്. നമ്മളുടെയും തൊലി ചുരുളുന്ന ദിനങ്ങള്‍ കടന്നുവരാനുണ്ട് താമസിയാതെ തന്നെ. വിതച്ചതേ കൊയ്യൂ എന്ന തത്വം നാം മറക്കാതിരുന്നുവെങ്കില്‍…!
ബുദ്ധിജീവികള്‍ ലോകാത്ഭുതങ്ങളെന്നു പറഞ്ഞ് പരത്തിയ കാര്യങ്ങളൊക്കെ എണ്ണിത്തിട്ടപ്പെടുത്താനും അത് കണ്ട് നിര്‍വൃതിയടയാനും നമുക്ക് ആവേശമുണ്ടാവാറില്ലേ..? ജീവിച്ചിരുന്ന കാലത്തൊന്ന് അവിടെയൊക്കെ എത്തിപ്പെടാനും സെല്‍ഫിയെടുക്കാനും സാഹസം കാട്ടുന്നവരും വിരളമല്ല. എന്നാല്‍ അവയെക്കാള്‍ വലിയ അത്ഭുതത്തിന്റെ മഹാത്ഭുതമാണ് നമ്മുടെ ശരീരമെന്നത് നമ്മളിലെത്ര പേരറിഞ്ഞു. ദിവസം ഏറ്റവും കൂടുതല്‍ സന്ദേശമയമാക്കുന്നതാരാണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ? സംശയിക്കേണ്ട നമ്മുടെ മസ്തിഷ്‌കമാണത്. ഓരോ അവയവങ്ങള്‍ ചലിപ്പിക്കാനും മസ്തിഷ്‌കം ഓരോ സന്ദേശങ്ങളയക്കും. അപ്പോഴാണത് ചലിക്കുന്നതും നമ്മള്‍ ജ്വലിക്കുന്നതും.
ഇതൊക്കെ നേരിട്ടറിഞ്ഞത് ഒരു ഇരുപത്തിമൂന്ന്കാരന്റെ നില്‍പുകണ്ടപ്പോഴാണ്. കല്യാണം പോലും കഴിച്ചിട്ടില്ല അയാള്‍. റോഡരികിലെ നടന്നു പോവുന്ന നേരത്ത് എതിര്‍ദിശയില്‍ നിന്നുമൊരു വാഹനം പാഞ്ഞടുത്തതാണ്. അദ്ദേഹം തെറിച്ചു വീണ് സമീപത്തെ പോസ്റ്റിലിടിച്ചു. തല രണ്ടായി പിളര്‍ന്നു. ഉടനടി ഹോസ്പിറ്റലിലെത്തിച്ചത് കൊണ്ട് മാത്രമാണ് ജീവന്‍ തിരിച്ച് കിട്ടിയത്. പക്ഷെ കാര്യമായ കഥയൊക്കെ പോയിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഒന്നു നടക്കണമെങ്കില്‍ പിന്നില്‍ നിന്നുമൊരാള്‍ തള്ളിക്കൊടുക്കണം. ഭക്ഷണം കഴിക്കാന്‍ കൈ ഉയര്‍ത്തിക്കൊടുക്കണം. കാരണം അതൊക്കെ ചലിക്കണമെന്ന മെസേജ് മസ്തിഷ്‌കത്തില്‍ നിന്നും ലഭിക്കുന്നില്ലത്രെ. ശരിക്കും പറഞ്ഞാല്‍ സാധനസാമഗ്രികളൊക്കെ കെട്ടിക്കൂട്ടിയ ചാക്കുകള്‍ തുന്നിക്കെട്ടും പോലെ കുറെ തുന്നിക്കെട്ടലുകള്‍ ആ തല യില്‍ നമുക്ക് കാണാന്‍ സാധിക്കും. നോക്കൂ.. ഒരു നിമിഷം മതി നമ്മുടെ ഭാവി മിന്നിമറിയാന്‍. ഉടയവന്‍ കാത്തു രക്ഷിക്കട്ടെ. ആമീന്‍.
അതിലേറെ വിചിത്രമായത് കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്ത ഒരു മധ്യവയസ്‌കന്റെ സംസാരം കേട്ടപ്പോഴായിരുന്നു. അല്പമകലെയുള്ള പള്ളിമിനാരത്തില്‍ നിന്നും കാഹളക്കൂടിലൂടെ പുറത്തേക്കൊഴുകുന്ന ബാങ്കൊലിയെന്നും അദ്ദേഹം കേള്‍ക്കാറുണ്ട്. പക്ഷെ, ഇരുപത്തിയഞ്ച് വര്‍ഷമായിട്ടും ഒരിക്കല്‍
പോലും അദ്ദേഹത്തിന് ജുമുഅക്ക് പോകാന്‍ കഴിഞ്ഞിട്ടില്ലത്രേ.. ആ വിഷമാവൃതമായ മുഖവും കണ്ട് അടുത്ത വെള്ളിയാഴ്ച അദ്ദേഹത്തെയും കൂട്ടി പള്ളിക്കകത്തേക്ക് മഅ്ദിന്‍ ഹോസ്‌പെയ്‌സ് പ്രവര്‍ത്തകര്‍ സന്തോഷത്തോടെ കൊണ്ട് പോയി. അത്ഭുതവും അനുഭൂതിയും നിറഞ്ഞ അദ്ദേഹത്തിന്റെ മുഖഭാവം കാണേണ്ടത് തന്നെയായിരുന്നു. ഒടുവില്‍ ഖുതുബയും നിസ്‌കാരവും കഴിഞ്ഞ് അദ്ദേഹത്തെയും കൂട്ടി വീട്ടിലേക്ക് മടങ്ങാനിരിക്കെ, ആ ഉപ്പയുടെ ഒരു ദയനീയ സ്വരം നിറഞ്ഞ യാചനയുണ്ടായിരുന്നു. ‘മോനെ ഒരു പത്ത് മിനുട്ട് കൂടി എനിക്കൊന്നനുവദിക്കുമോ? വീട്ടില്‍ നിന്നു മടുത്തു പോയെടാ. ഈ പള്ളിയില്‍ ഞാനല്‍പം കൂടി ഇരുന്നോട്ടെ..’ പച്ചയായ യാഥാര്‍ത്ഥ്യങ്ങളുടെ കഥപറച്ചിലുകള്‍ എത്ര ഹൃദ്യമായിരുന്നു.
ദാഹമാണിപ്പോള്‍ പലര്‍ക്കും! അസഹ്യമായ ദാഹം തന്നെ. കാരുണ്യത്തിന്റെ വല്ല കച്ചിത്തുരുമ്പും കിട്ടിയാലോ അവരുടെയകത്തെ ദാഹത്തിന് ശമനമുണ്ടാകൂ. പക്ഷെ അവ നല്‍കാനോ കനിയാനോ സര്‍വാരോഗ്യം കൊണ്ടും ഐശ്വര്യം പൂണ്ട നമുക്ക് സാധിക്കുന്നുണ്ടോ.? ഇട്ടെറിഞ്ഞ് പോവുന്ന ജീവിതങ്ങളുടെ ഉള്ള് പൊട്ടുന്നത് നമുക്കെന്തേ കേള്‍ക്കാനാവുന്നില്ല ? അതു കേള്‍ക്കാന്‍ നമുക്കും ആ പ്രായമോ ഭാവമോ എത്തിച്ചേരാന്‍ നാം വഴിമരുന്നിടരുത്. ജീവിതത്തിന്റെ സന്തോഷം പണവും പണ്ടവുമൊന്നുമല്ലെന്നും അത് അശരണരില്‍ നിന്നും കിട്ടുന്ന പുഞ്ചിരിയാണെന്നും മനസ്സിലാക്കുന്നിടത്താണ് ജീവിതത്തിന്റെ ശരിയായ അമൃത് നമുക്ക് ആവാഹിക്കാന്‍ സാധിക്കുക. എല്ലാ നാളിലും നമുക്ക് കരുണ ചൊരിയാനാവണം. അതിന് സാധിക്കാത്തതിനാലാണോ കാരുണ്യത്തിന് മാത്രമായി ഒരു പാലിയേറ്റീവ് ദിനം തന്നെ നമുക്ക് തുടങ്ങേണ്ടി വന്നത്!.
മരണത്തെ രംഗബോധമില്ലാത്ത കലാകാരനായിട്ടാണല്ലോ വില്യം ഷേക്‌സ്പിയര്‍ വര്‍ണിക്കുന്നത്. വാസ്തവത്തില്‍ മരണം മാത്രമല്ല, ജീവിതത്തിന്റെ ഓരോ നിമിഷവും ആഗതമാവുന്നത് ഏത് രൂപഭാവത്തിലാണെന്ന് നാമറിയുന്നുണ്ടോ.? ജീവിതത്തിന്റെ തിരക്കിട്ട ഓട്ടത്തിനിടയിലെപ്പോഴോ ശ്രദ്ധപിഴച്ചവരെ നാം കാണാറുണ്ട്. പിന്നീടവരുടെ ചങ്ങാത്തം ചക്രക്കസേരകളോടായിത്തീരുന്നു. മറ്റു ചിലര്‍ ജന്മനാ തന്നെ കൈകാലുകള്‍ക്ക് ചലനശേഷി ഇല്ലാത്തവരായി ജനിക്കുന്നു. ഭൂമിയിലൊന്ന് അമര്‍ത്തിച്ചവിട്ടി ആഹ്ലാദം പ്രകടിപ്പിക്കാന്‍ സാധിക്കാത്തവര്‍, മൂക്കത്ത് വന്നിരുന്ന് ഇക്കിളിപ്പെടുത്തുന്ന ഈച്ചയെ പോലും തട്ടിയകറ്റാന്‍ കഴിയാത്തവര്‍, അടുത്ത് വന്ന് ഉപ്പാ എന്ന് വിളിക്കുന്ന മകന്റെ മുഖത്തേക്ക് പരസഹായമില്ലാതെ ഒന്ന് തിരിഞ്ഞ് നോക്കാന്‍ പോലും കഴിയാത്തവര്‍, അപകടങ്ങളില്‍ പെട്ട് ശയ്യാവലംബികളായവര്‍, ഓട്ടിസം ബാധിച്ചവര്‍ ഇത്തരം എത്രയെത്ര ജീവിതങ്ങള്‍!
മഅ്ദിന്‍ ഏബിള്‍ വേള്‍ഡ് തുടങ്ങുന്നതു തന്നെ ഇത്തരം സഹജീവികളുടെ മിഴിനീരൊപ്പാന്‍ വേണ്ടി മാത്രമായിട്ടാണ്. പുനരധിവാസം, ഹോംകെയര്‍, തൊഴില്‍ പരിശീലനം, ഫാമിലി എംപവര്‍മെന്റ്, കൗണ്‍സിലിംങ്ങ് തുടങ്ങി ഇത്തരക്കാര്‍ക്കൊപ്പം നില്‍ക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു കാമ്പസായിത്തന്നെയാണ് ഏബിള്‍ വേള്‍ഡ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
ശൈഖുനയുടെ ഓഫീസിലേക്ക് ഒരിക്കല്‍ ചെന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഇത്തരം വീല്‍ചെയര്‍ രോഗികളെയാണ്. അവരുടെ ജീവിത പ്രാരാബ്ദങ്ങള്‍ നിരത്തുവാനാണ് ശൈഖുനക്ക് മുന്നില്‍ അവരെത്തിച്ചേര്‍ന്നത്.
‘റഈസേ.. ഞാന്‍ വീട്ടിലേക്ക് വരുമായിരുന്നുവല്ലോ.. ഈ അവസ്ഥയില്‍ റഈസെന്തിനാണ് കഷ്ടപ്പെട്ട് വന്നത്.’
സ്‌ട്രെക്ചറില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന റഈസിനോടാണ് ഉസ്താദ് ചോദിച്ചത്. റഈസിന്റെ ശരീരത്തില്‍ അവന്റെ കല്‍പനക്ക് വഴങ്ങുന്ന ഒരേയൊരവയവമേ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ ശിരസ്സ് മാത്രം. എന്നിട്ടും റഈസ് ഉസ്താദിന്റെ ചോദ്യത്തിന് ആവേശത്തോടെ മറുപടി പറഞ്ഞു: ‘ഇല്ല തങ്ങളെ എനിക്കിങ്ങനെ യാത്ര ചെയ്യുന്നത് ഇഷ്ടമാണ്.’
ശേഷം അവരുടെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തുകയാണ്. ‘ഞങ്ങള്‍ക്കും മതം പഠിക്കണം ഉസ്താദേ. തൊഴിലുപഠിക്കണം, പള്ളിയില്‍ പോകണം, അവഗണനകള്‍ക്ക് മുന്നില്‍ ആര്‍ജവത്തോടെ നില്‍ക്കണം. ഞങ്ങളെന്തിനും തയ്യാറാണ്. തങ്ങള്‍ കൂടെയുണ്ടയാല്‍ മതി’.
രണ്ട് കാലില്‍ കുത്തനെ നില്‍ക്കുന്ന നാമോരോരുത്തരും വിചിന്ദനത്തിനൊരുങ്ങേണ്ട വാക്കുകളായിരുന്നു അവ. സര്‍വ കഴിവുകളുമൊത്ത നാമൊക്കെ ഇനിയുമെത്ര ദൂരം സഞ്ചരിക്കാനുണ്ട്..? അവരുടെ ആവശ്യങ്ങള്‍ക്കൊക്കെ ശ്രമിക്കുകയായിരുന്നു പിന്നീട് ഉസ്താദ്. അതിന്റെ ആദ്യ പടിയെന്നോണം, മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിന്റെ നയനമനോഹര മതില്‍കെട്ടുകള്‍ പൊളിച്ച് പള്ളിയിലേക്ക് വീല്‍ ചെയര്‍ സുഹൃത്തുക്കള്‍ക്ക് പ്രവേശിക്കാനുള്ള റാംപ് തയ്യാറാക്കാന്‍ സംവിധാനങ്ങളൊരുക്കി. മസ്ജിദിലെ ആദ്യ സ്വഫുകളില്‍ തന്നെ വലത് ഭാഗത്ത് അവര്‍ക്കായി സ്ഥലം റിസര്‍വ്വ് ചെയ്ത് നല്‍കി. അവരുടെ അഭ്യര്‍ത്ഥന മാനിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വീല്‍ ചെയര്‍ രോഗികള്‍ക്ക് വാഹനത്തിന്റെ ലൈസന്‍സ് നല്‍കുവാന്‍ വരെ ഏര്‍പ്പാടുണ്ടാക്കി. ആവശ്യങ്ങളെ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന രീതിയാണ് ഉസ്താദ് സ്ഥാപനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
മരണാസന്ന നേരത്തുപോലും സ്വജീവിതത്തെക്കാള്‍ സഹജീവിയുടെ ജീവന് സ്ഥാനം നല്‍കിയ സ്വഹാബാക്കളുടെ ചരിത്രമില്ലേ, നമുക്കെന്നും സ്മരിക്കാന്‍. സാഹോദര്യത്തിന്റെ നിസ്തുല ദര്‍ശനമായിരുന്നു അത്. യര്‍മൂഖ് യുദ്ധവേളയില്‍ മരണാസന്നരായി കിടക്കുന്ന മൂന്ന് സ്വഹാബാക്കളുടെ ചരിത്രമോര്‍ക്കുക. തുകല്‍ പാത്രവുമായി ഒരാള്‍ ആദ്യ സ്വഹാബിയുടെ അടുക്കല്‍ ചെന്ന നേരത്ത് അദ്ദേഹം അടുത്ത് കിടക്കുന്ന, മരണവേദനയില്‍ പുളയുന്ന മറ്റൊരു സ്വഹാബിയെ കാട്ടുന്നു. അവിടെ ചെന്നപ്പോഴോ അദ്ദേഹം മരണവെപ്രാളത്തിലുള്ള മറ്റൊരു സ്വഹാബിക്ക് നല്‍കാന്‍ നിര്‍ദേശിക്കുന്നു. ഒടുവില്‍ ആദ്യത്തെ വ്യക്തിയുടെ സമീപമെത്തുമ്പോഴേക്കും അദ്ദേഹം നാഥന്റെ വിളിക്കുത്തരം നല്‍കികഴിഞ്ഞിരുന്നു. മറ്റു സ്വഹാബാക്കളും പരലോകം പുല്‍കിക്കഴിഞ്ഞിരുന്നു. തന്റെ സഹോദരന്റെ ഭാഗത്തിന് മുന്‍ഗണന നല്‍കി മൂവരും നാഥന്റെ പ്രീതിയുമേറ്റു വാങ്ങി മരണം പുല്‍കിരിക്കുന്നു.
മക്കയില്‍ നിന്നെത്തിയ മുഹാജിറുകളെ സഹായിക്കാനും പരിചരിക്കാനുമായി അന്‍സാറുകള്‍ക്കിടയില്‍ വലിയ മത്സരം തന്നെ നടന്നിരുന്നു. അവരൊക്കെ സാന്ത്വനത്തിന്റെ മുഖകമലം നന്നായി അറിഞ്ഞവരായിരുന്നു. അവര്‍ അത് മുതലെടുക്കുകയും ചെയ്തു. മാതൃകയാക്കേണ്ട പാതകളാണവയൊക്കെ. അതിനാന്‍ അശരണരുടെയും ആരുമില്ലാത്തവരുടെയും അഗതി മന്ദിരങ്ങളാവണം നാമൊക്കെയും. വേദനകള്‍ തുടച്ചെടുത്ത് ആനന്ദം പുരട്ടിക്കൊടുക്കുന്ന, അപരന്ന് ജീവിതം സമര്‍പ്പിക്കുന്ന, ഒന്നാന്തരം അഗതി മന്ദിരങ്ങള്‍.