ഓടിക്കിതച്ച് റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നു നോക്കുമ്പോള്‍ മൂന്നുവയസ്സായ തന്റെ മകനേയും ഭാര്യയേയും കാണുന്നില്ല. റിട്ടേണ്‍ ടിക്കെറ്റല്ലാതെ മറ്റൊന്നും അവരുടെ കൈകളിലില്ലായിരുന്നു. ആവോളം തിരഞ്ഞിട്ടും എവിടെയും കണ്ടെത്താനായില്ല. ഇനിയെന്തിന് ജീവിക്കണം?. നാട്ടില്‍ പോയി ഞാനെന്താ പറയുക?. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടാന്‍ വരെ പോയ നിമിഷങ്ങള്‍.
കേരളത്തിന്റെ ആസ്ഥാന നഗരിയില്‍ മകന്റെ ഓപ്പറേഷന്‍ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കാന്‍ റെയില്‍ വേസ്റ്റേഷനിലെത്തിയതാണവര്‍. സമയം രാവിലെ അഞ്ചുമണി. ട്രെയിന്‍ വരാന്‍ സമയം ഏറെയുണ്ട്. ഞാന്‍ മൂത്രമൊഴിച്ച് വരാമെന്ന് പറഞ്ഞ് അദ്ദേഹം പുറത്തിറങ്ങി. തൊട്ടടുത്ത ബാര്‍ അന്വേഷിച്ചായിരുന്നു നടത്തം. വഴികാണിച്ചുകൊടുത്ത സുഹൃത്തിനും മദ്യം വാങ്ങിക്കൊടുത്ത് അയാള്‍ നന്നായി കുടിച്ചു. മദ്യത്തിന്റെ ലഹരിയില്‍ പരസ്പരം വാക്കേറ്റമായി. അത് അടിപിടിയിലാണവസാനിച്ചത്. അയാളുടെ ഷര്‍ട്ട് കീറിപ്പറിഞ്ഞു. കീശയിലെ പണം മുഴുവന്‍ നഷ്ടപ്പെട്ടു. ആകെ അവശനായി. ചെറിയ ഒരു ഫോണ്‍ മാത്രമേ അദ്ദേഹത്തിന്റെ കരങ്ങളിലുള്ളൂ. ഭാര്യയും കുട്ടിയുമുണ്ടായിരുന്ന കാര്യം പാടെ മറന്നു. സമയം ഏറെ വൈകി. അയാള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓടി. അവസാനം ഫോണിലേക്ക് വന്ന മിസ്‌കോളിന്റെ സൂചനയിലാണ് മറ്റൊരാള്‍ മുഖേന തന്റെ ഭാര്യയെയും കുട്ടിയെയും കണ്ടെത്തിയത്.
ഓപ്പറേഷന്‍ കഴിഞ്ഞ കുട്ടിയെ മടിയിലിരുത്തി അവള്‍ കാത്ത്കരഞ്ഞിരിപ്പുണ്ട്. ഒരുതുള്ളി വെള്ളം പോലും അവര്‍ക്ക് വാങ്ങിക്കൊടുത്തിട്ടില്ല. ശങ്കിച്ചു നിന്ന അവര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ഏഴുരൂപമാത്രം അദ്ദേഹത്തിന് കൂട്ടിനുണ്ട്. നാട്ടില്‍ തിരിച്ചെത്തണം. അയാള്‍ക്ക് വല്ലാത്ത കുറ്റബോധം തോന്നി. ആ ബോധത്തില്‍ മദ്യത്തിന്റെ ലഹരി ഏറെക്കുറെ കെട്ടടങ്ങി. തിരൂരിലേക്കവര്‍ ട്രെയിന്‍ കയറി. അവളിപ്പോഴും കുട്ടിയെ മടിയിലിരുത്തി കരയുകയാണ്. അവള്‍ക്ക് കരയാനല്ലാതെ മറ്റെന്തിന് സാധിക്കും?. അയാള്‍ ആകെ തളര്‍ന്നു. സ്വന്തം ഭാര്യയുടെ കരച്ചില്‍ എങ്ങനെ താങ്ങാനാകും. ഭാര്യയെ കാണാതായ സമയത്തെ വ്യാകുലതകള്‍ അയാളില്‍ തികട്ടി വന്നു. ആ ട്രെയിനില്‍ വെച്ച് അയാള്‍ തന്റെ പ്രിയതമയോടു സത്യം ചെയ്തു. ‘ഇനിയൊരിക്കലും ഞാന്‍ കുടിക്കില്ല’. ട്രെയിന്‍ കുതിച്ചു പായുന്നുണ്ട്. ഇരുന്നും കിടന്നും അവര്‍ യാത്രയിലാണ്ടു. ട്രെയിന്‍ വളരെ വേഗം ലക്ഷ്യസ്ഥാനത്തെത്തി.
നാട്ടിലേക്ക് പോകാന്‍ ഒരു കാശ് പോലും കീശയിലില്ല. എന്തുചെയ്യും.? കുറ്റബോധം അയാളെ പിടിച്ചുകുലുക്കുക തന്നെയാണ്. തിരൂരില്‍ ജോലി ചെയ്യുന്ന നാട്ടുകാരനായ സുഹൃത്തിനോട് ഒരുപാട് കളവുകള്‍ പറഞ്ഞ് ഇരുനൂറ് രൂപ വാങ്ങി. പണം കയ്യില്‍ കിട്ടിയപ്പോള്‍ ഒന്നും നോക്കിയില്ല. അവരെ ബസ്റ്റാന്റിലിരുത്തി അയാള്‍ വീണ്ടും പോയത് ബാറിലേക്കാണ്.
ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍. അറിഞ്ഞവര്‍ അറിഞ്ഞവര്‍ മാറ്റിനിര്‍ത്തി. കുടുംബങ്ങള്‍ വല്ലാണ്ടായി. തങ്ങന്മാരുടെയും ബീവിമാരുടെയും അടുത്ത് കൊണ്ടുപോയി. മാത്രമല്ല പണിക്കന്മാരുടെയടുത്ത് വരെ എത്തി. അതിലപ്പുറം ഒരുപാട് ചികിത്സാ കേന്ദ്രങ്ങള്‍ കയറിയിറങ്ങി. എന്നിട്ടും ഒരു കുലുക്കവുമുണ്ടായില്ല. ഒന്നു മരിച്ചെങ്കില്‍ എന്ന് എല്ലാവരും ആശിച്ചു പോകുന്നു. ‘അടുത്ത ഒന്നാം തിയ്യതി മുതല്‍ ഞാന്‍ കുടിക്കൂല’. ഇങ്ങനെ എത്രയെത്ര സത്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. വീണ്ടും തികട്ടി വരും ആ മഹാമാരി. ഒരുപാട് നരകയാതനകള്‍ അനുഭവിച്ചിട്ടുണ്ട്. രാത്രിയൊക്കെ എണീറ്റ് പൊട്ടിക്കരയും. ഭാര്യ മാനസികമായി തളര്‍ന്നു. 2014 ലെ റമളാന്‍ മാസം. ഈ മാസമെങ്കിലും മാറിനില്‍ക്കണമെന്ന കുടുംബക്കാരുടെ ദൃഢനിശ്ചയത്തിലാണ് അയാള്‍ മിംഹാറിന്റെ പടികള്‍ കയറുന്നത്.
മിംഹാര്‍ (മഅ്ദിന്‍ ഡി- അഡിക്ഷന്‍ സെന്റര്‍) പിറവികൊണ്ടിട്ട്് ഇന്നേക്ക് ആറ് വര്‍ഷം തികഞ്ഞിരിക്കുകയാണ്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച സെന്ററായി മിംഹാര്‍ മാറിക്കൊണ്ടിരിക്കുന്നു. മദ്യപിച്ച് വാഹനം ഓടിക്കുന്നതും അപകടത്തില്‍ പെടുന്നതും നിത്യസംഭവമാവുകയും, സമൂഹത്തിലെ മാന്യ വ്യക്തികള്‍ വരെ ഇത്തരം ചെയ്തികളിലേക്ക് ചെന്നുചാടുകയും ചെയ്തു തുടങ്ങി. മഅ്ദിനിനു മുമ്പിലെ ഹൈവേയില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ സ്ഥാപനത്തിന് ഇങ്ങനെയൊരു കേന്ദ്രം തുടങ്ങാന്‍ നിര്‍ബന്ധിതരായി. കള്ള് സ്വയം ശുദ്ധിയാകുമെങ്കില്‍ മദ്യപാനിക്കും പൂര്‍വ സ്ഥിതി കൈവരിക്കാന്‍ കഴിയുമെന്ന ശൈഖുനാ ഖലീല്‍ തങ്ങള്‍ ഉസ്താദിന്റെ ദൃഢനിശ്ചയത്തില്‍ നിന്നാണ് മിംഹാറിന്റെ പിറവി.
ലോകത്ത് ചികിത്സാ രീതികളില്‍ ഏറ്റവും മികച്ച രീതി ബയോ സൈക്കോ സോഷ്യല്‍ മാര്‍ഗമാണ്. ഈ മാര്‍ഗമാണ് മിംഹാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ കാര്യങ്ങള്‍ പരിശോധിക്കുകയാണിതിലൂടെ. ഈ രീതിയാണ് മറ്റു ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നും മിംഹാറിനെ വേറിട്ടുനിര്‍ത്തുന്നതും. സൈക്യാട്രിസ്റ്റിന്റെയും എം ബി ബി എസ് ഡോക്ടറുടെയും, ക്ലിനിക്കല്‍ ഡോക്ടറുടെയും മികച്ചസേവനം മിംഹാറിലുണ്ട്. സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിക്കല്‍ കൗണ്‍സിലര്‍മാര്‍, സ്പിരിച്ചല്‍ കണ്‍സള്‍ട്ടന്‍സ് എന്നിവരടങ്ങുന്ന ടീമാണ് മിംഹാറിനെ നയിക്കുന്നത്.
മെഡിക്കേഷനോട് കൂടെ സൈക്കോളജി എന്ന ചികിത്സാ രീതിയാണ് ഇവിടെ അവലംബിക്കുന്നത്്. മദ്യാസക്തിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യമായ മരുന്നുകള്‍ സമയക്രമത്തില്‍ നല്‍കി, മദ്യത്തോട് മാനസിക നീരസം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അവര്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ച്് കണ്ടെത്തി അവരിലൊരാളായി ആത്മീയാന്തരീക്ഷവും കൂട്ടിച്ചേര്‍ത്താണ് മിംഹാര്‍ ഓരോ ജീവിതത്തേയും കരകയറ്റുന്നത്.
ഡബ്ല്യൂ എച്ച് ഒ പറയുന്നത്, മദ്യപാനികള്‍ അതില്‍ നിന്ന് മുക്തി നേടണമെങ്കില്‍ ആത്മീയ ചുറ്റുപാടുകളെകൂടി സ്വീകരിക്കണമെന്നതാണ്. ഈ അന്തരീക്ഷമാണ് മറ്റു കേന്ദ്രങ്ങളില്‍ നിന്ന് മിംഹാറിനെ വ്യതിരിക്തമാക്കുന്നത്. നിരന്തരമായ ഈ ആത്മീയ ക്ലാസുകളും ചുറ്റുപാടുകളുമാണ് അല്‍പമല്ലാത്തവര്‍ ഈ സ്ഥാപനത്തെ തിരഞ്ഞെടുക്കാന്‍ കാരണമാകുന്നത്. അവര്‍ക്ക് അന്ത്യമോചനം ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
മിംഹാറിന്റെ പടികള്‍ കടക്കുന്ന ഏതൊരാളും നാല് സ്റ്റേജുകളിലൂടെയാണ് കടന്നുപോകുന്നത്. മാത്രമല്ല, നാല് ഫാമിലി കൗണ്‍സിലിംഗും പൂര്‍ത്തിയാക്കും. ഇവിടെ അവരാരും മദ്യപാനി എന്ന ലേബലിലല്ല. മിംഹാര്‍ കുടുംബത്തിലെ ഒരംഗമാണ്. അവിടെ വരുന്ന ചെറിയവര്‍ക്ക് ജ്യേഷ്ഠന്‍മാരായും വലിയവര്‍ക്ക് അനിയന്മാരായും അവര്‍ ഒരു കുടുംബത്തെപ്പോലെ കഴിയുന്നു. കൃത്യതയാര്‍ന്ന ഫാമിലി അറ്റ്‌മോസ്ഫിയറിലൂടെയാണ് മിംഹാര്‍ കടന്നുപോകുന്നത്. അവരില്‍ സ്‌നേഹവും, മാറ്റത്തിന്റെ പ്രതീക്ഷയും നല്‍കുന്ന ഈ രീതി മിംഹാറിന്റെ പ്രത്യേകതയാണ്. ക്രൂരമായ ചികിത്സാ മുറകള്‍ക്ക്് പകരം രോഗിയെ അറിഞ്ഞു കൊണ്ടുള്ള ഇത്തരം രീതികളാണ് കൂടുതല്‍ ഫലമുണ്ടാക്കുക. ഏത് സാഹചര്യത്തിലും മാറിനില്‍ക്കാനുള്ള പ്രാപ്തി മിംഹാര്‍ ഉണ്ടാക്കിക്കൊടുക്കുന്നു. മൗണ്ടൈന്‍ വാക്കിംഗ്, നാച്ചുറല്‍ കളികള്‍, ക്ലേ മെയ്കിംങ് എന്നീ ഔട്ട്‌ഡോര്‍ ഇടപെടലുകള്‍ കൂടുതല്‍ ഉത്സാഹവും സംതൃപ്തിയുമാണ് ഓരോരുത്തര്‍ക്കും നേടിക്കൊടുക്കുന്നത്. ഉത്തരവാദിത്വബോധവും കുറ്റബോധവും ഉണ്ടാക്കിക്കൊടുക്കുന്നതിനുള്ള ഫിഷിംഗും ഹണ്ടിംഗും മിംഹാറിന് സ്വന്തമായുള്ള പ്രത്യേകതയാണ്.
ട്രീറ്റ്‌മെന്റിന്റെ അവസാന ഘട്ടങ്ങളിലുള്ളവര്‍, പുതുതായി കടന്നുവരുന്നവര്‍ക്ക് അവര്‍ ക്ലാസെടുക്കാന്‍ വരെ പ്രാപ്തരാവുന്നു. പിരിയുമ്പോഴേക്ക് ഞാനൊരു മനുഷ്യന്‍ എന്ന നല്ലൊരു ബോധം അവരില്‍ കൂടെ കൂടുന്നു. അവിടെ തീരുന്നില്ല മിംഹാറിന്റെ ഇടപെടല്‍. ഓരോ ആഴ്ചയും കൃത്യമായ പിന്തുടരലിലൂടെ അവരെ നിരീക്ഷിക്കും. സൈക്യാട്രിസ്റ്റിന്റെ സൈക്കോളജിക്കല്‍ ഇടപെടലുകളിലൂടെ പ്രതികൂല സാഹചര്യങ്ങളെ ഞെക്കിക്കൊല്ലാന്‍ മാത്രം അവരെ യോഗ്യരാക്കുന്നു. മിംഹാറിന്റെ പടികളിറങ്ങിയ ഓരോരുത്തരും ഓരോ മാസത്തിലും ഒത്തുകൂടും. ഇത്തരം വേദികള്‍ പങ്കുവെക്കലിന്റെ വേദികളാണ്. അനുഭവക്കഥകള്‍ കേള്‍ക്കുമ്പോള്‍ ഓരോരുത്തരിലും കുറ്റബോധം നിറഞ്ഞുതുളമ്പും. ആ ബോധമാണ് അവരെ തിരിച്ചറിവിന്റെയും നന്മയുടെയും നല്ലവഴികള്‍ താണ്ടാന്‍ പ്രേരിപ്പിക്കുന്നത്്. വിശേഷ ദിനങ്ങളായ റബീഉല്‍ അവ്വല്‍, റമളാന്‍ തുടങ്ങിയവയില്‍ അവര്‍ വീണ്ടും ഒരുമിച്ചുകൂടും. വിവിധ പരിപാടികളോടെ ആ ദിവസത്തെ മിംഹാര്‍ സാര്‍ത്ഥകമാക്കും. ഇടക്ക് മിംഹാര്‍ കുടുംബം ഒന്നിച്ച് ടൂര്‍ പോകും.
ലഹരി ചികിത്സക്കൊരു മിംഹാര്‍ മോഡലാണിത്. മിംഹാറിനു സ്വന്തമായുള്ള ഈ മോഡലാണ് മിംഹാറിനെ തിരഞ്ഞെടുക്കുന്നതില്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നത്്. ഓരോരുത്തരുടെയും ജീവിതത്തെ കൃത്യമായി പഠിച്ച് ഇരുപത്തിയഞ്ച് ദിവസത്തെ ആത്മീയാന്തരീക്ഷത്തിലൂന്നിയ നല്ല ജീവിതക്രമം ചിട്ടപ്പെടുത്തി കുടുംബത്തിലേക്ക് മടക്കുകയാണ് മിംഹാര്‍. സംതൃപ്ത ജീവിതം ചിട്ടപ്പെടുത്താനുള്ള ഉറച്ച തീരുമാനത്തിലാണ് ഓരോരുത്തരും പടികളിറങ്ങുന്നത്. ഓരോ ജീവിതകഥയുടെയും തിരുത്തെഴുത്തിലും സാര്‍ഥരാണ് മഅ്ദിന്‍ കുടുംബവും മിംഹാര്‍ അധികൃതരും. മിംഹാറിനിന്ന് ആയിരത്തില്‍പ്പരം അഭ്യുദയകാംക്ഷികളുണ്ടെന്നത് അതിന്റെ മഹിമ വിളിച്ചോതുന്നു.