ഉമ്മ മരിച്ചു. അന്ന് ലേബര്‍ മുറിയില്‍ ഇരട്ടക്കുഞ്ഞുങ്ങളായ എനിക്കും, റഫീദയ്ക്കും ജന്മം നല്‍കി, വേദനയില്‍ പുളഞ്ഞ് ആ മാതാവ് പരലോകം പുല്‍കുമ്പോള്‍ ചോരപ്പൈതലുകളായ ഞങ്ങളുണ്ടോ അതറിയുന്നു? പാവം ഉമ്മ! മാസങ്ങളേറെ വേദന സഹിച്ച് ഞങ്ങളൊന്ന് ജനിച്ച് വീഴുമ്പോള്‍ ഒരുമ്മ നല്‍കാന്‍ കൊതിച്ചിട്ടുണ്ടാവില്ലെ.? അതിലേറെ ഞങ്ങളെയോര്‍ത്ത് വേദനിച്ചത് ബാപ്പയായിരിക്കണം. ഉമ്മയോ മരിച്ചു. പിറന്നുവീണ ഞങ്ങളുടെ ഗതിയോ? ഇരുവര്‍ക്കും കാഴ്ച ശക്തിയില്ലത്രെ.. അന്ധത മൂടിക്കെട്ടിയ കണ്ണുകളുമായി ഭൂമിയിലേക്ക് കാലുകുത്തുമ്പോള്‍ കൂടെയുള്ള ബാപ്പയുടെയും ഉപ്പാപ്പയുടെയുമൊക്കെ അകതാരിലെ വേദനകള്‍ വിവരാണാതീതം തന്നെ, വിവരണാതീതം.
ഉപ്പാപ്പ മടക്കടവന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മനഃശക്തിക്കകത്ത് നിന്ന് കൊണ്ടായിരുന്നു പിന്നീട് ഞങ്ങള്‍ പിച്ച വെക്കുന്നതും പൂര്‍ണോദയത്തിലേക്ക് പ്രയാണം നടത്തുന്നതും. അന്ധത മൂടിയ കണ്ണുകളുണ്ടെങ്കിലും ഞങ്ങളുടെ ജീവിതത്തിന് ഇരുളിന്റെ മതില്‍ കെട്ടുണ്ടാവരുതെന്ന് ഉപ്പാപ്പ ദൃഢനിശ്ചയം ചെയ്തു. ഞങ്ങളുടെ നല്ല നാളെയുടെ പ്രഭാതത്തെ പുഷ്പിക്കാനായി പരാഗരേണുക്കളുമായി വിധിയുടെ നാഥന്‍ വരിക തന്നെ ചെയ്യുമെന്ന് അദ്ദേഹമന്ന് മനസ്സില്‍ കോറിയിട്ടു വെച്ചു.
ആ പ്രതീക്ഷകള്‍ക്ക് ചിറക് മുളക്കുന്ന കാഴ്ചകളായിരുന്നു പിന്നീടുള്ള ദിനങ്ങളില്‍ അങ്കുരിച്ചത്. കയ്യും കാലുമുറച്ച് തുടങ്ങിയതില്‍ പിന്നെ ഞങ്ങളെയും കൂട്ടി ഉപ്പാപ്പ പുറം ലോകത്ത് കൂടി ഉലാത്തിക്കൊണ്ടിരിക്കും. കഥകളും രസാസ്വാദനത്തിനുള്ള കൈമരുന്നുകളും അദ്ദേഹം ഞങ്ങള്‍ക്കായി ഒരുക്കിവെക്കും. സ്‌നേഹവും വാത്സല്യവും നല്‍കി ഓമനിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അന്ധതയുടെ സാന്നിധ്യം ഞങ്ങളറിഞ്ഞിരുന്നില്ല എന്ന് തന്നെ പറയാം.
ഒരു ദിവസം ഞങ്ങളെയും കൊണ്ട് അദ്ദേഹം ചെന്നത് മുട്ടിപ്പടി സ്വലാത്ത് നഗറിലേക്കായിരുന്നു. ചെറുപ്പത്തിലെ, തങ്ങളുസ്താദെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് അപ്പോഴാണ്്. ഉസ്താദിന്റെ മുന്നില്‍ നിന്നും ഉപ്പാപ്പ വിതുമ്പിയോ എന്നറിയില്ല. ഞങ്ങളെ പറ്റിയാണ് അന്നവിടെ സംസാരം നടക്കുന്നത്. എല്ലാ ശരിയാവും നാഥന്‍ വഴിതെളിക്കും! വഴികള്‍ നമുക്ക് മുന്നില്‍ വിശാലമായി കിടക്കുകയാണല്ലോ. ഉപ്പാപ്പയെ തങ്ങളുസ്താദ് സമാധാനിപ്പിക്കുന്നുണ്ട്.
ശൈഖുനയുടെ അന്നത്തെ വാക്കുകളുടെ ഉള്‍സാരം മനസ്സിലാക്കാന്‍ എനിക്ക് ആറ് വയസ്സ് തികയേണ്ടിവന്നു. ഒന്നാം ക്ലാസില്‍ പോവേണ്ട പ്രായം. പുത്തനുടുപ്പും പുള്ളിക്കുടയും മറ്റു സാമഗ്രികളുമൊക്കെയായി, ഉസ്താദിന്റെ നിര്‍ദേശപ്രകാരം ഉപ്പാപ്പ ഞങ്ങളെയും കൂട്ടി നടന്നു. പുത്തന്‍ കലാലയത്തിലേക്ക്, ബ്ലൈന്‍ഡ് സ്‌കൂളിലേക്ക് ! അങ്ങനെ അന്ധവിദ്യാലയത്തിലെ സ്‌നേഹോദ്യാനത്തിലെ ആദ്യ പൂക്കളില്‍ ഞാനുമൊരു പൂവായി മാറി. ബ്ലൈന്‍ഡ് സ്‌കൂളിലെത്തിയ നേരത്ത് എന്നെപ്പോലെ ഒരുപാട് പൂമ്പാറ്റകള്‍ ഈ ലോകത്ത് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പിന്നീട് സ്‌കൂളിലെയും മദ്രസകളിലെയും ബാലപാഠങ്ങള്‍ പഠിക്കുന്ന തിരക്കിലായി. ബ്രെയിന്‍ ലിപിയിലൂടെയായിരുന്നു അതൊക്കെ പഠിക്കാനുള്ള സാഹചര്യം മഅ്ദിന്‍ ഒരുക്കിത്തന്നത്.
അലിഫില്‍ നിന്ന് തുടങ്ങിയ ആ പാഠം എന്നെ നിസ്‌കരിക്കാനും നോമ്പനുഷ്ഠിക്കാനും ജീവിതകര്‍മങ്ങള്‍ ദീനീ ചട്ടക്കൂട്ടില്‍ നിര്‍വഹിക്കാനും പ്രാപ്തയാക്കി. അഭിമാനത്തോടെ പറയട്ടെ!. വീട്ടില്‍ ചെന്നാലും അവര്‍ക്കൊക്കെ മതകാര്യങ്ങള്‍ പലതും പറഞ്ഞ് കൊടുക്കാന്‍ അന്ധയായ എനിക്ക് സാധിച്ചല്ലോ എന്നതില്‍ എനിക്കഭിമാനം തോന്നുന്നുണ്ട്.
മനസ്സിന് ഏറ്റവും ആനന്ദം നല്‍കിയ അനേകം നിമിഷങ്ങളുണ്ടായിരുന്നു അന്നെനിക്ക്. ഇസ്ലാമിക് എജുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മദ്രസാ പൊതു പരീക്ഷയില്‍ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ ഡിസ്റ്റിംഗ്ഷനോടെ പാസ്സാവാന്‍ കഴിഞ്ഞതായിരുന്നു അതിലൊന്ന്. ഇതിനിടയില്‍ ഖുര്‍ആനിലെ നിരവധി അധ്യായങ്ങള്‍ മനഃപാഠമാക്കാന്‍ ഉടയവന്‍ തുണച്ചിട്ടുണ്ട്. ഒപ്പം ഖസീദത്തുല്‍ ബുര്‍ദയും മൗലിദുകളും അസ്മാഉല്‍ ബദ്‌റും വിര്‍ദുല്ലത്വീഫുമൊക്കെ ഹൃദ്യസ്ഥമാക്കാന്‍ സാധിച്ചതില്‍ ഹൃദയഭേദകമായ സന്തോഷവുമുണ്ട്. സമാന്തര വഴിയില്‍ എസ്.എല്‍.സിയും പ്ലസ് ടുവും ഉന്നത മാര്‍ക്കോടെ പാസാകാന്‍ കഴിഞ്ഞു. കൂടാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രിയില്‍ ഒന്നാം റാങ്ക് നേടാനും ഇതിനിടയില്‍ മഅ്ദിന്‍ എന്നെ പ്രാപ്തയാക്കിയിരുന്നു. കൂടാതെ സ്‌കൂളില്‍ നിന്നുള്ള വിവിധ പരിപാടികളിലും തിളങ്ങാന്‍ കഴിഞ്ഞതും നാഥന്റെ തുണ കൊണ്ട് മാത്രമാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ബ്രൈന്‍ ലിപി വായന മത്സരത്തിലും ലൂയിസ് ബ്രൈന്‍ ദിനത്തില്‍ നടത്തപ്പെട്ട സംസ്ഥാന തല ഇംഗ്ലീഷ് ബ്രൈന്‍ ലിപി എഴുത്തിലുമൊക്കെ ഒന്നാമതെത്താന്‍ കഴിഞ്ഞതും ഈ മഅ്ദിനിന്റെ മുറ്റത്ത് നിന്ന് ഓര്‍ക്കുമ്പോള്‍ മധുരോദാരമായി തന്നെ തോന്നുന്നു, അനുഭവിക്കുന്നു.
വൈകല്യമുള്ളതിനാല്‍ ജീവിതത്തില്‍ പല പ്രചോദന കഥകളുമായി ചിലരൊക്കെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവയിലേറ്റവും ശ്രദ്ധേയമായത് ഹൈസ്‌കൂള്‍ പഠന കാലത്തെ പാഠപുസ്തകത്തില്‍ എന്നെയും കാത്തിരുന്ന ഹെലന്‍ കെല്ലറുടെ ഒരധ്യായമായിരുന്നു. ജനിച്ച് പതിനെട്ട് മാസമായപ്പോള്‍ തന്നെ പനിപിടിച്ച് അതുവഴി അന്ധത ബാധിച്ചവരായിരുന്നു അവര്‍. എന്നാല്‍ തന്റേടമുള്ള അവരുടെ മാതാപിതാക്കള്‍ അവിടെ വെച്ച് തന്റെ മകളുടെ ജീവിതം കെടുത്തിക്കളയാന്‍ തുനിഞ്ഞില്ല. മറിച്ച് അധ്യാപന മേഖലയില്‍ അതിനൈപുണ്യം നേടിയ ആന്‍ സുള്ളിവാന്‍ എന്ന അധ്യാപികയ്ക്ക് മകളെ ഏല്‍പിക്കുകയാണ് അവര്‍ ചെയ്തത്. പിന്നീട് ആന്‍ സുള്ളിവാന്റെ അകക്കണ്ണിലൂടെയും അറിവിന്റെ സ്പര്‍ശനത്തിലൂടെയും ഹെലന്‍ ലോകത്തെ നിരീക്ഷിച്ചു. ലോകമറിഞ്ഞ എഴുത്തുകാരിയായി. പ്രതിഭയായി, പ്രകാശമായി !
അല്‍പനേരം ഈ സംഭവം ഞാനോര്‍ത്തു നിന്നു പോയി. എന്റെ ജീവിതവും ഇതിന് സമാനമായിരുന്നില്ലെ..? എന്റെ രക്ഷിതാക്കള്‍ എന്നെയേല്‍പിച്ചത് ഏറ്റവും നല്ല ഗുരുവിന്റെ സമീപത്തുമാണ്. വാസ്തവത്തില്‍ ആ ഗുരുവിലെ ചോതനമായിരുന്നു എന്റെ ജീവിതം.
ഞങ്ങളെ സമീപിക്കുമ്പോള്‍ ഉസ്താദ് പറയാറുള്ളത് കൂടുതല്‍ കഴിവുള്ളവരുടെ മഹിമയോ മഹത്വമോ ആയിരുന്നില്ല. മറിച്ച് വൈകല്യം നിറഞ്ഞവര്‍ എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ചത് എന്ന രീതിയിലാണ് ഉസ്താദിന്റെ ഉപദേശങ്ങളുണ്ടാവുക. അന്ധത നിറഞ്ഞ ജീവിതങ്ങള്‍ നേടിയ പല കഥകളും ഉസ്താദ് പറഞ്ഞത് ജീവതത്തില്‍ പ്രചോദനമായിട്ടുണ്ട്.
എന്നെ ജെ ആര്‍ എഫ്(ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്) നേടാന്‍ പ്രാപ്തയാക്കിയത് മഅ്ദിന്‍ സന്തതിയായ ഇരുകണ്ണുകള്‍ക്കും കാഴ്ച നഷ്ടപ്പെട്ട ടി. പി സ്വാദിഖ് ഇക്കയെ കുറിച്ച് ഉസ്താദ് പ്രചോദനാത്മകമാക്കി സംസാരിച്ചപ്പോഴായിരുന്നു.
മഅ്ദിന്‍ സന്തതിയായിരുന്നു അദ്ദേഹവും. അന്ധത ബാധിച്ച കണ്ണുകളായിരുന്നു അദ്ദേഹത്തിന്റെതും. ഇന്നിപ്പോള്‍ സോഷ്യോളജിയില്‍ പി എച് ഡി പൂര്‍ത്തിയാക്കാനിരിക്കുന്ന വിചക്ഷണന്‍. ഹൈസ്‌കൂള്‍ മുതല്‍ ഇപ്പോള്‍ പി എച്ച് ഡി വരെ കാഴ്ചയുള്ളവരോടൊപ്പം തന്നെയായിരുന്നു അദ്ദേഹം പഠന സരണിയില്‍ നീങ്ങിയിരുന്നത്. ഡിഗ്രി പഠനം ഫാറൂഖ് കോളേജിലും എം എ പഠനം ജെ എന്‍ യു വിലും ചെയ്തു. ഡെല്‍ഹി സര്‍വകലാശാലയില്‍ ഇപ്പോള്‍ പി എച്ച് ഡി ചെയ്യുകയാണദ്ദേഹം ഒപ്പം ഗവണ്‍മെന്റ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനവും ലഭിച്ചു. കാഴ്ചയുള്ളവരോടൊപ്പം പഠിച്ചിട്ടും അവിശ്രമ പരിശ്രമത്തിലൂടെ അവരെക്കാള്‍ മുന്‍പന്തിയിലെത്താന്‍ സ്വാദിഖിനു കഴിഞ്ഞെന്ന വലിയ സന്തോഷം ഉസ്താദ് നമ്മെ പ്രചോദിപ്പിക്കാന്‍ ഇടക്കിടെ ആവര്‍ത്തിച്ചത്, ജീവിതത്തില്‍ നമുക്കും ഉന്നതങ്ങള്‍ കീഴടക്കാനാവുമെന്നും അന്ധത അതിനൊരു തടസ്സമല്ലെന്നും എന്റെ മനസ്സെന്നോട് ഇടക്കിടെ ആവര്‍ത്തിച്ചു. വാസ്തവത്തില്‍ ഉസ്താദിന്റെ അന്നത്തെ വാക്കുകളായിരുന്നു ഞാന്‍ എക്കാലത്തും കേട്ടിരുന്ന വ്യത്യസ്ത മോട്ടിവേഷന്‍ കഥകളെക്കാളും എന്റെ ജീവിതത്തെ നന്നായി സ്വാധീനിച്ചു. അതുവഴി പഠനകാലത്ത് ഞാന്‍ ശേഖരിച്ച നോട്ടുകളും കുറിപ്പുകളും നിരന്തരം പഠനത്തിനായി വായിച്ചു കൊണ്ടേയിരുന്നു. ഉസ്താദിന്റെ ഓരോ വാക്കുകളും നമ്മുടെ നന്മയ്ക്ക് വേണ്ടിയാണെന്ന ചിന്ത എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കി.
അധ്യാപകരുടെയും കൂട്ടുകാരുടെയും സഹായത്തോടെ എനിക്ക് നന്നായി പഠിക്കാന്‍ സാധിച്ചു. യൂ ടൂബിലൂടെയും, റെക്കോഡിങ്ങിലൂടെയും പല ക്ലാസുകളും കേട്ടു മനസ്സിലാക്കി. അങ്ങനെ ജെ ആര്‍ എഫ് ന് വേണ്ടിയുള്ള എന്റെ ആദ്യത്തെ ശ്രമം തന്നെ പച്ച പിടിച്ചു. റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ ജെ ആര്‍ എഫിന് യോഗ്യത നേടിക്കഴിഞ്ഞിരിക്കുന്നുവെന്ന സന്തോഷവാര്‍ത്തയും. ഉടനെ ബ്ലൈന്‍ഡ് സ്‌കൂളിലെ ടീച്ചര്‍ എനിക്കൊരു കോളുണ്ടെന്ന് പറഞ്ഞ് ഓടി വന്നു. അവിശ്വസനീയമായിരുന്നു അത്. തങ്ങളുസ്താദ് എന്നെ നേരിട്ട് വിളിക്കുകയാണ്. അഭിനന്ദിക്കാന്‍ വേണ്ടി. അനുഗ്രഹവാക്കുകള്‍ ചൊരിയാന്‍ വേണ്ടി അതിലൂടെ ഉസ്താദ് പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും വിസ്മയിപ്പിച്ചത്.
‘റുഫൈദാ.. അന്ധത ഒന്നിനും തടസ്സമല്ലെന്ന് നീ തന്നെ തെളിയിച്ചിരിക്കുകയാണ്. ഇനിയും നന്നായി പഠിക്കണം. ഇനി നിന്റെ ലക്ഷ്യം ഐ എ എസ് ആവട്ടെ..! നന്നായി ശ്രമിക്കുക, നിന്നിലൂടെ പ്രചോദിതരാകുന്ന വലിയ സമൂഹമുണ്ടെന്ന കാര്യം നീ മറക്കരുത്. ഒരുപാട് കുട്ടികള്‍ക്ക് പഠിക്കാനും വളരാനും ഔന്നിത്യങ്ങള്‍ കീഴടക്കാനുമുള്ള ഒരു പ്രചോദനം നിന്നില്‍ തന്നെയുണ്ട്. ഇസ്‌ലാമിക ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് തന്നെ ഏതു ന്യൂനതയില്‍ വെച്ചും എന്തും നേടാന്‍ കഴിയുമെന്ന് നീ തന്നെ തെളിയിക്കണം’. ഉസ്താദിന്റെ വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ ഒരു സ്വപ്‌നക്കൊട്ടാരം പണിയുകയാണ്. ജീവിത വിജയങ്ങള്‍ക്കുള്ള വലിയ പ്രചോദനമായി ആ വാക്കുകള്‍ ഇപ്പോഴും ഉള്ളില്‍ ഊര്‍ജ പ്രസരണിയായി നിലകൊള്ളുന്നുമുണ്ട്.
പല പ്രതിഭകളുടേയും കളിത്തൊട്ടിലായിരുന്നു മഅ്ദിന്‍ ബ്ലൈന്‍ഡ് സ്‌കൂള്‍. കൂട്ടത്തില്‍ എടുത്തു പറയാന്‍ ഞാനാഗ്രഹിക്കുന്നത് ത്വാഹയെക്കുറിച്ച് പറയാനാണ്. അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം ലഭിച്ചവനായിരുന്നു അവന്‍. ആ നേട്ടം കൈവരിച്ചത് കൊണ്ടല്ല, മറിച്ച് അവനിലൂടെയായിരുന്നു തങ്ങളുസ്താദിന്റെ ദയാവായ്പും പ്രാര്‍ത്ഥനയും എത്രത്തോളം നമ്മളിലേക്കുണ്ടെന്ന് എനിക്കും മനസ്സിലാക്കാന്‍ സാധിച്ചത് . നാളുകള്‍ക്കപ്പുറം അപ്രതീക്ഷിതമായി അവന്‍ അടിതെറ്റി വീഴുകയുണ്ടായി. വീഴ്ചയില്‍ പുറമെ നിന്നു കാണാന്‍ പരിക്കൊന്നുമില്ലായിരുന്നു. പക്ഷെ തലയടിച്ചു വീണതിനാല്‍ മസ്തിഷ്‌കത്തില്‍ സാരമായി പരിക്കുപറ്റിയ വേളയായിരുന്നു അത്. കൊണ്ട് പോയ ഹോസ്പിറ്റലുകളില്‍ നിന്നൊക്കെ പലയിടത്തു നിന്നും മടക്കി വിട്ടു. ഇതറിഞ്ഞ ഉസ്താദ് തിരക്കിനിടയിലും പ്രഗത്ഭരായ പല ഡോക്ടര്‍മാരെയും നേരിട്ട് വിളിച്ച് കാര്യഗൗരവമറിയിച്ചു. ഒടുവില്‍ ഹോസ്പിറ്റലില്‍ ചെന്ന് അവസാന ശ്രമമെന്ന നിലയില്‍ ഓപ്പറേഷന് വരെ വിധേയമാക്കേണ്ടി വന്നു. ഒരു പ്രതീക്ഷയുമില്ലെന്നും പ്രാര്‍ത്ഥന മാത്രമാണ് മുന്നിലുള്ളതെന്നും ഡോക്ടര്‍മാര്‍ കൈമലര്‍ത്തി പറഞ്ഞപ്പോള്‍ ഉസ്താദിന്റെ പിന്നീടുള്ള ഓരോ നിമിഷവും കണ്ണീരിലും പ്രാര്‍ത്ഥനയിലും തന്നെയായിരുന്നു. വ്യത്യസ്ത സ്ഥാപനങ്ങളിലെ കുട്ടികളെ വിളിച്ച് കൂട്ടി അസ്മാഉല്‍ ബദ്‌റിനും സ്വലാത്തിനും നിര്‍ദേശിച്ചു. ഒടുവില്‍ നാഥന്റെ തുണ നിമിത്തം വളരെ വിജയകരമായി ഓപ്പറേഷന്‍ പൂര്‍ത്തിയായി. പക്ഷെ നന്നായി സംസാരിക്കാനും മറ്റും മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. മുഅ്മിനീങ്ങള്‍ ഒരുമിച്ചു കൂടുന്ന ഓരോ വേദിയിലും ഉസ്താദ് ഖല്‍ബുരുകി പ്രാര്‍ത്ഥിച്ചു.
അല്‍ഹംദുലില്ലാഹ്! ത്വാഹ ആഴ്ചകള്‍ കൊണ്ട് തന്നെ അവന്റെ പൂര്‍വ്വസ്ഥിതി പ്രാപിച്ച് ജീവിതത്തിലേക്ക് തിരികെ വരുന്ന സുന്ദര വാര്‍ത്തയാണ് പിന്നീട് കേട്ടത്. സ്ഥാപനത്തിലെ ഓരോ കുട്ടിയെയും സ്വന്തം കുഞ്ഞിനെ പോലെ വളര്‍ത്തുന്നതില്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന ഉസ്താദിനെ പോലുള്ള വലിയ മനസ്സുകള്‍ക്ക് തിരികെ നല്‍കാനൊന്നുമില്ലല്ലോ എന്ന ചിന്ത മാത്രമാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്.