ഇസ്‌ലാമിക ശരീഅത്തിന്റെ കര്‍മ്മകാര്യ നിയമങ്ങള്‍ മുഴുവന്‍ സമാഹരിച്ചിട്ടുള്ളതാണു മദ്ഹബുകള്‍. ശരീഅത്തിന്റെ മൗലികവും അടിസ്ഥാനപരവുമായ ഭാഗം വിശ്വാസ കാര്യങ്ങളാണ്. ഇവ പരമ്പരാഗതമായി അനിഷേധ്യമായ നിലക്ക് തലമുറകള്‍ തോറും ലഭിച്ചു കൊണ്ടിരിക്കും. ഇങ്ങനെ ലഭിക്കുന്നതേ വിശ്വാസ കാര്യങ്ങളാകുകയുള്ളൂ. അവയാണ് വിശ്വസിക്കല്‍ നിര്‍ബ്ബന്ധമായ അഖീദകളും.
ജീവിത നിഷ്ഠകളും പ്രായോഗിക ജീവിതത്തിലെ ഇസ്‌ലാമിക നിയമങ്ങളും അങ്ങനെയല്ല. പ്രാദേശികവും സാമൂഹികവും സാംസ്‌കാരികവുമായി ഇവ വ്യത്യാസപ്പെടും. ഏകശിലാ രൂപത്തില്‍ ഇവ വാര്‍ത്തെടുക്കാന്‍ പറ്റില്ല. കാരണം ഇവിടെയുള്ള ജീവിത സാഹചര്യമല്ല യൂറോപ്പില്‍. അവിടത്തെ ജീവിതമല്ല ആഫ്രിക്കയില്‍. അവിടങ്ങളിലെല്ലാം സാമൂഹികമായും സാംസ്‌കാരികമായും പല വ്യത്യാസങ്ങളുണ്ടാകും. സഹസ്രാബ്ദങ്ങളും നൂറ്റാണ്ടുകളുമായി നിലനിന്നു വരുന്ന സംസ്‌കാരം തുടച്ചു നീക്കി എല്ലായിടത്തും ഒരേ ജീവിതരീതിയും ഒരേ സംസ്‌കാരവും സ്ഥാപിക്കല്‍ ക്ഷിപ്രസാധ്യമല്ല. അതിനാല്‍ നന്മയുള്ള ഏതു സംസ്‌കാരവും ഉള്‍ക്കൊള്ളുകയും അതത് നാടുകളില്‍ നിലനിന്നു വരുന്ന സംസ്‌കാരങ്ങള്‍ക്കനുയോജ്യമായി ഇസ്‌ലാമിക ജീവിതം നയിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്യുകയെന്നുള്ളതാണ് ഇസ്‌ലാമിന്റെ നിലപാട്. അമേരിക്കക്കാര്‍ക്ക് അവരുടെ പരമ്പരാഗത സംസ്‌കാരവും നാടിന്റെ സാഹചര്യമനുസരിച്ചുള്ള ആചാര സവിശേഷതകളും കൈയൊഴിയാന്‍ സാധ്യമല്ല. അതുപോലെ അറബികള്‍ക്ക് തങ്ങളുടെ പരമ്പരാഗത സംസ്‌കാരവും കൈയൊഴിയാനാകില്ല. മനുഷ്യസമൂഹത്തില്‍ വൈജ്ഞാനികമായുണ്ടാകുന്ന മാറ്റങ്ങള്‍ക്കും പുരോഗതികള്‍ക്കുമനുസരിച്ചാണല്ലോ സംസ്‌കാരങ്ങള്‍ ഉടലെടുക്കുന്നത്. അവയെല്ലാം പെടുന്നനെ ഇല്ലാതാക്കി തല്‍സ്ഥാനത്ത് പുതിയ മറ്റൊന്ന് സ്ഥാപിക്കുകയെന്ന നയമായിരുന്നു ഇസ്‌ലാമിനെങ്കില്‍ പരിശുദ്ധ ഇസ്‌ലാം ഒരു സമ്പൂര്‍ണ്ണമതമായി നിലനില്ക്കുമായിരുന്നില്ല.
മനുഷ്യാരംഭം മുതല്‍ നിലനിന്നു പോന്ന എല്ലാ സംസ്‌കാരങ്ങളിലെയും നന്മകള്‍ സ്വാംശീകരിച്ചും നിലനില്ക്കുന്ന സംസ്‌കാരങ്ങളിലെ തിന്മകള്‍ ശുദ്ധീകരിച്ചും മുന്നേറുകയെന്നതാണ് സമ്പൂര്‍ണ്ണ മതത്തിന്റെ സവിശേഷത. അതായത് സാംസ്‌കാരിക വ്യത്യാസങ്ങളെല്ലാം അംഗീകരിച്ചു കൊണ്ട് അല്ലാഹുവിനും റസൂലിനും വിധേയപ്പെട്ടു ജീവിക്കാന്‍ കഴിയണം. ജീവിതം അല്ലാഹുവിനു സമര്‍പ്പിക്കുക, അവന്റെ നിയമങ്ങള്‍ക്കു കീഴ്‌വണങ്ങുക എന്നതാണ് ഇസ്‌ലാം. ഏതു നാടിന്റെയും ഏതേതു കാലത്തിന്റെയും വിവിധ സംസ്‌കാരങ്ങളുടെയും സാഹചര്യങ്ങളില്‍ ഇതിനു സാധ്യമാകും. ഇസ്‌ലാമിക പ്രമാണങ്ങളെ ധിഷണയുള്ള വിജ്ഞന്മാര്‍ സമീപിക്കുമ്പോള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നിയമങ്ങള്‍ കണ്ടെത്താനാകും. ഏതു ജീവിത രീതികളിലുമുള്ള അല്ലാഹുവിന്റെ നിയമം മനസ്സിലാക്കാന്‍ കഴിയും. ഇങ്ങനെ ഗ്രഹിച്ചെടുക്കുന്നതാണ് ഇല്‍മുല്‍ ഫിഖ്ഹ്-കര്‍മ്മശാസ്ത്രം. ഗവേഷകരായ പ്രതിഭാധനന്മാര്‍ താന്താങ്ങളുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇതു കണ്ടെത്തുമ്പോള്‍ വൈവിദ്ധ്യങ്ങളും വൈരുദ്ധ്യങ്ങളും സ്വാഭാവികമാണ്. മദ്ഹബുകളില്‍ കാണുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇങ്ങനെ ഉണ്ടായിത്തീരുന്നതാണ്. ഇവ നിലനില്‌ക്കേണ്ടതാണ്. വ്യത്യസ്ത താല്പര്യക്കാരും സ്വഭാവക്കാരുമായ സാമാന്യ ജനങ്ങള്‍ക്ക് ഇതില്‍ അനുഗ്രഹവുമുണ്ട്.
ജനങ്ങളിലെ വൈവിദ്ധ്യം ഒരനുഗ്രഹമാണ് എന്ന് നബി(സ) തങ്ങളുടെ ഒരു പ്രസ്താവനയുണ്ട്. മനുഷ്യരെല്ലാവരും ഒരേ സ്വഭാവക്കാരല്ലല്ലോ. ചിലര്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നവരും അതിഷ്ടപ്പെടുന്നവരും മറ്റു ചിലര്‍ ലാളിത്യമിഷ്ടപ്പെടുന്നവരുമാണ്. ഈ ഭിന്നത ഗവേഷകരായ ഇമാമുമാരിലുമുണ്ടാകും. എന്നും മാനവ സമൂഹത്തില്‍ ഈ പ്രകൃതി വ്യത്യാസം നിലനിന്നിട്ടുണ്ട്. പ്രഥമ തലമുറയിലെ അബൂബക്ര്‍ സിദ്ദീഖും(റ) ഉമറും(റ) ഇതേ സ്വഭാവ വ്യത്യാസമുള്ളവരായിരുന്നു. അന്ത്യനാള്‍ വരെ മനുഷ്യവര്‍ഗ്ഗത്തില്‍ ഇതു നിലനില്ക്കും. ഇത്തരം ഭിന്ന സ്വഭാവക്കാരുടെ വീക്ഷണങ്ങളിലും ചിന്തകളിലും അവര്‍ രൂപീകരിച്ചെടുക്കുന്ന അഭിപ്രായങ്ങളിലും ഈ വ്യത്യാസങ്ങളുണ്ടാകും. ജനങ്ങളിലെ ഭിന്ന താല്പര്യക്കാര്‍ക്ക് അത് അനുഗ്രഹവുമാകും. തങ്ങള്‍ക്കിഷ്ടമുള്ളതിനെ അനുകരിക്കാമല്ലോ. ഇങ്ങനെയാണ് ഇമാമുകളുടെ അഭിപ്രായ വ്യത്യാസം ഉമ്മത്തിന് അനുഗ്രഹമായി മാറുന്നത്.
ഗവേഷകരും അവരുടെ മദ്ഹബുകളും ഒരുപാടുണ്ടായിരുന്നു. പക്ഷേ, കാലത്തെ അതിജീവിച്ചു നിലനിന്നത് നിലവിലുള്ള നാലു മദ്ഹബുകള്‍ മാത്രമേയുള്ളൂ. അനുഗാമികളാലും അനുയായികളാലും സജീവത കൈവന്നത് ഈ നാലു മദ്ഹബുകള്‍ക്കാണ്. നിരവധി മഹത്തുക്കളായ ഇമാമുമാരുടെ അധ്വാനവും സേവനവും ഈ മദ്ഹബുകള്‍ക്കു ലഭിച്ചു. അതുവഴി ഈ മദ്ഹബുകള്‍ക്ക് സമ്പൂര്‍ണ്ണ വികാസവും സുദൃഢതയും കൈ വന്നു. എല്ലാ വിജ്ഞാന വകുപ്പുകളിലുമുള്ള ഇമാമുകളും ഈ നാലില്‍ ഒരു മദ്ഹബ് സ്വീകരിച്ചു. മുഫസ്സിറുകള്‍, മുഹദ്ദിസുകള്‍, ഫുഖഹാഅ്, ഭാഷാ പണ്ഡിതര്‍, അദ്ധ്യാത്മിക ഗുരുക്കള്‍ തുടങ്ങി എല്ലാവരും മദ്ഹബു സ്വീകരിച്ചവര്‍ തന്നെ. തന്മൂലം ഈ നാലു മദ്ഹബുകള്‍ക്കപ്പുറം ഒരു ഗവേഷണ വഴി കണ്ടെത്താനോ പുതിയ ഗവേഷണ രീതി ആസൂത്രണം ചെയ്യാനോ ഇനിയൊരു പഴുതില്ലാത്ത വിധം ഗവേഷണത്തിന്റെ കവാടം അടഞ്ഞു. നിയമപരമായ ഗവേഷണത്തിന് പ്രത്യേക ഉദ്ദേശ്യതത്ത്വങ്ങള്‍, സമീപന രീതികള്‍, ഖവാഇദുകള്‍ എല്ലാം വേണമല്ലോ. ഇവ ഉണ്ടാക്കാന്‍ ഇനിയൊരു പഴുതില്ല. കഴിവുള്ളവര്‍ ഇല്ലാഞ്ഞിട്ടല്ല, ധിഷണന്മാര്‍ ജനിക്കാഞ്ഞിട്ടുമല്ല, പ്രമാണങ്ങള്‍ ഇനി പുതുതായി അവതരിക്കുകയില്ലല്ലോ. വഹ്‌യു നിലച്ചു കഴിഞ്ഞല്ലോ. നിലവിലുള്ള പ്രമാണങ്ങളെ മുഴുവന്‍ അരിച്ചു പെറുക്കി രൂപപ്പെടുത്തിയതാണ് നാലു മദ്ഹബുകളും. പഴവര്‍ഗ്ഗങ്ങള്‍ കഷ്ണിച്ച് ജ്യൂസടിക്കുമ്പോള്‍ എല്ലാം കഴിഞ്ഞ് ശേഷിക്കുന്ന ചണ്ടിയില്‍ ഇനിയും എന്തെങ്കിലും ലഭിക്കാന്‍ ഒന്നുമുണ്ടാകുകയില്ലല്ലോ. ഇതുപോലെയാണ് ഗവേഷണ വിഷയത്തില്‍ ഇമാമുകള്‍ പ്രമാണങ്ങള്‍ കൈകാര്യം ചെയ്തത്. അവയില്‍ നിന്ന് എടുക്കാനുള്ളതെല്ലാം ഊറ്റിയെടുത്തു. പോരെങ്കില്‍ ഇനിയും ഗവേഷണം നടക്കണമെങ്കില്‍ അതിനാവശ്യമായ പുതിയ ഖവാഇദ് ഉണ്ടായിട്ടു വേണം. നിലവിലുള്ള മദ്ഹബുകളുടെ ഖവാഇദിന്റെ അടിസ്ഥാനത്തില്‍ ഇനിയും ഗവേഷണം ചെയ്താല്‍ അതു നാലാലൊരു മദ്ഹബില്‍ ഉള്‍പ്പെടുകയും ചെയ്യും. ഇതു കൊണ്ടെല്ലാമാണ് ഇനിയൊരു അഞ്ചാം മദ്ഹബിന് സാധ്യതയും ഇടവുമില്ലാതെ പോയത്.
നാലു മദ്ഹബുകളും ശരിയാകുന്നതെങ്ങനെ എന്നു ചോദിച്ചാല്‍ അത് അല്ലാഹുവിന്റെ നിശ്ചയത്തോടൊത്തു അതുകൊണ്ട് ശരിയാണ് എന്നാണുദ്ദേശ്യം. നിയമപരമായി ഗവേഷണം ചെയ്ത് മനസ്സിലാക്കിക്കൊള്ളൂ; അതിനു കഴിയാത്തവര്‍ ഗവേഷകരെ പിന്‍പറ്റിക്കൊള്ളൂ എന്ന് അല്ലാഹു സ്വാതന്ത്ര്യം നല്കിയാല്‍ ഈ വിഷയങ്ങളില്‍ അല്ലാഹുവിന്റെ നിശ്ചയം അങ്ങനെയാണെന്നു വന്നല്ലോ. അപ്പോള്‍ നിയമപരമായ ഗവേഷണത്തില്‍ രൂപീകരിച്ചെടുക്കുന്ന അഭിപ്രായം അല്ലാഹുവിന്റെ ഈ നിശ്ചയത്തിന് ഒത്തു വന്നതാണ്. അതുകൊണ്ട് ശരിയുമാണ്. ഇതു നാലു മദ്ഹബിനും ബാധകവുമാണ്. വിരുദ്ധാഭിപ്രായങ്ങള്‍ മുഴുവന്‍ കൂടി ഒരേ സമയത്തു ശരിയാകുകയില്ലെന്നതു ശരി തന്നെ. പക്ഷേ, ഗവേഷണത്തില്‍ ഈ വൈരുദ്ധ്യം വരും എന്നറിഞ്ഞു കൊണ്ടാണല്ലോ അല്ലാഹു ഗവേഷണത്തിനു സ്വാതന്ത്ര്യം നല്കിയത്. അപ്പോള്‍ ഗവേഷണഫലം അല്ലാഹുവിന്റെ നിയതിക്കും നിയമത്തിനുമൊത്ത ശരി തന്നെ. നിയമവിരുദ്ധമല്ല. അല്ലാഹുവിന്റെയടുക്കല്‍ വിഷയത്തിലെ ശരി ഏതെന്നു തിട്ടമില്ലെങ്കിലും നാലു മദ്ഹബും അല്ലാഹുവിന്റെ നിയമത്തിനൊത്ത ശരിയാണെന്നതു മനസ്സിലാക്കാം. അല്ലാഹുവിങ്കലുള്ള സത്യം ഏതെന്നറിയല്‍ ഇത്തരം വിഷയത്തില്‍ നമുക്കു ബാദ്ധ്യതയില്ല. അല്ലാഹു അവതരിപ്പിച്ച വേദത്തില്‍ നിന്നും പ്രമാണങ്ങളില്‍ നിന്നും മനസ്സിലാക്കുന്ന ശരി കണ്ടെത്തി സ്വീകരിക്കലേ ബാദ്ധ്യതയുള്ളൂ.
ഓരോ പ്രദേശങ്ങളിലും അവിടെ ഇസ്‌ലാമിക പ്രബോധനവുമായി വന്നെത്തിയവരുടെ സ്വാധീനവും ആ നാടുകളിലെ സംസ്‌കാരത്തിന് കൂടുതല്‍ ഇണങ്ങിയതും എന്ന പരിഗണന വച്ചാണ് ആ നാട്ടില്‍ ഒരു മദ്ഹബ് വ്യാപിക്കല്‍. ഉദാഹരണമായി ഇങ്ങ് കേരളത്തില്‍ സ്വാധീനം നേടിയ പ്രബോധകരും പണ്ഡിതരും ശാഫിഈ മദ്ഹബുകാരായിരുന്നു. അതിനാല്‍ ഇവിടെ ആ മദ്ഹബ് വ്യാപകമായി.
നാലു മദ്ഹബും ഉണ്ടാകുന്നതു കൊണ്ട് ഇസ്‌ലാമിന്റെ മാനവിക മുഖം കൂടുതല്‍ തിളങ്ങുകയും പ്രകടമാകുകയുമാണു ചെയ്യുക. വിവിധ രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലുമുള്ളവര്‍ക്ക് അവരവരുടെ നാടിന്റെ സംസ്‌കാരത്തിനും സമ്പ്രദായത്തിനും ഇണങ്ങുന്നത് തിരഞ്ഞെടുക്കാനും അനുകരിക്കാനും സൗകര്യപ്പെടുന്നത് എത്ര വലിയ അനുഗ്രഹമാണ്! ഉദാഹരണമായി മുഖത്തെ താടിയും മീശയും സമൃദ്ധമായി വളര്‍ത്താന്‍ താല്‍പര്യമുള്ളവരും വെട്ടി മൊഞ്ചാക്കാന്‍ ഇഷ്ടപ്പെടുന്നവരും ജനങ്ങളിലുണ്ടാകുമല്ലോ. അറബികളും യൂറോപ്യരും ഇക്കാര്യത്തില്‍ വ്യത്യസ്ത സംസ്‌കാരക്കാരുമാകും. നബി(സ) തങ്ങളുടെ ജീവിതരീതി എന്തായിരുന്നുവെന്നു സ്ഥിരപ്പെട്ടാല്‍ അതു തന്നെ അനുകരിക്കല്‍ ഇസ്‌ലാമില്‍ നിര്‍ബ്ബന്ധമാണെന്നു വരുകില്‍ അറബികളല്ലാത്തവര്‍ക്ക് ഇതു മന:പ്രയാസം സൃഷ്ടിക്കില്ലേ? ഇവിടെ മദ്ഹബുകളിലെ വ്യത്യസ്ത അഭിപ്രായങ്ങളാണ് അനുഗ്രഹമാകുന്നത്. നബി(സ)യുടെ ജീവിത രീതി തന്നെ പകര്‍ത്തല്‍ ഇവിടെ നിര്‍ബ്ബന്ധമില്ലെന്നും അതിന്റെ ന്യായം ഇന്നതാണെന്നും വ്യക്തമാക്കിത്തരുന്നത് മദ്ഹബുകളാണ്. താടി-മീശകളുടെ കാര്യത്തില്‍ വെട്ടല്‍, വടിക്കല്‍, ഒപ്പിക്കല്‍, നീട്ടല്‍ എന്നിവയുടെയെല്ലാം വിധി എന്താണെന്ന് വേര്‍ തിരിച്ചു വ്യക്തമാക്കിത്തരുന്നതും മദ്ഹബുകള്‍ തന്നെ. ഇങ്ങനെ എല്ലാ വിഷയത്തിലും മദ്ഹബുകളാണ് വിഷയത്തിലെ കുരുക്കുകള്‍ അഴിച്ചു വിശദീകരിക്കുന്നത്. അതിനാല്‍, ഇസ്‌ലാമിനെ മുഖം കെടുത്തുകയല്ല മദ്ഹബുകള്‍, മിനുക്കുകയാണ് ചെയ്യുന്നതെന്നു മനസ്സിലാക്കാം.
നാലു മദ്ഹബുകളില്‍ ഏതൊരു മദ്ഹബും തിരഞ്ഞെടുത്തു സ്വീകരിക്കാമെന്ന പോലെ ഒരു മദ്ഹബില്‍ നിലകൊള്ളുന്നയാള്‍ മറ്റൊരു മദ്ഹബിലേക്ക് പൂര്‍ണ്ണമായി മാറുന്നതിനും ഭാഗികമായി മാറുന്നതിനും വിരോധമില്ല. പക്ഷേ, ഇഷ്ടമുള്ള മദ്ഹബുകളില്‍ നിന്ന് ഇഷ്ടമുള്ളത് മാത്രമെടുത്ത് മദ്ഹബുകള്‍ കൂട്ടിക്കുഴക്കാവതല്ല. ഇതിനു ‘തല്‍ഫീഖ്’ എന്നാണു പറയുക. ഇതു നിഷിദ്ധമാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ മാത്രം താല്‍കാലികമായി മറ്റൊരു മദ്ഹബ് സ്വീകരിക്കുമ്പോളും ഈ കൂട്ടിക്കുഴക്കല്‍ സംഭവിക്കുന്നത് സൂക്ഷിക്കേണ്ടതാണ്. അതായത്, ഒരേ കര്‍മ്മത്തിന്റെ ഒരു ഭാഗം ഒരു മദ്ഹബനുസരിച്ചും മറ്റൊരു ഭാഗം വേറൊരു മദ്ഹബനുസരിച്ചും പ്രവര്‍ത്തിക്കുമ്പോള്‍ രണ്ടു മദ്ഹബിലുമില്ലാത്ത ഒരു നിലപാടു സ്വീകരിക്കുന്ന വിഷയം വരും. ഉദാഹരണമായി ഒരേ ളുഹ്ര്‍ നമസ്‌കാരത്തില്‍ റുകൂഅ് ഒരു മദ്ഹബനുസരിച്ചും സുജൂദ് മറ്റൊരു മദ്ഹബു പ്രകാരവും പരിഗണിക്കുക. ഇതു രണ്ടു മദ്ഹബിലും പരിഗണിക്കപ്പെടാത്ത ഒരു രൂപമാകുമല്ലോ. അതുപോലെ തന്നെ ഒരേ നമസ്‌കാരത്തില്‍ അതിന്റെ നിബന്ധനയായ വുളൂഇല്‍ ശാഫിഈ മദ്ഹബും നജസിന്റെ കാര്യത്തില്‍ മാലികീ മദ്ഹബും അനുകരിക്കുന്നതും ഇതേ പ്രശ്‌നത്തിനും വഴി വയ്ക്കും. അതായത് രണ്ടു മദ്ഹബും അംഗീകരിക്കാത്ത നമസ്‌കാരമായി ആ നമസ്‌കാരം മാറും. ചുരുക്കത്തില്‍ ഇച്ഛാനുസരണം മാറിക്കളിച്ചാല്‍ ഇബാദത്തുകളും കര്‍മ്മങ്ങളും സ്വീകാര്യമല്ലാതാകുന്ന പ്രശ്‌നമുണ്ടാകും. ഇതില്ലാതെ നിയമ വിധേയമായി നാലു മദ്ഹബുകള്‍ സ്വീകരിക്കുന്നതിനു കുഴപ്പമില്ലെന്നാണു നമ്മുടെ മദ്ഹബിന്റെ നിയമം. നാലിനെയും സത്യമായി കാണുന്നതിന്റെ ഭാഗമാണിത്.
മദ്ഹബിന്നകത്ത് ഒരു ചിന്തയും ഗവേഷണവും അനുവദിക്കുന്നില്ല, നടക്കുന്നില്ല എന്ന ആരോപണം ശരിയല്ല. ഇമാമുകള്‍ വ്യക്തമാക്കിയ വിധികളും മൊഴികളും നടക്കുന്ന സംഭവങ്ങളിലേക്ക് ബാധകമാകുന്നതിന് ചിന്തയും മനനവും ഇന്നും അത്യാവശ്യമാണ്. ഇങ്ങനെയാണ് പുതിയ സംഭവങ്ങളിലും ആധുനിക പ്രശ്‌നങ്ങളിലുമെല്ലാം മദ്ഹബിന്റെ അടിസ്ഥാനത്തില്‍ ഫത്‌വകള്‍ ഉണ്ടാകുന്നത്. അത് ഇന്നും ഉണ്ടല്ലോ. ആധുനിക മസ്അലകള്‍ ഫിഖ്ഹ് കിതാബുകളുടെ ഇബാറത്തുകളില്‍ നിന്ന് മനസ്സിലാക്കിയെടുക്കുന്നതിനും മനസ്സിലാക്കിക്കൊടുക്കുന്നതിനും ബഹ്‌സ് എന്നു പറയുകയില്ല. മദ്ഹബിന്റെ ഉദ്ധാരകരുടെയും ഇമാമുകളുടെയും മൊഴികളില്‍ നിന്ന് പിടിച്ചെടുത്ത് ആധികാരികമായി അഭിപ്രായപ്പെടുന്നതാണ് ബഹ്‌സ്. ഇമാം സര്‍ക്കശീ ബഹ്‌സ് ചെയ്തു, അസ്‌നവിയുടെ ബഹ്‌സ് എന്നെല്ലാം പറയുന്നത് ഈ വിധത്തിലുള്ളതാണ്. അതിനര്‍ഹതയുള്ളവര്‍ക്ക് ഇന്നും അതാകാം. പക്ഷേ, അതിനു സാധ്യതയില്ലെന്നാണു പില്‍കാല ഇമാമുകളുടെ മൊഴികളില്‍ നിന്നു മനസ്സിലാകുന്നത്. ഫിഖ്ഹിന്റെ കിതാബുകളില്‍ നിന്നു ഫിഖ്ഹ് ചെയ്യുക എന്നതാണ് ഇന്നത്തെ പണ്ഡിത ദൗത്യം. ഇജ്തിഹാദിന്റെ- ഇസ്തിംബാത്തിന്റെ- ഖിയാസിന്റെ ഒരു ഇനത്തിലും പെട്ടതല്ല. ഫുഖഹാഇന്റെ ഇബാറത്തുകളിലും അതിന്റെ ചുരുളുകളിലും ഒളിഞ്ഞു കിടക്കുന്ന ആശയങ്ങളും ചിന്തകളും ഗ്രഹിച്ചെടുക്കുക, അതിന്റെ വ്യാപ്തിയില്‍ വരുന്ന കാര്യങ്ങള്‍ കൂലങ്കശമായി വായിച്ചെടുക്കുക എന്നിവകള്‍ക്കാണ് ഇന്നു ചിന്തയും മനനവും ആവശ്യമായി വരുന്നത്.
ബിദ്അത്തുകാരുടെ അഭിപ്രായാന്തരം മദ്ഹബുകളിലെ അന്തരം പോലെയല്ല. വിശ്വാസപരമായ കാര്യങ്ങളിലാണ് അവരുടെ തര്‍ക്കം. ഉമ്മത്ത് ഏക കണ്ഠമായി അംഗീകരിച്ചു വരുന്ന കാര്യങ്ങളാണ് വിശ്വസിക്കല്‍ നിര്‍ബന്ധമായ അഖീദ. ഇതില്‍ ഭിന്നിപ്പും അഭിപ്രായ വ്യത്യാസവും അനുവദിക്കപ്പെട്ടതല്ല. അതിനു വഴി വയ്ക്കുന്ന ഇജ്തിഹാദിന് ഈ കാര്യങ്ങളില്‍ വകുപ്പില്ല. ഇജമാഅ് എന്നത് ഖത്ഈയായ-ഖണ്ഡിത പ്രമാണമാണ്. ഇതുള്ള വിഷയങ്ങളിലെ നിരാകരണവും വിഘടിച്ചു നില്‍ക്കലും കുറ്റകരമായ ബിദ്അത്താണ്. ഇതാണ് ബിദ്അത്തുകാരുടെ ഭിന്നിപ്പ്. എന്നാല്‍ മദ്ഹബീ കാര്യങ്ങളിലും അവര്‍ ഇടപെടുന്നുണ്ട്. അതായത് മ്ഹബുകളില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളും അവര്‍ തങ്ങളുടെ വീക്ഷണമായി ഖുര്‍ആനും ഹദീസും വച്ച് അവതരിപ്പിക്കുന്നുണ്ട്. ഖുനൂത്ത്, മൗലിദ് പോലുള്ള കാര്യങ്ങള്‍ ഇത്തരം ശാഖാപരമായ വിഷയങ്ങളാണ്. ഇതിന്റെ പേരിലല്ല ബിദ്അത്തുകാരെ നാം നേരിടുന്നത്. മുസ്‌ലിം ഉമ്മത്തിനു മൊത്തം പിഴവു സംഭവിച്ചതായി അവര്‍ ആരോപിക്കുന്നു. ഈ വിഷയത്തിലാണ് അവരോടുള്ള നമ്മുടെ എതിര്‍പ്പ്. ചുരുക്കത്തില്‍ ശര്‍അ് ഭിന്നതക്ക് അനുമതി നല്‍കാത്ത വിഷയത്തിലാണ് അവരുടെ ഭിന്നത. ശിര്‍ക്കാരോപണവും ബിദ്അത്താരോപണവുമാണ് അവരുടെ രീതി. ഇതു മദ്ഹബുകാര്‍ തമ്മിലുള്ള ശാഖാ പരമായ ഭിന്നത പോലെ നിസ്സാരമല്ല. അടിസ്ഥാനപരമായ ഭിന്നതയാണ്.