No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

ചരിത്രമെഴുത്തിലെ വർത്തമാന മാറ്റങ്ങളും ആശങ്കകളും

ചരിത്രമെഴുത്തിലെ വർത്തമാന മാറ്റങ്ങളും ആശങ്കകളും
in Interview
August 17, 2019
രിള്‌വാൻ അദനി

രിള്‌വാൻ അദനി

കേരളത്തിന്റെ ഇഷ്ട ചരിത്രക്കാരന്‍, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍, നിലപാടുകളുടെ അതികായന്‍ കേരളത്തിന്റെ സ്വന്തം ഡോ.കെ.കെ.എന്‍ കുറുപ്പിന് എണ്‍പത് പിന്നിട്ടിരിക്കുന്നു. ജീവിതത്തിന്റെ ഈ അസുലഭ സന്ധിയില്‍ മഅ്ദിന്‍ അക്കാദമിയ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജനറല്‍ കൂടിയായ കുറുപ്പ് സാറുമായി നടത്തിയ അഭിമുഖം. ചരിത്രമെഴുത്തിലെ വര്‍ത്തമാന മാറ്റങ്ങളും ആശങ്കകളും തന്റെ പ്രവര്‍ത്തന പദ്ധതികളും വിശദമാക്കുന്ന ഉള്ളുതുറക്കല്‍...

Share on FacebookShare on TwitterShare on WhatsApp

മലപ്പുറത്ത് നിന്ന് പുറപ്പെട്ടാല്‍ കോഴിക്കോട് എത്തുന്നതിന് മുമ്പ് കുതിരവട്ടത്തേക്ക് തിരിയുന്ന റോഡിലേക്കു പ്രവേശിച്ചാല്‍ ഇടതു ഭാഗത്തായിട്ടൊരു ഫ്‌ളാറ്റുകാണാം. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ.കെ.കെ.എന്‍ കുറുപ്പുമായി ഒരു അഭിമുഖം നടത്തണം എന്ന ഉദ്ദേശ്യത്തോടെയാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സുഹൃത്ത് ലിബിനേയും കൂട്ടി സാറിന്റെ ഫ്‌ളാറ്റിലേക്ക് വെച്ചു പിടിച്ചത്. സെക്യൂരിറ്റിയോട് ചോദിച്ചു: ”കുറുപ്പു സാര്‍ ഇവിടെ തന്നെയല്ലേ താമസം”. അതെ, നിങ്ങള്‍ നേരെ കയറില്‍ രണ്ടാമത്തെ ഫ്‌ളാറ്റില്‍ ബി.ടുവിലുണ്ടാവും സാറ്, ആ ഫ്‌ളാറ്റിന്റെ ഡോറ് ക്ലോസ് ചെയ്യാറില്ല. ഗൗരവ മുഖഭാവമുള്ള സെക്യൂരിറ്റി മുഖത്ത് ചിരി വിടര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് മറുപടി നല്‍കി. പറഞ്ഞു തന്ന ഫ്‌ളാറ്റിന്റെ മുമ്പിലെത്തിയപ്പോള്‍ അതാ…ഫ്‌ളാറ്റിന്റെ വാതിലുകള്‍ അടക്കപ്പെട്ടിരിക്കുന്നു!. ഞങ്ങള്‍ രണ്ടു പേരും പരസ്പരം മുഖത്തോടു മുഖം നോക്കി. എന്നാല്‍ ഞങ്ങളുടെ ഭാഗ്യത്തിനെന്നോണം തൊട്ടിപ്പുറത്തുള്ള ഫ്‌ളാറ്റിന്റെ ഡോര്‍ മലര്‍ക്കെ തുറന്ന് കിടന്നിരുന്നു. അല്‍പ്പം മടിയോടെയാണെങ്കിലും ആ ഫ്‌ളാറ്റിന്റെ സോഫയിലിരുന്ന് ടി.വിയുടെ റിമോട്ടിലമര്‍ത്തി കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനെ നോക്കി ഞങ്ങളൊന്നുറക്കെ തൊണ്ടയനക്കി. അയാള്‍ പെട്ടെന്ന് തിരിഞ്ഞു നോക്കി. എന്തു വേണമെന്ന് ആ മുഖം ഞങ്ങളോട് ചോദിച്ചു. ”ഈ കെ.കെ.എന്‍ കുറുപ്പിന്റെ ഫ്‌ളാറ്റ്….?” ഞാന്‍ നെറ്റി ചുളിച്ചു കൊണ്ട് സംശയരൂപേണ ചോദിച്ചു. ”ദാ, ആ കാണുന്ന ഡോറ് തന്നെയാണ്.” ഞങ്ങളുടെ മുമ്പില്‍ കാണുന്ന ഡോറിന് നേരെ അയാള്‍ കൈ ചൂണ്ടി കാണിച്ചു. സാധാരണ അടക്കപ്പെടാറില്ലാത്ത ആ ഡോറിന് മുമ്പില്‍ പോയി ഞങ്ങള്‍ കോളിങ് ബെല്ലമര്‍ത്തി. അല്‍പ്പസയത്തെ കാത്തിരിപ്പിന് ശേഷം മാലിനി ടീച്ചര്‍ ഡോറു തുറന്നു. ഡോറിന് തൊട്ടു പിറകിലിട്ട സോഫയിലിരിക്കുന്ന കുറുപ്പ് സാറ് ഞങ്ങളെ കണ്ടതും: ”ദാ, നമ്മുടെ തങ്ങളുടെ കുട്ടികള്‍ വന്നിരിക്കുന്നു! നിങ്ങള്‍ക്ക് ആ ഡോറ് തള്ളി തുറന്നൂടായിരുന്നോ..? എന്ന് അദ്ദേഹം പരിഭവം പോലെ ചോദിച്ചു. ഭാര്യയും ഭര്‍ത്താവും കൂടി ടി.വിയില്‍ എന്തോ പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഉയര്‍ന്ന ശബ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന ടി.വിയിലേക്ക് നോക്കി കൊണ്ട് സാറ് മാലിനി ടീച്ചറോട് ചിരിച്ചു ചോദിച്ചു: ”നിനക്ക് അത് ഓഫാക്കുന്നതില്‍ പ്രയാസമുണ്ടെങ്കില്‍ ഞങ്ങള്‍ പുറത്ത് പോയിരിക്കാം”. ടീച്ചര്‍ കുറുപ്പ് സാറെ ഒന്നിരുത്തി നോക്കി. ടി.വിയുടെ പവര്‍ ബട്ടണ്‍ ഞെങ്ങി. ടി.വി ഗ്ലും ശബ്ദത്തോടെ കണ്ണടച്ചു.
എന്താണ് നിങ്ങള്‍ക്കറിയേണ്ടത് ? ഒരൗദ്യോഗിക ഇന്റര്‍വ്യൂവിന് വേണ്ടി കുറിച്ച ചോദ്യങ്ങള്‍ ബാഗില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സാറ് എന്റെ മുഖത്ത് നോക്കി ചോദിച്ചു. നിങ്ങളെ കുറിച്ചുള്ള എല്ലാം അറിയണം. നോട്ട് ബുക്കില്‍ തയ്യാറാക്കി വെച്ചിരുന്ന ചോദ്യങ്ങള്‍ തത്രപാടില്‍ തപ്പുന്നതിനിടയില്‍ ഞാന്‍ പറഞ്ഞൊപ്പിച്ചു. അത് ഞാന്‍ പലസ്ഥലങ്ങളിലും പറയുകയും എഴുതുകയും എല്ലാ ചെയ്തിട്ടുണ്ടല്ലോ? അത് വായിച്ചെടുത്താല്‍ പോരെ? സാറ് ചിരിച്ചു കൊണ്ട് ചോദിച്ചു.

ശരി സാര്‍, അത് ഞങ്ങള്‍ അവിടെ നിന്നെടുത്തോളം എന്ന് തമാശ രൂപേണ പറഞ്ഞു ചോദ്യത്തിലേക്ക് പ്രവേശിച്ചു.

സാര്‍ കഴിഞ്ഞ ദിവസം സാറിന്റെ ഒരഭിമുഖത്തില്‍ വായിച്ചു, ശ്രീ നാരയണ ഗുരുവിനെയും മറ്റു നേതാക്കളെയും പോലുള്ളവര്‍ മാത്രമല്ല ഇവിടെ നവോത്ഥാനം സാധ്യമാക്കിയത്. സാധാരണക്കാരായ, അറിയപ്പെടാതെ പോയ പലരും നവോത്ഥാനത്തില്‍ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. തുടര്‍ന്ന് താങ്കള്‍ പറഞ്ഞു; അതിലൊരാളാണ് എന്റെ അമ്മ ജാനകിയെന്ന്. എങ്ങനെയാണ് അമ്മ നവോത്ഥാനത്തിന്റെ ഭാഗമാകുന്നത്?

അതെ, ശ്രീ നാരയണ ഗുരുവും മറ്റു നേതാക്കളും മാത്രമാണ് നവോത്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചത് എന്ന തരത്തിലുള്ള വാദങ്ങളെല്ലാം തെറ്റാണ്. നവോത്ഥാനം വരുന്നത്; ഓരോ ആളുകളും തങ്ങളുടെ ചുറ്റുപാടുകളെ കണ്ടു സംഗതി മനസ്സിലാക്കി. എന്നിട്ട് അവരുടേതായ സംഭാവനകള്‍ നല്‍കി. കുട്ടികളുണ്ടായല്‍ നമ്പൂതിരിയുടെ അടുത്ത് നിന്ന് ചിലവിന് കിട്ടൂല എന്ന് സ്ത്രീകള്‍ മനസ്സിലാക്കി. കാരണം നമ്പൂതിരിയുടെ കൈവശം ചിലവിന് നല്‍കാനുണ്ടായിരുന്നില്ല. അതുകൊണ്ട് സ്ത്രീകള്‍ നമ്പൂതിരിയുടെ സംമ്പന്ധം പറ്റൂല നായന്മാരെ പറ്റൂ എന്ന് വാശിപിടിച്ചു. പിന്നെ തീയ്യന്മാരുടെ അടുത്തേക്ക് പോകാനും പറ്റില്ലല്ലോ. അങ്ങനെ നായര്‍ സ്ത്രീകള്‍ നവോത്ഥാനത്തിലേക്ക് വന്നു. നമ്പൂതിരി സ്ത്രീകള്‍ പറഞ്ഞു ഞങ്ങള്‍ വയസ്സന്‍മാരുടെ കൂടെ പോകൂല ചെറുപ്പക്കാരുടെ കൂടെ പോകൂ എന്ന്. ഇങ്ങനെ രണ്ട് ദിക്കിലും നവോത്ഥാനം ഉടലെടുത്തു. ഇതിന് ഇന്‍സിത്തു എന്നാണ് പറയുക. അഥവ സ്ഥലത്ത് വെച്ചിട്ട് തന്നെ നവോത്ഥാനം ഉണ്ടാവുക. അവരെ ഇനി മറ്റുള്ളവര്‍ പ്രേരിപ്പിക്കുകയൊന്നും വേണ്ട. അവരുടെ ഉള്ളില്‍ തന്നെ രൂപപ്പെടുന്ന നവോത്ഥാനമാണത്. അതല്ലാതെ നവോത്ഥാനം എന്നാല്‍ മറ്റൊരാള്‍ പറഞ്ഞുണ്ടാക്കുന്നതൊന്നുമല്ല. എന്നാല്‍ നാരായണ ഗുരു ഇതിനൊരു ലീഡര്‍ ഷിപ്പ് കൊടുത്തു എന്നുമാത്രം. അദ്ദേഹത്തിലൂടെയാണ് ഇത് ശ്രദ്ധിക്കപ്പെടാനും ഇതിന് അംഗീകാരം കിട്ടാനുമെല്ലാം കാരണമായതെന്നു മാത്രം. ഏതുപോലെയെന്നു വെച്ചാല്‍ ഇപ്പോള്‍ നമ്മുടെ തങ്ങളെല്ലാം(സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി) ചെയ്യുന്ന പോലെ വിദ്യാഭ്യാസ മുന്നേറ്റ പ്രവര്‍ത്തനങ്ങള്‍. ഇവിടെ വിദ്യാഭ്യാസം ജനങ്ങള്‍ക്ക് വേണമെന്ന് അവര്‍ക്കറിയാം. വിദ്യാഭ്യാസം അവര്‍ക്ക് ആവശ്യമില്ലാത്ത വിഷയമായിരുന്നെങ്കില്‍ തങ്ങള് പറഞ്ഞാലും അവര്‍ വരുമായിരുന്നില്ല. എന്നാല്‍ തങ്ങള്‍ അതിന് നേതൃത്വം നല്‍കിയപ്പോള്‍ അതിന് അംഗീകരം ലഭിച്ചു. ഇതുപോലെ തന്നെയാണ് നാരായണ ഗുരുവും ചെയ്തത്.

ചരിത്രം വളച്ചോടിക്കപ്പെടുന്നു എന്നാണ് പരക്കെ പറയപ്പെടുന്നത്..സാറിന്റെ പക്ഷം.?

ചരിത്രം പച്ചയായി വളച്ചൊടിക്കപ്പെടുന്നുണ്ട്. ചരിത്രം വളച്ചൊടിക്കുക എന്നാല്‍ അത് ഭയങ്കരമായ തെറ്റാണ്. ചരിത്രം ഒരു ജനതയുടെ സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക പരിപ്രേക്ഷ്യമാണ്. അതിനെ വളച്ചൊടിക്കുക എന്നാല്‍ എത്രമാരകമായ പാതകമാണ്. ചരിത്രകാരനെ ജനങ്ങള്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്? ചരിത്രകാരന്‍ കള്ളത്തരം പറയില്ലാ എന്ന അവരുടെ വിശ്വാസമാണ്. കാണാത്ത രേഖ കണ്ടുവെന്ന് ഒരു ചരിത്രക്കാരന്‍ പറഞ്ഞാല്‍ ജനങ്ങളെന്തു ചെയ്യും! ഉദാഹരണമായി ആലി മുസ്‌ലിയാര്‍ ജയിലില്‍ നിന്ന് ഓടിപ്പോയിട്ടുണ്ട് എന്ന് ഞാനൊരു രേഖയില്‍ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞാല്‍ ജനങ്ങളെന്തു ചെയ്യും! അത് ചരിത്രത്തോട് ചെയ്യുന്ന കള്ളത്തരമല്ലേ? അതു കൊണ്ട് ചരിത്രകാരന്‍ ഒരിക്കലും കാണാത്ത കാര്യങ്ങള്‍ പറയരുത്. അതുപോലെ കള്ളത്തരമായി വ്യാഖ്യാനിക്കരുത്. ഇതിനെല്ലാം ഒരു മെത്തഡോളജിയുണ്ട്. ഇന്റേണല്‍ ക്രിട്ടിസിസം, എക്‌സ്‌റ്റേണല്‍ ക്രിട്ടിസിസം തുടങ്ങിയതെല്ലാം. അങ്ങനെയാണ് രേഖകള്‍ വ്യാഖ്യാനിക്കേണ്ടത്. ഈ രേഖ എഴുതിയവന് വല്ല ഉദ്ദേശ്യവുമുണ്ടോ? എന്തിനിവനിതെഴുതി? ആരെക്കൊണ്ട് എഴുതിച്ചു തുടങ്ങിയതെല്ലാം ഇന്റേണല്‍ ക്രിട്ടിസിസമാണ്. അപ്പോള്‍ രേഖകള്‍ വിലയിരുത്തിക്കൊണ്ട് ചരിത്രത്തെ വ്യക്തിയധിഷ്ടിതമാക്കരുത്. ചരിത്രം ഒബ്ജക്റ്റീവായിരിക്കണം. അഥവാ വസ്തുനിഷ്ഠാപരമായിരിക്കണം. ഇന്ന് ഇന്ത്യയില്‍ ആര്‍.എസ്.എസുക്കാര്‍ നടത്തുന്നത് ചരിത്രത്തെ കഴിയുന്നത്ര വളച്ചൊടിക്കുക എന്നതാണ്. ഇത് തീര്‍ത്തും രാഷ്ട്രീയമായ ഉദ്ദേശ്യത്തോട് കൂടി മാത്രമാണ്. താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന് പറയേണ്ടതിന്റെ ആവശ്യമെന്താണ്?! അവിടെ ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് യാതൊരു വിധ തെളിവുമില്ല. ഒരു രാജാവ് തന്റെ ഭാര്യക്ക് വേണ്ടി അത്രയും കൂടുതല്‍ പണം ചിലവഴിച്ച് ശവകൂടീരമുണ്ടാക്കുമ്പോള്‍ അതൊരു ക്ഷേത്രത്തിന്റെ മുകളിലായി അദ്ദേഹം ഉണ്ടാക്കാന്‍ യാതൊരുവിധ സാധ്യതയുമില്ല. അല്ലെങ്കില്‍ ആ നാട്ടില്‍ ശവകുടീരമുണ്ടാക്കാനുള്ള സ്ഥലമില്ലാതിരിക്കണം. അതിനാണങ്കില്‍ നിരവധി സ്ഥലമുണ്ട് താനും. ഇനി താജ്മഹലിന് വേണ്ടി ഏതെങ്കിലും പൊളിഞ്ഞു കിടക്കുന്ന ക്ഷേത്രത്തിന്റെ കല്ലുകളോ മറ്റൊ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അതല്ലാതെ ആ സ്ഥലത്ത് ക്ഷേത്രമുണ്ടായിരുന്നു എന്നതിന് തെളിവും യുക്തിയും സമ്മതിക്കുന്നില്ല. ഒരു സ്ഥലത്ത് നിന്ന ആളുകള്‍ ഒഴിഞ്ഞു പോകുമ്പോള്‍ അത് അടുത്ത വിഭാഗം ഏറ്റെടുക്കും എന്നതാണ് വസ്തുത. ഉദഹരണമായി വയനാട്ടിലെ ഭഗവതി ക്ഷേത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭഗവതി ക്ഷേത്രങ്ങളായിരുന്നില്ല. അത് ജൈനന്മാരുടെ ക്ഷേത്രങ്ങളായിരുന്നു. അവര് ഇവിടെ നിന്ന് പോയപ്പോള്‍ അത് ഭഗവതി ക്ഷേത്രമായി രൂപാന്തരപ്പെട്ടു. ഇത് ചരിത്രത്തല്‍ എപ്പോഴും നടക്കുന്നതാണ്. ഒരു പള്ളി ഒരു വിഭാഗം ഉപേക്ഷിച്ചിട്ട് പോയാല്‍ പില്‍ക്കാലഘട്ടത്തില്‍ അത് മറ്റേതെങ്കിലും ദേവാലയങ്ങളായി വരാം. ഇതുപോലെ തന്നെ മറ്റു ദേവാലയങ്ങള്‍ പള്ളിയായിട്ടും വരാം. അതൊരു സാമൂഹിക പ്രക്രിയയാണ്. അതിനെ ഒന്നു പൊളിച്ച് മറ്റൊന്ന് ഉണ്ടാക്കി എന്നൊന്നും പറയാന്‍ പറ്റില്ല.

ഹിന്ദു മതം ഇവിടെയുണ്ട്. ഹിന്ദു തത്വങ്ങള്‍ ഇവിടെയുണ്ട്. വേദങ്ങള്‍ ഇവിടെയുണ്ട് പക്ഷെ ഹിന്ദു രാഷ്ട്രം എന്ന് പറയാന്‍ പറ്റൂല. പാകിസ്ഥാന്‍ ഇസ്‌ലാമിക രാജ്യമായി വരുമ്പോള്‍ തന്നെ ഇത് ഹിന്ദു രാഷ്ട്രമാക്കമായിരുന്നല്ലോ? എന്നിട്ടും എന്തു കൊണ്ട് ആക്കിയില്ല. അത് ശരിയല്ലായെന്നത് കൊണ്ടും എല്ലാ മതസ്ഥരും അടങ്ങിയ ഒരു രാജ്യമാണ് ഇതെന്നുള്ളതു കൊണ്ടുമാണ് മതേതര രാജ്യമായി ഇന്ത്യയെ നിലനിര്‍ത്താന്‍ വേണ്ടിയിട്ടാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവടക്കമുള്ള പണ്ഡിതന്മാര്‍ മുഴുവന്‍ പ്രവര്‍ത്തിച്ചത്. എന്നിട്ട് ഇന്ന് ഈ രാജ്യം ഹിന്ദുരാജ്യമാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പിന്നെ ഹിന്ദു മതത്തിലേക്ക് പോകാന്‍ നമുക്ക് സാധിക്കില്ല. കാരണം ഹിന്ദുമതത്തിന് ഓരോ ഘട്ടത്തിലും പരിവര്‍ത്തനമുണ്ടായിട്ടുണ്ട്. അനേകം പരിവര്‍ത്തനത്തിലൂടെയാണ് ഇന്ന് കാണുന്ന ഹിന്ദു മതത്തിലെത്തി നില്‍ക്കുന്നത്. ഉദാഹരണത്തിന് ആദ്യ കാലങ്ങളില്‍ ഹിന്ദുമതത്തില്‍ യാഗങ്ങളുണ്ടായിരുന്നു. പശുക്കളെയും ആടുമാടുകളെയും കൊന്നിട്ടായിരുന്നു ഈ യാഗങ്ങള്‍. ഈ യാഗത്തിനെതിരെയാണ് ബുദ്ധന്‍ രംഗത്തുവന്നത്. അങ്ങനെ ആ യാഗങ്ങള്‍ നിറുത്തിയിട്ടാണ് പിന്നീട് ക്ഷേത്ര സംസ്‌കാങ്ങളും ബിംബാരാധനയുമെല്ലാം വന്നത്. എന്നാല്‍ ഇന്ന് വന്നിട്ട് ഈ ബിംബാരാധനയെല്ലാം നിറുത്തിയിട്ട് യാഗത്തിലേക്ക് തന്നെ തിരിച്ചു പോകണം എന്നു പറഞാല്‍ പോകാന്‍ സാധിക്കുമോ? ഇല്ല. ഇങ്ങനെ തിരിച്ചു കൊണ്ടു പോകാനുള്ള ഒരു ശ്രമം 1975ല്‍ ആര്യസമാജം ചെയ്തിരുന്നു. വേദങ്ങളിലേക്ക മടങ്ങുക എന്നതായിരുന്നു അവരുടെ മുദ്രാവാക്യം.

എന്നാല്‍ പുതിയ കാലത്ത് ആളുകള്‍ക്ക് വേദങ്ങളിലേക്ക് മടങ്ങാന്‍ സാധിക്കില്ല. കാരണം ജനങ്ങള്‍ പഠിച്ചു അതില്‍ നിന്നു മറ്റു മേഖലകളിലേക്ക് തിരിഞ്ഞിരിക്കുന്നു. ഇനിയും അവരോട് വേദങ്ങളിലേക്ക് പോകണം എന്നു പറഞ്ഞാല്‍ സാധിക്കില്ല. ഗാന്ധിജി ഇത്തരം ആളുകളെ പറ്റി പറഞ്ഞത് ലിബറല്‍ ഓര്‍ത്തഡോക്‌സ് എന്നാണ്. ലിബറലിസവും ഓര്‍ത്തഡോക്‌സും ഒന്നിച്ച് നില്‍ക്കൂല. ആര്യ സമാജക്കാരെ ലിബറല്‍ എന്നു പറയാനുള്ള കാരണം; സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം കൊടുക്കണം വിദ്യാഭ്യാസം സാര്‍വത്രികമാക്കണം ഇതെല്ലാം അവര്‍ പറയുന്നത് ലിബറല്‍ ആശയമാണ്. എന്നാല്‍ ഇവരുടെ ഓര്‍ത്തഡോക്‌സ് ആശയം വേദങ്ങളിലേക്ക് മടങ്ങണം എന്നുള്ളതാണ്. ഇങ്ങനെ കോണ്‍ഡ്രഡിക്റ്ററി സ്വഭാവം കാണിച്ചതുകൊണ്ടാണ് ആര്യ സമാജത്തിന് കൂടുതല്‍ വേരൂന്നാന്‍ കഴിയാതെ പോയത്. ഒരു മതത്തിനും പ്രാധാന്യം കൊടുക്കാതെ ഇന്ത്യ എല്ലാവരുടേതുമായും നിലനില്‍ക്കണം.

സിനിമയില്‍ ചരിത്രം വളച്ചൊടിക്കുന്നു എന്ന് ; പഴശി രാജ സിനിമയെ റഫറ് ചെയ്തു കൊണ്ട് സാറ് പറഞ്ഞതായി വായിച്ചു. സിനിമ ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ ഭഗമല്ലേ.?

സിനിമ ആവിഷ്‌ക്കാര സ്വാതന്ത്രത്തിന്റെ ഭാഗമാണ്. പക്ഷെ, അത് ചരിത്രത്തെ പൂര്‍ണ്ണമായും വളച്ചൊടിച്ചു കൊണ്ടാകരുത്. ടിപ്പുവിനെ കുറിച്ച് ഒരു സിനിമയിറക്കാന്‍ നിന്നപ്പോള്‍ ഗവണ്‍മെന്റ് അതിനെ ബാന്‍ ചെയ്തു. അന്ന് കോഴിക്കോട് നിന്നാണ് ആദ്യമായി അതൊരു ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്ന് പറഞ്ഞു കൊണ്ട് പ്രതിഷേധം ഉയര്‍ന്നത്. ചരിത്രം സിനിമയില്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, അത് വളച്ചൊടിച്ചു കൊണ്ടാവരുത്. പഴശ്ശിരാജയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്. പഴശ്ശിരാജയെ ജന്മിയായ നാട്ടുപ്രമാണിയുടെ രൂപത്തിലാണ് സിനിമയില്‍ ചിത്രീകരിച്ചത്. വീണ വായിക്കുന്ന, കുതിരപ്പുറത്ത് സഞ്ചരിക്കുന്ന, ഏറ്റുമുട്ടലില്‍ എതിരാളികളാല്‍ കൊല്ലപ്പെടുന്നയാളായാണ് സിനിമയില്‍ കാണിച്ചത്. എന്നാല്‍ പഴശ്ശിരാജയുടെ ചരിത്രം ഏറെ വിശദമായ ഗവേഷണം നടത്തിയാണ് ഞാന്‍ പുസ്തകമാക്കിയത്. എന്താണ് പഴശ്ശിരാജയുടെ രൂപം എന്ന ധാരണ കിട്ടാന്‍ ഞാന്‍ വളരെയേറെ ചരിത്രരേഖകള്‍ പഠിച്ചു.
അക്കാലത്ത് പഴശ്ശിയെ സന്ദര്‍ശിച്ച ഫ്രഞ്ച്കാരനായ ഒരു പ്രസിഡന്റിനെക്കുറിച്ചുള്ള രേഖകളില്‍ നിന്നാണ് പഴശ്ശിരാജയുടെ രൂപത്തെക്കുറിച്ച് എനിക്ക് വിവരം ലഭിച്ചത്. ഇംഗ്ലണ്ടിലാണ് ഈ രേഖകളുള്ളത്. പഴശ്ശിക്ക് 55 വയസ്സുള്ളപ്പോഴാണ് ആ കൂടിക്കാഴ്ച നടന്നത്. തലയില്‍ ചുവന്ന പുള്ളിയുള്ള കിരീടമാണ് അദ്ദേഹം ധരിച്ചിരുന്നത്. താടിയും മുടിയും നീട്ടിയ ഇരുനിറക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹം സിനമയിലെപ്പോലെ ഒരു ഫ്യൂഡല്‍ പ്രഭുവല്ല. നാട്ടുക്കാര്‍ക്കിടയില്‍ സാധാരണക്കാരനായി ജീവിച്ചയാളാണ്. ഉയരം തീരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ കുതിരപ്പുറത്ത് കയറാന്‍ അദ്ദേഹത്തിനു സാധിക്കില്ല. അദ്ദേഹത്തിനു കുതിരയും ഇല്ലായിരുന്നു. ഇനിയൊരു യുദ്ധം വന്നാല്‍ തന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ മരിക്കുമെന്നോര്‍ത്ത് പഴശ്ശി കരഞ്ഞത് രേഖകളില്‍ നിന്ന് വായിച്ചെടുത്തു. തന്റെ കയ്യിലെ തോക്കുകൊണ്ട് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു പഴശ്ശി.

ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ കടന്നു വരവും വളര്‍ച്ചയും?

ഇന്ത്യയില്‍ ഇസ്‌ലാം വളര്‍ന്നത് വാളുകൊണ്ടാണ് എന്നു പറയുന്നത് തീര്‍ത്തും തെറ്റാണ്. അങ്ങനെയാണെങ്കില്‍ ഒരിക്കലും ഇത്രയും ആളുകള്‍ ഇസ്‌ലാമിലേക്ക് ചേക്കറുകയില്ലായിരുന്നു. സൂഫിസമാണ് ഇന്ത്യയില്‍ ഇസ്‌ലാമിനെ വളര്‍ത്തിയ ഏറ്റവും വലിയ സംജ്ഞ. ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിനെ പോലെ നിസാമുദ്ധീന്‍ ഔലിയയെ പോലെയുള്ള രാജസ്ഥാനിലെ ഔലിയയെ പോലെയുള്ള ആയിരക്കണക്കിന് സൂഫികളിലൂടെ ജനങ്ങള്‍ ആത്മീയ അനുഭൂതി കരസ്ഥമാക്കിയാണ് ഇന്ത്യയില്‍ ഇസ്‌ലാം വളര്‍ന്നത്. ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളില്‍ നിന്ന് വന്ന സൂഫികളെ നമുക്ക് കാണാം. തുര്‍ക്കിയില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും വന്നവരും ഖാദിരിയ്യ , കലന്ത തുടങ്ങി നിരവധി ധാരകളും നമുക്ക് കാണാം. ഇതിനെ മുഴുവന്‍ നിഷേധിച്ചു കൊണ്ട് ഇസ്‌ലാം വാളുകൊണ്ട് വളര്‍ന്നതാണെന്നും ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് പറയുന്നതും ചരിത്ര പരമായ തെറ്റാണ്.
ഇന്ന് ഹിന്ദു-മുസ്‌ലിം വിഭജനം ഇവര്‍ നടത്തുന്നത്. രാഷ്ട്രീയമായ ലക്ഷ്യം വെച്ചു മാത്രമാണെന്നതില്‍ യാതൊരു സംശയവുമില്ല. ടിപ്പു സുല്‍ത്താനെ കുറിച്ച് അദ്ദേഹത്തെ ഹിന്ദു മത വിദ്വേശിയാണെന്ന് പറയുന്നു. എന്നാല്‍ ടിപ്പുവിന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തില്‍ തന്നെ ഹിന്ദുക്ഷേത്രമാണ്. അദ്ദേഹം ശ്രീരംഘപട്ട ക്ഷേത്രത്തിലേക്ക് മണിയും പൂജാപാത്രങ്ങളും എല്ലാം നല്‍കിയതിന് ചരിത്രത്തില്‍ തെളിവുണ്ട്. ശ്രിങ്കേരിയെ മറാത്തര് കൊള്ള ചെയ്തു. മറാത്തര് എന്നാല്‍ ഹിന്ദുമതവിശ്വാസികളാണ്. കൊള്ള ചെയ്തപ്പോള്‍ ടിപ്പു അദ്ദേഹത്തിനെയുതിയ കത്തുണ്ട്: സ്വാമി അങ്ങ് ഈ രാജ്യം വിട്ടു പോകരുത്. ഇവിടെ തന്നെ നില്‍ക്കണം. അങ്ങേക്ക് വേണ്ടം സംരക്ഷണ നല്‍കാം. എന്നിട്ട് അദ്ദേഹത്തിന് ടിപ്പു സ്വര്‍ണ്ണത്തിന്റെ പല്ലക്കും കൊടുത്തു വിട്ടു. ഇതിലെല്ലാം മതമെവിടായാണ്. എന്നാല്‍ ഇന്ന് മതമുപയോഗിക്കുന്നത് അധികാരത്തിന് വേണ്ടി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഇതിനു വേണ്ടിയിട്ട് ചരിത്രക്കാരന്മാരെ ഇവര്‍ ഉപയോഗപ്പെടുത്തുന്നു. ഇവിടെയാണ് ചരിത്രം തിരുത്തുന്നു, ചരിത്രം വളച്ചൊടിക്കുന്നു എന്നെല്ലാം നമ്മള്‍ പറയുന്നത്. ഇന്ത്യ പാകിസ്ഥാന്‍ വിഭജനത്തിന് മുസ്‌ലിം പണ്ഡിതന്മാരാണ് നേതൃത്വം നല്‍കിയത് എന്നത് തെറ്റായ പ്രചരണമാണ്. വിഭജന സമയത്ത് മൗലാന അബുല്‍ കലാം അസാദിനെ പോലെയുള്ള മുസ്‌ലിം പണ്ഡിതര്‍ ദയൂബന്ദ് സ്‌കൂളില്‍ പാര്‍ട്ടിഷന്‍ പാടില്ലായെന്നാണ് പറഞ്ഞത്. എന്നാല്‍ വിദ്യാഭ്യാസം നേടിയ ആളുകളാണ് വിഭജനത്തിന് വേണ്ടി മുറവിളി കൂട്ടിയത്. കാരണം ജോലി സാധ്യത കൂടും. ഒരു ഗവര്‍ണ്ണര്‍ വേണ്ടിടത്ത് രണ്ട് ഗവര്‍ണ്ണര്‍ വേണം. ഇങ്ങനെ എല്ലാ മേഖലയിലും ജോലി സാധ്യത ഇരട്ടിയായി വര്‍ധിക്കും.

മഹാരാഷ്ട്രയിലെ ഒമ്പതാം ക്ലാസിലെ പാഠപുസ്തകങ്ങളെ വി.പി ചന്ദ്രന്‍ കമ്മീഷന് വേണ്ടിയിട്ട് ഞാന്‍ വിലയിരുത്തിയിട്ടുണ്ട്. ആ പാഠപുസ്തകങ്ങള്‍ മുഴുവന്‍ ഹിന്ദു മുസ്‌ലിം വര്‍ഗീയതയും വിദ്വേശവും പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള തെറ്റായ പാഠങ്ങളാണ്. അപ്പോള്‍ ഈ പത്താം ക്ലാസിലെ തലമുറ ഒരു പത്തു വര്‍ഷം കഴിയുമ്പോഴേക്ക് ഒരു വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ മുന്നോട്ട് വരും. ഈ ഒരു ലക്ഷ്യവെച്ചു കൊണ്ടു തന്നെയാണ് അവര്‍ ഈ പഠപുസ്തകങ്ങള്‍ അച്ചടിച്ചതും. അഫ്‌സുല്‍ ഖാനും ശിവജിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും മതപരമായ വിദ്വേശങ്ങളായിരുന്നില്ല. അവ തീര്‍ത്തും രാഷ്ട്രീയ പരമായിരുന്നു. ഇതിനെ മതപരമാക്കി ഇന്ന് ചിത്രീകരിക്കുന്നത് തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയിട്ടായിരുന്നു. ശിവജിയുടെ കയ്യില്‍ വിശുദ്ധ ഖുര്‍ആനിന്റെ ഒരു കോപ്പി എത്തിയപ്പോള്‍ അദ്ദേഹം അത് അദ്ദേഹത്തിന്റെ മുസ്‌ലിം സൈനാധിപന് നല്‍കുകയാണ് ചെയ്തത്. ശിവജിയുടെ സൈന്യത്തില്‍ അനേകം മുസ്‌ലിം ക്യാപ്റ്റന്മമാരുണ്ടായിരുന്നു. ഇവരെയെല്ലാം എങ്ങനെയാണ് നമ്മള്‍ വിലയിരുത്തേണ്ട്ത്.

മഅ്ദിന്‍ അക്കാദമിയുമായും ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയമായും നിരന്തരം ബന്ധം പുലര്‍ത്തുന്നു. എങ്ങനെയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത്?

യഥാര്‍ത്ഥത്തില്‍ മലപ്പുറത്ത് തങ്ങളെ പോലെ വിദ്യാഭ്യാസ കാഴ്ച്ചപാടുകള്‍ മുന്നോട്ട് വെക്കുന്ന ഭരണാധിപര്‍ ഇല്ലാ എന്നതാണ് വാസ്തവം. ഞാന്‍ വേറെ ഒരു സമൂഹത്തില്‍ ഉള്ള അംഗമാണെങ്കിലും എന്റെ വിദ്യാഭ്യാസ വൈദഗ്ദ്യത്തെ തങ്ങള്‍ ഉപയോഗപ്പെടുത്തി. തങ്ങള്‍ ഒപ്പിട്ടാല്‍ മതിയാവുന്ന പല ഔദ്യോഗിക രേഖകളിലും എന്നെ കൊണ്ടാണ് ഒപ്പിടിക്കുന്നത്. ഇത് കാണിക്കുന്നത് തങ്ങളുടെ വിശാല വീക്ഷണമാണ്. ഒരു പക്ഷെ, തങ്ങള് 118 കുട്ടികളെ കൊണ്ട് തുടങ്ങിയ സ്ഥാപനം ഇന്ന് 25000 കുട്ടികളായി വര്‍ധിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ വീക്ഷണവും അദ്ദേഹത്തിന് സമൂഹം കൊടുക്കുന്ന പ്രാധാന്യവും വിദ്യാഭ്യാസ പ്രചരണത്തിന് അദ്ദേഹം കൊടുക്കുന്ന താത്പര്യവുമാണ്.
ഈ രണ്ടുമൂന്ന് കാരണങ്ങള്‍ക്കൊണ്ടാണ് തങ്ങളെ ലോകത്തിലെ തന്നെ അഞ്ഞൂറ് അറയപ്പെട്ട മുസ്‌ലിം നേതാക്കളില്‍ ഒരാളാക്കി മാറ്റിയത്. അത് അദ്ദേഹത്തിന്റെ ജീവിത വീക്ഷണമാണ്. അത്രയും ജീവിത വീക്ഷണം ഉള്ളവര്‍ക്ക് മാത്രമേ സമൂഹത്തെ നയിക്കാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹത്തിന്റെ റമളാന്‍ ഇരുപത്തി എഴാം രാവിലെ പ്രാര്‍ത്ഥന സമ്മേളനത്തില്‍ പലതിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ആ പരിപാടി യഥാര്‍ത്ഥത്തില്‍ ഒരു പ്രദേശത്തിന്റെ മുഴുവന്‍ കൂട്ടായ്മയുടെയും ഫെസ്റ്റിവല്‍ പോലെയാണ്. മതസാഹോദര്യവും സൗഹൃദവും എല്ലാം നമുക്കവിടെ കാണാം.

ഇന്ന് മലപ്പുറത്തിനുണ്ടായ വളര്‍ച്ച മുഴുവന്‍ വിദ്യാഭ്യാസ മേഖലയിലാണ്. കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും മലപ്പുറം വളര്‍ച്ച കൈവരിച്ചിട്ടില്ല. മലപ്പുറത്തിന്റെ വിദ്യാഭ്യസ രംഗത്തുള്ള കുതിച്ചു ചാട്ടത്തിന് തങ്ങളും അദ്ദേഹത്തിന്റെ സ്ഥാപനമായ മഅ്ദിനും കാന്തപുരവുമെല്ലാം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ഇതുപോലെ ഇനി മലപ്പുറത്ത് ആഗോള വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റിയ പണ്ഡിതര്‍ വരണം. സാമ്പത്തിക ശാസ്ത്രത്തിലും നരവംശ ശസ്ത്രത്തിലും സോഷ്യോളജിയിലുമെല്ലാമുള്ള അറബി പണ്ഡിതര്‍ വരണം. ഇതുവരെ കേരളത്തില്‍ അറബിക്കില്‍ വന്നത് മതപഠനം മാത്രമാണ്. ഇന്നും ഡല്‍ഹിയിലെ പണ്ഡിതന്മാര്‍ എന്നോട് പറഞ്ഞത് കേരളത്തില്‍ അറബി ഭാഷ ഇല്ലായെന്നാണ്. കാരണം അറബി ഭാഷ കേരളത്തില്‍ മതപഠനത്തിന് മാത്രമുള്ള ഒരു മീഡിയം മാത്രമാണ്. ഇംഗ്ലീഷ് ഭാഷയില്‍ നമ്മള്‍ ഓക്‌സ്‌ഫോഡിലും മറ്റും പ്രസംഗിക്കുന്നത് പോലെ അറബി പഠിച്ചു കൊണ്ട് നമുക്ക് അല്‍ അസ്ഹറിലും മറ്റു പ്രസംഗിക്കാന്‍ സാധിക്കണം. അറബിയെ വെറും മതപഠന ഉപാധി മാത്രമാക്കി തളച്ചിടരുത്.

എണ്‍പതു പിന്നിട്ടിരിക്കുന്നു, ഇനിയും സജീവമായി രംഗത്തുണ്ടാവുമോ?

അതെ, ഇനിയും സജീവമായി രംഗത്തുണ്ടാവണം എന്നു തന്നെയാണ് ആഗ്രഹം. എനിക്ക് ഒരു വലിയ കാഴ്ച്ചപാട് കൂടിയുണ്ട്. അത് എത്രത്തോളം വളരും എന്ന് എനിക്ക് അറിയില്ല. പക്ഷെ, ഞാന്‍ തുടങ്ങാന്‍ പോവുകയാണ്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഇന്റര്‍ നാഷണല്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ഇന്‍ഡോ അറബ് റിലേഷന്‍സ് ആന്‍ഡ് സ്ട്രാറ്റജിക്‌സ് സ്റ്റഡീസ്. ഇപ്പോള്‍ വടകരയാണ് അതിന്റെ സെന്റര്‍ ഉണ്ടാക്കിയത്. അത് ഇനിയും സജീവമാക്കണം. നിങ്ങളെ പോലെയുള്ള ചെറുപ്പക്കാരായ സാങ്കേതി പരിജ്ഞാനമുള്ള യുവാക്കള്‍ ഈ മേഖലയിലേക്ക് കടന്നു വരണം. ഗ്രാമങ്ങളെ കുറിച്ചും മുസ്‌ലിംങ്ങളെ കുറിച്ചും പഠിക്കണം. ഒരു അഖിലേന്ത്യ സെന്ററാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അങ്ങനെ ഒരു പഠന കേന്ദ്രം ഇവിടെ ആരും ഉണ്ടാക്കിയിട്ടില്ല. ഓരോരുത്തരും ഉണ്ടാക്കുന്നത് അവരുടെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്. ഇങ്ങനെയുള്ള മഹാനുഭാവന്റെ പേരില്‍ ഇതുപോലെ ഒരു സ്ഥാപനം വന്നിട്ടില്ല. അതുകൊണ്ടാണ് ഞാന്‍ അത് തുടങ്ങുന്നത്.

Share this:

  • Twitter
  • Facebook

Related Posts

നാളെയെ നിര്‍മിക്കാന്‍ നായകനൊപ്പം
Interview

നാളെയെ നിര്‍മിക്കാന്‍ നായകനൊപ്പം

December 30, 2018
thomas-martinsen-4H9IuFBIpYM-unsplash.jpg
Interview

മുത്വലാഖും ഏകീകൃത സിവില്‍ കോഡും ഗുരുമുഖ ചര്‍ച്ചയിലൂടെ

February 1, 2017
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×