ടപ്പ്, ടപ്പ് ആ ശബ്ദം ഇന്നും കാതിലലക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് ബംഗാളിലേക്കുള്ള യാത്രയിലാണ് സംഭവം. ഏതാണ്ട് തമിഴ്‌നാടും കഴിഞ്ഞിട്ടുണ്ട്. ശബ്ദം കേട്ടയുടനെ ബോഗിയിലുള്ള എല്ലാവരും പത്ത് രൂപ നോട്ടും പിടിച്ച് കാത്തിരുന്നു കുറച്ച് കഴിഞ്ഞപ്പോഴതാ നമ്മുടെ ബെര്‍ത്തില്‍ മരണ്ടാളുകള്‍ പണം ശേഖരിക്കുന്നു. അടുത്തിരുന്ന ബംഗാളിയോട് കാര്യമന്വേഷിച്ചപ്പോള്‍ പറഞ്ഞത് ‘വോ ചക്ക ഹോ ഉന്‍കൊ പൈസ നഹീ ദേ തോ വോ മാറേംഗേ’ അവര്‍ നപുംസകളാണ് പണം കിട്ടിയില്ലെങ്കിലവര്‍ അക്രമിക്കുമെന്ന് സാരം. ജീവിതാവശ്യത്തിനായുള്ള പണം സ്വരൂപിക്കാന്‍ പതിവായി ബോഗികള്‍ കയറിയിറങ്ങുന്നവര്‍. കൊടുത്തെല്ലെങ്കില്‍ അക്രമിക്കുമത്രേ. ബോഗിക്കുള്ളില്‍ നിന്ന് തന്നെ ഈ വാര്‍ത്ത കേള്‍ക്കാനിടയായി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അറിയാനായത് അവര്‍ ജീവിക്കാന്‍ വേണ്ടിയുള്ള സമരത്തിലാണന്നാണ്. എം (മെയില്‍) എഫ് (ഫീമെയില്‍) എന്നീ രണ്ട് തസ്തികയല്ലാതെ മൂന്നമതായി ടി (ട്രാന്‍സ്‌ജെന്റേഴ്‌സ്) എന്ന തസ്തികക്കായുള്ള സമരം നിയമത്തിലും ആനുകൂല്യത്തിലും ഉള്‍കൊള്ളാന്‍ വേണ്ടിയുള്ള പ്രതിഷേധ സ്വരം, അതാണ് ഈ അധ്വാനങ്ങള്‍ മുഴു ക്കെയും.
നപുംസകത്വം എന്ന ശാരീരികാവസ്ഥക്ക് മനുഷ്യവംശത്തോളം പഴക്കമുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അവരുണ്ട്. ലൈംഗീകമായി മാത്രമല്ല സമൂഹം അവരെ ഉപയോഗിച്ചത്. ആണിന്റെയും പെണ്ണിന്റെയുമല്ലാത്ത ആ പ്രത്യേക ശബ്ദത്തിന് സംഗീതത്തില്‍ വളരെ പ്രാധാന്യം ഉണ്ടായിരുന്നു. നൃത്തത്തിലും അതിന്റെ പരിശീലനത്തിലുമുള്ള അവരുടെ സവിശേഷ കഴിവ് ചരിത്രത്തില്‍ കാണാവുന്നതാണ്. പാചകത്തിലും വീട് ഭരിക്കാനുമുള്ള മിടുക്ക് എടുത്ത് പറയേണ്ടതാണ്. ആയതിനാല്‍ തന്നെ പല രാജവംശങ്ങളുടെയും അന്ത:പുര കാവലിന് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുഗള്‍കാലത്ത് ഇത് കൂടുതലായിരുന്നുവെന്നത് ചരിത്രത്തില്‍ വ്യക്തമാണ്. ഇങ്ങനെ മുഖ്യധാരയില്‍ വിവേചനമില്ലാതെ തന്നെ ഭൂതകാലത്ത് അവര്‍ ജീവിച്ചുപോന്നു.
എന്നാല്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് ആഗമനത്തോടെ അവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ടു തുടങ്ങി. ഇംഗ്ലീഷ്‌കാരുടെ വിക്ടോറിയന്‍ കപട സദാചാര സംഹിതകള്‍ ഇതിനെ നിരുത്സാഹപ്പെടുത്തുന്നവയായിരുന്നു. ഏത് മേഖലയിലും അവരെ ഒരു മൂന്നാം കണ്ണ് കൊണ്ട് കണ്ട് തുടങ്ങി. ഇത് മുഖ്യധാരയില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തപ്പെടാന്‍ ഹേതുവായി. സ്‌കൂളുകളിലും കോളജുകളിലും പോകുമ്പോള്‍ ലിംഗം വ്യക്തമാക്കല്‍ അനിവാര്യമാവുകയും അത് ബാക്കിയുള്ളവരില്‍ നിന്ന് വെറുപ്പുളവാകാനുള്ള കാരണമാവുകയും ചെയ്തു. തത്ഫലമായി വിദ്യാഭ്യാസ മേഖലകളില്‍ നിന്നും മാറി സ്വന്തം തൊഴിലുകളിലേക്ക് നീങ്ങാന്‍ പ്രേരകമായി. വിരളമായി ഇതിനെതിരെ പൊരുതി കഷ്ടിച്ച് പഠിച്ചവരുമുണ്ട്.
കുടുബപരമായും ഇത് തന്നെയാണവസ്ഥ. ജനിച്ച കുഞ്ഞ് ഹിജഡയാണെന്നറിയുമ്പോള്‍ തുടങ്ങും തലവേദന. ഇത് പുറംലോകമറിഞ്ഞാലുണ്ടാകുന്ന അഭിമാന ക്ഷതം തന്നെയാണ് മുഖ്യപ്രശ്‌നം. മെല്ലെ മെല്ലെ അകറ്റിനിര്‍ത്താനും പിന്നീട് ഏതെങ്കിലും ഹിജഡ തെരുവുകളിലേക്ക് ജീവിതം പറിച്ച് നടാനും പ്രേരകമാവുന്നു. ഇതാണ് പൊതുവെയുള്ള രീതി. ഇതില്‍ നിന്നും അതിജീവിച്ച് കഷ്ടിച്ച് ജീവിക്കുന്ന ചുരുക്കം ചിലരെയും കാണാം. തുടര്‍ന്നങ്ങോട്ടുള്ള ജീവിതവും കഷ്ടം തന്നെയാണ്. ആരും ജോലി നല്‍കില്ലെന്ന് മാത്രമല്ല, വെറുപ്പിന്റെ ഒരു നോട്ടം കൂടിയാകുമ്പോള്‍ മാനസികമായി തളര്‍ന്നിരിക്കും. പിന്നെ പലരും ലൈംഗീക തൊഴില്‍ പോലുള്ള അധാര്‍മിക പ്രവണതകളിലേക്ക് നീങ്ങുന്നു. ജീവിക്കാനായി നടേപറഞ്ഞ പോലെ ബോഗികള്‍ കയറിയിറങ്ങുന്നു. ഇത് പലപ്പോഴും അവരെ അക്രമികളും പിടിച്ചുപറിക്കാരുമാക്കി മുദ്ര ചാര്‍ത്തപ്പെടുന്നു. ഇത്തരത്തില്‍ ഒരു ട്രാന്‍സ്‌ഫോബിയ ജനങ്ങളില്‍ ആകെ പ്രകടമാണ്.
ഹിജഡ സമൂഹത്തെ മുഴുവനായും ഇത്തരം ലൈംഗിക തൊഴിലാളികളായി തള്ളാനാവില്ല. നിവൃത്തികേടുകൊണ്ട് പെട്ട്‌പോയവരുണ്ടെങ്കിലും സാധാരണ മനുഷ്യരുടെ ശതമാനം തന്നെ ഇവരിലും കാണൂ. ഈ വേശ്യാപ്രവര്‍ത്തനത്തിന് ഇവരെ പ്രോത്സാഹിപ്പിക്കാനും സംഘടിപ്പിക്കാനും പല മാഫിയകളും നിലവിലുണ്ട്. പൊതുവെ ലൈംഗിക അരാജകത്വം പ്രോത്സാഹിപ്പിക്കുകയും ലൈംഗിക സ്വാതന്ത്ര്യമാണ് മനുഷ്യന്റെ കാതലായ പ്രശ്‌നമെന്ന് പ്രചരിപ്പിക്കുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുകയും ചെയ്യുമ്പോള്‍ നപുംസകങ്ങളെ പോലുള്ള ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് സാമ്രാജ്യത്വ ഏജന്‍സികള്‍ വലിയ ഫണ്ടുകള്‍ നല്‍കുന്നു. ഈ രംഗത്ത് സര്‍ക്കാറിതര സംഘടനകള്‍ കുതിച്ചുയരാനുള്ള കാരണമിതാണ്.
നപുംസകത്വം സങ്കീര്‍ണമായൊരു മാനസിക സ്ഥിതിയാണ്. 99 ശതമാനവും പുരുഷവിഭാഗത്തില്‍ പിറക്കുകയും സ്ത്രീകളോട് മാനസിക അടുപ്പമുള്ളവരുമായിരിക്കും. സ്‌ത്രൈണ കാമനകളാവും അവരെ ഭരിക്കുക. എങ്കിലും വ്യക്തിത്വം വെളിപ്പെടുത്തുന്ന വിഷയത്തില്‍ ഇവര്‍ പരാജിതരാണ്. തത്ഫലമായി ലിംഗമാറ്റ ശാസ്ത്രക്രിയയിലേക്ക് നീങ്ങുന്നു. പൂര്‍വകാലങ്ങളില്‍ ദായമ്മ എന്ന ഗുരുവിന്റെ കാര്‍മികത്വത്തില്‍ പ്രാകൃത രീതിയിലുള്ള ലിംഗമാറ്റമാണ് നടന്നിരുന്നത്. ഇന്ന് ഭൂരിഭാഗം പേരും നിയമ പരമായ പിന്തുണ നല്‍കിയില്ലെങ്കിലും ആശുപത്രികളില്‍ നിന്നും ഭീമമായ സംഖ്യ കോഴവാങ്ങി ശസ്ത്രക്രിയകള്‍ ചെയ്യുന്നുണ്ട്.
കേരളത്തില്‍ ഇത്തരത്തില്‍ പുരുഷ ലൈംഗിക അവയവം മാറ്റി വേശ്യാവൃത്തിയിലേക്ക് നീങ്ങുന്ന രീതി വളരെ വിരളമാണ്. കേരളത്തിലെ സവിശേഷമായ സാമൂഹിക രീതി തന്നെയാണിതിന് കാരണം. ഇവര്‍ക്കായി മനുഷ്യാവകാശ സംഘടനക്ക് പുറമെ ധാരാളം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്‌കൊണ്ട് കുറേയോക്കെ ശമനമുണ്ടങ്കിലും പരിപൂര്‍ണമല്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇവരെ പരിഗണിക്കാത്ത സംഘടനകളും കുറവല്ല. സാമൂഹിക പരിഗണനയും പരിലാളനയും ലഭിക്കേണ്ട സൃഷ്ടികള്‍ തന്നെയാണിവരും. അല്ലാതെ നാം പലപ്പോഴും വിലയിരുത്തുന്നത് പോലെ വളര്‍ത്തുദോഷമൊന്നുമല്ലയിത്. അവരാഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും പുരുഷനും സ്ത്രീയുമല്ലാത്ത ഒരു സാമൂഹിക ജീവിതത്തെയാണ്. പല രാജ്യങ്ങളിലും ഇത് നിലവില്‍ വന്നെങ്കിലും ഇന്ത്യയില്‍ തമിഴ്‌നാട്ടില്‍ മാത്രമാണ് റേഷന്‍കാര്‍ഡുകളില്‍ ഇവരെ പ്രത്യേകം പരിഗണിച്ചിരിക്കുന്നത്. അത് പാസ്‌പോര്‍ട്ടിലും വേണമെന്നാണവര്‍ ആവശ്യപ്പെടുന്നത്.
ഇവരുടെ ഉന്നമനത്തിനായി ട്രാന്‍സ്‌ജെന്‍ഡര്‍ നയം പ്രഖ്യാപിക്കുകയും ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് രൂപവത്കരിക്കുകയും സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്തുവെങ്കിലും ഇതെല്ലാം ചുവപ്പ് നാടകളില്‍ കുടുങ്ങിക്കിടക്കുകയാണ്. കൊച്ചി മെട്രോയില്‍ ജോലി പ്രഖ്യാപിച്ച് 22 പേര്‍ അപേക്ഷിച്ചെങ്കിലും പിന്നീടത് എറണാംകുളത്തുകാര്‍ക്ക് മാത്രമാണെന്ന് പറഞ്ഞ് 16 പേരിലേക്ക് ചുരുക്കി. അതില്‍ നിന്ന് തന്നെ പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് തൂപ്പ് ജോലിയും പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് മെച്ചപ്പെട്ട ജോലിയും നല്‍കിയെങ്കിലും ഏത് സമയത്തും പിരിച്ചുവിടുമെന്ന ആശങ്കയിലാണ്. മുമ്പ് പറഞ്ഞ ട്രാന്‍സ്‌ഫോബിയ ജനസമൂഹത്തിലാകെ പരന്നിരിക്കുകയാണ്. അത്‌കൊണ്ട് തന്നെ നവ സാഹചര്യത്തില്‍ അവര്‍ക്കെതിരെയുള്ള അക്രമണങ്ങളുടെ കണക്കുകളും ദിനംപ്രതി വര്‍ധിക്കുകയാണ്. കാണുന്നിടങ്ങളില്‍ നിന്നെല്ലാം അക്രമിച്ചും തെറിയഭിഷേകം നടത്തിയും കൊല്ലാകൊല ചെയ്യുന്നു. നിയമപാലകരും തഥൈവ. തല്ലുന്നത് പോലീസാണെങ്കില്‍ അക്രമിക്കപ്പെട്ടവര്‍ തന്നെ പ്രതിയാക്കപ്പെടുകയും നാട്ടുകാരാണങ്കില്‍ വാദിയെ പ്രതിയാക്കുകയും ചെയ്യുന്നു. ആടിനെ പട്ടിയും പേപ്പട്ടിയും ആക്കിക്കഴിഞ്ഞാല്‍ പിന്നെന്തുചെയ്യാന്‍?
കുറച്ച് മാസം മുമ്പ് കോഴിക്കോടും മലപ്പുറത്തും തിരുവനന്തപുരത്തും നടന്ന സംഭവങ്ങള്‍ ഇതിന് തെളിവാണ്. നെടുമങ്ങാടിനടുത്ത് സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം സൂര്യയെ നാട്ടുകാര്‍ അക്രമിച്ചു. കണ്ടാലറിയുന്ന 21 പേര്‍ക്കെതിരെ കേസെടുത്തെങ്കിലും പ്രതികളെ റിമാന്‍ഡ് ചെയ്തു. പക്ഷെ ‘ഒയാസിസ്’ സിറ്റി പോലീസ് കമ്മീഷണര്‍ക്കും വലിയതുറ പോലീസിനും പരാതി നല്‍കി. അക്രമണത്തിന്റെ വീഡിയോ ക്ലിപ്പ് കലക്ടര്‍ക്ക് കാണിച്ചു. അടിയന്തിര നടപടിയായാണ് വീഡിയോയില്‍ കണ്ടാലറിയുന്ന 21 പേര്‍ക്കെതിരെ കേസെടുത്തത്. ഇതിന് തൊട്ട് പിറകെയാണ് സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ‘ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പാക്കി കേരളം രാജ്യത്തിനാകെ മാതൃകയാവുകയാണ്. അഭിമാനത്തോടെ സ്വന്തം സ്വത്വത്തില്‍ ജീവിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള അവകാശത്തിനൊപ്പമാണ് കേരള സര്‍ക്കാര്‍.’
ഒരു തലക്കല്‍ പ്രഖ്യാപനവും മറുതലക്കല്‍ ലംഘനവും. വല്ലാത്ത വിരോധാഭാസം. വേലിതന്നെ വിള തിന്നുന്ന പ്രവണത. ചുരുക്കിപ്പറഞ്ഞാല്‍ സമൂഹത്തില്‍ നിന്ന് ഇവരെ തുടച്ചുനീക്കുക തന്നെയാണ് ലക്ഷ്യം. തുടര്‍ച്ചയായി കേസുകളും പീഢനങ്ങളുമുണ്ടാകുമ്പോള്‍ സഹികെട്ട് പിന്മാറുമെന്ന കണക്ക് കൂട്ടല്‍ ജനങ്ങളെ ഇതിനായി പ്രേരിപ്പിക്കുന്നു. ഇതിനെതിരെ സംഘടിച്ച് അവരും മനുഷ്യരാണെന്ന രൂപത്തില്‍ അവരോട് പെരുമാറാന്‍ നമുക്കാവണം. മുഖ്യധാരയില്‍ ആണ്‍, പെണ്‍ വിഭാഗത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവര്‍ക്കാവണം. മാന്യമായ ജോലി ചെയ്ത് വേതനം കൈപറ്റി ജീവിതം പോറ്റാന്‍ ആരും അവര്‍ക്ക് വിലങ്ങുതടിയാവരുത്.