ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് റുഖ്‌സാനയുടെ ആ പ്രപ്പോസല്‍ ഞാനും ഫര്‍സാനയും ഫൈറുസയും അംഗീകരിച്ചത്. നൂറ ചിന്തയുടെ ലോകത്ത് തന്നെയാണ്. കാരണം കോളേജില്‍ നിന്ന് കുട്ടികളെല്ലാവരും ഫൈറൂസയുടെ വീട്ടിലേക്ക് ഫൈസലിന്റെ അനുസ്മരണത്തിന് വന്നാല്‍ അത് നാട്ടില്‍ ചര്‍ച്ചയാവും പിന്നെയത് പല അഭ്യൂഹങ്ങളും പറഞ്ഞു പരത്താനും മറ്റും കാരണമാവും. അങ്ങനെയാണ് സ്വലാത്ത് ചൊല്ലാനുള്ള നാട്ടിലെ വാട്‌സപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ ഒത്തു ചേരലും മൗലിദ് സദസ്സും ഫൈറൂസയുടെ വീട്ടില്‍വെച്ച് നടത്തുവാന്‍ തീരുമാനമായി. അതിനോടൊപ്പം ഫൈസലിന്റെ അനുസ്മരണവും നടത്തുക. അതിലേക്ക് കോളേജ് വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കാന്‍ എത്തുക.
ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റുഖ്‌സാന ഫൈറൂസയുടെയും അവളുടെയും ഏറ്റവും അടുത്ത പത്ത് കൂട്ടുകാരികളോടൊപ്പം വീട്ടിലേക്ക് വന്നത്. ഗ്രൂപ്പ് അംഗങ്ങളുടെ ഒത്തു ചേരലിന്റെ വിവരം ഗ്രൂപ്പിലറിയിച്ച സമയത്ത് ഓരോ വീട്ടില്‍ നിന്നും ഓരോരുത്തര്‍ പങ്കെടുത്താല്‍ മതിയെന്ന് പറഞ്ഞിരുന്നു. കൂടാതെ ഗ്രൂപ്പ് അംഗങ്ങളായ സമപ്രായക്കാരായ വിദ്യാര്‍ത്ഥിനികളോട് പ്രത്യേകം പങ്കെടുക്കണമെന്നും മൗലിദിന് ശേഷം ഒരു ചെറിയ മീറ്റിംഗ് ഉണ്ടെന്നും പറഞ്ഞിരുന്നു. അതിനാല്‍ തന്നെ നാട്ടില്‍ നിന്ന് പങ്കെടുത്ത സ്ത്രീകളിലധികവും അവരുടെ സമപ്രായക്കാരായിരുന്നു. മുനവ്വിറാത്തയോട് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കിയതിന് ശേഷം എന്തായലും വരണം എന്ന് പറഞ്ഞു വിളിച്ചു വരുത്തിയിരുന്നു. കാരണം ഈ വരുന്ന സ്ത്രീകള്‍ക്കെല്ലാം എന്തെങ്കിലും ഉപദേശം നല്‍കണമെങ്കില്‍ സദസ്സിനെ അഭിസംബോധന ചെയ്ത പരിചയമുള്ള ഒരാളെങ്കിലും നിര്‍ബന്ധമായിരുന്നു. അന്ന് അസ്വറ് നിസ്‌കാരത്തോട് കൂടെ ഫൈറൂസയുടെ വീടിന്റെ വിശാലമായ മുറ്റം പൂര്‍ണ്ണമായും പര്‍ദ്ദ ധാരികളെ കൊണ്ട് നിറഞ്ഞിരുന്നു. ഒരു കല്യാണത്തിനുള്ള ആവേശവും ആനന്ദവുമുണ്ടായിരുന്നു ഓരോരുത്തരുടെയും മുഖത്ത്.
മൗലിദ് സദസ്സ് ആരംഭിക്കുന്നതിന് മുമ്പ് ഇത്തയുടെ നിര്‍ബന്ധത്തിന് വഴങ്ങിയിട്ടാണ് ഞാന്‍ സ്വാഗതം പറയുവാനായി എഴുന്നേറ്റ് നില്‍ക്കുന്നത്. എഴുന്നേറ്റ് നിന്നപ്പോള്‍ എന്തോ വലിയ സദസ്സിനെ അഭിമുഖികരിക്കുന്ന പ്രതീതി. ചെറിയൊരു ഭയം കാരണം ഉള്ളൊന്ന് കിടുത്തു. എങ്ങനെയാണ് ഈ ഗ്രൂപ്പ് തുടങ്ങുവാനുണ്ടായ കാരണമെന്നും സ്വലാത്തിന്റെ ഒന്ന് രണ്ട് ഗുണവും പറഞ്ഞു നിറുത്താനൊരുങ്ങിയപ്പോള്‍ സദസ്സില്‍ നിന്ന് ഫൈറൂസ ചുണ്ടുകളനക്കി. ശ്രദ്ധിച്ച് നോക്കിയപ്പോള്‍ അവള്‍ പതുക്കെ ഫൈസല്‍ എന്നാണ് പറയുന്നതെന്ന് മനസ്സിലായി.
‘പിന്നെ, നമ്മുടെ ഫൈറൂസയുടെ ക്ലാസില്‍ നിന്നും തൊട്ടടുത്ത ദിവസം മരണപ്പെട്ട ഫൈസല്‍ എന്ന വിദ്യാര്‍ത്ഥിയുടെ പേരില്‍ പ്രത്യേകം ദുആ ചെയ്യാന്‍ വേണ്ടി ഏല്‍പ്പിച്ചിട്ടുണ്ട്…എല്ലാവരുടെ മനസ്സിലും അവനെ കൂടെ കരുതണം’ വല്ലാതെ നീട്ടി വലിക്കാതെ കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചു. ശേഷം ഇത്തയെ സംസാരിക്കാനായി ക്ഷണിച്ചു. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഇത്തയുടെ ക്ലാസ് കേള്‍ക്കുന്നത്. അതിനാല്‍ തന്നെ സാകൂതം സദസ്സില്‍ പോയിരുന്നു.
സ്വലാത്തിന്റെ മഹത്വം തന്നെയാണ് ഇത്ത പറയുന്നത്.
‘സ്വലാത്ത ഒരു വജ്രായുധമാണ്. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാന്‍ അല്ലാഹു നമുക്ക് സമ്മാനിച്ച ഒറ്റമൂലി.’ ചരിത്രത്തിലുള്ള ഇത്തയുടെ അവഗാഹവും അത് പ്രസന്റ് ചെയ്യുന്നതിലുള്ള ചാരുതയും ഒന്ന് വേറ തന്നെയാണ്.
‘കഅ്ബയെ ത്വവാഫ് ചെയ്യുമ്പോള്‍ സ്വലാത്ത് ചൊല്ലിക്കൊണ്ട് നടക്കുന്ന ഒരാളോട് ചോദിക്കപ്പെട്ടു. ‘ത്വവാഫ് ചെയ്യുമ്പോള്‍ സ്വലാത്ത് ചൊല്ലാനല്ലല്ലോ പറഞ്ഞിട്ടുള്ളത് എന്നിട്ടും നിങ്ങളെന്തേ ഇങ്ങനെ ചെയ്യുന്നത്…!? ചോദ്യ കര്‍ത്താവിന്റെ മുഖത്തേക്ക് അല്‍പ്പ സമയം നോക്കി നിന്നതിന് ശേഷം ആ ചെറുപ്പക്കാരന്‍ പതുക്കെ മറുപടി പറയായന്‍ തുടങ്ങി.
‘അതെ, അതിന് പ്രത്യേക കാരണമുണ്ട്. ഞാനും എന്റെ പിതാവും ഹജ്ജിന് വേണ്ടി പുറപ്പെട്ടു. സന്തോഷകരമായ ആ യാത്രക്കിടയില്‍ ഉപ്പാക്ക് പെട്ടെന്ന് രോഗം മൂര്‍ഛിച്ചുക്കുകയും ഉപ്പ മരണപ്പെടുകയും ചെയ്തു. പക്ഷെ, അതിനെക്കാളെല്ലാം എന്നെ ഭയപ്പെടുത്തിയത് മരണപ്പെട്ടു കിടക്കുന്ന എന്റെ ഉപ്പയുടെ ശരീരത്തിന് പെട്ടെന്ന ചില ഭാവമാറ്റങ്ങള്‍ സംഭവിക്കുവാന്‍ തുടങ്ങി. ഉപ്പാന്റെ മുഖം കറുക്കുകയും കണ്ണുകള്‍ ചാരനിറത്തിലായി വയര്‍ വീര്‍ക്കുകയും ചെയ്യാന്‍ തുടങ്ങി. നിസഹയനായാ ഞാന്‍ കരഞ്ഞു. ഉപ്പാന്‍ ദുര്‍വിധിയോര്‍ത്ത് ഭയപ്പെട്ടു. എന്തു ചെയ്യുമെന്നാലോചിച്ച് തലപുകഞ്ഞു. അങ്ങനെ ഉപ്പാന്‍ മയ്യിത്തിന് കാവല്‍ നിന്ന് രാത്രിയായപ്പോള്‍ ഞാന്‍ അറിയാതെ ഉറങ്ങി പോയി.’ ഇത്ത വെള്ളം കുടിക്കുവാനായി അല്‍പ്പ സമയം നിറുത്തിയതിന് ശേഷം തുടര്‍ന്നു.
‘ അങ്ങനെ എന്റെ സ്വപ്‌നത്തിലേക്ക് പെട്ടെന്ന് വെളുത്ത വസ്ത്രം ധരിച്ച അതി സുഗന്ധമുള്ള പരിമളം പരത്തുന്ന ഒരാള്‍ പ്രത്യക്ഷനായി. ആ പ്രകാശം പരത്തുന്ന വ്യക്തി ഉപ്പാന്‍ ശരീരത്തോട് അടുക്കുകയും ഉപ്പയുടെ മുഖം തടവി നല്‍കുകയും ചെയ്തു. അത്ഭുതം…! ഉപ്പയുടെ മുഖം പെട്ടെന്ന് അതിശക്തമായി വെളുപ്പായി. അവിടെ നിന്നും പ്രകാശം സ്ഫുരിക്കുന്നത് പോലെ അനുഭവപ്പെട്ടു. ആ വന്ന വ്യക്തി വീണ്ടും ഉപ്പാന്‍ വയറില്‍ തടവിയപ്പോള്‍ അതു പൂര്‍വ്വ സ്ഥിയിലുള്ളതിനെക്കാള്‍ സാധാരണമായി.
പോവാന്‍ നേരം അതാരാണെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുന്ന എന്നിലേക്ക് വന്നിട്ട് ആ വ്യക്തി സ്വയം പരിചയപ്പെടുത്തു. ഹബീബായ നബിതങ്ങളായിരുന്നുവത്. അവിടുന്നെന്നോട് പറഞ്ഞു ‘ നിന്റെ പിതാവ് തെറ്റ് കുറ്റങ്ങള്‍ അധികരിപ്പിക്കുന്ന ആളായിരുന്നു. പക്ഷെ, എന്റെ മേല്‍ സ്വലാത്തിനെ അധികരിപ്പിക്കുമയിരുന്നു. അങ്ങനെ അദ്ദേഹത്തിന് ഇങ്ങനെയൊരു പ്രയാസമെത്തിയതായി ഞാനറിഞ്ഞു. അദ്ദേഹം എന്നോട് സഹായത്തിനായി അഭ്യര്‍ത്ഥിച്ചു. അതുകൊണ്ടാണ് ഞാന്‍ സഹായത്തിനായെത്തിയത്. ഈ ലോകത്ത് വെച്ച് എന്റെ മേല്‍ സ്വലാത്ത് അധികരിപ്പിക്കുന്നവനെ ഞാന്‍ സഹായിക്കുന്നതാണ്. ആ സംഭവത്തിന് ശേഷം ഞാനെന്റെ ജീവിതത്തിലെ മുഴുവന്‍ സമയങ്ങളിലും സ്വലാത്തിനെ പതിവാക്കാറാണ്.’ ഇത്ത സംഭവം പറഞ്ഞു നിറുത്തിയതിന് ശേഷം എല്ലാവര്‍ക്കും ആലോചനക്കുള്ള ഒരു ചെറിയ സമയം കൊടുത്തു. ശേഷം തുടര്‍ന്നു.
‘തെറ്റ് ചെയ്യാതെ ജീവിക്കാന്‍ സാധിക്കുകയെന്നത് വലിയ ഭാഗ്യമാണ്. പക്ഷെ, മനുഷ്യരായി ജനിച്ച ആര്‍ക്കും അതിന് സാധിക്കില്ല. അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണവും കാവലുമുള്ളവര്‍ക്കൊഴികെ. അതുകൊണ്ട് നമ്മളെല്ലാവരും ജീവിതത്തില്‍ തെറ്റ് ചെയ്യാറുണ്ട്. ഒരുപക്ഷെ, ആ തെറ്റുകളോര്‍ത്ത് നമ്മള്‍ കരഞ്ഞ് തൗബയും ചെയ്തിട്ടുണ്ടാവും. പക്ഷെ, അല്ലാഹു അത് നമുക്ക് പൊറുത്ത് തന്നോയെന്ന് യാതൊരുറപ്പുമില്ല. അവന്‍ നമ്മുടെ തൗബ സ്വീകരിക്കട്ടെ…’ ഇത്ത പ്രാര്‍ത്ഥന നടത്തിയപ്പോള്‍ എല്ലാവരും ആമീന്‍ പറഞ്ഞു.
‘എന്നാല്‍ സ്വലാത്ത് നമുക്ക് നല്‍ക്കുന്ന പ്രതീക്ഷ ചെറുതല്ല. ആരുമില്ലാത്ത സമയത്ത് ഹബീബ് കൂട്ടിനെത്തുമെന്ന പ്രതീക്ഷ തരുന്നുണ്ട് ഓരോ സ്വലാത്തും. ഇപ്പോള്‍ തന്നെ നോക്കൂ, ഫൈസല്‍ എന്ന ഒരു കൂട്ടുകാരന്‍ നമ്മില്‍ നിന്ന് വിടപറഞ്ഞു. ഇന്നിതാ അവന്റെ ജീവിതകാലത്തെ പ്രിയപ്പെട്ടവരെല്ലാം ഇവിടെ ഒത്തൊരുമിച്ച് പ്രാര്‍ത്ഥന നടത്തുന്നു. ഒരുപക്ഷെ, ജീവിച്ചിരുന്ന കലത്തെക്കാള്‍ കൂടുതല്‍ അവന്‍ തന്റെ ബന്ധങ്ങളെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും അഭിമാനിക്കുന്ന നിമിഷമിതായിരിക്കും.’ ആ സമയത്ത് എന്റെ സമീപത്തിരിക്കുന്ന ഫൈറൂസയൊന്ന് ഉള്‍ക്കിടലം കൊണ്ട്ത് താന്‍ ശ്രദ്ധിച്ചതാണ്. അവളുടെ മുഖത്ത് ആത്മസംതൃപ്തിയുടെ അനുരണങ്ങള്‍ കാണാമായിരുന്നു.
‘ പ്രിയരെ, ഇന്നിവിടെ മറ്റൊരു കാര്യത്തിന് കൂടി സമാരംഭ കുറിക്കുകയാണ്. ആത്മീയ കുടുംബശ്രീ. അപ്പോള്‍ നിങ്ങള്‍ ചോദിക്കും എന്താണ് ഈ ആത്മീയ കുടുംബശ്രീയെന്ന്. പറയാം, നിങ്ങളുടെ കൂടെയിരിക്കുന്ന ദ..ഈ ഫൈറൂസയും ഫര്‍സാനയും നൂറയും കൂടി കഴിഞ്ഞ കുറച്ചാഴിച്ചകളായി കൃത്യമയി നടപ്പിലാക്കി വരുന്ന ഒരു സംരഭം നിങ്ങളോട് കൂടി പങ്കുവെക്കണമെന്ന് അവര്‍ക്ക് തോന്നി. അതിന്റെ അടിസ്ഥാനത്തിലാണിന്നിതിവിടെ പറയുന്നത്. അവരിലൊരാള്‍ തന്റെ ജീവിതത്തിന്റെ ഏറ്റവും പ്രയാസകരമായ ഒരുഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ അവള്‍ക്കത് തുറന്ന് പറയാന്‍ ആരുമില്ലാത്ത അവസ്ഥ സംജാതമായി. ആ സമയത്താണ് അവര്‍ പരസ്പരം കണ്ടെത്തുന്നത്. അങ്ങനെ അവര്‍ ഉള്ളു തുറന്ന് സംസാരിച്ചു. സന്തോഷങ്ങള്‍ പങ്കുവെച്ചു. സങ്കടങ്ങളില്‍ ഒപ്പം കൂടി. അങ്ങനെ അവര്‍ പരസ്പരം താങ്ങും തണലുമായി ജീവിക്കുന്നു. എന്ത് കൊണ്ട് നമ്മുടെ നാട്ടിലെ സമപ്രായക്കാരായ എല്ലാ കൂട്ടുകാരെയും ഈ സംരഭത്തിലേക്ക് ക്ഷണിച്ചു കൂടായെന്ന ചിന്തയില്‍ നിന്നാണ് ആത്മീയ കുടുംബശ്രീ വിപുലമാക്കണം എന്ന ചിന്ത പിറവിയെടുക്കുന്നത്..’ ഇത്ത അത് പറയുമ്പോള്‍ ഫൈറൂസയും ഞാനും ഫര്‍സാനയും പരസ്പരം കൈകള്‍ കോര്‍ത്ത് പിടിച്ച് അമര്‍ത്തിയിരുന്നു. ഞങ്ങളുടെ ഉള്ളില്‍ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു സന്തോഷം അലതല്ലിക്കൊണ്ടിരുന്നു.
‘ പ്രിയരെ, വീട്ടുകാരോട് നമുക്ക് പറയാന്‍ മടിയുള്ള രഹസ്യങ്ങള്‍ ജീവിതത്തിലുണ്ടാവും, എല്ലാ കൗമാരത്തിന്റെയും സത്യമതാണ്. പക്ഷെ, ആരോടെങ്കിലും ഇതൊന്ന് പറയണമെന്ന് നമ്മുടെ മനസ്സ് വെമ്പല്‍ കൊള്ളുകയും ചെയ്യും. അവസാനം നമ്മളത് ഏതെങ്കിലും ഒരു ചങ്ങാതിയോട് പങ്കുവെക്കും. അവര് നമുക്ക് മറ്റൊരു മാര്‍ഗം പറഞ്ഞു തരും. അത് തെറ്റായ പാദയായിരിക്കും. എന്നാല്‍ നമ്മളതറിയാതെ അന്ധമായി ആ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയും ചെയ്യും. ഇവിടെയൊന്ന് മാറിചിന്തിച്ച് നോക്കൂ, നമ്മളെ ശരിയായ മാര്‍ഗത്തിലേക്ക് നയിക്കാന്‍ പറ്റുന്ന, പരസ്പരം ഉള്ളു തുറന്ന് സംസാരിക്കാന്‍ പറ്റുന്ന, ജീവിതത്തിലെ ഏത് ഘട്ടത്തിലും കൂടെ നില്‍ക്കുന്ന ഒരു സൗഹൃദവൃന്ദത്തെ എന്ത് കൊണ്ട് നമുക്ക് തന്നെ ഉണ്ടാക്കിക്കൂടായെന്ന ചോദ്യത്തില്‍ നിന്നാണ് ആത്മീയ കുടുംബശ്രീയെന്ന ഉത്തരത്തിലേക്കിവരെത്തുന്നത്.’ ഇത്ത ഞങ്ങളുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
‘ഈ നാട്ടിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും അവരോടൊപ്പം ചേരം, ബന്ധങ്ങള്‍ പുതുക്കാം, പരസപരം തിരുത്തുകയും സ്വയം തിരുത്തലുകളെ ഉള്‍ക്കൊള്ളുകയും എല്ലാം ചെയ്യാം. എല്ലാ വ്യാഴായിച്ചകളിലുമാണ് ആത്മീയ കുടുംബശ്രീ നടക്കുക. ഇതൊരു ഔദ്യോഗിക പരിപാടിയായി കണക്ക് കൂട്ടരുത്. മറിച്ച് കുറച്ച് കൂട്ടുകര്‍ പരസ്പരം കഥകള്‍ പറയാന്‍ ഒരുമിച്ചിരിക്കുന്നുവെന്ന് മാത്രം. ആ ഇരുത്തം അവര്‍ ഫലവത്താക്കി ഉപയോഗിക്കാന്‍ ശ്രമിക്കുന്നു’ ഇത്തയുടെ പ്രസംഗം അരമണിക്കൂറോളം നീണ്ടു നിന്നു.
ശേഷം സ്വലാത്തും മൗലിദും പ്രാര്‍ത്ഥനയും എല്ലാം ചൊല്ലി എല്ലാവരും പിരിഞ്ഞു. അന്ന് ഫര്‍സാനയും ഞാനും ഫൈറൂസയുടെ വീട്ടിലാണ് കിടന്നത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയ ദിവസം. കാരണം ഞങ്ങളുടെ ആത്മീയ കുടുംബശ്രീയെന്ന ആശയത്തെ ആ സദസ്സ് ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഞങ്ങളുമുണ്ടെന്ന് എല്ലാവരും ആവേശം പകര്‍ന്നു. റുഖ്‌സാനയുടെ നേതൃത്വത്തില്‍ ഫൈറൂസയുടെ കൂട്ടുക്കാരെല്ലാവരും കൂടെ അവരുടെ കോളേജിലും ഇതുപോലൊരു പദ്ധതിയെ കുറിച്ചാലോചിക്കുമെന്ന് തീരുമാനമെടുത്തു. അങ്ങനെ അന്ന് ആദ്യത്തെ ആത്മീയ കുടുംബശ്രീ മീറ്റിങ് നടന്നു.
‘ ഉമ്മീ…..’ റസാന്‍ താടിക്ക് കയ്യും കൊടുത്തിരിക്കുന്ന നൂറയുടെ കൈകളില്‍ അടിച്ചു കൊണ്ട് വിളിച്ചു.
‘ഇവിടിങ്ങനെ എന്ത് അലോയ്ച്ചിരിക്ക്വാ…’ അവനൊരു കാര്യഗൗരവമുള്ളയാളെ പോലെ ചോദിച്ചു. അവള്‍ അവനെ തന്നിലേക്ക് അടിപ്പിച്ചു നിറുത്തി അണച്ചു പിടിച്ച് ഉമ്മവെച്ചു.
‘ഉമ്മിയൊന്നും ആലോചിക്കുന്നില്ലെടാ…വാ നമുക്ക് അബിയുടെ അടുത്തേക്ക് പോകാം…’ അവനയും എടുത്ത് അവള്‍ റൂമിലേക്ക് നടന്നു.
‘എവിടെയായിരുന്നു ഉമ്മിയും മോനും ഇത്ര നേരം….കഥപറഞ്ഞു തീര്‍…..’ ഫാതിഹ് ചോദിച്ചു തുടങ്ങിയപ്പോയേക്കും നൂറ ‘ഓര്‍മപ്പെടുത്തല്ലീ’ എന്ന് പറഞ്ഞു കൊണ്ട് ചുണ്ടുകളില്‍ വിരലുവെച്ചു.
അവരുറങ്ങാന്‍ കിടന്നു. അബിയുടെയും ഉമ്മിയുടെയും നടുവില്‍ കിടന്ന റസാന്‍ ഉറക്കിലേക്ക് വഴുതി.
‘നിങ്ങളുറങ്ങിയോ….’ നൂറ ഒന്ന് തൊണ്ടയനക്കിയതിന് ശേഷം പതുക്കെ ചോദിച്ചു.
‘എന്തേ….’ ഒരല്‍പ്പസമയത്തെ നിശബ്ദതക്ക് ശേഷം അതുവരെ മലര്‍ന്നു കിടന്നിരുന്ന ഫാതിഹ് ഇടതു ഭാഗത്തേക്ക് ചരിഞ്ഞ് കിടന്ന് അവള്‍ക്ക് അഭിമുഖമായി കൊണ്ട് ചോദിച്ചു.
‘ഏയ്…ഒന്നുമില്ല…ഞാനിന്ന് നിങ്ങള്‍ റസിക്ക് ആ കഥ പറഞ്ഞു കൊടുക്കാന്‍ പറഞ്ഞതിന് ശേഷം പൂര്‍ണ്ണമായും നമ്മടെ ആ പഴയകാല സുവര്‍ണ്ണ കാലത്തിന്റെ ഹാങോവറിലായിരുന്നു. ഫര്‍സാനയും ഫൈറൂസയും നമ്മുടെ ആത്മീയ കുടുംബശ്രീയും എല്ലാ മനസ്സിലിങ്ങനെ കിടന്ന് കളിക്കുന്നു….’ നൂറ ഒര്‍മകളില്‍ ജീവിക്കുന്നവളെ പോലെ സംസാരിച്ചു.
‘ഉം….’ ഫാതിഹും അവളോടൊപ്പം ആ യത്രയില്‍ കൂടെ കൂടി.
‘എത്ര കാലമായി അവരൊയൊക്കെയൊന്ന് കണ്ടിട്ട്, നമുക്കെല്ലാവരെയും ഒന്ന് വീട്ടിലേക്ക് വിളിക്കുവല്ലേ….’ നൂറ തെല്ല് ആവേശത്തോടെ ചോദിച്ചു.
‘ഞാനെത്ര നാളായി പറയുന്നു. നമ്മള് രണ്ടാളുടെയും ജോലി തിരക്കും മറ്റും കഴിഞ്ഞ് ഒന്നിനും സമയമുണ്ടാവാറില്ലല്ലോ…..’ ഫാതിഹ് ഇതുവരെ എന്തുകൊണ്ട് ഇങ്ങനെയൊരാലോചന ഉണ്ടായില്ലായെന്നതിന്റെ കാരണം പറഞ്ഞു.
‘ ഇനിയെത്ര തിരക്കുണ്ടായാലും നമുക്ക് ഒന്ന് രണ്ടു ദിവസം ഇതിനായങ്ങ് മാറ്റിവെക്കാം ഇന്‍ ഷ അല്ലാഹ് …’ നൂറ തീരുമാനിച്ചു കൊണ്ട് പറഞ്ഞു.
‘ ഉം…പക്ഷെ, അവര്‍ക്ക് കൂടി ഒഴിവുണ്ടോയെന്ന് അന്വേഷിക്കേണ്ടേ….’ ഫാതിഹ് ചോദിച്ചു
‘അത് ഞാന്‍ നാളെ വിളിച്ചു ചോദിക്കാം….’ നൂറ ആവേശത്തോടെ പറഞ്ഞു. സന്തോഷത്തിന്റെ ഒരു കൂട്ടം സ്വപ്‌നങ്ങള്‍ കണ്ട് അവര്‍ സുഖ സുഷുപ്തിയിലേക്ക് പ്രവേശിച്ചു.
************ ****************
ഫോണ്‍ റിങ് ചെയ്യുന്നുണ്ട്. നൂറ അവളുടെ യഥാര്‍ത്ഥ നമ്പറില്‍ നിന്നല്ലാതെ ഫര്‍സാനയുടെ നമ്പറിലേക്ക് വിളിച്ചു. മറുതലക്കല്‍ ഫോണ്‍ അറ്റന്റ് ചെയ്തു.
‘ഹലോ…ഡോക്ടര്‍ ഫര്‍സാനയല്ലേ….?’ നൂറ കുറച്ചു ഗൗരവ ശബ്ദത്തില്‍ ചോദിച്ചു
‘യെസ്…സ്പീകിങ്…’ മറുതലക്കല്‍ നിന്ന് തീര്‍ത്തും ഒഫീഷാലായി കൊണ്ട് ഫര്‍സാനയുടെ ശബ്ദം.
‘ ഇത് കുറച്ചു ദൂരേന്നാണ് വിളിക്കുന്നത്…ഡോക്ടറെ ഒന്ന് നേരിട്ട് കാണാന്‍ പറ്റ്വ…’ നൂറ തന്റെ ശബ്ദത്തില്‍ ചോദിച്ചു
‘എടീ…നൂറാ…..!’ ഫര്‍സാന കുറച്ചു സമയത്തേക്ക് അഞ്ചുവര്‍ഷം പിറകിലേക്ക് സഞ്ചരിച്ചു.
‘മോളേ…നിന്റെ ശബ്ദം ഏത് പാതാളത്തില്‍ നിന്നാണെങ്കിലും എനിക്ക് മനസ്സിലാവും….എന്താണ് രണ്ട് ഡോക്ടര്‍മാരുടെയും റസിമോന്റെയും വിശേഷങ്ങളൊക്കെ….’
‘അല്‍ഹംദുലില്ലാഹ്…എല്ലാം വളരെ സന്തോഷത്തിലായി പോകുന്നു… നീ…തിരക്കിലാണോ…’ നൂറ ചോദിച്ചു.
‘ഏയ്…ഇന്ന് സണ്‍ഡെയല്ലേ…ഓഫാണ്…നീയും ഇന്നോഫല്ലേ….’
‘ഉം…അതെ…’ നൂറ സവദാനം പറഞ്ഞു. അല്‍പ സമയത്തെ നിശബ്ദതക്ക് ശേഷം നൂറ പറഞ്ഞു.
‘എടീ…ഇന്നലെ ഫാതിഹ് ഡോക്ടറ് മോന് നമ്മുടെ പഴയകാല കഥകളൊക്കെ പറഞ്ഞു കൊടുത്തിരുന്നു. അന്നേരം എന്റെ മനസ്സിലേക്ക് നമ്മളെ കോളേജും ആത്മീയ കുടുംബശ്രീയും എല്ലാ കൂടെ കടന്ന് വന്നു. എന്ത് രസായിരുന്നുവല്ലേ…’ നൂറ ഏതോ ആലസ്യ ലോകത്തിലെന്നോണം സംസാരിച്ചു.
‘ അതേടീ…ഞാനതോര്‍ക്കാത്ത ഒരു ദിവസവും ഇല്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് നീയും ഫൈറൂസയും…’ ഫര്‍സാനയുടെ വാക്കുകളില്‍ ഗൃഹതുരത്വത്തിന്‍രെ വേദനയുണ്ടായിരുന്നു.
‘നീ കട്ട് ചെയ്ത് വീഡിയോ കോണ്‍ഫ്രന്‍സ് കോളാക്കി ഫൈറൂസയെ കൂടി വിളിക്ക്….’ ഫര്‍സാന ഫൈറൂസയെ വിളിക്കാന്‍ പറഞ്ഞു. നൂറ ഫോണ്‍ കട്ട് ചെയ്തതിന് ശേഷം മൂവരെയും ഉള്‍പ്പെടുത്തി വീഡിയോ കോള്‍ ചെയ്തു. അവര്‍ എത്ര സമയം അങ്ങനെ സംസാരിച്ചിരുന്നുവെന്നറിയില്ല.
‘എന്നാണ് എല്ലാവര്‍ക്കും ഒഴിവുള്ള ഒരു ദിവസം…നമുക്കൊന്നൊരുമിച്ചിരിക്കാന്‍..?’ നൂറ ചോദിച്ചു.
‘എന്നാപിന്നെ നാട്ടില്‍ നിന്റെ വീട്ടീന്നാക്കാം…നമ്മളെ കുടുംബശ്രീ അംഗങ്ങളെയെല്ലാം വിളിക്കാം…എല്ലാ സണ്‍ഡേയും ഞാന്‍ ഫ്രീയാണ്.’ ഫര്‍സാന ആവേശത്തോടെ പറഞ്ഞു.
‘ഫൈറൂ…ഇജാസ് നാട്ടിലുണ്ടോ…ഉണ്ടേല്‍ നീ അവനേം മോളേം എല്ലാരി കൂട്ടി വാ….’
‘അത്, ഞാന്‍ ചോദിക്കാന്‍ വിട്ടു എന്താണ് ഇജാസിന്റെ അവസ്ഥ…പുറത്താണോ…’ ഫര്‍സാനയും ചോദിച്ചു.
‘അല്‍ഹംദുലില്ലാഹ്, എല്ലാം റാഹത്തിലാണ്…മിക്ക സമയങ്ങളിലും ബിസിനസ് ആവശ്യാര്‍ത്ഥം പുറത്താണുണ്ടാവറുള്ളത്. രണ്ടുമാസം ജോലിയും ഒരുമാസം അവധിയും. ആ ഒരുമാസം എനിക്കുംമോള്‍ക്കുമുള്ളതാണ്. അതുകൊണ്ടു തന്നെ ആ മൂന്നാമത്തെ മാസത്തിന് വേണ്ടി കാത്തിരിക്കലാണ് പ്രധാനപണി. അടുത്ത ആഴ്ച്ച വരും. ഇ.അ.’
‘ എന്നാല്‍ പിന്നെ, അവന്‍ കൂടെ വന്നതിന് ശേഷമുള്ള ഒരു ദിവസമാക്കാം നമ്മുടെ ഗറ്റുഗതര്‍, പിന്നെ വന്ന അന്നു തന്നെ തിരിച്ചുപോവാം എന്ന് കരുതരുത്. ഒന്ന് രണ്ടു ദിവസമൊക്കെ ഒരുമിച്ച് നിന്നതിന് ശേഷം പോവാം…’ നൂറ എന്തോ ആവേശത്തില്‍ പറഞ്ഞു.
‘ഉം…എല്ലാവരെയും കാണാന്‍ കൊതിയായിട്ടു വയ്യ. അങ്ങനെയേണെങ്കില്‍ നെക്സ്റ്റ് സെകന്‍ഡ് സാറ്റര്‍ഡേ ആന്‍ സണ്‍ഡെയാക്കാം…’ ഫര്‍സാന പറഞ്ഞു.
‘ഒകെ, നിങ്ങളുടെയൊക്കെ കഥകേട്ട് ഇവിടെയൊരാള് നിങ്ങളെ കാണാന്‍ കൊതിയോടെ കാത്തിരിപ്പാണ്. പ്രത്യേകിച്ച ഫൈറൂന്റെയും ഇജാസിക്കാന്റെയും കല്യാണകഥ കേള്‍ക്കാന്‍….’ നൂറ റസാന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ഉമ്മാന്റെ മടിയില്‍ ചാരിയിരുന്ന് കൊണ്ട് അവനും ഫോണിന്റെ സ്‌ക്രീനില്‍ നോക്കി ചിരിച്ചു.
‘അപ്പോള്‍ റസിമോന് കഥ പറഞ്ഞു കൊടുക്കാന്‍ നൂറയും കൂട്ടരും ഒരു വരവു കൂടെ വരേണ്ടിവരും അല്ലേ….’ ഫര്‍സാനയത് പറഞ്ഞപ്പോള്‍ നൂറയുടെ മുഖത്ത് സന്തോഷത്തിന്റെ അശ്രുകണങ്ങള്‍ നിറഞ്ഞിരുന്നു.
(അവസാനിച്ചു)
(അനുവാചകര്‍ക്ക് കൃതജ്ഞതകള്‍)
(നോവലിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയിക്കാം.. 7356114436 (വാട്‌സാപ്പ്))