‘ എടീ….നീ കുറച്ച് നേരം ഇവിടെയിരി…ഞാനിപ്പൊ വരാം….’ റുഖ്‌സാനയോട് റൂമിലിരിക്കാന്‍ പറഞ്ഞതിന് ശേഷം ഫൈറൂസ എന്തോ ആവശ്യത്തിന് വേണ്ടി റൂമില്‍ നിന്ന് താഴേക്ക് പോന്നു. റൂമില്‍ തനിച്ചിരിക്കുന്ന റുഖ്‌സാന പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്ന ഷെല്‍ഫിനരികിലേക്ക് നടന്നു. വെറുത പുസകങ്ങള്‍ പരതുന്നതിനിടയില്‍ പുറം ചട്ടയില്‍ ഹാര്‍ട്ടിന്റെ ചിഹ്നം വരച്ച ഒരു ഡയറി അവളുടെ ശ്രദ്ധയില്‍ പെട്ടു. അവളതെടുത്ത് വായിക്കാനരംഭിച്ചു. ഫൈസലുമായി ഫൈറൂസ കണ്ടു മുട്ടിയ നിമിഷം മുതല്‍ അവനീ ലോകത്ത് നിന്ന് വേര്‍പിരിഞ്ഞതു വരേയുള്ള ഓരോ നിമിഷങ്ങളും ഹൃദയത്തില്‍ നിന്നെന്നോണം അതില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്ന് താഴെ നിന്ന് ആരോ മുകളിലേക്ക് കോണിപടി കയറിവരുന്നത് ശ്രദ്ധയില്‍പ്പെട്ട അവള്‍ ഡയറി തന്റെ ബേഗിലൊളിപ്പിച്ചു.
‘കാത്തിരുന്ന് മുഷിഞ്ഞോ…നീയ്യ്… സോറി, ഞാന്‍ നൂറയെ ഒന്ന് സമാധാനിപ്പിക്കാന്‍ വേണ്ടി പോയതാ….അവളങ്ങനെയാണ് നബിതങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും പറഞ്ഞാലുടെന്‍ കരയും. അതോണ്ട് തന്നയാണിട്ടൊ എല്ലാവര്‍ക്കും അവളോട് ഒരു പ്രത്യേകം സ്‌നേഹം തോന്നാനും കാരണം’ റൂമിലേക്ക് കയറിയ ഫൈറൂസ റുഖ്‌സാനയോട് പറഞ്ഞു.
‘ഉം…അതെനിക്ക് മനസ്സിലായി. എന്തോ വല്ലാത്ത ഒരാകര്‍ഷണിയത അവളില്‍ എനിക്കും ഫീല്‍ ചെയ്തു…’ ഫൈറൂസയുടെ ഡയറി താനെടുത്ത വിവരം റുഖ്‌സാന അവളോട് പറഞ്ഞില്ല.
‘നീയിന്ന് ഇവിടെ നിന്നോ…എനിക്കൊരു കൂട്ടാവുമല്ലോ…’ ഫൈറൂസ റുഖ്‌സാനയെ നിര്‍ബന്ധിച്ചു.
‘ഇല്ലടി…ഉപ്പക്കും ഉമ്മാക്കും ഇഷ്ടാവൂല…എന്നും രാത്രി വീട്ടിലുണ്ടാവല് നിര്‍ബന്ധമാണ്. മറ്റൊരിക്കലാവട്ടെ….’ റുഖ്‌സാന തന്റെ ബേഗുമെടുത്ത് പോകാനിറങ്ങി.
‘ എന്നാ പിന്നെ കുറച്ച് കഴിഞ്ഞിട്ട് പോകാം…’ ഫൈറൂസ വീണ്ടും നിര്‍ബന്ധിച്ചു.
‘ഇപ്പൊ തന്നെ സമയം വൈകി…നീ ആ ഇജാസിന്റെ മനസ്സ് മാറാന്‍ ദുആ ചെയ്യ്…’ റൂഖ്‌സാന യാത്ര പറഞ്ഞിറങ്ങി.
***
റുഖ്‌സാന വീട്ടിലേക്ക് പോകുമ്പോള്‍ ഇജാസിനെ വിളിച്ചു.
‘ എടാ, നിനക്കൊന്ന് എന്റെ വീട് വരേ വരാന്‍ പറ്റുമോ…വിട്ടിലോട്ട് വരണ്ട…വീടിന്റെ അടുത്തൊരു ഗ്രൗണ്ടുണ്ട് അവിടെയെത്തുമ്പോള്‍ എന്നെയൊന്ന് വിളിച്ചാല്‍ മതി…’ വളറെ പതിഞ്ഞ സ്വരത്തില്‍ ഗൗരവത്തില്‍ പറയുന്ന റുഖ്‌സനയോട് ഇജാസ് ചോദിച്ചു.
‘ എന്താടി വീട്ടില്‍ വല്ല സീനുമുണ്ടോ…നീയെന്താ വല്ലാണ്ടിരിക്കുന്നത്…ദ ഞങ്ങളിപ്പൊ വരാം….’ ഇജാസ് തന്റെ കൂടെയുള്ളവരോടൊപ്പം വരാമെന്ന് കൂട്ടിച്ചേര്‍ത്തു.
‘ വീട്ടിലെന്ത് സീന്…ഒരു പ്രശ്‌നവുമില്ല…ഞാനിപ്പൊ ബസിലാണ്…നല്ല തിരക്കുണ്ട് അതാണ് പതുക്കെ സംസാരിക്കുന്നത്…നിനക്ക് ഫൈസലുമായി ബന്ധപ്പെട്ട ഒരു കാര്യം നിനക്ക് തരാനുണ്ട് അതൊന്ന് ഏല്‍പ്പിക്കാനാണ്…നീ വേഗം വാ…ആ…പിന്നെ, നീ ഒറ്റക്ക് വന്നാല്‍ മതി….’
അതും പറഞ്ഞ് അവള്‍ ഫോണ്‍ കട്ട് ചെയ്തു. നാട്ടില്‍ ബസിറങ്ങി നടന്ന് വീടിനടുത്തുള്ള ഗ്രൗണ്ടിനടുത്തെത്തുമ്പോഴേക്കും ഇജാസ് അവിടെ കാത്തിരിക്കുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടു.
‘എന്താണ്….ഫൈസലിന്റെ എന്തോ പ്രാധാനപ്പെട്ടകാര്യം നിന്റേലുണ്ടെന്ന് പറഞ്ഞത്…’ അവന്‍ റുഖ്‌സാനയെ കണ്ടതും എടുത്തപ്പടി ചോദിച്ചു. തന്റെ സൈഡ് ബാഗില്‍ നിന്നും അവള്‍ ഫൈറൂസയുടെ ഡയറിയെടുത്തു.
‘എടാ, ഇത് ഫൈറൂസയുടെ പേഴ്‌സണല്‍ ഡയറിയാണ്. ഞാനിന്നവളെ കാണാന്‍ പോയിരുന്നു. അപ്പോള്‍ എടുത്തതാണ്…ഞാനിതെടുത്ത വിവരം അവളറിഞ്ഞിട്ടില്ല…’ റുഖ്‌സാന ഫൈറൂസയുടെ പേരു പറഞ്ഞതും ഇജാസിന് കലിപ്പ് തരിച്ചു കയറാന്‍ തുടങ്ങി.
‘നീ…ഇതിന് വേണ്ടിയിട്ടാണോ എന്നോട് ഇത്രയും തിരക്കിട്ട് ഇതുവരെ വാന്‍ പറഞ്ഞാത്…, നീ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്….’ ഇജാസിന്റെ രോഷം പുറത്ത് ചാടി. ഒരുനിമിഷം അവന് പറയാന്‍ അവസരം കൊടുത്തതിന് ശേഷം റുഖ്‌സാന പറഞ്ഞു.
‘നീ എടുത്ത് ചാടി പറയല്ലേ….ഞാന്‍ പറയുന്നത് പൂര്‍ണ്ണമായി കേള്‍ക്ക്…നീയും ഫൈസലും അന്ന് നൂറയുടെ കല്യാണം മുടക്കാന്‍ വേണ്ടി പോയില്ലെ, അന്ന് ഫൈറൂസ ഫൈസലിനെയും കൂട്ടി എങ്ങോട്ടോ പോയില്ലേ….അതിന് ശേഷം നടന്നതൊന്നും നിനക്കറിയില്ലല്ലോ….’ റുഖ്‌സാന ഒന്നിടവിട്ടു.
ഫൈസലും താനും നൂറയുടെ കല്യാണമുടക്കാന്‍ വേണ്ടിയാണ് അങ്ങോട്ട് പോയതെന്ന് ഇവള്‍ക്കെങ്ങനെ മനസ്സിലായി എന്ന ആശ്ചര്യം അപ്പോള്‍ ഇജാസിന്റെ മുഖത്ത് കാണാമയിരുന്നു.
‘ ആ…അതാ ഞാന്‍ പറഞ്ഞത്…നീ ഡയറി മനസ്സിരുത്തിയൊന്ന് വായിക്ക് അപ്പോള്‍ നിനക്ക് മനസ്സിലാവും നിന്റെ അല്ല നമ്മുടെ ഫൈസലിന് എന്താണ് ശരിക്ക് സംഭവിച്ചതെന്നും അതില്‍ ഫൈറൂസയുടെ റോളെന്താണെന്നും’ അതും പറഞ്ഞ് റുഖ്‌സാന ആ ഡയറി അവന്റെ കൈകളില്‍ വെച്ചു കൊടുത്തു.
‘ ഇനിയിവിടെ കൂടുതല്‍ സമയം നില്‍ക്കണ്ട….നാട്ടുകാരാരേലും കണ്ട് വീട്ട് പോയി പറഞ്ഞാല്‍ പിന്നെ അതോടെ തീര്‍ന്നു കിട്ടും എല്ലാം..എന്ന, പിന്നെ നീ ചെല്ല്….’ റുഖ്‌സാന ഫൈസലിനോട് ഗുഡ്‌ബൈ പറഞ്ഞ് വീട്ടിലേക്ക് നടന്നു. ഫൈസല്‍ രക്തവര്‍ണ്ണത്തില്‍ ഹൃദയത്തിന്റെ ചിഹ്നം വരച്ചിരിക്കുന്ന ആ ഡയറിയുടെ പുറം ചട്ടയിലേക്ക് കണ്ണുകളെടുക്കാതെ നോക്കിയിരുന്നു. കാരണം ഇതുപോലോത്ത രണ്ടു ഡയറികള്‍ താനാണ് ഫൈസലിനും ഫൈറൂസക്കും ഗിഫ്റ്റായി നല്‍കിയത്. ഉപ്പച്ചി ഗള്‍ഫില്‍ ഏതോ പത്രത്തിന്റെ എഡിറ്ററായിട്ടാണ് ജോലി ചെയ്യുന്നത്. ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ഒരു ഡസന്‍ ഡയറിയുമായിട്ടാണ് വന്നത്. ഡയറിയുടെ വിഷയം ഫൈസലുമായുള്ള ഒരു സംഭഷണത്തിനിടയില്‍ പറഞ്ഞപ്പോഴാണ് അവന്‍ എന്നാല്‍ രണ്ട് ഡയറി എനിക്കു താടായെന്ന് പറഞ്ഞത്.
‘എന്തിനാണ് രണ്ടെണം….’ എന്ന് ചോദിച്ചപ്പോള്‍.
‘എടാ..അവളെന്നോട് ഒരുപാട് നാളായി ഒരു ഡയറിവേണമെന്ന് പറയുന്നു. പിന്നെ ഒന്ന് എനിക്കും…’ അങ്ങനെയാണ് അവന് താനീ ഡയറി സമ്മാനിക്കുന്നത്.
***
വീട്ടിലെത്തിയ ഉടനെ ഇജാസ് റൂമില്‍ കയറി ഫൈറൂസയുടെ ഡയറി വായിക്കാനാരംഭിച്ചു. എല്ലാം വളരെ കൃത്യമായി തന്നെ അതില്‍ എഴുതിയിട്ടുണ്ട്. പല സ്ഥലങ്ങളിലും അവന്റെ കണ്‍കോണുകളില്‍ ചുടു കണം നിറഞ്ഞു. അവസാനം അവളും അവനും തമ്മിലുണ്ടായ സംഭാഷണവും അവളുടെ ഉപദേശം അവന്റെ വായിച്ചപ്പോള്‍ അവന്റെ ഉള്ളു പിടച്ചു. കലിമ ചൊല്ലി മരിക്കുന്നതിന് മുമ്പ് അവന്‍ ഫാതിഹ് ഡോക്ടറോട് പറഞ്ഞ ഓരോ വാക്കുകളും എത്ര കൃത്യതയോടെയാണ് ഫൈറൂസ എഴുതിവെച്ചതെന്ന് അവന്‍ അത്ഭുതപ്പെട്ടു. കലിമ ചൊല്ലിമരിക്കുവാന്‍ സാധിക്കുകയെന്നതാണ് ഒരു വിശ്വാസിയുടെ ജീവിതം സാര്‍ത്ഥകമായിരുന്നു എന്നതിന് തെളിവന്ന് നൂറയെ ഉദ്ധരിച്ചു കൊണ്ട് ഫൈറൂ ഡയറിയിലെയുതിയ സംഭവങ്ങളോരോന്നും ഇജാസിന്റെ ഇടനെഞ്ചില്‍ തന്നെ ചെന്ന് തറച്ചു.
വായനക്ക് ശേഷം അവന്‍ ഫൈസലിനെ കുറിച്ചോര്‍ത്തു. അവന്റെ കൈവശവും ഇതുപോലൊരു ഡയറിയുണ്ടാവുമല്ലോ. ഒരു പക്ഷെ, അവനും ഡയറി എഴുതിയിട്ടുണ്ടെങ്കിലോ. ഇജാസിന്റെ മനസ്സില്‍ ഫൈസലിന്റെ ഡയറിയെ കുറിച്ചുള്ള ചിന്തകള്‍ പുകഞ്ഞു കൊണ്ടിരുന്നു. അവന്‍ ബൈക്കെടുത്ത് ഫൈസലിന്റെ വീട്ടിലേക്ക് കീ കൊടുത്തു.
ഫൈസലിന്റെ വീടവന് സ്വന്തം വീടു പോലെയാണ്. പലരും ഫൈസലിന്റെ ഉമ്മയോട് ഇവരെ നിങ്ങളിരട്ടപെറ്റതാണോയെന്ന് വരേ ചോദിക്കാറുണ്ട്. അവന്‍ ഫൈസലിന്റെ റൂമില്‍ കയറി ഡയറിക്ക് വേണ്ടി പരതി. അവന്റെ റൂമില്‍ വ്യക്തിപരമായി വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ സൂക്ഷിക്കുന്ന ഷെല്‍ഫ് ഇജാസ് തുറന്നു. മുകളില്‍ തന്നെ വളരെ ഭദ്രമായി ഡയറിയുണ്ട്. ആ ഡയറിലും രക്തവര്‍ണ്ണമായ ഒരു ഹൃദയത്തിന്റെ ചിഹ്നമുണ്ട്. രണ്ടും ഒരാള്‍ വരച്ചതാണെന്നുറപ്പാണ്. അതേതായാലും ഫൈറൂസ വരച്ചതാവാനാണ് സാധ്യതയെന്ന് ഇജാസ് മനസ്സി കരുതി. അവന്‍ ഡയറി അവസാന പേജുകള്‍ ധൃതിയിട്ടു മറച്ചു.
നൂറക്ക് എന്തേലും പണി കൊടുക്കാന്‍ വേണ്ടി പോയതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് അവന്‍ എഴുതിയിരിക്കുന്നത്. ഇജാസ് ഡയറി ഒരാവര്‍ത്തി പതുക്കെ മനസ്സിരുത്തി വായിച്ചു. ഫൈറൂസയുടെ ഡയറിയില്‍ പറഞ്ഞതെല്ലാം അവനും എഴുതിയിരിക്കുന്നു. അവസാനം ‘എന്താണ് ഫൈറൂസയുടെ വീട്ടില്‍ നടന്നതെന്ന് ഞാന്‍ ഇജാസിനോട് പറഞ്ഞില്ല. ഇനിയതിപ്പൊ അവനോട് പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ. ഇതെല്ലാം താന്‍ തന്നെ വരുത്തിവച്ചതല്ലെ. ഇത് ഞാന്‍ തന്നെ തീര്‍ക്കും….’ എന്ന ഭാഗം വായിച്ചപ്പോള്‍ ഫൈസല്‍ തന്നോട് നേരിട്ട് സംസാരിക്കുന്നത് പോലെ ഇജാസിന് തോന്നി. അവന്‍ ഡയറിയില്‍ നോക്കിയിട്ട് സങ്കടം കലര്‍ന്ന് ദേഷ്യപെടുന്നത് പോലെ പറഞ്ഞു ‘ എടാ…അനക്ക് എന്നോട് പറഞ്ഞൂടായിരുന്നോ…അങ്ങനെങ്കിലും ഞാനും അന്റെ കൂടെ ഡോക്ടറെ വീട്ടിലേക്ക് പോരില്ലായിരുന്നു. ഞാനാണന്ന് ബൈക്ക് ഓടിച്ചിരുന്നെതെങ്കില്‍ ഇത് വല്ലതും പറ്റുമായിരുന്നോടോ…’ ഇജാസിന്റെ കവിള്‍ തടത്തിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങി.
‘അവളോടെനിക്ക് മാപ്പ് മറയണം. ജീവിതത്തില്‍ ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ് ഞാനിന്നവളോട് ചെയ്തത്. ഈ തെറ്റിന് മാപ്പും പ്രായശ്ചിത്വവും ചെയ്യാത്ത കാലത്തോളം താന്‍ ജീവിച്ചിരുന്നിട്ട് തന്നെ കാര്യമില്ല. എന്തൊരു മൂര്‍ച്ചയാണ് ഫൈറൂസയുടെ ഓരോ വാക്കുകള്‍ക്കും. എന്തൊരു പക്വതയോടെയാണ് അവളെനിക്ക് കാര്യങ്ങളെ മനസ്സിലാക്കി തന്നത്. അല്ലാഹുവേ നീയെനിക്ക് പൊറുത്ത് തരണേ…’ ഫൈസലിന്റെ ഡയറിയിലെ അവസാ പേജ് തുടങ്ങുന്നത് ഇങ്ങനെയാണ്. അത് വായിച്ചപ്പോള്‍ ഫൈസലിത്ര ലോല ഹൃദയനായിരുന്നുവോയെന്ന് ഇജാസ് ഒരു നിമിഷം ചിന്തിച്ചു. അവന്‍ ഡയറി മടക്കി വെച്ച് ആലോചനയില്‍ മുഴുകി. ‘ ഇനിയും താന്‍ ഫൈറൂസയെ ബുദ്ധിമുട്ടാക്കിയാല്‍ അതായിരിക്കും ഫൈസല്‍ തന്നില്‍ നിന്ന് ഏറ്റവും വെറുക്കുന്ന കാര്യം. അതോണ്ട് ഇനിയവളെ വേട്ടയാടാന്‍ പറ്റില്ല.’ ഇജാസ് താനിന്ന് കോളേജില്‍ കാട്ടികൂട്ടിയ കോപ്രായങ്ങളോര്‍ത്ത് കുറ്റബോധമുള്ളവനെ പോലെ മനസ്സില്‍ പറഞ്ഞു. പെട്ടെന്നവന്റെ ഫോണ്‍ ബെല്ലടിച്ചു. റുഖ്‌സാനയാണ്. അവന്‍ ഫോണെടുത്തു.
‘ഹല്ലോ….എന്തായടാ…നീ വായിച്ചോ….?’ അവള്‍ ജിജ്ഞാസയോടെ ചോദിച്ചു. തന്റെ കൈവശമുണ്ടായിരുന്ന ഫൈസലിന്റെ ഡയറിയിലേക്ക് നോക്കിയപ്പോള്‍ ഒരു നിമിഷം അവനൊന്നും മിണ്ടാന്‍ സാധിച്ചില്ല. തൊണ്ടയിലെന്തോ കുരുങ്ങി വലിക്കുന്നത് പോലെ.
‘ഹലോ…ഡാ…ഇജാസേ…നീയെന്താടാ ഒന്നും മിണ്ടാത്തത്…നീയവിടെയില്ലേ…’ പ്രതികരണമൊന്നും കേള്‍ക്കാത്തത് കണ്ടപ്പോള്‍ റുഖ്‌സാന വിളിച്ച് ചോദിച്ചു. ഇജാസ് വീണ്ടും തൊണ്ടയനക്കി താനിവിടെയുണ്ടെന്ന് സൂചന കൊടുത്തു.
‘എടീ…ഞാന്‍ ഫൈറൂസയെ വല്ലാതെ വിഷമിപ്പിച്ചുവല്ലേ…അതായിരിക്കും ഫൈസല്‍ ഏറ്റവും വെറുക്കുന്ന കാര്യം. അതും അവന്റെ ഖബറിന്‍ പുറത്തെ മണ്ണ് ഉണങ്ങുന്നതിന് മുമ്പ്…ഞാനെന്തൊരു ബെസ്റ്റ് ഫ്രണ്ടാണല്ലേ…’ ഇജാസിന്റെ വാക്കുകളില്‍ സൂഹൃത്തിനോട് എന്തോ അപരാധം ചെയ്ത വിഷമമുണ്ടായിരുന്നു. ഇജാസ് ഫൈറൂസയുടെ ഡയറി വായിച്ചിട്ടുണ്ടെന്ന് റുഖ്‌സാനക്ക് വ്യക്തമായി.
‘നീയെന്തൊക്കെയാടാ…ഈ പറയുന്നത്…നീ കാര്യങ്ങളൊന്നും അറിയാതയല്ലേ ചെയ്തത്…അതു സാരമില്ല. അവന്‍ മരിച്ചപ്പോള്‍ നീ കരുതിയത് പോലെ ഫൈറൂസയാണ് ഇതിനു പിന്നിലെന്നു തന്നെയാണ് ഞാനടക്കമുള്ള എല്ലാവരും കരുതിയത്. അതോണ്ടാണ് അതിന്റെ സത്യാവസ്ഥയറിയാന്‍ വേണ്ടി ഞാനിന്ന് അവളുടെ വീട്ടില്‍ പോയതും കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞതും അവളറിയാതെ ആ ഡയറിയെടുത്ത് നിനക്കെത്തിച്ചെതുമെല്ലാം. അവളൊരു പാവം കുട്ടിയാടാ…നീയും ഈ സത്യമറിയണമെന്നെനിക്ക് തോന്നി. ഇല്ലെങ്കില്‍ ഫൈസലിനോട് നമ്മഌ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കുമത്’ റുഖ്‌സാന ശ്വാസമെടുക്കാനുള്ള സാവകാശമെടുത്തു.
‘അതെ,’ ദുഖഭാരത്തില്‍ കനത്ത ശബ്ദത്തില്‍ ഇജാസ് മറുപടി പറഞ്ഞു.
‘എടാ…ഇനിയിതിന്റെ പേരില്‍ കോളേജില്‍ അവള്‍ അപമാനിക്കപ്പെടരുത്. അവളുടെ തുടര്‍ പഠനം മുടങ്ങരുത്. കര്യങ്ങളെല്ലാം വരുതിയിലാക്കാന്‍ നീ ശ്രമിക്കണം…..’
റുഖ്‌സാന തന്റെ ലക്ഷ്യ നിര്‍വഹിച്ചു കൊണ്ട് പറഞ്ഞു.
‘ തീര്‍ച്ചയായും…ഞാനും അതു തന്നെയാണ് അലോചിച്ചു കൊണ്ടിരിക്കുന്നത്…’ എന്തോ തീരുമാനിച്ചുറച്ച രീതിയില്‍ ഇജാസ് പറഞ്ഞു. അതു കേട്ടപ്പോള്‍ റുഖ്‌സാന സമാശ്വാസത്തിന്റെ ദീര്‍ഘ ശ്വാസമെടുത്തു.
‘എടാ…പിന്നെ, നീയവളുടെ ഡയറിയില്‍ ഒരു കാര്യം ശ്രദ്ധിച്ചോ…അവര് നാട്ടില്‍ ആ നൂറയും ടീമും ഫൈസലിന് വേണ്ടി പ്രാര്‍ത്ഥന മജ്‌ലിസും മറ്റുംമെല്ലാം സങ്കടപ്പിക്കുന്നുവെന്ന്….’ അല്‍പ്പ നേരത്തെ നിശബ്ദതക്ക് ശേഷം റുക്‌സാന ഇജാസിനോട് ചോദിച്ചു.
‘അതെ, വായിച്ചു…’ ഇജാസ് അതിനന്താ എന്ന മുഖഭാവത്തോടെ ചോദിച്ചു.
‘എടാ….നമ്മളെല്ലെ ഇതെല്ലാം ചെയ്യേണ്ടത്. അവനോട് അവരെക്കാള്‍ കൂടുതല്‍ കടപ്പാട് നമുക്കില്ലേ…’
അവളുടെ ആ ചോദ്യം കേട്ടപ്പോഴാണ് അത് ശരിയാണല്ലോ എന്ന തോന്നല്‍ ഇജാസിനുണ്ടായത്. അല്‍പ്പ സമയം മിണ്ടാതിരുന്ന് എന്തോ ആലോചിച്ചതിന് ശേഷം അവന്‍ ചോദിച്ചു.
‘ എന്നാല്‍ നമുക്ക് കോളേജില്‍ ഒരു ഫൈസല്‍ അനുസ്മരണ പരിപാടി വച്ചാലോ…’
‘കോളേജില്‍ അനുസ്മരണ പരിപാടിയൊക്കെ വെക്കേണ്ടത് തന്നെയാണ്. പക്ഷെ, അവന് മരിച്ചാല്‍ ഖബറിലെന്തെങ്കിലും കിട്ടണമെങ്കില്‍ അവര് പ്ലാന്‍ ചെയ്തത് പോലെ എന്തേലും പരിപാടി വെക്കണ്ടേ….’
അവള്‍ സംശയ രൂപേണ ഇജാസിനോട് ചോദിച്ചു.
‘ഉം…അതും ശരിയാ, എടീ…ഫൈറൂസയുടെ ഡയറിയെ പോലെ തന്നെ ഫൈസലും ഡയറി എഴുതിയിട്ടുണ്ട്. ഞാനിപ്പോള്‍ നീ വിളിക്കുമ്പോള്‍ അവന്റെ വീട്ടില്‍ അവന്റെ റൂമില്‍ ആ ഡയറി വായിച്ചോണ്ടിരിക്കുകയായിരുന്നു. ഫൈറൂസയുടെ ഡയറിയിലുള്ളത് പോലെ തന്നെ തുടക്കത്തിലെല്ലാം അവരുടെ പ്രണയ നിമിഷങ്ങളാണെങ്കിലും അവസാന ഭാഗങ്ങളില്‍ അവനിലെന്തോ ആത്മീയത നിറയുന്നത് പോലെ ഇത് വായിക്കുമ്പോള്‍ ഫീല് ചെയ്യുന്നടീ… അവനെന്തോ നന്നാവാന്‍ തീരുമാനിച്ചത് പോലെ…’ ഇജാസ് അതും കൂടെ പറഞ്ഞപ്പോള്‍ ഫൈസലിന്റെ പേരില്‍ എന്തെങ്കിലും ആത്മീയ സദസ്സ് സംഘടിപ്പിക്കണം എന്ന് റുഖ്‌സാനക്കും നിര്‍ബന്ധമായി.
‘എടീ…കോളേജില്‍ അതു പോലോത്ത പരിപാടിയൊക്കെ വെച്ചാല്‍ ആകെ അലമ്പാവും…’ ഇജാസ് പ്രതിസന്ധി പറഞ്ഞു.
‘അതും ശരിയാണ്…എന്നാ പിന്നെ നമുക്ക് ഫൈറൂസയുടെയും നൂറയുടെയും കൂടെ കൂടി അവിടെ വച്ചാക്കിയാലോ….’
റുഖ്‌സാന ഒരു ഒഴുക്കന്‍ മട്ടിലങ്ങ് ചോദിച്ചു.
‘അതൊരു നല്ല ആശയമാണ്…നമുക്കും അവരോടപ്പമങ്ങ് കൂടാം….’ ഇജാസ് അത് ശരിവെച്ചു കൊണ്ട് സംസാരിച്ചു.
‘ പക്ഷെ, ആ പരിപാടി ഗേള്‍സ് ഓണ്‍ലിയാണ്…നമുക്ക് കോളേജിലെ ഫൈറൂസയുമായി ഏറ്റവും റിലേറ്റായ കുറച്ചു കുട്ടികളെ കൂട്ടമല്ലേ….അന്നത്തെ പരിപാടിയുടെ ഭക്ഷണം നമുക്ക് ഓഫ്‌റ് ചെയ്യുകയുമാവാം…’ റുഖ്‌സാന തന്റെ ആവലാതികുളും ആഗ്രഹങ്ങളും പറഞ്ഞു.
‘ഒകെ, അങ്ങനെയാണെങ്കില്‍ നീ ഗേള്‍സിനൊയൊപ്പിച്ച് അവളുടെ വീട്ടിലേക്ക് ചെല്ല്… ഞാന്‍ കുറച്ച് ബോയ്‌സിനെ കൂട്ടി ഒരുസ്താദിനെയും വിളിച്ച് പരിപാടി സംഘടിപ്പിക്കാം….ഏതായാലും നമ്മളെ കൊണ്ട് അവന് ഈ നന്മയെങ്കിലും കിട്ടട്ടെ’ ഇജാസ് പരിപാടി നടത്താനുറച്ചു കൊണ്ട് പറഞ്ഞു.
‘എന്നാ ശരിയെടാ…ഞാന്‍ ഫൈറൂസക്ക് വിളിച്ച് കാര്യങ്ങള്‍ സംസാരിക്കട്ടെ…’ റുഖ്‌സാന ഫോണ്‍ വെച്ചു.
****
(തുടരും)
അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?
*** *** *** ***