റസാന് കഥ പൂര്‍ത്തിയാക്കി പറയാന്‍ വേണ്ടി വാശിപ്പിടിച്ചെങ്കിലും
‘കുറച്ചു കഴിഞ്ഞപ്പോള്‍ ഇജാസിക്കയും കൂട്ടുക്കാരും അവിടെന്നിന്നും പോയി. അങ്ങനെ ഫൈറുത്ത വീട്ടിലേക്ക് പോന്നു’ എന്നും പറഞ്ഞ് നൂറ ഒഴിഞ്ഞു മാറി.
‘ഇനി ബാക്കി കഥ ഉമ്മി റസിമോന്‍ ചോറ് തിന്നിട്ട് പറഞ്ഞു തരണ്ട്…ഒകെ..’ റസാന്റെ മുഖത്ത് ഉമ്മവെച്ചു കൊണ്ട് നൂറ ചോദിച്ചു.
‘വേണ്ടാ…ഇനിക്ക് ഇപ്പം തന്നെ കേക്കണം…’ അവന്‍ ചിണുങ്ങി കരയാന്‍ തുടങ്ങി.
‘കിച്ചണില്‍ റസിമോന് ഉമ്മമ്മ എന്തൊക്കെയാ ഉണ്ടക്കിവെച്ചതെന്ന് പോയി നോക്കിയേ…’ നൂറ വീണ്ടും അവന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചു. പക്ഷെ, അവന്റെ ചിണുക്കം നിന്നില്ല.
‘വാ…നമുക്ക് രണ്ടു പേര്‍ക്കും ഉമ്മമ്മയുടെ അടുത്തേക്ക് പോവാം…’
നൂറ റസാന്റെ കയ്യും പിടിച്ച കിച്ചണിലേക്ക് നടന്നു. ‘നിങ്ങളാണ് ഈ കുട്ടിക്ക് ആവശ്യമില്ലാത്ത കഥകളെല്ലാം പറഞ്ഞു കൊടുത്ത് വാശിക്കാരനാക്കുന്നതെന്ന രൂപത്തില്‍ അവള്‍ ഫാതിഹിന്റെ മുഖത്തേക്ക് കണ്ണുകള്‍ രൂക്ഷമാക്കി കൊണ്ട് നോക്കി. ഫാതിഹ് പതുക്കെ ശബ്ദം പുറത്ത് വരാതെ സോറിയെന്ന് പറഞ്ഞു കൊണ്ട് ചമ്മല്‍ കലര്‍ത്തി ചിരവിടര്‍ത്തി.
‘ഉമ്മമ്മാ….നിങ്ങളെന്താണ് റസിമോന് വേണ്ടി ഉണ്ടാക്കിയത്….!’
നൂറ കിച്ചണിലേക്ക് നടക്കുന്നതിനിടയില്‍ വിളിച്ച് ചോദിച്ചു.
‘ആ….ഉമ്മമ്മാന്റെ കുട്ടിയെവിടേ….’
അടുക്കളയിലേക്ക് നടന്നുവരുന്ന റസാനെ സഫിയാത്ത കോരിയെടുത്തു.
‘റസിമോന് ഫ്രൂട്‌സലാഡ് വേണോ….നല്ല സ്റ്ററോബറിയും ആപിളും ഇട്ടുവെച്ച ഫ്രൂട്‌സലാഡ്…നമ്മള് രണ്ടാളും വൈകുന്നേരം ഉണ്ടാക്കിയത്…’ അവനെയും കൊണ്ട് ഫ്രിഡ്ജിന് നേരെ നടക്കുന്നതിനിടയില്‍ അവര് ചോദിച്ചു. ഫ്രൂട്‌സലാഡ് ഭയങ്കര ഇഷ്ടമാണ് റസാന്. വീട്ടിലുണ്ടാകുന്ന സത്കാരങ്ങളില്‍ ഫ്രൂട്‌സലാഡ് ഉണ്ടാക്കിയാല്‍ അതിന്റെ പ്രധാന ഗുണഭോക്താവ് അവനായിരിക്കും. തിന്നാന്‍ മാത്രമല്ല ഫ്രുട്‌സലാഡിന്റെ പ്രധാന ഇന്‍ഗ്രീഡിയന്‍സെന്തല്ലാമാണെന്നും അവന് കൃത്യമായാറിയാം.
‘കസ്ചഡ് പൗഡര്‍ തീര്‌ന്നോ ഉമ്മമ്മാ…’ ഉമ്മമ്മയുടെ തോളിലിരുന്ന് കൊഞ്ചി കൊണ്ട് അവന്‍ ചോദിച്ചു. അവനങ്ങനെ ചോദിക്കാനും കാരണമുണ്ട്. വൈകീട്ട് ഉമ്മമ്മയോടൊപ്പം ഫ്രൂട്‌സലാഡ് ഉണ്ടാക്കുമ്പോള്‍ ഉമ്മമ്മ കസ്റ്റഡ് പൗഡറ് അവന് നേര കാണിച്ചിട്ട് പറഞ്ഞു
‘ദ, ഇനിയിതു കൂടിയേ ബാക്കിയുള്ളൂ…നാളെ മുതല്‍ ഫ്രൂട്‌സലാഡ് വേണമെങ്കില്‍ നിന്റെ അബിയോട് പുതിയ പേക്കറ്റ് വാങ്ങിവരാന്‍ പറയണം..’
‘ഉം…നാന്‍ പറയാം…’ അവന്റെ നാവുളുക്കി.
‘ആ..തീര്‍ന്നു, ഞാന്‍ നിന്നോട് പറഞ്ഞില്ലേയ്‌ന്യോ അന്റെ അബിനോട് പുതിയത് വാങ്ങാന്‍ പറയാന്‍…ന്ന്ട്ട് മോന്‍ പറഞ്ഞിരുന്നോ…?’ ഉമ്മമ്മ അവനോട് ചോദിച്ചു.
‘ഇല്ല, റസിമോന്‍ മ…ന്നു പോയി…ഞപ്പം പോയി അബിയോട് പറയട്ടെ…’ അവന്‍ ഉമ്മമ്മയുടെ തോളില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചു.
‘വേണ്ട, നമുക്ക് ആദ്യം ഈ ഫ്രൂട്‌സലാഡ് കഴിക്കാം…അല്ലെങ്കില്‍ അത് മുഴുവനും കുട്ടു പൂച്ച കട്ട് തിന്നും…’ വീട്ടിലെ വളര്‍ത്തു പൂച്ചയാണ് കുട്ടു. റസാന്റെ പ്രധാന കളിക്കൂട്ടുകാരിലൊരാള്‍. ഉമ്മമ്മ അങ്ങനെ പറഞ്ഞപ്പോള്‍ അത് ശരിയാണല്ലോയെന്ന് അവനും തോന്നി. ഉമ്മമ്മ ഒരു ബൗളില്‍ ഫ്രൂട്‌സലാഡെയെടുത്ത് അവന് നല്‍കി. അവന്‍ ആവേശത്തോടെ അതുമായി കിച്ചണിലെ സൈഡു ചാരിയിട്ടിരിക്കുന്ന ചെയറില്‍ ചെന്നിരുന്ന് ആസ്വദിച്ചു കഴിക്കാന്‍ തുടങ്ങി.
നൂറ കുറച്ചു നേരം കിച്ചണിന്റെ വാതില്‍ക്കല്‍ അവനെയും ഉമ്മമ്മയേയും നോക്കി നിന്നതിന് മുഖത്തൊരു ചെറു ചിരി പാസാക്കിയതിന് ശേഷം പുറത്ത് സിറ്റൗട്ടില്‍ ചെന്നിരുന്നു. അവളുടെ മനസ്സ് മുഴുവന്‍ മറ്റൊരു ലോകത്തായിരുന്നു. റസിമോന്‍ കഥ പറയാന്‍ വാശിപ്പിടിച്ചപ്പോള് പറഞ്ഞു കൊടുക്കാതിരുന്നത് താത്പര്യമില്ലാതിരുന്നിട്ടല്ല. മറിച്ച്, അവനിപ്പൊ അതൊന്നും കേട്ട് വളരേണ്ട സമയമല്ലായെന്ന് തോന്നിയത് കൊണ്ടാണ്. അവളുടെ മനസ്സില്‍ അഭ്രപാളികളില്‍ നിറഞ്ഞാടുന്ന ചലചിത്രം പോലെ ഫൈറൂസയുടെ ആ ദിവസം തെളിഞ്ഞു വന്നു. അന്ന് സംഭവിച്ചതെല്ലാം ഒന്നിടവിടാതെ ഫൈറൂസ തന്നോട് അവതരിപ്പിച്ചതാണ്.
‘ സറെ, അവളെ ഞങ്ങള്‍ക്ക് വിട്ടു തരണം, ഞങ്ങളെ ഫൈസലിനെ കൊലക്ക് കൊടുത്തവളാണവള്…’ ഇജാസിന്റെ ശബ്ദം ആ കോളേജ് വരാന്തയില്‍ പ്രകമ്പനം കൊണ്ടു.
എത്ര നേരം ഫൈറൂസ ലതീഫ് സാറുടെ കാബിനകത്ത് നിന്നുവെന്നറിയില്ല. സാറ് പ്രിന്‍സിപ്പളുമായി സംസാരിച്ചതിന് ശേഷം കോളേജിന് അഫ്റ്റര്‍ നൂണ്‍ അവധി നല്‍കുവാന്‍ തീരുമാനമായി. അങ്ങനെ കോളേജിലെ ശബ്ദ കോലാഹലങ്ങള്‍ ശാന്തമായി എന്നുറപ്പായതിന് ശേഷമാണ് ഫൈറൂസ പുറത്ത് വന്നത്. ലത്തീഫ് സറ് അദ്ദേഹത്തിന്റെ തന്നെ വാഹനത്തിലാണ് അവളെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കിയത്. അവള്‍ വീട്ടിലത്തിയതിന് ശേഷം സുലൈഖാത്ത തന്നെ വിളിച്ചപ്പോഴാണ് താന്‍ കാര്യങ്ങളെല്ലാം അറിഞ്ഞത്. അറിഞ്ഞ ഉടനെ തന്നെ ഫൈറൂസയുടെ വീട്ടിലേക്ക് പോയി.
വിശാദമൂഖയായിരിക്കുന്ന അവളോട് കാര്യങ്ങളുടെ കിടപ്പുവശങ്ങള്‍ ശരിക്ക് ചോദിച്ചു മനസ്സിലാക്കി. ഞങ്ങള്‍ സംസാരിക്കുന്നതിനിടക്കാണ് പുറത്ത് കോളിങ് ബെല്ല് കേട്ടത്.
‘മോളേ…ഏതോ റുഖ്‌സാനയാണ്…നിന്റെ കോളേജിലെ കൂട്ടുകാരിയാണെന്ന പറഞ്ഞത്’
സൂലൈഖാത്ത മുകളിലേക്ക് വളിച്ചു പറഞ്ഞു. ഫൈറൂസ ഉടന്‍ തന്നെ സടകുടഞ്ഞെഴുന്നേറ്റ് പുറത്തേക്ക് ഓടി. പുറത്ത് തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന റുഖ്‌സാനയെ അവള്‍ അകത്തേക്ക് ക്ഷണിച്ചു.
‘ഉമ്മാ നിങ്ങള്‍ കുറച്ച് ചായയുണ്ടാക്കി മുകളിലേക്ക് വരുമോ…ഞങ്ങളവിടെയുണ്ടാവും’ റുഖ്‌സാനയോടൊപ്പം മുകളിലെ റൂമിലേക്ക് നടക്കുന്നതിനിടയില്‍ ഫൈറൂസ സുലൈഖാത്തയോട് പറഞ്ഞു.
‘ആ..ഞാനിപ്പൊം കൊണ്ടുവരാം…’ സുലൈഖാത്ത കിച്ചണിലേക്ക് നടന്നു. റൂമിലെത്തിയ ഫൈറൂസ റുഖ്‌സാനക്ക് എന്നെ പരിജയപ്പെടുത്തി.
‘എടീ..ഇതാണ് ഞാന്‍ പറയാറുള്ള നൂറ…’ റുഖ്‌സാന ചെറുതായൊന്ന് ചിരിച്ചതിന് ശേഷം എനിക്ക് കൈ തന്ന് അവിടെയിരുന്നു. ഫൈസലും ഫൈറൂസയും തമ്മില്‍ ബ്രേക്കപ്പാവാനുണ്ടായ കാരണം താനാണെന്നും അതാണ് കാര്യങ്ങള്‍ ഇത്രയും വരേ എത്തിച്ചെതെന്നും റുഖ്‌സാന ഇപ്പോഴും കരുതുന്നുണ്ടെന്ന് അവളുടെ മുഖഭാവത്തില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. പരിചയപ്പെടലിനും കുശലാന്വേഷണങ്ങള്‍ക്കും ശേഷം റുഖ്‌സാന അവളുടെ വരവിന്റെ ഉദ്ദേശ്യത്തിലേക്ക് കടന്നു.
‘എടി, ഫൈസലും ഇജാസും നിന്നെ കാണാന്‍ വേണ്ടി വന്നിരുന്നോ…ഇജാസ് പറയുന്നത് കേട്ടല്ലോ…അവര് രണ്ടു പേരും നിന്നെ കാണാന്‍ വന്നിരുന്നെന്നും. നീയും ഈ നൂറയും കൂടെ അവനെ എന്തോ പറഞ്ഞ് മാനസ്സികാമായി തളര്‍ത്തിയതാണെന്നും…അതു കാരണമാണത്രെ അവന്‍ ആ അക്‌സിഡന്റ് പറ്റിയത്…കാര്യത്തിന്റെ സത്യാവസ്ഥ അറിയാനാണ് ഞാനിന്ന് ഇങ്ങോട്ട് വന്നത്….ഇജാസിനെയും കൂട്ടരെയും പറഞ്ഞ് മയപ്പെടുത്തിയില്ലെങ്കില്‍ പിന്നെ നിനക്ക് കോളേജില്‍ കയാറാന്‍ പറ്റൂല…’ അവളത് പറയുമ്പോള്‍ എന്നെയും ഇടക്കണ്ണിട്ട് നോക്കുന്നുണ്ട്. എന്തോ അമര്‍ഷമുള്ളത് പോലെ.
‘ഞാനും നൂറയും അവനെ മാനസികമായി തളര്‍ത്തുകയോ…നീയെന്തൊക്കയാടീ ഈ പറയുന്നത്!?’ ഫൈറൂസ നിര്‍വികാരതയോടെ ചോദിച്ചു.
‘അവനിവിടെ വന്നു എന്നത് ശരിയാണ്. പക്ഷെ, അത് എന്നെയും നൂറയേയും കാണാനൊന്നുമായിരുന്നില്ല….അതെന്തിനായിരുന്നുവെന്ന് ഇജാസിനോട് ചോദിച്ചാല്‍ അവന്‍ തന്നെ കൃത്യമായി പറഞ്ഞു തരും.’ അവളുടെ സംസാരത്തില്‍ ഇജാസിനോട് ചെറിയൊരു അമര്‍ഷം ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നും. ഫൈറൂസ അന്ന് നടന്ന സംഭവങ്ങളെല്ലാം റുഖ്‌സാനക്ക് വിവരിച്ചു നല്‍കി. അവര്‍ വിവാഹം മുടക്കാന്‍ ശ്രമിച്ചതും ഫൈസലിനെയും ഫൈറൂസ കൂട്ടി വീട്ടിലേക്ക് വന്നതും വീട്ടില്‍ വെച്ച് അവര് തമ്മില്‍ നടന്ന സംഭാഷണങ്ങളും അവന്റെ ക്ഷമാപണവും അതിനെ തുടര്‍ന്ന് അവന്‍ ഡോക്ടറെ കാണുവാന്‍ വേണ്ടി വീട്ടിലേക്ക് പോയതും അവസാനം ആശുപത്രിയില്‍ നിന്ന് അവന്‍ പറഞ്ഞേല്‍പ്പിച്ച കാര്യങ്ങളും കലിമ ചൊല്ലി മരിച്ചതുമെല്ലാം. ആദ്യാവസാനം റുഖ്‌സാന ഇമയനക്കാതെ ഫൈറൂസയെ കേട്ടിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
‘എടീ…അവന്‍ പോയതില്‍ എന്നോളം മാനസ്സിക സമ്മര്‍ദ്ദവും സങ്കടവും അനുഭവിക്കുന്ന മറ്റൊരാളുണ്ടാകുമോയെന്നെനിക്കറിയില്ല…അവന്റെ നല്ല ഓര്‍മകളില്‍ ജീവിക്കാനും അവന് വേണ്ടി നന്മകളൊരുപാട് ചെയ്യാനുമാണെനിക്കിഷ്ടം. അല്ലാതെ സങ്കടപ്പെട്ടും മറ്റുള്ളവരെ പഴിചാരിയും നമ്മള് തമ്മില്‍ തര്‍ക്കിച്ചത് കൊണ്ട് നമുക്കവനെ തിരിച്ചു കിട്ടുമോ…ഇല്ലല്ലോ..! ‘ ഫൈറൂസ കണ്ണുനീരടക്കിപ്പിടിച്ച് വികാര ഭരിതയായി കൊണ്ട് സംസാരിച്ചു.
‘ എടീയെനിക്കിപ്പോള്‍ കാര്യങ്ങളെല്ലാം മനസ്സിലായി…നീ കരയാതിരിക്ക്’
റുഖ്‌സാന ഫൈറൂസയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
‘എടീ…ഫൈസലിന്റെ അവസാനം നല്ല നിലയിലായിരുന്നു. അതിന് സാക്ഷിയാണ് ഫാതിഹ് ഡോക്ടറ്. അതോണ്ട് ഞാനീ പറഞ്ഞതെല്ലാം നീ ഇജാസിനെയും കൂട്ടരെയും പറഞ്ഞു മനസ്സിലാക്കണം. നിന്നൊക്കൊണ്ടല്ലാതെ മറ്റൊരാള്‍ക്കും അത് സാധിക്കുകയില്ല’ ഫൈറൂസ റുഖ്‌സാനയോട് പറഞ്ഞു.
‘ഒ.കെ ഞാന്‍ ശ്രമിക്കാടി. അവനെങ്ങനെയാണ് കാര്യങ്ങളെ ഉള്‍ക്കൊള്ളുകായെന്ന് എനിക്കറിയില്ല. എന്നാലും ഞാന്‍ പറയും…സോറി നൂറ ഞാന്‍ നിന്നെ ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഞാനാണ് ഫൈറൂസയില്‍ നിന്ന് നിന്റെ നമ്പൊറൊപ്പിച്ച് ഫൈസലിന് കൊടുത്തത്. അതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം. അതെല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ സ്വന്തത്തോട് തന്നെ എന്തോ ലജ്ജ തോന്നുന്നു…’ ഫൈസലിന്റെ മരണം റുഖ്‌സാനക്കും ഉള്‍ക്കൊള്ളുവാന്‍ സാധിച്ചിട്ടില്ലെന്ന് അവളുടെ മുഖഭാവത്തില്‍ നിന്നു മനസ്സിലായി. ഫൈറൂസ സംഭവങ്ങളെല്ലാം വിവരിച്ച് നല്‍കിയപ്പോഴാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം തന്നിലാണെന്ന തോന്നലവള്‍ക്കുണ്ടായത്. അവള്‍ക്ക് അങ്ങനൊയൊരു തോന്നലുണ്ടെന്ന് മനസ്സിലായപ്പോള്‍ തന്നെ അവളെ ചേര്‍ത്ത് പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.
‘ വെറുതെ അതും ഇതും ഓര്‍ത്ത് സ്വയം സങ്കടപ്പെടേണ്ട. എല്ലാം അല്ലാഹുവിന്റെ ഖളാആണ്. അവന്റെ തീരുമാനത്തിനപ്പുറത്തുള്ളതൊന്നും ഇവിടെ സംഭവിച്ചിട്ടില്ല. ഇനിയൊട്ട് സംഭവിക്കുകയുമില്ല. നമ്മളിവിടെ കിടന്ന് പരസ്പരം പഴിചാരി സ്വയം കുറ്റമാരോപിക്കുന്നത് തന്നെ അവന്റെ ഖളാഇനോടുള്ള മുഖം തിരിക്കലാണ്. അതോണ്ട് താന്‍ സങ്കടപെടെണ്ടടോ….’
അന്ന് താനങ്ങനെ അവളെ ചേര്‍ത്ത് പിടിച്ച് സംസാരിച്ചപ്പോള്‍ അതവള്‍ക്ക് വല്ലാത്ത ആശ്വാസം നല്‍കിയെന്ന് തോന്നുന്നു. മൂന്നു പേരും അല്‍പം സമയം നിശബ്ദമായിരുന്നു.
‘ എന്നാലും അവന്‍ മരിച്ചു പോയെന്ന് എനിക്ക് വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല….’ റുഖ്‌സാനയുടെ വാക്കുകളില്‍ അവിശ്വസനിയത നിറഞ്ഞു നിന്നിരുന്നു. ഫൈസലിനെ കുറിച്ചുള്ള റുഖ്‌സാനയുടെ സങ്കടപ്പെടലും ഓര്‍മ പുതുക്കലുകളും ഫൈറുസയെ വീണ്ടും ഫൈസലിന്റെ ഓര്‍മകളുടെ ലോകത്തേക്ക് തന്നെ കൊണ്ടു പോയിട്ടുണ്ടെന്ന് ഒടിഞ്ഞു കുത്തി സങ്കടപ്പെട്ടു കൊണ്ടുള്ള അവളുടെ ആ ഇരുത്തം കണ്ടാല്‍ ആര്‍ക്കും മനസ്സിലാവും. എങ്ങനെ അവരെ സമാശ്വസിപ്പിക്കുമെന്നു കരുതി ഒരുപാട് തലപുകഞ്ഞാലോചിച്ചു. അപ്പോഴേക്കും സുലൈഖാത്ത നല്ല ചൂടുപാറുന്ന ചായയും പലഹാരങ്ങളുമായി റൂമിലേക്ക് വന്നു.
‘ എന്താണ് എല്ലാവരും മിണ്ടാണ്ടിരിക്കുന്നത്…’
സുലൈഖാത്ത മുഖത്ത് അത്ഭുതഭാവം വരുത്തി കൊണ്ട് ചോദിച്ചു. വീണ്ടും ഫൈസലുമായി ബന്ധപ്പെട്ട എന്തോ വിഷമത്തിലാണ് അവര്‍ മൂന്ന് പേരുമുള്ളതെന്ന് ഒരു മകളുടെ മുഖത്ത് നിന്ന് അവളനുഭവിക്കുന്ന സങ്കടങ്ങളെ വായിച്ചെടുക്കാന്‍ സാധിക്കുന്ന ഒരുമ്മയെന്ന നിലയില്‍ സുലൈഖാത്ത മനസ്സിലാക്കി കൊണ്ടാണ് അങ്ങനെ ചോദിച്ചത്.
‘ ഏയ്, ഒന്നുല്യമ്മാ…’ ഫൈറൂസ സുലൈഖാത്തയുടെ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.
‘ഇപ്പളും ഓന്‍ മരിച്ചതിന്റെ സങ്കടത്തിലെന്നേണോ ങ്‌ളെല്ലാരും…’ സുലൈഖാത്ത ടീപോയില്‍ ചായ വെക്കുന്നതിടയില്‍ ചോദിച്ചു.
‘ലോകത്ത് എത്ര വലിയ ആള്‍ക്കാര് ജീവിച്ച് മരിച്ച് പോയിക്ക്ണ്ന്ന് ങ്ള്‍ക്കറിയോ. ആ മരിക്ക്‌ണോലൊക്കെ ഏതെങ്കിലും ആളുകളുടെ ഏറ്റവും ഇഷ്ടപ്പെട്ട ആരെങ്കിലും ഒക്കെയായിരുന്നു. അങ്ങനെ ഇക്കണ്ട മരണങ്ങള്‍ക്കെല്ലാം കൂടെ ഈ ലോകര് മുഴുവന്‍ സങ്കടപ്പെട്ടിരിക്കാന്‍ തീരുമാനിച്ചാല്‍ ഈ ദുനിയവ് കണ്ണീര്‍ കടലാവൂലെ കുട്ട്യോളേ…’ സുലൈഖാത്ത അങ്ങനെ സംസാരിക്കുന്നത് താന്‍ അതിന് മുമ്പ് കണ്ടിട്ടു തന്നെയില്ല. പക്ഷെ അവരുടെ അന്നത്ത സംസാരം വലിയൊരാശ്വാസമായിരുന്നു. അങ്ങനെ റൂമില്‍ നിന്ന് തിരിഞ്ഞു നടക്കുമ്പോള്‍ അവരിത്രയും കൂടെ കൂട്ടിച്ചേര്‍ത്തു.
‘ മുത്ത് നബി മരിച്ചു പോയിലേ…അന്ന് സ്വഹാബാക്കളെ സങ്കടത്രേനി…ഉമറ് തങ്ങള്‍ക്കൊക്കെ ഭ്രാന്ത് വന്നത് പോലെയല്ലേന്യോ നൂറാ…..’ സുലൈഖാത്ത വാതില്‍ക്കല്‍ നിന്ന് തിരിഞ്ഞു കൊണ്ട് തന്റെ പേര് വിളിച്ചങ്ങനെ പറഞ്ഞപ്പോള്‍ ഉറക്കത്തില്‍ നിന്നന്നോണം ഒന്ന് ഞ്ഞെട്ടി. ശേഷം അവര് പറഞ്ഞത് നൂറു ശതമാനം ശരിയാണെന്ന് രീതിയില്‍ തലയാട്ടി.
‘ ആ കഥൊക്കെ അനക്കറിയൂലെ നൂറൂ….അതൊക്കെ ഇവര്‍ക്കും പറഞ്ഞഅ കൊടുക്ക്…ജ്ജ് വല്യ കഥപറച്ചില് കാര്യാണെന്ന് ഇബളിങ്ങനെ പറയിണത് കേക്കാലോ…’ സുലൈഖാത്ത ഫൈറൂസയുടെ മുഖത്ത് നോക്കി നൂറയോട് പറഞ്ഞു കൊണ്ട് താഴേക്ക് ഇറങ്ങി പോയി. സുലൈഖാത്ത പോയപ്പോള്‍ ഫൈറൂസ തന്റെ മുഖത്തേക്ക് നോക്കി. അവള്‍ക്കും ഫര്‍സാനക്കും താന്‍ കഥ പറയുന്നത് കേള്‍ക്കാന്‍ എന്തോ വല്ലാത്ത താത്പര്യമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ‘ഉം…എന്താ’ എന്ന ഭാവത്തില്‍ താനവളെ നോക്കി.
‘ ഏതായാലും വെറുത സങ്കടപ്പെട്ടിരിക്കുകയല്ലേ…നീയിതൊരു ഉപകാരമുള്ള കാര്യമാക്ക്…ഉമ്മച്ചി പറഞ്ഞ ആ ചരിത്രമങ്ങ് പറ’ ഫൈറൂസ നിര്‍ബന്ധിച്ചു.
‘ഏയ്…ഇനിയിവിടെ കഥ പറയാത്തതിന്റെ കുറവു കൂടിയേ ബാക്കിയൊള്ളൂ…’ താന്‍ പതുക്കെ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.
‘ ഞാനുള്ളത് കൊണ്ടാണോ നൂറ കഥ പറയാത്തത്…നിന്റെ കഥപറച്ചിലിനെ കുറിച്ച് ഞാനും ഒരുപാട് കേട്ടിട്ടുണ്ട്. താനേതായാലും അതൊന്ന് പറയടോ….’ ചരിത്രം കേള്‍ക്കാനൊന്നും വലിയ തത്പര്യമുള്ള കൂട്ടത്തിലല്ലെങ്കിലും ഫൈറൂസ നിര്‍ബന്ധിക്കുന്നത് കണ്ടപ്പോള്‍ റുഖ്‌സാനയും കൂടെ കൂടി.
എന്നാല്‍ എന്റെ മനസ്സില്‍ അതിലേറെ ആധിയായിരുന്നു. കാരണം തന്റെ മനസ്സില്‍ ഫൈസലിന്റെ മരണമുണ്ടാക്കിയ ദുഖത്തെക്കാള്‍ വലിയ ആഘാതം സൃഷ്ടിക്കും ആ ചരിത്രം. ആദ്യമായി അത് കേട്ടത് മുതല്‍ രണ്ട് മൂന്ന് ദിവസത്തിന് വല്ലാത്ത സങ്കടമായിരുന്നു. നാട്ടില്‍ നടന്ന ഒരു പാതിരാ വയളിലാണ് ആദ്യമായി ആ ചരിത്രം കേള്‍ക്കുന്നത്. ഉസ്താദ് ഈണത്തില്‍ നീട്ടി വലിച്ച് സങ്കടം ചാലിച്ച് ഹബീബിന്റെ വഫാത്ത് പറഞ്ഞപ്പോള്‍ കരഞ്ഞു തീര്‍ത്ത കണ്ണുനീരിന് കണക്കില്ലായിരുന്നു.
നൂറയുടെ മനസ്സിലൂടെ ആ ചരിത്രം ഒരാവര്‍ത്തിക്കൂടെ പരാവര്‍ത്തനം ചെയ്യപ്പെട്ടു.
ഹബീബായ നബിതങ്ങള്‍ക്ക് ശക്തമായ പനിബാധിച്ച് കിടപ്പിലാണ്.
ആഇശ ബീവിയുടെ വീട്ടിലെത്തി മറ്റു ഭാര്യമാരും പെണ്‍മക്കളും ഹബീബിനെ പരിചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. സ്വഹാബിമാര്‍ പലരും പള്ളിയില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്. പള്ളിയിലും പരിസരത്തും ഹബീബിന്റെ രോഗവിവരം അന്വേഷിക്കുന്ന സ്വഹാബിമാരുടെ ബാഹുല്യം. കണ്ണുനീര്‍ കലര്‍ന്ന പ്രര്‍ത്ഥന വചസ്സുകളുയരുന്നുണ്ട് അന്തരീക്ഷത്തില്‍. ഹബീബിന്റെ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ അവിടുന്ന് ജമാഅത്ത് നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അവിടുന്ന് സന്തത സഹചാരി അബൂബക്കര്‍ സിദ്ധീഖ് എന്നവരെ നേരിട്ട് ചുമതലപ്പെടുത്തി. പക്ഷെ, സിദ്ധീഖ് തങ്ങളെ സബന്ധിച്ചിടത്തോളം ആ ഉത്തരവാദിത്വം താങ്ങാവുന്നതിലപ്പുറമായിരുന്നു. അവിടുന്ന് ആ ഉത്തരവാദിത്വം ഉമര്‍ തങ്ങളെ ഏല്‍പിക്കാന്‍ തുനിഞ്ഞു. എന്നാല്‍ ഹബീബിന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായ താങ്കള്‍ തന്നെയാണ് ഈ കര്‍തവ്യത്തിന് ഏറ്റവും അര്‍ഹനെന്ന് പറഞ്ഞ് ഉമര്‍ തങ്ങളൊഴിഞ്ഞു മാറി. പിതാവായ അബൂബക്കര്‍ തങ്ങള്‍ക്ക് ഈ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനുള്ള വൈഷമ്യം മനസ്സിലാക്കിയ ആഇശ ബീവി ഹബീബിനോട് പറഞ്ഞു: ഹബീബേ…ഉപ്പ ലോലഹൃദയനാണ്. ഖുര്‍ആന്‍ ഓതാനാരംഭിച്ചാല്‍ അദ്ദേഹം വാവിട്ട് കരയും. അതിനാല്‍ ഇമാമത്തിന്റെ ചുമതല ഉമര്‍ തങ്ങളെ ഏല്‍പിച്ചുകൂടേ.’ പക്ഷെ, തന്റെ നേതൃപദവി അലങ്കരിക്കാന്‍ തന്റെ സ്വഹാബക്കളില്‍ ഏറ്റവും അനുയോജ്യനാരാണെന്ന് വ്യക്തമായറിയാവുന്ന ഹബീബ് സിദ്ധീഖ് തങ്ങളോട് തന്നെ കാര്യങ്ങള്‍ നിര്‍ബന്ധിച്ചേല്‍പ്പിച്ചു.
‘എന്റെ കരളിന്റെ കഷ്ണമാണ് ഫാത്വമയെന്ന്’ പറഞ്ഞ അരുമ മകള്‍ ഫാത്വിമാ ബീവിയെ അവിടുന്ന് അടുത്തേക്ക് മാടിവിളിച്ചു. അടുത്ത് ചെന്ന ഫാത്വിമാ ബീവിയോട് ഒന്നു കൂടെ തന്നോട് ചേര്‍ന്ന് നിന്ന് ആ കാതുകള്‍ തന്റെ ചുണ്ടുകളോടടുപ്പിക്കാന്‍ അവിടുന്ന് പറഞ്ഞു. അങ്ങനെ ലോകത്ത് ഏറ്റവും സ്രേഷ്ഠരായ ആ ഉപ്പയും മകളും എന്തോ കൊച്ചു സംഭാഷണത്തിലേര്‍പ്പെട്ടു. ആ സംഭാഷണത്തിന്റെ തുടക്കത്തില്‍ ഫാത്വിമാ ബീവിയൊന്ന് കരഞ്ഞു. കരച്ചിലടക്കിയ ഫാത്വിമ ബീവിയോട് ഹബീബ് വീണ്ടും എന്തോ ഒന്ന് കൂടെ പറഞ്ഞു. അത് കേട്ട് ലോകത്ത് ഏറ്റവും ഭാഗ്യം സിദ്ധിച്ച ആ മകള് നിറഞ്ഞു ചിരിച്ചു. അവരെന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുകായെന്നറിയാന്‍ അവിടെ കുടിനിന്നിരുന്ന പലര്‍ക്കും ജിജ്ഞാസയുണ്ടായിരുന്നിരിക്കണം. കാരണം പിന്നീടൊരിക്കല്‍ ‘എന്തായിരുന്നു നിങ്ങളും ഉപ്പയും കൂടി നടന്ന രഹസ്യ സംഭാഷണമെന്ന് ആഇശാ ബീവി ചോദിക്കുന്നുണ്ട്. അപ്പോള്‍ മഹതി പറഞ്ഞു
‘ അതോ…അത് ഉപ്പയുടെ മരണം അടുത്തിട്ടുണ്ടെന്ന സന്ദേശമാണ് സൂറതുല്‍ ഫത്ഹ് എന്ന് അവിടുന്ന് എന്നോട് പറഞ്ഞപ്പോള്‍ ആ സങ്കടം എനിക്ക് താങ്ങവുന്നതിലും അപ്പുറമായിരുന്നു. അതാണ് ഞാന്‍ കരയാനുണ്ടായ കാരണം.’
അപ്പൊ നിങ്ങള് ചിരിച്ചതോയെന്ന ആഇശാ ബീവിയുടെ മുഖഭാവത്തില്‍ നിന്നായിരിക്കണം ഫാത്വിമാ ബീവി തുടര്‍ന്നു പറഞ്ഞത്
‘ മോളേ…അധികം താമസിയാതെ തന്നെ നീയും വഫാത്തായി ഉപ്പയോടൊപ്പം ചേരും എന്നു പറഞ്ഞ് എന്നെ സമാധാനിപ്പിച്ചപ്പോഴാണ് ഞാന്‍ പുഞ്ചിരിച്ചത്.’ ഓഫീസ് റൂമിന്റെ സോഫയിലിരുന്ന് നൂറ കണ്ണുനീര്‍ വാര്‍ത്തു. അവളുടെ ചിന്ത വീണ്ടും ആഇശ ബീവിയുടെ വീട്ടില്‍ മരണ ശയ്യയില്‍ കിടക്കുന്ന ഹബീബിലേക്ക് തന്നെ തിരിച്ചു പോയി.
രോഗം ബാധിച്ചതിന്റെ പത്താം ദിവസം അബൂബക്കര്‍ സിദ്ധീഖ് തങ്ങള്‍ സുബ്ഹി നിസ്‌കാരം ജനങ്ങള്‍ക്ക് ഇമാമായി നിര്‍വഹിക്കുകയാണ്. പള്ളിയോട് ചേര്‍ന്നുള്ള ആഇശ(റ)യുടെ വീട്ടിലെ വാതിലിന്റെ വിരിമാറ്റി ഹബീബ് പള്ളിയിലേക്ക് നോക്കി. പള്ളിയിലേക്ക് വരാനായിരിക്കും കര്‍ട്ടണ്‍ നീക്കിയതെന്ന് സ്വഹാബികള്‍ ധരിച്ചു, അവര്‍ സന്തോഷിച്ചു. കാരണം അതിനു മുമ്പ് ഒരു ദിവസം രോഗത്തിന് നേരിയ ആശ്വാസം അനുഭവപ്പെട്ടപ്പോള്‍ രണ്ടു സ്വഹാബിമാരുടെ തോളില്‍ താങ്ങി ഹബീബ് പള്ളിയിലേക്ക് വന്നിരുന്നു. തളര്‍ച്ചമൂലം ഹബീബിന്റെ പുണ്യപാദങ്ങള്‍ നിലത്ത് ഇഴയുന്നുണ്ടായിരുന്നു. പ്രിയപ്പെട്ട ഹബീബിന്റെ സാന്നിധ്യം മനസ്സിലാക്കിയ സിദ്ധീഖ് തങ്ങള് പിന്നോട്ട് മാറുകയും ഹബീബ് ഇരുന്നുകൊണ്ട് ഇമാമായി നിസ്‌കരിക്കുകയും ചെയ്തു. അങ്ങനെ ഹബീബ് കര്‍ട്ടണ്‍ നീക്കി പള്ളിയിലേക്ക് നോക്കിയ ആ ദിവസവും സുബ്ഹിക്ക് ഇപ്രകാരം പള്ളിയിലേക്ക് വരുമോ എന്നു കരുതി സിദ്ധീഖ് തങ്ങള് പിന്നോട്ട് മാറാന്‍ ഒരുങ്ങിയപ്പോള്‍ ഹബീബ് വേണ്ട എന്ന് ആംഗ്യം കാണിക്കുകയും മറ താഴ്ത്തിയിടുകയും ചെയ്തു. ഹബീബിനെ ഞാന്‍ അവസാനമായി കണ്ടത് വിരി മാറ്റിയ സമയത്താണെന്ന് അനസ് തങ്ങള്‍ അനുസ്മരിക്കുന്നുണ്ട്. എന്നാല്‍ ഹബീബിന്റെ ആ എത്തിനോട്ടം സ്വഹാബാക്കളില്‍ ആശ്വാസത്തിന്റെ തെളിനീരൊഴുക്കി. കാരണം ആഇശ ബീവിയുടെ മുറിയുടെ വാതില്‍ക്കല്‍ വന്ന് മറമാറ്റി ഹബീബ് പുഞ്ചിരിച്ചതിനാല്‍ രോഗം ശമിക്കുകയാണെന്നു കരുതി സുബ്ഹി നിസ്‌കാരം കഴിഞ്ഞ് സ്വഹാബത്ത് ആശ്വാസത്തോടെയാണ് പിരിഞ്ഞുപോയത്.
റബീഉല്‍ അവ്വല്‍ പത്ത്, പതിനൊന്ന് ദിവസങ്ങളില്‍ ജിബ്രീല് വന്ന് തിരുനബിയുടെ സുഖവിവരങ്ങള്‍ അന്വേഷിക്കുകയും അല്ലാഹുവിന്റെ പ്രത്യേക കല്‍പന പ്രകാരമാണ് തന്റെ രോഗസന്ദര്‍ശനം എന്നു അറിയിക്കുകയും ചെയ്തു. മൂന്നാം ദിവസം ജിബ്രീല്‍ വീണ്ടും വന്നു. അസ്‌റാഈലും മറ്റൊരു മലക്കും കൂടെയുണ്ടായിരുന്നു. സമ്മതം ചോദിച്ച് അകത്തുകടന്ന ജിബ്രീല്‍ സങ്കടത്തോടെ ഹബീബിനോട് പറഞ്ഞു. ‘ ഓ, പ്രിയപ്പെട്ടവരെ, അങ്ങയുടെ റൂഹിനെ റഫീഖുല്‍ അഅ്‌ലയിലേക്ക് ആനയിക്കാന്‍ അസ്‌റാഈല്‍ അങ്ങയോട് സമ്മതം ചോദിക്കുന്നുണ്ട്’. സമ്മതപ്രകാരം അടുത്തെത്തിയ അസ്‌റാഈല്‍ തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. അനുമതിയുണ്ടെങ്കില്‍ അവിടുത്തെ റൂഹ് പിടിക്കാനാണ് ഞാന്‍ എത്തിയതെന്നുപറഞ്ഞു. അങ്ങനെ ഹബീബിന്റെ അനുമതി അനുസരിച്ച് കാരുണ്യത്തിന്റെ മാലാഖമാരുടെ അകമ്പടിയോടെ പരിശുദ്ധമായ ആ അത്മാവിനെ അവര്‍ കൊണ്ടുപോയി.’ നൂറയുടെ ഹൃദയം വിങ്ങി പൊട്ടി. ഈ സമയത്തെങ്ങാനും റസാന്‍ അവളെ കണ്ടാല്‍. ‘ഉമ്മിയെന്തിനാണ് കരയുന്നതെന്നും’ ചോദിച്ച് അവനും വാവിട്ട് കരയും. ഒരു ദീര്‍ഘനിശ്വാസത്തിന് ശേഷം വീണ്ടും നൂറ തന്റെ ചിന്തയിലേക്ക് തന്നെ തിരിച്ചു പോയി.
‘വഹ്യുമായി ഞാന്‍ അങ്ങയെ ലക്ഷ്യമാക്കിയാണ് വന്നിരുന്നത്. ഭൂമിയിലേക്കുള്ള എന്റെ അവസാനത്തെ യാത്രയാണല്ലോ ഇന്നത്തേതെ’ന്ന് സങ്കടപ്പെട്ടിട്ടാണ് ജിബ്രീല്‍ മടങ്ങിയത്. വഫാത്തിന്റെ സമയത്ത് പ്രിയപ്പെട്ട പത്‌നി ആഇശ ബീവിയുടെ നെഞ്ചിലേക്ക് തല ചായ്ച്ച് കിടക്കുകയായിരുന്നു ഹബീബ്. ആ വേദന അനുഭവിക്കുമ്പോഴും നിസ്‌കാരം ഉപേക്ഷിക്കുകയോ നിസ്‌കാരത്തെ തൊട്ട് അലസരാവുകയോ ചെയ്യരുതെന്ന് ഉമ്മത്തിനോട് വസ്വിയ്യത്ത് ചെയ്യുകയുണ്ടായി. ശുഭകരമായ അന്ത്യത്തിന്റെ ലക്ഷണമായ അല്ലാഹുവിനെ കാണാനുള്ള അതിയായ ആഗ്രഹം നിറവേറുന്നതിന് വേണ്ടി അര്‍റഫീഖുല്‍ അഅ്‌ലാ (ഉന്നതനായ സ്‌നേഹിതനിലേക്ക് ചേര്‍ക്കണേ) എന്നിങ്ങനെ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നുവെന്റെ ഹബീബ്.’ നൂറയുടെ മനസ്സില്‍ വീണ്ടും സങ്കടത്തിന്റെ അലകടലുയരുന്നുണ്ട്.
റൂഹ് പിരിഞ്ഞ ആ പുണ്യശരീരം ആഇശ ബീവി തന്റെ നെഞ്ചത്തുനിന്ന് മാറ്റി കിടത്തി പുതപ്പിച്ചു. മറ്റുള്ളവരെപ്പോലെ തന്നെ ആഇശ ബീവിക്കും പ്രിയതമന്റെ മരണം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മരണപ്പെട്ടതാണോ ബോധക്ഷയമാണോ എന്ന സംശയത്തിലായിരുന്നു മഹതി. അപ്പോഴാണ് ഉമര്‍ തങ്ങളും മുഗീറത്ത് തങ്ങളും വീട്ടിലേക്ക് കടക്കാന്‍ ബീവിയോട് അനുമതി ചോദിച്ചത്. അനുമതി നല്‍കിയ ആഇശ ബീവി അവര്‍ അന്യപുരുഷ•ാരായതിനാല്‍ മറയ്ക്ക് പിന്നിലേക്ക് മാറി. അവര്‍ വന്ന് ഹബീബിന്റെ അവസ്ഥ നിരീക്ഷിച്ച ശേഷം പള്ളിയിലേക്ക് ചെന്നു. വാതില്‍ക്കല്‍ എത്തിയപ്പോള്‍ മുഗീറത്ത് ചോദിച്ചു:
‘ഹബീബ് വഫാത്തായി അല്ലേ..’
ഉമര്‍ തങ്ങള്‍ക്ക് വിശ്വസിക്കാനായില്ല. അതിനക്കാളപ്പുറം മൂഗീറത്തിന്റെ ആ വാക്കുകള്‍ അവിടുത്തേക്ക് ഉള്‍ക്കൊള്ളാനായില്ല. അദ്ദേഹം രോഷാകുലനായി പറഞ്ഞു: ‘അത് ബോധക്ഷയമാണ്. കപടവിശ്വാസികളെയൊക്കെ ശിക്ഷിച്ചിട്ടല്ലാതെ എന്റെ ഹബീബ് വഫാത്താവുകയില്ല. ബോധം തെളിയും തീര്‍ച്ച.’
പള്ളിയിലും പരിസരത്തും സ്വഹാബിമാര്‍ തടിച്ചുകൂടിയിരുന്നു. ഹബീബ് വഫാത്തായ വിവരം അവരുമറിഞ്ഞു. ഉസ്മാന്‍ തങ്ങളും, അലിയാരും തുടങ്ങിയ തലമുതിര്‍ന്ന സ്വഹാബാക്കളെല്ലാം അവിടെയുണ്ട്. ആര്‍ക്കും വിശ്വസിക്കാനാകുന്നില്ല. ഹബീബിന്റെ വഫാത്ത് വിവരം പറയുന്നവരോട് അവര്‍ രോഷാകുലരാവുകയാണ്. ഉമര്‍ തങ്ങള്‍ തന്നെയായിരുന്നു അതില്‍ മുന്നില്‍. മരണം ബോധ്യപ്പെട്ട അബ്ബാസ് എന്നവര് ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല.
അപ്പോഴാണ് അബൂബക്കര്‍ എന്നവരുടെ ആഗമനം. സുബ്ഹി നിസ്‌കാരം കഴിഞ്ഞ് ഹബീബിന്റെ സമ്മതത്തോടെ മദീനയുടെ മുകള്‍ ഭാഗത്തുള്ള സുന്‍ഹ് എന്ന പ്രദേശത്തെ വസതിയിലേക്ക് പോയതായിരുന്നു മഹാന്‍. പള്ളിയിലെത്തിയ അബൂബക്കര്‍ സിദ്ധീഖ് തങ്ങള്‍ ആരോടും സംസാരിച്ചില്ല. മകള്‍ കൂടിയായ ആഇശ ബീവിയുടെ വീട്ടിലേക്ക് ചെന്നു. ഹബീബിന്റെ മുഖത്തുനിന്ന് മുണ്ട് മാറ്റിനോക്കി. വഫാത്ത് ബോധ്യപ്പെട്ടു. മഹാന്റെ നയനങ്ങള്‍ നിറഞ്ഞു. തിരുനെറ്റിയില്‍ ആദരവോടെ ചുംബിച്ച് മുണ്ട് കൊണ്ട് മറച്ചു. മുണ്ടിന്റെ അറ്റം തലയുടെ അടിയിലേക്ക് തിരുകിവെച്ചു.
സിദ്ധീഖ് തങ്ങള്‍ പള്ളിയിലേക്ക് ചെന്നു. തടിച്ചുകൂടിയ സ്വഹാബികള്‍ക്കുമധ്യേ ഉമര്‍ തങ്ങള്‍ ഊരിപ്പിടിച്ച വാളുമായി നില്‍ക്കുകയാണ്. ഹബീബിന്റെ വഫാത്തിന്റെ വാര്‍ത്ത കേട്ട് സ്വബോധം നഷ്ടപ്പെട്ടു പലര്‍ക്കും. അബൂബക്കര്‍, അബ്ബാസ് പോലെ അപൂര്‍വം പേര്‍ക്കല്ലാതെ ആ വാര്‍ത്തക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. മനുഷ്യര്‍ക്ക് മാത്രമല്ല, മദീനയിലെ നിര്‍ജീവ വസ്തുക്കള്‍ക്കുപോലും ആ ദുഃഖം താങ്ങാന്‍ കഴിഞ്ഞില്ല. ഉദിച്ചു നില്‍ക്കുന്ന സൂര്യന്‍ ആകാശത്തുണ്ടായിരുന്നിട്ടും ആ സൂര്യപ്രകാശം മദീനത്ത് അന്ന് പ്രകാശം പരത്തിയില്ല. അന്നവിടം അര്‍ദ്ധരാത്രി പോലെ ഇരുട്ടു മൂടി കിടന്നു.
ആള്‍ക്കൂട്ടത്തിലേക്ക് കടന്ന സിദ്ധീഖ് തങ്ങള്‍ അവരെ അഭിസംബോധന ചെയ്തു:
‘ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നെങ്കില്‍ മുഹമ്മദ് മരണപ്പെട്ടിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നെങ്കില്‍ അല്ലാഹു എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. അവന് മരണമില്ല.’ ശേഷം സൂറത്ത് ആലു ഇംറാനിലെ 144മത്തെ ആയത്ത് പാരായണം ചെയ്തു: ‘മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകന്‍ മാത്രമാണ്. നബിക്ക് മുമ്പുള്ള പ്രവാചക•ാര്‍ മരണപ്പെട്ടവരാണ്. നബി മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞോടുന്നപക്ഷം അതുകൊണ്ട് അല്ലാഹുവിന് ഒരു കോട്ടവും സംഭവിക്കുകയില്ല. യുദ്ധമുഖത്ത് അടിയുറച്ച് നിന്ന് അല്ലാഹുവിന്റെ കല്‍പന അനുസരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതുമാണ്’ എന്നര്‍ത്ഥം വരുന്ന സൂക്തം കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. ഈ വിശുദ്ധവാക്യം മുമ്പ് കേട്ടിട്ടില്ലെന്നു പോലും ചിലര്‍ ധരിച്ചുപോയി.
വഫാത്ത് വാര്‍ത്ത കേട്ട് ഉമര്‍ തങ്ങള്‍ക്ക് സുബോധം നഷ്ടപ്പെട്ടുവെങ്കില്‍ ഉസ്മാന്‍ തങ്ങള്‍ക്ക് ബധിരതയും മൂകതയും ബാധിച്ചു. ദീര്‍ഘനേരത്തേക്ക് നാവ് അനക്കാനായില്ല. അലിയാര്‍ക്ക് വാര്‍ത്ത കേട്ട സ്ഥലത്തുതന്നെ തരിച്ചിരുന്നുപോയി. കുറേനേരത്തേക്ക് ചലിക്കാന്‍ കഴിഞ്ഞില്ല. അബ്ദുല്ലാഹിബ്‌നു ഉനൈസ് എന്ന സ്വഹാബി ദുഃഖം താങ്ങാനാകാതെ മരണപ്പെട്ടു. അങ്ങനെ അന്ന് മദീനയും പരിസരവും സങ്കട കരച്ചിലിനാല്‍ മുഖരിതമായിരുന്നു. എവിടേക്ക് നോക്കിയാലും ദുഖം തളം കെട്ടി നില്‍ക്കുന്നത് മാത്രം കാണാമയിരുന്നു.
ഹബീബിന്റെ ജനാസ മറവുചെയ്ത് തിരിച്ചുവന്ന അനസ് തങ്ങളോട് ‘ പ്രിയപ്പെട്ട ഉപ്പാന്റെ മേല്‍ മണ്ണ് വാരിയിടാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിച്ചു’ എന്ന് മഹതി ഫാത്വിമ ബീവി കണ്ണീരോടെ ചോദിക്കുന്നുണ്ട്. ഈ ചോദ്യത്തിനു മുന്നില്‍ പകച്ചുനിന്ന അനസ് തങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്, മരണപ്പെട്ടാല്‍ മറവ് ചെയ്യണമെന്ന ഹബീബിന്റെ നിര്‍ബന്ധ കല്‍പന തിരസ്‌കരിക്കാന്‍ നിര്‍വാഹമില്ലാത്തതു കൊണ്ട് മാത്രമാണ് ഞങ്ങള്‍ അങ്ങനെ ചെയ്തത്’ അന്ന് ഫൈറൂസയുടെയും റുഖ്‌സാനയുടെയും മുമ്പില്‍ കിടന്ന് ഈ ചരിത്രം പറയുമ്പോള്‍ തനിക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. കരച്ചിലടക്കിപ്പിടിച്ചു കൊണ്ട് താനവിടെന്നിന്നിറങ്ങി വീട്ടിലേക്കോടി.
****
(തുടരും)
അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?
*** *** *** ***