‘സ… ര്‍ര്‍ര്‍…..’
ഫൈസലിന്റെ ചുണ്ടുകള്‍ വീണ്ടും ചലിച്ചു. വിരലുകള്‍ പതുക്കെ ഫാതിഹിനെ മാടിവിളിച്ചു. ഫാതിഹ് തന്റെ കാതുകളെ ഫൈസലിന്റെ ചുണ്ടുകളോടടുപ്പിച്ചു.
‘സര്‍, ഞാന്‍ മരിക്കാന്‍ പോവാണല്ലേ…..!? ‘
അത് ചോദിക്കുമ്പോള്‍ ഫൈസലിന്റെ ചുണ്ടിന്റെ കോണില്‍ നിര്‍വികാരമായ ഒരു ചിരിവിടര്‍ന്നു.
‘സാരമില്ല, ഇത് ഞാനനുഭവിക്കേണ്ടത് തന്നെയാണ്. അവളെ ഞാനെത്ര കണ്ണുനീരു കുടിപ്പിച്ചതാണ്…..അതിനുള്ള ശിക്ഷയാണിത്’
ഫൈസല്‍ എന്തെല്ലാമോ ഓര്‍ത്തെടുത്ത് കൊണ്ട് സംസാരിക്കുകയാണ്.
‘ഏയ്, നിനക്കൊന്നുമില്ലടെ…നീയിനിയും ജീവിക്കും….എത്ര ഡോക്ടര്‍മാരുണ്ടെന്നറിയോ നിന്നെയിവിടെ നോക്കാന്‍….!?’
ഫാതിഹ് അവന് പ്രതീക്ഷയുടെ പാഴ്‌വാഗ്ദനങ്ങള്‍ നല്‍കി കൊണ്ട് തന്റെ സങ്കടം ഉള്ളിലൊതുക്കി.
‘ഡോക്ടര്‍…നിങ്ങളിങ്ങനെ കഷ്ടപ്പെട്ട് എന്നെ ആശ്വസിപ്പിക്കുകയൊന്നും വേണ്ട…എനിക്കറിയാം ഇതെന്റെ അവസാന നിമിഷങ്ങളാണെന്ന്…ഒരു കാര്യമുണ്ട് ഡോക്ടര്‍….’
ഫൈസലിന്റെ സംസാരം പതിമുറിഞ്ഞു. അവനൊന്ന് കുരച്ചു. ഒരു കട്ട ചുടു ചോര പുറത്തേക്ക് വന്നു.
അതു കണ്ടപ്പോള്‍ ഫാതിഹിന്റെ ഉള്ളൊന്ന് കിടുത്തു. എന്തു പറയണമെന്നറിയാതെ അവന്‍ ഫൈസലിന്റെ കൈ വിരലുകള്‍ തന്റെ കൈകളോട് ചേര്‍ത്തു പിടിച്ച് അമര്‍ത്തി. ഫാതിഹ് തന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചത് കൊണ്ടാണെന്ന് തോന്നുന്നു ഫൈസലും പതുക്കെ തന്റെ കൈകളമര്‍ത്തി. അവന്റെ ചുണ്ടിന്റെ കോണില്‍ വീണ്ടും ചോരയില്‍ കുതിര്‍ന്ന ചുകന്ന ചിരി വിടര്‍ന്നു.
‘നിങ്ങള്‍ നൂറയോട് സമ്മതമറിയിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു…..’
ഫൈസല്‍ ഒരു നിമിഷം ഡോക്ടറുടെ പ്രതികരണത്തിന് വേണ്ടി കാത്തിരുന്നു.
‘അതെ, ഞാനറിയിച്ചിട്ടുണ്ട്….ഞങ്ങളുടെ വിവാഹം ഉടനെയുണ്ടാവും…ഇന്‍ ഷ അല്ലാഹ് ‘
ഫൈസലിന് തന്റെ സംസാരം കുറച്ചെങ്കിലും സമാധാനം നല്‍കട്ടെയെന്നത് കൊണ്ടായിരിക്കണം ഫാതിഹ് അവനോട് കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരിയോടെ പറഞ്ഞു.
അത് കേട്ടപ്പോള്‍ ഫൈസലിന്റെ മുഖത്തും ആശ്വാസത്തിന്റെ തെളിമ കാണമായിരുന്നു.
‘സര്‍, ഫൈറൂസയോടെനിക്ക് പൊറുത്ത് തരാന്‍ പറയണം. വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അറിവില്ലായ്മകൊണ്ട് പറ്റിയതാണെന്ന് പ്രത്യേകം ഓര്‍മപെടുത്തണം. ഇനിയൊരിക്കലും അവളുടെ ജീവിതത്തിലേക്ക് അധികപ്പെറ്റായി കടന്ന് ചെല്ലരുതെന്ന എന്റെ തീരുമാനം നടപ്പിലാക്കാന്‍ ഇതേ മാര്‍ഗമൊള്ളൂ എന്നുറപ്പുള്ളത് കൊണ്ടാവണം അല്ലാഹു എനിക്കീ വിധി നല്‍കിയത്. ‘
ചെറിയൊരു മൗനത്തിന് ശേഷം അവന്‍ തുടര്‍ന്നു.
‘ അതു കൊണ്ട് ഇനി ഈ ഫൈസലിന്റെ ശല്യമില്ലാതെ സന്തോഷത്തോടെ ജീവിക്കമെന്ന് അവള്‍ക്കുറപ്പ് കൊടുക്കണം….’
ശരീര വേദനയെക്കാള്‍ ഫൈസലിന്റെ മനസ്സിനാണ് മുറിവ് പറ്റിയതെന്ന് ഒരു നിമിഷം അവന്റെ ആ സംസാരം കേട്ടാല്‍ തോന്നും.
‘ഏയ്….നീയെന്തൊക്കെയാണീ….പറയുന്നത്…വെറുതെ ആവശ്യമില്ലാത്തതൊന്നും ചിന്തിച്ച് കൂട്ടണ്ട….’
ഫാതിഹിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
‘സര്‍, അവള്‍ക്കെന്നെ അത്രമേല്‍ ഇഷ്ടമായിരുന്നു. അവസാനം എന്നോട് അവളുടെ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ പറഞ്ഞപ്പോഴും അവളുടെ ഓരോ വാക്കുകളിലും എന്നോടുള്ള ഇഷ്ടം നിറഞ്ഞു തുളുമ്പിയിരുന്നുവെന്നനിക്ക് നന്നായറിയാം…ഞാന്‍ വീണ്ടും നിര്‍ബന്ധിച്ചിരുന്നെങ്കില്‍ അവള്‍ എന്നെ ചേര്‍ത്ത് പിടിക്കുമെന്നും എനിക്കറിയമായിരുന്നു. പക്ഷെ, എന്റെയും അവളുടെയും നന്മഉദ്ദേശിച്ചിട്ടാണ് അവളത് ചെയ്തത് എന്നോര്‍ത്തപ്പോള്‍ എനിക്ക് അവളുടെ തീരുമാനത്തോടൊപ്പം നില്‍ക്കാനാണ് തോന്നിയത്….’
പാതി മുറിഞ്ഞും ശ്വാസം ആഞ്ഞു വലിച്ചും ഫൈസല്‍ സംസാരം തുടര്‍ന്നു.
‘സര്‍, അവളോട് ഞാന്‍ പോയതില്‍ സങ്കടപെടരുതെന്ന് പറയണം. ഇത്ര കാലം ഒരുമിച്ച് ജീവിച്ചതല്ലേ…ചെറിയൊരു സങ്കടമൊക്കെ കാണും. കൂടെ എന്നും അവളുടെ തീരുമാനമായിരുന്നു ശരിയെന്നും പറയണം…’
ഫൈസലിന്റെ കണ്ണുകളില്‍ നിന്ന് രക്തം കലര്‍ന്ന കണ്ണുനീര്‍ ഉതിര്‍ന്ന് വീണു.
‘സര്‍, നിങ്ങള് ഭാഗ്യം ചെയ്തവനാണ്. കാരണം പ്രണയ നൈരാശ്യത്തിന്റെ സങ്കടമില്ല, ഒരാളോടും തെറ്റു ചെയ്തുവെന്ന ആവലാതിയില്ല. വിരഹ നൊമ്പരത്തിന്റെ കീറിമുറിക്കുന്ന വേദയില്ല. എന്നെ നോക്കൂ, ശരീരവും മനസ്സും ഒരുപോലെ പരുക്ക് പറ്റി, ഒന്നനങ്ങാന്‍ പോലും കഴിയാതെ ഈ കട്ടിലിലങ്ങനെ മലര്‍ന്ന് കിടക്കുകയാണ്. പക്ഷെ, എനിക്ക് പരാതിയില്ല കെട്ടോ…’
ഫൈസലിന്റെ ശ്വാസംമെടുക്കുന്നതിന്റെ വേഗത വര്‍ദ്ധിച്ചു.
‘ഫൈസല്‍, ഇനി സംസാരിക്കണ്ട….
ലാ ഇലാഹ ഇല്ലല്ലാഹ് എന്ന ദിഖ്‌റ് ചൊല്ലൂ….’
ഫാതിഹ് അവനെ സംസാരത്തില്‍ നിന്ന് വിലങ്ങാന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
‘ഒരാള്‍ അവസാനമായി പറയുന്ന വചനം ലാ ഇലാഹ ഇല്ലല്ലാഹ് എന്നായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ് ‘
എന്ന നബി വചനം ഫാതിഹിന്റെ മനസ്സിലേക്ക് പെട്ടെന്ന് ഓര്‍മ വന്നപ്പോഴാണവന്‍ അങ്ങനെ പറഞ്ഞത്.
‘ഹ…അവസാനമെങ്കിലും ഞാന്‍ മരിക്കാന്‍ പോവുകയാണെന്ന് ഡോക്ടറ് പറയാതെ പറഞ്ഞുവല്ലോ….’
ഫൈസല് ചിരിക്കുവാന്‍ ശ്രമിച്ചു കൊണ്ട് മന്ത്രിച്ചു .
‘ സാറെ, അവളാഗ്രഹിച്ചത് പോലെ, ആരും തെറ്റുകളും ശരികളും നോക്കാത്ത, ആര്‍ക്കും അരുതുകള്‍ പറയാന്‍ സാധിക്കാത്ത ഒരു ലോകത്ത് വിധിയുണ്ടെങ്കില്‍ വീണ്ടും കാണാമെന്ന് ഞാന്‍ പറഞ്ഞെന്ന് അവളോട് പ്രത്യേകം പറയണം…..അവളേയും കാത്ത് അവിടെ പ്രതീക്ഷയോടെയിരിക്കാനുതകുന്ന രീതിയില്‍ എന്റെ പാരത്രിക ജീവിതം നന്നാവാന്‍… സന്തോഷകരമാവാന്‍.. സറ് പ്രത്യേകം ദുആ… ചെയ്യ…….ണം…ലാ…ഇലാഹ ഇല്ലല്ലാ….ഹ്..’
ഫൈസലിന്റെ സംസാരം നേര്‍ത്തു വന്നു. അവന്റെ കണ്ണുകള്‍ പതുക്കെ താഴെ നിന്ന് മുകളിലേക്കുയരാന്‍ തുടങ്ങി. അവകള്‍ ഉയര്‍ന്ന് ഒരു പ്രത്യേക പോയിന്റിലെത്തിയപ്പോള്‍ നിശ്ചലമായി. ഫൈസലിന്റെ നെഞ്ച് ഒന്ന് പതുക്കെ ഉയര്‍ന്ന് താഴ്ന്നു.
ഇമവെട്ടാതെ അത് നോക്കി നിന്ന ഫാതിഹിന് ഒരു നിമിഷം സ്വബോധം നഷ്ടപ്പെടുന്നത് പോലെ തോന്നി.
വീണ്ടും ധൈര്യം സംഭരിച്ച് കൊണ്ട് തന്റെ വലത് കൈകൊണ്ട് അവന്‍ ഫൈസലിന്റെ രണ്ട് കണ്ണുകള്‍ പതുക്കെ തടവി. തൊട്ടാവാടിയുടെ കൂമ്പുകള്‍ വാടുന്നത് പോലെ രക്തവര്‍ണ്ണമായ ആ കണ്‍പോളകള്‍ പതുക്കെ കൂമ്പിയടഞ്ഞു.
‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജീഊന്‍’
ഫാതിഹിന്റെ ചുണ്ടുകള്‍ വിതുമ്പി.
***
ഫൈസലിന്റെ മരണ വിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചതും. പോസ്റ്റുമോട്ടത്തിന് ശേഷം ബോഡി വിട്ട് നല്‍കുന്നത് വരെ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും എല്ലാം ഫാതിഹ് തന്നെയായിരുന്നു. അവസാനം ബോഡി നല്‍കുമ്പോള്‍ അവന്റെ ഉപ്പാന്റെ മുഖത്തേക്ക് നോക്കാന്‍ ഫാതിഹിന് സാധിച്ചില്ല.
‘സാരമില്ലാ…എല്ലാം അല്ലാഹുവിന്റെ വിധി…’
യെന്ന് പറഞ്ഞ് ആ ഉപ്പാന്റെ തോളില്‍ തട്ടുമ്പോള്‍ ഫാതിഹിന്റെ തൊണ്ടയിടറി.
കണ്ണുകള്‍ നിറഞ്ഞു.
തന്റെ കരച്ചില്‍ ആ പിതാവ് കാണാതിരിക്കാന്‍ വേണ്ടി അവന്‍ അദ്ദേഹത്തെ തന്നിലേക്ക് ചേര്‍ത്തു പിടിച്ചു.
ഫാതിഹിന്റെ വിതുമ്പലറിഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു. അത് വരെ കരയാതെ പിടിച്ചിരുന്നിരുന്ന ആ പിതവും അവന്റെ ഇടനെഞ്ചില്‍ കിടന്ന് തേങ്ങി കരഞ്ഞു.
‘ഡോക്ടറെ, ഇന്റെ കുട്ടിനെ എന്തിനാ പടച്ചോന്‍ ഇത്ര നേരത്തെ അങ്ങട്ട് വിളിച്ചത്….? ‘
വിധിയോടുള്ള വികാരത്തിന്റെ അമര്‍ഷമുണ്ടായിരുന്നു ആ ചോദ്യത്തില്‍.
‘ അല്ലേലും ഓന് ആ ഹലാക്ക്‌ന്റെ വണ്ടി വാങ്ങി കൊടുത്ത ഇന്ന പറഞ്ഞമതി ഇതിനൊക്കെ. ഞാന്‍ തന്നെണല്ലോ പടച്ചോനെ ഓനെ കൊന്നത്. ഓന്റുമ്മ ഒരുപാട് പറഞ്ഞതാണ്…വേണ്ടാ..വേണ്ടാന്ന്…ന്ന്ട്ടും ന്റെ കുട്ടിന്റെ പൂതിയല്ലേന്നും കരുതി വാങ്ങിയതാണ്…അത്പ്പം ങ്‌നെയാവുന്ന് ആര് കണ്ട് റബ്ബേ…’
അയാള്‍ സ്വന്തത്തെ പഴിചാരി.
ആ പിതാവ് ഫാതിഹിന്റെ നെഞ്ചത്ത് കിടന്ന് വിങ്ങിപൊട്ടി. എന്തുപറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ ഫാതിഹ് നിസഹായനായി.
അവസാനം മോര്‍ച്ചറിയുടെ മുമ്പില്‍ നിന്ന് അവന്റെ ശരീരവും കയറ്റി പോകുന്ന ആമ്പുലന്‍സിലേക്ക് ഫാതിഹ് കണ്ണുകളെടുക്കാതെ നോക്കിനിന്നു.
************ ************ ********* ************ ************ ********* ************ ************ *********
‘പ്രിയ കൂട്ടുകാരന് കണ്ണീരോടെ വിട…’
ഫൈസലിന്റെ ഫോട്ടോക്ക് താഴെ ഇങ്ങനെ ക്യാപ്ഷന്‍ കൊടുത്തുകൊണ്ടുള്ള വാട്‌സപ്പ് സ്റ്റാറ്റസുകളാണ് അതിരാവിലെ ഫോണെടുത്തപ്പോള്‍ തന്നെ ഫൈറൂസയുടെ കണ്ണുകളിലുടക്കിയത്.
അവള്‍ തന്റെ കണ്ണുകളെ വിശ്വസിച്ചില്ല. താന്‍ കണ്ടത് സത്യമാവരുതേയെന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു കൊണ്ട് നിജസ്ഥിതിയറിയാന്‍ വീണ്ടും വാട്‌സപ്പില്‍ സ്‌ക്രോള്‍ ചെയ്തു.
‘ട്രക്കും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു’
എന്ന തലവാചകത്തില്‍ ഒരു വാര്‍ത്തയുടെ ലിങ്കില്‍ അവള്‍ ക്ലിക്ക് ചെയ്തു.
‘തേക്കന്നൂര്‍ ജങ്ഷനില്‍ സിഗ്‌നല്‍ തെറ്റിച്ച് വന്ന ബൈക്കിന് എതിരെ നിന്ന് വന്ന ട്രക്കിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കുളമംഗലം സ്വദേശി ഫൈസല്‍ (20) ആണ് മരിച്ചത്.’
വാര്‍ത്തയുടെ ആദ്യ ഭാഗം വായിച്ചപ്പോള്‍ തന്നെ ഫൈറൂസയുടെ കണ്ണുകളില്‍ ഇരുട്ടു കയറി. അവള്‍ക്ക് തലകറങ്ങി അബോധവസ്ഥയിലെന്നപ്പോലെ അവള്‍ കട്ടിലിലേക്ക് മറിഞ്ഞു വീണു.
**
ആശുപത്രിയില്‍ നിന്ന് എല്ലാ പ്രോസീജ്യറും കഴിഞ്ഞ് പുലര്‍ച്ചെയാണ് ഫാതിഹ് വീട്ടിലെത്തിയത്. ഒന്ന് ഫ്രഷായി വന്നപ്പോഴേക്കും സുബ്ഹ് ബാങ്ക് വിളിച്ചു. നിസ്‌കാരത്തിന് വേണ്ടി പള്ളിയിലേക്ക് പോയി. നിസ്‌കാര ശേഷം അവന്‍ സ്വാദിഖ് ഉസ്താദിനോട് കാര്യങ്ങളെല്ലാം ധരിപ്പിച്ചു.
ഫൈസലുമായി അത്രവലിയ ആത്മബന്ധമൊന്നുമില്ലായിരുന്നെങ്കിലും അവന്‍ തന്റെ ആരല്ലാമോ ആയിരുന്നുവെന്ന തോന്നല്‍.
ഏറ്റവും അടുത്ത ആരോ വേര്‍ പിരിഞ്ഞതിന്റെ വേദന.
താന്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമ ചൊല്ലിക്കൊടുത്തപ്പോള്‍ അതേറ്റു ചൊല്ലിയാണ് അവന്‍ മരിച്ചതെന്ന് പറഞ്ഞപ്പോള്‍ ഉസ്താദ് അല്ലാഹുവിനെ സ്തുദിച്ചു.
തുടര്‍ന്ന് ഫാതിഹിന്റെ തോളില്‍ തട്ടിയിട്ട് സമാധാനിപ്പിക്കാനെന്നോണം ഉസ്താദ് പറഞ്ഞു.
‘ഭാഗ്യം ചെയ്ത കുട്ടിയാണവന്‍.’ ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന ദിക്‌റിന്റെ പവിത്രത മനസ്സിലാക്കിയവര്‍ ആ കുട്ടിയുടെ അവസനാ നിമിഷം പോലെ തന്റെ മരണത്തിനുമുണ്ടാവാന്‍ കൊതിച്ചു പോവും!. സ്വര്‍ഗ ലോകത്തിന്റെ താക്കോലാണാപദം. ഹബീബായ നബി തങ്ങള്‍ ഒരിക്കല്‍ പറഞ്ഞു
‘ ഞാനും എന്റെ മുമ്പുള്ള നബിമാരും പറഞ്ഞതില്‍ വെച്ച് ഏറ്റവും ഉത്തമമായ വചനം’ ലാ ഇലാഹ ഇല്ലല്ലാഹ് ‘എന്നതാണ്.’
ഉസ്താദ് ഒന്ന് നിറുത്തിയതിന് ശേഷം പറഞ്ഞു.
‘ഹബീബ് തുടര്‍ന്നു.
‘മൂസാ നബി (അ) ഒരിക്കല്‍ പ്രാര്‍ത്ഥിച്ചു. എനിക്ക് നിന്നെ സ്മരിക്കാനും നിന്നോട് പ്രാര്‍ത്ഥിക്കാനുമുതകുന്ന ഒരു കാര്യം നീയെന്ന പഠിപ്പിക്കണേ റബ്ബേ….’
ഉടനെ അല്ലാഹുവിന്റെ മറുപടിയെത്തി
‘ ലാ ഇലാഹ ഇല്ലല്ലാഹ്’
മൂസാനബിക്ക് (അ)തൃപ്തിയായില്ല. അവിടുന്ന വീണ്ടും ചോദിച്ചു.
‘റബ്ബേ…ഇത് എല്ലാവരും പറയുന്നതല്ലേ…? ‘
മൂസാനബിയുടെ (അ)ആശങ്കക്ക് അല്ലാഹുവില്‍ നിന്ന് വീണ്ടും മറുപടി വന്നു.
‘ മൂസാ, നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക’
എന്നിട്ടും മൂസാനബിക്ക് (അ)മതിയായില്ല. അവിടുന്ന് വീണ്ടും ചോദിച്ചു
‘ നീ…അല്ലാതെ ആരാധ്യനില്ലെന്ന് തീര്‍ച്ച തന്നെ, ഞാന്‍ ഉദ്ദേശിക്കുന്നത് എനിക്ക് മാത്രം പ്രത്യേകമായ ഒരു ദിക്‌റാണ്.’
ഉടനെ അല്ലാഹുവിന്റെ മറുപടിയെത്തി
‘ ഓ മൂസാ…ഏഴ് ആകാശവും അതിലുള്ള മറ്റുസൃഷ്ടികളും ഏഴ് ഭൂമികളും ഒരു തട്ടിലും’ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്നത് മറ്റൊരു തട്ടിലും വെച്ചാല്‍’ ലാ ഇലാഹ ഇല്ലല്ലാഹ്’ എല്ലാത്തിനെക്കാളും ഭാരം തൂങ്ങുന്നതാണ്’
ഇതാണ് ഡോക്ടറെ ആ കലിമത്തിന്റെ പവറ്’
ഉസ്താദ് തന്റെ വലതു കൈ ഫാതിഹിന്റെ തോളിലും ഇടതു കൈകൊണ്ട് തന്റെ താടിയിലും തടവിക്കൊണ്ട് ചിന്താനിമഗ്‌നനായി പറഞ്ഞു.
‘ആ കുട്ടി ചെയ്ത എന്തോ ഒരു നന്മ അല്ലാഹു സ്വീകരിച്ചതിന്റെ തെളിവാണ് അവന് കലിമ ചൊല്ലിമരിക്കാന്‍ സാധിച്ചത്. കാരണം ഈ ലോകത്തുള്ള ഓരോ വിശ്വാസിയും ജീവിക്കുന്നത് തന്നെ മരിക്കുന്ന സമയത്ത് ഈമാന്‍ കിട്ടിയൊന്ന് പോകാന്‍ വേണ്ടിയാണ്. പ്രത്യേക്ഷത്തില്‍ നമ്മളെത്ര സുന്ദരമായി ജീവിച്ചാലും മുഴുവന്‍ സമയവും ആരാധനയിലായിരുന്നാലും അവസാനം നന്നാവണമെങ്കില്‍ ഈ കര്‍മങ്ങളെല്ലാം റബ്ബ് സ്വീകരിച്ചെന്ന് നമുക്കുറപ്പ് കിട്ടണ്ടേ…!? അതോണ്ട് നമ്മളീ കാട്ടിക്കൂട്ടുന്നതൊന്നുമാവില്ല റബ്ബ് സ്വീകരിക്കുക..’
ഉസ്താദ് എന്തോ ആലോചിച്ചു കൊണ്ട് തുടര്‍ന്നു.
‘ ഞാനൊരു സംഭവം പറയാം അപ്പൊ ഡോക്ടര്‍ക്ക് ഒന്നുകൂടെ കൃത്യമായി കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. മഹാനായ ഇമാം ഗസ്സാലിയുടെ മരണത്തിന് ശേഷം ഒരാള്‍ സ്വപ്‌നം കണ്ടു.
കണ്ടയാള്‍ ചോദിച്ചു.
‘ എന്താണ് നിങ്ങളുടെ അവസ്ത…?’
മഹാനവര്‍കള്‍ പറഞ്ഞു
‘ അല്‍ ഹംദുലില്ലാഹ്….വളരെ സന്തോഷമാണ്…ഇവിടെ എല്ലാ സുഖസൗകര്യങ്ങളോടും കൂടെയാണ് ഞാന്‍ ജീവിക്കുന്നത്..’
അയാള്‍ വീണ്ടും ചോദിച്ചു
‘ നിങ്ങളില്‍ നിന്ന് അല്ലാഹു ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട കാര്യം എന്തായിരുന്നു…?’
ഇമാം ഗസ്സാലി മറുപടി പറഞ്ഞു
‘ ഞാന്‍ ഒരുപാട് കിതാബുകളുടെ രചനകള്‍ നടത്തിയിട്ടുണ്ട്. മറ്റനേകം സല്‍കര്‍മങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷെ, അല്ലാഹു എന്നില്‍ നിന്ന് ഏറ്റവും ആത്മാര്‍ത്ഥതയോടെ സ്വീകരിച്ച കാര്യമെന്താണെന്നയുമോ…!?
ഒരു രാത്രി ഞാന്‍ എഴുതികൊണ്ടിരിക്കുമ്പോള്‍ എന്റെ എഴുത്താണിയുടെ തുമ്പില്‍ മഷികുടിക്കാനായി ഒരു കുഞ്ഞു പ്രാണി വന്നിരുന്നു. അതുകണ്ട ഞാന്‍ എന്റെ കൈകളനക്കാതെ അതിന് വിശപ്പും ദാഹവും കെടുവോളം എഴുത്താണി പിടിച്ചിരുന്നു. ആ സമയത്ത് ഞാനെങ്ങാനും എഴുത്തു തുടര്‍ന്നിരുന്നെങ്കില്‍ ആ പ്രാണിയതിന്റെ ദാഹം മാറ്റാതെ പറന്നുപോകുമല്ലോയെന്ന ചിന്തയാണ് എന്നെ കൊണ്ടങ്ങനെ ചെയ്യിപ്പിച്ചത്.
ഇന്നിതാ ഇവിടെ വന്നപ്പോള്‍ ഞാന്‍ ചെയ്ത കാര്യങ്ങള്‍ക്കെല്ലാം എനിക്ക് പ്രതിഫലമുണ്ടെങ്കിലും അതിലേറ്റവും കൂടുതല്‍ പ്രതിതഫലം രേഖപ്പെടുത്തിയിരിക്കുന്നത് അന്ന് ഞാനാപ്രാണിയുടെ ദാഹശമനത്തിന് വേണ്ടി ചിലവയിച്ച കുഞ്ഞുനിമിഷങ്ങള്‍ക്കാണ്’
സ്വാദിഖുസ്താദ് ഫാതിഹിന് അഭിമുഖമായി നിന്നതിന് ശേഷം പറഞ്ഞു.
‘ഇതുപോലെ നമ്മുടെ ഫൈസല് ചെയ്ത എന്തോ ഒരു നന്മ അല്ലാഹു സ്വീകരിച്ചിട്ടുണ്ടാവും. അതിന്റെ പ്രത്യക്ഷ തെളിവാണല്ലോ ആ കുട്ടിക്ക് മരണ സമയത്ത് കലിമ ചൊല്ലാന്‍ സാധിച്ചത്. എല്ലാവരും മരിക്കും, അതില്‍ സങ്കടപ്പെട്ടിട്ട് കാര്യമില്ല. മരണ ശേഷം അവരുടെ ജീവിതം ഭാസുരമാവാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം…അതോണ്ട് നിങ്ങളാ കുട്ടിയെ ഓര്‍ത്ത് ടെന്‍ഷനടിക്കേണ്ടതില്ല..’
സ്വാദിഖുസ്താദിന്റെ സംസാരം കേട്ടപ്പോള്‍ തണുത്ത സായാഹ്നത്തില്‍ ചെറിയ കാറ്റടിച്ചു വീശുന്ന മലമുകളില്‍ കൈകള്‍ രണ്ടും വിടര്‍ത്തി ആകാശത്തേക്ക് നോക്കി നില്‍ക്കുമ്പോഴുണ്ടാകുന്ന പ്രതീതി.
സമാശ്വാസത്തിന്റെ മന്ദമാരുതന്‍ തന്റെ ഹൃദയത്തെ തലോടുന്നത് പോലെ തോന്നി ഫാതിഹിന്. അവന്‍ ഒന്ന് പുഞ്ചിരിച്ചതിന് ശേഷം ഉസ്താദിനോട് സലാം പറഞ്ഞിറങ്ങി.
**
വീട്ടിലെത്തിയ ഫാതിഹ് സഫിയാത്തയോട് കാര്യങ്ങളെല്ലാം പറഞ്ഞു. വൈകീട്ട് ഫൈസലിന്റെ മരണാനന്തര ചടങ്ങുകളും മറ്റു തിരക്കുകളും കഴിഞ്ഞതിന് ശേഷം നൂറയുടെ വീട്ടിലേക്ക് വിളിച്ച് അവളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തണം എന്ന് അവന്‍ ഉമ്മയോട് പ്രത്യേകം പറഞ്ഞേല്‍പ്പിച്ചു.
കലിമചൊല്ലിയാണ് ഫൈസല്‍ മരിച്ചതെന്നും ഫൈറൂസയോട് പറയാന്‍ വേണ്ടി തന്നെ പറഞ്ഞേല്‍പ്പിച്ച കാര്യങ്ങളുമെല്ലാം നൂറയെ പറഞ്ഞ് മനസ്സിലാക്കണം. എന്നിട്ട് ഫൈറൂസയെ സമാശ്വസിപ്പിക്കാനും അവളോടൊപ്പം നില്‍ക്കാനും പറയണം.
**
വൈകീട്ടാണ് സഫിയാത്ത നൂറയുടെ വീട്ടിലേക്ക് വിളിച്ചു. കോളേജ് വിട്ടുവന്ന നൂറ സഫിയാത്തയാണ് വിളിക്കുന്നതെന്നറിഞ്ഞപ്പോള്‍ വളരെ ലജ്ജയോടെയാണ് ഫോണെടുത്തത്.
തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ആളുടെ ഉമ്മയല്ലേ…ആ നാണമാണവളുടെ മുഖത്ത്.
പക്ഷെ, സുഖവിവരന്വേഷണങ്ങള്‍ക്ക് ശേഷം സഫിയാത്ത പറഞ്ഞതൊന്നും അവള്‍ക്ക് അത്രപെട്ടെന്ന് ദഹിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. കോളേജിലെ മൗലിദും മറ്റു പരിപാടികളും കാരണം ഫോണിലേക്ക് ശ്രദ്ധിക്കാത്തത് കൊണ്ട് വിവരങ്ങളൊന്നും അറിഞ്ഞിരുന്നതുമില്ല.
സഫിയാത്ത അവളോട് ഫാതിഹ് പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരം തെറ്റാതെ പറഞ്ഞു. എന്തിനാണ് ഫൈസല്‍ ഫാതിഹിനെ കാണാന്‍ വന്നതെന്നതില്‍ തുടങ്ങി അവസാനമായി അവന്‍ പറഞ്ഞ കാര്യങ്ങള്‍ വരെ അവരവളെ പറഞ്ഞു മനസ്സിലാക്കി.
സഫിയാത്ത ഫോണ്‍ വെച്ചിട്ടും തന്റെ കാതുകളില്‍ നിന്ന് ഫോണെടുക്കാന്‍ സാധിക്കാതെ നിശ്ചലയായി നിന്നുപോയി നൂറ. ഫൈറൂസയുടെ മുഖത്തേക്ക് താനിനിയെങ്ങനെ നോക്കും. ഇത്രനേരമായിട്ടും താനെന്ത് കൊണ്ടിതറിഞ്ഞില്ല. ഫൈറൂസ കടും കൈ ഒന്നും ചെയ്തില്ലായിരിക്കും…റബ്ബേ….അരുതാത്തതൊന്നും സംഭവിക്കരുത്. അവളുടെ മനസ്സുകളില്‍ ഒരായിരം ചിന്തകള്‍ പടപുറപ്പാട് നടത്തി. അവള്‍ പെട്ടെന്ന് സടകുടഞ്ഞുണര്‍ന്നു.
‘ഉമ്മാ….ഞാനിപ്പൊ വരാം…ഫൈറൂസയുടെ വീട് വരെയൊന്ന് പോവുകയാണ്….’
അവള്‍ ഉമ്മാന്റെ മറുപടിക്ക് കാക്കാതെ പുറത്തേക്കോടി.
************ ************ ********* ************ ************ ********* ************ ************ *********
ഫൈറൂസയുടെ വീടിന് മുമ്പിലാണ് നൂറ ഓട്ടം നിറുത്തിയത്. തുറന്ന് കിടന്നിരുന്ന മുന്‍വാതിലിലൂടെ അവള്‍ ഓടി അകത്തു കയറി. സിറ്റൗട്ടില്‍ വിഷാദയായിരിക്കുന്ന സുലൈഖാത്ത അവളെ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി.
‘രാവിലെ കതകടച്ചതാ…പിന്നീടിതു വരെ തുറന്നിട്ടില്ല….’
കരച്ചിലടക്കാനാവാതെ അവര്‍ സംസാരം തുടര്‍ന്നു.
‘ന്റെ കുട്ടി പട്ടിണി കിടന്ന് മരിക്കും…ഞാനെത്ര വിളിച്ചിട്ടും ഓള് തുറക്ക്ണില്ല. വേറാരേലും കൂട്ടികൊണ്ടോന്ന് തുറക്കാന്ന്ച്ചാല്‍….അവളുടെ ഭാവിക്ക് തന്നല്ലേ…അതിന്റെ കേട്…’
സുലൈഖാത്ത സങ്കടത്തിനിടക്കും മകളുടെ ഭാവിയെ കുറിച്ചോര്‍ത്ത് കൊണ്ട് പറഞ്ഞു.
സുലൈഖാത്ത അങ്ങനെ ചിന്തിക്കാനും കാരണമുണ്ട്. അഥവ വരുന്നവര് എന്തിനാണവള് പട്ടിണികിടക്കുന്നതെന്ന് ചോദിച്ചാല്‍ പറയാനുള്ള മറുപടിയെന്താ….? ഓള് പ്രമിച്ചിരുന്ന ചെക്കന്‍ ബൈക്കപകടത്തില്‍ മരിച്ചു. ഇതെങ്ങാനും നാട്ടുകാരറിഞ്ഞാല്‍ പിന്നെ ഓളെ എന്തിന് കൊള്ളാം….
ഒരു സാധാരണ നാട്ടുമ്പുറത്ത് കാരിയായ ഉമ്മാക്ക് തന്റെ മകളെ കുറിച്ചുണ്ടാകുന്ന ആകുലതയാണ് സുലൈഖാത്തയില്‍ നിന്നും ഉണ്ടായതെന്ന് നൂറക്ക് തോന്നി.
നൂറ ഫൈറൂസയുടെ റൂമിന്റെ കതകില്‍ മുട്ടി.
‘ടി…വാതില് തുറക്ക്….ഇത് നൂറയാ….’
അല്‍പ സമയം കാത്തിരുന്നിട്ടും അകത്ത് നിന്ന് പ്രത്യേകിച്ച് മറുപടിയൊന്നും ലഭിച്ചില്ല.
‘എടീ…ഫൈസല്‍ അവസാനം നിന്നെ കുറിച്ച് പറഞ്ഞതെന്താന്നറിയോ നിനക്ക്…!? ഫാതിഹ് ഡോക്‌റാണ് അവനെ അവസാനം നോക്കിയത്. അവരെന്തൊക്കെയാ സംസാരിച്ചെതെന്ന് എനിക്കറിയാം…പറഞ്ഞു തരണേല്‍ വാതില്‍ തുറക്ക്…’
സുലൈഖാത്ത തന്നെ കേള്‍ക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം നൂറ പതുക്കെ പറഞ്ഞു.
ഇതു കേട്ടാല്‍ ഫൈറൂസ വാതില്‍ തുറക്കുമെന്ന് നൂറക്കുറപ്പായിരുന്നു. അവള്‍ അക്ഷമയോടെ കാത്തിരുന്നു. എന്നിട്ടും തുറക്കുന്നില്ലായെന്ന് കണ്ടപ്പോള്‍ വാതിലിന് ആഞ്ഞു മുട്ടാനായി കയ്യോങ്ങിയതും മറുവശത്ത് കതകിന്റെ ബോള്‍ട്ട് താഴുന്ന ശബ്ദം കേട്ടു. നൂറ വാതില്‍ തുറന്ന് അകത്ത് കയറി കതകടച്ചു.
വാതില്‍ തുറക്കാനായ് എഴുന്നേറ്റ് അതുപോലെ തന്നെ തിരിച്ച് കട്ടിലിലേക്ക് തന്നെ വന്ന് മരംവെട്ടിയിട്ടത് പോലെ വീണ് കമിഴ്ന്ന് കിടക്കുന്ന ഫൈറൂസയെയാണ് നൂറയവിടെ കണ്ടത്.
എന്ത് ചെയ്യണമെന്നറിയാതെ നൂറ ഒരുനിമിഷം സ്തബ്ധയായി നിന്നു. ഫൈറൂസയുടെ അവസ്തയോര്‍ത്തപ്പോള്‍ അവള്‍ക്കും സംങ്കടം വന്നു.
‘ഏടീ…നീയൊന്ന് എഴുന്നേറ്റേ…നിനക്ക് കരയണമെങ്കില്‍ എന്നെ കെട്ടിപിടിച്ച് കരഞ്ഞോ….നീയിങ്ങനെ കിടക്കല്ലേ. എനിക്കും സങ്കടം വരുന്നുണ്ട്‌ട്ടൊ…’
നൂറക്ക് വാക്കുകള്‍ ലഭിക്കുന്നില്ല.
നൂറയുടെ വാക്കുകളിലെ ഇടര്‍ച്ച കേട്ടിട്ടാണെന്ന് തോന്നുന്നു ഫൈറൂസ പതുക്കെ എഴുന്നേറ്റു. അവള്‍ കരഞ്ഞു ക്ഷീണിച്ച കണ്ണുകളുമായി നൂറയെ നോക്കി. രണ്ടു പേരും അല്‍പസമയം പരസ്പരം കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.
ആര്‍ത്തിരമ്പുന്ന തിരമാല കണക്കെ തന്റെ ഉള്ളില്‍ വീണ്ടും ഉയര്‍ന്ന് തുടങ്ങിയ സങ്കടം ഒരട്ടഹാസമായി പുറത്ത് വന്നേക്കുമെന്ന് തോന്നിയപ്പോള്‍ ഫൈറൂസ പെട്ടെന്ന് നൂറയെ കെട്ടിപിടിച്ച് തേങ്ങി. നൂറ തിരിച്ചും. അവര്‍ എത്ര നേരം അങ്ങനെ അലിംഗന ബദ്ധരായി നിന്നുവെന്നറിയില്ല.
‘എടീ….നീയൊന്ന് ഫ്രഷായി വന്ന് എന്തെങ്കിലും കഴിക്ക്…എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ട്….’
ഫൈറൂസയുടെ സങ്കടം ഒന്നടങ്ങിയെന്ന് കണ്ടപ്പോള്‍ നൂറ പറഞ്ഞു.
ഒരുപാട് തവണ നിര്‍ബന്ധിച്ചപ്പോള്‍ അവളെയുന്നേറ്റ് ഫ്രഷായി വന്നു. അപ്പോഴേക്കും നൂറ സുലൈഖാത്തോയോട് അവള്‍ക്കുള്ള ഭക്ഷണം റൂമിലേക്കെത്തിക്കുവാന്‍ പറഞ്ഞിരുന്നു.
തളം കെട്ടി നില്‍ക്കുന്ന ഭീകരമായ മൗനത്തില്‍ വിരഞ്ഞ രണ്ടു നിശബ്ദ പുഷ്പങ്ങളെ പോലെ അവര്‍ ഭക്ഷണം കഴിക്കാനരംഭിച്ചു. ഫൈറൂസ കഴിച്ചെന്ന് വരുത്തി എഴുന്നേല്‍ക്കാനൊരുങ്ങി.
‘കുറച്ചു കൂടി കഴിക്കാന്‍ നോക്കടി…’
നൂറ ആ നിശബ്ദതക്ക് ഭംഗം വരുത്തിക്കൊണ്ട് അപേക്ഷാ സ്വത്തില്‍ പറഞ്ഞു.
‘എനിക്ക് വേണ്ടടി, എന്തോ ഭക്ഷണത്തോട് താത്പര്യം തോന്നുന്നില്ല’
അതും പറഞ്ഞ് ഫൈറൂസ എഴുന്നേറ്റു. നൂറ നിര്‍ബന്ധിച്ചില്ല.
‘എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലടീ…ഇന്നലെയല്ലേ…അവനിവിടുന്നിറങ്ങി പോയത്….ഞാനാണെങ്കില്‍ അവനെ ഒരുപാട് സങ്കടപ്പെടുത്തുകയും ചെയ്തു. പാവം എന്നെകുറിച്ചാലോചിച്ചിട്ടാവാം വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തെറ്റിയത്…എന്തിനാടി..ഞാനിങ്ങനെ മറ്റുള്ളവര്‍ക്ക് ഭാരമായിട്ട് ജീവിക്കുന്നത്…..!?’
ഫൈറൂസ സ്വന്തത്തോട് ദേഷ്യമുള്ളത് പോലെ സംസാരിക്കുവാന്‍ തുടങ്ങി.
‘ഏയ്…നീയിങ്ങനെ നിരാശപെടല്ലേ….അല്ലാഹുവിന്റെ വിധിയല്ലേയിവിടെ നടപ്പിലാവൂ…നമുക്ക് അവന്റെ നന്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം…’
നൂറക്ക് അവള സമാശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല.
‘എന്നാലും എന്തിനാണ് റബ്ബ് എന്നോടിങ്ങനെ…..ഞാനെന്ത് തെറ്റ് ചെയ്തിട്ടാ….’
ഫൈറൂസ വീണ്ടും കരയും എന്നായപ്പോള്‍ നൂറ എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നിരുന്ന് അവളെ തന്നിലേക്ക് ചേര്‍ത്തു പിടിച്ചു. ഫൈറൂസ അവളുടെ തോളിലേക്ക് തലചെരിച്ച് വെച്ച് തേങ്ങി.
‘എടീ…ഫൈസല് ഭാഗ്യവാനാണ്. കാരണന്താന്നറിയോ നിനക്ക്….?’
നൂറ കൊച്ചു കുട്ടികളോട് സംസാരിക്കുന്നത് പോലെ ഫൈറൂസയോട് ചോദിച്ചു. ഫൈറൂസ മറുപടിയൊന്നും പറഞ്ഞില്ല. നൂറ തുടര്‍ന്നു.
‘ കാരണം, അവസാനം ഇവിടെവെച്ച് നിന്നെ കണ്ടത് കൊണ്ടാണ് അവന് മാനസാന്തരമുണ്ടായത്. അതുകൊണ്ടാണ് അവന്‍ ഡോക്ടറോട് ചെയ്തതും നിങ്ങളുടെ പ്രണയവുമെല്ലാം തെറ്റായിരുന്നുവെന്ന ബോധ്യം അവന് വന്നത്. ആ തെറ്റ് തിരുത്താനാണ് അവന്‍ ഫാതിഹ് ഡോക്ടറെ കാണുവാനായി ചെന്നത്. അവര് തമ്മില്‍ പരിജയപ്പെട്ടത് കൊണ്ടല്ലേടീ…ഡോക്ടര്‍ക്ക് അവന് അപകടം പറ്റിയ കൃത്യസമയത്ത് തന്നെ അവിടെയെത്താനും അവസാന സമയത്ത് കലിമ ചൊല്ലിക്കൊടുക്കാനും അവന് അതേറ്റ് ചൊല്ലാനുമെല്ലാം അവസരമുണ്ടായത്… !?
ഇതൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കിലും മറ്റെന്തെങ്കിലും ചിന്തിച്ച് കൂട്ടിയിട്ടും അവന് അപകടം സംഭവിക്കാമായിരുന്നു. അതൊരു ദുര്‍മരണമാവുകയും ചെയ്യുമായിരുന്നു. പക്ഷെ, അല്ലാഹു അങ്ങനെയൊന്നും സംഭവിപ്പിക്കാതെ നല്ല ഈമാനുള്ള മരണമല്ലേ..ഫൈസലിന് നല്‍കിയത്…’
തന്റെ വലത് തോളില്‍ തലചാഞ്ഞ് കിടക്കുന്ന ഫൈറൂസയുടെ കൈകളില്‍ വളരെ പതുക്കെ തലോടിക്കൊണ്ട് നൂറ ആശ്വസിപ്പിച്ചു കൊണ്ട് തുടര്‍ന്നു.
‘ അവനെയോര്‍ത്ത് സംങ്കടപെടരുതെന്നും നീ തെരഞ്ഞെടുത്ത മാര്‍ഗമാണ് ശരിയെന്നും നിന്നോട് പറയാന്‍ അവന്‍ പ്രത്യേകം ഡോക്ടറെ പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. കൂടാതെ അവന്റെ പാരത്രിക വിജയത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യാനും വസിയ്യത്ത് ചെയ്തിട്ടുണ്ട്. നമുക്ക് അവനോട് ഒരു തരിമ്പെങ്കിലും മാനുഷ്യക സ്‌നേഹമുണ്ടെങ്കില്‍ കരഞ്ഞിരിക്കുന്നതിന് പകരം ഇനിയുള്ള അവന്റെ വിജയത്തിനാവശ്യമായതല്ലെ നമ്മള് ചെയ്യേണ്ടത്…? അതായിരിക്കില്ലേ അവന്‍ നമ്മില്‍ നിന്ന് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്….?
നീയെല്ലാതെ അവന് നന്മയുപദേശിക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല. അപ്പോ, അവന് വേണ്ടി ഇനിയെന്തെങ്കിലും നല്ലത് ചെയ്യാനും നീയേയുള്ളൂ…അതോണ്ട് നമുക്ക് അവന്റെ പാരത്രിക വിജയത്തിനാവശ്യമായതെന്ത് ചെയ്യാന്‍ സാധിക്കുമെന്നാലോചിക്കാം…’
നൂറയുടെ വാക്കുകളോരോന്നും ഫൈറൂസയുടെ മനസ്സില്‍ മഞ്ഞുമഴപെയ്യിച്ചു. അവളുടെ കുറ്റബോധം പതുക്കെ മാറി തുടങ്ങി. അവന്‍ കലിമചൊല്ലി ഈമാനോട് കൂടിയാണ് മരിച്ചതെന്നറിഞ്ഞപ്പോള്‍ അവള്‍ക്കെന്തോ അഭിമാനം തോന്നി. അവനങ്ങനെ കലിമചൊല്ലാന്‍ കാരണം നീയാണെന്ന് നൂറ പറഞ്ഞപ്പോള്‍ അവള്‍ക്ക് ഉള്‍പുളകമുണ്ടായി. ഫൈറൂസ തന്റെ കണ്ണുകള്‍ തുടച്ചു കൊണ്ട് നൂറയുടെ തോളില്‍ നിന്ന് തലഉയര്‍ത്തി.
‘എടീ….നമുക്ക് അവന് വേണ്ടി എന്തെങ്കിലും ചെയ്യണം…’
ഫൈറൂസ എന്തോ തീരുമാനിച്ചുറച്ചത് പോലെ പറഞ്ഞു.
‘ഉം…’
നൂറയൊന്നിരുത്തി മൂളിയതിന് ശേഷം പറഞ്ഞു.
‘നമ്മുടെ വാട്‌സപ്പ് ഗ്രൂപ്പുകളില്‍ ഖത്മുകളും സ്വലാത്തുകളും ചൊല്ലുന്നില്ലേ…അതിന്റെ സമര്‍പ്പണ ദിവസം നമുക്ക് അവന് വേണ്ടി പ്രത്യേകം ദുആ ചെയ്യാം. നീ സാധിക്കുമെങ്കില്‍ 70000 തഹ്ലീല് ചൊല്ലൂ. ഞാനും ചൊല്ലാന്‍ ശ്രമിക്കാം. മരിച്ചവര്‍ക്കായി 70000 തഹ്ലീല് ചൊല്ലിയാല്‍ അത് മുഖേനെ അവര്‍ക്ക് ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കുംന്നാണ്.’
നൂറ ഫൈറൂസയുടെ തീരുമാനത്തിന് പരിഹാരം പറഞ്ഞു.
‘ഇന്‍ ഷ അല്ലാഹ്…ഖത്മിനോടൊപ്പം ഞാന്‍ 70000 തഹ്ലീല് ചൊല്ലും….’
ഫൈറൂസയുടെ വാക്കുകള്‍ക്ക് വല്ലാത്ത ഘാഭീര്യമുണ്ടായിരുന്നു.
സാന്ദര്‍ഭികമെന്ന് തോന്നിയത് കൊണ്ടാവാം 70000 തഹ്ലീല് ചൊല്ലിയാല്‍ ഉണ്ടാകുന്ന നേട്ടങ്ങള്‍ കൂടെ നൂറയവളോട് വിശദീകരിച്ചു
‘ ഇബ്‌നു അറബി (റ) എന്ന വലിയൊരു സൂഫിപണ്ഡിതനുണ്ടായിരുന്നു. മഹാനൊരിക്കല്‍ പറഞ്ഞു.
‘ആരെങ്കിലും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് 70000 തവണ ചൊല്ലിയാല്‍ അവനും ആര്‍ക്ക് വേണ്ടി ചൊല്ലപ്പെട്ടോ അവനും സര്‍വ്വ പാപവും പൊറുക്കപ്പെടുമെന്ന് ഹബീബായ നബി തങ്ങള്‍ പറഞ്ഞതായി എനിക്കെത്തിയിട്ടുണ്ട്. ‘
നൂറ ഫൈറൂസ തന്നെ കേള്‍ക്കുന്നുണ്ടോയെന്ന് ശ്രദ്ധിച്ചതിന് ശേഷം തുടര്‍ന്നു.
‘അങ്ങനെ ഇബ്‌നു അറബിയെന്നവര് തുടര്‍ന്ന് പറഞ്ഞു
‘ ഈ ഹദീസ് ലഭിച്ചതിന് ശേഷം പ്രത്യേകം ഒരാളെയും കരുതാതെ ഞാന്‍ 70000 തഹ്ലീല്‍ ചൊല്ലി. ആയിടക്ക്, ഒരിക്കല്‍ ഞാനൊരു സദ്യയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ ഒരുയുവാവ് ഉച്ചത്തില്‍ കരഞ്ഞു. നോക്കിയപ്പോള്‍ അല്ലാഹുവില്‍ നിന്ന് കശ്ഫ്( പ്രത്യേക വെളിപാട്) ലഭിക്കുന്ന ഒരുയുവാവാണദ്ദേഹം.
എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചപ്പോള്‍.
‘ഞാന്‍ എന്റെ ഉമ്മയെ ഖബറില്‍ ശിക്ഷിക്കപ്പെടുന്നതായി കണ്ടു’ അതാണ് കരയാന്‍ കാരണമെന്ന് അയാള്‍ മറുപടി പറഞ്ഞു.
അദ്ദേഹത്തിന്റെ മറുപടി കേട്ടയുടനെ ഞാന്‍ മുമ്പ് ചൊല്ലിയ തഹ്ലീലിനെ അദ്ദേഹമറിയാതെ അവരുടെ ഉമ്മാക്ക് വേണ്ടി ഹദ്‌യ ചെയ്തു. തല്‍ക്ഷണം ആ വ്യക്തി ചിരിച്ചു കൊണ്ട് പറഞ്ഞു
‘ ഇപ്പോള്‍ എന്റെ ഉമ്മയെ നല്ലനിലയില്‍ എനിക്ക് കാണാം..’
നൂറ ചരിത്രം പറഞ്ഞു നിറുത്തിയ ശേഷം പറഞ്ഞു.
‘അതോണ്ട് നീയവന് വേണ്ടി ചെയ്യുന്ന; ഇതുവരെ അവന് കൊടുത്ത സമ്മാനങ്ങളെക്കാളെല്ലാം മഹത്തരവും മൂല്യമുള്ളതുമായ സമ്മാനം ഇനി നമ്മള്‍ ചെയ്യാന്‍ പോകുന്ന കര്‍മങ്ങളായിരിക്കും ഇന്‍ ഷ അല്ലാഹ്…’
അത് പറയുമ്പോള്‍ നൂറയുടെ മുഖത്ത് ചെറിയ പുഞ്ചിരിയുണ്ടായിരുന്നു. ഫൈറൂസയും കണ്ണീരില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ തലകുലുക്കി. അവരിരുപേരും വീണ്ടും കെട്ടിപിടിച്ചു.
ആ ആലിംഗനത്തില്‍ ഫൈറൂസ പറഞ്ഞു
‘നൂറൂ….നീയാടീ എന്റെ ജീവിതത്തിലെ എല്ലാ നന്മകള്‍ക്കും കാരണം. ഫൈസലിന് ഈ നന്മകളെല്ലാം ലഭിക്കാനും അവസാനം കലിമചൊല്ലാനും എല്ലാം സാധിച്ചത് നിന്റെ കാരണം കൊണ്ടാണ്. നിന്നെയെനിക്ക് തന്ന റബ്ബിനെ ഞാനെത്ര സ്തുതിച്ചാലും മതിയാവുകയില്ല. അല്‍ ഹംദുലില്ലാഹ്’
അവര്‍ പരസ്പരം തേങ്ങി കരഞ്ഞു.
************ ************ ********* ************ ************ ********* ************ ************ *********
നൂറയന്ന് ഫൈറൂസയുടെ വീട്ടിലാണ് നിന്നത്. ആവശ്യമുള്ള സമയത്ത് കൂടെനില്‍ക്കുന്നത് സൗഹൃദത്തിന്റെ ഭാഗമാണല്ലോ. നൂറയുടെ സാന്നിദ്ധ്യം ഫൈറൂസയെ കൂടുതല്‍ ഉന്മേശവദിയാക്കി.
ഫര്‍സാനയേയും അവര്‍ വിളിച്ചിരുന്നു. പക്ഷെ, വീട്ടിലെ ചില അത്യവശ്യം കാരണം കോളേജിന് ശേഷം അവള് നാട്ടിലേക്ക് തിരിച്ചതാണ്. രണ്ടു ദിവസത്തിന് ശേഷമേ വരൂ.
‘ഇത് നിന്റെ പേഴ്‌സണല്‍ ഡയറിയാണോ….ഞാന്‍ വായിക്കട്ടെ….’
ഫൈറൂസയുടെ ബുക്ക് ഷെല്‍ഫില്‍ വളരെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന, പുറം ചട്ടയില്‍ തന്നെ ഹര്‍ട്ടിന്റെ ചിഹ്നം കൊണ്ട് ഡക്‌റേറ്റ് ചെയ്ത ഡയറിയെടുത്ത് ചെറു ചിരിയോടെ് നൂറ ചോദിച്ചു.
മൗനം സമ്മതമാക്കി ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ ഫൈറൂസ പ്രത്യേകിച്ചൊന്നും മറുപടി പറഞ്ഞില്ല.
നൂറ ആ ഡയറിയിലൂടെ മൊത്തത്തിലൊന്ന് ഓട്ടപ്രദിക്ഷണം വെച്ചു.
പതിവ് സംഭവങ്ങളും അവളുടെ ജീവിതത്തിലെ ചില പ്രധാന ഓര്‍മകളും മാറ്റി നിറുത്തിയാല്‍ അവളും ഫൈസലും ചിലവയിച്ച ഓരോ നിമിഷങ്ങളുടെയും ജീവനുള്ള അക്ഷരങ്ങള്‍ പോലെ അവള്‍ ആ വരികള്‍ ചിത്രീകരിച്ചിരിക്കുന്നു.
അവസാനമായി ഫൈസല്‍ ഈ വീട്ടില്‍ നിന്നിറങ്ങി പോകുമ്പോള്‍ അവളുടെ ഹൃദയം പറിച്ച് കൊണ്ടുപോകുന്ന വേദനയാണവളനുഭവിച്ചതെന്നെഴുതിയപ്പോള്‍ നൂറയുടെ ശരീരം ഒന്ന് കോരിതരിച്ചു. കാരണം ഇത്രമാത്രം പരീക്ഷണ ഘട്ടമുണ്ടായിരുന്നിട്ടും ധീരമായി തന്നെ ഫൈറൂസ അതിനെ നേരിട്ടുവല്ലോ. അതവളുടെ ഈമാനികമായ ശക്തി തന്നെയാണ്.
കാരണം ശരീരേഛക്ക് വഴിപ്പെട്ടിരുന്നുവെങ്കില്‍ അവള്‍ക്ക് ഫൈസലിനെ തിരിച്ച് വിളിക്കാമായിരുന്നു. വീണ്ടും ഒന്നാകമായിരുന്നു. പക്ഷെ, അതുണ്ടായില്ല. അതിനു പകരം അവള്‍ അവനെ നന്മയിലേക്ക് ക്ഷണിച്ചു. വിഷയത്തിന്റെ ഗൗരവം അവനെ പറഞ്ഞു മനസ്സിലാക്കി. അവന്‍ അതുള്‍ക്കൊള്ളുകയും ചെയ്തു. അല്‍ഹംദുലില്ലാഹ്.
നൂറ മനസ്സില്‍ റബ്ബിനെ സ്തുതിച്ചുകൊണ്ട് ഡയറിയില്‍ നിന്ന് കണ്ണെടുത്ത് ഫൈറൂസയെ നോക്കി. എന്തോ ആലോചനയില്‍ മുഴുകി കട്ടില്‍ ചേര്‍ത്തിട്ട ചുവരിലേക്ക് തലയും ചാരിയിരിപ്പാണവള്‍.
‘ഡീ…എഴുന്നേറ്റെ, ഇങ്ങനെ ആലോചിച്ചോണ്ടിരുന്നാല്‍ ഭ്രാന്ത് പിടിക്കും. നമുക്ക് പുറത്തേക്കെവിടേക്കെങ്കിലും പോവാം…എന്നാല്‍ മനസ്സൊന്ന് ശാന്തമാവും. ഇവിടിങ്ങനെ അടച്ചിരുന്നോണ്ടാണ് നീയിങ്ങനെ ചടഞ്ഞിരിക്കുന്നത്.’
നൂറ ഫൈറൂസയുടെ കൈകള്‍ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു.
‘ഈ സമയത്തിനിയെങ്ങോട്ട് പോവാന്‍…നേരമിരുട്ടാനായി….’
ഫൈറൂസ മടിപറഞ്ഞു.
‘ എടീ…ബാങ്ക് വിളിക്കാനിനിയും സമയമൊരുപാടുണ്ട്. നമുക്കാ മൊട്ടക്കുന്നിലെ ആനപ്പാറയുടെ മുകളില്‍ പോയി കുറച്ച് നേരമിരിക്കാം…നല്ലരസമായിരിക്കും…’
ഫൈറൂസയുടെ വീടിന് പുറകവശത്തേക്ക് ഇരുപത് മീറ്റര്‍ മാറിയാല്‍ നിരനിരയായി റബര്‍ വെച്ച മൊട്ടക്കുന്നാണ്. മുമ്പ് മലയുടെ മുകള്‍ ഭാഗം തരിശായി കിടന്നതിനാലാവാം ആ മലക്ക് മൊട്ടക്കുന്നെന്ന് പേര് വീണതെന്ന് ഫൈറൂസ പലപ്പോഴും ആലോചിക്കാറുണ്ട്.
റബറ് വെക്കുന്നതിന് മുമ്പ് മലയില്‍ നിറയെ പറങ്കിമാവായിരുന്നു. അന്നെല്ലാം പറങ്കിമാങ്ങപെറുക്കാനും രസകരമായി മലകയറാനും സ്ഥിരമായി അവര്‍ പോകുമായിരുന്നു. ഇടക്ക് ഉമ്മച്ചിയും കൂടെ പോരും. അങ്ങനെ മലമുകളിലെ ആനപ്പാറയില്‍ നല്ലപഴുത്ത പറങ്കിമാങ്ങയും കടിച്ചീമ്പി കൊണ്ട് വെറുതെ സൊറയും പറഞ്ഞ് ഒരുപാട് സമയമങ്ങിനെയിരിക്കും.
ആനപ്പാറയില്‍ നിന്ന് നോക്കിയാല്‍ പച്ചപ്പ് വിരിച്ച് നില്‍ക്കുന്ന ഒരുപാട് മലകള്‍ കാണാം. ആ മലകള്‍ക്ക് നടുവിലൂടെ വളഞ്ഞ് പുളഞ്ഞൊഴുകുന്ന ചാലിയാറിനെ കണ്ടാല്‍ ഏതോവലിയ കണ്ണാടിച്ചില്ല് നിലത്ത് പൊട്ടിച്ചിട്ടതാണെന്ന് തോന്നും.
സായാഹ്നത്തിന്റെ നല്ല തണുത്ത കാറ്റും കൊണ്ട് ആ പറയിലങ്ങനെയിരുന്നാല്‍ സമയം പോകുന്നത് അറിയുകയേയില്ല. ഫൈറൂസ ഒരു നിമിഷം അവരുടെ കുട്ടിക്കാലത്തിലേക്ക് പോയി. അതോര്‍ത്തപ്പോള്‍ തന്നെ അവളുടെ മനസ്സിന് വല്ലാത്ത ഒരു ശാന്തതയനുഭവപ്പെട്ടു.
‘ഉം….എന്നാ നമുക്ക് വേഗം പോയി പോരാം…’
ആനപ്പാറയുമായുള്ള അവരുടെ ശൈശവകാലത്തിന്റെ ഊഷ്മളമായ ബന്ധം തള്ളികയറി വന്നതിനാലാണെന്ന് തോന്നുന്നു ഫൈറൂസ പെട്ടെന്ന് ആവേശത്തോടെയങ്ങനെ പറഞ്ഞത്.
അങ്ങനെ അവരിരുവരും മലകയറി. ഭീമാകാരമായി വളര്‍ന്നിരിക്കുന്ന റബ്ബര്‍ കൂട്ടങ്ങള്‍ അകത്തേക്ക് തള്ളികയറാന്‍ ശ്രമിക്കുന്ന വെളിച്ചത്തെ തടഞ്ഞു വെച്ചു. പതുക്കെ പതുക്കെ ഇരുട്ട് അവിടങ്ങളില്‍ സൈ്വര്യവിവിഹാരത്തിനിറങ്ങിയിരിക്കുന്നു.
അവര്‍ വേഗത്തില്‍ മല നടന്നു കയറി. മൊട്ടകുന്നിന്റെ മുകള്‍ ഭാഗം ഇപ്പോഴും തരിശു കിടക്കുകയാണ്. ചുറ്റും റബ്ബര്‍ കാടുകള്‍ മൂടി ഇരുണ്ട കിടക്കുന്ന ആ മലയുടെ ആകശ ദൃശ്യം നോക്കിയാല്‍ മൂര്‍ദ്ധാവില്‍ മാത്രം കഷണ്ടിയുള്ള ഒരാളുടെ തലയിലേക്ക് നോക്കിയതിന് സമാനമായിരിക്കുമെന്നോര്‍ത്തപ്പോള്‍ ഫൈറൂസയുടെ മുഖത്ത് ചെറിയ ചിരിവിടര്‍ന്നു.
അവര്‍ രണ്ട് പേരും കൈകള്‍ കോര്‍ത്ത് പിടിച്ചു കൊണ്ട് ആനപ്പാറയുടെ മുകളിലേക്ക് കയറി. കാറ്റുകള്‍ അവരെ മൃദുലമായി തലോടിക്കൊണ്ട് പഴയ ബന്ധം പുതുക്കാന്‍ ശ്രമിച്ചു. എത്ര കാലമായി കണ്ടിട്ടെന്ന് പരിഭവം പറഞ്ഞു കൊണ്ടുവന്ന ചിലകാറ്റുകള്‍ കുറച്ചാവേശത്തില്‍ വീശിയപ്പോള്‍ നൂറയുടെ തലയില്‍ നിന്ന് തട്ടം കുതറി മാറാന്‍ ശ്രമിച്ചു.
ആനപ്പാറയുടെ മുകളിലെത്തിയ ശേഷം ഫൈറൂസയൊന്ന് ദീര്‍ഘ നിശ്വാസമെടുത്തു. നാലു ഭാഗങ്ങളിലും പച്ചപ്പ് വിരിച്ച മലയും നടുവിലൂടെ തെളിനീരായി ഒഴുകുന്ന ചാലിയാറും വല്ലാത്ത അനുഭൂതി നല്‍കുന്ന കാഴ്ച്ച തന്നെയാണ്. അവിടയങ്ങനെയിരുന്നപ്പോള്‍ ഫൈറൂസയുടെ മനസ്സിന് വല്ലാത്ത സമാധാനം അനുഭവപ്പെട്ടു.
‘എടീ….നീയെനിക്കൊരു കഥപറഞ്ഞു കൊണ്ടാ…ഹബീബായ നബിതങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും കഥമതി…?’
ഫൈറൂസ ദൂരെ ശാന്താമയിട്ടൊഴുകുന്ന ചാലിയാറിലേക്ക് കണ്ണും നട്ടുകൊണ്ട് പറഞ്ഞു.
എന്തിനാണ് അവളിന്നേരത്ത് കഥപറയാനവശ്യപ്പെട്ടതെന്ന് നൂറ അത്ഭുതപ്പെട്ടു. അല്‍പസമയം കഴിഞ്ഞിട്ടും ഒന്നും മിണ്ടാതിരിക്കുന്ന നൂറയെ ഫൈറൂസ തലതിരിച്ചു നോക്കി.
‘പ്ലീസ് എന്തോലുമൊന്ന് പറ, ഈ ആംപിയന്‍സ് ഫീല്‍ ചെയ്യണമെങ്കില്‍ എന്തേലും കേട്ടോണ്ടിരിക്കണം…’
ഫൈറൂസ വീണ്ടും പറഞ്ഞു. നൂറ എന്തുപറയണമെന്നറിയാതെ ഒരു നിമിഷം അലോചനയില്‍ മുഴുകി.
‘ഉംം…’ നൂറയൊന്ന് നീട്ടി മൂളി.
‘ ഒരിക്കല്‍ ശൈഖ് മൂസാളരീര്‍ കപ്പലില്‍ സമുദ്രയാത്ര നടത്തുകയാണ്…’
പ്രത്യേക ആമുഖങ്ങളൊന്നുമില്ലാതെ വിദൂരതയിലേക്ക് തന്നെ നോക്കി കൊണ്ട് നൂറ പറഞ്ഞു തുടങ്ങി.
‘അതുവരെ ശാന്തമായിരുന്ന സമുദ്രം പെട്ടെന്ന് പ്രക്ഷുബ്ധമായി. തിരമാലകള്‍ ഉയര്‍ന്ന് പൊങ്ങി, അവര്‍ സഞ്ചരിച്ച കപ്പലും ആടിയുലഞ്ഞു. എല്ലാവരും ഭയവിഹ്വലരയി. ‘
ദൂരെ തന്റെ മുമ്പില്‍ ശാന്തമായിട്ട് വളഞ്ഞു പുളഞ്ഞൊഴുകുന്ന ചാലിയാറിനെ നോക്കിക്കൊണ്ട് നൂറ തുടര്‍ന്നു.
‘ അതിനിടക്ക് എന്തോ ക്ഷീണം തോന്നിയ മഹാനവര്‍കള്‍ കിടന്നയുടനെ ഉറങ്ങിപോയി. ഉറങ്ങിയപ്പോയല്ലേ…അത്ഭുതം…!’
നൂറയുടെ മുഖത്ത് ആശ്ചര്യം വിടര്‍ന്നു. അവള്‍ ആ കപ്പലില്‍ ശൈഖ് മൂസാളരീറിനോടൊപ്പമുള്ളത് പോലെയാണ് പറയുന്നത്. ഫൈറൂസയുടെ നോട്ടവും ഇപ്പോള്‍ നൂറയില്‍ തന്നെ തറച്ചു നില്‍ക്കുകയാണ്.
‘ലോകത്തുള്ള സകല പ്രശ്‌നങ്ങളുടെയും പരിഹാരം നിര്‍ദേശിക്കുവാന്‍ പ്രാപ്തരായ, പ്രക്ഷുബ്ധമായതിനെയെല്ലാം തന്റെ തിരുനോട്ടം കൊണ്ട് തന്നെ ശാന്തമാക്കാന്‍ സാധിക്കുന്ന ഹബീബായ നബി തങ്ങള്‍ ശൈഖ് മൂസയുടെ സ്വപ്‌നത്തില്‍ പ്രത്യേക്ഷപ്പെട്ടു.
എന്നിട്ട് അവിടുന്ന് പറഞ്ഞു:
‘നീ വേഗം യാത്രകാരോടെല്ലാം
(‘ അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ സ്വലാത്തന്‍ തുന്‍ജീനാ ബിഹാ മിന്‍ ജമീഇല്‍ അഹ് വാലി വല്‍ ആഫാത്തി വ തഖഌ ലനാ ബിഹാ ജമീഇല്‍ ഹാജാത്തി വ തുത്വഹിറുനാ ബിഹ മിന്‍ ജമീഇസ്സയ്യിആത്തി വ തര്‍ഫഉ ലനാ ബിഹ ഇന്‍ദക്ക അഅ്‌ലദ്ദറജാത്ത്. വ തുബല്ലിഉന ബിഹ അഖ്‌സല്‍ ഗോയാത്തി മിന്‍ ജമീഇല്‍ ഖൈറാത്തി ഫില്‍ ഹയാത്തി വ ബഅ്ദല്‍ മമാത്ത്’)
എന്ന ഈ സ്വലാത്ത് ആയിരം തവണ ചൊല്ലാന്‍ പറയൂ’
മഹാനവര്‍കള്‍ പെട്ടെന്ന് സ്വപ്‌നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. ഒരുനിമിഷം താന്‍ സ്വപ്‌നത്തിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മഹാന്‍ മറന്നു. അല്‍പസമയത്തിന് ശേഷം സ്വബോധത്തിലേക്ക് വന്ന ശൈഖ് ഹബീബായ നബിതങ്ങള്‍ തന്നെ പറഞ്ഞേല്‍പ്പിച്ച കാര്യം ഓര്‍ത്തു.
ആകെ പേടിച്ച് നില്‍ക്കുന്ന യത്രക്കാരോട് മഹാനവര്‍കള്‍ കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ അവരെല്ലാവരും സ്വലാത്ത് ചൊല്ലാനരംഭിച്ചു. ഏകദേശം മുന്നൂറ് സ്വലാത്തുകളായപ്പോള്‍ കടല് പതുക്കെ ശാന്തമാവാനരംഭിച്ചു. എല്ലാം പതിവ് പോലെ സാധാരണ നിലയിലേക്ക് വന്നു.’
നൂറ ഒന്ന് നിറുത്തി. തുടര്‍ന്ന് പറഞ്ഞു.
‘ എടീ….എന്തേലും പ്രയാസം അനുഭവിക്കുമ്പോള്‍ ഹബീബായ നബിതങ്ങളുടെ മേലില്‍ സ്വലാത്ത് ചൊല്ലിയാല്‍ അവിടുന്ന് പരിഹാരവുമായി വരും. അതിനി എത്രവലിയ മാനസ്സിക പ്രശ്‌നമാവട്ടെ, ശാരീരികമാവട്ടെ, സാമ്പത്തികമാവട്ടെ….അതോണ്ട് നിനക്കിപ്പോള്‍ വേണ്ടത് മാനസ്സിക സമാധാനമാണ്. നിരന്തരം സ്വലാത്തുകളെ അധികരിപ്പിച്ചാല്‍ മനസ്സ് നിന്റെ വരുതിയില്‍ ഒതുങ്ങും..ഇ. അ’
വീണ്ടും പലതും പറഞ്ഞും ഓര്‍ത്തും അവര്‍ ഒരുപാട് സമയം അവിടെയിരുന്നു. അങ്ങനെ മൊട്ടക്കുന്നിന്റെ കഷണ്ടിയും ഇരുട്ടി തുടങ്ങിയപ്പോള്‍ അവര്‍ തിരിച്ചു നടന്നു.
**
പിറ്റേന്ന് ഫൈറൂസ കോളേജിലേക്ക് പോയി. ക്ലാസിലേക്ക് നടക്കുമ്പോള്‍ പതിവില്ലാതെ എല്ലാവരും അവളെ തന്നെ തുറിച്ചു നോക്കി. എല്ലാവരുടെ നോട്ടത്തിലും എന്തോ പന്തിക്കേട് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവള്‍ക്ക് തോന്നി.
അങ്ങനെ തോന്നാനുള്ള കാരണം വെറുപ്പ് നിറഞ്ഞ ദേഷ്യമുള്ള മുഖഭാവമായിരുന്നു എല്ലാവര്‍ക്കും. സാധാരണ കണ്ടാല്‍ ചിരിക്കാറുള്ള ജൂനിയേഴ്‌സ് പോലും അവളെ എന്തോ തെറ്റ് ചെയ്തവളെ പോലെയാണ് നോക്കിയത് .
പെട്ടെന്ന് റുഖ്‌സാന പിറകിലൂടെ വന്ന് അവളുടെ കൈ പിടിച്ച് സ്ത്രീകളുടെ ടോയിലെറ്റിന്റെ ഭാഗത്തേക്ക് വേഗത്തില്‍ നടന്നു. അവരെ ആരും കാണുന്നില്ലായെന്ന് അവള്‍ ഇടക്കിടക്ക് നോക്കുന്നുണ്ട്. ഒരിടത്ത് ശാന്തമായതിന് ശേഷം റുഖ്‌സാന പറഞ്ഞു.
‘എടീ…ഞാനെങ്ങാനും നിന്ന ഹെല്‍പ്പ് ചെയ്യുന്നുവെന്ന് ഇവിടെയുള്ളവരാരെങ്കിലും അറിഞ്ഞാല്‍ അതോണ്ടെ തീര്‍ന്നു എല്ലാം….’
ഫൈറൂസക്ക് റുഖ്‌സാന എന്താണ് പറയുന്നതെന്ന് മനസ്സിലായില്ല.
‘നീയെന്തൊക്കെയാണീ പറയുന്നത്…!? എന്തിനാണ് എല്ലാവരും എന്നെയിങ്ങനെ തുറിച്ച് നോക്കുന്നത്. അവരോടൊക്കെ ഞാനെന്തോ തെറ്റ് ചെയ്തവളെ പോലെ…’
ഫൈറൂസ ഒരുപാട് ചോദ്യങ്ങള്‍ ഒരേ സമയം ചോദിച്ചു.
റുഖ്‌സാന ഫൈറൂസയെ ഒന്നിരുത്തി നോക്കിയതിന് ശേഷം പറഞ്ഞു:
‘ അപ്പൊ കാര്യങ്ങളൊന്നും അറിയാതെയാണെല്ലേ മോള് കോളേജിലേക്ക് കെട്ടിയെടുത്തത്. ഞാനുമതലോചിക്കുകയായിരുന്നു…നിനക്കെങ്ങനെയിന്ന് കോളേജിലേക്ക് വരാന്‍ ധൈര്യമുണ്ടായെന്ന്….നമ്മുടെ ക്ലാസിന്റെ വാട്‌സപ്പ് ഗ്രൂപ്പിലെല്ലാം നിന്നെ കൊന്ന് കൊലവിളി നടത്തുന്നത് നീ കണ്ടില്ലേ..!?.’
റുഖ്‌സാനയുടെ ആ ചോദ്യമാണ് ഫോണും അതില്‍ വാട്‌സപ്പും തന്റെ കയ്യിലുണ്ടെന്ന കാര്യം തന്നെ ഫൈറൂസ ഓര്‍ത്തത്. ഇന്നലെ ഫൈസലിന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് ശേഷം ഫൈറൂസ ഫോണ്‍തന്നയെടുത്തിരുന്നില്ല.
‘എടീ…നീയാണ് ഫൈസലിന്റെ കൊലപാതകിയെന്നാണ് ആ ഇജാസും കൂട്ടരുമെല്ലാം പറഞ്ഞു നടക്കുന്നത്. നീയവനെ അവോയ്ഡ് ചെയ്തതില്‍ മനസ്സ് നൊന്തതിന്റെ പേരില്‍ അവന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് അവര് പറയുന്നത്. ഇതിന് നിന്നോട് പ്രതികാരം ചോദിക്കും എന്നും അവര് പറയുന്നുണ്ട്. അതോണ്ട് നീയിപ്പോ ക്ലാസിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. ഇനി കാര്യങ്ങളൊക്കെ ഒന്ന് ശാന്തമായതിന് ശേഷം വന്നാല്‍ മതി….’
റുഖ്‌സാന ഒറ്റശ്വാസത്തില്‍ പറഞ്ഞു നിറുത്തി.
ഫൈറൂസയുടെ മനസ്സില്‍ ഭയത്തിന്റെ ഇടുത്തി വീണു. അവളുടെ കൈകാലുകള്‍ കുഴയാന്‍ തുടങ്ങി. താനാണ് ഫൈസലിനെ കൊന്നതെന്നാണ് ഇവര്‍ വിശ്വസിക്കുന്നതെന്നാലോചിച്ചപ്പോള്‍ അവള്‍ക്ക് തലകറങ്ങുന്നത് പോലെ തോന്നി. റൂഖ്‌സാന ഇടക്കിടക്ക് പരിസരം നോക്കി.
‘ എടീ…വേഗം പോ…ആ ഇജാസെങ്ങാനും നീയിവിടെയുള്ള വിവരമറിഞ്ഞാല്‍…പിന്നെ നിനക്ക് നല്ലനിലക്ക് വീട്ടിലേക്ക് പോകാന്‍ സാധിക്കില്ല….’
റുഖ്‌സാനയുടെ വാക്കുകളില്‍ ഭയം നിറഞ്ഞു നിന്നിരുന്നു.
************ ************ ********* ************ ************ ********* ************ ************ *********
‘എടാ…ഓളങ്ങട്ട് കൊണ്ടോരണ്ടേ…ഞാനിവിടെ അടുക്കളേല് ഒറ്റക്കാണ്ന്ന്ള്ള ബോധൊക്കെ അനക്കില്ലേ….?’
സഫിയാത്ത ഫാതിഹിനെയൊന്ന് ആക്കി ചോദിച്ചു.
‘അപ്പൊ ഒളെ ങ്ങളെ അടുക്കളേല്‍ സഹായിക്കാനാണോ കൊണ്ടോര്ണത്….ദ്പ്പം നല്ല കഥ…ഞ്ഞിപ്പം ഓള്ബടെത്തിയാല്‍ അമ്മായിമ്മ പോര്‌ന് ഒരു കൊറവുണ്ടാവൂലല്ലേ..?’
ഫാതിഹും വിട്ടുകൊടുത്തില്ല.
‘ഇയ്യ്യോന്ന് പോടാവ്ട്ന്ന്….ഞങ്ങള് തമ്മില് പോരൊന്നുംണ്ടാവൂല. ഞാനോളെ ന്റെ മോളെ പോലേ കാണൂ….ഓളിം അന്നെപോലെ പഠിപ്പിച്ച് ഡോക്ടറാക്കും ഞാന്‍…’
സഫിയാത്തക്ക് ഫാതിഹിന്റെ സംസാരം തീരെ രസിച്ചില്ലായെന്ന് തോന്നുന്നു.
‘ഉം, ഉം, ആദ്യത്തിലൊക്കെ എല്ലാ അമ്മായിമ്മമാരും ഇങ്ങനൊക്കെ തന്നെയാണ് പറയാറ്…പിന്നെയാണ് ഓരോരുത്തരുടെ തനിസ്വഭാവം പുറത്ത് വരാറ്…’
നൂറയെ പഠിപ്പിച്ച് ഡോക്ടറാക്കണം എന്ന് സഫിയാത്ത പറഞ്ഞപ്പോള്‍ ഫാതിഹിന് ഉള്ളില്‍ ഉമ്മയെ കുറിച്ച് അഭിമാനം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ അവന്‍ വീണ്ടും സഫിയാത്തയോട് കയര്‍ത്തു പറഞ്ഞു.
‘എന്താ ജ്ജ് പറഞ്ഞത്…അന്നെ ഞാന്‍….’
അടുക്കളയില്‍ എന്തോ വറുക്കുകയായിരുന്ന സഫിയാത്ത ചട്ടുകവുമായി ഫാതിഹിന് നേരെ വന്നു. ഫാതിഹ് ഇരുന്നിടത്ത് നിന്നും ചിരിച്ചു കൊണ്ട് എഴുന്നേറ്റ് കോലായിലേക്ക് ഓടി.
സഫിയാത്ത ശുണ്ടി പിടിച്ച മുഖവുമായി വീണ്ടും അടുക്കളയിലേക്ക് തന്നെ തിരിച്ചു നടന്നു.
സഫിയാത്താന്റെ തിരിഞ്ഞു നടത്തം കണ്ട ഫാതിഹ് പതുക്കെ പിറകിലൂടെ വന്ന് ഉമ്മാനെ ചേര്‍ത്ത് പിടിച്ചു. മൂര്‍ദ്ദാവില്‍ ഉമ്മവെച്ചതിന് ശേഷം ചോദിച്ചു.
‘ഞാനെന്റെ സഫിയ കുട്ടീനെ ചൂടാക്കാന്‍ പറഞ്ഞതല്ലേ…ന്റെ സഫിയകുട്ടിനെക്കാള്‍ നല്ല അമ്മായിമ്മ ആവാന്‍ പറ്റിയ ആരാണിവിടെയുള്ളത്….നമ്മക്ക് ഓളെ വേഗം തന്നെ ഇങ്ങട്ട് കൊണ്ടോരണം. ങഌ ഓളെമ്മാനെ വിളിച്ചിട്ട് കാര്യങ്ങളൊക്കെ പറയ്യ്…ന്നാലല്ലേ…സംഗതികളൊക്കെ നടക്കൂ..’
ഫാതിഹിന്റെ കിന്നാരം പറച്ചിലില്‍ സഫിയാത്ത വീണു. അല്ലേലും മക്കള്‍ സ്തുതിപറഞ്ഞല്‍ സന്തോഷം കൊണ്ട് മതിമറക്കാത്ത ഏത് ഉമ്മമ്മാരാണ് ലോകത്തുള്ളത്!?
‘ഉം..ഞാനിപ്പം അത് തന്നെയാണ് ആലോചിക്കുന്നത്. പെട്ടെന്ന് നികാഹ് കഴിച്ചിട്ടാല് പിന്നെ അതൊരു ഒറപ്പായല്ലോ….’
സഫിയത്ത തിരിഞ്ഞ് നിന്ന് ഫാതിഹിനെ നോക്കി കൊണ്ട് പറഞ്ഞു.
‘ന്നാപ്പിന്നെ ഓരോട് നിശ്ചയത്തിന് ഒരു ഡേറ്റ് കാണാന്‍ പറ…അന്ന് നമുക്ക് നികാഹിനുള്ള സമയം ഉറപ്പിക്കാലോ…’
ഫാതിഹ് കാര്യബോധമുള്ള കാരണവരെ പോലെ സംസാരിച്ചു.
‘അടുത്ത ഞായറാഴ്ച നിശ്ചയം ആക്കാന്‍ പറ്റ്വോന്ന് ചോയ്‌ചോക്കി. അതാവുമ്പോ എല്ലാവര്‍ക്കും അവധി ദിവസവും ആയിരിക്കുമല്ലോ…’
‘ഉം..ഞാനവര്‍ക്ക് വിളിച്ച് പറയാം…’
സഫിയാത്ത എന്തോ ആലോചിച്ച് കൊണ്ട് പറഞ്ഞു.
**
നാട്ടിലെ സ്വലാത്ത് ഗ്രൂപ്പിലേക്ക് ദിവസവും എഴുതിയിടാറുള്ള സ്വലാത്തിന്റെ മഹത്വം പറയുന്ന കുറിപ്പ് തയ്യാറാക്കുകയാണ് നൂറ. തന്റെ ഡയറിയില്‍ നിന്നും സ്വലാത്തിന്റെ പവിത്രത പറയുന്ന ഒരു സംഭവത്തിന് വേണ്ടി അവള്‍ പരതി.
തിരുനബിയും ഒട്ടകവും എന്ന സംഭവത്തില്‍ അവളുടെ കണ്ണുകള്‍ ഉടക്കി നിന്നു. അവള്‍ സംഭവം ഒരാവര്‍ത്തി മനസ്സിലൂടെ വായിച്ചു.
‘ ഒരു വ്യക്തി നബി തങ്ങളുടെ അടുക്കല്‍ പരാതിയുമായെത്തി. അദ്ദേഹത്തിന്റെ ഒരു ഒട്ടകം ഇന്നാലിന്ന ആള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും അതിന് രണ്ട് സാക്ഷികളുണ്ടെന്നും അയാള്‍ ഹബീബിനോട് പറഞ്ഞു.
അങ്ങനെ സാക്ഷികളായെത്തിയവര്‍ ആ പരാതി ശരിവെച്ചു. ഹബീബായ നബിതങ്ങള്‍ മോഷ്ടിച്ച വ്യക്തിയുടെ കൈ മുറിക്കുവാനായി ആവശ്യപ്പെട്ടു. വിധിക്കേട്ടയുടെ മോഷ്ടാവെന്നാരോപിക്കപ്പെട്ട വ്യക്തി പറഞ്ഞു:
‘ഓ, റസൂലേ…നിങ്ങള്‍ ആ ഒട്ടകത്തെ ഇവിടെ കൊണ്ടു വരാന്‍ പറയുകയും ആരണ് അതിനെ കട്ടതെന്ന് ചോദിക്കുകയും ചെയ്യൂ. തീര്‍ച്ചയായും ആ ഒട്ടകം ഞാന്‍ നിരപരാധിയാണെന്ന് സാക്ഷി നില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ‘
അങ്ങനെ തിരു സവിധത്തിലേക്ക് ഒട്ടകത്തെ കൊണ്ടു വരപ്പെട്ടു. ജീവനില്ലാത്ത കല്ലുകള്‍വരേ ആവേശത്തോടെ സലാം പറഞ്ഞ ഹബീബിന് മുമ്പില്‍ ഒട്ടകം ചോദ്യം ചെയ്യപ്പെടുക എന്നത് കൗതുകമുണര്‍ത്തുന്ന കാര്യമല്ലല്ലോ. അവിടുന്ന് ഒട്ടകത്തോട് ചോദിച്ചു:
‘ ഓ, ഒട്ടകമേ…ഞാന്‍ ആരണ്….?’
ലോകത്ത് പിറവിയെടുത്ത മറ്റൊരൊട്ടകത്തിനും കിട്ടാത്ത സൗഭാഗ്യമാണ് തനിക്ക് ലഭിച്ചതെന്ന ഉത്തമ ബോധ്യത്തില്‍ നിന്നായിരിക്കണം ആ ഒട്ടംകം സ്ഫുടമായി പറഞ്ഞു:
‘ അങ്ങ് സത്യമായിട്ടും അല്ലാഹുവിന്റെ ദൂതരാണ്….’
ഒട്ടകം സംസാരം തുടര്‍ന്നു.
‘ നബിയേ…അങ്ങ് അദ്ദേഹത്തിന്റെ കരം ചേദിക്കരുത്. കാരണം അദ്ദേഹം മോഷ്ടിച്ചുവെന്ന് വാദിച്ചവനും സാക്ഷി നിന്ന രണ്ടു പേരും മുനാഫിഖുകളാണ്. അങ്ങയോടുള്ള ശത്രുത കാരണം അവര്‍ കൈമുറിക്കാന്‍ യോജിച്ചതാണ്.’
കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായ ഹബീബ് കൈമുറിക്കാന്‍ വിധിക്കപ്പെട്ട വ്യക്തിയോട് ചോദിച്ചു
‘ നിങ്ങള്‍ക്ക് ഈ ശിക്ഷയില്‍ നിന്ന് അല്ലാഹു മോചനം നല്‍കാനുണ്ടായ കാരണമെന്താണ്…?’
അയാള്‍ ഹബീബിനോട് പറഞ്ഞു:
‘നബിയേ…ഞാന്‍ കൂടുതല്‍ അമലൊന്നും ചെയ്യാറില്ല. എങ്കിലും ഞാന്‍ ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും അങ്ങയുടെ മേല്‍ സ്വലാത്ത് ചൊല്ലാറുണ്ട്.’
ഇതുക്കേട്ട് ഹബീബ് പറഞ്ഞു
‘ ഇത് നീ തുടര്‍ന്ന് കൊള്‍ക…കാരണം ഈ ലോകത്ത് വെച്ച് കൈമുറിക്കുന്നതില്‍ നിന്ന് അല്ലാഹു നിന്നെ രക്ഷിച്ചത് പോലെ നരക ശിക്ഷയില്‍ നിന്ന് പരലോകത്ത് വെച്ചും അല്ലാഹു രക്ഷിക്കുന്നതാണ്’
അതുകൊണ്ട് പ്രിയരെ, സ്വലാത്ത് ഒരു പരിജയാണ്. ദുനിയാവിലും ആഖിറത്തിലും നമുക്ക് രക്ഷയുടെ കവചമൊരുക്കാനുള്ള തകര്‍ക്കാനവാത്ത പരിച. അതുകൊണ്ട് നമ്മളതിനെ മുറുകെ പിടിക്കുക.
കുറിപ്പ് എഴുതി കഴിഞ്ഞതിന് ശേഷം അവള്‍ ഒരാവര്‍ത്തി കൂടി വായിച്ചു നോക്കി. പൂര്‍ണ്ണ സംതൃപ്തി വന്നതിന് ശേഷം അത് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു.
സ്വലാത്തിനെ കുറിച്ചുള്ള അവളുടെ പോസ്റ്റുകള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപാട് ആളുകളുണ്ട് ഗ്രൂപ്പില്‍. തന്റെ എഴുത്ത് ഒരുപാട് പേരുടെ സ്വലാത്തിന് കാരണമാകുന്നുണ്ടെന്നോര്‍ത്തപ്പോള്‍ അവളുടെ ഉള്ളില്‍ സന്തോഷം നുരഞ്ഞു പൊങ്ങി.
‘റബ്ബേ…ഹബീബ് കാരണം നീയെന്നെ വിജയിപ്പിക്കണേ….’
അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
***
ചുറ്റുപാടും നിരീക്ഷിച്ച് ആരും ഇല്ലെന്നുറപ്പ് വരുത്തിയതിന് ശേഷം റുഖ്‌സാന ഫൈറൂസയുടെ കയ്യും പിടിച്ച് പതുക്കെ പുറത്തിറങ്ങി.
‘നീ വേഗം ചെല്ല്…ഞാന്‍ ഇവിടെ നിന്നോളം…ആരേലും വരുന്നുണ്ടെങ്കില്‍ ഞാന്‍ വിവരം പറയാം…’
ഫൈറൂസയെ യാത്രയാക്കി കൊണ്ട് റുഖ്‌സാന പറഞ്ഞു.
‘തങ്ക്യൂടീ…ഞാനീ ഉപകാരം ഒരിക്കലും മറക്കില്ല…’
ഫൈറൂസ പോകനൊരുങ്ങുന്നതിനിടയില്‍ റുഖ്‌സാനയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
‘നീയിപ്പൊ സെന്റിയടിക്കാന്‍ നിക്കാതെ വേഗം സ്ഥലം കാലിയാക്കാന്‍ നോക്ക്. മനുഷ്യനിവിടെ ആധിപിടിച്ചിട്ട് വയ്യ…’
റുഖ്‌സാ ധൃതി കൂട്ടി.
ഫൈറൂസ പെട്ടെന്ന് കോളേജിന് പുറത്തേക്ക് നടക്കാനൊരുങ്ങി.
‘ഡീ….നില്‍ക്കടീയവിടെ…..’
പിറകില്‍ നിന്നും ഗര്‍ജ്ജനം പോലെ ഒരു പുരുഷ ശബ്ദം അവരുടെ കാതുകളില്‍ വന്ന് പതിച്ചു. ഫൈറൂസയുടെയും റുഖ്‌സാനയുടെയും ഇടനെഞ്ചിലെ മിടിപ്പ് ഒരുനിമിഷം നിശ്ചലമായി.
************ ************ ********* ************ ************ ********* ************ ************ *********
സൂര്യന്‍ പലതവണ കിഴക്കും പടിഞ്ഞാറും സഞ്ചരിച്ചു. കറുത്തമുടികള്‍ക്കിടയില്‍ വെള്ള നുഴഞ്ഞു കയറ്റമാരംഭിച്ചു. കരഞ്ഞും ചിരിച്ചും മനുഷ്യര്‍ ജനിക്കുകയും മരിക്കുകയും ചെയ്തു കൊണ്ടിരുന്നു. പുതിയ തലമുറകള്‍ പിറവിയെടുത്തു.
*
‘ആരായിരുന്നു അബീ അത്…’
കുഞ്ഞു റസാന്‍ ഉപ്പാന്റെ മടിയില്‍ കിടന്ന് തലതിരിച്ച് ആശ്ചര്യത്തോടെ ചോദിച്ചു. അവന്റെ കൗതുകം കണ്ട് ഫാതിഹ് ഡോക്ടറുടെ മുഖത്ത് ചിരിവന്നു.
‘ഇജാസിക്കയായിരുന്നോ….അവര് ഫൈറൂസാത്താനെ ഹേര്‍ട്ട് ചെയ്‌തോ….!?’
ഡോക്ടര്‍ ഫാതിഹ് അഞ്ചു വയസ്സുകാരന്‍ മകന്‍ റസാന്‍ അബൂബക്കറിന് അബിയുടെയും ഉമ്മിയുടെയും പഴയ കാല കഥപറഞ്ഞു കൊടുക്കുകയാണ്.
ഫൈസലിന്റെ മരണ ദിവത്തിന്റെ പിറ്റേന്ന് ഫൈറൂസയുടെ കോളേജിലേക്കുള്ള വരവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഫാതിഹ് വിവരിക്കുന്നത്. അത്ഭുതങ്ങളും ആശ്ചര്യങ്ങളും നിറഞ്ഞ കാര്‍ട്ടൂണ്‍ ഫിലിം കാണുന്നത് പോലെ അവന്‍ അബിയുടെ കഥകള്‍ക്കൊപ്പം സഞ്ചരിച്ചു. അല്ലങ്കിലും കാര്യങ്ങളെ മനസ്സിലാക്കാനും അതുള്‍ക്കൊള്ളാനും പ്രായത്തെവെല്ലുന്ന പ്രാപ്തിയുണ്ട് മകനെന്ന് ഫാതിഹിന് തോന്നാറുണ്ട്.
റസാന്‍ അവന്റെ കൊച്ചു മനസ്സില്‍ നിറഞ്ഞ ചോദ്യങ്ങളെല്ലാം ഒന്നുവിടാതെ അബിയോട് ചോദിച്ചു കൊണ്ടിരുന്നു. ബാല്യത്തിന്റെ ഏറ്റവും വലിയ സവിശേഷത നിഷ്‌കളങ്കതയാണെന്ന് ഫാതിഹിന് തോന്നി. എന്തോരം സംശയങ്ങളാണ് അവര് ചോദിക്കുക.!
‘ഇതെന്താ…അതെന്താ’
തുടങ്ങി ആവര്‍ത്തിച്ചുള്ള അവരുടെ ചോദ്യങ്ങള്‍ക്ക് എത്ര മറുപടി പറഞ്ഞാലും മടുപ്പ് വരാറില്ല.
പിന്നെയേത് പ്രായം മുതലാണ് ചോദ്യം ചോദിക്കുന്നവരെ മനുഷ്യന്മാര് വെറുത്തു തുടങ്ങിയത്…!? ഏതോ ഒരു പ്രായത്തില്‍ കുഞ്ഞ് തന്റെ ഒരു സംശയം ചോദിച്ചപ്പോള്‍ ആരോ കടുപ്പിച്ചൊന്ന് നോക്കുകയോ…അങ്ങനെ ചോദിക്കാന്‍ പാടില്ലെന്ന് ഗൗരവത്തില്‍ പറഞ്ഞതിന്റെയോ പേരിലായിരിക്കണമല്ലോ കുഞ്ഞുങ്ങള് ചോദ്യങ്ങള്‍ ചോദിക്കാതെയായത്. ഫാതിഹിന്റെ ചിന്തകള്‍ കാടുകയറി.
ഒരു ചോദ്യത്തിനും ഗൗരവപ്പെട്ട് ഉത്തരം നല്‍കാരുത്. അവരുടെ കുഞ്ഞു കുഞ്ഞ് സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം. ആവശ്യമാണെന്ന് തോന്നിയാല്‍ മാത്രം ശകാരിക്കണം.
കുഞ്ഞൊന്ന് നിലത്ത് വീണല്‍, അവന്റെ തലൊയൊന്ന് വാതിലിനോട് ചേര്‍ന്നുരഞ്ഞാല്‍ അവന്‍ വാവിട്ടൊന്ന് കരഞ്ഞാല്‍ കരച്ചിലടക്കാന്‍ വീണസ്ഥലത്തെ അടിക്കുക, തലതട്ടിയ പ്രതലത്തെ ശകരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം രക്ഷിതാക്കള്‍ ചെയ്യുന്നത് കാണം. അങ്ങനെ ചെയ്താല്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ നില്‍ക്കുകയും ചെയ്യും.
പക്ഷെ, ഭീകരമായ മറ്റൊന്നു കൂടി അവിടെ സംഭവിക്കുന്നുണ്ടെന്നത് പല രക്ഷിതാക്കളും കാണതെ പോകുന്നുവെന്നാണ് തോന്നുന്നത്. അതോട് കൂടെ കുഞ്ഞുങ്ങളില്‍ ഒരു പ്രതികാര മനസ്സ് രൂപപ്പെടുന്നുണ്ട്. തന്നെ വേദനിപ്പിച്ചതിന് പകരം ചോദിച്ചുവെന്നതാണ് അവന്റെ കരച്ചിലിനെ സമാശ്വസിപ്പിക്കുന്നത്. ആ സമാശ്വാസത്തിലൂടെ തന്നെ വേദനിപ്പിക്കുന്നവരെ തിരിച്ചും വേദനിപ്പിച്ചാലെ തന്റെ ആവശ്യം പൂര്‍ണ്ണമാവൂ എന്ന വിശ്വാസമാണ് അവന്റെ മനസ്സില്‍ കുത്തിവെക്കപ്പെടുന്നത്.
‘അല്ലാഹു പിടിച്ച് നരകത്തിലിടും വേഗം ചോറ് തിന്നോ….’ ഉമ്മമാര് പതിവ് രീതിയില്‍ മക്കളെ ഭക്ഷണം കഴിപ്പിക്കാറങ്ങനെയാണ്. അരുതായ്മകളെന്തെങ്കിലും കുട്ടികള്‍ ചെയ്താല്‍ അല്ലാഹുവിലേക്ക് ചേര്‍ത്തിയിട്ട് അവരെ താക്കീത് ചെയ്യും. അങ്ങനെ തന്നെയാണ് താക്കീത് ചെയ്യപ്പെടേണ്ടതും. പക്ഷെ, താക്കീതില്‍ മാത്രമേ അല്ലാഹുവിനെ ഉപയോഗിക്കാറൊള്ളൂവെന്ന്മാത്രം. അതുകൊണ്ട് തന്നെ അല്ലാഹുവിന് എപ്പോഴും കുഞ്ഞു ഹൃദയങ്ങളില്‍ ഒരു ഭീകരമായ റോളാണുണ്ടായിരിക്കുക. നരകം മാത്രമല്ല സ്വര്‍ഗവും അല്ലാഹുവിന്റെ സൃഷ്ടിതന്നെയാണ്. പക്ഷെ, അക്കാര്യം പലരും മറന്നു പോകാറാണ് പതിവ്. കൂടാതെ ഈ ലോകത്തുള്ള സകല സന്തോഷങ്ങളും സന്താപങ്ങളും അവനില്‍ നിന്ന് തന്നെയാണ്. എന്നാല്‍ സന്താപത്തില്‍ മാത്രം അല്ലാഹുവിനെ ഓര്‍ക്കുന്ന രക്ഷിതാക്കളില്‍ നിന്ന് കുട്ടിക്ക് എപ്പോഴും തന്റെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അല്ലാഹുവിനെയും മതത്തേയും മാത്രമേ കണ്ടത്തുവാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ മനസ്സറിഞ്ഞ് അല്ലാഹുവിനെയും മതത്തെയും ഇഷ്ടപ്പെടാന്‍ അവന്‍ ശ്രമിക്കുകയുമില്ല.
സന്തോഷം വരുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കാനും നന്മയില്‍ അല്ലാഹുവിന്റെ ഔദാര്യത്തെ പറയാനും ദീനിന്റെ വിധിവിലക്കുകളെ ഭംഗിയായി മക്കള്‍ക്ക് അവതരിപ്പിക്കാനും സാധിക്കുന്നിടത്താണ് രക്ഷിതാക്കളുടെ വിജയത്തിന് നിധാനമെന്ന് തോന്നുന്നു. റസാന്റെ കഥപറയാനുള്ള ചോദ്യമാണ് ഫാതിഹിന്റെ ചിന്തകളെ ചൂടുപിടിപ്പിച്ചത്.
തന്റെ മക്കളോട് കിന്നാരം പറഞ്ഞും അവരോടൊത്ത് സമയം ചിലവയിച്ചും ജീവിക്കുന്ന ഒരു പിതാവാന്‍ താന്‍ ശ്രമിക്കുമെന്ന് ഫാതിഹ് ഉള്ളില്‍ ദൃഢനിശ്ചയം ചെയ്തു. ഹബീബായ നബിതങ്ങള്‍ നിസ്‌കരിക്കുമ്പോള്‍ തോളിലൂടെ കയറി ‘ആനക്കളി’ക്കാറുണ്ടായിരുന്ന പേരമക്കളായ ഹസന്‍, ഹുസൈന്‍ (റ) എന്നവരുടെ ചരിത്രം പെട്ടെന്നോര്‍ത്തപ്പോള്‍, ആ ചിത്രം മനസ്സില്‍ സങ്കല്‍പ്പിച്ചപ്പോള്‍ ഫാതിഹിന്റെ മുഖത്ത് വീണ്ടും ചിരി വിടര്‍ന്നു.
‘അബീ….അബിയെന്താണ് ആലോചിക്കുന്നത്…എനിക്ക് ബാക്കി കഥ പറഞ്ഞ് താ…അവരെ ഇജാസിക്ക ഹേര്‍ട്ട് ചെയ്‌തോ…?!’
അവന്‍ വീണ്ടും ഇംഗ്ലീഷ് കലര്‍ന്ന മലയളത്തില്‍ ചിണുങ്ങി ചോദിച്ചു.
‘ഇല്ലടാ, അത് ഇജാസിക്കയൊന്നുമായിരുന്നില്ല. അത് ഫൈറൂസത്താന്റെ ക്ലാസ് ടീച്ചര്‍ ലത്തീഫ് സറായിരുന്നു….’
ഫാതിഹ് റസാന്റെ മുഖത്ത് ഉമ്മവെച്ചു കൊണ്ട് പറഞ്ഞു.
‘സാറോ…!, അപ്പൊ പിന്നെന്തിനാ സാറ് ഇത്താനെ ചൂടായി വിളിക്കുന്നത് പോലെ ഉറക്കെ വിളിച്ചത്….!?’
അത് ഇജാസായിരുന്നില്ലായെകേട്ടപ്പോള്‍റസാന്റെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചമുണ്ടായിരുന്നുവെങ്കിലും ലത്തീഫ് സാറെന്തിനാ അവരുടെ പിറകില്‍ നിന്ന് അലറിവിളിച്ചതെന്നായിരുന്നു അവന്റെ സംശയം.
‘അബിയും മോനും കാര്യമായിട്ടെന്തോ ചര്‍ച്ചയിലാണല്ലോ…ഉമ്മിക്കെതിരെയുള്ള ഗൂഢാലോചനയാണോ….!?’
നൂറ അതും ചോദിച്ച് റൂമിലേക്ക് കയറി വന്നു.
‘ഹായ്…ഉമ്മീ…’
അതുവരെ അബിയുടെ മടിയില്‍ തലതാഴ്ത്തി കിടക്കുകയായിരുന്ന റസാന്‍ ആവേശത്തോടെ ചാടി എഴുന്നേറ്റു.
‘ബാക്കി കഥയിനി ഉമ്മി പറഞ്ഞു തരും. അബിക്കും ഉമ്മിതന്നെയാണ് ഈ കഥപറഞ്ഞു തന്നത്. അബിക്ക് പറഞ്ഞു തന്നത് പോലെ മോനും പറഞ്ഞു തരാന്‍ പറ…’
ഫാതിഹ് റസാന്റെ തലമുടികള്‍ക്കിടയില്‍ വിരലുകളിട്ട് ഇക്കിളിപ്പെടുത്തി കൊണ്ട് പറഞ്ഞു.
എന്തായിരുന്നു അതുവരെ വാപ്പയും മോനും കൂടെ പറഞ്ഞതെന്ന് മനസ്സിലാകാതിരുന്ന നൂറ
‘ എന്തു കഥ’യെന്ന രൂപത്തില്‍ മുഖം വക്രിച്ചു.
‘അത് ഫൈറൂസയുടെ ആ കോളേജ് ഇന്‍സിഡന്റില്ലേ അത്…’
ഫാതിഹ് ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.
‘ ഉമ്മീ….ഈ അബിക്ക് കഥപറയാനറിയില്ല. എന്തിനാ ലത്തീഫ് സാറ് ഫൈറുത്താനോട് ചൂടായത്….?’
റസാന്‍ അബിയുടെ മടിയില്‍ നിന്ന് ഉമ്മിയുടെ നേരെ തിരിഞ്ഞു.
‘അതോ…സാറ് ചൂടയതല്ല മോനൂസേ….ഫൈറുത്താന്റെ ക്ലാസില്‍ പോയപ്പോള്‍ കാര്യങ്ങളൊക്കെ മനസ്സിലാക്കിയ സാറോട് കുട്ടികളിലാരോ പറഞ്ഞതാണ് ഫൈറുത്ത ബത്ത്‌റൂമിന്റെ അടുത്ത് നില്‍ക്കുന്നുണ്ടെന്ന്. ഫൈറുത്താനെ മറ്റു കുട്ടികളാരെങ്കിലും കണ്ടാല്‍ ഉപദ്രവിക്കുമെന്ന് സാറ് കരുതി. അങ്ങനെ സാറ് ഓടി കിതച്ച് അവിടെയെത്തിയപ്പോള്‍ ഫൈറുത്ത പുറത്തേക്ക് പോകാനൊരുങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഇത്ത അന്നേരം പുറത്തിറങ്ങിയാല്‍ മറ്റുകുട്ടികളുടെ ശ്രദ്ധയില്‍ പെടുംന്ന് സാറിന് ഉറപ്പായിരുന്നു. അങ്ങനെ പോകാതിരിക്കാന്‍ വേണ്ടി പിറകിന്ന് വിളിച്ചപ്പൊ അതു കുറച്ചുറക്കയായി പോയതാണ്.’
‘അപ്പൊ, ഇത്താക്ക് ഒന്നും സംഭവിച്ചില്ലല്ലേ…ഹാവൂ…’
റസാന്റെ മുഖത്ത് വീണ്ടും ആശ്വാസം
‘ഉം…ഉമ്മി പറഞ്ഞു തീരട്ടെ, മോന്‍ ഫുള് കേള്‍ക്ക്. എന്നിട്ട സാറ് ഇത്താനെയും കൊണ്ട് ഓഫീസിലേക്ക് പോയി. അന്നേരം കുട്ടികള്‍ എല്ലാവരും ഇത്താനെ തന്നെ നോക്കുന്നുണ്ടായിരുന്നു.’
നൂറ ഒരു നിമിഷം ഒന്ന് നിറുത്തി.
‘എന്നിട്ട്…’
അതുവരെ കിടന്നിരുന്ന റസാന്‍ കാലുകള്‍ രണ്ടും കൂട്ടി ചമ്രം പടിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു.
‘എന്നിട്ടെന്താ…അവര് ഓഫീസിലേക്കെത്തുന്നതിന് മുമ്പ് ഫൈറൂസ കോളേജിലെത്തിയിട്ടുണ്ടെന്ന് ആരില്‍ നിന്നോ കേട്ടറിഞ്ഞ ഇജാസിക്കയും കുറച്ചാളുകളും ഓഫീസിന് നേരെ ഓടിയടുത്തു.’
റസാന്റെ കണ്ണുകള്‍ കൂടുതല്‍ വിടര്‍ന്നു. അവിടെ ഭയത്തിന്റെ ചെറിയ ലാഞ്ചനയുണ്ടായിരുന്നു. ഫൈറൂസയെ അവര്‍ അക്രമിക്കുമോയെന്നവന്‍ ഭയപ്പെടുന്നത് പോലെ.
(തുടരും)
അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?
*** *** *** ***