‘നമുക്ക് കോളേജിലും മൗലിദ് സദസ്സ് സംഘടിപ്പിക്കണം..’
നിസ്‌കാര റൂമില്‍ തോരണംകെട്ടുന്നതിനിടക്ക് ഫര്‍സാന പറഞ്ഞു.
‘പക്ഷെ, അതെല്ലാവര്‍ക്കും പറ്റുമോടീ…ആരേലും മൊടക്കം നിന്നാല്‍ പിന്നെ അതൊരു പ്രശ്‌നമാവില്ലേ…’
ഫൈറൂസ അവരുടെ കോളേജിലല്ലെങ്കിലും പൊതുവായി ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള ഒരാശങ്ക പങ്കുവെച്ചു.
‘അതു ശരിയാ…പ്രത്യേകിച്ച് ആ എസ്.എഫ്.എമ്മുകാര്. അവരെങ്ങാനും പ്രശ്‌നത്തിന് വന്നാല്‍ പിന്നെ കുഴഞ്ഞതു തന്നെ’.
നൂറ ഫൈറൂസയുടെ ആശങ്കയെ ശരിവെച്ചു.
നിലവില്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഭരിക്കുന്നത് എസ്.എഫ്.എമ്മുക്കാരാണ്. പുരോഗമനപരമായ കാര്യങ്ങളാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് എന്നാണവരുടെ വാദമെങ്കിലും മതപരമായ കാര്യങ്ങളോടവര്‍ക്കെന്തോ വല്ലാത്ത അലര്‍ജിയാണ്.
കോളേജിലേക്ക് പര്‍ദ്ദയിട്ട് വരുന്ന കുട്ടികളെ മാനസികമായി പീഡിപ്പിക്കുക,യൂണിയനു കീഴില്‍ നിരന്തരം ലിബറല്‍ ചിന്താഗതിക്കാരെ കൊണ്ട് വന്ന് ക്ലാസെടുപ്പിക്കുക. മതപരമായ എന്ത് കാര്യങ്ങളെയും കണ്ണുമടച്ച് ആക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അവരുടെ പ്രധാന അജണ്ഡയാണ്.
ഒരിക്കല്‍ എസ്.എഫ്.എമ്മിന്റെ ക്ലാസിലെ പ്രതിനിധിയായ ശ്രീലേഖ നൂറയോട് ചോദിച്ചതാണ്:
‘ഇസ്ലാമില്‍ സ്ത്രീകളെ വീടിനകത്ത് അടച്ചിടുന്ന പ്രവണത മറ്റുമതങ്ങളെ അപേക്ഷിച്ച് കൂടുതലാണല്ലേ… നിങ്ങളൊന്നുമെന്താ ഇതിനെതിരെ ശബ്ദിക്കാത്തത്…!? ‘
ചോദ്യം കേട്ടാല്‍ തോന്നും മുസ്ലിം സ്ത്രീകളുടെ വേദനയില്‍ സഹികെട്ട് എന്തേലും ചെയ്യാന്‍ വേണ്ടിയിട്ടാണ് ഇക്കൂട്ടരുടെ ഈ ആത്മാര്‍ത്ഥതയെന്ന്. അന്നവളോടൊരു കാര്യം തിരിച്ചു ചോദിച്ചതാണ്.
‘അല്ല ശ്രീലേഖേ….ഒരാള്‍ക്ക് ഇഷ്ടപ്പെട്ടത് ചെയ്ത് ജീവിക്കാനുള്ള സ്വാതന്ത്രമുണ്ട് എന്നല്ലേ…നിന്റെ പാര്‍ട്ടി തന്നെ മുന്നോട്ട് വെക്കുന്ന പ്രധാന മുദ്രാവാക്യം. പിന്നെയെങ്ങെനെയാണ് പൊതു നിരത്തിലിറങ്ങലാണ് സ്ത്രീകളിഷ്ടപ്പെടുന്ന കാര്യമെന്ന തീര്‍പ്പില്‍ നിങ്ങളെത്തിയത്…!? ആരാണ് അതാണ് സ്ത്രീകളിഷ്ടപ്പെടുന്ന കാര്യമെന്ന് നിങ്ങളോട് പറഞ്ഞത്!? . വീട്ടിലിരുന്ന് മാന്യമായി ജീവിക്കുന്ന ഒരു സ്ത്രീയെ, അങ്ങനെ അകത്തിരിക്കല്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീയെ പലതും പറഞ്ഞ് അവളുടെ ഇഷ്ടങ്ങളില്‍ നിന്ന് വഴിതെറ്റിച്ച് വിടുകായെന്ന ക്രൂരതയല്ലേ നിങ്ങളു ചെയ്യുന്നത്.
ഈ റോഡിലിറങ്ങി നിങ്ങള്‍ക്ക് മുദ്രാവാക്യം വിളിക്കുന്ന സ്ത്രീകളൊന്നും സ്വന്തം ഇഷ്ടത്തിന് വിളിക്കുകയാണെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള് പാര്‍ട്ടിക്കാര് എന്ത് പറയും എന്നോര്‍ത്തുള്ള ജാള്യത കൊണ്ട് വിളിക്കുകയാണാവര്. ഉള്ളു തട്ടി നീ നിന്നോട് തന്നെ ഈ ചോദ്യമൊന്ന് ചോദിച്ച് നോക്കൂ..അപ്പൊ നിനക്ക് മനസ്സിലാവും എന്താണ് ഞാനീ ചെയ്‌തോണ്ടിരിക്കുന്നതെന്ന്…’
പെട്ടെന്ന് താനങ്ങനെ പ്രതികരിക്കുമെന്ന് ശ്രീലേഖ പ്രതീക്ഷിച്ചില്ലാന്ന് തോന്നുന്നു.
അവളൊന്ന് തൊണ്ട റെഡിയാക്കി ചോദിച്ചു:
‘എന്നാലും അത് ചെയ്യരുത് ഇത് ചെയ്യരുത് അങ്ങോട്ട് നോക്കരുത് ചിലത് കുടിക്കരുത് ഇങ്ങനെ തുടങ്ങി നിര്‍ബന്ധിച്ച് വിരോധിക്കുന്നത് കുറച്ച് കടുപ്പമുള്ള കാര്യമല്ലേ…’
‘എടീ…ഈ വിരോധനകളെയും കല്‍പനകളേയും ആദ്യമേ അറിയാവുന്ന ഒരു വ്യക്തി ഇതെല്ലാം അംഗീകരിക്കാന്‍ താന്‍ സന്നദ്ധനാണ് എന്നത് കൊണ്ടാണ് വിശ്വാസിക്കുന്നത്. ഇതിനെയൊന്നും അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള് വിശ്വസിക്കേണ്ടതില്ല. ഉദാഹരണമായി നിന്റെ പാര്‍ട്ടിയില്‍ മതവിശ്വാസിയാകാതിരിക്കുക എന്നത് അംഗത്വം നല്‍കാനുള്ള അടിസ്ഥാന മാനദണ്ഡമായി മുന്നോട്ട് വെക്കുന്നുണ്ടല്ലോ…’
നൂറ ഒരു നിമിഷം നിറുത്തി അവളുടെ മുഖത്തേക്ക് നോക്കി.
‘ആ…ഉണ്ട്’
ശ്രീലേഖ പതുക്കെ പറഞ്ഞു.
‘അഥവാ വിശ്വാസിയായ ഒരാള്‍ ഈ പാര്‍ട്ടിയിലേക്ക് വരേണ്ടതില്ലായെന്ന് തന്നെയാണ് നിങ്ങളുടെ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന പ്രധാന കാര്യം. ഇതുപോലെ ഓരോ മതങ്ങളും തങ്ങളുടെ കല്‍പനകളും വിരോധനകളും ആദ്യമേ മുന്നോട്ട് വെച്ചിട്ടുണ്ട്. അതംഗീകരിക്കാന്‍ സാധിക്കുന്നവര്‍ മാത്രമേ അതില്‍ വിശ്വസിക്കേണ്ടതുള്ളൂ…അല്ലാതെ നിര്‍ബന്ധിച്ച് നിങ്ങളിതംഗീകരിക്കണമെന്നല്ല ഇസ്ലാം പറയുന്നത്. മറിച്ച് നിങ്ങള്‍ സമ്പൂര്‍ണ്ണ വിശ്വാസിയാവാന്‍ ആഗ്രഹിക്കുന്ന ഒരാളാണെങ്കില്‍ നിങ്ങളിന്നാലിന്ന കാര്യങ്ങള്‍ ചെയ്യണം ഇന്നാലിന്ന കാര്യങ്ങള്‍ ചെയ്യരുത് എന്നാണ്. ആ കാര്യങ്ങളെ സ്വയമേവ ഇഷ്ടപ്പെട്ടത് കൊണ്ടുതന്നെയാണ് ലോകത്ത് ഇക്കണ്ട സ്ത്രീകളെല്ലാം ഇസ്ലാമംഗീകരിക്കുന്നത്. അതോണ്ട് അവരെ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ സമ്മതിക്കലാണ് വ്യക്തിസ്വാതന്ത്ര്യം. അതല്ലാതെ നിങ്ങളീ ചെയ്തു കൂട്ടുന്നതെല്ലാം അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്.’
നൂറയുടെ ചിന്തകള്‍ വീണ്ടും കാടുകയറുകയായിരുന്നു.
പെട്ടെന്ന് ഫര്‍സാന
പറഞ്ഞു:
‘അതൊന്നുമില്ലാ…കോളേജിലാണേല്‍ ഓരോ ദിവസം ഓരോരുത്തരുടെ ചരമദിനവും അനുസ്മരണവുമെല്ലാം സ്റ്റുഡന്‍സ് യൂണിയന് കീഴിലും മറ്റ് സംഘടനകള്‍ക്ക് കീഴിലുമെല്ലാം നടക്കാറില്ലേ. അതുപോലെ നമ്മള് കുറച്ച് കുട്ടികള്‍ കൂടിയിരുന്ന് ഒരു റബീഅ് തിങ്ക് താങ്ക് അങ്ങ് സംഘടിപ്പിക്കണം…ആരേലും മൊടക്കം പറയോന്ന് നോക്കാലോ..’
ഫര്‍സാന ഒരാവേശത്തിലങ്ങു പറഞ്ഞു.
അത് നല്ലൊരാശയമാണെന്ന് നൂറക്കും തോന്നി. വെറുതെ ഫ്രീ ടൈമിലെപ്പോഴെങ്കിലും ഒരു ഫസ് ല് മൗലിദ് ചൊല്ലാന്‍ സാധിച്ചാല്‍ ഒരുപക്ഷെ പല കുട്ടികള്‍ക്കും അതൊരു നവ്യാനുഭവമാവും. ആശങ്കകളും പ്രതിസന്ധികളും ആലോചിച്ചോണ്ടിരുന്നാല്‍ ഈ ലോകത്ത് പിന്നെയൊന്നും നടക്കുകയില്ല. അതോണ്ട് സന്നദ്ധമായി മുന്നോട്ട് വരികയെന്നത് തന്നെയാണ് ഏകമാര്‍ഗം.
‘നമുക്കാലോചിക്കാടി…വേണേല്‍ നമുക്ക് സുല്‍ഫിയാത്താനോടും പറയാം…’
നൂറ ഫര്‍സാനയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് പറഞ്ഞു.
അവസാന വര്‍ഷ അറബിക്ക് വിദ്യാര്‍ത്ഥിനിയാണ് സുല്‍ഫിയ. കോളേജില്‍ അത്യാവശ്യം ദീനീ ബോധത്തില്‍ ജീവിക്കുന്ന ഒരു കുട്ടിയാണ് സുല്‍ഫിയായെന്ന് നൂറക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
അതോടൊപ്പം തന്നെ പഠിക്കാന്‍ വളരെ മിടുക്കിയായതിനാല്‍ തന്നെ കോളേജില്‍ നല്ല റെപ്യൂട്ടേഷനുമുണ്ട്. കാരണം കഴിഞ്ഞ യൂണിവേഴ്‌സിറ്റി കലോല്‍സവത്തില്‍ അവര്‍ പങ്കെടുത്ത മത്സരങ്ങളിലെല്ലാം അവര്‍ക്കായിരുന്നു ഫസ്റ്റ്. പത്രങ്ങളിലെല്ലാം അവരെ കുറിച്ച് ഫീച്ചറുകള്‍ വന്നിരുന്നു. അതോണ്ട് കോളേജില്‍ അദ്ധ്യാപകവിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സുല്‍ഫിയാത്താനെ അറിയാത്തവര്‍ കുറവാണ്.
‘അത് നല്ലൊരു ഐഡിയാണ്….വേണേല്‍ മൗലിദിന് ശേഷം ചെറിയ എന്തേലും മധുരം വിതരണം ചെയ്താല്‍ കുട്ട്യോളെല്ലാരും ചീരണി വാങ്ങാനേലും വരും. അങ്ങനെയെങ്കിലും രണ്ടാള് സ്ഥിരമായി വന്നാല്‍ തന്നെ നമ്മടെ പരിപാടി വിജയിച്ചില്ലേ….’
ഫര്‍സാനയുടെ ബുദ്ധി വീണ്ടും അത്ഭുതപ്പെടുത്തി.
‘നീയേതായാലും സുല്‍ഫിയാത്തയുടെ നമ്പറൊപ്പിച്ച് ഒന്നു വിളിച്ചു ചോദിക്ക്. അവരുടെ അഭിപ്രായം കൂടി കിട്ടിയാല്‍ പിന്നെ നമുക്ക് നാളെ തന്നെ സദസ്സ് സംഘടിപ്പിക്കാനുള്ള കാര്യങ്ങളാലോചിക്കാം….’
നൂറക്കും ആവേശമായി.
‘ഓരെ നമ്പര്‍ ഞാന്‍ ഗ്രൂപ്പിലൊന്ന് ചോദിക്കട്ടെ, ആരുടേലും കയ്യിലുണ്ടാവും’.
ഫര്‍സാന കോളേജ് ഗ്രൂപ്പില്‍ സുല്‍ഫിയാത്തയുടെ നമ്പറാര്‍ക്കെങ്കിലും അറിയുമോന്ന് ചോദിച്ച് ഒരു മെസ്സേജിട്ടു.
നമ്പറ് കിട്ടി, സുല്‍ഫിയക്ക് വിളിച്ച് അവള്‍ കാര്യങ്ങളവതരിപ്പിച്ചു. സംഗതിയൊക്കെ നല്ല ആശയമാണ്. പക്ഷെ, സുറ്റഡന്‍സ് യൂണിയന്‍ പ്രശ്‌നമുണ്ടാക്കുമോയെന്ന ആശങ്ക തന്നെയാണ് സുല്‍ഫിയയും പങ്കുവെച്ചത്. ‘ഞാനേതായാലും മറ്റുള്ളവരുമായിട്ടൊന്ന് ചര്‍ച്ച ചെയ്യട്ടെ, എന്നിട്ടാലോചിക്കാം നമുക്ക്’ എന്നു പറഞ്ഞാണ് സുല്‍ഫിയാത്ത ഫോണ്‍ വെച്ചത്.
*
മഗ് രിബ് നിസ്‌കാര ശേഷം അവരെല്ലാവരും മൗലിദ് ചൊല്ലാനിരുന്നു. ആയിശാത്തയുടെ നിര്‍ബന്ധപ്രകാരം ഫൈറുസ വീട്ടിലേക്ക് വിളിച്ച് സുലൈഖാത്തയോടും വരാന്‍ പറഞ്ഞു.
പുണ്യറബീഇലെ ആദ്യ മൗലിദ് സദസ്സ്. അന്തരീക്ഷത്തിലാകമാനം ആഘോഷത്തിന്റെ പ്രതീതി. നൂറയുടെ മനസ്സ് സന്തോഷാധിക്യത്താല്‍ നിറഞ്ഞു തുള്ളി.
മൗലിദ് സദസ്സിന് മുമ്പ് പതിവ് സ്വലാത്ത് സദസ്സുകളെ പോലെ തന്നെ ഉപ്പച്ചിയുടെ ചെറിയൊരു ക്ലാസുമുണ്ട്. ഇന്നെന്തോ ഉപ്പച്ചി ഭയങ്കര താത്വികമായിട്ടാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്ന് തോന്നുന്നു. കാരണം കര്‍ട്ടന് പുറത്തിരിക്കുന്ന ഉപ്പച്ചി വളരെ സാവധാനം ചിന്തയിലാണ്ടു കൊണ്ടാണ് സംസാരിക്കുന്നത്.
ഉപ്പച്ചി സംസാരം തുടങ്ങിയപ്പോള്‍ തന്നെ ഇന്നത്തെ തങ്ങളുടെ സംസാരവുമായി ബന്ധപ്പെട്ട വിഷയങ്ങളാണല്ലോ ഇതെന്ന് നൂറയുടെ ഉള്ള് മന്ത്രിച്ചു. അവള്‍ ഉപ്പച്ചിയെ തന്നെ ശ്രദ്ധിച്ചിരുന്നു.
‘നാസ്തിക വാദികള്‍ വിശ്വാസികളോട് ചോദിക്കുന്ന ചോദ്യങ്ങളാണ്, മതം വല്ലപ്പോഴും നിങ്ങള്‍ക്ക് തടസ്സമായിട്ടുണ്ടോ? അത് ചെയ്യരുത്,അങ്ങോട്ട് നോക്കരുത്, നിങ്ങള്‍ എന്ത് കുടിക്കണം ഇങ്ങനെ വിലക്കുകളുടെ ലോകത്ത് എങ്ങെനെയാണ് ജിവിതമാസ്വധിക്കാന്‍ സാധിക്കുന്നത്? ‘
കേള്‍ക്കുന്നവര്‍ക്ക് ചിന്തിക്കാനാണെന്ന് തോന്നുന്നു അല്‍പ സമയം നല്‍കിയതിന് ശേഷം ഉപ്പച്ചി വീണ്ടും തുടര്‍ന്നു:
‘ഈ പുണ്യ റബീഇല്‍ ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തല്‍ വളരെ ലളിതമാണ്.
… മൗനം. ശേഷം തുടര്‍ന്നു
‘നിങ്ങള്‍ വല്ലവരെയും പ്രണയിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍, അത്തരം ഒരാള്‍ക്ക് മുസ്‌ലിമിനോടിത്തരത്തില്‍ ചോദിക്കാന്‍ സാധിക്കുകയില്ല. കാരണം പ്രണയികള്‍ക്കറിയാം പ്രേമഭാജനത്തോടെങ്ങെനെയാണ് പെരുമാറേണ്ടതെന്ന്. അവളാവശ്യപ്പെടുന്നതൊന്നും അവന്‍ നിഷേധിക്കുകയില്ല.
‘എനിക്കാ ചന്ദ്രനെ വേണമെ’ന്ന് അവള്‍ മാനത്ത് ചൂണ്ടി പറഞ്ഞാല്‍ പോലും സാധിക്കില്ലെങ്കിലും
‘എനിക്കാവില്ല’
എന്ന നിഷേധ ഭാവം കാണിക്കാന്‍ പ്രണയിക്കുന്നവര്‍ പരസ്പരം തയ്യാറാകില്ല. അങ്ങനെ ചെയ്താല്‍ അവരുടെ പ്രണയം പരിപൂര്‍ണ്ണമല്ലാ എന്നാണ് പ്രണയ തത്വം. കാരണം പ്രണയം എന്നാല്‍ പരസ്പരമുള്ള സമര്‍പ്പണമാണ്. പക്ഷെ ഒന്നുണ്ട്, യഥാര്‍ത്ഥപ്രണയികള്‍ ഒരിക്കലും പരസ്പരം പ്രയാസപ്പെടുത്തുന്നതൊന്നും ആവശ്യപ്പെടുകയില്ല. ‘
ഉപ്പച്ചി വീണ്ടും നിറുത്തി. ഉപ്പിച്ചിയുടെ മുഖത്തിപ്പോള്‍ ചെറിയൊരു ചിരിവിടരുന്നത് ഉപ്പച്ചിയെ കാണുന്നില്ലെങ്കിലും മറക്കിപ്പുറത്തിരിക്കുന്ന നൂറക്ക് വ്യക്തമായി മനസ്സില്‍ കാണാം. ഉപ്പച്ചി തുടര്‍ന്നു.
‘ഇത് പോലെയാണ് ഇസ്‌ലാമും വിശ്വാസികളും. കാരണം ഇസ്‌ലാം എന്നത് മുസ്‌ലിം എന്ന പ്രണയിനിക്ക് അവന്റെ പ്രേമഭാജനം നല്‍കിയ പ്രണയ സമ്മാനമാണ്. അതു കൊണ്ട് തന്നെ പ്രയാസപ്പെടുത്തുന്നതൊന്നും അതില്‍ ആവശ്യപെടുകയോ നിര്‍ദേശിക്കുകയോ ചെയ്യില്ലെന്നുറപ്പാണ്. പിന്നെ എങ്ങനെ ഈ മതം ഒരു വിശ്വാസിക്ക് ഭാരമാവും!? ഇത്രയേ വിശ്വാസികള്‍ മതത്തിന്റെ വിധി വിലക്കുകളെ കുറിച്ച് ആലോചിക്കൂ.’
നൂറ ഫര്‍സാനയുടെ മുഖത്തേക്ക് നോക്കി.’ അത് ശരിയാണല്ലോ ‘എന്ന ഭാവത്തില്‍ അവള്‍ തിരിച്ച് നൂറയേയും നോക്കി. ഉപ്പച്ചി തുടര്‍ന്നു.
‘വിശ്വാസികളുടെ പ്രണയത്തിന്റെ ആഴവും പരപ്പും അറിയാത്തവരായി ആരെങ്കിലുമുണ്ടോ? ‘ലോകത്തുള്ള മറ്റെല്ലാത്തിനെക്കാളുമുപരി നിങ്ങളെന്നെ സ്‌നേഹിക്കണം’ എന്ന് പറയാന്‍ അര്‍ഹതയുള്ള ഒരു വ്യക്തി പ്രഭാവമേ ലോകത്തുണ്ടാവൂ.
കാരണം ആ വ്യക്തിത്വത്തെ വെല്ലുന്ന മറ്റൊരാള്‍ക്കും ലോകത്തൊരുമ്മയും ജന്മം നല്‍കിയിട്ടില്ല. ഇനിയൊട്ട് ജന്മം നല്‍കുകയുമില്ല. അതാണ് അഷ്‌റഫുല്‍ ഖല്‍ഖ്. അവിടുത്തേക്ക് അങ്ങനെ ചോദിക്കാനര്‍ഹതയുണ്ട്. കാരണം ലോകത്തുള്ള സകല സൃഷ്ടി ചരാചരങ്ങളും സൃഷ്ടിക്കപ്പെടാനുള്ള നിദാനം തന്നെ അവിടുന്നാണ്.
ഹബീബോരെ മാറ്റി നിര്‍ത്തി ലോക ചിത്രം വരച്ചെടുക്കാന്‍ ഒരു ചിത്രകാരനും സാധ്യമല്ല. അവിടുന്ന് ഉണ്ടായിരുന്നില്ലെങ്കില്‍ ഈ പ്രപഞ്ച സങ്കല്‍പം തന്നെ ഉണ്ടാകുമായിരുന്നില്ല. അനുചരന്മാരെ ജീവനെക്കാളേറെ സ്‌നേഹിച്ച അഷ്‌റഫുല്‍ ഖല്‍ഖ് അവരുടെ അന്തിമ വിജയം മുന്നില്‍ കണ്ടു കൊണ്ട് നമ്മളോടാവശ്യപെട്ടു:
‘നിങ്ങളെന്നെ സ്‌നേഹിക്കണം’.
ഹബീബിന് വേണ്ടിയല്ല അങ്ങനെ ആവശ്യപ്പെട്ടത്. കാരണം അവിടുന്ന് അല്ലാഹുവിന്റെ ഹബീബാണ്.ഹബീബിനെ സ്‌നേഹിച്ചവരെ മെഹ്ബൂബ് തള്ളുകയില്ല.
ജീവിക്കുന്നവര്‍ മരിച്ചവരെ പ്രണയിച്ചതായി നിങ്ങള്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടാകാന്‍ വഴില്ല. കാരണം പ്രണയം രൂപപ്പെടുന്നത് പരസ്പര ദര്‍ശനങ്ങളില്‍ നിന്നും ഇടപെടലുകളില്‍ നിന്നുമാണ്. കൂടാതെ ഭൗതിക പ്രണയങ്ങളുടെ പര്യവസാനം മിക്കവാറും സംസര്‍ഗത്തിലായിരിക്കും. എന്നാല്‍ പ്രവാചക പ്രണയം ഇതിന് വിപരീതമാണ്. ഭൗതികലോകത്ത് ജീവിക്കുന്ന വിശ്വാസി ലക്ഷങ്ങളാണ് ഇഹലോകവാസം വെടിഞ്ഞ തിരുനബിയെ പ്രണയിക്കുന്നത്. ഇതിലൊരിക്കലും സംസര്‍ഗ സുഖം അനുഭവിക്കാനും സാധ്യമല്ല.
പ്രവാചക പ്രണയത്തിന്റെ പര്യാവസാനം സ്വര്‍ഗത്തിലാണ്. അവിടെ വച്ചേ പ്രണയികള്‍ പരസ്പരം ശാരീരികമായി സന്ധിക്കൂ.
നിങ്ങള്‍ പ്രവാചക പ്രണയ കാവ്യങ്ങള്‍ ശ്രദ്ധിച്ചു നോക്കൂ. അവയില്‍ മിക്കവാറും നിരാശ പര്യവസാനമുള്ളവയും മറ്റൊരു ലോകത്ത് ഒത്ത്കൂടാനുള്ള പ്രതീക്ഷ നിറഞ്ഞതുമായിരിക്കും. ഇതിന്റെ കാരണമെന്താണ്? ഈ ലോകത്തിനി ഹബീബിനോടൊത്ത് കൂടാനോ നേരിട്ടൊരു നോക്ക് കാണാനോ സാധിക്കില്ലല്ലോ എന്നതിലുള്ള നിരാശയും പാരത്രിക ലോകത്ത് നമുക്ക് ഒത്ത് കൂടാം എന്നതിലുള്ള പ്രതീക്ഷയുമാണത്.
പ്രണയത്തിന് മുമ്പില്‍ ആക്ഷേപങ്ങക്കോ പരിഹാസങ്ങള്‍ക്കോ സ്ഥാനമില്ല അത് കൊണ്ടാണ് ഇമാം ബൂസ്വീരി തന്റെ ഖസീദത്തുല്‍ ബുര്‍ദയിലൂടെ തന്നെ ആക്ഷേപിക്കുന്നരോട് പറഞ്ഞത്.
‘ഉദ്‌രിയ്യ് ഗോത്രത്തിന് സമാനമായ എന്റെ പ്രണയത്തില്‍ എന്നെ ആക്ഷേപിക്കുന്നവരെ എനിക്ക് പറയാനുള്ളത് നിങ്ങള്‍ കേള്‍ക്കൂ. താങ്കള്‍ നിഷ്പക്ഷമായി ചിന്തിച്ചിരുന്നുവെങ്കില്‍ എന്നെ ആക്ഷേപിക്കുമായിരുന്നില്ല’.
വഫാത്തായ ഹബീബിന്റെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ ജീവിച്ച് തീര്‍ത്തവരുടെ പ്രണയ ചരിതങ്ങള്‍ കാണാം.
തിരുനബി വഫാത്തായി, സിദ്ധീഖ് തങ്ങള്‍ മക്കത്തേക്ക് മടങ്ങി വരികയാണ്. സന്തോഷാധിക്യം കൊണ്ട് കൂടി നില്‍ക്കുന്നവര്‍ തിരുനബിയുടെ കൂട്ടുകാരന്‍ വരുന്നു എന്നുപറഞ്ഞാവേശം കൊണ്ടു. ഇത് കേള്‍ക്കേണ്ട താമസം മഹാനവര്‍കളുടെ ഇരുനയനങ്ങളും ചാലിട്ടൊഴുകി.
എന്തേനിങ്ങള്‍ കരഞ്ഞത്? മഹാനവര്‍കളോട് ചോദിക്കപെട്ടു. സിദ്ധീഖ് തങ്ങള്‍ പറഞ്ഞു:
നിങ്ങള്‍ എന്നെ അബൂബക്കറേ എന്നോ അബീ ഖുഹാഫയുടെ മകനേ എന്നോ വിളിച്ചിരുന്നുവെങ്കില്‍ ഞാന്‍ കരയുമായിരുന്നില്ല.
മറിച്ച് നിങ്ങളെന്നെ ഹബീബിലേക്ക് ചേര്‍ത്ത് വിളിച്ചുവല്ലോ, അന്നേരം തിരുനബി ഒന്നാകെ എന്റെ മനസ്സിലേക്ക് വന്നു അതാണ് ഞാന്‍ കരയാനുള്ള കാരണം.താന്‍ കാണുന്നതിലും ഒര്‍ക്കുന്നതിലും സ്പര്‍ശിക്കുന്നതിലും എല്ലാം തന്റെ പ്രേമഭാജനത്തെ ദര്‍ശിക്കുക!.പ്രണയത്തിന്റെ ഏറ്റവും മൂര്‍ത്തീമല്‍ഭാവമായ അവസ്ഥയാണിത്. ഇതാണ് പ്രവാചക പ്രണയികളിലെ ആദ്യകാരിലൊരാളായ സിദ്ധീഖ് തങ്ങള്‍ക്കുണ്ടായത്.
പ്രവാചകനുചരന്മാരുടെ പ്രണയം മനസ്സിലാക്കണമെങ്കില്‍ മദീനയില്‍ ചെന്ന് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നിയുക്തനായ ഉര്‍വത്ത് ബനു മസ്ഊദിന്റെ ദൃക്‌സാക്ഷി വിവരണം കേട്ടാല്‍ മതിയാവും. ചെയ്ത ജോലി ചാരവൃത്തിയെങ്കിലും ഉര്‍വത്ത് സത്യ സന്ധനായിരുന്നു.അദ്ദേഹം പറയുന്നു:
‘മുഹമ്മദ് ഒന്ന് തുപ്പിയാല്‍ ആദര പൂര്‍വ്വം അവരത് കയ്യിലേറ്റ് വാങ്ങുന്നു, മുഖത്തും മേനിയിലും പുരട്ടുന്നു. അദ്ദേഹമെന്തെങ്കിലും ഉത്തരവിട്ടാല്‍ ഉടനടി നിര്‍വഹിക്കപെടുന്നു. അംഗ ശുദ്ധി വരുത്തിയതിന്റെ ശിഷ്ട ജലത്തിന് വേണ്ടിപോലും എന്തൊരു തിക്കും തിരക്കുമാണ്.! എന്റെ ജനങ്ങളെ , ഞാന്‍ കിസ്‌റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും തുടങ്ങി ഒട്ടനവധി രാജാക്കന്മാരുടെ ദര്‍ബാറുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട് . എന്നാല്‍ ഇവരില്‍ ഒരാളെയും മുഹമ്മദിനെ അനുചരന്മാര്‍ ആദരിക്കുന്നത് പോലെ ആദരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.!
ഹബീബിന്റെ പ്രണയ വൃത്തത്തിനകത്തിരിക്കുന്ന ആര്‍ക്കും ഉര്‍വത്ത് പറഞ്ഞതില്‍ അത്ഭുതം തോന്നുകയില്ല. കാരണം ഹബീബ് അങ്ങെനെയായിരുന്നു. അധികാര ഭാവത്തില്‍ നിന്ന് രൂപപ്പെടുന്ന അനുസരിപ്പിക്കലായിരുന്നില്ല ഹബീബിന്റേത്.
തിരുനബിയില്ലാത്ത മദീനയില്‍ തങ്ങാനാവില്ലെന്ന് പറഞ്ഞ് നാടുവിട്ട ബിലാല്‍ (റ) സ്വപ്നത്തിലൂടെയുള്ള തിരുദര്‍ശനം കാരണമായിട്ട് വീണ്ടും മദീനയിലെത്തി. പ്രവാച കാലത്ത് മദീനയിലെ മണല്‍ തരികളെ കോള്‍മയിര്‍ കൊള്ളിച്ചിരുന്ന ആ ശബ്ദ മാധുരി കേള്‍ക്കാന്‍ അവര്‍ അദ്ദേഹത്തോടപേക്ഷിച്ചു. അവസാനം അദ്ദേഹം തയ്യാറായി. ആ ബാങ്കൊലി വീണ്ടും മദീനയെ പുളകം കൊള്ളിച്ചു. എല്ലാവരും തിരുനബിയുടെ പുഷ്പ കാലം തിരിച്ച് വന്നിരിക്കുന്നു എന്ന് കരുതി മദീനാ പള്ളിയിലേക്ക് വെച്ച് പിടിച്ചു.
പക്ഷെ, ബിലാലിന് ആ ബാങ്ക് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. തിരുനബിയുടെ നാമം ഉച്ചരിച്ചപ്പോള്‍ ബിലാല്‍ (റ) മനസ്സിലേക്ക് ഹബീബിഇല്ലാത്ത മദീന പള്ളിയുടെ മിഅ്‌റാബ് ഓടി വന്നു.തല്‍ക്ഷണം അവിടുന്ന് ബോധരഹിതനായി വീണു.
ഇതുപോലെ പ്രണയികളുടെ ചരിത്രം പറഞ്ഞു തീര്‍ക്കാന്‍ സാധിക്കില്ല. അവിടുത്തെ ഹദീസുകളുദ്ധരിക്കുമ്പോള്‍, ആ തിരു നാമം ഉച്ചരിക്കുമ്പോള്‍ ,പ്രവാചകരുമായി ബന്ധപെട്ട എന്തെങ്കിലും കണ്ണിലുടക്കുമ്പോള്‍ ഹൃദയവും മനസ്സും അവിടുത്തെ ഓര്‍മകള്‍ കൊണ്ട് നിറഞ്ഞ് തുളുമ്പി മറ്റൊന്നും ചിന്തിക്കാന്‍ സാധിക്കാതെ മോഹലാസ്യപ്പെട്ട് വീണ നിരവധി പ്രണയികളിനിയുമുണ്ട്.
പൂര്‍വ്വ സൂരികളില്‍ പ്രമുഖനായ അബൂബക്കറുല്‍ ബഗ്ദാദി(റ) ഇതിലൊരുദാഹരണമാണ്. സ്വലാത്ത് ചൊല്ലി ചൊല്ലി തിരു നബി മദീനയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ട വ്യക്തിയാണ് മഹാനവര്‍കള്‍.
കാരണമെന്തെന്നോ അദ്ദേഹമെങ്ങാനും മദീനയിലെത്തിയാല്‍ തിരുനബിക്ക് റൗളാ ശരീഫില്‍ സ്വസ്ഥമായി കിടക്കാന്‍ സാധിക്കുകയില്ല.
ഹബീബ് തന്നെ അങ്ങേയറ്റം പ്രണയിക്കുന്ന അബൂബക്കറുല്‍ ബഗ്ദാദിയെ സ്വീകരിക്കാന്‍ തിരുറൗളയില്‍ നിന്ന് പുറത്തിറങ്ങും. അങ്ങനെ സംഭവിച്ചാല്‍ അത് പല പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും. അത്‌കൊണ്ടു തന്നെ തിരുനബി രാജാവിന് സ്വപ്‌നദര്‍ശനം നല്‍കി. ഇന്നാലിന്ന വ്യക്തി മദീനയില്‍ പ്രവേശിക്കുന്നത് തടയണം .അങ്ങെനെയാണ് അബൂബക്കറുല്‍ ബഗ്ദാദിയുടെ മദീനാപ്രവേശം തടയപ്പെടുന്നത്.
മണ്ണും വിണ്ണും വചസ്സും വപുസ്സും എല്ലാം തിരുറൗളയിലേക്ക് തിരിഞ്ഞിരിക്കുകയാണ് .അവിടുന്ന് മാത്രമാണ് ഇനി നമുക്ക് മുമ്പില്‍ രക്ഷപ്പെടാനുള്ള പിടിവള്ളി.സ്വലാത്തും മാലയും മൗലിദും ചൊല്ലിയും അവിടുത്തെ അപദാനങ്ങള്‍ പാടിയും പറഞ്ഞും തിരു സ്‌നേഹം പിടിച്ച് പറ്റണം. എന്നിട്ട് അവിടുത്തോടൊപ്പം നാളെ സ്വര്‍ഗത്തിലൊരുമിച്ച് കൂടണം.’
ഉപ്പച്ചി പറഞ്ഞു നിറുത്തി. ഒഴുകി കൊണ്ടിരിക്കുന്ന ഒരു നദി പെട്ടെന്ന് നിലച്ചത് പോലെ, കുറച്ചു കൂടെ സമയം പറഞ്ഞിരുന്നെങ്കിലെന്ന് നൂറയുടെ മനസ്സ് വെമ്പല്‍ കൊണ്ടു.
************ ************ ************ ************ ************
ഫൈറൂസ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണുകളിറുക്കിയടച്ച് ഉറക്കം നടിച്ചു. എന്തൊക്കെ ചെയ്തിട്ടും നിദ്ര ആ വഴിക്ക് വന്നില്ല.
കണ്ണുകളടക്കുമ്പോള്‍ ഫൈസലിന്റെ മുഖമാണ് മുമ്പില്‍. എത്ര ആലോചിക്കരുത് എന്ന് കരുതുമ്പോഴും മനസ്സിലേക്ക് വീണ്ടും ആ മുഖം തികട്ടി വരികയാണ്. ഇത്ര കാലത്തിനിടക്ക് താന്‍ ഫൈസലിനോട് ഇതുപോലെ ദേഷ്യപ്പെട്ട് സംസാരിച്ചിട്ടില്ല.
ഇന്ന് നൂറയുടെ വീട്ടില്‍ നിന്ന് മൗലിദ് ചൊല്ലിയതിന് ശേഷം മനമുരുകി പ്രര്‍ത്ഥിച്ചത് അവന് സല്‍ബുദ്ധി നല്‍കണേയെന്നാണ്. അവനെ കുറിച്ച് ചിന്തിക്കരുതെന്ന് മനസ്സിനെ പറഞ്ഞ് പാകപ്പെടുത്തിയതാണ്.
പക്ഷെ, അവസാനം പോകാന്‍ നേരം അവന്‍ സോറി പറഞ്ഞപ്പോള്‍ അത് വരെ മനസ്സിനിട്ടിരുന്ന താഴ് അറിയാതെ ചിതറി ത്തെറിച്ചു.
വീണ്ടും മനസ്സില്‍ അവനോടൊത്ത് ചെലവഴിച്ച ഓരോ സുന്ദര നിമിഷങ്ങളുടെയും ചിന്തകള്‍ കയറി വരാന്‍ തുടങ്ങി.
എന്തെങ്കിലും വിഷയത്തില്‍ എന്‍ങ്കേജ്ഡായാല്‍ ആ ചിന്ത മാറിക്കോളും എന്ന് കരുതിയാണ് നൂറയുടെ വീട്ടില്‍ ചെന്ന് കാര്യങ്ങളിലൊക്കെ സജീവമായത്. മൗലിദിന് ശേഷം ചീരണിയും ഭക്ഷണവും എല്ലാം കഴിഞ്ഞതിന് ശേഷമാണ് ഉമ്മയോടൊപ്പം തിരിച്ചു പോന്നത്.
‘അന്റെ ആ കാട്ടിക്കൂട്ടലൊക്കെ കണ്ട് ആ ചെക്കന്‍ ആകെ പേടിച്ച് പോയിണ്ടാവും..എന്തൊക്കെ പറഞ്ഞാലും ഓനൊരു പാവം ചെക്കനാണെന്നാണ് തോന്ന്ണത്‌ട്ടൊ…’
നൂറയുടെ വീട്ടില്‍ നിന്ന് രാത്രി തിരിച്ച് നടക്കുമ്പോള്‍ ഉമ്മച്ചി പെട്ടെന്ന് ചര്‍ച്ചയിട്ടപ്പോള്‍ ഫൈസലിന്റെ മുഖം വീണ്ടും മനസ്സിലേക്ക് തിരതള്ളി വന്നു.
‘ആരെ കാര്യമാണ് ങ്ങള് പറയ്ണത്…!? ‘
പെട്ടെന്ന് മനസ്സിലാകാത്ത പോലെ അവള്‍ സുലൈഖാത്താനോട് ചോദിച്ചു.
‘അന്റെ ആ ചെക്കന്‍ല്ല്യേ…എന്താ ഓന്റെ പേര് ഫൈസലോ….’
സുലൈഖാത്ത ഒരൊഴുക്കന്‍ മട്ടില്‍ പറഞ്ഞു. പക്ഷെ, അന്റെ ആ ചെക്കന്‍ എന്ന് ഉമ്മച്ചി പറഞ്ഞപ്പോള്‍ അവളുടെ ഇടനെഞ്ചിന്റെ മൂലയില്‍ കോറിവലിച്ചത് പോലെ ഹൃദയം വിങ്ങി.
പിന്നീട് അവളൊന്നും മിണ്ടിയില്ല. കൈകള്‍ രണ്ടും പിറകിലേക്ക് ചേര്‍ത്ത് പിടിച്ചു കൊണ്ട് തലയും താഴ്ത്തി ടാറിട്ട റോഡിലേക്ക് കൃത്യമായി കാണുന്നില്ലെങ്കിലും മുമ്പിലെന്തോ ഉള്ളത് പോലെ സങ്കല്‍പ്പിച്ചിട്ടെന്നപോലെ വലതു കാലുകൊണ്ട് പതുക്കെ തട്ടി മുന്നോട്ട് നടന്നു.
വീട്ടിലെത്തിയതും റൂമില്‍ കയറി വാതിലടച്ച് കട്ടിലിലേക്ക് കയറി കണ്ണുകളടച്ചു കിടന്നു. ആ കിടന്ന കിടത്തമാണിത്. എത്രനേരമായിങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ടെന്ന് അവള്‍ക്ക് തന്നെയറിയില്ല.
ഉമ്മച്ചി ഉറങ്ങിയിട്ടുണ്ടാവും. അവള്‍ പതുക്കെ പുറത്തേക്ക് ചെവി വട്ടം പിടിച്ചു കൊണ്ട് ശ്രദ്ധിച്ചു.
ചെറുതായിട്ട് ചീവീടുകള്‍ ശബ്ദിക്കുന്നതല്ലാത്ത മറ്റു ശബ്ദങ്ങളൊന്നും ഇപ്പോള്‍ കേള്‍ക്കുന്നില്ല.
‘അവനെ കുറിച്ചിനിയും ചിന്ത വരികയാണെങ്കില്‍ നീയെന്നെ വിളിച്ച് സംസാരിക്കണമെന്ന്’
നൂറ ഒരുപാട് തവണ പറഞ്ഞതാണ്. പക്ഷെ, ഈ പാതിര നേരത്തിനി അവളെ വിളിച്ച് ബുദ്ധിമുട്ടാക്കുന്നതെങ്ങനെ. നൂറയെ വിളിക്കാനായി എടുത്ത ഫോണ്‍ അവള്‍ അവിടെ തന്നെ വെച്ചു.
ഫൈസലിനെ കുറിച്ചുള്ള അവളുടെ ചിന്തകള്‍ വീണ്ടും കാടുകയറാന്‍ തുടങ്ങി. താനവനെ വേദനിപ്പിച്ചാണിറക്കിവിട്ടതെന്ന് അവളുടെ മനസ്സ് മന്ത്രിക്കാന്‍ തുടങ്ങി. നീയെന്ത് ക്രൂരയാണെന്ന് അവള്‍ സ്വന്തത്തോട് തന്നെ ചോദിച്ചു.
കട്ടിലില്‍ എഴുന്നേറ്റിരുന്നു. ഫോണെടുത്ത് ഫൈസലിനെ വിളിച്ചാലോന്ന് മനസ്സ് ആവര്‍ത്തിച്ച് ചോദിച്ചു കൊണ്ടിരുന്നു. പക്ഷെ, വേണ്ടായെന്ന് ഉള്ളില്‍ നിന്നാരോ തടയുന്നത് പോലെ തോന്നി.
അവള്‍ വാഷ്‌റൂമിലേക്ക് പോയി ഒന്ന് ഫ്രഷായതിന് ശേഷം വുളൂഅ് ചെയ്ത് തിരിച്ചു വന്നു. വുളൂഅ് ചെയ്താല്‍ ഒരുപാട് മാനസികോന്മേഷം ലഭിക്കുമെന്ന് നൂറ പറയാതെ തന്നെ അവളുടെ ചെയ്തികളില്‍ നിന്ന് കണ്ട് പഠിച്ചതാണ്.
അല്ലാഹുവിനോട് ഉള്ളു തട്ടി പ്രാര്‍ത്ഥന നിര്‍വഹിച്ചാലും മനസ്സ് ശാന്തമാവും. അതും നൂറ തന്നെയാണ് പറഞ്ഞത്. കാരണം ഉറ്റവരോട് പറയാന്‍ പറ്റാത്ത വിഷയമാണെങ്കിലും അല്ലാഹുവിനോട് നമുക്ക് പറയാം. അവനത് മറ്റൊരാളോട് പങ്കുവെക്കില്ലെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെ പറഞ്ഞത് മറ്റാരെങ്കിലും അറിയും എന്നതോര്‍ത്തുള്ള ജാള്യതവേണ്ട.
ജീവിതത്തിലെന്ത് നിസാര കാര്യമാണെങ്കിലും നിങ്ങളെന്നോട് ചോദിക്കണമെന്ന് അല്ലാഹുവിന്റെ കല്‍പനയുള്ളതാണ്.
ഉള്ളു തുറന്ന് സംസാരിക്കാനും അത് കേട്ടിരിക്കാനും ഒരാളുണ്ടാവുകയെന്നതിനെക്കാള്‍ വലിയ കൗണ്‍സിലിങ് ഇല്ലല്ലോ.
അല്ലാഹു പറഞ്ഞതായിട്ട് ഹബീബ് പറയുന്ന ഒരു ഹദീസുണ്ട്.
‘ ഓ, എന്റെ അടിമകളേ, ഞാന്‍ ഭക്ഷണം നല്‍കിയാലല്ലാതെ നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുകയില്ല, ഞാന്‍ വസ്ത്രം നല്‍കിയാലല്ലാതെ നിങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ധരിക്കുകയുമില്ല അതുകൊണ്ട് എന്നോട് നിങ്ങള്‍ ഭക്ഷണവും വസ്ത്രവും ആവശ്യമായതെല്ലാം ചോദിക്കൂ. ഞാനത് തരാം. നിങ്ങളുടെ മുന്‍ഗാമികളും പിന്‍കാമികളുമായ മനുഷ്യജിന്ന് വര്‍ഗങ്ങള്‍ ഒരുമിച്ച് എന്നോട് ചോദിക്കുകയും ചോദിച്ചതെല്ലാം ഞാന്‍ കൊടുക്കുകയും ചെയ്താലും ഒരു സൂചി അനന്തമായ സമുദ്രത്തില്‍ മുക്കിയാല്‍ എത്രവെള്ളം കുറയുമോ അത്രപോലും എന്റെ ഖജനാവില്‍ നിന്ന് കുറയുകയില്ല.’
സൂചിയും സമുദ്രവും നമുക്ക് മനസ്സിലാവാന്‍ വേണ്ടിയുള്ള ഒരുപമ പറഞ്ഞതാണത്ര.
ഏതായാലും പടച്ചോന്റെ ഖജനാവ് വിശാലമാണ്. പക്ഷെ, ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെവേണം പ്രാര്‍ത്ഥിക്കാന്‍. അലസമായി പ്രാര്‍ത്ഥിക്കുന്നത് അല്ലാഹുവിനെ കളിയാക്കുന്നതിന് സമാനമാണ്.
ഹബീബ് തന്നെ ഒരിക്കല്‍ പറഞ്ഞു
‘ ഉത്തരം ലഭിക്കുമെന്ന ഉറപ്പോടെ നിങ്ങള്‍ അല്ലാഹുവിനോട് പ്രര്‍ത്ഥിക്കുക, നിങ്ങളറിയുക, അശ്രദ്ധമായ ഹൃദയത്തില്‍ നിന്ന് വരുന്ന പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കില്ല.’
നൂറയുടെ സ്റ്റഡീ ക്ലാസ് ഫൈറൂസയുടെ മനസ്സില്‍ റിവൈന്‍ഡ് ചെയ്തു.
കട്ടിലില്‍ കണ്ണുമടച്ചിരുന്ന് അവള്‍ വീണ്ടും ദുആ ചെയ്തു.
‘റബ്ബേ…എനിക്ക് നീ ഖൈറിനെ വിധിക്കണേ….എന്റെ മനസ്സിന് നീ ശാന്തത നല്‍കണേ…ശൈത്വാനിയായ എല്ലാ ചിന്തകളില്‍ നിന്നും നീയെന്നെ കാക്കണേ…’
അവളുടെ കണ്ണുകളിലേക്ക് ഉറക്കം പതുക്കെ കയറി കൂടാന്‍ തുടങ്ങി. ആ മിഴികള്‍ പതുക്കയടഞ്ഞു.
*
‘സാര്‍, ഞാനിറങ്ങുന്നു. നിങ്ങള്‍ അവരെ വിളിച്ച് സമ്മതമറിയിച്ചാല്‍ എന്നെയൊന്ന് വിളിച്ചറിയിക്കണേ…എന്നാലേ എന്റെ മനസ്സ് ഒന്ന് ശാന്തമാവുകയുള്ളൂ…’
ഫാതിഹിന്റെ വീട്ടില്‍ നിന്ന് ചായയും കുടിച്ചിറങ്ങാന്‍ നേരം ഫൈസല്‍ വീണ്ടും നൂറയുടെ വീട്ടിലേക്ക് വിളിച്ച് ഓകെ പറയാന്‍ വേണ്ടി കെഞ്ചുന്ന രൂപത്തില്‍ പറഞ്ഞു.
‘ആടോ…ഞാന്‍ അവരെ വിളിച്ചതിന് ശേഷം നിന്നെ വിളിക്കാം…നീ ചെല്ല്…’
ഫാതിഹ് ഫൈസലിന്റെ പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞു.
‘എന്നാല്‍ ശരി സാര്‍, വീണ്ടും കാണാം…അസ്സലാമു അലൈക്കും’
ഫൈസല്‍ ബൈക്കില്‍ കയറി യാത്ര പറഞ്ഞു.
*
ഫൈസലിന്റെ മനസ്സ് നിറയെ ഫൈറൂസയായിരുന്നു. താനവളെ ഒരുപാട് വേദനിപ്പിച്ചു. ഒന്നും വേണ്ടിയിരുന്നില്ല. ഇപ്പോ എന്തോ വല്ലാത്ത കുറ്റബോധമാണ്. എന്തോ ഒരു വാശിപ്പുറത്താണ് താനിതെല്ലാം ചെയ്തു കൂട്ടിയത്.
നൂറയും ഡോക്ടറും തമ്മിലുള്ള കല്യാണം നടക്കുകയെന്നതാണ് അവളോട് ക്ഷമ ചോദിക്കുന്നതിനുള്ള ആദ്യ പടി. ആ ഒരു കാര്യം ആലോചിച്ചത് കൊണ്ട് മാത്രമാണ് ഇത്രയും റിസ്‌കെടുത്ത് ഡോക്ടറുടെ അഡ്രസും തപ്പിപ്പിടിച്ച് താനിതുവരെ വന്നത് തന്നെ.
ഇനിയൊരിക്കലും അവളുടെ പിറകെ ചെന്ന് ശല്യം ചെയ്യരുത്. മാന്യമായിട്ട് ജീവിച്ച് കാണിച്ചു കൊടുക്കണം. താന്‍ സന്തോഷത്തോടെ മാന്യമായി ജീവിക്കുന്നത് കാണാനാണ് അവള്‍ക്ക് സന്തോഷം എന്നല്ലേ പറഞ്ഞത്. അതാണ് അവളുടെ ഇഷ്ടമെങ്കില്‍ അങ്ങനെയാവട്ടെ. ഇഷ്ടപ്പെട്ടവരുടെ ഇഷ്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകയെന്നതാണല്ലോ നമ്മുടെ കടമ.
ബൈക്കിലിരുന്ന് അവന്റെ ചിന്തകള്‍ ഫൈറൂസയോടൊപ്പം സഞ്ചരിച്ചു. കൈകളില്‍ കിടന്ന ബൈക്കിന്റെ ആക്‌സിലേറ്റര്‍ ഞെരിപിരി കൊണ്ടു. കാലുകളില്‍ ഗിയറ് തെന്നിമാറി കൊണ്ടേയിരുന്നു. തന്റെ മുമ്പിലെ ജങ്ഷനിലെ സിഗ്‌നല്‍ ലൈറ്റില്‍ ചുവപ്പ് സിഗ്‌നല്‍ മുനിഞ്ഞു കത്തുന്നത് അവന്‍ ശ്രദ്ധിച്ചില്ല.
*
ഫാതിഹ് സഫിയാത്തയോട് കാര്യങ്ങളെല്ലാം പറഞ്ഞു. ഫൈസല് വന്നതും അവനും ഫൈറൂസയും തമ്മിലുള്ള അഫയറുമെല്ലാം. സഫിയാത്ത എല്ലാം അതിശയത്തോടെ കേട്ടിരുന്നു.
‘ഉമ്മാ…എന്നാ നമുക്ക് ഈ ബന്ധം ഉറപ്പിച്ചൂടെ…ഇനിയിപ്പോ കൂടുതല്‍ ആലോചിക്കാനൊന്നുമില്ലല്ലോ…’
ഫാതിഹ് മയത്തില്‍ സഫിയാത്തയോട് ചോദിച്ചു.
‘അതു ശരിയാ , നമുക്ക് ഈ ബന്ധം ഉറപ്പിക്കണം. എന്തേലും ഒരു മാര്‍ഗമുണ്ടേല്‍ ഈ ബന്ധം ഒഴിയരുത് എന്ന് ഞാന്‍ നിന്നോട് അങ്ങോട്ട് പറയാനിരിക്കുവായിരുന്നു.’
സഫിയാത്ത തന്റെ സന്തോഷം തുറന്നു പറഞ്ഞു.
‘എന്ന ങഌ ഓല്ക്ക് വിളിച്ച് പറഞ്ഞാളിം…ഞമ്മക്ക് ഓകെയാണെന്ന്…’
ഫാതിഹ് പറഞ്ഞ് തീരുന്നതിന് മുമ്പ് തന്നെ സഫിയാത്ത നൂറാന്റെ ഉമ്മയുടെ നമ്പറ് ഡയല്‍ ചെയ്ത് കഴിഞ്ഞിരുന്നു.
ഫാതിഹ് അവരുടെ സംസാരം കേള്‍ക്കാന്‍ കാത്തിരിക്കാതെ കോലായിലേക്ക് നടന്നു. പുറത്ത് കസേരയില്‍ ചെന്നിരുന്നു. അവന്റെ മനസ്സ് നിറയെ വിവാഹവും ആഘോഷവുമൊക്കെയാണ്. തന്റെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ്.
താനിത്രകാലം കണ്ട സ്വപ്നത്തിലെ തന്റെ ഖദീജ ബീവിയാകാന്‍ ഭാഗ്യം കിട്ടിയത് നൂറക്കാണ്.
‘അല്ലാഹുവേ…ഞാന്‍ കിനാകണ്ടത് പോലെ അവളെ നീയെനിക്ക് ഖദീജബീവിയെ പോലെയാക്കണേ…’
ഫാതിഹ് അവിടെയിരുന്ന് ഉള്ളു തട്ടി പ്രാര്‍ത്ഥിച്ചു.
പെട്ടെന്ന് അവന് ഫൈസലിനെ ഓര്‍മ്മവന്നു. നൂറയുടെ വീട്ടിലേക്ക് വിളിച്ച് ഓകെ പറഞ്ഞ വിഷയം അവനെയൊന്ന് വിളിച്ച് പറഞ്ഞേക്കാം. അവനാകെ അപ്‌സെറ്റാണ്. ഫാതിഹ് ഫൈസലിന്റെ നമ്പറിലേക്ക് ഡയല്‍ ചെയ്തു.
പൂര്‍ണ്ണമായും ഡയലായതിന് ശേഷം നമ്പര്‍ കട്ടായി.
ഒരുപക്ഷെ, അവന്‍ ബൈക്കിലായിരിക്കും തിരിച്ചടിക്കുമ്പോള്‍ പറയാം എന്നോര്‍ത്ത് തിരിഞ്ഞതും ഫൈസലിന്റെ നമ്പറില്‍ നിന്ന് തിരിച്ച് കോള്‍ വന്നു.
ഫാതിഹ് ഫോണെടുത്ത് സലാം പറഞ്ഞു. പക്ഷെ, മറുതലക്കല്‍ ഫൈസലിന്റെ ശബ്ദമായിരുന്നില്ല.
‘ഇത് ഫൈസലിന്റെ ആരാണ്….?’
ഒരു സ്ത്രീ ശബ്ദം .
‘ഒരു സുഹൃത്താണ്….’
ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ഫാതിഹ് പറഞ്ഞു.
‘നിങ്ങളെത്രയും പെട്ടെന്ന് ലൈഫ് കെയര്‍ ഹോസ്പിറ്റലിലേക്കൊന്ന് വരണം’
മറുതലക്കലുള്ള സ്ത്രീ ശബ്ദം ധൃതിപ്പെട്ടു.
‘എന്തുപറ്റി, ഞാന്‍ ഡോക്ടര്‍ ഫാതിഹാണ്, എന്താണ് സംഭവമെന്ന് പറയൂ…’
ഫാതിഹ് പെട്ടെന്ന് ഗൗരവപ്പെട്ടു.
‘ഹോ…ഇത് ഫാതിഹ് ഡോക്ടറാണോ….സാര്‍, ഒരാക്‌സിഡന്റ് കേസാണ്. തേക്കന്നൂര്‍ ജങ്ഷനില്‍വെച്ചാണെന്ന് തോന്നുന്നു. സിഗ്‌നല് ശ്രദ്ധിക്കാതെ റോഡ് ക്രോസ് ചെയ്ത ബൈക്കിനെ ഒരു ട്രക്ക് വന്നിടിച്ചതാണ്. വളരെ ക്രിട്ടിക്കലാണ്…രക്ഷപ്പെടുമോന്നറിയില്ല..’
നേഴ്‌സിന്റെ സംസാരം കേട്ട് ഒരു നിമിഷം ഫാതിഹിന്റെ നാവിറങ്ങി പോയി.
ദിനേനയെന്നോണം ഹോസ്പിറ്റലില്‍ നിന്ന് ഒരുപാട് ആക്‌സിഡന്റ് കേസുകളും മരണങ്ങളും നേരിട്ടു കാണാറുള്ളതാണ്. പക്ഷെ, ആ മരണങ്ങളും ആക്‌സിഡന്റുകളുമൊന്നും ഫാതിഹിന് ഇത്രമാത്രം മരവിപ്പ് നല്‍കിയിരുന്നില്ല. കാരണം ഫൈസലിവിടെ നിന്ന് സലാം പറഞ്ഞിറങ്ങിയിട്ട് ഒരു മണിക്കൂര്‍ തികഞ്ഞിട്ടില്ല.!
പെട്ടെന്ന് തലകറങ്ങി വീഴാനാഞ്ഞ ഫാതിഹ് വാതില്‍ കട്ടിലില്‍ ചാരി നിന്നു.
‘സര്‍, ഇദ്ദേഹം നിങ്ങളുടെ റിലേറ്റിവാണെങ്കില്‍ പെട്ടെന്നൊന്നിവിടെ വരേ വരാമോ…’
സിസ്റ്റര്‍ തിരിച്ചൊന്നും പറയാത്തത് കണ്ടപ്പോള്‍ ചോദിച്ചു.
‘ഒകെ…ഞാനിതായെത്തി….’
ഫാതിഹ് പെട്ടെന്ന് മറുപടി പറഞ്ഞു. അവന്‍ പെട്ടെന്ന് ഡ്രസ് ചെയ്ത് വീട്ടില്‍ നിന്നിറങ്ങി.
ഒന്നും പറയാതെ ഇറങ്ങി പോകുന്ന ഫാതിഹിനെ സഫിയാത്ത മിഴിച്ച് നോക്കി.
‘എന്താടാ…എന്തു പറ്റി…’
സഫിയാത്ത അവനോട് വിളിച്ച് ചോദിച്ചു. ഫാതിഹ് ഒന്നും പറയാതെ കാറ് സ്റ്റാര്‍ട്ട് ചെയ്ത് ഹോസ്പിറ്റലിലേക്ക് െ്രെഡവ് ചെയ്തു.
************ ************ ************ ************ ************
ഉറക്കത്തില്‍ ഫൈറൂസയുടെ നെറ്റിത്തടം ഒന്ന് ചുളിഞ്ഞു നിവര്‍ന്നു. വിയര്‍പ്പിന്റെ ചെറിയ കുമിളകള്‍ അവളുടെ നെറ്റിയുടെ ഇരുവശങ്ങളിലായി മൊട്ടിട്ടിരുന്നു. അവളെന്തോ ഗാഢമായ സ്വപ്‌നത്തിലാണ്.
വിശാലമായ കടപ്പുറം. സൂര്യന്‍ കടലിനെ മുത്തമിടാന്‍ ഓടിയടുക്കുന്നുണ്ട്. രക്തം ചിന്തിയത് പോലെ ആകാശം ചുകന്ന് തുടുത്തിരിക്കുന്നു. കരയെ മാറോട് ചേര്‍ത്ത് തിരിച്ചിറങ്ങുന്ന ഓരോ തിരയും ‘എന്നെ വിട്ട് പോകല്ലേയെന്ന്’ അലമുറയിട്ട് കരയുന്നുണ്ട്.
വിരഹത്തിന്റെ ദുഖവും ഒത്തുചേരലിന്റെ സന്തോഷവും സമ്മിശ്രമായ ഒരന്തരീക്ഷമാണ് എപ്പോഴും കടലിന്.
ഉമ്മച്ചിയും ഉപ്പച്ചിയും കടപ്പുറത്തെ ആ നേര്‍ത്ത മണല്‍തരിയിലിരുന്ന് കൊണ്ട് അസ്തമാന സൂര്യന്റെ ഭംഗിയാസ്വദിക്കുകയാണ്.
കൊച്ചു കുട്ടിയായ ഫൈറൂസ കുറച്ച് മുമ്പ് അതുവഴി പട്ടവുമായി പോയ ഒരു ഹിന്ദിക്കാരനില്‍ നിന്ന് ഉപ്പച്ചിയോട് വാശിപ്പിടിച്ച് വാങ്ങിച്ച പട്ടം പതുക്കെ കയറഴിച്ച് വിട്ടു.
പെട്ടെന്ന് തന്റെ കൈകളില്‍ നിന്ന് കുതറി തെറിക്കാന്‍ പോയ പട്ടത്തെ അവള്‍ ആഞ്ഞു പിടിച്ചു. ഒരു നിമിഷം ആ പട്ടം തന്നില്‍ നിന്ന് നഷ്ടപ്പെടുമോയെന്ന ആധി ഉള്ളില്‍ കുമിഞ്ഞ് കൂടി. പട്ടം തന്റെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.
കുഞ്ഞുടുപ്പിനെയും മുടിയേയും തഴുകിക്കൊണ്ടേയിരിക്കുന്ന കടല്‍ കാറ്റ് അവളുടെ നെഞ്ചോട് ചേര്‍ന്നിരിക്കുന്ന പട്ടത്തെ തന്നോടൊപ്പം കളിക്കാനായി വിളിച്ചു കൊണ്ടേയിരുന്നു.
പട്ടത്തിന്റെ ഇരുദളങ്ങളിലായുള്ള നീണ്ട ചിറകുകള്‍ കാറ്റിനൊപ്പം കളിക്കാനായി കൈ നീട്ടി കരഞ്ഞു. കുഞ്ഞു ഫൈറൂസക്ക് സങ്കടം വന്നു . അവള്‍ പതുക്കെ പട്ടത്തെ തന്റെ നെഞ്ചില്‍ നിന്ന് അടര്‍ത്തിയെടുത്തു. കടല്‍ക്കാറ്റിന്റെ തലോടലേറ്റ് കൊണ്ട് ആ പട്ടം ഒന്നുള്‍പുളകം കൊണ്ടു. അത് കണ്ട് ഫൈറൂസയുടെ കുഞ്ഞു ചുണ്ടില്‍ ചിരിവിടര്‍ന്നു.
അവള്‍ പതുക്കെ കൈകളയച്ചു. പട്ടം ഒന്ന് പതുക്കെ മേല്‍പ്പോട്ടുയര്‍ന്നതിന് ശേഷം ഫൈറൂസയുടെ തൊട്ടുമുകളിലായി ഒന്ന് രണ്ട് തവണ വട്ടമിട്ട് പറന്നു. ശേഷം അവള്‍ക്ക് നേരെ ഊളിയിട്ട് വന്നു. വീണ്ടും മുകളിലേക്കുയര്‍ന്നു. ഫൈറൂസയുടെ മുഖത്ത് ആനന്ദം നൃത്തമാടി.
അവള്‍ പട്ടത്തിന്റെ കയറുകള്‍ പതുക്കെ അയച്ചു കൊണ്ടിരുന്നു. പട്ടം ഉയര്‍ന്ന് പറന്നു. ആകാശത്ത് ഉയര്‍ന്ന് പറക്കുന്ന പട്ടത്തെ തന്നെ നോക്കികൊണ്ട് അവളും മുന്നോട്ട് നടന്നു.
ആസ്വാദനത്തിന്റെ മറ്റേതോ ലോകത്തായിരുന്ന ഉപ്പാക്കും ഉമ്മാക്കും അവളിലെ ശ്രദ്ധതെറ്റി. അവള്‍ പട്ടത്തിന് പിറകെ നിറഞ്ഞു ചിരിച്ചു കൊണ്ടോടി. അശ്രദ്ധയോടെ ഓടുന്നതിനിടയില്‍ അവള് ആരുടെയോ ശരീരത്തില്‍ ചെന്ന് തട്ടിവിണു. വീഴ്ച്ചയിലും പട്ടത്തിന്റെ കയറില്‍ മുറുകെ പിടിച്ചു.
‘എവിടെ നോക്കിയാടീ നടക്കുന്നത്….?’
കടല്‍ കരയിലെ മണലില്‍ കമിഴ്ന്ന് വീണു കിടക്കുന്ന കൊച്ചുഫൈറൂസയുടെ കാതുകളില്‍ രൗദ്രഭാവത്തിലുള്ള ആ ചോദ്യം ചെന്ന് പതിച്ചു. ഭയം ആ കൊച്ചു കാലുകളിലൂടെ പതുക്കെ അരിച്ചു കയറാന്‍ തുടങ്ങി.
പതുക്കെ തലഉയര്‍ത്തി അയാളെ നോക്കി. കറുത്ത് ഉയരം കൂടി കട്ടിമീശയുമായി തുണിമടക്കി കുത്തിയ ഒരാള്‍ മുമ്പില്‍ നില്‍ക്കുന്നു. അവള്‍ പെട്ടെന്ന് പിറകിലേക്ക് നോക്കി. ഉമ്മയും ഉപ്പയും അവിടെയുണ്ടല്ലോഎന്നതായിരുന്നു ആശ്വാസം.
പക്ഷെ, ആ നോട്ടം വെറുതെയായിരുന്നു. കാരണം അവിടെയെങ്ങും അയാളും അവളുമല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ഭയം കരച്ചിലിന് വഴിമാറി. കൈകള്‍ കുഴയാന്‍ തുടങ്ങി. പട്ടത്തിന്റെ കയറ് മെല്ലെ കൈകളില്‍ നിന്ന് കുതറിമാറാന്‍ തുടങ്ങി. അവള് വീണ്ടും കയറില്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചു .
‘അവളുടെ ഒരുപട്ടം’
ആ കറുത്ത് അതികായനായ മനുഷ്യന്‍ കയറില്‍ പിടിച്ച് ആഞ്ഞൊരുവലി. ഫൈറൂസയുടെ കുഞ്ഞിളം കൈകളില്‍ നിന്ന് കയറിന്റെ പൂര്‍ണ്ണ നിയന്ത്രണം നഷ്ടമായി.
പൂര്‍ണമായും അഴിച്ച് വിട്ടത് കൊണ്ടാണോയെന്നറിയില്ല ആ പട്ടം ഒന്നു കൂടെ ഊര്‍ജ്ജത്തില്‍ ഉയര്‍ന്ന് പറന്നതിന് ശേഷം അവളിലേക്ക് തന്നെ തിരിഞ്ഞു നോക്കി . തിരിച്ചു പറക്കാനും ആ കുഞ്ഞു ഇടനെഞ്ചില്‍ അമര്‍ന്ന് കിടക്കാനും കൊതിയുള്ളത് പോലെ. പക്ഷെ, അതുവഴി ശക്തമായി കടന്നു വന്ന ഒരു കടല്‍ക്കാറ്റ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ ആ പട്ടത്തെ കൂടെ കൂട്ടി ദൂരേക്ക് പറന്നു.
കുഞ്ഞു ഫൈറൂസയുടെ കൈകളും കണ്ണുകളും ആ പട്ടത്തിലേക്ക് തന്നെ നോക്കി.
‘പോവല്ലേ……’
അവള്‍ ആര്‍ത്ത് കരഞ്ഞു.
ഫൈറൂസ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. അവളാകെ വിയര്‍ത്തിരുന്നു. പരിഭ്രമം ഇപ്പോഴും മുഖത്ത് നിഴലിച്ചു കാണാം. തൊട്ടടുത്തുള്ള ബോട്ടിലില്‍ നിന്ന് വെള്ളമെടുത്തു കുടിച്ചു. എത്ര കുടിച്ചിട്ടും ദാഹം തീരാത്തത് പോലെ. വീണ്ടും കണ്ണുമടച്ചു കിടന്നു. ഉറക്കം വരുന്നില്ല. ഏറ്റവും ഇഷ്ടപ്പെട്ടതെന്തോ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന വല്ലാത്ത വിരഹ വേദന അവളുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു.
**
‘നിന്റെ കൂടെ എന്തേലും ജോലിചെയ്യാനുള്ള താത്പര്യമെന്താന്നറിയോ നിനക്ക്….!? ‘
ഉറങ്ങാനായി കിടക്കുമ്പോള്‍ ഫര്‍സാന നൂറയോട് ചോദിച്ചു.
‘എന്താ നീ പറ…’
നൂറ ചിരിച്ചു കൊണ്ട് അവള്‍ക്ക് അഭിമുഖമായി ചെരിഞ്ഞ് കിടന്നു കൊണ്ട് പറഞ്ഞു.
‘നീ…ചെയ്യുന്നതേ നീ മറ്റുള്ളവരോട് പറയൂ…കൂടാതെ കാര്യങ്ങളെല്ലാം കണ്ടറിഞ്ഞ് ചെയ്യും. എന്ത് ചെയ്യുമ്പോഴും എല്ലാവരോടും ചോദിച്ച് അഭിപ്രായം തേടും. മറ്റുള്ളവര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കി മാറി നില്‍ക്കില്ല. ‘
ഫര്‍സാന ഒരുപാട് നീട്ടിവലിച്ച് പറയാന്‍ തുടങ്ങി.
നൂറക്ക് സ്വന്തത്തെ കുറിച്ച് അഭിമാനം തോന്നിയെങ്കിലും അവള്‍ മുഖത്ത് കാണിച്ചില്ല.
‘ഞാനോ…ഞാന്‍ പ്രത്യേകിച്ചൊന്നും ചെയ്യാറില്ലല്ലോ…അതൊക്കെ നിനക്ക് തോന്നുന്നതാ…’
നൂറ ഫര്‍സാനയോട് വിനയം കാണിച്ചു.
‘ഇതാ…ഞാന്‍ പറഞ്ഞത്…നീയൊന്നും ചെയ്യേണ്ടതില്ല..കാരണം നിനക്ക് ഈ വക കാര്യങ്ങളെല്ലാം ഇന്‍ബോണായി തന്നെ ലഭിച്ചതാണ്..’
ഫര്‍സാന അതും പറഞ്ഞ് ചിരിച്ചു. നൂറയും കൂടെ ചിരിച്ചു.
‘പിന്നെയുള്ള ഒരു പ്രത്യേകത നീ ചെയ്യുന്ന ഏത് കാര്യത്തിനും നിനക്ക് ഉപ്പച്ചിയോ അല്ലേല്‍ ഉമ്മമ്മയോ ആരേലും പറഞ്ഞു തന്നെ എന്തേലും ഒരു കഥയുമുണ്ടാവും. ആ കഥകളൊക്കെ കൊണ്ടു തന്നെയാണ് നിന്റെ ജീവിതം ഇത്ര പെര്‍ഫക്ടായത്.’
ഫര്‍സാന വീണ്ടും നൂറയുടെ ഭാഗ്യങ്ങളെണ്ണാന്‍ തുടങ്ങി.
‘ഞാന്‍ അത്ര പെര്‍ഫക്ടൊന്നുമല്ല. ഞാനെന്നല്ല…ഈ ദുനിയാവില്‍ ഹബീബല്ലാത്ത അല്ലാഹുവിന്റെ ഒരു സൃഷ്ടിയും പൂര്‍ണ്ണാര്‍ത്ഥത്തില്‍ പെര്‍ഫക്ടല്ല. പിന്നെ, നീ പറഞ്ഞ ഉപ്പാന്റെയും ഉമ്മമ്മാന്റെയും മറ്റുമെല്ലാം കഥകള് എന്റെ മനസ്സിനെയും സ്വഭാവ രൂപീകരണത്തെയും നന്നായി സ്വാധീനിച്ചിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്’
നൂറ വീണ്ടും വിനയാന്വിതയായി.
‘എന്തേയിപ്പം നിനക്ക് എന്റെ സ്വഭാവ മഹിമയൊക്കെ നിരീക്ഷിക്കാന്‍ തോന്നിയത്..?’
നൂറ പതിവില്ലാത്ത ഫര്‍സാനയുടെ രീതി കണ്ടപ്പോള്‍ ചോദിച്ചു.
‘അതേയ് …ഇന്ന് രാവിലെ നീ ഞങ്ങളോട് തോരണം കെട്ടുന്നതും റൂമലങ്കരിക്കുന്നതുമെല്ലാം അവതരിപ്പിച്ചീലേ….’
ഫര്‍സാന ഒന്ന് നിറുത്തി.
‘ഉം….അതേ’
നൂറ അതിന് എന്ന സംശയ രൂപേണ ഫര്‍സാനയെ നോക്കി.
‘അപ്പോ, ഇതൊക്കെ നടക്കുമോന്ന് ഞാന്‍ മനസ്സില്‍ സംശയിച്ചിരുന്നു. പിന്നെ നീ തന്നെ കാര്യങ്ങളെല്ലാം മുന്‍കൈ എടുത്ത് പിരിവ് നടത്തുന്നു, ടൈം ടേബിളുണ്ടാക്കുന്നു, അവശ്യമായ സാധനങ്ങളെത്തിക്കുന്നു. ഇതൊക്കെ ആയപ്പോഴാണ് എനിക്ക് തന്നെ സ്വയം ഒരാത്മവിശ്വാസമെല്ലാം വന്നു തുടങ്ങിയത് തന്നെ….അതാ ഞാന്‍ പറഞ്ഞത്. നീ കൂടെയുണ്ടാകുമ്പോള്‍ ഒരു പോസിറ്റീവ് വൈബാണെന്ന്..’
ഫര്‍സാന നൂറയുടെ കവിളില്‍ പിടിച്ച് നുള്ളിക്കൊണ്ട് മുഖം വക്രിച്ച് ചിരിച്ചു കാണിച്ചു. നൂറയും ഒന്നും പറയാതെ ചിരിച്ചു.
പെട്ടെന്ന് നൂറയുടെ മനസ്സില്‍ ഹബീബിന്റെ ഒരു കഥ ഓടിവന്നു. ആരാണാ കഥ അവള്‍ക്ക് പറഞ്ഞു കൊടുത്തതെന്ന് പെട്ടെന്ന് ആലോചിച്ചപ്പോള്‍ ഓര്‍മയിലേക്ക് വന്നില്ല. പക്ഷെ, ആ കഥ ഇപ്പോളിവിടെ പറഞ്ഞാല്‍ തനിക്ക് ജാഡയാണെന്ന് ഫര്‍സാന കരുതുമെന്ന് നൂറ മനസ്സില്‍ നിനച്ചു.
‘നീയെന്താ ഒറ്റക്ക് ആലോചിച്ച് ചിരിക്കുന്നത്….?’
നൂറയുടെ മുഖത്ത് വിടര്‍ന്ന പുഞ്ചിരി കണ്ട് ഫര്‍സാന ചോദിച്ചു.
‘ഏയ് അതൊന്നിമില്ലടീ…..’
നൂറ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.
‘വേണ്ട….വെറുതെ കളവ് പറയണ്ട…എന്താണേലും എന്നോട് പറ’
ഫര്‍സാന ശാഠ്യം പിടിച്ചു.
‘അതൊന്നുമില്ല….ഈ സന്ദര്‍ഭവുമായി ബന്ധപ്പെട്ട് ഹബീബിന്റെ ഒരു കഥ മനസ്സിലേക്ക് വന്നതാണ്. അതിപ്പൊ പറഞ്ഞാല്‍ നീയെന്ത് കരുതും എന്നു കരുതിയിട്ടാണ് പറയാതിരുന്നത്…’
നൂറ ചമ്മലൊളിപ്പിച്ച് കൊണ്ട് പറഞ്ഞു.
‘ഞാനെന്ത് കരുതാന്‍….നീ കഥപറ’
ഫര്‍സാന കമ്പിളി പുതപ്പ് വലിച്ചിട്ട് ചെമ്മീന്‍ ചുരുള്ളുന്നത് പോലെ നൂറക്കഭിമുഖമായി ചുരുണ്ട് കിടന്ന് കൊണ്ട് പറഞ്ഞു.
നൂറയൊന്ന് തൊണ്ട റെഡിയാക്കി
‘ഒരിക്കല്‍ ഹബീബ് അനുചരന്മാരോടൊന്നിച്ചുള്ള ഒരു യാത്രമദ്ധ്യേ വിശന്നവശരായപ്പോള്‍ ഒരാടിനെ അറുത്ത് ഭക്ഷിക്കാന്‍ തീരുമാനിച്ചു. അവരില്‍ ഒരാള്‍ ആടിനെ അറുക്കാന്‍ സന്നദ്ധനായി മറ്റൊരാള്‍ ആടിന്റെ തോലൂരാന്‍ മുന്നോട്ട് വന്നു. ഈ സന്ദര്‍ഭത്തില്‍ ഹബീബ് പറഞ്ഞു:
” ആവശ്യമായ വിറകുകള്‍ ഞാന്‍ ശേഖരിക്കാം”.
ഇത് കേള്‍ക്കേണ്ട താമസം സ്വഹാബികള്‍ക്ക് വിഷമമായി. അവര്‍ പറഞ്ഞു:
‘വേണ്ട നബിയെ ഞങ്ങള്‍ ചെയ്‌തോളം ‘
ഹബീബ് പ്രതിവചിച്ചു:
‘ഞാന്‍ നിങ്ങളില്‍ ഒരാളായിരിക്കുവനാണാഗ്രഹിക്കുന്നത്. ‘
കഥ പറഞ്ഞ് നിറുത്തിയതിന് ശേഷം നൂറ തുടര്‍ന്ന് പറഞ്ഞു.
‘വെറുതെ കാര്യങ്ങളെ തന്റെ അനുയായികളോട് പറഞ്ഞ് കല്‍പന നടത്തുന്ന നേതാവായിരുന്നില്ല ഹബീബ് . മറിച്ച് അവരോടൊപ്പം നിന്ന് അവരിലൊരാളായി ജീവിച്ചവരായിരുന്നു അവിടുന്ന്. അതുകൊണ്ടാണ് വളരെ ചുരുങ്ങിയ കാലം കൊണ്ട് ലോകത്ത് മുഴുവന്‍ ഇസ്ലാമിനെ വളര്‍ത്താന്‍ ഹബീബിന് സാധിച്ചത്.’
നൂറ പറയുന്നത് തന്നെ ശ്രദ്ധയോട് കേട്ടിരിക്കുകയാണ് ഫര്‍സാന.
‘എടീ…ഹബീബ് ഇസ്ലാമിക പ്രബോധനം നടത്തിയത് വെറും ഇരുപത്തിമൂന്ന് വര്‍ഷമാണ്. ഈ ചുരുങ്ങിയ കാലം കൊണ്ടാണ് അവിടുന്ന് ഒരു സമൂഹത്തെ സംസ്‌കരിച്ചെടുത്തത്. ഖുര്‍ആന്‍ ആ ജഹിലിയാ സമൂഹത്തെ വിശേഷിപ്പിച്ചതെന്താണെന്നറിയോ നിനക്ക്…?’
നൂറ ആ ചോദ്യഛിഹ്നത്തിന് മുമ്പില്‍ ഒരു നിമിഷം ചിന്താകുലയായി നിന്നതിന് ശേഷം തുടര്‍ന്നു.
‘ഈ ജാഹിലിയ്യാ കാല സമൂഹത്തെ വിശുദ്ധ ഖുര്‍ആന്‍ അവര്‍ വഴി കേടിത്തരത്തിലാണ് എന്ന് പറയുന്നതിന് പകരം അവര്‍ വഴികേടിത്തരത്തില്‍ മുങ്ങിക്കുളിച്ചവരാണ് എന്നാണ് പറഞ്ഞത്.
വസ്ത്രത്തില്‍ ചെളി പുരണ്ടാല്‍ നമുക്കത് കഴുകി വൃത്തിയാക്കാം. എന്നാല്‍ ചെളിയും വസ്ത്രവും തമ്മില്‍ വേര്‍തിരിക്കാന്‍ പറ്റാത്ത രീതിയില്‍ കൂടികലര്‍ന്നാല്‍ എന്ത് ചെയ്യും. ഇത് പോലെയായിരുന്നു തിരുദൂതരുടെ അവതാര സമയത്ത് ജാഹിലിയ്യാ സമൂഹം. ഈ സമൂഹത്തെയാണ് വെറും 23 വര്‍ഷത്തെ തന്റെ കഠിന പ്രയത്‌നത്തിന്റെ ഫലമായി ഹബീബ് ലോകര്‍ക്ക് മാതൃകാ യോഗ്യരായ ഒരു സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചു നല്‍കിയത്.’
നൂറ ആവേശത്തിലാണ്.
ഹബീബിനെ പറയുമ്പോഴുള്ള അവളുടെ പതിവ് വികാരപ്പെടലുകള്‍ ഓരോ വാക്കുകളിലും സ്ഫുരിച്ച് നില്‍ക്കുന്നുണ്ട്.
അവള്‍ തുടര്‍ന്നു.
‘ എന്നിട്ട് ഹബീബ് പറഞ്ഞു.
‘എന്റെ അനുചരന്മാര്‍ നക്ഷത്ര സമന്മാരാണ് വല്ലവരും അവരെ പിന്‍പറ്റിയാല്‍ അവര്‍ക്ക് സന്മാര്‍ഗം സിദ്ധിക്കും’.
ലൈറ്റ് ഹൗസ് കണ്ടിട്ടില്ലേ നീ ..? രാത്രികാലങ്ങളില്‍ കടലില്‍ ദിശയറിയാതെ അലയുന്ന കപ്പലുകള്‍ക്ക് വഴി കാണിക്കാനുള്ളതാണ് ഈ ലൈറ്റ് ഹൗസ്. ഇത് പോലെ ഏത് ദിക്കില്‍ നിന്ന് നോക്കിയാലും പ്രകാശം ചൊരിഞ്ഞ് നിങ്ങള്‍ക്ക് ദിശയറിയാന്‍ സഹായിക്കുന്ന നക്ഷത്രങ്ങളെ പോലെയാണ് എന്റെ അനുചരന്മാര്‍ എന്നതാണ് അവിടുന്ന് പറഞ്ഞതിന്റെ വിവക്ഷയത്രെ. ‘
നൂറ പ്രമാണങ്ങളും അര്‍ത്ഥവും എല്ലാം പറഞ്ഞാണ് സംസാരിക്കുന്നത്.
‘ നീയൊന്ന് ആലോചിച്ച് നോക്കിയേ…എല്‍.കെജിമുതല്‍ പി.എച്ച്.ഡി കഴിയുന്നത് വരേ ഒരദ്ധ്യാപകന്റെ അടുത്ത് പഠിച്ചാല്‍ പഠനം പൂര്‍ത്തിയാവാന്‍ ഏകദേശം 23 വര്‍ഷമാവും. ഇത്തരത്തില്‍ താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളെയെല്ലാം നിങ്ങള്‍ക്ക് കണ്ണുമടച്ച് വിശ്വസിക്കാം എന്ന് പറയാന്‍ ചങ്കുറപ്പുള്ള എത്ര അധ്യാപകരുണ്ടാവും ഈ ലോകത്ത്…!? അതാണ് ഹബീബിന്റെ അനുചരരും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം’
നൂറ ആവേശത്തോടെ പറഞ്ഞു നിറുത്തി. അവള്‍ ഫര്‍സാനയുടെ മുഖത്തേക്ക് നോക്കി. അവിടെ ഉറക്കം തത്തിക്കളിക്കുന്നത് കൃത്യമായി കാണാമായിരുന്നു.
നൂറ തുടര്‍ന്ന് സംസാരിക്കാനുള്ള തന്റെ ശ്രമം ഉപേക്ഷിച്ചു.
‘ ബിസ്മിക്കല്ലാഹുമ്മ അഹ് യാ വ അമൂത്ത്..’
അവള്‍ പുതപ്പ് തന്നിലേക്ക് വലിച്ചിട്ടു.
**
ഫാതിഹ് ഹോസ്പിറ്റലിലേക്ക് ഓടി കയറി. ഇഖ്ബാല്‍ ഡോക്ടറാണ് ഡ്യൂട്ടിയില്‍. ഓപ്പറേഷന്‍ തീയേറ്ററിലാണ്. ആകെ ധൃതിപിടിച്ച അന്തരീക്ഷമാണ് ഹോസ്പിറ്റലില്‍. ഡോക്ടര്‍മാരും നേഴ്‌സ്മാരും തിരിക്കിട്ട് തലങ്ങും വിലങ്ങും ഓടുന്നു . ഒരു ജീവന്‍ നിലനിര്‍ത്താനുള്ള വ്യഗ്രതയിലാണവര്‍. ഫാതിഹ് ഇഖ്ബാല്‍ ഡോക്ടറിന്റെ അടുത്ത് ചെന്ന് ചോദിച്ചു.
‘ഹൗ ഈസ് ഹീ…..?’
ഡോക്ടര്‍ ഒരു നിമിഷം ഒന്ന് ആലോചിച്ചതിന് ശേഷം ഗൗരവ രൂപേണ പറഞ്ഞു.
‘ഹീ ഇസ് കംപ്ലീറ്റ്‌ലി ഗോണ്‍, ഒരുപക്ഷെ, വെന്റിലേറ്ററിലിട്ടാല്‍ നമുക്ക് കുറച്ചു കൂടെ സമയം കിട്ടും. എന്തായാലും ഒരുമണിക്കൂറിനകം ബ്രയിന്‍ഡെത്ത് സംഭവിക്കും. കാരണം തലക്ക് നല്ല ക്ഷതമുണ്ട്. അത് ബ്രയിനെ ബാധിച്ചിട്ടുമുണ്ട്. ഇഫ് യു വാണ്ട് ടു സീ ഹിം കാരിയോണ്‍’
ഇഖ്ബാല്‍ ഡോക്ടര്‍ പറഞ്ഞു.
ഫാതിഹ് ഓപ്‌റേഷന്‍ തീയേറ്ററിലേക്ക ചെന്നു. ആ ശരീരം കണ്ടപ്പോള്‍ അവന് വിശ്വസിക്കാനായില്ല. ഒരുമണിക്കൂറ് മുമ്പ് താന്‍ പൂര്‍ണ്ണ ആരോഗ്യവാനായി കണ്ട ബോഡിയാണല്ലോയിതെന്ന് അവന്‍ മനസ്സില്‍ നിനച്ചു.
ഫൈസലിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ അവന്റെ ചുണ്ടുകള്‍ അനങ്ങുന്നതായി ഫാതിഹിന് തോന്നി.
‘സിസ്റ്റര്‍ ഹി ഇസ് െ്രെടങ് റ്റു സേ സംതിങ്.. പ്ലീസ്’
ഫാതിഹ് പറഞ്ഞപ്പോള്‍ സിസ്റ്റര്‍ അവന്റെ ചുണ്ടുകളോട് കാതുകളടുപ്പിച്ചു.
‘ഫൈ…ഫൈറൂ….ഫൈറൂസ…’
ചോരയില്‍ കുതിര്‍ന്ന ആ ചുണ്ടുകള്‍ പതുക്കെ നിശ്ചലമായി.
************ ************ ************ ************ ************
നൂറയും ഫര്‍സാനയും കോളേജിലേക്കെത്തിയതും സുല്‍ഫിയ അവരെയും കാത്ത് ഡിപാര്‍ട്‌മെന്റില്‍ നില്‍ക്കുന്നുണ്ടായിരുന്നു.
‘ഞാന്‍ സറീന മാഡവുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു….’
സുല്‍ഫിയ അവരോട് പറഞ്ഞു. ഏത് സറീനമാഡം എന്ന രൂപേണ അവര്‍ രണ്ടു പേരും പരസ്പരം മുഖത്തോട് മുഖം നോക്കി.
‘എടീ, നമ്മുടെ ജേണലിസം ഡിപാര്‍ടുമെന്റിലെ എച്.ഒ.ഡിയാണ് മാഡം. മാഡം പറഞ്ഞത് ഇത് നല്ല ആശയമാണെന്നാണ്. മാഡത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാവും എന്നും പറഞ്ഞു. ലഞ്ച് ടൈമില്‍ എപ്പോഴെങ്കിലും ക്യാന്റീന്‍ ഗ്രൗണ്ടിന് സമീപത്തെ ആല്‍മരത്തിനടുത്തോ മറ്റൊ ഒരുമിച്ചിട്ട് നമ്മുടെ പരിപാടിയുടെ ഒരു ഇന്വോഗ്രേഷന്‍ നടത്താം. അവിടെ പ്രോഗ്രാം പൂര്‍ണ്ണമായും വിശദീകരിച്ച് എല്ലാ ദിവസവും നടക്കുന്ന മൗലിദ് പ്രോഗ്രാമിലേക്ക് കുട്ടികളെ ക്ഷണിക്കുകയും ചെയ്യാം. വേണമെങ്കില്‍ ഉദ്ഘാടനത്തിന് ഗസ്റ്റായിട്ട് മാഡവും വരാം എന്നും പറഞ്ഞിട്ടുണ്ട്.’
സുല്‍ഫിയ ഒരു പ്രോഗ്രാം കോഡിനേറ്ററുടെ രൂപത്തില്‍ സംസാരിച്ചു. നൂറയുടെ മനസ്സില്‍ സന്തോഷത്തിന്റെ സൂര്യനുദിച്ചു.
‘അപ്പൊ നിങ്ങള് ക്ലാസുകളിലെല്ലാം കയറി. കുട്ടുകളെ നമ്മുടെ പ്രോഗ്രാം ഡീറ്റേയ്ല്‍സ് അറിയിക്കൂ. അപ്പോഴേക്കും ഞാന്‍ പ്രോഗ്രാം ഷെഡ്യൂളൊന്ന് റെഡിയാക്കട്ടെ. കോളേജ് ഗ്രൂപ്പുകളില്‍ ഒരു വാട്‌സപ്പ് മെസ്സേജിടുന്നതും നല്ലതാണ്. അത് വേണേല്‍ ഞാന്‍ ചെയ്‌തോളം…’
അതും പറഞ്ഞ് സുല്‍ഫിയ അവരുടെ ഡിപ്പാര്‍ട്ടുമെന്റിലേക്ക് പോയി.
*
ഉച്ച ഭക്ഷണത്തിനും നിസ്‌കാരത്തിനും ശേഷം എല്ലാവരും ആല്‍മര ചുവട്ടിലെത്തി. ഏകദേശം പതിനഞ്ച് പെണ്‍കുട്ടികളുണ്ട്. സുല്‍ഫിയ സറീന മാഡത്തോടൊപ്പമാണ് വന്നത്. നൂറയും ഫര്‍സാനയും കുട്ടികള്‍ക്ക് വിതരണം ചെയ്യാനവാശ്യമായ മധുരവുമായിട്ടാണ് എത്തിയത്.
സുല്‍ഫിയ എല്ലാവരെ സ്വാഗതം ചെയ്തതിന് ശേഷം ദിവസവും നടക്കുന്ന മൗലിദ് സദസ്സിന്റെ രീതികളും സ്ഥലങ്ങളും പറഞ്ഞു കൊടുത്തു. പ്രോഗ്രാമിന്റെ മാറ്റങ്ങളും വിഷയങ്ങളും അറിയിക്കുവാനായി ഒരു വാട്‌സപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യുന്ന വിവരവും താത്പര്യമുള്ളവരെല്ലാം ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാനും അവര്‍ പ്രത്യേകം ഉണര്‍ത്തി.
രണ്ട് മിനിറ്റിനുള്ളില്‍ സ്വഗതഭാഷണമവസാനിച്ചു.
സറീന മാഡം ഉദ്ഘാടനത്തിനായി എഴുന്നേറ്റ് നിന്നു. അവരെ കണ്ടപ്പൊള്‍ തന്നെ നല്ല ഒതുക്കമുള്ള സ്ത്രീയാണെന്ന് നൂറക്ക് തോന്നി.
പര്‍ദ്ധയാണ് വേശം. അത്യാവശ്യം നല്ല പൊക്കവും ഗാഭ്യര്യവും തോന്നുന്ന പ്രകൃതം.
പെണ്‍കുട്ടികള്‍ മാത്രമുള്ള ആ സദസ്സിനോട് അവര് സലാം പറഞ്ഞു തുടങ്ങി.
ഹബീബിന്റെ പ്രണയ ലോകത്തെ കുറിച്ചും പുതിയ കാലത്തെ പ്രവാചക പ്രണയത്തിന്റെ പ്രവണതകളെ കുറിച്ചും വളരെ ഹൃദ്യമായ രീതിയില്‍ തന്നെ അവര്‍ സംസാരിച്ചു.
അവരുടെ സംസാരത്തിന് എന്തോ വല്ലാത്ത ആകര്‍ഷണിയതയുണ്ടെന്ന് നൂറക്ക് തോന്നി. അളന്നു മുറിച്ച വാക്കുകള്‍, മനസ്സില്‍ തട്ടുന്ന ഉപമകള്‍, ചരത്രത്തിന്റെ കൃത്യമായ വിവരണങ്ങള്‍, തെളിവു നിരത്തിയുള്ള സമര്‍ത്ഥനങ്ങള്‍ എല്ലാം അവരുടെ പ്രത്യേകതയാണെന്ന് സംസാരം തുടര്‍ന്നപ്പോള്‍ നൂറയുടെ മനസ്സില്‍ തെളിഞ്ഞു.
മുസ്ലിം പെണ്‍കുട്ടികളെ അടുത്ത് കിട്ടിയത് കൊണ്ടാണെന്ന് തോന്നുന്നു.
തന്റെ ഭാഷണത്തിനിടയില്‍ പുതിയ മുസ്ലിം കാലപെണ്‍കുട്ടികളുടെ ഒളിച്ചോട്ടത്തെ കുറിച്ചും ലിവിങ് ടു ഗതര്‍ കള്‍ച്ചറിനെ കുറിച്ചുമെല്ലാം അവര്‍ വിശദമായി സംസരിച്ചു.
അവരുടെ ഓരോ വാക്കുകളും ആ സദസ്സിലിരിക്കുന്ന ഓരോ കുട്ടികളുടെയും ഇടനെഞ്ചില്‍ തറക്കുന്നുണ്ടെന്ന് സകൂതം അവരെ തന്നെ നോക്കിയിരിക്കുന്ന ആ സദസ്സനെ കണ്ടാല്‍ വ്യക്തമാവും.
മുസ്ലിം സ്ത്രീകളുടെ ശാക്തീകരണം എങ്ങനെയാവണം എന്നതിനെ കുറിച്ചും അശ്ലീല പ്രണയത്തെ കുറിച്ചും സറീന മാഡം പറഞ്ഞത് നൂറക്കും വല്ലാതെ ബോധിച്ചു. മാഡം പറഞ്ഞതിന്റെ ചുരുക്കം അവളുടെ മനസ്സിലൂടെ ഒരാവര്‍ത്തികൂടി കടന്നു പോയി.
‘വ്യക്തിസ്വാതന്ത്രം സാമൂഹിക ഐക്യത്തെ തകര്‍ക്കുന്ന പ്രവണത ഈയിടയായി കേരളത്തില്‍ ഗണ്യമായി വളരുന്നുണ്ട്.
അഥവാ വ്യക്തികളുടെ കൂട്ടമാണ് കുടുംബമായി പരിണമിക്കുന്നത്. കുടുംബങ്ങളാണ് സമൂഹമായി പൂര്‍ണ്ണത പ്രാപിക്കുന്നത്.
വ്യക്തി, കുടുംബം എന്നിവയാണ് സമൂഹത്തിന്റെ അടിത്തറ എന്നതിനാല്‍ തന്നെ സന്തുലിതമായ സാമൂഹിക നിലനില്‍പ്പിനു വേണ്ടി വ്യക്തി ചില വിട്ടുവീഴ്ചകള്‍ക്കും തെജിക്കലുകള്‍ക്കും തയ്യാറാകേണ്ടതുണ്ട്.
നല്ല സമൂഹ നിര്‍മിതിക്ക് സമാധാനപരമായ കുടുബാന്തരീക്ഷം സൃഷ്ടിക്കപ്പെടണം. ശാന്തമായ കുടുംബപശ്ചാതലം ഹനിക്കുന്ന രീതിയിലും കുടുംബ മഹിമക്ക് നിരക്കാത്ത രൂപത്തിലും വ്യക്തിസ്വാതന്ത്രം ഉപയോഗപെടുത്തുന്നവര്‍ സാമൂഹിക വിരുദ്ധരാണ്. കാരണം അവര്‍ സമൂഹത്തിന്റെ അടിസ്ഥാന ശിലയായ കുടുംബത്തെയാണ് ശിഥിലമാക്കുന്നത്. ഇത്തരത്തില്‍ പുതിയ കാലത്ത് കുടുംബ നിയമം ലംഘിക്കുന്നവരിലധികവും കാമുകീ കമുകന്മാരാണ്. കാരണം അവര്‍ തങ്ങളുടെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിക്കുമ്പോള്‍ ഇവിടെ അസന്തുലിതമാകുന്നത് ഒരു സമൂഹമാണ്. ‘
മാഡം വളരെ ഗൗരവത്തിലാണ് സംസാരിക്കുന്നത്.
‘ എന്നാല്‍ ഇത്തരം സാമൂഹിക വിരുദ്ധര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കാനോ ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനോ ഒരു സമിതിയും തയ്യാറാകാതിരിക്കുകയും അതേസമയം ഇവര്‍ക്കുവേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുക്കുവാനും സര്‍വ്വ പിന്തുണ പ്രഖ്യാപിക്കുവാനും ഭരണകൂടവും നീതിപീഠങ്ങളും തയ്യാറാവുകയും ചെയ്യുന്നു. സാമൂഹിക നന്മ ഉദ്ദേശിക്കുന്ന എല്ലാവരും ഇത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ജനിച്ചത് മുതല്‍ നിലകൊള്ളുന്ന ഈ നിമിഷം വരെ ഓരോ രക്ഷിതാക്കളും മക്കളുടെ വിഷയത്തില്‍ ആധിയുള്ളവരാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തില്‍, മകള്‍ സുരക്ഷിതയാണെന്നുറപ്പായാലെ മാതൃഹൃദയങ്ങള്‍ക്ക് ശാന്തി ലഭിക്കുകയുള്ളു. മകളുടെ സുരക്ഷിതത്വത്തിന് വേണ്ടി കിടപാടം വെടിയേണ്ടിവന്നാലും ആകാശത്തെ മേലാപ്പാക്കി മലര്‍ന്നു കിടന്ന് ആ രണ്ട് ഹൃദയങ്ങള്‍ പരസ്പരം ആശ്വസിക്കും, നമ്മുടെ സമാധാനമോര്‍ത്ത് സന്തോഷിക്കും.
എന്നാല്‍ നമ്മളോ…..!? സഹപാഠിയുടെ സ്‌നേഹവായ്പ്പുകളുടെയും വികാര പ്രകടനങ്ങളുടെയും മരീചിക കണ്ട് തനിക്ക് ഇറങ്ങാനുള്ള തുരുത്ത് ഇതാണെന്ന് മനസ്സിലുറപ്പിച്ച് ജീവിത പങ്കാളിയെ തീര്‍ച്ചപെടുത്തുന്നു. എന്നിട്ടിതിനെ വ്യക്തി സ്വാതന്ത്രം എന്ന പേരു വിളിക്കുന്നു. വികാരപ്പെടാതെ വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങളിലെ യുക്തിരാഹിത്യം നമുക്ക് ബോധ്യപ്പെടും’
മാഡം വളരെ താത്വികമായിട്ടാണ് കാര്യങ്ങളെ വിലയിരുത്തുന്നത്. ഓരോ വാക്കുകളിലും ചിന്തിക്കാനുള്ള വക നല്‍കുന്നുണ്ട്. മാഡം തുടര്‍ന്ന് പറഞ്ഞ വിഷയം കൂടുതല്‍ ഗൗരതരമായിരുന്നു.
‘മുസ്ലിം വിദ്യാര്‍ത്ഥിനികളാണ് എന്റെ മുമ്പിലിരിക്കുന്നവരെല്ലാം. മറ്റു വിദ്യാര്‍ഥിനികളില്‍ നിന്ന് വ്യത്യസ്തമായി ഉത്തരവാദിത്വങ്ങളും സാമൂഹിക പ്രതിബദ്ധതയും കൂടുതലുള്ളവരാണ് നമ്മള്‍. മാതൃക കാണിച്ച് ജീവിക്കേണ്ടവര്‍. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇത്തരം സാമൂഹിക അടിത്തറ അസന്തുലിതമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മുമ്പന്തിയില്‍ നമ്മളാണെന്ന് തോന്നുമാറാണ് പ്രവര്‍ത്തനങ്ങളോരോന്നും. പൂര്‍വ്വീകരായ മുസ്ലിം സ്ത്രീകളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍….? ഒന്ന് രണ്ടു പേരെ ഞാന്‍ പരിജയപ്പെടുത്താം…’
മാഡം ഒന്ന് നിറുത്തിയതിന് ശേഷം തുടര്‍ന്നു.
‘എ ഡി 859 ല്‍ ഫാത്ത്വിമാ ഫിഹ്‌രിയെന്ന മഹതി മൊറോകയിലെ ഫെസ്സ് പട്ടണത്തില്‍ ഒരു യൂനിവേഴ്‌സിറ്റി സ്ഥാപിച്ചു. ലോകത്ത് ഇന്നും ഏറ്റവും പയക്കം ചെന്ന സര്‍വകലാശാലയായി ഖറാവിയ്യീന്‍ യൂനിവേനിഴ്‌സിറ്റി നിലനില്‍ക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു സര്‍വകലാശാലയുടെ വൈസ് ചാന്‍സിലറാകാനും മതവിധിക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള പ്രാപ്തിയുമുള്ള മതൃകാ വനിതകള്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങള്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ യൂറോപ്പില്‍ സ്ത്രീകളിന്നും പുരുഷാധിപത്യത്തിന് കീഴില്‍ തന്നെയായിരിക്കും.
1969 ല്‍ പ്രശസ്ത അമേരിക്കന്‍ കവയത്രി മായ ഏന്‍ജലോ എഴുതിയ
‘ഐ നോ വൈ ദ കെയ്ജ്ഡ് ബേഡ്‌സ് സിങ്ങ് ‘എന്ന ആത്മകഥാംശമുള്ള കവിതയില്‍ പോലും അവരനുഭവിച്ച പുരുഷാധിപത്യവും വംശംവെറിയും, അമേരിക്കക്കാര്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന പ്രതിസന്ധികളും വിവരിക്കുന്നുണ്ട്.’
മാഡം ശാന്തമായിട്ടാണ് പറയുന്നതെങ്കിലും ഒരോ വാക്കുകളിലും അഗ്‌നിയൊളിപ്പിച്ചിരുന്നു. മാഡം നിര്‍ത്താനുള്ള ഭാവമില്ല.
‘ രണ്ട് ലോകയുദ്ധങ്ങളുണ്ടാക്കിയ പുരുഷന്മാരുടെ ഷോട്ടേജാണ് യൂറോപ്പില്‍ ഫെമിനിസത്തിന് തയച്ചു വളരുവാനുള്ള പഴുത് കൊടുത്തത്. അങ്ങെനെയാണ് അവര്‍ക്ക് ഇന്നിപ്പറയുന്ന, തെറ്റിദ്ധരിച്ച സമത്വ ബോധം ലഭിച്ചത്. എന്നാല്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാം സ്ത്രീക്ക് അവകാശങ്ങളും മാന്യതയും വകവെച്ചു നല്‍കിയപ്പോള്‍ ഒരു നൂറ്റാണ്ടുപോലുമായിട്ടില്ല ‘സമത്വ’രാജ്യങ്ങളില്‍ സ്ത്രീ പരിഗണക്കപെട്ടു തുടങ്ങിയിട്ട്.’
തുടര്‍ന്ന് മാഡം പറഞ്ഞ ചരിത്രങ്ങള്‍ നൂറ പലതവണ വാഴിച്ചതും കേട്ടതുമാണെങ്കിലും അവള്‍ ആദ്യമായി കേള്‍ക്കുന്നത് പോലെയിരുന്നു. ഒരറിവ് ആയിരം തവണ കേട്ടതാണെങ്കിലും വീണ്ടും കേള്‍ക്കുന്ന സമയത്ത് ആദ്യമായി കേള്‍ക്കുന്നത് പോലയിരിക്കുകയെന്നതാണ് അറിവിനോടുള്ള മര്യാദയെന്ന് മുമ്പ് ഉപ്പച്ചി പറഞ്ഞത് അവളുടെ മനസ്സിലേക്ക് ഓടി വന്നു.
മാഡം തുടര്‍ന്നു.
‘പറഞ്ഞു വരുന്നത് മതവും ഭൗതികവും സമന്വയിപ്പിച്ച് ജീവിതത്തില്‍ കൊണ്ടു നടക്കാനുതകുന്ന പാണ്ഡിത്യവും പക്വതയുമുള്ള സ്ത്രീ രത്‌നങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ ഒട്ടനവധി കാണാം. മദീനയിലെ അറിയപെട്ട, എല്ലാവരാലും അംഗീകരിക്കപെട്ട പണ്ഡിതനായിരുന്നു സഈദ് ബ്‌നു മുസ്സയിബ് തങ്ങള്‍. തന്റെ മകളെ ശിഷ്യന്മാരിലൊരാള്‍ക്ക് വിവാഹം ചൈയ്തു കൊടുത്തു. വിവാഹ ശേഷം ദര്‍സ്സിലേക്ക് പോകുന്ന ഭര്‍ത്താവിനോട് ഭാര്യ ചദിച്ചുവത്രേ
‘നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്? ഉപ്പാന്റെ ദര്‍സ്സിലേക്കാണോ? എങ്കില്‍ നിങ്ങള്‍ പോകേണ്ടതില്ല ഉപ്പാന്റെ അടുത്തുള്ളതെല്ലാം എന്റെ അടുത്തുമുണ്ട്’.
നാല്‍പത് വര്‍ഷത്തോളം ദര്‍സ്സിന്റെയും വീടിന്റെയും വഴിയിലൂടെയല്ലാതെ നടന്നിട്ടില്ലാത്ത സഈദ് തങ്ങളുടെ ഇല്‍മ് തന്റെ അടുക്കലുണ്ടെന്ന് പറയാന്‍ പോന്ന പാണ്ഡിത്യമുള്ള മകളുണ്ടായിരുന്നു മഹാനവര്‍കള്‍ക്ക്.
ഇമാം മാലിക്(റ)വിനും ഉണ്ടായിരുന്നു അവിടുത്തേക്കനുയോജ്യമായ മകള്‍. ഇമാം മാലിക്ക് ഹദീസ് ദര്‍സ്സ് നടത്തുമ്പോള്‍ ശിഷ്യന്‍മാര്‍ നോക്കിവായിക്കുന്നതില്‍ വല്ല തെറ്റും വരുന്നത് കണ്ടുപിടിക്കാറ് മറക്കപ്പുറത്ത് നിന്ന് മകള്‍ മുട്ടുന്ന ശബ്ദം കേട്ടിട്ടായിരുന്നുവത്രെ.
സീനത്തു തഫാസീര്‍ എന്ന വിഖ്യാതമായ തഫ്‌സീറിന്റെ രചന നടത്തിയത് സുല്‍ത്താന്‍ ഔറംഗസീബിന്റെ മകള്‍ സീനത്ത് ബീഗമായിരുന്നു. ഇങ്ങനെ മഹിത പരമ്പര്യമുള്ളവരായിരുന്നു മുസ്‌ലിം സ്ത്രീകള്‍ എന്ന് നമുക്കഭിമാനിക്കാം.
എന്നാല്‍ പുതിയ കാലത്ത് മതവിജ്ഞാനത്തോടുള്ള ഒരു തരം അവജ്ഞ വളര്‍ന്നിട്ടുണ്ട്. കൂടാതെ ചുറ്റുപാടുകളില്‍ നിന്ന് അടിക്കടി മതത്തിനെതിരെയുള്ള ആരോപണങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്നു. സ്വഭാവികമായും ഇത്തരം സന്ദര്‍ഭങ്ങളില്‍ വളരുന്ന ഒരാള്‍ക്ക് മതം യാഥാസ്ഥികവും പയഞ്ചനുമാണെന്നു തോന്നിതുടങ്ങും. പ്രത്യേകിച്ചും നമ്മള്‍ പെണ്‍കുട്ടികള്‍ക്ക്
അതുകൊണ്ട്, മതപഠന രംഗത്തേക്ക് ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കപെടുന്നത് പോലെ തന്നെ പെണ്‍കുട്ടികളെയും പ്രോത്സാഹിപ്പിക്കപെടണം.’
മാഡം ആവേശത്തോടെ തുടര്‍ന്നു.
‘ നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രങ്ങളില്‍ മാത്രമായിരുന്നില്ല അറിവിന്റെ നിറകുടങ്ങളായിരുന്ന പണ്ഡിതകളുണ്ടായിരുന്നത്. മറിച്ച്, ഈ ഇരുപത്തി ഒന്നാം നുറ്റാണ്ടിലും സമീപകാലങ്ങളിലും ജീവിച്ച ഒരുപാട് മാതൃകാ ജീവിതങ്ങളെ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും.
സമീപ കാലത്ത് നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന പ്രശസ്ത പണ്ഡിതന്‍ പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ഭാര്യയില്‍ നിന്നായിരുന്നുവത്രെ മഹാനവര്‍കളുടെ ശിഷ്യന്മാര്‍ ഹൈളിന്റെ(ആര്‍ത്തവം)ഭാഗം ഓതിയിരുന്നത്.
ഇതുപോലെ ഒരു തറവാട്ടില്‍ വലിയ കിത്താബുകള്‍ ദര്‍സ് നടത്താന്‍ പ്രപ്തരായ നിരവധി സ്ത്രീകളുണ്ടയതിന് ധാരാളം ഉദാഹരണങ്ങള്‍ സമീപകാലത്തു നിന്ന് തന്നെ ഉദഹരിക്കാന്‍ സാധിക്കും ‘
നൂറക്ക് സറീന മാഢത്തോട് എന്തോ വല്ലാത്ത ബഹുമാനം തോന്നി. അവര്‍ ഒരു കോളേജ് പ്രഫസറാണ് എന്നതിനപ്പുറം കാര്യങ്ങളെ വളരെ കൃത്യതയോടെ മനസ്സിലാക്കുന്ന, വല്ലാത്ത ഈമാനികാവേശമുള്ള സ്ത്രീയാണെന്ന് തോന്നി. അവള്‍ വീണ്ടും മാഢത്തെ തന്നെ ശ്രദ്ധിച്ചു.
‘ ഞാന്‍ മുകളില്‍ സൂചിപിച്ച ഈ ഉദാഹരണങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് മുസ്ലിം സ്ത്രീകളുടെ മതവിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലേക്കാണ്.
സ്ത്രീകളുടെ സമഗ്ര മത പഠനം ഈ അടുത്ത കാലത്താണ് നഷ്ടപെട്ടു തുടങ്ങുന്നത്. അതിന്റെ പരിണിത ഫലങ്ങളാണ് ഒളിച്ചോട്ടമായിട്ടും ആത്മഹത്യയായിട്ടും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. പരിഹാരം ധാര്‍മിക വിദ്യാഭ്യാസത്തിന്റെ തിരിച്ചു വരവ് മാത്രമണ്. അതിന് നമ്മള്‍ ഒരുങ്ങേണ്ടതുണ്ട്.
മഹല്ലുകള്‍ തോറും സ്ത്രീകള്‍ക്ക് ഉന്നത മത പഠനത്തിന് സൗകര്യമൊരുക്കണം.
എല്ലാ നാട്ടിലും ചുരുങ്ങിയത് ഒരു മത പണ്ഡിതനെങ്കിലുമില്ലാതിരിക്കില്ലല്ലോ. ഈ പണ്ഡിതര്‍ അവരുടെ ഭാര്യമാര്‍ക്ക് മതം പറഞ്ഞു കൊടുക്കട്ടെ, ഭാര്യമാര്‍ ആ ഇല്‍മ് മറ്റുള്ളവരിലേക്കുമെത്തിച്ചാല്‍ നമുക്ക് വീണ്ടും ഓരോ നാട്ടിലും അറിവിന്റെ വിപ്ലവ ചരിത്രം സൃഷ്ടിക്കാം.
വിവരവും കാര്യബോധവുമുള്ള സ്ത്രീ സമൂഹമുയര്‍ന്നു വന്നാല്‍ പിന്നെ അവിടെ സ്ത്രീയെന്നാല്‍ പര്‍ദ്ധയും ഹിജാബും മതം അടിച്ചേല്‍പ്പിച്ച ‘മത ദേഹം’മായിരിക്കില്ല.
മതം എന്തിന്? ഈ കല്‍പന എന്തുകൊണ്ട്? തുടങ്ങിയ നാസ്തികന്റെ ചോദിത്തിന്റെ ഉത്തരങ്ങള്‍ക്ക് വെപ്രാളപെടേണ്ടി വരില്ല. സ്ത്രീ എന്താണന്ന സ്വത്വബോധം സ്ത്രീക്ക് മനസ്സിലാകണമെങ്കില്‍ അവള്‍ മതത്തെ അടുത്തറിയാന്‍ ശ്രമിക്കണം. അതിലേക്കുള്ള ഇലയനക്കങ്ങളായി ഈ ശ്രമങ്ങളെയെല്ലാം നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം.’
സറീന മാഢം നിറുത്തി.
നൂറയുടെ മനസ്സില്‍ ആവേശത്തിന്റെ കൊടിയേറ്റമുണ്ടായി. കാരണം താന്‍ മനസ്സില്‍ താലോലിച്ച് കൊണ്ട് നടക്കുന്ന പല ആശയങ്ങളുമാണ് മാഡം ഇന്ന് സംവദിച്ചത്. തന്റെ ആത്മീയ കുടുംബശ്രീ മാഡം പറഞ്ഞതിന്റെ തനി പകര്‍പ്പാണ്.
‘നൂറ…ഇങ്ങോട്ട് വരൂ…മൗലിദ് ആരംഭിക്കൂ….’
സുല്‍ഫിയ മുന്‍ നിരയില്‍ നിന്ന് വിളിച്ചപ്പോഴാണ് നൂറ ആലോചനയില്‍ നിന്നുണര്‍ന്നത്. ഒരുനിമിഷം പോകാന്‍ മടിച്ചെങ്കിലും ഫര്‍സാന പിറകില്‍ നിന്ന് തള്ളിയപ്പോള്‍ നൂറയുടെ കാലുകള്‍ മുന്നോട്ടാഞ്ഞു.
**
‘പ്ലീസ് കീപ് ഹിം കോണ്‍ഷ്യസ്’
ഫാതിഹ് നേഴ്‌സിനോട് അലറും പോലെ പറഞ്ഞു. അവന്‍ ഫൈസലിനടുത്തേക്ക് ഒന്നൂടെ നീങ്ങി നിന്നിട്ട് ഫൈസലിന്റെ മുഖത്ത് കുറച്ചുറക്കെ അടിച്ചു.
‘ഫൈസല്‍, ഉണര്‍ന്നിരിക്ക്….പ്ലീസ്….’
ഫാതിഹിന്റെ ശബ്ദത്തിന് നേരിയ ഇടര്‍ച്ചയുണ്ടായിരുന്നു.
വലിയൊരു ദീര്‍ഘനിശ്വാസത്തോടെ ഫൈസല്‍ ഉണര്‍വിലേക്ക് വന്നു.
‘സിസ്റ്റര്‍, പ്ലീസ് കാള്‍ ദ ഡോക്ടര്‍, ഇമ്മീഡിയറ്റ്‌ലി’
സിസ്റ്റര്‍മാരിലൊരാള്‍ ഡോക്ടറെ വിളിക്കാനായി ഓടി.
(തുടരും)
അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?
*** *** *** ***