No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

ഹബീബിനെ പ്രണയിച്ചവള്‍-10

Photo by Annie Spratt on Unsplash

Photo by Annie Spratt on Unsplash

in Novel
September 29, 2021
രിള്‌വാൻ അദനി

രിള്‌വാൻ അദനി

Share on FacebookShare on TwitterShare on WhatsApp

‘മോനൂസേ, ടാ.. നീയെന്റെ കൂടെ നിന്നോണം…ഒറ്റക്കാക്കിയിട്ട് പോകരുത്…’ നൂറ മോനൂസിനോട് ചട്ടം കെട്ടി.
‘അതെന്തിനാ നിങ്ങള് രണ്ടാളും കാണുന്നതിന് ഞാന്‍ ഇടയില്‍ നില്‍ക്കുന്നത്….!? ‘
മോനൂസിന്റെ മുഖത്ത് സംശയം.
‘എടാ.. അദ്ദേഹം എന്നെ പെണ്ണ് കാണാനാണ് വരുന്നത്. അല്ലാതെ എന്നെ കെട്ടിയിട്ടൊന്നുമില്ലല്ലോ. പെണ്ണ് കാണുമ്പോള്‍ ഞങ്ങള് പരസ്പരം കാണാന്നേയുള്ളൂ. ഞങ്ങളെ രണ്ടാളിം ഒരു റൂമില്‍ ഒറ്റക്കാക്കി വാതിലടയ്ക്കാനൊന്നും പറ്റൂല. ഒരന്യ സ്ത്രീ പുരുഷന്മാര്‍ ഒരു സ്ഥലത്ത് തനിച്ചാവല്‍ ഹറാമാണെന്ന് അനക്കറീയൂലേ… അയ്‌നാണ് കൂടെ അന്നെപ്പോലെ മഹ്‌റമായ ആരെങ്കിലും ഉണ്ടാവണംന്ന് ഞാന്‍ പറഞ്ഞത്.’
ദര്‍സില്‍ പഠിക്കുന്ന മോനൂസിന് മനസ്സിലാകുന്ന ഭാഷയില്‍ അവള്‍ പറഞ്ഞു.
‘പക്ഷേങ്കില്‍…സാധാരണ പെണ്ണ് കാണാന്‍ വന്നാല്‍ അവര് മിണ്ടിം പറഞ്ഞും ഒക്കെ ഇരിക്കാറുണ്ടല്ലോ….’
മോനൂസിന് വീണ്ടും സംശയം.
‘എടാ…മോനൂസേ.. സാധാരണ നടക്കുന്നതല്ലല്ലോ, അല്ലാഹുവും റസൂലും പറഞ്ഞതല്ലേ ദീന്…അത്യാവശ്യത്തിന് മിണ്ട്ണയ്‌നും പറിണയ്‌നൊന്നും തെറ്റില്ല പക്ഷേ, രണ്ടാളും ഒരു സ്ഥലത്ത് തനിച്ചാവാന്‍ പറ്റൂല. അതോണ്ട് താത്താന്റെ കുട്ടി ന്റെ കൂടെ തന്നെ നിക്കണം’
നൂറ അവന്റെ കവിളില്‍ നുള്ളിക്കൊണ്ട് പറഞ്ഞു.
‘ഉം….നോക്കാം…’
മോനൂസ് സമ്മതം മൂളി. സാധാരണ തര്‍ക്കുത്തരം പറഞ്ഞ് പോകുന്ന ആളാണ് ഇന്നെന്തേയെന്നറിയൂല, വല്ലാത്ത സ്‌നേഹം കാണിച്ച് കൂടെ നില്‍ക്കുന്നുണ്ട്.
കഴിഞ്ഞ റമളാനില്‍ മദ്‌റസയില് വെച്ച് വിവാഹ പ്രായമെത്തിയ പെണ്‍കുട്ടികള്‍ക്കുള്ള കരീമുസ്താദിന്റെ ക്ലാസ് അവള്‍ക്കോര്‍മ്മ വന്നു. പുതിയ കാലത്തെ പെണ്ണ് കാണലിന്റെ വേണ്ടാത്തരങ്ങളും അരുതായ്മകളുമെല്ലാം ഉസ്താദന്ന് അക്കമിട്ട് പറഞ്ഞതാണ്. പലതും കേട്ടപ്പോള്‍ തൊലിയുരിഞ്ഞ് പോയി.
ചായ സത്കാരം കഴിഞ്ഞാല്‍ ‘ഇനിയവരൊന്ന് ഒറ്റക്ക് സംസാരിച്ചോട്ടേന്നും’ പറഞ്ഞ് പെണ്ണിനെയും ചെക്കനെയും ഒരു റൂമിലേക്ക് തള്ളിവിടുന്ന പ്രവണത ഒട്ടുമിക്ക നാട്ടിലുമുണ്ട്. അങ്ങനെ ഒരു സ്ത്രീയും പുരുഷനും ഒരു സ്ഥലത്ത് തനിച്ചാവല്‍ ഹറാമാണ്. ഒന്നിരിക്കല്‍ ചെക്കന്റെ കൂടെ അവന്റെ മഹ്‌റമുകളായ സ്ത്രീകളാരെങ്കിലും വേണം. അതല്ലെങ്കില്‍ പെണ്ണിന്റെ കൂടെ അവളുടെ മഹ്‌റമുകളായ പുരുഷന്മാരാരെങ്കിലും വേണം. അന്നുസ്താദ് എന്ത് ഗൗരവത്തിലാണാ വിഷയം പറഞ്ഞത്.
പരസ്പരം ഇഷ്ടപ്പെട്ടതിന് ശേഷമുള്ള മൊബൈല്‍ കൈമാറ്റത്തേയും ഒരുമിച്ചു നിന്നുള്ള സെല്‍ഫിയെടുക്കുന്നതിനെയുമെല്ലാം ഉസ്താദ് നിശിതമായി വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ തെറ്റായ ഒരു കാര്യത്തിനും നിങ്ങളാരും കൂട്ടുനില്‍ക്കരുത്. കാരണം നിങ്ങളുടെ ജീവിതമാണിത്. ഏറ്റവും നല്ല അടിത്തറയില്‍ തുടങ്ങുന്ന ജീവിതമേ കെട്ട് പൊട്ടാതെ ഈ ദുനിയാവിലും ആഖിറത്തിലും നിലനില്‍ക്കൂ. അതുകൊണ്ട് സ്വന്തത്തിന് വേണ്ടി തീരുമാനങ്ങളെടുക്കുമ്പോള്‍ ആലോചിച്ച് ചെയ്യുക.
അന്ന് ക്ലാസ് കഴിഞ്ഞപ്പോള്‍ എടുത്ത തീരുമാനമാണ്,ദീനിന് എതിര് ചെയ്യുന്ന രീതിയിലുള്ളതൊന്നും അറിഞ്ഞോണ്ട് ചെയ്യാന്‍ താന്‍ സമ്മതിക്കില്ലെന്ന്.
പെട്ടെന്നാണ് ദലാഇലുല്‍ ഖൈറാത്ത് ചൊല്ലിയിട്ടില്ലായെന്ന ഓര്‍മ്മ വന്നത്. അവള്‍ ഏടെടുത്ത് ഇരുന്നു. രണ്ടു വര്‍ഷമായി ദലാഇലുല്‍ ഖൈറാത്ത് പതിവാക്കുന്നുണ്ട്. മഹാനായ മുഹമ്മദ് ബ്‌നു സുലൈമാനുല്‍ ജസൂലിയുടെ ഈ സ്വലാത്ത് പതിവാക്കിയതിന് ശേഷം ജീവിതത്തില്‍ ഒരുപാട് നല്ലമാറ്റങ്ങള്‍ അവള്‍ക്ക് അനുഭവപ്പെട്ടിണ്ട്.
ഇമാം ജസൂലി തങ്ങള്‍ ഈ സ്വലാത്ത് ഗ്രന്ഥം രചിക്കാനുണ്ടായ കാരണം അത്ഭുതപ്പെടുത്തുന്നതാണ്.
ഒരിക്കല്‍ മഹാനവര്‍കള്‍ നിസ്‌കരിക്കാന്‍ വേണ്ടി വുളൂഅ് ചെയ്യാനായി കിണറിനരികിലേക്ക് നടന്നു. പക്ഷേ, കിണറിനരികിലെത്തിയപ്പോഴാണ് തൊട്ടിയില്ലായെന്ന കാര്യം മഹാനവര്‍കള്‍ ശ്രദ്ധിച്ചത്. ഇനിയിപ്പൊ എന്ത് ചെയ്യും എന്നാലോചിച്ച് കൊണ്ട് അവര്‍ ചുറ്റിലും നോക്കി. ഒരു മാര്‍ഗവും കാണുന്നില്ല. പെട്ടെന്നാണ് കിണറിനോട് ചാരിയുണ്ടായിരുന്ന മല പോലെ ഉയര്‍ന്ന ഭാഗത്ത് നിന്നും കാല്‍പെരുമാറ്റം കേട്ടത്. നോക്കിയപ്പോള്‍ തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെയാണ് മഹാനവര്‍കള്‍ കണ്ടത്.
‘നിങ്ങളാരാണ്….?’
ആ പെണ്‍കുട്ടി മഹാനവര്‍കളോട് ചോദിച്ചു.
മഹാനവര്‍കള്‍ സ്വയം പരിചയപ്പെടുത്തി.
‘ആഹാ…ആളുകള്‍ നിങ്ങളെ പറ്റി നല്ലത് പറയാറുണ്ടല്ലോ…എന്നിട്ടുമെന്തേ വെള്ളമെടുക്കാന്‍ ഭയപ്പെട്ട് നില്‍ക്കുന്നത്….?’
ആ കുട്ടി മഹാനവര്‍കളുടെയും കിണറിന്റെയും അടുത്തേക്ക് വന്നിട്ട് ചോദിച്ചു. കിണറിനടുത്തെത്തിയ ആ കുട്ടി കിണറിലേക്ക് തുപ്പി;
‘ഉടനെ, അതുവരെ കിണറിനടിയിലുണ്ടായിരുന്ന വെള്ളം മുകളിലേക്ക് ഉയര്‍ന്ന് വരാന്‍ തുടങ്ങി. അത് ഭൂമിയുടെ ഉപരി തലത്തിന് സമാനമായി നിന്നു.
മഹാനവര്‍കള്‍ അത്ഭുതത്തോടെ ആ കുട്ടിയേയും കിണറിനേയും മാറി മാറി നോക്കി. ശേഷം വുളൂഅ് ചെയ്തു.
‘അല്ലെയോ കുട്ടി… നിനക്ക് ഇത്ര ചെറു പ്രായത്തില്‍ തന്നെ എങ്ങനെ ഇത്ര ഉയര്‍ന്ന പദവി കരസ്ഥമാക്കാന്‍ സാധിച്ചു? ‘
മഹാന്‍ ആ കുട്ടിയോട് ചോദിച്ചു. ആ കുട്ടി മഹാനവര്‍കളുടെ ചോദ്യം കേട്ട് ഒന്ന് ചിരിച്ചു, ശേഷം പറഞ്ഞു.
‘ഹബീബായ നബി തങ്ങളുടെ മേലില്‍ സ്വലാത്ത് ചൊല്ലിയിട്ട് തന്നെ. സ്വലാത്ത് ചൊല്ലിയാല്‍ വിജനഭൂമിയിലൂടെ നടക്കുന്ന വന്യമൃഗങ്ങള്‍ പോലും നമ്മളോട് അഭയം ചോദിച്ച് വരും’.
ആ സംഭവത്തിന് ശേഷം മഹാനായ ഇമാം സുലൈമാനുല്‍ ജസൂലി തങ്ങള്‍ എടുത്ത തീരുമാനമാണ് ഹബീബായ നബിതങ്ങളുടെ സ്വലാത്തില്‍ ഞാനൊരു ഗ്രന്ഥം രചിക്കുമെന്ന്. തിങ്കള്‍ മുതല്‍ ഞായര്‍ വരെ ഓരോ ദിവസവും ചൊല്ലേണ്ട സ്വലാത്തുകളുടെ സമാഹരണമാണ് ദലാഇലുല്‍ ഖൈറാത്ത്.
നൂറ സ്വലാത്ത് ചൊല്ലാനാരംഭിച്ചു.
*
ഫൈസലിനേയും കൂട്ടി ഫൈറൂസ എങ്ങോട്ടോ നടന്നു പോകുന്നത് കാറിലിരുന്ന് ഫാതിഹും സഫിയാത്തയും കണ്ടു. എന്താണ് സംഭവിക്കുന്നത് എന്ന് അവര്‍ക്ക് എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടിയില്ല. സഫിയാത്തയുടെ ഉള്ള് പിടയ്ക്കാന്‍ തുടങ്ങി. ആകെയുള്ള ഒരു മോനാണ്.. ഓന്‍ കെട്ട്ണ പെണ്ണും അത്ര തങ്കപ്പെട്ട പെണ്ണായിരിക്കണം. പെണ്ണ് നന്നായിട്ടില്ലെങ്കില്‍ പിന്നെ കുടുംബം കുളം തോണ്ടാന്‍ ഓളൊരുത്തി മാത്രം മതി.
കുന്നുമ്പൊര്‍ത്തെ ഇത്താത്താക്ക് ഉണ്ടായ അവസ്ഥ അതല്ലേ. മൂപ്പത്ത്യാരെ മൂത്തോന്‍ അനീസ് എന്ത് തങ്കപ്പെട്ട കുട്ട്യേനി. ഉമ്മാന്ന് പറഞ്ഞാല്‍ ഓന്‍ക്ക് ജീവനായിരുന്നു.
ഫാതിഹിനോടൊക്കെ ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്
‘ഉമ്മാനെ സ്‌നേഹിക്കേണ്ടതെങ്ങനേന്ന് കുന്നുമ്പൊര്‍ത്തെ അനീസിനെ കണ്ട് പഠിക്കണംന്ന്’
ഓന്‍ കല്യാണം കഴിച്ചതും പറ്റേ കൊഴങ്ങ്യോട്ത്ത്‌ന്നൊക്കെ തന്നെയാണ്. പക്ഷേ, കുട്ടിക്ക് ദീന്‍ ണ്ടായിരുന്നില്ല. കെട്ടി കൊണ്ടോന്ന് കുറച്ചൂസം കഴിഞ്ഞപ്പം തന്നെ ഓള് കുത്തി തിരുപ്പ്ണ്ടാക്കാന്‍ തുടങ്ങി. ഉമ്മാനെ പറ്റി ഓനോട് പരാതി പറയാന്‍ തുടങ്ങി. അവസാനം ഏതായാലും ഓന് ഉമ്മാനെ തള്ളി പറഞ്ഞ് ഓളെ കൂട്ടീട്ട് വേറെ വാടക വീട്ടില് ഒറ്റക്ക് പൊറുതിത്തുടങ്ങി.
ആ സംഭവം ഓര്‍ത്തപ്പോള്‍ സഫിയാത്തയുടെ ശരീരം ഒന്നാകെയൊന്ന് വിറകൊണ്ടു. അവര് ഫാതിഹിന്റെ മുഖത്തേക്ക് നോക്കിയിട്ട് ആധിയോടെ ചോദിച്ചു.
‘എടാ….ഞാന്‍ അന്നോട് പറയാതെ തെരക്കിട്ട് ഇറങ്ങിയതാണ് ഈ പ്രശ്‌നത്തിനൊക്കെ കാരണം. നമുക്ക് ഒന്നൂടെ ഒന്ന് അന്വേഷിച്ചിട്ട് വീണ്ടും വരുന്നതല്ലേ…നല്ലത്….?’
‘ഉമ്മാ…നമ്മള് വരുമെന്ന് അവരോട് വിളിച്ച് പറഞ്ഞതല്ലേ…അവരാണെങ്കില്‍ നമ്മളെ പ്രതീക്ഷിക്കുകയും ചെയ്യും. നമുക്ക് അവിടെ വരെ ഒന്ന് പോയതിന് ശേഷം നമ്മുടെ തീരുമാനം അവരെ അറിയിക്കുന്നതല്ലേ നന്നാവുക…..’
ഫാതിഹിന് ആ ബന്ധം മുടക്കാന്‍ എന്തോ മനോവിഷമം ഉള്ളത് പോലെ.
‘എന്നാലങ്ങനെയാവട്ടെ…’
സഫിയാത്ത അര്‍ധ സമ്മതം മൂളി.
‘ങ്ങള് ഇനിയവിടെ പോയിട്ട്, ഈ വിഷയത്തെ കുറിച്ച് ചോദിക്കാനും പറയാനൊന്നും നില്‍ക്കണ്ടാ…അതൊക്കെ മോശാ….’
ഫാതിഹ് സഫിയാത്തക്ക് മുന്നറിയിപ്പ് നല്‍കി.
‘അതൊക്കെ ഞ്ഞിപ്പം ജ്ജ് പറഞ്ഞ് തന്നിട്ട് വേണമല്ലോ നിക്കി…’
അവര്‍ എല്ലാം തനിക്കറിയാം എന്ന ഭാവത്തില്‍ പറഞ്ഞു.
തവക്കല്‍തു അലല്ലാഹ്..
റബ്ബില്‍ തവക്കുലാക്കി അവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് നൂറയുടെ വീട്ടിലേക്ക് വിട്ടു.
ആരെയോ പ്രതീക്ഷിച്ചിട്ടെന്ന പോലെ വീടിന്റെ ഗേറ്റ് തുറന്നിട്ടിരുന്നു. വിശാലമായി ഇന്റര്‍ലോക്ക് ചെയ്ത മുറ്റം. മുറ്റത്തിന്റെ സൈഡ് ചേര്‍ന്ന് കെട്ടിയുണ്ടാക്കിയ ഇടത്തരം ഗാര്‍ഡന്‍. ഗേറ്റിനോട് ചേര്‍ന്ന് വീടിന് ചുറ്റും ഒരാള്‍ പൊക്കത്തില്‍ മതില് കെട്ടിയിട്ടുണ്ട്. മതിലിന് താഴെ ഒരു മീറ്റര്‍ വീതിയില്‍ പച്ചപുല്ല് വിരിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ ആ വീടിന്റെ പരിസരം കാണുന്നവര്‍ക്ക് കണ്‍ കുളിര്‍മയേകും. ആ മുറ്റത്തിന് ഒത്ത നടുക്കായി വെല്‍ഫിനിഷ്ഡായ രണ്ടു നില വീട്.
അവരുടെ കാറ് ഗേറ്റ് കടന്നപ്പോള്‍ തന്നെ വീടിനകത്ത് നിന്ന് നൂറയുടെ ഉപ്പയും മോനൂസും കൂടെ പുറത്തേക്കിറങ്ങി.
കാര്‍ പോര്‍ച്ചിലേക്ക് സാവധാനം കയറ്റി നിര്‍ത്തി. ഫാതിഹ് ആദ്യം കാറില്‍ നിന്നിറങ്ങി. നൂറയുടെ ഉപ്പ സലാം പറഞ്ഞു സ്വീകരിച്ചു. സഫിയാത്ത വീടിനകത്തേക്ക് കയറി.
നൂറ മുകളിലെ തന്റെ റൂമിന്റെ ജനലിനകത്തു കൂടെ താഴേക്ക് നോക്കി. അവളുടെ കവിളില്‍ നാണത്തിന്റെ നുണക്കുഴികള്‍ രൂപപ്പെടുന്നുണ്ടായിരുന്നു.
ചായകുടിയും പെണ്ണ് കാണലും നടന്നു. ഫാതിഹ് അവളെ ആദ്യമേ കണ്ടിരുന്നതിനാല്‍ അവര്‍ക്ക് പ്രത്യേകിച്ച് സംസാരിക്കാനൊന്നുമുണ്ടായിരുന്നില്ല. നൂറ മോനൂസിന്റെ കൈകളില്‍ മുറുകെ പിടിച്ചിട്ടാണ് അവിടെ നിന്നത്. കൈ വേദനിക്കുന്നെന്ന് കാണിച്ച് അവന്‍ ഉണ്ടക്കണ്ണിട്ട് അവളെ പലപ്പോഴും നോക്കിയതാണ്. ഫാതിഹ് അവളുടെ മുഖത്ത് നോക്കിയൊന്ന് നിറഞ്ഞു ചിരിച്ചതിന് ശേഷം ‘ഇന്‍ ഷാ അല്ലാഹ്.. വിധിയുണ്ടെങ്കില്‍ വീണ്ടും കാണാം’ എന്നും പറഞ്ഞ് മോനൂസിന്റെ കവിളില്‍ ഒന്ന് നുള്ളിയിട്ട് തിരിച്ച് ഓഫീസ് റൂമിലേക്ക് തന്നെ വന്നിരുന്നു.
അടുക്കളയില്‍ സഫിയാത്തയും ആയിശാത്തയും എന്തോ ഗൗരവപ്പെട്ട കുടുംബ ചര്‍ച്ചയിലാണ്. ഉമ്മാക്ക് സംസാരിക്കാന്‍ പറ്റിയ ഒരാളെ കിട്ടിയാല്‍ പിന്നെ അവിടെ നിന്ന് തടിയൂരുന്ന കാര്യം ആലോചിക്കേണ്ടതില്ലാന്ന് ഫാതിഹിനറിയാം.
ഫാതിഹ് നൂറയുടെ വാപ്പയുമായി ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. നല്ല വിവരവും അഗാധമായ ദീനീ ബോധവുമുള്ള ആളാണ് നൂറയുടെ ഉപ്പായെന്ന് അവന് വീണ്ടും ബോധ്യമായി.
ഇടയ്ക്കിടക്ക് അടുക്കളയിലേക്ക് നോക്കിയിട്ടും സഫിയാത്ത പുറത്തേക്കൊന്നും ഇറങ്ങുന്നത് കണാതിരുന്നപ്പോള്‍ അവന്‍ മോനൂസിനെ അടുത്ത് വിളിച്ചിട്ട്. ‘അകത്ത് പോയിട്ട് എന്റെ ഉമ്മാനോട് പോണ്ടേന്ന് ചോദിച്ച് നോക്ക്…ബാക്കി കഥ പിന്നെ പറയാംന്ന് പറ….’ന്ന് പറഞ്ഞു മോനൂസിനെ അകത്തേക്ക് വിട്ടു.

**
‘നീയെന്തിനാടാ….നൂറാന്റെ കല്യാണം മുടക്കാന്‍ ശ്രമിച്ചത്…?’
ഫൈസലിനെങ്ങനെ നൂറയോട് ദേഷ്യമുണ്ടായതെന്നറിയാന്‍ വേണ്ടി ഫൈറൂസ ചോദിച്ചു.
അതുവരെ തല താഴ്ത്തി നില്‍ക്കുകയായിരുന്ന അവന്‍ മെല്ലെ തല ഉയര്‍ത്തി.
അവന്റെ കണ്ണുകള്‍ ചുവന്ന് തുടുത്തിരുന്നു.

*** *** *** *** *** ***

ഫൈസല്‍ എല്ലാം ഫൈറൂസയോട് തുറന്ന് പറഞ്ഞുറുഖ്‌സാനയെ കണ്ട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതും, നൂറയെ വിളിച്ചതും എല്ലാം. ഫൈറൂസക്ക് ദേഷ്യം അരിച്ചു കയറി. അവള്‍ ഒരു വിധത്തില്‍ പിടിച്ചു നിന്നു.
‘എടാ.., നൂറ എന്റെ മാറ്റത്തിന്റെ ഒരു കാരണക്കാരിയാണെന്നത് ശരിയാണ്. പക്ഷേ, അവളൊരിക്കലും നിന്നെ പറ്റി ഒരു വേണ്ടാത്തരം പോലും എന്നോട് പറഞ്ഞിട്ടില്ല. സ്വയം മാറണം എന്നെനിക്ക് തോന്നിയത് കൊണ്ടാണ് ഞാന്‍ മാറിയത്. ആ തോന്നലെനിക്കുണ്ടാവാന്‍ അവളൊരു നിമിത്തമായിയെന്നുമാത്രം.’
ഫൈറൂസക്ക് സങ്കടവും ദുഖവും എല്ലാം കൂടെ ഒരുമിച്ച് വന്നു.
‘എനിക്കിപ്പോഴത് മനസ്സിലായെടീ… നീയിപ്പോഴും പണ്ടൊക്കെ പിണങ്ങുന്നത് പോലെ തന്നെയായിരിക്കും എന്നാണ് ഞാന്‍ കരുതിയിരുന്നത്. വീണ്ടും ഒന്ന് നന്നായി സോറി പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേ നമ്മള്‍ തമ്മിലുള്ളൂ എന്ന് കരുതിയത് കൊണ്ടാണ് ഇത്തരത്തിലുള്ള കടും കൈക്കൊക്കെ ശ്രമിച്ചത്. സോറി…ഇനിയുണ്ടാവില്ല. ‘
ഫൈസല്‍ സോറി പറഞ്ഞെണീറ്റു.
‘ നൂറയുടെ ആ അന്വേഷണം മുടങ്ങിയോ എന്തോ…നീ കഴിയുവാണേല്‍ അവളുടെ ആ ചെക്കനെ കൂടി കണ്ടിട്ട് കാര്യങ്ങളെന്തൊക്കെയാണെന്ന് പറഞ്ഞു മനസ്സിലാക്കണം. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പാപഭാരം നിന്റെ തലയ്ക്കിരിക്കും….’
ഫൈസലിനോട് പോകാന്‍ നേരം അവള്‍ പറഞ്ഞു.
‘ഞാനെന്ത് ക്രൂരനാണല്ലേ…പ്രേമം മനുഷ്യനെ അന്ധമാക്കുമെന്ന് പറയുന്നത് സത്യമാണ് കെട്ടോ.. അത് നമുക്ക് ചിന്തിക്കാനുള്ള അവസരം പോലും തരില്ല. അരമണിക്കൂറ് മുമ്പ് വരെ എനിക്കൊരു ദ്രോഹവും ചെയ്യാത്ത നൂറയോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത പകയുണ്ടായിരുന്നു. എന്തിനായിരുന്നു ആ പകയെന്ന് ഇപ്പോള്‍ ആലോചിച്ചപ്പോള്‍ ഒരു കാരണവുമില്ല,! ചെയ്തതാലോചിക്കുമ്പോള്‍ വല്ലാത്ത കുറ്റബോധവും. ചെയ്തു പോയി, ഇനി ഞാനേതായാലും അത് തിരുത്താന്‍ ശ്രമിക്കും. എന്നാ ശരി.’
അവന്‍ പോകാന്‍ നേരം കുറച്ച് വൈകാരികമായി പറഞ്ഞു.
അവസാനം അവനങ്ങനെ പറഞ്ഞപ്പോള്‍ ഫൈറൂസയുടെ ഉള്ള് വീണ്ടും അവന് വേണ്ടി കൊതിച്ചു. അവള്‍ പെട്ടെന്ന് അവനില്‍ നിന്ന് മുഖമെടുത്ത് അകത്തേക്ക് നടന്നു. കട്ടിലില്‍ മുഖമമര്‍ത്തി കിടന്ന് ഒരുപാട് കരഞ്ഞു.
*
ഫാതിഹും സഫിയാത്തയും ഇറങ്ങിയപ്പോഴാണ് നൂറയൊന്ന് ശ്വാസം നേരെ വിട്ടത്.
‘എന്താ മോള്‍ക്ക് ഡോക്ടറെ ഇഷ്ടമായോ….?’
ഉപ്പച്ചി അവളോട് ചോദിച്ചു.
അവള്‍ ഒന്നും മറുപടി പറയാതെ നാണം കലര്‍ത്തി ഉപ്പയുടെ മുഖത്ത് നോക്കി നിറഞ്ഞു ചിരിച്ചു. ഇന്നുവരെ ഉപ്പയുടെ ഒരു ചോദ്യത്തിനും അവള്‍ ഇത്ര നാണത്തോടെ മറുപടി പറഞ്ഞിട്ടില്ല. അവളുടെ ആ ചിരിയില്‍ നിന്ന് തന്നെ ഉപ്പാക്ക് കാര്യം മനസ്സിലായി.
‘ഏതായാലും അവര് വിളിക്കട്ടെ…എന്നിട്ടാവാം ബാക്കി കാര്യങ്ങള് ‘.
ഉപ്പച്ചി അടുക്കളയിലുള്ള ഉമ്മച്ചിയുടെ അടുത്തേക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു.
നൂറ ഉമ്മമ്മയുടെ റൂമിലേക്ക് ചെന്നു. ഉമ്മമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് കേട്ടപ്പോള്‍ ഫാതിഹ് വന്ന് നോക്കിയതാണ്. കുഴപ്പമൊന്നുമില്ല, ചെറിയൊരു പനിയും തലവേദനയുമാണ്. രണ്ട് ദിവസം കഴിഞ്ഞാല്‍ തനിയെ മാറിക്കോളും എന്നാണ് പറഞ്ഞത്. അവര് തമ്മില്‍ ഒരുപാട് സമയം കുശലം പറഞ്ഞിരുന്നിട്ടുണ്ട്. എന്തായിരുന്നുമ്മമ്മാനോട് ഡോക്ടറ് പറഞ്ഞത് എന്നറിയാനാണ് നൂറ വന്നത്.
‘വന്നല്ലോ…ഉമ്മമ്മാന്റെ മണവാട്ടിക്കുട്ടി…. അനക്ക് ഇഷ്ടായിലേ…ഇനിക്ക് പെരുത്തിഷ്ടായിട്ടാ….നല്ലമൊഹബ്ബത്ത്ള്ള ചെക്കനാണ്….’
ഉമ്മമ്മ ഫാതിഹിന്റെ പോരിശ പറയാന്‍ തുടങ്ങി.
‘അയ്‌ന് മൂപ്പര് മുഴുവനും വര്‍ത്താനം പറഞ്ഞത് ങ്ങളോടല്ലേ….ഇന്നോടൊന്നും പറഞ്ഞിട്ടില്ലല്ലോ…’
അവള്‍ ഉമ്മമ്മാനോട് ഫാതിഹ് എന്തൊക്കെയാണ് പറഞ്ഞതെന്നറിയാനുള്ള സൈക്കോളജിക്കല്‍ മൂവ് നടത്തി.
‘ഓന് അന്നെ ഇഷ്ടായ കാര്യൊന്നും ഇന്നോട് പറഞ്ഞിട്ടില്ല. പക്ഷേ, ഓന് ഇന്നെ ബല്യ ഇഷ്ടായീന്ന് പറഞ്ഞു. അയ്‌നക്കൊണ്ടന്നെ ഇനി ഇടക്കെടക്ക് കാണാന്‍ വര്ണ് ണ്ട്ന്നും പറഞ്ഞീണ്…അയ്ന്ന് മനസ്സിലാക്ണത് മൂപ്പര്‍ക്ക് ഈ വീട് വിട്ട് പോകാന്‍ വലിയ മനസ്സില്ലായെന്നല്ലേ…..’
ഉമ്മമ്മ നൂറയുടെ കൈകളില്‍ അമര്‍ത്തി പിടിച്ചിട്ട് പല്ലില്ലാത്ത മോണകാട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.
‘ആ…ആര്‍ക്കറിയാം അതിന്റെ ഉദ്ദേശ്യം എന്താണെന്ന്…’
നൂറ വലിയ താത്പര്യം കാണിക്കാത്ത പോലെ പറഞ്ഞു.
പെട്ടെന്ന് അവളുടെ ഫോണില്‍ ഒരു മെസേജ് വന്നു. അവള്‍ വാട്‌സാപ്പ് തുറന്നു. രാവിലെ ഗ്രൂപ്പില്‍ ഖുര്‍ആന്‍ ഖത്ം ചെയ്യാന്‍ വേണ്ടി പറഞ്ഞു കൊണ്ട് പോസ്റ്റിട്ടത് പെട്ടെന്നാണ് മനസ്സിലേക്ക് ഓടിവന്നത്. എത്ര ഖത്മുകളായി എന്ന് നോക്കണമെന്ന് നേരത്തെ കരുതിയിരുന്നതാണ്. പിന്നീട് തിരക്കുകളില്‍ പെട്ട് വിട്ടുപോയി.
154 അംഗ ഗ്രൂപ്പില്‍ ഏകദേശം 53 ഖത്മുകള്‍ ആളുകള്‍ ഏറ്റെടുത്തിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്…
നൂറ പെട്ടെന്ന് ഹംദ് ചൊല്ലിയത് കണ്ടപ്പോള്‍ ഉമ്മമ്മ എന്തേയെന്ന് ചോദിച്ചു.
അവള്‍ താന്‍ ഗ്രൂപ്പില്‍ ഹബീബിനൊരു ഖത്ം എന്ന പേരില്‍ റബീഉല്‍ അവ്വല്‍ പന്ത്രണ്ടാകുമ്പോഴേക്കും ഒരോരുത്തര്‍ ഓരോ ഖത്ം വീതം ഓതുകായെന്നൊരു അഭിപ്രായം പറഞ്ഞിരുന്നുവെന്നും ഗ്രൂപ്പില്‍ അമ്പത്തിമൂന്ന് പേര് ഖത്മ് ഓതാനായി മുന്നോട്ട് വന്നതായും ഉമ്മമ്മയോട് സന്തോഷം പറഞ്ഞു.
‘മാശാഅല്ലാഹ്….അല്ലാഹുന്റെ കുട്ടിക്ക് ഖൈറിനെ ഏറ്റിയേറ്റി തരട്ടേ…’
ഉമ്മമ്മ ഉള്ളു തട്ടി ദുആ ചെയ്തു. നൂറ മനസ്സറിഞ്ഞ് ആമീന്‍ ചൊല്ലി.
ചെറിയൊരു ഇടവേളക്ക് ശേഷം ഉമ്മമ്മ തൊണ്ടയനക്കി കൊണ്ടു പറഞ്ഞു:
‘പണ്ട്….ന്റൊക്കെ ചെറുപ്പത്തില് ഞമ്മളെ തറവാട്ടില് ഖത്തം ദുആണ്ടാവും. അന്നൊരു വല്യ ആഘോഷന്നെ ആയിരിക്കും. കോഴിം ചോറും ഒക്കെ ണ്ടാവും. തറവാട്ടിലെ വലിയിമ്മാന്റെ ഖത്തം തീര്‍ന്നാലാണ് ഈ ഖതം ദുആ പരിപാടി.
ഓത്ത് പള്ളിക്കലെ ഉസ്താദിനോട് വീട്ടിലേക്ക് വരാന്‍ പറയും. ഉസ്താദ് എത്തിയാല് ഉമ്മാമ്മ അലം തറ മുതല്‍ താഴേക്ക്ള്ള സൂറത്തുകള്‍ ഓതും. കൂടെ വീടിനകത്തെ പെണ്ണ്ങ്ങളും ഓതും. ശേഷം ഉസ്താദ് ഖത്തം ദുആര്‍ക്കും. അത് കഴിഞ്ഞ് എല്ലാരും കൂടി ഭക്ഷണം കഴിച്ച് സന്തോഷത്തോടെ പിരിയും. എന്തൊരു രസെയ്‌നി ആ കാലൊക്കെ…എത്ര പട്ടിണിം പരിവട്ടോം ആണേലും അന്ന് കിട്ടീന്യ മന:സംതൃപ്തിം റാഹത്തും ഇപ്പൊം കിട്ടൂലട്ടൊ…ഞങ്ങള് കുട്ട്യള്‍ക്കൊക്കെ വല്ലിമ്മാന്റെ ഖത്തം ദുആന്റെ അന്ന് ഒരാഘോഷ ദിവസെന്നെയ്‌നി….’
ഉമ്മമ്മ തന്റെ ചെറുപ്പത്തിന്റെ ആലസ്യത്തിലാണ് അത് പറയുന്നതെന്ന് ആ മുഖത്ത് നോക്കിയാല്‍ വ്യക്തമായി മനസ്സിലാക്കാമായിരുന്നു.
‘അപ്പൊ അന്ന് ങ്ങള് കുട്ടികള് ഒന്നും ഓതൂലേ…..വെറും കളി മാത്രമായിരുന്നോ പണി..’
നൂറ ഉമ്മമ്മാനെ ഒന്ന് ആക്കിക്കൊണ്ട് ചോദിച്ചു.
‘പിന്നെ, ഞങ്ങളൊക്കെ ഇഖ്‌ലാസ് സൂറത്ത് ഓത്യോണ്ടിരിക്കും. ഏറ്റവും കൂടുതല്‍ ഇഖ്‌ലാസ് ഓത്ണ ആള്‍ക്ക് സമ്മാനം ണ്ടാവുംന്ന് വല്ലിപ്പ ആദ്യേ പറഞ്ഞിട്ട്ണ്ടാവും. അതോണ്ട് വല്ലിപ്പാന്റെ സമ്മാനം വാങ്ങണം ന്ന്ള്ള വാശിക്ക് ഞങ്ങളൊക്കെ മത്സരിച്ച് ഇഖ്‌ലാസ് ഓതും. പക്ഷേ, അവസാനം വല്ലിപ്പ എല്ലാര്‍ക്കും ഒരുപോലെ സമ്മാനം തരുംട്ടൊ…’
ഉമ്മമ്മയുടെ മുഖത്ത് അപ്പോഴും നല്ല നിറഞ്ഞ ചിരിയുണ്ടായിരുന്നു.
‘അന്ന് ഓതി തുടങ്ങ്യതാണ് ഇഖ്‌ലാസ് സൂറത്ത്. പിന്നെ അതിനോട് വല്ലാത്ത ഒരു മൊഹബ്ബത്താണ്. ഇപ്പളും ഇഖ്‌ലാസ് നിരന്തരമായി ഓതുമ്പോ വല്ലിപ്പാനെ ഓര്‍മ വരും. അനക്കറിയോ.. ഈ ഇഖ്‌ലാസ് ഓതിയാലുള്ള മെച്ചം…?’
ഉമ്മമ്മ നൂറയോട് ചോദിച്ചു.
മൂന്ന് തവണ ഓതിയാല്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായി പാരായണം ചെയ്ത പ്രതിഫലം ലഭിക്കും എന്നതടക്കമുള്ള ഒരുപാട് പവിത്രതകള്‍ അവളുടെ മനസ്സിലൂടെ കടന്നു പോയി. പക്ഷേ, ഏതാണ് ഉമ്മമ്മ കരുതിയിട്ടുണ്ടാവുക. അതറിയാന്‍ വേണ്ടി അവള്‍ മിണ്ടാതിരുന്നു.
‘അതാഖത്തുല്‍ കുബ്‌റ എന്ന് പറയ്ണ ഒരു സംഭവണ്ട്. അഥവാ.. മരിക്ക്ണതിന്റെ മുമ്പ് ഒരുലക്ഷം ഇഖ്‌ലാസ് സൂറത്ത് ഓതി സൂക്ഷിച്ച് വെക്കാന്‍ ശ്രമിക്കണം. വെറുതെ ഒഴിവു കിട്ട്ണ സമയത്തൊക്കെ ഓതിയാല്‍ തന്നെ തീര്‍ക്കാന്‍ പറ്റ്ണതേള്ളൂ…ഇങ്ങനെ ഓതിയാലുള്ള നേട്ടമറിയുമോ മോള്‍ക്ക്…..അന്ത്യനാളില്‍ ബേജാറില്ലാതെ കാര്യങ്ങളൊക്കെ നടക്കും.
ഒരു ഹദീസില്‍ കാണാം
‘ ഒരു ലക്ഷം ഇഖ്‌ലാസ് ആരെങ്കിലും ഓതിയാല്‍ അവന്‍ അല്ലാഹുവില്‍ നിന്ന് അവന്റെ ശരീരത്തെ വിലക്ക് വാങ്ങിയിരിക്കുന്നു. ആകാശ ഭൂമികളില്‍ നിന്ന് അല്ലാഹുവിന്റെ നിര്‍ദ്ദേശ പ്രകാരം ഒരാള്‍ വിളിച്ച് പറയും :’ഇന്നാലിന്ന വ്യക്തി അല്ലാഹുവിന്റെ പാപ മോചിതനാണ്. വലിയ പാപങ്ങള്‍ വരെ പൊറുക്കപ്പെടും എന്നാണ് പറയപ്പെടുന്നത്. ഇതിനാണ് അതാഖത്തുല്‍ കുബ്‌റ എന്ന് പറയുന്നത്. അഥവാ നരകത്തില്‍ നിന്ന് ശരീരത്തെ മോചിപ്പിക്കാനുള്ള ഏറ്റവും വലിയ പോംവഴി .’
ഉമ്മമ്മ വലിയ ഒരുപദേശ പ്രസംഗത്തിന് ശേഷം സംസാരിച്ചു നിര്‍ത്തി.
**
ഫൈസലിന്റെ മനസ്സില്‍ ഫൈറൂസയുടെ ഓരോ വാക്കുകളും കുത്തി നോവിച്ചു കൊണ്ടിരുന്നു. എത്ര ധീരമായിട്ടാണ് അവള്‍ തന്നെ കാര്യങ്ങള്‍ ബോധിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ അവള്‍ ആ മെഴുകുതിരിയുമായി വന്നപ്പോള്‍ അവളെന്തിനുള്ള പുറപ്പാടാണെന്നോര്‍ത്ത്, അവളുടെ കാട്ടിക്കൂട്ടല് കണ്ട് ഉള്ളാലെ ചിരിക്കുകയായിരുന്നു.
പക്ഷേ, അവളാ കാര്യം ചെയ്തു കഴിഞ്ഞതിന് ശേഷം ഉള്ളു തട്ടി ചോദിച്ച ചോദ്യങ്ങളോരോന്നും ഇടനെഞ്ചിന്റെ കോണിലാണ് കൊണ്ട് തറച്ചത്.
‘ജനിച്ചിരുന്നില്ല എങ്കില്‍ എത്ര നന്നായിരുന്നുവെന്ന് വരെ ഒരു നിമിഷം ആലോചിച്ചു പോയി….’
ഫൈറൂസക്ക് ഇത്രമാത്രം വലിയമാറ്റമുണ്ടാകുമെന്ന് മനസ്സില്‍ പോലും നിനച്ചിരുന്നില്ല. പക്ഷേ, അവളെ അനുഭവിച്ചറിഞ്ഞപ്പോള്‍ ഒരു നിമിഷം താന്‍ പോലും മാറിപ്പോകുമോയെന്ന് തോന്നിപ്പോയി. ഒന്ന് മാറി ചിന്തിക്കേണ്ടതില്ലേയെന്ന് മനസ്സു കൊണ്ട് ചിന്തിച്ചതുമാണ്.
വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് ഇജാസ് ഒരുപാട് തവണ ചോദിച്ചതാണ്, ഫൈറൂസയുടെ വീട്ടില്‍ എന്താണ് സംഭവിച്ചതെന്ന്….പക്ഷേ, ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും അവനോട് വലിയ വീരവാദം മുഴക്കി അവതരിപ്പിക്കാന്‍ പറ്റിയ കാര്യങ്ങളൊന്നുമല്ലല്ലോ അവിടെ നടന്നത്. ഇനി നൂറയുടെ ചെക്കനെ പോയി കാണണം. അവരിനി തന്നെ പറ്റി എന്ത് കരുതുമോയെന്തോ. എന്ത് തന്നെയായാലും വേണ്ടിയില്ല. ഇന്ന് തന്നെ അവരെ പോയി കാണണം.

*** *** *** *** *** ***
ഫര്‍സാന ഒരുപാട് സമയം നൂറയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
‘ഏയ്.. എന്താപ്പം ങ്ങനെ കരയാന്‍ മാത്രം ണ്ടായത്…ഉമ്മച്ചിക്കൊരു തയ്യല്‍ മെഷീന്‍ ഓഡര്‍ ചെയ്തതാണോ…അതൊക്കെ നമ്മള് ചെയ്തില്ലെങ്കില്‍ പിന്നെ ആരാടീ ചെയ്യുക…!? ‘
ഫര്‍സാനയുടെ പുറത്ത് പതുക്കെ തടവിക്കൊണ്ട് നൂറ ചോദിച്ചു.
ഫര്‍സാന ഒന്നൂടെ നൂറയെ അമര്‍ത്തിപ്പിടിച്ചു.
‘എടീ…നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരു കൂടപ്പിറപ്പ് കൂട്ടിനുള്ളത് പോലെ ഒരു മന:സ്സമാധാനമാണ്…എന്തു ചെന്നും പറയാനൊരാളുള്ളത് പോലെ….’
അവള്‍ വിതുമ്പി..
‘അതിന് നമ്മള് കൂടപ്പിറപ്പ് തന്നെയാണല്ലോ…രണ്ടു സ്ഥലത്ത് പ്രസവിച്ചുവെന്നേയുള്ളൂ…നമുക്ക് നമ്മളില്ലെങ്കില്‍ പിന്നാരാടീയുണ്ടാവുക….!’
നൂറ അവളെ സമാശ്വസിപ്പിച്ചു.
‘ഇന്നിനിയിവിടുന്ന് കരയരുത്…എന്റെ ജീവിതത്തില്‍ സുപ്രധാനമായ ഒരു വഴിത്തിരിവ് നടന്ന ദിവസമാണിന്ന്….’
നൂറ ഫര്‍സാനയെ മെല്ലെ തോളില്‍ നിന്ന് അടര്‍ത്തി മാറ്റിയിട്ട് കണ്ണുകള്‍ തുടച്ചു കൊണ്ട് പറഞ്ഞു.
‘ആ…എന്തായി..? ഞാന്‍ ചോദിക്കാന്‍ നിക്കുവായിരുന്നു….നമ്മടെ ഡോക്ടറ് ആളെങ്ങനെ മൊഞ്ചനാണോ….ഫോട്ടോയുണ്ടോ നിന്റേല്‍…..?’
അവള്‍ ആവേശത്തോടെ നൂറയുടെ ഫോണിന് നേരെ കൈ നീട്ടി.
‘ഫോട്ടോയൊന്നും എന്റേലില്ല, പിന്നെ.. നല്ല മൊഞ്ചൊക്കെയുണ്ട്….’
നൂറയുടെ മുഖത്ത് നാണം…
‘ഹൊ, പെണ്ണിന്റെയൊരു നാണം….ന്നിട്ട് നിനക്കിഷ്ടായാ….’
ഫര്‍സാനയുടെ സങ്കടം ഏത് വഴിക്കാണ് ഓടിമറിഞ്ഞതെന്നാര്‍ക്കാറിയാം…!?
‘ഇഷ്ടായോന്ന് ചോദിച്ചാല്‍……’
നൂറയുടെ മുഖത്ത് വീണ്ടും തല താഴ്ത്തിയുള്ള നിറഞ്ഞ ചിരി. കട്ടിലിന് താഴെ അവളുടെ കാലുകള്‍ അര്‍ദ്ധ വൃത്തം വരച്ചു.
‘ഒന്ന്ങ്ങട്ട് തെളീച്ച് പറ…ഓള് വല്ല തൊണ്ണൂറുകളിലെ സിനിമാ നടിമാരെ പോലെ….’
ഫര്‍സാന ഫുള്‍ എനര്‍ജിയിലാണ്.
‘ആഡി….എനിക്കിഷ്ടായി…ഇനി മൂപ്പര്ക്ക് ഇഷ്ടായോ എന്തോ….’
നൂറ പെട്ടെന്ന് പറഞ്ഞു ഫര്‍സാനയെ നോക്കി.
‘അയ്‌ന് ന്റെ ഈ മൊഞ്ചത്തി കുട്ടിനെ ഇഷ്ടാവാത്ത ഏത് ഷാരൂഖാനാ ഈ ദുനിയാവിലുണ്ടാവാ….’
അവള്‍ നൂറയുടെ മൂക്കത്ത് നുള്ളിക്കൊണ്ട് ചോദിച്ചു.
‘ഷാരൂഖാനോ അതാരാ…മൂപ്പരെ കാണാന്‍ നല്ല ചേലാണോ….!?’
നൂറ ഒരു നിമിഷത്തിന് കൊച്ചു കുട്ടിയായി. മലയാള സിനിമയിലെ നടന്‍മാരുടെ പേര് പോലും കേള്‍ക്കാത്തയവള്‍ക്ക് ഷാരൂഖ് ഖാന്‍ ഒരു ചോദ്യ ചിഹ്നം തന്നെയായിരുന്നു.
‘ഒന്റെ പൊട്ടിപ്പെണ്ണേ… അനക്ക് ഷാരൂഖ് ഖാനെ അറിയൂലല്ലേ….അന്റെ ജീവിതത്തിന്റെ പകുതി ഭാഗം പോയി….’
ഫര്‍സാന ചിരിയടക്കി പറഞ്ഞു.
‘അതെന്താടീ…നീ പറ…!?’
നൂറാക്ക് അവളുടെ ആ വാക്കിന്റെ അര്‍ത്ഥം മനസ്സിലാവാഞ്ഞിട്ട് നില്‍ക്കപ്പൊറുതി ലഭിച്ചില്ല.
‘എടീ….മൂപ്പരൊരു വല്യ സിനിമാ നടനാണ്…കാണാനെന്ത് മൊഞ്ചാന്നറിയോ….തത്കാലം നീ അത്രയും മനസ്സിലാക്കിയാല്‍ മതി…’
ഫര്‍സാന പറഞ്ഞു നിറുത്തി.
സിനിമാ നടനാണെന്ന് പറഞ്ഞപ്പോള്‍ നൂറയും പിന്നെ കൂടുതല്‍ ചോദിച്ചില്ല. അവളാകെ ഒരു സിനിമ കണ്ടത് പ്ലസ് ടൂ വില്‍ പഠിക്കുമ്പോഴാണ്. അത് തന്നെ പഠനാവശ്യവുമായി ബന്ധപ്പെട്ട് സയന്‍സ് ലാബില്‍ നിന്ന് നിര്‍ബന്ധമായും കാണണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം. പക്ഷേ, തന്റെ മൊഞ്ചിന് മുമ്പില്‍ ഏത് ഷാരൂഖാനും മതിമറക്കുമെന്ന് ഫര്‍സാന പറഞ്ഞത് അവളില്‍ ഉള്‍പുളകമുണ്ടാക്കി എന്നത് സത്യമാണ്.
‘എടീ…പിന്നൊരു കാര്യം. ഇന്നലെ രാത്രി ഫൈസല് വിളിച്ചിരുന്നു…’
നൂറ ഫൈസലിനെ കുറിച്ച് സംസാരിക്കാന്‍ തുനിഞ്ഞു.
‘ഏത് ഫൈസല്……?’
ഫര്‍സാനയ്ക്ക് എത്ര ആലോചിച്ചിട്ടും ഫൈസലിനെ ഓര്‍മവന്നില്ല.
‘ഫൈറൂസാന്റെ കോളേജിലെ….’
ഇപ്പോള്‍ അവള്‍ക്ക് പെട്ടെന്ന് മനസ്സിലായി.
‘എന്നിട്ട്….!?’
അവളുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു നിന്നു. നൂറ സംഭവങ്ങളെല്ലാം പറഞ്ഞു.
ആരോടും പറയരുതെന്ന് പറഞ്ഞത് കൊണ്ടാണ് ഞാനിതുവരെ നിങ്ങളോടൊന്നും പറയാതിരുന്നത്. പക്ഷേ, പറയാതിരുന്നിട്ട് എനിക്കൊരു മന:സ്സമാധനവും ലഭിക്കുന്നില്ല’ .
‘എന്നിട്ട്….നീ ഫൈറൂസയോട് പറഞ്ഞോ…’
ഫര്‍സാന ചോദിച്ചു.
‘ഇല്ലെടീ…അവള്‍ക്ക് സങ്കടാവില്ലേ…’
നൂറ ഇല്ലായെന്ന് പറയേണ്ട താമസം, ഫര്‍സാന ഫോണെടുത്തു ഫൈറൂസയെ വിളിച്ച് വേഗം നൂറയുടെ വീട്ടിലേക്ക് വരാന്‍ പറഞ്ഞു.
പത്ത് മിനിറ്റിനകം തന്നെ ഫൈറൂസയുമെത്തി. നൂറയും ഫര്‍സാനയും അവളോട് വിഷയങ്ങള്‍ അവതരിപ്പിച്ചു. പക്ഷേ, അവളുടെ മുഖത്ത് പ്രത്യേക ആശ്ചര്യമോ.. ഭാവവ്യത്യാസമോ ഉണ്ടായില്ല. അവള്‍ പതുക്കെ പറഞ്ഞു:
‘അതുവരെയല്ലേ നിങ്ങളറിഞ്ഞിട്ടുള്ളൂ…അതിന് ശേഷം നടന്നതൊന്നും നിങ്ങളറിഞ്ഞിട്ടില്ലല്ലോ….’
ഫൈറൂസ അര്‍ദ്ധ വിരാമമിട്ട് നിര്‍ത്തി.
‘അതിന് ശേഷം എന്തു നടന്നൂന്നാണ് നീ പറയുന്നത്…? ‘
നൂറക്ക് അറിയാനുള്ള ജിജ്ഞാസ.
ഫൈറൂസ താന്‍ ഫാതിഹ് ഡോക്ടറെ വഴിയില്‍ വെച്ച് കണ്ടതും തുടര്‍ന്ന് ഫൈസലുമായി സംസാരിച്ചതുമെല്ലാം അവരോട് പറഞ്ഞു. ആ സംസാരം തീരുമ്പോഴേക്കും ഫൈറൂസ വിതുമ്പുന്നുണ്ടായിരുന്നു. നൂറക്ക് അവളെ സമാശ്വസിപ്പിക്കണോ…തന്റെ വിവാഹം മുടങ്ങുമോ…തുടങ്ങി ഒരുപാട് ആശങ്കകള്‍ മനസ്സിലൂടെ കടന്നു പോയി. ഫര്‍സാനയും എന്തു പറയണമെന്നറിയാതെ തരിച്ച് നില്‍ക്കുകയാണ്.
‘എടാ…ഫൈസല് ഡോക്ടറെ പോയി കണ്ട് വിഷയങ്ങളെല്ലാം പറഞ്ഞ് സോള്‍വാക്കാമെന്ന് എനിക്ക് വാക്ക് തന്നിട്ടുണ്ട്….’
ഫൈറൂസ തന്നെ ആ നിശബ്ദതയെ മുറിക്കാനൊരു ശ്രമം നടത്തി.
കരച്ചില്‍ വരുമെന്നായപ്പോള്‍ നൂറ വേഗം എഴുന്നേറ്റ് വാഷ്‌റൂമിലേക്ക് നടന്നു. കതകടച്ച് വാഷ്‌ബേസിന് നേരെ മുകളില്‍ സ്ഥാപിച്ച കണ്ണാടിക്ക് മുമ്പില്‍ സ്വന്തത്തിലേക്ക് തന്നെ തുറിച്ച് നോക്കിക്കൊണ്ട് നിന്നു. ശേഷം പൈപ്പ് തുറന്നിട്ടു. മനസ്സില്‍ നിറയെ എന്തോ നിര്‍വികാരത നിറഞ്ഞു നില്‍ക്കുന്നുണ്ട്.
എന്ത് ചെയ്യണമെന്നറിയാന്‍ സാധിക്കാത്ത ഒരു തരം നിസഹായവാസ്ഥ.
എത്ര സമയം അങ്ങനെ നിന്നുവെന്ന് ആര്‍ക്കറിയാം….
‘നൂറാ.. നീയവിടെ എന്തെടുക്കുവാ…നീയിപ്പൊയിറങ്ങുവോ…’
ഫര്‍സാനയുടെ ശബ്ദം നൂറക്ക് വീണ്ടും പരിസരബോധം തിരിച്ചു നല്‍കി. അവള്‍ പെട്ടെന്ന് മുഖവും കൈകാലുകളും കഴുകി, വുളൂഅ് ചെയ്ത് പുറത്തു വന്നു. വിളറി വെളുത്തിരിക്കുന്ന അവളുടെ മുഖം കണ്ടാല്‍ ഏതൊരാള്‍ക്കും അവളനുഭവിക്കുന്ന ദുഖത്തിന്റെ തീക്ഷണതയളക്കുവാന്‍ കഴിയും.
അവള്‍ ഫര്‍സാനയുടെയും ഫൈറൂസയുടെയും മുഖത്ത് നോക്കി ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, ആ ശ്രമം ഒരു വിളറിയ ഇളിയായി വൃഥാവിലായി.

ഫര്‍സാന ആ സിറ്റ്വേഷന്‍ ഒന്ന് ട്രാക്ക് മാറ്റി വിടാനുള്ള ശ്രമത്തിലായിരുന്നു.
ഹബീബായ നബിതങ്ങളുടെ ചിത്രമോ അതുപോലോത്ത മറ്റുവല്ല സംഭവങ്ങളോ പാടിയാല്‍ നൂറയുടെ മനസ്സും ചിന്തകളും ശാന്തമാവുമെന്ന് അവള്‍ക്ക് നന്നായിട്ടറിയാം. അതു കൊണ്ടു തന്നെ അവള്‍ ഷെല്‍ഫില്‍ നിന്ന് അഅ്‌ലാ ഹസ്‌റത്തിന്റെ ഉര്‍ദു കാവ്യത്തിന്റെ മലയാള പരിഭാഷയടക്കമുള്ള പുസ്തകവുമായി കട്ടിലില്‍ വന്നിരുന്നു. എന്നിട്ട് തപ്പിത്തടഞ്ഞ് വായിക്കാന്‍ തുടങ്ങി.
‘ദില്‍ അബസ് സെ പത്താ സാ ഉഢാ ജാത്താഹെ….
പല്ല ഹല്‍ക്കാ സഹീ ഭാരീ ഹെ ബറോസാ തേരാ…’
അവള്‍ ആ വരികള്‍ക്കടിയില്‍ എഴുതിയിരിക്കുന്ന അര്‍ത്ഥം വായിച്ചു:
‘ഹൃദയം കേവലമൊരു ഇലയെപ്പോലെ വെറുതെ പാറിക്കൊണ്ടിരിക്കുന്നു. എന്റെ നന്മയുടെ ത്രാസ് വളരെ കുറവാണെങ്കിലും അങ്ങയുടെ മേലുള്ള പ്രതീക്ഷ വളരെ ഭാരമുള്ളതാണ്.’
അര്‍ത്ഥം വായിച്ചതിന് ശേഷം അവള്‍ നൂറയെ നോക്കി. നൂറയുടെ പുഞ്ചിരി കണ്ടപ്പോള്‍ തന്റെ ഉദ്ദേശ്യം വര്‍ക്കായി എന്ന് ബോധ്യമായി. കാരണം അതിന്റെ തെളിമയാര്‍ന്ന പ്രകാശനമായിരുന്നു നൂറയുടെ മുഖത്ത് ഇപ്പോള്‍ പ്രകടമായ പ്രസന്നത.
അലസമായി സഞ്ചരിച്ച് കൊണ്ടിരിക്കുന്ന, ഒരു സ്ഥലത്ത് സ്ഥിരമായി നില്‍ക്കക്കള്ളിയില്ലാതെ പാറിക്കളിക്കുന്ന എന്റെ ഹൃദയം ശാന്തത കൈവരിക്കുന്നത് അങ്ങയെ കുറിച്ചാലോചിക്കുമ്പോഴാണെന്ന് നൂറയുടെ മിഴികള്‍ ആ വരികളിലൂടെ ഒരാവര്‍ത്തികൂടി സഞ്ചരിച്ചു.
എന്തോ അപരാധം ചെയ്തവളെ പോലെ റൂമില്‍ കുറച്ച് മാറി തനിച്ചിരിക്കുന്ന ഫൈറൂസയുടെ അടുത്തേക്ക് നൂറ ചെന്നു. അടുത്ത് ചെന്നിരുന്നു തോളിലൂടെ കൈ ഇട്ട് തന്നിലേക്ക് ചേര്‍ത്തു പിടിച്ചു. ഫൈറൂസ അവളുടെ തോളിലേക്ക് തന്റെ ശിരസ് ചാരി തേങ്ങി:
‘ സോറിടീ…ഞാനല്ലേ ഇതിനെല്ലാം കാരണം….നമ്മള് തമ്മില്‍ വീണ്ടും ഒരുമിച്ചത് നിനക്കൊരു ഭാരമായിട്ടുണ്ടാവും ല്ലേ…!? ‘
ഫൈറൂസക്കത് ചോദിക്കുമ്പോള്‍ വിതുമ്പലടക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
ആ ചോദ്യം കേട്ടപ്പോള്‍ നൂറക്കും കരച്ചില്‍ വന്നതാണ്. പക്ഷേ, അവള്‍ ഫൈറൂസയെ ഒന്നൂടെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചിട്ട് ‘ശ്….ശ്….’ എന്ന് ശബ്ദം പുറപ്പെടുവിച്ച് അവളോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് നൂറ പതുക്കെ പറഞ്ഞു:
‘എടീ…അല്ലാഹുവിനെല്ലാത്തിലുമൊരു തീരുമാനമുണ്ടാവും. ഇങ്ങനെയെല്ലാം സംഭവിക്കണമെന്നത് അവന്റെ തീരുമാനമാണ്. ഡോക്ടര്‍ക്ക് ഇനിയെന്നെ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരവും അല്ലാഹുവിനുള്ളതാണ്. നമ്മളിഷ്ടപ്പെടുന്നത് തന്നെ നടക്കണം എന്ന് പറയുന്നതിനെ അല്ലാഹുവിന്റെ തീരുമാനം എന്ന് പറയാനൊക്കില്ലല്ലോ. നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യമായിരിക്കാം നമുക്ക് ഏറ്റവും നാശം വിതക്കുന്ന കാര്യം,എന്നാല്‍ നമുക്ക് മോശം എന്ന് തോന്നുന്ന കാര്യമായിരിക്കാം നമുക്ക് നന്മപകരുന്നത് എന്നര്‍ത്ഥം വരുന്ന രീതിയില്‍ അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലേ. അതോണ്ട് നമുക്കെല്ലാവര്‍ക്കും നന്മഭവിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം.’
നൂറ ഫൈറൂസയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
ഫൈറൂസ അവളുടെ തോളത്ത് ചാരിക്കൊണ്ട് തലയനക്കി. നൂറ തന്റെ മുമ്പിലുള്ള ചുവരിലേക്ക് തന്നെ നോക്കി നിര്‍വികാരതയോടെയിരുന്നു.
*
ഫൈറൂസയോട് ചോദിച്ചിട്ടാണ് ഫൈസല്‍ ഡോക്ടറുടെ ആശുപത്രി കണ്ടു പിടിച്ചതും അവിടെ നിന്ന് ഡോക്ടറുടെ നമ്പറൊപ്പിച്ച് വിളിച്ചതും. സ്വയം പരിചയപ്പെടുത്തിയപ്പോള്‍ ‘താനെന്നെ വെറുതെ വിട്ടേക്കെടോ’
യെന്ന് പറഞ്ഞ് ഡോക്ടര്‍ ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്യാന്‍ നോക്കിയതായിരുന്നു.
‘വെക്കരുത്….എനിക്കൊരു ക്ഷമാപണം നടത്താനാണ്. നേരിട്ട് കണ്ട് തന്നെ പറയണം…’ എന്ന് പലയാവര്‍ത്തി പറഞ്ഞപ്പോഴാണ് വീട്ടിലേക്ക് വരാനുള്ള സമ്മതം തന്നത്.
ഫാതിഹിന്റെ വീടിന്റെ കോലായില്‍ നിന്ന് താന്‍ ചെയ്ത കാര്യങ്ങളെല്ലാം വീണ്ടും ആലോചിച്ചപ്പോള്‍ ഫൈസലിന് എന്തോ വല്ലാത്ത അസ്വസ്ഥത തോന്നി.
പെട്ടെന്ന് വാതില്‍ തുറന്ന് ഫാതിഹ് പുറത്ത് വന്നു. തന്റെ ഫുള്‍കൈ ഷര്‍ട്ടിന്റെ ഒരു ഭാഗം മുകളിലേക്ക് ഷഫഌ ചെയ്ത് തെറുത്തു കയറ്റുന്നതിനിടയില്‍ ഫാതിഹ് പറഞ്ഞു:
‘ എടോ…നിങ്ങളൊരുമിച്ച് ജീവിച്ചോ….ഞാനേതായാലും ഇനി നിങ്ങളുടെ ഇടയില്‍ കയറി പ്രശ്‌നമുണ്ടാക്കിയെന്ന പരാതി വേണ്ട, അതല്ലേ നിന്റെ പ്രശ്‌നം. എനിക്കാവശ്യം മന:സ്സമാധാനത്തോടെയുള്ള ഒരു കുടുംബ ജീവിതമാണ്. എനിക്ക് എന്നല്ല ഈ ദുനിയാവിലുള്ള എല്ലാവര്‍ക്കും ആവശ്യം അത് തന്നെയാണ്. അത് കിട്ടൂലെങ്കില്‍ പിന്നെയെന്ത് ജീവിതം. അതോണ്ട് എന്റെ ജീവിതം കോഞ്ഞാട്ടാക്കാന്‍ ഞാനില്ല. ഏതായാലും സംഭവിച്ചത് സംഭവിച്ചു. ഞാനിനി നിന്റെയോ നൂറയുടെയോ ഇടയില്‍ വരില്ല..എന്തേ പോരെ…പിന്നൊരു കാര്യം കണ്ടിട്ടും അറിഞ്ഞിടത്തോളവും ആ കുട്ടിയൊരു പാവന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അവളെ സങ്കടപെടുത്തരുത്… ‘
ഫാതിഹ് ഷര്‍ട്ടിന്റെ കൈ ഭദ്രമായി തെറുത്ത് കയറ്റിയതിന് ശേഷം തലുയര്‍ത്തി ഫൈസലിനെ നോക്കി പറഞ്ഞു.
ഫൈസല്‍ ഒരു നിമിഷം എവിടെ തുടങ്ങണമെന്നറിയാതെ നാവിറങ്ങിയവനെ പോലെയിരുന്നു പോയി.

*** *** *** *** *** ***

‘നാളെ മിക്കവാറും റബീഉല്‍ അവ്വല്‍ ഒന്നാകും….ഇന്‍ ഷാ അല്ലാഹ്… നമുക്കൊരുങ്ങണ്ടേ….!? ‘
എന്തോ ഓര്‍മ വന്നിട്ടെന്ന പോലെ അത് വരെ ചടഞ്ഞിരിക്കുകയായിരുന്ന നൂറ സട കുടഞ്ഞെഴുന്നേറ്റു.
അവള്‍ പെട്ടെന്ന് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റത് കണ്ടപ്പോള്‍ ഫര്‍സാനയും ഫൈറൂസയും ഒരു നിമിഷം സ്തബ്ദരായിരുന്നു. അവര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി ചെറുതായി ചിരിച്ചു.
‘അയ്‌ന്‌പ്പൊ ന്താ പ്രത്യേകിച്ച് ഒരുങ്ങാന്‍…’
സാധാരണ റബീഉല്‍ അവ്വലുകളില്‍ മൗലിദും മീലാദ് റാലിയും മാത്രം കണ്ട് ശീലിച്ച ഫര്‍സാന ഒരൊഴുക്കന്‍ മട്ടില്‍ ചോദിച്ചു.
ആ ചോദ്യത്തിന് മറുപടി പറയാതെ നൂറ ആദ്യം കണ്ണുകള്‍ കൊണ്ട് തന്റെ റൂം മൊത്തത്തിലൊന്ന് ഓട്ടപ്രദക്ഷണം വെച്ചു. ശേഷം നിസ്‌കാര റൂമിലും പോയി എല്ലാം ഒന്നൂടെ നോക്കി പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം ചിന്താനിമഗ്‌നയായി റൂമിലേക്ക് വന്ന് കട്ടിലിലിരുന്നു.
‘അപ്പൊ, ഈ റബീഇനെ നമ്മള്‍ ആവേശ പൂര്‍വ്വം വരവേല്‍ക്കുന്നു…ദാ.. ഈ നിമിഷം മുതല്‍ അതിന്റെ ഒരുക്കങ്ങള്‍ നമ്മളാരംഭിക്കുന്നു…. ‘ നൂറയുടെ വാക്കുകളില്‍ തുടിച്ചു നിന്ന ആവേശം കണ്ടപ്പോള്‍ ഫര്‍സാനക്കും ഫൈറൂസക്കും എന്തോ വലിയ ആഘോഷത്തിന്റെ പ്രതീതി.
‘ഞാന്‍ റെഡി…നീ പറ…നമ്മളെന്താ ചെയ്യാന്‍ പോകുന്നത്….’
ഫര്‍സാന കട്ടിലില്‍ നിന്ന് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.
‘ആദ്യം നമ്മള്‍ നിസ്‌കാര റൂം പ്രത്യേക മൗലിദ് റൂമായി സജ്ജീകരിക്കുന്നു. അഥവാ, ചുവരുകളില്‍ ചെറിയ തോരണങ്ങളൊരുക്കിയും ഭംഗിയുള്ള ക്രാഫ്റ്റുകളുണ്ടാക്കിയും അത് വൃത്തിയില്‍ റൂമില്‍ ഹാങ് ചെയ്തും നമ്മള് റബീഇന്റെ ആദ്യ ആഘോഷ പരിപാടി ആരംഭിക്കുന്നു. എങ്ങനെയുണ്ട്…..?’
നൂറ ആവശത്തോടെ തന്റെ ഉള്ളിലെ ആഗ്രഹം പറഞ്ഞു രണ്ടു പേരുടെയും മുഖത്തേക്ക് നോക്കി.
‘സെറ്റ്, സംഗതി കിടുക്കും….’
ഫൈറൂസയും ഫര്‍സാനയും ഒരുമിച്ച് പറഞ്ഞു. അവരുടെ മനസ്സില്‍ പെട്ടെന്ന് എവിടെ നിന്നോ അതിരില്ലാത്ത ആവേശം അലതല്ലിയെത്തി.
‘എനിക്ക് കുറച്ച് കളര്‍ നൂലുകളും കുപ്പിയുമൊക്കെ വേണം…ക്രാഫ്റ്റ് ചെയ്യാനാ…..’
ഫര്‍സാന കര്‍മ്മ നിരതയായി.
‘ആദ്യം ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റുണ്ടാക്കാം…വലിയ ചിലവില്ലാതെ വീട്ടില്‍ തന്നെ കിട്ടുന്നതെന്തൊക്കെയാണെന്ന് തിട്ടപ്പെടുത്തിയതിന് ശേഷം പുറത്ത് നിന്ന് എന്തൊക്കെ വാങ്ങണമെന്ന് നോക്കാം. ഉപ്പച്ചിയോടും ഉമ്മച്ചിയോടും പിരിവിട്ട് മോനൂസിനെ വിട്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കാം…’
നൂറ ഒരു മാനേജര്‍ തസ്തികയിലേക്കുയര്‍ന്നു.
അവര് ഒരുമിച്ചിരുന്ന് ആവശ്യമായ സാധനങ്ങളുടെയെല്ലാം ലിസ്റ്റുണ്ടാക്കി. നൂറ ഉമ്മച്ചിയേയും ഉപ്പച്ചിയേയും ഉമ്മമ്മയേയും കണ്ട് കാര്യം ബോധിപ്പിച്ചു. എല്ലാവരും അകമഴിഞ്ഞ് സമ്മതം മൂളി. മോനൂസിനെ വിളിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ഏല്‍പ്പിച്ചു.
‘ഞാനൊരു എല്‍.ഇ.ഡി നെറ്റ് ലൈറ്റു കൂടെ വാങ്ങും. എന്നിട്ട് നമുക്കത് ഫ്രണ്ട് ഗേറ്റിന്റെയും കോലായിടെ ഉമ്മറത്തും രസായിട്ട് തൂക്കിയിടാം…’
മോനൂസിന്റെ ആ ഐഡിയ നൂറക്കും ബോധിച്ചു. അവളത് വാങ്ങാന്‍ സമ്മതവും കൊടുത്തു. അവന്‍ ലിസ്റ്റുമായി കടയിലേക്കോടി.
ഫര്‍സാന അപ്പോഴേക്കും വീട്ടിലുള്ള ഒഴിഞ്ഞ ബോട്ടിലുകളെടുത്ത് തന്റെ കലാ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നു. ഫൈറൂസ കത്രികയും വെള്ള നോട്ട് ബുക്ക് പേപ്പറുകളും നൂലുമെല്ലാമെടുത്ത് നെടുകയും കുറുകയുമെല്ലാം വെട്ടുന്നുണ്ട്.
‘ഞാനാദ്യായിട്ടാണിട്ടൊ, ഒരു നബിദിനം ഇതുപോലെ ആഘോഷിക്കാന്‍ പോകുന്നത്…’
ഫര്‍സാന തന്റെ കൈയിലുള്ള ബോട്ടിലില്‍ ശ്രദ്ധയോട് കൂടെ പശ തേക്കുന്നതിനിടയില്‍ പറഞ്ഞു.
‘പണ്ട് മഹാന്മാരൊക്കെ എന്ത് വിപുലമായിട്ടാണ് മൗലിദാഘോഷിച്ചത്‌ന്നോ…അതൊക്കെ കേട്ടാല്‍ തന്നെ നമ്മളെ കണ്ണ് തള്ളി പോവും….’
നൂറ തന്റെ ചരിത്രജ്ഞാനം അവര്‍ക്കു മുമ്പില്‍ പകര്‍ന്നു.
‘ലോകത്ത് തന്നെ ഏറ്റവും വലിയ താബിആയ പണ്ഡിതനാണ് ഹസന്‍ ബസ്വരി തങ്ങള്‍. മഹാനവര്‍കളൊരിക്കല്‍ പറഞ്ഞു:
ഉഹ്ദ് മലയോളം സ്വര്‍ണ്ണം എനിക്കുണ്ടെങ്കില്‍ ആ സ്വര്‍ണ്ണം മുഴുവന്‍ ഞാനെന്റെ ഹബീബിന്റെ മൗലിദാഘോഷിക്കാന്‍ വേണ്ടി ചിലവഴിക്കുമായിരുന്നു….!അപ്പൊ അതിന്റെ വ്യാപ്തി നിങ്ങളൊന്നോര്‍ത്ത് നോക്കിയേ…?!’
നൂറ ഒരാശ്ചര്യ ചിഹ്നത്തില്‍ ഒന്ന് നിറുത്തിയതിന് ശേഷം തുടര്‍ന്നു:
‘ഉഹ്ദ് ചെറിയ മലയാണെന്ന് കരുതിയോ…ഒരു കിലോമീറ്ററിലധികം ഉയരവും ഏഴര കിലോമീറ്ററോളം നീളവുമുള്ള മലയാണത്….!’
നൂറ വീണ്ടും ആശ്ചര്യപ്പെട്ടു നിറുത്തി.
അവളുടെ മനസ്സിലേക്ക് വീണ്ടും നബിദിനങ്ങള്‍ വിപുലമായി ആഘോഷിച്ച മഹാരഥന്മാരുടെ ചരിത്രങ്ങള്‍ വരിയിട്ടു വന്നു. എല്ലാം പറയണം എന്നവള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, ഏത് പറയുമെന്ന ആശങ്കമാത്രമായിരുന്നു.
‘ഇര്‍ബല്‍ എന്ന് പറയുന്നൊരു നാടുണ്ട്. ഇന്നത് ഇറാഖിന്റെ ഭാഗമാണെന്ന് തോന്നുന്നു. അവിടുത്തെ സുല്‍താന്‍ സ്വലാഹുദ്ധീന്‍ അയ്യൂബിയുടെ ഗവര്‍ണ്ണറായിരുന്നു മുളഫര്‍ രാജാവ്. ഭയങ്കര പ്രസിദ്ധനും നീതിമാനുമൊക്കെയായിരുന്നു. മൂപ്പരുടെ മൗലിദാഘോഷത്തെ കുറിച്ചു ചരിത്രങ്ങളൊക്കെയൊന്ന് വായിച്ചു നോക്കണം. നമ്മളൊക്കെ അന്നാണ് ജനിച്ചിരുന്നെങ്കിലെന്ന് വരെ ചിന്തിച്ച് പോകും. ആ നാടും പരിസരവുമെല്ലാം മൗലിദിന് വേണ്ടി ഒരുങ്ങി തയ്യാറാവും. പട്ടിണി കിടക്കുന്ന ഒരാള് പോലും അവിടെയുണ്ടാവില്ല. എങ്ങും ആഘോഷത്തിന്റെ പ്രതീതി മാത്രമായിരിക്കും. ഹൊ..എനിക്ക് തന്നെ അതൊക്കെ ആലോചിച്ചിട്ട് കൊതിയാവുന്നു. അപ്പൊ അന്നുള്ളോരുടെ ആവേശമെത്രയായിരിക്കും അല്ലേ…’
ഫൈറൂസയുടെ അടുത്തിരുന്ന് സൂചിയില്‍ നൂല് കോര്‍ക്കുന്നതിനിടയില്‍ നൂറ ഒന്ന് പുളകം കൊണ്ടു.
ഉമ്മച്ചി അപ്പോഴേക്കും നല്ല ചയയും മുരിഞ്ഞ പൊക്കുവടയും ചൂടോടെ കൊണ്ടു വന്നു. എല്ലാവരും വട്ടമിട്ടിരുന്ന് ചായകുടിച്ചു. ചായക്ക് ശേഷം ഉമ്മച്ചിയും അവരോടൊപ്പം ചേര്‍ന്നു. ഉമ്മച്ചി നിസ്‌കാര റൂം നന്നായിട്ടൊന്ന് കഴുകി തുടച്ച് വൃത്തിയാക്കി.
സുഖമില്ലാതിരുന്നിട്ടും ഉമ്മമ്മ എല്ലായിടത്തും ഒരു തവണ വന്ന് രംഗങ്ങളൊക്കെ വിലയിരുത്തി വീണ്ടും പതുക്കെ റൂമിലേക്ക് തന്നെ തിരിച്ചു നടന്നു.

അതിനിടക്ക് നൂറ പേനയും പേപ്പറുമെടുത്ത് റബീഉല്‍ അവ്വലിലെ ഓരോ ദിവസവും ചെയ്തിരിക്കേണ്ട കാര്യങ്ങളടങ്ങുന്ന വ്യക്തമായ ടൈം ടേബിളുണ്ടാക്കാനിരുന്നു.
എന്റെ റബീഅ്

1.എല്ലാ ദിവസവും കൃത്യസമയത്ത് വീട്ടിലുള്ള എല്ലാവരും ഇരുന്ന് പ്രകീര്‍ത്തന സദസ് സങ്കടിപ്പിക്കണം.
സദസ്സില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പ് വരുത്താന്‍ ശ്രമിക്കണം.
ചുരുങ്ങിയത് ഒരു ഹദീസ് മൗലിദും ഒരു ഫസ് ല് ബുര്‍ദയും ചൊല്ലണം

അവസാനം കൂട്ടമായിരുന്നു ദുആ നടത്തണം.

2.എല്ലാ ദിവസവും ചീരണിയുണ്ടാക്കണം.
ചെറുതെങ്കിലും ഓരോ മൗലിദ് സദസ്സിന് ശേഷവും പ്രത്യേക ചീരണിയൊരുക്കാന്‍ ശ്രമിക്കണം. അത് അംഗങ്ങള്‍ക്ക് പ്രത്യേക സന്തോഷം പകരും.

3.സ്വലാത്തുകള്‍ അധികരിപ്പിക്കണം.
കുടുംബാംഗങ്ങളെല്ലാം സ്വലാത്തുകള്‍ അധികരിപ്പിക്കണം. കൃത്യമായി എണ്ണം രേഖപ്പെടുത്തിയാല്‍ വ്യക്തമായ കണക്കുകള്‍ കിട്ടും. സമാപന ദിവസം പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തി ഇത് മദീനയിലേക്ക് ഹദ് യ ചെയ്യാം.

4.നബിവായന
ഹബീബായ തങ്ങളുമായി ബന്ധപ്പെട്ട രചനകളോ ചരിത്ര ഗ്രന്ഥങ്ങളോ തേടി പിടിച്ച് വായിക്കണം.
കുടുംബാംഗങ്ങളില്‍ നിന്ന് സാധ്യമാകുന്നവര്‍ക്ക് നബിതങ്ങളെ കുറിച്ച് കവിത, കഥ, മദ്ഹുകള്‍ മറ്റു സാഹിത്യ സൃഷ്ടികള്‍ എന്നീ രചനകള്‍ നടത്തി മൗലിദ് സദസ്സില്‍ അവതരിപ്പിക്കാവുന്നതാണ്.

5. ഹബീബായ നബിതങ്ങളുടെ തിരുസുന്നത്തുകളെ പരമാവധി സജീവമാക്കാന്‍ ശ്രമിക്കണം.
അയല്‍വാസികളെ പരിഗണിക്കണം.
കുട്ടികള്‍ക്ക് മധുരം നല്‍കണം.
പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തി സ്വദഖ നല്‍കണം. തുടങ്ങിയവ ഉദാഹരണം …

6. നിഷിദ്ധമായതൊന്നും എന്നില്‍ നിന്ന് സംഭവിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം.
7.
8.
നൂറ താന്‍ മനസ്സില്‍ കണ്ട കാര്യങ്ങളെല്ലാം പേപ്പറില്‍ കുറിച്ചു. ശേഷം എല്ലാവരേയും ഒരുമിച്ചിരുത്തിയിട്ട് വായിച്ചു കേള്‍പ്പിക്കാം. അതാവുമ്പോള്‍ അവരുടെ ആശയങ്ങളെ കൂടെ ഉള്‍പ്പെടുത്തുവാന്‍ സാധിക്കുമല്ലോ. എന്നിട്ട് എല്ലാവരുടെയും സമ്മതത്തോട് കൂടെ ഈ ടൈം ടേബിള്‍ മൗലിദ് ഹാളിന്റെ ചുവരിലൊട്ടിക്കണം. നൂറയുടെ മനസ്സില്‍ ആവേശത്തിന്റെ തിരയേറ്റമായിരുന്നു.

*
‘നൂറയും ഞാനും തമ്മില്‍ ഒരു ബന്ധവുമില്ല….’
ഫൈസല്‍ പതുക്കെ പറഞ്ഞു തുടങ്ങി. അതുവരെ അശ്രദ്ധയോടെ ഫൈസലിനെ ശ്രദ്ധിക്കുകയായിരുന്ന ഫാതിഹ് പെട്ടെന്ന് അവനോട് ചോദിച്ചു:
‘എന്താ നീ പറഞ്ഞത്….!? ‘
ഫൈസല്‍ താന്‍ പറഞ്ഞ കാര്യം വീണ്ടും ആവര്‍ത്തിച്ചു.
‘അവള്‍ക്കൊരു പണി കൊടുക്കണം എന്ന വാശിപ്പുറത്താണ് ഞാന്‍ നിങ്ങളോട് അങ്ങനെയെല്ലാം പറഞ്ഞത്…’
ഫൈസല്‍ തന്റെ കുമ്പസാരമാരംഭിച്ചു.
ഫാതിഹിന് എന്തോ തിരിച്ചു കിട്ടിയ പ്രതീതി.
‘എന്ത് വാശിയാണ് നിങ്ങള്‍ തമ്മില്‍…ഇതും നീ എന്നെ കളിയാക്കാന്‍ പറയുന്നതാണോ…ഒരാളുടെ ജീവനും വെച്ചാണ് നീ കളിക്കുന്നതെന്ന് നല്ലോണം ഓര്‍മയുണ്ടായിക്കോട്ടെട്ടൊ….’
ഫൈസലിനെ വിശ്വാസം വരാത്തത് പോലെ ഫാതിഹ് പറഞ്ഞു.
അവന്‍ കാര്യങ്ങളെല്ലാം ഫാതിഹിനോട് പറഞ്ഞു. ഫൈറൂസയുടെ വീട്ടില്‍ വെച്ച് നടന്നതും ഡോക്ടറെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാമെന്ന് ഏറ്റതുമെല്ലാം . എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഫാതിഹ് അവന്‍ പറഞ്ഞതെല്ലാം സത്യമാവണേയെന്ന് ഉള്ളു കൊണ്ട് പ്രാര്‍ത്ഥിച്ചു. കാരണം നൂറ അയാളുടെ മനസ്സില്‍ പ്രതിഷ്ഠ സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
അവളെ കുറിച്ചിനിയാലോചിച്ചിട്ട് കാര്യമില്ലായെന്ന് നിനച്ചിടത്ത് നിന്നാണ് വീണ്ടും ശുപകരമായ വാര്‍ത്ത കേള്‍ക്കുന്നത്. ഈ അവസരം പാഴാക്കിക്കൂട.
‘ഓക്കെ…ഞാനൊന്നാലോചിക്കട്ടെ….’
ഫാതിഹ് തന്റെ അമിതമായ സന്തോഷം മുഖത്ത് കാണിക്കാതെ ഗൗര സ്വരത്തില്‍ തന്നെ ഫൈസലിനോട് പറഞ്ഞു.
‘സര്‍, എന്റെ കാരണം കൊണ്ട് നിങ്ങളീ വിവാഹത്തില്‍ നിന്ന് പിന്തിരിയരുത്. അത് പിന്നീട് ജീവിത കാലം മുഴുവന്‍ എനിക്ക് മറക്കാന്‍ സാധിക്കുകയില്ല…’
ഫൈസല്‍ അവസാനം കെഞ്ചിക്കൊണ്ട് പറഞ്ഞു.
‘നമുക്ക് നോക്കാമെന്ന് പറഞ്ഞില്ലടോ…താന്‍ കേറിവാ നമുക്കൊരു ചായ കുടിച്ചിട്ട് ബാക്കി പറയാം…’
ഫാതിഹ് ഫൈസലിനെയും കൂട്ടി അകത്തേക്ക് നടന്നു.

(തുടരും)

അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?

*** *** *** ***

Share this:

  • Twitter
  • Facebook

Related Posts

Photo by Debby Hudson on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-15

October 6, 2021
Photo by Annie Spratt on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-14

October 5, 2021
Photo by Cathy Holewinski on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-13

October 4, 2021
Photo by Morgane Le Breton on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-12

October 2, 2021
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×