നൂറയുടെ വിറയലിപ്പോഴും മാറിയിട്ടില്ല. എന്തൊക്കെയാണവന്‍ പറഞ്ഞത്…? ഫൈസലിന്റെ ഓരോ വാക്കുകളും അവളുടെ മനസ്സില്‍ തറച്ചു കയറി കൊണ്ടിരുന്നു. ഫൈറൂസയുമായുള്ള അവന്റെ ബന്ധം നേരെയായിട്ടില്ലെങ്കില്‍ അവന്‍ ഞങ്ങളെ രണ്ടു പേരെയും വെറുതെവിടില്ലത്രെ.
ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാള്‍ വേണ്ടാന്നും പറഞ്ഞു പോകുന്ന വേദന തന്നെക്കൊണ്ടും അനുഭവിപ്പിക്കുമത്രെ….പിന്നെ ഒരുപാട് തെറിയും വിളിച്ചു. ഫൈറൂസയുടെ വീട് കഴിഞ്ഞിട്ടല്ലേ നിന്റെ വീട്…ഞാന്‍ നോക്കി വെച്ചിട്ടുണ്ട്. ഞാനൊരു ദിവസം നിന്നെ തപ്പിയങ്ങോട്ട് വരുന്നുണ്ടെടീയെന്ന് അവന്‍ പറഞ്ഞപ്പോള്‍ അവളുടെ ഉള്ള് കിടുത്തു പോയി.
അവസാനം ഞാന്‍ നിന്നെ വിളിച്ച കാര്യമെങ്ങാനും ഫൈറൂസയോ മറ്റാരെങ്കിലുമോ അറിഞ്ഞാല്‍ അന്നത്തോടെ നീ തീര്‍ന്നെടീയെന്നും പറഞ്ഞിട്ടാണ് അവന്‍ ഫോണ്‍ വെച്ചത്.
നൂറക്ക് ആകെ പരിസരം മറന്ന സ്ഥിതിയായി. ഭയം അവളുടെ കാലിന്റെ ചെറുവിരല്‍ മുതല്‍ മൂര്‍ദ്ധാവ് വരെ മിന്നല്‍ പിണര്‍ കണക്കെ കടന്നു പോയി.
ഇനിയവനെങ്ങാനും തന്റെ വീട്ടിലേക്ക് വന്നിട്ട് പ്രശ്‌നമുണ്ടാക്കിയാല്‍ ആകെ നാണക്കേടാവുമല്ലോ…റബ്ബേ….അത് പിന്നീട് ചീത്ത പേരായി കാലാകാലം നിലനില്‍ക്കും. എന്റെ പ്രിയപ്പെട്ടവരുമായുമുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നെല്ലാം പറഞ്ഞതിന്റെ ഉദ്ദേശ്യമെന്തായിരിക്കും….!?
അവളുടെ ഭയം അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയിരിക്കുന്നു. നൂറക്കിപ്പോള്‍ ഭയവും നിര്‍വികാരതയും കൂടിക്കലര്‍ന്ന ഒരു സമ്മിശ്ര വികാരമായിരുന്നു. കരയണോ അല്ലെങ്കില്‍ മറ്റാരെങ്കിലുമായിട്ട് തന്റെ കാര്യം ഷെയര്‍ ചെയ്യണോയെന്നറിയാത്ത നിസഹായത. ഇരുന്ന കസേരയില്‍ നിന്നെഴുന്നേല്‍ക്കാന്‍ പോലും അവള്‍ക്ക് ഭയമായി.
ഫൈറൂസയിലുണ്ടായിരുന്ന മാറ്റം തന്നെ എത്രമേല്‍ സന്തോഷിപ്പിച്ചിരുന്നുവോ അതിനേക്കാളിപ്പോള്‍ അത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമോയെന്നവള്‍ക്ക് പരിഭ്രമമുണ്ടായി.
ഏകദേശം ഒരു മണിക്കൂര്‍ സമയം അവളങ്ങനെ എന്തുചെയ്യണമെന്നറിയാതെ ഇരുന്നു. സമയം രാത്രി പതിനൊന്ന് കഴിഞ്ഞിട്ടുണ്ട്.
എന്തോ ആലോചിച്ചു കൊണ്ട് അവള്‍ എഴുന്നേറ്റ് പോയി വുളൂഅ് ചെയ്തു വന്നു. വൂളൂഅ് ചെയ്തപ്പോള്‍ തന്നെ മനസ്സിനെന്തോ വല്ലാത്ത ആശ്വാസം ലഭിച്ചു. നിസ്‌കാരത്തിലേക്ക് നിന്നു. ശാന്തമായിട്ടങ്ങനെ നിസ്‌കാരത്തില്‍ ലയിച്ചു ചേര്‍ന്നു. നിസ്‌കാര ശേഷം ഒരുപാട് തവണ ഇസ്തിഅ്ഫാറ് ചൊല്ലി. ശേഷം ലാഇലാഹ ഇല്ലല്ലാഹ് എന്ന ദിക്‌റ് ഹൃദയത്തോട് അന്യയിപ്പിച്ചു കൊണ്ട് ഉച്ചരിച്ചു. കണ്ണുകളടച്ചിരുന്ന് അല്ലാഹ് എന്ന് മനസ്സുരുകി പലതവണ വിളിച്ചു കൊണ്ടേയിരുന്നു.
ഇപ്പോള്‍ അവളുടെ മനസ്സ് ശാന്തമാണ്. അവിടെ ഫൈസലോ, ഫൈറൂസയോ…ഈ ഭൂലോകത്തെ മറ്റാരെങ്കിലുമോ ഇല്ല. അവളും അല്ലാഹുവും മാത്രം. ഇത് രാത്രിയാണോ പകലാണോയെന്ന ചിന്തപോലും അവള്‍ക്കില്ലായിരുന്നു. ഇങ്ങനെ അല്ലാഹുവില്‍ ലയിച്ചിരിക്കാന്‍ അവള്‍ ചെറുപ്പം മുതലേ ശീലിച്ചതാണല്ലോ. അല്ലെങ്കിലും അല്ലാഹുവിനെ സ്മരിച്ചാല്‍ ഹൃദയ ശാന്തത ലഭിക്കുമെന്ന് ഖുര്‍ആനിലുണ്ടല്ലോ…
‘വിശ്വസിച്ചവരും അല്ലാഹുവിന്റെ സ്മരണ കൊണ്ട് ഹൃദയം ശാന്തമായവരുമായ കൂട്ടരെ…അറിയുക , നിശ്ചയം ഇലാഹീ സ്മരണ കൊണ്ട് മാത്രമാണ് ഹൃദയ ശാന്തത.’
ഹൃദയം പൂര്‍ണ്ണമായി ശാന്തമായി തന്റെ വരുതിയിലായി എന്നുറപ്പായപ്പോള്‍ അവള്‍ പതുക്കെ എഴുന്നേറ്റു. കട്ടിലില്‍ ചെന്നു കിടന്നു. പെട്ടെന്നവളുടെ ശ്രദ്ധ ടീപോയില്‍ വെച്ച കാപ്പി ചട്ടയുള്ള ഡയറിയിലായി. കഴിഞ്ഞ വ്യാഴാഴ്ച കഥപറയാനെടുത്തതിന് ശേഷം അത് തിരിച്ചു വെച്ചിട്ടില്ല. അവളതെടുത്തു മറിച്ചു നോക്കി. ആദ്യം കണ്ട സംഭവം അവള്‍ മനസ്സ് കൊണ്ട് വായിച്ചു:
‘അബുല്‍ ഹസന്‍ അശ്ശാദുലി(റ)വാണ് പറയുന്നത്: മഹാനവര്‍കള്‍ ഒരു മരുഭൂമിയിലായിരുന്നു. ആ സമയത്താണ് മഹാനവര്‍കളെ ലക്ഷ്യമാക്കി ഒരു വന്യമൃഗം നടന്നടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അത് തന്റെ നേരെ തന്നെയാണ് വരുന്നതെന്ന് കണ്ടപ്പോള്‍ മഹാനവര്‍കള്‍ ഭയവിഹ്വലനായി. ഒരുനിലയ്ക്കും തനിക്ക് രക്ഷപെടാന്‍ സാധിക്കില്ലെന്നദ്ദേഹമുറപ്പിച്ചു.
പെട്ടെന്നാണ് മഹാന്‍ അല്ലഹുവിന്റെ റസൂല്യുടെ മേല്‍ സ്വലാത്ത് ചൊല്ലിയത്. ഹബീബിയുടെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ മഹ്ബൂബായ അല്ലാഹു പത്തിരട്ടി റഹ്മത്ത് തിരിച്ചു ചെയ്യാമെന്ന് വാക്ക് പറഞ്ഞതല്ലേ… !? ആ പിടിമൃഗം മഹാനരെ ഒന്നും ചെയ്യാതെ തിരിച്ചു നടന്നു. അല്ലാഹുവാണല്ലോ ഹൃദയങ്ങളെ നിയന്ത്രിക്കുന്നവന്‍..! ‘
ആ ചരിത്രം വായിച്ചപ്പോള്‍ അവളുടെ ഹൃദയം വീണ്ടും ശാന്തമായി. അവളുടെ നാവുകള്‍ മദീനയിലേക്ക് സ്വലാത്തുകളയച്ചു. ഹൃദയം നാവുകള്‍ക്ക് മുമ്പേ അവിടെയെത്തിയിരുന്നു. അവള്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു:
‘റബ്ബേ…ഹൃദയങ്ങളെ നിയന്ത്രിക്കുന്നവന്‍ നീയാണ്…നിന്റെ തീരുമാനത്തിനതീതമായതൊന്നും എന്തിന്, ഒരിലപോലും ഈ പ്രപഞ്ചത്തിലനങ്ങില്ല. നിനക്കറിയാമല്ലോ…ഞാനിതത്രയും ചെയ്തത് നിന്റെയും ഹബീബായ തങ്ങളുയുടെയും പ്രീതിയുദ്ദേശിച്ചിട്ടാണ്…അതുകൊണ്ട് നീയെന്നെ പരീക്ഷിക്കരുത്….ശത്രുതക്ക് പകരം ഹൃദയത്തില്‍ നന്മ നിറക്കാനറിയുന്നവനാണല്ലോ നീ…എന്നോട് ദേഷ്യം വെക്കുന്നവരുടെ ഹൃദയങ്ങളെ സ്‌നേഹ സമൃദ്ധമാക്കണേ നാഥാ….’
ആ കട്ടിലില്‍ കിടന്ന് ഉറക്കം അവളുടെ ബോധത്തെ കൂടയിറക്കി കൊണ്ടു പോകുന്നത് വരെ അവള്‍ അല്ലാഹുവിനോട് മനമുരുകി ദുആ ചെയ്തു.
**
‘ഉമ്മാ….എങ്ങോട്ടാ നിങ്ങള്‍ക്ക് പോവാനുള്ളത്…ഇന്ന് ഞാന്‍ ഫ്രീയാണ്….എവടേക്കാണെങ്കിലും പെട്ടെന്ന് പോയി പോരണം…’
ഫാതിഹ് രാവിലത്തെ ചായ കുടിയും പത്രവായനയുമെല്ലാം കഴിഞ്ഞപ്പോള്‍ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു.
‘ഇന്നാലനക്ക് അത് ഇന്നലെ രാത്രി പറഞ്ഞൂടായ്‌നോ…ഇനിക്കിവിടെ പിടിപ്പത് പണിയുണ്ട്….ഞമ്മക്ക് വൈകുന്നേരം പോകാ…’
മല്ലിയും മുളകും അരിയുമെല്ലാം പൊടിപ്പിക്കാനുള്ളതാണ്. അരി കഴുകി ഉണക്കണം, ഓന്‍ ഇന്നലെ ഇട്ടതും അല്ലാത്തതുമായ ഒരുകൂട്ടം ഡ്രസ് അലക്കണം തുടങ്ങിയ എല്ലാ പണികളുമാലോചിച്ചിട്ടാണ് സഫിയാത്ത അങ്ങനെ പറഞ്ഞത്.
‘ഇന്നലെ പറഞ്ഞീനെങ്കില്‍ ഇതൊക്കെ കുറച്ച് നേരത്തെ ചെയ്യായ്‌നി….’
അവര്‍ കുമ്പിട്ട് മുറ്റത്ത് അരി ഉണക്കിച്ചിക്കുന്നതിനിടയില്‍ പിറുപിറുത്തു.
‘ആ…ന്നാല്‍ നമ്മക്ക് വൈകുന്നേരം പോവാം….’
ഫാത്തിഹ് ഇന്നലെ പറയാതിരുന്നതിന് ക്ഷമ ചോദിക്കുന്ന രൂപത്തില്‍ പറഞ്ഞു.
‘ഉം…’
സഫിയാത്ത നീട്ടിയൊന്ന് മൂളി..
പണിയെല്ലാം കഴിഞ്ഞതിന് ശേഷം അവന്‍ കാണാതെ സഫിയാത്ത ‘തങ്ങളിന്ന് വൈകീട്ട് അങ്ങോട്ടൊന്ന് വരുന്നുണ്ടെന്ന്’ നൂറയുടെ ഉപ്പക്ക് വിളിച്ചു പറഞ്ഞു.
എന്താണിത്താ ഈ വരവിന്റെ ഉദ്ദേശ്യം എന്ന് ചോദിച്ചപ്പോള്‍…എനിക്ക് നൂറയെ ഒന്ന് കാണാനാണെന്നാണ് പറഞ്ഞത്. അവരെന്ത് വിചാരിച്ചോ ആവോ.. ഏതായാലും പോയി നോക്കാം…
സഫിയാത്തയുടെ മനസ്സില്‍ ലജ്ജയുടെ ലാഞ്ചന മിന്നിമറഞ്ഞു
വൈകീട്ട് പോവാന്‍ വേണ്ടി സഫിയാത്ത അണിഞ്ഞൊരുങ്ങി വന്നപ്പോള്‍ ഫാതിഹ് സാധാരണ വീട്ടിലിടുന്ന ഡ്രസും ഇട്ടോണ്ടാണിറങ്ങിയത്.
‘നീയിതെങ്ങോട്ടാ….!? ‘
സഫിയാത്ത രണ്ട് കയ്യും ഊരക്ക് കൊടുത്ത് തല കുറച്ച് ചെരിച്ചിട്ട് ഗൗരവത്തില്‍ ചോദിച്ചു.
‘അപ്പോ…ങ്ങളല്ലെ എവടെക്കോ പോവാന്ണ്ട്ന്നും പറഞ്ഞ് എന്നെ വിളിച്ചെറക്കിയത്…’
ഉമ്മയെന്തിനാണ് അങ്ങനെ ചോദിച്ചതെന്ന് മനസ്സിലാകാതെ ഫാത്തിഹ് പറഞ്ഞു.
‘പോയി നല്ല ഡ്രസിട്ടിട്ട് എന്റെ കൂടെ വാ…’
സഫിയാത്ത വീണ്ടും ഒച്ചയിട്ടു.
‘അയ്‌ന് ങ്ങളല്ലേ പോണത്. ഞാനിനിങ്ങളെ കൂടെ കണ്ടോലെ വീട്ട്‌ക്കൊന്നും കയറിയിറങ്ങൂലട്ടൊ…’
അവന്‍ വീണ്ടും സംശയത്തില്‍ ചോദിച്ചു.
‘അതൊക്കെ ശരി തന്നെ, പക്ഷേ, ഇതങ്ങനെ പറഞ്ഞാല്‍ ശരിയാവൂല…ഇവ്‌ടേക്ക് ജ്ജ് എന്തായാലും വരണം..ജ്ജ് പോയി സുന്ദര കുട്ടപ്പനായി വന്നാ….’
സഫിയാത്ത അവനെ വീണ്ടും ഉന്തിത്തള്ളി റൂമിലേക്ക് തന്നെ വിട്ടു.
ഉമ്മയുടെ ഈ പോക്കിന് പിന്നിലെന്തോ ദുരൂഹത മണക്കുന്നുണ്ടെന്ന് ഫാതിഹിനപ്പോള്‍ തോന്നി. ഏതായാലും അവന്‍ റൂമില്‍ പോയി ഡ്രസ് മാറ്റി വന്നു.
യാത്രക്കിടയില്‍ കാറില്‍ നിന്ന് അവന്‍ ചോദിച്ചു
‘ ഉമ്മാ…സത്യം പറ. നമ്മളിപ്പോള്‍ എങ്ങോട്ടാണ് പോകുന്നത്.’
സഫിയാത്ത ആദ്യം ആ ചോദ്യം കേള്‍ക്കാത്ത പോലെ നിന്നു.
‘ഉമ്മാ….’
ഫാതിഹ് വീണ്ടും കുറച്ച് കനപ്പിച്ചു വിളിച്ചു.
ആ വിളി കേട്ടപ്പോള്‍ സഫിയാത്തക്ക് ചിരി വന്നു. ഇനിയും ഇത് പറയാതെ തനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലാന്ന് മനസ്സിലാക്കിയ അവര്‍ പറഞ്ഞു.
‘ഡാ…ഞമ്മള് നൂറമോളെ വീട്ടിലേക്കാണ് പോണത്. ഞാനന്ന് ആ നേഴ്‌സിന്റടുത്തു നിന്ന് ഓളെ വീട്ടാരെ നമ്പറൊപ്പിച്ച് വിളിച്ചീനി’
സഫിയാത്ത സംസാരം നിറുത്തിയതും ഫാതിഹിന്റെ കാലുകള്‍ പെട്ടെന്ന് ബ്രേക്കിലമര്‍ന്നു. സഡന്‍ ബ്രേക്കിട്ടത് കൊണ്ടാണെന്ന് തോന്നുന്നു പിറകില്‍ നിന്ന് വാഹനങ്ങള്‍ നിര്‍ത്താതെ ശബ്ദമുണ്ടാക്കുന്നുണ്ട്.
‘ഞാന്‍ പോരുന്നില്ല…നമുക്ക് തിരിച്ചു പോവാം….’
ഫാതിഹ് വണ്ടി തിരിക്കാനൊരുങ്ങി.
‘അത് പറ്റില്ലാ…ഞാനെന്തായാലും ഇന്ന് വരുംന്ന് അവര്‍ക്ക് വാക്ക് കൊടുത്തതാണ്. ഇനി പോകാതിരുന്നാല്‍ അതോലെ പറ്റിക്കലാവും…നീയല്ലേ..എന്നോട് ഇന്ന് ആക്കിത്തരാംന്ന് പറഞ്ഞത്’
സഫിയാത്ത മുഖത്ത് കള്ളച്ചിരി വിടത്തി പറഞ്ഞു.
‘അയ്‌നങ്ങളെങ്ങട്ടാണ് പോണതെന്ന് എന്നോട് പറഞ്ഞിട്ടില്ലല്ലോ….’
അവന്‍ അല്‍പസമയത്തിന് കൊച്ചു കുട്ടിയായി.
‘അയ്‌ന് ഞമ്മളൗട്ക്കാ പോണതെന്ന് ജ്ജ്‌ന്നോട് ചോയ്ച്ചീല്ലല്ലോ…’
സഫിയാത്ത കൗണ്ടറടിച്ചു.
‘അല്ല….അപ്പോ ഈ പോക്ക് ഞാന്‍ പെണ്ണ് കാണാന്‍ പോവാണോ…’
കാറിന്റെ ഫ്രണ്ട് ഗ്ലാസിലേക്ക് നോക്കി തലമുടിയൊന്ന് ഒതുക്കിക്കൊണ്ട് ചോദിച്ചു.
‘പെണ്ണിനെ കാണാന്‍ പറ്റ്വാന്നറിയൂലാ…ഞാനേതായാലും ഓളൊന്ന് കാണണംന്ന്ള്ള ഉദ്ദേശ്യത്തിലാണ് പോണത്’
സഫിയാത്ത വീണ്ടും ഉടക്കി സംസാരിച്ചു.
‘ന്നാല്‍ ങ്ങളൊന്ന് നേരത്തെ പറഞ്ഞീനെങ്കില്‍ എനിക്കൊന്ന് ഒരുങ്ങായിരുന്നു’
തന്റെ ഡ്രസ്സിലേക്ക് നോക്കിയിട്ട് ഫാതിഹ് പറഞ്ഞു. അവന്‍ പുറത്തേക്ക് നീരസം കാണിച്ചെങ്കിലും ഉള്ളില്‍ സന്തോഷം അലതല്ലുന്നുണ്ടായിരുന്നു.
‘അതെന്നല്ലേ…ഞാന്‍ അന്നോട് പറഞ്ഞത് നല്ലമട്ടത്തിലും ചേലിലും ഒക്കെ എറങ്ങാന്‍’
അവരിപ്പോള്‍ നൂറയുടെ ഉപ്പ പറഞ്ഞ അഡ്രസുള്ള സ്ഥലത്തെത്തി. ഇനിയിവിടെ നിന്ന് കൃത്യമായി വീട്ടിലേക്കെങ്ങനെയാണ് പോണതെന്നറിയണം.
ഫാതിഹ് ആരോടെങ്കിലും അന്വേഷിക്കാന്‍ വേണ്ടി വണ്ടി കുറച്ച് സൈഡിലാക്കി നിര്‍ത്തി. കുറച്ചപ്പുറത്തായി ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ട സഫിയാത്ത
‘മാളേ…’ന്ന് കുറച്ചുച്ചത്തില്‍ വിളിച്ചു. ആ കുട്ടി വിളി കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ അടുത്തേക്ക് വരാനായി ആംഗ്യം കാണിച്ചു.
‘മോള്‍ക്ക് ഈ നാട്ടില് നൂറാന്ന് പേരുള്ള ഒരു കുട്ടിനെയറിയോ….?’
സഫിയാത്ത ചോദിച്ചപ്പോള്‍ ഒരുനിമിഷത്തെ ആലോചനക്ക് ശേഷം ആ കുട്ടി തിരിച്ചു ചോദിച്ചു,
‘നൂറത്താനല്ലേ… അറിയാലോ….’
അതുകേട്ടപ്പോള്‍ സഫിയാത്തയുടെ മുഖത്ത് സന്തോഷം.
‘ഈ നൂറത്ത ആളെങ്ങനെയാ…’ സഫിയാത്തയുടെ അമ്മായിമ്മ മനസ്സുണര്‍ന്നു.
ആ ചോദ്യം കേട്ടപ്പോള്‍ ഇതൊരു കല്യാണമന്വേഷണമാണെന്ന് ആ കുട്ടിക്കും മനസ്സിലായെന്ന് തോന്നുന്നു. അവള്‍ നൂറയെ പറ്റി നന്നായി പറഞ്ഞു കൊടുത്തു. ശേഷം അവള്‍ അവര്‍ക്ക് നൂറയുടെ വീടെവിടെയാണെന്ന് കറക്റ്റായി പറഞ്ഞു കൊടുക്കുകയും ചെയ്തു.
ഫാതിഹ് കാറ് സ്റ്റാര്‍ട്ടാക്കി നൂറയുടെ വീടിന് നേരെ പോകാനൊരുങ്ങുമ്പോള്‍ അതുവരെ അവരുടെ കാറിന് മുമ്പിലായി നിര്‍ത്തിയിട്ടിരുന്ന ബൈക്കിലുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാര്‍ കൈ കണിച്ചിട്ട് നിറുത്താന്‍ പറഞ്ഞു.
************ ************ ************ ************ ************ ************
‘ഉമ്മാ ഞമ്മൊക്കൊന്ന് ആശുപത്രീല്‍ പോയിട്ട് വേഗംങ്ങട്ട് പോരാ’
ഉമ്മമ്മാക്ക് ഇന്നലെ രാത്രി മുതല്‍ തുടങ്ങിയതാണ് നേരിയ പനിയും ശരീരമാസകലം വേദനയും. പക്ഷേ, എത്ര പറഞ്ഞിട്ടും ഉമ്മമ്മ ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കുന്നില്ല.
‘ഇനിക്ക് പേടിക്കാന്‍ മാത്രം ഒന്നുല്യകുട്ട്യേ… ഇതൊരു ചുക്കാപ്പി കുടിച്ചാല്‍ തീര്ണ പന്യേള്ളൂ ‘
ഉപ്പച്ചി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഹോസ്പിറ്റലില്‍ പോകുന്നതിനെ കുറിച്ച് പറയുമ്പോഴെല്ലാം ഉമ്മമ്മയിതു തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
ഉമ്മമ്മ വഴങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ അവസാനം ഉപ്പച്ചി തന്റെ ശ്രമത്തില്‍ നിന്ന് പിന്മാറി.
നൂറ ഉമ്മമ്മയുടെ അടുത്ത് ചെന്നിരുന്നു. അവര്‍ എന്തോ ചൊല്ലുകയാണ്. നൂറ അടുത്തു വന്നിരുന്ന വിവരമൊന്നും ഉമ്മമ്മ അറിഞ്ഞിട്ടില്ല. അവള്‍ ഉമ്മമ്മയുടെ നെറ്റിയില്‍ കൈവെച്ചിട്ട് ചൂടു നോക്കി. നല്ല ചൂടുണ്ട്. ഉമ്മമ്മ പതുക്കെ കണ്ണുകള്‍ തുറന്നു. അവളെ നോക്കി ചിരിച്ചു.
അവള്‍ തിരിച്ചും.
‘എന്താണ് ഉമ്മമ്മാന്റെ കുട്ടിന്റെ മോത്തൊരു സങ്കടം.. ഉമ്മമ്മാക്ക് സുഖല്ല്യാഞ്ഞിട്ടാണോ…? ‘
അവളെ കണ്ടതും ഉമ്മമ്മ ചോദിച്ചു. ഇന്നലെ രാത്രി ഫൈസല്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ വിഷയം അവളിതു വരെ ആരോടും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ആ രഹസ്യത്തിന്റെ ഭാരം അവളുടെ മുഖത്ത് പ്രകടവുമായിരുന്നു.
പക്ഷേ, ഈ വീട്ടിലെ മറ്റൊരാള്‍ക്കും തന്റെ മുഖത്ത് സങ്കടത്തിന്റെ ലാഞ്ചന പോലുമുള്ളതായി തോന്നിയിട്ടില്ല. എന്നാല്‍ സുഖമില്ലാതെ കിടക്കുന്ന ഉമ്മമ്മക്കത് മനസ്സിലായി.
അവള്‍ക്ക് ഉമ്മമ്മയോട് എല്ലാം തുറന്നു പറയണമെന്നുണ്ട്. കാരണം ഉമ്മമ്മയുടെ മടിയില്‍ തലചായ്ച്ച് കിടക്കുമ്പോള്‍, ആ ചുക്കിച്ചുളിഞ്ഞ വിരലുകള്‍ കൊണ്ട് തലയിലൂടെ പതുക്കെ തലോടുമ്പോള്‍, ഉമ്മമ്മ തന്റെ ജീവിതാനുഭവത്തിന്റെ രസം പറയുമ്പോള്‍, അതെല്ലാം കേട്ടിരിക്കുമ്പോഴും അനുഭവിച്ചറിയുമ്പോഴും വല്ലാത്തൊരു സുരക്ഷ ഫീല്‍ ചെയ്യും. തകര്‍ന്നിടത്ത് നിന്ന് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ഊര്‍ജം ലഭിക്കും. അവള്‍ മെല്ലെ തലയാട്ടി ക്കൊണ്ട് സങ്കടം നിറഞ്ഞ ശബ്ദത്തില്‍ ചോദിച്ചു
‘ഉമ്മമ്മയെന്താ ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കാത്തത്…?’
‘ഓ.. അതാണോ മോള്‍ടെ സങ്കടം…? അതോ… ഉമ്മമ്മക്ക് ഈ ആശുപത്രിയില്‍ പോണെയ്‌നോട് ദേഷ്യം ഉണ്ടായിട്ടൊന്നുമല്ല. പിന്നെ, എന്തെങ്കിലും ചെറിയൊരസുഖമുണ്ടാകുമ്പോഴേക്കും ആശുപത്രീല്‍ക്ക് ഓടണ്ടാന്ന് കരുതീട്ടാണ്. ഇതൊക്കെ നമ്മളെന്തെങ്കിലും ചൊല്ലി പറഞ്ഞാല്‍ തന്നെ ശിഫാവും കുട്ട്യേ… എല്ലാ രോഗവും അങ്ങനെ തന്നെ. പിന്നെ ബാക്കിള്ളോലുടെ ഒരു മന:സമാധാനത്തിനാണ് ഈ ആശുപത്രീല്‍ക്ക് മണ്ടിപ്പായ്ണത് ‘
‘ ഉം… ഉമ്മമ്മ ഇപ്പൊ എന്താണ് ചൊല്ലുന്നത്…? ‘
ഒരുപാട് സമയമായി ഉമ്മമ്മ എന്തോ നിര്‍ത്താതെ ചൊല്ലുന്നത് ശ്രദ്ധിച്ചിരുന്ന നൂറ പെട്ടെന്ന് ചോദിച്ചു.
‘ അതോ… അതൊരു ദിക്‌റാണ്.. പണ്ട് ഇനിക്ക് ഇതുപോലെ വല്ല അസുഖവും വന്നാല്‍ അന്റെ ഉപ്പുപ്പ ആദ്യം ചൊല്ലാന്‍ പറിണ ദിക്‌റാണ്. അത് ചൊല്ലിയാല്‍ തന്നെ ന്റെ എല്ലാ അസുഖങ്ങളും മാറും’
ഉപ്പുപ്പയെ പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു ഉമ്മമ്മയുടെ മുഖത്ത് ഒരു ചെറു ചിരി വിടര്‍ന്നു മാഞ്ഞു.
ഏതാണ് ആ ദിക്‌റ് ഉമ്മമ്മാ…?’
അവള്‍ ചോദിച്ചു.
ബിസ്മില്ലാഹി റബ്ബിയല്ലാഹു ഹസ്ബിയല്ലാഹു തവക്കല്‍ത്തു അലല്ലാഹി ഇഅ്തസ്വമ്ത്തു ബില്ലാഹി ഫവ്വള്‍ത്തു അമ് രീ ഇലല്ലാഹി മാ ശാഅ അല്ലാഹു ലാ ഖുവ്വത്ത ഇല്ലാ ബില്ലാഹി
ഉമ്മമ്മ ഒരാവര്‍ത്തി വേഗത്തില്‍ ചൊല്ലിയതിന് ശേഷം വീണ്ടും പതുക്കെ ആവര്‍ത്തിച്ചു. അപ്പോള്‍ നൂറയും ഏറ്റുചൊല്ലി.
‘ഈ ദിക്‌റ് ഒരു മഹാന്‍ തീരെ സുഖമില്ലാതെ മരണവും പ്രതീക്ഷിച്ച് കിടക്കുമ്പോള്‍ സ്വപ്നത്തില്‍ വന്നിട്ട് മുത്ത്‌നബി അയാള്‍ക്ക് പറഞ്ഞു കൊടുത്തതാണ്. അന്നു തന്നെ അയാളുടെ അസുഖവും മാറി.’
ഉമ്മമ്മ ആ ദിക്‌റിന്റെ ചരിത്രത്തിന്റെ രത്‌ന ചുരുക്കം നൂറക്ക് പറഞ്ഞു കൊടുത്തു. ഉമ്മമ്മക്ക് തീരെ സുഖമില്ലാത്തത് കൊണ്ടാണ് ആ കഥ ചുരുക്കി പറഞ്ഞതെന്ന് അവള്‍ക്ക് തോന്നി. കാരണം സാധാരണ കഥ പറയാനൊരവസരം കിട്ടിയാല്‍ ഉമ്മമ്മ അതാസ്വദിച്ചു കൊണ്ട് വിശദമായിട്ടാണ് പറയാറ്.
‘ മോളേ… എല്ലാത്തിലും പടച്ചോനെ തവക്കുലാക്കാന്‍ കഴിയുകായെന്നത് വല്ലാത്തൊരു ആത്മീയാവസ്ഥയാണ്. അത് ഞമ്മളെ പോലുള്ള സാധാരണക്കാര്‍ക്കൊന്നും സാധിക്കൂല. മഹാന്മാരൊക്കെ അങ്ങനെയായിരുന്നു. അവരീ ദുനിയാവിലുള്ള ഒന്നിലും ആശ്രയിക്കാതെ പടച്ചോനെ തവക്കുലാക്കി ജീവിക്കും. അങ്ങനെ ജീവിക്കുന്നവര്‍ ഇനി അറിയാതെയെങ്ങാനും തവക്കുലാക്കാന്‍ മറന്നാല്‍ തന്നെ പടച്ചോനോലെ അത് വീണ്ടും ഓര്‍മിപ്പിക്കും. ‘
അത്രയും പറഞ്ഞു നിര്‍ത്തിയിട്ട് ഉമ്മമ്മ എന്തോ ആലോചിച്ചു കൊണ്ട് ചിരിച്ചു. ശേഷം പറഞ്ഞു.
‘ പണ്ട് മൂസാ നബിക്ക് ശക്തമായ പല്ലുവേദനയുണ്ടായി. നബി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു. ഒരു പ്രത്യേക ചെടിയെടുത്ത് പല്ലില്‍ വെക്കാന്‍ അല്ലാഹു പറഞ്ഞു. അങ്ങനെ ചെയ്തപ്പോള്‍ ഉടനെ പല്ലുവേദന മാറി. എന്നാല്‍ പിന്നീടൊരിക്കല്‍ പല്ലുവേദന വന്നപ്പോള്‍ മൂസാനബി ഇതേ ചെടിയെടുത്ത് പല്ലില്‍ വെച്ചു. പക്ഷേ, ആദ്യമുണ്ടായിരുന്നതിനേക്കാള്‍ വേദന ഇരട്ടിച്ചു.
ഉടനെ മൂസാനബി അല്ലാഹുവിനോട് വീണ്ടും സഹായം തേടി
‘എന്റ റബ്ബേ…, നീയല്ലേ എന്നോട് ഈ ചെടിവെക്കാന്‍ കല്‍പ്പിച്ചിരുന്നത്…. എന്നിട്ടിപ്പോ…?’
ഉടനെ അല്ലാഹുവിന്റെ മറുപടിയെത്തി ‘ഞാനാണ് രോഗം സുഖപ്പെടുത്തുന്നവന്‍. ആരോഗ്യവും ബുദ്ധിമുട്ടും ഉപകാരവും ചെയ്യുന്നവനും ഞാനാണ്. നിങ്ങള്‍ക്ക് ആദ്യം വേദന വന്നപ്പോള്‍ നിങ്ങളെന്നെ ഉദ്ദേശിച്ച് സഹായം തേടി. അപ്പോള്‍ ഞാന്‍ സുഖപ്പെടുത്തി. എന്നാല്‍ രണ്ടാമത് നിങ്ങള്‍ ചെടിയെയാണ് ആശ്രയിച്ചത് എന്നെ ഉദ്ദേശിച്ചല്ല’
കഥ പറയാനുള്ള ഉമ്മമ്മയുടെ തത്പര്യമാണ് ആ രോഗാവസ്ഥയിലും ഇത്രയും ആവേശത്തോടെ ഇത് പറയാനുള്ള കാരണം.
‘ അപ്പോ, മോളേ.. ആദ്യം പടച്ചോനോട് പറയണം ന്ന്ട്ട് വേണം ഡോക്ട്ടറെ കാണാന്‍ ന്നാണ് മൂസാനബിന്റെ ഈ കഥ ഞമ്മളോട് പറയ്ണത്. അതാണ് ഉമ്മമ്മ ഇപ്പം ആശുപത്രിയില്‍ പോണ്ടാന്ന് പറയ്ണത്. ‘
പടച്ചോനെ തവക്കുലാക്കാനുള്ള ആത്മധൈര്യം കണ്ടപ്പോള്‍ നൂറക്ക് ഉമ്മമ്മയോട് എന്തോ വല്ലാത്ത ബഹുമാനം തോന്നി. ഫൈസലിന്റെ വിഷയത്തില്‍ താനിന്നലെ പടച്ചോനെ ഭരമേല്‍പ്പിച്ചത് തന്നെയാണതിന്റെ ശരിയെന്ന് അവളുടെ മനസ്സവളോട് മന്ത്രിച്ചു.
‘ ആ.. ഫാത്തിഹ് ഡോക്ടറും ഉമ്മയും കൂടെ ഇങ്ങോട്ട് വരുന്നുണ്ടല്ലോ… മിക്കവാറും നിന്നെ പെണ്ണ് കാണാനായിരിക്കും’
അടുക്കളയില്‍ നിന്ന് ഉപ്പച്ചിയും ഉമ്മച്ചിയും സംസാരിക്കുന്നത് കേട്ട് മോനൂസ് നൂറയുടെ അടുത്ത് വന്ന് ചിരിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു.
അവന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ നൂറക്ക് ഒരു നിമിഷം വേണ്ടി വന്നു. വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചുമെല്ലാം ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്ര പെട്ടെന്ന് തന്നെ കാണാനൊരാള് വരുന്നത് സ്വപ്‌നേപി ചിന്തിച്ചിട്ടില്ല. അവളുടെ ശരീരം മുഴുവന്‍ ഒന്ന് വിറ കൊണ്ടു. അവള്‍ ഉമ്മമ്മയുടെ മുഖത്തേക്ക് നോക്കി. ഉമ്മമ്മ ചിരിച്ചു
‘മണവാട്ടി കുട്ടിയാവാന്‍ പോവാണല്ലേ ഉമ്മമ്മാന്റെ കുട്ടി… ഇനിയിപ്പം ഈ വയസ്സായ ഉമ്മമ്മാനൊന്നും വേണ്ടിവരൂല’
നൂറയുടെ മുഖത്ത് നാണം തളം കെട്ടി നിന്നു. അവളൊന്നും പറയാതെ ഉമ്മമ്മാന്റെ നെറ്റിയില്‍ ഉമ്മവെച്ചിട്ട് റൂമിലേക്കോടി.
**
ഇന്നലെ രാത്രി നൂറയെ വിളിച്ച് തന്റെ ദേഷ്യം മുഴുവന്‍ പറഞ്ഞു തീര്‍ത്തിട്ടും ഫൈസലിന് കലിപ്പടങ്ങിയിരുന്നില്ല. തന്നെ പോലെ തന്നെ അവളും വേദന തിന്നണമെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു. അവന്‍ തന്റെ ആത്മ സുഹൃത്തും സകല വേണ്ടാത്തരങ്ങള്‍ക്കും പൂര്‍ണ്ണ സപ്പോട്ടുമായി കൂടെ നില്‍ക്കുന്ന ഇജാസിനെ വിളിച്ചു സംഗതികളുടെ കിടപ്പുവശം അവതരിപ്പിച്ചു. ‘ഇതൊക്കെ നീയെന്നോട് നേരെത്തെ പറയേണ്ടിഷ്ടാ… ഓള് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു പണി നമുക്ക് ഓള്‍ക്ക് കൊടുക്കണം.. നീയേതായാലും വേഗം റെഡിയായിറങ്ങ്. ആദ്യം നമുക്ക് അവളുടെ വീടും പരിസരവുമൊക്കൊയൊന്ന് കണ്ടുവരാം. ‘
ഒരുപാട് കാലത്തിന് ശേഷം തന്റെ കെണിയിലൊരു ഇരവീണ സിംഹത്തിന്റെ ആവേശമുണ്ടായിരുന്നു ഇജാസിന്റെ വാക്കുകള്‍ക്ക്.
ഉച്ച തിരിഞ്ഞപ്പോള്‍ ഫൈസലും ഇജാസും നൂറയുടെ വീടും പരിസരവും സെകെച്ച് ചെയ്യാനിറങ്ങി. ഒരുപാട് സമയം അതിലൂടെ ചുറ്റിക്കറങ്ങിയിട്ടും പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യാനുള്ള തുമ്പൊന്നും ഒത്തില്ല. നിരാശയോടെ ബൈക്ക് ഒരു സൈഡില്‍ നിര്‍ത്തി തൊട്ടടുത്ത കടയില്‍ നിന്ന് രണ്ട് നാരങ്ങാ സോഡയും ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ്
‘മാളേ…’
ന്നൊരു വിളി കേള്‍ക്കുന്നത്. അവരുടെ ബൈക്ക് നിറുത്തിയിട്ടതിന്റെ തൊട്ടു പിറകിലായി പാര്‍ക്ക് ചെയ്ത കാറിലെ സ്ത്രീയാണ്. അവരുടെ സംസാരത്തിലെന്തോ താത്പര്യം തോന്നിയ ഫൈസല്‍ അങ്ങോട്ടു തന്നെ ശ്രദ്ധിച്ചു.
‘മോള്‍ക്ക് ഈ നാട്ടില് നൂറാന്ന് പേരുള്ള കുട്ടിനെ അറിയോ…’
കാറിലെ സ്ത്രീ നൂറയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് കണ്ടപ്പോള്‍ ഫൈസല്‍ ചെവി ഒന്നൂടെ വട്ടം പിടിച്ചു.
നൂറയെ പെണ്ണു കാണാന്‍ വരുന്ന ഏതോ ടീമാണ്. താന്‍ കാത്തിരുന്ന അവസരമിതാ തന്റെ കണ്‍മുന്നില്‍ തന്നേയും കാത്തിരിക്കുന്നു. അവന്റെ മനസ്സില്‍ ക്രൂരതയുടെ മുഖം രൗദ്രഭാവം പൂണ്ടു. കവിളിന്റെ കോണില്‍ ഒരു ഗൂഢസ്മിതം ഒളിപ്പിച്ചു വെച്ചിട്ട് അവന്‍ അതുവരെ കടക്കാരന്‍ നാരങ്ങസോഡയുണ്ടാക്കുന്നത് നോക്കിയിരിക്കുകയായിരുന്ന ഇജാസിനെ തോണ്ടി വിളിച്ചിട്ട് പറഞ്ഞു.
‘ഡാ… വാ.. വാ.. ഒരു വഴിയൊത്ത് വന്നിട്ടുണ്ട്’
സാറ്റാര്‍ട്ട് ചെയ്ത് പോവാനൊരുങ്ങിയ കാറിനു നേരെ കൈ വീശിയിട്ട് അവന്‍ നിറുത്താന്‍ പറഞ്ഞു.
അവര് െ്രെഡവിങ് സീറ്റിലിരിക്കുന്ന ഫാതിഹിന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു:
‘ഞങ്ങള് നിങ്ങളാ കുട്ടിയോട് നൂറയുടെ വീട് ചോദിക്കുന്നത് കേട്ടു….പെണ്ണന്വേഷിച്ച് വന്നതായിരിക്കുംല്ലേ…’
പെട്ടെന്ന് രണ്ടപരിചിതര്‍ വന്നിട്ട് തന്നോടങ്ങനെ സംസാരിച്ചപ്പോള്‍ ഫാതിഹിന് ദേഷ്യംവന്നതാണ്. പക്ഷെ, അവന്‍ അത് അടക്കി നിറര്‍ത്തിയതിന് ശേഷം മുഖത്ത് ഒരു ചെറുചിരിവിടര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് തലയാട്ടി.
‘സോറി, ഞാന്‍ എന്നെ പരിചയപ്പെടുത്തിയില്ല…എന്റെ പേര് ഫൈസല്‍…ഇതെന്റെ കൂട്ടുകാരന്‍ ഇജാസ്. ഇതുമ്മയാണോ….നമുക്കൊന്ന് പേഴ്‌സണലായി സംസാരിക്കാമോ…?’
ഫൈസല്‍ സ്വയം പരിചയപ്പെടുത്തിയതിന് ശേഷം ഫാതിഹിനോട് ചോദിച്ചു.
ഫാതിഹ് ഒന്നും പറയാതെ ഒരു നിമിഷം നിന്നു. ശേഷം തല തിരിച്ച് സഫിയാത്താനെ നോക്കി.
************ ************ ************ ************ ************ ************
ഐഷുക്കുട്ടി നോവു കെട്ടി നില്‍ക്കുകയായിരുന്നു. ഡോക്ടറെ കൊണ്ടുവരാതെ പ്രസവിക്കില്ലെന്ന് അവള്‍ ശാഠ്യം പിടിച്ചു. വേദന ഭാവിച്ചു കൊണ്ട് അവള്‍ ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി.
‘എന്റെ മുത്ത് നബിയേ! ദാക്കിത്തരെ കൊണ്ടുവാ!’
‘മോളെ’ വയറ്റാട്ടി ഐഷുക്കുട്ടിയുടെ വൈക്കോല്‍ത്തുറു പോലെ വീര്‍ത്തു ചാടിയ വയറു തടവി ആശ്വസിപ്പിച്ചു.
‘ഒന്ന് തിരിഞ്ഞു കിടന്ന് മുക്ക്… ഇപ്പഴിങ്ങു പോരും’.
‘ഹില്ല!’ ഐഷുക്കുട്ടി തുറുപ്പിച്ച കണ്ണുകളോടെ വിമ്മിട്ടപ്പെട്ടു പ്രഖ്യാപിച്ചു :
‘ ഞാമ്മരിക്കട്ടെ’
കോളേജ് അവധിയായതിനാല്‍ ഹോസ്റ്റലില്‍ തനിച്ചിരുന്നപ്പോഴാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചില പുസ്തകങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. മനസ്സില്‍ വല്ല ദു:ഖവുമുണ്ടെങ്കില്‍ ബഷീറിന്റെ നോവലുകളെടുത്തു വായിച്ചാല്‍ മതി. എന്നാല്‍ തന്നെ മനസ്സിനൊരു ആയാസം വരുമെന്ന് ഫര്‍സാനക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
കാരണം സരസമായി കാര്യങ്ങള്‍ പറയാനുള്ള ബഷീറിന്റെ കഴിവ് ഒന്നു വേറെ തന്നെയാണ്. അതുകൊണ്ടാണ് ഇവിടെയിങ്ങനെ തനിച്ചിരുന്ന് നാട്ടിലെ കാര്യങ്ങളും മറ്റും ആലോചിച്ച് തല പുണ്ണാക്കണ്ടായെന്ന് കരുതി അവള്‍ ബഷീറിന്റെ ഐഷുക്കുട്ടിയെ വായിച്ചു തുടങ്ങിയത്.
എന്നാല്‍ സംഭവം വിപരീതഫലമാണുളവാക്കിയത്. കാരണം മുകളിലെ ഭാഗം വായിച്ചപ്പോള്‍ അവള്‍ക്കെന്തോ പെട്ടെന്ന് കണ്ണുകള്‍ നിറഞ്ഞു. ഉമ്മിയെ കാണണമെന്ന് തോന്നി. ഉമ്മീയെന്നാണവള് വിളിക്കാറ്. താനിവിടെ അടിച്ചു പൊളിച്ച് കൂട്ടുകാരോടൊപ്പം സമയം കളയുന്നു.
ഉമ്മിയോ…!? എന്തൊക്കെ കഷ്ടപ്പാടുകളാണ്…. പുലര്‍ച്ചക്ക് മുന്നേ എഴുന്നേല്‍ക്കണം… എസ്‌റ്റേറ്റില്‍ പോവണം… ഇത്തിരി വൈകിയാല്‍ മുതലാളിമാരുടെ ആട്ടും തുപ്പും കേള്‍ക്കണം… ഇടക്ക് എസ്‌റ്റേറ്റീന്ന് തിരിച്ചു വന്ന് ഉപ്പാക്ക് പ്രാതലുണ്ടാക്കണം, കുളിപ്പിക്കണം മറ്റു ആവശ്യങ്ങളെല്ലാം നടത്തണം. ഫര്‍സാനയുടെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി.
ഒരു പക്ഷേ, ഈ സമയത്ത് അവളെയാരെങ്കിലും കണ്ടാല്‍ അവരുടെ കണ്ണുകളെ അവര്‍ വിശ്വസിക്കുകയില്ല. കാരണം ഫര്‍സാനക്ക് കരയാനറിയില്ലായെന്നാണ് എല്ലാവരും പറയാറ്!.
പെട്ടെന്ന് അവളുടെ ഫോണ്‍ റിംഗ് ചെയ്തു. ‘എന്റെ സ്വര്‍ഗമുള്ള കാല്‍’ എന്ന് സ്‌ക്രീനില്‍ തെളിഞ്ഞു കത്തി. അവളുമ്മിയുടെ നമ്പര്‍ സേവ് ചെയ്തതങ്ങനെയാണ്. ഉമ്മി വിളിക്കുമ്പോള്‍ എത്ര തിരക്കിലാണെങ്കിലും എടുക്കാതിരിക്കുന്ന അവസ്ഥയുണ്ടാവരുതെന്ന് കരുതിയിട്ടാണ് അങ്ങനെ സേവ് ചെയ്തത്. ഉമ്മമാരുടെ കാല്‍ ചുവട്ടിലാണ് ഓരോരുത്തരുടെയും സ്വര്‍ഗമെന്ന് മുത്ത് നബി പഠിപ്പിച്ചതല്ലേ. സ്വര്‍ഗത്തില്‍ നിന്നാണ് വിളിവരുന്നതെന്ന് കണ്ടാല്‍ ആരെങ്കിലും എടുക്കാതിരിക്കുമോ…!?
അവള്‍ പെട്ടെന്ന് കണ്ണുകള്‍ തുടച്ച് തൊണ്ടയൊന്ന് നേരെയാക്കിയതിന് ശേഷം ഫോണെടുത്തു.
‘ഉമ്മീ… ഞാന്‍ നിങ്ങളെ കുറിച്ച് ആലോച്ചിച്ചതേയുള്ളൂ… അപ്പളാണ് ഇങ്ങളെ വിളി വര്ണത്… ങ്ങള്‍ക്ക് നൂറായുസാണുമ്മീ’
ഫര്‍സാന ഉമ്മിക്ക് സലാം ചൊല്ലിയ ഉടനെ പറഞ്ഞു.
‘അതാ ഞാന്‍ പറഞ്ഞത്… നീയെന്നെ മനസ്സില്‍ കാണുമ്പോഴേക്കും നമ്മളന്റെ കൂടെയെത്തീട്ട്ണ്ടാവും…’
വളരെ സന്തോഷത്തോടെയുള്ള ഉമ്മയുടെ സംസാരം കേട്ടപ്പോള്‍ അവള്‍ക്ക് സന്തോഷക്കണ്ണീര്‍ അണപൊട്ടി. അവള്‍ ഉമ്മക്ക് ചിരിച്ചു കൊണ്ടാണ് മറുപടി പറയാന്‍ ശ്രമിച്ചതെങ്കിലും കരച്ചിലിന്റെ ശബ്ദമാണ് ആദ്യം പുറത്ത് വന്നത്.
‘ എന്താടീ… നീ കരയുകയാണോ… അയ്യേ… ന്റെ കാന്താരിക്കുട്ടി കരയേ… എന്തു പറ്റി നിനക്ക്’
ഉമ്മിക്ക് അവളെന്തിനാണ് കരയുന്നതെന്നറിയാനുള്ള പരിഭ്രമമുണ്ടെങ്കിലും ചിരിച്ചു കൊണ്ടു തന്നെയാണ് ആ ചോദ്യവും ചോദിച്ചത്.
‘ഏയ്… ഞാന്‍ കരയേ ഉമ്മിക്ക് തോന്നിയതാവും’
ഫര്‍സാന പിടിക്കപെടുമെന്നുറപ്പുണ്ടായിട്ടും താന്‍ കരഞ്ഞിട്ടില്ലാന്ന് കള്ളം പറഞ്ഞു.
‘ ന്റെ ഫാറുകുട്ടിന്റെ മുഖത്തൊരു വാട്ടം വന്നാല്‍ ഈ ഉമ്മിക്കത് ഇവിടിരുന്ന് കാണാന്‍ പറ്റും. ന്നിട്ടാണോ നീ കരഞ്ഞിട്ടും കരഞ്ഞില്ലാന്ന് പറഞ്ഞാല്‍ അത് കള്ളമാണോ സത്യമാണോന്ന് ഈ ഉമ്മി അറിയാണ്ടിരിക്കണത്. ഉമ്മിന്റെ മോള്‍ക്ക് എന്ത് സങ്കടം ഉണ്ടേലും ഈ ഉമ്മിനോട് പറ.’
ഉമ്മി ഒരു നിലക്കും പിടിവിടുന്ന ലക്ഷണമില്ലാന്ന് കണ്ടപ്പോള്‍ അവസാനം അവള്‍ പറഞ്ഞു
‘ ഉമ്മിയെ അവിടെ തനിച്ചാക്കീട്ട് എനിക്കിവിടെ നിക്കാനാവൂല. നമുക്ക് ഒരുമിച്ച് വല്ല ജോലിയും ചെയ്ത് ജീവിക്കാം ‘
ഏങ്ങലടിച്ചു കൊണ്ടാണവളത് പറഞ്ഞത്. മറുതലക്കല്‍ കനത്ത നിശബ്ദത. ഉമ്മിയും കരയുകയാണെന്ന് അവള്‍ക്ക് മനസ്സിലായി.
‘ഉമ്മീ… ഉമ്മീ എന്താണ് നിങ്ങളും കരയുവാണോ… കൊച്ചുകുട്ട്യോളെ പോലെ… ഞാനെന്തേലും പറയ്ണത് കേട്ട് കരയാന്‍ നിന്നാല്‍ പിന്നെ ഉമ്മിക്ക് കരയാനേ നേരം കാണൂ… ‘
ഫര്‍സാന കണ്ണീരില്‍ ചിരിയൊളിപ്പിച്ച് കൊണ്ട് പറഞ്ഞു.
‘നമുക്ക് രണ്ടു പേര്‍ക്കും പുതിയ ജോലി തുടങ്ങാന്‍ വേണ്ടിയാണോ ഉമ്മിന്റെ മോള് ഈ പുതിയ തയ്യല്‍ മെഷീന്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയത്. ഇതിനൊക്കെ മോളേലെവിടുന്നാ കാഷ്… ആരേലേന്നും കടം വാങ്ങിയതാണോ… അല്ലേല്‍ ആ കമ്മല് പണയം വെച്ചിട്ടുണ്ടാവും ല്ലേ…എന്തിനാടീ നമുക്കിപ്പോ ഒരു തയ്യല്‍ മെഷീന്റെ ആവശ്യം ‘
ഉമ്മി ഒരുപാട് ചോദ്യങ്ങളും ശാസനുകളുമായി പറഞ്ഞു നിര്‍ത്തി.
എന്നാല്‍ ഉമ്മിയിതേതു തയ്യല്‍ മെഷീന്റെ കാര്യമാണ് പറയുന്നതെന്ന് എത്രയാലോചിച്ചിട്ടും അവള്‍ക്ക് മനസ്സിലായില്ല.
‘ തയ്യല്‍ മെഷീനോ…!? ‘
അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു നിര്‍ത്തി.
‘ അവരിത് കൊണ്ടുവന്നപ്പോള്‍ ഞാനും അവരോട് ചോദിച്ചതാണ്. നിങ്ങള്‍ക്ക് അഡ്രസ് തെറ്റിയതാണോന്ന് നോക്കാനും മറ്റും… നോക്കുമ്പോ കൃത്യമായി ഈ വീട്ടിലേക്ക് തന്നെയാണ് ഓര്‍ഡറ്. അപ്പൊ പിന്നെ ആരാ ഓഡറ് ചെയ്തത് എന്ന് നോക്കിയപ്പോ അവിടെ നിന്റെ പേരാണുണ്ടായിരുന്നത്.’
ഫര്‍സാന വീണ്ടും ആലോചനയില്‍ മുഴുകി. പെട്ടെന്ന് കഴിഞ്ഞ ദിവസം ക്ലാസില്‍ വെച്ച് ഉമ്മിയുടെ ടൈലറിങിനെ കുറിച്ച് നൂറയുമായി സംസാരിച്ചതവളുടെ ഓര്‍മ്മയിലേക്ക് വന്നു. ഇപ്പോള്‍ സംഗതി എങ്ങനെയാണ് സംഭവിച്ചിരിക്കാന്‍ സാധ്യതായെന്ന് ഫര്‍സാനക്ക് ഏകദേശ രൂപം കിട്ടി.
‘ഉമ്മീ ഞാനിപ്പൊ… തിരിച്ചു വിളിക്കാം…’
അവള്‍ പെട്ടെന്ന് ഫോണ്‍ കട്ടു ചെയ്തു നൂറയുടെ നമ്പറ് ഡയല്‍ ചെയ്തു.
*
നൂറ റൂമില്‍ തന്റെ മധുവിധു ആഘോഷങ്ങളും വൈവാഹിക സ്വപ്നങ്ങളും കിനാ കണ്ട് എന്തോ ആലസ്യത്തിലങ്ങനെ കിടക്കുകയാണ്. ഡോക്ടര്‍ ഫാത്തിഹിനെ അവള്‍ കണ്ടിട്ടുണ്ട്. പക്ഷേ, ആ മുഖത്തേക്കൊന്ന് ശരിക്കും നോക്കിയിരുന്നില്ല. ഛെ.. നോക്കാമായിരുന്നു.
അവളുടെ മനസ്സ് മന്ത്രിച്ചു. പക്ഷേ, നല്ല രസമുള്ള സംസാരമാണ്. അത് തന്നെയന്ന് ആശുപത്രിയില്‍ വെച്ച് ഉപദേശിച്ചപ്പോഴേ തോന്നിയതാണ്. കൂടാതെ രസികനുമാണെന്ന് തോന്നുന്നു. കാരണം അന്ന് പോകാന്‍ നേരം ചിരിച്ചോണ്ട് പറഞ്ഞു
‘നമ്മള് രണ്ടും ഒരു ചോരയാ… എന്തുണ്ടേലും ചോദിക്കാന്‍ മടിക്കണ്ട. രക്ത ബന്ധം കഴിഞ്ഞിട്ടല്ലേ, മറ്റു ബന്ധങ്ങള്‍ക്കൊക്കെ വിലയുള്ളൂ…’
അന്ന് ആ പറഞ്ഞതിന്റെ അര്‍ത്ഥം റൂമിലുണ്ടായിരുന്ന എനിക്കും ഉപ്പച്ചിക്കും മനസ്സിലായില്ലാന്ന് കണ്ടപ്പോള്‍ ഡോക്ടര്‍ തന്നെ പറഞ്ഞു
‘സോറി, നിങ്ങള്‍ക്കറിയില്ലായിരുന്നുവല്ലേ… ഡോണ്ട് വറി. അതെന്താന്നെച്ചാല്‍ നൂറയാണ് ഞാന്‍ ബ്ലഡ് ഡോണേറ്റ് ചെയ്ത ഫസ്റ്റ് റിസീവര്‍. നമ്മുടെ രണ്ടുപേരുടെയും ബ്ലഡ് വളരെ റെയറാണെടോ. ഏതായാലും സോറി, ഞാന്‍ ആ ഒരു ആത്മ ബന്ധത്തിന്റെ പുറത്താണ് ഇത്രയും നേരം സംസാരിച്ചത്’
അന്ന് ഡോക്ടര്‍ പോയപ്പോള്‍ ഉപ്പച്ചി ചോദിച്ചതാണ്:
‘ ആളൊരു രസികനായ പ്രത്യേക ക്യാരക്റ്ററാണല്ലേ ‘. അത് ഞാന്‍ തലകുലുക്കി സമ്മതിച്ചതുമാണ്. പക്ഷേ, കാര്യങ്ങള്‍ ഇതുവരെയൊക്കെയെത്തുമെന്നാരു കണ്ടു!
‘ റബ്ബേ… എല്ലാം നീ റാഹത്തിലും സന്തോഷത്തിലുമാക്കണേ… എനിക്കും ബന്ധപ്പെട്ടവര്‍ക്കും ഖൈറിനെ നീ വിധിക്കണേ ഷെറിനെ ഞങ്ങളെ തൊട്ട് നീയകറ്റണേ… ‘
നൂറ കണ്ണുകള്‍ ഇറുക്കിയടച്ചു കൊണ്ട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
‘റബ്ബേ… ഈ റബീഉല്‍ അവ്വല്‍ പന്ത്രണ്ട് ആകുമ്പോഴേക്കും എല്ലാം സന്തോഷത്തിലും റാഹത്തിലുമാകുവാന്‍ ഞാന്‍ മുത്ത് നബിയുടെ പേരില് ഒരു ഖത്ം നേര്‍ച്ചയാക്കുന്നു. കൂടാതെ എനിക്ക് സാധിക്കുന്നവരോടൊക്കെ ഞാന്‍ അതിനു വേണ്ടി ആവശ്യപ്പെടുകയും ചെയ്യും.ഇ. അ. അല്ലാഹുവേ നീ സ്വീകരിക്കണേ…’
നൂറക്ക് പെട്ടെന്ന് മനസ്സില്‍ തോന്നിയ ഒരാശയം അവള്‍ തന്റെ പ്രാര്‍ത്ഥനയിലുള്‍പെടുത്തി.
അതല്ലേലും ഏതു പ്രാര്‍ത്ഥനയും സ്വീകരിക്കാനുള്ള എളുപ്പമാര്‍ഗം എന്തിനെയെങ്കിലും വസ്വീലയാക്കി ദുആ ചെയ്യുകയെന്നത് തന്നെയാണ്. ആര് ദുആ ചെയ്യുമ്പോഴും ആദ്യം ഹംദ് പറഞ്ഞതിന് ശേഷം സ്വലാത്ത് ചൊല്ലുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ…? ഇതെന്തിനാണെന്നറിയുമോ… അതുണ്ടെങ്കിലേ അല്ലാഹു ആ ദുആ സ്വീകരിക്കുകയുള്ളൂ… ആകാശ ഭൂമികള്‍ക്കിടയില്‍ തങ്ങി നില്‍ക്കുന്ന പ്രാര്‍ത്ഥന അല്ലാഹുവിങ്കലേക്ക് വെളിവാക്കപെടണമെങ്കില്‍ ഹബീബിന്റെ പേരിലുള്ള സ്വലാത്തു കൂടെ ആ പ്രര്‍ത്ഥനക്ക് അകമ്പടി സേവിക്കണമെന്ന് ഹദീസുകളില്‍ കാണാം.
നൂറ സ്വലാത്തിന്റെ വാട്‌സപ് ഗ്രൂപ്പിലേക്ക് തന്റെ ആശയം ഉള്‍ക്കൊള്ളുന്ന നല്ലൊരു കുറിപ്പ് എഴുതിയുണ്ടാക്കി. തുടര്‍ന്ന്
ഈ റബീഇല്‍ ഹബീബിനൊരു ഖത്മം
1.നൂറ ഫാത്വിമ
2.
എന്ന ടൈറ്റിലോടു കൂടെ ആദ്യം തന്റെ പേര് ആഡ് ചെയ്തു ഗ്രൂപ്പിലിട്ടു. സാധിക്കുന്നവര്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പെട്ടെന്നവളുടെ ഫോണ്‍ റിങ് ചെയ്തു. ഫര്‍സാനയാണ്. നല്ല സമയത്താണല്ലോ ഇവള്‍ വിളിക്കുന്നത് എന്നും കരുതി നൂറ ഫോണെടുത്തു.
‘എടീ…. സത്യം പറഞ്ഞോ…. നീയല്ലേ ആ തയ്യല്‍ മെഷീന്‍ ഓഡറ് ചെയ്തത്…’
ഫോണെടുത്ത പാടെ ഫര്‍സാന ചോദിച്ചു. അവളുടെ ചോദ്യം കേട്ടപ്പോള്‍ പെട്ടെന്ന് ചിരി വന്നെങ്കിലും
‘അത് ചെലപ്പോ ഉമ്മച്ചിയാവും നിന്റുമ്മാക്ക് തയ്യലറിയാന്ന് ഞാനുമ്മച്ചിയോട് പറഞ്ഞിരുന്നു’ നൂറ ഉമ്മച്ചിയെ ചാരണം കൊണ്ടു.
‘ എടീ മോളെ എനിക്കറിയാം നിന്നെ… ‘
ഫര്‍സാനക്ക് സംസാരം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. അവള്‍ക്ക് പെട്ടെന്ന് സങ്കടം വന്നു. ‘എടീ… എനിക്കിപ്പോ നിന്നെ നേരിട്ട് കാണണം, എന്നിട്ടൊന്ന് കെട്ടിപ്പിടിച്ചു കരയണം ‘
ഫര്‍സാന വിങ്ങി.
‘ എന്താടിയിത്… നിനക്ക് കരയാനൊക്കെ അറിയോ…!? നീ വേഗം വീട്ടിലോട്ടുവാ.. ഏതായാലും അവിടെ വെറുതെയിരിക്കുവല്ലേ.. എനിക്കാണേല്‍ നിന്നോട് ഒരുപാട് കാര്യം പറയാനുണ്ട്. നീ കൂടെയുണ്ടെങ്കില്‍ ഒരു ധൈര്യാ. നീ വേഗം വാ.. എല്ലാം വന്നിട്ട് പറയാം ‘
**
‘ പറയാനുള്ളത് ഇവിടുന്നു പറഞ്ഞാല്‍ മതി ‘
സഫിയാത്ത ഫൈസലിനോട് പറഞ്ഞു. ഫൈസല്‍ ഒരു നിമിഷം ഒന്നാലോചിച്ചു നിന്നതിനു ശേഷം പറഞ്ഞു
‘ ഓക്കെ, എവിടെ നിന്നു പറയുന്നതിനും എനിക്കൊരു പ്രശ്‌നവുമില്ല. ഉമ്മാനെ വെറുതെ ടെന്‍സ്ഡാക്കണ്ടാന്നു കരുതി പറഞ്ഞതാണ് ‘
‘ നീ വേഗം കാര്യം പറയടെ ചെറ്ക്കാ.. പോയിട്ട് വേറെ പണിയുണ്ട് ‘
സഫിയാത്തക്ക് ഫൈസലിന്റെ ചേലും സംസാര ശൈലിയുമെല്ലാം കണ്ടപ്പോള്‍ അരിച്ചു കയറി.
‘അല്ല, രാവിലെ നൂറയെന്നെ വിളിച്ചു പറഞ്ഞിരുന്നു. ഇന്നവളെ ആരോ കാണാന്‍ വരുന്നുണ്ടെന്നും, നീയതൊന്ന് മുടക്കണമെന്നും. അതാ ഞാന്‍ രാവിലെ തൊട്ട് ഇവിടേക്ക് പുതിയ ടീമേതേലും വരുന്നതും നോക്കി ഇവിടെയിങ്ങനെ കാത്തിരിക്കുന്നത്’
ഫൈസല്‍ സംസാരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ സഫിയാത്ത ചോദിച്ചു :
‘ ഓളെന്തിനാണ് കല്യാണം മൊടക്കാന്‍ അന്നോട് പറയണത് ‘
ഫൈസല്‍ ഒരു നിമിഷം ആലോചിച്ചതിന് ശേഷം പറഞ്ഞു :
‘ അത് നല്ല ചോദ്യം ഈ നാട്ടാരോട് മൊത്തം ഇങ്ങള് ചോയ്‌ച്ചോക്കി, പത്താം ക്ലാസ് മുതല്‍ ഞങ്ങളൊരുമിച്ചാ.. ഇനി ഈ ജീവിതകാലം മുഴുവനും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. നിങ്ങള് വേണേ പോയി പെണ്ണ് കണ്ടോളി. പക്ഷേ, അവളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാന്ന് കരുതരുത്. കാരണം അവളെന്റെ പെണ്ണാ… ഇന്ന് കാണുമ്പോ അവളോട് ഫൈസലിനെ അറിയോന്ന് വെറുതെയൊന്ന് ചോദിച്ചു നോക്ക്. അവളുടെ കണ്ണുകള്‍ നിറയുന്നത് നിങ്ങള്‍ക്ക് കാണാം… പറഞ്ഞില്ലാന്ന് വേണ്ടാ.. ഇനിയെല്ലാം നിങ്ങടെ ഇഷ്ടം ‘
അതും പറഞ്ഞ് ഫൈസല്‍ ഇജാസിനോടൊപ്പം തിരിച്ചുനടന്നു. അവന്റെ മുഖത്ത് രക്തരക്ഷസിന്റെ വന്യമായ ചിരിപോലോത്ത എന്തോ ഒന്ന് മിന്നി മറിഞ്ഞു.
സഫിയാത്തയും ഫാത്തിഹും എന്തുചെയ്യണമെന്നറിയാതെ മുഖത്തോട് മുഖം നോക്കി അന്തിച്ചിരുന്നു.
************ ************ ************ ************ ************ ************
‘നൂറയെ കാണാന്‍ ഒരു കൂട്ടര് വരുന്നുണ്ടെന്ന് ആയിശാത്ത വിളിച്ചു പറഞ്ഞു, നീയറിഞ്ഞോടീ….’
സുലൈഖാത്ത അടുക്കളയില്‍ നിന്ന് വിളിച്ച് ചോദിച്ചു.
‘ആ…അവളെനിക്കിപ്പോ വിളിച്ച് വച്ചതേയൊള്ളൂ….എന്നോട് അങ്ങോട്ടേക്ക് വരാന്‍ പറഞ്ഞീണ്, ഞാനവിടം വരേയൊന്ന് പോയി നോക്കട്ടെ…’
ഫൈറൂസ നൂറയുടെ വീട്ടിലേക്ക് പോകാന്‍ വേണ്ടിയിറങ്ങി.
‘എടീ….നീ പോകുന്നതിന് മുമ്പ് ആ കോയക്കാന്റെ പീട്യേ പോയി കൊറച്ച് സാധനം വാങ്ങി വന്നാ…രാത്രിക്ക് കറി വക്കുമ്പൊ അരിയാന്‍ ഒരു പൊടിക്ക് തക്കാളിയിവിടില്ല..എല്ലാം കിട്ടിയിട്ട് വേണം….’
തിരക്കിട്ടെങ്ങോട്ടേലും ഇറങ്ങുമ്പോള്‍ എന്തെങ്കിലും ചെറിയ പണി നല്‍കുന്ന പതിവ് ഉമ്മമാരില്‍ നിന്ന് സുലൈഖാത്തയും വ്യത്യസ്തയായില്ല.!
‘എന്നാലിതൊന്ന് കൊറച്ച് നേരത്തെ പറഞ്ഞൂടായിരുന്നോ….ന്റൊരനിയന്‍ണ്ടായിരുന്നല്ലോ ഇവിടെങ്ങാണ്ട്. ഓനോടൊന്ന് പറഞ്ഞു നോക്കീ….എല്ലാത്തിനുമുണ്ടാകും ഒരു ഫൈറൂ…നിക്കി മാത്രമേ ഇവിടെ പണിയെടുക്കാനറിയൂ…’
തനിക്കുണ്ടായ അമര്‍ഷം ഫൈറൂസ ഉറക്കെ വിളിച്ച് പറഞ്ഞു. ഈ വീട്ടിലെ മുഴുവന്‍ പണിയും ഉമ്മ എന്നോടാണ് ചെയ്യിപ്പിക്കുന്നതെന്ന മിക്ക പെണ്‍കുട്ടികളുടെയും മാനസികാവസ്ഥയില്‍ നിന്ന് ഫൈറൂസയും വ്യത്യസ്തയായിരുന്നില്ല.
‘ഓനേട്‌ക്കോ രാവിലെ തന്നെ പോയിക്ക്ണ്…ജ്ജൊന്ന് രണ്ടടി അങ്ങട്ടും ഇങ്ങട്ടും നടന്നാല്‍ തീര്‍ന്നീലേ….അല്ലേല്‍ ജ്ജ് കുറച്ചേരം ഇബടെ അടുക്കളേല്‍ നിക്ക്…എന്നിട്ട് ആ ചോറൊന്ന് ഊറ്റിയെടുക്ക്. അപ്പോത്തിനും ഞാന്‍ പീട്യേ പോയി വരാം. ‘
മുഖത്ത് ഒരു ഭാവ വ്യത്യാസവും വരുത്താതെ കുറച്ച് ഗൗരവത്തില്‍ സുലൈഖാത്ത പറഞ്ഞു. യഥാര്‍ത്ഥത്തില്‍ അതൊരു സൈക്കോളജിക്കല്‍ മൂവായിരുന്നു.
ഉമ്മ പീട്യേല്‍ക്ക് പോവൂലാന്ന് ഫൈറൂസക്ക് അറിയാമായിരുന്നിട്ടും സുലൈഖാത്തയുടെ ആ സംസാരം കൊണ്ട്
‘ങ്‌ള് പോണ്ട ഞാമ്പോവാ…’
ന്ന് ഫൈറൂസ സമ്മതിച്ചു.
അവളൊരു പര്‍ദ്ദയും ബുര്‍ഖയുമിട്ടിറങ്ങി. സാധനം വാങ്ങാനുള്ള ലിസ്റ്റും വാങ്ങി അവള്‍ കടയിലേക്ക് പോകുന്നത് സുലൈഖാത്ത വാതില്‍ക്കല്‍ നിന്ന് ചെറുപുഞ്ചിരിയോടെ നോക്കി നിന്നു. കഴിഞ്ഞ ഒരാഴ്ചയായി അവള്‍ വീണ്ടും പര്‍ദ്ദയും ബുര്‍ഖയുമൊക്കെ ധരിക്കാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാം നൂറയുമായി വീണ്ടും കൂട്ടുകൂടിയതിന് ശേഷമാണ്. അല്‍ഹംദുലില്ലാഹ്, റബ്ബേ….ന്റെ കുട്ടിനെ ജ്ജ് നന്നാക്കണേ….’
സുലൈഖാത്ത ഖല്‍ബ് തട്ടി പടച്ചോനെ വിളിച്ചു.
*
‘ങ്ങള്‍ക്ക് എന്ത് തോന്നുന്നു…?’
ഫാത്തിഹ് സഫിയാത്തയോട് ചോദിച്ചു.
‘എനിക്കെന്ത് തോന്നാന്‍….? നീ പറഞ്ഞു കേട്ട അറിവേ ആ കുട്ടിയെ കുറിച്ചെനിക്കുള്ളൂ…പിന്നെ….ഇപ്പോ ഈ കേട്ടതും…പക്ഷേ, നീ പറഞ്ഞ് കേട്ട് ഞാന്‍ മനസ്സിലുണ്ടാക്കിയ നൂറയും ഇപ്പോ നമ്മുടെ മുമ്പിലൊരുത്തന്‍ കൊണ്ടുവന്നിട്ട നൂറയും അജഗജാന്തരമുണ്ട്’
സഫിയാത്ത തനിക്ക് പറയാനുള്ളത് പറഞ്ഞു.
‘ഉമ്മാ….നൂറയിങ്ങനെയല്ലായെന്നാണ് എന്റെ മനസ്സ് പറയുന്നത്… ഇതില്‍ വേറെന്തോ കളിയുണ്ട്….’
ഫാതിഹിന്റെ മനസ്സ് ഫൈസലിനെ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.
‘ഏതായാലും ഞമ്മക്ക് ഒന്നൂടെ ഒന്ന് അന്വേഷിക്കാം. ചോയ്ക്കാന്‍ പറ്റിയ ആരേലും ഉണ്ടാവും’
സഫിയാത്ത ഫാതിഹിനെ സമാധാനിപ്പിച്ചു.
‘ഉമ്മാ….അതാ ഒരു പെണ്‍കുട്ടി വരുന്നു. ങ്ങള് വേണേല്‍ ഓളോട് ഒന്ന് ചോയ്‌ച്ചോക്കി…’
അവന്‍ പര്‍ദ്ദയും ബുര്‍ഖയുമിട്ട് കാറിന് മുമ്പിലൂടെ സഞ്ചരിക്കുന്ന കുട്ടിയെ ചൂണ്ടിയിട്ട് പറഞ്ഞു.
സഫിയാത്ത ആ കുട്ടിയെ അടുത്ത് വിളിച്ചു.
‘മോള്‍ടെ, പേരന്താ….?’
‘ഫൈറൂസ….’
‘മോളേ…ഞങ്ങള് കുറച്ച് ദൂരേന്നാ…ഇവടൊയൊരു പെണ്ണന്വേഷിച്ചുവന്നതാ…നൂറാന്നാണ് പെണ്‍കുട്ടിയുടെ പേര്….’
സഫിയാത്ത പറഞ്ഞു പൂര്‍ത്തിയാകുന്നതിന് മുമ്പ് ഫൈറൂസ ചോദിച്ചു.
‘ങ്ങളാണോ നൂറാനെ കാണാന്‍ വരണത്…അവളിപ്പൊ വിളിച്ച് പറഞ്ഞിട്ടേയുള്ളൂ…നിങ്ങള്‍ക്ക് ഈ നാട്ടില്‍ നിന്ന് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും നല്ല കുട്ടിയാണവള്….’
അവളുടെ ആ സംസാരവും ആവേശവും കണ്ടപ്പോള്‍ സഫിയാത്തക്കും വല്ലാത്ത താത്പര്യമായി.
കാരണം ഒരു പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയെ കുറിച്ച് അവളുടെ അഭാവത്തില്‍ നല്ലതു പറയണമെങ്കില്‍ അതിനുമാത്രം കാരണമുണ്ടാവണം.
‘പക്ഷെങ്കി…മോളേ….ഓള്‍ക്ക് എന്തെങ്കിലും പ്രേമോ…. മറ്റോണ്ടായ്‌ന്യോ…ഒന്നുല്യ, അറിയാന്‍ വേണ്ടി ചോദിച്ചതാട്ടാ…’
സഫിയാത്ത അങ്ങനെ ചോദിച്ചപ്പോള്‍ ഫാതിഹിന്റെ തൊലിയുരിഞ്ഞത് പോലെയായി. അറിയാന്‍ വേണ്ടിയാണേലും മറ്റൊരാളുടെ ഉള്ള് ചൂഴ്‌ന്നെടുക്കാനുള്ള ആ ചോദ്യത്തിന് എന്തോ വല്ലാത്ത മുറിപ്പെടുത്താനുള്ള കഴിവ് ഉള്ളത് പോലെ.
അവരുടെ ആ ചോദ്യത്തില്‍ എന്തോ ഒരു സ്‌പെല്ലിങ് മിസ്‌റ്റേക്ക് അനുഭവപ്പെട്ട ഫൈറൂസ തിരിച്ച് ചോദിച്ചു.
‘ഈ നാട്ടിലാരെങ്കിലും അവളെ കുറിച്ച് അങ്ങനെ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല…എന്തേ നിങ്ങളങ്ങനെ ചോദിക്കാന്‍…!? ‘
ഫൈറൂസയത് പറഞ്ഞപ്പോള്‍ സഫിയാത്ത ഫാതിഹിന്റെ മുഖത്ത് നോക്കി. ഫൈസലും ഇതേ പ്രയോഗം നേരെ തിരിച്ചുപയോഗിച്ചത് അവര്‍ രണ്ടു പേരും ഓര്‍ത്തു.
ശേഷം ഫൈറൂസയോട് സഫിയാത്ത പറഞ്ഞു
‘ അല്ലേ…കുറച്ച് മുമ്പ് ഫൈസല്‍ എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്‍ ഞങ്ങളോട് വന്ന് പറഞ്ഞു, അവര് തമ്മില്‍ വര്‍ഷങ്ങളായി നീണ്ടു നില്‍ക്കുന്ന പ്രേമത്തിലാണെന്നും ഈ കല്യാണം മുടക്കാന്‍ നൂറ അവനെ വിളിച്ചേല്‍പ്പിച്ചിട്ടുണ്ടെന്നുമെല്ലാം….അത് കേട്ടപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുവായിരുന്നു ഞങ്ങള്‍. അപ്പളാ മോളെ കണ്ടത്. ഏതായാലും ന്റെ കുട്ടി പറഞ്ഞത് നന്നായി ‘
ഫൈറൂസക്ക് പെട്ടെന്നത് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. കണ്ണുകളില്‍ ഇരുട്ടു കയറിയത് പോലെ അനുഭവപ്പെട്ടു. ഒരു നിമിഷം നിശബ്ദമായി നിന്നതിന് ശേഷം അവള്‍ ചോദിച്ചു.
‘ങ്ങളോടിത് പറഞ്ഞ ഫൈസലിപ്പോള്‍ ഇവിടെയെവിടേലും ഉണ്ടോ…എങ്കിലൊന്ന് കാണിച്ചരാന്‍ പറ്റ്വോ….’
ഫാതിഹ് ചുറ്റുമൊന്ന് നോക്കി. കുറച്ചകലെയായി മാറി നിന്ന് തങ്ങളുടെ കാറിനെ തന്നെ നോക്കി നില്‍ക്കുന്ന ഫൈസലിനെയും കൂട്ടുകാരനെയും അവന്‍ കണ്ടു.
‘അതാ….അവരാണ്…’
ഫാതിഹ് ചൂണ്ടി കാണിച്ചു.
ഫൈറൂസ അങ്ങോട്ട് നോക്കിയപ്പോള്‍ അവളുടെ മനസ്സില്‍ വീണ്ടും ഭയം ഉരുണ്ടു കൂടി. അതോടൊപ്പം ദേഷ്യം അവളില്‍ അരിച്ചു കയറി.
അതേ, ഫൈസല്‍ തന്നെ, ഇവനിതെന്തിന്റെ കേടാണ് റബ്ബേ.. ഫൈറൂസ മനസ്സില്‍ നിനച്ചു.
തുടര്‍ന്ന് സര്‍വ്വ ധൈര്യവും സംഭരിച്ചു കൊണ്ട് അവള്‍ സഫിയാത്താനോട് പറഞ്ഞു..
‘അവര് ഈ നാട്ടുകാര് തന്നെയല്ല, പിന്നെങ്ങെനെയാണ് അവര്‍ക്ക് നൂറയെ അറിയുക, നിങ്ങള് ധൈര്യമായി പോയി പെണ്ണ് കണ്ടു വരൂ…ഈ കാര്യം ഞാന്‍ നോക്കി കൊള്ളാം…..’
അതും പറഞ്ഞ് ഫൈറൂസ ഫൈസലിന് നേരെ നടന്നു.
എന്തു നോക്കുന്ന കാര്യമാണ് ഈ കുട്ടി പറഞ്ഞതെന്നും എന്ത് ധൈര്യത്തിന്റെ മേലിലാണ് അവള്‍ ആ ചെറുപ്പക്കാരുടെ നേരെ പോകുന്നതെന്നും മനസ്സിലാകാതെ ഫാതിഹും സഫിയാത്തയും അവള് പോകുന്നതും നോക്കി നിന്നു.
‘ഡാ…നീയേതായാലും കാറ് നൂറാന്റോട്ക്ക് വിട്…ബാക്കി നമ്മക്ക് പെണ്ണ് കണ്ടതിന് ശേഷം അന്വേഷിക്കാം….’
**
ബുര്‍ഖയിട്ട് തങ്ങളുടെ നേരെ വരുന്നതാരാന്ന് ഫൈസലിന് ഒരു നിമിഷം മനസ്സിലായില്ല.
‘ഫൈസല്‍, നീയൊന്ന് എന്റെ കൂടെ വാ….’
ആ ശബ്ദം ഫൈറൂസയുടേതാണെന്ന് അവന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവളുടെ ആജ്ഞാ സ്വരം കേട്ട് അവന്‍ അവളുടെ പിറകെ നടന്നു. രണ്ടു പേരുടേയും ഹൃദയം ശരവേഗത്തില്‍ മിടിച്ചു.
അവള്‍ നേരെ തന്റെ വീട്ടിലേക്ക് നടന്നു. സാധനവും പ്രതീക്ഷിച്ച് നില്‍ക്കുന്ന സുലൈഖാത്ത കൈയ്യിലൊന്നുമില്ലാതെ നടന്ന് വരുന്ന മോളെ കണ്ട് വാ പൊളിച്ചിരുന്നു.
‘ഉമ്മാ….ഇത് ഫൈസല്‍….ഇവനുമായിട്ടായിരുന്നു മുമ്പ് എനിക്ക് കണക്ഷനുണ്ടായിരുന്നത്. ഇപ്പോഴില്ല…ഇപ്പൊ ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ വന്നതാണ്…അത് കഴിഞ്ഞാലുടന്‍ അവന്‍ പോവും…’
ഫൈറൂസയുടെ ശബ്ദത്തിന് അത്രയും ഗാംഭീര്യത അതിന് മുമ്പ് സുലൈഖാത്തക്ക് അനുഭവപ്പെട്ടിട്ടേയില്ല. സുലൈഖാത്ത ഒരക്ഷരം ഉരിയാടാനാവാതെ മിഴിച്ചിരുന്നു. അവള്‍ നേരെ കിച്ചണിലേക്ക് പോയി ഒരു മെഴുകു തിരിയും തീപ്പെട്ടിയുമായി പുറത്തേക്ക് വന്നു.
ഫൈസലിനോട് സിറ്റൗട്ടിലേക്കിരിക്കാന്‍ ആംഗ്യം കാണിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. ഇവളിതെന്തിനുള്ള പുറപ്പാടാണെന്ന് ഫൈസലും സുലൈഖാത്തയും ഒരു പോലെ ചിന്തിച്ചു.
സിറ്റൗട്ടില്‍ ഒരു ചെയറില്‍ ഫൈസലിനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ട് അഭിമുഖമായി അവളുമിരുന്നു. ശേഷം തന്റെ കൈവശമുണ്ടായിരുന്ന മെഴുകുതിരി കത്തിച്ച് നടുക്കു വെച്ചു. എന്നിട്ട് അവള്‍ ഫൈസലിനോട് പറഞ്ഞു:
‘ഞാനെന്തിനാണ് നിന്നെ ഉപേക്ഷിച്ചത് എന്നല്ലേ നിനക്കറിയേണ്ടത്…അതാണ് ഞാന്‍ കാണിക്കാന്‍ പോകുന്നത്. ഈ കത്തി നില്‍ക്കുന്ന മെഴുകുതിരിയുണ്ടല്ലോ…അതിന്റെ മുകളില്‍ ദാ ഇതുപോലെ കൈ പിടിക്കണം’
ഫൈറൂസ തന്റെ വലതു ഉള്ളം കൈ കത്തുന്ന മെഴുകുതിരിക്ക് മുകളിലായി പിടിച്ചു. ഏകദേശം ഒരു പത്ത് സെക്കന്റ് ആവുന്നതിന് മുമ്പ് അവള്‍ കൈ കുടഞ്ഞു വലിച്ചു. എന്നിട്ട് ഫൈസലിനോട് കൈ വെക്കാന്‍ പറഞ്ഞു. ഫൈറൂസയേക്കാള്‍ പത്ത് സെക്കന്റധികം അവന്‍ പിടിച്ചു നിന്നു. തുടര്‍ന്ന് അവനും കൈ കുടഞ്ഞു വലിച്ചു.
‘സഹിക്കാന്‍ പറ്റണില്ലല്ലേ…!? ‘
ഉളളം കൈ അമര്‍ത്തി തടവുന്ന ഫൈസലിനോട് ഫൈറൂസ ചോദിച്ചു.
‘ഇല്ലാ’യെന്നര്‍ത്ഥത്തില്‍ അവന്‍ ഇളിച്ചു കാണിച്ചു.
‘എടാ…ഒരു മെഴുകുതിരിയുടെ മുകള്‍ ഭാഗത്ത് ഒരു പത്ത് സെകന്റ് പോലും കൈ അനക്കാതെ പിടിക്കാന്‍ സാധിക്കാത്ത നമ്മളെങ്ങനെയാണ് നാളെ നരകത്തില്‍ കിടക്കുക. …ഈ ദുനിയാവിലുളള സകല തീയ്യിനെക്കാളും എഴുപതിരട്ടി ചൂടുണ്ടത്രെ നരകാഗ്‌നിക്ക്.! എന്നിട്ടും തെറ്റാണെന്നുറപ്പുണ്ടായിട്ടും എന്നെ നീ നരകത്തിലിട്ട് ശിക്ഷിച്ചോന്നും പറഞ്ഞ് റബ്ബിനെ ധിക്കരിച്ചിട്ടല്ലേ…നമ്മളിത്രകാലം പ്രേമിച്ച് നടന്നത്…! ഇനിയെന്നെകൊണ്ടതിന് പറ്റൂല.’
ഫൈറൂസ ഒരു നിമിഷം നിന്നു. ഒന്ന് ഉമുനീരിറക്കിയതിന് ശേഷം തുടര്‍ന്നു.
‘ എടാ.. ആ നരകത്തിന്റെ ചൂടില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താന്‍ പറ്റുന്ന ഒരു പരിച നീയെനിക്ക് കൊണ്ട് വന്ന് താ…അപ്പൊ ഞാന്‍ നിന്റെ കൂടെ വരാം….അല്ലാതെ നിന്റെ കൂടെ ജീവിക്കാനിഷ്ടമില്ലാഞ്ഞിട്ടല്ല ഞാന്‍ നിന്നെയുപേക്ഷിച്ചത്. മറിച്ച്, അതാണ് നമ്മുടെ നല്ല ഭാവിക്ക് ഏറ്റവും ഉത്തമമെന്ന ബോധ്യമെനിക്ക് വന്നത് കൊണ്ടാണ്. ഇത് ഞാന്‍ നിന്നോട് പറഞ്ഞതുമാണ്. ഇതിലുമപ്പുറം മറ്റൊരു രീതിയില്‍ നിന്നെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ എനിക്കിനി സാധിക്കില്ല.’
ഫൈറൂസയുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങിയിരുന്നു. തൊട്ടടുത്ത് നിന്ന് ഫൈറൂസയെ അന്തം വിട്ട് നോക്കുകയായിരുന്ന സുലൈഖാത്തക്കും തന്റെ മോളുടെ ധീരമായ നിലപാട് കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു.
‘ഫൈസല്‍ ഒരു കാര്യം കൂടെ പറയട്ടെ, നമ്മളൊരു തെറ്റ് ചെയ്യുമ്പോള്‍ നമ്മളറിയാതെ പത്ത് അതിഭീകരമായ അപകടങ്ങള്‍ നമ്മളെ ബാധിക്കുന്നുണ്ട്. ‘
ഫൈറൂസ എന്തോയൊന്ന് താന്‍ കൂട്ടിചേര്‍ക്കന്‍ വിട്ടു പോയിട്ടുള്ളത് ഓര്‍മ്മ വന്നത് പോലെ പറഞ്ഞു.
‘ എടാ.. ഒരു അടിമ തറ്റ് ചെയ്യുമ്പോള്‍
1.അല്ലാഹുവിനെ അവന്‍ കോപിതനാക്കി.
2.ഇബ് ലീസിനെ സന്തോഷിപ്പിച്ചു.
3.സ്വര്‍ഗത്തില്‍ നിന്നും വിദൂരത്തായി.
4.നരകത്തിലേക്ക് അടുത്തു.
5.അവന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം ശരീരത്തെ ബുദ്ധിമുട്ടിച്ചു.
6.ശുദ്ധമായ ശരീരത്തെ മലിനപ്പെടുത്തി.
7.അവന് കാവല്‍ നില്‍ക്കുന്ന മലക്കുകളെ വിഷമിപ്പിച്ചു.
8.ഖബ്‌റിലുള്ള നബിതങ്ങളെ സങ്കടപ്പെടുത്തി.
9.ആകാശ ഭൂമികളും സര്‍വ്വ സൃഷ്ടികളും അവനെതിരില്‍ സാക്ഷിയാക്കി.
10.അവന്‍ സര്‍വ്വ മനുഷ്യരേയും വഞ്ചിക്കുകയും ലോക രക്ഷിതാവിന് വിഘ്‌നം പ്രവര്‍ത്തിക്കുകയും ചെയ്തു.’
ഫൈറൂസ സാവധാനം പറഞ്ഞു നിറുത്തി.
നൂറയുമായി ഉടക്കുണ്ടായ ആ വെള്ളിയാഴ്ച രാവില്‍ അവള്‍ തനിക്കും ഫര്‍സാനക്കും ക്ലാസെടുക്കുമ്പോള്‍ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും അവളുടെ മനസ്സിലൂടെ കടന്നു പോയി. അവള്‍ക്ക് തന്നെയറിയില്ലായിരുന്നു തനിക്കീ ഊര്‍ജവും സ്ഥൈര്യവും
എവിടെ നിന്ന് ലഭിച്ചെന്ന്.
പക്ഷേ, ഇത്രയും പറഞ്ഞു തീര്‍ന്നപ്പോഴേക്കും അതുവരെ കറുത്തിരുണ്ട മേഘങ്ങള്‍ തിമിര്‍ത്ത് പെയ്തതിനു ശേഷമുള്ള തെളിഞ്ഞ ആകാശം പോലെ അവളുടെ മനസ്സ് ശാന്തമായിരുന്നു.
ഫൈസലിപ്പോഴും ഒരക്ഷരം മിണ്ടാതെ തലയും താഴ്ത്തി കസേരയിലിരിപ്പാണ്.
(തുടരും)
അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?
*** *** *** ***