No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

ഹബീബിനെ പ്രണയിച്ചവള്‍-08

Photo by Erda Estremera on Unsplash

Photo by Erda Estremera on Unsplash

in Novel
September 28, 2021
രിള്‌വാൻ അദനി

രിള്‌വാൻ അദനി

Share on FacebookShare on TwitterShare on WhatsApp

‘തൃശൂരിലെവിടെയാ..മോള്‍ടെ വീട്….?’
സ്വലാത്തിന് ശേഷം അടുക്കളയില്‍ ആയിശാത്തയെ സഹായിക്കാനെത്തിയ ഫര്‍സാനയോടാണ് ചോദ്യം.
‘അത്, ഉമ്മച്ചീ… കുറച്ചുള്ളോട്ടാണ്, പലപ്പിള്ളി….കാരിക്കുളം ഭാഗത്ത്’
ഫര്‍സാന അവളുടെ പതിവ് ശൈലിയില്‍ പറഞ്ഞു.
അവളും നൂറയെ പോലെതന്നെ ആയിശാത്തയെ ഉമ്മച്ചിയെന്നു തന്നെയാണ് വിളിക്കുന്നത്. അതുകൊണ്ട് തന്നെ ആ വിളികേള്‍ക്കാന്‍ ആയിശാത്തക്ക് ഭയങ്കര ഇഷ്ടവുമാണ്. പറഞ്ഞ സ്ഥലമേതാണെന്ന് ആയിശാത്തക്കറിയില്ലെങ്കിലും അറിയാമെന്ന രീതിയില്‍ തലകുലുക്കി സമ്മതിച്ചു.
‘വീട്ടില്‍ ആരൊക്കെയുണ്ട്…?’
ആയിശാത്ത കുശലാന്വേഷണം തുടങ്ങിയാല്‍ അടിമുതല്‍ മുടി വരെ ചികഞ്ഞു കൊണ്ടിരിക്കും.
‘ഉപ്പച്ചി, ഉമ്മച്ചി, അനിയന്‍ പിന്നെ ഞാന്‍’
അവള്‍ പെട്ടെന്ന് പറഞ്ഞു നിര്‍ത്തി.
‘ആഹാ…നിങ്ങള്‍ രണ്ടു മക്കളാണല്ലേ…?!.ഉപ്പച്ചി എന്ത് ചെയ്യുന്നു?’
ആയിശാത്ത തുടര്‍ന്നു. ആ ചോദ്യം കേട്ടെങ്കിലും ഫര്‍സാന കേള്‍ക്കാത്ത പോലെ നടിച്ചു. അവള്‍ കേട്ടില്ലെന്ന് കരുതി ആയിശാത്ത ചോദ്യമാവര്‍ത്തിച്ചു.
‘അത്…ഉപ്പച്ചി കുറച്ചായി കിടപ്പിലാണ്…നട്ടെല്ലിന് ക്ഷതം സംഭവിച്ചതാണ്…’
അവള്‍ മടിച്ച്…മടിച്ചാണ് അത് പറഞ്ഞത്.
അതുവരെ പുഞ്ചിരിച്ചു കൊണ്ട് തെളിമയാര്‍ന്ന് നിന്നിരുന്ന അവളുടെ മുഖം പെട്ടെന്ന് കരുവാളിച്ചു. തെളിഞ്ഞ് നില്‍ക്കുന്ന സൂര്യന് കാര്‍മേഘം മറയിട്ടാലുണ്ടാകുന്ന ഇരുള് പോലെ.
‘ഇന്നാലില്ലാഹ്….എങ്ങനെ സംഭവിച്ചതാണ്…!?’
ആ ചോദ്യവും ആശ്ചര്യവുമെല്ലാം അസ്ഥാനത്താണുന്നയിച്ചതെന്ന് പെട്ടെന്നാണ് ആയിശാത്തയോര്‍ത്തത്. കൂടുതല്‍ ചൂഴ്ന്നിറങ്ങാതെ അവളെ വെറുതെ വിടലായിരുന്നു നല്ലത്. വേണ്ടായിരുന്നു, ആയിശാത്തയുടെ മനസ്സ് പുകഞ്ഞു കൊണ്ടിരുന്നു.
‘അതോ…ഉപ്പച്ചിക്ക് എസ്‌റ്റേറ്റില് റബറ് വെട്ടലായിരുന്നു പണി. പുലര്‍ച്ചെ മൂന്നിനോ നാലിനോ ഒക്കെ ണീച്ച് എസ്‌റ്റേറ്റിലേക്ക് പോകും. പിന്നെ ചെലപ്പൊ രാവിലെ ചായ കുടിക്കാന്‍ വേണ്ടി വീട്ടിലേക്ക് വരും. അത് കഴിഞ്ഞ് വീണ്ടും പോകും. രാവിലെ വന്നില്ലെങ്കില്‍ പിന്നെ ഉച്ച തിരിഞ്ഞേ വരൂ. മിക്ക ദിവസവും ഉച്ച തിരിഞ്ഞാണ് വരാറ് ….അതോണ്ടന്നെ എന്റെ ചെറുപ്പത്തിലൊന്നും അതിരാവിലെ ഉപ്പച്ചീനെ കൂടുതല്‍ കാണാനുള്ള ഭാഗ്യമെനിക്കുണ്ടായിട്ടില്ല. കാരണം ഞാനെണീക്കുമ്പോത്തിനും ഉപ്പച്ചി എസ്‌റ്റേറ്റ് പിടിച്ചിട്ടുണ്ടാവും.’
അത് പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകളുടെ കോണുകളില്‍ ഗൃഹാതുരത്വത്തിന്റെ കണ്ണീര്‍ കണങ്ങള്‍ ഉരുണ്ടു കൂടുന്നതായി ആയിശാത്തക്ക് തോന്നി. ഫര്‍സാന ഒന്ന് നിര്‍ത്തിയിട്ട് ചെറിയ സങ്കടം കലര്‍ന്ന ചിരിയോടെ പറഞ്ഞു.
‘പക്ഷെ, വൈകീട്ട് ഞാന്‍ സ്‌കൂള്‍ വിട്ട് വരുമ്പോഴേക്കും ഉപ്പച്ചിയുണ്ടാവും എനിക്കുള്ള മിഠായിയും പലഹാരങ്ങളുമെല്ലാമായി കാത്തിരിക്കുന്നു. അതും കഴിച്ച് രാവിരുട്ടുവോളം ഉപ്പച്ചിയെന്നോടൊപ്പം കഥയും കളിയുമായിരിക്കും. ഞങ്ങള് തമ്മില്‍ ഭയങ്കര കൂട്ടായിരുന്നു. ‘.
ഒരുപാട് കാലത്തിനിടക്ക് തന്റെ ഉപ്പച്ചിയെ കുറിച്ച് ആരും ചോദിക്കാത്തത് കൊണ്ടായിരിക്കാം ഫര്‍സാന യാന്ത്രികമെന്നോണം പറഞ്ഞു കൊണ്ടിരുന്നു. അവള്‍ തുടര്‍ന്നു:
‘അങ്ങനെ, ഒരു ദിവസം പുലര്‍ച്ചെ ഉപ്പച്ചിയെണീറ്റ് എസ്‌റ്റേറ്റിലേക്ക് പോവാനൊരുങ്ങി. അന്നെന്തോ പതിവ് പോലെ എസ്‌റ്റേറ്റിലേക്ക് കയറുന്നതിന് മുമ്പ് ഉറങ്ങി കിടക്കുന്ന എന്റെ കവിളില്‍ ഉമ്മ തരാന്‍ വേണ്ടി കുനിഞ്ഞപ്പോള്‍ ഉപ്പച്ചിന്റെ കട്ടിമീശ കൊണ്ട് ഞാനുണര്‍ന്നു. പെട്ടെന്ന് ഉപ്പച്ചിയെ കണ്ട ഞാന്‍ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു:
ഉപ്പച്ചിയിന്ന് പോണ്ടാ…ഇന്റെ കൂടെ ഇവിടെ കെടക്കീം.’
ഫര്‍സാന താന്‍ ഉപ്പയെ കെട്ടിപിടിച്ച് കിടക്കുന്ന ആ രംഗം മനസ്സില്‍ കാണുന്ന പോലെ പറഞ്ഞു.
‘ മോള് സ്‌കൂള് വിട്ടു വരുമ്പോഴേക്കും മിഠായിയും ബലൂണുമൊക്കെ വേണ്ടേ….നമുക്ക് വൈകീട്ട് കളിക്കണ്ടേന്ന് എന്നോട് ചോദിച്ചപ്പോ ഞാനാ വര്‍ത്താനത്തില്‍ മയങ്ങി വീണ് ഉപ്പച്ചിയെ പോകാനനുവദിച്ചു’.
ഒന്ന് നിര്‍ത്തിയതിന് ശേഷം അവള് തുടര്‍ന്ന് പറഞ്ഞു.
‘പക്ഷെ, അന്ന് ഞാനുസ്‌കൂള് വിട്ട് ഉപ്പച്ചിന്റെ മിഠായിയും ബലൂണും പ്രതീക്ഷിച്ച് ഓടി കിതച്ച് വരുമ്പോള്‍ മുറ്റത്ത് ഉപ്പച്ചിയില്ലായിരുന്നു. ഉപ്പച്ചീന്ന് വിളിച്ച് വീട്ടിനുള്ളിലേക്ക് ഓടിയപ്പോള്‍ വീട് പൂട്ടി കിടക്കുന്നു.! എന്ത് സംഭവിച്ചൂന്നറിയാതെ നിക്ക്ണ എന്റടുത്ത്ക്ക് അയല്‍വാസി സൂറത്ത വന്നിട്ട് പറഞ്ഞു:
‘മോളെ വാ…ഉമ്മച്ചിം ഉപ്പച്ചിം കുഞ്ഞാവയും കൂടെ ഒരിടം വരെ പോയതാണ്. ഓല് വര്ണത് വരെ നിന്നോട് ഞമ്മളോടെ നിക്കാനാണ് ഉമ്മച്ചി പറഞ്ഞത്.’
സൂറത്ത പറഞ്ഞത് കേട്ട് അവരോടൊപ്പം നടന്നെങ്കിലും അവരെങ്ങനെ എന്നെ കൂട്ടാതെ പോകും എന്ന ദേഷ്യമായിരുന്നു മനസ്സ് മുഴുവന്‍. പിന്നെ സൂറത്തായോടൊപ്പം ചോറെല്ലാം തിന്ന് ഇരിക്കുമ്പോഴാണ് അവര് സത്യാവസ്ഥ പറഞ്ഞത്.
എസ്‌റ്റേറ്റില് രാവിലെ കാട്ടാനയിറങ്ങിയിരുന്നുവത്രെ. ആനയില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി ഓടുന്നതിനിടയില്‍ ഉപ്പച്ചി കാല്‍ തെന്നി കൊക്കയിലേക്ക് വീണു. ഭാഗ്യം കൊണ്ടാണത്രെ ജീവന്‍ തിരിച്ചു കിട്ടിയത്.’
അത് പറഞ്ഞപ്പോള്‍ ഫര്‍സാനയുടെ മുഖത്ത് നേരത്തെയുണ്ടായിരുന്ന സങ്കടമില്ല. അവളിത്രലാഘവത്തോടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ആയിശത്തയും കരുതി ഇവള്‍ക്കെങ്ങനെയിത് പറയാന്‍ സാധിക്കുന്നുവെന്ന്. പിന്നെ ചിന്തിച്ചപ്പോള്‍ തോന്നി ചിലരങ്ങനെയാണ്, ഉള്ളിലെത്ര സങ്കടമുണ്ടെങ്കിലും പുറത്ത് ചിരിച്ചങ്ങനെ നില്‍ക്കും. മറ്റുള്ളവരുടെ സങ്കടങ്ങള്‍ക്ക് ഒപ്പം ചേരും. തന്റെ സങ്കടങ്ങള്‍ ആരോടും പറയുകയുമില്ല. എന്നാല്‍ എല്ലായ്‌പ്പോഴും സന്തോഷത്തോടെ അവരെ കാണുന്നവര്‍ അവരുടെ ഉള്ളെന്താണെന്ന് ചോദിക്കുകയുമില്ല.
‘അപ്പോള്‍ വീട്ടിലെ കാര്യങ്ങളൊക്കെ എങ്ങനെ…..?’
ആയിശാത്ത തന്റെ ചോദ്യം അര്‍ധ വിരാമത്തില്‍ നിര്‍ത്തി.
‘അതോ…അത് പിന്നെ ഇപ്പൊ ഉപ്പച്ചിന്റെ പഴയ പണിക്ക് ഉമ്മച്ചിയാണ് പോകുന്നത്. പുലര്‍ച്ചെ എഴുന്നേറ്റ് പോവും. പിന്നെ അനിയനും അല്ലറ ചില്ലറ പണിയൊക്കെ ചെയ്യും.’
അവള്‍ അത് പറഞ്ഞു നിറുത്തിയിട്ട് ആ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി.
‘എന്താണ് രണ്ടാളും നല്ല ചര്‍ച്ചയിലാണല്ലോ…പണിയൊക്കെ കഴിഞ്ഞോ….!?’
അതു വരെ വാഷ്‌റൂമിലായിരുന്ന ഫൈറൂസ കിച്ചണിലേക്ക് വന്നു.
‘ഏയ്…ഞങ്ങളോരോ കുടുംബ കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നു, നീയിന്ന് വീട്ടിലേക്ക് പോകുന്നില്ലല്ലോ…?’
ഉമ്മച്ചിയിനി ഇതു വരെ താന്‍ പറഞ്ഞതെല്ലാം ഫൈറൂസയോട് പറയേണ്ടാന്ന് കരുതി ഫര്‍സാന പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.
‘ഇല്ലെടീ…നേരം ഒരുപാടിരുട്ടിയില്ലേ… ഞാനിനി നാളേ പോകുന്നൊള്ളൂ…’
അവള്‍ മറുപടി നല്‍കി.
‘എന്നാല്‍ നിങ്ങള് രണ്ടു പേരും കൂടെ ഭക്ഷണം എടുത്ത് വെച്ച് കഴിക്ക്. ഞാന്‍ നൂറക്ക് ഭക്ഷണം കൊണ്ടു കൊടുക്കട്ടെ..’
അവര് രണ്ടു പേരും ആ വീട്ടിലെ ഒരംഗത്തെ പോലെയായതിനാലാണ് ആയിശാത്തയങ്ങനെ പറഞ്ഞത്..
അവര്‍ നൂറക്കുള്ള ഭക്ഷണവുമായി മുകളിലേക്ക് കയറി. ആയിശാത്തയുടെ മനസ്സ് നിറയെ ഫര്‍സാനയുടെ വാക്കുകളാണ്. ആ കുടുംബത്തിന്റെ ജീവിതമെങ്ങനെയാവുമെന്ന ആധിയായിരുന്നു. ഇത് നൂറക്കറിയാമോ റബ്ബേ….എന്നിട്ടെന്തേ അവളിത് തന്നോട് പറയാതിരുന്നത്…ആ ഉമ്മമനസ്സ് വേദനിച്ചു. ഈ കാര്യം നൂറയുമായി ചര്‍ച്ച ചെയ്യാന്‍ വേണ്ടിയിട്ടാണ് ഫര്‍സാനയേയും ഫൈറൂസയേയും താഴെയാക്കിയതിന് ശേഷം ഭക്ഷണവുമായി മുകളിലേക്ക് കയറിയത്.
റൂമിലെത്തി ഭക്ഷണം ടീപോയിയുടെ മുകളില്‍ വെച്ച ഉടനെ തന്നെ അവര് നൂറയോട് ചോദിച്ചു:
‘നീ ഫര്‍സാനയുടെ കുടുംബത്തെ കുറിച്ച് അവളുമായി സംസാരിച്ചിരുന്നോ…?’
ഉമ്മച്ചിയുടെ അപ്രതീക്ഷിതമായ ചോദ്യം കേട്ടപ്പോള്‍ നൂറക്ക് എന്താണ് ഉമ്മച്ചി ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല..
‘എന്തിനെ കുറിച്ച് സംസാരിച്ചോന്നാണ് ങ്ങള് ഉദ്ദേശിച്ചത്…? ‘
ഉമ്മച്ചി അവള്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ കിച്ചണില്‍ വെച്ച് നടന്ന സംഭാഷണങ്ങളെല്ലാം പങ്കുവെച്ചു. സംഭവങ്ങളെല്ലാം കേട്ടപ്പോള്‍ അവള്‍ക്ക് ഭക്ഷണം ഇറങ്ങിയില്ല. എന്ത് കൊണ്ട് താനിത് നേരത്തെ അവളോട് ചോദിച്ചില്ല. ഉമ്മച്ചി വേണ്ടിവന്നല്ലോ എനിക്കവളുടെ മനസ്സറിയിച്ചു തരാന്‍. നൂറയുടെ മനസ്സില്‍ കുറ്റബോധം നിറഞ്ഞു കൊണ്ടിരുന്നു. ഭക്ഷണ ശേഷം തിരിച്ചിറങ്ങാന്‍ നേരം ഉമ്മച്ചി പറഞ്ഞു:
‘നീയിനിയിത് അവളോട് ചോദിക്കാന്‍ നിക്കണ്ടാ…അവള്‍ക്ക് സങ്കടാവും’
നൂറ അതിന് ഒന്നും പ്രതികരിച്ചില്ല.
ഭക്ഷണം കഴിച്ച് ഫൈറൂസയും ഫര്‍സാനയും റൂമിലേക്ക് വന്നു. അവര്‍ മൂന്ന് പേരും കട്ടിലില്‍ നീണ്ടു നിവര്‍ന്ന് കിടന്നു. നൂറക്ക് ഫര്‍സാനയോട് എങ്ങനെയെങ്കിലും കാര്യങ്ങളെല്ലാം ചോദിച്ചറിയണമെന്നുണ്ട്. എന്ത് ചോദിച്ചു തുടങ്ങുമെന്ന് അവള്‍ തല പുകഞ്ഞാലോചിച്ചു. അവസാനം നൂറ ചോദിച്ചു:
‘നമ്മുടെ ആത്മീയ കുടുംബശ്രീയിലെ നിബന്ധനകളിലൊന്നാണല്ലൊ പരസ്പരം ഉള്ളു തുറന്ന് സംസാരിക്കണമെന്നത്. എന്നെയും ഫൈറൂസയേയും കുറിച്ചുള്ള കുടുംബജീവിത ചുറ്റുപാടുകളെല്ലാം ഫര്‍സാനയ്ക്ക് മനസ്സിലായിട്ടുണ്ടാവും…ല്ലേ…പക്ഷെ, നിന്നെ പറ്റി ഞങ്ങള്‍ക്കൊന്നുമറിയില്ലല്ലോ. അതുകൊണ്ട് ഇന്ന് നീ നിന്റെ കഥ പറ. നിന്റെ നാടും വീടും വീട്ടുകാരും എല്ലാം പറ ‘
നൂറയുടെ സംസാരം കേട്ടപ്പോള്‍ തന്നെ ഉമ്മച്ചി നൂറയോടെല്ലാം പറഞ്ഞിട്ടുണ്ടെന്ന് ഫര്‍സാനക്ക് മനസ്സിലായി.
‘അത് ശരിയാണല്ലോ….നീ പറ’
ഫൈറൂസയും നൂറയെ ശരിവെച്ചു കൊണ്ട് പറഞ്ഞു.
അവസാനം മനമ്മില്ലാ മനസ്സോടെയാണെങ്കിലും അവള്‍ ഉമ്മച്ചിയോട് പറഞ്ഞതെല്ലാം അവരോടും പറഞ്ഞു.
അവര്‍ നിര്‍വികാരതയോടെ എല്ലാം കേട്ടിരുന്നു.
‘അപ്പോള്‍ ഉപ്പച്ചിയുടെ ചികിത്സാ ചിലവിനും വീട്ടാവശ്യങ്ങള്‍ക്കുമെല്ലാം ഉമ്മച്ചിയുണ്ടാക്കുന്നത് തികയുമോ….?’
ഫൈറൂസയുടെ ആ ചോദ്യത്തില്‍ ഫര്‍സാനയോടുള്ള സഹതാപത്തില്‍ നിറഞ്ഞ സങ്കടമുള്‍ക്കൊണ്ടിരുന്നു.
‘എടീ…ഞാനിക്കാര്യം ഇത് വരെ ആരോടും പറയാത്തതെന്താണെന്നറിയുമോ നിങ്ങള്‍ക്ക്…?’
അവള്‍ തുടര്‍ന്നു.
‘മറ്റുള്ളവര് എന്റെ കഥ കേട്ട് സഹതാപത്തോടെ എന്നെ നോക്കി….അയ്യോ…പാവം കുട്ടി അല്ലേ…ന്ന് പറയ്ണത് എനിക്കിഷ്ടല്ല. അതോണ്ടാണ് . ഇനിയിതിന്റെ പേരില്‍ നിങ്ങളെന്നെ അങ്ങനെ കാണാനും പാടില്ല.’
ഫര്‍സാന തന്റെ നിബന്ധന അവര്‍ക്ക് മുമ്പില്‍ വെച്ചു.
‘എടീ…പരസ്പരം കൊണ്ടും കൊടുത്തും തന്നെയാണ് മനുഷ്യന്മാരിത്രകാലം ജീവിച്ചത്. പരസ്പരം ആശ്രയിക്കാതെ ഈ ലോക ചരിത്രത്തില്‍ ഒരു മനുഷ്യനും ജീവിച്ച് മരിച്ചിട്ടില്ല. അതായത് നിരാശ്രയത്വം അല്ലാഹുവിന്റെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ട് സങ്കടം പറയുന്നതും മറ്റുള്ളവരുടേത് കേള്‍ക്കുന്നതുമൊന്നും വലിയ പാതകമൊന്നുമല്ല. പിന്നെ, ഞങ്ങള് നിന്നെ സഹായിക്കുന്നതും നീ ഞങ്ങളെ സഹായിക്കുന്നതും സഹതാപത്തിന്റെ അടിസ്ഥാനത്തിലുമല്ല. അത് നമ്മുടെ സൗഹൃദമാണ്. സൗഹൃദത്തില്‍ നീയും ഞാനുമില്ലല്ലോ നമ്മളെല്ലേയുള്ളൂ’
നൂറയുടെ ആ വാക്ക് കേട്ടപ്പോള്‍ ഫര്‍സാനയുടെ മനസ്സില്‍ കുളിര്‍മഴ പെയ്തു. അവള്‍ പറഞ്ഞു.
‘നേരത്തെ ഫൈറൂസ ചോദിച്ചീലെ ഞങ്ങളെ ആരാണ് നോക്കാറെന്ന്. ഉമ്മാന്റെ അമ്മാവന്മാരാണ്. അവരെല്ലാവരും കൂടെ മാസത്തില്‍ നിശ്ചിത പണം കൊടുത്ത് വിടും. എനിക്ക് കുറച്ച് ബോധം വെച്ചപ്പോള്‍ ആ പണം വാങ്ങണ്ടാന്നും ഞാനും ഉമ്മാന്റെ കൂടെ പണിക്കിറങ്ങാന്നും പറഞ്ഞപ്പോള്‍ ഉമ്മച്ചിക്ക് ഓരേ നിര്‍ബന്ധം ഞാന്‍ പഠിച്ച് ഡോക്ടറാവണംന്ന്…വീട്ടിലെ കാര്യത്തെ കുറിച്ച് ആലോചിച്ച് നീ തലപുകയണ്ടാന്ന്….’
ഫര്‍സാന ഒന്ന് നിര്‍ത്തിയതിന് ശേഷം തുടര്‍ന്ന് പറഞ്ഞു:
‘ എനിക്കൊരു ഡോക്ടറാവണമെടി…കാരണം എന്നെ കാത്തിരിക്കുന്ന ഒരു കുടുംബമുണ്ടവിടെ… അവരുടെ പ്രതീക്ഷയാണ് ഞാന്‍. തളര്‍ന്ന് കരഞ്ഞിരിക്കാന്‍ എന്നെ കൊണ്ടാവില്ല. അതോണ്ടാ എല്ലാം മറന്നവളെ പോലെ ഞാനിങ്ങനെ ചിരിച്ച് ആഘോഷിച്ച് നടക്കുന്നത്. ‘
അവളുടെ വാക്കുകളില്‍ നിറഞ്ഞ ആത്മവിശ്വാസത്തിന് വല്ലാത്ത ശക്തിയുണ്ടായിരുന്നു. ഫര്‍സാന വീണ്ടും കഥപറഞ്ഞു. അവളുടെ ജീവിതം ഒരു ചിത്രകഥപോലെ അവര്‍ക്ക് മുമ്പില്‍ വരച്ചു കാണിച്ചു.
പറഞ്ഞു തീര്‍ന്നപ്പോള്‍ ഞാന്‍ നിങ്ങളെ വെറുപ്പിച്ചോയെന്ന മുഖഭാവത്തില്‍ രണ്ടു പേരെയും നോക്കി. അതേസമയം, തന്നെ മുഴുവനായി ഇവര് കേട്ടല്ലോയെന്നോര്‍ത്തപ്പോള്‍ അവളുടെ മുഖത്ത് സമാശ്വാസത്തിന്റെ പുഞ്ചിരിയുമുണ്ടായിരുന്നു. അവര്‍ പരസ്പരം സമാധാന വാക്കുകള്‍ പറഞ്ഞു. ജീവിതത്തില്‍ ഏത് പ്രതിസന്ധിയിലും കൈവിടാതെ കൂടെയുണ്ടാവുമെന്നുറപ്പ് കൊടുത്തു.
കിടക്കുന്നതിന് മുമ്പ് ഒരു ഫസ്‌ല് ബുര്‍ദ്ധ ചൊല്ലല്‍ നൂറക്ക് പതിവുള്ളതാണ്.
‘നമുക്ക് ബുര്‍ദ്ധ ചൊല്ലി കിടക്കുകയല്ലേ….?’
നൂറ ചോദിച്ചു.
അവര് വീണ്ടും എഴുന്നേറ്റിരുന്നു. ഒരുമിച്ച് ബുര്‍ദ്ധ ചൊല്ലി.
ശേഷം എല്ലാവരും കിടന്നു.
നൂറക്ക് ഉറക്കം വന്നില്ല.
ഫര്‍സാനയും ഫൈറൂസയും ഉറങ്ങിയെന്നുറപ്പായപ്പോള്‍ അവള്‍ എഴുന്നേറ്റ് വാഷ് റൂമില്‍ പോയി വുളൂഅ് ചെയ്തു വന്നു. മനസ്സിന് ശാന്തത ലഭിക്കാതിരിക്കുമ്പോള്‍ സാധാരണയവള് രണ്ട് റക്അത്ത് നിസ്‌കരിച്ചതിന് ശേഷം റബ്ബിനോട് കരഞ്ഞ് സങ്കടങ്ങള്‍ പറയും. അപ്പോള്‍ ഉള്ള് അല്‍പം ശാന്തമാവും.
നിസ്‌കരിച്ചിരുന്നപ്പോള്‍ പെട്ടെന്ന് മനസ്സിലേക്ക് ഉവൈസുല്‍ ഖറനി(റ)വിന്റെ പേര് തെളിഞ്ഞുവന്നു. ഈയടുത്ത് മാദിഹീങ്ങളുടെ ഒരു വാട്‌സപ്പ് ഗ്രൂപില്‍ നിന്നാണ് മഹാനവര്‍കളുടെ ചരിത്രം പറയുന്ന ഒരു പ്രഭാഷണം ലഭിച്ചത്. മഹാന്‍ ഹബീബ്യെ പ്രണയിച്ച വിശാലമായ ആ ചരിത്രത്തില്‍ ഏറ്റവും ആകര്‍ഷിച്ചിരുന്ന ഒരു ഭാഗമാണ് ഇപ്പോള്‍ മഹാനരെ ഓര്‍ക്കാനുള്ള കാരണം.
അഥവാ, എന്ത് ദുആ ചെയ്താലും ഉത്തരം ലഭിച്ചിരുന്ന മഹാന്‍ ദാരിദ്രനായി, വെറുമൊരു ആട്ടിടയനായി ജീവിക്കാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. വിശപ്പടക്കാനായി വെറും നാല് ഈത്തപ്പഴം മാത്രമായിരുന്നുവത്രെ കഴിച്ചിരുന്നത്. അത് കഴിച്ചതിന് ശേഷം മഹാന്‍ ദുആ ചെയ്യും:
‘റബ്ബേ…ലോകത്തിന്നാരെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ അതിന്റെ പേരില്‍ നീയെന്നെ ശിക്ഷിക്കരുത്..കാരണം അതിന് ഞാനുത്തരവാദിയല്ല. ഞാനെന്റെ വിശപ്പടക്കാനാവശ്യമായ നാലിത്തപഴമേ ഭക്ഷിച്ചിട്ടുള്ളൂ…അതിന് പുറമെ മറ്റൊരു ഭക്ഷണവും ഞാന്‍ കരുതി വെച്ചിട്ടുമില്ല’
ദുആയിലായിരിക്കുമ്പോഴാണ് അവളുടെ മനസ്സിലേക്ക് ഈ ചരിത്രമോര്‍മ്മ വന്നത്. അവളുടെ ഹൃദയം പൊട്ടി. കണ്ണുകള്‍ നിറഞ്ഞൊഴുകി.
‘റബ്ബേ…മഹാനവര്‍കളെ പോലെയൊന്നും ജീവിതം സംശുദ്ധമല്ലെങ്കിലും എന്റെ ചുറ്റിലും ജീവിക്കുന്നവരുടെ ജീവിതത്തില്‍ സന്തോഷം പകരാനും അവരുടെ സുഖദു:ഖത്തില്‍ പങ്ക് ചേരാനും എനിക്ക് നീ തൗഫീഖിനെ പ്രധാനം ചെയ്യണേ….? അവരുടെ പ്രയാസങ്ങളെ കണ്ടറിഞ്ഞ് അതിനു വേണ്ട പരിഹാരമുണ്ടാക്കാന്‍ നീയെനിക്ക് മാര്‍ഗമെളുപ്പമാക്കി തരണേ….’
മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തത്തെ മറക്കാനുള്ള നൂറയുടെ ശേഷി അപാരമാണ്.

** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** **

‘എടാ ആ കല്യാണവും മുടങ്ങിയത്രെ…’
വീട്ടിലേക്കുള്ള യാത്രക്കിടയില്‍ സഫിയാത്ത ഫാതിഹിനോട് പറഞ്ഞു. ഏത് കല്യാണത്തിന്റെ കാര്യമാണ് ഉമ്മച്ചി പറയുന്നതെന്നറിയാതെ അവന്‍ െ്രെഡവിങ്ങിനിടെ തല ചെരിച്ച് ഉമ്മയെ നോക്കി.
നൂറയുമായുള്ളതാവാന്‍ വഴിയില്ല…കാരണം, ഉമ്മച്ചിക്ക് അവരുടെ കോണ്ടാക്റ്റ് കിട്ടിയിട്ടില്ലല്ലോ…പിന്നെയെങ്ങനെയാണ് അത് മുടങ്ങിയെന്ന് പറയുക. അല്ല ഇനി ഉമ്മയെങ്ങാനും ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ സിസ്റ്ററെ പ്രലോഭിപ്പിച്ച് അവരുടെ നമ്പറ് തപ്പി പിടിച്ച് വിളിച്ചോ..യാ..റബ്ബ്.
ഫാതിഹിന്റെ മനസ്സിലൂടെ ഒരായിരം ചിന്തകള്‍ ചീറിപ്പാഞ്ഞു.
‘ഞാന്‍ അവരുമായി ഒരുപാട് സംസാരിച്ചു നോക്കി. എന്നിട്ടൊന്നും അവര് വഴങ്ങുന്നില്ല’
സഫിയാത്തയുടെ മുഖത്ത് സങ്കടമുണ്ട്. എന്തോ ആലോചിച്ചു കൊണ്ടാണ് സംസാരിക്കുന്നത്.
‘അപ്പോ നിങ്ങള്‍ സിസ്റ്ററുടെ അടുത്ത് നിന്ന് നമ്പറൊപ്പിച്ച് അവരെ വിളിക്കലും കഴിഞ്ഞോ…? എന്നിട്ട് അവരെന്തേ പറഞ്ഞത്…? വേണ്ടെന്ന് പറയാനുള്ള കാരണമെന്താ….?’
ഫാതിഹ് ഒരു കുല നിറയെ ചോദ്യം സഫിയാത്തയുടെ മുമ്പിലേക്കിട്ടു.
ആലോചനയിലായിരുന്ന സഫിയാത്ത പെട്ടെന്നുള്ള അവന്റെ ചോദ്യംകേട്ട് സ്വ ബോധത്തിലേക്ക് തന്നെ തിരിച്ച് വന്നു. ഫാത്തിഹിന്റെ ചോദ്യത്തിലെ ചില ഭാഗങ്ങളെ അവര്‍ കേട്ടിരുന്നൊള്ളൂ. അതുകൊണ്ടു തന്നെ ഇവനിത് എന്താണ് ചോദിക്കുന്നതെന്നാണ് അവരുടെ മുഖഭാവം. ഇനിയിവനെങ്ങാനും ഞാന്‍ നമ്പറൊപ്പിച്ച കാര്യം അറിഞ്ഞോ…
‘നീയിപ്പോ എന്തൊക്കെയാ ചോദിച്ചത്…ഒന്നൂടെ ചോദിച്ചേ…’
സഫിയാത്ത ചോദ്യം കേള്‍ക്കാത്തത് പോലെ അവനോട് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. അവനാവര്‍ത്തിച്ചു.
നൂറയെ കുറിച്ചുള്ള അവന്റെ ചോദ്യത്തിലുണ്ടായിരുന്ന ആകാംക്ഷയും അറിയാനുള്ള ജിജ്ഞാസയും അത് മുടങ്ങിയോ എന്നതിലുള്ള ആധിയും എല്ലാം ആ ചോദ്യത്തില്‍ നിറഞ്ഞു നിന്നിരുന്നു.
‘അപ്പോ…നീയല്ലേ…പറഞ്ഞത് അവര് പോണെങ്കില്‍ പോട്ടേന്നും. ഞാന്‍ ആശുപത്രിയില്‍ വന്നത് വെറുതെയായീന്നും എല്ലാം….എന്നിട്ട് പ്പോ ന്താ നിന്റെ മോത്തൊരു സങ്കടം….’
സഫിയാത്ത ഫാത്തിഹിനെ ഒന്ന് ആക്കി ചോദിച്ചു.
‘എവിടെ…ആര്‍ക്ക് സങ്കടം…എനിക്കൊരു സങ്കടവുമില്ല. പക്ഷെ, ഈ സഫിയ ഒരു കാര്യം ഏറ്റെടുത്താല്‍ അത് നടത്തിയിട്ടേ അടങ്ങൂ ന്ന്ള്ള ങ്ങളെ വീരവാദം ഇഞ്ഞ് ണ്ടാവൂലല്ലോ. രാവിലെ ഒരുങ്ങി പുറപ്പെട്ണത് കണ്ടപ്പൊ ഞാനും കരുതി ഇന്നിന്റെ കാനോത്ത് കഴിയുംന്ന്. എവടെ…മനുഷ്യനെ വെറുതെ കൊതിപ്പിച്ചത് മിച്ചം’
ഫാതിഹ് ഉമ്മാനെ കളിയാക്കിക്കൊണ്ട് ചിരിച്ചു.
‘അതിനൊക്കെ ഈ സഫിയ ഒരു മാര്‍ഗം കണ്ട് വെച്ച്ക്ക്ണ്. ന്റെ മോന്‍ തല്‍ക്കാലത്തിന് അതോര്‍ത്ത് സങ്കടപെടണ്ട. ഞാനന്റെ കല്യാണക്കാര്യവുമായി ബന്ധപ്പെട്ട് ഇന്ന് ചെയ്തതറിയാനല്ലേ…ജ്ജ്പ്പം അങ്ങനെ ചോദിച്ചത്. അങ്ങനെ ന്റെ ഉള്ളെടുക്കാന്‍ ന്റെ മോന്‍ നോക്കണ്ടട്ടൊ…’
സഫിയാത്ത തിരിച്ചടിച്ചു.
‘അപ്പൊ നിങ്ങളാരെ കല്യാണം മുടങ്ങിയ കാര്യാണിത് വരെ പറഞ്ഞത്. നൂറന്റതല്ലേ….?’
അത് ചോദിക്കുമ്പോള്‍ ഉമ്മയുടെ മറുപടി അല്ലായെന്നാവണേയെന്ന് അവന്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
സഫിയാത്ത ഒന്ന് ചെരിഞ്ഞിരുന്നതിന് ശേഷം അവനെ മൊത്തത്തില്‍ ഒന്ന് ഇരുത്തി നോക്കിയിട്ട് ചോദിച്ചു:
‘അപ്പൊ ഈ നൂറ കുട്ടി അന്റെ മനസ്സിന്റെ നൂറ് ആയ്ക്ക്ണ്‌ല്ലേ….ആ കുട്ടി ഇത് വല്ലതും അറിയ്‌ണ്ടൊന്റെ റബ്ബേ….’
അവര്‍ മേല്‍പ്പോട്ട് കൈമലര്‍ത്തി. ഫാതിഹത് കണ്ടു ചിരിച്ചു.
‘ഞാന്‍ പറഞ്ഞത് ആ കാര്യല്ല. അന്റെ മൂത്താപ്പന്റെ നാലാമത്തെ മകനുണ്ടല്ലോ…അന്റെ കാരണോര്…നിഷാന്. ഓന്റെ കാര്യാണ് പറഞ്ഞത്.’
അവന്റെ മുഖമൊന്നു തെളിഞ്ഞു,എങ്കിലും ആശ്ചര്യത്തോടെ ചോദിച്ചു:
‘അതെന്തേ….നിഷാന്‍കന്റെ കല്യാണത്തിന്റെ എല്ലാം റെഡിയായെന്നും നികാഹ് ഉടനെണ്ടാവുംന്നൊക്കല്ലേ ന്നാള് പറഞ്ഞീനത്.’
‘ആ…അങ്ങനൊക്കെ തന്നേനി പറഞ്ഞീന്യത്, പക്ഷേ, അവര് പിന്നെയും അന്വേഷിച്ചപ്പള്‍ വീട്ടില് ഉമ്മയും മക്കളും തമ്മില്‍ ചേര്‍ച്ചല്ല്യാന്ന്ള്ളത് അറിഞ്ഞത്രെ. അതാണേലോ മുടങ്ങിയത്. എത്ര ഉള്ളോലായിട്ടെന്താ….കുടുംബത്തിന്റെ ഔത്ത് മനസ്സമാധാനല്ലെങ്കില്‍ മക്കളോട് സ്‌നേഹള്ള ഏതേലും വാപ്പാര് സ്വന്തം മോളെ അങ്ങട്ട് കെട്ടിച്ചയക്കോ….ഇല്ലല്ലോ…’
സഫിയാത്ത എന്തൊക്കെയോ ആലോചിച്ച് കൊണ്ട് പറഞ്ഞു.
മൂത്താപ്പ വലിയ ബിസിനസുകാരനായിരുന്നു. പണമുണ്ടാക്കാന്‍ മൂത്താപ്പയെ കഴിഞ്ഞിട്ടേ ആ നാട്ടിലാരുമുണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ പണത്തിന് മുമ്പില്‍ മൂത്താപ്പക്ക് ബന്ധവും കുടുംബവുമൊന്നുമില്ലായിരുന്നു.
‘എടാ ബിസിനസില്‍ കണ്ണില്‍ ചോരക്ക് വിലയില്ലാ’ യെന്നാണ് പതിവ് പല്ലവി. ന്യായമായും അന്യായമായും മൂത്താപ്പ ഒരുപാട് സമ്പാദിച്ചിട്ടുണ്ടെന്നത് നാട്ടിലെല്ലാവര്‍ക്കുമറിയുന്ന ഒരു രഹസ്യമാണ്.
രണ്ടു വര്‍ഷം മുമ്പാണ് മൂത്താപ്പ മരിച്ചത്. മൂത്താപ്പ മരിച്ചതില്‍ പിന്നെ മൂത്തുമ്മ മാനസികമായി ആകെ തകര്‍ന്നു. അഞ്ചാണ്‍മക്കളാണവര്‍ക്ക്, മൂത്ത മൂന്നാളുകളുടെയും വിവാഹം കഴിഞ്ഞതാണ്. എല്ലാവരും വലിയ പണച്ചാക്കുകളെ തന്നെയാണ് കെട്ടിയത്. അവസാന രണ്ടു മക്കളായ നിഷാന്റെയും നിസാറിന്റെയും കല്യാണമേ നടക്കാത്തതായിട്ടുണ്ടായിരുന്നുള്ളൂ.
മൂത്താപ്പ മരിച്ച് ഏഴിന്റെ അന്ന് തന്നെ മൂത്തമകന്‍ നിയാസും അദ്ദേഹത്തിന്റെ ഭാര്യാവീട്ടുകാരും മൂത്തുമ്മാന്റെ അടുത്ത് വന്ന് സ്വത്ത് ഓഹരി ചെയ്യാനാവശ്യപ്പെട്ടു. തുടര്‍ന്ന് ഓരോരുത്തരായി ഈ ആവശ്യവുമായി വന്നു. അങ്ങനെ സ്വത്ത് ഓഹരി ചെയ്തു. അതോടെ മൂത്തുമ്മ അവര്‍ക്കൊരു ബാധ്യതയായി. അവര് മൂത്തുമ്മാനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കാന്‍ തുടങ്ങി. അതുവരെ ആ വീട്ടിലേയും തറവാട്ടിലേയും രാജ്ഞിയായിരുന്ന മൂത്തുമ്മ പിന്നീട് പലപ്പോഴും മരുമക്കളുടെ വേലക്കാരിയായി മാറി.
ഫാതിഹിന്റെ മനസ്സില്‍ ഒരു തലമുറയുടെ ജീവിതകാലം മുഴുവന്‍ ഒരുനിമിഷം കൊണ്ട് മിന്നിമറിഞ്ഞു.
‘ഇനിയിപ്പൊ ഓന്‍ക്ക് എവടന്നാ പെണ്ണ് തെരയാ…ഓന്‍ക്കെത്ര വയസായുമ്മ….!? ‘
ഫാത്തിഹ് ചോദിച്ചു.
‘നിസാറും ജ്ജും അല്ലേ തൊണ…? , ങ്ങളെ രണ്ടാളിം നാല് വയസ്സ് മൂപ്പുണ്ടോന്‍ക്ക്…അഥവാ മുപ്പത് തെകഞ്ഞീണ്ടാവും’
സഫിയാത്ത മനക്കണക്ക് കൂട്ടിയിട്ട് പറഞ്ഞു.
‘ഉമ്മാരിം ബാപ്പാരിം നോക്കാത്തൊട്‌ത്തോളം കാലം, മക്കള് കൊണം പിടിക്കൂല. ഓലെ ഒരു തരിമ്പ്‌ന് കഷ്ടപ്പെടുത്തിയോ…അയ്‌നുള്ളത് പടച്ചോന്‍ ഈ ദുനിയാവ്ന്ന് തന്നെ കൊട്ത്തിട്ടേ വിടൊള്ളൂ..അതില് ഒരു സംശയോംല്ല്യാ.
തെറ്റ് മുഴുവനും ഓലട്ത്തും ന്യായം മുഴുവനും മക്കളട്ത്തും ആണെങ്കില്‍ പോലും പടച്ചോന്‍ തന്തന്റിം തള്ളന്റിം കൂടേ നിക്കൊള്ളൂ… അത് മനസ്സിലാക്കി വെക്ക്ണത് എല്ലാര്‍ക്കും നല്ലതാണ്. ‘
സഫിയാത്ത കാറിന്റെ ഫ്രണ്ട് ഗ്ലാസിലൂടെ മുന്നോട്ട് നോക്കി കൊണ്ട് നിര്‍വികാരതയോടെ പറഞ്ഞു. ഫാതിഹ് ഉമ്മയെ ശരി വച്ചു കൊണ്ട് തലയാട്ടി.
അവന്റെ മനസ്സിലൂടെ ഒരുപാട് സംഭവങ്ങള്‍ ഓര്‍മയിട്ടു പോയി. തൊലിവെളുപ്പുള്ള ഒരു പെണ്ണിനെ കാണുമ്പോഴേക്ക് ഉമ്മയെ മറക്കുന്നവര്‍, പത്ത് മിനുട്ട് മുമ്പ് കണ്ട് ഇഷ്ടപ്പെട്ട ഒരുത്തന്റെ കൂടെ കേറിപൊറുക്കാന്‍ വേണ്ടി പെറ്റ് പോറ്റി വളര്‍ത്തിയ രക്ഷിതാക്കളുടെ മുഖത്ത് നോക്കി കാര്‍ക്കിച്ച് തുപ്പുന്നവര്‍…. അങ്ങനെ തുടങ്ങി ഒരുപാടെണ്ണം…. ഇത്തരക്കാര്‍ ചെയ്തതൊന്നും തിരിച്ചു നല്‍കാതെ ഈ ദുനിയാവില്‍ നിന്ന് മടക്കിവിളിക്കൂലായെന്നതുറപ്പാണ്. ഫാതിഹിന് സങ്കടവും ദേഷ്യവും സമ്മിശ്രമായി വന്നു.
പണ്ട് മോഹന്‍ മാഷ് നാലാം ക്ലാസില്‍ നിന്ന് പറഞ്ഞു തന്ന മാതാവിനെ കുറിച്ചുള്ള കഥ കേട്ടു കരഞ്ഞു പോയ സന്ദര്‍ഭം ഓര്‍ത്തപ്പോള്‍ അവന്റെ മുഖത്ത് ചിരിവിടര്‍ന്നു. അന്ന് മാഷ് ക്ലാസിലേക്ക് വന്നിട്ട് ചോദിച്ചു.
‘ഇന്ന് നമുക്ക് അമ്മയേ കുറിച്ചൊരു കഥപറയാം’
‘ആ….’
ആ ക്ലാസിലുണ്ടായിരുന്ന നാല്‍പതില്‍ പരം കുട്ടികളും ഒരേ ശബ്ദത്തില്‍ പറഞ്ഞു. മാഷ് കഥപറയാന്‍ തുടങ്ങി. അന്ന് മാഷ് പറഞ്ഞ കഥ ഫാതിഹിന്റെ മനസ്സിലൂടെ ഓട്ട പ്രദക്ഷിണം വെച്ചു പോയി.
‘ദൂരെയൊരു നാട്ടില്‍ വളരെ സന്തോഷത്തോടെ ജീവിക്കുന്ന ഒരമ്മയും മകനുമുണ്ടായിരുന്നു. തന്റെ ജീവിതം പകുത്തു നല്‍കിയിട്ടാണ് ആ അമ്മ മകനെ വളര്‍ത്തിയത്. അങ്ങനെ യുവാവായ മകന്‍ ഒരിക്കല്‍ ഒരു സന്ദരിയായ പെണ്‍കുട്ടിയെ കണ്ടു. അവര്‍ പരസ്പരം ഇഷ്ടത്തിലായി. ഒരിക്കല്‍ ആ കമിതാക്കള്‍ സംസാരിക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു:
‘ഈ ലോകത്തുള്ള സകലതിനെക്കാളും ഞാനിഷ്ടപ്പെടുന്നത് നിന്നെയാണ്…’
അവനത് പറഞ്ഞപ്പോള്‍ അവള്‍ അവന്റെ മുഖത്ത് നോക്കി ചോദിച്ചു:
‘അതിനെന്താണ് തെളിവ്….?’
‘തെളിവോ….നീ പറയുന്നതെന്തും ഞാന്‍ ചെയ്യാം….’
അവന്‍ അവള്‍ക്ക് മുമ്പില്‍ സ്വയം സമര്‍പ്പിച്ചു.
അവള്‍ അവനെ പരീക്ഷിക്കാന്‍ തന്നെ ഉറപ്പിച്ചു. അതിനവളവനോടാവശ്യപ്പെട്ടത് അവനൊരിക്കലും ചെയ്യാന്‍ സാധിക്കില്ലായെന്നുറപ്പുള്ള ഒന്നായിരുന്നു.
‘അങ്ങനെയെങ്കില്‍ നീയെനിക്ക് നിന്റെ മാതാവിന്റെ ഹൃദയം കൊണ്ടു തരാമോ…?’
അവളുടെ മനം മയക്കുന്ന മുഖത്തേക്ക് നോക്കിയപ്പോള്‍ മാതാവിന്റെ ചുക്കിച്ചുളിഞ്ഞ മുഖത്തെ അവഗണിക്കാന്‍ അവന് പെട്ടെന്ന് സാധിച്ചു. അവന്‍ ആണയിട്ടു പറഞ്ഞു: ‘തീര്‍ച്ചയായും.’
എന്നിട്ടവന്‍ വീട്ടിലേക്കോടി ചെന്നു.
ഓടിക്കിതച്ചു വരുന്ന മകനെ കണ്ട് ആ അമ്മ ഒരു ഗ്ലാസ് വെള്ളം അവന് നേരെ നീട്ടി.
‘ന്റെ കുട്ടി കൊയങ്ങീട്ട്ണ്ടാവും ഇത് കുടിക്ക്…’
പക്ഷെ, അവനാ കൈകള്‍ തട്ടിമാറ്റിയിട്ട് തന്റെ മാതാവിന്റെ നെഞ്ചിന്‍ കൂട് കുത്തി പിളര്‍ത്തിയിട്ട് ആ ഹൃദയവുമായി കാമുകിയുടെ അടുത്തേക്കോടി.
ആ ഓട്ടത്തിനിടയില്‍ അവന്റെ കാല് ഒരു കല്ലില്‍ തട്ടി അവന്‍ വീഴാനോങ്ങി. അപ്പോള്‍ അവന്റെ കയ്യില്‍ കിടന്ന് മിടിച്ചു കൊണ്ടിരിക്കുന്ന ആ മാതൃഹൃദയം ചോദിച്ചുവത്രെ:
‘മോനേ,..നിനക്ക് വല്ലതും പറ്റിയോടാ…ശ്രദ്ധിച്ച് നടക്ക് ” ഇത്രയും പറഞ്ഞതിന് ശേഷം മോഹന്‍ മാഷ് പറഞ്ഞു:
‘മക്കളേ…ഇതാണ് അമ്മമാര്. അവരുടെ മനസ്സ് എന്നും നമ്മുടെ കൂടെയാണ്. അതിനി നമ്മളവരെ ഉപദ്രവിച്ചാലും ഇല്ലെങ്കിലും. അവരല്ലേ നമ്മളെ പെറ്റുവളര്‍ത്തിയത്. അവര്‍ക്ക് നമ്മളെ വെറുക്കാനറിയില്ലല്ലോ..!’
മാഷ് കഥപറഞ്ഞു നിര്‍ത്തുമ്പോള്‍ ആ ക്ലാസ് സ്മശാന മൂകമായിരുന്നു. പലരും തേങ്ങിക്കരയുന്നുണ്ടായിരുന്നു. ആ കൂട്ടത്തിലൊരാളായിരുന്നു താനും. അന്ന് കരഞ്ഞ് വീട്ടിലേക്ക് ചെന്ന് ഉമ്മയെ തുരുതുരാ ഉമ്മ വെച്ച് കെട്ടിപ്പിടിച്ച് വീണ്ടും കരഞ്ഞു. അതോര്‍ത്തപ്പോള്‍ ഫാതിഹ് ഉമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു.
‘നീയെന്താടാ..ചിരിക്കുന്നത്….!? ‘
അവര് അവനോട് ചോദിച്ചു.
‘ഏയ് ഒന്നുല്യ…..’
അവന്‍ തന്റെ ചിന്തയെ വീണ്ടും മാതൃസ്‌നേഹത്തിലേക്ക് തന്നെ തിരിച്ചയച്ചു. ഇത്തവണ ഡോക്ടര്‍ ഫാതിഹിന്റെ വീക്ഷണ കോണിലൂടെയാണ് അവന്റെ മനസ്സ് സഞ്ചരിച്ചതെന്നുമാത്രം. ഒരു സ്ത്രീ പ്രസവ സമയത്ത് അനുഭവിക്കുന്ന വേദനയുടെ തോത് 56 ഡെല്ലാണ്. അഥവാ ഒരു മനുഷ്യന് സാധാരണ താങ്ങാനാവുന്ന പരമാവധി വേദനയുടെ അളവ് 44 ഡെല്‍മാത്രമാണെന്ന് മനസ്സിലാക്കുമ്പോഴാണ് ഒരോ മക്കള്‍ക്കും മാതാവിന്റെ മഹത്വം മനസ്സിലാവുകയുള്ളൂ. ലോകത്തുള്ള എല്ലാമക്കളും ഡോക്ടേഴ്‌സാവുകയും തന്നെ പോലെ ചിന്തിക്കുകയും ചെയ്തിരുന്നുവെങ്കിലെത്ര നന്നായിരുന്നേനേയെന്ന് ഫാതിഹൊരു നിമിഷം ചിന്തിച്ചു പോയി.
ഉമ്മയെ തെരഞ്ഞുള്ള അവന്റെ മനസ്സ് വീണ്ടും സഞ്ചരിച്ചു. അതിപ്പോള്‍ മദീന വഴിയാണ് പോകുന്നത്. ഉമ്മയെ കുറിച്ചാലോചിക്കുമ്പോഴെല്ലാം മനസ്സിലേക്ക് ആദ്യം വരാറുള്ള ഹദീസാണ്:
‘ഹബീബായ നബിതങ്ങളുടെ അടുത്ത് വന്നിട്ട് ഒരു സ്വാഹാബി ചോദിച്ചു:
ഹബീബേ..ഞാനാര്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യേണ്ടത്..?
ഹബീബ് സംശയലേശമന്യേ പറഞ്ഞു:
നിന്റെ മാതാവിന്.
ആ സ്വഹാബി വീണ്ടും ചോദിച്ചു.
പിന്നെയാര്‍ക്കാണ്…?
അവിടുന്ന് വീണ്ടും ആവര്‍ത്തിച്ചു:
നിന്റെ മാതവിന്.
അങ്ങനെ മൂന്ന് തവണ മാതാവിനെന്നും നാലാം തവണ പിതാവിനെന്നും അവിടുന്ന് മറുപടി പറഞ്ഞു.
ഫാതിഹ് ആ ഹദീസിനെ പറ്റി വ്യത്യസ്ത സമയങ്ങളില്‍ ഓര്‍ത്തിട്ടുണ്ട്. അതിന്റെ ഭംഗിയും അര്‍ത്ഥഗര്‍ഭവുമാലോചിച്ച് അത്ഭുതപ്പെട്ടിട്ടുമുണ്ട്.
ഹബീബായ നബിതങ്ങള്‍ മിമ്പറിലേക്ക് കയറുമ്പോള്‍ മൂന്ന് തവണ ആമീന്‍ പറയുന്ന മറ്റൊരു ഹദീസുണ്ട്. ആ ഹദീസ് റമളാനില്‍ പള്ളികളില്‍ നടക്കുന്ന ഉറുദികളില്‍ നിന്ന് കേള്‍ക്കാതെ ഇതുവരെ ഫാതിഹിന്റെ ഒരു റമളാനും കഴിഞ്ഞിട്ടില്ല.
അതില്‍ രണ്ടാമതായി നിങ്ങളെന്തിനാണ് ആമീന്‍ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഹബീബ് പറഞ്ഞു:
‘ ഒരാള്‍ക്ക് അവന്റെ മാതപിതാക്കളെ ലഭിക്കുകയും അവര്‍ കാരണം അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചതുമില്ല. അവന് നാശം സംഭവിക്കട്ടേയെന്ന് ജിബ്‌രീല് ദുആ ചെയ്തപ്പോഴാണ് ഞാന്‍ ആമീന്‍ പറഞ്ഞതെന്നായിരുന്നു അവിടുത്തെ മറുപടി. അഥവാ, ലോകത്ത് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പേരുടെ ദുആയും ജവാബുമായിരുന്നുവത്. അതുകൊണ്ട് മാതാപിതാക്കളെ പ്രയാസപെടുത്തുന്നവര്‍ പുനരാലോചന നടത്തിയിരുന്നെങ്കില്‍…
അപ്പോഴേക്കും അവരുടെ കാറ് വീടിന്റെ ഗേറ്റ് കടന്ന് പോര്‍ച്ചിലേക്ക് കയറിയിരുന്നു. വണ്ടിയില്‍ നിന്നിറങ്ങാന്‍ നേരം ഫാതിഹ് ഉമ്മാനെ തന്നിലേക്ക് ചേര്‍ത്തു പിടിച്ചിട്ട് മൂര്‍ദ്ധാവില്‍ അമര്‍ത്തിയൊരുമ്മവെച്ചു. ഇവനിതെന്തിന്റെ കേടാണെന്നോര്‍ത്ത് സഫിയാത്ത രണ്ടുകണ്ണുകള്‍ വക്രിച്ച് കൊണ്ട് ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി വിടര്‍ത്തിയിട്ട് അവനെ തുറിച്ചു നോക്കി.
**
‘നീയെന്താടീയിങ്ങനെ പിറു പിറുക്കുന്നത്….? ‘
ഫൈറൂസ സ്വലാത്ത് ചൊല്ലുന്നത് കണ്ട് സുലൈഖാത്ത ചോദിച്ചു. അവള്‍ ഇന്നലെ രാത്രി അവരെടുത്ത തീരുമാനം സുലൈഖാത്തയുമായി പങ്കുവെച്ചു. സ്വലാത്തിന് വേണ്ടി ക്രിയേറ്റ് ചെയ്ത ഗ്രൂപ്പ് കാണിച്ചു കൊടുത്തു.
‘ആഹാ…ഇത് നല്ല പരിപാടിയാണല്ലോ…എന്നാല്‍ എന്നെ കൂടി ആഡ് ചെയ്യ്…ഞാനും ചൊല്ലട്ടെ’
സുലൈഖാത്ത അങ്ങനെ പറഞ്ഞപ്പോള്‍ ഫൈറൂസക്ക് പെട്ടെന്ന് മനസ്സിലൊരാശയമുദിച്ചു. റബീഉല്‍ അവ്വലാണ് വരുന്നത്. ഉമ്മച്ചിയെ പോലെ സ്വലാത്ത് ചൊല്ലാന്‍ ഒരു സ്റ്റാര്‍ട്ടിങ് കിട്ടാന്‍ വേണ്ടി കാത്തിരിക്കുന്ന പലരുമുണ്ടാവും, അവരെ കൂടി ഉള്‍പ്പെടുത്തി ഗ്രൂപ്പ് വിപുലപ്പെടുത്തിയാല്‍ ഈ ഗ്രൂപ്പിലൂടെ ഒരുപാട് സ്വലാത്ത് ചൊല്ലിക്കാന്‍ സാധിക്കും’
ഇന്നലെ കേട്ട സ്വലാത്തിന്റെ മാഹാത്മ്യം അവളുടെ മനസ്സിനെ അത്രമേല്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നുന്നു.
അവള്‍ തന്റെ ആശയം വോയ്‌സായി ഗ്രൂപ്പിലിട്ടു. ഫര്‍സാനയും നൂറയും അത് ശരിവെച്ചു. നൂറ റബീഉല്‍ അവ്വലില്‍ മദീനയിലേക്ക് നമ്മുടെ നാട്ടില്‍ നിന്ന് നിരവധി സ്വലാത്തുകള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യാനുദ്ദേശിക്കുന്നുവെന്ന ആശയമുള്‍ക്കൊള്ളുന്ന ഒരു ഡിസ്‌ക്രിപ്ഷന്‍ എഴുതി ഫൈറൂസക്ക് അയച്ചു കൊടുത്തു.
അവള്‍ ആ ഡിസ്‌ക്രിപ്ഷനോടൊപ്പം അവരുടെ സ്വലാത്ത് ഗ്രൂപ്പിന്റെ ലിങ്ക് ചേര്‍ത്തു. ശേഷം നാട്ടിലെ വനിതാക്ലാസിന്റെ വിവരങ്ങളറിയിക്കാന്‍ വേണ്ടി മഹല്ലിന് കീഴിലുണ്ടാക്കിയ ഗ്രൂപ്പിലിട്ടു. കണ്ടവരെല്ലാം ഗ്രൂപ്പിലേക്ക് ആവേശത്തോടെ ജോയിന്‍ ചെയ്തു. ഏകദേശം നാട്ടിലെ എല്ലാവരും ജോയിന്‍ ചെയ്തുവെന്ന് കണ്ടപ്പോള്‍ നൂറ ഗ്രൂപ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വിവരിച്ചു കൊണ്ട് ഒരുവോയ്‌സയച്ചു. ദിവസവും മിനിമം അഞ്ഞൂറ് സ്വലാത്ത് എന്നതില്‍ എല്ലാവരും ഉറച്ചു. അതിലേറെയെറ്റ ഒരുപാട് സ്ത്രീകളുമുണ്ട്. നൂറ സ്വലാത്തിന്റെ മഹാത്മ്യം വിശദീകരിച്ച് കൊണ്ടൊരു പോസ്റ്റു കൂടി ഗ്രൂപ്പിലിട്ടു:
ഒരു സ്വലാത്ത് ചൊല്ലിയാല്‍ അതിമഹത്തായ പത്ത് കാര്യങ്ങള്‍ ലഭിക്കും:
1. അല്ലാഹുവിന്റെ സ്വലാത്ത് ലഭിക്കും.
2.ഹബീബായ നബിതങ്ങളുടെ ശഫാഅത്ത് ലഭിക്കും.
3.സംശുദ്ധരായ മലക്കുകളുടെ പിന്തുടര്‍ച്ചക്കാരാകും.
4.അവിശ്വാസികള്‍ക്കും കപടവിശ്വാസികള്‍ക്കും എതിരാകും.
5.ചെറിയ തെറ്റ് കുറ്റങ്ങള്‍ പൊറുക്കപ്പെടും.
6.ആവശ്യങ്ങള്‍ നിറവേറ്റപ്പെടും.
7.ഉള്ളും പുറവും പ്രകാശിക്കും.
8.നരക ശിക്ഷയില്‍ നിന്ന് മോചനം ലഭിക്കും.
9.സ്വര്‍ഗ പ്രവേശനമുണ്ടാവും.
10യജമാനനായ അല്ലാഹുവിന്റെ സലാം അവന്റെ മേലിലുണ്ടാവും.
അതുവരെ പ്രതികരിക്കാതിരുന്ന ചിലരും ഈ കുറിപ്പ് കണ്ടപ്പോള്‍ കൈ ഉയര്‍ത്തി സാന്നിധ്യമറിയിച്ചു. ഒരു നാടിന്റെ നല്ല മാറ്റത്തിന്റെ തുടക്കമായിരുന്നുവത്.

** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** **

ഫര്‍സാനയുടെ കദനം നൂറയുടെ മനസ്സില്‍ ഒരു നോവായി തന്നെ നിലനിന്നു. അവള്‍ക്ക് വേണ്ടി തനിക്കെന്ത് ചെയ്യാന്‍ സാധിക്കുമെന്നാലോചിച്ചവള്‍ തലപുകഞ്ഞു. ഒരുമാര്‍ഗമെളുപ്പമാക്കാന്‍ റബ്ബിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു. റബ്ബ് തനിക്കെന്തെങ്കിലും മാര്‍ഗം കാണിച്ചു തരാതിരിക്കില്ലായെന്ന് അവളുടെ ഉള്ള് പറഞ്ഞു. അവളാ വിശ്വാസത്തില്‍ അല്ലാഹുവിനെ ഭരമേല്‍പ്പിച്ചു.
ഹോസ്പ്പിറ്റലില്‍ നിന്ന് വന്നതിന് ശേഷം നൂറ ഇന്നാണ് ആദ്യമായി കോളേജില്‍ പോകുന്നത്. ഏകദേശം പത്ത് ദിവസത്തെ അറ്റന്റന്‍സ് അവള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ക്ലാസിലേക്ക് കയറിയതും അതുല്യ അവളുടെ അടുത്ത് വന്നിരുന്നു.
‘എടീ…ഞാന്‍ നിന്നെ കാണാന്‍ വരാതിരുന്നതിന്റെ കാരണം നീയറിഞ്ഞില്ലേ. നിനക്ക് അസുഖമുണ്ടായതും എന്റെ അച്ഛച്ചന്‍ മരിച്ചതും ഒരേ ദിവസമായിരുന്നു. പിന്നെ അച്ഛച്ചന്റെ സഞ്ചയനവും തര്‍പ്പണവും എല്ലാം കൂടെ കഴിഞ്ഞ് ഞാനിന്നലെയാണ് ക്ലാസിലേക്ക് വന്നു തുടങ്ങിയത്. ഫര്‍സാനയോട് എല്ലാം ചോദിക്കാറുണ്ടായിരുന്നു. നിന്റെ അടുത്തേക്ക് വരാതെ നിന്നെ നേരിട്ട് വിളിക്കാനെനിക്കൊരു മടി..അതാ വിളിക്കാതിരുന്നത്’
അതുല്യ ഒറ്റ ശ്വാസത്തില്‍ നൂറയുടെ മുമ്പില്‍ ഒരു കൂട്ടം കാര്യങ്ങള്‍ പറഞ്ഞു.
‘ആടീ…എന്നോട് ഫര്‍സാന പറഞ്ഞിരുന്നു. ഞാനും നിന്നെ വിളിക്കണം എന്ന് കരുതിയിരുന്നു. മറന്നതാണ്…എന്നിട്ട്, എല്ലാ കര്‍മങ്ങളും കഴിഞ്ഞോ…?’
നൂറയും കാരണങ്ങള്‍ നിരത്തി.
‘ഹാ…കഴിഞ്ഞെന്ന് തോന്നുന്നു. എനിക്ക് ഈ മരണാനന്തര കര്‍മങ്ങളെ കുറിച്ച് കൃത്യമായ അറിവൊന്നുമില്ല. പലതും പലതവണ കണ്ടു ശീലിച്ച ശീലംണ്ട്‌ന്നേള്ളൂ’
അതുല്യ ഒരൊഴുക്കന്‍ ശൈലിയില്‍ പറഞ്ഞു.
‘ഈ സഞ്ചയനംന്നു പറഞ്ഞാലെന്താടീ…അതൂ…’
ഫര്‍സാനയുടേതാണ് ചോദ്യം.
അവള്‍ക്ക് അതിനെ കുറിച്ചൊന്നും കൂടുതലറിയില്ലാന്ന് പറഞ്ഞില്ലേ…പിന്നെയും ഇങ്ങനെ ചോദിക്കണോന്ന രീതിയില്‍ നൂറ ഫര്‍സാനയെ തുറിച്ചു നോക്കി. നൂറയെന്തിനാണ് തന്നെയിങ്ങനെ നോക്കുന്നതെന്ന് മനസ്സിലാവാതെ ഫര്‍സാന പിരികങ്ങള്‍ മേല്‍പ്പോട്ടുയര്‍ത്തി എന്ത്യേയെന്ന് ചോദിച്ചു.
‘അതോ…മരിച്ചവരെ ചിതയില്‍ ദഹിപ്പിച്ചതിന് ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ ബന്ധുക്കളെല്ലാം കൂടെ അവരുടെ ചിതാഭസ്മം വാരാന്‍ വേണ്ടി ഒരുമിക്കുന്ന ചടങ്ങാണെന്ന് തോന്നുന്നു. അതാണ് സാധാരണ ഞാന്‍ കണ്ടത്. ഏതായാലും മരണവുമായി ബന്ധപ്പെട്ടൊരു ചടങ്ങാണത്’
അതുല്യ തനിക്കൊന്നുമറിയില്ലേയെന്ന മട്ടില്‍ പറഞ്ഞു.
‘അതിനാണോ…സഞ്ചയനം എന്ന് പറയുന്നത്…? ഞങ്ങളുടെ വീടിന് കുറച്ച് കിഴക്കോട്ട് നടന്നാല്‍ ഒരു ചുടലമലയാണേ…അവടെഇടക്കീ ശവദാഹമൊക്കെ നടക്കാറുണ്ട്…പിന്നെ വീടിന്റെ അടുത്തുള്ള കല്യാണിയമ്മയീയടുത്താണ് മരിച്ചത്. അന്നും ഈ ചടങ്ങുകളൊക്കെ നടന്നിരുന്നു. പക്ഷേ, ഇതാണീ സഞ്ചയനം എന്നുള്ളതെനിക്കറിയില്ലായിരുന്നൂട്ടൊ’
ഫര്‍സാന താനും കണ്ടിട്ടുണ്ടെന്ന ഭാവത്തില്‍ പറഞ്ഞു.
‘എന്നിട്ട് തറവാട്ടീന്ന് ബന്ധുക്കളെല്ലാരും പോയോ…’
നൂറ അതുല്യയോട് ചോദിച്ചു.
‘ഏറെക്കുറേ എല്ലാവരും പോയി. പ്രായം ചെന്ന ഒന്ന് രണ്ടാളുകള്‍ കൂടിയുണ്ട്..അച്ഛച്ചന്റെ രണ്ട് പെങ്ങന്മാരും മറ്റുമൊക്കെ ഇന്നോ നാളെയോ ആയിട്ട് അവരും പോകും. ഇപ്പോള്‍ പിന്നെ മരിച്ചാലൊന്നും ആളുകള്‍ പഴയ പോലെ വരില്ലല്ലോ. വന്നാല്‍ തന്നെ ശവദാഹം കഴിഞ്ഞാലുടന്‍ പോവുകയും ചെയ്യും.’
അതുല്യ കാലത്തിന്റെ ഗതിമാറ്റത്തെ കുറിച്ച് സംസാരിച്ചു.
നൂറയും ഫര്‍സാനയും തലകുലുക്കി.
‘ഡീ…അഞ്ജനയുടെ ചുരിദാറിലെ എബ്രോയിഡറി വര്‍ക്ക് കാണാന്‍ നല്ല ചന്തമുണ്ടല്ലേ…മുമ്പ് എന്റുമ്മ ചെയ്തിരുന്നു അതുപോലൊരെണ്ണം’
അവര്‍ സംസാരിക്കുന്നതിനിടയില്‍ ഫര്‍സാന മുന്നിലിരിക്കുന്ന അഞ്ജനയെ നോക്കി പറഞ്ഞു.
‘അതെ..എന്തു ഭംഗിയല്ലേ…കാണാന്‍’
അതുല്യയും അത് ശരിവെച്ചു.
പക്ഷേ, നൂറയുടെ ചിന്ത ഫര്‍സാനയുടെ സംസാരത്തിലായിരുന്നു. അവളുടെ ഉമ്മക്ക് തയ്യലറിയാമെന്ന കാര്യം അവള്‍ തന്നോടിതു വരെ പറഞ്ഞിട്ടില്ല.
നൂറയതവളോട് ചോദിച്ചു:
‘നിന്റുമ്മാക്ക് തയ്യലറിയുമോ….!?’
നൂറയുടെ ചോദ്യത്തില്‍ ആശ്ചര്യം നിറഞ്ഞിരുന്നു.
‘പിന്നെ, അറിയോന്നോ…എന്ത് ചോദ്യാണത്…എന്റെ നാട്ടിലെ പ്രധാന തയ്യല്‍ കാരിയായിരുന്നുമ്മ…പിന്നെ ഉപ്പാന്റെ ചികിത്സയും മറ്റുമായി നടന്ന് ആ ടച്ചങ്ങ് വിട്ടു. അതിനിടെ ഉമ്മാന്റെ തയ്യല്‍ മെഷീനും കേടുവന്നു. അങ്ങനെയാണ് തയ്യലിനോട് വിട ചൊല്ലിയത്’
അവള്‍ നൂറയോട് മാത്രമായി പറഞ്ഞു.
‘ആണോ…എന്നാലുമ്മാക്ക് തയ്യല്‍ വീണ്ടും തുടങ്ങിക്കൂടേ…എന്നാലീ എസ്‌റ്റേറ്റീ പോക്ക് നിര്‍ത്താലോ …’
നൂറ ചോദിച്ചു.
‘അതെ…അത് ഞാനും ഉമ്മച്ചിനോട് ചോദിച്ചതാണ്. പക്ഷെ, ഉമ്മച്ചി ഓരോ കാര്യം പറഞ്ഞ് ഒഴിഞ്ഞുമാറും…’
സുനിതാ മിസ് ക്ലാസിലേക്ക് വന്നപ്പോള്‍ ആ സംസാരമവിടെ നിലച്ചു.
പതിവ് തിരക്കു ക്ലാസുകളും എക്‌സ്പിരിമെന്‍സുകളും സെമിനാറുകളുമായി അന്നും ക്ലാസവസാനിച്ചു.

*
‘കുട്ട്യേ ന്റെ കണ്ണട കണ്ടിരുന്നോ…?’ പുറത്തേക്കിറങ്ങുമ്പോള്‍ ഉപ്പച്ചി വിളിച്ചു ചോദിച്ചു. ആ ചോദ്യം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കണ്ണടയുമായി നൂറ പുറത്തെത്തി.
‘ദാ, ഉപ്പച്ച്യേ…കണ്ണട’
സാധാരണ കണ്ണടയെടുക്കാന്‍ പറഞ്ഞാല്‍ ഒരു പത്തു മിനുട്ടെങ്കിലും കാത്തിരിക്കേണ്ടി വരാറുണ്ട്. ഇന്നിപ്പൊ ഇതെന്തുപറ്റിയെന്ന് ഉപ്പച്ചി ശങ്കിക്കാതിരുന്നില്ല.
‘ഉമ്മയെവിടെ….? ‘
ഉപ്പച്ചി ചോദിച്ചു.
‘ഉമ്മച്ചി അടുക്കളയിലാ…വിളിക്കണോ..’
നൂറ ഭവ്യതയോടു കൂടെ ചോദിച്ചു. അവളുടെ ആ സംസാരം കേട്ടപ്പോള്‍ ഉപ്പച്ചി വീണ്ടും അവളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. എന്താണ് റബ്ബേ പതിവില്ലാത്ത ഒരു സ്‌നേഹക്കൂടുതല്‍.
‘വേണ്ട….ഞാനൊന്ന് പുറത്ത് പോയി വരാന്ന് പറഞ്ഞാളാ….’
അതും പറഞ്ഞ് ഉപ്പച്ചി പുറത്തേക്കിറങ്ങി.
‘ആയിക്കോട്ടെ’
നൂറ ധൃതിയിട്ട് പുറത്തിറങ്ങി ഉപ്പച്ചിന്റെ ചെരുപ്പെടുത്ത് നേരെയിട്ടു കൊടുത്തു.
‘ന്താണ് ന്റെ കുട്ടിക്ക് വേണ്ടത്….ഇങ്ങനെ വെറുതെ നാടകം കളിച്ച് എന്നെ മയക്കണോ…’
കുനിഞ്ഞിരുന്ന് തന്റെ ചെരിപ്പിലെ പൊടി തട്ടുന്ന നൂറയെ പിടിച്ചുയര്‍ത്തിയിട്ട് ഉപ്പച്ചി ചോദിച്ചു.
നൂറ നിവര്‍ന്ന് നിന്ന് മുഖത്തൊരു ചിരിവിടര്‍ത്തി.
‘നിന്ന് ചിരിക്കാതെ കാര്യം പറ, എനിക്ക് പോയിട്ട് വേറേം പണിണ്ട്’
ഉപ്പച്ചി അവളെ മറി കടന്ന് പുറത്തേക്കിറങ്ങി.
‘ഉപ്പാ, എനിക്കൊരു തയ്യല്‍ മെഷീന്‍ വേണം…’
അവള്‍ എടുത്തപടി ചോദിച്ചപ്പോള്‍ ഉപ്പച്ചി ആശ്ചര്യത്തോടെ തിരിഞ്ഞു നിന്ന് അവളെ നോക്കി. തുടര്‍ന്ന് ചോദിച്ചു:
‘ഇനിയീ പഠനത്തിനിടക്ക് അനക്കയ്‌നെവ്ടുന്നാ തയ്ക്കാനുള്ള സമയം…..മിണ്ടാതെ പോയിരുന്ന് പഠിക്കാന്‍ നോക്ക്….ഓരോരോ പൂതികള്’
ഉപ്പച്ചി ചെറുതായിട്ട് ദേഷ്യപ്പെടുന്ന രൂപത്തില്‍ പറഞ്ഞു കൊണ്ട് പുറത്തേക്ക് നടക്കാനോങ്ങി.
‘എനിക്കല്ലുപ്പാ, വേറൊരാള്‍ക്കാ…’
അവള്‍ ഉപ്പച്ചിയുടെ ദേഷ്യം ഗൗനിക്കാതെ ഓടി ചെന്ന് ഉപ്പച്ചിയുടെ മുന്നില്‍ നിന്നു കൊണ്ട് പറഞ്ഞു.
‘വേറൊരാള്‍ക്കോ!..ഇതെന്താ ഈ കണ്ണില്‍കണ്ട നാട്ടാരെ മൊത്തം പോറ്റാനുള്ള ചുമതല നീയേറ്റെടുത്തിട്ടുണ്ടോ…!’
ഉപ്പച്ചി സംശയവും ആശ്ചര്യവും നിറഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
‘ഇങ്ങളെന്താണ് അങ്ങനൊയൊക്കെ ചോദിക്കുന്നത്….ഒരു ചെറിയ തയ്യല്‍ മെഷീന്‍ വാങ്ങിത്തരുന്ന കാര്യല്ലെയൊള്ളൂ…’
അവള്‍ ഉപ്പച്ചിയോട് കെഞ്ചി.
‘അപ്പൊ ആര്‍ക്കാണ്…ഈ മെഷിന്‍?’
മറ്റുള്ളവര്‍ക്ക് വേണ്ടി മുന്നിട്ടിറങ്ങാനുള്ള അവളുടെ സാമൂഹ്യബോധം ആ പിതാവിന്റെ ഉള്ളില്‍ തെല്ല് സന്തോഷം നല്‍കി.
‘അതോ..അത് ഫര്‍സാനന്റെ ഉമ്മാക്കാ…ഉപ്പച്ചി അവരുടെ അവസ്ഥയൊന്ന് കേള്‍ക്കണം… അത് കേട്ടാല്‍ ഞാന്‍ പറയാതെ തന്നെ ഉപ്പച്ചി അവര്‍ക്ക് വേണ്ടതെല്ലാം ചെയ്യും’
നൂറ ഫര്‍സാനയുടെ വിഷയം ഉപ്പച്ചിയോട് പറയാനുള്ള ഒരു ആമുഖമൊരുക്കിയിട്ട് തുടങ്ങി .
‘എന്താണ്…അവള് അത്ര പ്രയാസമനുഭവിക്കുന്ന കുടുംബത്തിലെ കുട്ടിയാണോ….കണ്ടാല്‍ പറയില്ലല്ലോ…’
ഉപ്പച്ചി ആശ്ചര്യത്തോടെ പറഞ്ഞു.
അവള്‍ ഫര്‍സാനയുടെ ജീവിത ചുറ്റുപാടുകള്‍ പൂര്‍ണമായും ഉപ്പച്ചിയോട് ചുരുക്കിപ്പറഞ്ഞു കൊടുത്തു. പുറത്തേക്ക് പോകാനൊരുങ്ങിയിരുന്ന ഉപ്പച്ചി വീണ്ടും കോലായിലേക്ക് കയറി നൂറയുടെ വാക്കുകള്‍ക്ക് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ചെവി കൊടുത്തു.
‘യാ…റബ്ബ് ഇത്രമേല്‍ പ്രയാസമനുഭവിക്കുന്ന കുട്ടിയാണോ അവള്‍…തീര്‍ച്ചയായും നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്ന് നോക്കാം…ഇന്‍ ഷാ അല്ലാഹ്’
ഉപ്പച്ചിയുടെ ആ സംസാരം നൂറയുടെ മനസ്സില്‍ ആശ്വാസത്തിന്റെ തെളിനീരൊഴിച്ചു. അവള്‍ റബ്ബിന് സ്തുതികളര്‍പ്പിച്ചു.
നാട്ടുകാരുടെ പരാതികള്‍ കേള്‍ക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉപ്പച്ചിക്ക് പ്രത്യേക മിടുക്കാണ്. അതു കൊണ്ടു തന്നെ ഉപ്പച്ചിയെ കാണാന്‍ സ്ഥിരമായി വീട്ടിലേക്ക് ആളുകള്‍ വരാറുണ്ട്. നാട്ടില്‍ ഉപ്പച്ചിക്ക് വലിയ ബഹുമാനവും ആദരവുമാണ്.
‘അവളുടെ വീടെവിടെയാന്നാ പറഞ്ഞത്…?’
ഉപ്പച്ചി നൂറയോട് ചോദിച്ചു. ആലോചനയിലായിരുന്ന അവള്‍ ഉപ്പച്ചിയുടെ ചോദ്യം കേട്ട് ഒന്ന് ഞെട്ടി.
‘തൃശൂരിലാണുപ്പാ….കാരിക്കുളത്ത്..’
‘ഉം…ഞാനൊന്നാലോചിക്കട്ടെ’
ഉപ്പച്ചി എന്തോ ആലോചിച്ചുറപ്പിച്ച മട്ടിലാണ്.
‘ഉപ്പച്ചീ….അവളുടെ ഉമ്മ നന്നായി തയ്യും എന്ന് അവളിന്ന് എന്നോട് യാദൃശ്ചികമായി പറഞ്ഞിരുന്നു. കൂട്ടത്തില്‍ അവളുടെ വീട്ടിലെ തയ്യല്‍ മെഷീന്‍ കേടായതും. നമുക്കവര്‍ക്കൊരു തയ്യല്‍ മെഷീന്‍ എത്രയും പെട്ടെന്ന് വാങ്ങിക്കൊടുക്കണം’
നൂറ പറഞ്ഞു.
‘നമ്മളിങ്ങനെ നേരിട്ട് അവിടേക്ക് സാധനം വാങ്ങി കൊണ്ടു കൊടുക്കുമ്പോള്‍ അവള്‍ക്കതൊരു കുറച്ചിലാവില്ലേ….?’
ഉപ്പച്ചിയുടെ സംശയം ന്യായമായിരുന്നു.
‘അത് ഞാന്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുമ്പോ അവളുടെ അഡ്രസ് കൊടുത്തോളം…അതാവുമ്പൊ നമുക്കവിടെ പോവേണ്ട ആവശ്യവുമില്ല. മറ്റാരെങ്കിലും കാണുമോന്ന പേടിയും വേണ്ട’
ഉപ്പയുടെ സംശയത്തിന് നുറയുടെ മറുപടി ഉരുളക്കുപ്പേരിയായിരുന്നു.
‘എന്നാല്‍ മോള് തല്‍കാലം അങ്ങനെ ചെയ്യ്…ആ കുടുംബത്തിന് വേണ്ടി കൂടുതലെന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്ന് നമുക്കാലോചിക്കാം’
ഉപ്പച്ചിയത് പറഞ്ഞ് പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ നൂറ ഉപ്പച്ചിയുടെ മുഖത്ത് ഉമ്മവെച്ചു കൊണ്ടു ദുആ ചെയ്തു.:
‘ജസാക്കുമുള്ളാഹു ഖൈറനില്‍ ജസാഅ്’
ഒരാള്‍ തനിക്ക് നന്മവല്ലതും ചെയ്തു തന്നാല്‍ അവര്‍ക്ക് വേണ്ടി ഇങ്ങനെ പ്രാര്‍ത്ഥിക്കല്‍ ഹബീബ്യുടെ ചര്യയില്‍പെട്ടെതാണെന്ന് ഉപ്പച്ചി തന്നെ പഠിപ്പിച്ചു കൊടുത്തതാണ്.
ഉപ്പച്ചി നിറഞ്ഞു ചിരിച്ചു കൊണ്ട് ആമീന്‍ എന്ന് ജവാബ് ചൊല്ലി.

*

എല്ലാ ദിവസവും സ്വലാത്ത് ഗ്രൂപ്പില്‍ സ്വലാത്തിന്റെ മഹത്വം പറയുന്ന ചരിത്രമോ ഹദീസോ മറ്റുവല്ല സംഭവങ്ങളോ പോസ്റ്റു ചെയ്യണമെന്ന് നൂറ തീരുമാനിച്ചിരുന്നു. രാത്രി കോളേജിലെ പോഷന്‍സെല്ലാം റിവിഷന്‍ ചെയ്തതിന് ശേഷം അവള്‍ പോസ്റ്റ് എഴുതാനായിരുന്നു. താന്‍ മുമ്പ് സ്വലാത്തിനെ കുറിച്ച് കേട്ടതും എഴുതിവെച്ചതുമായ റഫറന്‍സുകളെടുത്ത് എഴുതിത്തുടങ്ങി:
‘എന്തിനു വേണ്ടി നാം സ്വലാത്ത് ചൊല്ലണം…? നമ്മുടെ സ്വലാത്ത് ലഭിച്ചിട്ട് വേണോ നബിതങ്ങള്‍ക്ക് രക്ഷ ലഭിക്കാന്‍, ഇങ്ങനെ തുടങ്ങിയ സംശയങ്ങളുള്ളവരുണ്ടാവാം….അല്ലാഹുവും മലാഇക്കത്തുകളും ഹബീബായ നബിതങ്ങളുടെ മേല്‍ സ്വലാത്ത് ചെല്ലുന്നുണ്ടെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതല്ലേ…ഏറ്റവും അമൂര്‍ത്ഥമായ ആ സ്വലാത്തുകള്‍ക്കിടയില്‍ നമ്മുടെ സ്വലാത്തിന്റെ പ്രസക്തിയെന്ത് എന്നെല്ലാമുള്ള ചോദ്യത്തിനുള്ള മറുപടി ഇമാം റാസി പറയുന്നുണ്ട്. അഥവാ നബിതങ്ങളുടെ മേല്‍ അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നുണ്ടെങ്കില്‍ നമ്മുടെ ആവശ്യമെന്താണ്….? നബി തങ്ങള്‍ സ്വലാത്തിലേക്ക് ആവശ്യമുള്ളവനായതിനാലല്ലയിത്. മറിച്ച് ഹബീബ് യോട് ബഹുമാനം പ്രകടിപ്പിക്കാനാണ്. അല്ലാഹുവിന് ഒരാവശ്യവും ഇല്ലാതിരുന്നിട്ടും അല്ലാഹുവിനെ സ്തുതിക്കല്‍ നമുക്ക് നിര്‍ബന്ധമാക്കിയത് പോലെ തന്നെയാണിതും. അഥവാ, നമ്മളൊരാളോട് ബഹുമാനം പ്രകടിപ്പിക്കുമ്പോള്‍ അയാള്‍ നമ്മളെ പരിഗണിക്കാനും സ്‌നേഹിക്കാനും തുടങ്ങും. അതുകൊണ്ടാണ് ഹബീബായ തങ്ങള് ! പറഞ്ഞത് :
‘ എന്റെ മേല്‍ ആരെങ്കിലും ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു അവന്റെ മേല്‍ പത്ത് സ്വലാത്ത് ചൊല്ലും.’
അഥവാ, അല്ലാഹുവിന്റെ ഹബീബായ നബി തങ്ങളെ നാം ബഹുമാനിക്കുമ്പോ അല്ലാഹു നമ്മളെ തിരിച്ച് സ്‌നേഹിക്കാനും ഇഷ്ടപെടാനും തുടങ്ങുമെന്നര്‍ത്ഥം.’
നൂറ താനെഴുതിയ പോസ്റ്റ് ഒരാവര്‍ത്തി കൂടി വായിച്ചു. ശേഷം അത് ഗ്രൂപ്പിലിട്ടു.
പെട്ടെന്ന് വാട്‌സാപ്പിലൊരു പേഴ്‌സണല്‍ മെസേജ് വന്നു:
‘ഹായ്….ഇത് നൂറയല്ലേ….’
അവള്‍ മെസേജയച്ചയാളിന്റെ ഡി.പി നോക്കി. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയാണ്.
‘അതെ, നൂറയാണ്…ഇതാരാണ്…?’
അവള്‍ തിരിച്ച് ചോദിച്ചു.
‘ഞാനിവിടെ അടുത്ത് നിന്നാണ്. ഐ ഹവ് എ ഡൗട്ട്, കേന്‍ ഐ കാള്‍ യു നൗ….?’
നൂറ ചോദിച്ചതിന് ഉത്തരം പറയുന്നതിന് പകരം ആ നമ്പറില്‍ നിന്ന് തിരിച്ചൊരു ചോദ്യം വന്നു.
‘യെസ്…ഷുവര്‍’
താന്‍ സ്വലാത്തിനെ കുറിച്ച് ഗ്രൂപ്പിലിട്ട മെസ്സേജിനെ കുറിച്ച് വല്ല സംശയവും ചോദിക്കാനായി ഏതെങ്കിലും സ്ത്രീകള്‍ വിളിക്കുകയായിരിക്കുമെന്ന് കരുതിയാണ് അവള്‍ പെട്ടെന്ന് സമ്മതം മൂളിയത്. അല്‍പ സമയത്തിനകം അവളുടെ ഫോണ്‍ റിങ് ചെയ്തു.
‘ഹലോ…..ആരാണ്’
നൂറ പതിവ് രീതിയില്‍ ഫോണെടുത്തു കൊണ്ട് ചോദിച്ചു. പക്ഷെ,
അവള്‍ പ്രതീക്ഷിച്ചത് പോലെ മറുതലക്കല്‍ ഒരു സ്ത്രീ ശബ്ദമായിരുന്നില്ല. കാതുകളോട് ചേര്‍ത്തു പിടിച്ചിരുന്ന അവളുടെ ഫോണ്‍ കൈകളില്‍ കിടന്ന് വിറക്കാന്‍ തുടങ്ങി. മുഖം ഭയം കൊണ്ട് ചുവന്ന് തുടുത്തു. തൊണ്ട വരണ്ടത് കാരണം അവള്‍ക്ക് നാവിറങ്ങിയത് പോലെ അനുഭവപ്പെട്ടു.

** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** ** **

‘തെറ്റ് ചെയ്യാറുണ്ടോ നിങ്ങള്‍…? എന്റെ ദോഷം കാരണം അല്ലാഹു എന്നെ സ്വീകരിക്കില്ലേയെന്ന തോന്നല്‍ കൊണ്ട് വല്ലാതെ മാനസിക വിഷമം അനുഭവിക്കാറുണ്ടോ…എങ്കില്‍ നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് ആശമുറിയരുത് കേട്ടോ….’
സ്വാദിഖ് ഉസ്താദിന്റെ സുബ്ഹിക്ക് ശേഷമുള്ള ക്ലാസിലാണ് ഫാതിഹ്.
ഉസ്താദിന്റെ അവതരണം കേള്‍ക്കാന്‍ നല്ല രസമാണ്. ആദ്യം ഒരു ചോദ്യം ചോദിച്ച് തുടര്‍ന്ന് ഉത്തരത്തെ തേടുന്ന ശൈലിയാണ് പൊതുവെ ഉസ്താദ് സ്വീകരിക്കാറ്. അതുകൊണ്ടു തന്നെ അനുവാചകര്‍ക്ക് നല്ല ആസ്വാദന സുഖം ലഭിക്കാറുണ്ട്. നല്ല പതിഞ്ഞ ശൈലിയില്‍ കസേരയില്‍ ഇരുന്ന് തന്റെ നീണ്ടു വെളുത്ത താടിയില്‍ പതുക്കെ വലതു കൈ കൊണ്ട് തടവിക്കൊണ്ടുള്ള ഉസ്താദിന്റെ സംസാരത്തിന് എന്തോ വല്ലാത്ത സൗകുമാര്യതയാണ്. ഫാതിഹ് ഉസ്താദിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു.
‘നൂറു പേരെ കൊന്ന ആള്‍ക്ക് പൊറുത്തു കൊടുത്തവനല്ലേ നമ്മുടെ റബ്ബ്…അല്ലാഹു അവന്റെ കവാടങ്ങളൊരിക്കലും ഒരാളുടെ മുമ്പിലും കൊട്ടിയടക്കാറില്ല. അതങ്ങനെ മലര്‍ക്കെ തുറന്നു തന്നെ കിടക്കും. പക്ഷേ, ആ കവാടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരു ചെറിയ ശ്രമമെങ്കിലും നമ്മില്‍ നിന്നുണ്ടാവണമെന്നു മാത്രം. ചോദിക്കുമ്പോള്‍ മുഖം കറുപ്പിക്കുകയെന്നത് മനുഷ്യ സഹചമാണ്. ചോദിച്ചുകൊണ്ടേയിരിക്കാന്‍ ആവശ്യപ്പെടുകയെന്നത് ദൈവികതയും, കൊടുക്കുമ്പോള്‍ അസ്വസ്ഥത തോന്നുകയെന്നത് ഭൗതിക പ്രവണതയും, കൊടുത്തു കൊണ്ടേയിരിക്കുകയെന്നത് പാരത്രികവുമാണ്. അതു കൊണ്ട് നിരന്തരം റബ്ബിനോട് ചോദിക്കുക, അവന്‍ മടിയേതും കൂടാതെ നല്‍കും’
ഉസ്താദ് ശാന്തമായിട്ടങ്ങനെ നിറഞ്ഞൊഴുകുകയാണ്.
‘പുണ്യ റബീആണ് സമാഗതമാവുന്നത്. തെറ്റുകാരനാണെന്ന ജാള്യതയില്‍ നിന്ന് നമുക്ക് കരകയറാനുള്ള മറ്റൊരവസരം.! അഥവാ…ഹബീബായ നബി തങ്ങളുടെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കൂ…നമ്മള്‍ സ്വയം ശുദ്ധീകരിക്കപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. ഞാനൊരു കഥപറയാം’
ഉസ്താദ് കഥപറയാനൊരുങ്ങി
‘ മുമ്പൊരു നാട്ടില്‍ രാജാവിന്റെ ഇഷ്ടക്കാരനും എന്നാല്‍ നാട്ടുകാരുടെ കണ്ണിലെ കരടുമായിരുന്ന ഒരാളുണ്ടായിരുന്നു. അയാള്‍ അല്ലാഹുവിനെ തൊട്ട് അശ്രദ്ധവാനായിരുന്നു.
അങ്ങനെ ആ നാട്ടിലെ സൂഫിയായിരുന്ന അബ്ദുല്‍ വാഹിദ് ബ്‌നു സൈയ്ദ്(റ) ഒരു ദിവസം ഹബീബായ നബിതങ്ങളെ സ്വപ്‌നത്തില്‍ കണ്ടു. പുണ്യ പ്രവാചകര്‍ ഈ കൊട്ടാര ഭൃത്യന്റെ കയ്യും പിടിച്ചങ്ങനെ നില്‍ക്കുന്നു. ഇത് കണ്ട വാഹിദെന്നവര്‍ക്ക് ആശ്ചര്യം, അവര് ഹബീബായ നബിതങ്ങളുടെ ചാരത്തേക്ക് ചെന്നിട്ട് മെല്ലെ പറഞ്ഞു:
‘ഓ, റസൂലേ…അല്ലാഹുവില്‍ നിന്ന് തിരിഞ്ഞ് കളഞ്ഞ അടിമയാണല്ലോ ഇവന്‍. എന്നിട്ടുമെന്തിനാണ് അങ്ങ് അവന്റെ കൈ പിടിച്ചു നില്‍ക്കുന്നത്…’
സ്വാദിഖുസ്താദ് തന്റെ സംസാരമൊന്ന് നിര്‍ത്തിയിട്ട് എന്തോ ആലോചിച്ചതിന് ശേഷം പതുക്കെയൊന്ന് കുലുങ്ങി ചിരിച്ചു, ശേഷം തുടര്‍ന്നു:
‘നമ്മുടെ നബിതങ്ങളും റഹ്മത്തിന്റെ മഹാലോകമാണ്. ഒരു തെറ്റുകാരനെ കണ്ടാല്‍ അവിടുന്ന് അകറ്റി നിര്‍ത്താറില്ല. പകരം ചേര്‍ത്ത് പിടിക്കും. നബി തങ്ങള്‍ വാഹിദെന്നവരോട് പറഞ്ഞു:
‘അതൊക്കെയെനിക്കറിയാം…അതുകൊണ്ടു തന്നെയാണ് ഞാനദ്ദേഹത്തിന് ശഫാഅത്ത് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നത്.’
വാഹിദെന്നവരുടെ മുഖത്ത് വീണ്ടും ആശ്ചര്യം. കാരണം ദുര്‍നടപ്പു കൊണ്ട് ഒരു നാട് മൊത്തം അകറ്റി നിര്‍ത്തിയ ആളെയാണ് ഹബീബ് ചേര്‍ത്തു നിര്‍ത്തിയിട്ട് ശഫാഅത്ത് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നത്. അവര്‍ വീണ്ടും ഹബീബ്യോട് ചോദിച്ചു:
‘ എന്ത് കൊണ്ടാണ് റസൂലേ…അദ്ദേഹം ഈ പദവി എത്തിച്ചത്…..?’
ഹബീബ് പറഞ്ഞു:
‘ എന്റെ മേല്‍ സ്വലാത്ത് അധികരിപ്പിച്ച കാരണത്താല്‍…അദ്ദേഹം എല്ലാ ദിവസവും കിടക്കാന്‍ നേരം എന്റെ മേല്‍ ആയിരം സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹു എന്റെ ശുപാര്‍ശ സ്വീകരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’
വാഹിദെന്നവര് ഉറക്കില്‍ നിന്നുണര്‍ന്നു. അദ്ദേഹം താന്‍ കണ്ട സ്വപ്നം തന്റെ കൂട്ടുകാര്‍ക്ക് വിവരിച്ചു കൊടുക്കുന്നതിനിടയിലേക്ക് കരഞ്ഞു കൊണ്ട് ആ കൊട്ടാര ഭൃത്യന്‍ കടന്നു വന്നു. അയാള്‍ നേരെ ചെന്ന് അബ്ദുല്‍ വഹിദെന്നവരുടെ മുമ്പില്‍ ചെന്നിരുന്നു കൊണ്ട് പറഞ്ഞു:
ഓ, അബ്ദുല്‍ വാഹിദോരെ… നിങ്ങളുടെ കൈ ഒന്ന് നീട്ടിതരൂ. ഹബീബായ തങ്ങള്‍ നിങ്ങളിലൂടെ തൗബ ചെയ്യാനെന്നോടാവശ്യപെട്ടിട്ടുണ്ട്. എന്നെക്കുറിച്ച് നിങ്ങളുമായി ഹബീബായ തങ്ങള്‍ സംസാരിച്ചെതെല്ലാം അവിടുന്ന് എന്നോട് പറഞ്ഞു’.

തുടര്‍ന്ന് അയാള്‍ തൗബ ചെയ്തു. തൗബയ്ക്ക് ശേഷം എന്തായിരുന്നു നിങ്ങളുടെ സ്വപ്‌നമെന്ന് അബ്ദുല്‍ വാഹിദെന്നവര് അദ്ദേഹത്തോട് ചോദിച്ചു. അയാള്‍ പറഞ്ഞു: ഹബീബായ തങ്ങള്‍ എന്റെ സ്വപ്‌നത്തില്‍ വന്നിട്ട് പറഞ്ഞു:
നീ എന്റെ മേല്‍ സ്വലാത്ത് ചൊല്ലിയതു കൊണ്ട് ഞാന്‍ നിനക്ക് വേണ്ടി അല്ലാഹുവിനോട് ശുപാര്‍ശ ചെയ്യുന്നു. എന്നിട്ട് എന്നേയും കൂട്ടി പോയി എനിക്ക് വേണ്ടി ശുപാര്‍ശ ചെയ്തു. ശേഷം അവിടുന്ന് പറഞ്ഞു:
നീ അബ്ദുല്‍ വാഹിദിന്റെ അടുക്കല്‍ പോയി തൗബ ചെയ്യണം. ശേഷം നന്നായി ജീവിക്കണം.’
ഉസ്താദ് ഈ സംഭവം പറഞ്ഞതിന്റെ ശേഷം എല്ലാവരോടും സ്വലാത്ത് ചൊല്ലാനാവശ്യപ്പെട്ടു. ഉസ്താദും തന്റെ രണ്ടു കണ്ണുകളും അടച്ച് സ്വലാത്ത് ചൊല്ലി. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണുനീര്‍ താടിരോമങ്ങള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അതുകണ്ടപ്പോള്‍ ഫാതിഹും അറിയാതെ കണ്ണുകള്‍ തുടച്ചു.

**
‘എടീ നീയും ഫൈസലും തമ്മില്‍ ബ്രേക്കപ്പായീന്ന് കേട്ടു, ശരിയാണോ….?’
റുഖ്‌സാന ഫൈറൂസയോട് ചോദിച്ചു.
‘നിന്നോടാരാ പറഞ്ഞത് ഞങ്ങള് ബ്രേക്കപ്പായ വിഷയം….’
ഫൈറൂസ പ്രത്യേക വികാരങ്ങളൊന്നും കൂടാതെ ചോദിച്ചു.
‘അതിനി ആരെങ്കിലും പറഞ്ഞിട്ട് വേണോ അറിയാന്‍….ഈ കോളേജ് മുഴുവന്‍ പാട്ടല്ലേ…നീ അങ്ങോട്ട് നോക്കിയേ….അവന്റെ ആ ഇരുത്തം കണ്ടാല്‍ പെറ്റ തള്ള സഹിക്കുമോ…’
റുഖ്‌സാന ക്ലാസില്‍ ഇതികര്‍ത്തവ്യതാമൂഢനായിരിക്കുന്ന ഫൈസലിനെ ചൂണ്ടിയിട്ട് ചിരിച്ചോണ്ട് ചോദിച്ചു.
ഫൈറൂസ അവന്റെ മുഖത്തേക്ക് നോക്കിയില്ല. കാരണം കഴിവിന്റെ പരമാവധി പരസ്പര ദര്‍ശനം ഒഴിവാക്കാന്‍ നോക്കുകയായിരുന്നു അവള്‍.
‘ഞാനതിന് അവനോടെല്ലാം പറഞ്ഞിട്ടുണ്ടല്ലോ, അവന് കാര്യങ്ങളെല്ലാം മനസ്സിലാക്കാന്‍ മാത്രം മെച്ച്യൂരിറ്റിയൊക്കെയുണ്ട്…’
ഫൈറൂസ തന്റെ ഭാഗം പറഞ്ഞു.
‘ആട്ടെ, എന്താണ് നിങ്ങള്‍ തമ്മില്‍ പിരിയാനുള്ള കാരണം….’
റുഖ്‌സാന പിടിവിടാനുള്ള മട്ടില്ല.
‘അതൊന്നുമില്ലെടീ.. , ഞങ്ങള്‍ക്കിടയില്‍ വ്യക്തിപരമായ പല കാരണങ്ങളുമുണ്ടാകും. അതൊക്കെ നമ്മളിവിടെ പറയുന്നത് മോശമല്ലേ…’
ഫൈറൂസ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.
‘അപ്പോ, ഞാനൊക്കെ ഇപ്പൊ നിന്റെ ഫ്രണ്ട് സെര്‍ക്കിളില്‍ നിന്ന് പുറത്തായിലേ….ആയ്‌ക്കോട്ടെ….എങ്ങെനെയാടീ നിനക്ക് ഇത്ര പെട്ടെന്ന് എല്ലാം മറക്കാന്‍ സാധിക്കുന്നത്…!?’
റുഖ്‌സാന വികാരഭരിതയായി.
മനസ് പെട്ടെന്നലിയുകയെന്നത് സ്ത്രീ വര്‍ഗത്തിന്റെ സഹജ സ്വഭാവമാണ്. റുഖ്‌സാനയുടെ കണ്ണിന്റെ കോണില്‍ സങ്കടപ്പൊട്ടു കണ്ടപ്പോള്‍ തന്നെ ഫൈറൂസയുടെ മനസ്സലിഞ്ഞു. അവളെ സമാശ്വസിപ്പിച്ചു കൊണ്ട് ഫൈറൂസ പറഞ്ഞു:
‘എന്തൊക്കെയാടീ….നീയീ പറയുന്നത്…? നമ്മളിപ്പോഴും നല്ല കൂട്ടല്ലേ…..’
‘എന്നിട്ട് നീയെന്താ എന്നോടെല്ലാം മറച്ചു വെച്ച് സംസാരിക്കുന്നത്…?’
റുഖ്‌സാന പരിഭവപ്പെട്ടു.
‘ഞാനെന്തു മറച്ചു വെച്ചുവെന്നാണ് നീയീ പറയുന്നത്. എടീ ഞാനും ഫൈസലും തമ്മില്‍ അന്ന് കൊളേജില്‍ വെച്ച് തെറ്റി പിരിഞ്ഞതിന്റെ കാരണം നിനക്കൊക്കെ അറിയില്ലേ..?’
ഫൈറൂസ ചോദിച്ചു.
‘അതൊക്കെയെനിക്കറിയാം…പക്ഷേ, സാധാരണ നിങ്ങളങ്ങനെ തെറ്റിയാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ എല്ലാം മറന്ന് ഒന്നാകാറുണ്ടല്ലോ…പക്ഷേ, ഇത്തവണ അതുണ്ടായില്ലല്ലോ…അതിനെന്താ കാരണം….?’
റുഖ്‌സാന ദുഖമുള്ളത് പോലെ ചോദിച്ചു.
‘പിരിയാനുള്ള കാരണം ഞങ്ങള്‍ക്കിടയില്‍ അന്നുണ്ടായ ആ പിണക്കം മാത്രമൊന്നുമല്ലെടീ…ഈ ബന്ധം എന്റെയും അവന്റെയും ഭാവിക്ക് നല്ലതല്ലായെന്ന ബോധ്യം വന്നത് കൊണ്ടാണ്.’
ഫൈറൂസ ഉള്ളു തുറന്ന് സംസാരിക്കാന്‍ തുടങ്ങി.
‘അതെന്താ ഇത്ര കാലമില്ലാതിരുന്ന ഒരു തോന്നല്‍ നിനക്ക് പെട്ടെന്ന് വരാന്‍ കാരണം..’
റുഖ്‌സാന എടുത്തപടി ചോദിച്ചു.
വീട്ടില്‍ ഫൈസലുമായുള്ള ബന്ധമറിഞ്ഞതും നൂറയെ കണ്ടതും അവരുടെ സംസാരങ്ങളും സംഭവങ്ങളുമെല്ലാം ഫൈറൂസ അവള്‍ക്ക് വിവരിച്ചു നല്‍കി.
‘അപ്പോള്‍ നൂറക്കും ഫര്‍സാനക്കുമാണല്ലേ…നിന്റെ ഈ മറ്റത്തിന്റെ മുഴുവന്‍ ക്രഡിറ്റും…ഈ നൂറ ആളൊരു ഇന്ററസ്റ്റിങ് ക്യാരക്റ്ററാണല്ലോ….’
റുഖ്‌സാനയുടെ ചോദ്യം നൂറയെ കുറിച്ചായി.
‘പറയാനുണ്ടോ…അവളോട് സംസാരിക്കുമ്പോള്‍ തന്നെ നമുക്ക് വല്ലാത്തൊരു പൊസിറ്റീവ് വൈബ് ഫീല്‍ ചെയ്യും. നന്നാവണം എന്ന തോന്നലുണ്ടാവും, ഞങ്ങള് ചെറുപ്പം മുതലേ ഭയങ്കര കൂട്ടായിരുന്നു. ഇടക്കെപ്പോഴോ അത് നിന്നു, അതിന് ശേഷമാണ് ഞാനീ പ്രേമത്തിലും മറ്റു വേണ്ടാത്തരങ്ങളിലുമെല്ലാം ചെന്നു പെട്ടത്. ഇപ്പോള്‍ വീണ്ടും അവളുമായി കൂട്ടു കൂടിയപ്പോഴാണ് എത്രമാത്രം അവളെ മിസ് ചെയ്തിരുന്നുവെന്ന സത്യം ഞാനറിഞ്ഞത്’
നൂറയെ കുറിച്ച് ഫൈറൂസ നിറുത്താതെ സംസാരിക്കുന്നത് കേട്ടപ്പോള്‍ റുഖ്‌സാന വാ പൊളിച്ചിരുന്നു പോയി. കാരണം മറ്റൊരാള്‍ക്കും ഒരു കാര്യവും അത്ര പെട്ടെന്ന് വകവെച്ചു നല്‍കാത്ത സ്വഭാവക്കാരിയായിരുന്ന ഫൈറൂസയാണ് ഇന്നിവിടെയിരുന്ന് മറ്റൊരുത്തിയെ കുറിച്ച് നല്ലത് സംസാരിക്കുന്നതെന്ന് വിശ്വസിക്കാനവള്‍ക്കായില്ല.
‘എനിക്ക് ഈ ആളെയൊന്ന് പരിചയപ്പെടണമല്ലോ….ഓളെ നമ്പറൊന്ന് തരുമോയെനിക്ക്…ഇനിയവളെ പരിചയപ്പെടാത്തതിന്റെ പേരില്‍ ഞാന്‍ നന്നാവാതിരിക്കണ്ട’
റുഖ്‌സാന ഒന്നാക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.
‘അതിനെന്താ തരാലോ…നീയൊന്ന് പരിചയപ്പെട്. നിനക്കിഷ്ടാവും തീര്‍ച്ച. ഫൈറൂസ നൂറയുടെ നമ്പറയച്ചു കൊടുത്തു.

**
ഫൈറൂസയുമായി റുഖ്‌സാന സംസാരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ക്ലാസില്‍ തനിച്ചിരിക്കുന്ന റുഖ്‌സാനയുടെ അടുത്ത് ഫൈസല്‍ വന്നിരുന്നു. ഫോണില്‍ തലയും കുത്തിയിരിക്കുകയായിരുന്ന അവള്‍ തലയുയര്‍ത്തി അവനെ നോക്കി. അവന്റെ മുഖത്ത് ദേഷ്യവും ദുഖവും സങ്കടവും വിരഹവുമല്ലാമടങ്ങിയ വായിച്ചെടുക്കാന്‍ സാധിക്കാത്ത ഒരു വികാരഭാവമുണ്ടായിരുന്നു.
‘എന്താടാ നീ മുഖവും വീര്‍പ്പിച്ചിരിക്കുന്നത്….?’
അവളുടെ ചോദ്യം കേള്‍ക്കാത്ത പോലെ നഖവും കടിച്ച് മുമ്പിലുള്ള ചുവരിലേക്ക് നോക്കിയവനിരുന്നു.
‘ഫൈറൂസയുമായുള്ള ബ്രേക്കപ്പാണോ വിഷയം….നീയിപ്പോഴും അത് വിട്ടില്ലേ….പ്ലീസ് മൂവ് ഫോര്‍വേഡ് മാന്‍…’
റുഖ്‌സാന നഖംകടിക്കുന്ന അവന്റെ കൈ തട്ടി മാറ്റിയിട്ട് പറഞ്ഞു.
‘അതൊക്കെ ഞാന്‍ വിട്ടു, പക്ഷേ…എന്തിനാണ് അവളെന്നോടിങ്ങനെ ചെയ്തത് എന്നറിയാനെനിക്കൊരാഗ്രഹമുണ്ടായിരുന്നു. അവളുടെ വീട്ടില്‍ അത്ര വലിയ സീനൊന്നുമില്ലായിരുന്നുവെന്നാണ് ഞാനന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. ഇനിയവളുടെ മനസ്സില്‍ വേറ വല്ല ഒരുത്തനും കയറി കൂടിയോ….അങ്ങനവല്ലതുമാണെങ്കില്‍ ഞാനവളെ…..’
ഫൈസല്‍ സംസാരം പാതിമുറിച്ചിട്ട് പല്ലുകള്‍ കടിച്ചു പിടിച്ച് ,മുഷ്ടി ചുരുട്ടി ഡസ്‌ക്കില്‍ അമര്‍ത്തിയിടിച്ചു.
‘ഡാ….ആള്‍ക്കാര് കാണും ഒന്ന് പതുക്കെ, നീയിങ്ങനെ ദേഷ്യപ്പെടല്ലേ….അവള്‍ക്ക് വേറെ കണക്ഷനൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല…ഉണ്ടെങ്കില്‍ ഞങ്ങളൊക്കെ അറിയേണ്ടതല്ലേ…’
റുഖ്‌സാന ഫൈസലിനെ സമാശ്വസിപ്പിച്ചു.
അവളത് പറഞ്ഞപ്പോള്‍ പെട്ടെന്ന് എന്തോ ആലോചിച്ചതിന് ശേഷം ഫൈസല്‍ റുഖ്‌സാനക്ക് അഭിമുഖമായി തിരിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു:
‘ഒരു ഐഡിയ ഉണ്ട്…’
എന്ത് എന്ന മുഖഭാവത്തില്‍ റുഖ്‌സാന അവനെ കണ്ണുകള്‍ കൂര്‍പ്പിച്ചു നോക്കി.
‘ഡീ….നീയവളുടെ ബെസ്റ്റികളുടെ കൂട്ടത്തിലൊരുത്തിയല്ലേ…നീ വിചാരിച്ചാല്‍ സംഗതി നടക്കും…എന്താണ് ബ്രേക്കപ്പാവാനുള്ള കാരണമെന്ന് ഒന്ന് ചൂഴ്ന്ന് നോക്ക്. അവള് പറയാന്‍ തയ്യാറായില്ലെങ്കില്‍ നീ കരഞ്ഞു കാലുപിടിച്ചോ സെന്റിയടിച്ചോ പറയിപ്പിക്കാന്‍ നോക്ക്. അപ്പോ അറിയാലോ എന്താണ് സത്യാവസ്ഥാന്ന്’
ഫൈസല്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ റുഖ്‌സാന ഒന്നാലോചിച്ചതിന് ശേഷം പറഞ്ഞു:
‘ചുരുക്കിപ്പറഞ്ഞാല്‍ പതിവ് പോലെ നിങ്ങളെ രണ്ടാളേയും റീബൗണ്ട് ചെയ്യാന്‍ ഞാനിടയില്‍ കയറണം. നീയെന്തിനാടാ… എന്നെയിങ്ങനെ കൊലക്ക് കൊടുക്കുന്നത്…’
അവളവനോട് കെഞ്ചിക്കൊണ്ട് ചോദിച്ചു.
‘റുഖ്…വണ്‍, ലാസ്റ്റ് ചാന്‍സ്…ഇതു കൂടെ ചെയ്താല്‍ നിനക്കൊരു ചിക്കന്‍ ബിരിയാണിയുറപ്പ്..ഇനി ഞാന്‍ നിന്നോട് മറ്റൊന്നും ചോദിക്കൂല പ്ലീസ്….’
ഫൈസല്‍ തന്റെ ഓഫര്‍ മുന്നോട്ടു വെച്ചു കൊണ്ട് പറഞ്ഞു.
‘ഉം…നിന്റെ ചിക്കന്‍ ബിരിയാണി ഞാന്‍ കുറേ തിന്നതാ…’
അവന്‍ വാക്ക് പാലിക്കില്ലെന്നുറപ്പുള്ളത് കൊണ്ട് അവള്‍ ചിരിച്ചു തള്ളി.
‘ഇന്നാ ബിരിയാണിയുടെ കാഷ്, നീയിത് ചെയ്യ്….ഞാന്‍ സീരിയസാണ്’
അവന്‍ പേഴ്‌സില്‍ നിന്ന് നൂറ്റിമുപ്പത് രൂപയെടുത്ത് റുഖ്‌സാനയുടെ കയ്യില്‍ വെച്ചു കൊടുത്തു.
‘ഒകെ. ഞാനേറ്റു…’
റുഖ്‌സാന ചിരിച്ചു കൊണ്ട് പണമെടുത്തു.
**
ഫൈറൂസയുമായി സംസാരിച്ചതിന് ശേഷം റുഖ്‌സാന ഒന്നുമറിയാത്തവളെ പോലെ ഫൈസലിന്റെ അടുത്ത് വന്നിരുന്നു. അവള്‍ സംഗതികളെല്ലാം അവന് വിവരിച്ചു നല്‍കി.
‘അവളുടെ നാട്ടില്‍ നൂറയെന്നു പറയുന്ന ഒരു കുട്ടിയുണ്ടത്രെ…അവളാണ് ഫൈറൂസയെ പറഞ്ഞു മയക്കിയത്. അവളെ പറ്റി പറയാന്‍ ഫൈറൂസക്ക് നൂറ് നാവാണ്. ഈ നൂറയെന്തോ ജിന്നിന്റെ കുട്ടിയാണെന്ന് തോന്നും അവളുടെ സംസാരം കേട്ടാല്‍. എനിക്കവളുടെ സംസാരം അത്രക്കങ് പിടിച്ചില്ല. ഈ നൂറയാര് മതര്‍ തെരേസയോ….!? ‘
റുഖ്‌സാനയുടെ മുഖത്തപ്പോള്‍ ഒരു പെണ്ണിന് മറ്റൊരു പെണ്ണിന്റെ നന്മ കേട്ടാലുണ്ടാകുന്ന ഈഗോ ലുക്ക് പെര്‍ഫെക്റ്റായിട്ട് കാണാമായിരുന്നു.
‘ എനിക്ക് തോന്നുന്നത് നീ ഈ നൂറക്ക് വിളിച്ചിട്ട് നിന്റെയും ഫൈറൂസയുടെയും ജീവിതത്തിലിടപെടണ്ടായെന്ന് പറഞ്ഞൊന്ന് വിരട്ടുന്നത് നന്നാവും. ഒന്ന് പേടിപ്പിച്ചാല്‍ തീരാവുന്ന കേസേയൊള്ളൂ…ഞാനാകുട്ടിയുടെ നമ്പറ് നിന്റെ വാട്‌സാപ്പിലേക്ക് സെന്റ് ചെയ്തിട്ടുണ്ട്.’
‘താങ്ക്യൂ….ബാക്കി എന്താ കാട്ടേണ്ടതെന്ന് എനിക്കറിയാം…നീയെനിക്കൊരുപകാരം കൂടെ ചെയ്യണം ഇന്ന് രാത്രി നിന്റെ ഫോണൊന്ന് എനിക്ക് തരണം’
ഫൈസല്‍ എന്തോ ആലോചിച്ചുറപ്പിച്ചവനെ പോലെ പറഞ്ഞു.
‘അതെന്തിനാ…നീയിതെന്തിനുള്ള പുറപ്പാടാണ്…ഞാനിനി ഒന്നിനുല്യേ’
റുഖ്‌സാന മെല്ലെ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.
‘രാത്രി നിന്റെ വാട്‌സപ്പില്‍ നിന്ന് അവള്‍ക്കൊരു മെസേജയക്കാനാണ്. പരിചയപ്പെടാനെന്ന പോലെ…ഒരു പെണ്‍കുട്ടിയുടെ നമ്പറാണെന്ന് തോന്നുമ്പോള്‍ അവള് സംശയിക്കില്ലെടോ…അല്ലാതെ ഞാന്‍ നേരിട്ട് വിളിച്ചാല്‍ അവള് ഫോണെടുക്കുമോ…..!?
അവന്‍ പല തവണ കെഞ്ചിയപ്പോള്‍ റുഖ്‌സാന തന്റെ ഫോണ്‍ കൊടുത്തു.
**
രാത്രി ഫൈസല്‍ റുഖ്‌സാനയുടെ നമ്പറില്‍ നിന്ന് നൂറയുടെ ഫോണിലേക്കൊരു മെസ്സേജ് അയച്ചു.
‘ഹായ്….ഇത് നൂറയല്ലേ….’
നൂറ മെസ്സേജയച്ചയാളിന്റെ ഡി.പി നോക്കി. ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയാണ്.
‘അതെ, നൂറയാണ്…ഇതാരാണ്…?’ അവള്‍ തിരിച്ച് ചോദിച്ചു.
(തുടരും)

അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?

* * * *

Share this:

  • Twitter
  • Facebook

Related Posts

Photo by Debby Hudson on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-15

October 6, 2021
Photo by Annie Spratt on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-14

October 5, 2021
Photo by Cathy Holewinski on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-13

October 4, 2021
Photo by Morgane Le Breton on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-12

October 2, 2021
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×