‘ഇക്ക, ഇതിലൂടെയായിരിക്കുമല്ലേ…ഹബീബ് മദീനയിലേക്ക് ഹിജ്‌റ പോയത്….?’
നൂറ അവന്റെ കൈകള്‍ക്കിടയിലൂടെ തന്റെ കൈകോര്‍ത്ത് പിടിച്ച് തോളില്‍ ചാഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു. അവരിപ്പോള്‍ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ബസിലാണ്.
മക്കയില്‍ നിന്ന് ഏകദേശം അഞ്ചുമണിക്കൂറ് വേണം മദീനയിലേക്ക്. ആ വഴിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ആര്‍ക്കാണ് ഹബീബ് യെ ഓര്‍മവരാതിരിക്കുക. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹബീബും പ്രിയപ്പെട്ട സിദ്ധീഖോരും മദീനയെ ലക്ഷ്യം വെച്ച് യാത്രചെയ്തത് കൊണ്ടാണല്ലോ മദീനയിന്ന് പ്രണയ ലോകത്തിന്റെ ഹൃദയമായി മാറിയത്.
ആ രാത്രിയില്‍ മക്കയില്‍ എന്റെ ഹബീബ് താമസിച്ചിരുന്ന വീട്ടില്‍ അവിടുത്തെ വധിക്കാന്‍ വേണ്ടി പുറത്തിറങ്ങുന്നതും കാത്ത് ഊരിപിടിച്ച പടവാളുമായി ഖുറൈശികള്‍ നിയോഗിച്ച യുവാക്കളടങ്ങുന്ന സംഘം കണ്ണിമവെട്ടാതെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ആ ശത്രുവ്യൂഹത്തില്‍ നിന്ന് ഒരു പോറലുമേല്‍ക്കാതെ പുറത്ത് വന്ന് മദീനയിലേക്ക് തലഉയര്‍ത്തി നിവര്‍ന്ന് ചെന്ന ഹബീബ് യെ കുറിച്ചോര്‍ത്തപ്പോള്‍ ഇതുപോലൊരു സാങ്കല്‍പിക നായക കഥാപാത്രത്തെ പോലും ഒരുപക്ഷെ, ഇന്ന് ഒരുസംവിധായകനും ഊഹിക്കാന്‍ വരെ സാധിക്കില്ലെന്ന് നൂറ മനസ്സില്‍ നിനച്ചു. ആ തോന്നല്‍ ശരിയാണെന്ന് അവളുടെ ശരീരത്തിലെ ഓരോ രോമങ്ങളും എടുത്തു പിടിച്ച് നിന്നു കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
പിന്നീടൊരിക്കല്‍, കൃത്യമായി പറഞ്ഞാല്‍ ഹിജ്‌റ ആറാം വര്‍ഷം ഉംറ ചെയ്യാന്‍ വേണ്ടി ഹബീബും പ്രിയപ്പെട്ടവരും മക്കയിലേക്ക് തിരിക്കുന്നുണ്ട്. അന്ന് ഹറമിന്റെ അതിര്‍ത്തിയായ ഹുദൈബിയയില്‍ വെച്ച് അവര്‍ക്ക് മടങ്ങേണ്ടിവന്നു. അന്ന് എത്രമേല്‍ സങ്കടം വന്നുകാണുമെന്റെ ഹബീബിക്കെന്ന് നൂറയുടെ മനസ്സ് നീറി. പക്ഷെ, സര്‍വ്വാംഗീകൃതനായി അവിടുന്ന് രാജകീയ പ്രൗഢിയോടെ മക്കാ ഫത്ഹിന്റെ ദിവസത്തില്‍ വരുന്നതിനെ കുറിച്ചാലോചിച്ചപ്പോള്‍ അവള്‍ക്ക് കുളിരു കോരി.
ബസിപ്പോള്‍ മദീനയോട് അടുക്കുകയാണ്. അല്‍മദീനത്തുല്‍ മുനവ്വറ വര്‍ഷങ്ങള്‍ക്ക് മുമ്പെന്നോ എന്റെ ഹൃദയം ശരീരത്തോട് യാത്ര പറഞ്ഞിറങ്ങിയതിങ്ങോട്ടായിരുന്നു ഹബീബേ . ആ ഹൃദയത്തെ തേടിയാണ് എന്റെ ശരീരം ഇങ്ങോട്ട് വന്നത്. അങ്ങയോട് ലയിച്ചിരിക്കുന്ന ആ ഹൃദയത്തോടൊപ്പം ഈ ശരീരത്തേയും അങ്ങയിലേക്ക് ലയിപ്പിക്കാണേ…മദീനയെന്ന ബോഡ് ദൂര നിന്ന് കണ്ടത് മുതല്‍ അവളുടെ ഉള്ളില്‍ എന്തൊക്കെയാണ് നടക്കുന്നതെന്ന് ഒരാള്‍ക്കും വിവരിക്കാന്‍ കഴിയുകയില്ല.
‘ഇക്ക, ഇറങ്ങാറായി നമുക്ക് എഴുന്നേല്‍ക്കാം….’
മദീനയുടെ ബോര്‍ഡറിലേക്ക് ബസ് എത്തുന്നതിന് മുമ്പ് നൂറ സീറ്റില്‍ നിന്ന് ചാടിയെണീറ്റു. ബസിലെ ബാക്കിയാത്രികരെല്ലാം അവളെ കൗതുകത്തോടെ നോക്കി. പക്ഷെ, ബസില്‍ മറ്റുള്ളവരും തന്നോടൊപ്പം യാത്ര ചെയ്യുന്നുണ്ടെന്ന കാര്യം പോലും അവള്‍ക്ക് ഓര്‍മയില്ലെന്ന് തോന്നുന്നു. കാരണം അവളുടെ ചിന്താ ശേഷി വര്‍ഷങ്ങള്‍ക്ക് മുമ്പേ മദീനക്ക് പണയപ്പെടുത്തിയതാണല്ലോ. പത്ത് മീറ്ററു കൂടി കടന്നാല്‍ ബസ് ഔദ്യോഗികമായി മദീനയുടെ അതിര്‍ത്തിക്കുള്ളിലേക്ക് പ്രവേശിക്കും.
ട്രീണീം….ട്രീണീം…..
നൂറയുടെ അലാറം നിര്‍ത്താതെയടിച്ചു. അവള്‍ ഞെട്ടിയെണീറ്റു. താന്‍ സ്വപ്‌നത്തിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ അല്‍പ സമയമെടുത്തു. അവള്‍ക്ക് സങ്കടം കൊണ്ട് കരച്ചില്‍ വന്നു. കണ്ണുമടച്ച് ആ ആശുപത്രി ബെഡില്‍ കുറച്ച് സമയം കൂടെ ഇരുന്നു. അല്‍പസയത്തിന് ശേഷം വുളൂഅ് ചെയ്തു വന്നു,തഹജ്ജുദ് നിസ്‌കരിച്ചു. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണേയെന്ന്…റബ്ബിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു.
ജീവിതത്തില്‍ തഹജ്ജുദ് നഷ്ടപ്പെട്ട ദിവസം അവള്‍ക്കുണ്ടായിട്ടില്ല. ഓര്‍മവെച്ച നാള്‍ മുതല്‍ ഉപ്പച്ചിയോടൊപ്പം തഹജ്ജുദ് നിസ്‌കരിക്കുമായിരുന്നു. അതിനും ഒരു സ്വപ്‌ന കഥയുമായി ബന്ധമുണ്ട്. അവള്‍ താന്‍ തഹജ്ജുദ് നിസ്‌കാരം പതിവാക്കാനുണ്ടായ കാരണത്തെ കുറിച്ചാലോചിച്ചു. ഉപ്പച്ചിയോടൊപ്പം യാന്ത്രികമായി നിസ്‌കരിക്കാറുണ്ടെങ്കിലും തഹജ്ജുദ് എന്റെ ജീവിത വിജയത്തിനാവശ്യമാണെന്ന് തോന്നിയത് ഉപ്പച്ചി ആ കഥ പറഞ്ഞു തന്നത് മുതല്‍ക്കാണ്.
‘ഹബീബായ നബിതങ്ങള്‍ സ്വഹാബാക്കള്‍ക്ക് അവര്‍ കാണുന്ന സ്വപ്‌നത്തിന്റെ വ്യാഖ്യാനങ്ങള്‍ പറഞ്ഞു കൊടുക്കുമായിരുന്നു. ഒരോരുത്തരും അവര്‍ കണ്ട സ്വപ്‌നം ഹബീബ് യോട് ആവേശത്തോടെ പറയുമായിരുന്നു.
ഇതെല്ലാം നോക്കി കൊണ്ട് ഉമര്‍ (റ) വിന്റെ മകന്‍ അബ്ദുല്ലായെന്നവര് ഒരു മൂലക്കങ്ങനെ നില്‍ക്കും. സാധാരണ സ്വപ്‌നം കാണാറില്ലാത്ത അബ്ദുല്ലാഹിബ്‌ന് ഉമര്‍ തങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ കൊതിയായി. കാരണം സ്വപ്‌നം കണ്ടാല്‍ അത് ഹബീബ്യോട് പറയാമല്ലോ. അപ്പോള്‍ അവിടുന്നതിന്റെ വ്യാഖ്യാനം പറയുമല്ലോ. അതിന് വേണ്ടിയിട്ടാണ്.:’
ഉപ്പച്ചി ഒന്ന് നിറുത്തിയിട്ട് കൂട്ടി ചേര്‍ക്കാനെന്നോണം പറഞ്ഞു:
‘ ഈ അബ്ദുല്ലാഹി ബ്‌നു ഉമര്‍ തങ്ങള് അല്ലാഹുവിന്റെ റസൂലിന്റെ ഏറ്റവും വലിയ ആശിഖാണ് കെട്ടോ. ‘മുത്തബിഉ സുന്ന’ എന്ന പേരിലാണ് പില്‍ക്കാലത്ത് മഹാനവര്‍കള്‍ അറിയപ്പെട്ടത് തന്നെ. അഥവാ, ജീവിതത്തില്‍ നബി തങ്ങള്‍ എന്തൊക്കെ ചെയ്തിട്ടുണ്ടായിരുന്നോ അതെല്ലാം അതുപോലെ മഹാനരും ചെയ്തിരുന്നു.
ഒരിക്കല്‍ ഒരു വഴിയിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു സ്ഥലത്തെത്തിയപ്പോള്‍ അബ്ദുല്ലാഹി ബ്‌നു ഉമര്‍(റ) തല കുനിച്ച് കൊണ്ട് യാത്ര തുടര്‍ന്നു. കൂടെ യാത്ര ചെയ്യുന്ന ആര്‍ക്കും സംഗതി മനസ്സിലായില്ല.
എന്തിനാണ് നിങ്ങളങ്ങനെ ചെയ്തതെന്ന് ചോദിക്കപ്പെട്ടു.
മഹാന്‍ പറഞ്ഞു:
ഹബീബ് ഒരിക്കല്‍ ഈ വഴിക്ക് യാത്ര ചെയ്തപ്പോള്‍ ഇവിടേക്ക് ചാഞ്ഞ് നില്‍ക്കുന്ന ഒരു മരക്കൊമ്പുണ്ടായിരുന്നു. അത് മറികടക്കാന്‍ വേണ്ടി തലകുനിച്ചിട്ടാണ് ഇതിലൂടെ പോയത്. അതിപ്പോള്‍ മുറിച്ചു കളഞ്ഞെങ്കിലും ഹബീബ് പോയത് പോലെ പോകാനാണെനിക്കിഷ്ടം’
ഇങ്ങനെ ഹബീബിനെ പ്രണയിച്ചവരും പിന്തുടര്‍ന്നവരുമായിരുന്നു അവര്.
ഉപ്പച്ചി വീണ്ടും കഥയിലേക്ക് തന്നെ വന്നു.
‘അങ്ങനെ കുട്ടിയായ അബ്ദുല്ല ഒരു ദിവസം മദീനത്തെ പള്ളിയില്‍ കിടന്ന് അല്ലാഹുവിനോട് കരഞ്ഞു പറഞ്ഞു;
അല്ലാഹുവേ, എന്നില്‍ എന്തെങ്കിലും നന്മയുണ്ട് എന്ന് നീ കരുതുന്നുവെങ്കില്‍ എനിക്ക് നീയൊരു സ്വപ്‌നം കാണിക്ക്. എന്നിട്ട് വേണം എനിക്കതെന്റെ ഹബീബിനോടൊന്ന് പറയാന്‍.
അന്ന് മഹാന്‍ മസ്ജിദുന്നബവിയില്‍ കിടന്ന് ഉറങ്ങി പോയി. ആ രാത്രിയവര് സ്വപ്‌നം കാണാന്‍ തുടങ്ങി:
മരിക്കുന്നതായിട്ടായിരുന്നു സ്വപ്നം.
അദ്ദേഹത്തെ രണ്ട് മലക്കുകകള്‍ പിടിച്ചു കൊണ്ട് നരകത്തിന് നേരെ നടന്നക്കുന്നു. മലക്കുകള്‍ മൂടികൊണ്ട് അടക്കപ്പെട്ട നരകം മഹാനവര്‍കളെ കാണിച്ചു. മഹാനവര്‍കള്‍ക്ക് പരിചയമുള്ള ഒരുപാട് മുഖങ്ങളവിടെയുണ്ട്. അദ്ദേഹം ആകെ ഭയവിഹ്വലരായി. ഭയപ്പെട്ട് നില്‍ക്കുന്ന മഹാനെ കണ്ട് മറ്റൊരു മലക് വന്നിട്ട് പറഞ്ഞു.
‘ ഏയ്, നിങ്ങള് ഭയപ്പെടേണ്ടതില്ല’
മഹാനവര്‍കള്‍ സ്വപ്‌നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. ഹബീബിനെ കാണാന്‍ വേണ്ടി ഓടി. മഹാന്‍ താന്‍ കണ്ട സ്വപ്‌നം ഹബീബ്യുടെ ഭാര്യയും മഹാനവര്‍കളുടെ പെങ്ങളുമായ ഹഫ്‌സ ബീവിയോട് പറഞ്ഞു:
‘ഇത്താ, ഞാനിങ്ങനെയൊരു സ്വപ്‌നം കണ്ടിട്ടുണ്ട്. നിങ്ങളതൊന്ന് സൗകര്യം പോലെ ഹബീബ്യോട് പറയണേ….’
മഹതിയത് ഹബീബിനോട് പറഞ്ഞു. അത് കേട്ട് പുഞ്ചിരിയോടെ നബി തങ്ങള് പറഞ്ഞു:
‘ വല്ലാതെ, ഭാഗ്യം ചെയ്ത കുട്ടിയാണല്ലോ….അബ്ദുല്ല. രണ്ട് റക്അത്ത് തഹജ്ജുദ് കൂടി നിസ്‌ക്കരിക്കുകയാണെങ്കില്‍ വളരെ നന്നാകുമായിരുന്നു.’
അഥവാ, ആ രണ്ട് റക്അത്ത് കൂടെ നിസ്‌കരിച്ചാല്‍ നരകം കാണാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കാമായിരുന്നുവെന്ന് ഉദ്ദേശ്യം.
ഈ സംഭവം പറഞ്ഞിട്ട് അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു:
‘ഇതിന് ശേഷം എന്റെ ജീവിതത്തില്‍ ഞാന്‍ തഹജ്ജുദ് നിസ്‌കാരം ഉപേക്ഷിച്ചിട്ടില്ല.’
കഥപറഞ്ഞിട്ട് ഉപ്പച്ചി ചോദിച്ചു:
മോള്‍ക്ക് നരകം കാണാതെ സ്വര്‍ഗത്തിലേക്ക് പോണ്ടേ….
‘ ആ…പോണം’
‘ന്നാല്..ആരും വിളിക്കാതെ തന്നെ…മോള് എണീറ്റ് വന്ന് തഹജ്ജുദ് നിസ്‌കരിക്കണം’
‘ഉം…ഇന്‍ ഷാ അല്ലാഹ്’
അന്ന് മുതലാണ് ഉള്ളു തട്ടി തഹജ്ജുദ് നിസ്‌കരിക്കാന്‍ തുടങ്ങിയത്.
സുബ്ഹ് നിസ്‌കാരത്തിനും ഔറാദുകള്‍ക്കും ശേഷം നൂറ ഖിബ് ലക്ക് അഭിമുഖമായി പത്മാസനത്തിലെന്ന പോലെ ചമ്രംപടിഞ്ഞിരുന്നു. കണ്ണുകളടച്ചിരുന്ന് മനസ്സിനെ ശാന്തമാക്കി. അവളങ്ങനെയിരിക്കുമ്പോയാണ് ഉപ്പച്ചി ഹോസ്പിറ്റലിനടുത്തുള്ള പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞു വന്നത്.
‘ഇന്ന് ഉച്ച തിരിഞ്ഞാല്‍ പോകാമെന്നാണ് ഡോക്ടറുടെ ഇന്നലെയുള്ള സംസാരിത്തില്‍ നിന്ന് മനസ്സിലാകുന്നത്. ഏതായാലും ഒമ്പത് മണിയാകുമ്പോഴേക്ക് ഡോക്ടര്‍വരുമല്ലോ. ബാക്കി അപ്പോള്‍ തീരുമാനിക്കാം.
ഉപ്പച്ചിക്ക് തന്നെക്കാള്‍ കൂടുതല്‍ കൊതിയുണ്ട് വീട്ടിലെത്താനെന്ന് തോന്നുന്നു. അല്ലെങ്കിലും ആരാണ് ആശുപത്രികിടക്കയിലിങ്ങനെ # 2 കിടക്കാനും ഇവിടെ കൂട്ടിരിക്കാനും ഇഷ്ടപെടുക. നൂറ മനസ്സില്‍ കരുതി.
‘അതേ, ഡോക്ടര്‍ വന്നോട്ടെ’
നൂറ തലയാട്ടിക്കൊണ്ട് പറഞ്ഞു. ഉപ്പച്ചി വന്നപ്പോള്‍ പത്രംകൊണ്ടുവന്നിരുന്നു. രാവിലെ കട്ടന്‍ കിട്ടിയില്ലെങ്കിലും പത്രം കിട്ടാതിരുന്നാല്‍ ഉപ്പച്ചിക്ക് സഹിക്കൂല. അതാണ് ഉപ്പച്ചിയും പത്രവും തമ്മിലുള്ള ബന്ധം. ഉപ്പച്ചിയുടെ പത്രവായനക്ക് ശേഷം കട്ടിലില്‍ വെച്ച പത്രമെടുത്ത് നൂറ മറിച്ചു.
*
പതിവ് പോലെ ഹോസ്പിറ്റലിലേക്കിറങ്ങുമ്പോള്‍ ഉമ്മ വാതില്‍ക്കല്‍ വന്ന് നില്‍ക്കാറുണ്ട്.
‘ഇന്നന്തേ കാണുന്നില്ലാ…!?’
സഫിയാത്താനെ തന്നെ യാത്രയാക്കാന്‍ കാണാത്തത് കണ്ടപ്പോള്‍ ഫാത്തിഹ് അടുക്കളയുടെ ഭാഗത്തേക്ക് അന്വേഷിച്ചു ചെന്നു. അവിടെയുമില്ല.
‘ഉമ്മാ….’
അവന്‍ കുറച്ചുറക്കെ വിളിച്ചു.
‘ ആ..ദാ വരുന്നു’
അല്‍പ സമയത്തിന് ശേഷം പര്‍ദ്ധയും ബുര്‍ഖയുമെല്ലാമിട്ട് അണിഞ്ഞൊരുങ്ങി സഫിയാത്ത ഫാത്തിഹിന് മുമ്പില്‍ ഹാജരായി.
‘ങഌത് എങ്ങോട്ടാണുമ്മ…? ‘
‘അപ്പൊ ജ്ജ് ഞാനിന്നലെ പറഞ്ഞതൊക്കെ മറന്നോ…’
ഫാത്തിഹിന്റെ ചോദ്യത്തിന് സഫിയാത്തയുടെ മറുചോദ്യം
‘എന്ത് മറന്നോന്ന്…..’
ഫത്തിഹിന് വീണ്ടും സംശയം.
‘ഞാനാ…കുട്ടിനൊന്ന് കാണാനാണ്. ഒന്ന് പരിജയപ്പെടാലോ’
സഫിയാത്ത ഒരു പ്രത്യേക ട്യൂണില്‍ പറഞ്ഞു.
‘ന്റുമ്മാ…ങഌ ന്റെ പേഷ്യന്റിനെ കൊണ്ടെന്നെ എനിക്ക് പെണ്ണന്വേഷിക്കാന്‍ പോവാണോ….?’
‘അയ്‌ന് മാത്രമൊന്നുമല്ല. എനിക്കെന്റെ ഷുഗറൊന്ന് ചെക്ക് ചെയ്യുകയും വേണം…എന്താന്നറിയൂല…ഇടക്കൊക്കെ തലകറക്കവും മേലാക വേദനയുമുണ്ട്…’
സഫിയാത്ത ഫാത്തിഹിന്റെ മുമ്പില്‍ വഴങ്ങി കൊടുക്കാതിരിക്കാന്‍ മറ്റൊരു മാര്‍ഗം കൂടെ കണ്ടെത്തി.
‘അതെപ്പോ….എന്നോടിത് വരേ ഇതൊന്നും ങഌ പറഞ്ഞീലല്ലോ….!?’
ഫാതിഹ് വിടുന്ന മട്ടില്ലാന്ന് കണ്ടപ്പോള്‍ സഫിയാത്ത പറഞ്ഞു.
‘ജ്ജ് വണ്ടീല്‍ കയറ്…ഞാനൊക്കെ വണ്ടീന്ന് പറയാം…’
ഫാത്തിഹിന് മുമ്പില്‍ മറ്റു മാര്‍ഗമില്ലായിരുന്നു. അവന്‍ ഉമ്മാനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് തിരിച്ചു.
******** ******** ******** ******** ******** ********
ഫാത്തിഹിന്റെ ഫോണ്‍ നിര്‍ത്താതെ അടിച്ചു. അവന്‍ വാഹനം ഒരു സൈഡിലേക്ക് ഒതുക്കി നിര്‍ത്തിയതിന് ശേഷം ഫോണെടുത്തു.
‘ഹലോ, ഗുഡ്‌മോണിങ് സര്‍…’
മറുതലക്കല്‍ ഡോക്ടര്‍ ഇഖ്ബാലാണ്. അദ്ദേഹത്തിന്റെ ഇന്റേണാണ് ഫാതിഹ്. ഫാതിഹടക്കം നാലു പേരുണ്ട് ഡോക്ടറുടെ കീഴില്‍ ഇന്റേണായിട്ട്. പക്ഷെ, അദ്ദേഹത്തിന് ഫാത്തിഹിനോട് പ്രത്യേക താത്പര്യമാണ്. കാരണം കാര്യങ്ങളോടുള്ള അവന്റെ സമീപനവും അവന്‍ അടുത്തുണ്ടാവുമ്പോള്‍ രോഗികള്‍ക്ക് ലഭിക്കുന്ന മനസ്സമാധാനവും ഡോക്ടര്‍ പലപ്പോഴും നേരിട്ടനുഭവിച്ചതാണ്.
അതുകൊണ്ടു തന്നെ അദ്ദേഹം ഏത് ക്രിട്ടിക്കല്‍ സര്‍ജറി നടത്തുകയാണെങ്കിലും ഫാതിഹിനേയും തിയേറ്ററില്‍ കയറ്റാറുണ്ട്. അവസാനമായി അവര്‍ രണ്ട് പേരും ഒരുമിച്ച് ചെയ്ത സര്‍ജറി നൂറയുടേതായിരുന്നു.
‘ഗുഡ്‌മോണിങ്…നീയിറങ്ങിയോ….?’
അദ്ദേഹം ചോദിച്ചു.
‘യെസ് സര്‍, ഞാനൊരു പത്ത് മിനിറ്റിനുള്ളില്‍ ഹോസ്പിറ്റലിലെത്തും’
പെട്ടെന്ന് ഹോസ്പിറ്റലിലെത്താന്‍ വേണ്ടിയായിരിക്കും സാറങ്ങനെ ചോദിച്ചതെന്ന് മനസ്സില്‍ കണ്ടു കൊണ്ടാണ് ഫാതിഹങ്ങനെ പ്രതികരിച്ചത്.
‘കുഡ് യു ഡു എ ഫേവര്‍ ഫോര്‍ മി….? ‘
അദ്ദേഹം ഫാതിഹിനോട് ഒരു സഹായത്തിനാവശ്യപ്പെട്ടു.
‘ഷുവര്‍, എന്താണ് സര്‍ ഞാന്‍ ചെയ്യേണ്ടത്.’
‘എടോ….നമ്മള് വരുന്ന വഴിക്കുള്ള ആ ജഗ്ഷനില്ലേ…എന്തായിരുന്നു അതിന്റെ പേര്…? ‘
‘തേക്കന്നൂര്‍ ജംഗ്ഷന്‍…’
ഇഖ്ബാല്‍ ഡോക്ടര്‍ ജംഗ്ഷനിന്റെ പേരിന് വേണ്ടി പരതിയപ്പോള്‍ ഫാതിഹ് എടുത്തപടി പറഞ്ഞു.
‘യെസ്, അതു തന്നെ, അവിടുന്ന് വലത്ത് തിരിഞ്ഞ് ഒരു രണ്ടു കിലോമീറ്റര്‍ പോയാല്‍ കവലമുക്കിലെത്തും’
‘അതേ…എനിക്കറിയാം സര്‍’
ഫാതിഹിന് ഡോക്ടര്‍ പറഞ്ഞ സ്ഥലം കൃത്യമായി മനസ്സിലായി.
‘ഒകെ, അവിടെ ആ തെരുവിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടന്നാല്‍ ഒരു ടാര്‍പോളിന്‍ വലിച്ചു കെട്ടിയ ഒരു കൊച്ചുകൂര കാണാം. നീ അവിടം വരേയൊന്ന് പോകണം. എന്റെയൊരു പേഷ്യന്റുണ്ടവിടെ, പേഷ്യന്റല്ല ഒരു സന്ദര്‍ശക. ഞാന്‍ സാധാരണ ഹോസ്പിറ്റലിലേക്ക് വരുന്നതിന് മുമ്പ് ഡെയ്‌ലി അവരെയൊന്ന് വിസിറ്റ് ചെയ്യാറുണ്ട്. ഷീ ഈസ് ഓള്‍ഡ് ആന്റ് കംപ്ലീറ്റ്‌ലി ബ്ലൈന്‍ഡ്, ഒരു മോളുണ്ട് അവളാണ് കാര്യങ്ങളൊക്കെ ചെയ്യുന്നതും അവരെ നോക്കുന്നതും.’
ഡോക്ടര്‍ ഒന്നു നിറുത്തിയിട്ട് വീണ്ടും ആവേശത്തോടെ തുടര്‍ന്നു.
‘ എന്നെ കാണുമ്പോള്‍ വലിയ സന്തോഷമാണവര്‍ക്ക്. ഞാന്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും രാവിലെ കഴിക്കാനായിട്ടുള്ള ഭക്ഷണവുമായിട്ടാണ് ചെല്ലാറ്. അത് അവര്‍ക്കൊരു നിധിയാടൊ. എന്നും അവരത് പ്രതീക്ഷിച്ചിരിക്കും. അത് കഴിച്ചിട്ട് വേണം ആ കുട്ടിക്ക് ജോലിക്ക് പോകാന്‍. അവര്‍ക്കത് കൊടുക്കുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന ചിരിയുണ്ടല്ലോ അതുമതി നമ്മുടെ ആ ദിവസം നന്നാവാന്‍. ഇന്നെനിക്കതിന് സാധിച്ചിട്ടില്ല, അതുകൊണ്ടാണെന്ന് തോന്നുന്നു വല്ലാത്ത മാനസിക വിമ്മിഷ്ട്ടം പോലെ…’
ഡോക്ടര്‍ ഒരു ദീര്‍ഘ നിശ്വാസമെടുത്തതിന് ശേഷം തുടര്‍ന്നു.
‘ഇന്നലെ നൈറ്റില്‍ ഒരു സര്‍ജറിയുണ്ടായത് കാരണം വീട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ഇന്നാണെങ്കില്‍ പേഷ്യന്‍സ് വിസിറ്റിനുള്ള ടൈമുമായി. അതോണ്ടാണ് പോകാന്‍ സാധിക്കാതിരുന്നത്. നീ അവര്‍ക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിയിട്ടങ്ങോട്ട് ചെല്ല്. ഞാന്‍ തന്ന് വിട്ടതാണെന്ന് പ്രത്യേകം പറയണം.’
അദ്ദേഹം പറഞ്ഞത് മുഴുവന്‍ ഫാതിഹ് നിശബ്ദനായി അക്ഷരം പ്രതി കേട്ടിരുന്നു.
‘ഫാതിഹ്….? ആര്‍ യു തേര്‍….കേന്‍ യു ഹിയര്‍ മി?’
കുറച്ച് സമയത്തേക്ക് ഫാതിഹിന്റെ ശബ്ദമൊന്നും കേള്‍ക്കാതിരുന്നപ്പോള്‍ ഡോക്ടര്‍ ചോദിച്ചു.
‘യെസ്….യെസ് സര്‍, ഞാന്‍ പോവാം….’
ഫാതിഹ് ഞെട്ടിയുണര്‍ന്നവനെ പോലെ മറുപടി നല്‍കി.
‘താങ്ക്യൂ…അത് കൊടുത്ത് പെട്ടെന്ന് തിരിച്ചോ….ഡോണ്ട് ബി ലൈറ്റ്…’
‘ഇല്ല സര്‍, ഞാന്‍ അവരുടെ വിസിറ്റ് കഴിഞ്ഞാലുടന്‍ വരാം….’
‘ഒകെ…’
അദ്ദേഹം ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു. ഫാതിഹ് തന്റെ വാഹനം കവലമുക്കിലേക്ക് തിരിച്ചു. ഉമ്മയോട് വഴിമധ്യേ ഡോക്ടര്‍ വിളിച്ചതെന്തിനാണെന്ന് വിശദമായി പറഞ്ഞു കൊടുത്തു. ഡോക്ടര്‍ പറഞ്ഞ അടയാളം വെച്ച് അവര്‍ കൃത്യമായിട്ട് തന്നെ ആ കൂര കണ്ടു പിടിച്ചു. പറഞ്ഞതു പോലെയെല്ലാം ചെയ്തു. മടങ്ങി വരുമ്പോള്‍ അവന്‍ അത്ഭുതം പോലെ ഉമ്മയോട് പറഞ്ഞു:
‘ ഉമ്മാ….ഈ ഡോക്ടറില്ലേ….ഇയാളെ ആശുപത്രിയിലുള്ള ഒട്ടുമിക്ക ജീവനക്കാര്‍ക്കും ഭയങ്കര പേടിയാണ്. പിറ്റ് ബുള്ള് എന്നാണ് ചിലരൊക്കെ അദ്ദേഹത്തെ രഹസ്യമായി വിളിക്കാറ്. രോഗികള്‍ക്കെല്ലാം നല്ല ഇഷ്ടമാണങ്കിലും ഹോസ്പിറ്റല്‍ മാനേജ്‌മെന്റിന് വരേ അദ്ദേഹത്തെ പേടിയാണ് ‘
‘പിറ്റ് ബുള്ളോ….!?’
താന്‍ കേള്‍ക്കാത്ത പുതിയ കാല തെറി വല്ലതുമാണോന്നറിയാനുള്ള ആകാംക്ഷയില്‍ സഫിയാത്ത ചോദിച്ചു.
‘അതോ…അതൊരു അപകടകാരിയായ നായകളുടെ വര്‍ഗ പേരാണ്…’
ഫാതിഹത് പറഞ്ഞപ്പോള്‍ സഫിയാത്തയുടെ മുഖത്ത് ചെറു ചിരിമിന്നിമറഞ്ഞു.
‘പക്ഷെ, ഉമ്മാ…എനിക്കങ്ങനെ തോന്നിയിട്ടൊന്നുമ്മില്ലായിരുന്നു കെട്ടോ….എന്നോട് അദ്ദേഹം വളരെ നല്ല രീതിയിലാണ് പെരുമാറാറ്…അല്ല, ഇങ്ങനൊയൊക്കെ ഡോക്ടര്‍ ചെയ്യുന്നുണ്ടെന്ന് ആശുപത്രിയില്‍ ഞാന്‍ പോയി പറഞ്ഞാല്‍ പോലും ചെലപ്പോള്‍ ആരും വിശ്വസിക്കൂല.’
സഫിയാത്ത അവന്‍ പറഞ്ഞത് മുഴുവന്‍ കേട്ടിരുന്നു. ശേഷം പതുക്കെ പറഞ്ഞു:
‘എടാ, ചെലരങ്ങനെയാണ്. അവരെ പറ്റി നമ്മള് കരുതും ഇയാളെന്തൊരു മനുഷ്യനാണെന്ന്. ഇത്രയൊന്നും ഗൗരവം പാടില്ലെന്ന്, എന്നാലോ അത്തരക്കാര്‍ പുറത്തെത്ര ഗൗരവക്കാരാണോ അത്രയും അകത്തവര്‍ നിഷ്‌കളങ്കരായിരിക്കും. അതേ സമയം മറ്റു ചിലര്‍ പുറത്ത് ഭയങ്കര നിഷ്‌കളങ്കരായിരിക്കും അകത്ത് നിറയെ കപടതയും. നമ്മളാണ് ഇവര്‍ക്കിടയില്‍ യഥാര്‍ത്ഥത്തില്‍ വിഢികളാകുന്നത്. കാരണം നമ്മളിവരെ പറ്റി വേണ്ടാത്തത് പറയുകയം മറ്റുള്ളവര്‍ പറയുന്നത് കേട്ട് ചിരിക്കുകയും ചെയ്യും. എന്നിട്ടൊ ഇതിന്റെ കുറ്റം മുഴുവന്‍ പേറേണ്ടത് നമ്മളും.’
സഫിയാത്ത താത്വികമായി സംസാരിക്കാന്‍ തുടങ്ങി.
‘അതെ, അതാണ് സത്യം’
ഫാത്തിഹ് ഉമ്മയുടെ ആ സംസാരത്തോട് പൂര്‍ണ്ണമായും യോജിച്ചു. ഫോണൊന്ന് തുറന്നാല്‍ തന്നെ ട്രോളുകളുടെ പെരുമഴക്കാലമാണ്. സോഷ്യല്‍മീഡിയ മൊത്തത്തില്‍ അന്യരെ അപഹസിക്കുന്നവരും അത് കേട്ട് ചിരിക്കുന്നവരും മാത്രമേയുള്ളൂവെന്ന് തോന്നും. പരിഹാസ്യം ജീവിതോപാദിയാക്കി മാറ്റിയവര്‍. കഴിഞ്ഞ റമളാനില്‍ പള്ളിയിലെ ഉസ്താദ് ഈ വിഷയത്തില്‍ നടത്തിയ പ്രഭാഷണം ഫാതിഹിന് നന്നായി ബോധിച്ചിരുന്നു. അന്ന് ഉസ്താദ് കുറച്ച് ഗൗരവ സ്വരത്തില്‍ തന്നെയായിരുന്നു വിഷയത്തെ സമീപിച്ചത്.
ഫോണിലൂടെ കാണുന്ന സര്‍വ്വ കോമഡി സ്‌കിറ്റുകള്‍ക്കും ട്രോളുകള്‍ക്കും ലൈക്കടിക്കുന്നവരും ഷെയര്‍ ചെയ്യുന്നവരും അത് കണ്ട് ഊറിചിരിക്കുന്നവര്‍ക്കും നാളെ റബ്ബിന്റെ കോടതിയില്‍ നിന്ന് പെട്ടെന്ന് വിചാരണ കഴിഞ്ഞിറങ്ങാമെന്ന് കരുതരുതെന്ന് ഉസ്താദ് പറഞ്ഞപ്പോള്‍ ഉള്ളൊന്ന് കിടുത്തിരുന്നു. കാറിലിരുന്നതോര്‍ത്തപ്പോള്‍ ഫാതിഹിന് എന്തോ ഒരുള്‍ക്കിടിലം അനുഭവപ്പെട്ടു.
അന്നുസ്താദ് പറഞ്ഞ ചരിത്രമാണ് ഏറെ ചിന്തിപ്പിച്ചത്. ഹാത്വിമുല്‍ അസ്വം (റ) തങ്ങളുടെ ചരിത്രമാണ് ഉസ്താദന്ന് മറ്റുള്ളവരുടെ അഭിമാന സംരക്ഷണത്തിന്റെ മൂല്യം പറഞ്ഞു തരാന്‍ ഉദാഹരിച്ചത്. ബധിരതയുടെ ഒരംശം പോലും ഇല്ലാതിരുന്നിട്ടും ജീവിതക്കാലം മുഴുവനും തന്റെ പേരിന് കൂടെ ‘അല്‍ അസ്വം’ അഥവാ ബധിരന്‍ എന്ന അകമ്പടിയോടെ ജീവിച്ചു തീര്‍ത്തവരാണ് മഹാനര്. താനൊരു പൊട്ടെനാണെന്ന് ലോകം വിളിക്കുന്നതിനെ മഹാന്‍ ഭയപ്പെട്ടില്ല. അതിലൊരു കുറവും കണ്ടുമില്ല. അതിന്റെ കാരണമറിഞ്ഞാലാണ് ആശ്ചര്യപ്പെടുക.
ഒരിക്കല്‍ മഹാനരുടെ സദസ്സില്‍ സംശയ നിവാരണത്തിനെത്തിയ സ്ത്രീക്ക് മഹാനരോട് ചോദ്യം ചോദിക്കുന്നതിനിടക്ക് കീഴ് വായു പുറപ്പെട്ടു. ലോക പ്രശസ്തനായ ഒരു പണ്ഡിതന്റെ മുമ്പില്‍ വെച്ചുണ്ടായ ഈ സംഭവം ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അവളുടെ മുഖത്ത് ജാള്യത തളംകെട്ടി നിന്നു.
സംഗതി മനസ്സിലാക്കിയ മഹാന്‍ ചെവിവട്ടം പിടിച്ചുകൊണ്ട് ആ സ്ത്രീയോട് ചോദിച്ചു :
‘നിങ്ങളെന്താണ് പറഞ്ഞു തുടങ്ങിയത് ഒന്നൂടെ ഉറക്കെ ചോദിക്കൂ…’
മഹാനവര്‍കള്‍ക്ക് കേള്‍വിക്കുറവുണ്ടെന്ന് മനസ്സിലാക്കിയ ആ സ്ത്രീയുടെ മുഖത്ത് ആത്മാഭിമാനത്തിന്റെ ആശ്വാസമുണ്ടായിരുന്നു. പിന്നീട് മരണം വരെ താനന്ന് അഭിനയിച്ചതായിരുന്നുവെന്ന് ആ സ്ത്രീക്ക് തോന്നാതിരിക്കാന്‍ മഹാനവര്‍കള്‍ കേള്‍വി കുറവുള്ളവനെ പോലെയാണ് ജീവിച്ചത് എന്നാണ് ചരിത്രം. അങ്ങനെയാണ് അസ്വം(പൊട്ടന്‍) എന്ന പേര് ആത്മീയ ചക്രവാളത്തിലെ കുലപതിയായ ആ പണ്ഡിതന്റെ നാമത്തിന് അകമ്പടി സേവിച്ചു തുടങ്ങിയതത്രെ.
ഉസ്താദ് തുടര്‍ന്ന് പറഞ്ഞു:
‘ഞാനൊരുപാട് ഏഷണി പറഞ്ഞുപോയി നബിയേ എന്നുപറഞ്ഞ് സമീപിച്ച ശിഷ്യനോട് അദ്ദേഹം ചെയ്ത തെറ്റിന്റെ ഗൗരവം ഹബീബ് പ്രാക്ടിക്കലായി കാണിച്ചു കൊടുക്കുന്നുണ്ട്. അഥവാ ശക്തമായ കാറ്റടിച്ചു വീശുന്ന മരുഭൂമിയുടെ നാലുഭാഗത്തും പരുത്തി കൊണ്ടുവെക്കാന്‍ പറയുകയും ശേഷം അത് ശേഖരിക്കാനും പറയുന്നുണ്ട്. ആ മരുക്കാറ്റിന്റെ വേഗതയില്‍ പരുത്തിയുടെ അംശം പോലും കണ്ടെത്താന്‍ സാധിക്കില്ലെന്ന് തീര്‍ച്ചയാണ്.
ഇതുപോലെയാണ് ഏഷണിയും പരദൂഷണവും. കാരണം അതിന്റെ വ്യാപനം അതിവേഗത്തിലായിരിക്കും. പിന്നീട് ജീവിതത്തിലൊരിക്കലും നമുക്കത് തിരുത്താന്‍ സാധിക്കില്ല.
പെട്ടെന്ന് കാറിന് കുറുകെ ചാടിയ പൂച്ചയെ കണ്ടതും ഫാതിഹിന്റെ കാല് ബ്രേക്കുകളില്‍ ഞെരിഞ്ഞമര്‍ന്നു. വണ്ടി സഡന്‍ ബ്രേക്കിട്ട് നിന്നു. പെട്ടെന്ന് ഓര്‍മകളില്‍ നിന്ന് മടങ്ങിയെങ്കിലും ഒരുനിമിഷമൊന്ന് ഭയന്നു.
‘എന്താടാ….എവിടെ നോക്കിയിട്ടാ വണ്ടിയോടിക്കുന്നത്. മുമ്പിലുള്ളതൊന്നും കാണുന്നില്ലേ ന്നീ….’
സഫിയാത്ത ഗൗരവപ്പെട്ടു.
അവന്‍ ഉമ്മാന്റെ മുഖത്ത് നോക്കി ഒന്നുമറിയാത്തവനെ പോലെ ചിരിച്ചു. അവരുടെ കാര്‍ ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്നു.
*
കൃത്യം ഒമ്പത് മണിക്ക് തന്നെ ഡോക്ടര്‍ റൂം വിസിറ്റിന് വന്നു.
‘ഇന്നലെ, രാത്രി നന്നായിട്ടുറങ്ങിയില്ലേ….’
ഡോക്ടര്‍ നൂറയോട് ചോദിച്ചു.
‘അല്‍ഹംദുലില്ലാഹ്, നന്നായിട്ടുറങ്ങി’
നൂറ റബ്ബിന് സ്തുകളര്‍പ്പിച്ചു കൊണ്ട് ഡോക്ടറോട് പറഞ്ഞു.
‘ഇപ്പോള്‍ എവിടെയെങ്കിലും പെയ്ന്‍ ഫീല്‍ ചെയ്യുന്നുണ്ടോ….?’
ഡോക്ടറവളോട് രോഗവിവരമന്വേഷിച്ചു.
‘കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഇവിടെ വേദനിക്കാറുണ്ട്’
നൂറ തന്റെ വയറിന്റെ ഇടതു ഭാഗത്തേക്ക് ചൂണ്ടിയിട്ട് പറഞ്ഞു.
‘അത് സര്‍ജറിചെയ്തതിന്റെ പെയ്‌നാണ്…ഒന്ന് രണ്ടു ദിവസം കഴിഞ്ഞാല്‍ അതങ്ങ് തനിയെ പോവും’
ഡോക്ടറുടെ വാക്കുകള്‍ അവള്‍ക്ക് സമാധാനം പകര്‍ന്നു.
‘ഡോക്ടര്‍….ഇനിയിവിടെ നില്‍ക്കണോ….’
ഉപ്പച്ചി ഇടക്ക് കയറി ചോദിച്ചു.
‘വേണ്ട, നിങ്ങള്‍ റൂം വെക്കേറ്റ് ചെയ്‌തോളൂ…വീട്ടില്‍ റസ്റ്റ് ചെയ്താല്‍ മതിയാവും…ഇവിടെ കിടന്നത് പോലെ തന്നെ വീട്ടിലും കിടന്നോളണമെന്ന് മാത്രം’
ഡോക്ടര്‍ ഉപ്പച്ചിയോട് സംസാരിക്കുന്നതിനിടയില്‍ നൂറയെ നോക്കി കുറച്ച് കര്‍ശന സ്വരത്തില്‍ പറഞ്ഞു.
‘ഓകെ, ഡോക്ടര്‍ അങ്ങനെ ചെയ്യാം…’
ഉപ്പച്ചി ആ കാര്യം ഞാനേറ്റെന്ന് ഡോക്ടര്‍ക്ക് ഉറപ്പു കൊടുത്തു.
‘എന്നാ, ശരി എനിക്ക് കുറച്ച് പേഷ്യന്‍സിനെ കൂടി കാണാനുണ്ട്.
ഓള്‍ ദ ബെസ്റ്റ് നൂറ, ഗുഡ് ബൈ’
ഡോക്ടര്‍ റൂം വിട്ട് പോകുന്നതിനിടയില്‍ നൂറയോട് യാത്ര പറഞ്ഞു.
നൂറ ചിരിച്ചു കാണിച്ചു.
ഉമ്മച്ചി പാക്കിങ് അടക്കമുള്ള പോകാനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ ചെയ്തു വെച്ചത് കൊണ്ട് ആശുപത്രിയിലിനി അവരുടെ നേരംകളയുന്ന മറ്റൊന്നുമുണ്ടായിരുന്നില്ല. അവര്‍ റൂം വിട്ടിറങ്ങി. ഉപ്പച്ചി ആശുപത്രി ബില്ലുകളെല്ലാം പേ ചെയ്തതിന് ശേഷം പുറത്ത് ചെന്ന് ഒരു ടാക്‌സി തരപ്പെടുത്തി. ഉപ്പച്ചി മുന്നിലും നൂറയും ഉമ്മച്ചിയും പിറകിലുമായി കയറി. ടാക്‌സി ഹോസ്പിറ്റല്‍ കോമ്പൗഡ് കടന്നു പോയി.
*
ഫാതിഹ് സഫിയാത്തയോടൊപ്പം നൂറ കിടന്നിരുന്ന റൂമിന് നേരെ നടന്നു. അവന്റെ മുഖത്ത് വല്ലാത്ത ജാള്യതയുണ്ട്. ഉമ്മ ഇങ്ങനെ നിര്‍ബന്ധിച്ചപ്പോള്‍ അവന് കൂടെ പോകാതിരിക്കാനും സാധിക്കുന്നില്ല.
‘ഉമ്മാ ഞാനാ റൂമിന്റെ ഡോറ് വരേയേ വരൂ….ബാക്കി നിങ്ങളായി നിങ്ങളുടെ പാടായി.’
അവന്‍ നടക്കുന്നതിനിടയില്‍ പറഞ്ഞു.
‘ആ…അതെങ്ങനെയാ റെഡിയാവുന്നത്. എനിക്കവരെ ഒരു പരിചയവുമില്ലല്ലോ…നിന്റുമ്മയാണെന്ന് പരിചയപ്പെടുത്തിയിട്ട് നീയിങ്ങ് പോര്. ബാക്കിയെല്ലാം ഞാനേറ്റു.’
സഫിയാത്ത അവന്റെ കൈ പിടിച്ച് നടന്നു.
അവന്‍ റൂമിന്റെ വാതിലില്‍ പതുക്കെ മുട്ടി.
ഉള്ളില്‍ നിന്നൊരാള്‍ വന്ന് വാതില്‍ തുറന്നു. ആരാണെന്ന് മനസ്സിലാകാതിരുന്ന ഫാതിഹ് ചോദിച്ചു:
‘നൂറയുടെ റൂമല്ലേ……!’
‘അല്ലല്ലോ….ഞങ്ങളിപ്പൊ വന്നതേയുള്ളൂ….’
അയാള്‍ മറുപടി നല്‍കി.
‘സോറി, മിസ്‌റ്റേക്കണ്‍…’
ഫാതിഹ് പെട്ടെന്നവരോട് സോറി പറഞ്ഞിറങ്ങി. ആ സമയത്ത് അതിലൂടെ കടന്നുപോയ ഒരു നേഴ്‌സിനോട് ഫാതിഹ് ചോദിച്ചു:
‘സിസ്റ്റര്‍ ഈ വണ്‍ നോട് ത്രീയിലുണ്ടായിരുന്ന പേഷ്യന്റ്…..?’
‘അവര് കുറച്ച് മുമ്പ് റൂം വെക്കേറ്റ് ചെയ്ത് പോയല്ലോ…’
അതും പറഞ്ഞ് ആ സ്ത്രീ തിരക്കിട്ട് നടന്നു പോയി.
അതുവരെ മുഖത്ത് സന്തോഷചമ്മല്‍ തളം കെട്ടിയിരുന്ന ഫാതിഹിന്റെ മുഖം പെട്ടെന്ന് മ്ലാനമായി.
ഫാതിഹിന്റെ കാറ് ഹോസ്പ്പിറ്റലിലേക്ക് പ്രവേശിക്കുമ്പോഴാണ് നൂറയും ഫാമിലിയും ഹോസ്പ്പിറ്റല്‍ വിട്ടിറങ്ങിയത്.
******** ******** ******** ******** ******** ********
‘എടാ, നമ്മള് തമ്മില്‍ യോജിച്ച് പോവില്ല. എന്റെ വീട്ടിലാണെങ്കില്‍ ഉമ്മച്ചിയെല്ലാം അറിഞ്ഞ് ആകെ പ്രശ്‌നമായിരിക്കുകയാണ്. നമുക്ക് പിരിയാം…നീയിനി എന്നോട് ഇതിന്റെ കാരണവും മറ്റുമൊന്നും ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. പ്ലീസ്….’
ഫൈറൂസ ഫൈസലിന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
ആ മറുപടി പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു,അവന്‍ ഒന്നും മിണ്ടിയില്ല. മുഖത്ത് ദുഖ:ത്തിന്റെ ഭാരം കനക്കുന്നതായി കാണാം.
ഫൈറൂസ ഇത്രയും കൂടെ കൂട്ടിചേര്‍ത്തു.
‘നിന്നോടെനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടൊന്നുല്ലടാ, പക്ഷെ നമ്മളീ ചെയ്യുന്നതെല്ലാം അത്രമേല്‍ ഭീകരമായ തെറ്റാണെന്ന ബോധ്യമെനിക്കുണ്ടാകാന്‍ വൈകിയത് കൊണ്ടാണ്. ഞാനീ പറഞ്ഞത് നീ നല്ല നിലയില്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ രണ്ടു പേരുടേയും നല്ല ഭാവിക്ക് ഏറ്റവും അനുയോജ്യമായ തീരുമാനമാണ് ഞാനീ പറഞ്ഞതെന്ന് നിനക്ക് ബോധ്യമാവും ഇന്‍ ഷാ അല്ലാഹ്’
അത്രയും പറഞ്ഞ് അവള്‍ പതുക്കെ തിരിച്ചു നടന്നു. അവള്‍ക്കും നന്നായിട്ട് സംങ്കടം വരുന്നുണ്ടായിരുന്നു. എങ്ങനെ വരാതിരിക്കും, ഒരുമിച്ച് ജീവിക്കാമെന്ന് ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തവരാണവര്‍. ഒരിക്കലും പിരിയരുതെന്ന് എണ്ണിയാലൊടുങ്ങാത്തത്ര തവണ ആണയിട്ടവര്‍. തെറ്റാണെന്നുറപ്പുണ്ടായിട്ടും പ്രണയമാകുന്ന വികാരത്തിന് കീഴ്‌പെട്ടിരുന്നു പോയ നിമിഷങ്ങള്‍, എത്രമാത്രം ആസ്വാദനത്തോടെയാണ് ആ പ്രണയകാലം ഞങ്ങള്‍ ജീവിച്ച് തീര്‍ത്തത്!? .
പരസ്പരം കാണാതിരുന്ന ദിവസങ്ങളുണ്ടായിട്ടില്ല. കയറിയിറങ്ങാത്ത തട്ടുകടകളുണ്ടായിട്ടില്ല.
ആ നടത്തത്തില്‍ അവളുടെ മുഖത്ത് സങ്കട കണ്ണീരിനൊപ്പം ഗൃഹതുരത്വത്തിന്റെ ചെറു ചിരിയും വിടര്‍ന്നു.
അന്നെല്ലാം പ്രണയമെന്തെന്നു തന്നോടാരെങ്കിലും ചോദിച്ചിരുന്നുവെങ്കില്‍ താന്‍ പറയാന്‍ സാധ്യതയുള്ള മറുപടിയെ കുറിച്ചവള്‍ ഓര്‍ത്തു.
‘പ്രണയത്തിന്റെ ആദ്യ കാലങ്ങളിലെല്ലാം നമ്മുടെ ഇണയെ തൃപ്തിപ്പെടുത്താന്‍ നമ്മള്‍ കാണിക്കുന്ന കോപ്രായങ്ങളും തിരിച്ച് അവര്‍ എന്ത് ചെയ്യുമെന്നാലോചിച്ച് നാം തല പുകഞ്ഞു കളഞ്ഞു കുളിച്ച സുന്ദര നിമിഷങ്ങളും അവര്‍ക്ക് നാം നല്‍കുന്ന സമ്മാനങ്ങളും അവരോട് സംസാരിക്കുമ്പോള്‍ നമ്മള്‍ മറക്കുന്ന കാലവും സമയവും രാവിരവുകളും നമ്മളെ തന്നെയുമെല്ലാമടങ്ങിയ തന്റെ ഇഷ്ടത്തിലേക്കുള്ള എത്തിപിടിക്കലും അതിനു വേണ്ടി നാം ചിലവഴിക്കുന്ന സമയവുമെല്ലാമാണ് പ്രണയത്തിന്റെ സുവര്‍ണ്ണ കാലഘട്ടം. അതല്ലാതെ മറ്റെന്താണ് പ്രണയം…? !’
തുടര്‍ന്നൊരാള്‍ പ്രണയത്തിന്റെ രണ്ടാം ഘട്ടത്തെ കുറിച്ചറിയാനിഷ്ടപ്പെട്ടാല്‍ താന്‍ പറയും
‘ ഇഷ്ടപ്പെട്ടൊരാളോട് നാം ഇഷ്ടം പറഞ്ഞ് ഒരുമിച്ചാല്‍, നമുക്കൊന്നാവാം എന്ന തീരുമാനത്തിലെത്തിയാല്‍ പ്രണയ സങ്കല്‍പ്പം വീണ്ടും മാറും. പിന്നീടുള്ള നിമിഷങ്ങള്‍ക്ക് ഇന്നലെകളുടെ രസമുണ്ടാവില്ല. ഇന്നലെ നാം കണ്ട സ്വപ്‌നങ്ങളെല്ലാം വെറും മരീചികയായിരുന്നുവെന്ന് ബോധ്യം വരും. ഊഷരമായ മരുഭൂവിലൂടെ ദാഹിച്ചവശനായി, ജീവന് ഒരു തുള്ളി വെള്ളത്തിന്റെ വിലയുള്ളവന്‍ ദൂരെ കാണുന്ന മരീചികയിലേക്ക് തന്നിലവശേഷിക്കുന്ന സര്‍വ്വ ശക്തിയും സംഭരിച്ച് ചെല്ലും. അടുത്തെത്തുമ്പോഴാണ് ഇത് വെറുമൊരു തോന്നലായിരുന്നു, തന്നെ വഞ്ചിക്കലായിരുന്നുവെന്ന സത്യമറിയുക. അവിടെ കിടന്ന് മരിക്കുകയെന്നല്ലാതെ മറ്റൊരു മാര്‍ഗം അയാള്‍ക്ക് മുമ്പിലുണ്ടാവുകയില്ല.
ഇതുപോലെയാണ് പ്രണയത്തിന്റെ രണ്ടാം ഘട്ടം. കാരണം അവര്‍ക്കിടയില്‍ പിണക്കങ്ങളുണ്ടാവാന്‍ തുടങ്ങും, അത് വരെ താന്‍ പറയുന്നതെല്ലാം തലയാട്ടി സമ്മതിച്ചിരുന്നവന്‍ പെട്ടെന്ന് വിസമ്മതങ്ങള്‍ പറയാന്‍ തുടങ്ങും. എന്ത് ചെയ്യുമ്പോയും ‘നിന്റെ അഭിപ്രായമെന്താടീ’യെന്ന് കൂടെയൊരു സ്‌മൈലിയുടെ ഇമോജിയിട്ട് മെസേജ് ചെയ്തിരുന്നവന്‍ നിന്റെ നമ്പര്‍ ആ ഫോണിലുള്ള വിവരം തന്നെ മറന്നവനെപോലെയാവും.’
അവള്‍ ആ ചിന്തയില്‍ നിന്ന് ഇപ്പോഴൊന്നും തിരിച്ച് വരാന്‍ സാധ്യതയില്ല. ഫൈറൂസ ആ കോളേജ് വരാന്തയിലൂടെ ആലോചനയിലാണ്ട് കൊണ്ട് ക്ലാസിലേക്ക് നടന്നു.
അവളാലോചിച്ചു.
‘അവനിലേക്കുള്ള എത്തിപ്പിടിക്കല്‍ വരെ മാത്രമേ പ്രണയത്തിന്റെ ആസ്വാദനത്തിന് നിലനില്‍പ്പൊള്ളൂ…പിന്നീടുള്ളതെല്ലാം കാട്ടിക്കൂട്ടലാണ്. അതുവരേ നമ്മള്‍ പരസ്പരം പൊറുക്കാനും സഹിക്കാനുമെല്ലാം തയ്യാറാവും. എന്നാല്‍ പ്രണയം കയ്യെത്തി പിടിക്കലോട് കൂടെ ആസ്വാദന ശേഷി നഷ്ടപ്പെടും സഹന ശക്തി ക്ഷയിക്കും. കാരണം നമ്മിലുണ്ടായിരുന്ന എല്ലാ ശക്തികളും ആ പ്രണയത്തെ എത്തിപ്പിടിക്കാന്‍ വേണ്ടി നമ്മള്‍ വിനിയോഗിച്ച് കഴിഞ്ഞിട്ടുണ്ടാവും. ഇനിയുള്ളതത്രയും അഭിനയിച്ച് തീര്‍ക്കേണ്ട അവസ്ഥയാണ്. എന്നിലിനിയും നിന്നെ പ്രണയിക്കാനുള്ള ഇടമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ പരസ്പരം കാണിച്ചു കൂട്ടുന്ന കോപ്രായങ്ങള്‍. ഇതാണ് പ്രണയത്തിന്റെയും ശേഷം നടക്കുന്ന വിവാഹത്തിന്റെയും ആകെ തുക.
എന്നാല്‍ വിവാഹ ശേഷം പ്രണയമാരംഭിക്കുമ്പോള്‍ നമ്മുടെ ഊര്‍ജം നാം മറ്റാര്‍ക്ക് വേണ്ടിയും അതു വരെ ചിലവഴിച്ചിട്ടില്ല.അതിനാല്‍ ആ ഊര്‍ജം മുഴുവന്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരുപോലെ ഉപയോഗിക്കാന്‍ രണ്ടു പേര്‍ക്കും സാധിക്കും. വിവാഹ പൂര്‍വ്വ പ്രണയവും വിവാഹനന്തര പ്രണയവും തമ്മിലുള്ള വ്യത്യാസമിതാണ്. അതുകൊണ്ട് ഞാനിപ്പോള്‍ ചെയ്ത തീരുമാനമാണ് ശരി. ഫൈറൂസ അവളുടെ മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തി.
അതുവരെ തന്നെ അംഗീകരിക്കാന്‍ വിസമ്മതം കാണിച്ച് ഫൈസലിനൊപ്പം നിന്നിരുന്ന അവളുടെ മനസ്സ് അത് ശരിവെച്ചു. അവളുടെ മുഖത്തിപ്പോള്‍ ആശ്വാസത്തിന്റെ ചെറു ചിരിവിടര്‍ന്നു. താനൊരു കൂടു തുറന്നുവിട്ട പക്ഷിയാണെന്നവള്‍ക്ക് തോന്നി. ഓരോ ബ്രേക്കപ്പും പാരതന്ത്രത്തില്‍ നിന്ന് സ്വാതന്ത്രത്തിലേക്കുള്ള കവാടമാണെന്ന മറ്റൊരു പ്രണയ പാഠത്തിലേക്ക് കൂടിയവളെത്തി.
ഫൈസലുമായുണ്ടാകുന്ന ബ്രേക്കപ്പ് തന്നെ ആകെ മാനസികമായി തകര്‍ക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ വളരെ ധീരമായി അത് നടത്തിയപ്പോള്‍ വല്ലാത്തൊരു മനസമാധനം. മനസ്സില്‍ നിന്ന് എന്തോ ഭാരമിറക്കിവെച്ച പ്രതീതി. കോളേജില്‍ നടന്നതും താന്‍ നിലകൊണ്ട ധീരമായ നിലപാടും എല്ലാം നൂറയോട് പറയണം. അവള്‍ക്ക് കോളേജില്‍ നിന്ന് എത്രയും പെട്ടെന്ന് വീട്ടിലേക്ക് പോകാന്‍ കൊതിയായി. അവസാന ഹവറ് കഴിഞ്ഞ് സാറ് ക്ലാസില്‍ നിന്നിറങ്ങിയതും അവള്‍ പതിവില്‍ കവിഞ്ഞ സന്തോഷത്തോടെ പുറത്തിറങ്ങി.
*
ദൂരെ നിന്ന് തന്നെ ഫൈറൂസ വരുന്നതും നോക്കി നില്‍ക്കുന്ന സുലൈഖാത്തക്ക് അവളുടെ മുഖത്ത് തത്തി കളിക്കുന്ന സന്തോഷം കാണാമായിരുന്നു.
‘എന്താടീയിന്ന് മുഖത്തൊരു ചിരിയൊക്കെ….?’
മകളെ കണ്ടപടി സുലൈഖാത്ത ചോദിച്ചു.
‘അതൊക്കെയുണ്ടന്റെ സുലൂ… പറയാറാവുമ്പം ഞാനങ്ങട്ട് പറയും…ഈ ബേഗൊന്ന് റൂമിലോട്ട് വച്ചേ ഞാന്‍ പോയി നൂറേനെ കണ്ടേച്ചും വരാം….’
അവള്‍ തലേ ദിവസത്തെ പോലെ തന്നെ നൂറയെ കാണാന്‍ ഓടുന്നത് കണ്ട സുലൈഖാത്ത ചോദിച്ചു.
‘അപ്പോള്‍ നീയിതൊന്നും അറിഞ്ഞില്ലേ….!?’
സുലൈഖാത്ത തന്റെ ചോദ്യം പൂര്‍ണ്ണമാക്കാതെ നിറുത്തി.
ഞാനെന്തൊന്നുമറിഞ്ഞില്ലേയെന്ന ഭാവത്തില്‍ ഫൈറൂസ ഓട്ടം പാതിവഴിയില്‍ നിര്‍ത്തി തിരിഞ്ഞു നോക്കി..
‘നൂറക്കെന്തോ വലിയ അസുഖാണത്രേ….ഇന്നലെ രാത്രി ഹോസ്പിറ്റലില്‍ കൊണ്ടോയി…ഓപ്‌റേഷനൊക്കെ വേണ്ടി വരുംന്നാണ് കേള്‍ക്ക്ണത്… ഇനിപ്പം ഓപ്‌റേഷന്‍ കഴിഞ്ഞോന്നറീല’
സുലൈഖാത്തയുടെ ശബ്ദത്തെ ഫൈറൂസയുടെ കേള്‍വിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. അവളുടെ കാലുകള്‍ പിറകിലേക്ക് വലിഞ്ഞു.
‘എപ്പോള്‍? ഞാനിന്നലെ വൈകീട്ട് അവിടുന്ന് പോരുന്നത് വരെ അവള്‍ക്കൊരു പ്രശ്‌നവുമില്ലായിരുന്നല്ലോ…പിന്നീടെന്താണ് പറ്റിയത്….?’
ഫൈറൂസ വിശ്വസിക്കാനാവാതെ ചോദിച്ചു. സുലൈഖാത്ത തനിക്കറിയാവുന്നതെല്ലാം പറഞ്ഞു.
‘ഉമ്മാ….നമുക്ക് ഹോസ്പിറ്റലില്‍ പോകാം…ഞാന്‍ ഫര്‍സാനയെ ഒന്ന് വിളിക്കട്ടെ’
അവള്‍ സുലൈഖാത്തയോട് പറഞ്ഞു നാവെടുത്തപ്പോള്‍ അവര് പറഞ്ഞു:
‘ആ….ഞാനും പോകാനൊരുങ്ങുവായിരുന്നു. പിന്നെയോര്‍ത്തപ്പോള്‍ നീ വന്നിട്ട് ഒരുമിച്ച് പോകാമെന്ന് കരുതി…’
അവള്‍ ഫര്‍സാനക്ക് ഡയല്‍ ചെയ്തു. ആദ്യ റിങില്‍ തന്നെ മറുതലക്കല്‍ ഫോണെടുത്തു.
‘ഹലോ….ഫൈറൂ…ഞാനങ്ങോട്ട് വിളിക്കാന്‍ നിക്കായിരുന്നു. നൂറയാണെങ്കില്‍ ക്ലാസിലും വന്നിട്ടില്ല, വിളിച്ചിട്ട് ഫോണുമെടുക്കുന്നില്ല. എന്താ സംഭവം…അവളുണ്ടോ നിന്റെ കൂടെ…ഒന്ന് കൊടുക്ക് രണ്ട് പറയട്ടെ ഞാനോളോട്…?’
നൂറ ക്ലാസില്‍ വരാത്തത് കാരണം ക്ലാസിലിരുന്ന് ബോറടിച്ചതിന്റെ ഈര്‍ഷ്യത മുഴുവനുമുണ്ടായിരുന്നു ഫര്‍സാനയുടെ സംസാരത്തില്‍.
ഫൈറൂസ അവളോട് കാര്യങ്ങളെല്ലാം അവതരിപ്പിച്ചു.
‘ഞാനും ഉമ്മയും ഹോസ്പിറ്റലിലേക്ക് ഇറങ്ങുകയാണ്. നീ അങ്ങോട്ട് എത്ത്’
‘ഓകെ…ഞാനിവിടുന്ന് ഹോസ്പിറ്റലിലേക്ക് വരാം….’
*
അവര്‍ രണ്ടു പേരും ഏകദേശം ഒരേ സമയത്താണ് ഹോസ്പിറ്റലിലെത്തിയത്. പരസ്പരം കണ്ടതും അവര്‍ ആലിംഗനം ചെയ്തു. രണ്ടു പേരുടെയും നയനങ്ങള്‍ പെയ്യാനാഞ്ഞു നില്‍ക്കുന്ന കാര്‍മേഘങ്ങളെ പോലെയായിരുന്നു. കാരണം അപ്രതീക്ഷിതമായി നൂറ ഹോസ്പിറ്റലിലാണെന്ന് കേട്ടപ്പോള്‍ ഉണ്ടായ ആഘാതത്തില്‍ നിന്ന് അവര്‍ മുക്തകരായിട്ടില്ല.
അവരെത്തിയപ്പോള്‍ നൂറയെ സര്‍ജറിക്ക് ശേഷം ഐ.സി.യുവിലേക്ക് തന്നെ മാറ്റിയിരിക്കുകായാണ്. അവള്‍ക്ക് ബോധം വീണിട്ടില്ല. അവര്‍ പുറത്ത് വരാന്തയില്‍ കാത്തിരുന്നു.
ഫൈറൂസയുടെ മനസ്സിലിപ്പോള്‍ ആ വ്യാഴായ്ച രാത്രിയാണ്. നൂറയും താനും എല്ലാം തുറന്നു പറഞ്ഞ രാത്രി. ഞങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ പല തീരുമാനങ്ങളുമെടുത്ത രാത്രി. ഒരാള്‍ക്കെന്തെങ്കിലും സംഭവിച്ചല്‍ സര്‍വ്വസവും മറന്ന് അയാള്‍ക്കൊപ്പമുണ്ടാവുമെന്ന് ഹൃദയം തട്ടിയെടുത്ത തീരുമാനമാണ്. ആ തീരുമാനമെടുക്കുന്നതിന് മുമ്പ് നൂറപറഞ്ഞതത്രയും ഫൈറൂസയുടെ മനസ്സില്‍ തികട്ടി വന്നു.
‘ഫൈറൂ…നമ്മളാരോടാണ് ഏറ്റവും കൂടുതല്‍ മനസ്സ് തുറന്ന് സംസാരിക്കുകാന്ന് ചന്തിച്ചിട്ടുണ്ടോ…നീയ്യ്….? ‘
അന്നവള്‍ എന്റെ മുഖത്ത് നോക്കി ചോദിച്ചു.
‘കൂട്ടുകാരോടല്ലേ…..!? ‘
ഫര്‍സാനയാണ് മറുപടി പറഞ്ഞത്.
‘അതേ, കൂട്ടുകാരോടാണ്. വീട്ടുകാരോടും ഉറ്റവരോടും തുറന്ന് പറയാത്തതും ജീവിതത്തിലെ ഏത് കാര്യങ്ങളും ഇറക്കിവെക്കാന്‍ നാം ഏറ്റവും കൂടുതല്‍ താല്‍പര്യപെടുക കൂട്ടുകാര്‍ക്ക് മുമ്പിലാണ്. കാരണം അവര്‍ക്ക് മുമ്പില്‍ നാം സ്വന്തത്തെ കാണുന്നത് നമ്മളായിട്ടു തന്നെയാണ്. അവിടെ ഇത് മറ്റൊരാളാണെന്ന് തോന്നല്‍ തല്‍ക്കാലത്തേക്കെങ്കിലും നമ്മള്‍ മറക്കുന്നു.’
നൂറയുടെ ഓരോ വാക്കുകളും ഹൃദയത്തില്‍ നിന്നാണ് വരുന്നതെന്ന് തോന്നിയിരുന്നുവന്ന്.
നൂറ തുടര്‍ന്ന് പറഞ്ഞു:
‘നാളെ മഅ്ശറില്‍ ഒരുചാണകലത്തില്‍ സൂര്യന്‍ നില്‍ക്കുമ്പോള്‍ ഉരുകിയൊലിക്കുന്ന മനുഷ്യരെക്കാണാം. ആരോട് പരാതിപ്പെടണമെന്നറിയാത്തവര്‍, എന്താണിനി ചെയ്യേണ്ടതെന്നോര്‍ത്ത് വാവിട്ട് കരയുന്നവര്‍ ഓര്‍ക്കാവുന്നതിലപ്പുറമാണ് ആ സന്ദര്‍ഭമെന്നേ… നമുക്കിന്ന് പറയാന്‍ പറ്റൂ..പക്ഷെ അന്ന് അല്ലാഹു അവന്റെ തണലിട്ട് കൊടുക്കുന്ന കുറച്ചു വിഭാഗങ്ങളെ എണ്ണിയിട്ടുണ്ട്. അതിലൊന്നാണ് അവന്റെ മാര്‍ഗത്തില്‍ പരസ്പരം ഇഷ്ടപ്പെട്ട കൂട്ടുക്കാര്‍’
നൂറ അത് പറഞ്ഞു നിര്‍ത്തിയിട്ട് എന്റെയും ഫര്‍സാനയുടെയും മുഖത്ത് നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു:
‘ഹബീബായ തങ്ങള് ഒരിക്കല്‍ സ്വഹാബാക്കളോട് പറയുന്നുണ്ട്: എനിക്ക് നിങ്ങളുടെ ഉറ്റമിത്രമാവാന്‍ സാധിക്കുകയില്ല. കാരണം എന്റെ ഏറ്റവുമടുത്ത സൂഹൃത്ത് അല്ലാഹുവാണ്. ഇനി അഥവാ ഞാനൊരു സൂഹൃത്തിനെ നിങ്ങളില്‍ നിന്ന് തെരെഞ്ഞെടുക്കുകയാണെങ്കില്‍ അത് എന്റെ സിദ്ധീഖായിരിക്കും.’
അത് പറയുമ്പോള്‍ നൂറയുടെ ശരീരമൊന്നാകെയൊന്ന് കിടുത്തു. ഹബീബായ തങ്ങള്‍ സിദ്ധീഖോരെപറ്റിയിത് പറഞ്ഞപ്പോള്‍ സിദ്ധീഖെന്നവരനുഭവിച്ച സന്തോഷമോര്‍ത്തിട്ടായിരിക്കണം. നൂറ വീണ്ടും പറഞ്ഞു:
‘ഖദീജാ ബീവി(റ) പോയതില്‍ പിന്നെ അവിടുത്തെ ജീവിതത്തിലെ എല്ലാം സിദ്ധീഖോരായിരുന്നു. ഇസ്‌റാഅ് മിഅ്‌റാജ് കഴിഞ്ഞ് തിരിച്ചു വന്ന ഹബീബ് താന്‍ അര്‍ഷും കുര്‍സുമെല്ലാം കണ്ട് അല്ലാഹുവിനോട് സംസാരിച്ചിട്ട് വരികയാണെന്ന് പറഞ്ഞപ്പോള്‍ അത്രകാലം വിശ്വസിച്ചിരുന്ന പലരും പോലും അവിടുത്തെ അവിശ്വസിച്ചു. സിദ്ധീഖും അവിശ്വസിക്കുമായിരിക്കുമെന്ന് കരുതി ഒരാള്‍ ഓടി കിതച്ച് ചെന്ന് സിദ്ധീഖോരോട് പറഞ്ഞു:
‘മുഹമ്മദിന്നലെ രാത്രി ബൈത്തുല്‍ മുഖദ്ദസുമെല്ലാം താണ്ടി ഏഴാകാശവും അല്ലാഹുവിനേയും കണ്ട് തിരിച്ചുവന്നേലോ….!’ ഇത് കേട്ടയുടനെ സിദ്ധീഖോരുടെ ചോദ്യം : നബി തങ്ങളങ്ങനെ പറഞ്ഞോ…? എങ്കിലീ സിദ്ധീഖത് വിശ്വസിച്ചിരിക്കുന്നു.’
മഹാനരോട് വന്ന് കാര്യം പറഞ്ഞയാള് ഇയാളിതെന്ത് മനുഷ്യനാണെന്ന് കരുതി തിരിഞ്ഞു നടന്നു കാണും. അന്നു മുതലാണ് ഹബീബ് മഹാന്റെ അബൂബക്കര്‍ എന്ന പേരിനൊപ്പം സിദ്ധീഖ് എന്ന് കൂടി ചേര്‍ത്ത് വിളിച്ച് തുടങ്ങിയത്. ആ സുഹൃത് ബന്ധത്തിന്റെ ഊഷ്മളത വിവരിക്കാന്‍ എന്റെ ഈ നാവ് മതിയാവില്ല…’
നൂറ ഒന്ന് നിര്‍ത്തിയിട്ട് ഞങ്ങളോട് പതുക്കെ ചോദിച്ചു:
‘എടീ…നമുക്ക് റബ്ബിഷ്ടപ്പെട്ട ആ കൂട്ടാക്കാരയിക്കൂടെ, നന്മ ഉപദേശിക്കുന്ന, ജീവിതത്തിന്റെ ഏത് ഘട്ടത്തിലും താങ്ങും തണലുമാകുന്ന, മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തത്തെ മറക്കുന്ന ആത്മസുഹൃത്തുക്കള്‍’
ശരിക്കും പറഞ്ഞാല്‍ നൂറയത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കരഞ്ഞു പോയി. ഞങ്ങള്‍ മൂന്ന് പേരും ആലിംഗന ബദ്ധരായി ഒരുപാട് സമയമങ്ങനെ നിന്നു.
അതോര്‍ത്തപ്പോള്‍ ഫൈറൂസ അവിടെയിരുന്ന് തേങ്ങി കരഞ്ഞു. അവളുടെ തേങ്ങല്‍ കേട്ട് അടുത്തിരിക്കുന്ന ഫര്‍സാന അവളെ അണച്ചു പിടിച്ചു. ഫൈറൂസയെ ആശ്വസിപ്പിക്കാനാണ് അങ്ങനെ ചെയ്തതെങ്കിലും ഫര്‍സാനയുടെ കണ്ണുകളും ജലസാന്ദ്രമായി നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
******** ******** ******** ******** ******** ********
‘ഉമ്മാ.. അവര് ഡിസ്ചാര്‍ജ് ചെയ്തു പോയി…അപ്പോ ഏതായാലും ങ്ങളെ വരവ് വെറുതെയായില്ലേ…വന്നസ്ഥിതിക്ക് ഷുഗറും പ്രഷറും ഒക്കെ ടെസ്റ്റ് ചെയ്തിട്ട് പോയാല്‍ മതി’
ഫാതിഹ് തന്റെ മുഖത്തെ മ്ലാനത മറച്ചു വെച്ച് സഫിയാത്തയോട് ചിരിച്ചു കൊണ്ട് പറഞ്ഞു.
‘ജ്ജ് ങ്ങട്ട് മാറി നിന്നാ.. അതൊക്കെ ഞാനിപ്പം റെഡിയാക്കി തരാ’
സഫിയാത്ത അതും പറഞ്ഞ് അവനെ തള്ളിമാറ്റിയിട്ട് എന്തോ തീരുമാനിച്ചുറച്ച മട്ടില്‍ നേഴ്‌സ്മാരിരിക്കുന്ന കാബിന് നേരെ നടന്നു. ഉമ്മയിത് എന്തിനുള്ള പുറപ്പാടാണെന്നും ആലോചിച്ച് ഫാതിഹ് ഒരു നിമിഷം തിരക്കിട്ട് നടന്നു പോകുന്ന സഫിയാത്തയെ നിശ്ചലനായി നോക്കി നിന്നു.
‘കുട്ട്യേ…ഞാന്‍ ഫാതിഹിന്റെ ഉമ്മയാണ്…’
സഫിയാത്ത റിസപ്ഷനിലിരുന്ന നഴ്‌സിനോട് പറഞ്ഞു.
‘ആ…ഇത്താ.. എനിക്ക് മനസ്സിലായി…’
നേരത്തെ തന്നെ ഫാതിഹ് ഡോക്‌റോടൊപ്പം സഫിയാത്തയെ കണ്ട സിസ്റ്റര്‍ പറഞ്ഞു.
‘പിന്നേ…ആ നൂറ്റിമൂന്നാം നമ്പറ് മുറിയില്‍ ഇതിന് മുമ്പുണ്ടായീന്യ കൂട്ടരെ നമ്പറോ വീട്ടുപേരോ എന്തെങ്കിലും ഇബടെണ്ടോ….’
സഫിയാത്ത സിസ്റ്ററോട് തന്റെ ആവശ്യം അറിയിച്ചു. ഫാതിഹ് അപ്പോഴേക്കും ഉമ്മയുടെ അടുത്തെത്തിയിരുന്നു.
ഉമ്മയുടെ ചോദ്യം കേട്ട് തന്നെ നോക്കുന്ന സിസ്റ്ററെ നോക്കിയിട്ട് കണ്ണുകൊണ്ട് ക്ഷമ ചോദിച്ചതിന് ശേഷം അവന്‍ ഉമ്മയോട് പറഞ്ഞു:
‘ഉമ്മാ, രോഗികളുടെ സീക്രട്ട് വെളുപ്പെടുത്താന്‍ പറ്റൂല. അത് ഹോസ്പിറ്റലിന്റെ ക്രഡിബിലിറ്റിയെ ബാധിക്കും…’
ഫാതിഹ് ഉമ്മയെ അവിടെ നിന്ന് കൂട്ടി താനിരിക്കുന്ന കാബിനില്‍ കൊണ്ട് ചെന്നിരുത്തി.
‘ഉമ്മയിവിടെയിരിക്കീ…ഞാനൊന്ന് റൗണ്ടിന് പോയിട്ട് ഇപ്പം വരാം…’
ഫാതിഹ് പേഷ്യന്‍സ് വിസിറ്റിന് വേണ്ടി വാര്‍ഡിലേക്ക് പോയി. അവന്‍ പോയി എന്നുറപ്പ് വരുത്തിയതിന് ശേഷം സഫിയാത്ത വീണ്ടും റിസപ്ഷനിലേക്ക് ചെന്നു.
‘മോളേ….ഞാന്‍ നേരത്തെ ചോദിച്ച കാര്യം…..?’
സഫിയാത്ത തലയില്‍ ചൊറിഞ്ഞു.
‘ഉമ്മാ…യിത് പുറത്ത് പറയാന്‍ പറ്റത്തില്ല…’
സിസ്റ്റര്‍ സ്‌നേഹ പൂര്‍വ്വം പറഞ്ഞു.
‘അല്ലേ…ആ സുഖല്യാണ്ട് കെടന്നീന്യ കുട്ടിനെ ഫാതിഹിനൊന്നാലോചിക്കാന്‍ പറ്റ്വാന്നറിയാനാ ഞാനിങ്ങട്ട് കെട്ടിപൊറപ്പട്ടത് തന്നെ. അപ്പോത്തിനും ഓല് പോയിം ചെയ്തു. ഇനിപ്പം ഓലെ തപ്പി പിടിക്കാന്‍ വേറെ മാര്‍ഗൊന്നുല്യ. ന്റെ കുട്ടി ആ കുട്ടിന്റെ വാപ്പാന്റെ നമ്പറെങ്കിലുമൊന്ന് പറഞ്ഞു കൊണ്ടാ…’
സഫിയാത്ത വിടാനുള്ള മട്ടില്ല. പിന്നെ, ഡോക്ടറുടെ കല്യാണക്കാര്യത്തിനാണെന്നാലോചിച്ചപ്പോള്‍ സിസ്റ്ററും കൂടുതല്‍ വാശിപിടിച്ചില്ല. ഡയറക്ടറിയെടുത്ത് ഫോണ്‍ നമ്പര്‍ കൊടുത്തു. തിരിച്ച് നടക്കാന്‍ നേരം സഫിയാത്ത പറഞ്ഞു:
‘ജ്ജ് ഇനിക്ക് നമ്പറ് തന്ന വിവരം ഓനോട് പറയണ്ടട്ടൊ.’
സിസ്റ്ററോട് ശട്ടം കെട്ടി.
‘അയ്‌ക്കോട്ടിത്താ’
അവരത് ശരി വയ്ക്കുകയും ചെയ്തു.
സഫിയാത്ത ഒന്നുമറിയാത്തവളെ പോലെ ഫാതിഹിന്റെ കാബിനില്‍ ചെന്നിരുന്നിട്ട് നൂറയുടെ പിതാവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു.
‘ഹലോ….ആരാണ്……?’
മറു തലക്കല്‍ നിന്ന് ഒരു ഘനഗംഭീര ശബ്ദം പ്രതികരിച്ചു.
‘ഹാ….ഇത് ആശുപത്രീലെ ഫാതിഹ് ഡോക്ടറെ ഉമ്മേണ്….’
സഫിയാത്ത പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
മറുതലക്കല്‍ ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം
‘ആ….ഹാ….മനസ്സിലായി….എന്തേനു വിളിച്ചത്….?’
നൂറയുടെ ഉപ്പച്ചി ഓര്‍ത്തെടുത്തു കൊണ്ട് പറഞ്ഞു.
‘എനിക്ക് നിങ്ങളുടെ വീട്ടില്‍ വരേയൊന്ന് വരാന്‍ പറ്റുമോ…നേരിട്ട് പറയാംന്നെച്ചിട്ടേയ്‌നു’
സഫിയാത്ത എന്താണ് പറയേണ്ടതെന്ന ചമ്മലിനിടയില്‍ തപ്പി തടഞ്ഞ് പറഞ്ഞൊപ്പിച്ചു. എന്തിനാണിവര് വിളിച്ചത് എന്ന് മനസ്സിലാകാത്തത് കൊണ്ടായിരിക്കണം മറുതലക്കല്‍ വീണ്ടും ചെറിയ സമയത്തെ ആലോചനക്ക് ശേഷം മറുപടി വന്നു.
‘ആയ്‌ക്കോട്ടെ, സൗകര്യം പോലെ വന്നോളൂ…വരുന്നതിന് മുമ്പൊന്ന് വിളിക്കണേ….’
നൂറയുടെ ഉപ്പച്ചിയവര്‍ക്ക് വീടിന്റെ ലൊക്കേഷനും വാഹനമിറങ്ങേണ്ട സ്ഥലവുമെല്ലാം പറഞ്ഞു കൊടുത്തു.
‘ഇന്‍ ഷാ അല്ലാഹ്, ഞാന്‍ വിളിക്കാം…’
സഫിയാത്ത അതും പറഞ്ഞു ഫോണ്‍ വെച്ചു.
‘ആരോടാണീ കിന്നാരം പറച്ചില്….ഞാനറിയാത്ത വല്ല കണക്ഷനുമുണ്ടോ….’
ഫാതിഹ് റൗണ്ട് കഴിഞ്ഞ് റൂമിലേക്ക് കയറുന്നതിനിടയില്‍ ഫോണില്‍ സംസാരിക്കുന്ന സഫിയാത്തയോട് ചിരിച്ചു കൊണ്ട് ചോദിച്ചു.
‘ആ…അതൊക്കെയുണ്ട്….നിനക്കിനിയെന്നാണ് ഒഴിവുള്ളത്…നമുക്കൊരിടം വരെ പോവണ്ടീനു…’
കാര്യം പറയാതെ സഫിയാത്ത തന്റെ ഇംഗിതമറിയിച്ചു.
‘ആഹാ…അപ്പോ കണക്ഷനുള്ളത് സീരിയസാണല്ലേ…!?’
ഫാതിഹ് മുഖത്ത് ആര്‍ട്ടിഫിഷ്യല്‍ ആശ്ചര്യം വരുത്തിയതിന് ശേഷം ചോദിച്ചു.
‘നീ…ഞാന്‍ ചോദിച്ചതിന് മറുപടി താ…എന്നാ നിനക്കൊഴിവുള്ളത്….?’
‘ഇന്‍ ഷാ അല്ലാഹ്, ഞാന്‍ ഈ ആഴ്ച തന്നെ സമയമുണ്ടാക്കാന്‍ ശ്രമിക്കാം.’
ഫാതിഹ് ചിരിച്ചു കൊണ്ട് പറഞ്ഞു.
*
നൂറ വീട്ടിലെത്തിയതറിഞ്ഞ ഫര്‍സാനയും ഫൈറൂസയും കോളേജിന് ശേഷം വീട്ടിലേക്ക് വന്നു. ഇന്ന് വ്യാഴായ്ചയാണ്. ഫര്‍സാനയിന്നും ഹോസ്റ്റലില്‍ നിന്ന് നൂറയോടൊപ്പം നില്‍ക്കാനുള്ള സര്‍വ്വ സന്നാഹങ്ങളുമായിട്ടാണ് പോന്നത്. കഴിഞ്ഞ വ്യാഴായ്ച മഗ്‌രിബ് നിസ്‌കാരാനന്തരം നടന്ന മജ്‌ലിസും തുടര്‍ന്നു നടന്ന നാടകീയ രംഗങ്ങളുമെല്ലാം ഫര്‍സാനയുടെ മനസ്സിലും മാറ്റത്തിന്റെ വിത്ത് വിതച്ചിരുന്നു. ആഴ്ചയിലൊരിക്കല്‍ കൂടിയിരിക്കണം എന്നത് അന്നെടുത്ത തീരുമാനമാണല്ലോ. അതിന്റെ കൂടെ ഭാഗമാണ് ഈ ഒരുമിച്ചു കൂടല്‍.
പുതിയ അംഗങ്ങളെ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെങ്കിലും സ്വന്തത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നതായി എല്ലാവര്‍ക്കും അനുഭവപ്പെട്ടിരുന്നു. അവരത് പരസ്പരം പറയുകയും ചെയ്തു.
മഗ്‌രിബ് നിസ്‌കരിച്ചതിന് ശേഷമാണ് സാധാരണ നടക്കുന്നത് പോലെ മജ് ലിസ് നടത്താനുള്ള പ്രയാസത്തെ കുറിച്ചവരോര്‍ത്തത്. കാരണം നൂറക്ക് സമ്പൂര്‍ണ്ണ വിശ്രമമാണ് പറഞ്ഞത്. കൂടുതല്‍ സമയം ഇരിക്കാനോ നില്‍ക്കാനോ പറ്റില്ല നീണ്ടു നിവര്‍ന്നു കിടക്കണം.
‘എടീ, നമുക്ക് മൂന്നുപേര്‍ക്കും മജ്‌ലിസ് ഇന്ന് റൂമില്‍ വെച്ചാക്കാം. അതാവുമ്പോ ഒരുമിച്ചിരുന്ന് ചെല്ലാമല്ലോ….’
നൂറ അവരോട് പറഞ്ഞു.
‘അതെ, നമുക്ക് നിന്റെ റൂമിലിരിക്കാം…’
അവരും ആ അഭിപ്രായത്തോട് യോജിച്ചു.
മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ ഉടനെ നൂറ റൂമിലേക്ക് പോന്നു. കൂടെ ഫര്‍സാനയും ഫൈറൂസയും. ഉപ്പച്ചിയുടെ നേതൃത്വത്തില്‍ ഉമ്മമ്മയും ഉമ്മയും ഇത്തയും റൂമിയും മോനൂസും എല്ലാവരുംകൂടെ നിസ്‌കാര റൂമിലുമിരുന്നു. ഇത്ത അന്ന് വന്നതിന് ശേഷം പിന്നെ പോയിട്ടില്ല. ഉപ്പച്ചിയും ഉമ്മച്ചിയും ഹോസ്പിറ്റലിലായപ്പോള്‍ മോനൂസിനോടൊപ്പം വീട്ടില്‍ നില്‍ക്കാനാളില്ലാത്തതിനാലാണ് പോവാതിരുന്നത്.
‘ഞാനും നൂറ ദീദിന്റടുത്ത്ക്ക് പോട്ടെമ്മാ…’
നിസ്‌കാര റൂമില്‍ അവന്റെ ഉമ്മയുടെ മടിയിലിരിക്കുകയായിരുന്ന റൂമി ചോദിച്ചു.
‘ആ…അവിടെ പോയിട്ട് സ്വലാത്ത് ചെല്ലണംട്ടോ’
ഉമ്മയുടെ സമ്മതം കിട്ടിയതും നൂറയുടെ റൂമിലേക്ക് എഴുന്നേറ്റ് ഓടുന്ന റൂമിയെ നോക്കി മുനവ്വിറ വിളിച്ച് പറഞ്ഞു.
‘ആ…’
അവന്‍ തന്റെ കുഞ്ഞു വായകൊണ്ട് ഉച്ചത്തില്‍ കുരവയിട്ടു. കട്ടിലില്‍ കിടക്കുന്ന നൂറയുടെ അടുത്തേക്ക് ഓടിക്കയറി.
‘ദീദി എന്തിനാ കിടക്കുന്നത്….?’
അവന്റെ സംശയങ്ങള്‍ തുടങ്ങി. എത്ര ചോദ്യങ്ങളാണെന്നറിയുമോ അവന്‍ ചോദിക്കുക!. ബാല്യത്തിന്റെ ഏറ്റവും ആസ്വാദ്യകരമായ ഒന്നാണ് നിരന്തരമുള്ള ഈ ചോദ്യങ്ങളെന്ന് നൂറയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്ത് പറഞ്ഞാലും അവന് അതെന്താണെന്നറിയണം.
‘അതോ…ദീദിക്ക് സുഖല്ല്യാത്തോണ്ട്….’
അവള്‍ മറുപടി പറഞ്ഞു.
‘അതെങ്ങനേ…ദീദിക്ക് സുഖല്യാണ്ടായത്…..?’ ആ കുസൃതി കുടുക്ക അടുത്ത ചോദ്യമുന്നയിച്ചു. ഇനിയിവനോട് അത് വിശദീകരിച്ചാല്‍ അടുത്ത ചോദ്യം വരുമെന്നറിയാവുന്നത് കൊണ്ട് നൂറ പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് പറഞ്ഞു.
‘ദീദി റൂമിമോന് ഒരു കഥ പറഞ്ഞു തരട്ടേ……’
‘ഹാ…ആമന്റിം മുയലിന്റിം കഥേ….?’ അതൊക്കെ തനിക്ക് ആദ്യമേ അറിയാമെന്ന ഭാവത്തിലവന്‍ ചോദിച്ചു.
‘അല്ല, മുത്ത് നബിന്റെ കഥ…റൂമിമോന് മുത്ത് നബിനെ കാണണോ….?’
നൂറ അത് ചോദിച്ചിട്ട് അവന്റെ കൊച്ചു മുഖത്ത് നോക്കി.
‘ഹാ..കാണണം’
അവന്‍ ആവേശത്തോടെ പറഞ്ഞു.
‘എങ്കിലേ ദീദി പറയാന്‍ പോക്ണ കഥ ശ്രദ്ധിച്ച് കേള്‍ക്കണംട്ടൊ’
‘ഉം…’ അവന്‍ ചിണുങ്ങി.
നൂറ ഫൈറൂസയുടെയും ഫര്‍സാനയുടെയും മുഖത്ത് നോക്കിയിട്ട് ചോദിച്ചു.
‘എന്തേലും ചരിത്രങ്ങള്‍ പറഞ്ഞിട്ടല്ലേ സാധാരണ നമ്മള് വ്യാഴായ്ച സ്വലാത്ത് മജ്‌ലിസിലിരിക്കാറ്. നമുക്കിന്നിവന് കഥ പറച്ചിലും സ്വലാത്ത് മജ്‌ലിസും ഒരുമിച്ചാക്കിയാലോ…നിങ്ങളാരങ്കിലും ഒരു ചരിത്രം പറ’
‘അതിലേതായാലും നീയാണ് എക്‌സ്‌പേര്‍ട്ട്, നീ തന്നെ പറ. ഞാന്‍ കാര്യായിട്ട് വന്നത് തന്നെ നിന്റെ കഥപറച്ചില് കേള്‍ക്കാനാണ്’
ഫര്‍സാന ഒരു നിമിഷത്തേക്ക് റൂമിയെക്കാള്‍ ചെറുതായി.
‘എങ്കില്‍ എന്റെ ആ ശെല്‍ഫില്‍ ഒരു കാപ്പി ചട്ടയുള്ള ഡയറിയുണ്ട്. നീ അതൊന്നെടുക്കുമോ…’
നൂറ ഫര്‍സാനയോട് പറഞ്ഞു. ഫര്‍സാന അതെടുക്കാനായി എഴുന്നേറ്റു. എടുത്ത് വരുന്നതിനിടയില്‍ അവള്‍ ഡയറി മറിച്ച് നോക്കി.
‘ഹബീബ് യെ കണ്ട മഹാന്മാര്‍’
ഡയറിയുടെ ആദ്യ വെള്ള പ്രതലത്തില്‍ കറുപ്പ് മഷി കൊണ്ട് വടിവൊപ്പിച്ച് എഴുതിയിരിക്കുന്നു.
‘ഈ ഡയറിയില്‍ നബി തങ്ങളെ സ്വപ്‌നം കണ്ടവരുടെ ചരിത്രമാണോ..’
ഫര്‍സാന ഡയറി അവള്‍ക്ക് നീട്ടുന്നതിനിടയില്‍ ചോദിച്ചു.
‘ഉം…ഞാന്‍ വായിച്ചതും കേട്ടതുമായ ചില ചരിത്രങ്ങള്‍ കുറിച്ചുവെച്ചുവെന്നേയുള്ളൂ…’ നൂറ വിനയാന്വിതയായി. അവള്‍ ഡയറി മറിച്ചു. ഏത് കഥയാണ് പറയേണ്ടതെന്ന് നോക്കാന്‍ വേണ്ടി പരതി. ചില പേജുകള്‍ മറിച്ച് ആ കഥയുടെ ഓര്‍മ പുതുക്കി. ചിലത് പതുങ്ങിയ ശബ്ദത്തില്‍ ഒന്ന് വേഗത്തില്‍ വായിച്ചു. അവളുടെ വായന ഫര്‍സാന ശ്രദ്ധിച്ചു:
‘കഅ്ബുല്‍ അഹ്ബാര്‍ (റ) പറയുന്നു: മൂസാനബി(അ)ന് വഹ്‌യ് അറിയിച്ച കൂട്ടത്തില്‍ ഒരിക്കല്‍ അല്ലാഹു അറിയിച്ചു;
ഓ, മൂസ അന്ത്യദിനം നിങ്ങള്‍ക്ക് ദാഹിക്കാതിരിക്കലിനെ ഇഷ്ടപ്പെടുന്നുണ്ടോ…? അതേ, രക്ഷിതാവേ…മൂസാ നബി പ്രതിവചിച്ചു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്നാല്‍ മുഹമ്മദ് നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലൂ.’
ഒന്ന് നിര്‍ത്തിയതിന് ശേഷം നാവില്‍ തൊട്ട് അവള്‍ അടുത്ത പേജ് മറിച്ചു:
‘വല്ല വ്യക്തിയും എന്റെ മേല്‍ ദിനവും 500 സ്വലാത്ത് ചൊല്ലിയാല്‍ അവന് ഒരിക്കലും ദാരിദ്ര്യം പിടിപെടുകയില്ല.
ആയിരം തവണ ദിനവും സ്വലാത്ത് ചൊല്ലിയാല്‍ സ്വര്‍ഗത്തില്‍ നിന്നുള്ള അവന്റെ ഇരിപ്പിടം കണ്ടിട്ടല്ലാതെ അവന്‍ ഇഹലോകം വെടിയില്ല.’
നൂറയുടെ മൂളല്‍ വായന തുടര്‍ന്നപ്പോള്‍ റൂമി ചിണുങ്ങിക്കൊണ്ട് പറഞ്ഞു:
‘ദീദീ….കഥാ….’
‘ആ…ഒകെ എന്നാല്‍ നമുക്ക് മുഹമ്മദ് ബ്‌നു സഈദ് എന്നവരുടെ കഥപറയാം….ദീദി പറയട്ടെ’
അവള്‍ റൂമിയുടെ മുഖത്ത് നോക്കി ചോദിച്ചു.
‘ഉം…വേഗം പറ’
അവന്‍ ധൃതിപ്പെട്ടു.
‘ദൂരെയൊരു നാട്ടില്‍ സഈദ് എന്ന് പേരുള്ള പടച്ചോനെ പേടിക്കുന്ന ഒരാളുണ്ടായിരുന്നു.’
നൂറ കഥയുടെ തുടക്കം റൂമിക്ക് ഇഷ്ടപ്പെടുന്ന രൂപത്തില്‍ ആരംഭിച്ചു. പിന്നീടവള്‍ എല്ലാവരോടുമെന്ന നിലയില്‍പറഞ്ഞു:
‘എല്ലാ ദിവസവും കിടക്കാന്‍ നേരത്ത് മഹാനവര്‍കള്‍ ഹബീബായ നബിതങ്ങളുടെ മേല്‍ നിശ്ചിത എണ്ണം സ്വലാത്ത് ചൊല്ലുമായിരുന്നു. സ്വലാത്ത് ചൊല്ലാതെ കിടന്നുറങ്ങിയ ഒരു ദിവസം പോലും മഹാനവര്‍കള്‍ക്ക് ഓര്‍മയില്ല.
പതിവ് പോലെ ഒരു ദിവസം മഹാനവര്‍കള്‍ സ്വലാത്ത് ചൊല്ലി തന്റെ പതിവ് ക്വാട്ട പൂര്‍ത്തിയാക്കി ഉറക്കത്തിലേക്ക് വഴുതി വീണു. സ്വപ്‌നത്തിലേക്ക് പ്രവേശിച്ച മഹാന്‍ തന്റെ വാതിലിന്റെ ഭാഗത്ത് നിന്ന് ഉദിച്ചു വരുന്ന പ്രകാശം കണ്ട് അങ്ങോട്ട് നോക്കി.
ആ പ്രകാശം റൂം മുഴുവന്‍ വ്യാപിച്ചു. മഹാനവര്‍കള്‍ കണ്ണുതിരുമ്മി വീണ്ടും നോക്കി. അപ്പോഴതാ വാതില്‍ക്കല്‍ തന്റെ ഹൃദയത്തിന്റെ അധികാരി. മറ്റൊരാള്‍ക്കിടം കൊടുക്കാതെ ഹൃദയം തന്റെ കവാടം കൊട്ടിയടച്ചത് ഈ നിമിഷത്തിന്റെ കാത്തിരിപ്പിന് വേണ്ടിയിട്ടാണ്. ഈ നില്‍ക്കുന്ന കാമുകന്റെ ആസ്വാദനത്തിന് വേണ്ടിയിട്ടാണ്. വാതില്‍ക്കല്‍ തന്നെയും നോക്കി പുഞ്ചിരിച്ചങ്ങനെ നില്‍ക്കുന്ന ഹബീബ് യെ കണ്ടപ്പോള്‍ സഈദെന്നവര്‍ക്ക് എന്ത് ചെയ്യണമെന്ന് പിടുത്തം കിട്ടിയില്ല. അവിടുന്ന് ആകെ അങ്കലാപ്പിലായി. ഇഷ്ടം പറായാന്‍ വേണ്ടി എന്നും നമ്മള്‍ കാത്തിരിക്കുന്ന ഒരാള്‍ പെട്ടെന്ന് നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്തുചെയ്യണമെന്നറിയാതെ ആകുലപ്പെടാറില്ലേ.!?
ഹബീബായ നബിതങ്ങള്‍ മഹാന്റെ കട്ടിലിനടുത്തേക്ക് വന്നിട്ട് ചോദിച്ചു:
‘ദിവസവും എന്റെ മേലില്‍ ഒരുപാട് സ്വലാത്ത് ചൊല്ലുന്ന വ്യക്തിയല്ലേ….നിങ്ങളുടെ വായയൊന്നെനിക്ക് നീട്ടിതരൂ….ഞാനതിലൊരു ചുംബനമര്‍പ്പിക്കട്ടേ….’
ഹബീബായ നബിതങ്ങളങ്ങനെ ചോദിച്ചപ്പോള്‍ മഹാനവര്‍കളുടെ മുഖം ചുവന്ന് തുടുത്തു. ലജ്ജകൊണ്ട് ആ ശിരസ്സ് കുനിഞ്ഞുപോയി. ഹബീബായ തങ്ങള്‍ കുനിഞ്ഞ് ചെന്ന് മഹാനവര്‍കളുടെ കവിളത്തൊരുമ്മ കൊടുത്തു. ആ ശറഫാക്കപ്പെട്ട ചുണ്ടുകള്‍ തന്റെ കവിളിനോട് ചേര്‍ന്നപ്പോള്‍ അവരുടെ മനതാരില്‍ സന്തോഷത്തിന്റെ അലകടല്‍ തിരതല്ലി. പെട്ടെന്ന് മഹാനവര്‍കള്‍ ഞെട്ടിയുണര്‍ന്നു.
ചുറ്റും നോക്കിയപ്പോള്‍ ഹബീബ് യെ കണ്ടില്ലെങ്കിലും ആ റൂമിലാകെ കസ്തൂരിയുടെ പരിമളമുണ്ടായിരുന്നു. കൂടാതെ ഹബീബായ നബിതങ്ങളുടെ അധരങ്ങള്‍ ചേര്‍ന്ന മഹാന്റെ കവിളിന് പിന്നീടുള്ള എട്ടു ദിവസവും കസ്തൂരിയുടെ സുഗന്ധവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയത് ആസ്വദിച്ചിരുന്നു! .’
നൂറ ശ്വാസമെടുക്കാതെ ഒരു പുസ്തകം വായിക്കുന്നത് പോലെ ഡയറി വായിച്ചു തീര്‍ത്തു. അവളുടെ ശരീരം ചെറുതായിട്ട് വിറക്കുന്നുണ്ട്. ഹബീബിന്റെ ചരിത്ര പറഞ്ഞാല്‍ അവളുടെ ഹൃദയവും ശരീരവും അതിന്റെ റിയാക്ഷന്‍ കാണിച്ചു കൊണ്ടിരിക്കും. അവള്‍ തന്റെ ഡയറി പതുക്കെ മടക്കി വെച്ചു. ശേഷം ചോദിച്ചു:
‘എടീ, നമുക്ക് ദിവസവും അഞ്ഞൂറ് സ്വലാത്ത് ചൊല്ലിക്കൂടേ….’
തനിച്ചിരിക്കുമ്പോള്‍ ഫൈറൂസയുടെ മനസ്സില്‍ പഴയചിന്തകള്‍ കടന്ന് കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് മറ്റ് വല്ല ജോലികളുമായി എന്‍ഗേജ്ഡ് ചെയ്യിപ്പിക്കുകയെന്നതാണ് അത്തരം ചിന്തകളില്‍ നിന്ന് മുക്തമാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ആ ഉദ്ദേശ്യത്തിലാണ് നൂറ അത്തരം ഒരു അഭിപ്രായം മുന്നോട്ട് വെച്ചതും.
ഫര്‍സാന പറഞ്ഞു:
‘തീര്‍ച്ചയായും’
നൂറ ഫൈറൂസയുടെ മുഖത്തേക്ക് നോക്കി. അവള്‍ അല്‍പസമയത്തെ ആലോചനക്ക് ശേഷം.
‘എങ്കില്‍ ഞാനൊരു സജഷന്‍ പറയട്ടെ…’
ഫൈറൂസ ആവേശത്തോടെ ചോദിച്ചു
ആ പറ’
അവര്‍ ഒരുമിച്ചു പറഞ്ഞു.
‘ഓരോരുത്തരും ചൊല്ലി കഴിഞ്ഞാല്‍ അറിയിക്കാന്‍ നമുക്കൊരു വാട്‌സപ്പ് ഗ്രൂപ്പ് കൂടി തുടങ്ങിയാലോ..അതാവുമ്പോള്‍ ചൊല്ലാന്‍ മറന്നവര്‍ക്ക് ഒരു റിമൈന്‍ഡറും ആവും. ഞാന്‍ മറന്നാലും നിങ്ങള്‍ ചൊല്ലിയെന്ന് ഗ്രൂപ്പില്‍ കണ്ടാല്‍ എനിക്ക് ഓര്‍മവരുമല്ലോ…’
ഫൈറൂസ പറഞ്ഞു നിര്‍ത്തി. നൂറയും ഫര്‍സാനയും കുറച്ച് സമയം പരസ്പരം മുഖത്തോട് മുഖം നോക്കി. സ്ഥിരമായി ഒരു കാര്യം ചെയ്ത് തുടങ്ങാന്‍ തീരുമാനിച്ചാല്‍ ആദ്യത്തിലെല്ലാം ആ കാര്യം ഓര്‍മപ്പെടുത്താന്‍ ഒരാളുണ്ടാകുന്നത് നല്ലതാണ്. ആ ഒരുദ്ദേശ്യത്തിലാണ് ഫൈറൂസ വാട്‌സപ്പ് ഗ്രൂപ്പിന്റെ കാര്യം മുന്നോട്ട് വെച്ചത്.
‘ഓകെ, അങ്ങനെയെങ്കില്‍ നമുക്ക് മൂന്ന് പേരടങ്ങുന്ന ഒരു ഗ്രൂപ് ക്രിയേറ്റ് ചെയ്യാം. ഇന്‍ ഷാ അല്ലാഹ്’ നൂറ ഫൈറൂസയെ ശരിവെച്ചു കൊണ്ട് പറഞ്ഞു.
എല്ലാവരും ആ തീരുമാനത്തോട് യോജിച്ചു. ആ ചര്‍ച്ച അവിടെയവസാനിച്ചു.
‘എന്നാല്‍ നമുക്ക് സ്വലാത്ത് ചെല്ലാം…റൂമി റെഡിയല്ലേ….?’
നൂറ തന്നോട് തൊട്ടു ചാരി കിടക്കുന്ന റൂമിയെ ഉമ്മവെച്ച് കൊണ്ട് ചോദിച്ചു.
‘എത്ര സ്വലാത്ത് ചൊല്ലണം ദീദി…’ അവന് വീണ്ടും സംശയം.
‘മോന് ഇഷ്ടമുള്ളത്ര ചൊല്ലിക്കോ…ഞങ്ങളെല്ലാവരും മോന്റെ കൂടെ ചൊല്ലാം…ഓക്കെ.’
ആ മറുപടി അവന് നന്നായി ബോധിച്ചെന്ന് തോന്നുന്നു. അവന്‍ തലകുലുക്കി സമ്മതിച്ചു. അവര്‍ സ്വലാത്ത് ചൊല്ലാനാരംഭിച്ചു.
(തുടരും)
അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?
*** *** *** ***