No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

ഹബീബിനെ പ്രണയിച്ചവള്‍-06

Photo by Annie Spratt on Unsplash

Photo by Annie Spratt on Unsplash

in Novel
September 17, 2021
രിള്‌വാൻ അദനി

രിള്‌വാൻ അദനി

Share on FacebookShare on TwitterShare on WhatsApp

‘മകള്‍ക്ക് മുമ്പ് ഇതുപോലെ വല്ല പ്രശ്നവും ഉണ്ടായിരുന്നോ….!? ഐ മീന്‍ ശക്തമായ വയറുവേദന…നെഞ്ചെരിച്ചില്‍ തുടങ്ങിയവ…’
ഡോക്ടര്‍ ,നൂറയുടെ ഉപ്പച്ചിയോടും ഉമ്മച്ചിയോടും ചോദിച്ചു.
‘ഇല്ല ഡോക്ടര്‍… അങ്ങനെ പറയത്തക്ക അസുഖങ്ങളൊന്നുമില്ലാത്ത കുട്ടിയാണ്…ന്റെ മോള്’
ഉപ്പച്ചിയുടെ സംസാരത്തിനിടയില്‍ ചില്ലു കുടുങ്ങിയത് പോലെ…. സങ്കടം പുറത്ത് കാണിക്കാതെ ഉപ്പച്ചി ഡോക്ടറോട് പറഞ്ഞു.
‘ഡോക്ടറേ…ഓള്‍ക്ക് മാസമുറ തെറ്റുമ്പോള്‍ ഇങ്ങനെ ശക്തമായ വേദനയുണ്ടാകാറുണ്ട്…പക്ഷെ, അത് ഒന്ന് കെടന്ന് ണീച്ചാല്‍ പോകും ചെയ്യും…അല്ലാതെ ഇതിന്റെ മുമ്പ് ന്റെ കുട്ടിക്ക് ഇതുപോലൊന്നുണ്ടായിട്ടില്ല…’
ഉമ്മച്ചിക്കാണ് ഉപ്പച്ചിയേക്കാള്‍ ധൈര്യമെന്ന് തോന്നുന്നു. കാരണം ആയിശാത്തയുടെ ആ വാക്കുകളില്‍ നൂറക്ക് ഒന്നും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു.
ഡോക്ടര്‍ എന്തോ ആലോചിച്ചിട്ടെന്നോണം തലകുലുക്കി.
‘എന്താണ് ഡോക്ടര്‍….പ്രശ്നങ്ങളൊന്നുമില്ലല്ലോ….?’
ഇല്ലായെന്നാവണേ ഡോക്ടറുടെ മറുപടിയെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഉപ്പച്ചി ചോദിച്ചു.
‘ഒറ്റ നോട്ടത്തില്‍ കുഴപ്പങ്ങളൊന്നും കാണുന്നില്ല..പക്ഷെ…..’
ഡോക്ടര്‍ തന്റെ സംസാരം പാതി വെച്ച് മുറിച്ചു.
‘ എന്താ..ഡോക്ടറേ ഒരു പക്ഷെ….ഞങ്ങള് ഓളെ വേറെ വല്ലേടത്ത്ക്കും മാറ്റണോ…?’
ഉപ്പച്ചിയുടെ തൊണ്ടയിടറി. മകളെയോര്‍ക്കുന്ന ഓരോ നിമിഷവും ആ പിതാവിന്റെ കണ്ഡനാളമിടറിയിരുന്നു. കാരണം ഉമ്മയേക്കാള്‍ അവള്‍ക്കിഷ്ടം ഉപ്പയോടായിരുന്നു. അവള്‍ തന്റെ ഇഷ്ടങ്ങളെ മറ്റാരെക്കാളും കൂടുതല്‍ പറഞ്ഞത് പ്രിയപ്പെട്ട ഉപ്പയോടാണ്.
‘ഹേയ്…അതൊന്നും വേണ്ട…ലക്ഷണങ്ങള്‍ കണ്ടിട്ട് ഇത് ക്രോണിക് ഇന്‍ഫളമേറ്ററി ബവല്‍ ഡിസീസ് എന്നൊരു തരം രോഗമാണ്. തുടക്കത്തിലൊന്നും ഇതിന്റെ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. അതുകൊണ്ടായിരിക്കാം ഒരുപക്ഷെ, നിങ്ങള്‍ ശ്രദ്ധിക്കാതിരുന്നത്. ലക്ഷണം കാണിച്ചു തുടങ്ങുമ്പോഴേക്കും രോഗം മൂര്‍ഛയിലെത്തുകയും ചെയ്യും.’
ഡോക്ടര്‍ പറഞ്ഞതൊന്നും ആ രക്ഷിതാക്കള്‍ക്ക് മനസ്സിലായിട്ടില്ലായെന്ന് അവരുടെ മുഖഭാവത്തില്‍ നിന്ന് തന്നെ കൃത്യമായി വായിച്ചെടുക്കാം. അത് കണ്ടത് കൊണ്ടാവണം ഡോക്ടര്‍ അവരെ സമാശ്വസിപ്പിക്കാനെന്നോണം പറഞ്ഞു:
‘ നിങ്ങള്‍ അവളെ കൃത്യസമയത്ത് തന്നെ കൊണ്ടു വന്നത് കൊണ്ട് പേടിക്കാനൊന്നുമില്ല…ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കണം. കാരണം നിങ്ങള്‍ക്കേ ഈ രോഗം അവള്‍ക്ക് വരാനുണ്ടായ കാരണം കണ്ടെത്താന്‍ എന്നെ സഹായിക്കാനാകൂ…എന്നിട്ടുവേണം അവളുടെ ചികിത്സ നിശ്ചയിക്കാന്‍’
ഡോക്ടര്‍ അവരുടെ മാനസികാവസ്ഥക്കൊത്ത് സംസാരിച്ചു.
‘ശരി ഡോക്ടര്‍…നിങ്ങള്‍ പറയൂ….’
അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഉമ്മച്ചി തന്റെ കൈ രണ്ടും ഉപ്പച്ചിയുടെ കൈകളോട് ചേര്‍ത്തു പിടിച്ചിരുന്നു.
‘ ഒകെ…ഞാന്‍ പറയാം..’
ഡോക്ടര്‍ തുടര്‍ന്ന് പറഞ്ഞു:
‘അതായത് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയയെ ബാധിക്കുന്ന ഒരു തരം ഇന്‍ഫ്ളമെറ്ററി ഡിസോഡര്‍ ആണീ രോഗം. അഥവാ ദഹന വ്യവസ്ഥയെ താളം തെറ്റിക്കുന്ന ഒരുതരം ബാധ. ക്രോണ്‍സ് ഡിസീസ് എന്നാണ് പൊതുവെ ഇതിനെ പറയപ്പെടാറ്. ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ജീവന് വരെ ഭീഷണിയാകുന്ന രോഗാവസ്ഥയാണിത്. ദഹനനാളത്തിലും കുടലിലും ആഴത്തില്‍ വ്രണങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്ന ഇന്‍ഫ്ളമെറ്ററി ബവല്‍ ഡീസീസ് ആണിത്. സാധാരണ വയറ് വേദന, കഠിനമായ വയറിളക്കം, തൂക്ക കുറവ്, പോഷക കുറവ് തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ രോഗം ബാധിക്കുകയും മൂര്‍ച്ചിക്കുകയും ചെയ്താല്‍ രോഗികളുടെ വായ മുതല്‍ മലദ്വാരം വരെയുള്ള വിവിധ ഭാഗങ്ങളില്‍ മുറിവുകളുണ്ടാകാം..’
ഡോക്ടര്‍ ഒന്ന് നിര്‍ത്തിയതിന് ശേഷം താന്‍ പറയുന്നത് ആ രക്ഷിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനുള്ള സാവകാശം നല്‍കി. ഡോക്ടര്‍ പറയുന്നത് അക്ഷരം പ്രതി അവര്‍ കേള്‍ക്കുന്നുണ്ടെങ്കിലും അവരുടെ മനസ്സ് മുഴുവന്‍ വീട്ടില്‍ നിന്ന് ബോധം നഷ്ടപ്പെട്ട് എടുത്ത് കൊണ്ടു വന്ന നൂറയിലായിരുന്നു.
ഡോക്ടര്‍ തുടര്‍ന്നു:
‘അതുകൊണ്ട് അവളുടെ ഭക്ഷണ രീതികളെ കുറിച്ചും അവളുടെ മുമ്പുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമൊക്കെ ഒന്ന് തരണം. പിന്നെ…ചിലപ്പോള്‍ നമുക്ക് ഒരു എന്‍ഡോസ്‌കോപി ചെയ്യേണ്ടിവരും. പ്രശ്നങ്ങളൊന്നുമില്ലാതെ നമ്മുടെ മോളെ രക്ഷപ്പെടുത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം’
ഡോക്ടര്‍ അദ്ദേഹത്തിന് പറയാനുള്ളത് പറഞ്ഞു നിര്‍ത്തി.
ഉമ്മച്ചിയും ഉപ്പച്ചിയും ഡോക്ടറുടെ ചേമ്പറിന് പുറത്തേക്കിറങ്ങി മുഖത്തോട് മുഖം നോക്കി.
‘നീ സങ്കടപ്പെടേണ്ടടീ….നമ്മളെ നൂറൂനൊന്നുണ്ടാവൂല…പടച്ചോന്‍ നമ്മളെ കൈവിടൂല…’
ഉപ്പച്ചി ഉമ്മയെ ആശ്വസിപ്പിക്കാനെന്നോണം അണച്ചുപൂട്ടി കൊണ്ട് പറഞ്ഞു.
‘അതന്നെ… ഓളെ പടച്ചോന്‍ കൈവിടൂല…അയ്ന് ങ്ങള് ങ്ങനെ ബേജാറവണ്ട’
തന്നെ ഇടനെഞ്ചോട് ചേര്‍ത്തു പിടിച്ച ഭര്‍ത്താവിന്റെ നെഞ്ചില്‍ കിടന്ന് ആയിശത്ത തിരിച്ചും സമാശ്വസിപ്പിച്ചു. ആയിശാത്തയുടെ സംസാരത്തിന്റെ വിതുമ്പല്‍ ഉപ്പച്ചിന്റെ ഇടനെഞ്ചിന്റെ പിടക്കലിനൊപ്പം ഇഴകിച്ചേര്‍ന്നു. ആ രണ്ടാത്മാക്കള്‍ തങ്ങളുടെ മകള്‍ക്ക് വേണ്ടി ആശുപത്രി വരാന്ത പടച്ചോനോടുള്ള പ്രാര്‍ത്ഥനാമുറിയാക്കി.
അവര്‍ ഐ.സി.യുവിന് മുമ്പിലെത്തി. ഉപ്പച്ചി കൂളിങ് ഒട്ടിച്ച ചില്ല് വാതിലിന് നടുവിലുള്ള സുതാര്യമായ പ്രതലത്തിലൂടെ അകത്തേക്ക് നോക്കി. ക്ഷീണിച്ചുറങ്ങുന്ന സ്വപ്ന സുന്ദരിയെ പോലെ കണ്ണുമടച്ച് കിടക്കുന്ന നൂറയെ അവര്‍ക്കിപ്പോള്‍ വ്യക്തമായി കാണാം. കൈയ്യില്‍ കുത്തിയ ഗ്ലൂക്കോസിന്റെ സ്ട്രിപ്പ് കണ്ടപ്പോഴാണ് തന്റെ മകളൊരു രോഗിയാണല്ലോ എന്ന ബോധം ഉപ്പച്ചിക്ക് വീണ്ടും വന്നത്.
അയാള്‍ അവിടെ തന്റെ മകളെ നോക്കി മണിക്കൂറുകളോളം നിന്നു. അദ്ദേഹത്തിന്റെ മനസ്സിലൂടെ അവരൊന്നിച്ച് ചിലവഴിച്ച സുന്ദര നിമിഷങ്ങള്‍ കടന്നു വന്നു.
ചെറുപ്പത്തില്‍ ഒരു ബലി പെരുന്നാള്‍ തലേന്ന് രാത്രി തന്റെ മടിയില്‍ തലവെച്ചു കൊണ്ട് അവള്‍ ചോദിച്ചു;
‘എന്തിനാണുപ്പാ…ഈവല്യെരുന്നാളിന് ബലിയറുക്കുന്നത്….!?’
അവളുടെ കൗതുകം കലര്‍ന്നുള്ള ചോദ്യം കേട്ട് ആ കൊച്ചു കവിളിലൊരു മുത്തം കൊടുത്തിട്ട് പറഞ്ഞു:
‘അതൊരു വലിയ കഥയാണ്. ഇപ്പോള്‍ പറഞ്ഞാല്‍ തീരൂല…ഉപ്പച്ചിന്റെ മോള്‍ക്ക് പിന്നീടൊരിക്കല്‍ പറഞ്ഞരണ്ട്..’
പെരുന്നാളിനേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി കടയില്‍ പോകാനുള്ളത് കൊണ്ടാണ് കഥപറയാതെ ഒഴിയാന്‍ നോക്കിയത്.
‘വേണ്ട…എനിക്ക് ആ കഥ ഇപ്പം കേള്‍ക്കണം….’
അവള്‍ വാശിപിടിച്ചു.
‘അയ്ക്കോട്ടെല്ലോ….മോള്‍ക്ക് കഥ ഉപ്പച്ചി ഇപ്പം തന്നെ പറഞ്ഞരാലോ…’
അങ്ങനെ അവളുടെ നിര്‍ബന്ധത്തിന് വഴങ്ങി കഥപറയാന്‍ തുടങ്ങി.
‘ഇബ്റാഹീം നബിയെയും(അ) അവരുടെ മകന്‍ ഇസ്മാഈല്‍ നബിയേയും(അ) കേട്ടിട്ടുണ്ടോ…മോള്…?’
‘ഹാ…കേറ്റിട്ടുണ്ട്’
അതുപറയുമ്പോള്‍ അവളുടെ നാവുളുക്കിയത് ഇന്നും ഓര്‍മയുണ്ട്. ഐ.സി.യുവിന്റെ മുമ്പിലിരുന്ന് ഉപ്പച്ചിയുടെ മുഖത്ത് ചിരിവിടര്‍ന്നു.
‘ഹാ….എന്നാല്‍ ഈ കഥ നടക്കുന്ന സമയത്ത് ഇബ്റാഹീം നബിക്ക് (അ) കുട്ടികളുണ്ടായിരുന്നില്ല. അവര് എന്നും അല്ലാഹുവിനോട് കുട്ടിയുണ്ടാവാന്‍ വേണ്ടിപ്രാര്‍ത്ഥിക്കും. ഒരുപാട് വര്‍ഷങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ നബിയുടെ ഭാര്യ ഹാജറ ബീവിക്ക് ഒരാണ്‍കുഞ്ഞു പിറന്നു. ഇസ്മാഈല്‍ നബി.!(അ)
ജീവനേക്കാളുപരി ഇബ്രാഹീം നബി (അ) മകനെ സ്നേഹിച്ചു.
അങ്ങനെ ആ കുടുംബം സന്തോഷത്തോട ജീവിക്കുകയായിരുന്നു. അതിനിടക്ക് ഒരുപാട് സംഭവങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷെ, എല്ലാം കൂടെ ഇവിടെ പറഞ്ഞാല്‍…ഞമ്മക്ക് നാളെ പെരുന്നാള് കൂടാന്‍ കഴിയൂല….അതുകൊണ്ട് ഉപ്പച്ചി കഥയുടെ അവസാന ഭാഗം പറയാം…’
ഉപ്പച്ചി കൊച്ചുനൂറയുടെ കൂട്ടുകാരിയെ പോലെ സംസാരിച്ചു.
‘ആയ്ക്കോട്ടെ, ഉപ്പച്ചി ബാക്കിപറ’
അവള്‍ സമ്മതം മൂളി.
‘വര്‍ഷങ്ങള്‍ പലതും പിന്നിട്ടു. ഇസ്മാഈല്‍(അ)ന് ഏഴു വയസ്സായി. ഉപ്പ യാത്ര കഴിഞ്ഞു വരുമ്പോഴെല്ലാം അവര്‍ രണ്ടുപേരും കളിതമാശകളിലേര്‍പ്പടും. ഉപ്പച്ചി നൂറൂന് കഥപറഞ്ഞ് തര്ണത് പോലെ ഇബ്റാഹീം നബി (അ)മകന് കഥപറഞ്ഞു കൊടുക്കും’
അത് പറഞ്ഞപ്പോള്‍ നൂറയുടെ മുഖത്ത് വല്ലാത്തൊരു ചിരിവിടര്‍ന്നു.
അങ്ങനെ തന്റെ ഓമനക്കുഞ്ഞ് തുള്ളിച്ചാടി നടക്കുന്നതും വര്‍ത്തമാനം പറഞ്ഞു ചിരിച്ചുകളിക്കുന്നതും കാണുമ്പോള്‍ ഇബ്രാഹീം(അ)നു എന്തൊരു സന്തോഷമാണെന്നോ! ആനന്ദാതിരേകത്താല്‍ അദ്ദേഹം മകനെ കെട്ടിപ്പിടിച്ചുമ്മവെക്കും. തുരുതുരാ നല്‍കുന്ന ചുടുചുംബനമേറ്റ് കുട്ടിയായ ഇസ്മാഈല്‍ നബി (അ)പൊട്ടിപ്പൊട്ടിച്ചിരിക്കും.’
നൂറയും ചിരിച്ചു. കാരണം അവളും അപ്പോള്‍ ആ കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുന്നുണ്ടായിരുന്നു.
ഇതെല്ലാം കാണുന്ന ഇസ്മാഈല്‍ നബി(അ)യുടെ ഉമ്മാന്റെ സന്തോഷത്തിനതിരില്ലായിരുന്നു. അവര്‍ രണ്ടു പേരും കുട്ടിയെ വാരിപ്പുണര്‍ന്ന് ഉമ്മവെച്ച് വീര്‍പ്പുമുട്ടിക്കും.
അതുപറഞ്ഞപ്പോള്‍ ഉപ്പച്ചി തന്റെ മൂക്കുകൊണ്ട് അവളുടെ മുഖത്ത് അങ്ങോട്ടുമിങ്ങോട്ടുമുരസി. നൂറയും ഉറക്കെ ചിരിച്ചു.
‘ഉപ്പച്ചി ബാക്കി കഥ പറ….’ അവള്‍ ചിരിനിറുത്തി കഥക്ക് കാത്തിരുന്നു.
‘പക്ഷേ, ആ കുടുംബത്തിന്റെ കളിതമാശകള്‍ ഏറെനാള്‍ നീണ്ടുനിന്നില്ല. ഒരു ദിവസം ഇബ്രാഹീം(അ) ഉറങ്ങുകയായിരുന്നു. അപ്പോള്‍ ഒരു മലക്ക് അദ്ദേഹത്തിന്റെ അടുത്ത് വന്ന് പറയുന്നതായി നബി സ്വപ്നം കണ്ടു.
”ഓ ഇബ്രാഹീം! താങ്കളോട് മകന്‍ ഇസ്മാഈലിനെ ബലികഴിക്കാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു.”
ഇബ്രാഹീം (അ)ഞെട്ടിയുണര്‍ന്നു. താനെന്താണീ കേട്ടത്? മകനെ ബലികഴിക്കണമെന്നോ? അദ്ദേഹം ചിന്താകുലനായി. തനിക്ക് തോന്നിയതായിരിക്കുമെന്ന് സമാധാനിച്ചു. പക്ഷെ, അടുത്ത രണ്ട് ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു.
ഇത് അല്ലാഹുവിന്റെ കല്‍പ്പനയാണെന്നദ്ദേഹത്തിന് ബോധ്യമായി. മകനെ വിളിച്ചു വിവരം പറയാന്‍ അദ്ദേഹം നിശ്ചയിച്ചു. അങ്ങനെ ഇബ്റാഹീം നബി(അ) മകനോട് പറഞ്ഞു : ”മോനേ… ഇസ്മായില്‍! നിന്നെ ബലിയര്‍പ്പിക്കണമെന്ന് അല്ലാഹു എനിക്ക് സ്വപ്നദര്‍ശനം നല്‍കിയിരിക്കുന്നു. നീയെന്തു പറയുന്നു?”
ഇത് കേള്‍ക്കുമ്പോള്‍ മകന്‍ ഭയപ്പെടുമായിരിക്കും എന്നായിരുന്നു ഇബ്റാഹീം നബി (അ)കരുതിയിരുന്നത്. പക്ഷെ, ഇസ്മാഈല്‍ നബി (അ)ധീരമായി പറഞ്ഞു:
” ഉപ്പാ…! അല്ലാഹു അങ്ങയോടെന്താണോ കല്‍പിച്ചത് അതങ്ങു നടപ്പാക്കുക! എനിക്കതില്‍ യാതൊരു കുഴപ്പവുമില്ല.’
‘ഒരുപ്പ സ്വന്തം മോനെ അറുക്കുകയോ…..!?’ നൂറയുടെ കൊച്ചു വിരലുകള്‍ മൂക്കത്ത് ചെന്ന് നിന്നുകൊണ്ട് ആശ്ചര്യം പ്രകടിപ്പിച്ചു.
‘ഹാ…ഇബ്റാഹീം നബിയോട് (അ)ഇസ്മാഈല്‍ നബിയെ (അ)അറുക്കാനാണ് അല്ലാഹു പറഞ്ഞത്. അപ്പൊ പിന്നെ അത് ചെയ്യണ്ടേ….’
ഉപ്പ നൂറയുടെ ആശ്ചര്യത്തിന് വിശദീകരണം നല്‍കി ക്കൊണ്ട് തുടര്‍ന്നു:
‘അങ്ങനെ ആ അറവ് നടക്കാന്‍ പോവുകയാണ്. പിതാവ് പുത്രനെ അറക്കുന്ന അതുല്യ പരീക്ഷണം! തന്റെ ജീവിതത്തിലുട നീളം കാത്തിരുന്ന് കിട്ടിയ തങ്കക്കുടത്തെയാണ് അറുക്കാന്‍ പോകുന്നത്. പലതവണ പറഞ്ഞ് മനസ്സിനെ പാകപ്പെടുത്തിയതിന് ശേഷമാണ് ഇബ്റാഹീം നബി (അ)ഈ ഉദ്യമത്തിന് മുതിരുന്നത്.അല്ലാഹുവിന്റെ ആജ്ഞയാല്‍ അവന്റെ തൃപ്തിക്കു വേണ്ടി ഇബ്രാഹീം നബി(അ) ആ ധീരകൃത്യം ചെയ്യാനൊരുങ്ങി. വെട്ടിത്തിളങ്ങുന്ന മൂര്‍ച്ചയേറിയ വാള്‍ മകന്റെ കണ്ഠത്തിലേക്ക് വെച്ചു.
ആകാശത്തുള്ള മലക്കുകള്‍ ഭയവിഹ്വലരായി. ഭൂമിയിലെ പക്ഷിപറവാദികള്‍ വാവിട്ടു കരഞ്ഞു. കണ്ണുള്ളവരെല്ലാം കണ്ണുപൊത്തി.’
കൊച്ചു നൂറയും തന്റെ കണ്ണുകള്‍ ഇറുക്കിയടച്ചു.
‘ പൊടുന്നനെ അല്ലാഹുവിന്റെ ഭാഗത്തുനിന്ന് ഒരശരീരി മുഴങ്ങി:
”ഓ, ഇബ്രാഹീം! മതി! നിര്‍ത്തുക! താങ്കളുടെ സ്വപ്നം താങ്കള്‍ സത്യമായി പുലര്‍ത്തിയിരിക്കുന്നു.”
ഇബ്രാഹീം(അ) ബലി നിര്‍ത്തി. മലക്ക് ജിബ്രീല്‍(അ) ഇസ്മാഈലിനെ പിടിച്ചുമാറ്റി. തല്‍സ്ഥാനത്ത് സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവരപ്പെട്ട ഒരു ആടിനെ കിടത്തി. അതിനെ അറുക്കാന്‍ കല്‍പ്പിച്ചു. ഇബ്രാഹീംനബി (അ)അതിന്റെ കഴുത്തില്‍ കത്തിവെച്ചു.
മഹത്തായ ഒരു പരീക്ഷണത്തിനു അന്ത്യം കുറിക്കപ്പെട്ടു. ഇബ്രാഹീം നബിക്ക് (അ)അതോടെ ഖലീലുല്ലാഹി(അല്ലാഹുവിന്റെ പ്രിയപ്പെട്ടവന്‍)
എന്ന സ്ഥാനപ്പേര് നല്‍കപ്പെട്ടു. പിതാവും പുത്രനും സന്തോഷ സമേതം വീട്ടിലേക്ക് മടങ്ങി. മകനെ കണ്ട ആ ഉമ്മ വാരിപുണര്‍ന്ന് ശരീരമാസകലം മുത്തം നല്‍കി. ഈ ഓര്‍മ നിലനിര്‍ത്തിക്കൊണ്ടാണ് വിശ്വാസികളെന്നും വലിയ പെരുന്നാളിനു മൃഗബലി നടത്തുന്നത്.’
കഥ നിറുത്തിയിട്ട് ഉപ്പച്ചി ചോദിച്ചു:
‘ഇപ്പം ഉപ്പച്ചിന്റെ കുട്ടിക്ക് മനസ്സിലായോ…എന്തിനാ വലിയ പെരുന്നാളിന് ബലി നല്‍കുന്നതെന്ന്….? ‘
നൂറ ഒന്നും മിണ്ടിയില്ല. അവളുടെ കൊച്ചു ബുദ്ധിയില്‍ എന്തോ ആലോചിക്കുകയാണ്.
ഉപ്പച്ചി അവള്‍ കിടന്നിരുന്ന തന്റെ കാലൊന്ന് കുലുക്കിയിട്ട് ചോദിച്ചു:
‘നീയെന്താ….ഒന്നും പറയാത്തത്…?’
‘അല്ല, ഉപ്പച്ചീ…ന്നെ ആരെങ്കിലും
ബലികൊടുക്കാന്‍ പറഞ്ഞാല്‍ ഉപ്പച്ചി ബലികൊടുക്കുവോ…!? ‘
അന്ന് അവളുടെ ആ ചോദ്യം ഉപ്പച്ചിയുടെ ഇടനെഞ്ചിലാണ് തുളഞ്ഞ് കയറിയത്. ഉത്തരം പറയാനാവാതെ നാവ് ഉള്‍വലിഞ്ഞു പോയി . നൂറയെ വാരിയെടുത്ത് ഉപ്പച്ചി തുരുതുരാ ഉമ്മവെച്ചു. എന്തിനാണ് ഉപ്പച്ചിയെന്നെയിങ്ങനെ ഉമ്മവെക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായിരുന്നില്ല.
‘ഹേയ്….ങ്ങനെ നിക്കണ്ട ഇവടെ വന്നിരുന്നോളൂ…’
ഐ.സി.യുവിന്റെ മുമ്പില്‍ തന്നെ നൂറയെ നോക്കി നില്‍ക്കുന്ന ഉപ്പച്ചിയെ തട്ടി വിളിച്ചു കൊണ്ട് ഉമ്മച്ചി പറഞ്ഞു.
ഓര്‍മയില്‍ നിന്ന് പെട്ടെന്ന് തിരിച്ചു വന്ന ഉപ്പച്ചി ആശുപത്രി ബെഡില്‍ കിടക്കുന്ന നൂറയെ നോക്കിയിട്ട് പതുക്കെ പറഞ്ഞു:
‘ഇല്ല മോളേ…ഉപ്പാനെ കൊണ്ടതിന് കഴിയൂല . ഞാന്‍ ഇബ്റാഹീം നബിയൊന്നുമല്ലല്ലോ…!’
അതുപറയുമ്പോള്‍ ആ കണ്‍തടങ്ങളില്‍ നിന്ന് കണ്ണുനീര്‍ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു.

******** ******** ********

നൂറ കണ്ണുകള്‍ പതുക്കെ തുറന്നു. കുത്തുന്ന വെളിച്ചം അവളുടെ കണ്ണുകളിലേക്ക് ഇടിച്ചു കയറാന്‍ തിരക്കു കൂട്ടുന്നുണ്ടായിരുന്നു. അവള്‍ വീണ്ടും കണ്ണുകള്‍ മുറുക്കിയടച്ചു. വീണ്ടും പതുക്കെ തുറക്കാന്‍ ശ്രമം നടത്തി. ഇപ്പോള്‍ അകത്തുകയറാനുള്ള വെളിച്ചത്തിന്റെ തിരക്ക് കുറഞ്ഞിരിക്കുന്നു! .
തന്റെ ചുറ്റും കൂടി നില്‍ക്കുന്ന ഒരുപാട് നിഴലുകളെ അവള്‍ക്ക് അവ്യക്തമായി കാണാം. നൂറപെട്ടെന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷെ, ആ ശ്രമം വിഫലമാണെന്ന ബോധ്യത്തിലേക്ക് അവള്‍ പെട്ടെന്ന് തന്നെയെത്തി. തനിക്കിതെന്തു പറ്റി….? ആരാണിവരൊക്കെ…? എവിടെയാണ് താന്‍ കിടക്കുന്നത്…? ഉപ്പച്ചിയും ഉമ്മച്ചിയും മോനൂസുമെല്ലാം…എവിടെ…? അവളുടെ മനസ്സില്‍ നൂറായിരം ചോദ്യങ്ങള്‍ ഉരുണ്ടു കൂടി.
‘മോളേ…ഇതാരൊക്കയാ….വന്നതെന്ന് നോക്കിക്കേ….! ‘
ഉമ്മച്ചിയുടെ ശബ്ദം ഇപ്പോള്‍ അവള്‍ക്ക് വ്യക്തമായി കേള്‍ക്കാം….അവള്‍ തന്റെ കണ്ണുകള്‍ പൂര്‍ണ്ണമായും തുറന്നു. അവളുടെ ഓര്‍മ അവളിലേക്ക് തന്നെ ചേക്കേറി.
ഉപ്പച്ചി, ഉമ്മച്ചി, ഇത്ത, റൂമി, മോനൂസ്, ഫര്‍സാന, ഫൈറൂസ എല്ലാവരും തന്റെ കട്ടിലിന് ചുറ്റും വട്ടമിട്ട് നില്‍ക്കുന്നു. താന്‍ ആശുപത്രി കിടക്കയിലാണെന്ന് അവള്‍ക്ക് ബോധ്യമായി. അവളുടെ മനസ്സിലേക്ക് ആ രാത്രി ഓടിവന്നു. താന്‍ മരിച്ചിട്ടില്ലായെന്ന സത്യം അവളില്‍ സന്തോഷം നിറച്ചു. മനസ്സില്‍ റബ്ബിന് സ്തുതികളര്‍പ്പിച്ചു.
എല്ലാവരുടെയും മുഖത്ത് നോക്കി പതുക്കെ ചിരിച്ചു. സംസാരിക്കാനായി ശ്രമം നടത്തിയെങ്കിലും കുറച്ചധിക നേരം സംസാരിക്കാതിരുന്നത് കൊണ്ടാവണം വായ വിസമ്മതമറിയിച്ചു.
‘മോള് സംസാരിക്കേണ്ട…’
അവളുടെ ശ്രമം കണ്ടത് കൊണ്ടാവാം ഉപ്പച്ചി തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു.
അവള്‍ കണ്ണുകൊണ്ട് ഉപ്പച്ചിയെ നോക്കി ചിരിച്ചു.
‘ഡീ…നീയിനി ഇവിടിങ്ങനെ കെടക്കാന്‍ തന്നയാണോ തീരുമാനം.പെട്ടെന്ന് എഴുന്നേറ്റ് കോളേജിലോട്ട് വാട്ടൊ…നീയില്ലാതെ അവിടൊരു രസവുല്ല.’
ഫര്‍സാന തമാശ നിറഞ്ഞ ഗൗരവത്തില്‍ പറഞ്ഞു.
അതുകേട്ട് കൂടിനിന്നെവരെല്ലാരും ചിരിച്ചു. നൂറയും ചിരിച്ചു. അവളോട് സംസാരിക്കണമെന്ന് നൂറയുടെ മനസ്സ് വെമ്പല്‍ കൊണ്ടു.
‘ എല്ലാവരും പെട്ടെന്ന് പുറത്തേക്കിറങ്ങണം’
ഡ്യൂട്ടി നേഴ്‌സ് വന്ന് ഗൗരവത്തില്‍ പറഞ്ഞു.
‘ഡീ…ന്നാല്‍ ഞങ്ങള് പോയേച്ചും വരാം…കോളേജ് കഴിഞ്ഞ് ഞങ്ങള്‍ വൈകീട്ട് ഇങ്ങോട്ട് തന്നെ എത്തും ഇന്‍ ഷാ അല്ലാഹ്… ‘
ഫര്‍സാനയും ഫൈറൂസയും യാത്ര പറഞ്ഞു.
‘ഞാനിവിടെ നിന്നോളം നിങ്ങളെല്ലാവരും ഒന്ന് വീട്ടില്‍ പോയി ഫ്രഷായി പോരൂ…’
ഉപ്പച്ചി ഉമ്മച്ചിയോടും ഇത്താനോടും പറഞ്ഞു.
‘മോളേ…ഉമ്മച്ചിന്റെ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അത് പടച്ചോന്‍ നമ്മളെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി പരീക്ഷിച്ചതാണ്…മോള് ഉപ്പച്ചിന്റെ കൂടെ വര്‍ത്താനം പറഞ്ഞിരിക്ക്, ഞങ്ങള്‍ അപ്പോഴേക്കും വീട്ടില്‍ പോയി വരാം…’
നൂറ തന്റെ കണ്ണുകള്‍ കൊണ്ട് രണ്ടു തവണ ഇമവെട്ടി സമ്മതം മൂളി. അങ്ങനെ അവരും യാത്രപറഞ്ഞിറങ്ങി. റൂമില്‍ ഉപ്പച്ചിയും നൂറയും തനിച്ചായി.
ഉപ്പച്ചി കട്ടിലിനടുത്ത് വന്നിരുന്ന് അവളുടെ കയ്യെടുത്ത് തന്റെ കൈവെള്ളയില്‍ വെച്ച് പതുക്കെ തലോടി. നൂറ ഉപ്പച്ചിയെ നോക്കി പതുക്കെ ചിരിച്ചു. ഉപ്പച്ചിയും ചിരിച്ചു. അവര്‍ ഒന്നും മിണ്ടാതെ പരസ്പരം നോക്കി നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ ഉപ്പച്ചി പതുക്കെ മൂളി.
ഫറശ് വാലെ തരീ ശൗക്കത്ത് ക്കാ ഉലൂവ് ക്യാ ജാനേ…
ഖുസുറുവാ അറശ് പര്‍ ഉഡ്താഹെ പറൈറ തേരാ….

ആസ്മാന്‍ ഖാം സമീന്‍ ഖാം സമാനാ മഹ്മാന്‍
സ്വാഹിബെ ഖാന ലഖബ് കിസ്‌ക്കാഹെ തേരാ തേരാ….
ഉപ്പച്ചി അടുത്ത ലൈനും മൂളാനായി ഒരുങ്ങിയപ്പോള്‍ നൂറ തന്റെ കണ്ണുകള്‍ വേഗത്തില്‍ ഒരുപാടു തവണ തുറന്നടച്ചു.
‘എന്തേ…..അര്‍ത്ഥം മനസ്സിലായില്ലേ….!’
ഉപ്പച്ചി ചോദിച്ചു.
അവള്‍ തന്റെ തല പതുക്കെ ഇടത്തോട്ടും വലത്തോട്ടും ആട്ടി ഇല്ലായെന്ന് പറഞ്ഞു.
ഉപ്പച്ചി അങ്ങനെയാണ്. ഉപ്പച്ചിക്ക് ഒരുപാട് നഅത്തുകളറിയാം…നന്നായി പാടുകയും ചെയ്യും. സാധാരണ ഉപ്പച്ചി വീട്ടിലുള്ള രാത്രികളില്‍ കോലായില്‍ ഉമ്മച്ചി കൊടുത്ത കട്ടന്‍ചായയും ഊതിയൂതി കുടിച്ച് ഉപ്പച്ചിയങ്ങനെ മൂളും. ഉപ്പച്ചി മൂളാന്‍ തുടങ്ങിയാല്‍ ഞങ്ങള്‍ ;മോനൂസും ഞാനും ഉമ്മച്ചിയും ഉപ്പച്ചിയുടെ ചുറ്റുമിരിക്കും. ആ ജല്‍സക്ക് തന്നെ ഒരു പ്രത്യേക ആകര്‍ഷണീയതയാണ്. ഇത്തയുണ്ടെങ്കില്‍ റൂമിയുടെ സ്ഥാനം ഉപ്പച്ചിയുടെ മടിയിലായിരിക്കും. അവന്റെ തലയില്‍ പതുക്കെ വിരലുകളോട്ടി ഷീലയുടെ ചാരുകസേരയില്‍ നീണ്ടു നിവര്‍ന്ന് കിടന്ന് ആകാശവും നോക്കി ഉപ്പച്ചിയങ്ങനെ ലയിച്ചു പാടും.
ഓരോ പാട്ടു പാടി അര്‍ത്ഥം വിശദീകരിക്കും. ശേഷം ആ വരി തന്നെ ഒന്നു കൂടെ ആവര്‍ത്തിക്കും. അന്നേരം ആ അര്‍ത്ഥം ചിന്തിച്ച് എല്ലാവരും അതിനോടൊപ്പം ലയിച്ചിരിക്കും.
ഹ ! എന്തു ഭംഗിയും സൗന്ദര്യത്മകവുമാണെന്നോ ഓരോ വരികള്‍ക്കും. അതൊക്കെ കേള്‍ക്കുമ്പോള്‍ ഉപ്പച്ചിയോട് എന്തോ വല്ലാത്തൊരു ബഹുമാനം തോന്നും. എവിടുന്നാണ് ഉപ്പച്ചിയിതെല്ലാം പഠിച്ചെടുക്കുന്നത്….!
ഈ ആശുപത്രി കിടക്കയിലും തനിക്കാവശ്യമിതാണ്. മറ്റു ചിന്തകളിലേക്കൊന്നും പോകാതെ ശാന്തമായി ഈ കാവ്യപ്രപഞ്ചത്തില്‍ ലയിച്ചങ്ങനെയിരിക്കുക. അതിനേക്കാള്‍ മഹത്തരമായ ഒരു മരുന്ന് തന്റെ മനസ്സിന് നല്കാന്‍ ഒരുപക്ഷെ ലോകത്ത് മറ്റൊരു ഡോക്ടര്‍ക്കും കഴിഞ്ഞന്നു വരില്ല.
നൂറയുടെ മനസ്സ് നിറയെ ഉപ്പച്ചിയും കവിതകളുമാണ്.
‘അതായത്…’
ഉപ്പച്ചി അര്‍ത്ഥം പറയാനൊരുങ്ങി
‘അഅ്‌ലാ ഹസ്‌റത്തിന്റെ വരികളാണിത്. അവര് ഹബീബിനെ യെയോര്‍ത്ത് പാടുകയാണ്.’
ഉപ്പച്ചി ആശുപത്രിയിലാണെന്ന കാര്യം മറന്നിരിക്കുന്നുവെന്ന് തോന്നുന്നു. കാരണം അത്രയും ലയിച്ചിരുന്നിട്ടാണ് ഉപ്പച്ചി വിശദീകരിക്കുന്നത്.
‘ഭൂമി വാസികള്‍ താങ്കളുടെ ഉന്നതി എന്തറിഞ്ഞു!?
അല്ലയോ മഹാരാജാ! അങ്ങയുടെ പതാക പാറിക്കളിക്കുന്നത്
അര്‍ശിന്റെ മുകളിലല്ലയോ…! ‘
ഇതാണ് ആദ്യ വരിയുടെ പദാര്‍ത്ഥം. ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്താന്നുവെച്ചാല്‍ നമ്മള്‍ ഭൂമിയിലുള്ളവര് കരുതും ഹബീബ് നമ്മോടൊപ്പമുള്ളൊരാളാണെന്ന്….
എന്നിട്ട് ആ അളവുകോല് വെച്ച് നാം അവിടുത്തെ അളക്കാനും ശ്രമിക്കും. എന്നാല്‍ അവിടുത്തെ അധികാര പരിധി ആകാശ ഭൂമിയും വിട്ട് അര്‍ശ് വരെ കടന്നിരിക്കുന്നു.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അല്ലാഹു ഹബീബിന്റെ ഇഷ്ടമാണ് ലോകത്ത് നടപ്പിലാക്കുന്നത് തന്നെ. അത് കൊണ്ടു തന്നെ ഈ ലോകത്തുള്ള സകലതും അവിടുത്തെ ഇംഗിതമാണ്.’
അര്‍ത്ഥം പറഞ്ഞതിന് ശേഷം ഉപ്പച്ചി ഒരു നിമിഷം കണ്ണുകളടച്ച് മൗനിയായിരുന്നു. ശേഷം ആദ്യ വരികള്‍ പതുക്കെ ഒരു തവണ കൂടി പാടി.
‘ഫറശ് വാലെ തരീ ശൗക്കത്ത്…..’
നൂറയും കണ്ണുകളടച്ച് ആ വരിയോടൊപ്പം ചേര്‍ന്നു.
ശേഷം ഉപ്പച്ചി രണ്ടാമത്തെ വരികള്‍ വിവരിക്കാന്‍ തുടങ്ങി:
‘ആകാശമൊരു ഭക്ഷണതളിക, ഭൂമിയൊരു സദ്യാസദസ്സ്, വിരുന്നു കാരനോ കാലാകാലവും. ഇത്രയും പ്രവിശാലമാം ഭവനത്തിന്റെ ഗൃഹനാഥനെന്ന ഓമനപ്പേര് താങ്കള്‍ക്ക് താങ്കള്‍ക്ക് മാത്രം.’
ആകാശ ഭൂമികളത്രയും ഒരു സല്‍ക്കാര സദസ്സിലെ സുപ്രയായി ചിത്രീകരിച്ച് വിരുന്നുകാരനായി കാലത്തെ സങ്കല്‍പ്പിച്ച് തന്റെ ഭാവനയിലൂടെ ഹബീബിനെ യെ വര്‍ണിക്കുകയാണ് കവി. അല്ലാഹുവാണ് ഈ പ്രപഞ്ചമാകുന്ന വീടിന്റെ സൃഷ്ടികര്‍ത്താവ് എങ്കിലും അവനിതിനെ സൃഷ്ടിക്കാനുള്ള കാരണം ഹബീബ് തങ്ങള്‍ തന്നെയാണ്. അപ്പോള്‍ ഈ വീട്ടിലുള്ള എല്ലാവര്‍ക്കും ഭക്ഷണമൂട്ടി ആവശ്യമായതെല്ലാം നല്‍കുന്നത് എന്റെ ഹബീബ് അല്ലാതെ മറ്റാരാണെന്നാണ് കവി ചോദിക്കുന്നത്.
ആസ്മാന്‍ ഖാം സമീന്‍ ഖാം സമാനാ മഹ്മാന്‍…..’
ഉപ്പച്ചി ലയിച്ചിരുന്ന് പാടി, വീണ്ടും കവിതയിലേക്ക് തന്നെ സഞ്ചരിച്ചു കൊണ്ടിരുന്നു.
നൂറയുടെ മനസിലിപ്പോള്‍ നിറയെ മദീനയാണ്. ഒന്ന് വയറ് വേദനിച്ചപ്പോള്‍ താന്‍ ജീവിക്കാന്‍ വേണ്ടി കൊതിച്ചു. മരിക്കല്ലേയെന്ന് ഉള്ളു കൊണ്ട് നിലവിളിച്ചു. അല്ലാഹുവിന്റെ ഖളാഇല്‍ തനിക്ക് സംഭവിക്കേണ്ട കാര്യമായിരുന്നുവിതെന്ന് താന്‍ മറന്നു. അത് സംഭവിച്ച നിമിഷത്തെ മനസ്സുകൊണ്ട് ശപിച്ചു: ‘എങ്ങനെ തനിക്കാ വിധിയെ പഴിക്കാന്‍ സാധിച്ചു! . ‘ മറ്റുള്ളവരില്‍ കുറ്റമാരോപിക്കുന്നതിനേക്കാള്‍ നൂറ സ്വന്തത്തിലാണ് കുറ്റമാരോപിക്കാറ്. ആ പതിവ് അവളിവിടെയും തെറ്റിച്ചില്ല.
അവള്‍ ഹബീബ് തങ്ങളുടെ സഹനത്തെ കുറിച്ചോര്‍ത്തു.
‘ഹബീബായ നബിതങ്ങള്‍ക്ക് അല്ലാഹു സര്‍വ്വതും നല്‍കിയിരുന്നു. എന്ത് വേണമെങ്കിലും അവിടുന്നൊന്ന് മൂളിയിരുന്നെങ്കില്‍ അല്ലാഹുവത് സാധിപ്പിക്കുമായിരുന്നു. ലോകത്തുള്ള സകല കല്ലുകളും സ്വര്‍ണ്ണമാക്കി തന്റെ കാല്‍കീഴില്‍ കൊണ്ടുവരാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അതിനും സാധിക്കുമായിരുന്നു. പക്ഷെ, അവിടുന്ന് ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിച്ചു. ത്വാഇഫില്‍ നിന്ന് കല്ലെറിഞ്ഞു ആട്ടിയപ്പോള്‍ ആ ശറഫാക്കപ്പെട്ട കാലില്‍ നിന്ന് രക്തമൊഴുകി. ഒന്ന് വിശ്രമിക്കാനായി മരച്ചുവട്ടിലിരുന്ന നബിയോട് ജിബ് രീല്‍(അ) വന്ന് ചോദിച്ചുവത്രെ:
‘നബിയേ…ഈ രണ്ട് മലകള്‍ക്കിടയിലിട്ട് ഞാനിവരെ ഞെരിച്ചമര്‍ത്തട്ടെ’
അത്രമേല്‍ സഹിച്ച ഒരാള്‍ ആയിക്കോട്ടെയെന്ന് സമ്മതം മൂളുമെന്ന് കരുതിയെങ്കില്‍ തെറ്റി. കാരുണ്യത്തിന്റെ കടലായ ഹബീബോര് വേണ്ടാന്ന് മറുപടി നല്‍കി..അവരെങ്ങാനും ഭാവിയില്‍ അല്ലാഹുവില്‍ വിശ്വസിച്ചാലോ…അവിടുന്ന് തന്റെ പ്രതീക്ഷ കൈവിട്ടില്ല. അവിടുത്തെ മുമ്പില്‍ ശത്രുതയില്ലായിരുന്നു. പ്രതീക്ഷ മാത്രമായിരുന്നു…..ഞാനോ…!? ‘
നൂറയുടെ മുഖത്ത് സ്വന്തത്തെ കുറിച്ചുള്ള പുഛഭാവമുണ്ടായിരുന്നുവപ്പോള്‍…
പക്ഷെ, അവള്‍ വീണ്ടും ഹബീബില്‍ അഭയം കണ്ടെത്താന്‍ ശ്രമിച്ചു. ഹബീബ് അനുഭവിച്ച ത്യാഗമോര്‍ത്ത് എങ്ങനെ സ്വയം പ്രതിസന്ധികളെ ഇല്ലായ്മ ചെയ്യാം എന്ന് മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിച്ചു.
ഹബീബ് ക്ക് പ്രവാചകത്വം കിട്ടി ഏഴാം വര്‍ഷം, വര്‍ഷാരംഭമായ മുഹര്‍റമാസത്തില്‍ കഅ്ബാലയത്തിന്റെ കില്ലകളിലൊന്നിലൊരു നോട്ടീസ് പ്രദര്‍ശിപ്പിക്കപ്പെട്ടു. ഖുറൈശി കുടുംബത്തിന്റെതാണ് നോട്ടീസ്. ആളുകളെല്ലാം ഒറ്റയും തെറ്റയുമായി അത് വന്ന് വായിച്ചു പോയി. ആ നോട്ടീസിന്റെ ആകെ തുകയിതായിരുന്നു:
‘മുഹമ്മദിനെയും അവനെ വിശ്വസിച്ചവരെയും ആരും ഇനി അടുപ്പിക്കരുത്. അവരുമായിട്ട് ഒരു നിലക്കുള്ള ബന്ധവും പുലര്‍ത്തരുത്. അവരുമായി കച്ചവടം നടത്തരുത്, കൂടെയിരിക്കരുത്, മുഖത്ത് നോക്കി ചിരിക്കരുത്, വിവാഹം നടത്തരുത്, ആവശ്യമായ ഒരു വസ്തുവും കൈമാറ്റം ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം അവര്‍ കഠിന ശിക്ഷക്ക് വിധേയരാവും’
ആ സമയത്ത് നബിയെ വിശ്വസിച്ചവരിലധികവും മക്കയിലെ പീഢനം സഹിക്കവെയ്യാതെ പല നാടുകളിലേക്കും പലായനം ചെയ്തിരുന്നു. ഹബീബ് യും കുറഞ്ഞ ആളുകളും മാത്രമേ മക്കയിലുണ്ടായിരുന്നുള്ളൂ. ഈ സന്ദര്‍ഭത്തിലാണ് കഅ്ബയില്‍ ഇത്തരമൊരു ബഹിഷ്‌കരണ നോട്ടീസ് പ്രത്യക്ഷപ്പെടുന്നത്.
അതിന് ശേഷം ഏറ്റവും അടുത്ത ബന്ധുക്കള്‍ പോലും അവരോട് കണ്ട ഭാവം നടിക്കാതെയായി. ഹബീബായ നബി തങ്ങള്‍ അവിടുത്തോടൊപ്പമുള്ളവരെയും കൂട്ടി ശിഅ്ബ് അബീ ത്വാലിബ് എന്ന മലഞ്ചെരുവില്‍ ഒരുമിച്ചു കൂടി. ഇന്നോ നാളെയോ മാനുഷിക പരിഗണന വെച്ച് ഖുറൈശികള്‍ ഈ ഭ്രഷ്ട് ഒഴുവാക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ അവിടെ കഴിഞ്ഞു കൂടി.
അവരിലേക്ക് വെള്ളമോ ഭക്ഷണമോ എത്തിയില്ല. അങ്ങാടികളില്‍ നിന്ന് അവരെ ആട്ടിയോടിക്കപ്പെട്ടു. അഥവാ വല്ലതും ഈ ചരുവിലേക്കെത്തിയെങ്കില്‍ തന്നെ അത് വളരെ രസഹസ്യമായിട്ടായിരുന്നു. ഒരിക്കല്‍ ഖദീജ ബീവി(റ) യുടെ ബന്ധുവായ ഹകീമുബ്‌നു ഹിസാം ഭക്ഷണവുമായി പാത്തും പതുങ്ങിയും ശിഅ്ബിലേക്ക് പ്രവേശിക്കുമ്പോള്‍ അബൂജഹ്ല്‍ അത് കണ്ടു. അവന്‍ അദ്ദേഹത്തില്‍ നിന്ന് ഭക്ഷണം വാങ്ങിയിട്ട് ദൂരെക്കളഞ്ഞു. ഇനിയിതാവര്‍ത്തിക്കരുതെന്ന് താകീത് ചെയ്ത് വിട്ടു. എന്തിനേറേ…അവസാനം ഹബീബായ നബി തങ്ങള്‍ വിശപ്പടക്കാന്‍ പച്ചില പറിച്ചു ഭക്ഷിച്ച് വിശപ്പടക്കേണ്ടി വരെ വന്നു.’
ആ സന്ദര്‍ഭമോര്‍ത്തത് കൊണ്ടാവാം നൂറയുടെ നയനങ്ങള്‍ കണ്ണീര്‍ തടങ്ങളായത്. അവളുടെ മനസ്സ് ഹബീബിനോടൊപ്പമുള്ള യാത്ര തുടര്‍ന്നു.
‘മന:സാക്ഷിയുള്ള ഒരാള്‍ക്ക് സഹിക്കാന്‍ സാധിക്കുന്നതിലുമപ്പുറം ഖുറൈശികളവരോട് ചെയ്തു. എന്നിട്ടും അവര്‍ ഭ്രഷ്ട് പിന്‍വലിച്ചില്ല. ഒന്നും രണ്ടും വര്‍ഷമല്ല മൂന്നുവര്‍ഷം വരെ ആ ഭ്രഷ്ട് നിലനിന്നു. ഉമ്മമാരുടെ മുലപ്പാലിന് വേണ്ടി വാവിട്ട് കരയുന്ന കൊച്ചു കുഞ്ഞുങ്ങളുടെ കരച്ചില് കേട്ട് ഇവരുടെ പാപം ഞങ്ങളുടെ മേല്‍ വന്ന് പതിക്കുമോയെന്നോര്‍ത്തിട്ടായിരിക്കണം നരാജര ബാധിച്ച ഖുറൈശീ കാരണവന്മാര്‍ അവസാനം ഭ്രഷ്ട് ഒഴിവാക്കാന്‍ പറഞ്ഞു. അങ്ങനെയാണ് ആ ബഹിഷ്‌കരണം നീങ്ങുന്നത്.
തനിക്കിവിടെ കിടന്നിതോര്‍ക്കാന്‍ എന്ത് സുഖമുണ്ട്…! പക്ഷേ, എന്റെ ഹബീബ് എത്രമേല്‍ പീഢിതനായിട്ടായിരിക്കും ആ വര്‍ഷങ്ങളിലെ ഓരോ നിമിഷവും കഴിഞ്ഞത്.
നൂറയുടെ ഇരുനയനങ്ങള്‍ നിറഞ്ഞൊഴുകി. അവള്‍ കണ്ണുകള്‍ തുടക്കാന്‍ കൈകളുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഉപ്പച്ചി അവളുടെ കണ്ണുകള്‍ തുടച്ചു കൊടുത്തു. ഉപ്പച്ചിക്കറിയാം അവള് ഹബീബ് യെയോര്‍ത്തിട്ടാണ് കരയുന്നതെന്ന്. അവള്‍ തന്റെ നഅത്തിനൊപ്പം സഞ്ചരിക്കുകയാണെന്ന് കരുതി അവളുടെ
കണ്ണുകള്‍ തുടച്ചതിന് ശേഷം ഉപ്പച്ചി വീണ്ടും പതുക്കെ പാടി:
ആങ്കേം ടംഠീ ഹോം ജിഗര്‍ താസെ ഹോം ജാനേം സൈറാബ്….
സഛെ സൂരജ് വോ ദിലാറാ ഹെ ഉജാലാ തേരാ….
‘കണ്ണിന് കുളിര്‍മയും കരളിന് നവോന്മേഷവും ജീവനു സന്തുഷ്ടിയും നല്‍കി ഹൃദയത്തിന് യഥാര്‍ത്ഥ ശാന്തിയും സമാധാനവും നല്‍കുന്ന യഥാര്‍ത്ഥ സൂര്യന്‍, അത് അങ്ങയുടെ ഒളിവാകുന്നു’
ഉപ്പച്ചി കൂടുതല്‍ വിശദീകരിക്കാതെ ആ വരികള്‍ വീണ്ടും എടുത്തു പാടി:
ആങ്കേം ടംഠീ ഹോം ജിഗര്‍ താസെ ഹോം….
കരഞ്ഞു കലങ്ങിയ കണ്ണുകള്‍ കൊണ്ട് ഉപ്പച്ചിയെ നോക്കി അവള്‍ നിറഞ്ഞു ചിരിച്ചു. ഉപ്പച്ചി അവളുടെ നെറ്റിയില്‍ ഉമ്മവെച്ചു.

******** ******** ******** ******** ********

‘മോനെ നല്ലൊരാലോചന വന്ന്ക്ക്ണ്, തറവാട്ടാരാണേലോ…ഓളാണേല്‍ കാണാന്‍ മൊഞ്ച്‌നൊട്ടും കൊറവുല്യ… അന്റെ പോലെന്നെ ഡോക്ടറാവാന്‍ പഠിക്കാണ്..ഞമ്മക്ക് ഇതങ്ങട്ട് ഒറപ്പിച്ചാലോ’
ഫാത്തിഹ് ഹോസ്പിറ്റലിലേക്ക് ഇറങ്ങാന്‍ വേണ്ടി ഷൂ ന്റെ ലൈസ് കെട്ടുമ്പോള്‍ സഫിയാത്ത തന്റെ പതിവ് പല്ലവി തെറ്റിച്ചില്ല. ഇന്നവന് നൈറ്റ് ശിഫ്റ്റാണ്. ഫാത്തിഹിന് രാത്രി കഴിക്കാനുള്ള ഭക്ഷണം ടിഫിനിലാക്കി പിടിച്ചുള്ള സഫിയാത്താന്റെ ആ പറച്ചില് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ്.
‘ന്റുമ്മാ…ഞാനിങ്ങളോട് എത്ര തവണ പറഞ്ഞിക്ക്ണ് എന്റെ ഈ ഇന്റേണ്‍ഷിപ്പൊക്കെ ഒന്ന് കഴിഞ്ഞ് ഞാനൊന്ന് സെറ്റിലായിട്ട് മതി എനിക്കുള്ള കല്യാണാലോചനൊക്കെന്ന്’
ഫാത്തിഹ് കിന്നാരം പറഞ്ഞ് പതുക്കെ ഉമ്മാന്റെ കവിളില്‍ നുള്ളി.
‘അന്റെ ഈ കുണ്ടാമണ്ടി ഒക്കെപ്പാടെ കഴിയുമ്പോത്തിനും ഇനിക്കിന്റെ മരോളെ കാണാന്‍ പറ്റ്വാന്നാവോ…!?’
സഫിയാത്തയുടെ മുഖത്ത് പിണക്കത്തിന്റെ പരിഭവം നിറഞ്ഞു.
‘അയ്‌നിന്റെ സഫിയക്കുട്ടി എവ്ട്ക്ക് പോവാണ്…പെട്ടിം കെടക്കിം എട്ത്ത് മക്കത്ത്ക്ക് പോവാണോ…’
ഫാത്തിഹ് ഉമ്മാനെ അണച്ച് പിടിച്ച് ചോദിച്ചു. സ്‌നേഹം കൂടുമ്പോള്‍ അവന്‍ ഉമ്മാന്റെ പേര് കൂട്ടിവിളിക്കും. ഉപ്പച്ചി ഉമ്മാനെ സ്‌നേഹത്തോടെ അങ്ങനെ വിളിക്ക്ണത് കേട്ടിട്ടാണവനത് പഠിച്ചത്.
‘ജ്ജ്‌ന്നെ കളിയാക്കാതെ അന്റെ ഈ മണ്ടിപ്പാച്ചിലൊക്കൊന്ന് വേഗം തീര്‍ക്കാന്‍ നോക്ക്’
സഫിയാത്ത വീണ്ടും തന്റെ ആവശ്യത്തിലേക്ക് തന്നെ മടങ്ങി വന്നു.
‘ഇന്‍ ഷാ അല്ലാഹ്….പിന്നേ, ഇനിക്ക് ഒരുപാട് സ്വത്തും പണ്ടും ഉള്ള കുട്ടിനൊന്നും മാണ്ടട്ടോ. നല്ല ദീനും അടുക്കും ഒതുക്കും ഒക്കെ ഉള്ള…ന്റെ സഫിയകുട്ടിനെ നന്നായി നോക്ക്ണ ഒരു സുന്ദരി കുട്ടിനെ മതി’
ഫാത്തിഹിന്റെ ആ സംസാരത്തില്‍ സഫിയാത്ത വീണു.
‘ഉം…ഞ്ഞിപ്പം അങ്ങനെ ഒരുകുട്ടിനെ പ്പം ഞാനെവിടെപോയി തപ്പിപിടിക്കാനാ പടച്ചോനേ….’
ഫാത്തിഹ് ഉമ്മാന്റെ മൂര്‍ദ്ധാവില്‍ ഉമ്മവെച്ചിറങ്ങുന്നതിനിടയില്‍ സഫിയാത്ത പിറുപിറുത്തു.
ഉമ്മയോട് ഇപ്പോള്‍ വിവാഹം വേണ്ടായെന്ന് പറയുന്നുണ്ടെങ്കിലും കൂട്ടിനൊരാള് വേണമെന്നൊക്കെ ഇടക്ക് തോന്നാറുണ്ട്. സിഗ്‌നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ അവന്റെ മനസ്സിലേക്ക് ഉമ്മാന്റെ വിവാഹാന്വേഷണ ചോദ്യങ്ങളോരോന്ന് കടന്നു വന്നു. അവന്റെ മുഖത്തൊരു ശൃംഖാര ഭാവം നിറഞ്ഞു തുളുമ്പി.
അവിടെയിരുന്നവന്‍ തന്റെ ഭാവിയെ ചിത്രീകരിക്കാന്‍ ശ്രമിച്ചു.
തന്റെ ഭാര്യയെങ്ങനെയുള്ളവളാവണമെന്നും അവന്‍ കിനാകാണാറുണ്ട്. സത്യം പറഞ്ഞാല്‍ കിനാകണ്ടതല്ല. പ്ലസ്ടു മുതലേ തന്റെ ഭാര്യയുടെ സ്വഭാവ ഗുണത്തെ കുറിച്ചുള്ള ഏകദേശ രൂപമൊക്കെ അവന്‍ മനക്കോട്ട കെട്ടിവെച്ചിട്ടുണ്ട്. അതിന് കാരണമുണ്ട്. പത്താംക്ലസ് കഴിഞ്ഞപ്പോള്‍ ഉപ്പച്ചി ഫാറൂഖുസ്താദിന്റെ ദര്‍സില്‍ കൊണ്ട് ചേര്‍ത്തതാണ്. പഠനത്തിലുള്ള മികവും താല്‍പര്യവും കണ്ടത് കൊണ്ടാവാം ഹയര്‍സ്റ്റഡിക്ക് ഉസ്താദ് സയന്‍സ് ഓപ്റ്റ് ചെയ്യാന്‍ പറഞ്ഞു. അങ്ങനെയാണ് പ്ലസ്ടുവിന് ശേഷം ദര്‍സ് നിര്‍ത്തി മുഴുസമയ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായത്.
അന്നൊക്കെ ഉസ്താദ് എന്നും വൈകീട്ട് നബി തങ്ങളുടെ സീറ പറയും . അവിടുത്തെ ജീവിതവും സ്വഭാവവും ചര്യയും എല്ലാമുണ്ടാവുമതില്‍ . ആവശ്യമുള്ളവര്‍ പങ്കെടുത്താല്‍ മതി. ഉസ്താദിന്റെ മറ്റേത് സബ്ഖിന് പങ്കെടുത്തില്ലെങ്കിലും ഫാത്തിഹ് അതില്‍ പങ്കെടുക്കും. പൂര്‍ണ്ണ തത്പരനായി ഇരിക്കുകയും ചെയ്യും. കാരണം മറ്റു സബ്ഖുകളില്‍ കാണുന്ന പോലുള്ള ഗൗരവകാരനായിരുന്നില്ല ഉസ്താദ് അവിടെ.
റസൂലുള്ളാഹിയെ പറ്റി പറയുമ്പോഴൊക്കെ ഉസ്താദ് ശാന്തമായിട്ട് നിറഞ്ഞൊഴുകുന്ന ഒരു സമുദ്രമാണെന്ന് ഫാത്തിഹിന് തോന്നിയിട്ടുണ്ട്.
അങ്ങനെയൊരു സബ്ഖില്‍ ഉസ്താദ് പറഞ്ഞത് മഹതി ഖദീജാ ബീവി(റ) യെ കുറിച്ചായിരുന്നു. അവരുടെ പ്രൗഢിയും പത്രാസും പറഞ്ഞു കേട്ടപ്പോള്‍ ഫാത്തിഹിന് അത്ഭുതം തോന്നി. അവരെയവന്‍ മനസ്സില്‍ സങ്കല്‍പിക്കാന്‍ ശ്രമിച്ചു.
ഉസ്താദ് പറഞ്ഞതിന്റെ ചുരുക്കം ഫാത്തിഹ് കാറിലിരുന്നോര്‍ത്തു:
മക്കയിലന്ന് മഹതിയെ പോലെ പണക്കാരിയും കുലമഹിമയുമുള്ള മറ്റൊരു സ്ത്രീയുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അന്ന് മക്കയിലുണ്ടായിരുന്ന പൗരപ്രമുഖരെല്ലാം മഹതിയെ വിവാഹം കഴിച്ചാല്‍ കൊള്ളാമന്ന് ആഗ്രഹമുള്ളവരായിരുന്നു. പക്ഷെ, പണവും പത്രാസും കാണിച്ച് മഹതിയെ മയക്കാന്‍ അന്നാട്ടിലാര്‍ക്കും സാധിച്ചില്ല. അവരോടെല്ലാം മഹതി പറഞ്ഞു ഞാനിനി ഒരു വൈവാഹിക ജീവിതത്തെ കുറിച്ച് ആലോചിക്കുന്നില്ല. എന്റെ മക്കളെ നോക്കിയും ബിസിനസെല്ലാം ഒന്ന് മെച്ചപ്പെടുത്തിയും ജീവിക്കണമെന്നാണാഗ്രഹം.
മഹതി മുമ്പ് രണ്ടു തവണ വിവാഹം ചെയ്തിരുന്നു. അതില്‍ മക്കളുമുണ്ട്. പക്ഷെ, ആ സമയത്ത് അവര്‍ ഭര്‍തൃമതിയായിരുന്നില്ല. അങ്ങനെയിരിക്കെയാണ് മഹതി ഹബീബിനെ കുറിച്ച് കേള്‍ക്കുന്നതും,തന്റെ കച്ചവടസംഘത്തോടൊപ്പം ഹബീബിനെ അയക്കുന്നതും.തുടര്‍ന്ന് ഹബീബിയില്‍ പല പ്രത്യേകതകളും കണ്ട മഹതി അവിടുത്തോടൊപ്പം ഒരു ദാമ്പത്യത്തെ ആഗ്രഹിക്കുകയും തന്റെ ഇംഗിതം ഹബീബ് യെ അറിയിക്കുകയും ചെയ്തു.
അങ്ങനെയാണ് ഒന്നുമില്ലാത്ത അനാഥനായി വളര്‍ന്ന ഹബീബിനെ തന്റെ പ്രിയതമനായി കൂടെ കൂട്ടാന്‍ അവര്‍ തീരുമാനിക്കുന്നത്.
ഹബീബിനെ വിവാഹം കഴിക്കലോട് കൂടെ എന്റെതെല്ലാം നിങ്ങളുടേതാണെന്ന് പറഞ്ഞ് തന്റെ കണ്‍കണ്ട സ്വത്തുക്കളെല്ലാം മഹതി ഹബീബിന് തീറെഴുതി കൊടുത്തു. ഒരു ദിവസം കൊണ്ടാണ് അനഥാനയിരുന്ന ഹബീബിയെ മഹതി മക്കയിലെ ഏറ്റവും സമ്പന്നനായ പൗരപ്രമാണിയായി മാറ്റിയത് .
അതുവരെ ഹബീബിനെ ദരിദ്രനെന്ന് വിളിച്ച് നടന്നവരോട് ‘ദേ, ഇപ്പോള്‍ പറയൂ എന്റെ ഭര്‍ത്താവ് ദരിദ്രനാണോന്ന്….’ ചോദിച്ച് മുഖമടച്ച് മറുപടി നല്‍കി അവര്‍.
പിന്നെ ഹബീബിന്റെ കൂടെ എല്ലായിടത്തും മഹതിയായിരുന്നു. ഊണിലും ഉറക്കിലും അവര് ഹബീബിന് കൂട്ടിരുന്നിട്ടുണ്ട്. ഹിറാഗുഹയില്‍ ഹബീബ് ഏകാന്തവാസമിരിക്കുമ്പോള്‍ ഹബീബിയെ ശ്രുശ്രൂഷിക്കാനായി പലതവണ മഹതി ജബലുന്നൂര്‍ കയറിയിറങ്ങിയിട്ടുണ്ട്.
‘ജബലുന്നൂര്‍ എന്ന് പറയുമ്പോള്‍ നിന്റെ വീടിന്റെ പിറകുവശത്തുള്ള മലയാണെന്ന് കരുതരുത് ഫാത്തിഹ്….’
ഉസ്താദിന്റെ കഥയില്‍ ലയിച്ചിരിക്കുന്ന എന്നെ വിളിച്ച് ചിരിച്ചു കൊണ്ട് ഉസ്താദ് പറഞ്ഞപ്പോള്‍ ഒന്നു ഞെട്ടി. ശേഷം ഉസ്താദ് തുടര്‍ന്നു :
‘ഹജ്ജിന് പോയവരോട് ഇന്നും ചോദിച്ചാലറിയാം….ജബലുന്നൂറ് കയറാനുള്ള പ്രയാസം. മണിക്കൂറുകളോളം കല്ലും മുള്ളും താണ്ടിവേണം അവിടെയെത്തന്‍. ഇന്നും മലകയറുമ്പോള്‍ അതികായന്മാരായ ആളുകള്‍ വരെ പലയിടത്തും ഇരുന്ന് വിശ്രമിച്ചിട്ടാണത് പൂര്‍ത്തിയാക്കാറ്. പുതുതായി ഹിറ ഗുഹയിലേക്കുള്ള യാത്ര അപകടം നിറഞ്ഞതാണെന്ന ഉമ്മുല്‍ ഖുറാ സര്‍വകലാശാലയിലെ ഹജ്ജ് ഉംറ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണ്ടെത്തലിനെത്തുടര്‍ന്നു കേബിള്‍ കാര്‍സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഉസ്താദിന്റെ ക്ലാസിന്റെ പ്രത്യേകതകളിലൊന്നാണിത്. പുതിയ കാര്യങ്ങളും കൂടി ഉള്‍ചേര്‍ന്നിരിക്കും. ആനുകാലികങ്ങളും ദിനപത്രങ്ങളും അരിച്ചുപെറുക്കി വായിക്കും ഉസ്താദ്. അതുകൊണ്ട് തന്നെ ലോകവിവരത്തില്‍ ഉസ്താദിനെ വെല്ലാന്‍ അന്നാട്ടില്‍ ഞാന്‍ മറ്റാരെയും കണ്ടിരുന്നില്ല.
ഫാത്തിഹ് ഖദീജാ ബീവി(റ) യിലേക്ക് തന്നെ തിരിച്ചു വന്നു.
‘അഥവാ , തന്റെ അമ്പത്തിയഞ്ചാം വയസ്സില്‍ ഹബീബിന് നുബൂവത്ത് ലഭിക്കുമ്പോഴാണ് മഹതി ആ കണ്ട മലയെല്ലാം ഒരു ദിവസം തന്നെ പലതവണ കയറിയിറങ്ങിയത്. അന്നൊന്നും അവര് ഒരു പരാതിയും പറഞ്ഞില്ല. അവിടുത്തെ സന്തോഷവും സങ്കടവും സുഖവും ദുഖവും തുടങ്ങി എല്ലാം വികാരങ്ങളും പങ്കുവെച്ചത് മഹതിയോടായിരുന്നു.
ഖദീജ ബീവി(റ) യടുത്തുണ്ടെങ്കില്‍ ഹബീബ് ക്കുണ്ടായിരുന്ന സന്തോഷമെത്രയായിരുന്നുവെന്നറിയണമെങ്കില്‍ മഹതി മരണപ്പെട്ടതിന് ശേഷം ഹബീബ് അവരെ സ്മരിച്ച സംഭവങ്ങള്‍ മാത്രമെടുത്താല്‍ മതിയാവും.
ഖദീജാ ബീവി(റ) യോടൊപ്പമുള്ള കാലമാണ് അവിടുത്തെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം. ഈ സമയത്ത് അവിടുന്ന് വേറെ വിവാഹം കഴിച്ചിട്ടില്ല. അതിനെക്കാള്‍ പറയാന്‍ നല്ലത് മഹതിയുള്ളപ്പോള്‍ ഹബീബിന് മറ്റൊരു സ്ത്രീയെ കുറിച്ച് ചിന്തിക്കാന്‍ പോലും തോന്നിയിരുന്നില്ലാന്നാണ്.
പിന്നീട് ഹബീബിയുടെ ജീവിതത്തിലേക്ക് പല മഹതിമാരും കടന്നുവന്നിട്ടുണ്ടെങ്കിലും അവിടുന്ന് ഖദീജാബീവി(റ) യെ പോലെയാവരെയാരെയും സ്മരിച്ചിട്ടില്ല . ഹബീബ് മഹതിയുടെ സൂഹൃത്തുക്കളെ സന്ദര്‍ശിക്കുകയും അവരെ സല്‍ക്കരിക്കുകയും ചെയ്യുമായിരുന്നു.!
ആഇശാ ബീവി(റ) യുമായി ബന്ധപ്പെട്ട് ഹബീബ് ക്കുണ്ടായ വളരെ രസകരമായ ഒരു സൗന്ദര്യ പിണക്കമുണ്ട്. എന്താന്നറിയോ നിങ്ങള്‍ക്ക് ….!?
ഉസ്താദ് ഞങ്ങളോട് കൗതുകത്തോടെ ചോദിച്ചു. ഉസ്താദിന്റെ കഥയില്‍ ലയിച്ചിരിക്കുകയായിരുന്ന ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
‘ഇല്ല.’
‘ ഹാ… ന്നാ കേട്ടോളൂ… നബിതങ്ങള്‍ ഒരിക്കല്‍ അഇശാ ബീവിയുടെ മുമ്പില്‍ വെച്ച് ഖദീജാ ബീവിയുടെ മദ്ഹ് പറഞ്ഞു. അഇശാ ബീവിക്ക് അതത്രയങ്ങ് രസിച്ചില്ല. എല്ലാ സ്ത്രീകളുടെയും സഹജമായ സ്വഭാവം ആഇശ ബീവിയും കാണിച്ചു. മഹതി ഹബീബിനോട് പറഞ്ഞു:
‘ നിങ്ങളുടെ സംസാരം കേട്ടാല്‍ ലോകത്ത് വേറെ പെണ്ണുങ്ങളൊന്നും ഇല്ലാന്ന് തോന്നുമല്ലോ…ഖദീജ വെറുമൊരു വൃദ്ധയായ സ്ത്രീയായിരുന്നില്ലേ…!? അവരെക്കാള്‍ നല്ല ഭാര്യമാരെ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടില്ലേ…പിന്നെയും എന്തിന് നിങ്ങള് അവരെയിങ്ങനെ പറഞ്ഞോണ്ടിരിക്കണം…!? ‘
എന്നാല്‍ ആഇശാ ബീവി അങ്ങനൊയൊക്കെ ദേഷ്യപ്പെട്ട് ചോദിച്ചിട്ടും ഹബീബ് വീണ്ടും അതിന് മറുപടിയായി പറഞ്ഞതും ഖദീജ ബീവിയുടെ മദ്ഹ് തന്നെയായിരുന്നു. അവിടുന്ന് പറഞ്ഞു:
‘മോളേ…ആഇശാ…ഖദീജയെക്കാള്‍ നല്ലൊരു ഭാര്യയെ എനിക്ക് കിട്ടിയിട്ടില്ലായെന്നത് സത്യമാണ് . കാരണം എല്ലാവരും എന്നെ നിഷേധിച്ചപ്പോള്‍ ഓര് ന്റെ കൂടെ വിശ്വസിച്ചു കൊണ്ട് ഒപ്പമുണ്ടായിരുന്നു. എല്ലാവരും എന്നെ ആട്ടിയോടിക്കുകയും തള്ളിയകറ്റുകയും ചെയ്തപ്പോള്‍ അവരെന്നെ ചേര്‍ത്തുപിടിച്ചിരുന്നു. ഒന്നുമില്ലാതിരുന്ന ഈ മുഹമ്മദിന് അകമഴിഞ്ഞ് സര്‍വ്വതും നല്‍കി സഹായിച്ചതവരായിരുന്നു. അവരില്‍ നിന്നാണ് അല്ലാഹു എനിക്കെന്റെ പ്രിയപ്പെട്ട സന്താനങ്ങളെ നല്‍കിയത്.’
പിന്നെ, ഞാനെങ്ങനെയവരെ സ്മരിക്കാതിരിക്കും എന്നാണ് ഹബീബ് ആ പറഞ്ഞതിന്റെ ഉദ്ദേശ്യം ഉസ്താദ് കൂട്ടിച്ചേര്‍ത്തു.
അവസാനം മരണത്തിന് മുമ്പ് ശിഅ്ബ് അബീ ത്വാലിബിലും മഹതി ഹബീബ് യോപ്പം പട്ടിണി കിടന്നിട്ടുണ്ട്. മഹതി മരിച്ചവര്‍ഷമാണ് ശിഅ്ബ് അബീത്വാലിബിലെ ഭ്രഷ്ടില്‍ നിന്ന് ഹബീബും പ്രിയപ്പെട്ടവരും മോചിതരാവുന്നത്.’
ഇത്രയും പറഞ്ഞു നിറുത്തിയതിന് ശേഷം ഉസ്താദ് പറഞ്ഞു:
‘ഇനിമുതല്‍ നിങ്ങള് ദുആര്‍ക്കുമ്പോ ഖദീജാ ബീവിനെ പോലെ പക്വതയും കുലമഹിമയുമുള്ളപെണ്ണിനെ കിട്ടാന്‍ പടച്ചോനോട് പ്രത്യേകം പറയണംട്ടൊ’
ഫാത്തിഹിന്റെ മനസ്സിലന്നുമുതല്‍ കുടിയിരുത്തപ്പെട്ട സ്വരൂപമാണ് ഖദീജ ബീവിയുടേത്.
പിറകില്‍ നിന്ന് വാഹനങ്ങളുടെ നിര്‍ത്താതെയുള്ള ഹോണടികേട്ടപ്പോഴാണ് ഫാറൂഖുസ്താദിന്റെ സബ്ഖില്‍ നിന്ന് ഫാതിഹ് വീണ്ടും െ്രെഡവിങ് സീറ്റിലേക്ക് വന്നത്. വണ്ടിവേഗം ഹോസ്പിറ്റലിലേക്ക് വിട്ടു.
*
ഇന്ന് രാത്രി പൊതുവെ ശാന്തമാണെന്ന് അവന് തോന്നി. അല്ലെങ്കിലും ഹോസ്പിറ്റലില്‍ ഡേ ശിഫ്റ്റിനെക്കാളും അവന് സന്തോഷം തോന്നാറ് നൈറ്റ് ശിഫ്റ്റിലാണ്.
കുറച്ച് ഉറക്കഴിക്കണമെങ്കിലും അത്യാഹിത രോഗങ്ങളൊന്നുമില്ലെങ്കില്‍ വല്ല പേഷ്യന്റ്‌സിന്റെയും അടുത്ത് പോയിരുന്ന് അവരുടെ സങ്കടങ്ങള്‍ കേള്‍ക്കും.. അതവന് ഒരുപാട് നല്ല അനുഭവങ്ങള്‍ നല്‍കുമായിരുന്നു. കൂടാതെ അവര്‍ക്ക് കേള്‍ക്കാനൊരാളുണ്ടാവുകയെന്നത് എന്ത് സന്തോഷമാണെന്നോ…! പകലിന് പക്ഷെ, സംസാരിക്കാനിത്ര ഭംഗി പോരാ.
അന്ന് പേഷ്യന്‍സിന്റെ ഫസ്റ്റ് വിസിറ്റ് കഴിഞ്ഞതിന് ശേഷം അവന്‍ ഇശാ നിസ്‌കരിക്കാനും മറ്റും നിസ്‌കാര റൂമിലേക്ക് പോയതാണ്. സാധാരണ ഒഴിവു സമയം കിട്ടിയാല്‍ അവിടെയാണിരിക്കാറ്. പകലില്‍ ഇതുപോലെ ഒഴിഞ്ഞ് കിട്ടാറില്ലായെന്നുള്ളതും രാത്രിയുടെ ഒരു പ്രത്യേകതയാണ്. ഭക്ഷണവും നിസ്‌കാരവുമെല്ലാം കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും അവിടെയിരുന്ന് തന്റെ ഭാവി വധുവിനെ കുറിച്ച് സങ്കല്‍പ്പിക്കന്‍ തുടങ്ങി. സമയം ഏകദേശം പന്ത്രണ്ടായിട്ടുണ്ട്.
പെട്ടെന്നാണ് പുറത്ത് ആള്‍പെരുമാറ്റം കേട്ടത്. ‘ വേഗം ആ സ്ട്രച്ചറെടുക്കൂ…., ഒരാള്‍ ഡോക്ടറെ വിരവരമറിയിക്കൂ….’
നേഴ്‌സുമാര്‍ ഒരുജീവന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചിലിലാണ്. ആരോവന്ന് നിസ്‌കാര ഹാളിന്റെ വാതിലില്‍ മുട്ടികൊണ്ടു പറഞ്ഞു.
‘സര്‍,ഒരു പേഷ്യന്റ് വന്നിട്ടുണ്ട്. കുറച്ച് ക്രിട്ടിക്കലാണ്. ഡോക്ടര്‍ നിങ്ങളോട് പെട്ടെന്ന് അങ്ങോട്ട് വരാന്‍ പറഞ്ഞു’
ഫാത്തിഹ് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. അത്യാഹിതവിഭാഗത്തിന് നേരെ ഓടി. അവിടെ ഡോക്ടര്‍ രോഗിയെ പരിശോധിക്കുകയാണ്. അവന്‍ രോഗിയെ നോക്കി. ഒരു സ്ത്രീയാണ്…ചെറുപ്പക്കാരിയാണ്. മുഖം ശരിക്ക് കണ്ടില്ല. ‘റബ്ബേ… ജീവിച്ച് തുടങ്ങിയിട്ടേയുള്ളൂ… നീ തിരിച്ചു വിളിക്കല്ലേ..’ അവന്‍ മനസ്സില്‍ ആ രോഗിക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അപ്പോഴേക്കും ഡോക്ടര്‍ തന്റെ പ്രഥമ പരിശോധനക്ക് ശേഷം തിരിഞ്ഞു കൊണ്ട് പറഞ്ഞു:
‘ ഐ തിങ്ക് ശീ ഹാസ് ഇന്റേണല്‍ ബ്ലീഡിങ്…അതുകൊണ്ട് തന്നെ ബ്ലഡ് ഉള്ളില്‍ ക്ലോട്ട് ആവാന്‍ സാധ്യതയുണ്ട്. പെട്ടെന്ന് തന്നെ ഇവരുടെ പാരന്റ്‌സുമായി സംസാരിച്ചതിന് ശേഷം എന്‍ഡോസ്‌കോപ്പി ചെയ്യണം. ചിലപ്പോള്‍ സര്‍ജറി തന്നെ വേണ്ടി വരും. ഇവരുടെ ബ്ലഡ് ഗ്രൂപ് ഏതാണെന്ന് ചെക്ക് ചെയ്യൂ…മേബി വീ വാണ്ട് ബ്ലഡ് ടൂ..’
ഡോക്ടര്‍ അവിടെ കൂടിയിരിക്കുന്ന നേഴ്‌സുമാരോടും അവനടങ്ങുന്ന ഇന്റേണ്‍സിനോടും അങ്ങനെ പറഞ്ഞ് പേഷ്യന്റിന്റെ പാരന്‍സിനെ കാണാനായി പുറത്തേക്ക് പോയി.
ഒരു നേഴ്‌സ് പെട്ടെന്ന് തന്നെ അവളുടെ ബ്ലഡ് ടെസ്റ്റു നടത്തി.
‘ഇത് എബി നെഗറ്റീവാണ്….നമ്മുടെ ബ്ലഡ് ബാങ്കിലില്ലാത്തതാണ്….ഇതീ പാതിരാത്രിയിനി എവിടെന്ന് കിട്ടാനാണ്’
‘ഡോണ്ട് വറി എബൗട്ടിറ്റ് മൈ ബ്ലഡ് ഗ്രൂപ്പ് ഈസ് എബി നെഗറ്റീവ്, ഞാന്‍ ഡോണേറ്റ് ചെയ്യാം…’
നേഴ്‌സിന്റെ സംസാരം കേട്ടയുടെനെ ഫാത്തിഹ് പറഞ്ഞു. എന്തുകൊണ്ടാണ് താനിത്രപെട്ടെന്ന് എടുത്തു ചാടിയങ്ങനെ പറഞ്ഞതെന്ന് ഫാത്തിഹിന് തന്നെ അത്ഭുതം തോന്നി.കാരണം ജീവിതത്തിലിതിന് മുമ്പ് അവന്‍ ബ്ലഡ് ഡൊണേറ്റ് ചെയ്തിട്ടില്ല.
ഡോക്ടര്‍ പേഷ്യന്റിന്റെ പാരന്‍സിനെ കണ്ടു തിരിച്ചു വന്നു. ഡോക്ടറോടൊപ്പം ചീഫ് നേഴ്‌സുമുണ്ടായിരുന്നു. അവര് രോഗിയുടെ ഡീറ്റേയില്‍സും രോഗത്തെ കുറിച്ച് അതുവരെ ലഭ്യമായ വിവരങ്ങളും ഡോക്ടര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എഴുതി വെച്ചിരുന്നു.
‘പ്ലീസ് എക്‌സപ്ലൈന്‍ ടു ആള്‍’
ഡോക്ടര്‍ അവരോട് എല്ലാവര്‍ക്കും രോഗിയേയും രോഗത്തേയും കുറിച്ച് വിവരിക്കാന്‍ പറഞ്ഞു കൊണ്ട് സര്‍ജറിക്കാവശ്യമായ തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി പോയി. ചീഫ് നേഴ്‌സ് തന്റെ ലിസ്റ്റില്‍ നോക്കി രോഗിയുടെ പേര് വായിച്ചു. തുടര്‍ന്ന് :
‘ രോഗിക്ക് പതിനെട്ടു വയസ്സ് പ്രായമുണ്ട് . ബ്ലഡ് ഗ്രൂപ്പ് എബി നെഗറ്റീവാണ്. പ്രഥമ നോട്ടത്തില്‍ ക്രോണ്‍സ് ഡിസീസാണ്. അതുകൊണ്ടു തന്നെ ഇന്റേണല്‍ ബ്ലീഡിങ് ഉണ്ടായേക്കാം. കൃത്യമായി രോഗം ഐഡന്റിഫൈ ചെയ്യണമെങ്കില്‍ എന്‍ഡോസ് കോപി ചെയ്യേണ്ടതായി വരും.
എബി നെഗറ്റീവ് നമ്മുടെ ബ്ലഡ് ബാങ്കിലില്ലാത്തതിനാല്‍ തന്നെ ബ്ലഡ് വേണ്ടി വരും. ഫാത്തിഹ് ഡോക്ടര്‍ റെഡിയാണെന്നല്ലേ പറഞ്ഞത്…?
അവര് എക്‌സ്‌പ്ലൈന്‍ ചെയ്യുന്നതിനിടക്ക് ഫാത്തിഹിനോട് ചോദിച്ചു.
‘യെസ് മാം’
ഫാത്തിഹിന് പതിവില്ലാത്ത ഉന്മേഷം തോന്നി.
‘ദെന്‍ ഹറിയപ്’
ഇതും പറഞ്ഞ് നേഴ്‌സ് സര്‍ജറി റൂമിലേക്ക് ഓടി.
പേഷ്യന്റിനെ സര്‍ജറിക്ക് വേണ്ടി തിയേറ്ററിലേക്ക് മാറ്റി. ഫാത്തിഹ് തന്റെ ബ്ലഡ് ഡൊണേറ്റ് ചെയ്തു. വിജയകരമായി ആ സര്‍ജറി കഴിഞ്ഞു. ഫാത്തിഹിന്റെ രക്തം ആ രോഗിയുടെ സിരകളിലോടി. അവന് ആത്മാഭിമാനം തോന്നി. രോഗിയെ റൂമിലേക്ക് മാറ്റി.
**
പലതവണ പേഷ്യന്റിനെ കാണാന്‍ ഫാത്തിഹിറങ്ങിയതാണ് പക്ഷേ, ആ സമയത്തെല്ലാം അവിടെ വിസിറ്റേഴ്‌സുണ്ടായിരുന്നു. ഇപ്പോള്‍ ആരുമില്ലെന്ന് തോന്നുന്നു. തന്റെ ആദ്യ ബ്ലഡ് സ്വീകര്‍ത്താവല്ലേ… ഒന്നു കണ്ടു വിഷ് ചെയ്‌തേക്കാം … അവന്‍ അവള്‍ കിടക്കുന്ന റൂമിലേക്ക് നടന്നു. അകത്ത് ആരോ ഉണ്ട്. അവന്‍ പതുക്കെ വാതില്‍ തുറന്നു. ഉപ്പയാണെന്ന് തോന്നുന്നു.
പെട്ടെന്ന് ഒരു പാട്ടിന്റെ ഈരടിയവന്‍ കേട്ടു…
‘ആസ്മാന്‍ ഖാം സമീന്‍ ഖാം സമാനാ മഹ്മാന്‍…..’
ഉപ്പച്ചിന്റെ കഥപറച്ചിലവന്‍ കേട്ടു. കഥയോടും ആ പാട്ടിനോടും അവനും വല്ലാത്ത ഇഷ്ടം തോന്നി അവിടെതന്നെ നിന്നു. ഹബീബി യെ പറ്റി പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ തുടക്കുന്ന ഉപ്പച്ചിയെ കണ്ടപ്പോള്‍ അവനും അറിയാതെ കണ്ണുതുടച്ചു. അവന്റെ കാലൊന്ന് റൂമിന്റെ ഇരുമ്പ് വാതിലില്‍ കൊണ്ട്

******** ******** ********

വാതില്‍ക്കല്‍ ആരോ എത്തി നോക്കുന്നത് കണ്ട് ഉപ്പച്ചി എഴുന്നേറ്റു ചെന്നു.
‘ആരാണ്…?’
‘ഞാന്‍ ഹസന്‍ ഫാത്തിഹ്, ഇവിടെ ഹോസ്പിറ്റലിലൊരു ഇന്റേണാണ്. പേഷ്യന്റിന്റെ അവസ്ഥയെന്താണെന്നറിയാന്‍ വന്നതാണ്’
‘ഓ… ഓള്‍ക്ക് ബോധം വന്നിട്ട് കൊറച്ച് നേരായി. പക്ഷെ, ഇതുവരെ ഒരുവാക്കും മിണ്ടിയിട്ടൂല്യ, ശരീരൊന്ന് അനക്കേം ചെയ്തിട്ടില്ല. വെറും കണ്ണും തലയും അനക്കുന്നുണ്ട്’
ഡോക്ടറാണെന്ന് കേട്ടതും നൂറയുടെ രോഗത്തെകുറിച്ചും സര്‍ജറിയെ കുറിച്ചുമെല്ലാം തനിക്കുണ്ടായിരുന്ന ആശങ്കകളും ആവലാതികളും ഉപ്പച്ചി ഫാതിഹിന് മുമ്പില്‍ ഇറക്കിവെച്ചു.
ഫാത്തിഹ് ഉപ്പച്ചിയുടെ മുഖത്ത് നോക്കി ചിരിച്ചു. എന്നിട്ട് നൂറ കേള്‍ക്കെ കുറച്ചുച്ചത്തില്‍ പറഞ്ഞു.
‘അത് സാരല്യ, സര്‍ജറിക്ക് മുമ്പ് കൊടുത്തിരുന്ന അനസ്‌തേഷ്യയുടെ എഫക്ടായിരിക്കും. ഒന്നുറങ്ങിയുണരുമ്പോഴേക്ക് ഷി വില്‍ബി ഓള്‍റൈറ്റ്’
ഫാത്തിഹ് അങ്ങനെ പറഞ്ഞപ്പോള്‍ ഉപ്പച്ചിയുടെ മനസ്സില്‍ നിന്ന് എന്തോ ഭാരം എടുത്ത് മാറ്റിയ പ്രതീതി. അദ്ദേഹം ഒരു ദീര്‍ഘനിശ്വാസമെടുത്തു. നൂറ ഉള്ളുകൊണ്ട് റബ്ബിന് സ്തുതികളര്‍പ്പിച്ചു.
‘നിങ്ങള്‍ നാട്ടിലെവിടെയാണ്….’
ഉപ്പച്ചി ഫാത്തിഹിനോട് കുശലാന്വേഷണം നടത്തി. അവന്‍ തിരിച്ചും. എന്താവശ്യമുണ്ടെങ്കിലും വിളിക്കണം.
‘ദേ, ഞാന്‍ ആ കാണുന്ന കേബിനിലുണ്ടാവും…’
ഫാത്തിഹ് ഉപ്പച്ചിക്ക് താനിരിക്കുന്ന കേബിന്‍ ചൂണ്ടികാണിച്ചു കൊടുത്തു. പോകാന്‍ നേരത്ത് ഫാത്തിഹ് നൂറയെ നോക്കി പറഞ്ഞു:
‘പേടിക്കാനൊന്നുല്ലടോ, തനിക്ക് ഒരു കുഴപ്പവുമില്ല. അല്ലാഹുവിന് എല്ലാത്തിനും ഓരോ തീരുമാനമുണ്ടാവും. ചില സമയത്തെല്ലാം നമ്മള് കരുതും ഈ പടച്ചോന് എന്നോട് ഒരു സ്‌നേഹവുമില്ലാന്ന്. അവനെന്തിനാണ് എന്നോട് ഇങ്ങനൊയൊക്കെ ചെയ്തതെന്ന്.
പക്ഷെ, കുറച്ച് കഴിഞ്ഞേ നമുക്ക് മനസ്സിലാവൂ…അത് സംഭവിക്കലായിരുന്നു
ഏറ്റവും നല്ലതെന്ന്. ‘
ഫാതിഹൊന്ന് നിറുത്തിയതിന് ശേഷം തുടര്‍ന്നു :
‘ അത് പടച്ചോന്‍ തന്നെ ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലെടോ…
‘നിങ്ങള്‍ നന്മയാണെന്ന് കരുതുന്ന വിഷയം ചിലപ്പോള്‍ നിങ്ങള്‍ക്ക് തിന്മയായി ഭവിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ തിന്മയാണെന്ന് കരുതുന്ന വിഷയം നന്മയായും ഭവിച്ചേക്കാം.’
അതുകൊണ്ട് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ തളര്‍ന്ന് പോകരുത്. എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുക. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കുമത് പ്രത്യേകം പറഞ്ഞു തരേണ്ടിവരില്ലാന്ന് ഞാനിങ്ങോട്ട് വരുമ്പോള്‍ ഉപ്പാന്റെയും മോളുടേയും കലാപ്രകടനം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി’
നൂറ കണ്ണുകള്‍ താഴ്ത്തിയാണ് പിടിച്ചിരുന്നതെങ്കിലും അവളുടെ കവിളില്‍ നാണത്തിന്റെ അടയാളങ്ങള്‍ പ്രകടമായി കാണാമായിരുന്നു.
‘മോന്‍ പറഞ്ഞതാണതിന്റെ ശരി’
ഉപ്പച്ചി ഫാത്തിഹിന്റെ തോളില്‍ തട്ടി പറഞ്ഞു. അവന്‍ ചിരിച്ചു.
‘എന്നാല്‍ ശരി, വീണ്ടും കാണാം എന്ന് പറയുന്നില്ല. കാരണം ഞാന്‍ മിക്കവാറും ഇവിടെയായിരിക്കും. വീണ്ടും ഇവിടെവെച്ച് ഇതുപോലോത്ത സന്ദര്‍ഭങ്ങളില്‍ കാണതിരിക്കട്ടെ. മറ്റെവിടെങ്കിലും വെച്ച് കാണാം ഇന്‍ ഷാ അല്ലാഹ്.’
ഫാത്തിഹ് ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു.
‘ആമീന്‍…’
ഉപ്പച്ചിയും ഉറക്കെ ജവാബ് ചൊല്ലി. ആ സംസാരം കഴിഞ്ഞപ്പോള്‍ നൂറയുടെ മനസ്സില്‍ വല്ലാത്തൊരു ശാന്തതയും സമാധാനവും അനുഭവപ്പെട്ടു.
ഉപ്പച്ചി വീണ്ടും എന്തോ അലോചനയിലാണ്ടു കൊണ്ട് നൂറയുടെ അടുത്ത് തന്നെ വന്നിരുന്നു.
‘ഞാനെന്ത് മനുഷ്യനാണ് റബ്ബേ…..അസ്തഅ്ഫിറല്ലാഹ്,’
ഉപ്പച്ചിയുടെ മുഖത്ത് സങ്കടം കണ്ടത് കൊണ്ടായിരിക്കാം നൂറ കണ്ണുകള്‍ കൊണ്ട് എന്താണെന്ന് തിരക്കി.
‘അല്ല മോളേ, ആ കുട്ടി വേണ്ടിവന്നല്ലോ…എനിക്കെന്റെ റബ്ബിന്റെ ഖളാഇനെ കുറിച്ചോര്‍മിപ്പിച്ചു തരാന്‍…’
സങ്കടത്താല്‍ ചീര്‍ത്തു നില്‍ക്കുന്ന മുഖം കണ്ടാലറിയാം ഉപ്പച്ചിക്ക് നല്ല ഖേദമുണ്ടെന്ന്.
ഉപ്പച്ചി തുടര്‍ന്ന് പറഞ്ഞു:
‘മോളേ, ഈ ലോകത്തുള്ള സകലരും നിനക്കൊരുപകാരം ചെയ്യാന്‍ വേണ്ടി ഒരുമിച്ചു കൂടി അതല്ലെങ്കില്‍ ഒരുപദ്രവം ചെയ്യാന്‍ വേണ്ടി അവര്‍ ചട്ടം കെട്ടി എന്നിരുന്നാലും അതൊന്നും നമുക്ക് ബാധിക്കില്ല. കാരണം അല്ലാഹുവിന്റെ തീരുമാനമേ നടപ്പിലാവൂ…ഹബീബായ നബിതങ്ങളുടെ ഹദീസാണിത്. ഇതില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും റബ്ബിന്റെ ഖളാഇല്‍ സംശയിക്കാന്‍ കഴിയില്ല. അഥവാ, ഇതെനിക്ക് ഇപ്പോള്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍….എന്തിനാണ് റബ്ബ് എന്നോട് ഈ സമയത്തിങ്ങനെ ചെയ്യുന്നത് എന്നെല്ലാം ചിന്തിച്ചാല്‍ അല്ലാഹുവിന്റെ ഖളാഇനോടുള്ള പൊരുത്തക്കേടാണത്. എന്തേ…എനിക്കിത് നേരത്തെ ഓര്‍മ്മയില്ലാതിരുന്നത്..! അസ്തഅ്ഫിറല്ലാഹ്…’
ഒന്ന് നിര്‍ത്തിയിട്ട് ഉപ്പച്ചി സ്വന്തത്തോടെന്ന പോലെ പിറുപിറുത്തു:
‘ഹബീബായ നബിതങ്ങളെത്ര പരീക്ഷണങ്ങള്‍ നേരിട്ടു, അവിടുത്തേക്ക് ജനിച്ച ആണ്‍ കുഞ്ഞുങ്ങളായ ഖാസിം, അബ്ദുല്ല, ഇബ്‌റാഹീം തുടങ്ങി എല്ലാവരേയും അല്ലാഹു തിരിച്ചുവിളിച്ചില്ലേ..ആ സമയങ്ങളിലെല്ലാം അവിടുത്തെ ഹൃദയം തകര്‍ന്നിരിക്കുകയില്ലേ….എന്നിട്ടും അവിടുന്ന് റബ്ബിനോട് പരിഭവിച്ച ഒരു സമയം പോലും നമുക്ക് ചരിത്രത്തില്‍ നിന്ന് കണ്ടു കിട്ടുകയില്ലല്ലോ..റബ്ബേ…ഈ പാപി അവിവേകം ചെയ്തിട്ടുണ്ടെങ്കില്‍ നീ പൊറുക്കണേ….’
നൂറക്കുറപ്പായിരുന്നു ഉപ്പച്ചിയിപ്പോള്‍ നബിതങ്ങളെ കുറിച്ചോര്‍ക്കുമെന്ന്. കാരണം ഹബീബായ തങ്ങള്‍യുടെ പേരിനോട് പോലും അവള്‍ക്ക് മഹബ്ബത്ത് ജനിച്ചത് ഓര്‍മവെച്ച നാള്‍ മുതല്‍ ഉപ്പച്ചി ആ പേരിനോട് കാണിച്ച ഇഷ്ഖ് കൊണ്ടാണ്. ഉപ്പച്ചി ആത്മീയോപദേശം നല്‍കിയാല്‍ അതവസാനം ചെന്നെത്തുക ഹബീബിയിലായിരിക്കും. ഈ പതിനെട്ട് വര്‍ഷത്തിനിടക്ക് അങ്ങനെയല്ലാത്ത ഒരു സംഭവം നൂറയോര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഇല്ല, അങ്ങനെയൊന്നില്ല.
അവിടെയിരുന്ന് ഹബീബിയെയോര്‍ത്തപ്പോള്‍ ഉപ്പച്ചിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതുകണ്ട് നൂറയും കരഞ്ഞു. ‘റബ്ബേ, എന്റെ മനസ്സില്‍ നിന്റെ ഖളാഇല്‍ തൃപ്തിപ്പെടാത്തരീതിയിലുള്ള വല്ല പെരുമാറ്റവും വന്നിട്ടുണ്ടെങ്കില്‍ എനിക്ക് നീ പൊറുത്ത് തരണം.’
അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
*
നന്നായിട്ടൊന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും നൂറക്ക് നല്ല ഉന്മേഷം തോന്നി. അവള്‍ പതുക്കെ തൊണ്ടയനക്കി. ശേഷം, അല്‍ഹംദുലില്ലാഹ്…എന്നു പറഞ്ഞു നോക്കി. കഴിയുന്നുണ്ട്.യെസ്, തന്റെ സംസാര ശേഷി തിരിച്ചുവന്നിരിക്കുന്നു. അവള്‍ വീണ്ടും റബ്ബിനെ സതുതിച്ചു. കൈമുട്ടുകള്‍ രണ്ടും മടക്കി നിവര്‍ത്തി. ബെഡില്‍ നിന്ന് എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ടുവെങ്കിലും വീണ്ടും ശ്രമിച്ചപ്പോള്‍ നേരെയിരിക്കാനായി. വയറിന്റെ ഇടതുഭാഗത്തായി ചെറിയൊരു വേദനയുണ്ടന്നതൊഴിച്ചാല്‍ പ്രത്യേകിച്ചൊന്നും ഇപ്പോള്‍ തനിക്കനുഭവപ്പെടുന്നില്ലെന്ന് അവള്‍ക്ക് തോന്നി. എങ്കിലും രണ്ടു ദിവസം കൂടെ കഴിഞ്ഞിട്ട് ഡിസ്ചാര്‍ജ് ചെയ്താല്‍ മതിയെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
വൈകീട്ട് ഫര്‍സാനയും ഫൈറൂസയും വന്നു.
ഫര്‍സാന വാ തോരാതെ സംസാരിക്കുന്നുണ്ട്.
‘ഇന്നെന്തായിരുന്നു ക്ലാസിന്റെ അവസ്ഥ….!? ‘
നൂറ ഇടയില്‍ ഫര്‍സാനയോട് ചോദിച്ചു.
‘ഹാ…അത് ഞാന്‍ പറയാന്‍ മറന്നു. ഇന്ന് മോഡേണ്‍ മെഡിസിന്റെ ഉത്ഭവവും ചരിത്രവുമെല്ലാം പറഞ്ഞിരുന്നു. കൂടെ ലാബില്‍ പോയി രണ്ടുമൂന്ന് എക്‌സ്പിരിമെന്റ്‌സുമുണ്ടായിരുന്നു. പിന്നെയൊരു കാര്യം അസൈന്‍മെന്റുണ്ട്. മോഡേണ്‍മെഡിസിനെ കുറിച്ചും അതിന്റെ വക ഭേദങ്ങളും കണ്ടുപിടുത്തങ്ങളും ഒക്കെയാണ് വിഷയം. ഞാന്‍ ലൈബ്രറിയില്‍ ചെന്നിരുന്ന് ഒരു പാട് പുസ്തകങ്ങള്‍ റഫറ് ചെയ്തു. പലതും നോട്ട് ചെയ്യുകയും
ചിലതെല്ലാം എടുക്കുകയും ചെയ്തിട്ടുണ്ട്.’
അവള്‍ സംസാരത്തിനിടയില്‍ ബാഗില്‍ നിന്ന് താന്‍ ലൈബ്രററിയില്‍ നിന്ന് നോട്ട് ചെയ്ത കാര്യമെടുത്ത് നൂറയെ കാണിച്ചു.
നൂറയെല്ലാം കൃത്യമായി വായിച്ചു. മോഡേണ്‍ മെഡിസിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിപ്പോക്രാറ്റില്‍ തുടങ്ങി. ഏകദേശം ആ മേഖലയില്‍ കാര്യമായി ഇടപെട്ട എല്ലാവരെയും ഉള്‍ക്കൊള്ളിക്കാനവള്‍ ശ്രമിച്ചിട്ടുണ്ട്.
‘ഈ സായിപ്പന്മാരെ സമ്മതിക്കണമല്ലേ…എന്തോരം കണ്ടുപിടുത്തങ്ങളാണ് അവര് നടത്തിയത്. പലതും വായിക്കുമ്പോള്‍ അവരോട് എന്തോ വല്ലാത്ത ബഹുമാനം തോന്നി പോകുന്നു. ‘
ഫര്‍സാനയുടെ സംസാരം കേട്ട് അതുവരെ അവളുടെ നോട്ട് ബുക്ക് വായിക്കുകയായിരുന്ന നൂറ തലയുയര്‍ത്തിയവളെ നോക്കി. അല്‍പസമയത്തെ ആലോചനക്ക് ശേഷം പറഞ്ഞു.
‘നീ പറഞ്ഞത് പുതിയകാലത്ത് ഒരുപക്ഷെ ശരിയായിരിക്കാം. പക്ഷെ, ഈ സായിപന്മര് ഇതൊക്കെ അറബികളില്‍ നിന്നും യവനന്മാരില്‍ നിന്നും പഠിച്ചതും കട്ടതും ഒക്കെയാണ്….’
നൂറ ഒരു ധൈഷണികചരിത്ര ചര്‍ച്ചക്ക് തിരികൊളുത്തി.
‘യവനന്മാരോ….? അതാരാ…?!’
ഫര്‍സാന നൂറയുടെ മുഖത്തേക്ക് മിഴിച്ച് നോക്കി.
‘ഗ്രീക്ക് കാരെയല്ലെ യവനരെന്ന് വിളിക്കുന്നത് നൂറൂ….’
അതുവരെ ചര്‍ച്ചിയിലിടപെടാന്‍ ഒരവസരവും കിട്ടാതെ ഇവിടെ താനൊരു അധികപ്പറ്റാവുമോന്ന് കരുതിയിരിക്കുകയായിരുന്ന ഫൈറൂസ കിട്ടിയ അവസരത്തില്‍ ചോദിച്ചു.
‘അതെ, ഇന്ന് യൂറോപ്പ് തങ്ങളുടേതെന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്ന ഏത് ശാസ്ത്രീയ കണ്ടെത്തലുകളുടെയും അടിസ്ഥാനം ചെന്നത്തുന്നത് ഒരുപക്ഷെ, ഗ്രീക്കിലോ അറേബ്യയിലോ….ആയിരിക്കും’
നൂറ ഫൈറൂസ പറഞ്ഞതിന്റെ ബാക്കിയായി കൂട്ടിചേര്‍ത്തു.
‘എനിക്ക് മനസ്സിലായില്ല….ഒന്നൂടെ വ്യക്തമാക്കി പറ. ചെലപ്പൊ എനിക്കെന്റെ പേപ്പറില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ നല്ലൊരു ആര്‍ഗ്യുമെന്റായിരിക്കുമിത്. നീ…ഇപ്പറഞ്ഞതിന് നിന്റേല്‍ തെളിവുവല്ലതുമുണ്ടോ…!?’
ഫര്‍സാന തന്റെ അസൈന്‍മെന്റിലേക്കുള്ള നോട്ടൊരുക്കാനുള്ള തത്രപ്പാടിലായി.
‘അതിനിത് ആരും പറയാത്ത വലിയ ആര്‍ഗ്യുമെന്റൊന്നുമല്ല. എല്ലാവര്‍ക്കും അറിയിമെങ്കിലും മിക്കവരും മനപ്പൂര്‍വ്വം മറച്ചുവെക്കുന്നൂവെന്നേയുള്ളൂ….ഏതായാലും നീ നിന്റെ പേപ്പറില്‍ ചര്‍ച്ചക്ക് വെച്ചോ… അങ്ങനെയെങ്കിലുമൊരു ചര്‍ച്ച നടക്കട്ടെ’
നൂറ ഫര്‍സാനയെ ആവേശപ്പെടുത്തി.
‘അല്ല, ഞാന്‍ നേരത്തെ ചോദിച്ച പോലെ ഇതിന് കാണിക്കാന്‍ പറ്റിയ വല്ല പ്രൂഫും….?’
ഫര്‍സാന വീണ്ടും ശങ്കിച്ചു.
‘അത് നീയൊന്ന് ഗൂഗ്ള്‍ ചെയ്താല്‍ തന്നെ കിട്ടുമെടീ…പിന്നെ…..’
നൂറ ഒരു നിമിഷം എന്തോ ആലോചിച്ചു.
‘ചെലപ്പൊ, എന്റെ ലൈബ്രററിയില്‍ ഒരു പുസ്തകമുണ്ടാവും. ജോനാതന്‍ ലിയന്‍സിന്റെ ഹൗസ് ഓഫ് വിസ്ഡം. അതില്‍ ഇന്നത്തെ യൂറോപിന്റെയും മറ്റും രൂപീകരണത്തിലെ അറബ് സ്വാധീനത്തെ വിശദീകരിക്കുന്നുണ്ട്. ഞാന്‍ ചെലഭാഗങ്ങള്‍ അതില്‍ അടയാളപ്പെടുത്തിവെക്കുകയും ചെയ്തിട്ടുണ്ടെന്നാണെന്റെ ഓര്‍മ.’
നൂറ പറഞ്ഞു നിറുത്തിയതും ഫര്‍സാന ചോദിച്ചു.
‘ ആ പുസ്തകം കിട്ടാനെന്താ വഴി…? അല്ലെങ്കില്‍ പുസ്തകം വേണ്ട, നീ അടയാളപ്പെടുത്തിയ ആ ഭാഗം കിട്ടിയാലും മതി.’
ഫര്‍സാന എന്തോ നിധികിട്ടിയ ആവേശത്തില്‍ പറഞ്ഞു.
നൂറ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു. മോനൂസ് ഫോണെടുത്തു.
‘എന്തേത്താ….’
ഹോസ്പിറ്റലില്‍ നിന്ന് വിളിച്ചത് കൊണ്ടാവും അവന്റെ സംസാരത്തിലൊരു പരിഭ്രമത്തിന്റെ ചുവയുണ്ടായിരുന്നു.
‘എടാ ഇത്താന്റെ ലൈബ്രററിയില്‍ ഒരു പച്ച ചട്ടയുള്ള പുസ്തകമുണ്ടാവും. ഹൗസ് ഓഫ് വിസ്ഡം എന്നാണ് പുസ്തകത്തിന്റെ പേര്, നീ അതൊന്ന് എടുത്തിട്ട്, അതില്‍ ഞാന്‍ ചെലഭാഗങ്ങളൊക്കെ അടിവരയിട്ട് വെച്ചിട്ടുണ്ട് അതെല്ലാം ഫോട്ടോയെടുത്ത് വാട്‌സപ്പ് ചെയ്യുമോ…പ്ലീസ് ഒരത്യാവശ്യത്തിനാ.. പെട്ടെന്ന് വേണം.’
നൂറ മോനൂസിന്റെ കനിവിന് വേണ്ടി കെഞ്ചി.
അതുകൊണ്ടാവം പതിവ് പോലെ ഫോണ്‍വിളിച്ചാല്‍ കേള്‍ക്കാറുള്ള കൊസറ പറച്ചിലില്ലാതിരുന്നത്. അവന്‍ പറഞ്ഞു:
‘ഹാ…ഞാനിപ്പം ചെയ്യാം….’
മോനൂസ് പുസ്തകത്തില്‍ നിന്ന് ഫോട്ടോയെടുത്ത് നൂറക്കയച്ചു കൊടുത്തു.
നൂറ അവന്‍ അയച്ചു തന്ന ഓരോ പേജും സ്‌ക്രോള്‍ ചെയ്തു കൊണ്ട് സൂക്ഷമതയോടെ നോക്കി. ഒരു പേജില്‍ കുറച്ചധിക സമയം നോക്കിയതിന് ശേഷം മുഖത്തൊരു ചെറുചിരിവിടര്‍ത്തിയവള്‍ പറഞ്ഞു:
‘ഫര്‍സൂ…ഡീ..ദാ, ഇത് കേള്‍ക്ക്, ഞാന്‍ വായിക്കാം’
നൂറ ഫോണില്‍ നിന്ന് തലയെടുക്കാതെ അതീവ താല്‍പര്യത്തോടെ വായിക്കാന്‍ തുടങ്ങി.
‘ ഇസ്ലാമും, മുസ്ലിം ലോകവും പ്രശംസനീയമായ ഒരു സംഭാവനയും നല്‍കിയിട്ടില്ലെന്നാണ് ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നതെന്നാണ് ഇയ്യിടെ നടത്തിയ ഒരു പൊതുജനാഭിപ്രായ സര്‍വെയില്‍ വെളിപ്പെട്ടത്.’
നൂറ ഇംഗ്ലീഷ് വായിച്ച് മലയാളത്തിലേക്ക് പദാനുപദം ശുദ്ധഭാഷയില്‍ മൊഴിമാറ്റം നടത്തികൊണ്ട് പറഞ്ഞു. അവള്‍ വായന തുടര്‍ന്നു:
‘എന്നാല്‍, കാലത്തിന്റെ താളുകള്‍ പിന്നിലേക്ക് മറിച്ചു നോക്കിയാല്‍, അറേബ്യന്‍ ശാസ്ത്രത്തിന്റെ നേട്ടങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു പാശ്ചാത്യ നാഗരികതയെ കണ്ടെത്താന്‍ കഴിയില്ല. അല്‍ഖ്വവാരിസ്മിയുടെ ആള്‍ജിബ്രയും(ബീജഗണിതം), അവിസെന്നയുടെ സമഗ്രമായ വൈദ്യശാസ്ത്ര പഠനങ്ങളും ഭൂപടാലേഖന വിദ്യയും, അവറോസിന്റെ കര്‍ക്കശമായ യുക്തിചിന്തയും ഒഴിച്ചു നിര്‍ത്തിയാല്‍ പിന്നെയെന്ത് പാശ്ചാത്യ നവോത്ഥാനം!?. പ്രകൃതിക്കുമേല്‍ അധീശത്വം സ്ഥാപിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കാന്‍ ശാസ്ത്രത്തിനു കഴിയുമെന്ന തിരിച്ചറിവിലേക്ക് ഇന്ന് പാശ്ചാത്യലോകം എത്തിയിട്ടുണ്ടെങ്കില്‍, അതിലേക്ക് അവരെ നയിച്ചത് അറബികളുടെ വിജ്ഞാനശേഖരം തന്നെയാണ്. മുകളില്‍ സൂചിപ്പിച്ച വ്യക്തിഗത സംഭാവനകളേക്കാള്‍ ഏറെ മികച്ചു നില്‍ക്കുന്നതാണ് അവരുടെ മൊത്തമായ സംഭാവന’
നൂറ അത്രയും ഭാഗം വായിച്ചു കൊണ്ട് ഫര്‍സാനയുടെ മുഖത്ത് നോക്കിയിട്ട് ചോദിച്ചു:
‘എങ്ങനെയുണ്ട്….പൊളിയല്ലേ….ഇതുപോരെ നിനക്ക് റഫറന്‍സായിട്ട്, ഇതുപോലോത്ത ഒരുപാട് ഫൈന്‍ഡിങ്‌സ് പറയുന്നുണ്ടദ്ദേഹമിതില്‍…’
‘ഇതു ധാരളം, ഏതായാലും എനിക്ക് ആ പുസ്തകം ആവശ്യമുണ്ട്. തത്കാലം നീ മോനൂസയച്ചതെല്ലാം എനിക്കും ഒന്ന് ഷെയര്‍ ചെയ്യ്. ഇന്ന് രാത്രി ഒന്നിരുന്ന് നോക്കണം. ഇന്‍ ഷാ അല്ലാഹ്.’
ഫര്‍സാന തീരുമാനിച്ചുറച്ച മട്ടില്‍ പറഞ്ഞു.
‘ഹാ…നീ കാത്തിരിക്കുവാണേല്‍ ഉമ്മച്ചി ഇങ്ങോട്ട് വരുമ്പോള്‍ ഞാന്‍ പുസ്തകം എടുക്കാന്‍ പറയാം…’
നൂറ പുസ്തകം കിട്ടാനുള്ള മാര്‍ഗം പറഞ്ഞു.
‘അതു ശരിയാണല്ലോ….എങ്കില്‍ നീ ഉമ്മച്ചിനോട് കൊണ്ടുവരാന്‍ പറ’
ഫര്‍സാന ഉമ്മച്ചി വരുന്നത് വരെ കാത്തിരിക്കാമെന്നേറ്റു.
*
രാത്രി ഉമ്മയോടൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ഫാതിഹ് തൊണ്ടയനക്കി.
‘എന്താടാ, വെള്ളം വേണോ…ന്നാ ദ് കുടിക്ക്’
ഉമ്മച്ചി അവന് നേരെ വെള്ളം നീട്ടി.
‘വേണ്ടുമ്മ, ഉമ്മാ…ഞാന്‍ രണ്ട് ദിവസം മുമ്പ് ഒരു കുട്ടിക്ക് ബ്ലഡ് ഡൊണേറ്റ് ചെയ്ത കാര്യം പറഞ്ഞിരുന്നില്ലേ….’
ഫാതിഹ് സംസാരം പകുതിയില്‍ നിറുത്തി.
‘ഏത്…ആ ബോധമില്ലാതെ കൊണ്ട് വന്നിട്ട് ഓപ്‌റേഷന്‍ നടത്തിയ കുട്ടിയോ….’
ഫാതിഹ് ഹോസ്പിറ്റലിലുണ്ടായ പ്രധാന സംഭവങ്ങളെല്ലാം ഉമ്മച്ചിയുമായി പങ്കുവെക്കാറുണ്ട്.
‘ഹാ…അത് തന്നെ….’
ഫാതിഹ് പെട്ടെന്ന് പറഞ്ഞു.
‘ഓള്‍ക്കെന്തേ….പിന്നിം അസുഖണ്ടായോ…’
ഉമ്മച്ചി ഒരു കോരി ചോറെടുത്ത് ഫാത്തിഹിന്റെ പ്ലേറ്റിലേക്കിടുന്നതിനിടയില്‍ ചോദിച്ചു.
‘ഏയ്, രോഗന്നുല്ല്യ…പക്ഷെ, ഞാനിന്ന് രാവിലെ അവളെ കാണാന്‍ വേണ്ടി അവളുടെ റൂമില്‍ പോയിരുന്നു. ഒന്നുമില്ലെങ്കിലും എന്റെ ചോരയല്ലേ…അതുകൊണ്ട് പോയതാ…’
ഫാതിഹ് ചിരിച്ചു കൊണ്ട് പറഞ്ഞു.
‘ഹാ…എന്നിട്ട്’
ഫാതിഹ് എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് ഉമ്മച്ചിക്ക് മനസ്സിലായില്ല.
‘അല്ലേ, ഞാനവിടെ ചെന്നപ്പോഴുണ്ട് ആ കുട്ടിയും അവളുടെ ഉപ്പയും അവിടെ റസൂലുള്ളായുടെ ചരിത്രം പാടിയും പറഞ്ഞും കരയുകയായിരുന്നു . അത് കണ്ടപ്പോള്‍എനിക്കും കരച്ചില് വന്നു. എനിക്ക് അവരോട് എന്തോ വല്ലാത്ത ഒരിഷ്ടം തോന്നി.ഇങ്ങനത്തെ ഫാമിലിയും ഇപ്പോ ഉണ്ടാവുമോ….’
ഫാതിഹ് ആശ്ചര്യത്തോടെ ചോദിച്ചു നിറുത്തി. പിന്നീട് അവന്‍ പറയുന്നതിനൊക്കെ സഫിയാത്തെ മൂളിയെങ്കിലും ശ്രദ്ധമുഴുവന്‍ മറ്റൊരുസ്ഥലത്തായിരുന്നു. അഥവാ, ഫാതിഹ് രോഗികളെ കുറിച്ച് വീട്ടില്‍ പറയാറുണ്ടെങ്കിലും ഇത്ര ആവേശത്തോടെ ഇതുവരേ ആരെ കുറിച്ചും പറഞ്ഞിട്ടില്ല. ഇതിലെന്തോ അവന് വല്ലാത്ത താല്പര്യമുണ്ട്. നാളെ ഹോസ്പിറ്റലിലേക്കൊന്ന് പോയി നോക്കാം. ഡിസ്ചാര്‍ജ് ചെയ്തിട്ടില്ലെങ്കില്‍ കാണാലോ…
‘എടാ, ആ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്‌തോ….?’
സഫിയാത്ത സ്വാഭാവികമെന്നോണം ചോദിച്ചു.
‘ഇല്ല, നാളയോ…മറ്റന്നാളോ ചെയ്യുമായിരിക്കും… , അല്ലാ അതെന്തിനാ പ്പം ങ്ങള് ചോദിക്ക്ണത്….!? ‘
മറുപടി പറയുന്നതിനിടക്ക് സഫിയാത്താന്റെ ചോദ്യത്തിന് പിന്നില്‍ എന്തോ മണക്കുന്നതായി തോന്നിയ ഫാതിഹ് ചോദിച്ചു.
‘ഒന്നുല്യ, നീ ഇത്രയേറെ അത്ഭുതം പറഞ്ഞ ഒരു കുട്ടിയല്ലേ….ഒന്ന് പോയി കണ്ടേച്ചും വരാന്ന് കരുതി അതാ… ‘
അതും പറഞ്ഞ് ചോറ് തിന്ന് കഴിഞ്ഞ ഫാതിഹിന്റെയും അവരുടെയും പ്ലേറ്റ് എടുത്ത് അവര്‍ സിങ്കിന് നേരെ നടന്നു.
ഫാതിഹ് ഉമ്മാനെ അന്തിച്ച് നോക്കി നിന്നു.

(തുടരും)

അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?

* * * *

Share this:

  • Twitter
  • Facebook

Related Posts

Photo by Debby Hudson on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-15

October 6, 2021
Photo by Annie Spratt on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-14

October 5, 2021
Photo by Cathy Holewinski on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-13

October 4, 2021
Photo by Morgane Le Breton on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-12

October 2, 2021
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×