പതിവ് പോലെ തഹജ്ജുദിന് സമയമായപ്പോള്‍ നൂറ ഞെട്ടിയുണര്‍ന്നു. അവള്‍ ഫ്രഷായി വുളൂഅ് ചെയ്തു വന്നതിന് ശേഷം ഫര്‍സാനയേയും ഫൈറൂസയേയും വിളിച്ചു. കുറച്ചു മടിച്ചിട്ടാണെങ്കിലും അവസാനം അവര്‍ രണ്ടു പേരും എഴുന്നേറ്റ് ഫ്രഷായി വുളൂഅ് ചെയ്തു വന്നു. എല്ലാവരും തഹജ്ജുദ് നിസ്‌കരിച്ചു. നൂറ അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിച്ചു:
‘റബ്ബേ ഞങ്ങളിന്നലെ രാത്രിയെടുത്ത തീരുമാനങ്ങളെല്ലാം നീ സന്തോഷത്തിലും അതിലുപരി റാഹത്തിലുമാക്കി തരണേ…, അത് ഞങ്ങളുടെ ഇരു ലോക വിജയത്തിന് കാരണമാക്കണേ’
സുബ്ഹ് നിസ്‌കാരത്തിനും ഔറാദുകള്‍ക്കും ശേഷം അവര്‍ മൂവരും ഒരുമിച്ചിരുന്ന് ബുര്‍ദ ചൊല്ലി.
എപ്പോള്‍ ബുര്‍ദ ചൊല്ലുകയാണെങ്കിലും നൂറ അതില്‍ ലയിച്ചു ചേരും. ചെറുപ്പത്തില്‍ എല്ലാവരും വട്ടമിട്ടിരുന്ന് ബുര്‍ദ ചൊല്ലുമ്പോള്‍ അര്‍ത്ഥവും എന്താണ് ചൊല്ലുന്നത് ഒന്നും അറിഞ്ഞിരുന്നില്ലെങ്കിലും ഉപ്പച്ചിന്റെ മടിയിലിരുന്ന് അവളും ആടിയാടി പാടും;
‘മൗലായ സ്വല്ലി….’ ഓര്‍മ്മകള്‍ അത് നടന്ന കാലത്തേക്ക് സഞ്ചരിച്ചു.
അന്നവള്‍ ഉപ്പാന്റെ മടിയിലിരുന്ന് മൗലായ പാടുന്ന കൊച്ചു കുട്ടിയായിരുന്നു . പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷം മദ്‌റസയില്‍ നിന്ന് റബീഉല്‍ അവ്വലില്‍ കരീമുസ്താദ് ബുര്‍ദയുടെ അര്‍ത്ഥം പഠിപ്പിച്ചപ്പോഴാണ് ആ കാവ്യ പ്രപഞ്ചത്തെ ഒന്നുകൂടെ അടുത്തറിഞ്ഞത്. അന്നാണവളറിഞ്ഞത് ബുര്‍ദ ഒരു കാമുകന്‍ തന്റെ കാമുകിക്കെഴുതിയ പ്രേമലേഖനമാണെന്ന്, ആ കാമുകന്‍ കാമുകിയുടെ അഭാവത്തിലനുഭവിക്കുന്ന വിരഹത്തിന്റെ തീക്ഷ്ണതയാണെന്ന്, ആ കാവ്യം മുഴുവന്‍ തന്റെ കാമുകിയുടെ വര്‍ണനകളെ എങ്ങനെ വിവരിക്കുമെന്നറിയാതെ പരവേശിതനായി അവസാനം തന്നാലാകും വിധം തന്റെ ഹൃദയ രക്തം ചാലിച്ച് ചുവപ്പിച്ചെഴുതിയതാണെന്ന്. ഇമാം ബൂസ്വീരി (റ) വാകുന്ന കാമുകന്‍ തന്റെ ഈ പ്രണയകാവ്യമെഴുതി കഴിഞ്ഞ രാത്രിയെ കുറിച്ച് കരീമുസ്താദ് പറഞ്ഞ നിമിഷത്തെ എപ്പോള്‍ ഓര്‍ത്താലും നൂറയുടെ മനസ്സ് ഒരു ചെറു വിറയലോടെ കോള്‍മയിര്‍ കൊള്ളും:
‘ശാരീരിക അസുഖവും മനസ്സില്‍ ഹബീബിനോടുള്ള ? അടങ്ങാത്ത പ്രണയവും ഒരു മഹാമാരി പോലെ തന്നെ പടര്‍ന്നു പിടിച്ച സന്ദര്‍ഭത്തിലാണ് ബുര്‍ദ രചനയില്‍ മഹാനഭയം തേടിയത്.
അങ്ങനെ എഴുതിയെഴുതി തളര്‍ന്നുറങ്ങിയ ആ രാത്രി, അന്നാണ് ലോകത്ത് ആദ്യത്തെ ബുര്‍ദയുടെ സദസ്സ് നടന്നത്, രണ്ടാത്മാക്കള്‍ സ്വപ്നലോകത്തിരുന്ന് ആ സദസ്സിന് സമാരംഭം കുറിച്ചത്, ആ കാമുകീ കാമുകന്മാര്‍ പരസ്പരം സന്ധിച്ചത്.
സുഖമില്ലാതെ കിടക്കുന്ന ഇമാം ബൂസ്വീരിക്ക് മുമ്പില്‍ പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രനെ തോല്‍പിക്കുമാറ് ഹബീബായ ? തന്റെ കാമുകി പ്രത്യക്ഷപ്പെട്ട രാത്രി. അവര് സ്വല്ലപിച്ചു.
‘നിങ്ങളെന്നെ കുറിച്ചെഴുതിയതൊന്ന് കേള്‍പ്പിക്കാമോ….’ ന്ന് ആ കാമുകി ചോദിച്ചപ്പോള്‍ ‘ഈ നിമിഷത്തിന് വേണ്ടിയല്ലേ ഞാനിക്കണ്ട കാലമത്രയും കാത്തിരുന്നതെ’ ന്ന് ആ കാമുകന്‍.
അന്നാ കാമുകന്‍ തന്റെ കാമുകിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ, ഇമയനക്കാതെ പാടി കേള്‍പ്പിച്ചു. ഹബീബ് ? മുഖത്തൊരു ചെറു പുഞ്ചിരിയോടെ അത് പൂര്‍ണ്ണമായും കേട്ടിരുന്നു…!
പോകുന്നതിന് മുമ്പ് ഹബീബ് ? ഇമാം ബൂസ്വീരിയെ ഒന്ന് തഴുകി. ആ പുണ്യ കരം ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ എന്തോ വല്ലാത്ത ഒരനുഭൂതി തന്റെ കാലിന്റെ ചെറുവിരല്‍ മുതല്‍ മൂര്‍ദ്ധാവ് വരേ ശരവേഗത്തില്‍ കടന്നു പോയതായി മഹാനനുഭവപ്പെട്ടു. രോഗമുക്തനായി പൂര്‍ണ്ണ ആരോഗ്യത്തോടെ മഹാനെഴുന്നേറ്റ് നിന്നു.
പോകുന്നതിന് മുമ്പ് ഹബീബ് ? ഒരു കാര്യം കൂടെ ചെയ്യാന്‍ മറന്നില്ല. അവിടുന്ന് മഹനവര്‍കളെ ആദരിച്ചു കൊണ്ട് ഒരു ഷാളണിയിച്ചു. തന്റെ മദ്ഹ് ഇത്രഭംഗിയായി ഇണചേര്‍ത്ത വകയിലുള്ള സ്‌നേഹ സമ്മാനം. മുമ്പ് തന്റെ മുമ്പില്‍ വന്ന് മദ്ഹ് പാടിയ കഅബ് ബ്‌നു സുബൈറിന് അവിടുന്നണിയിച്ചത് പോലെ.
ഇമാം ബൂസ്വീരി ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന ബോധ്യത്തിലേക്കും തന്റെ കഴുത്തില്‍ കിടക്കുന്ന ഷാള് കണ്ടപ്പോള്‍ ഹബീബായ നബിതങ്ങളിതുവരെ തന്നോടൊപ്പമുണ്ടായിരുന്നൂവെന്ന ഉറപ്പിലേക്കും അദ്ദേഹമെത്തി .
കരീമുസ്താദ് വിശദീകരിച്ചു :
‘ഏഴാകാശവും അതിലുള്ള സകലതും പിന്നെ അല്ലാഹുവിനെയും കണ്ട് തിരിച്ചുവരാന്‍ ഒരുപാതിരാവ് പൂര്‍ണ്ണമായി വേണ്ടി വന്നിട്ടില്ല ഹബീബിന് ?. അപ്പോള്‍ മദീനത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഹബീബിന് ? ഈജിപ്തിലിരിക്കുന്ന ഇമാം ബൂസ്വീരിയെ സന്ദര്‍ശിച്ച് ആദരിച്ചു വരാന്‍ പ്രയാസമില്ലല്ലോ…! കാരണം അവിടുത്തെ മുമ്പില്‍ മര്‍ഗ തടസ്സം സൃഷ്ടിക്കാനുതകുന്ന ഒന്ന് അല്ലാഹുവിന്റെ സൃഷ്ടി ചരാചരങ്ങളിലില്ലല്ലോ… ‘
അന്ന് ഉസ്താദ് നീട്ടിപരത്തി പറഞ്ഞത് കുഞ്ഞു നൂറയുടെ ഹൃദയത്തിലേക്കാണ് കുത്തി കയറിയത്.
ഉസ്താദ് തുടര്‍ന്നു :
‘ പിറ്റേന്ന് രാവിലെ ഈജിപ്തിലൊരു ഊടുവഴിയിലൂടെ സഞ്ചരിക്കുന്ന ഇമാം ബൂസ്വീരിയെ വലിയ പണ്ഡിതനായ അബുര്‍റജാഅ് എന്നവര് കണ്ടു. മഹാന്‍ സലാം ചൊല്ലി കൊണ്ട് ചോദിച്ചു :
‘ഒന്ന് നില്‍ക്കണേ…., നിങ്ങള്‍ ഹബീബിനെ കുറിച്ച് ചൊല്ലിയ പദ്യമൊന്ന് എനിക്ക് തരൂ…’
ഇമാം ബൂസ്വീരി ഒരു നിമിഷം ആലോചനയില്‍ പൂണ്ടു. ആ സമയത്ത് ബുര്‍ദയല്ലാത്ത ഹബീബിനെ ? കുറിച്ച് താന്‍ രചിച്ച എല്ലാ കാവ്യ സമാഹാരങ്ങളും മഹാന്റെ മനസ്സിലൂടെ ഓട്ടപ്രദിക്ഷണം വെച്ചുപോയി. ബുര്‍ദ ഓര്‍മവരാതിരിക്കാനുള്ള കാരണം മഹാനത് മുമ്പ് ആരെയും കേള്‍പ്പിക്കുകയോ അതിന്റെ കോപ്പി കൊടുക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ബുര്‍ദയെ കുറിച്ച് ആരും ചോദിക്കാനിടയില്ലല്ലോ. ശേഷം ബൂസ്വീരി ഇമാം തിരിച്ച് ചോദിച്ചു :
‘ എന്റെ ഏത് കാവ്യമാണ് നിങ്ങളുദ്ദേശിച്ചത്…? ‘
ആ ചോദ്യം കേട്ട അബുര്‍റജാഅ് എന്നവര് ബുസ്വീരി ഇമാമിന് പാടി കൊടുത്തു :
‘ആമിന്‍ തദക്കുരി ജീറാനിന്‍ ബിദീ സലമീ
മസജ്ത്ത ദംഅന്‍ ജറാ മിന്‍ മുഖ്‌ലത്തിന്‍ ബിദമീ’
ഇങ്ങനെ തുടങ്ങുന്ന കാവ്യമാണ് ഞാന്‍ ചോദിച്ചത് ‘
ബുര്‍ദയുടെ ആദ്യ വരികള്‍ പാടിയ ശേഷം മഹാന്‍ പറഞ്ഞു.
ഇമാം ബുസ്വീരിയുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞു. അവിടുന്ന് ചോദിച്ചു :
‘ അല്ലാ, നിങ്ങളിതെവിടുന്നാണ് മന:പാഠമാക്കിയത്? ഞാനിതാരെയും കേള്‍പ്പിക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ലല്ലോ …! ‘
‘ അതോ… അത് ഇന്നലെ രാത്രി നിങ്ങള്‍ ഹബീബായ ? തങ്ങള്‍ക്ക് ഇത് പാടി കൊടുക്കുമ്പോള്‍ അവിടുന്ന് അതാസ്വദിച്ച് കൊണ്ട് കരിമ്പിന്‍ തണ്ട് കാറ്റിലാടുന്നത് പോലെ ആടുന്നത് ഞാന്‍ കണ്ടിരുന്നു. ആ സമയത്താണ് ഞാനിത് കേട്ട് പഠിക്കുന്നത് ‘
ഇമാം ബൂസ്വീരിക്ക് ഇനിയിതെവിടുന്ന് കിട്ടിയെന്നതിന് ഇതിനപ്പുറമെന്ത് തെളിവ് വേണം…! മഹാനവര്‍കള്‍ തന്റെ രചനയുടെ ആദ്യ പ്രതി കൈമാറി. അന്ന് തുടങ്ങിയതാണ് ബുര്‍ദയുടെ ഈ ജൈത്രയാത്ര. പിന്നീട് പ്രണയലോകം അത് തങ്ങളുടെ ഹബീബിനുള്ള ? ഔദ്യോഗിക പ്രമലേഖനത്തിന്റെ പ്രിയാംബിളാക്കി മാറ്റി ‘
കരീമുസ്താദിന്റെ വാക്കുകള്‍ നൂറയുടെ കാതുകളില്‍ അലയടിച്ചു.
അവര്‍ ബുര്‍ദ പൂര്‍ത്തിയാക്കുമ്പോള്‍ പുറത്ത് പ്രഭാതം വിടര്‍ന്നിരുന്നു.
നൂറ അത്രമേല്‍ ആനന്ദകരമായ ഒരുപ്രഭാതം ഈ അടുത്തൊന്നും അനുഭവിച്ചിട്ടില്ലാന്ന് തോന്നുന്നു. കാരണം ജീവിതത്തില്‍ വരാന്‍ പോകുന്ന ഒരുപാട് നല്ല തീരുമാനങ്ങള്‍ക്ക് രൂപം നല്‍കാന്‍ സാധിച്ച ദിവസമായിരുന്നു ഇന്നലെ.
അവളുടെ മനസ്സില്‍ ഇന്നലെ രാത്രി പുന:സംപ്രേഷണം ചെയ്തു വന്നു.
താന്‍ മുകളില്‍ നിന്നിറങ്ങി വരുമ്പോള്‍ സിറ്റിങ് റൂമില്‍ എന്തോ ആലോചനയിലിരിക്കുന്ന ഫൈറൂസയേയാണ് കണ്ടത്.
‘ഡീ… വാ… നമുക്ക് ഭക്ഷണം കഴിക്കാം’
അവിടെ ചെന്ന് വിളിച്ചു.
‘നൂറാ എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്… ‘
ഫൈറൂസയുടെ ശബ്ദം കനത്തിരുന്നു.
‘അതിനെന്തിനാടീ… ഇത്ര ഗൗരവം… നമുക്ക് രാവിലെ വരെ സമയമില്ലേ… ഞാനും ഇവിടുണ്ട് നീയുമുണ്ട്… ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് ഞാന്‍ അങ്ങുന്നിന്റെ പരാതിക്ക് ചെവികൊടുത്താല്‍ മതിയോ…? ‘
നൂറ തമാശ രൂപേണ ചിരിച്ച് കൊണ്ട് ചോദിച്ചു.
അവളുടെ ആ കുസൃതി നിറഞ്ഞ ചോദ്യം കേട്ടപ്പോള്‍ ഫൈറൂസക്ക് അവിടെ തന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ടായ നൂറയെയാണ് കാണാന്‍ സാധിച്ചത്.
അവളുടെ മനസ്സില്‍ നൂറയോട് പറയാനായി ഹിമാലയം പര്‍വ്വതം കണക്കേ കെട്ടിപ്പടുത്തുണ്ടാക്കിയിരുന്നതെല്ലാം നൂറയുടെ ആ നിറഞ്ഞ ചിരിക്കുമുമ്പില്‍ മഞ്ഞുമല പോലെ ഉരുകിയൊലിച്ചു പോയി.
‘മതിയേമാനത്തി ….! ‘
ഫൈറൂസ വിടര്‍ന്ന് ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
*
പക്ഷേ, ഫൈറൂസയുടെ മനസ്സില്‍ ഉരുകിയൊലിച്ച ആ ഹിമാലയം പുനര്‍ജനിക്കാന്‍ അധിക സമയം വേണ്ടി വന്നില്ല. അവളുടെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു :
‘പ്ലീസ് ടേക്ക് മൈ കോള്‍… ??’
അതോട് കൂടെ അവളുടെ ഹൃദയതാളം തെറ്റി. അതുവരെ പ്രസന്നത നിറഞ്ഞിരുന്ന മുഖത്ത് അരിശം ഉറഞ്ഞു കയറുന്നത് പോലെ തോന്നി. അവള്‍ പെട്ടെന്ന് മ്ലാന വദനയായി. ഭക്ഷണത്തിനും സൊറപറച്ചിലിനുമിടക്ക് ആരും ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും നൂറയവളെ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.
ഭക്ഷണം കഴിച്ചതിന് ശേഷവും ഫൈറൂസയുടെ മുഖത്ത് തളം കെട്ടി നില്‍ക്കുന്ന ദുഖം കണ്ട് നൂറ അവളുടെ അടുത്ത് ചെന്നു.
‘എന്താണ്… എന്തു പറ്റിയെടി…തലവേദനയാണെന്നു മാത്രം നീയെന്നോട് കളവ് പറയരുത്…കാരണം ഞാന്‍ നിന്നെ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല. നീ കളവ് പറഞ്ഞാലതെനിക്ക് മനസ്സിലാവില്ലാന്ന് നീ കരുതരുത്’
നൂറ ഫൈറൂസയുടെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ക്ക് സഹിക്കാനായില്ല. അവളുടെ സങ്കടം അണപൊട്ടി ഒഴുകി. കണ്ണുകള്‍ ജലസാന്ദ്രമായി. അവള്‍ നൂറയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
എന്താണെന്നറിയാതെ നൂറ കണ്ണു മിഴിച്ചു. അവളെ കരയാനനുവദിച്ച് കൊണ്ട് കുറച്ച് നേരം അങ്ങനെ അനങ്ങാതെ നിന്നു. കരച്ചിലൊന്നടങ്ങിയപ്പോള്‍ നൂറ ചോദിച്ചു.
‘എന്തേ….എന്തുപറ്റി…നീ കാര്യം പറ?’
‘നീ എന്തേ എന്റെ ഉമ്മാനെ കണ്ട വിവരം എന്നോട് പറയാതിരുന്നത്. ഉമ്മ നിന്നോട് എന്നെ പറ്റി പറഞ്ഞ കാര്യങ്ങളൊക്കെ നീയെന്തിനാണ് മറച്ചുവെച്ചത്…’
ഫൈറൂസ അപ്രതീക്ഷിതമായി ചോദിച്ചപ്പോള്‍ നൂറ ഒന്ന് ഞെട്ടി മാറി. അവള്‍ക്ക് തന്റെ നാവുകള്‍ ഉള്‍വലിയുന്നത് പോലെ അനുഭവപ്പെട്ടു. എന്തു പറയണമെന്ന ഉത്തരത്തിന് വേണ്ടി അവള്‍ ഉഴറി പരതി.
‘എന്താണിവിടെ രണ്ടാള്‍ക്കും കൂടെ ഒരു സ്വകാര്യം പറച്ചില്…’
അതുവരെ ഉമ്മമ്മയുടെ കൂടെയായിരുന്ന ഫര്‍സാന പെട്ടെന്ന് റൂമിലേക്ക് കയറിവന്നു . ചോദ്യം കേട്ട് രണ്ടാളും മിണ്ടാതെ നിന്നു. ഫര്‍സാന രണ്ടു പേരുടേയും മുഖത്തേക്ക് മാറി മാറി നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നില്‍ക്കുന്ന ഫൈറൂസയോടും തെറ്റുകാരിയെ പോലെ പമ്മി നില്‍ക്കുന്ന നൂറയോടും അവള്‍ വീണ്ടും ചോദിച്ചു:
‘എന്താപ്പണ്ടായേ…ചോറ് തിന്ന് കഴിഞ്ഞതിന് ശേഷമുള്ള ഒരു പത്ത് മിനിറ്റിന്റെ ഗ്യേപ്പല്ലേ…ഞാന്‍ നിങ്ങള്‍ക്കിടയിലിട്ടിട്ടൊള്ളൂ അതിനിടക്ക്പ്പം ത്ര വലിയ കാര്യന്താണ്ടായേ….ഇവട വല്ല അണുബോബും വീണോ….!?
ഫര്‍സാന കലിപ്പിലാണ്. ആ കലിപ്പ് തൃശൂര്‍ സ്ലാങ്ങിലാവുമ്പോള്‍ അതിന്റെ മൊഞ്ചിത്തിരി കൂടും.
‘എടീ അത് ഞങ്ങള്‍ തമ്മിലുള്ള ഒരു പേഴ്സണല്‍ വിഷയമാണ്…ഞാന്‍ സൗകര്യം പോലെ നിന്നോട് പറയാം…ഞാനിപ്പോ ഏതായാലും ന്റെ വീട്ടിലേക്ക് തിരിച്ചു പോകാണ്’
ഫൈറൂസ യാത്ര പറയാനൊരുങ്ങി.
‘ഫൈറൂ….’
നൂറ ഹൃദയം നുറുങ്ങുന്ന വേദനയോടെ വിളിച്ചു.
‘ആഹാ…ഈ പാതിരാത്രിയില്‍ നീ വീട്ടില്‍ പോകാനോ…പ്രത്യേകിച്ച് ഞാനിവിടെ ഉണ്ടായിരിക്കേ…രണ്ടാളും പറയാനുള്ളത് പറഞ്ഞ് തീര്‍ത്ത് ഒരു തീരുമാനമാക്കിയിട്ട് എന്ത് വേണേലും ചെയ്തോ…’
ഫര്‍സാന പോയി കതകിന്റെ കുറ്റിയിട്ട് അവിടെ തന്നെ നിന്നു. ഫൈറൂസ പല കാരണങ്ങളും പറഞ്ഞ് സ്ഥലം കാലിയാക്കന്‍ നോക്കിയെങ്കിലും ഫര്‍സാന അവളെ പോകാനനുവദിച്ചില്ല. അവസാനം ഗതികെട്ട് ഫൈറൂസ പറഞ്ഞു:
‘ഡീ….എനിക്ക് കോളേജിലൊരു കണക്ഷനുണ്ട്. ഞങ്ങളൊന്ന് രണ്ടു വര്‍ഷമായി അടുപ്പത്തിലാണ്. ഉമ്മച്ചി അതറിഞ്ഞത് ഞാനറിഞ്ഞിരുന്നില്ല. പക്ഷെ, ഇന്നിവളുടെ ഡയറി ഞാന്‍ യാദൃശ്ചികമായി വായിക്കാനിടയായി. അതില്‍ നിന്നാണ് ഉമ്മച്ചി ഇതറിഞ്ഞതും എന്നെ നന്നാക്കിയെടുക്കാന്‍ ഇവള്‍ക്ക് ക്വട്ടേഷന്‍ കൊടുത്തതും എല്ലാം ഞാനറിഞ്ഞത്. എന്നിട്ട് ഇത്രയും നേരം ഒന്നും അറിയാത്ത പോലെ അഭിനയിക്കുകയായിരുന്നു അവള് എന്റെ മുമ്പില്’
ഫൈറൂസ സങ്കടം കൊണ്ട് തന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളെല്ലാം വിളിച്ചു പറഞ്ഞു. പക്ഷേ, അതായിരുന്നില്ല അവളെ യഥാര്‍ത്ഥത്തില്‍ അലട്ടിയിരുന്നത് മറിച്ച് അവള്‍ തുടര്‍ന്ന് പറഞ്ഞതാണ്.
‘എഡീ എന്തിനാണ് ഞാനിന്ന് നിങ്ങള് വിളിച്ചപ്പോ സന്തോഷത്തോടെ ഇങ്ങോട്ട് ഓടികിതച്ച് വന്നതെന്നറിയുമോ നിനക്ക്…?’
ഫൈറൂസ അര്‍ദ്ധ വിരാമത്തില്‍ നിറുത്തി….
‘നീ…പറ…’
ഫര്‍സാന പതുക്കെ അവളോട് ചേര്‍ന്ന് നിന്നു കൊണ്ട് പറഞ്ഞു.
‘എഡീ രണ്ടു ദിവസമായി ഞാനും അവനും ബ്രേക്കപ്പായിട്ട്…അവന്റെ ആ മിസ്സിങ്ങും ഏകാന്തതയും എല്ലാം എങ്ങനെ ഒഴിവാക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് നിങ്ങള് രണ്ടാളും വരുന്നതും നമ്മള് സംസാരിക്കുന്നതും.’
ഫൈറൂസ ഒന്ന് വിങ്ങി
‘ കൂറേ കാലത്തിന് ശേഷം നൂറയോട് സംസാരിച്ചപ്പോള്‍ മനസ്സിന് വല്ലാത്ത ഒരാനന്ദം തോന്നി. പഴയ കാല ഓര്‍മകള്‍ എന്നില്‍ നിറഞ്ഞു. വീണ്ടും അവളുടെ അടുത്തിരുന്നാല്‍ ഞാന്‍ പഴയ ഫൈറൂസയാകും എന്ന് കരുതിയിട്ട് തന്നെയാണ് ഞാനിങ്ങോട്ട് വന്നത്. എന്നാലും ഇവള്‍ക്കിതെന്നോടൊന്ന് പറഞ്ഞൂടായിരുന്നോ…കൂടാതെ ദാ അവനിപ്പൊ ഫോണെടുക്ക്ന്നും പറഞ്ഞ് നിര്‍ത്താതെ മെസേജയച്ച് കൊണ്ടിരിക്കുന്നു. ഇന്ന് തന്നെയിത് അമ്പതിലേറെ മെസ്സേജായി… എനിക്കറിയൂല… ഞാനിനി എന്ത് ചെയ്യണമെന്ന് ആരോടാണിതൊക്കൊന്ന് പറയാന്ന്… ‘
ചിറപൊട്ടി ഒഴുകുന്ന വെള്ളത്തിന് കുറുകെ തടസ്സം വെച്ചത് പോലെ അവളുടെ സംസാരം നിലച്ചു.
‘എടീ…നീന്നോടിതെങ്ങനെ പറയും എന്നാ ആലോചനയിലാണ് നിന്റെ ഉമ്മ എന്നോട് ഈ സംഭവം വിവരിച്ച നിമിഷം മുതല്‍ ഞാന്‍ . ഒന്ന് മനസ്സമാധാനമായിട്ട് കിടന്നുറങ്ങാനെനിക്ക് സാധിച്ചിട്ടില്ല അറിയോ നിനക്ക് .’ ന്റെ ഫൈറൂസക്ക് എങ്ങനെ ഇത് സംഭവിച്ചു’വെന്ന കുറ്റബോധത്തിലേനി ഇതുവരെ ഞാന്‍. അതാടീ… ഞാന്‍ വീണ്ടും നിന്റെ അടുത്ത് വന്നതും ബന്ധം പുതുക്കിയതും. പതുക്കെ പഴയ നമ്മളായതിന് ശേഷം നിന്നോടൊക്കെ പറയാനിരിക്കുകയായിരുന്നു ഞാന്‍. ഡീ… നിന്റെ കൂടെ ഏത് സമയത്തും ഞാനുണ്ടായിരുന്നിട്ടില്ലേ…ആ ഞാനിനിയുമുണ്ടാകും നമുക്കിനിയും പഴയ നൂറയും ഫൈറൂസയുമാവാം… ‘
നൂറ കരഞ്ഞു കൊണ്ട് പറഞ്ഞു നിര്‍ത്തി.
ഫൈറൂസയും അവളും കുറച്ച് സമയം പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു. അവസാനം ഫൈറൂസ ഓടിവന്ന് നൂറയെ കെട്ടിപ്പിടിച്ചു. അവര്‍ രണ്ടു പേരും പരസ്പരം കരഞ്ഞു. ഇത് കണ്ട് ഫര്‍സാനയുടെ കണ്ണിന്റെ കോണില്‍ ചുടുകണം ഉരുണ്ടു കൂടി.
അവള്‍ പറഞ്ഞു:
‘ആ….എല്ലാം റെഡിയായല്ലോ….? ഇനി സെന്റിമെന്റല്‍ മൂഡൊക്കെ ഒന്ന് മാറ്റി പിടി…ശൊടാ…മനുഷ്യനാദ്യായിട്ട് ഒരാളുടെ വീട്ടില്‍ വന്നപ്പോ ഫുള്‍ കരച്ചിലും പിഴിച്ചിലുമാണല്ലോ…!?’
ഫര്‍സാനയുടെ കമന്റ് കേട്ട് നൂറയും ഫൈറൂസയും ചിരിച്ചു.
******* ****** *******
രാത്രി എപ്പോഴാണുറങ്ങിയതെന്ന് അവര്‍ക്ക് മൂന്ന് പേര്‍ക്കും കൃത്യമായിട്ട് അറിയില്ല. അവര്‍ കഥകള്‍ പറഞ്ഞു ഓര്‍മകള്‍ പുതുക്കി. ഫൈറൂസ തന്റെ വ്യഥകളും ആവലാതികളുമെല്ലാം അവരുടെ മുമ്പില്‍ ഇറക്കിവെച്ചു. അതെല്ലാം പറഞ്ഞു തീര്‍ന്നപ്പോള്‍ അവള്‍ക്കെന്തോ ഭാരമിറക്കിവെച്ച പ്രതീതി. പരസ്പരം ആവശ്യമുള്ള സമയത്ത് സാന്ത്വനമായും തുണയായും കൂടെയുണ്ടാകുമെന്ന് എല്ലാവരും പ്രതിജ്ഞയെടുത്തു.
ജീവിതത്തില്‍ സ്വയം തീരുമാനമെടുക്കുന്നതിന് മുമ്പ് പരസ്പരം അഭിപ്രായം തേടണമെന്നതില്‍ അവര്‍ക്ക് ഏകാഭിപ്രായമായിരുന്നു.
നൂറ തന്റെ ആത്മീയ കുടുംബശ്രീയെന്ന ആശയം അവര്‍ക്ക് മുമ്പിലവതരിപ്പിച്ചു. എന്നാല്‍ ഹിസ്ബ് ക്ലാസരംഭിക്കുന്നതിന് മുമ്പ് നമുക്ക് ഇതാലോചിക്കാമെന്ന് ഫൈറൂസ. അങ്ങനെയവാമെന്ന് നൂറ. അവള്‍ താനെഴുതിയുണ്ടാക്കിയ നിബന്ധനകളോരോന്നും അവരെ ഉറക്കെ വായിച്ചു കേള്‍പ്പിച്ചു.
ആത്മീയ കുടുംബശ്രീ:
1. ആത്മീയാന്തരീക്ഷത്തിലുള്ളതായിരിക്കണം
2. ഓരോ ദിവസവും അംഗങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായ സന്തോഷ സന്താപങ്ങള്‍ പങ്കുവെക്കണം.
3. കഴിവതും സമപ്രായക്കാരാവണം.
4.എന്തും തുറന്ന് പറയാനുള്ള അവസരം നല്‍കണം. (പൂര്‍ണ്ണമായി ലഭിക്കേണ്ടവര്‍ ഭാഗം 10 വായിക്കുക).
വായന കഴിഞ്ഞപ്പോള്‍ നൂറ അവരെ നോക്കി. രണ്ട് പേര്‍ക്കും പൂര്‍ണ്ണ സമ്മതം. ആദ്യഘട്ടമെന്ന നിലയില്‍ നിലവിലെ ഗ്രൂപ്പംഗങ്ങളായ അവര്‍ മൂന്നു പേരും ആഴ്ചയിലൊരിക്കല്‍ ഒരുമിച്ച് കൂടണമെന്ന് തീരുമാനമായി. ആദ്യ ഘട്ടമായി അടുത്ത വെള്ളിയാഴ്ച വൈകുന്നേരം എന്റെ വീട്ടിലാവാമെന്ന് ഫൈറൂസ ആവേശത്തോടെ പറഞ്ഞു.
സാധിക്കുമെങ്കില്‍ ഓരോരുത്തരും നാട്ടിലെ ഏതെങ്കിലും ഒരു സഹപ്രവര്‍ത്തകയെ കൂടെക്കൂട്ടാന്‍ ശ്രമിക്കണമെന്നും നൂറ ഓര്‍മപ്പെടുത്തി. പ്രധാനപ്പെട്ട എന്ത് തീരുമാനമെടുക്കുകയാണെങ്കിലും ആ വിഷയവുമായി അറിവുള്ളവരോട് മുശാവറ നടത്താനും തീരുമാനിച്ചു. അവസാനമവര്‍ സന്തോഷത്തോടെ പ്രാര്‍ത്ഥന നടത്തി സ്വലാത്ത് ചൊല്ലി കിടന്നു. നൂറയുടെ മനസ്സ് അല്ലാഹുവിന് ഹംദുകളര്‍പ്പിച്ചു കൊണ്ടേയിരുന്നു.
പിറ്റേന്ന് പ്രാതലിന് ശേഷമാണ് ഫൈറൂസ സലാം പറഞ്ഞു പിരിഞ്ഞത്. പോകാന്‍ നേരം നൂറ അവളുടെ അടുത്ത് ചെന്ന് പറഞ്ഞു:
‘എടീ…എന്തുണ്ടെങ്കിലും വിളിക്കാന്‍ മറക്കരുതേ…’
‘ഞാന്‍ വിളിക്കാടീ…ഇനിയും നിന്നാല്‍ കോളേജിലേക്ക് വൈകും. നിങ്ങള്‍ക്കും പോകാനായില്ലേ…’
ഫൈറൂസ ധൃതിയിട്ട് ഇറങ്ങുന്നതിനിടയില്‍ ചോദിച്ചു.
‘അതെ, ഞങ്ങളും ഇറങ്ങുകയാണ്…’
നൂറ തിരിച്ച് വീടുനുള്ളിലേക്ക് തന്നെ നടക്കുന്നതിനിടയില്‍ പറഞ്ഞു.
‘ഡീ നിന്റെ ഒരുക്കങ്ങളൊക്കെ കഴിഞ്ഞോ…?’
ഉമ്മമ്മയോട് സൊറ പറഞ്ഞിരിക്കുന്ന ഫര്‍സാനയോട് നൂറ വിളിച്ച് ചോദിച്ചു.
‘ഇല്ലടീ….ദാ വരുന്നു, ഉമ്മമ്മാ.. ന്നാല്‍ ഞാന്‍ പോയി റെഡിയാവട്ടെ…ഇനിയും കാണണം. അസ്സലാമു അലൈക്കും’
ഫര്‍സാന ഉമ്മമ്മയുടെ ചുളിവുകള്‍ വീണ നെറ്റിത്തടത്തില്‍ ഉമ്മവെച്ച് കൊണ്ട് തിരിഞ്ഞു നടക്കുന്നതിനിടയില്‍ പറഞ്ഞു.
‘അയ്ക്കോട്ടെ കുട്ട്യേ…ഞ്ഞിഉം വരോണ്ടീ….’
അവളോട് പറഞ്ഞ് തീരാനുള്ള കഥകള്‍ ഇനിയുമൊരുപാടുണ്ടെന്നോണം വാര്‍ധക്യം ബാധിച്ച ശബ്ദത്തില്‍ ഉമ്മമ ഇടറി പറഞ്ഞു.
കോളേജിലേക്കുള്ള ഒരുക്കങ്ങള്‍ ഝടുതിയില്‍ കഴിഞ്ഞു. നൂറ വാച്ചിലേക്ക് നോക്കി ബസ് എത്തേണ്ട സമയമായിരിക്കുന്നു. വീട്ടില്‍ നിന്ന് പെട്ടെന്നിറങ്ങി ബസ്റ്റോപ്പിലേക്കോടി. അവരവിടെയെത്തുമ്പോള്‍ അവരെയും കാത്ത് സുല്‍ത്താന്‍ ഹോണടിച്ച് നില്‍ക്കുന്നുണ്ട്.
‘വേഗം…വന്ന് കയറ്…’
ഫ്രണ്ട് ഡോറില്‍ നിന്ന് ക്ലീനര്‍ ആക്രോഷിച്ചു. അയാള്‍ പുതിയ ആളാണെന്ന് തോന്നുന്നു നൂറ മനസ്സില്‍ നിനച്ചു. കാരണം ഇതിന് മുമ്പ് ആരും ഇതുപോലെ ശബ്ദമിട്ടതായി അവള്‍ക്ക് കേട്ട ഓര്‍മ്മയില്ല.
‘കേരളത്തിലുള്ള ബസ്സുകാര്‍ക്കെല്ലാം ഒരേ സ്വഭാവമാണെന്ന് തോന്നുന്നുവല്ലേ…ഇവരിത് എവിടുന്ന് ട്രൈനിങ് കിട്ടിയിട്ടാണവോ..ഇറങ്ങുന്നത്….?’
ഫര്‍സാന ക്ലീനറോടുള്ള ദേഷ്യത്തിന് നൂറയുടെ ചെവിയില്‍ പതുക്കെ ചോദിച്ചു. നൂറ ചിരിയടക്കി പിടിച്ചു. അവര്‍ കൃത്യ സമയത്ത് തന്നെ കോളേജിലെത്തി.
സുനില്‍ മാഷാണ് ആദ്യ ഹവറില്‍. ഡിപാര്‍ട്മെന്റില്‍ മനസ്സമാധാനത്തോടെ ഇരിക്കാനും മടുപ്പില്ലാതെ കേള്‍ക്കാനും പറ്റിയ ഒരു ക്ലാസ് സാറുടേതാണെന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്. മറ്റുള്ള അധ്യാപകരെ പറഞ്ഞിട്ട് കാര്യമില്ല, കാരണം ശാസ്ത്രവിഷയങ്ങള്‍ അങ്ങനെയേ പഠിപ്പിക്കാന്‍ സാധിക്കൂ. പാട്ടും കഥയും പാടി വിവരിക്കാന്‍ പറ്റുന്ന ഒന്നല്ലല്ലോയത്. എന്നാല്‍ സുനില്‍മാഷുടെ ക്ലാസ് ഭയങ്കര ഫിലോസഫിക്കലാണെന്നാണ് എല്ലാവരും പറയാറ്. അതുകൊണ്ട് തന്നെയാണ് കുട്ടികള്‍ക്ക് സാറിന്റെ ക്ലാസിനോട് പ്രത്യേക താത്പര്യവും.
പക്ഷെ, ആള് ഭയങ്കര മതവിരോധിയാണെന്നാണറിഞ്ഞത്. അത് അറിഞ്ഞപ്പോഴാണ് നൂറയുടെ ഉള്ളൊന്ന് പിടഞ്ഞത്. ഉന്നത പഠനത്തിനിറങ്ങുന്ന വിദ്യാര്‍ത്ഥികളെല്ലാം മതത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താറുണ്ടെന്നവള്‍ക്കറിയാം. താനൊരു മതവിശ്വാസിയാണെന്ന് കോളേജില്‍ തുറന്നു പറയാന്‍ പലപ്പോഴും മടിയാണ്. അതിന് കാരണം താനൊരു യാഥാസ്തികനാണെന്ന് ആളുകള്‍ ഗണിക്കപ്പെടുമോയെന്ന തോന്നലാണ്. പിന്നെ ഇതുപോലുള്ള അധ്യാപകരുടെ സ്റ്റഡീ ക്ലാസുകളും. നൂറ മനസ്സിലിങ്ങനെ ആലോചിച്ച് കൂട്ടുന്നതിനിടക്ക് സുനില്‍ മാഷ് ക്ലാസിലേക്ക് കയറിവന്നു.
ക്ലാസില്‍ കയറിയ ഉടന്‍ സാറ് മാര്‍ക്കറെടുത്ത് വൈറ്റ് ബോഡിലിങ്ങനെ എഴുതി:
‘റിലിജിയന്‍സ് ആന്‍ഡ് സയന്‍സ്’
അത് വായിച്ചപ്പോള്‍ നൂറയുടെ മനസ്സ് ഒന്ന് കിടുങ്ങി.
‘റബ്ബേ…മനസ്സില്‍ നിനച്ചതേയൊള്ളൂവല്ലോ…നീ എന്റെ ഈമാനെ കാത്തോളണേ…’
അവള്‍ ഒരുനിമിഷം കണ്ണുകളടച്ച് പ്രാര്‍ത്ഥിച്ചു.
ക്ലാസില്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുണ്ട്. സാറ് മതങ്ങളും ശാസ്ത്രവും രൂപപ്പെട്ടതും അത് വ്യത്യാസപ്പെടുന്ന സന്ദര്‍ഭങ്ങളും മതത്തിലെ യുക്തിയില്ലായ്മയും ശാസ്ത്രത്തിന്റെ കെട്ടുറപ്പുമെല്ലാം വിശദീകരിച്ചു കൊണ്ടിരിക്കുകയാണ്.
അദ്ദേഹം പറയുന്ന പലതിനോടും വിയോജിക്കണമെന്ന് നൂറക്കുണ്ടായിരുന്നു. പക്ഷെ, ക്ലാസിലാരും അതിനെ ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. കാരണം എല്ലാവരും സാറ് പറയുന്നത് തലയാട്ടി സമ്മതിക്കുന്നുണ്ട്.
എങ്ങെനെയാണിവര്‍ക്കിതുള്‍ക്കൊള്ളാന്‍ സാധിക്കുന്നതെന്ന് നൂറ ആശ്ചര്യപ്പെട്ടു. ചിലപ്പോള്‍ തന്നെ പോലെ സാറോട് വിയോജിക്കാനുള്ള മടി കാരണം മിണ്ടാതിരിക്കുന്നവരുമുണ്ടാവും. അവള്‍ സ്വയം ആശ്വാസം കണ്ടെത്തി.
ഇപ്പോള്‍ സാറ് വിവാഹസമ്പ്രദായത്തെ കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
‘പരസ്പരം ഇഷ്ടപ്പെടുക എന്നതാണ് വിവാഹത്തിന്റെ അടിസ്ഥാനം. അല്ലാതെ, മറ്റൊന്നുമല്ല. താലിചാര്‍ത്തല്‍, മനസ്സമ്മതം, നികാഹ് തുടങ്ങിയ ആചാരങ്ങളെല്ലാം മതം പുതുതായി രൂപപ്പെടുത്തിയതാണ്. അതെല്ലാം..മതം മനുഷ്യര്‍ക്ക് മേല്‍ ഒരടിസ്ഥാനവുമില്ലാതെ അടിച്ചേല്‍പ്പിച്ചതാണ്.’
സാറ് ക്ലാസ് തുടരുകയാണ്. നൂറ ചുറ്റുപാടും നോക്കി. എല്ലാവരും അയാളുടെ മുഖത്തേക്ക് സാകൂതം നോക്കുന്നുണ്ട് എന്നല്ലാതെ ആ ക്ലാസിന് ഒരു ഭാവ വ്യത്യാസവുമുണ്ടായിട്ടില്ല. ഹിജാബും നിഖാബുമിട്ട് ആ ക്ലാസിലിരിക്കുന്ന നൂറയെ സംബന്ധിച്ചിടത്തോളം സാറ് മുകളില്‍ പറഞ്ഞ സെന്റന്‍സ് മുഖത്ത് നോക്കി പരിഹസിക്കുന്നതിന് സമാനമാണ്.
പക്ഷെ, മതത്തിന്റെ വിധിന്യായങ്ങള്‍ പറഞ്ഞ് വിശദീകരിക്കാന്‍ പറ്റിയ ഒരു സന്ദര്‍ഭവും സാഹചര്യവുമല്ലയിതെന്ന ബോധ്യമവള്‍ക്കുണ്ട് താനും. നൂറ തൊട്ടടുത്തിരിക്കുന്ന ഫര്‍സാനയെ തോണ്ടി.
‘എന്താടി…?’
ഫര്‍സാന പതുക്കെ ചോദിച്ചു.
‘എങ്ങനയാടീ നിനക്ക് ഇതൊക്കെ കേട്ടിരിക്കാന്‍ കഴിയുന്നത്. ബാക്കിയെല്ലായിടത്തും നീ വലിയവായില്‍ വര്‍ത്താനം പറയാറുണ്ടല്ലോ…അയാളിങ്ങനെയൊക്കെ മതത്തെ പറഞ്ഞിട്ട് നിനക്കൊന്നും ചോദിക്കാനില്ലേ…!?’
നൂറ ഫര്‍സാനയോട് കയര്‍ത്തു .
‘ഞാനെന്തോന്ന് ചോദിക്കാനാണ്…’
എന്ത് ചോദിക്കണമെന്നറിയാതെ ഫര്‍സാന നൂറയുടെ മുഖത്ത് നോക്കി കൈമലര്‍ത്തി.
‘എന്താണ് അവിടെയൊരു സംസാരം…?’
അവര്‍ രണ്ട് പേരും വാഗ്വാദത്തിലേര്‍പ്പെടുന്നത് കണ്ടതിനാലാവാം സുനില്‍ സാറ് വിളിച്ച് ചോദിച്ചു.
‘സാര്‍ ഇവള്‍ക്കെന്തോ സംശയം….!?’
ഫര്‍സാന സാറിന്റെ ചോദ്യത്തിന് നൂറയെ ചൂണ്ടിയിട്ട് പെട്ടെന്ന് മറുപടി നല്‍കി.
‘ദെന്‍, സ്റ്റാന്റ് അപ് ആന്റ് ഷൂട്ടിറ്റ്’
സുനില്‍ മാഷ് ചോദിക്കാനാവശ്യപ്പെട്ടു. കുട്ടികളുടെ ചോദ്യങ്ങള്‍ കേള്‍ക്കാനും അതിന് യുക്തിയിലൂടെ ഉത്തരം പറയാനും ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ് മാഷ്.
‘നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടീ…’ എന്ന മുഖഭാവത്തോടെ ഫര്‍സാനയുടെ മുഖത്തേക്ക് തറപ്പിച്ച് നോക്കി കൊണ്ട് നൂറ പതുക്കെ എഴുന്നേറ്റ് നിന്നു.
‘നൂറാ….! ആം ഐ റൈറ്റ്….?’.
നൂറ എഴുന്നേറ്റ് നിന്നപ്പോള്‍ സാറ് ശങ്കിച്ചു കൊണ്ട് ചോദിച്ചു
‘യെസ്, സര്‍…’
നൂറ മറുപടി പറഞ്ഞു.
‘എന്താ..നൂറ സംശയം ചോദിച്ചോളൂ…’
എന്തോ തെറ്റു ചെയ്തവളെന്ന പോലെയായിരുന്നു ആ സമയത്ത് ക്ലാസിലുള്ളവര്‍ അവളെ നോക്കിയത്. തന്റെ സര്‍വ ധൈര്യവും സംഘടിപ്പിച്ചു കൊണ്ട് നൂറ ചോദിച്ചു:
‘സര്‍, പരസ്പരം ഇഷ്ടപ്പെട്ട രണ്ടുപേര്‍ ഒരു ധാരണയിലെത്തി ഒരുമിച്ച് ജീവിക്കുയെന്നതാണ് വിവാഹം. അവിടെ മറ്റുകാര്യങ്ങള്‍ക്ക് പ്രസക്തിയില്ല, അതെല്ലാം മതങ്ങള്‍ അടിച്ചേല്‍പ്പിച്ചതാണെന്നാണല്ലോ സാറുപറഞ്ഞത്…?’
നൂറ അര്‍ദ്ധ വിരാമമിട്ടു.
‘അതേ…’
മാഷ് തലയാട്ടി. നൂറ തുടര്‍ന്നു.
‘സര്‍ എങ്കില്‍ ഇതേ നിലപാട് നമുക്ക് മറ്റെല്ലാ സ്ഥലത്തും അപ്ലേ ചെയ്തു കൂടെ, ഉദാഹരണമായി..സാറിന്റെയും അയല്‍വാസിയുടെയും സ്ഥലത്തിന് നിലവില്‍ മുദ്രകടലാസില്‍ ഒപ്പുവെച്ച് രജിസ്ട്രേഷന്‍ ചെയ്തിട്ടില്ലേ..?’
‘അതെ.. ഉണ്ട്..’
‘സര്‍, നിങ്ങള്‍ മുകളില്‍ പറഞ്ഞ യുക്തിയില്‍ ചിന്തിക്കുകയാണെങ്കില്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ രണ്ടു പേരും പരസ്പരം മനസ്സിലാക്കി ഇതെന്റെ സ്ഥലവും മറ്റേത് നിന്റെ സ്ഥലവുമാണെന്ന ധാരണയിലെത്തലായിരുന്നില്ലേ ഉത്തമം. അതല്ലേ മാനുഷികം. പിന്നെയെന്തിനിത് ചെയ്യുന്നു..!?’
…
മാഷ് നൂറയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നുവെന്നല്ലാതെ ഉത്തരം പറഞ്ഞില്ല. അവള്‍ തുടര്‍ന്നു:
‘ ഞാന്‍ മനസ്സിലാക്കിയതുവെച്ച് അതെന്തു കൊണ്ടാണെന്നുവെച്ചാല്‍ ഭാവിയില്‍ ഒരു തര്‍ക്കമോ മറ്റു കൈ കടത്തലുകളോ ഇല്ലെന്ന് ഉറപ്പ് വരുത്താനും നിങ്ങള്‍ക്കിടയില്‍ ധാര്‍മികത നിലനിര്‍ത്താനും വേണ്ടിയാണ്. അല്ലേ…സര്‍’
നൂറ വീണ്ടും ചോദിച്ചപ്പോള്‍ സാറ് എന്തോ ആലോചിച്ച് കൊണ്ട് മനസ്സില്ലാതെ’ അതെ’ എന്നു പറഞ്ഞു.
‘എങ്കില്‍ അതുപോലെ തന്നെ, ഓരോ മതവും വിവാഹത്തിന് പ്രത്യേക പ്രോട്ടോക്കോള്‍ നിശ്ചയിച്ചിട്ടുണ്ട്. അത് അടിച്ചേല്‍പ്പിച്ചതാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നത് അതിന്റെ പിന്നിലെ രഹസ്യമന്വേഷിക്കാതെയുള്ള വീഴ്ച്ചവരുത്തലല്ലെ സര്‍. ആ രഹസ്യമന്വേഷിക്കുന്നതിനെയല്ലേ…ശാസ്ത്രമെന്ന് വിളിക്കേണ്ടത്….? ആ രഹസ്യത്തെ നിരാകരിക്കുന്നതിനെ സത്യം തേടാനുള്ള ഭയമെന്നല്ലെ പറയേണ്ടത്…?’
ആ കനത്ത നിശബ്ദതയില്‍ ഒരു നിലയില്‍ നൂറ പറഞ്ഞു തീര്‍ത്തു. അവള്‍ക്ക് തന്നെ അതിശയമായിരുന്നു താനിതെങ്ങെനെയാണ് പറഞ്ഞതെന്ന്. എന്തോ ഒരുശക്തിയവളില്‍ നിറഞ്ഞത് പോലെ.
ഉടനെ ക്ലാസിനനക്കം വന്നു. നൂറ പറഞ്ഞതുശരിയല്ലേ…യെന്ന മുഖഭാവം പലരുടെയും മുഖത്ത്. അങ്ങനൊയൊരനക്കത്തിനു വേണ്ടി തന്നെയായിരുന്നു അവളാ ചോദ്യം ചോദിച്ചതും.
‘അതെ, നൂറ നമുക്ക് മുമ്പിലേക്കിട്ടത് പ്രസക്തമായ ഒരാശയമാണ്. ആ വശം കൂടെ നാം പഠന വിധേയമാക്കേണ്ടതുണ്ട്. വരും ക്ലാസുകളില്‍ അതിനെ കുറിച്ച് നമുക്ക് കൂടുതല്‍ സംസാരിക്കാം.’
സുനില്‍ മാഷ് ക്ലാസ് നിറുത്താനുള്ള ഒരുക്കത്തിലാണെന്ന് വ്യക്തം. എല്ലാത്തിനും മറുപടി പറയാറുള്ള സാറ് എന്തിനിതിനുമാത്രം മറുപടി പറഞ്ഞില്ലെന്ന് ക്ലാസിലെ പലരും ചിന്തിച്ചു.
ഫര്‍സാന നൂറയുടെ പുറത്ത് നുള്ളിക്കൊണ്ട് പറഞ്ഞു:
‘കൊച്ചു കള്ളീ…നീ സാറിനെ കുഴപ്പിച്ചല്ലോ…അയാളിനി ക്ലാസിലേക്ക് വര്വോ എന്ത്വോ…’
‘ഏയ്…ഞാന്‍ സാറെ കുഴപ്പിച്ചതൊന്നുല്ല…ഞാനെന്റെയൊരു സംശയം ചോദിച്ചതല്ലേ…’
നൂറ ഫര്‍സാനയോട് പറഞ്ഞു.
‘ഏതായാലും സാറിന് നിന്നെ നല്ലത് പോലെ ബോധിച്ചിട്ടുണ്ട്…’
ഫര്‍സാന വീണ്ടും സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു. നൂറ ചിന്തകളുടെ മറ്റൊരു ലോകത്തിലേക്ക് പ്രവേശിച്ചു.
‘ മത നിരാസം സമൂഹത്തില്‍ വളരുന്നുണ്ട്. പ്രത്യേകിച്ച് യുവതലമുറയില്‍. കാമ്പസുകളാണ് ഇതിന്റെ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍. കാമ്പസുകളില്‍ തന്റെ മതത്തിന്റെ ഐഡന്റിറ്റി വ്യക്തമാക്കാന്‍ പലര്‍ക്കും അപകര്‍ഷതയാണ്. അതേസയത്ത് മതനിരാസം അഭിമാനവും പുരോഗമനപരവും.
മതനിരാസത്തിന് വിദ്യാര്‍ഥികളുടെ സാഹചര്യവും സന്ദര്‍ഭവും പ്രധാനകാരണമാകുന്നുണ്ടെന്നത് സത്യമാണ്. കാരണം തന്റെ മേലില്‍ വിലക്കുകളും നിയന്ത്രണങ്ങളും മാത്രം ചെലുത്തുന്ന ഒരു രക്ഷകര്‍ത്താവ് മാത്രമാണ് മതമെന്നാണ് പലരുടെയും ധാരണ. അങ്ങനെ ധരിച്ചു വശായ വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലേക്കാണ് അധ്യാപകര്‍ ഇത്തരം ചോദ്യങ്ങളിടുന്നത്,യുക്തി ചിന്തകള്‍ ഇഞ്ചക്റ്റ് ചെയ്യപ്പെടുന്നത്. തിരിച്ചു ചോദിക്കാനവര്‍ക്കറിയില്ല. അപ്പോള്‍ പിന്നെ, മതം അവര്‍ക്ക് അപകര്‍ഷതയാകാതിരിക്കുന്നതെങ്ങെനെയാണ്…!ഈ അവസരം മുതലെടുക്കുന്ന രാഷ്ട്രീയ-നിരീശ്വരവാദികളുണ്ട് എന്നതാണ് വസ്തുത.
വീട്ടില്‍ നിന്ന് കുട്ടികള്‍ക്ക് മതത്തെ അടുത്തറിയാനുള്ള സാധ്യതകളൊരുക്കണം. നിയന്ത്രണങ്ങള്‍ മാത്രമല്ല മതമെന്നും അതൊരു ജീവിത ചര്യയാണെന്നും അവരെ ബോധ്യപ്പെടുത്തണം.’
നൂറയുടെ പ്രബോധക മനസ്സുണര്‍ന്നു. അവിടെ ധൈഷണികമായ ഒരുപാട് വാഗ്വാദങ്ങള്‍ നടന്നു.
‘ഡീ…നിനക്ക് എങ്ങനെയാ.. അയാളോട് അങ്ങനെ ചോദിക്കാന്‍ കഴിഞ്ഞത്…ശരിക്കും നീ ചോദിച്ചതിന് സാറ് ഉത്തരം പറഞ്ഞിട്ടില്ലല്ലോ…’
അതുല്യ പിറകില്‍ നിന്ന് നൂറയോട് വിളിച്ച് ചോദിച്ചു. അതുല്യയുടെ ആ ചോദ്യവും അതിന് ശേഷമുള്ള വിശദീകരണവും നൂറക്ക് സന്തോഷം പകര്‍ന്നു.
‘ഞാനാരുടെ അനുയായിയാണെന്നറിയോ നിനക്ക്…പ്രവാചകര്‍ മുഹമ്മദ് നബി ? യുടെ’താണെന്ന് വീമ്പ് പറയാന്‍ അവളുടെ മനസ്സ് വെമ്പല്‍ കൊണ്ടു. പക്ഷെ, അവളാ ശ്രമമുപേക്ഷിച്ചു.
നൂറ ഹബീബിനെ ? കുറിച്ചാലോചിക്കാന്‍ തുടങ്ങി. ‘തന്റെ നാല്പതാം വയസ്സില്‍ നുബൂവ്വത്ത് ലഭിക്കുമ്പോള്‍ തിരുനബി ? യുടെ മുമ്പില്‍ എങ്ങനെയാണ് ആളുകളെ ദീനിലേക്ക് ക്ഷണിക്കേണ്ടതെന്നോ അതിന്റെ മനശാസ്ത്ര വശമേതാണെന്നോ പറഞ്ഞു കൊടുക്കാനാളില്ലായിരുന്നു!
തനിക്ക് ലഭിച്ച ദിവ്യബോധനത്തെ കുറിച്ച് മഹതിയായ ഖദീജാ ബീവിയോട് പണ്യഹബീബ് ? പറഞ്ഞപ്പോള്‍ മഹതി ഹബീബിനെ? ആവേശപ്പെടുത്തി. ആ ധൈര്യത്തിലാണ് പുണ്യനബി ? പ്രബോധനത്തിനിറങ്ങുന്നത്. മക്കയുടെ ചന്തകളില്‍ പോയിട്ട് അവിടുന്ന് വിളിച്ച് പറഞ്ഞു നടന്നിട്ടുണ്ട്
‘ നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനായ എന്നെയും വിശ്വസിക്കണം’.
ഇയാള്‍ക്കെന്താണ് ഭ്രാന്താണോയെന്ന് ചോദിച്ച് ചുറ്റുമുള്ളവര് നോക്കുന്നതാലോചിച്ച് എന്റെ ഹബീബ് ? ആകുലപ്പെട്ടിരുന്നില്ല.
തന്റെ ചുറ്റുമുള്ളവര്‍ താന്‍ പറയുന്നതിനെതിര് വിശ്വസിക്കുന്നവരാണെന്നത് അവിടുത്തെ തരിമ്പും ഭയപ്പെടുത്തിയിരുന്നില്ല. ഒരു സമയത്തും തന്നെ പറ്റി മറ്റുള്ളവരെന്ത് കരുതുമെന്ന് അവിടുത്തേക്ക് അപകര്‍ഷതാ ബോധമുണ്ടായിരുന്നില്ല.
അങ്ങനെ കാണുന്ന ചന്തകളിലും തെരുവുകളിലും നടന്നും പറഞ്ഞും തന്നെയാണ് എന്റെ ഹബീബ് ? ഈ മതം ഇന്നീ കാണുന്ന കോലത്തിലാക്കി ലോകജനതക്ക് മുമ്പില്‍ സമര്‍പ്പിച്ചത്.
ലോകത്തുള്ള സര്‍വ്വതും അല്ലാഹു അവിടുത്തേക്ക് വേണ്ടിയാണ് സൃഷ്ടിച്ചത്. അഥവാ, ഈ ലോകത്തുള്ള ഓരോ സൃഷ്ടിയും തന്റെ നിലനില്‍പ്പിന് ഹബീബിനോട് ? നന്ദിപറയണമെന്നര്‍ത്ഥം. എന്നിട്ടും ആ ഹബീബിന് ? അഹങ്കാരമുണ്ടായിട്ടില്ല…, എനിക്കാവില്ലിത് പറയാനെന്ന തോന്നലുണ്ടായിട്ടില്ല…, പിന്നയെല്ലേ…എനിക്ക്…!’
ഹബീബിനെ ? കുറിച്ചാലോചിക്കുമ്പോള്‍ നൂറ പരിസരം മറക്കും.
അവള്‍ക്ക് സ്വബോധത്തിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശ്യമില്ലെന്ന് തോന്നുന്നു. അവളുടെ ചിന്ത വീണ്ടും ഹബീബിനെ ? ചുറ്റിപറ്റി.
‘ ആളുകളെന്തു വിചാരിക്കുമെന്ന് കരുതി എന്റെ ഹബീബി ? രുന്നിരുന്നെങ്കില്‍ ഇന്നീ നൂറ ഇവിടെയിങ്ങനെയിരുന്ന് ഹബീബിനെ ? ഓര്‍ക്കുമായിരുന്നോ…!? ഇല്ലല്ലോ…!?
അത് കൊണ്ട് എല്ലാ സമയങ്ങളിലും അനുകൂലങ്ങള്‍ക്കും ഭൂരിപക്ഷത്തിനും ഒപ്പം നില്‍ക്കുകയെന്നതായിരിക്കുകയില്ല ശരി. മറിച്ച് ശക്തമായ ഒഴുക്കിന് കുറുകെ നീന്താനും ശ്രമിക്കേണ്ടിവരും. അങ്ങനെയുള്ള ചെറിയ ശ്രമങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാവും. തനിക്ക് ആ വലിയ മാറ്റത്തിന്റെ കൂടെ നില്‍ക്കാനാവണം.’
അവള്‍ മനസ്സില്‍ ദൃഢ പ്രതിജ്ഞയെടുത്തു.
‘ഡീ….നൂറാ…ഡീ’
ഫര്‍സാന കുലുക്കി വിളിച്ചപ്പോഴാണ് നൂറ സ്വബോധത്തിലേക്ക് വന്നത്.
******* ****** *******
ഫൈറൂസ ക്ലാസിലേക്ക് കയറാനൊരുങ്ങിയതും ഡോറിന്റെ പിന്‍വശത്ത് നിന്ന് ഫൈസല്‍ അവളുടെ മുമ്പിലേക്ക് വന്നു.
‘ഹായ്…ഫൈറൂ…ഗുഡ്മോണിങ്…’
അവന്‍ അവളെ വിഷ് ചെയ്തു. പെട്ടെന്ന് തന്നെ അവന്‍ മുമ്പിലേക്ക് വന്നത് കാരണം എന്തു ചെയ്യണമെന്നറിയാതെ അവളൊരു നിമിഷം തരിച്ചു നിന്നു. ഇന്ന് കോളേജിലേക്ക് വരുമ്പോള്‍ മനസ്സില്‍ ഭയപ്പെട്ടിരുന്ന കാര്യമെന്തോ അത് തന്നെ സംഭവിച്ചിരിക്കുന്നു! .
ഫൈസലിനെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞു നടക്കണമെന്നതായിരുന്നു അവളുടെ ഉദ്ദേശ്യം. കാരണം അവന്റെ വിഷയത്തില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഒരന്തിമ തീരുമാനമെടുക്കാന്‍ അവള്‍ക്കിതുവരെ സാധിച്ചിട്ടില്ല. ഇന്നലെ രാത്രി നൂറയോടും ഫര്‍സാനയോടുമൊപ്പം സമയം ചിലവഴിച്ചപ്പോള്‍ അവനെ കുറിച്ചുള്ള ചിന്തകള്‍ കുറച്ചു സമയത്തേക്കെങ്കിലും മനസ്സിലുണ്ടായിരുന്നില്ലായെന്ന കാര്യം സത്യമാണ്.
പക്ഷെ, വീണ്ടും തനിച്ചായപ്പോള്‍ അവന്‍ ഓടിക്കയറി മനസ്സിന്റെ വാതില്‍ക്കല്‍ വന്ന് മുട്ടികൊണ്ടിയിരിക്കയാണ്. അങ്ങനെ അവനെ കുറിച്ചുള്ള ചിന്തയിലായി ഏതോ സ്വപ്നലോകത്തിലേക്കെന്നോണം ക്ലാസിലേക്ക് കയറുമ്പോഴാണ് അവന്‍ മുമ്പിലേക്ക് എടുത്ത് ചാടിയത്.
ഫൈസലിന്റെ ചോദ്യം കേട്ട് ഫൈറൂസ പെട്ടെന്ന് തന്നെ തലതാഴ്ത്തി.
‘നീയെന്താടീയിങ്ങനെ കൊച്ചു കുട്ടികളെ പോലെ…നമ്മളിത്രകാലം കണ്ട സ്വപ്നങ്ങളെല്ലാം നീ മറന്നു പോയോ… ഞാനൊരു തമാശ പറഞ്ഞെന്ന് കരുതി തെറ്റിപ്പിരിയാനുള്ളതാണോ നമ്മുടെ ജീവിതം… ഇണകളാവുമ്പം ഇണങ്ങിയും പിണങ്ങിയുമെല്ലാമിരിക്കും. ഞാന്‍ നിന്നെ വേദനിപ്പിച്ചെങ്കില്‍ നീയെന്നോട് ക്ഷമി…ഫൈറൂ…നീയില്ലാതെ എനിക്കാവില്ലെടീ….’
അവന്‍ അവളുടെ മുമ്പില്‍ കെഞ്ചി.
ആ സമയത്ത് നൂറയുടെ മുഖമാണവളുടെ മുമ്പില്‍ തെളിഞ്ഞത്.
‘എന്തുവന്നാലും വിളിക്കണമെടി….ജീവിതത്തില്‍ സുപ്രധാന തീരുമാനമെടുക്കുമ്പോള്‍ ഒരിക്കലും ആലോചിക്കാതെ ചെയ്യരുത്. പരസ്പരം ചര്‍ച്ച ചെയ്യണം’
എന്ന അവളുടെ വാക്കുകള്‍ മനസ്സില്‍ തികട്ടി വന്നു. ഫൈറൂസ ശ്വാസമൊന്നാഞ്ഞു വലിച്ചു കൊണ്ട് പറഞ്ഞു:
‘ ഫൈസല്‍, പ്ലീസ് ഗിവ് മീ സം സ്പേസ്….ഐ ഹാവ് ടു തിങ്ക് എബൗട്ട് അസ്…’
പറഞ്ഞു തീര്‍ന്നപ്പോള്‍ അവളുടെ മുഖത്ത് ആശ്വാസം.
ഫൈസല്‍ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കിയതിന് ശേഷം പറഞ്ഞു:
‘ഒകെ… ഐ വില്‍ ഗിവ് യൂ ദ സ്പേസ് ബട് ഐ തിങ്ക് ദ ആന്‍സര്‍ വില്‍ ബി പോസിറ്റീവ്’
ഫൈസല്‍ അവള്‍ക്ക് വഴിയൊഴിഞ്ഞു കൊടുത്തു കൊണ്ട് പറഞ്ഞു.
അവള്‍ പെട്ടെന്ന് ക്ലാസിലേക്ക് കയറി. അന്ന് ക്ലാസില്‍ നടന്നതൊന്നും അവളറിഞ്ഞിരുന്നില്ല. ഹൃദയം സംഘര്‍ഷ ഭരിതമായിരുന്നു. കനത്ത ഒരു കരിമ്പാറ നെഞ്ചത്ത് കയറ്റിവെച്ച അവസ്ഥ. താന്‍ ജനിച്ചില്ലായിരുന്നുവെങ്കിലെന്ന തോന്നല്‍….അങ്ങനെ പലതും മനസ്സിലൂടെ ശരവേഗത്തില്‍ കടന്നു പോയി. എന്തൊക്കെയാണ് താന്‍ ചിന്തിച്ച് കൂട്ടിയതെന്ന് അവള്‍ക്ക് തന്നെയറിയില്ല.
എന്നാല്‍ ആ ചിന്തകളില്‍ എത്രയും പെട്ടെന്ന് വീട്ടിലെത്തണമെന്നും നൂറയെ കാണണമെന്നുമുള്ളത് മാത്രമേ ആ സമയത്ത് അവള്‍ക്ക് ആശ്വാസം പകരുന്നതായിട്ടുണ്ടായിരുന്നുള്ളൂ…
കോളേജില്‍ നിന്ന് നേരത്തെയിറങ്ങി. വീട്ടിലെത്തി ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞ് ‘ഉമ്മാ…ഞാന്‍ നൂറയെ കണ്ടിട്ട് വരാം…’ന്നും പറഞ്ഞ്, നൂറയുടെ വീട്ടിലേക്കോടി. പതിവില്ലാതെ നൂറയെ തേടി പോകുന്നത് കണ്ടപ്പോള്‍ സുലൈഖാത്തക്ക് കൗതുകം തോന്നിയെങ്കിലും ഇതൊരു നല്ലമാറ്റത്തിന്റെ ലക്ഷണമാണല്ലോയെന്ന് കരുതി സമ്മതം മൂളി.
നൂറയുടെ വീട്ടിലെത്തി കോളിങ് ബെല്ലില്‍ വിരലമര്‍ത്തി പുറത്ത് കാത്തിരുന്നു. നൂറയുടെ ഉമ്മച്ചി വന്ന് വാതില്‍ തുറന്നതും:
‘നൂറയെത്തിയില്ലെത്താ…?’
സങ്കടവും മാനസിക സംഘര്‍ഷവും കൂടി കലര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു.
ഉമ്മച്ചി അവളുടെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കിയിട്ട് ക്ലോക്കിലേക്ക് നോക്കി.
‘അവള് വരാനകുന്നതല്ലേയൊള്ളൂ….മോള്‍ക്കെന്തു പറ്റി…വാ…വന്ന് ചായ കുടി അപ്പോഴേക്ക് അവള് വരും’
‘ചായയൊന്നും വേണ്ടിത്ത അവള് വരട്ടെ, ഞാന്‍ കാത്തിരിക്കാം’
എന്നും പറഞ്ഞ് അവള് നൂറയുടെ റൂമിലേക്ക് കയറി പോയി.
ഇവള്‍ക്കിതെന്തു പറ്റിയെന്നാലോചിച്ച് ഉമ്മച്ചി ഒരു നിമിഷം ചിന്തയിലാണ്ടു.
‘ ആ…എന്തോ…ആവട്ടെ…’ എന്നും പറഞ്ഞ് അടുക്കളയിലേക്ക് തന്നെ തിരിച്ചു നടന്നു.
ഫൈറൂസ നൂറയുടെ റൂമില്‍ തലങ്ങും വിലങ്ങും നടന്നു. ഒരുപാട് സമയം കട്ടിലില്‍ മുഖമമര്‍ത്തി കിടന്ന് നോക്കി. തലയിണയെടുത്ത് തലക്കു മുകളിലൂടെയിട്ട് ഇരുവശവും വെച്ച് കാതുകളടച്ചു പിടിച്ചു . എന്ത് ചെയ്തിട്ടും അവള്‍ക്ക് നില്‍ക്കകള്ളി ലഭിക്കുന്നില്ല. അവള്‍ തല ഉയര്‍ത്തി ക്ലോക്കിലേക്ക് ഇടക്കിടക്ക് നോക്കി. സമയം ഇത്ര പതുക്കയാണോ പോകുന്നതെന്ന് കോപാകുലയായി. ആരോടാണ് താനീ ദേഷ്യപെടുന്നതെന്ന് അവള്‍ക്ക് തന്നെയറിയില്ലായിരുന്നു. ആ സമയത്തവളെ കണ്ടാല്‍ ഇവളൊരു സമനില തെറ്റിയ കുട്ടിയാണെന്നേ ആരും പറയൂ…
പുറത്ത് കോളിങ് ബെല്ല് മുഴങ്ങി. ‘അസ്സലാമു അലൈക്കും’ എന്ന നൂറയുടെ ശബ്ദവും. ഫൈറൂസയുടെ മനസ്സിലപ്പോള്‍ ഒരു കുടം തണുത്ത വെള്ളം ശരീരത്തിലൊഴിച്ച പ്രതീതി. അവള്‍ നീട്ടിയൊരു സമാശ്വാസ നിശ്വാസമയച്ചു. താഴേക്ക് പോകാനവള്‍ കതക് തുറന്നു. വേണ്ട നൂറ ഇങ്ങോട്ട് വന്നിട്ട് പറയാമെന്ന് കരുതി ആ ശ്രമമുപേക്ഷിച്ചു.
‘ നിന്നെ കാണാന്‍ ഫൈറൂസ വന്നിട്ടുണ്ട്… മുകളിലെ മുറിയിലുണ്ട്’
നൂറയോട് ഉമ്മച്ചി പറയുന്നത് അവള്‍ കേട്ടു.
‘ആണോ…എന്നാ ഞാനവളെ കണ്ടേച്ചും വരാം…’
നൂറ സന്തോഷത്തോട റൂമിലേക്ക് ഓടികിതച്ച് ചെന്നു. കാരണം കോളേജ് കഴിഞ്ഞ് വരുമ്പോള്‍ ഫൈറൂസ അവളുടെ വീടിന്റെ മുന്‍വശത്തുണ്ടോന്ന് നൂറയും നോക്കിയതാണ്. കാണാതിരുന്നപ്പോള്‍ കോളേജില്‍ നിന്ന് എത്തിയിട്ടുണ്ടാവില്ലായെന്നു കരുതിയിട്ടാണ് പോന്നത്.
നൂറ റൂമിന്റെ വാതില്‍ തുറന്നതും ഫൈറൂസ അവളെ ഓടിചെന്ന് കെട്ടി പിടിച്ചു കൊണ്ട് കരഞ്ഞു. നൂറ ഒരു നിമിഷം സ്തപ്ദയായി നിന്നു.
‘എന്താടി…എന്തുപറ്റി നീ കരയാതെ കാര്യം പറ…’
നൂറ സംഭവമറിയാതെ ചോദിച്ചു.
ഫൈസലിനോട് എനിക്ക് ആലോചിക്കാന്‍ സമയം തരണമെന്നാവശ്യപ്പെട്ടതുംഅവന്‍ ഉത്തരം പോസിറ്റീവായിരിക്കണമെന്നു പറഞ്ഞതും തുടങ്ങി കോളേജില്‍ വെച്ചുണ്ടായ സംഭവങ്ങളെല്ലാം ഫൈറൂസ അവള്‍ക്ക് വിവരിച്ചു നല്‍കി.
‘ഞാനെന്താ…ചെയ്യേണ്ടത് നൂറാ…എനിക്കാകെ ഭയമാകുന്നുണ്ട്…’
ഫൈറൂസ തന്റെ നിസഹായത നൂറയ്ക്ക് മുമ്പില്‍ തുറന്നു പറഞ്ഞു.
നൂറ എല്ലാം ശ്രദ്ധയോടെ കേട്ടു. ശേഷം വീണ്ടും അവളെ അടുത്ത് വിളിച്ച് പതുക്കെ ആലിംഗനം ചെയ്തു. ഫൈറൂസ നൂറയുടെ തോളില്‍ ചാഞ്ഞു കിടന്ന് തേങ്ങി കരഞ്ഞു. നൂറയോട് എല്ലാം പറഞ്ഞപ്പോള്‍ മനസ്സിന് വല്ലാത്ത ഒരാശ്വാസം പോലെ അവള്‍ക്കനുഭവപ്പെട്ടു.
‘നീ അസ്വര്‍ നിസ്‌കരിച്ചോ….?’
തന്റെ തോളില്‍ ചാഞ്ഞു കിടക്കുന്ന ഫൈറൂസയോട് നൂറ പതുക്കെ ചോദിച്ചു.
‘ഇല്ല’
ഫൈറൂസ ഒരു കൊച്ചു കുട്ടിയെ പോലെ ഉത്തരം പറഞ്ഞു.
‘എങ്കില്‍ നീ ചെന്ന് ഒന്ന് കുളിച്ച് ഫ്രഷായി വുളൂഅ് ചെയ്ത് വാ…കുളിക്കുമ്പോള്‍ മനസ്സിലുള്ള ചിന്തകളെല്ലാം ആ വെള്ളത്തോടൊപ്പം ഒലിച്ച് പോകുന്നതായി സങ്കല്‍പ്പിച്ചേക്ക്…നല്ല മനസമാധാനം കിട്ടും..എന്നിട്ട് നമുക്കൊരുമിച്ച് നിസ്‌കരിക്കാം’
നൂറ അവളെ മെല്ലെ ബാത്ത് റൂമിലേക്ക് പറഞ്ഞയച്ചു. നൂറയും താഴെപോയി ഫ്രഷായി വുളൂഅ് ചെയ്ത് വന്നു. അവരിരുവരും ജമാഅത്തായി നിസ്‌കരിച്ചു.
നിസ്‌കാരം കഴിഞ്ഞപ്പോഴേക്കും ഉമ്മച്ചി നല്ല ചൂടു ചായയുമായി മുകളിലേക്ക് വന്നു. അവര്‍ ചായകുടിക്കാനാരംഭിച്ചു.
നൂറ ഫൈറൂസയുടെ മുഖഭാവം ശ്രദ്ധിച്ചു. തുടക്കത്തിലുണ്ടായിരുന്നത്ര സങ്കടം അവള്‍ക്കിപ്പോഴില്ലെന്ന് നൂറയ്ക്ക് മനസ്സിലായി. അവള്‍ പതുക്കെ തൊണ്ടയനക്കി.
ഗ്ലാസിലെ ചൂടു ചായയൂതി കുടിക്കുകയായിരുന്ന ഫൈറൂസ കണ്ണുകള്‍ രണ്ടും എന്തായെന്നര്‍ത്ഥത്തില്‍ മേല്‍പ്പോട്ടുയര്‍ത്തി നോക്കി.
‘ഞാന്‍ നിനക്കൊരു കഥ പറഞ്ഞു തരട്ടെ…’
ഫൈറൂസ താന്‍ പറയാന്‍ പോകുന്നതുള്‍ക്കൊള്ളാന്‍ പാകത്തിലുള്ള മാനസികാവസ്തയിലാണുള്ളതെന്ന് ബോധ്യമായതിന് ശേഷം നൂറ ചോദിച്ചു.
ഫൈറൂസ സമ്മതം മൂളി.
‘ ഞാന്‍ കോളേജില്‍ പോകാന്‍ തീരുമാനിച്ചന്ന് മുതല്‍ ഉപ്പച്ചിയെനിക്ക് ഓരോ ദിവസവും ഓരോ കഥ പറഞ്ഞു തരുമായിരുന്നു. അതിലൊരു കഥയാണിത്.’
‘ഉം…നീ പറ’
‘ഹബീബായ നബിതങ്ങള്‍ ? പറഞ്ഞ കഥയാണ്. കഥയുടെ പൂര്‍ണ്ണ രൂപം ഞാന്‍ പറയുന്നില്ല. പക്ഷെ, അതിലൊരു ഭാഗം നിന്റെ ഈ സന്ദര്‍ഭവുമായി നന്നായി യോജിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് ആ ഭാഗം മാത്രം ഞാന്‍ പറയാം…’
‘ഉം…’
ഫൈറൂസ മൂളി.
‘ഒരിക്കല്‍ ബനൂ ഇസ്റാഈലിലെ മൂന്ന് ചെറുപ്പക്കാര്‍ ഒരു യാത്ര പുറപ്പെട്ടു. വഴിമധ്യേ അന്തരീക്ഷം രൗദ്ര രൂപം പൂണ്ടു. കാറ്റും കോളുമുണ്ടായി. ശക്തമായ മഴ പെയ്യാനാരംഭിച്ചു. ഒരു നിലക്കും മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് കണ്ട അവര്‍ കയറി നില്‍ക്കാന്‍ പറ്റിയ ഒരു സ്ഥലത്തിന് വേണ്ടി പരതി’
നൂറ താന്‍ പറയാന്‍ പോകുന്ന കഥക്ക് പറ്റിയ അറ്റ്മോസ്ഫിയറൊരുക്കി ആമുഖമെന്നോണം പറഞ്ഞു. ശേഷം തുടര്‍ന്നു:
‘അതാ…നമുക്ക് അങ്ങോട്ട് കയറി നില്‍ക്കാം….’
‘തുള്ളിക്കൊരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴയത്ത് ഒരാള്‍ കുറച്ച് ദൂരെയായി താന്‍ കണ്ട ഗുഹയിലേക്ക് ചൂണ്ടി ഒച്ചയിട്ടു കൊണ്ട് പറഞ്ഞു. ശക്തമായ മഴ കാരണം അയാള്‍ പറഞ്ഞതെന്താണെന്ന് വ്യക്തമായി കേട്ടില്ലെങ്കിലും അയാള്‍ വിരല്‍ ചൂണ്ടിയ ഭാഗത്ത് ഒരു ഗുഹയുള്ളതായി മറ്റുള്ളവര്‍ കണ്ടു. അങ്ങനെ അവര്‍ ഗുഹയിലേക്ക് ഓടി കയറി. മഴയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പരസ്പരം സന്തോഷം പങ്കിട്ടു.’
നൂറ ഒരു കഥപറയുന്ന ലാഘവത്തോടെ മൃദുവായി പറഞ്ഞു.
‘പക്ഷെ, അവരുടെ ആ സന്തോഷത്തിന് അധിക സമയത്തെ ആയുസുണ്ടായിരുന്നില്ല. കാരണം തങ്ങള്‍ നില്‍ക്കുന്ന ഗുഹ ഉള്‍ക്കൊള്ളുന്ന മലമുകളില്‍ നിന്ന് എന്തോ നിരങ്ങി നീങ്ങുന്നതായി അവര്‍ക്കനുഭവപ്പെട്ടു. പെട്ടെന്ന് ഒരു ഭീകര ശബ്ദത്തോട് കൂടെ ഒരു ഭീമാകാരന്‍ കരിമ്പാറ അവരുടെഗുഹാമുഖമടച്ചു കൊണ്ട് വന്ന് വീണു.’
നൂറയുടെ മുഖത്തും ആ നിമിഷത്തെ ഭയാനകത തെളിഞ്ഞു നിന്നിരുന്നു.
‘അവരുടെ സന്തോഷം സങ്കടത്തിന് വഴിമാറി. മൂവരും ഒരുമിച്ച് ആ കല്ലിനെ മറിച്ചു നീക്കാന്‍ ശ്രമിച്ചു. പക്ഷെ, അവരുടെ ഊര്‍ജം നഷ്ടമായത് മിച്ചമെന്നല്ലാതെ ആ കല്ല് അവരുടെ തള്ളല്‍ അറിഞ്ഞ ഭാവം പോലും നടിച്ചില്ല.’
നൂറ ഒന്ന് നിര്‍ത്തിയതിന് ശേഷം ഫൈറൂസയെ നോക്കി. അവള്‍ കഥയില്‍ ലയിച്ച് സാകൂതം ശ്രദ്ധിച്ചിരിക്കുകയാണ്.
‘ഇനി ഞാന്‍ പറയുന്ന കാര്യങ്ങളാണ് നീ ശ്രദ്ധിച്ച് കേള്‍ക്കേണ്ടത്. കഥാതന്തു ഈ പാര്‍ട്ടിലാണ്. അഥവാ, അവര്‍ മൂവരും അല്ലാഹുവിനോട് മനമുരുകി പ്രാര്‍ത്ഥിക്കുന്നു. തുടര്‍ന്ന് അവരൊരു തീരുമാനത്തിലെത്തി. നമ്മള്‍ മൂന്ന് പേരും ജീവിതത്തില്‍ ചെയ്ത നന്മകള്‍ എടുത്ത് പറഞ്ഞു കൊണ്ട് അത് റബ്ബ് സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഈ പാറ നീങ്ങി നമുക്ക് രക്ഷപ്പെടാനുള്ള വഴിതുറന്നു തരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കാം. എല്ലാവരും ആ തീരുമാനത്തോട് യോജിച്ചു. അങ്ങനെ ഒന്നാമന്‍ തന്റെ കാര്യം പറഞ്ഞു കൊണ്ട് പ്രാര്‍ത്ഥന നടത്തി. പാറ അതിന്റെ യഥാസ്ഥാനത്ത് നിന്ന് അല്‍പം നീങ്ങി. ഇവിടെ പ്രസക്തമല്ലാത്തത് കൊണ്ട് ആ കഥ ഞാന്‍ പറയ്ണില്ല. പക്ഷെ, രണ്ടാമന്റെ കഥയാണ് നമ്മുടെ വിഷയം’
നൂറ കഥപൂര്‍ണ്ണമായി പറയാത്തതിന്റെ കാരണം പറഞ്ഞു.
‘എന്താണ് രണ്ടാമന്റെ കഥ…’
ഫൈറൂസയും കഥയോടൊപ്പം സഞ്ചരിക്കാന്‍ തുടങ്ങി.
അത് കേട്ടപ്പോള്‍ നൂറ അവേശത്തോടെ പറഞ്ഞു തുടങ്ങി:
‘അയാള്‍ ഇരുകരങ്ങളും മേല്‍പ്പോട്ടുയര്‍ത്തി പറഞ്ഞു:
‘അല്ലാഹുവേ…എന്റെ പിതൃസഹോദരന്റെ പെണ്‍മക്കളില്‍ നിന്ന് ഏറ്റവും സുന്ദരിയായ ഒരുത്തിയെ ഞാന്‍ അതിരറ്റ് സ്നേഹിച്ചിരുന്നത് നിനക്കറിയാം. അവള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറായിരുന്നു. അവളെ പുല്‍കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. അത്രമേല്‍ അഭിനിവേശമുണ്ടായിരുന്നു എനിക്കവളില്‍…ഒരു പുരുഷന് ഒരു സ്ത്രീയിലുണ്ടാകുന്ന ആഗ്രഹത്തിന്റെ പരിമകാഷ്ഠയിലായിരുന്നു ഞാന്‍. അങ്ങനെ ഒരിക്കല്‍ അവള്‍ക്ക് ഒരു നൂറ് ദീനാറിന്റെ ആവശ്യം വന്നു. എവിടെ ചെന്ന് അന്വേഷിച്ചിട്ടും കിട്ടാതിരുന്നപ്പോള്‍ അവസാനം അവളെന്നെ സമീപിച്ചു. ഞാന്‍ അതൊരവസരമാക്കി കരുതി കൊണ്ട് അവളോട് പറഞ്ഞു:
‘പണം ഞാന്‍ തരാം…പക്ഷെ നീ എന്റെ ഇംഗിതത്തിന് വഴങ്ങിത്തരണം’
ആ പണം അത്രമേല്‍ അത്യാവശ്യമായത് കൊണ്ടായിരിക്കണം അവള്‍ അല്‍പസമയത്തെ ആലോചനകള്‍ക്ക് ശേഷം മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. ഞാന്‍ ആവേശത്തോടെ അവള്‍ക്ക് പണം കൈമാറി.
എന്റെ സ്വപ്നം പൂവണിയാന്‍ പോകുന്ന സന്തോഷത്തിലായിരുന്നു ഞാന്‍. ഇത്ര കാലം ഞാന്‍ കാത്തിരുന്ന നിമിഷമിതാ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. അവള്‍ എനിക്ക് തന്ന വാക്ക് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി എന്നെ സമീപിച്ചു. അങ്ങനെ ഞാനും അവളും മാത്രമായി റൂമില്‍. ഞങ്ങള്‍ പൂര്‍ണ്ണ വിവസ്ത്രരായി. ഞാന്‍ വേഴ്ച നടത്താന്‍ വേണ്ടി അവളുടെ ശരീരത്തിലേക്ക് കയറുമ്പോള്‍ എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് അവള്‍ തറപ്പിച്ചൊരു ചോദ്യം :
‘നിനക്ക് അല്ലാഹുവിനെ ഭയമില്ലേ….!?’
ആ ചോദ്യം ഫൈറൂസയുടെ ഇടനെഞ്ചിലെവിടെയോ തറച്ചെന്ന് തോന്നുന്നു. അവളൊന്ന് നടുങ്ങി. നൂറ കഥ തുടര്‍ന്നു:
‘റബ്ബേ…അന്നവള്‍ ചോദിച്ച ആ ചോദ്യം എന്റെ ഹൃദയത്തില്‍ ഒരു ഇടിത്തീ പോലെയാണ് ചെന്ന് പതിച്ചത്. ഞാന്‍ അവളുടെ ശരീരത്തില്‍ നിന്ന് തെന്നിമാറി. എന്റെ ഹൃദയം പിടച്ചു. അവളോട് ഞാന്‍ പോകാന്‍ പറഞ്ഞു. റബ്ബേ….നിന്നെ ഭയപ്പെട്ട ഒറ്റ കാരണം കൊണ്ടു മാത്രമാണ് ഞാനന്ന് ആ തെറ്റില്‍ നിന്ന് മാറി നിന്ന്‌തെന്ന് നിനക്ക് നന്നായിട്ടറിയാം. അത് നീ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഈ പാറ നീ മാറ്റണേ…അയാള്‍ അല്ലാഹുവിനോട് മനമുരുകി ദുആ ചെയ്തതും ആ പാറ അല്‍പം കൂടെ നീങ്ങി. അഥവാ….അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചുവെന്നര്‍ത്ഥം’
നൂറ കഥ നിര്‍ത്തിയിട്ട് തലതാഴ്ത്തി കഥ ശ്രദ്ധിക്കുന്ന ഫൈറൂസയുടെ കവിളില്‍ പിടിച്ച് അവളുടെ മുഖം തന്റെ മുഖത്തിന് അഭിമുഖമാക്കി പിടിച്ചതിന് ശേഷം പറഞ്ഞു:
‘ഫൈറൂ…ഇതുപോലൊരു സന്ദര്‍ഭത്തിലാണ് നീയിപ്പോഴുള്ളത്. ആ ബനൂ ഇസ്റാഈലിലെ രണ്ടാമന്‍ നിന്നെക്കാള്‍ ഒന്നുകൂടെ കടന്ന് ചെന്നിരുന്നു. തന്റെ സ്വപ്ന പൂര്‍ത്തീകരണത്തിന്റെ പടിവാതില്‍ക്കലായിരുന്നു അയാള്‍. എന്നിട്ടും റബ്ബിനെയോര്‍ത്തപ്പോള്‍ അയാള്‍ ഭയചകിതനായി നേര്‍മാര്‍ഗത്തിലേക്ക് തിരിച്ചു വന്നു. അല്ലാഹുവത് സ്വീകരിക്കുകയും ചെയ്തു. അതു കൊണ്ട് നീ ചിന്തിക്ക്…അവന്‍ നിന്നോട് നാളെയൊരുത്തരം പറയാന്‍ പറഞ്ഞുവെന്നല്ലേ നീ പറഞ്ഞത്. നീ റബ്ബിനെ പേടിക്കുന്നുണ്ടെങ്കില്‍ നിന്റെ ഉത്തരമെന്താവണമെന്നതില്‍ നിനക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വരില്ല. ഈ ദുനിയാവില്‍ റബ്ബിനെയല്ലാതെ നമുക്ക് വേറെയാരെയും പേടിക്കേണ്ടതുമില്ലല്ലോ…! പിന്നെ, ആ ഉത്തരം നീയും നിന്റെ റബ്ബും തമ്മിലുള്ള ബന്ധവും നിനക്ക് മനസ്സിലാക്കി തരും. ‘
നൂറ തന്റെ സംസാരം നിര്‍ത്തി.
ഫൈറൂസ നൂറയുടെ മുഖത്ത് നോക്കി തലയാട്ടി കൊണ്ട് പുഞ്ചിരിച്ചു. ആശ്വാസത്തിന്റെ പുഞ്ചിരി. ഫൈസലിനോട് എന്ത് ഉത്തരം പറയണമെന്ന് അവള്‍ക്കിപ്പോള്‍ കൃത്യമായിട്ടറിയാം. അവര്‍ വീണ്ടും ആലിംഗനം ചെയ്തു. ‘നൂറൂ…നീയില്ലായിരുന്നെങ്കില്‍…ഞാനെന്ത് ചെയ്യുമായിരുന്നു…’
ഫൈറൂസ പരിഭവിച്ചു.
‘അതോര്‍ത്ത് നീ പരിഭവിക്കേണ്ട…നമുക്ക് റബ്ബില്ലേടീ…എല്ലാത്തിനും’
നൂറ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
******* ****** *******
വീട്ടിലെല്ലാവരും കിടന്നിരുന്നു. പക്ഷെ, നൂറ ഇപ്പോഴും സ്റ്റഡീ ടേബിളില്‍ നിന്ന് എഴുന്നേറ്റിട്ടില്ല. ഫൈറൂസക്ക് താന്‍ പറഞ്ഞു കൊടുത്ത കാര്യം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടുണ്ടെന്നാണ് മുഖഭാവത്തില്‍ നിന്ന് മനസ്സിലാകുന്നത്.
‘റബ്ബേ…നീ ഞങ്ങളെ നേര്‍വഴിക്ക് നടത്തണേ…’
തന്റെ രണ്ടു കണ്ണുകള്‍ മേല്‍പ്പോട്ടുയര്‍ത്തി താഴ്ത്തികൊണ്ട് നൂറ മനസ്സില്‍ പറഞ്ഞു.
സ്റ്റഡീ ടേബിളിട്ടിരിക്കുന്നതിന്റെ വലതു ഭാഗത്തുള്ള ജനല്‍ തുറന്നാല്‍ വിശാലമായ മുറ്റവും പൂന്തോട്ടവും കാണാം. അവള്‍ പതുക്കെ ഒരു ജനല്‍ പൊളി തുറന്നു വെച്ചു. ജനവാതില്‍ തുറക്കാനായി വലതു കൈ നീട്ടിയപ്പോള്‍ അവളുടെ ഇടത് ഭാഗത്തെ വാരിയെല്ലും നാഭിയും കൊളുത്തി വലിക്കുന്ന വേദന ക്ഷണനേരത്തിനുണ്ടായി. ഒരു നിമിഷം കണ്ണുകളടച്ച് പിടിച്ച് ശ്വാസമെടുത്തപ്പോള്‍ ആ വേദന പോവുകയും ചെയ്തു. ഇന്നിത് രണ്ടാം തവണയാണ് വേദന വരുന്നത്. കോളജില്‍ നിന്നും ഉണ്ടായിരുന്നു. നല്ല തണുത്ത വെള്ളം കുടിച്ചപ്പോള്‍ അതുമാറി. കുറച്ചു കാലമായി ഇടക്കിടക്ക് ഈ വേദന വരാറുള്ളത് കൊണ്ട് സാധാരണ വേദന ക്ഷമിക്കാറുള്ളത് പോലെ ഇതും മാറുമായിരിക്കും. നൂറയുടെ മനസ്സ് മന്ത്രിച്ചു.
ജനവാതില്‍ തുറന്നപ്പോള്‍ നല്ല നനുത്ത കാറ്റ് അവളെ മൃദുലമായി തലോടിക്കോണ്ട് പടിഞ്ഞാറിന് സഞ്ചരിച്ചു. നല്ല ശാന്തമായ രാത്രി. ഇന്നെന്തോ ഇരുട്ടിനിത്തിരി കറുപ്പ് കൂടുതാലാണെന്നവള്‍ക്ക് തോന്നി. നൂറ തന്റെ കണ്ണുകളെ ഇരുട്ടിലേക്ക് പറഞ്ഞു വിട്ടു. കാതുകളോട് ആ നിശയുടെ നിശബ്ദതയാസ്വദിക്കുവാന്‍ പറഞ്ഞു.
ഇപ്പോള്‍ ചീവീടുകളുടെ കൂട്ട നിലവിളി ദൂരയെവിടെയോ നിന്ന് കേള്‍ക്കാം. ആണ്‍ചീവീടുകള്‍ പെണ്‍ചീവീടുകളെ ആകര്‍ഷിപ്പിക്കാന്‍ വേണ്ടിയാണത്രെ അങ്ങനെ ശബ്ദമുണ്ടാക്കുന്നത്. നൂറയോട് ആരോ പറഞ്ഞതാണ്. പുറത്തെ ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്ന് അതാലോചിച്ചപ്പോള്‍ അവളുടെ മുഖത്ത് ചിരിവിടര്‍ന്നു. ഈ ആണ്‍വര്‍ഗത്തിന് പെണ്ണെന്ന് കേള്‍ക്കുമ്പോഴേക്ക് ഇത്രമേല്‍ വികാരപ്പെടാന്‍ സാധിക്കുന്നതെങ്ങിനെ.. !? അവളുടെ മുഖത്തപ്പോള്‍ ആശ്ചര്യത്തിന്റെ ഭാവമായിരുന്നു…! പെണ്ണുങ്ങളും വലിയ മെച്ചമൊന്നുമില്ല. തനിക്ക് വേണമെന്ന് തോന്നുന്നത്, എന്ത് തോന്നിവാസവും കാണിച്ച് തനിക്കാക്കാനും മറ്റുള്ളത് വെട്ക്കാക്കാനും അവരെ കഴിഞ്ഞിട്ടേ…മറ്റാരുമൊള്ളൂ..നൂറക്ക് സ്വയം ലജ്ജ തോന്നി. വിവാഹം മുടങ്ങിയതും പരസ്പരം വഞ്ചിച്ചതുമായ ഭാര്യാഭര്‍ത്താക്കന്മാരുടെ വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ തന്നെ ഇപ്പോള്‍ ഉണ്ടാകാറില്ലെന്ന് തോന്നുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകളും, രാജ്യത്തെ ലൈംഗിക അതിക്രമങ്ങളെ കുറിച്ചും ആത്മഹത്യയെ കുറിച്ചുമെല്ലാം താന്‍ വായിച്ച ചില പുസ്തകങ്ങളും വാര്‍ത്തകളുമെല്ലാം അവളുടെ മനസ്സിലൂടെ വരിയിട്ടു നടന്നു പോയി. അവയുടെ കൂട്ടത്തിലൊന്നില്‍ അവളുടെ മനസ്സ് കടിഞ്ഞാണിട്ട് നിന്നു. അവള്‍ ആ പുസ്തകത്തിലേക്ക് ശ്രദ്ധിച്ച് നോക്കി. ‘ആധ്യാത്മിക ലോകത്തെ കണ്ണീര്‍ നിമിഷങ്ങള്‍’ , അവളുടെ ചുണ്ടുകളാ പേര് മന്ത്രിച്ചു.
പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നോണം തന്റെ ചെയറില്‍ നിന്ന് എഴുന്നേറ്റ് പുസ്തകങ്ങള്‍ അടുക്കിവെച്ച ഷെല്‍ഫിന് നേരെ നടന്നു. പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് അവള്‍ ആ പുസ്‌കം കൈയ്യിലെടുത്തു. കഴിഞ്ഞ റമളാനില്‍ ഉപ്പച്ചി വാങ്ങി തന്നതാണ്. മഹാത്മാക്കളായ പണ്ഡിതന്മാര്‍ എന്തിനെല്ലാം വേണ്ടിയായിരുന്നു കരഞ്ഞത് എന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പലരാത്രികളിലും ഇതിലെ കഥകള്‍ വായിച്ച് കരഞ്ഞിട്ടുണ്ട്. താനെത്രമേല്‍ ഹതഭാഗ്യയാണെന്നോര്‍ത്ത് റബ്ബിന് മുമ്പില്‍ വിങ്ങിയിട്ടുണ്ട്.
രാത്രിയാണ് കരയാനനുയോജ്യമായ സമയമെന്ന് പലപ്പോഴും നൂറക്ക് തോന്നിയിട്ടുണ്ട്. അതെന്ത് കൊണ്ടായിരിക്കും…! ഒരുപക്ഷേ, ഇരുട്ടിനാണ് വെളിച്ചെത്തേക്കാള്‍ ഭയത്തെ ഉത്പാദിപ്പിക്കാനുള്ള ശേഷി. ഭയത്തിനാണല്ലോ നന്നായി കരയിപ്പിക്കാനുള്ള കഴിവ്. മനസ്സ് ശാന്തമായത് കൊണ്ടായിരിക്കണം അവളുടെ മനസ്സ് ഇന്നൊരു തത്വജ്ഞാനിയുടെ പര്യവേശമണിഞ്ഞത്.
ഏതായാലും ഇപ്പോള്‍ സ്ത്രീ-പുരുഷ വികാരത്തെ കുറിച്ച് ആലോചിച്ചപ്പോഴാണ് ഇതുമായി ബന്ധപ്പെട്ടൊരു ചരിത്രം താനെവിടെയോ വായിച്ചതായി അവള്‍ക്കോര്‍മ്മവന്നതും ഈ പുസ്തകമെടുത്തതും. അവള്‍ ആ ചരിത്രത്തിന് വേണ്ടി പരതി. കണ്ടു കിട്ടിയപ്പോള്‍ ഒരാവര്‍ത്തികൂടി വായിച്ചു.
മഹതി റാബിഅത്തുല്‍ അദവിയ്യ(റ) യും മഹാനായ ഹസനുല്‍ ബസ്വരി(റ)വും തമ്മിലുള്ള വിവാഹലോചനയുമായുണ്ടായ ഒരു സംഭാഷണമാണ് ചരിത്രത്തിന്റെ ഉള്ളടക്കം.
സൂഫീ ചരിത്രത്തില്‍ മഹതി റാബിഅതുല്‍ അദവിയ്യ(റ)യെ അറിയാത്തവരുണ്ടാവില്ല. അവരുടെ ചരിത്രങ്ങള്‍ പറയുന്ന ഒരുപാട് ഗ്രന്ഥങ്ങള്‍ നൂറ പലപ്പോഴായി വായിച്ചിട്ടുണ്ട്. എങ്ങനെയാണ് മഹതിക്ക് ഇത്രമേല്‍ അല്ലാഹുവിനെ ഇഷ്ടപ്പെടാന്‍ സാധിച്ചതെന്ന് അവള്‍ അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്…!
നൂറയുടെ കണ്ണുകള്‍ പുസ്തകത്തിലൂടെ സഞ്ചരിച്ചു:
‘ മഹതി റാബിഅതുല്‍ അദവിയ്യ(റ) യുടെ ഭര്‍ത്താവ് മരിച്ചു. വിവരമറിഞ്ഞ ഹസന്‍ ബസ്വരി(റ) സഹചാരികളോടൊപ്പം മഹതിയെ കാണാന്‍ ചെന്നു. മഹതിയുമായുള്ള ഒരു കൂടികാഴ്ച്ചക്കുള്ള അനുമതി കാത്ത് വീടിനു പുറത്ത് നിന്നു. വീടിനകത്ത് മറക്ക് പിറകിലിരുന്ന്; മഹതി മഹാനവര്‍കള്‍ക്കും അനുചരര്‍ക്കും സന്ദര്‍ശനാനുമതി നല്‍കി.
എല്ലാവരും മഹതിയുടെ സവിധത്തിലൊരുമിച്ചു കൂടി. അവര്‍ മഹതിയോടുള്ള സംസാരത്തിനിടയില്‍ ചോദിച്ചു:
‘നിങ്ങളുടെ ഭര്‍ത്താവ് മരണപ്പെട്ടല്ലോ? ജീവിതത്തിലിനിയുമൊരു കൂട്ട് ആവശ്യമല്ലേ?’
ഉടനെ മഹതിയുടെ മറുപടിയെത്തി:
‘അതെ, ആവശ്യമാണ്. നിങ്ങളില്‍ ഏറ്റവും വിവരമുള്ള ആള്‍ ആരാണ്? അവരെ ഞാന്‍ എന്റെ ഭര്‍ത്താവായി സ്വീകരിക്കാം.’
അവര്‍ പറഞ്ഞു തീരേണ്ട താമസം ആ റൂമിലുണ്ടായിരുന്ന മറ്റു കണ്ണുകളെല്ലാം ഹസന്‍ ബസ്വരി(റ)വില്‍ കേന്ദ്രീകരിച്ചു. മഹാനവര്‍കളുടെ ചുറ്റും കൂടി നിന്നിരുന്നവര്‍ ഒന്നു കൂടി ഒതുങ്ങി കൂടി.
ഉടനെ മഹതിയുടെ അടുത്ത നിബന്ധനയെത്തി:
‘ഞാന്‍ നിങ്ങളോട് നാലു ചോദ്യങ്ങള്‍ ചോദിക്കും; നാലിനും തൃപ്തികരമായ മറുപടി നല്‍കുകയാണെങ്കില്‍ നിങ്ങളെ വിവാഹം കഴിക്കാന്‍ എനിക്ക് പൂര്‍ണ്ണ സമ്മതമാണ്.’
ഒരു നിമിഷം ഒന്നമാന്ധിച്ചെങ്കിലും മഹാനര്‍ സമ്മതം മൂളി:
‘ശരി, റബ്ബിന്റെ തൗഫീഖുണ്ടെങ്കില്‍ ഞാന്‍ മറുപടി പറയാം’
നൂറ തന്റെ വായനയില്‍ ലയിച്ച് ചേര്‍ന്നു. അവള്‍ ആ സമയത്തെ ഹസനുല്‍ ബസ്വരി(റ)വിന്റെ മാനസികാവസ്ഥയെന്തായിരിക്കുമെന്ന് വെറുതെ ആലോചിച്ചു. അവളും ആ സദസ്സില്‍ ചെന്നിരുന്നു.
ആത്മീയ ചക്രവാളത്തിലെ സൂര്യതേജസായ മഹതിയെ തന്റെ ജീവിത പങ്കാളിയാക്കി;ഇരുലോക വിജയം കൈവരിക്കാന്‍ അവസരം കിട്ടിയാല്‍ ആരെങ്കിലും നഷ്ടപ്പെടുത്തുമോ!? ഇല്ല, തീര്‍ച്ച. ഇതു തന്നയായിരിക്കണം ഇവിടെയും സംഭവിച്ചത്. മഹതിയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കി അല്ലാഹുവിന്റെ സാമീപ്യം വര്‍ദ്ധിപ്പിക്കുക.
നൂറ മഹതിയുടെ ആദ്യ ചോദ്യം വായിച്ചു.
‘ഞാന്‍ മരിക്കുമ്പോള്‍ ഈമാനോട് കൂടിയാണോ മരിക്കുക? അല്ല, ഈമാനില്ലാതെയോ?’
സംശയമൊന്നും കൂടാതെ ഹസന്‍ ബസ്വരി(റ) മറുപടി പറഞ്ഞു:
ഇത് അല്ലാഹുവിന്റെ അദൃശ്യജ്ഞാനത്തില്‍പ്പെട്ടതാണ്. അതെങ്ങെനെ ഞാനറിയാനാണ്!?’
മറുപടി കേട്ട ഉടനെ മഹതിയുടെ രണ്ടാമത്തെ ചോദ്യമെത്തി:
‘എന്നെ, ഖബ്‌റില്‍വെച്ച് മുന്‍കര്‍, നകീര്‍(അ) ചോദ്യം ചെയ്യുമ്പോള്‍ എനിക്ക് മറുപടി പറയാന്‍ സാധിക്കുമോ?’
മഹതിയുടെ ചോദ്യം മാറിയെങ്കിലും മഹാന്റെ മറുപടിക്ക് മാറ്റമുണ്ടായിരുന്നില്ല:
‘ഇതും റബ്ബിന്റെ അദൃശ്യജ്ഞാനത്തില്‍പ്പെട്ട കാര്യമാണല്ലോ? !’
മഹതി അടുത്ത ചോദ്യത്തിലേക്ക് പ്രവേശിച്ചു:
‘ജനങ്ങളെ ഖിയാമത്ത് നാളില്‍ മഹ്ശറയില്‍ ഒരുമിച്ച് കൂട്ടിയ ശേഷം, നന്മതിന്മകള്‍ രേഖപ്പെടുത്തിയ കിതാബുകള്‍ നല്‍കുമ്പോള്‍ എന്റെ കിതാബ് വലം കൈയ്യിലാണോ ഇടം കൈയ്യിലാണോ നല്‍കപ്പെടുക?’
മഹാന്‍ തന്റെ മറുപടി വീണ്ടും ആവര്‍ത്തിച്ചു, മഹതി അവസാന ചോദ്യമുന്നയിച്ചു:
‘നാളെ ആഖിറത്തില്‍ എല്ലാ വിചാരണാ നടപടികള്‍ക്കും ശേഷം, ‘ഒരു വിഭാഗം സ്വര്‍ഗത്തിലേക്കും മറ്റൊരു വിഭാഗം നരകത്തിലേക്കും പോകട്ടെ’ യെന്ന് വിളിച്ചു പറയുമ്പോള്‍ ഞാന്‍ ഏതുവിഭാഗത്തിലാണ് ഉള്‍പ്പെടുക? ‘
ഉത്തരം ആവര്‍ത്തിക്കുകയെന്നല്ലാതെ മറ്റൊരു മറുപടി മഹാനവര്‍കള്‍ക്ക് ഉണ്ടായിരുന്നില്ല, അതല്ലാത്ത ഒരു മറുപടി മഹതി പ്രതീക്ഷിച്ചതുമില്ല. തുടര്‍ന്ന് മഹതി പറഞ്ഞു:
‘ഈ നാലു കാര്യങ്ങളുടെയും ഉത്തരങ്ങളില്‍ ഒരു തീരുമാനം ആവാത്തിടത്തോളം കാലം ഒരാള്‍ക്കെങ്ങനെയാണ് വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ സാധിക്കുക!?’
ആ സെന്റന്‍സ് വായിച്ചപ്പോള്‍ നൂറയുടെ ശരീരത്തിലൂടെ ഒരു കുളിര് കടന്നു പോയി. മഹതി ഒരു സ്ത്രീ തന്നെയായിരുന്നോയെന്നവള്‍ അത്ഭുതപ്പെട്ടു.
ഇനിവായിക്കാന്‍ പോകുന്ന ഭഗമോര്‍ത്തിട്ടാണ് താനീ പുസ്തകമെടുത്തത് തന്നെ.
അവള്‍ ഒന്നു കൂടെ ആഞ്ഞിരുന്നതിന് ശേഷം ശ്രദ്ധയോട വായന തുടര്‍ന്നു :
അവസാനം മഹതി ഹസനെന്നവരോട് പറഞ്ഞു:
‘ഓ, ഹസന്‍ ബസ്വരി തങ്ങളെ, നിങ്ങളൊന്നാലോചിച്ചു നോക്കൂ… അല്ലാഹു ബുദ്ധിയെ പത്ത് ഓഹരിയാക്കി വിഭജിച്ചു. അതില്‍ ഒമ്പതും പുരുഷന്മാര്‍ക്കാണ് നല്‍കിയത്. ഒന്നുമാത്രമേ സ്ത്രീകള്‍ക്ക് നല്‍കിയുള്ളൂ. അതു പോലെ വികാരത്തൈ(ലൈംഗികേഛ) പത്താക്കി വിഭജിച്ചു, അതില്‍ ഒമ്പതും സ്ത്രീകള്‍ക്ക് നല്‍കി. ഒന്നേ, പുരുഷന് നല്‍കിയുള്ളൂ.
എനിക്ക് നല്‍കപ്പെട്ട ഒരോഹരി ബുദ്ധിക്കൊണ്ട് എന്റെ ഒമ്പതോഹരി വികാരത്തെയും ഞാന്‍ അതിജയിച്ചു. എന്നാല്‍ നിങ്ങള്‍ക്ക് നല്‍കപ്പെട്ട ഒമ്പതോഹരി ബുദ്ധി കൊണ്ട് ഒരോഹരി വികാരത്തെ ക്ഷമിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ലേ?!’
ഹസനുല്‍ ബസ്വരിയുടെ മനസ്സിലപ്പോള്‍ അല്ലാഹു മാത്രമായിരുന്നു. മഹതിയുമായുള്ള ബന്ധം അല്ലാഹുവുമായുള്ള തന്റെ ബന്ധത്തിന് മാറ്റ് കൂട്ടും എന്നു കരുതിയിട്ട് തന്നെയാണ് ഈ ആലോചനക്ക് ഇറങ്ങി പുറപ്പെട്ടത്.
പക്ഷെ, മഹതിയുടെ സംസാരം തീരുമ്പോഴേക്കും കനത്തുപെയ്യാനിരിക്കുന്ന കാര്‍മേഘം പോലെ മൂടിക്കെട്ടിയിരുന്നു ഹസന്‍ ബസ്വരി(റ)യുടെ കണ്ണുകള്‍. കാരണം മഹാനെ സംബന്ധിച്ചിടത്തോളം ആ ചോദ്യങ്ങള്‍ക്ക് അത്രമേല്‍ പ്രഹര ശേഷിയുണ്ടായിരുന്നു. മഹാനവര്‍കള്‍ അവിടെ നിന്ന് കരഞ്ഞു കൊണ്ട്, മഹതിയുടെ ഓരോ ചോദ്യവും ചിന്തിച്ചു കൊണ്ട് ഇറങ്ങി നടന്നു.’
നൂറ ആ കഥ വായിച്ചിട്ട് വീണ്ടും ആലോചനയിലാണ്ടു. അവള്‍ ഫൈസലിനെയും ഫൈറൂസയേയും കുറിച്ചോര്‍ത്തു. മനസിലൂടെ തന്റെ പല കൂട്ടുകാരികളുടെയും മുഖങ്ങള്‍ മിന്നിമറിഞ്ഞു. മുറ്റത്ത് നിന്ന് എന്തോ ശബ്ദം കേട്ടപ്പോള്‍ അവള്‍ ഓര്‍മകളില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. അവള്‍ ക്ലോക്കിലേക്ക് നോക്കി. സമയം പിതനൊന്ന് കഴിഞ്ഞിരിക്കുന്നു. പുസ്തകം ടേബിളില്‍ മടക്കി വെച്ചു കൊണ്ട് എഴുന്നേല്‍ക്കാനാഞ്ഞു.
പെട്ടെന്നവള്‍ക്ക് വീണ്ടും വയറിനകത്ത് എന്തോ കൊളുത്തി വലിക്കുന്നതായി അനുഭവപ്പെട്ടു. അവള്‍ തന്റെ രണ്ട് കൈയ്യും ഊരയുടെ ഭാഗത്ത് വെച്ച് വയറും കൂട്ടി ഞെക്കി പിടിച്ചതിന് ശേഷം ഒന്ന് നേരെ കുനിഞ്ഞു നിവര്‍ന്ന് നോക്കി. സാധാരണ വയറു കൊളുത്തി പിടിക്കുന്ന വേദന വന്നാല്‍ അങ്ങനെയാണ് ചെയ്യാറ്. അതോടെ ആ വേദന ഇല്ലാതാവുകയും ചെയ്യും. ചെറിയൊരാശ്വാസം തോന്നിയെങ്കിലും ഇത്തവണ ആ വേദന പോയില്ല.
അല്‍പ്പ സമയത്തിനകം വേദന അസഹ്യമാവാന്‍ തുടങ്ങി. എല്ലാവരും ഉറങ്ങിയത് കാരണമായിരിക്കാം മറ്റുള്ളവരെ വിളിക്കാന്‍ അവള്‍ മടിച്ചു.
വേച്ച്…വേച്ച്..കട്ടിലിലെത്തി. വയറമര്‍ത്തി കമിഴ്ന്നു കിടന്നു. പല്ലുകള്‍ കടിച്ചമര്‍ത്തി. അസഹ്യമായ വേദന കൊണ്ടായിരിക്കണം അവളുടെ കണ്‍തടങ്ങളില്‍ ഉറവപൊട്ടി.
‘യാ റബ്ബ്…..എനിക്കിതെന്തുപറ്റി’
കടിച്ചു പിടിച്ച പല്ലുകള്‍ക്കിടയിലൂടെ അവളുടെ ശബ്ദം പതുക്കെ പുറത്ത് വന്നു. ഇനിയും തനിക്ക് സഹിക്കാന്‍ സാധിക്കില്ല. താഴെ ചെന്ന് ആരെയെങ്കിലും വിവരമറിയിക്കണം. അവള്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു…
ഇല്ല…തനിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്നവള്‍ക്ക് ബോധ്യമായി. അവള്‍ വീണ്ടും വീണ്ടും ശ്രമിച്ചു. പക്ഷെ, ആ ശ്രമം വൃഥാവിലായിരുന്നു.
അവള്‍ ഉമ്മാ….യെന്നുറക്കെ വിളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തൊണ്ടവിട്ട് പുറത്ത് വന്ന ശബ്ദം ആ റൂം വിട്ട് പുറത്ത് പോയില്ല. ശക്തമായ വേദന കാരണം അവള്‍ തന്റെ കയ്യൊന്നു കുടഞ്ഞു. കട്ടിലിനോട് ചാരിയുണ്ടായിരുന്ന ടീപോയില്‍ വെള്ളം നിറച്ചു വെച്ചിരുന്ന ചില്ലു പാത്രം നിലത്തു വീണുടഞ്ഞു.
‘താന്‍ മരിക്കുകയാണോ….,,!? തന്റെ ബോധം നശിക്കുകയാണോ…!? ‘ എന്താണ് തനിക്ക് സംഭവിക്കുന്നതെന്നറിയാതെ അവളുടെ ചിന്ത പരക്കം പാഞ്ഞു…അവിടെ അവള്‍ കിനാകണ്ട സ്വപ്നങ്ങളുടെ ലിസ്റ്റ് ഓടി കളിക്കാന്‍ തുടങ്ങി.
അതില്‍ ഏറ്റവും കൂടുതല്‍ അവള്‍ കണ്ടത് കല്യാണം കഴിച്ച് പ്രിയതമന്റെ കയ്യും പിടിച്ച് മദീനയില്‍ ചെന്ന് പച്ച ഖുബ്ബയിലേക്ക് നോക്കി
‘അസ്സ്വലാത്തു വസ്സലാമു അലൈക്ക യാ റസൂലല്ലാഹ്….’ എന്ന് അവരൊരുമിച്ച് സലാം പറയുന്ന ചിത്രമാണ്. ഏറ്റവും അവസാനവും മനസ്സ് അവള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചതും ഈ ചിത്രമായിരുന്നു. കാരണം അവളുടെ പ്രാര്‍ത്ഥനകളിലെ നിത്യ സന്ദര്‍ശകരായിരുന്നു മദീനയും പ്രിയതമനും.
എന്തിനെന്നെയിങ്ങനെ കൊതിപ്പിക്കുന്നൂ….? വെന്ന് ചോദിച്ച് അവളുടെ കണ്ണുകള്‍ അണപൊട്ടിയൊഴുകി. അവളുടെ ചുണ്ടുകളില്‍ നിറഞ്ഞു നിന്ന ഇലാഹീ സ്മരണയോടെ ആ താമര കണ്ണുകള്‍ പതുക്കെ കൂമ്പിയടഞ്ഞു.
*
മുകളില്‍ നിന്ന് എന്തോ വീണുടയുന്ന ശബ്ദം കേട്ട് ഉമ്മച്ചി ഞെട്ടിയുണര്‍ന്നു, മുകളിലേക്കോടി….
(തുടരും)
അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?
* * * *