മം ത്തൊ മാലിക് ഹീ കഹൂം ങ്കാ ഹോ മാലിക്ക് ക്കേ ഹബീബ്
യഅ്നീ മഹ്ബൂബൊ മുഹിബ് മേം നഹീം മേരാ തേരാ
-ഇമാം അഹ്മദ് റസാ ഖാന്‍
നൂറയുടെ റൂമിലേക്ക് കയറിയ ഫര്‍സാനയുടെ കണ്ണിലാദ്യമുടക്കിയത് അവളുടെ സ്റ്റഡീ ടേബിളിന്റെ മുകളിലായി കോറിയിട്ട ഈ കാവ്യ ശകലങ്ങളാണ്.
‘ എന്താടീയിതിന്റെ അര്‍ത്ഥം…?’
ഉര്‍ദുവിലെയുതിയ ആ വരികളിലേക്ക് ഒരുപാട് സമയം നോക്കിയിരുന്നിട്ടും ഒന്നും മനസിലാകാതെ അവള്‍ നൂറയോട് ചോദിച്ചു.
‘അത്…അഅ്ലാ ഹസ്റത്ത് ഇമാം അഹ്മദ് റസാ ഖാന്‍ ബറേലി(ന. മ) യുടെ ‘ഹദാഇഖെ ബഖ്ശിശ്’ എന്ന കാവ്യ സമാഹാരത്തില്‍ നിന്നുള്ള വരികളാണ്. അയ്യായിരം വരികളടങ്ങുന്ന നബിതങ്ങളുടെ കാവ്യ സമാഹാരമാണത്.’
അവളെന്തിനെ കുറിച്ചാണ് ചോദിച്ചതെന്ന് നോക്കിയതിന് ശേഷം പര്‍ദ്ദയൂരുന്നതിനിടയില്‍ വളരെ താത്പര്യത്തോടെ നൂറ പറഞ്ഞു.
എന്നിട്ടും ഫര്‍സാനക്ക് സംഗതി മനസ്സിലായില്ലെന്ന് തോന്നുന്നു., അവള്‍ വീണ്ടും ചോദിച്ചു.
‘ ആരാണ് ഈ അഅ്ലാ ഹസ്റത്ത് ഇമാം അഹ്മദ് റസാ ഖാന്‍….? എന്താണ് ഈ ലൈനുകളുടെ അര്‍ത്ഥം…?’
ഫര്‍സാനയുടെ ചോദ്യത്തിലെ ആവേശം കണ്ടത് കൊണ്ടാവാം…ചോദ്യത്തിനേക്കാള്‍ വേഗത്തില്‍ മറുപടി വന്നു. അവള്‍ തന്റെ ഡ്രസിങ് റൂമില്‍ നിന്ന് വിളിച്ചു പറഞ്ഞു:
‘ അദ്ദേഹം വിലിയ പണ്ഡിതനും മുഹിബ്ബുമായിരുന്നു. മുത്ത് നബി ? യെ അതിരറ്റ് സ്നേഹിച്ചത് കാരണം അബ്ദുല്‍ മുസ്ത്ഥഫ(നബി ? തങ്ങളുടെ അടിമ)യെന്നാണ് മഹാനവര്‍കള്‍ അറിയപ്പെട്ടതു തന്നെ. മഹാനവര്‍കളുടേതായി ആയിരക്കണക്കിന് രചനകളുണ്ടെന്നാണ് ഉപ്പച്ചി പറഞ്ഞത്. ഞാന്‍ കണ്ടിട്ടില്ല. പിന്നെയൊരു കാര്യം കൂടെ അദ്ദേഹം ഇന്ത്യക്കാരനായിരുന്നുകെട്ടോ… ആയിരത്തി എണ്ണൂറുകളുടെ മധ്യത്തിലാണെന്ന് തോന്നുന്നു അദ്ദേഹം ജീവിച്ചത്’
നൂറ പറഞ്ഞു നിര്‍ത്തിയിടത്ത് ഫര്‍സാനയുടെ അടുത്ത ചോദ്യം വന്നു:
‘മുത്ത് നബി ? യുടെ അടിമയോ…അങ്ങനെ പറയാന്‍ പറ്റ്വോ…നമ്മളൊക്കെ അല്ലാഹുവിന്റെ അടിമകളല്ലേ…?’
നൂറ അത്രയും പറഞ്ഞതില്‍ നിന്ന് ഫര്‍സാനക്ക് ഷോക്കിങ്ങായി തോന്നിയ ഭാഗമിതായിരുന്നു. അതുകൊണ്ടു തന്നെ അവളുടെ മനസില്‍ സ്വഭാവികമായും ഉദിക്കാവുന്ന ഒരു ചോദ്യവും ഇതു തന്നെയാണല്ലോ.
ഡ്രസ് ചെയ്ഞ്ച് ചെയ്ത് നൂറ അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് ആ വരികളിലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു:
‘ ആ വരികളുടെ അര്‍ത്ഥമറിയുമോ നിനക്ക്….? അര്‍ത്ഥമറിഞ്ഞു വായിച്ചാല്‍ എന്തുകൊണ്ടാണ് മഹാനവര്‍കള്‍ ഞാന്‍ നബി ? തങ്ങളുടെ അടിമയാണെന്ന് പറഞ്ഞതെന്ന് വ്യക്തമാവും’
തല തിരിച്ച് നൂറയുടെ മുഖത്ത് നോക്കിയിട്ട് അവള്‍ പറഞ്ഞു:
‘ എനിക്കറിയൂല… നീ പറഞ്ഞു കൊണ്ടാ…’
‘ഞാന്‍ പറഞ്ഞു തരാം…നിനക്കതുള്‍ക്കൊള്ളാന്‍ പറ്റ്വോന്ന് എനിക്കറിയൂലാ…കാരണം ഉപ്പച്ചി ഇതിന്റെ അര്‍ത്ഥം ആദ്യം പറഞ്ഞപ്പോള്‍ എനിക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. പിന്നെ നബി ? തങ്ങളെയും അഅ്ല ഹസ്റത്തിനെയുമെല്ലാം വിവരിച്ച് തന്നപ്പോള്‍ ഉള്‍ക്കൊള്ളാന്‍ ഒരു പ്രയാസവുമുണ്ടായില്ല.’
നൂറ പറയുന്നതിനിടയില്‍ കയറി ഫര്‍സാന പറഞ്ഞു:
‘നീ പറ എനിക്ക് മനസിലാവോന്ന് നോക്കട്ടെ… ‘
‘ഉം..ന്നാ ഞാനാ ലൈനുകളുടെ അര്‍ത്ഥം പറയാം ശ്രദ്ധിച്ച് കേട്ടോ’
നൂറയൊന്ന് തൊണ്ട റെഡിയാക്കി. ഒരാവര്‍ത്തി കൂടി ആ കവിത വായിച്ചിട്ട് അതിന്റെ അര്‍ത്ഥം മനസിലൂടെ ഓടിച്ചു നോക്കി. ശേഷം പറഞ്ഞു:
‘ ഞാന്‍, നിങ്ങളെ എന്റെ ഉടമസ്ഥന്‍ എന്ന് തന്നെ പറയും. യഥാര്‍ത്ഥ ഉടമസ്ഥന്റെ പ്രിയദാസനേ!
എന്ത് കൊണ്ടെന്നാല്‍, സ്നേഹിതന്റെയും സ്നേഹിക്കുന്നവന്റെയും ഇടയില്‍ നിന്റെ, എന്റെ എന്ന വ്യത്യാസമില്ല’
നൂറ ഫര്‍സാനയുടെ മുഖത്ത് നോക്കി. അവള്‍ തന്നെ മിഴിച്ച് നോക്കുന്നത് കണ്ട് നൂറക്ക് ചിരിവന്നു. അവള്‍ തുടര്‍ന്ന് പറഞ്ഞു:
‘അഥവാ, നമ്മളൊരാളെ സ്നേഹിച്ചു തുടങ്ങിയാല്‍ ആ സ്നേഹം യാഥാര്‍ത്ഥ്യമാണെങ്കില്‍ പിന്നെ അവിടെ ഞാന്‍, നീയെന്ന വേര്‍തിരിവുണ്ടാവരുത്. അവിടെ നമ്മള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് അല്ലാഹുവിന്റെ ഹബീബാണ് പ്രിയപ്പെട്ട നബി ? തങ്ങള്‍. ഹബീബിന്റെ മഹ്ബൂബാണ് അല്ലാഹു. അവര്‍ക്കിടയില്‍ ഞാന്‍ നീയെന്നവേര്‍തിരിവില്ല. അപ്പോള്‍ അല്ലാഹുവിന്റെ അടിമയായ ഞാന്‍ തിരുനബി ? യുടെയും അടിമയാണെന്നാണ് കവി പറഞ്ഞതിന്റെ അര്‍ത്ഥം.’
ഫര്‍സാനക്ക് കാര്യങ്ങളുടെ അര്‍ത്ഥം ഏകദേശം മനസ്സിലായി തുടങ്ങിയെന്ന് തോന്നുന്നു. കാരണം അവളുടെ മുഖത്തിപ്പോള്‍ അതിന്റെ പ്രസന്നത കാണാമായിരുന്നു. നൂറ ഒന്നു കൂടെ കൂട്ടി ചേര്‍ത്തു:
‘ എടീ, ഇതൊരു കാവ്യാത്മക വായനയാണ്. ഒരിക്കലും സംവാദാത്മകമല്ല. സൃഷ്ടാവ് – സൃഷ്ടി ബന്ധമല്ല ഇവിടുത്തെ അടിമയുടമ എന്ന പദപ്രയോഗം കൊണ്ടുള്ള മഹാന്റെ ഉദ്ദേശ്യം. അല്ലാഹുവിന്റെതെല്ലാം ഹബീബിനും പ്രിയപ്പെട്ടതാണെന്നര്‍ത്ഥത്തിലാണെന്നു മാത്രം. ഞാന്‍ അല്ലാഹുവിന്റെ ഹബീബാണെന്ന് നബി ? തങ്ങള്‍ തന്നെ പറഞ്ഞതല്ലേ…!?’
നൂറ അര്‍ദ്ധ വിരാമത്തില്‍ ചോദിച്ചു കൊണ്ട് എന്തോ ആലോചിച്ചു കൊണ്ട് തുടര്‍ന്നു.
‘അതായത് നബി ? തങ്ങള്‍ അല്ലാഹുവിന്റെ ഹബീബാണ് ഞാനെന്ന് പറയുന്ന ഒരു സംഭവം കൂടിയുണ്ട്. അതുകൂടി ഇവിടേക്ക് ചേര്‍ത്തു വായിച്ചാല്‍ ഈ വരികളുടെ ചിത്രം നിനക്ക് വ്യക്തമായി ബോധ്യപ്പെടും.’
നൂറ ആ ഹദീസ് പറഞ്ഞു:
‘ഒരിക്കല്‍ സ്വഹാബാക്കള്‍ മസ്ജിദുന്നബവിയിലിരുന്നു കൊണ്ട് മുന്‍കാല പ്രവാചകന്മാരുടെ മദ്ഹും ബഹുമതികളും പറയുന്നതിനിടയില്‍ ഒരു സ്വഹാബി പറഞ്ഞു:
‘ അല്ലാഹു മഹാനായ ഇബ്റാഹീം നബി (അ) യെ തന്റെ ഖലീല്‍ (ഉറ്റമിത്രം) ആയിട്ടാണ് തെരഞ്ഞെടുത്തത്’
ഇതുകേട്ട മറ്റൊരു സ്വഹാബി പറഞ്ഞു:
‘ ഈസാ നബി (അ)യെ അല്ലാഹു റൂഹുല്ലാഹി (അല്ലാഹുവിന്റെ ആത്മാവ്) എന്ന സ്ഥാനപ്പേരിലാണ് അഭിസംബോധന ചെയ്തത്.’
ഇങ്ങനെ ഇവരുടെ സംസാരം നടക്കുന്നതിനിടയിലേക്കാണ് പ്രിയപ്പെട്ട നബി ? തങ്ങള്‍ കടന്നു വരുന്നത്. അവരോടെല്ലാവരോടുമായി ഒന്നു പുഞ്ചിരിച്ച ശേഷം അവിടുന്നു പറഞ്ഞു:
‘ ഞാന്‍ നിങ്ങളുടെ സംസാരമെല്ലാം കേട്ടു. നിങ്ങള്‍ പറഞ്ഞതെല്ലാം ശരിതന്നെയാണ്. തുടര്‍ന്ന് അവിടുന്നു പറഞ്ഞു:
‘ഓരോരുത്തരും അല്ലാഹുവിന്റെയടുത്തുള്ള അവരുടെ സ്ഥാനം കൊണ്ടാണ് അറിയപ്പെടുന്നത്. അറിയുക, ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. ഞാന്‍ ആത്മപ്രശംസ നടത്തുകയല്ല’
ഒന്നു നിറുത്തിയിട്ട് നൂറ പറഞ്ഞു:
‘ഇവിടെയാണ് നേരത്തെ ഞാന്‍ പറഞ്ഞത് പോലെ ഹബീബും മഹ്ബൂബും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മനസ്സിലാക്കേണ്ടത്. കാരണം ഹബീബിന് ഇഷ്ടപ്പെട്ടെതെല്ലാം മഹ്ബൂബിന് ഇഷ്ടപ്പെടും. അതുകൊണ്ട് അല്ലാഹുവിന്റെ ഹബീബിന്റെ ഇഷ്ടക്കാരവുകയെന്നതാണ് മഹ്ബൂബായ അല്ലാഹുവിന്റെ ഇഷ്ടക്കാരനാവാനുള്ള ഏറ്റവും നല്ല മാര്‍ഗം. മറ്റരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇതല്ലാത്ത മറ്റൊരു മാര്‍ഗവുമില്ല. ‘
നൂറ ഒരു പ്രണയിനിയുടെ ആലസ്യത്തിലെന്നപോലെ പറഞ്ഞു.
ഫര്‍സാനയുടെ മുഖം വിടര്‍ന്നു. അവള്‍ വീണ്ടും ആ കവിതയിലേക്ക് നോക്കി. അതിനെന്തോ വല്ലാത്ത ആസ്വാദന ഭംഗി കൈവന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു.
‘എന്തു കാവ്യമാണല്ലേ…ഈ എഴുത്ത്…!?’
അവള്‍ നൂറയോട് ചോദിച്ചു.
നൂറ..അതേയെന്ന് തലയാട്ടി.
‘നീ മഹാന്റെ ക്വോട്ടിങ് തന്നെ തെരഞ്ഞെടുക്കാന്‍ പ്രത്യേകിച്ച് കാരണമുണ്ടോ….?’
ഫര്‍സാനയുടെ ചോദ്യം വീണ്ടും.
‘പ്രത്യേകിച്ച് കാരണമുണ്ടോന്ന് ചോദ്യച്ചാല്‍…നീ നേരത്തെ പറഞ്ഞത് പോലെ ഹൃദയത്തില്‍ തട്ടുന്ന ഒരു കാവ്യ ഭംഗിയുണ്ടതിന്. പിന്നെ…നമ്മുടെ ഇന്ത്യയില്‍ നിന്ന് ഹബീബിന്റെ ? സ്നേഹം അത്രമേല്‍ പറഞ്ഞ വ്യക്തിയാണവര്….അവര് പറഞ്ഞതും എഴുതിയതും പ്രവര്‍ത്തിച്ചതും എല്ലാം ഹബീബിന് ? വേണ്ടിയായിരുന്നു. മഹാനവര്‍കളുടെ വഫാത്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ നീ…?’
നൂറ ഒരു ചോദ്യത്തില്‍ കൊണ്ടു ചെന്ന് നിറുത്തി.
‘ഇല്ല…പറഞ്ഞു താ…’
അതല്ലാതെ മറ്റൊരുത്തരം ഫര്‍സാനക്ക് പറയാനുണ്ടായിരുന്നില്ല.
മഹാന്‍ വഫാത്താകുന്ന അന്ന് രാത്രി ഫലസ്തീനിലുള്ള മറ്റൊരു മഹാന്‍ ഹബീബായ റസൂലുള്ളാഹിയെ ? സ്വപ്നത്തില്‍ കണ്ടു. അവിടുത്തോടൊപ്പം തല മുതിര്‍ന്ന സ്വഹാബാക്കളെല്ലാം അവിടുത്തെ ഇരുവശങ്ങളിലായിട്ടുണ്ട്. അവര്‍ ആരയോ കാത്തിരിക്കുകയാണ്. നബിതങ്ങള്‍ ദൂരേക്ക് തന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്.
അദ്ദേഹം നബി ? തങ്ങളുടെ അടുത്തേക്ക് ചെന്നിട്ട് പതുക്കെ ചോദിച്ചു:
‘തങ്ങളേ…അവിടുന്ന് ആരെയാണ് കാത്തിരിക്കുന്നത്…?’
പ്രിയപ്പെട്ട തങ്ങള്‍ ?മറുപടി പറഞ്ഞു:
‘ ഇന്ത്യയില്‍ നിന്ന് അഹ്മദ് രിളാ എന്നുപറഞ്ഞൊരാള്‍ വരുന്നുണ്ട്. ഞങ്ങളദ്ദേഹത്തെ കാത്തു നില്‍ക്കുകയാണ്.’
സ്വപ്നമുണര്‍ന്ന ഫലസ്തീന്‍ പണ്ഡിതന്‍ പിറ്റേദിവസം തന്നെ ഇന്ത്യയിലേക്ക് വിസ സംഘടിപ്പിച്ചു പുറപ്പെട്ടു. അങ്ങനെ ഡല്‍ഹി വഴി ബറേലിയിലെത്തിയ അദ്ദേഹം അഹ്മദ് രിളയെന്നവരെ കുറിച്ചന്വേഷിച്ചു. അപ്പോഴാണ് മഹാനവര്‍കള്‍ വഫാത്തായതായിട്ടറിയുന്നത്. വീടന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ മഹാനവര്‍കളുടെ ഖബറാണ് അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചത്.
വീട്ടുകാരോട് ചോദിച്ചു:
‘ എപ്പോഴാണ് ഉപ്പ മരണപ്പെട്ടത്…?’ അവരദ്ദേഹത്തിന് സമയം പറഞ്ഞു കൊടുത്തു. താന്‍ ഹബീബിനെ ? കണ്ട സമയവും ഇവര് പറഞ്ഞ സമയവും കൃത്യമായി യോജിക്കുന്നതായി അദ്ദേഹത്തിന് മനസിലായി.’
നൂറ എന്തോ വല്ലാത്ത ഉള്‍ക്കിടിലത്തോടെയാണ് ആ സംഭവം പറഞ്ഞത്. നൂറ തുടര്‍ന്ന് പറഞ്ഞു.
‘എടീ… അതിരറ്റ് തിരുനബിയെ സ്നേഹിച്ചാല്‍…അവിടുത്തെ മദ്ഹ് പാടി പറഞ്ഞാല്‍….സ്ഥിരമായി സ്വലാത്ത് ചൊല്ലിയാല്‍….അവിടുത്തെ ചര്യ അതുപോലെ പിന്തുടര്‍ന്നാല്‍ നമ്മള്‍ മരണപ്പെടുമ്പോള്‍ ഹബീബ് ? തന്റെ സ്വഹാബാക്കളുടെ അകമ്പടി സേവിച്ച് സ്വീകരിക്കാനെത്തുമെന്നല്ലേ…മഹാനവര്‍കള്‍ നമുക്ക് കാണിച്ചു തന്നത്. മഹാനെ പോലെയൊന്നുമാവില്ലെങ്കിലും അങ്ങനെ കൊതിക്കാന്‍ പോലും നമുക്ക് അവകാശമില്ലെങ്കിലും ഹബീബിനെ ? അറിഞ്ഞ് സ്നേഹിച്ചാല്‍ അവിടുന്ന് നമുക്ക് മുഖം തരാതിരിക്കുമോ…? ഇല്ലല്ലോ…? കാരണം ഇത് നമ്മുടെ ഹബീബല്ലേ…?’
ഫര്‍സാനയുടെ തോളു ചാരി കഥപറഞ്ഞിരുന്ന നൂറയുടെ ഇരു നയനങ്ങളും നിറഞ്ഞഴുകി. കണ്ണുനീരിന്റെ ചൂട് തട്ടിയപ്പോള്‍ ഫര്‍സാന തിരിഞ്ഞു കൊണ്ട് ചോദിച്ചു:
‘നീ…കരയുകയാണോ….?’
‘ഏയ്…..’
എന്നും പറഞ്ഞ് നൂറ കണ്ണു തുടച്ചു കൊണ്ട് എഴുന്നേറ്റ് ക്ലോക്കിലേക്ക് നോക്കി.
സമയം ആറേ മുപ്പത്.
നമുക്ക് വുളൂഅ് ചെയ്ത് വന്ന് തസ്ബീഹ് ചൊല്ലാം…
നൂറ ഫര്‍സാനയോട് പറഞ്ഞു.
അവര്‍ വുളൂഅ് ചെയ്തു വന്നു.
അവളുടെ റുമിനോട് ചേര്‍ന്ന റൂമാണ് നിസ്‌കാര റൂം. അവര്‍ അവിടെ ചെന്നിരുന്നു തസ്ബീഹ് ചൊല്ലി.
(സുബ്ഹനല്ലാഹി വബി ഹംദിഹീ…
സുബ്ഹാനല്ലാഹില്‍ അളീം…
വബി ഹംദിഹീ അസ്തഅ്ഫിറുല്ലാഹ്…)
*** *** *** *** *** *** *** *** *** *** *** ***
‘ കുട്ട്യോളേ…ഇന്ന് വെള്ള്യായ്ച രാവല്ലേ….എല്ലാരും അല്‍കഹ്ഫ് ഓതിട്ടോ…’
നൂറക്ക് ഓര്‍മവെച്ച നാള്‍ മുതല്‍ വെള്ളിയാഴ്ച രാവുകളില്‍ മഗ്രിബ് നിസ്‌കാരം കഴിഞ്ഞാല്‍ ഉമ്മമ്മയുടെ ഈ കല്‍പന കേള്‍ക്കാറുള്ളതാണ്.
നിസ്‌കാര റൂമിലെ ഷെല്‍ഫിന്റെ മുകളില്‍ നിന്ന് മുസ്ഹഫെടുത്ത് അവള്‍ ഉമ്മാക്കും ഫര്‍സാനക്കും കൊടുത്തു. ഉമ്മമ്മക്ക് അല്‍കഹ്ഫ് കാണാതെ അറിയാം, അതുകൊണ്ട് തന്നെ മുസ്ഹഫ് നോക്കാതെയാണ് ഓതാറ്. അവള്‍ക്കും കാണാതെയറിയമെങ്കിലും ഒരു ധൈര്യത്തിന് നോക്കിയാണ് ഓതാറ്. അല്ലെങ്കിലും നോക്കിയോതലാണല്ലോ സുന്നത്ത്.
അല്‍കഹ്ഫ് പൂര്‍ത്തിയാകുമ്പോഴാണ് കോളിങ് ബെല്‍ മുഴങ്ങിയത്.
‘മോനൂസേ…ആരാന്ന് നോക്കിക്കേ…’
ഉമ്മച്ചി നിസ്‌കാരക്കുപ്പായത്തോടെ എഴുന്നേറ്റ് കോണിപ്പടിയുടെ അരികെ ചെന്ന് താഴേക്ക് വിളിച്ചു പറഞ്ഞു.
ഫര്‍സാനയുള്ളത് കൊണ്ട് മോനൂസ് ജമാഅത്തിന് മുകളിലേക്ക് കയറിയിട്ടില്ല. അവന്‍ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. നാടിന്റെ അടുത്ത് തന്നെയുള്ള ഒരു പള്ളി ദര്‍സില്‍ പോകുന്നുണ്ട്. വൈകീട്ട് വീട്ടിലേക്ക് തന്നെ വരും.
‘ എന്തിനാടാ…നീയിങ്ങനെ എല്ലാ ദിവസവും ഇങ്ങോട്ട് വരുന്നത്…? ബാക്കി കുട്ടികളോടൊപ്പം നിനക്ക് അവിടെ തന്നെ കിടന്നാല്‍ പോരേ’
എന്ന് ചോദിച്ചാല്‍ മുഖം കറുപ്പിച്ച് കൊണ്ട് അവന്‍ പറയും:
‘നിക്ക് ഉമ്മച്ചിനെ കാണാതെ ഉറങ്ങാന്‍ കഴിയൂല…അവടേണെങ്കില്‍ കെടക്കാനും സ്ഥലണ്ടാവൂല’
ദര്‍സില്‍ പോകാനൊക്കെ നല്ല താത്പര്യമാണെങ്കിലും അവിടുത്തെ താമസവും ചെലവ് വീടുകളിലെ ഭക്ഷണവും ഒന്നും അവന് അത്രയങ്ങ് പിടിച്ചിട്ടില്ല. പത്താം ക്ലാസ് കഴിഞ്ഞതിന് ശേഷം നല്ല ഏതെങ്കിലും ദഅ്വാ കോളേജില്‍ ചേര്‍ക്കണമെന്നാണ് ഉപ്പച്ചി പറഞ്ഞത്. അതാലോചിച്ചപ്പോള്‍ തന്നെ നൂറയുടെ മുഖത്ത് ഒരുവാട്ടം വന്നു. കാരണം ഉമ്മാനെ പിരിഞ്ഞിരിക്കാനാവാത്തോണ്ടാണ് ഞാനവിടെ നില്‍ക്കാത്തതെന്ന് അവന്‍ രക്ഷപെടാന്‍ വേണ്ടി പറഞ്ഞതാണെങ്കിലും ഓനെ പിരിഞ്ഞിരിക്ക്ണ ഒരു ദിവസത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടു പോലുമില്ല.
‘ഫൈറൂസാത്തേണ് മ്മാ…’
അവന്‍ വിളിച്ചു പറഞ്ഞു.
നൂറ പെട്ടെന്ന് തന്നെ എഴുന്നേറ്റ് താഴേക്ക് ഓടിചെന്നു.
ഇരുവരും സലാം പറഞ്ഞു മടക്കി.
‘വാ കേറിവാ….’
നൂറയവളെ വിളിച്ചകത്ത് കയറ്റി.
അപ്പോഴേക്കും ഉമ്മച്ചി നിസ്‌കാരക്കുപ്പാഴമയിച്ചുവെച്ചു വന്നു.
‘ആരാപ്പത്….ഫൈറൂസയോ…എത്രകാലായി…നീ ഈ വഴിക്കൊക്കെ വന്നിട്ട്….!? ‘
ഫൈറൂസ പ്രത്യേകിച്ച് ഉത്തരമൊന്നുമ്മില്ലാതെ ചിരിച്ചു.
‘ എന്തൊക്കെയാടി ഉമ്മാന്റെ വര്‍ത്താനം’
‘അല്‍ഹംദുലില്ലാഹ്, സുഖാണിത്താ’
‘ഞങ്ങള്‍ അല്‍കഹ്ഫ് ഓതി കഴിഞ്ഞതേയുള്ളൂ…സ്വലാത്തു കൂടെ ചൊല്ലണം. ഏതായാലും നീ വന്ന സ്ഥിതിക്ക് നമുക്ക് ഒരുമിച്ച് ചൊല്ലാം.’
അവര്‍ മുകളിലേക്ക് നടന്നു.
എല്ലാവ്യാഴാഴ്ചകളിലും അല്‍കഹ്ഫിന് ശേഷം സ്വലാത്തും ഉപ്പച്ചിന്റെ പത്ത് മിനിട്ട് നസീഹത്തുമുണ്ടാകാറുണ്ട്. ഹബീബി ? നോടുള്ള മഹബ്ബത്ത് വര്‍ദ്ധിപ്പിക്കുന്ന ചരിത്രങ്ങളേതെങ്കിലും ഉപ്പച്ചി പറയും. അത് കേട്ടതിന് ശേഷം സ്വലാത്ത് ചൊല്ലുമ്പോള്‍ വല്ലത്ത ഒരുള്‍കിടലമാണ്. കാരണം ആ ചരിത്രം കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സും ശരീരവും ഹബീബി ? നോടൊപ്പം സഞ്ചരിച്ച് തുടങ്ങിയിരിക്കും.
പിന്നെ മനസിനെ മദീനയിലിരുത്തിയിട്ടാണ് സ്വലാത്ത് ചൊല്ലാറ്.
ഉപ്പച്ചിയിന്ന് എന്തോ ആവശ്യാര്‍ത്ഥം ദൂരേക്കെവിടെയോ പോയതാണ്. ഇന്ന് ക്ലാസെടുക്കാന്‍ മോനൂസിനെ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. കോളേജ് വിട്ട് വന്നത് മുതല്‍ നൂറയവനെ ശ്രദ്ധിച്ചതാണ്. അപ്പോഴൊക്കെ അവന്‍ ഏതൊക്കെയോ പുസ്തകങ്ങളും മറ്റും നോക്കി പലതും കുത്തി കുറിക്കുന്നുണ്ട്. ഒരുപക്ഷെ, മഗ്രിബിന് ശേഷമുള്ള ക്ലാസിലേക്ക് മാറ്ററുണ്ടാക്കുകയായിരിക്കും. മോന്റെ സംസാരം കേള്‍ക്കാന്‍ നല്ല രസമാണ്. പലപ്പോഴും അവന്‍ സംസാരിക്കുമ്പോള്‍ നാവിനോടൊപ്പം തന്നെ ശരീരവും സംസാരിക്കുമെന്ന് തോന്നിപ്പോവും.
റൂമിലെത്തിയ ഫൈറൂസ ഫര്‍സാനയെ ആലിംഗനം ചെയ്തു. അവള്‍ ഉമ്മമ്മയുമായി കുശലാന്വേഷ്വണം നടത്തി. നിസ്‌കാര റൂമിന് വാതിലില്ല, കര്‍ട്ടനാണ്. പുറത്ത് ചെറിയ വരാന്തയും. ഉമ്മച്ചി മുകളിലേക്ക് കയറിവന്നിട്ട് എല്ലാവരോടുമായി ചോദിച്ചു:
‘ന്നാ മ്മക്ക് സ്വലാത്ത് തുടങ്ങല്ലേ…ഫൈറൂസക്ക് ചായ എടുക്കുന്നുണ്ട്ട്ടൊ…’
‘വേണ്ടത്താ…ഞങ്ങളിപ്പൊ വീട്ടീന്ന് ഒരുമിച്ച് കഴിച്ചതേയുള്ളൂ…ഇനി സ്വലാത്ത് കഴിഞ്ഞിട്ട് ഒരുമിച്ചാവാം..’
‘അങ്ങനെയെങ്കില്‍ ആയിക്കോട്ടെ’
ഉമ്മച്ചി റൂമിന്റെ കര്‍ട്ടന്‍ വലിച്ചിട്ടതിന് ശേഷം മോനൂസിനെ വിളിച്ചു:
‘മോനൂസെ, വേഗം വാ…സ്വലാത്ത് തുടങ്ങാം’
ഫൈറൂസയും ഫര്‍സാനയുമുള്ളത് കൊണ്ടവനിന്ന് കര്‍ട്ടണ് പുറത്ത് നിന്നാണ് സംസാരിക്കുന്നത്.
ഉമ്മമ്മ കര്‍ട്ടണോട് ചാരിയൊരു കസേരയിട്ട് സീറ്റുറപ്പിച്ചു. ഉമ്മച്ചി ഷെല്‍ഫിനടുത്തൊരു സ്റ്റൂളുമിട്ടിരുന്നു. നൂറയും ഫര്‍സാനയും ഫൈറൂസയും നിലത്ത് ചമ്രംപടിഞ്ഞ് കര്‍ട്ടണഭിമുഖമായി ഇരുന്നു.
ഉമ്മാന്റെ വിളികേള്‍ക്കേണ്ട താമസം മോനൂസ് ഓടി കിതച്ച് മുകളിലേക്ക് വന്നു.
‘മ്മാ…തുടങ്ങട്ടെ’
എന്നുള്ള അവന്റെ ചോദ്യത്തില്‍ നിന്ന് അവന്റെ കിതപ്പ് കേള്‍ക്കാമായിരുന്നു.
‘ആ…മോന്‍ തുടങ്ങിക്കോ’
ഉമ്മച്ചി സമ്മതം മൂളി.
അവന്‍ ബിസ്മിയും ഹംദും സ്വലാത്തും സലാമുമെല്ലാം പറഞ്ഞു തുടങ്ങി. സ്വലാത്ത് ചൊല്ലേണ്ടതിന്റെയും നബി ? തങ്ങളെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയും പറഞ്ഞു. പറയുന്ന സംഭവങ്ങളെല്ലാം പല തവണ കേട്ടതാണെങ്കിലും ഓരോ തവണ കേള്‍ക്കുമ്പോഴും വ്യത്യസ്ത അനുഭൂതിയായിരുന്നു.
മോനൂസിപ്പോള്‍ ഖൂബൈബോരുടെ ചരിത്രമാണ് പറയുന്നത്.
‘പ്രവാചക പ്രണയത്തിന്റെ അതുല്യതാരകമാണ് ഖുബൈബ് ബ്നു അദിയ്യ്(റ).’
അവന്‍ ക്ലാസിന്റെ പ്രധാന ഭാഗത്തേക്ക് പ്രവേശിച്ചു.
‘മസ്ജിദുന്നബവിയില്‍ സ്വഹാബാക്കള്‍ക്കൊപ്പമിരിക്കുന്ന മുത്ത് നബി ? പെട്ടെന്ന് സലാം മടക്കി.
‘വ അലൈക്കുമുസ്സലാം’
അപ്രതീക്ഷിതമായി സലാം മടക്കിയ ഹബീബി ? നോട് സ്വഹാബാക്കള്‍ ചോദിച്ചു. :
‘ഹബീബേ….ഇവിടെയാരും സലാം പറഞ്ഞില്ലല്ലോ…? പിന്നെയങ്ങാര്‍ക്കാണ് സലാം മടക്കിയത്’
മക്കയുടെ ഭാഗത്തേക്കുള്ള വിദൂരതയിലേക്ക് നോക്കി കൊണ്ട് ഹബീബ് പറഞ്ഞു:
‘ പ്രിയപ്പെട്ട ഖൂബൈബിനെ മക്കയില്‍ വെച്ച് തൂക്കു മരത്തിലേറ്റപ്പെട്ടിരിക്കുന്നു. അദ്ദേഹം അവസാനമായെനിക്ക് സലാം പറഞ്ഞു. അതിനു പ്രത്യുത്തരം പറഞ്ഞതാണു ഞാന്‍’
മോനൂസ് മദീനത്ത് മുത്ത് നബി ? ഖുബൈബോര്‍ക്ക് സലാം പറയുന്നിടത്താണ്. അതേ സമയം നൂറയുടെ മനസ്സ് ഖുബൈബോരുടെ തൂക്കുമരത്തിന് ചുവട്ടിലേക്ക് പറന്നിട്ട് സമയമിത്തിരിയായി.
മക്കയോടടുത്ത് തന്‍ഈമിലൊരുക്കിയ തൂക്കുമരത്തിന് ചുറ്റുമിപ്പോള്‍ ആയിരങ്ങള്‍ തടിച്ചു കൂടിനില്‍ക്കുന്നുണ്ട്. ഇന്നിവിടെയൊരു തൂക്കിക്കൊല നടക്കുന്നുണ്ടെന്നും അതുകാണാനെത്തണമെന്നും നാടൊട്ടുക്കും നടന്ന വിളംബരത്തിന്റെ അടിസ്ഥാനത്തിലാണീ തടിച്ചുകൂടല്‍.
തിരുനബിയുടെ അനുചരന്‍ ഖുബൈബ് ബ്നു അദിയ്യി(റ)നെ ശത്രുക്കള്‍ ചതിയിലൂടെ ബന്ധിയാക്കിയിരിക്കുകയാണ്. ബന്ധിയാക്കിയ ഖുബൈബോരെ അവര്‍ അടിമയാക്കി. അടിമക്കമ്പോളത്തില്‍ നിന്ന് അവരെ വാങ്ങിയത് ബദ്റില്‍ മഹാനവര്‍കള്‍ കൊലപ്പെടുത്തിയ ഹാരിസിന്റെ മക്കളാണ്. പ്രതികാര ദാഹത്തിലാണവര്‍. തുറങ്കിലടച്ചും പട്ടിണിക്കിട്ടും മഹാനവര്‍കളെ കൊടിയ പീഢനം നടത്തിയിട്ടാണിപ്പോള്‍ തന്‍ഈമിലേക്ക് കൊണ്ട് വരുന്നത്.
ഒരു ഭാഗത്തേക്ക് നോക്കി ജനങ്ങള്‍ ആര്‍ത്തട്ടഹസിക്കാനും ആരവം മുഴക്കാനും തുടങ്ങിയപ്പോള്‍ നൂറ അവിടേക്ക് ഏന്തിവലിഞ്ഞു നോക്കി. ബന്ധിയാക്കപ്പെട്ട ഖുബൈബോര് പതുക്കെ തെന്നി തെന്നി നടന്നു വരുന്നുണ്ട്. സ്ത്രീകളും കുട്ടികളും മഹാനരെ തള്ളുകയും ആക്രമിക്കുകയും ചെയ്യുന്നുണ്ട്. ഹൃദയാര്‍ദ്രതയുള്ളവര്‍ക്കൊന്നും ആ കാഴ്ച കണ്ടു നില്‍ക്കാന്‍ സാധിക്കുയില്ല. നൂറ തന്റെ കണ്ണുകള്‍ രണ്ടും പൊത്തി പ്പിടിച്ചു.
അബൂസുഫ് യാനടക്കമുള്ള ഖുറൈശികളുടെ നേതാക്കളില്‍ ജീവിച്ചിരിക്കുന്ന എല്ലാവരുമുണ്ട്.
അതാ ഖുബൈബോരിങ്ങെത്തിയിരിക്കുന്നു. നൂറക്കിപ്പോള്‍ മഹാനെ ശരിക്ക് കാണാം. തല ഉയര്‍ത്തി പിടിച്ചുള്ള നടത്തം കണ്ടാല്‍ തോന്നും ഈ മനുഷ്യനിത് കഴുമരത്തിലേക്ക് തന്നെയല്ലേ പോകുന്നതെന്ന്. നൂറ ഇമവെട്ടാതെ മാനവര്‍കളെ നോക്കി നിന്നു. ചുറ്റുമുള്ള ആരവങ്ങളും ആള്‍ക്കൂട്ടങ്ങളുമെല്ലാം അവള്‍ മറന്നിരുന്നു. ഇപ്പോള്‍ അവിടെ കഴുമരത്തിനടുത്ത് നില്‍ക്കുന്ന ഖുബൈബോരും അവളും മാത്രം.
മഹാന്‍ മുമ്പിലുള്ള ആരെയോ നോക്കി ചോദിച്ചു:
‘ കഴുവേറ്റുന്നതിന് മുമ്പ് എനിക്ക് രണ്ട് റക്അത്ത് നിസ്‌കരിക്കാന്‍ സൗകര്യം ചെയ്തു തരണം’
ആ ആര്‍ജ്ജവമുള്ള കല്‍പനക്ക് മുമ്പില്‍ അംഗീകരിക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലാഞ്ഞിട്ടായിരിക്കണം അവര്‍ മഹാനവര്‍കള്‍ക്ക് നിസ്‌കരിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു.
വളരെ ശാന്തവും മുഖപ്രസന്നതയോടെയുമുള്ള മഹാനവര്‍കളുടെ നിസ്‌കാരത്തിലേക്ക് നോക്കിയിരുന്നപ്പോള്‍ നൂറയോര്‍ത്തു ഇതിനുമുമ്പ് ആരും ഇത്രസുന്ദരമായി ആസ്വദിച്ച് കൊണ്ട് നിസ്‌കരിക്കുന്നത് താന്‍ കണ്ടിട്ടില്ലല്ലോ…!യെന്ന്.
നിസ്‌കാര ശേഷം ആ ആകാരസൗഷ്ഠവം എഴുന്നേറ്റു നിന്നപ്പോള്‍ ശബ്ദമയമായി തടിച്ചുകൂടി നില്‍ക്കുന്ന ജനസഞ്ചയം സ്മശാനമൂകമായി. മഹാനവര്‍കള്‍ ഉറക്കെ പറഞ്ഞു:
‘അല്ലാഹുവാണ് സത്യം, മരണം ഭയപ്പെട്ടാണ് നിസ്‌കാരം ദീര്‍ഘിപ്പിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കില്ലായിരുന്നെങ്കില്‍തീര്‍ച്ചയായും ഞാന്‍ കൂടുതല്‍ നിസ്‌കരിക്കുമായിരുന്നു”.
എന്തു ധീരമായിരുന്നു ആ പ്രഖ്യാപനം…! എങ്ങനെയൊരാള്‍ക്കിത്രമേല്‍ ധീരനാവാന്‍ സാധിക്കുന്നു…!? നൂറയുടെ രോമങ്ങളെടുത്തുപിടിച്ചു.
ഉടനടി ശിക്ഷാ നടപടികളാരംഭിച്ചു. അവര്‍ മഹാനവര്‍കളുടെ അംഗവിഛേദനം നടത്താന്‍ തുടങ്ങി. മഹാനവര്‍കളുടെ ശരീരാവയവങ്ങളിലേക്ക് ആയ്ന്നിറങ്ങുന്ന കഠാര കണ്ടപ്പോള്‍ നൂറ ഉമ്മായെന്നുറക്കെ വിളിച്ചു കരഞ്ഞു.
‘എന്താടി എന്തുപറ്റി…?’
ഒരേ സ്വരത്തില്‍ നാലുപേര്‍ അവളോടുച്ചത്തില്‍ ചോദിച്ചു. അവള്‍ സ്വബോധത്തിലേക്ക് വന്നു. ഫര്‍സാനയും ഫൈറൂസയും ഉമ്മമ്മയും ഉമച്ചിയും എല്ലാവരും തന്നെ തുറിച്ച് നോക്കുകയാണ്.
‘എന്താണുമ്മാ…അവിടെ…?’
മോനൂസ് ക്ലാസ് നിര്‍ത്തി ആശങ്കയോടെ വിളിച്ച് ചോദിച്ചു.
‘ഒന്നുമില്ലുമ്മാ…ഞാനൊന്ന് മയങ്ങി പോയതാ…’
നൂറ മറപടി പറഞ്ഞു.
‘ഉം…നീ പറയടാ…’
ഉമ്മ നൂറയെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് നീട്ടി മൂളിയതിന് ശേഷം മോനൂസിനോട് പറഞ്ഞു.
അവന്‍ കഥപറഞ്ഞിട്ടെവിടെയെത്തിയെന്ന് നൂറ കാതോര്‍ത്തു.
‘ മഹാനവര്‍കളുടെ ശരീരത്തില്‍ ആയുധമിറക്കുന്നതിനിടയില്‍ അവര്‍ മഹാനരോട് ചോദിച്ചു:
‘ഖുബൈബ്, നിന്റെ ഈ ദുരവസ്ഥ മുഹമ്മദ് അനുഭവിക്കുകയും നീ സുരക്ഷിതനായിരി ക്കുകയും ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നുവോ?”
മോനൂസും ഞാനും ഒരുപോലെയാണല്ലോ സഞ്ചരിക്കുന്നത്. അവളുടെ മനസ്സ് വീണ്ടും തന്‍ഈമിലേക്ക് ധൃതിയിട്ടു പറന്നു.
മുഖവും ശരീരമാകമാനവും രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന ഖുബൈബോര് ഈ ചോദ്യം കേട്ടപ്പോഴൊന്ന് ചിരിച്ചു. ചോരകൊണ്ട് ചുവന്നിരിക്കുന്ന ആ മുഖത്ത് ചിരിവിടര്‍ന്നപ്പോള്‍ ചുകന്ന പട്ടില്‍ പൊതിഞ്ഞ രത്നത്തിന്റെ തിളക്കമുണ്ടല്ലോ ആ പല്ലുകള്‍ക്കെന്ന് നൂറ സൂക്ഷിച്ച് നോക്കി.
അവിടുന്ന് പറഞ്ഞു:
‘അല്ലാഹു തന്നെയാണ് സത്യം. ഞാനെന്റെ കുടുംബത്തോടൊപ്പം സന്തോഷത്തിലും സുഖത്തിലുമായിരിക്കുമ്പോള്‍ എന്റെ പ്രിയപ്പെട്ട ഹബീബിന് ? കാലിലൊരു മുള്ളു തറച്ചുവെന്ന് കേട്ടാല്‍…ഈ ഖുബൈബിനത് സഹിക്കാന്‍ സാധിക്കൂല…പിന്നെയല്ലേ…ഹബീബിനെ ഞാനീസ്ഥാനത്ത് സങ്കല്‍പ്പിക്കുന്നത്.’
നൂറയുടെ മനസ്സിലൂടെ ആ വാക്കുകള്‍ പ്രകമ്പനം കൊണ്ടു. അവളുടെ ശരീരമൊന്ന് വിറച്ചു.
അതുവരെ നിശബ്ദമായിരുന്ന ജനസഞ്ചയം മഹാനവര്‍കളുടെ മറുപടി കേട്ട് വിളിച്ചു പറഞ്ഞു:
‘കൊല്ലവനേ….’
ആരാചാര്‍ കൊലക്കയര്‍ മുറുക്കുന്നതിനിടയില്‍ ഖുബൈബോര് മദീനയുടെ ഭാഗത്തേക്ക് നോക്കിയിട്ടൊരു സലാം പറഞ്ഞു.
‘അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്’.
‘ ആ സലാമായിരുന്നു നബി തങ്ങള്‍ ആദ്യം മടക്കിയത്’
മോനൂസ് തന്റെ ക്ലാസ് അവസാനിപ്പിക്കാന്‍ പോകുന്നതിന്റെ ഭാഗമായിട്ട് കുറച്ചുച്ചത്തില്‍ പറഞ്ഞു. അത് കേട്ട് ഞെട്ടിയ നൂറ വീണ്ടും തന്‍ഈമില്‍ നിന്നും വീട്ടിലേക്ക് തിരിച്ചു.
‘കഴുമരത്തില്‍ നിന്ന് ഹബീബിന്റെ കാലിലൊരു മുള്ളു തറക്കുന്നതിഷ്ടപ്പെടുന്നില്ലായെന്ന് പറഞ്ഞ ഖുബൈബോര് തന്റെ ഹൃദയത്തില്‍ ഹബീബിനെ ? പ്രതിഷ്ഠിച്ചതെങ്ങനെയായിരിക്കും…! അവരെല്ലാം ഹൃത്തിലേറ്റിയ ആ പ്രണയ സ്വരൂപത്തെ നമ്മളെങ്ങനെ നെഞ്ചേറ്റിയാലാണ് മദീന നമ്മിലേക്കൊന്ന് മുഖം തിരിച്ചു നോക്കുക. ഇത്തരത്തില്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചതിന് ശേഷം മോനൂസ് പറഞ്ഞു:
‘സ്വലാത്ത്, അതിനെല്ലാം നമുക്ക് മുമ്പിലുള്ള ഒരേയോരു പോം വഴി സ്വലാത്തിനെ അധികരിപ്പിക്കുകയെന്നതാണ്. നിരന്തരം തന്നെയോര്‍ക്കുന്ന ഒരാള്‍ക്ക് നേരെ ഒന്ന് നോക്കി ചിരിക്കാനെങ്കിലും അവിടുന്ന് മറക്കില്ല. കാരണം അവിടുന്ന് നമ്മുടെ പ്രിയപ്പെട്ട ഹബീബല്ലേ…!?’?
മോനൂസ് നിര്‍ത്തി. ഖുബൈബോരെ കഴുവേറ്റുന്ന ചരിത്രം കേട്ടിട്ടാണെന്ന് തോന്നുന്നു എല്ലാവരുടെ മുഖവും മ്ലാനമാണ് .
പെട്ടെന്ന് ഉമ്മമ്മ ഉറക്കെ ചൊല്ലി.
അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിന്‍ വ അലാ ആലിഹി വ സ്വഹബിഹി വസല്ലിം
*** *** *** *** *** *** *** *** *** *** *** ***
ഇശാഅ് നിസ്‌കാരത്തിനും ഹദ്ദാദിനും ശേഷം സാധാരണ നിസ്‌കാര റൂമില്‍ നിന്ന് എല്ലാവരും എഴുന്നേറ്റ് പോരും. എന്നാലും ഉമ്മമ്മ എന്തോ ആലോചനയിലും അദ്കാറിലുമായി കുറേനേരം അവിടെ തന്നെയിരിക്കും. അതാണ് പതിവ്. പക്ഷെ, ഇന്നതിനെതിരായിരുന്നു:
‘കുട്ട്യാളേ…എല്ലാരും അവടെ തന്നെ ഇരിക്കി, നിക്ക് ഒരു കാര്യം പറയാന്ണ്ട്’
നൂറയോടും ഫര്‍സാനയോടും ഫൈറൂസയോടും ഉമ്മമ്മ അവിടെയിരിക്കാന്‍ പറഞ്ഞു.
‘ആയിശ്വോ ജ്ജ് അടുക്കളേക്ക് ചെല്ല്….
ചോറാകുമ്പോത്തിനും കുട്ട്യോള് അങ്ങട്ട് എത്തിക്കോളും’
ഉമ്മച്ചിയോട് ഉമ്മമ്മ പറഞ്ഞു.
‘ആയ്ക്കോട്ടെമ്മ’
ഉമ്മച്ചി നിസ്‌കാരക്കുപ്പായവും മുസ്വല്ലയും മടക്കിവച്ച് കിച്ചണിലേക്ക് നടന്നു.
‘എന്താണുമ്മമ്മ ഇന്ന് സ്പഷ്യല്‍…!?
തങ്കാരപ്പെട്ടീല് വല്ലതും ഉണ്ടോ…ഞാനെടുത്ത് കൊണ്ടോരാ…’
നൂറഉമ്മമ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു.
ഉമ്മമ്മാക്ക് ഒരു ചെറിയ അലമാരയുണ്ട്. ഉമ്മമ്മ അതിനെ തങ്കാരപ്പെട്ടീന്നാണ് പറയുക. മിക്കവാറും അതില്‍ എന്തെങ്കിലും പലഹാരങ്ങളുണ്ടാകും. ഉമ്മമ്മക്ക് ഇഷ്ടം തോന്നുന്നവര്‍ക്കെല്ലാം അതില്‍ നിന്നെടുത്ത് ഇത്തിരി കൊടുക്കും.
‘ഹാ….ന്റെ കുട്ടി പറഞ്ഞപ്പളാ…ഓര്‍ത്തത്.
ആ…പെട്ടീല്‍ കൊറച്ച് വര്‍ത്തയക്കണ്ടാവും…അത്ട്ത്തുണ്ടോര്…’
നൂറ തങ്കാരപ്പെട്ടിയെ സൂചിപ്പിച്ചപ്പോഴാണ് ഉമ്മമ്മക്ക് അതോര്‍മ്മവന്നത്. വര്‍ത്താനം പറഞ്ഞിരിക്കാന്‍ ഒരാളെ കിട്ടിയാല്‍ ഉമ്മമ്മക്ക് അതിലേറെ സന്തോഷമുള്ള മറ്റൊരു കാര്യമില്ല. തങ്കാരപ്പെട്ടിയില്‍ നിന്ന് പലഹാരമെടുക്കാന്‍ നടക്കുന്നതിനിടയില്‍ അവള്‍ ഓര്‍ത്തു.
ഫര്‍സാനക്ക് ഉമ്മമ്മയെ നന്നായി ബോധിച്ചിട്ടുണ്ട്. ഉമ്മമ്മക്ക് അവളെയും. വീട് ദൂരെയായതിനാല്‍ സ്ഥിരമായി വീട്ടില്‍ പോകാന്‍ സാധിക്കില്ലെന്നും അവള് ഹോസ്റ്റലിലാണ് താമസമെന്നും പറഞ്ഞപ്പോള്‍ ഉമ്മമ്മ ചോദിച്ചത്:
‘എന്നാന്റെ കുട്ടിക്ക് നൂറാന്റെ കൂടെന്നും ഇങ്ങട്ട് പോന്നൂടെ…
ഇവടെ കെടക്കാലോ…ഇവടെ എമ്പാടും സ്ഥലണ്ടല്ലോ…!’ ന്നാണ്.
‘ആ…ഇന്‍ ഷാ അല്ലാഹ്…ഉമ്മമ്മാ… ഞാനിനി എന്തായാലും ഇടക്കൊക്കെ വര്ണ്ണ്ണ്ട്…നിക്കിനി ഇങ്ങളൊക്കെണ്ടല്ലോ ഇവിടെ’
അവളും ആവേശത്തോടെ മറുപടി പറഞ്ഞു.
നൂറ പലഹാര പാത്രവുമായി വന്നു. ഉമ്മമ്മ അതില്‍ നിന്ന് എല്ലാവര്‍ക്കും ഓഹരി ചെയ്തു കൊടുത്തു. ചിപ്സ് വായിലിട്ട് രുചിച്ചുകൊണ്ട് നൂറ ചോദിച്ചു:
‘ ങ്ളെന്തിനാണുമ്മമ്മാ ഞങ്ങളോടിവിടിരിക്കാന്‍ പറഞ്ഞത്…!
വെറുതയാണോ…എങ്കിലൊരു കഥപറഞ്ഞ് തരി’
‘ആ ഒരു കഥപറഞ്ഞ് തരാന്‍ വേണ്ടി തന്നെയാണ് ബടെ ഇരിക്കാന്‍ പറഞ്ഞത്. അന്റെ ഉപ്പപ്പാന്റെ കഥ’
ഉമ്മമ്മ പല്ലില്ലാത്ത മോണ മലര്‍ക്കെ കാട്ടി പറഞ്ഞു.
നൂറക്ക് ഉപ്പപ്പാനെ കണ്ട ഓര്‍മയില്ല. പക്ഷെ, ഉപ്പച്ചിയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. വലിയ പ്രതാപിയായിരുന്നുവത്രെ . നാട്ടിലെ എല്ലാ പ്രശ്നങ്ങള്‍ക്കും മധ്യസ്ഥം പറഞ്ഞിരുന്നതും പരിഹാരം നിര്‍ദേശിച്ചിരുന്നതും ഉപ്പപ്പയായിരുന്നു. നല്ല ആകാര വടിവും സൗന്ദര്യവുമുള്ള ഒരു ഒത്ത ശരീരത്തിനുടമ. എത്ര ദൂരെ നിന്നും ഉപ്പപ്പ തലഉയര്‍ത്തി പിടിച്ചു വരുന്നത് കാണാമായിരുന്നുവത്രെ.
‘ഞാനെന്തിനാണ് എല്ലാ വെള്ളിയാഴ്ച രാവും ഇബടെങ്ങനെ കുറേ നേരം ഇരിക്ക്ണത് ന്നറിയോ….ന്റെ നൂറൂന്…’
ഉമ്മമ്മ നൂറയോട് ചോദിച്ചു.
‘ഇല്ലാ…ഞാനുമ്മമ്മനോട് ചോദിക്കണംന്ന് വിചാരിച്ചതായിരുന്നു. പിന്നെ അതങ്ങ് വിട്ടുപോയി…’
നൂറ ഇല്ലായെന്ന് പറഞ്ഞതിന്റെ കാരണം ബോധിപ്പിച്ചു.
‘ഹാ…ന്നാലത്പ്പം കേട്ടൊ…ന്റെ മാപ്ല…അതായത് ഇബളെ ഉപ്പപ്പ…മൂപ്പര്‍ക്ക് എല്ലാ വെള്ള്യായ്ച്ച രാവിലും ഇങ്ങനെ ഒരിര്ത്തണ്ട്. രാവ് വെളുക്കോളം മൂപ്പരിരിക്കും,ഖുര്‍ആനും ദിഖ്റൊക്കെ ആയിട്ട്. അയ്ന് നിക്കി ഒരു കൊയപ്പംണ്ടായിരുന്നില്ല. കാരണം ഞങ്ങളെ മംഗലം കഴിഞ്ഞതിന് ശേഷള്ള ആദ്യത്തെ വെള്ളിയായ്ച രാവ്…’
ഉമ്മമ്മ ഒന്ന് നിര്‍ത്തിയിട്ട് നീട്ടി ശ്വാസമെടുത്തു. പ്രണയാര്‍ദ്രമായ വാര്‍ധക്യം എങ്ങനെയായിരിക്കുമെന്നറിയണമെങ്കില്‍ ഇപ്പോള്‍ ഉമ്മമ്മയെ നോക്കിയാല്‍ മതിയെന്ന് നൂറ മനസ്സില്‍ നിനച്ചു.
ഉമ്മമ്മയുടെ മനസ്സ് നിറയെ ഇപ്പോള്‍ ഉപ്പപ്പയാണെന്ന് കൃത്യമായിട്ട് മനസ്സിലാവും. കാരണം നാണത്തില്‍ കലര്‍ന്ന ഒരു പുഞ്ചിരി ചുക്കിചുളിഞ്ഞ ആ മുഖത്തെ പ്രസന്നമാക്കിയിരുന്നു.
തുടര്‍ന്ന് പറഞ്ഞു:
‘അന്ന് മൂപ്പര് നേരത്തെ തന്നെ റൂമിലേക്ക് വന്നു…ന്നോട് പല കിന്നാരോം പറഞ്ഞു. ന്നട്ട്…ന്നെ മൂപ്പരുടെ മടിയില്‍ തലചായ്ച്ച് കിടത്തീട്ട് ചോയ്ച്ചു…’പാത്വോ…അനക്ക് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയറിയോ…?’ ഞാന്‍ മൂപ്പരെ മടീന്ന് തലതിരിച്ച് മോത്ത് നോക്കീട്ട് പറഞ്ഞു.
‘ഇല്ല’…
‘ആഴ്ച്ചകളിലെ ദിവസങ്ങളുടെ നേതാവാണ് വെള്ളിയായ്ച…വല്ലാത്ത പവിത്രതള്ള ദിവസം. ഈ ദിവസത്തിലൊരു സമയണ്ട് ആ സമയത്ത് എന്ത് ചോയ്ച്ചാലും പടച്ചോന്‍ തരും. അപ്പോ ഞാന്‍ ചോദിച്ചു:
‘എന്തും…!’
അന്ന് ഞാനൊരു കൊച്ചു പൊട്ടിപെണ്ണല്ലേന്യോ…!?’
ഉമ്മമ്മാന്റെ മുഖത്ത് ജാള്യതകലര്‍ന്ന പുഞ്ചിരി കാണാം.
‘ന്നട്ട്…ബാക്കി പറ…’
ഏതോ പ്രണയ കഥ വായിക്കുന്ന താല്‍പര്യത്തോടെ ഫര്‍സാന തിരക്കു കൂട്ടി.
‘ആ…എന്തും…പക്ഷെങ്കീ…അയ്ന് ആദ്യം നമ്മള് പടച്ചോനോട് മനസ്സറിഞ്ഞ് ദൊആര്ക്കണം…മുത്ത് നബിന്റെ ? പേരില് സ്വലാത്തും ചൊല്ലണം. ന്നാ പടച്ചോന്‍ തരും.’
ഉമ്മമ്മ വീണ്ടും ഒന്നു നിര്‍ത്തി. എന്തോ ഗാഢമായ ആചോലനയിലേക്ക് വഴുതിയെന്ന് തോന്നുന്നു.
‘ഉമ്മമ്മാ…ങ്ങള് ഉപ്പപ്പാന്റെ കൂടന്നെണോ ഇപ്പളും…ബാക്കി പറ’
ഉമ്മമ്മാന്റെ സ്റ്റൂളിന് ചുറ്റും വട്ടമിട്ടിരിക്കുന്നതിനിടയില്‍ നൂറ പതുക്കെ ഉമ്മമ്മാനെ തട്ടിവിളിച്ചു.
‘അതല്ലേ…,നേരത്തെ മോനൂസ് ക്ലാസെടുക്കുമ്പോ സ്വലാത്ത് ചൊല്ലിയാല് മുത്ത് നബിന്റെ ശ്രദ്ധ കിട്ടുംന്ന് പറഞ്ഞീലെ…അപ്പം നിക്കി മൂപ്പര് ഇപ്പറഞ്ഞത് ഓര്‍മവന്നതേനി…അതാ ഞാന്‍ ങ്ങളോട് ബടെ ഇരിക്കാന്‍ പറഞ്ഞതും മൂപ്പരെ പറ്റി പറഞ്ഞതും. മരിച്ചോലെ പറ്റി നല്ലത് പറയണംന്നാണല്ലോ…..’
ഉമ്മമ്മ തുടര്‍ന്നു:
‘അന്ന്നിക്കി മൂപ്പരൊരു കഥേംകൂടെ പറഞ്ഞു തന്നീനി. മുത്ത് നബിന്റെ ? കഥ. അവിടുന്ന് സ്വഹാബാക്കള്‍ക്ക് പറഞ്ഞ് കൊടുക്കാണ്. എന്താന്ന്ച്ചാല്…നാളെ മഹ്ശറേന്ന് ഒരു പാവപ്പെട്ട മനുഷ്യന്റെ അമലുകളൊക്കെ തൂക്കി തിട്ടപ്പെടുത്തും. എല്ലാം നോക്കി തിട്ടപ്പെടുത്തീട്ടും നന്മയുടെ തട്ടില്‍ കാര്യായിട്ട് കനം തൂങ്ങ്ണ ഒന്നുണ്ടാവൂല. തിന്മയുടെ തട്ടാണെങ്കില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്യുന്നു. ഞാനൊരു നിലക്കും കൈച്ചിലാവൂലാന്ന് മൂപ്പര്‍ക്ക് ഉറപ്പാവും. അങ്ങനെ മലക്കുകള്‍ മൂപ്പരീം കൊണ്ട് നരകത്തിലേക്ക് പോവും.
മുത്ത് നബി ? തുടര്‍ന്നു പറഞ്ഞു:
‘ആ സമയത്ത് ഞാന്‍ അവിടെ അര്‍ശിന്റെ ചോട്ടില്‍ നിന്ന് കൊണ്ട് ന്റെ ഉമ്മത്തിന്റെ അവസ്ഥകളിങ്ങനെ നോക്കിക്കൊണ്ടിരിക്കായിരിക്കും. അപ്പോള്‍ ആദം നബി(അ)യും മറ്റു നബിമാരും എന്നോട് പറയും ‘ങ്ങളെ ഉമ്മത്തില്‍പെട്ട ഒരാളയല്ലേ….ആ കൊണ്ട് പോക്ണത്…?’ അത് കേട്ട് ഞാനുടനെ എണീറ്റ് അങ്ങോട്ട് ചെല്ലും. മലക്കുകള്‍ അയാളെ നരകത്തില്‍ക്ക് വലിച്ച് കൊണ്ടു പോക്ണതാണ് ഞാന്‍ കാണുന്നത്.
ഞാനോരോട് പറയും:
‘ങ്ങളെനിക്ക് വേണ്ടി ഒന്ന് കാത്തിരിക്കോ…എനിക്ക് ഇയാളെ ശരിക്കൊന്ന് കാണണം, ഇയാളെന്റെ മേലില്‍ സ്വലാത്ത് ചൊല്ലിട്ട്‌ണ്ടോന്ന്…ഒന്നൊര്‍പ്പിക്കാനാണ്.?’
ഉടനെ മലക്കുകള്‍ പറയും:
‘നബിയെ, ഞങ്ങള്‍ക്ക് ഇയാളെ ഇവിടെ നിര്‍ത്താന്‍ പറ്റൂല…കാരണം ഇയാളെ നരകത്തിലേക്ക് കൊണ്ടോവാന്‍ അല്ലാഹുവിന്റെ കല്‍പന വന്നിരിക്കുണു’
ഇതുകേള്‍ക്കേണ്ട താമസം മുത്ത് നബി ? അല്ലാഹുവിനെ വിളിച്ചു കൊണ്ട് പറയും:
‘അല്ലാഹുവേ…ന്റെ ഉമ്മത്തിന്റെ വിഷയത്തില്‍ നീയെന്നെ പരാജയപ്പെടുത്തൂലാന്ന് എനിക്ക് വാക്ക് തന്ന്ട്ടില്ലേ…അതോണ്ട് ഇയാളെ ഒന്ന് നിര്‍ത്തി തരണേ…?’
പെട്ടെന്ന് മലക്കുകള്‍ക്ക് അല്ലാഹുവിന്റെ ഓര്‍ഡര്‍ വരും;
‘മുഹമ്മദ് നബിക്ക് വേണ്ടി അയാളെ ഒന്ന് നിര്‍ത്തി കൊടുക്കൂ…’
അങ്ങനെ അയാളെ അവിടെ നിര്‍ത്തും. ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോകും. മുഖത്ത് നോക്കിയാല്‍ തന്നെ എനിക്ക് മനസ്സിലാകും…ഇദ്ദേഹം എന്റെ പേരില്‍ സ്വലാത്ത് ചൊല്ല്യ ആളാണോ അല്ലയോന്ന്…എന്നെ മഹബ്ബത്ത് വെച്ചിട്ട്‌ണ്ടോ….ഇല്ലയോന്ന്. ഞാന്‍ നോക്കുമ്പോള്‍ അയാള്‍ ന്റെ പേരില്‍ സ്വലാത്ത് ചൊല്ലിയ ആളാണ്.
മുത്ത് നബി ? തുടര്‍ന്നു
‘ആ സമയത്ത് ഞാന്‍ ന്റെ അരയില്‍ നിന്ന് ഒരു ചെറിയ കാര്‍ഡ് എട്ത്ത് അയാളെ മീസാനിലെ നന്മതൂക്ക്ണ തട്ടിലേക്ക് ഇട്ടൊട്ക്കും. അപ്പോള്‍ ആ തട്ട് കനം തൂങ്ങും. അയാള്‍ രക്ഷപ്പെടേം ചെയ്യും. തുടര്‍ന്ന് അയാള് ന്നോട് സന്തോഷത്തോടെ വന്ന് ചോദിക്കും: ങ്ങളാരാണ്…?ങ്ങള്‍ക്കെങ്ങനെ എന്നെ രക്ഷിക്കാന്‍ കയിഞ്ഞു? .
അന്നേരം ഞാന്‍ പറയും:
‘ഞാന്‍ ങ്ങള്‍ സ്വലാത്ത് ചൊല്ലിയ മുഹമ്മദ് നബിയാണ്…’
ഉടനെ മലക്കുകള്‍ക്ക് അല്ലാഹുവിന്റെ കല്‍പന വരും
‘ഇയാളെ നിങ്ങള്‍ സ്വര്‍ഗത്തില്‍ക്ക് കൊണ്ടു പോയ്‌ക്കോളീ….’
ഉമ്മമ്മ കഥയവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു:
‘ ഞാന്‍ ഉപ്പപ്പാന്റെ മടിയില്‍ കിടന്ന് ഇത് കേട്ട് കരഞ്ഞു. അത് കണ്ടപ്പൊ ഉപ്പപ്പ ന്നോട് ചോദിച്ചു. ഞമ്മക്ക് രണ്ടാക്കും ഇന്ന് കുറച്ച് സ്വലാത്ത് ചൊല്ലല്ലേ…പാത്വോ.
ഞാന്‍ സമ്മതവും കൊടുത്തു. അന്ന് തുടങ്ങ്യതാണ് ഈ ഇര്ത്തം. ഉപ്പപ്പണ്ടെങ്കില്‍ ഈ ഇര്ത്തം എത്രനേരം നീളുമായിരുന്നുവെന്ന് ഒരുപിടുത്തവും ഇല്ലാ.’
ഉമ്മമ്മ ഇപ്പോഴും ഉപ്പപ്പയുടെ ആലോചനയില്‍ നിന്നും പൂര്‍ണ്ണമായിട്ട് മുക്തയായിട്ടില്ല.
‘ഞിങ്ങള് പൊയ്ക്കോളി…ഞാന്‍ കൊറച്ചേരം ഇങ്ങനെ ഇബടെ ഇരിക്കട്ടെ’
ഉമ്മമ്മ അവരോട് പറഞ്ഞു.
അവരുടെ സ്വസ്ഥതക്ക് ഭംഗം വരുത്തണ്ടാന്ന് കരുതി എല്ലാവരും അവിടെ നിന്നിറങ്ങി.
നൂറയുടെ റൂമിലേക്ക് ചെന്നു.
നൂറ ഒന്ന് ഫ്രഷാവാന്‍ വേണ്ടി വാഷ്റൂമിലേക്ക് പോയി. ഫര്‍സാന റൂമില്‍ അടുക്കി വെച്ച് ശെല്‍ഫുകളിലൊന്നില്‍ നിന്ന് ഒരു പുസ്തകവുമെടുത്തിരുന്നു.
ഫൈറൂസ നൂറയുടെ സ്റ്റഡീ ടേബിളില്‍ മടക്കി വെച്ച ഡയറിയെടുത്ത് പതുക്കെ മറിച്ചു നോക്കി. അവളുടെ ഡെയ്ലി ഡയറിയാണ്. വായിച്ചു തുടങ്ങിയപ്പോള്‍ അവള്‍ക്ക് ഹരം കയറി. കോളേജിലെ ആദ്യ ദിവസത്തിലുണ്ടായ അപമാനവും ഫര്‍സാനയെ കണ്ടതും. രേഷ്മേച്ചി രക്ഷപ്പെടുത്തിയതും എല്ലാം അതിലുണ്ട്.
ഡയറിയുടെ അവസാന താളുകളിലേക്ക് മറിച്ചപ്പോള്‍ ഫൈറൂസയുടെ മുഖഭാവം മാറാന്‍ തുടങ്ങി. കാരണം അതിലിതാ അവളുടെ പേര്. ഉമ്മ നൂറയെ വിളിച്ചതും തന്നെ പറ്റി പറഞ്ഞതും എല്ലാം അതില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു.
‘ഫൈറൂസക്കെങ്ങനെ ഇങ്ങനെ ആവാന്‍ സാധിച്ചുവെന്ന്’ ആ ഡയറിയില്‍ എഴുതി കണ്ടപ്പോള്‍ അവളുടെ സിരകളില്‍ സങ്കടവും ദുഖവും ദേഷ്യവും എല്ലാംകൂടെ കലര്‍ന്ന ഒരു വികാരം രൂപപ്പെട്ടു. നൂറ ഒന്നും അറിയാത്ത പോലെ നടിച്ച് തന്നെ പറ്റിക്കുകയാണെന്ന തോന്നല്‍ അവളുടെ ഉള്ളില്‍ തികട്ടി വന്നു.
പെട്ടെന്ന് വാഷ്റൂമിന്റെ ഡോറുകള്‍ തുറക്കപ്പെട്ടു. ഫൈറൂസ ഞെട്ടി തിരിഞ്ഞ് നൂറയെ നോക്കീ…
‘എന്താടീ…നിന്റെ മുഖം വല്ലാണ്ടിരിക്കുന്നത്…?’
നൂറ അവളോട് ചോദിച്ചു.
*** *** *** *** *** *** *** *** *** *** *** ***
‘ഏയ് ഒന്നുല്ല്യടീ…’
ഫൈറൂസ പെട്ടെന്ന് തന്നെ നൂറയുടെ മുഖത്ത് നിന്നും കണ്ണുവെട്ടിച്ച് തിരിഞ്ഞു. അവള്‍ കാണാതെ ഡയറി മടക്കി യഥാസ്ഥാനത്ത് തന്നെ വെച്ചു.
‘അല്ല…നിനക്ക് എന്തോ അസ്വസ്ഥത യുണ്ടല്ലോ…’
നൂറ അവളുടെ അടുത്തേക്ക് വന്നു.
‘അതൊന്നുല്യടി…തലക്ക് ചെറിയൊരു വല്ലായ്മ പോലെ’
ഫൈറൂസ കാരണം കണ്ടത്തി.
‘ഞാന്‍ നല്ല കടുപ്പത്തില്‍ ഒരു ചായയിട്ടു തന്നാലോ…!
‘ വേണ്ടെടീ…അത് ചെലപ്പൊ ഭക്ഷണം കഴിച്ചാല്‍ റെഡിയാകുമായിരിക്കും…’
ഫൈറൂസ പറഞ്ഞു.
‘ എന്ന വരിം നമുക്ക് ഭക്ഷണം കഴിക്കാം’
അവര്‍ മൂന്ന് പേരും കിച്ചണിലേക്ക് നടന്നു. ഉമ്മച്ചി നല്ല തിരക്കിട്ട പാചകത്തിലാണ്. അയക്കൂറ ബിരിയാണിയാണുണ്ടാക്കുന്നത്. നല്ല വറുത്ത് മൊരിഞ്ഞ അയക്കൂറയുടെ മണം പരിസരമാകെ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
‘ഇപ്പൊ…ആവുട്ടൊ…’
ഉമ്മച്ചി അവരെ നോക്കി പറഞ്ഞു.
ആരെങ്കിലും വീട്ടിലേക്ക് വരുമ്പോള്‍ ഭക്ഷണമുണ്ടാക്കുന്നത് ഉമ്മച്ചി തനിച്ചായിരിക്കും. നന്നായില്ലെങ്കിലോന്ന ഭയമാണ് ഉമ്മച്ചിക്ക്. അങ്ങനെ തോന്നാനും കാരണമുണ്ട്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപ്പച്ചിന്റെ കൂടെ വീട്ടില്‍വന്ന കുഞ്ഞാലുട്ട്യാക്കക്കും മരക്കാരിക്കാക്കും വെള്ളം കലക്കി കൊടുത്തത് നൂറയായിരുന്നു. വെള്ളമെല്ലാം കുടിച്ച് കഴിഞ്ഞ് ഗ്ലാസും വാങ്ങി പോരുമ്പോള്‍ കുഞ്ഞാലുട്ട്യാക്ക ചോദിച്ചു:
‘ആരാ വെള്ളം കലക്കിയത്…!?’
ഇഷ്ടപ്പെട്ട സന്തോഷം പറയാനാണ് അദ്ദേഹം പേര് ചോദിച്ചത് എന്ന ധരണയില്‍ നൂറ ഗമയില്‍ അവിടെ തന്നെ നിന്ന് ഞാനാണെന്ന് തലയാട്ടി.
‘ഇനിമുതല്‍ പഞ്ചസാരയിടുമ്പോള്‍ ശ്രദ്ധിക്കണം കെട്ടോ….’
കുഞ്ഞാലുട്ട്യാക്ക നെറ്റി ചുളിച്ചു കൊണ്ട് ചിരിച്ചു പറഞ്ഞു.
അദ്ദേഹത്തോട് ആയ്ക്കോട്ടേയെന്നും പറഞ്ഞ് തലയാട്ടി പോന്നെങ്കിലും എന്താണ് അയാളങ്ങനെ പറയാന്‍ കാരണമെന്ന് ഒരു നിലക്കലോചിച്ചിട്ടും നൂറക്ക് പിടുത്തം കിട്ടിയിരുന്നില്ല.
അവര് പോയതിന് ശേഷം ഉമ്മച്ചിയോട് നൂറ ചോദിച്ചു :
‘ഉമ്മച്ചി…അതന്താ… കുഞ്ഞാലുട്ട്യാക്ക അങ്ങനെ പറഞ്ഞത്…?’
‘അത്….നീ പഞ്ചസാരയിട്ടത് കുറഞ്ഞ് പോയിരിക്കും’
എന്നും പറഞ്ഞ് ഉമ്മച്ചി നൂറ കലക്കിയ വെള്ളത്തില്‍ ബാക്കിവന്നതില്‍ നിന്നും കുറച്ചെടുത്തു രുചിച്ചു നോക്കി.
‘ശരിയാണല്ലോടി…ഇത് തീരേ മധുരമില്ലല്ലോ….!?’
‘അതെങ്ങനെ ശരിയാവുമുമ്മച്ചീ…ഞാന്‍ നന്നായി മധുരമിട്ടതാണല്ലോ…!?’
അവളങ്ങനെ തീര്‍ത്തു പറഞ്ഞപ്പോഴാണ് ഉമ്മച്ചി അവള് വെള്ളം കലക്കിയ പാത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയത്.
അല്‍പ സമയം അതിലേക്ക് നോക്കി നിന്ന ഉമ്മച്ചിയുടെ മുഖഭാവത്തില്‍ വരുന്ന വ്യത്യാസം കണ്ട് കരയുകയാണോ…ചിരിക്കുകയാണോ…ന്ന് അവള്‍ക്ക് സംശയം.
ഉമ്മച്ചി ഊറിയൂറി ചിരിക്കുകയാണ്…
‘എന്താണ് എന്തു പറ്റി ഉമ്മച്ചി…!?’
എന്തിനാണ് ചിരിക്കുന്നതെന്ന് അവള്‍ക്ക് മനസ്സിലായില്ലെങ്കിലും ഉമ്മച്ചിയോടൊപ്പം ചിരിച്ചുകൊണ്ട് അവള്‍ ചോദിച്ചു.
ഉമ്മച്ചി ഒന്നും മിണ്ടാതെ വെള്ളം കലക്കിയ പാത്രവുമെടുത്ത് ഉപ്പച്ചിയുടെ അടുത്തേക്ക് നടന്നു.
കോലായില്‍ കസേരയിലിരിക്കുകയായിരുന്ന ഉപ്പച്ചിയുടെ അടുത്ത് ചെന്ന് പാത്രം ഉപ്പച്ചിയെ കാണിച്ചിട്ട് പറഞ്ഞു.
‘ങട്ട് നോക്കി…ങ്ങളെ പുന്നാര മോള് വെള്ളം കലക്കിയ കോലം…
ന്താണോള് മധുരത്തിന് വേണ്ടി അയ്ലിട്ടത് ന്നറിയോ ങ്ങക്ക്…?’
ഉപ്പച്ചി പാത്രത്തില്‍ കയ്യിട്ടു കൊണ്ട് ചോദിച്ചു:
‘ഇതെന്താണ് പച്ചരിയോ….!?’
ഉപ്പച്ചിയുടെ മുഖത്തും ചിരിവിടര്‍ന്നു. അവള്‍ക്കപ്പോഴാണ് അമളി മനസിലായത്. അവര് വന്ന വ്യഗ്രതയില്‍ ഉപ്പച്ചി പെട്ടെന്ന് വെള്ളമെടുക്കാന്‍ പറഞ്ഞപ്പോള്‍ സാധാരണ പഞ്ചസാരയെടുക്കുന്ന പാത്രത്തിനടുത്ത് വച്ചിരുന്ന പച്ചരിയുടെ പാത്രത്തില്‍ നിന്നാണ് അവളെടുത്ത് വെള്ളത്തിലിട്ടത്.
‘ഇനിഞാനോന്റെ മോത്ത് എങ്ങനെ നോക്കും’
ന്നും പറഞ്ഞ് ഉപ്പച്ചി പിന്നെയും ചിരിച്ചു.
കുഞ്ഞാലുട്ട്യാക്ക എന്തിനായിരുന്നു ഒന്നിരുത്തി ചിരിച്ചതെന്ന് അവള്‍ക്കപ്പോള്‍ ശരിക്കും ബോധ്യമായി. അതിപ്പോള്‍ ആലോചിച്ചപ്പോള്‍ അവളുടെ മുഖത്ത് ജാള്യതയുടെ ചിരി വിടര്‍ന്നു.
അതിനു ശേഷം അതിഥികളാരെങ്കിലും വന്നാല്‍ മിക്കവാറും എല്ലാം ഉമ്മച്ചി തന്നെയാണ് ചെയ്യാറ്. നൂറപിന്നീട് നല്ല പാചകക്കാരിയായെങ്കിലും ഉമ്മച്ചിക്കൊരു ധൈര്യക്കുറവാണ്. എങ്ങാനും വല്ലതും വാരിയിട്ട് കൊടുത്താല്‍ ആ ചീത്ത പേര് പിന്നെ ഉമ്മച്ചിന്റെ തലക്കിരിക്കുമല്ലോ…!
‘തിരക്കൊന്നുമില്ല, പതുക്കെ മതി ത്താ’
ഫൈറൂസ ഉമ്മച്ചിയോട് പറഞ്ഞു.
പെട്ടെന്നാണ് ഉമ്മച്ചിയുടെ ഫോണ്‍ ബെല്ലടിച്ചത്.
‘മോനൂസെ ആരാ….?’
അവനിവിടെയുണ്ടെങ്കില്‍ ഉമ്മച്ചിന്റെ ഫോണ്‍ മുഴുവന്‍ സമയവും അവന്റെ കൈവശമായിരിക്കും.
‘ഇത്തയാണ്…’
‘ഹാ…നീ ഒന്ന് സംസാരിച്ചിരിക്ക്, ഉമ്മച്ചി ഇതൊന്ന് വറവിട്ടിട്ട് വരാം…’
ഉമ്മച്ചി വിളിച്ചു പറഞ്ഞു.
നൂറ അപ്പോഴേക്കും മോനൂസില്‍ നിന്ന് ഫോണ്‍ വാങ്ങിയിരുന്നു.
‘ഹലോ…ഇത്ത…അസ്സലാമു അലൈക്കും…’
സ്ഥിരമായി വിളിക്കാറുണ്ടെങ്കിലും ഇത്തയോട് എത്രസംസാരിച്ചാലും മതിയാവുകയില്ല. പ്രത്യേകിച്ച് റൂമിയോട്, ഇത്താന്റെ മോനാണ്. ചെക്കന് നാലുവയസ്സേ ആയിട്ടുള്ളൂവെങ്കിലും വലിയ വായിലെ വര്‍ത്തമാനമാണ്. അവനാണ് ഫോണ്‍ വിളിക്കാറും സുഖവിവരങ്ങളന്വേഷിക്കാറുമെല്ലാം.
മുനവ്വിറയെന്നാണിത്താന്റെ പേര്. മെഡിസിന്‍ കഴിഞ്ഞ്, ഇപ്പോള്‍ ഹൗസ് സര്‍ജന്‍സിയിലാണ്. വിവാഹം കഴിഞ്ഞിട്ടിപ്പോള്‍ അഞ്ചു വര്‍ഷമായി. ഇത്തയാണ് നൂറയുടെ റോള്‍ മോഡല്‍. ജീവിതത്തില്‍ എന്ത് പ്രതിസന്ധിവന്നാലും സംശയങ്ങള്‍ വന്നാലും അവളാദ്യം പറയുക ഇത്തയോടായിരിക്കും. കാരണം വല്ലാത്ത ആര്‍ജ്ജവമുള്ള പെണ്ണാണിത്ത.
വീഡിയോ കോളായതിനാല്‍ തന്നെ ഫര്‍സാനയും ഫൈറൂസയുമെല്ലാം ഇത്തയുമായി സംസാരിച്ചു. ഫൈറൂസയുടെ മുഖത്തിപ്പോള്‍ ഉന്മേശം വന്നിട്ടുണ്ട്. ഇത്ത അവളുമായി ഒരുപാട് സമയം സംസാരിച്ചിരുന്നു. ഇത്തയും ഫൈറൂസയും തമ്മില്‍ അത്രമേല്‍ അടുത്ത ബന്ധമുണ്ട്.
കുറച്ച് കഴിഞ്ഞപ്പോള്‍ ഉമ്മച്ചി വന്നു കൊണ്ട് നൂറയോട് പറഞ്ഞു:
‘ഡീ…, ആ കുക്കറൊന്ന് ശ്രദ്ധിക്കണെ…വിസിലടിച്ചാല്‍ ഗ്യാസൊന്ന് ലോ ഫ്‌ളൈമിലാക്കണം’
‘എന്നാല്‍ ശരിയിത്ത…അസ്സലാമു അലൈക്കും’
ഫൈറൂസ ഫോണ്‍ ഉമ്മച്ചിക്ക് കൈമാറി.
‘ആഹ…നൂറയെ ഉമ്മച്ചി അടുക്കളയേല്‍പ്പിക്കാനൊക്കെ തുടങ്ങിയോ…?’
ഉമ്മച്ചി നൂറയോട് പറയുന്നത് കേട്ട് ഇത്താത്ത ഫോണിലൂടെ ചിരിച്ച് കൊണ്ട് വിളിച്ച് ചോദിച്ചു. അതു കേട്ട് ഫര്‍സാനയും ഫൈറൂസയും നൂറയുടെ പുറത്ത് പതുക്കെ അടിച്ചു കൊണ്ട് ചിരിച്ചു. അവര്‍ അടുക്കളയിലേക്ക് നീങ്ങി.
‘ഇത്തയുടെ ഹൗസ് സര്‍ജന്‍സി കഴിഞ്ഞോ…ഞാനിത്തയോട് ചോദിക്കാന്‍ വിട്ടുപോയി?’
ഫൈറൂസ അടുക്കളയിലേക്ക് പോകുന്നതിനിടയില്‍ ചോദിച്ചു.
‘ഇല്ല മൂന്ന് മാസം കൂടെയുണ്ട്’
‘ഉം…ഫര്‍സാന… ഈ മുനവ്വിറാത്ത നമ്മള് വിചാരിക്കും പോലെയൊന്നുമല്ല, ആളൊരു സംഭവമാ…’
ഫൈറൂസ ഫര്‍സാനയെ നോക്കി പറഞ്ഞു.
ഫര്‍സാന ഒന്നും പറഞ്ഞില്ലെങ്കിലും ഫൈറൂസ ബാക്കി പറയുന്നത് കേള്‍ക്കാനായി കാത്തിരുന്നു.
‘നൂറൂ…നിനക്ക് ഓര്‍മയില്ലെടീ റമളാനില്‍ മുനവ്വിറാത്ത നമുക്ക് ഹിസ്ബ് ക്ലാസ് എടുത്തതൊക്കെ..’
ഫൈറൂസയുടെ മുഖത്ത് ബാല്യത്തിന്റെ ഓമനത്തമുണ്ടായിരുന്നു അപ്പോള്‍.
‘പിന്നേ….ഓര്‍മയില്ലാണ്ട്…ഇത്ത നമ്മളെ രണ്ടാളെയും വെച്ചാണ് തുടങ്ങിയതെങ്കിലും റമളാനിലെ ആദ്യ പത്ത് അവസാനിക്കുമ്പോഴേക്കും ഈ നാട്ടിലുള്ള പെണ്ണ്ങ്ങളൊക്കെ പറഞ്ഞും കേട്ടും അറിഞ്ഞ് ആ ക്ലാസിന് വന്നിരുന്നു.’
നൂറയും ഫൈറൂസയുടെ ഓര്‍മകള്‍ക്കൊപ്പം കൂടി…
‘മുനവ്വിറാത്തയുടെ ഖിറാഅത്ത് കേള്‍ക്കാന്‍ എന്തു രസാണെന്നറിയോ…!? ഓരെ ഓത്ത് കേട്ട് ഹരം പിടിച്ചിട്ടാണ് ഒരു നോമ്പിന് ന്റുമ്മച്ചി എനിക്ക് ഹിസ്ബ് പഠിപ്പിക്കാനായി ന്നെ താത്തന്റടുത്ത് കൊണ്ടോര്ണത്. അങ്ങനെ ഞാനും നൂറയും താത്തന്റടുത്ത്ന്ന് പഠിക്കാന്‍ തുടങ്ങി. അത് പിന്നെ കേട്ടറിഞ്ഞ് നാട്ടിലെ പെണ്ണ്ങ്ങളെല്ലാം വന്നു.’
മുനവ്വിറയുമായി ഫൈറൂസയുടെ ബന്ധം തുടങ്ങുന്നതിവിടെയാണ്. മുനവ്വിറ അവളുടെ ആദ്യ ടീച്ചറും കൂട്ടുകാരിയും എല്ലാമായിരുന്നു. ഒന്നിടവിട്ടതിന് ശേഷം അവള്‍ തുടര്‍ന്നു.
‘അന്നൊക്കെ താത്ത ഓരോരുത്തരെ കൊണ്ട് ഓതിപ്പിക്കും. തെറ്റിയോതുന്നവര്‍ക്ക് അത് യഥാര്‍ത്ഥത്തില്‍ ഓതേണ്ട വിധം പറഞ്ഞു കൊടുക്കുമ്പോഴാണ് ഇത്രക്കാലം നമ്മളോതിയതെല്ലാം തെറ്റെയ്ന്യല്ലോന്ന് പലര്‍ക്കും മനസ്സിലായിരുന്നത്.’
ഫൈറൂസ ഒന്നു നിറുത്തിയതിന് ശേഷം എന്തോ ഓര്‍ത്തു കൊണ്ട് പറഞ്ഞു:
‘അന്ന് മുനവ്വിറാത്ത നമ്മുടെ നാട്ടുകാരിയും പ്രത്യേകിച്ച് പെണ്ണും ആയത് കൊണ്ട് എല്ലാവര്‍ക്കും സംശയമുള്ളതൊക്കെ തുറന്ന് ചോദിക്കാനും പരസ്പരം മുഖത്ത് നോക്കി ഓത്ത് ക്ലിയറാക്കാനുമൊക്കെ സാധിച്ചിരുന്നുവല്ലേ…താത്തന്റെ കല്യാണം കഴിഞ്ഞതോടെ അതൊക്കെ നിന്നു. അതൊരു വല്ലാത്ത കാലമായിരുന്നുട്ടൊ… അനക്കെന്താ…നൂറ….ഇത്താത്തനെ പോലെ അത് രണ്ടാമതും തുടങ്ങിക്കൂടെ…?!’
ആ ചോദ്യം നൂറ പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. കാരണം ‘ഏ’ എന്ന് പറഞ്ഞ് അവളൊന്ന് ഞെട്ടി.
ആ സമയത്ത് ആ ചോദ്യം പ്രതീക്ഷിച്ചില്ലെങ്കിലും തന്റെ ആത്മീയ കുടുംബശ്രീ അവതരിപ്പിക്കാനുള്ള സന്ദര്‍ഭങ്ങളിവിടെ ഒരുങ്ങുന്നത് നൂറ മനസ്സില്‍ കണ്ടു. അവള്‍ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങളൊന്നും വരുത്താതെ പറഞ്ഞു:
‘ശരിയാണ് നമുക്കത് വീണ്ടും തുടങ്ങണം. ഞാനുമതാലോചിച്ചിരുന്നു…പിന്നെ ഒറ്റക്ക് എങ്ങനെയാന്ന് അലോചിച്ചപ്പോ വേണ്ടാന്ന് വച്ചതാ…’
നൂറ നിരാശ ഭാവത്തില്‍ പറഞ്ഞു.
‘അതിനെന്താ…ന്നാലിനി ഞാനും കൂടാം…’
ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ഫൈറൂസ പറഞ്ഞു.
അവളെ കൂടെ കൂട്ടാന്‍ വേണ്ടി തന്നെയാണ് നൂറയങ്ങനെ പറഞ്ഞതും. പക്ഷെ, നൂറയുടെ ഡയറിയില്‍ നിന്ന് ആത്മീയ കുടുംബശ്രീയെ കുറിച്ച് വായിച്ച ഫൈറൂസക്ക് അവളുടെ ഉദ്ദേശ്യമെന്താണെന്ന് വ്യക്തമായറിയാമായിരുന്നു. തന്നെ ഉദ്ദേശിച്ചാണ് അവളതാവിഷ്‌ക്കരിച്ചതെന്നും. അതിലേക്കുള്ള ആദ്യ പടിയായിരിക്കും ഈ ഹിസ്ബ് ക്ലാസ്.
എന്നിട്ടും അവളതിനെ സപ്പോട്ട് ചെയ്തത് ഒരുപക്ഷെ, തന്റെ ജീവിതത്തിലെ ഒരു നല്ലമാറ്റത്തിന് ഇത് കാരണമായാലോ എന്നോര്‍ത്തിട്ടാണ്. താനിക്കാര്യം അറിഞ്ഞ വിവരം ഇനിയവളെ അറിയിക്കില്ലെന്ന് ഫൈറൂസ മനസ്സില്‍ ശപഥം ചെയ്തു.
‘ ഏതായാലും മൂന്നുവര്‍ഷം കോളേജില്‍ ഞാനുമുണ്ടാവുമല്ലോ…അപ്പോ ഒരു പഠിതാവായി എനിക്കും കൂടാല്ലോ…ഞാന്‍ തന്നെ ആയിക്കോട്ടെ നിങ്ങളുടെ ആദ്യ വിദ്യാര്‍ത്ഥിനി’
ഫര്‍സാന അവരുടെ സംസാരത്തിനിടയില്‍ കയറി ആവേശത്തോടെ, അതിലേറെ സന്തോഷത്തോടെ പറഞ്ഞു.
‘എഡീ…ഞാനിപ്പൊ വരാം…നിങ്ങള്‍ ആ കുക്കറൊന്ന് ശ്രദ്ധിക്കണേ…’
രണ്ടു പേരോടുമായി പറഞ്ഞിട്ട് നൂറ പെട്ടെന്ന് സംസാരം മുറിച്ച് തന്റെ റൂമിലേക്ക് പോയി. അവിടെ ചെന്ന് അല്ലാഹുവിന് ശുക്റിന്റെ സുജൂദ് ചെയ്തു. ഹംദുകളര്‍പ്പിച്ചു.
‘റബ്ബേ…നീയിതാ ഞാന്‍ കണ്ട സ്വപ്നത്തിലേക്കുള്ള കവാടങ്ങള്‍ എന്റെ മുമ്പില്‍ തുറന്നിട്ടിരിക്കുന്നു. ഇതെനിക്ക് പൂര്‍ത്തിയാക്കാനുള്ള കരുത്തും തുണയും തരണേ…’
അവള്‍ നിറകണ്ണുകളോടെ പ്രാര്‍ത്ഥനയില്‍ മുഴുകി.
ശേഷം അവളിത്താത്തയെ കുറിച്ചാലോചിച്ചു. എന്തുകൊണ്ട് ഇത്താത്തയുടെ മാതൃക തനിക്ക് നേരത്തെ ഓര്‍മവന്നില്ലെന്ന് അവള്‍ അത്ഭുപ്പെട്ടു.
ഇത്താത്ത ഇന്നും ഭര്‍തൃവീട്ടിലും പരിസരങ്ങളിലുമുള്ള വിദ്യാര്‍ത്ഥിനികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ഒഴിവു സമയങ്ങളില്‍ നന്നായിട്ട് എഴുതാറുണ്ട്. പലപ്പോഴും ഇത്താത്തയെ കുറിച്ചാലോചിക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ടവള്‍ക്ക്. കാരണം സാധാരണ പെണ്ണുങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു ഇത്താത്ത . വിവാഹ ശേഷം അതിനുമുമ്പുള്ള എല്ലാ കാര്യങ്ങളും മറക്കുന്നവരാണ് അധിക പെണ്ണുങ്ങളും. പിന്നീടവര്‍ ആര്‍ക്കൊക്കെയോ വേണ്ടി ജീവിക്കുന്നതായിട്ടാണ് തോന്നാറ്. നന്നായി എഴുതിയിരുന്നവര്‍, വായിച്ചിരുന്നവര്‍, കരകൗശലവസ്തുക്കള്‍ നിര്‍മിച്ചിരുന്നവര്‍ തുടങ്ങി ഈ മേഖലയില്‍ ഉദിച്ചുനിന്നിരുന്നവര്‍ വിവാഹം കഴിയലോട് കൂടെ പെട്ടെന്ന് അസ്തമിക്കും.
പിന്നീടവര്‍ സ്വയം ജീവിക്കാന്‍ മറക്കും. അതിന് കാരണം പറച്ചിലോ…ഭര്‍ത്താവ്, മക്കള്‍…കൂട്ടു കുടുംബം എന്നെല്ലാമാണ്. പക്ഷെ, വേണം എന്നുവെച്ചാല്‍ ഇതെല്ലാം നടക്കും. കൂടാതെ എല്ലാത്തിനും സമയവുമുണ്ടാവും. കാരണങ്ങള്‍ കണ്ടെത്തി സ്വയം നശിക്കില്ലെന്ന ഉറച്ച തീരുമാനമെടുക്കാന്‍ സാധിച്ചാല്‍ മതി.’
നൂറയുടെ ചിന്തകള്‍ക്ക് ഇത്ര ഗൗരവ രൂപം ലഭിക്കാനും കാരണമുണ്ട്. കാരണം അവളിപ്പോള്‍ ആലോചിച്ച് കൂട്ടിയതെല്ലാം
‘ഇത്താത്തക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു…’വെന്ന്
മുമ്പൊരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ്.
‘നൂറൂ… നിനക്കറിയോ…ലോക ചരിത്രത്തില്‍ പണ്ഡിതകളായ എത്ര സ്ത്രീകളുണ്ടെന്ന്…!? ‘
ഒരിക്കലിത്താത്ത നൂറയോട് ചോദിച്ചു. ആ ചോദ്യത്തിന് ഇത്താത്ത ഉത്തരം പ്രതീക്ഷിച്ചിരുന്നില്ല. കാരണം ഇത്താത്ത തുടര്‍ന്ന് പറഞ്ഞു :
‘ ഞാന്‍ ചില മഹതികളെ പരിചയപ്പെടുത്താം. ഇമാം മാലിക്(റ) മുവത്വ എന്ന തന്റെ ഹദീസ് ഗ്രന്ഥം ക്ലാസെടുക്കുമ്പോള്‍ ശിഷ്യന്മാരാരെങ്കിലും തെറ്റിച്ച് വായിച്ചാല്‍ അത് തെറ്റായിട്ടാണ് വായിച്ചതെന്ന് മഹാനവര്‍കളുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നത് മകളായിരുന്നു. അഥവാ,കര്‍ട്ടണു പിന്നിലിരുന്ന് മഹതി ഉണര്‍ത്തുമായിരുന്നുവെന്ന്. എത്രമേല്‍ വലിയ പണ്ഡിതയായിരിക്കണം മഹതിയെന്നാലോചിച്ച് നോക്കിയേ….’
അതുപോലെ തന്നെ സഈദ് ബ്നു മുസ്സയ്യിബ്(റ) എന്ന് പറയുന്ന വലിയ പണ്ഡിതനുണ്ടായിരുന്നു. മഹാന്റെ ശിഷ്യനാണ് അവരുടെ മകളെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം ഭര്‍ത്താവ് പിതാവിന്റെ ക്ലാസില്‍ പങ്കെടുക്കാന്‍ പോകുന്ന സമയത്ത് മഹതി ചോദിച്ചുവത്രെ:
‘ നിങ്ങള്‍ ഉപ്പാന്റെ ക്ലാസിലേക്കാണ് പോകുന്നതെങ്കില്‍ അവിടെയുള്ളതെല്ലാം ഞാന്‍ നിങ്ങളെ പഠിപ്പിച്ചുതരാം.’ എത്ര ധീരമായ ശബ്ദമായിരുന്നു അവരുടേത്.
അക്കാലഘട്ടത്തിലെ അധികാരികള്‍ മുഴുവന്‍ വിനയപുരസരം തലകുനിച്ച് നിന്നിരുന്ന പണ്ഡിത കുലപതിയായിരുന്നു ഈ സഈദ് ബ്നു മുസ്സയ്യിബ്(റ). അഥവാ അത്രമേല്‍ അറിവിന്റെ നിറകുടമായ തന്റെ പിതാവിന്റെ മുഴുവന്‍ അറിവും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാമെന്ന് തന്റെ ഭര്‍ത്താവിനോട് പറയാന്‍ ധൈര്യമുള്ള ആ മഹതിയുടെ അറിവിന്റെ ആഴമൊന്നാലോചച്ച് നോക്ക് നീയ്യ്….’
ഇത്ത പറഞ്ഞു തരുന്നത് കണ്ണിമവെട്ടാതെ നോക്കിയിരുന്നതല്ലാതെ ഒരക്ഷരം മിണ്ടിയില്ല . അവസാനം ഇത്ത തുടര്‍ന്നു:
‘ എടീ…നീ ആലോചിച്ച് നോക്കിയേ…ഇസ്ലാമിക ലോകത്തെ അടിസ്ഥാന പ്രമാണമാണല്ലോ ഹദീസ്…? ഈ ഹദീസുകള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യക്കാരിലൊരാള്‍ മഹതി ആഇശാ ബീവിയല്ലേ…പെണ്ണായിരുന്ന മഹതിയില്‍ വിശ്വസിച്ചു കൊണ്ടല്ലേ…ഈ വിശ്വപ്രസ്ഥാനം ലോകത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. മഹതിയൊരു പെണ്ണാണെന്നതിന്റെ പേരില്‍ ആരെങ്കിലും അവരുടെ ഹദീസുകള്‍ സ്വീകരിക്കാതിരുന്നിട്ടുണ്ടോ…ആഇശാ ബീവി റിപ്പോര്‍ട്ട് ചെയ്ത ഹദീസുകള്‍ക്ക് മറ്റുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാളും പലപ്പോഴും ആധികാരികമാവാറില്ലേ…കാരണം ഹബീബിനെ ? അത്ര അടുത്ത് ലഭിച്ചിരുന്നു മഹതിക്ക്.
ഇത്താത്ത സംസാരം തുടര്‍ന്നപ്പോള്‍ നൂറക്ക് തോന്നി അല്ലാഹു തനിക്ക് ചെയ്ത ഗുണങ്ങളില്‍ ഏറ്റവും മഹത്തരമായ ഒന്ന് തന്നെ ഒരു സ്ത്രീയായി ജനിപ്പിച്ചു എന്നതാണെന്ന്.
അവസാനം ഇത്ത പറഞ്ഞു:
‘മോളേ…ഇസ്ലാം ഒരിക്കലും സ്ത്രീയെ രണ്ടാം കണ്ണുകൊണ്ട് കണ്ടിട്ടില്ല. അവള്‍ക്ക് അവളുടേതായ ലോകം വകവെച്ചു നല്‍കിയിട്ടുണ്ട്. അത് മനസ്സിലാക്കുന്നിടത്ത് പലപ്പോഴും പലര്‍ക്കും പിഴച്ചു പോവാറുണ്ടെന്ന് മാത്രം. പുരുഷനിടപെടുന്ന മേഖലയാണ് സ്വാതന്ത്ര്യമെന്ന് പുരുഷന്മാര്‍ തെറ്റിദ്ധരിപ്പിച്ചപ്പോള്‍ അവള്‍ ആ ചതിയില്‍ പെട്ടുപോകലാണ് മിക്കപ്പോഴും. അഥവാ, ഒട്ടുമിക്ക സ്ത്രീകള്‍ക്കും സ്വന്തത്തെ കണ്ടെത്താനിതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് വിദ്യ തേടലും അത് പ്രചാരണം നടത്തലുമെല്ലാം നമുക്കും പറ്റും. അത് പുരുഷന്മാര്‍ക്ക് മാത്രം തീറെഴുതി കൊടുത്തതൊന്നുമല്ല.
പഠിച്ചിട്ട്, അതനുസരിച്ച് ജീവിക്കാന്‍ നമുക്ക് സാധിക്കണം. അങ്ങനെ ജീവിച്ചു കാണിച്ചു കൊടുക്കുമ്പോഴാണ് മഹതികളായ പൂര്‍വീകര്‍ കാണിച്ചു തന്ന, പില്‍ക്കാലത്ത് എവിടെയോ നഷ്ടപ്പെട്ട നമ്മുടെ അഭിമാന ബോധം നമുക്ക് തിരിച്ച് പിടിക്കാന്‍ സാധിക്കൂ…അപ്പോഴേ വരുന്ന തലമുറയ്ക്ക് പുതിയ ചരിത്രം പറയാനുണ്ടാവൂ…’
നൂറ ഇത്തയുടെ മുഖത്തേക്ക് അന്തിച്ചു നോക്കി നിന്നു. തന്റേതായൊരിടം ഈ ലോകത്ത് രേഖപെടുത്താന്‍ ശ്രമിക്കുമെന്ന് അന്നവള്‍ ദൃഢപ്രതിജ്ഞ ചെയ്തു.
‘നൂറാ….കഴിഞ്ഞില്ലേ…?ഇവളിതെന്തെടുക്കുവാ…’
ഫര്‍സാന അവളേയും വിളിച്ചു കൊണ്ട് മുകളിലേക്ക് കയറാനൊരുങ്ങി.
‘ഞാനിതാ വന്നു….’
നൂറ പെട്ടെന്ന് എഴുന്നേറ്റ് പുറത്ത് വന്നു.
*
സിറ്റിങ് റൂമില്‍ ഏകാന്തയായിരിക്കുന്ന ഫൈറൂസയുടെ മനസ്സ് നിറയെ നൂറയുടെ ഡയറിയായിരുന്നു. അതില്‍ പറഞ്ഞ ആത്മീയ കുടുംബശ്രീ പ്രധാനമായും തന്നെ ഉദ്ദേശിച്ചാണ്. താന്‍ ഹിസ്ബ് ക്ലാസിന് താല്പര്യം കാണിച്ചത് നൂറ തനിക്കു വേണ്ടിയൊരുക്കുന്ന ആ പദ്ധതിയിലേക്കുള്ള എളുപ്പമാര്‍ഗമൊരുക്കലാണെന്ന് അവളുടെ മനസ്സ് ആവര്‍ത്തിച്ച് മന്ത്രിച്ചു കൊണ്ടേയിരുന്നു .
‘നിന്നോട് കാര്യങ്ങളൊന്നും തുറന്ന് പറയാത്ത, നിന്നെ വിശ്വസിക്കാത്ത, നിന്റെ ഇഷ്ടങ്ങളോട് കൂടെ നില്‍ക്കാത്ത ഒരു കൂട്ടുകാരിയോടൊപ്പം നീയെന്തിന് സമയം ചെലവഴിക്കണം. അവളുടെ മനസ്സില്‍ പൈശാചികത വന്ന് നിറഞ്ഞു കൊണ്ടിരുന്നു.
‘ഡീ… വാ… നമുക്ക് ഭക്ഷണം കഴിക്കാം’
ഒറ്റക്കിരിക്കുന്ന ഫൈറൂസയേ നൂറ വിളിച്ചു.
‘നൂറാ എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്… ‘
ഫൈറൂസയുടെ ശബ്ദം കനത്തിരുന്നു.
((തുടരും)
അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?
*** *** *** ***