ബസിറങ്ങി വിട്ടിലേക്ക് നടക്കുന്നതിനിടയിലാണ് പിറകില്‍ നിന്ന്
‘നൂറാ…’ന്നൊരു വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോള്‍ സുലൈഖാത്തയാണ്, കൂട്ടുകാരിയായ ഫൈറൂസയുടെ ഉമ്മ. മദ്റസയില്‍ പോകുന്ന കാലത്ത് അവളായിരുന്നു പ്രധാന കൂട്ട്. പത്താം ക്ലാസ് വരെ ഒരുമിച്ചായിരുന്നു. പിന്നീടവള്‍ കൊമേഴ്സും ഞാന്‍ സയന്‍സുമായിരുന്നു ഓപ്റ്റ് ചെയ്തത്. തുടര്‍ന്ന് വല്ലപ്പോഴും കാണും. അവള്‍ ഏതോ ഒരു കോളേജില്‍ ബി.കോമിന് ചേര്‍ന്നുവെന്നാണ് കേട്ടത്. കൃത്യമായിട്ട് അന്വേഷിച്ചിട്ടില്ല, പത്ത് വീടുകളുടെ അന്തരമേ ഞങ്ങള്‍ തമ്മിലുള്ളൂവെങ്കില്‍ പോലും.
വീടിന്റെ മുറ്റത്തേക്കിറങ്ങി നിന്ന് തന്നെ വിളിച്ച സൂലൈഖാത്തയുടെ അടുത്തേക്ക് അവള്‍ നടന്ന് ചെന്നു.
‘എന്താണിത്താ…’
‘നീയിങ്ങടുത്തുവാ…’
കുറച്ചകലെയായി നിന്നിരുന്ന അവളെ അവരടുത്തേക്ക് വിളിച്ചു.
‘ഫൈറൂസ എത്തിയില്ലേ…?’
അവള്‍ മുറ്റത്തേക്ക് കയറുന്നതിനിടക്ക് ചോദിച്ചു.
‘ഓള് വരാനാവുന്നതേയുള്ളു, നീ കോളേജ്ന്ന് വരാവുംല്ലേ ‘
‘ഉം..ന്തേത്ത വിളിച്ചത് ‘
‘യ്യിപ്പടുത്തെന്നെങ്കിലും ഫൈറൂസയുമായി സംസാരിച്ചിരുന്നോ…! ? ‘
സുലൈഖാത്ത വല്ലാത്ത ആകാംക്ഷയോടെ ചോദിച്ചു.
പെട്ടെന്നുള്ള ചോദ്യമായത് കൊണ്ടാണെന്ന് തോന്നുന്നു നൂറ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു :
‘ ഇല്ലത്താ, എന്തേ ‘
‘ഓളെ കാര്യം പറയാന്‍ വേണ്ടിയാണ് മോളെ ഞാന്‍ വിളിച്ചത് …’
മുഖത്തെന്തോ വിഷാദമൊളിപ്പിച്ച് കൊണ്ട് സുലൈഖത്ത പറഞ്ഞു.
‘അതെന്തേ, ഫൈറൂസക്കെന്തു പറ്റി…?! ‘
നൂറ ആശ്ചര്യത്തോടെ ചോദിച്ചു.
‘അതൊന്നും പറയണ്ട മോളെ…പ്ലസ്ടൂല് പഠിക്ക്ണ കാലത്ത് ഓളെ പിന്നാലെ ഒരു ചെക്കന്‍ നടന്നീനി… ഓളത്ന്നോട് പറഞ്ഞും ചെയ്തീനി…ഉമ്മാ… ഒരു ചങ്ങായി ന്റെ പുറകെ നടന്ന് വല്ലാണ്ട് ബുദ്ധിമുട്ടാക്ക്ണ്ട് ന്ന്…’
സുലൈഖാത്ത തന്റെ സങ്കടക്കെട്ടിന്റെ കുടുക്കയിച്ചു.
‘എന്നിട്ട്…’
നൂറ ബാക്കി കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചു.
‘ന്ന്‌ട്ടെന്താ ഞാനന്ന് ഓളോട് പറഞ്ഞു
‘ന്റെ കുട്ട്യതൊന്നും കാര്യാക്കണ്ട…കാണാന്‍ രസള്ള കുട്ട്യോളെ ബേക്ക്‌ലൊക്കെ ഓരോര്ത്തര്ണ്ടാവും…ഓനെ മൈന്റ് ചെയ്യാണ്ട് നടന്നാല്‍ മതി… കുറച്ചഴിഞ്ഞാല്‍ ഓനങ്ങട്ട് പൊയ്ക്കോളും’
പിന്നീട് അയ്നപറ്റി സംസാരൊന്നും ഇല്ല്യാത്തത് കണ്ടപ്പൊം ഞാനും കരുതി കുഴപ്പങ്ങളൊന്നുണ്ടാവൂലാന്ന്…’
സുലൈഖാത്തയുടെ തൊണ്ടയിടറി തുടങ്ങിയിരിക്കുന്നു. കണ്‍തടങ്ങളില്‍ ഉപ്പുകണം തടംകെട്ടി നില്‍ക്കുന്നു. വിക്കി..വിക്കി സുലൈഖാത്ത തുടര്‍ന്നു…
‘ഇന്നലെയാണ് ഓളനുജന്‍ ഫൈറാസ് ഓളെ ഫോണ്‍ എനിക്ക് കാണിച്ച് തര്ണത്… അപ്പളാണ് മോളെ…ഞാനറിയിണത് ഈ പെണ്ണ് ഓനെ വിട്ടിട്ടില്ലാന്നും…കൂടെ കൊണ്ട് നടക്കാണെന്നും…’
തന്റെ മുമ്പില്‍ പൊട്ടികരഞ്ഞു നില്‍ക്കുന്ന ആ ഉമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് നൂറക്കറിയില്ലായിരുന്നു. അവള്‍ സുലൈഖാത്തയുടെ അടുത്തേക്ക് നീങ്ങിയതിന് ശേഷം അവരുടെ തോളില്‍ തട്ടിയിട്ട് പറഞ്ഞു:
‘താത്ത ങ്ങ്ള് ങ്ങനെ കരയല്ലീ…എല്ലാത്തിനും പരിഹാരണ്ട്. അങ്ങനെയൊരു പ്രശ്നമുള്ളത് അത് വഷളാകുന്നതിന് മുമ്പ് അല്ലാഹു നമ്മള്‍ക്ക് അറിയിച്ച് തന്നില്ലേ…ഇനി നമുക്ക് വേണ്ടത് ചെയ്യാലോ…അതിന് നമുക്ക് പടച്ചോനെ സ്തുതിക്കാം…’
നൂറ സമാശ്വാസ വാക്കുകള്‍ പറഞ്ഞപ്പോള്‍…സുലൈഖാത്ത അവളെ കെട്ടിപിടിച്ചു.
‘ഇതിനാണ് ഞാനിന്റെ കുട്ടിനെ വിളിച്ചത്. അന്നോട് ഒരു കാര്യം പറയുമ്പോള്‍ വല്ലാത്തൊരു സമാധാനമാണ്. മോളേ…ഇനി ഫൈറൂസാന്റെ കാര്യം നീ നോക്കണം. ങ്ങള് ചെറുപ്പത്തില്‍ വലിയ കൂട്ടെല്ലേന്യോ…അവളെ നീ തിരിച്ചു കൊണ്ടുവരണം…’
സുലൈഖാത്തയുടെ തോളിലമര്‍ന്ന് കിടന്നത് കേട്ടപ്പോള്‍
‘എല്ലാം നമുക്ക് ശരിയാക്കാം…’
എന്ന് മറുപടി കൊടുത്തു. എന്ത് ധൈര്യത്തിലാണങ്ങനെ പറഞ്ഞതെന്ന് അവള്‍ക്ക് തന്നെയറിയില്ല. ആ വീടിന്റെ പടികളിറങ്ങി പോരുമ്പോള്‍ നൂറയുടെ മനസില്‍ വലിയൊരുത്തരവാദിത്വം തലയിലേറ്റിയത് പോലെ. അവള്‍ക്ക് എന്തോ വല്ലാത്ത വിമ്മിഷ്ടം അനുഭവപ്പെട്ടു.
ഫൈറൂസ ഇങ്ങനെയൊരു ചതിയില്‍പെട്ടു എന്നു കേട്ടപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. അത്രമേല്‍ ആത്മാര്‍ത്ഥതയോടെയും ഉന്മേഷത്തോടെയും മദ്റസയില്‍ സജീവമായിരുന്നു അവള്‍.
വീട്ടില്‍ നിന്നുള്ള അലസമായ പ്രതികരണവും പരിഗണനയും തന്നെയാവും കാരണം. നൂറ ഫൈറൂസയുടെ ഈ പ്രശ്‌നത്തിന്റെ കാരണം ചികയാനാരംഭിച്ചു.
സ്നേഹത്തിന് വേണ്ടി വെമ്പല്‍ കൊള്ളുന്ന ഈ പ്രായത്തില്‍ ആ സ്നേഹം പകരാനും തിരിച്ച് ലഭിക്കാനും പറ്റുന്ന ഒരിടം തേടി ഏതൊരു പെണ്‍കുട്ടിയും പരക്കം പായും. ആ സമയത്ത് അവളുടെ മുമ്പില്‍ സ്നേഹം പ്രകടിപ്പിച്ചെത്തുന്ന ആര്‍ക്ക് മുമ്പിലും അവള്‍ തന്നെ സമര്‍പ്പിക്കും. അവള്‍ക്കറിയാന്‍ സാധിക്കില്ലാ താന്‍ കെണിയിലാണ് ചെന്ന് ചാടിയതെന്ന്. ഊരാകുടുക്കില്‍ പെട്ടതിന് ശേഷം ഊരിപോരാനും കഴിയില്ല.
താനെന്താണ് ചിന്തിച്ച് കൂട്ടുന്നതെന്നും എന്താണ് ചിന്തിക്കേണ്ടതെന്നും അവള്‍ക്ക് ഒരുധാരണയും കിട്ടുന്നില്ല. മനസ്സ് ഈ വാര്‍ത്ത കേട്ടതിന്റെ ഷോക്കിലായിരുന്നു.
‘എന്ത് ചെയ്യും റബ്ബേ…തന്റെ നാട്ടില്‍ നിന്ന് സമപ്രായക്കാരിയായ ഒരു കുട്ടി മതത്തിനെതിര് ചെയ്താല്‍ ആ തെറ്റില്‍ ഒരുപങ്കാളിത്തം തനിക്കുമുണ്ടാകുമല്ലോ…ഞാനവളുമായി സ്ഥിരമായി ബന്ധം പുലര്‍ത്തിയിരുന്നെങ്കില്‍… അവളെന്നോട് എല്ലാം തുറന്ന് പറയുമായിരുന്നല്ലോ..അപ്പോള്‍ തെറ്റുകള്‍ വല്ലതും കണ്ടാല്‍ ഞങ്ങള്‍ക്ക് പരസ്പരം തിരുത്താമായിരുന്നല്ലോ…ഇതിപ്പോ അതിനൊന്നും സാധിക്കാതായതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഞാന്‍ തന്നെയല്ലേ…’
അവള്‍ സ്വന്തത്തില്‍ കുറ്റമാരോപിക്കാന്‍ തുടങ്ങി.
വീട്ടിലെത്തുന്നത് വരെ അവളുടെ മനസ്സില്‍ കുറ്റബോധത്തിന്റെ വേലിയേറ്റമായിരുന്നു.
ഫൈറൂസയെ തിരിച്ചു കൊണ്ടുവരണം, അതുമാത്രമാണിപ്പോള്‍ ചിന്ത. വിട്ടിലെത്തി അസര്‍ നിസ്‌കാരാനന്തരം കരഞ്ഞു പ്രാര്‍ത്ഥിച്ചു അല്ലാഹ് ഒരു മാര്‍ഗം തെളിയിക്കണേന്ന്.
വിശ്വാസികള്‍ സഹോദരങ്ങളാണ്. അവരിലൊരാള്‍ക്ക് ദുഖമുണ്ടായാല്‍ അതില്‍ മറ്റുള്ളവരും പങ്കു ചേരും. ശരീരത്തിലൊരവയവത്തിന് ക്ഷതം സംഭവിച്ചാല്‍ ആ അവയവത്തിന്റെ ദുഖത്തില്‍ ശരീരം മുഴുവന്‍ പങ്കുചേരാറുണ്ടെന്ന പോലെ… തിരുനബി ? യുടെ അദ്ധ്യാപനത്തെ ശരിവെക്കുന്നതിനു സമാനമായിരുന്നു നൂറയുടെ അപ്പോഴത്തെ അവസ്ഥ.
സങ്കടം വന്നാല്‍ അവളാദ്യം ചെന്ന് പറയുക ഉമ്മമ്മയോടാണ്. ഉമ്മമ്മയെ ലക്ഷ്യമാക്കി നടന്നു. റൂമിലെ ജനലിനരികില്‍ കസേരയുമിട്ട് പുറത്തേക്ക് നോക്കിയിരുന്ന് തസ്ബീഹ് ചൊല്ലുകയാണ് ഉമ്മമ്മ.
‘അസ്സലാമു അലൈക്കും…’
നൂറാ സലാം പറഞ്ഞു.
‘വ അലൈക്കുമുസ്സലാം…’
പാതി മുറിഞ്ഞു വീഴുന്ന ശബ്ദത്തില്‍ ഉമ്മമ്മ മടക്കി.
‘എന്താണ് ഉമ്മമ്മക്കുട്ടിന്റെ ഇന്നത്തെ പ്രശ്നം…?’
അമാവാസിയുടെ തൊട്ടു മുമ്പായി ചന്ദ്രന്‍ ഒരു തേങ്ങാ പൂളുപോലെ രൂപം പ്രാപിക്കാറുണ്ട്. അതു പോലെയുണ്ടായിരുന്നു ഉമ്മമ്മയുടെ ചിരികാണാനപ്പോള്‍.
‘ഇന്നും പ്രശ്നമുണ്ട് ഉമ്മമ്മ…’
അവള്‍ ചുണ്ടിന്റെ ഒരു ഭാഗം വക്രിച്ച് കൊണ്ട് പറഞ്ഞു.
ഒരു കാല്‍ മടക്കി മറുകാല്‍ കട്ടിലില്‍ തൂക്കിയിട്ട് അവള്‍ ഉമ്മമ്മാന്റെ അരികിലിരുന്ന് സംഭവങ്ങളെല്ലാം വിവരിച്ചു.
ശേഷം സങ്കടത്തോടെ ചോദിച്ചു:
‘ഇത്തരം സന്ദര്‍ഭങ്ങളില്‍ മഹത്തുക്കള്‍ ചെയ്ത വല്ല ചരിത്രവുമുണ്ടങ്കില്‍ പറഞ്ഞു തരീ…’
അവള്‍ അപേക്ഷ സ്വരത്തില്‍ പറഞ്ഞു.
‘ഉമ്മമ്മാക്ക് അയ്നുമാത്രള്ള ഇല്‍മൊന്നുല്ല മോളെ…ന്റെ വാപ്പിം ഇമ്മിം ഇന്നെ പഠിപ്പിച്ചതും അവര് പറഞ്ഞന്നതും തന്നേണ് ഇന്റെ വിവരം…’
സംസാരം പൂര്‍ത്തിയാക്കാതെ നിര്‍ത്തിയതിന് ശേഷം ഉമ്മമ്മ എന്തോ ഓര്‍ക്കാന്‍ ശ്രമിച്ചു…പെട്ടെന്ന് ഓര്‍മയിലേക്ക് വന്നില്ല. ഉമ്മമ്മ കുറച്ചുച്ചത്തില്‍ മൂന്നു തവണ സ്വലാത്ത് ചൊല്ലി.
ഓര്‍മ കിട്ടുന്നില്ലെങ്കില്‍ സ്വലാത്ത് ചൊല്ലിയാല്‍ ഓര്‍മവരുമെന്നുള്ള അറിവ് ഈ വീട്ടിലുള്ള കൊച്ചു കുട്ടിക്ക് വരെ അറിയാം. അതവര്‍ക്കാരും പഠിപ്പിച്ച് കൊടുത്ത അറിവില്ല. മറവി വന്നാല്‍ എല്ലാവരും അങ്ങനെയാണ് ചെയ്യാറ് പതിവ്. അത് കണ്ടാണ് ഇവിടെയുള്ളവര്‍ വളരുന്നത്.
നൂറ അതിനിടക്കൊരാലോചനക്ക് പോയി.
ഉമ്മമ്മ പറഞ്ഞു.
‘മോളേ…ഇങ്ങന്‍ത്ത സമയത്ത് മഹത്തുക്കള്‍ ചെയ്തത് എന്താണെന്നനിക്കറിയില്ലേലും മറ്റുള്ളോരെ സഹായിക്കാന്‍ അവര് ഇറങ്ങ്യപ്പോ അവരെ സഹായിക്കാന്‍ അല്ലാഹു വയ്യിണ്ടാക്ക്യ ഒരുപാട് കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ദുന്‍യാവിലൊരാളുടെ സങ്കടം നമ്മള്‍ മാറ്റിക്കൊടുത്താല്‍ ആഖിറത്തില്‍ അല്ലാഹു നമ്മുടെ സങ്കടം മാറ്റിത്തരുംന്ന് മുത്ത് നബി ? ന്റെ ഹദീസില് വന്നതല്ലേ…!?
ഉമ്മമ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആ ചുളിഞ്ഞ നെറ്റി ഒന്നൂടെ ചുളിഞ്ഞു നിവര്‍ന്നു.
തുടര്‍ന്ന് പറഞ്ഞു
‘മോളേ…മറ്റൊരാളുടെ പ്രയാസത്തില്‍ നമ്മളും കൂടി കൊടുത്ത് അവര്‍ക്ക് ആശ്വാസം പകര്‍ന്നാല്‍… അതിന്റെ കൂലി കിട്ടിയിരിക്കും എന്നത് അച്ചട്ടാണ്. ചെലപ്പം ആ കൂലി ഇബ്ട്ന്നന്നെ കിട്ടും ചിലപ്പൊ പടച്ചോന്‍ നാളത്തേക്ക് മാറ്റിവെക്കും.’
ഉമ്മമ്മ തുടര്‍ന്നു :
‘കിഴക്കോത്ത് തറവാട്ടാരെ കുറിച്ച് കേട്ടിട്ടുണ്ടോ ജ്ജ് ….?’
ഉമ്മമ്മ ഏതോ തറവാട് മഹിമ പറയാനുള്ള പുറപ്പാടിലാണ്.
‘നമ്മുടെ ചെമ്പന്‍ കുഴിയിലെ വളവിലുള്ള ആ വല്യ തറവാട് വീടുള്ള കൂട്ടരല്ലേ…ഒരുപാട് മരമില്ലുകളൊക്കെയുണ്ട്….’
നൂറ ഉമ്മാമ്മയുടെ കൂടെകൂടി.
‘ഹാ…അതെന്നെ….ഓലെങ്ങനെ വല്യ പണക്കാരായതെന്നറിയോ ന്റെ കുട്ടിക്ക്…’
ഉമ്മമ്മായുടെ അടുത്ത് ചെന്നിരുന്നാലിങ്ങനെയാണ് ഒരുപാട് പഴയ കഥകള്‍ കേള്‍ക്കാം.. അത് കേട്ടിരിക്കാന്‍ തന്നെ രസമാണ്. ഉമ്മമ്മയുടെ കഥയില്‍ ശ്രദ്ധിച്ചിരിക്കെ തന്നെ എന്തോ ആലോചനയില്‍ മുഴുകിയതിന് ശേഷം നൂറ പറഞ്ഞു.
‘ഇല്ല…’
‘ന്നാ മോള് കേട്ടോ… പണ്ട്…ഓര് പറ്റെ കൊയങ്ങ്യോലേനി… അങ്ങനെ ആയിടക്കാണ് നാട്ടില് ജന്മിമാര്‍ക്കും അധികാരിള്‍ക്കും എതിരെ കലാപം പൊട്ടിപുറപ്പെട്ടത്. ഒരൂസം ഈ നാട്ടിലൂടെ സമരക്കാര് പോകുന്നതിനിടക്കാണ് ഒരു അംബാസിഡര്‍ കാറ് റോഡിലൂടെ വന്നത്. സമരക്കാര് അവരെ തടഞ്ഞു. വണ്ടിയിലാണെങ്കില്‍ പെണ്ണ്ങ്ങളാണ്. ഇവരേതോ വലിയ ജന്മിയുടെ കുടുംബക്കാരാണ്ന്നും കരുതിയിട്ടാണ് സമരക്കാരവരെ തടഞ്ഞത്. അന്ന് സമരത്തിന്റെ നേതാവ് കിഴക്കോത്ത് വീട്ടിലെ വലിയ ചെക്കനേനി…മൂപ്പര് കാറിനടുത്ത് വന്ന് പരിശോധിച്ചപ്പോഴാണ് കാറില്‍ പെണ്ണുങ്ങളുള്ള വിവരം അറിഞ്ഞത്. ഇനിയും കാറിങ്ങനെ ഇവിടെ നിറുത്തിയാല്‍ അപകടാവുംന്ന് കണ്ട മൂപ്പര് കാറിന് മുമ്പില്‍ നടന്ന് വഴിണ്ടാക്കി കൊടുക്കുകയും സമരക്കാരെ പറഞ്ഞു മനസ്സിലാക്കി പിരിച്ചു വിടുകയും ചെയ്തു. തങ്ങളെ രക്ഷിച്ച സമര നേതാവിനോട് നന്ദിയും പറഞ്ഞ് അന്ന് ആ കാറും കൂട്ടരും പോയി. ‘
ഉമ്മമ്മ ആവേശത്തോടെ തുടര്‍ന്നു.
‘അങ്ങനെ രണ്ടു ദിവസം കഴിഞ്ഞപ്പോഴതാ… കിഴക്കോത്തെ വീട്ടിലേക്കൊരു കമ്പി വരുന്നു. മൂപ്പരോട് എത്രയും പെട്ടെന്ന് കോഴിക്കോട് സാമൂതിരി കോലോത്തേക്ക് വരണംന്നും പറഞ്ഞുകൊണ്ട്..!
അവിടെ ചെന്നപ്പോയാണറിയുന്നത് അന്ന് കാറിലുണ്ടായിരുന്നത് കോലോത്ത അന്തര്‍ജനങ്ങളായിരുന്നുവെന്ന്. അവരെ രക്ഷിച്ചതിന്റെ പാരിതോഷികമായിട്ട് രാജാവ് പറഞ്ഞു നിലമ്പൂര് വനത്തില്‍ നിശ്ചിത ഏരിയയിലുള്ള മരങ്ങള്‍ മുഴുന്‍ അഞ്ചുവര്‍ഷത്തേക്ക് നിങ്ങളെടുത്തോളൂന്ന്. അങ്ങെനെയാണ് കിഴക്കോത്ത് തറവാട്ടാര് മരക്കച്ചോടക്കാരാവ്ണത്.’
ഉമ്മമ്മ കഥ പറഞ്ഞു നിര്‍ത്തിയതിന് ശേഷം നൂറയെ നോക്കിയിട്ട് ചോദിച്ചു :
‘എന്തിനാണ് ഉമ്മമ്മ ഈ കഥ പറഞ്ഞതെന്ന് തിരിഞ്ഞോ അനക്ക്…?’
‘എന്തിനാ…?’
‘നമ്മളാരെ സഹായിച്ചാലും നമ്മിലേക്ക് അതിന്റെ കൂലി വരുമെന്ന കാര്യം തീര്‍ച്ചയാണ്. ചിലത് നമ്മള്‍ ഇവട്ന്നന്നെ കാണും മറ്റ് ചിലത് നമ്മള്‍ പിന്നീട് കാണും. അതുകൊണ്ട് ന്റെ കുട്ടി മനസമാധാനത്തോടെ ചെല്ല്…ന്തെങ്കിലും ഒരു വയ്യി പടച്ചോന്‍ കാണിച്ചരാണ്ടിരിക്കില്ല…’
അവള്‍ഉമ്മമ്മാന്റെ റൂമില്‍ നിന്നിറങ്ങി. ചായകുടിക്കാനായി കിച്ചണിലേക്ക് പോയി.
ഉമ്മച്ചി വളരെ തിരക്കിട്ട് ചായയുണ്ടാക്കുന്നുണ്ട്.
‘ന്താണ് ഉമ്മച്ചീ ങ്ങക്ക് ന്നിത്ര ധൃതി…’
‘റുഖ്യാത്തന്റോടെ കുടുംബശ്രീന്റെ മീറ്റിംഗ് തുടങ്ങിക്ക്ണ്. ഞാനാണ് സെക്രട്ടറീന്ന്ള്ളത് അനക്കറീലേ…ഇന്നെങ്കിലും ഒന്ന് നേരത്തെ പോകണം…’
ചൂടുള്ള ചായ ഗ്ലാസിലേക്ക് പാര്‍ന്ന് വെച്ചിട്ട്
‘ആ കടിയെടുത്തു എല്ലാവര്‍ക്കും കൊണ്ടൊട്ക്ക്….’
സ്റ്റോറൂമിലേക്ക് ചൂണ്ടിപറഞ്ഞു കൊണ്ട് മീറ്റിംഗില്‍ പങ്കെടുക്കാനായി ഉമ്മച്ചി ഓടി.
‘കുടുംബശ്രീ…’
ഉമ്മച്ചി പറഞ്ഞ പദം വീണ്ടും ആവര്‍ത്തിച്ചു കൊണ്ട് നൂറ എന്തോ ആലോചിച്ചു.
അത് നല്ലൊരാശയമാണല്ലോ….നാട്ടിലെ പെണ്ണുങ്ങളെ സഹായിക്കാന്‍ തുടങ്ങിയതാണല്ലോ കുടുംബശ്രി; എന്നാല്‍ അതുപോലെ പരസ്പരം സങ്കടങ്ങളും പരാതികളും പറയാനും ആത്മീയതയിലൂന്നിയൊരു കുടുംബശ്രീ തുടങ്ങിയാലെന്താ…!? സമപ്രായക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ചാല്‍ ഒരുപക്ഷെ എല്ലാവരും ഉള്ളു തുറന്ന് സംസാരിക്കും. അങ്ങെനെയാവുമ്പോള്‍ എല്ലാവര്‍ക്കും അവരുടെയും മറ്റുള്ളവരുടെയും പ്രശ്നങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ സാധിക്കും. വളരെ ഫ്രണ്ട്ലിയായി ഓരോരുത്തരുടെയും വീട്ടില്‍ വെച്ച് നടക്കുന്ന രസകരമായ ഒരു ഗറ്റുഗതറായി ഇതിനെ ഫോം ചെയ്യണം. ഒരു പക്ഷെ, മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും.’
തന്റെ മനസ്സില്‍ പെട്ടെന്നുണ്ടായ ആശയമോര്‍ത്ത് അവള്‍ അല്ലാഹുവിനെ സ്തുതിച്ചു.
അല്‍ഹംദുലില്ലാഹ്.
************ ************ ************
അവളൊരു പേനയും പേപ്പറുമെടുത്ത് തന്റെ സ്റ്റഡി ടേബിളില്‍ ചെന്നിരുന്നു. താന്‍ മനസ്സില്‍ കണ്ട ആത്മീയ കുടുംബശ്രീക്ക് ഒരു രൂപം കാണണം. മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നു പോയി. ഈ മതത്തെ അല്ലാഹു സംരക്ഷിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ, അതിനവന്‍ തെരഞ്ഞെടുക്കുന്ന സംരക്ഷകരിലൊരുവളാവാന്‍ തനിക്കും സാധിക്കണം. അതുകൊണ്ടു തന്നെ ഒരു സത്യ വിശ്വാസിനിയെന്ന നിലയില്‍ ഈ ദീനിനെ സംരക്ഷിക്കല്‍ തന്റെയും ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് ഒരു സ്ത്രീയെന്ന നിലയില്‍ അതിന്റെ പകിട്ട് വര്‍ദ്ധിക്കും.
അവിടെയിരുന്നു പുണ്യ ഹബീബിന്റെ ? ജീവിതത്തെ കുറിച്ച് അവളാലോചിച്ചു. ആ പേര് മനസ്സില്‍ തെളിഞ്ഞപ്പോഴേക്കും കണ്ണുകള്‍ ജലസമൃദ്ധമായി. ഹബീബിനെ? കുറിച്ചാണവളാലോചിക്കുന്നതെന്ന് പുറത്തുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ ഏറ്റവും നല്ല മാര്‍ഗം അവളുടെ കണ്ണുകളെ നിരീക്ഷിക്കുന്നതാണ്.
കാരണം ആ കണ്ണുകള്‍ക്ക് അവിടുത്തോടുള്ള പ്രണയത്തെ എത്ര കിണഞ്ഞു ശ്രമിച്ചാലും മറച്ചുവെക്കാന്‍ സാധിക്കില്ല. അതങ്ങനെ വഴിഞ്ഞൊഴുകിക്കൊണ്ടേയിരിക്കും.
ജീവിതത്തിലുടനീളം മഹതികളായ സ്ത്രീകളുടെ മഹനീയ സാന്നിധ്യമുണ്ടായിരുന്നു ഹബീബിന്റെ ചാരത്തെന്നോര്‍ത്തപ്പോള്‍ അവളുടെ ശരീരം കുളിരു കോരി. സ്ത്രീകള്‍ക്ക് ഇസ്ലാമിലൊരു സ്ഥാനവുമില്ലാന്ന് പറഞ്ഞ് വിലപിക്കുന്നവരുണ്ട്… അവര്‍ക്കെന്തറിയാം ന്റെ ഹബീബിനെ ? കുറിച്ച്.
നൂറയുടെ മുഖത്തൊരു പുഛഭാവം മിന്നി മറഞ്ഞു..
അവളുടെ ചിന്തകള്‍ വീണ്ടും ചിറകിലേറി. അവളിപ്പോള്‍ കാഫ് മലയും താണ്ടി മക്കയിലേക്ക് പറക്കുകയാണ്. മക്കയിലൊരീത്തമരത്തിന്റെ പട്ടയിലിരുന്നവളാലോചിച്ചു.
ഉപ്പയില്ലാതെ ജനിച്ച എന്റെ പുണ്യ ഹബീബിന് ? കുറവേതും വരുത്താതെ ഈ ഭൂമിയിലേക്ക് വരവേറ്റത് പ്രിയപ്പെട്ട മാതാവ് ആമിന ബീവി (റ) യാണ്. അതിന് മുമ്പോ ശേഷമോ ലോകത്ത് ഒരു ഗര്‍ഭ പാത്രവും അത്രമേല്‍ പരിശുദ്ധമായിരുന്നിട്ടില്ല. അഥവാ, ന്റെ ഹബീബിന്റെ ? ഉപ്പാന്റെയും ഉമ്മാന്റെയും സ്ഥാനം ഒരു സ്ത്രീയാണ് അലങ്കരിച്ചതെന്നര്‍ത്ഥം, അവരുടെ പേരാണ് ബീവിആമിന(റ) .
പിന്നീടവിടുത്തെ ശറഫാക്കപ്പെട്ട ചുണ്ടുകളിലേക്ക് തന്റെ അമൃതകുംഭങ്ങളെ ചേര്‍ത്തുവെച്ച് മുലയൂട്ടിയത് മഹതി ഹലീമാ ബീവിയാണ് (റ) .
ആ കാതുകളെ താരാട്ടു പാട്ടിന്റെ ഈണമീട്ടിയുറക്കിയത് ശൈമാഅ് ബീവിയാണ്.
നൂറയുടെ മനസ്സില്‍ പതിനാലു നൂറ്റാണ്ട് മുമ്പുള്ള മക്കയ്ക്ക് ജീവന്‍ വെച്ചു. അവളവിടെ ആമിനാബീവിയുടെ പ്രസവമുറിക്കരികെ പ്രതീക്ഷയോടെ കാത്തിരുന്നു. കുറച്ചകലെ നബിയെ ? കളിപ്പിക്കുന്ന ഹലീമാ ബീവിയുടെ വീടിന്റെ പുറത്തേക്കിപ്പോള്‍ കളിചിരിയുടെ നേരിയ ശബ്ദം കേള്‍ക്കാം. ശൈമാഅ് ബീവിയുടെ താരാട്ടിനെന്തു മധുരമാണ്.
അവള്‍ കണ്ണുകള്‍ തുടച്ചു കൊണ്ട് വീണ്ടും മദീനയിലേക്ക് പറക്കാനൊരുങ്ങി. വഴിമദ്ധ്യേ അബവാഇലൊരു നിമിഷം ചിന്തയിലാണ്ടു.
അവിടെയും തങ്ങള്‍ക്ക് ? കൂട്ട് സ്ത്രീകളായിരുന്നുവല്ലോ…!
അബവാഇല്‍ ഉമ്മാന്റെ മയ്യിത്തിലേക്ക് നോക്കി തേങ്ങി കരയുന്ന ആറുവയസ്സുകാരനായ പ്രിയപ്പെട്ട ഹബീബിന്റെ തോളത്ത് തട്ടി ‘മോനിനി ഞാനില്ലേന്ന്’ ചിരിച്ച് ചോദിച്ച് അവിടുത്തെ നെഞ്ചടക്കി പിടിച്ചത് സേവകയായ മഹതി ഉമ്മുഅയ്മനായിരുന്നു.
അവരെയോര്‍ത്തപ്പോള്‍ ഒരു സ്ത്രീയായി ജനിച്ചതില്‍ അവള്‍ക്കഭിമാനം തോന്നി.
അവളവിടെയിരുന്നു വീണ്ടും ഹബീബിന്റെ ? പ്രിയപ്പെട്ട സ്ത്രീജനങ്ങളെ കുറിച്ചോര്‍ത്തു.
ആമിനാ ബീവി വഫാത്തായതില്‍ പിന്നെ മാതാവിന്റെ സ്ഥാനത്തേക്ക് വന്നത് അവിടുത്തെ പിതൃസഹോദരന്റെ ഭാര്യയും അലിയാരുടെ ഉമ്മയുമായ ഫാത്വിമ ബിന്ത് അസദ് എന്ന മഹിളാ രത്‌നമാണ്.
തുടര്‍ന്ന് പുന്നാര നബി ? യുടെ ജീവിതത്തില്‍ ആവശ്യമായതെല്ലാമായത് മഹതി ഖദീജ ബീവിയല്ലേ….!? ഉമ്മയും സഹോദരിയും ഭാര്യയും രക്ഷിതാവും എല്ലാം മഹതിയായിരുന്നു.
ആളും ബഹളവും കൂടിനബിതങ്ങളെ ? ലോകം തോളിലേറ്റുന്നതിന് മുമ്പ് അവിടുന്ന് ഓടി കിതച്ച് വരുമ്പോള്‍ തലചാഴ്ച്ചുറങ്ങാന്‍ മഹതി യുടെ തോള് മാത്രമല്ലേ ഉണ്ടായിരുന്നത്. വിശുദ്ധ ഖുര്‍ആനവതരിച്ചതിന്റെ ഗൗരവത്താലുള്ള ഭാരവും താങ്ങി ഹബീബ് ? ചെന്ന് അഭയം പ്രാപിക്കാനൊരിടം കണ്ടത് മഹതിയുടെ ചാരത്തല്ലേ…
മഹതി അരങ്ങൊഴിഞ്ഞപ്പോള്‍ പുണ്യ റസൂല്‍ ? മനസ്സു തുറന്നത് പുന്നാര മോള് ഫാത്വിമ ബീവിയോടാണ്. അവസാനം എന്റെ ഹബീബ് ? ഈലോകത്തോട് വിടപറയുമ്പോള്‍ ആ മഹനീയ ശിരസ്സ് വെക്കാന്‍ അവിടുന്ന് ഒരിടമായി
തെരഞ്ഞെടുത്തത് തന്റെ പ്രഗത്ഭരായ സ്വാഹബാക്കളെയൊന്നുമല്ല. മഹതിയായ ആഇശ ബീവിയുടെ മടിത്തട്ടാണ്. ജനനം മുതല്‍ മരണം വരെ മഹതികളായ സ്ത്രീരത്‌നങ്ങളെ ചേര്‍ത്തു പിടിച്ചാണ് ഹബീബ് ? ഈ വിശുദ്ധ ദീനിവിടെ സ്ഥാപിച്ചത്. അതു കൊണ്ട് ആ ദീന്‍ സംരക്ഷിച്ചു നിര്‍ത്താന്‍ ഒരു സ്ത്രീ എന്ന നിലയില്‍ എന്റേതായ ഭാഗദേയത്തം ഉണ്ടാവണം. ‘
ദൃഢനിശ്ചയത്തിന്റെ ആത്മവിശ്വാസം അവളുടെ മുഖത്തിപ്പോള്‍ പ്രകടമാണ്.
ആ ഇരുപ്പില്‍ അവളുടെ കണ്ണുകളൊഴുക്കിയ കണ്ണുനീരിന്റെ അളവറിയണമെങ്കില്‍ ആ സ്റ്റഡീടേബിളിലവള് വെച്ച ഏഫോര്‍ ഷീറ്റിലേക്ക് നോക്കിയാല്‍ മതി. കാരണം അത് പൊതിര്‍ന്ന് ടേബിള്‍ കവര്‍ കാണുന്ന തരം സുതാര്യമായിരിക്കുന്നു..! .
‘ മോളേ… നൂറാ… ‘
പെട്ടെന്ന് ആരോ വിളിച്ചത് പോലെ തോന്നി. അവളുടെ മനസ്സ് പെട്ടെന്ന് മദീനത്ത് നിന്ന് റൂമിലെ സ്റ്റഡീ ടേബിളിലേക്ക് വിസയെടുത്തു വന്നു. ചുറ്റും നോക്കി ‘ഇല്ല, ആരുമില്ല തനിക്ക് തോന്നിയതാണ്.
മറ്റൊരു ഏഫോര്‍ ഷീറ്റെടുത്ത് മനസ്സിനെ ഏകാഗ്രമാക്കിയിരുന്നു.
ഒരുപാട് ആലോചിച്ചും തലപുകഞ്ഞും ആ പേപ്പറില്‍ പലതും കുത്തി കുറിച്ചു. അവസാനം പേന താഴെവെച്ചു.
ഏഫോര്‍ പേപ്പര്‍ നിവര്‍ത്തി പിടിച്ച് ഒരാവര്‍ത്തി കൂടി മനസ്സില്‍ വായിച്ചു.
ആത്മീയ കുടുംബശ്രീ
1. ആത്മീയാന്തരീക്ഷത്തിലുള്ളതായിരിക്കണം
2. ഓരോ ദിവസവും അംഗങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടായ സന്തോഷ സന്താപങ്ങള്‍ പങ്കുവെക്കണം.
3. കഴിവതും സമപ്രായക്കാരാവണം.
4.എന്തും തുറന്ന് പറയാനുള്ള അവസരം നല്‍കണം.
5. പരസ്പരം സൗഹൃദം സ്ഥാപിക്കുകയും ഉള്ളറിയുകയും ചെയ്യുകായെന്നതാണ് ലക്ഷ്യം. ഇതിലൂടെ തെറ്റിലേക്കാണ് കൂട്ടുകാരി പോകുന്നതെങ്കില്‍ അവള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സാധിക്കും.
6. ഒരിക്കലും ഗ്രൂപ്പംഗങ്ങളുടെ രഹസ്യങ്ങള്‍ പുറത്ത് പറയരുത്.
7. ഓരോ ഗ്രൂപ്പ് അംഗവും തന്റെ നാട്ടില്‍ താനുണ്ടായിരിക്കെ ഒരുപെണ്‍കുട്ടിയും അന്യപുരുഷന്മാര്‍ക്കൊപ്പം ഇറങ്ങി പോവില്ലായെന്നുറപ്പിക്കണം.
(അങ്ങിനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പംഗങ്ങള്‍ക്കായിരിക്കും. കാരണം ആ കുട്ടിയെ അടുത്തറിയലും കൂടെക്കൂട്ടലും ഗ്രൂപ്പംഗങ്ങളുടെ ഉത്തരവാദിത്വമായിരുന്നു.)
8. ഗ്രൂപ്പിന്റെ മനോഭാവമനുസരിച്ച് ആത്മീയ ക്ലാസുകള്‍ക്കും മറ്റും വനിതകളായ ആലിമത്തുകളെ ഗ്രൂപ്പിലേക്ക് വിളിക്കാം.
9. ഗ്രൂപ്പംഗങ്ങളുടെ ഒഴിവിനനുസരിച്ച് നാട്ടിലുള്ള വൃദ്ധരായ വലിയുമ്മമാരെയും മറ്റും സന്ദര്‍ശിച്ച് ആശ്വസിപ്പിക്കണം.
10. ഗ്രൂപ്പില്‍ അറിവുള്ള സ്ത്രീകളുണ്ടെങ്കില്‍ ഒരു ചെറിയ കിതാബ് ഓതാന്‍ ശ്രമിക്കണം.
ഇശാ നിസ്‌കാരവും ഹദ്ദാദ് റാത്തീബും കഴിഞ്ഞതിന് ശേഷം ഇരുന്ന ഇരുപ്പാണ്. അങ്ങനെ തലപുകഞ്ഞാലോചിച്ചുണ്ടാക്കിയതാണ് ഈ നിയമാവലികളത്രയും. അതിലേക്ക് നോക്കിയപ്പോള്‍ അവള്‍ക്ക് തന്നെ രോമാഞ്ചമുണ്ടായി. ഇത്തരമൊരു സംരഭത്തിന് തന്റെ നാട്ടില്‍ തുടക്കം കുറിക്കാന്‍ സാധിച്ചാല്‍…അത് വിപ്ലവകരമായ ഒരു മുന്നേറ്റമാവും.’
അവള്‍ തന്റെ സ്വപ്നങ്ങള്‍ പൂവണിയുന്ന ദിവസങ്ങളെ കിനാ കാണാന്‍ തുടങ്ങി.
‘ കാര്യങ്ങളെ കുറിച്ചൊന്നും വ്യക്തമായ അറിവില്ലാത്തത് കൊണ്ടാണ് കുട്ടികളെല്ലാം ആത്മഹത്യപരമായ തീരുമാനങ്ങളിലെത്തുന്നത്. ഈ പദ്ധതിയിലൂടെ തന്റെ നാട്ടിലെ സ്ത്രീകളെ പ്രബുദ്ധരാക്കാന്‍ തനിക്ക് സാധിക്കണം.’
അവളുടെ ഉള്ളം കിടുത്തു.
‘ ഇനി ഈ പദ്ധതി നടപ്പിലാക്കാനുള്ള മാര്‍ഗങ്ങളന്വേഷിക്കണം. നാട്ടിലുള്ള തന്റെ സമപ്രായക്കാരായ കൂട്ടുകാരികളെയെല്ലാം ഒരുമിച്ചു കൂട്ടണം അതാണിനിയുള്ള പ്രധാന യജ്ഞം. അതിനും ഒരു മാര്‍ഗം തെളിയാതിരിക്കില്ല ഇന്‍ ഷാ അല്ലാഹ്. ‘
പ്രതീക്ഷയുടെ പതിനാലാം രാവുദിച്ചിരുന്നു അവളുടെ മുഖത്തപ്പോള്‍.
പേനയും പേപ്പറും തന്റെ സ്റ്റഡീ ടേബിളിന്റെ മുകളില്‍ വെച്ച് ഒന്ന് ഞെളിഞ്ഞ് നിവര്‍ന്നു. കസേരയില്‍ നിന്ന് എഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു. സമയം പത്തുമണി കഴിഞ്ഞിരിക്കുന്നു. ഉമ്മച്ചി അടുക്കളയിലെ അവസാന മിനുക്കുപണിയിലാണ്. കണ്ടപ്പള്‍ തന്നെ ചോദിച്ചു:
‘ഇന്നന്തേ…രാജകുമാരിയെ അടുക്കളയിലേക്കൊന്നും കണ്ടില്ല…’
രാത്രി കിച്ചണിലേക്ക് ഹെല്‍പിന് ചെല്ലാത്തതിലുള്ള അമര്‍ഷം അതിലടങ്ങിയിട്ടുണ്ട്.
‘എന്നും ഞാന് ഹെല്‍പിനുണ്ടാവുമോ…എന്നെയങ്ങ് കെട്ടിച്ച് വിട്ടാല്‍ പിന്നെ ഉമ്മച്ചി തന്നെ ഒറ്റക്കെടുക്കെണ്ടേ…അതിനിങ്ങനെ ഇടക്കൊരു പ്രക്ടീസൊക്കെ നല്ലതാണ്…’
അവള് മെല്ലെ തടിയൂരി…
‘ഉം..ഉം.. ഇനി എന്നെ സുഖിപ്പിക്കാതെ വന്ന് ഭക്ഷണം കയിക്കാന്‍ നോക്കടി പെണ്ണേ…’
നല്ലപൊരിച്ച അയലയും കറിയും പയറിന്റെ തോരനും പപ്പടവും ഉണ്ടായിരുന്നു. കൂടെ നല്ലവിശപ്പും കൂട്ടിനുള്ളത് കൊണ്ട് പതിവിലും കൂടുതല്‍ കഴിച്ചു.
ഉമ്മയുണ്ടാക്കുന്ന എല്ലാത്തിനും വല്ലാത്ത രുചിയാണ്. പതിവില്ലാത്ത വിധം തീറ്റി കണ്ട ഉമ്മച്ചി ചോദിച്ചു:
‘ ഓഹോ…നീ ഇത്രയൊക്കെ കഴിക്കുമോ…!?’
ഉമ്മച്ചി ആക്കി ചോദിച്ചതാണെങ്കിലും:
‘ ന്റുമ്മാന്റെ ചോറും കറിംണ്ടായാല്‍ ഞാന്‍ എത്രയും കഴിക്കും…!’
തിരിച്ചു പറഞ്ഞു.
‘അന്നോട് ഞാന്‍ പറഞ്ഞതാണ് വേഗം കഴിച്ച് പോയി കെടക്കാന്‍ നോക്ക്ന്ന്’
ഉമ്മച്ചി ചിരിച്ചുകൊണ്ട് തല്ലാനോങ്ങി. പെട്ടെന്ന് തന്നെ ഒഴിഞ്ഞുമറിയത് കൊണ്ട് ഉമ്മാന്റെ കൈ ശരീരത്തില്‍ തട്ടില്ല. അതോടെ ആ പിണക്കം അവിടെ തീര്‍ന്നു.
ഉമ്മാനോടൊപ്പം പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കിയതിന് ശേഷം രണ്ടാളും ഒരുമിച്ചാണ് കിച്ചണില്‍ നിന്ന് പുറത്ത് വന്നത്.
ബാത് റൂമിലേക്ക് പോയി ഫ്രഷായി വുളൂഅ് ചെയ്തു വന്നു.
സാധരണ വിത്‌റ് കിടക്കാന്‍ നേരത്താണ് നിസ്‌കരിക്കാറ്. നിസ്‌കാര ശേഷം തന്റെ സ്വപ്‌ന പൂര്‍ത്തീകരണത്തിന് വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
************ ************ ************
‘ഗുഡ്‌മോണിംഗ്, ഇന്ന് നേരത്തെയാണല്ലോ… ‘ പതിവിന് വിപരീതമായി അവള്‍ക്ക് മുമ്പേ ക്ലാസിലിരിക്കുന്ന നൂറയെ നോക്കി നിറഞ്ഞു ചിരിച്ചു അതുല്യ വിഷ് ചെയ്തു.
‘അതെടി ഇന്നുപ്പാക്ക് ഇതുവഴി പോകാനുണ്ടായിരുന്നു. ഉപ്പ കുറച്ച് നേരത്തെ ഇറങ്ങിയപ്പൊ ഞാനും ഉപ്പാന്റെ കൂടെയിറങ്ങിയതാ…ഫര്‍സാനെയെവിടെ…? ‘
‘ അവളല്ലേ…. ഏറ്റവും ദൂരേന്ന് വരുന്നത്… ചിലപ്പോ ഹോസ്റ്റലീന്നിങ്ങോട്ടുള്ള ബസ് കിട്ടീട്ടുണ്ടാവൂല…അതല്ലെങ്കി… പിന്നെ സുന്ദരി കോതേടെ ഒരുക്കം കഴിഞ്ഞിട്ടുണ്ടാവില്ല ‘
അതുല്യ പരിഹാസ്യ ചിരി മുഖത്ത് വരുത്തി പറഞ്ഞു.
അടുത്തിരുന്ന ശ്രുതിയും ശില്‍പയും അവളുടെ ചിരിയില്‍ പങ്കുചേര്‍ന്നു. നൂറയത് കേള്‍ക്കാത്തത് പോലെ നടിച്ചു. അതുല്യേടെ സംസാരം കേട്ട് മുന്‍ സീറ്റിലിരുന്ന് മഞ്ജു പറഞ്ഞു :
‘ ഹോസ്റ്റലിലിന്ന് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാന്‍ വൈകിയെന്നാണ് കേട്ടത്. അതായിരിക്കും അവള് വൈകിയത്’
‘തന്നേ… അതന്തേ…!?’
അതുല്യ കൗതുകം കൂറി.
‘ഹാ… ആര്‍ക്കറിയാം…’
മഞ്ജു കൈ മലര്‍ത്തി.
സമയം പത്തേ പതിനഞ്ച്. സുനിതാ മിസ് ക്ലാസില്‍ കയറി. മിസ് ക്ലാസില്‍ കയറിയാല്‍ ആദ്യം ക്ലാസ് റൂമിന്റെ ഡോറ് ലോക്ക് ചെയ്യും. ശേഷം വരുന്നവര്‍ പുറത്ത് നിക്കേണ്ടിവരുമെന്ന് സീനിയേഴ്‌സ് പറഞ്ഞു കേട്ടിട്ടുണ്ട്. പത്തുമണിക്കാണ് ക്ലാസിന്റെ സ്റ്റാര്‍ടിംങ് ടൈം. പത്തേ പതിനഞ്ചു വരെ രജിസ്റ്ററില്‍ സൈന്‍ ചെയ്യാനനുവദിക്കും. അതുകഴിഞ്ഞെത്തുന്നവര്‍ക്ക് മോണിംഗ് ഷിഫ്റ്റിലെ അറ്റന്റെന്‍സ് മിസ് ആവും.
സുനിതാ മിസ് ഡോര്‍ ക്ലോസ് ചെയ്ത് തിരിഞ്ഞതും ഡോറില്‍ തുരു തുരാ മുട്ട് കേട്ടു
‘മിസ്സേ… തുറക്കൂ… പ്ലീസ്… ‘
ഒരു സ്ത്രീ ശബ്ദം പുറത്ത് നിന്നപേക്ഷിച്ചു. ക്ലാസിലിരിക്കുന്ന കുട്ടികള്‍ ഊറിചിരിച്ചു.
ഡോറ് തുറക്കപ്പെട്ടു…
രണ്ടു മൂന്നു കുട്ടികള്‍ ക്ലാസിലേക്ക് തള്ളി കയറി.
‘ഓള്‍ ഓഫ് യു സ്റ്റോപ് തേര്‍… വേര്‍ വേര്‍ യു…? ‘
സീറ്റിലേക്ക് കുതിക്കാനോങ്ങിയ അവരെല്ലാം സുനിതാ മിസിന്റെ ഗര്‍ജ്ജനം കേട്ട് ഇടിവെട്ടേറ്റത് പോലെ നിന്നു.
‘മിസ്, ഹോസ്റ്റലില്‍ ബ്രേക്ക് ഫാസ്റ്റ് റെഡിയാവാന്‍ വൈകി …. അതാ…’
ഒരു കുട്ടി പറഞ്ഞു മുഴുവനക്കുന്നതിന്റെ മുമ്പ് മിസ് പറഞ്ഞു.
‘ ഓകെ, ഇന്ന് നിങ്ങളുടെ ക്ലാസ്സിന്റെ തുടക്കമായതോണ്ട് ഞാന്‍ ക്ഷമിച്ചു. ഇനി ഇത്തരം സില്ലി മാറ്റേസ് പറഞ്ഞു വൈകിയാല്‍.. അറ്റന്റെന്‍സ് ഉണ്ടാവൂല കെട്ടൊ .. ഹാ എങ്കില്‍ എല്ലാവരും പോയിരുന്നോ… ‘
‘ താങ്ക്യൂ … മിസ് ‘
എന്നും പറഞ്ഞ് എല്ലാവരും സീറ്റിലേക്കോടി.
വീണ്ടും വാതില്‍ക്കല്‍ ആളനക്കം. ആളെ കണ്ടപ്പോള്‍ എല്ലാവരും എരിവ് വലിച്ചു. കുട്ടികള്‍ ശബ്ദമുണ്ടാക്കുന്നത് കേട്ടപ്പോള്‍ അതുവരെ താഴേക്ക് നോക്കിയിരിക്കുകയായിരുന്ന നൂറയും വാതില്‍ക്കലേക്ക് നോക്കി.
ആദ്യമവള്‍ക്ക് ആളെ മനസിലായില്ല. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. നല്ല ഒന്നാന്തരം പര്‍ദ്ദയും മക്കനയുമിട്ട് ക്ലാസില്‍ കയറാന്‍ സുനിതാമിസിന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുന്ന ഫര്‍സാനെയെയാണവളവിടെ കണ്ടത്.
തനിക്ക് വിശ്വാസം വരാത്തത് പോലെ തന്നെ ഈ ക്ലാസിലാര്‍ക്കും വിശ്വാസമാവത്തത് കൊണ്ടാണ് അവരെരിവ് വലിച്ചതെന്ന് നൂറക്ക് വ്യക്തമായി. നൂറയുടെ ഉള്ളം സന്തോഷം കൊണ്ട് കിടുകിടുത്തു. ചുണ്ടുകളില്‍ നിന്ന് ഹംദിന്റെ അക്ഷരങ്ങള്‍ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
‘വേഗം… കയറ് നിന്നോടിനി പ്രത്യേകം പറയണോ..!? ‘
മിസ് ഡോറടയ്ക്കുന്നതിന് മുമ്പ് എത്തിയതിനാലാവള് രക്ഷപ്പെട്ടു.
‘ അല്‍ഹംദുലില്ലാഹ് ‘
നൂറ അതിനും റബ്ബിനെ സ്തുതിച്ചു.
ഫര്‍സാന അവളുടെ അടുത്ത് വന്നിരുന്നു. ഇരുവരും സലാം പറഞ്ഞു മടക്കി.
‘ നിന്നെ കാണാന്‍ നല്ല ഭംഗിയുണ്ട്. ഈ പര്‍ദ്ദ നിനക്ക് നന്നായി ചേരുന്നുണ്ട്’
നൂറ അവളുടെ കാതുകളില്‍ പതുക്കെ പറഞ്ഞു.
‘അത് ഞാനിന്നലെ നിന്റെ വഅള് കേട്ടപ്പോ നന്നാവാന്‍ തീരുമാനിച്ചതാ…’
ഫര്‍സാന കുസലേതും കൂടാതെ ചിരിച്ചു പതുക്കെ പറഞ്ഞു.
‘അല്‍ഹംദുലില്ലാഹ്… റബ്ബ് നമ്മളെ സ്വീകരിക്കട്ടെ ‘
നൂറ ദുആ ചെയ്തു.
‘ ആമീന്‍ ‘
ഫര്‍സാന ജവാബ് ചൊല്ലി.
‘ എന്താണവടെയൊരു കുശു കുശുപ്പ്…’
സുനിതാ മിസ് വിളിച്ചു ചോദിച്ചു.
‘ ഒന്നുല്യമിസ് ‘
ഫര്‍സാന വിളിച്ചു പറഞ്ഞു.
അവള് വിളിച്ച് പറഞ്ഞത് കേട്ടപ്പോള്‍ നൂറക്ക് ചിരിവന്നു. ഇതാണിവളുടെ പ്രത്യേകത എന്തും വിളിച്ചു പറയും ഒരാളെയും കൂസലില്ലാതെ . അവളുടെ ഈ സ്വഭാവം നൂറക്ക് ഇഷ്ടമാണങ്കിലും അത് ചിലപ്പോള്‍ അപകടം വിളിച്ചു വരുത്തുമെന്നും അവള്‍ക്ക് തോന്നിയിട്ടുണ്ട്.
‘ ഡീ… ഇന്നെനിക്ക് ഉഹ്ദിന്റെ ബാക്കി പറഞ്ഞു തരണേ…’
ഫര്‍സാന ആവേശത്തോടെ നൂറയുടെ കാതുകളില്‍ വീണ്ടും പറഞ്ഞു. ഇവളിന്നലെ കേട്ട ഉഹ്ദ് ചരിത്രത്തിന്റെ ഹാങ്ങോവറില്‍ നിന്ന് വിട്ടില്ല അതിന്റെ അനുരണങ്ങളാണ് അവളില്‍ കാണുന്ന ഈ മാറ്റങ്ങള്‍.
ഇനിയവള്‍ ഈ ഹാങ്ങോവറില്‍ നിന്ന് പുറത്ത് കടക്കാതെ നോക്കല്‍ തന്റെ ഉത്തരവാദിത്വമാണെന്ന് മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് നൂറ പറഞ്ഞു
‘ഇന്‍ ഷാ അല്ലാഹ്…’
‘നീയെന്താടീ ഇന്ന് പര്‍ദ്ദയൊക്കെയിട്ട്’
പിറകിലിരുന്ന അതുല്യ ഫര്‍സാനയെ തോണ്ടി ചോദിച്ചു.
‘ആരാണൊരു മാറ്റത്തെ ആഗ്രഹിക്കാത്തത്…!?’
എവിടെയോ കണ്ടു ശീലിച്ച പരസ്യ വാചകത്തെ കടമെടുത്ത് ഫര്‍സാന പിറകിലേക്കും ക്ലാസെടുക്കുന്ന മിസിന്റെ മുഖത്തേക്കും മാറി മാറി നോക്കിയ ശേഷം പതുക്കെ പറഞ്ഞു.
‘ ഏതായാലും പര്‍ദ്ദയില്‍ നിന്നെ കാണാന്‍ നല്ല ചേലുണ്ട്’
അതുല്യയില്‍ നിന്ന് അങ്ങനൊയൊരു കോപ്ലിമെന്റ് ഫര്‍സാന പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. കാരണം അതുല്യ അങ്ങനെ പറഞ്ഞപ്പോള്‍ അവളുടെ മനസില്‍ കുളിരു കോരി. പര്‍ദ്ദ തരക്കേടില്ലല്ലോ… എന്ന തോന്നലുണ്ടായി.
ലഞ്ചിന് ഫര്‍സാന നൂറയേയും അതുല്യയേയും ഒരു പോലെ ഉപയോഗപെടുത്താറുണ്ട്. ഹോസ്റ്റലിലെ ഫുഡിനോടവള്‍ക്ക് എന്തോമടുപ്പാണ്. അതുകൊണ്ടു തന്നെ അവള്‍ക്കുള്ള ഫുഡ് കൂടി കരുതിയിട്ടാണ് ഇരുവരും വരിക.
‘നൂറേ… നിന്റുമ്മാക്ക് നല്ല കൈപ്പുണ്യമാണ് കെട്ടൊ… ഫുഡിനൊക്കെ പൊളി ടേസ്റ്റാണല്ലോ…!? ‘
ഫര്‍സാന കമന്റടിച്ചയുടെനെ നൂറ ചോദിച്ചു.
‘നിനക്കുമ്മാനെ പരിചയപെടണോ…? എങ്കിലിന്നെന്റെ കൂടെ വീട്ടിലേക്ക് വാ…’
നൂറയുടെ ക്ഷണം കേള്‍ക്കേണ്ട താമസം അവള് പറഞ്ഞു :
‘ഞാന്‍ റെഡി, നീയുണ്ടോ… അതൂ…?’
‘ ഇല്ലെടീ, അച്ഛന് എന്നെ കണ്ടില്ലെങ്കിലുറക്കം വരില്ല. പിന്നെ, ഒറ്റക്ക് പുറത്തേക്ക് വിടുകയുമില്ല… നമുക്ക് മൂവര്‍ക്കും മറ്റൊരിക്കല്‍ ആവാം ഇന്ന് നീ പോയി വാ… ‘
അതുല്യയുടെ മുഖത്ത് പോകാന്‍ സാധിക്കാത്തതിലുള്ള സങ്കടമുണ്ട്.
ഭക്ഷണ ശേഷം പതിവ് പോലെ നൂറയും ഫര്‍സാനയും സെമിനാര്‍ ഹാളിലേക്ക് നിസ്‌കാരത്തിനായി പോയി. നിസ്‌കാരവും പ്രാര്‍ത്ഥനയുമെല്ലാം കഴിഞ്ഞപ്പോള്‍ ഫര്‍സാന ആവേശത്തോടെ ഓര്‍മിപ്പിച്ചു.
‘ഡീ… ഉഹ്ദ് ‘
അവളുടെ ആവേശം കണ്ട് നൂറ ചിരിച്ചു.
‘ഉഹ്ദിലെ എവിടെയാ ഞാന്‍ തുടങ്ങേണ്ടത്…?’
ചരിത്രം ആലോചിച്ചുക്കൊണ്ട് എവിടെ തുടങ്ങണമെന്നറിയാതെ നൂറ ചോദിച്ചു.
‘ഉമ്മു ഉമാറ ബീവിയെ പോലെ ഉഹ്ദില്‍ പങ്കെടുത്ത മറ്റേതെങ്കിലും മഹതികളുടെ ചരിത്രം പറഞ്ഞാല്‍ മതി’
ഫര്‍സാനയുടെ ഉള്ളിലെ സ്ത്രീ സ്വത്വബോധമുണര്‍ന്നു.
നൂറ വീണ്ടും ആലോചനയില്‍ മുഴുകി. ആരും ഓര്‍മയിലേക്ക് വന്നില്ല. അവള്‍ മൂന്ന് തവണ സ്വലാത്ത് ചൊല്ലി. ഉടന്‍ മനസ്സിലൊരു പേരു തെളിഞ്ഞു. അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.
‘ ഉമ്മു സഅദ് (റ) ‘
നൂറ പതുക്കെ പറഞ്ഞു.
‘ ആരാണവര്…!? ‘
ഫര്‍സാന ആകാംക്ഷ ഭരിതയായി.
‘പറയാം…’
നൂറ, ബീവിയുടെ ചരിത്രം ഒരു തവണ മനസിലൂടെ റിമൈന്റ് ചെയ്തു. എന്നിട്ട് പതുക്കെ പറയാന്‍ തുടങ്ങി :
‘ഉഹ്ദ് രണഭൂമി ഏകദേശം ശാന്തമായി തുടങ്ങിയിരിക്കുന്നു. പോരാളികള്‍ പരുക്കേറ്റവരേയും മരണപ്പെട്ടവരേയും ബന്ധുക്കളെയും തിരയുകയാണ്. ഉമ്മു സഅദ് ബീവിയുടെ മക്കളും ബന്ധുക്കളും യുദ്ധത്തിനിറങ്ങിയിട്ടുണ്ട്. മഹതി ടെന്റിനുള്ളിലാണ്. യുദ്ധം അവസാനിച്ച വിവരമറിഞ്ഞ മഹതി ആദ്യം ചോദിച്ചത് :
‘എന്റെ ഹബീബിന്റെ ? അവസ്ഥയെന്താണ്…!? അവിടുത്തേക്ക് വല്ലതും പറ്റിയിട്ടുണ്ടോ …? ‘
‘റസൂലുള്ളാന്റെ മുമ്പല്ല് പൊട്ടുകയും ചെറിയ പരുക്കുകളേല്‍ക്കുകയും ചെയ്തിട്ടുണ്ട്’
ആ വാക്കുകളെ മഹതിക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.
അവര്‍ക്ക് ബോധം നഷിക്കുന്നത് പോലെ അനുഭവപ്പെട്ടു. ഇടനെഞ്ചിലൊരാള്‍ കത്തി കുത്തിയിറക്കിയാല്‍ ഉണ്ടാകുന്ന വേദനെയെക്കാളപ്പുറമായിരുന്നു മഹതിയപ്പോളനുഭവിച്ചത്.’
നൂറ ഒന്ന് നിറുത്തി ശ്വാസമെടുത്തതിന് ശേഷം തുടര്‍ന്നു :
‘പിന്നീട് മഹതിയൊരോട്ടമായിരുന്നു.ഹബീബിനെ ? തേടി. ഒരു ഭ്രാന്തിയെപോലെ…
‘എന്റെ ഹബീബിന്റെ ?പല്ല്…’ ഓട്ടത്തിനിടയില്‍ അവര് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.
അവരെ കണ്ട മറ്റൊരാള്‍ വിളിച്ചു പറഞ്ഞു :
‘ഉമ്മു സഅദേ… നിന്റെ മകന്‍ അംറ് യുദ്ധത്തില്‍ ശഹീദായിരിക്കുന്നു.. ‘
പക്ഷേ, മഹതിയെ സംബന്ധിച്ചിടത്തോളം ആ വാര്‍ത്ത തന്റെ ഹബീബിന്റെ ? മുമ്പല്ല് പൊട്ടിയതിനോളം ഷോക്കിങ് ആയിരുന്നില്ല.
മഹതി തന്റെ ഓട്ടം തുടര്‍ന്നു. ദൂരയതാ ഹബീബ് ?. കൂടെ തന്റെ ഒരു മകന്‍ സഅദ് ബ്‌നു മുആദുമുണ്ട് (റ) . ബീവിയുടെ മുഖത്ത് സന്തോഷത്തിന്റെ പൂര്‍ണ്ണ ചന്ദ്രന്മാരുദിച്ചു.
ഓടികിതച്ചു വരുന്ന ഉമ്മയെ കണ്ട സഅദ് (റ) നബിയോടു പറഞ്ഞു :
‘തങ്ങളേ.. അതാ എന്റുമ്മ വരുന്നു ‘
നബിതങ്ങളവരെ പുഞ്ചിരിച്ചു കൊണ്ട് വരവേറ്റു.
‘ ഹാവൂ… എന്റെ ഹബീബി ? നൊന്നും സംഭവിച്ചില്ലല്ലോ… അങ്ങ് പൂര്‍ണ്ണ ആരോഗ്യവാനാണല്ലോ… അല്‍ഹംദുലില്ലാഹ് ‘
നബിതങ്ങള്‍ ശഹീദായ അംറു ബ്‌ന് മുആദെന്നവരുടെ വിഷയത്തില്‍ മഹതിയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു :
‘ ഉമ്മു സഅദ് മരിച്ചു പോയ മകന്റെ കാര്യമോര്‍ത്ത് സംങ്കടപെടണ്ട കെട്ടോ. അവരെയെല്ലാം സ്വര്‍ഗത്തിലൊരുമിച്ചു കൂട്ടിയിട്ടുണ്ട് ‘
ഉടനെയെത്തി മഹതിയുടെ മറുപടി :
‘ എന്ത് സങ്കടം നബിയേ… അങ്ങേക്ക് പ്രശ്‌നങ്ങളൊന്നുമില്ലായെന്നറിഞ്ഞ സന്തോഷത്തിന് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റിയ ഒരു സങ്കടവും ലോകത്തില്ലല്ലോ ‘
ആ മറുപടിക്കേട്ട് ഹബീബ് ചിരിച്ചു.’
നൂറ പറഞ്ഞു നിറുത്തി. ഫര്‍സാന കണ്ണുകള്‍ തുടച്ചു.
‘എങ്ങനെയാണവരിങ്ങനെ ഹബീബിനെ? സ്‌നേഹിച്ചത്…?’
ഫര്‍സാന ഏങ്ങലടിച്ചു കൊണ്ട് ചോദിച്ചു.
‘അതിന് നീയിപ്പോള്‍ പ്രണയ സമുദ്രത്തിന്റെ തീരത്താണല്ലോ നില്‍ക്കുന്നത്. നിന്റെ മനസെന്ന കപ്പലുമായൊരു സവാരി നടത്തി നോക്കൂ… തിരിച്ചു കയറാനിഷ്ട്ടപെടാത്തവിധം നീ പ്രണയത്തിന്റെ ആഴക്കടലില്‍ ലയിച്ചു ചേരും.’
മുസ്വല്ല മടക്കി വെക്കുന്നതിനിടയില്‍ നൂറ പറഞ്ഞു. നൂറയുടെ മുഖത്തേക്കു തന്നെ കണ്ണിമവെട്ടാതെ അന്തിച്ചു നോക്കി നിന്നു ഫര്‍സാന.
************ ************ ************
വൈകീട്ട് ഫര്‍സാനയോടൊപ്പം ഹോസ്റ്റലില്‍ പോയി അവളുടെ ഡ്രസും പാഠ്യവസ്തുക്കളുമായി ഇറങ്ങുമ്പോഴേക്കും സമയമിത്തിരി വൈകി. രണ്ടു പേരും നാട്ടില്‍ ബസ്സിറങ്ങിയപ്പോള്‍ അഞ്ചു മണി. വീട്ടിലേക്കുള്ള നടത്തത്തിനിടയില്‍ ഫൈറൂസയുടെ വീടിന്റെ ഉമ്മറത്തേക്ക് നോക്കാന്‍ നൂറ മറന്നില്ല. കോലായില്‍ തന്നെ പത്രവും വായിച്ചിരിക്കുന്നുണ്ടവള്‍. നൂറ ഫര്‍സനയോട് പറഞ്ഞു:
‘വാ നമുക്കൊരാളെ പരിചയപ്പെടാം.’
അവള്‍ ഫര്‍സാനയുടെ കയ്യും പിടിച്ച് ഫൈറൂസയുടെ വീട്ടിലേക്ക് കയറി.
‘അസ്സലാമു അലൈക്കും’
പെട്ടെന്നൊരു സലാം കേട്ടതുകൊണ്ടായിരിക്കാം പത്രത്തിലേക്ക് തലയും പൂഴ്ത്തി വായന നടത്തുകയായിരുന്ന ഫൈറൂസ ഞെട്ടി പിടച്ചെയുന്നേറ്റു കൊണ്ട് പറഞ്ഞു:
‘ വ അലൈക്കുമുസ്സലാം, ഔന്റെ നൂറാ…നീയായിരുന്നോ….’
പെട്ടെന്നുണ്ടായ വെപ്രാളത്തിനിടയില്‍ ആളെതിരിച്ചറിഞ്ഞ ഫൈറൂസ ചോദിച്ചു.
‘ ആ…ഞാന്‍ തന്നെ…എത്ര കാലയെടി നിന്നെയൊന്ന് കണ്ടിട്ട്. കോളേജിന്ന് വരുന്ന വഴിക്ക് ഉമ്മറത്ത് നിന്നെ കണ്ടപ്പോള്‍ കയറിയതാ…’
തന്റെ ഈ വരവ് തീര്‍ത്തും യാദൃശ്ചികമായിരുന്നെന്ന് നൂറ വരുത്തി തീര്‍ത്തു. അതല്ലേലും അവള്‍ക്ക് അസ്വാഭാവികത തോന്നേണ്ട ഒരാവശ്യവുമില്ലാതാനും.
‘ ഇതാരാ….?’
ഫര്‍സാനയുടെ മുഖത്ത് നോക്കിക്കൊണ്ട് ഫൈറൂസ ചോദിച്ചു.
‘ ഹോ…സോറി, പരിചയപ്പെടുത്താന്‍ മറന്നു. ഇത് ഫര്‍സാന കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചാണ്’
ഫൈറുസക്ക് ഫര്‍സാനയെ പരിചയപ്പെടുത്തിയ ശേഷം ഫര്‍സാനയോട് പറഞ്ഞു:
‘ഡി….ഇത് ഫൈറൂസ…എനിക്ക് ഓളും ഓള്‍ക്ക് ഞാനുംന്ന് പറഞ്ഞ് നടന്നൊരു കാലംണ്ടായിരുന്നു ഞങ്ങള്‍ക്ക്’
നൂറയുടെ മുഖത്ത് ഗൃഹാതുരത്വത്തിന്റെ ലാഞ്ചന കാണാമായിരുന്നു. ഇനിയും കുട്ടിയായിരുന്നെങ്കിലെന്ന ഓമനത്തം അവളില്‍ പ്രകടമായിരുന്നു.
‘വന്ന കാലില്‍ നില്‍ക്കാതെ അകത്തേക്ക് കയറിവാ…’
ഫൈറൂസ അവരോട് പറഞ്ഞു.
‘ ഇല്ലെടി, ഞങ്ങള് നിസ്‌കരിച്ചിട്ടില്ല, പെട്ടെന്ന് പോണം. ഞാന്‍ നിന്നെ കണ്ടപ്പോള്‍ ഒന്ന് കയറിയതാ…’
നൂറ പറഞ്ഞു.
‘അതിനന്താ…ഇവിടുന്ന് നിസ്‌കരിക്കാലോ…ഞാനും നിസ്‌കരിച്ചിട്ടില്ല. നമുക്ക് ജമാഅത്താക്കാം’
നൂറയുടെ ഉള്ളില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരികത്തി. ‘ രോഗി ഇഛിച്ചതും വൈദ്യന്‍ വിധിച്ചതും പാല്‍ ‘ എന്നുപറഞ്ഞ പോലെ ഫൈറൂസയോടൊപ്പം കുറച്ച് സമയം ചിലവഴിക്കാന്‍ സധിക്കുകായെന്നതായിരുന്നു തന്റെ ആത്മീയ കുടുംബശ്രീ പദ്ധതിയുടെ ആദ്യപടിയെന്ന ബോധ്യം നൂറയുടെ ഉള്ളില്‍ നന്നായിട്ടുണ്ടായിരുന്നു.
ആ വിഷയം നേരിട്ട് വന്ന് അവളോടവതരിപ്പിച്ചാല്‍ ഒരുപക്ഷെ, അവളുള്‍ക്കൊള്ളണമെന്നില്ല. എന്നാല്‍ അവളും താനുമായുള്ള ബന്ധത്തില്‍ വന്ന വിടവ് നികത്തിയതിന് ശേഷം ആവാം എന്നായിരുന്നു നൂറ കരുതിയിരുന്നത്. അപ്പോഴാണ് ഫൈറൂസയുടെ ഈ ക്ഷണം. ഇതൊരു നല്ല ലക്ഷണമാണെന്ന് നൂറയുടെ മനസില്‍ നൂറു വാള്‍ട്ടിന്റെ ബള്‍ബ് മിന്നി.
‘ എന്നാലങ്ങനെയാവാം…’
നൂറ ഫര്‍സാനയുടെ മുഖത്ത് നോക്കിയിട്ട് പറഞ്ഞു.
അവളും ഓകെയെന്ന് തലയാട്ടി.
നൂറയും ഫര്‍സാനയും കൂടെ ഫൈറൂസയുമായി സംസാരിക്കുമ്പോള്‍ സുലൈഖാത്ത പുറത്താരാണെന്നറിയാന്‍ വാതില്‍ക്കല്‍ വന്ന് തലയിട്ടു നോക്കി. അവരുടെ നോട്ടം നൂറയുടെ കണ്ണുകളിലുടക്കി. അവര്‍ നൂറയോട് കണ്ണുകളിറുക്കി കാണിച്ചു. കണ്ണുകൊണ്ട് ഗോഷ്ടി കാണിക്കുന്ന സുലൈഖാത്തയെ കണ്ട് ഫര്‍സാന ‘ഈ സ്ത്രീയിതെന്താ കാണിക്കുന്നതെന്ന’ ആശ്ചര്യത്തോടെ അവരെ തുറിച്ചു നോക്കി. ഫര്‍സാന അകത്തേക്ക് തുറിച്ച് നോക്കുന്നത് കണ്ട് ഫൈറൂസ തിരിഞ്ഞു നോക്കി.
‘ ആ ങ്ള് ഇവിടെ ണ്ടയ്ന്യോ…ഇതെന്റെ ഉമ്മ…ന്റെ പുന്നാര സുലു…’
അവളുമ്മയെ ഫര്‍സാനക്ക് പരിചയപ്പെടുത്തി.
‘എന്താടി, മറ്റുള്ളവരെ മുമ്പിന്നാണോ ഉമ്മാനെ പേരുവിളിക്കുന്നത്’
സുലൈഖാത്ത പരിഭവിച്ചു.
‘ഹോ…ഒന്നു പിണങ്ങാതെ പോ ഉമ്മ…സ്നേഹം കൂടുമ്പം അക്ഷരങ്ങള്‍ കുറയുംന്ന് കേട്ടിട്ടില്ലേ നിങ്ങള്‍….? !’
അവളുമ്മാനോട് കൊഞ്ചി.
അവരുടെ സംസാരം കേട്ട് വീടിനകത്തേക്ക് കയറുന്ന നൂറയും ഫര്‍സാനയും ചിരിച്ചു.
‘രണ്ടു പേരും ഭയങ്കര കമ്പനിയാണല്ലേ…!?
ഫര്‍സാന ചിരിച്ചു കൊണ്ട് ചോദിച്ചു.
‘മുകളില്‍ പോയി നിസ്‌കരിച്ചോളൂ മക്കളെ…’
സുലൈഖാത്ത അവരെ മുകളിലേക്ക് വിട്ടു. അവിടെയാണ് ഫൈറൂസയുടെ റൂം.
തന്റെ ബാഗ് കട്ടിലിലിട്ട് നൂറ വുളൂഅ് എടുക്കാനായി വാഷ്റൂമിലേക്ക് പോയി.
‘നാട്ടിലെവിടെയാ…?’ ഫൈറൂസ ഫര്‍സാനയോട് ചോദിച്ചു.
‘ തൃശൂരിലാ…’ അവള്‍ തന്റെ സ്ലാങ്ങില്‍ നീട്ടിവലിച്ചു പറഞ്ഞു.
നൂറ വാഷ്റൂമില്‍ നിന്നിറങ്ങുമ്പോഴേക്കും അവരുടെ പ്രാരംഭ പരിചയപ്പെടല്‍ കഴിഞ്ഞിരുന്നു.
‘ ഇവളുടെ കഥ കേള്‍ക്കാനാണ് ഞാന്‍ ഹോസ്റ്റലില്‍ നില്‍ക്കാതെ ബാഗും തൂക്കി ഇങ്ങോട്ട് പോന്നത്’
അവരുടെ അടുത്തേക്ക് നടന്നു വരുന്ന നൂറയെ നോക്കി ഫര്‍സാന ഫൈറൂസയോട് പറഞ്ഞു.
‘കഥയോ….! എന്ത് കഥ..? ‘
ഫര്‍സാന പറഞ്ഞതിന്റെ ഉദ്ദേശ്യം മനസ്സിലാവാതെ ഫൈറൂസ നൂറയുടെ മുഖത്തേക്ക് നോക്കി.
‘അതൊന്നുല്യടി…അവള് വെറുതെ ഓരോന്ന് പറയുന്നതാ…’
നൂറ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.
‘അതൊന്നുല്ലാ….നല്ല ഒന്നാന്തരം കഥപറച്ചില് കാരിയാണിവള്…ഇന്നലെ വരെ ഇടിവെട്ട് ഫാഷനില്‍ കോളേജില്‍ പൊളിച്ച് നടന്നിരുന്ന ഞാനിന്ന് കോളേജില്‍ പോയത് പര്‍ദ്ദയിട്ടിട്ടാണ്…എന്തുട്ടാ കാരണംന്നറിയ്വോ..?’
അവള്‍ തൃശൂര് സ്ലാങ്ങില്‍ പകുതി ചോദിച്ചു നിറുത്തി.
‘ഇല്ലാ…എന്താ!..’
ഫൈറൂസ ബാക്കി കേള്‍ക്കാനായി കാതുകൂര്‍പ്പിച്ചു.
‘ ഇവളുടെ കഥ തന്നെ, എന്റെ ചങ്കിലാ അവള് കൊണ്ടു പോയി കഥ നിറച്ചത്.’
ഫര്‍സാന വീണ്ടും.
‘ അതെന്നേ…നൂറാ നീ ഇത്ര വലിയ കഥാകാരിയായത്. നമ്മളൊന്നും അറിഞ്ഞില്ലല്ലോ…?!’
ഫൈറൂസ നൂറയുടെ മുഖത്ത് നോക്കി.
അവള്‍ രണ്ടു പേരുടെയും മുഖത്ത് നോക്കി ചിരിച്ചുവെന്നല്ലാതെ ഒരക്ഷരം മിണ്ടിയില്ല.
‘ ന്നാല്‍ നിസ്‌കാരം കഴിഞ്ഞിട്ട് ഒരുകഥ നമുക്കൊരുമിച്ചിരുന്ന് പറഞ്ഞിട്ട് പോയാല്‍ മതി’
ആജ്ഞാ സ്വരത്തില്‍ ഫൈറൂസ പറഞ്ഞു.
‘ഞാന്‍ റെഡി…’
ഫര്‍സാന ഫൈറൂസയെ കട്ടക്ക് സപ്പോര്‍ട്ട് ചെയ്തു.
‘നീ…പിന്നെ എല്ലാത്തിനും റെഡിയാണല്ലോ…വേഗം പോയി വുളൂഅ് ചെയ്ത് വരീ’
നൂറ പറഞ്ഞു.
പുറത്ത് കാണിച്ചില്ലെങ്കിലും യഥാര്‍ത്ഥത്തില്‍ നൂറയുടെ ഉള്ളം ഇങ്ങനെയൊരവസരമുണ്ടാക്കിയ നാഥനെ ഒരായിരം തവണ സ്തുതിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നൂറ ഇമാമ് നിന്ന് അവര്‍ ജമാഅത്തായി നിസ്‌കരിച്ചു.
നിസ്‌കാരവും പ്രാര്‍ത്ഥനയും കഴിഞ്ഞപ്പോഴേക്ക് അവരുടെ മുമ്പിലേക്ക് ചായയും നല്ല ഉഗ്രന്‍ പൊരി കടികളുമായി സൂലൈഖാത്തയെത്തി.
നിലത്ത് വട്ടമിട്ടിരുന്ന് ചായ കുടിക്കാന്‍ തുടങ്ങി.
‘ അപ്പോ നീയിപ്പോള്‍ പര്‍ദ്ദയിട്ടാണോ ക്ലാസില്‍ പോവാറ്…?’
ഫൈറൂസ ഫര്‍സാനയോട് ചോദിച്ചു.
‘ഉം…ഇന്നുമുതല്‍. ഇന്‍ ഷാ അല്ലാഹ് ഇനിയെന്നും അങ്ങനെയാവണമെന്നാണ് ആഗ്രഹം. മുഴുവന്‍ ക്രഡിറ്റും നൂറക്കാണ് കെട്ടൊ…’
ഫര്‍സാന നൂറയുടെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് ഫൈറൂസയോട് പറഞ്ഞു.
‘ മൂടി കെട്ടി കോളേജില്‍ പോകുന്നത് എനിക്ക് ആലോചിക്കാന്‍ പറ്റണില്ല.’
അത് പറയുമ്പോള്‍ ഫൈറൂസയുടെ മുഖത്ത് വല്ലയ്മയുടെ കയ്പ്പുണ്ടായിരുന്നു.
‘ ഇന്നലെ വരെ ഞാനും ഇങ്ങനയൊക്കെ തന്നയായിരുന്നു. ഇവളെ കണ്ടത് ഭാഗ്യം. അല്‍ഹംദുലില്ലാഹ്’
ഫര്‍സാനയുടെ സംസാരത്തിലെ പക്വത കണ്ടപ്പോള്‍ നൂറക്ക് അത്ഭുതം തോന്നി.
‘ നീ എന്തു മന്ത്രമാണെടീ ഇവള്‍ക്ക് ചൊല്ലികൊടുത്തത് നൂറൂ…’
ഫൈറൂസ ചിരിച്ചു കൊണ്ട് ചോദിച്ചു.
‘ അവള് പറയുന്നത് നോക്കണ്ട…അവള് സ്വയം മാറിയതാ…. ആ മാറ്റത്തില്‍ ഞാനൊരു കാരണക്കാരിയായിട്ടുണ്ടെങ്കില്‍ റബ്ബിന് സ്തുതി.’
‘അതൊക്കെ പോട്ടെ നീ കഥ പറ…’ ഇത്തവണ ഫൈറൂസയാണ് ധൃതിപ്പെട്ടത്.
‘എന്ത് കഥ’ നൂറ ഒന്നുമറിയാത്തവരെ പോലെ ചോദിച്ചു.
‘ഇതാ ഇവളെ നീ ജപിച്ച് നിറുത്തിയില്ലേ… അതുപോലോത്തൊരണ്ണം’
ഫൈറൂസ നൂറയെ ഒന്ന് കുത്തി പറഞ്ഞു.
‘അല്ലടി, നമ്മുടെ ഈ ചര്‍ച്ച കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ’
നൂറ ചോദിച്ചു നിറുത്തി.
‘ ആ…പറ…’
അവര്‍ രണ്ടു പേരും പറഞ്ഞു.
‘നമ്മളിവിടെയിരുന്ന് പര്‍ദ്ദയിടണോ വേണ്ടയോ….മുഖം മറക്കാന്‍ മടിയാവുന്നു…ആണുങ്ങളുടെ കൂട്ടുകൂടാതെ എങ്ങനെയാണ് ഈ കാലത്ത് പഠിക്കാന്‍ കഴിയുക എന്നൊക്കെ ചോദിച്ചല്ലെ തര്‍ക്കിക്കുന്നത്…? അഥവാ…നമുക്ക് നമ്മുടെ എല്ലാ കാര്യങ്ങളും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ചെയ്യാന്‍ സ്വാതന്ത്രമുള്ളിടത്താണ് നാം വേണോ വേണ്ടയോന്ന് ശങ്കിച്ചു നില്‍ക്കുന്നത്. അല്ലേ…?
‘അതെ’ ഒരു നിമിഷം ആലോചനയിലാണ്ട ശേഷം ഇരുവരും പറഞ്ഞു.
‘ എന്നാല്‍ ഒന്നുറക്കെ വാങ്ക് വിളിക്കാന്‍, ഒരു തക്ബീറ് വിളിക്കാന്‍ സാധിക്കാത്ത, അങ്ങനെ ചെയ്താല്‍ പച്ചയായി കത്തിക്കപ്പെടുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് നമ്മളെപ്പോഴെങ്കിലും ആലോചിച്ചിരുന്നോ…?’
…..
മൗനം…നൂറ തുടര്‍ന്നു
‘ഫൈറൂ… നിനക്കോര്‍മയില്ലെ, സുമയ്യ ബീവിയുടെ ചരിത്രം കരീമുസ്താദ് ക്ലാസീന്ന് പറഞ്ഞപ്പോള്‍ നമ്മളൊക്കെ കരഞ്ഞത്.’
‘കഥയെനിക്ക് കൃത്യമായി ഓര്‍മയില്ല ന്നാലും മ്മളെല്ലാരും കരഞ്ഞത് നല്ല ഒര്‍മയുണ്ട്’
ഫൈറൂസ ആ ക്ലാസ് കൂട്ടക്കരച്ചിലോര്‍ത്തിട്ടാണെന്ന് തോന്നുന്നു, അത് പറയുമ്പോള്‍ അവളുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നിരുന്നു.
‘അല്ലേ… ചെലപ്പോ സുമയ്യാ ബീവിയുടെയും കുടുംബത്തിന്റെയും കഥ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞ ആ സ്വിറ്റ്വേഷന്‍ ഒന്നൂ കൂടെ വ്യക്താമാവും’
‘ നീ പറ എനിക്കാ കഥ കൃത്യമായിട്ട് ഓര്‍മകിട്ടുന്നില്ല. പിന്നെ ചെലപ്പോ ഇവള് കേട്ടിട്ടുമുണ്ടാവില്ല’
ഫൈറൂസ ഫര്‍സാനയെ നോക്കി പറഞ്ഞു .
‘ഇല്ല, ഞാന്‍ കേട്ടിട്ടില്ല, നീ പറ ‘
ഫര്‍സാന കൂളായി പറഞ്ഞു.
നൂറ കഥപറയാനൊരുങ്ങി.
‘ പൂര്‍ണ്ണ സ്വാതന്ത്രമുണ്ടായിട്ടും അപകര്‍ഷ ബോധമാണ് ഇസ്ലാമിക ബോധനങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നമ്മെ പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ സുമയ്യാ ബീവിയും ഭര്‍ത്താവ് യാസിര്‍ (റ) എന്നവരും മകന്‍ അമ്മാറും (റ) ജീവിച്ചിരുന്ന മക്കയെ കുറിച്ചൊന്നാലോചിച്ച് നോക്കിയേ…’
‘നബി ? തങ്ങളുടെ കാലത്ത് തന്നയല്ലേ…അവരും….’
നൂറയുടെ സംസാരത്തില്‍ നിന്ന് ആ കാലഘട്ടം വ്യക്തമാവാത്തത് കൊണ്ടാണെന്ന് തോന്നുന്നു ഫര്‍സാന ചോദിച്ചു.
‘അതെ…നബി തങ്ങള്‍ക്ക് ? നുബൂവത്ത് ലഭിച്ച ആദ്യ വര്‍ഷങ്ങളിലാണ്.’
നൂറക്ക് ഏതാണ് ആ വര്‍ഷമെന്ന് കൃത്യമായി ഓര്‍ത്തെടുക്കാന്‍ സാധിച്ചില്ല.
‘ഉം..’
ഫര്‍സാന മൂളി. നൂറ തുടര്‍ന്നു.
‘ വളരെ രഹസ്യമായിട്ടായിരുന്നു നബി ? തങ്ങളുടെ പ്രബോധനം. അല്ലാഹുവിലും പ്രവാചകരിലും വിശ്വസിക്കുന്നവരാണെന്നറിയുന്ന നിമിഷം ജനങ്ങള്‍ കൂട്ടമായി വന്ന് അവരെ ആക്രമിക്കുകയും വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന പൊതുബോധമായിരുന്നു അന്ന്. ഇസ്ലാമായിരുന്നു അവരുടെ പൊതു ശത്രു. അതുകൊണ്ട് തന്നെ പരുക്കുകളൊന്നുമില്ലാതെ ജീവിക്കണമെങ്കില്‍ മുസ്ലിമാണെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു’
നൂറയുടെ മുഖത്ത് ആ കാലഘട്ടത്തിന്റെ ഭീകരത വ്യക്തമായിരുന്നു.
‘ തന്റെ വീടിന്റെ ചുറ്റിലും നടക്കുന്ന കപാലികരുടെ ആക്രമങ്ങളും ഭീകരതയുമെല്ലാം സുമയ്യാ ബീവിയും കാണുന്നുണ്ട്. എന്നെങ്കിലുമൊരു ദിവസം അവര്‍ തങ്ങളെയും തേടിവരുമെന്ന് അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.’
‘ അങ്ങനെ മഹതി മനസ്സില്‍ ഭീതിയോടെ കാത്തിരുന്ന ആ ദിനം വന്നത്തി.
അബൂജഹ്ലും ഒരു സംഘം ചെറുപ്പക്കാരും ചേര്‍ന്ന് മഹതിയേയും മകന്‍ അമ്മാറിനെയും ഭര്‍ത്താവ് യാസിര്‍ (റ)നെയും ചങ്ങലക്കിടുകയും അവരുടെ വീടിന് തീവെക്കുകയും ചെയ്തു. ആ കുടുംബത്തെയവര് തുറങ്കിലടച്ചു.’
ഒരു ദിവസം തുറങ്കില്‍ നിന്ന് മഹതിയേയും കുടുംബത്തേയും കൊണ്ടു പോകാന്‍ വേണ്ടി അബൂജഹ്ലും സംഘവുമെത്തി. ചുട്ടുപൊള്ളുന്ന മരുഭൂവിലേക്കാണ് അവരെ നയിക്കപ്പെട്ടത്. അവരുടെ കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിതമാണ്. ചങ്ങലകളിലുരഞ്ഞ് ശരീരത്തില്‍ നിന്ന് രക്തം പൊടിയുന്നുണ്ട്. വേച്ച് വേച്ച് നടക്കുന്ന അവരുടെ പിറകില്‍ നിന്ന് അബൂജഹ്ലിന്റെ കിങ്കരന്മാര്‍ കുന്തം കൊണ്ട് ആഞ്ഞു കുത്തി. അവര്‍ മുന്നോട്ട് വിയ്യാനോങ്ങി.’
ഒന്ന് നിറുത്തിയ ശേഷം നൂറ തുടര്‍ന്നു:
‘ ആ കപാലികര്‍ കുട്ടികളെ അഴിച്ചു വിട്ടു. അവര്‍ മഹതിയുടെ തലമുടിയും യാസിര്‍ (റ)വിന്റെയും അമ്മാര്‍ (റ)വിന്റെയും താടി രോമങ്ങളുമെല്ലാം പറിച്ചെടുത്തു. ഒരുപക്ഷെ അന്നുദിച്ച സൂര്യന് തന്റെ ജോലിയോട് അമര്‍ഷം തോന്നിയിരിക്കാം. കാരണം ആ കുടുംബത്തെ നഗ്‌നമായ ശരീരത്തോടെ ആ മരുഭൂവില്‍ കിടത്തുമ്പോള്‍ മണല്‍ തരിയുടെ ചൂട് അഗ്‌നിസമാനമായിരുന്നു. താനാണല്ലോ ഈ ചൂടിന് കാരണക്കാരനെന്ന കുറ്റബോധത്താല്‍ സൂര്യന്‍ തലകുനിച്ചിരിക്കാം’
നൂറയുടെ കണ്ണുകളില്‍ കനലെരിയുന്നുണ്ട്, അവള്‍ തുടര്‍ന്നു:
‘ അവര്‍ ഭാരമുള്ള കല്ലുകള്‍ കൊണ്ടുവന്നു കൊണ്ട് അവരുടെ നെഞ്ചുകളില്‍ വെച്ചു മരുഭൂമിയിലൂടെ വലിച്ചിഴച്ചു. ഒന്ന് നേരെ ശ്വസിക്കാന്‍ പോലുമവര്‍ക്കാവുമായിരുന്നില്ല. ബീവി സുമയ്യയുടെ കൈകാലുകള്‍ ചങ്ങലയില്‍ ഇരുവശങ്ങളിലേക്കും വലിച്ചു പിടിക്കപ്പെട്ടു. അഗ്‌നിയില്‍ ചുട്ടുപഴുത്ത കുന്തവുമായി നില്‍ക്കുന്ന കിങ്കരനോട് അബൂ ജഹ്ല് തലയനക്കി. അയാള്‍ ആവേശത്തോടെ പാഞ്ഞടുത്തു. ആ കുന്തം മഹതിയുടെ നഗ്‌നനാഭിയിലേക്ക് തുളച്ചു കയറി.
സ്…….പച്ചമാംസം കത്തുന്ന ഒരു സില്‍ക്കാര ശബ്ദം അന്തരീക്ഷത്തിലുയര്‍ന്നു.’
‘നിര്‍ത്ത്….’
ഫര്‍സാന അട്ടഹസിക്കുപോലെ പറഞ്ഞു. അവള്‍ക്ക് ആ രംഗം സഹിക്കാന്‍ സാധിച്ചിട്ടില്ലെന്നത് തീര്‍ച്ച. ഫൈറൂസ കണ്ണുകള്‍ ഇറുക്കിയടച്ചിരിക്കുകയാണ്.
ഒന്ന് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തിതിന് ശേഷം ഫര്‍സാന പറഞ്ഞു:
‘ഇനി പറ’
‘ അബോധാവസ്ഥയിലാവുന്ന ആ കുടുംബത്തിന്റെ മുഖത്തേക്ക് വെള്ളമൊഴിച്ച് ബോധത്തിലേക്ക് തിരിച്ച് കൊണ്ടു വന്ന് വീണ്ടും ശിക്ഷിക്കാന്‍ അബൂജഹ് ലിന്റെ ഓര്‍ഡറുണ്ടായി.’
ഇടക്ക് ഫൈറൂസ തൊണ്ടയനക്കി. നൂറ നിര്‍ത്തി അവളുടെ മുഖത്തേക്ക് നോക്കി.
‘ എന്തിനാണിങ്ങനെ കൊല്ലാകൊല ചെയ്യുന്നത്…’ ഫൈറൂസയുടെ സങ്കടം നിറഞ്ഞ ചോദ്യം.
‘ അബൂ ജഹ്ല് അവരുടെ മുമ്പില്‍ ഒരാവശ്യമേ വെച്ചിട്ടുള്ളൂ..മുഹമ്മദിന്റെ മതം ഉപേക്ഷിക്കണം. ഇല്ലെങ്കില്‍ നിങ്ങള്‍ നാളത്തെ സൂര്യനെ കാണുകയില്ല.’
ആ ശിക്ഷാ മുറകളെ സ്വന്തം ശരീരത്തിലേക്ക് ഏറ്റുവാങ്ങുമ്പോള്‍ എഴുപതിന്റെ വാര്‍ദ്ധക്യത്തിലാണ് ബീവി സുമയ്യ(റ) . പക്ഷെ, ഈ മാനിന്റെ വിഷയത്തിലവിടുന്ന് ചെറുപ്പമായിരുന്നു. കരുത്തോടെ തന്നെ തന്റെ വിശ്വാസത്തില്‍ മഹതി അടിയുറച്ചു നിന്നു.’
ഇവരെ ശിക്ഷിക്കുന്നതറിഞ്ഞ് ഹബീബ് ? അതുവഴി വന്നു.
ശത്രുക്കള്‍ മൂവരെയും കൈകാലുകള്‍ ബന്ധിച്ച് മണലില്‍ കിടത്തി നെഞ്ചത്ത് കനത്ത പാറക്കഷ്ണങ്ങള്‍ വെച്ചിട്ടുണ്ട്. ഇരുമ്പ് പഴുപ്പിച്ച് വെക്കുകയും വടികൊണ്ടും കുന്തം കൊണ്ടും കുത്തുകയും ചെയ്യുന്നുണ്ട്. നബി ? യുടെ കണ്ണുകള്‍ നിറഞ്ഞു.
‘ നബിയേ…എത്ര കാലമുണ്ടാവും ഈ പരീക്ഷണങ്ങള്‍..?’ യാസിര്‍ (റ) പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
എന്തു പറയണമെന്നറിയാതെ ഹബീബ് ? കരഞ്ഞു കലങ്ങിയ കണ്ണുകളോടെ പറഞ്ഞു:
”യാസിര്‍ കുടുംബമേ, ക്ഷമിക്കുക. നിങ്ങളുടെ വാഗ്ദത്ത ഭവനം സ്വര്‍ഗമാണ്.”
അന്നേരം സുമയ്യ ബീവി പറഞ്ഞു:
”അങ്ങ് അല്ലാഹുവിന്റെ ദൂതനാണ്. അങ്ങയുടെ വാഗ്ദാനം സത്യമാണ്.’
ആ ഇമാനിക ബോധത്തിന് മുമ്പില്‍ അബൂജഹ് ല് പരാജയപ്പെട്ടു. അവന് സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു. ഇത്രയൊക്കെ ചെയ്തിട്ടും ഈ അടിമതള്ളക്കിതെങ്ങനെ സഹിക്കാന്‍ സാധിക്കുന്നു എന്ന ചിന്തപോലും അബൂജഹ്ലിനെ ഭ്രാന്തമാക്കി.
‘നീയും നിന്റെ ദൈവങ്ങളും പോയി തുലയട്ടെ’
മഹതി അബൂജഹ്ലിന്റെ മുഖത്ത് നോക്കി പറഞ്ഞു. അവനെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലുമപ്പുറമായിരുന്നുവത്. തന്റെ കയ്യിലെ കഠാരകൊണ്ട് അവന്‍ മഹതിയുടെ നാഭിയില്‍ ആഞ്ഞു കുത്തി. ആ കുത്തേറ്റ് കലിമ ചൊല്ലുന്നതിനിടയില്‍ മഹതിയുടെ ശരീരം നിശ്ചലമായി. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജീഊന്‍. ഇസ്ലാമിക ലോകത്തെ ആദ്യത്തെ രക്തസാക്ഷി അന്ന് പിറവിയെടുത്തു.. ‘
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നൂറ പറഞ്ഞു നിര്‍ത്തുമ്പോള്‍ വിതുമ്പലടക്കാനാവാതെ തലതാഴ്ത്തിയിരിക്കുകയായിരുന്നു ഫര്‍സാനയും ഫൈറൂസയും. നൂറ തുടര്‍ന്ന് പറഞ്ഞു:
‘ഇനിയൊന്ന് ആലോചിച്ച് നോക്ക്…നമുക്ക് പര്‍ദ്ദയിടാന്‍ അവകാശമുണ്ട്…ഉറക്കെ വാങ്ക് വിളിക്കുന്നതിന് കുഴപ്പമില്ല…എവിടെ വെച്ചും നിസ്‌കരിക്കാം…പക്ഷെ, ജാള്യതയുടെ പേര് പറഞ്ഞ് നമ്മള്‍ക്ക് ഇതെല്ലാം ചെയ്യാന്‍ മടിയാണ്. ഇനിയൊരിക്കല്‍ ബീവി സുമയ്യയെങ്ങാനും നമ്മളെ കണ്ടാല്‍….അവര് വിശ്വസിച്ച മതത്തിലാണ് നമ്മളും വിശ്വസിക്കുന്നതെന്ന് പറഞ്ഞാല്‍….അവര് നമ്മളെ കേള്‍ക്കുമോ…നമുക്കവര് മുഖം തരുമോ…
നൂറ ഉത്തരങ്ങളില്ലാത്ത ഒരുപാട് ചോദ്യങ്ങളെറിഞ്ഞു.
……
വീണ്ടും മൗനം
‘നൂറ നീയിവിടെയുണ്ടോന്നും ചോദിച്ച് നിന്റുമ്മാന്റെ ഫോണ്‍ വന്നിരുന്നു’
സുലൈഖാത്ത മുകളിലേക്ക് വന്ന് ആ മൗനത്തെ ഭജ്ഞിച്ചു.
അപ്പോഴണവര് ക്ലോക്കിലേക്ക് നോക്കിയത്. സമയം ആറോടടുത്തിരിക്കുന്നു. ഫര്‍സാനയും നൂറയും പോകാനൊരുങ്ങി.
‘ നീയിന്ന് രാത്രി വീട്ടിലേക്ക് വാ…ഞങ്ങള്‍ക്കൊരു കമ്പനിയാവുമല്ലോ’
നൂറ ഫൈറൂസയോട് പറഞ്ഞു.
‘ആഡീ…ഞാന്‍ വരാം…. ഇന്‍ ഷാ അല്ലാഹ്’
(തുടരും)
അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?
* * * *