No Result
View All Result
Urava Magazine
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
No Result
View All Result
Urava - A Malabar Magazine

ഹബീബിനെ പ്രണയിച്ചവള്‍-02

Photo by Muhammad Muzamil on Unsplash

Photo by Muhammad Muzamil on Unsplash

in Novel
August 24, 2021
രിള്‌വാൻ അദനി

രിള്‌വാൻ അദനി

Share on FacebookShare on TwitterShare on WhatsApp

അന്ന് ഉപ്പച്ചിക്ക് കൊടുത്ത വാക്കിന്റെ ഉറപ്പിന്മേലാണ് കോളേജില്‍ പോകാന്‍ സമ്മതം കിട്ടിയത്. ഇനി പന്ത് തന്റെ കോര്‍ട്ടിലാണെന്ന് അവള്‍ക്ക് നന്നായറിയാം. ഇനിയുള്ള ഓരോ നീക്കങ്ങള്‍ക്കും ജീവന്റെ വിലയുണ്ട്. കാലൊന്ന് തെറ്റിയാല്‍ ഇത്രയും കാലം നെയ്തു കൂട്ടിയ സ്വപ്നങ്ങളും കിനാ കണ്ട ആഗ്രഹങ്ങളും ദൂമധൂളികളാവും.
ഡിപാര്‍ട്മെന്റിന്റെ എന്‍ട്രന്‍സിലാണവളിപ്പോള്‍.
‘ഡിപാര്‍ട്മെന്റ് ഓഫ് ലൈഫ് സയന്‍സ് ‘
ആ മൂന്ന് നില ബില്‍ഡിംഗിന്റെ മുന്‍ഭാഗത്തേക്ക് തള്ളി നില്‍ക്കുന്ന പോര്‍ച്ചിനോട് ചാരി കൊത്തുപണി ചെയ്തുവെച്ച ബോഡ് അവള്‍ പതുക്കെ വായിച്ചു.
‘ബിസ്മില്ലാഹ്…’
അവള്‍ വലതു കാല്‍വെച്ച് ഡിപാര്‍ട്ട്‌മെന്റെിലേക്ക് പ്രവേശിച്ചു.
‘ഡി…കൊച്ചേ…ഒന്നവിടെ നിന്നേ…’
പിന്നില്‍ നിന്ന് പെട്ടെന്നാരോ ഒച്ചവെച്ചത് കേട്ട് അവള്‍ ഞെട്ടി തിരിഞ്ഞു.
മൂന്നു ചെറുപ്പക്കാര്‍ തന്റെ നേരെ നടന്നടുക്കുന്നു.
‘എന്താടി…നിന്റെ പേര്…’
അവരില്‍ താടിവെച്ച് കുറച്ച് തടിച്ച ഒരു ചെറുപ്പക്കാരന്‍ ചോദിച്ചു.
അവള്‍ തലയും താഴ്ത്തി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. പക്ഷേ, അവളുടെ ഹൃദയമിടിപ്പിന്റെ താളത്തിന് ശിങ്കാരിമേളത്തിന്റെ വേഗതയുണ്ടായിരുന്നു.
‘ഇവളെന്താ പൊട്ടിയാണോ…’
അവരിലൊരാള്‍ മറ്റൊരാളോട് ചോദിച്ചു.
‘ഡീ…ചോദിച്ചത് കേട്ടില്ലേ…’
ഭയം അവളില്‍ ഇരച്ചു കയറികൊണ്ടിരുന്നു. കണ്ണുകളില്‍ ഇരുട്ടു കയറുന്നത് പോലെ തോന്നി. ചെവിയില്‍ വന്ന് എന്തോ അടയുന്നത് പോലെ.
‘ഡാ…ഡാ…അവളെ വിട്ടേക്ക്…’
പിറകില്‍ നിന്നൊരു സ്ത്രീശബ്ദം അവരിലേക്കടുത്തു വന്നു.
‘നിനക്കൊന്നും ക്ലാസില്ലെടാ.. പോയി ക്ലാസില്‍ കയറ്…’
അവരുടെ തൊട്ടടുത്തെത്തിയ ആ സ്ത്രീ ആ പുരുഷ കേസരികളോടാജ്ഞാപിച്ചു.
‘രേഷ്മേച്ചി…ഞങ്ങളിങ്ങനെ വെറുതെ…’
അവരുരുളാന്‍ തുടങ്ങി…
‘ ചേച്ചി…ഇവരൊക്കെ ഫസ്റ്റിയറല്ലേ…ഈ റാഗിംങ്ങൊക്കെ ഇപ്പോള്‍ അനുഭവിച്ചില്ലെങ്കില്‍ പിന്നെപ്പോഴാ…’
സര്‍വ്വ ശക്തിയും സംഭരിച്ച് അവരിലൊരുവന്‍ പറഞ്ഞു മുഴുമിപ്പിച്ചു.
‘ആ…അതൊക്കെ നല്ലത് തന്നെയാ…അതിനൊക്കെ ന്റെ മക്കള് വേറെ വല്ലവരേം നോക്ക്… ഇവളെ വിട്ടേക്ക്… ഉം…ഉം…പോട്ടെ…’
രേഷ്മ ആജ്ഞ സ്വരത്തില്‍ പറഞ്ഞു.
‘നശിപ്പിച്ച്’
തിരിഞ്ഞ് നടക്കുന്നതിനിടയില്‍ അവളുടെ മുമ്പില്‍ ജാള്യം മറക്കാനാവാതെ അവര്‍ അടക്കം പറഞ്ഞു.
രേഷ്മ, കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ആളിത്തിരി സാമൂഹ്യ കാര്യങ്ങളിലൊക്കെ ഇടപ്പെടുന്നത് കൊണ്ട് തന്നെ കോളേജിലെ ഒട്ടമിക്ക വിദ്യാര്‍ത്ഥികള്‍ക്കും രേഷ്മേച്ചി എന്നുപറഞ്ഞാല്‍ ശരിക്കറിയാം. കോളേജിലെ ഒരുപ്രധാന തല്ലു കേസില്‍ ശക്തമായി നിലപാട് പറയുകയും തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തതിന് ശേഷം അവിടെ അവര്‍ക്കൊരു താര പര്യവേശമൊക്കെയുണ്ട്. പ്രത്യേകിച്ച് ജൂനിയേഴ്സിനിടയില്‍. ആരാധനാ പൂര്‍വ്വം അവരെ നോക്കുന്നവരാണ് പലരും.
‘അല്‍ഹംദുലില്ലാഹ്…..ഈ ഊരാകുടുക്കില്‍ നിന്നെന്നെ രക്ഷിച്ച റബ്ബിന് സ്തുതി…’
അവള്‍ ദീര്‍ഘ നിശ്വാസമെടുത്തതിന് ശേഷം ആത്മഗതം ചെയ്തു.
രേഷ്‌മേച്ചിയുടെ വീട് അവളുടെ നാട്ടില്‍ നിന്ന് രണ്ടു സ്റ്റോപ് അകലെയാണ്. ഉമ്മയുടെ അടുത്ത കൂട്ടുകാരിയാണ് ചേച്ചിയുടെ അമ്മ അമ്മിണിയമ്മ. അതുകൊണ്ട് തന്നെകോളേജിലെ അഡ്മിഷന് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തത് രേഷ്മേച്ചിയായിരുന്നു. കൂടാതെ കോളേജ് കാര്യങ്ങള്‍ സംസാരിക്കാന്‍ ചേച്ചിയുടെ വീട്ടില്‍ ഉമ്മയോടൊപ്പം പോയപ്പോള്‍ ഉമ്മച്ചി പ്രത്യേകം പറഞ്ഞേല്‍പ്പിച്ചതാണ്:
‘രേഷ്മേ…ഇവളൊരു പാവം കുട്ടിയാട്ടോ…കോളേജെന്താണെന്നൊന്നും അറിയില്ല…നിന്റെ ഒരു കണ്ണ് എപ്പോഴും ഉണ്ടാവണേ…’
‘ അതിനെന്താ ഇത്താ, അവള്‍ക്കവിടെ ഒരു കൊഴപ്പവും ഉണ്ടാവില്യാ’
ചേച്ചി ഉമ്മച്ചിക്ക് ഉറപ്പും കൊടുത്തു.
ഉമ്മച്ചി അന്ന് രേഷ്മേച്ചിയുടെ മുമ്പില്‍ വെച്ച് തന്നെ ഒരു കുട്ടിയെ പോലെ പരിഗണിച്ചപ്പോള്‍ ദേഷ്യപ്പെട്ട് ഉമ്മച്ചിയുടെ പര്‍ദ്ദയില്‍ പിടിച്ച് നുള്ളിയതാണ്.
‘എന്തിനാടി…ന്നെ നുള്ള്ണത്…!?’
ഉമ്മച്ചി വേദനക്കൊണ്ട് കുറച്ചുച്ചത്തില്‍ ചോദിച്ചത് കേട്ട് രേഷ്മേച്ചി ചിരിച്ചു.
ഏതായാലും അന്ന് ഉമ്മച്ചി പറഞ്ഞതിന്റെ ഉദ്ദേശ്യം ഇപ്പോഴാണവള്‍ക്ക് മനസ്സിലായത്.
‘എന്താടി…പേടിച്ചുപോയോ…?’
രേഷ്മേച്ചി അവളുടെ തോളില്‍ കൈയിട്ടു കൊണ്ട് ചോദിച്ചു.
‘കുറച്ച്…താങ്ക്യൂഏച്ചി..’
അവള്‍ വളരെ പതുക്കെ പറഞ്ഞു.
അവര്‍ രണ്ടു പേരും ക്ലാസിലേക്ക് നടന്നു.
രേഷ്മേച്ചിയുടെ കൂടെ ക്ലാസില്‍ കയറിയത് കൊണ്ടാണെന്ന് തോന്നുന്നു ആരും അവളോടൊന്നു പറഞ്ഞില്ല. ഉറക്കെ ചിരിച്ചുമില്ല. ഫ്രണ്ട് ബെഞ്ചില്‍ അവളെ ഇരുത്തി അടുത്തിരിക്കുന്നവര്‍ക്കെല്ലാം അവളെ പരിജയപ്പെടുത്തിയതിന് ശേഷമാണ് ചേച്ചി പോയത്. അതുകൊണ്ടു തന്നെ ഇന്നലെത്തെ അത്ര ഭയമില്ലയിന്നവള്‍ക്ക്. ചേച്ചി ഇരുത്തിയത് കൊണ്ടാവും പലര്‍ക്കും എന്തോ ഒരു ബഹുമാനം പോലെ..
‘ഇന്ന് സയന്‍സ് ലാബ് ഇന്‍ണ്ട്രഡ്യൂസിങ്ങാണ്, എല്ലാവരും പെട്ടെന്ന് ലാബിലേക്ക് വരിക…’
എന്ന് ഓഫീസ് സ്റ്റാഫ് മുരളിയേട്ടന്‍ വന്ന് പറഞ്ഞു.
ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആദ്യമായി ലാബില്‍ കയറിയത് ഇന്നും ഓര്‍മയുണ്ട്. ഒരു ചത്ത കൂറയെ മലര്‍ത്തി കിടത്തിയതിന് ശേഷം നെഞ്ചു കീറാന്‍ വേണ്ടി ലക്ഷ്മി ടീച്ചര്‍ പറഞ്ഞപ്പോള്‍ ശരീരം തളര്‍ന്നു പോയി.
ലാബിന്റെ മുമ്പിലെത്തിയ അവള്‍ക്ക്
മറ്റൊരു നെഞ്ചു കീറല്‍ കഥയോര്‍ത്ത് ആര്‍ത്തു വിളിച്ച് കരഞ്ഞത് മനസിലേക്ക് തികട്ടി വന്നു. മദ്റസ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നുവത്.
താരീഖാണ് വിഷയം. നബി ചരിതമാണ് ഉസ്താദ് പറയുന്നത്.
പാലൂട്ടാന്‍ വേണ്ടി കുട്ടികളെ സ്വീകരിക്കുന്ന പ്രകൃതം പഴയകാലത്ത് മക്കയിലുണ്ടായിരുന്നു. ഓരോ സംഘങ്ങളായി അവര്‍ നഗരം ചുറ്റും. പ്രസവിച്ച കുട്ടികളെ സ്വീകരിക്കും. അവരുടെ കൂടെ കൊണ്ട് പോകും. മുലകുടി മാറിയതിന് ശേഷം തിരിച്ചേല്‍പ്പിക്കും. അങ്ങനെയാണ് തിരുനബി ഹലീമാ ബീവിയുടെയും കുടുംബത്തിന്റെയും അടുത്തെത്തുന്നത്.
മുലകുടി മാറിയതിന് ശേഷം ഹലീമ ബീവി കുഞ്ഞിനെ മനമില്ലാ മനസ്സോടെ നബിയുടെ പ്രിയമാതാവ് ആമിന ബീവിയിലേക്ക് തിരിച്ചേല്‍പ്പിക്കാന്‍ മക്കയിലേക്ക് വന്നതായിരുന്നു. ആ സമയത്താണ് മക്കയില്‍ ഒരു മാറാവ്യാധി വ്യാപിച്ചത്. കുഞ്ഞിനത് ബാധിക്കുമോയെന്ന് ഭയന്ന് ആമിനാ ബീവി മകനെ കുറച്ച് കാലം കൂടെ നോക്കണം എന്ന് പറഞ്ഞ് ഹലീമാ ബീവിയോടൊപ്പം തന്നെ തിരിച്ചയച്ചു. വളരെ സന്തോഷത്തോടെ അവരത് സ്വീകരിച്ചു.
അത്രയും സംഭവങ്ങള്‍ ഉസ്താദ് വിവരിച്ചത് വളരെ ആവേശത്തോടെയും അതിലേറെ ഇഷ്ടത്തോടെയുമായിരുന്നു എല്ലാവരും കേട്ടിരുന്നത്.
ഉസ്താദ് തുടര്‍ന്നു :
‘അങ്ങനെ ഹലീമാ ബീവിയുടെ വീട്ടില്‍ ഓടികളിച്ച് വളരുന്ന പ്രിയപ്പെട്ട നബി. കൂട്ടിന് കുറച്ച് മുതിര്‍ന്നതാണെങ്കിലും ഹലീമാ ബീവിയുടെ മകന്‍ അബ്ദുല്ലയുമുണ്ട്.
ഒരിക്കല്‍ നബി തങ്ങളും അബ്ദുല്ലയും പതിവ് പോലെ ആടുകളേയും കൊണ്ട് വീടിന് പുറകിലുള്ള കുന്നിന്‍പുറത്തേക്ക് പോയി.
ആടുകളെ മേയാനായി വിട്ടതിന് ശേഷം ഇരുവരും കളിയിലേര്‍പ്പെട്ടു. വളരെ രസകരമായി അവര്‍ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ്, രണ്ട് ചെറുപ്പക്കാര്‍ അവിടേക്ക് കടന്നു വന്നത്. നബിയും അബ്ദുല്ലയും കളി നിര്‍ത്തിയതിന് ശേഷം അവരെ നോക്കി. മുമ്പ് എവിടെയും കണ്ടതായി പരിചയമില്ല.
നബിയും അബ്ദുല്ലയും പരസ്പരം മിഴിച്ചു നോക്കി. ആരണന്നറിയതെ ഇരുവരും കൈമലര്‍ത്തി.
വന്ന രണ്ടു പേര്‍ ഒന്നും മിണ്ടാതെ നബിതങ്ങളുടെയും അബ്ദുല്ലയുടെയും നേരെ നടന്നടുത്തു. അവര്‍ ഭയവിഹ്വലരായി പിറകോട്ട് ഓടാന്‍ ശ്രമിച്ചു. പക്ഷെ, ആ ചെറുപ്പക്കാര്‍ നബി തങ്ങളെ പിടികൂടി. അവര്‍ നബി തങ്ങളെ പിടിക്കൂടുന്നത് ധൃതിയിട്ട് ഓടുന്നതിനിടക്ക് ഒരുതവണ കണ്ടെങ്കിലും ഭയം കാരണം അബ്ദുല്ല അവിടെ നിന്നില്ല. നിര്‍ത്താതെയുള്ള ഓട്ടത്തിനിടയില്‍ പിന്നില്‍ പാദചലനങ്ങളൊന്നുമില്ലായെന്ന് കണ്ടപ്പോള്‍ ഒരു മരത്തിന് പിറകിലേക്ക് പെട്ടെന്ന് ഓളിച്ചതിന് ശേഷം കിതപ്പ് മാറ്റി. എന്നിട്ട് മെല്ലെ തിരിഞ്ഞു നോക്കി. ‘
ഉസ്താദ് ഒന്ന് നിറുത്തിയതിന് ശേഷം എല്ലാവരുടെയും മുഖത്തേക്ക് നോക്കി. സാകൂതം തന്നെ തുറിച്ചു നോക്കുന്ന കണ്ണുകള്‍ മാത്രമേ ഉസ്താദ് കണ്ടൊള്ളു. ഉസ്താദ് ആവേശത്തോടെ തുടര്‍ന്നു :
‘ ദൂരെ രണ്ടാളുകള്‍ എന്തിനേയോ പിടിച്ചുവെക്കുന്നതായി അബ്ദുല്ലാക്കിപ്പോള്‍ മങ്ങിയ നിലയില്‍ കാണാം..അവനൊന്നു കൂടി കണ്ണുകള്‍ ഉറക്കെ തിരുമ്മിയതിന് ശേഷം വീണ്ടും നോക്കി. അവരതാ മുഹമ്മദിനെ നിലത്ത് മലര്‍ത്തി കിടത്തിയിരിക്കുന്നു.
ഒരാള്‍ അവന്റെ കൈകാലുകള്‍ അമര്‍ത്തി പിടിച്ചിട്ടുണ്ട്.
‘മറ്റേയാള്‍ എന്താണ് ചെയ്യുന്നത്…? ‘
അബ്ദുല്ല കാലുകളുടെ വിരലുകളിലൂന്നി ഉയര്‍ന്ന് പൊങ്ങി നോക്കി. അവന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
അയാള്‍ മുഹമ്മദിന്റെ നെഞ്ചുപിളര്‍ന്നിരിക്കുന്നു. അതില്‍ നിന്ന് എന്തോ ഒന്ന് പുറത്തെടുത്ത് മറ്റൊരു പാത്രത്തിലിട്ട് അത് കഴുകിയതിന് ശേഷം തിരിച്ചുവെക്കുന്നു.. ഇത്രയും കണ്ടപ്പോഴേക്കും താനിപ്പോള്‍ ബോധരഹിതനാവുമെന്ന് അബ്ദുല്ലാക്ക് തോന്നി. അവരെങ്ങാനും ഇനി തന്നെ തേടി വന്നാലോ….അബ്ദുല്ല ജീവനും കൊണ്ട് വീട്ടിലേക്ക് ഓടി.’
ഉസ്താദ് താരിഖിന്റെ കിതാബിലേക്ക് നോക്കി ഈ ചരിത്രം ഒരു കഥപോലെ വിശദീകരിച്ചു കൊണ്ടിരിക്കുകയാണ്.
പെട്ടെന്നാണ് ഒരു കരച്ചില്‍ കേട്ട് ക്ലാസ് നിശബ്ദമായത്. ഉസ്താദ് തല ഉയര്‍ത്തിനോക്കി. കുട്ടികളെല്ലാം തേങ്ങി കരയുന്ന എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്.
‘എന്തു പറ്റി മോളെ…? ആരെങ്കിലും ഉപദ്രവിച്ചോ…?’
ഉസ്താദ് ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് അടുത്ത് വന്ന് ചോദിച്ചു.
ഇല്ലായെന്ന് തലയാട്ടി.
‘പിന്നെന്തിനാ മോള് കരയുന്നത്…? ‘
ഉസ്താദ് വീണ്ടും.
‘അവരെന്തിനാ ന്റെ മുത്ത് നബിനെ ഉപദ്രവിക്ക്ണത്…, അല്ലാവൂന് അവരെ നരകത്തിലിട്ടൂടേന്യോ…’
വിതുമ്പലടക്കിപിടിച്ചു കൊണ്ട് അരിശത്തോടെ ഉസ്താദിനോട് ചോദിച്ചു.
അന്നെന്റെ കവിള്‍ തടങ്ങളിലൂടെ ചാലിട്ടൊഴുകുന്ന കണ്ണുനീര്‍ രണ്ട് കൈകള്‍ കൊണ്ടു തുടച്ചതിന് ശേഷം ഉസ്താദ് മൂര്‍ദ്ധാവില്‍ പതുക്കെ ചുംബിച്ചു. എന്നിട്ട് ചിരിച്ചു കൊണ്ട് എഴുന്നേറ്റതിന് ശേഷം എല്ലാവരോടുമായി ചോദിച്ചു.
‘മക്കളേ…ആരായിരുന്നു ആ രണ്ടു പേര് എന്ന് നിങ്ങള്‍ക്കറിയുമോ…!?’
ആരും ഒന്നും മിണ്ടിയില്ല.
നമ്മുടെ മുത്ത് നബിയുടെ ഹൃദയം കഴുകി വൃത്തിയാക്കാന്‍ വേണ്ടി അല്ലാഹു അയച്ച മലക്കുകളായിരുന്നു അവര്. ജിബ് രീലും മീകാഈലും… അലൈഹിമുസ്സലാം..
ഇതു പറഞ്ഞതിന് ശേഷം ഉസ്താദ് അടുത്ത് വന്ന് കുനിഞ്ഞിരുന്നതിന് ശേഷം ചോദിച്ചു.
‘ഇപ്പോള്‍ മോള്‍ക്ക് സന്തോഷമായോ…?’
ഉസ്താദിന്റെ ആ ചോദ്യം കേട്ടപ്പോള്‍
അന്ന് മിഠായി തിന്ന് മുന്‍നിരയിലെ പല്ല് മുഴുവന്‍ പോയ മോണ കാട്ടി നിറഞ്ഞു ചിരിച്ചു. കോളേജിലെ സയന്‍സ് ലാബിന്റെ മുമ്പില്‍ നിന്നതോര്‍ത്തപ്പോള്‍ അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു.

********************** ***************************** **********************

സുനിതാ മിസ് ലാബിലേക്ക് വന്നു. മിസ്സാണ് ഡിപാര്‍ടുമെന്റ് ഹെഡ്. ശബ്ദമയമായിരുന്ന ലാബ് ശ്മശാനമൂകമായി. മിസ് കണ്ണുകൊണ്ട് എണ്ണമെടുത്തു. മുപ്പത് പേരാണ് ക്ലാസിലുള്ളത്.
‘ഇഷ്ടപ്പെട്ട മൂന്നാളുകളായി ഗ്രൂപ്പ് തിരിയൂ…. ‘
മിസിന്റെ ആദ്യ ഓര്‍ഡര്‍ കേട്ട് എല്ലാവരും പരസ്പരം നോക്കി. ചിലര്‍ അങ്ങോട്ടുമിങ്ങോട്ടും മാറി. മറ്റുചിലര്‍ എന്തു ചെയ്യണമെന്നറിയാതെ മിഴിച്ചു നിന്നു. അവസാനം മൂന്നു പേരടങ്ങുന്ന പത്ത് ഗ്രൂപ്പുകളായി തിരിച്ചു. ഇനിമുതല്‍ ലാബ് അസൈന്‍മെന്റുകളൊക്കെ ഗ്രൂപ്പായിട്ടാണ് ചെയ്യേണ്ടത്. അതുല്യയും ഫര്‍സാനയുമാണ് അവളുടെ ഗ്രൂപ്പംഗങ്ങള്‍. ലാബുമായി ബന്ധപ്പെട്ട പ്രാഥമിക നിയമാവലികളെല്ലാം പറഞ്ഞതിന് ശേഷം മിസ് ക്ലാസിലേക്കു തന്നെ പിരിഞ്ഞു പോകാനായി പറഞ്ഞ് ലാബ് വിട്ടു.
ആദ്യമായി കോളേജ് ലാബിനുള്ളിലേക്ക് കയറിയതിന്റെ എക്സൈറ്റ്മെന്റാണെന്ന് തോന്നുന്നു ആരും പിരിഞ്ഞു പോകുന്നില്ല. ഗ്രൂപംഗങ്ങള്‍ പരസ്പരം ഗാഢമായ ചര്‍ച്ചകളിലും പരിചയപ്പെടലിലുമാണ്. അതുല്യയും ഫര്‍സാനയും നല്ല കൂട്ടാണ്. അതുല്യയുടെ വീട് കോളേജിനടുത്ത് തന്നെയാണ്. നടന്ന് വരാവുന്ന ദൂരമേയുള്ളൂ. ഫര്‍സാന കോളേജ് ഹോസ്റ്റലിലാണ് നില്‍ക്കാറ്. അവളുടെ വീട് തൃശൂര് ഭാഗത്തെവിടെയോ ആണ്. ഫര്‍സാനയുടെ സംസാരം കേട്ടിരിക്കാന്‍ തന്നെ നല്ല രസമാണ്. നീട്ടിയും കുറുക്കിയുമ്മുള്ള അവളുടെ സംസാരം കേള്‍ക്കുമ്പോള്‍ ആദ്യമാദ്യം ചിരിവരുമായിരുന്നു. അവര്‍ മൂവരും നല്ലകമ്പനിയായി.
ലഞ്ച് ബ്രേക്കിന് വിട്ടപ്പോള്‍ മൂന്നുപേരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണത്തിന് ശേഷം അവള്‍ ഫര്‍സാനയോട് ചോദിച്ചു:
‘നമുക്ക് നിസ്‌കരിക്കണ്ടേ…?’
‘ശരിയാണല്ലോ…എവിടെ പോയി നിസ്‌കാരിക്കും…അതുല്യേ ഇവിടെങ്ങാണ്ട് സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ പറ്റിയ സ്ഥലമുണ്ടോന്നറിയോ നിനക്ക്..’
‘നിക്ക്യറിയില്ലടി’ …അതുല്യ കൈമലര്‍ത്തി
‘നമുക്ക് ഓഫീസില്‍ പോയി ചോദിച്ചു നോക്കാം..’
ഫര്‍സാന പറഞ്ഞു.
‘ഓക്കെ, നിങ്ങള് പോയി അന്വേഷിച്ചു വരൂ ഞാന്‍ ക്ലാസിലുണ്ടാവും…’
അതുല്യ ക്ലാസിലേക്ക് നടന്നു.
ഫര്‍സാനയും അവളും ഓഫിസിലേക്കും.
‘നിസ്‌കാരത്തിനായി പ്രത്യേക സ്ഥലമൊന്നുമില്ല…വേണമെങ്കില്‍ മുകളിലെ സെമിനാര്‍ ഹാളില്‍ പോയി നിസ്‌കരിച്ചോളൂ…’
മുരളിയേട്ടന്‍ സെമിനാര്‍ ഹാളിന്റെ ചാവിയെടുത്ത് അവര്‍ക്ക് നേരെ നീട്ടി.
ഓഫീസില്‍ നിന്ന് നിലത്ത് വിരിക്കാനായി കുറച്ച് പേപ്പറും എടുത്ത് അവര്‍ സെമിനാര്‍ ഹാളിലേക്ക് പോയി.
ഫര്‍സാന നിറുത്താതെ സംസാരിക്കുന്ന പ്രകൃതക്കാരിയാണ്.
രണ്ടു പേരും വാഷ്റൂമില്‍ പോയി വൂളൂഅ് ചെയ്തു വന്നു. സംസാരത്തിനിടയിലും അവളെന്തോ കുശുകുശുക്കുന്നതായി ഫര്‍സാനക്ക് തോന്നിയിട്ടുണ്ട്. സെമിനാര്‍ ഹാളിന്റെ വാതില്‍ തുറക്കുന്നതിനിടയില്‍ ഫര്‍സാന ചോദിച്ചു.
‘ഡി…ഞാനൊരു കാര്യം ചോദിക്കട്ടെ..ഞാന്‍ കുറേ നേരമായി നിന്നെ ശ്രദ്ധിക്കുന്നു…നിയെന്താണിങ്ങനെ പിറു പിറുക്കുന്നത്… ‘
അവളൊന്നും മിണ്ടിയില്ല…നിഖാബിടുന്നത് കാരണം തന്റെ മുഖം ആരും കാണുന്നില്ലാ എന്ന ധൈര്യത്തിലായിരുന്നു അവള്‍ സ്വലാത്ത് ചൊല്ലിയത്. പക്ഷെ, അടുത്ത് നിരീക്ഷിക്കുന്നൊരാള്‍ക്ക് മുഖം കണ്ടില്ലെങ്കിലും തന്റെ മുഖഭാവങ്ങളെയും പേശീചലനങ്ങളെയും കൃത്യമായി വായിച്ചെടുക്കാന്‍ സാധിക്കുമെന്ന് അന്നാണവള്‍ക്ക് മനസ്സിലായത്.
‘എന്താടി എന്നോട് പറയാന്‍ പറ്റാത്ത വല്ല കൂടോത്രവുമാണോ…’
ഫര്‍സാന തമാശ രൂപേണയാണെങ്കിലും പരിഭവിച്ചു.
‘അതൊന്നുല്യടി സ്വലാത്ത് ചൊല്ലുന്നതാ… നിന്റെ കൈയില്‍ ഫോണുണ്ടോ…’
ഫര്‍സാന നിര്‍ബന്ധിച്ചപ്പോള്‍ പറയാതിരിക്കാനായില്ല. ആ വിഷയത്തിലിനി സംസാരം നീളാതിരിക്കാനാണ് പെട്ടെന്നവളോട് ഫോണ്‍ ചോദിച്ചത്.
‘ഉണ്ടല്ലോ…’
ഫര്‍സാന ഫോണ്‍ അണ്‍ലോക് ചെയ്ത് അവള്‍ക്ക് നേരെ നീട്ടി.
സെമിനാര്‍ ഹാളിലേക്ക് കയറി മൊബൈല്‍ ഫോണില്‍ ഖിബ്ല തരപ്പെടുത്തി. നിസ്‌കരിക്കാനായി നിന്നതിന് ശേഷമാണ് അവള്‍ നിഖാബ് ഉയര്‍ത്തിയത്.
‘ആ…ഹ നീയാള്‍ സുന്ദരിയാണല്ലോ….നിന്റെ മുഖം ഞാനിപ്പോഴാണ് ശരിക്കൊന്ന് കണ്ടത്…’
ഫര്‍സാനയുടെ ശബ്ദം ആ വലിയ സെമിനാര്‍ ഹാളില്‍ പ്രകമ്പനം കൊണ്ടു.
വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ നിസ്‌കാര കുപ്പായം ഒരു കവറിലാക്കി കരുതാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പര്‍ദ്ദയും കാലുറയും കൈയ്യുറയും അഴിച്ച് നിസ്‌കാരകുപ്പാഴം ധരിച്ചതിന് ശേഷം തന്റെ വസ്ത്രം ചുരിദാറും ടോപുമിട്ടിരിക്കുന്ന ഫര്‍സാനക്ക് നേരെ നീട്ടി. ഫര്‍സാന ചിരിച്ചുകൊണ്ടത് വാങ്ങിയിട്ടതിന് ശേഷം ഇരുവരും ളുഹ്റിന് മുമ്പും ശേഷവുമുള്ള ഇരുസുന്നതുകളും ജമാഅത്തായി ഫര്‍ളും നിസ്‌കരിച്ചു.
നിസ്‌കാര ശേഷം ഫര്‍സാന അവളെ നേരെ തിരിഞ്ഞിരുന്നു.
‘ഡി…ഞാനൊരു കാര്യം കൂടെ ചോദിക്കട്ടെ…നിന്നെ കുറിച്ചുള്ള വ്യക്തിപരമായ ചോദ്യമാണ്…നീ ഒന്നും വിചാരിക്കരുത്…’
‘ ഇന്ന് ഫുള്‍ ചോദ്യമാണല്ലോ…എന്തുപറ്റി, ഏതായാലും നീ ചോദിക്ക്…’
‘നിനക്ക് ഈ പര്‍ദ്ധയും മുഖമൂടിം ഒക്കെപാടെ ധരിച്ച് ക്ലാസില്‍ വരുമ്പോള്‍ മടിയാകാറില്ലേ… കുട്ടികളൊക്കെ എന്ത് കരുതുമെന്ന് തോന്നാറില്ലേ…എനിക്ക് മടിയാകുന്നത് കൊണ്ടാണ് ചോദിച്ചത് കെട്ടോ…’
ഫര്‍സാന കുറച്ച് മടിയോടെയാണെങ്കിലും ചോദിച്ചു പൂര്‍ത്തിയാക്കി.
ഒന്നാലോചിച്ചതിന് ശേഷം അവള്‍ ഫര്‍സാനയുടെ മുഖത്ത് നോക്കി പതുക്കെ ചിരിച്ചു.
എങ്ങെനെയിവള്‍ക്കിത് ചോദിക്കാന്‍ സാധിക്കുന്നുവെന്നാണ് ആദ്യം ചിന്തിച്ചത്. പെട്ടെന്നാണ് റസൂലുള്ളാന്റെ ലജ്ജയെകുറിച്ച് വിശദീകരിക്കുന്നതിനിടക്ക് ആയിശാ ബീവി പറഞ്ഞൊരു കാര്യം പ്രസംഗത്തില്‍ കേട്ടതോര്‍മ വന്നത്.
‘നബിതങ്ങള്‍ എന്റെയോ ഞാന്‍ നബിതങ്ങളുടെയോ ഔറത്ത് കണ്ടിട്ടില്ല’
ഭാര്യ-ഭര്‍ത്താക്കന്മാരായിരുന്നിട്ടും തങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ പോലും പരസ്പരം നാണം മറച്ച് ജീവിച്ചവരാണെന്റെ ഹബീബും പ്രിയപ്പെട്ടവരും. ആ ഹബീബിന്റെ സമുദായത്തിലെ പിന്‍തലമുറക്കാരിയാണീ ചോദിക്കുന്നത്
‘ തുറന്നിട്ട് നടന്നാലെന്താണ് പ്രശ്നമെന്ന്.’
ഇവിടെയിവള്‍ക്ക് ചരിത്രം പറഞ്ഞ് വിശദീകരിച്ചാല്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കണമെന്നില്ല. ഒരു വഴിയുണ്ട്.
‘നീയെന്തിനാ…ചിരിക്കുന്നത്…എന്നെ ആക്കിയതാണോ…’
അവള്‍ തന്റെ മുഖത്ത് നോക്കി ചിരിക്കുന്നത് കണ്ട് ഫര്‍സാന ചോദിച്ചു.
‘ഏയ്…അല്ല…ഞാനാലോചിക്കുകയായിരുന്നു..നമ്മളൊക്കെ മുസ്ലിമീങ്ങളല്ലേ…?’
‘അതെ…’
ഫര്‍സാന തലയാട്ടി…
‘നമ്മളെന്തൊക്കെ ധരിക്കണം എന്തൊക്കെ ധരിക്കരുത് എന്ന് ഇസ്ലാം പറഞ്ഞിട്ടില്ലേ….പിന്നെന്തിന് നമുക്ക് മടി തോന്നണം’
‘അതൊക്കെ ശരിയാണ്….പക്ഷെ, നമ്മള് കാലത്തിനനുസരിച്ച് മാറണ്ടേ…’
ഫര്‍സാന അവള്‍ സംസാരം പൂര്‍ത്തിയാക്കുന്നതിന് മുമ്പേ എടുത്ത് ചാടി ചോദിച്ചു.
‘ഓകെ…അപ്പോ അതാണ് പ്രശ്നം…കലാത്തിനനുസരിച്ച് മാറണം…ഞാനൊരുദാഹരണം പറയാം…നീ ശ്രദ്ധിച്ച് കേള്‍ക്ക്…’
ഫര്‍സാനയുടെ സംസാരത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായ അവള്‍ പറഞ്ഞു.
‘ആ പറ…’
ഫര്‍സാന കാതു കൂര്‍പ്പിച്ചു.
‘നമ്മളൊക്കെ ഈ കോളേജിലെ വിദ്യാര്‍ത്ഥികളല്ലേ…?’
‘അതെ…’
‘ഈ കോളേജിലേക്ക് അഡ്മിഷന്‍ എടുക്കുന്ന സമയത്ത് കോളേജ് ഒരുപാട് നിബന്ധനകള്‍ വെച്ചിരുന്നു. അഥവാ…പ്ലസ്ടു ഇത്ര ശതമാനം മാര്‍ക്കോട് കൂടെ പാസാവണം…ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ട് ഹോസ്റ്റലുകളായിരിക്കും…കൃത്യം രാത്രി ഒമ്പത് മണിക്ക് ഹോസ്റ്റലിന്റെ ഗേറ്റ് പൂട്ടും..ഇങ്ങനെ തുടങ്ങി ഈ കാമ്പസിനകത്ത് നാം വിദ്യാര്‍ത്ഥികള്‍ പാലിക്കേണ്ട ഒരുപാട് നിയമാവലികളുണ്ട്.’
അവള്‍ ഒന്ന് പറഞ്ഞു നിറുത്തി.
‘അതേ…ഉണ്ട് അതെല്ലാം കോളേജിന്റെ നല്ലനടത്തിപ്പിന് വേണ്ടി ഉണ്ടാക്കിയതാണ്…’
‘ഓകെ..ശരി, ഇനിപറയുന്ന കാര്യമാണ് നീ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അപ്പോള്‍ നമ്മുടെ കോളേജിന്റെ പുറത്ത് കൂടെ പോകുന്ന കുറച്ചാളുകള്‍ പറയുകയാണ്
‘ഇതെന്ത് അസമത്വമാണ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ട് ഹോസ്റ്റലുകളോ…ഒന്ന് പോരെ… അതല്ലേ…തുല്യത’.
മറ്റൊരു കൂട്ടര്‍ ചോദിക്കുന്നു. ‘എല്ലാവര്‍ക്കും പഠിക്കാനുള്ള തുല്യ അവകാശമില്ലേ….പിന്നെന്തിനാണ് ഈ പ്ലസ്ടുപാസാവണം എന്നെല്ലാം നിയമം വെക്കുന്നത്’ ഇങ്ങനെയെല്ലാം ചോദിച്ചാല്‍…നമ്മളത് പരിഗണിക്കുമോ…’
‘അതെന്തു ചോദ്യമാണെടി…എല്ലാത്തിനും ഒരടിസ്ഥാനവും മാര്‍ഗരേഖയുമൊക്കെ വേണ്ടേ…’
ഫര്‍സാന കൗതുകത്തോടെ ചോദിച്ചു.
‘അതേ..അത് വേണം അതുതന്നെയാണ് ഞാനും പറയുന്നത്. ഈ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നതെല്ലാം പാലിക്കണമെന്നത് കോളേജ് പുറപ്പെടുവിച്ച നിയമമാണ്. ആ നിയമത്തെ കോളേജിന് പുറത്തുള്ളവര്‍ എന്ത് വിമര്‍ശിച്ചാലും ഇവിടുത്തെ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ ആ നിയമം പാലിക്കാനും അനുസരിക്കാനും നമ്മള്‍ ബാധ്യസ്ഥരാണ്. അത് ബോധ്യപ്പെട്ടത് കൊണ്ടും മനസ്സ്‌കൊണ്ട് ഇഷ്ടമായത് കൊണ്ടുമാണല്ലോ നമ്മളെല്ലാവരും ഈ കോളേജ് ചൂസ് ചെയ്തത് തന്നെ..അല്ലേ…!?’
അവള്‍ ചോദിച്ചപ്പോള്‍
ഫര്‍സാന പുഞ്ചിരിച്ചു കൊണ്ട് അതേയെന്ന് മറുപടി പറഞ്ഞു. എങ്ങോട്ടാണ് അവളുടെ സംസാരം പോകുന്നതെന്ന് ഫര്‍സാനക്കിപ്പോള്‍ ഏകദേശം മനസ്സിലായി തുടങ്ങി.
‘അപ്പോള്‍ ഞാനൊരു മുസ്ലിമാണെന്ന് അംഗീകരിക്കലോട് കൂടെ എന്റെ മതം പറയുന്ന പോലെ ജീവിക്കുന്നതില്‍ ഞാന്‍ അപകര്‍ഷയാവേണ്ട കാര്യമോ മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നതോ നോക്കണോ…വേണ്ടാ…, കാരണം, എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഈ മതത്തെ ഞാന്‍ സ്വീകരിച്ചത്.
അത് കൊണ്ട് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാതെ നമുക്ക് വേണ്ടി ജീവിക്കുന്നതല്ലേ നല്ലത്…?’
അവള്‍ നിര്‍ത്തിയ ചോദ്യത്തില്‍ ഫര്‍സാന ഒരു നിമിഷം ആലോചനയില്‍ മുഴുകിയെന്ന് തോന്നുന്നു.
‘ക്ലാസ് തുടങ്ങാനായി..പര്‍ദ്ദയൂരി താ…നമുക്ക് പോകാം…’
എന്നവള്‍ പറഞ്ഞപ്പോഴാണ് ഫര്‍സാന പിടഞ്ഞെഴുന്നേറ്റത്.

********************** ***************************** **********************

ഉച്ചക്ക് ശേഷമുള്ള ക്ലാസില്‍ ഫര്‍സാന ആലോചനയിലായിരുന്നു. ളുഹ്ര് നിസ്‌കാരത്തിന് ശേഷം നൂറയുമായുണ്ടായ സംഭാഷണം അവളില്‍ ആലോചനയുടെ തിരികൊളുത്തിയിട്ടുണ്ട്.
‘നൂറ… അതാണവളുടെ പേര്. ആ പേര് ആദ്യം കേട്ടപ്പോള്‍ തന്നെ എന്തോ ഒരാകര്‍ഷണിയതയുണ്ടെന്ന് തോന്നിയിരുന്നു . പക്ഷേ, ആദ്യ ദിവസം നൂറ ക്ലാസിലേക്ക് കയറിയപ്പോള്‍ ആ കറുത്ത പര്‍ദ്ദയോട് എന്തോ ഒരപകര്‍ഷതയാണുണ്ടായത് . അന്ന് എല്ലാവരും അവളെ കളിയാക്കി ചിരിച്ചപ്പോള്‍ ഞാനും ചിരിച്ചതാണ്.
‘ഇവളെന്താ ഏഴാം നൂറ്റാണ്ടിലാണോ ജീവിക്കുന്നത്…? ഇങ്ങനെയൊരാള്‍ക്ക് ഇക്കാലത്ത് കോളേജിലേക്ക് വരാന്‍ സാധിക്കുമോ…? ‘
ഒരുപാട് ചോദ്യങ്ങള്‍ മനസ്സിലേക്ക് ഓടിക്കിതച്ച് വന്നതാണ്. പക്ഷെ, ഇന്നവളുമായുണ്ടായ സംഭാഷണം കാര്യങ്ങളുടെ ഗതി മാറ്റിയിരിക്കുന്നു.
ഞാന്‍ എനിക്ക് വേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നാണ് അവള്‍ പറഞ്ഞതിന്റെ ആകെ തുക. അത് ശരിയുമാണല്ലോ… പലപ്പോഴും എന്റെ ഐഡന്റിറ്റി വെളിവാക്കാനും എന്തിനേറെ, തട്ടം തലയിലേക്ക് വലിച്ചിടാന്‍ പോലും മടിയായി തോന്നിയിട്ടുണ്ട്. മറ്റുള്ളവര്‍ എന്ത് കരുതുമെന്ന തോന്നല്‍. ഞാനിതാര്‍ക്കു വേണ്ടിയാണ് ജീവിക്കുന്നത്….!? ‘
അവളുടെ ചിന്ത കാടുകയറി. മനസ്സില്‍ എന്തോ കുറ്റബോധം നിറയുന്നതായി അനുഭവപ്പെട്ടു. നെഞ്ചിലൂടെ എന്തോ ഉരുണ്ടു കൂടുന്ന പ്രതീതി. ക്ലാസിലേക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.
ആ ഹവര്‍ എങ്ങനെയാണ് ക്ലാസിലിരുന്നതെന്ന് അവള്‍ക്ക് തന്നെയറിയില്ല. ഇനിയുള്ള രണ്ട് ഹവര്‍ ലൈബ്രറി ടൈമാണ്. അതുല്യയോടും നൂറയോടുമൊപ്പം അവളും ലൈബ്രററിയിലേക്ക് പോയി.
വിശാലമായ ലൈബ്രററിയാണ്. വ്യത്യസ്ത മേഖലകളിലുള്ള പുസ്തകങ്ങള്‍ സെഷനുകളാക്കിയിട്ട് ഏരിയ തിരിച്ച് വെച്ചിട്ടുണ്ട്. എല്ലാവരോടും ലൈബ്രററിയില്‍ നിന്ന് ലൈഫ് സയന്‍സുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ റഫര്‍ ചെയ്യാനാണ് സുനിത മിസ് പറഞ്ഞിരുന്നത്.
പക്ഷെ, അധികപേരും മലയാളം ലിറ്ററേച്ചര്‍ എന്ന ടൈറ്റില്‍ സെഷനു കീഴിലാണുള്ളത്. അതല്ലേലും ഈ സയന്‍സിന്റെ സങ്കേതങ്ങളൊന്നും മനസ്സിലാകതെ ഈ പുസ്തകങ്ങളൊക്കെ എങ്ങനെ വായിക്കാനാണ്.
മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വല്ല സയന്‍സ് സെമി ഫിക്ഷന്‍ നോവലുകളും ഉണ്ടോയെന്ന് നോക്കാം…അവളും മലയാളം ലിറ്ററേച്ചര്‍ പുസ്തകങ്ങളുള്ള സെഷനിലേക്ക് നടന്നു.
‘ദി ആല്‍കെമിസ്റ്റ്’,
എന്ന് ചില്ലലമാരയുടെ ഇടയിലൂടെ മങ്ങി കാണാം. അവള്‍ അലമാര തുറന്ന് പുസ്തകമെടുത്തു. ബ്രസീലിയന്‍ എഴുത്തുക്കാരന്‍ പൗലോ കൊയ്ലോയുടെ ലോക പ്രശസ്തമായ നോവലാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട രചനയെന്ന ഗിന്നസ് റെക്കോഡ് ലഭിച്ച പുസ്തകം.
മുമ്പൊരിക്കല്‍ വായിച്ചതാണ്. ഒരുപാട് ഊര്‍ജം സമ്മാനിച്ച പുസ്തകം. തന്റെ ആഗ്രഹങ്ങളെ തേടി ലോകം ചുറ്റുന്ന സാന്റിയാഗോയാണ് പ്രധാന കഥാപാത്രം. നാം ഒരു കാര്യത്തിന് വേണ്ടി ശക്തമായി ആഗ്രഹിച്ചാല്‍ ഈ പ്രപഞ്ചം മുഴുവന്‍ ആ ആഗ്രഹ പൂര്‍ത്തീകരണത്തിന് വേണ്ടി നമുക്കൊപ്പം നില്‍ക്കുമെന്ന വിശ്വാസം ലോക വായനക്കാര്‍ക്ക് നല്‍കിയ അപൂര്‍വ രചന . എല്ലാംകൂടെ ആലോചിച്ചപ്പോള്‍ ഒരുതവണ കൂടി വായിക്കാം എന്നു കരുതി അവള്‍ പുസ്തകമെടുത്തു റീഡിങ് ടേബിളിന് നേരെ നടന്നു.
നൂറ അവിടെ ടേബിളിലിരുന്ന് എന്തോ വായിക്കുന്നുണ്ട്. രണ്ടുപേര്‍ക്ക് അഭിമുഖമായിരിക്കാവുന്ന ആ റീഡിങ് ടേബിളില്‍ നൂറയുടെ എതിര്‍വശമായിട്ട് അവളും ചെന്നിരുന്നു.
അവളവിടെയിരുന്നത് നൂറയറിഞ്ഞില്ലെന്ന് തോന്നുന്നു. അവള്‍ ഗൗരവായനയിലാണ്. ഒരു വൈലറ്റ് നിറത്തിലുള്ള ചട്ടയോട് കൂടിയ അത്യാവശ്യം തടിച്ച പുസ്തകമാണവള്‍ വായിക്കുന്നത്. കസേരയിലിരുന്നതിന് ശേഷം തല അല്‍പം ചെരിച്ച് നൂറ വായിക്കുന്ന പുസ്തകത്തിന്റെ പേര് വായിച്ചു:
മാര്‍ട്ടിന്‍ ലിഗ്സിന്റെ ‘മുഹമ്മദ്’ എന്ന പുസ്തകമാണ്. അത് ഈ ലൈബ്രററിയിലേതല്ല. അവള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നതാവാനാണ് സാധ്യത. ഏതായാലും താനിവിടെ വന്നിരുന്ന കാര്യം അവളറിഞ്ഞിട്ടില്ല. ഫര്‍സാന തൊണ്ടയനക്കി.
നൂറ പെട്ടെന്ന് തലഉയര്‍ത്തിയതിന് ശേഷം ഫര്‍സാനയെ നോക്കി.
അവളൊന്ന് മൂക്ക് വലിച്ചു. സങ്കടപ്പെട്ടിട്ടെന്നപോലെ.
‘നീയെന്താ കരയുകയാണോ…?’
ഫര്‍സാന കൗതുകത്തോടെ ചോദിച്ചു.
‘ഹേയ്…അതുല്യയെവിടെ…?’
നൂറ വേഗം വിഷയം മാറ്റി.
‘അവള് വാഷ്റൂമില്‍ പോയതാണ്’
ഫര്‍സാന തന്റെ കയ്യിലുള്ള പുസ്തകത്തിലേക്ക് നോക്കി പറഞ്ഞു. നൂറ കരയുകയായിരുന്നെന്ന് ഫര്‍സാനക്ക് മനസിലായിട്ടുണ്ട്. കരഞ്ഞിട്ടില്ലായെന്ന് അവള്‍ വെറുതെ പറഞ്ഞതാണ്.
‘ഏതാടീ ആ പുസ്തകം…?’
അവള്‍ നൂറയുടെ പുസ്തകത്തിലേക്ക് ചൂണ്ടി ചോദിച്ചു.
‘ ഇതോ..ഇത് നബിതങ്ങളുടെ ചരിത്രം പറയുന്ന പുസ്തകമാണ്. മാര്‍ട്ടിന്‍ ലിഗ്സാണ് എഴുതിയത്. ‘
‘എങ്ങനെയുണ്ട്…?’
‘ഒരു രക്ഷയുമില്ല..ഒറ്റയിരുപ്പില്‍ വായിച്ചിരുന്നു പോവും…അതല്ലേലും നബി തങ്ങളുടെ ജീവിതം ആരെഴുതിയാലും നമ്മളൊറ്റെയിരുപ്പില്‍ വായിച്ചുപോവില്ലേ…’
നൂറ പറഞ്ഞതിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ഫര്‍സാനക്ക് സാധിച്ചില്ലെങ്കിലും അതിന്റെ ഗൗരവമുള്‍ക്കൊണ്ടിട്ടെന്ന മട്ടില്‍ അവള്‍ അതേയെന്ന് തലയാട്ടി.
‘വായിച്ചിട്ട് എവിടെയെത്തി…?’
‘ഞാനോ.. ഉഹ്ദ് യുദ്ധത്തിലാണ് നബിയും സ്വഹാബത്തും… വല്ലാത്തൊരു ദിവസമായിരുന്നുവത്. നബിതങ്ങളുടെ മുന്‍പല്ല് പൊട്ടിയ ദിവസം…അവിടുന്ന് വഫാത്തായിയെന്ന് ശത്രുക്കള്‍ പറഞ്ഞു പരത്തിയത് കാരണം സ്വഹാബാക്കളുടെ ഹൃദയം തകര്‍ന്നുപോയ ദിനം…’
ഉഹദ് യുദ്ധം എന്ന് പറഞ്ഞു നിറുത്തേണ്ടിടത്ത് നൂറ വലിച്ചു നീട്ടി പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നബി തങ്ങളുമായി ബന്ധപ്പെട്ടെന്ത് പറഞ്ഞാലും അവള്‍ക്ക് മതിവരാറില്ല.
‘അതുവായിച്ചിട്ടാണോ നീ കരഞ്ഞത്…’
ഫര്‍സാന എടുത്തപടി ചോദിച്ചു.
‘ഞാന്‍ കരയുകയോ…ഹേയ്… നിനക്ക് തോന്നിയതാവും’
നൂറ മുഖത്ത് പ്രകടമായ നാണം ചിരിച്ചൊളിപ്പിച്ചു.
‘അല്ല…നീ
കരഞ്ഞിട്ടുണ്ടെന്നതെനിക്കുറപ്പാണ്…’
‘അതിപ്പൊ ഉഹ്ദ് ചരിത്രം വായിച്ചാല്‍ കണ്ണുനീര് വരാത്തവരുണ്ടാകുമോ…പക്ഷെ, ഞാനിപ്പോള്‍ കരഞ്ഞത് ഈ പുസ്തകം വായിച്ചിട്ടൊന്നുമല്ല…’
എന്തോ ഓര്‍ത്തു കൊണ്ട് അവസാനം നൂറ സമ്മതിച്ചു.
‘പിന്നെ’
ഫര്‍സാന പിടിവിടാനുള്ള ഭാവമില്ല.
‘അത്… പണ്ട് ഉപ്പച്ചിയെനിക്ക് നബി തങ്ങളുടെ ചരിത്രം പറഞ്ഞ് തരുമായിരുന്നു, സുബ്ഹ് നിസ്‌കാരത്തിന് ശേഷം. അന്നുഹ്ദ് ചരിത്രത്തില്‍ ഉപ്പച്ചി ഉമ്മുഉമാറ ബീവിയെന്ന സ്വഹാബി വനിതയുടെ ചരിത്രം പറഞ്ഞു തന്നിരുന്നു. അന്ന് അത് കേട്ട് ഞാനൊരുപാട് കരഞ്ഞു. ഇന്നിത് വായിച്ചപ്പോള്‍ എനിക്കാ ചരിത്രമോര്‍മവന്നു. അതാ കരച്ചില്‍ വന്നത്.’
അവള്‍ ഓര്‍ത്തെടുത്തു.
‘നീ അവരുടെ കഥപറ…’
ഫര്‍സാന ആവേശം കൊണ്ടു.
അവള്‍ നിര്‍ബന്ധിച്ചപ്പോള്‍ നൂറ പറഞ്ഞു തുടങ്ങി:
‘ഉഹ്ദിന്റെ കഥ മുഴുവന്‍ നമുക്ക് മറ്റൊരിക്കല്‍ പറയാം… ഇന്‍ഷാ അല്ലാഹ്…
ഇപ്പോള്‍ ഉമ്മുഉമാറ ബീവിയുടെ ചരിത്രം പറയാം..’
‘ഓകെ..തല്‍ക്കാലം അത് മതി..ബാക്കി ന്തായലും പിന്നീട് പറഞ്ഞു തരണട്ടൊ’.
‘തീര്‍ച്ചയായും പറഞ്ഞു തരും…’
നൂറ തൊണ്ട റെഡിയാക്കി കൊണ്ട് പറഞ്ഞു.
‘ഉഹ്ദ് യുദ്ധം കൊണ്ടുമ്പിരി കൊള്ളുന്ന സമയം, നബിതങ്ങളുടെ ചുറ്റും ശത്രുക്കള്‍ വളഞ്ഞിരിക്കുന്നു. അവിടുന്ന് വഫാത്തായിയെന്ന കിംവദന്തി ശത്രുക്കള്‍ പറഞ്ഞു പരത്തിയതിനാല്‍ സ്വഹാബാക്കള്‍ സങ്കടം കൊണ്ട് പരക്കം പായുകയാണ്. നായകനില്ലാതെ എങ്ങനെയാണവര്‍ യുദ്ധമുഖത്ത് ഉറച്ച് നില്‍ക്കുക.
യുദ്ധത്തില്‍ പരുക്കേറ്റവരെ സഹായിക്കാനും തന്റെ മക്കള്‍ക്കും ബന്ധുമിത്രാതികള്‍ക്കും വേണ്ടത് ചെയ്യാനുമാണ് ഉമ്മുഉമാറ ബീവിയും ഉഹ്ദ് യുദ്ധ സംഘത്തോടൊപ്പം യാത്ര തിരിച്ചത്.
നബിതങ്ങള്‍ രണഭൂവില്‍ ശത്രുക്കള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നത് മഹതിയുടെ കണ്ണിലുടക്കി. ഇനിയിവിടെ തമ്പിനകത്ത് ഇരുന്നാല്‍ റെഡിയാവില്ല. എന്റെ ഹബീബവിടെ പുറത്ത് തനിച്ചാണ്. നബിതങ്ങള്‍ക്കൊരു പരിചയായി മാറാന്‍ തനിക്ക് ലഭിച്ച സുവര്‍ണാവസരമാണിതെന്ന് ആ ധീരവനിത സ്വയം തീരുമാനത്തിലെത്തി കയ്യില്‍ കിട്ടിയ ആയുധവുമായി രണഭൂവിലേക്ക് ചാടിയിറങ്ങി.
അല്ലാഹുവിന്റെ റസൂലിന് നേരെ വരുന്ന ശരവര്‍ഷങ്ങളോരോന്നും തന്റെ ശരീരം പരിചയാക്കി തട്ടിമാറ്റി.
യുദ്ധ മുഖത്ത് റസൂലുള്ളാക്ക് ചുറ്റും പരക്കം പായുന്ന ഉമ്മുഉമാറ ബീവിയെ കണ്ടാല്‍ നാലു ഭാഗത്ത് നിന്നും ആക്രമിക്കാന്‍ വരുന്ന മറ്റു മൃഗങ്ങളില്‍ നിന്ന് തന്റെ മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ വേണ്ടി അവരുടെ ചുറ്റും വലയം വെച്ച് കൊണ്ട് കവചം തീര്‍ക്കുന്ന പുലിക്കുട്ടിയാണെന്ന് തോന്നും.
ഇബ്നു കുംഅ എന്ന ശത്രു റസൂലുള്ളാക്ക് നേരെ തന്റെ മൂര്‍ച്ചയുള്ള കുന്തവുമായി പാഞ്ഞടുക്കുന്നത് പെട്ടെന്നാണ് മഹതിയുടെ കണ്ണില്‍ പതിഞ്ഞത്. ഒരുനിമിഷത്തെ ആലോചനക്ക് പോലും അവര്‍ ഇടം കൊടുത്തില്ല. ആഞ്ഞു കുത്താനോങ്ങിയ ആ കുന്തത്തിന്റെ മുമ്പിലേക്ക് ചാടിവീണു. മഹതിയുടെ തോളെല്ല് തകര്‍ത്ത് കൊണ്ട് ആ കുന്തം കടന്നു പോയി. അവര്‍ നിലം പതിച്ചു.
കഥ പറയുന്ന നൂറയുടെ മുഖം രക്തവര്‍ണമായിരിക്കുന്നു. അവള്‍ തൊണ്ടയിലെത്തിയ വിതുമ്പലടക്കി പിടിച്ചു കൊണ്ട് തുടര്‍ന്നു.
‘ആ സമയത്ത് രണഭൂവില്‍ മഹതിയോടൊപ്പം നബിതങ്ങളുടെ ചാരത്ത് അവരുടെ മകനുമുണ്ടായിരുന്നു. പുണ്യ റസൂല്‍ അവനോട് പറഞ്ഞു:
‘മോനെ, പെട്ടെന്ന് ഉമ്മാനെ ചെന്ന് സഹായിക്കൂ…’
ഇതുകേട്ട് മൃതപ്രാണയായി കിടക്കുന്ന ഉമ്മുഉമാറ വിളിച്ചു പറഞ്ഞു:
‘നബിയേ, ഈ ജീവന്‍ അവിടുത്തേക്ക് സമര്‍പ്പിച്ചതാണ്. അതുകൊണ്ട് തന്നെ ഈ ശരീരത്തെ കുറിച്ച് എനിക്ക് ഭയമില്ല…’
തുടര്‍ന്ന് തന്റെ മകനെ നോക്കി പറഞ്ഞു.
‘മോനേ…നീ ഉമ്മാനെ നോക്കണ്ടാ…പകരം എന്റെ റസൂലുള്ളാന്റെ ശരീരത്തിലൊരു പോറലേല്‍ക്കാതെ നോക്കണേ….’
യുദ്ധത്തിന് ശേഷം യുദ്ധാനുഭവം വിവരിക്കുന്ന റസൂലുള്ളാഹി തങ്ങള്‍ മഹതിയെ അനുസ്മരിക്കുന്നുണ്ട്.
‘ഞാനെന്റെ വലത്തോട്ട് തിരിഞ്ഞാലും ഇടത്തോട്ട് തിരിഞ്ഞാലും അവിടെയെല്ലാം എനിക്ക് പരിചയായി എന്റെ ഉമ്മുഉമാറയുണ്ടായിരുന്നു!’
അഥവാ, നബിതങ്ങള്‍ക്ക് ചുറ്റും മഹതി ഒരു പുലിക്കുട്ടിയെപോലെ കറങ്ങുകയായിരുന്നുവെന്നര്‍ത്ഥം.’
നൂറ കഥ പറഞ്ഞു നിറുത്തി. ഫര്‍സാനയുടെ മുഖം മ്ലാനമായിരുന്നു. കണ്ണിന്റെ കോണില്‍ ബാഷ്പ കണങ്ങള്‍ ഉരുണ്ടുകൂടിയിരിക്കുന്നു. അവള്‍ ഒന്നും മിണ്ടുന്നില്ല.
നൂറ കൂട്ടിചേര്‍ത്തു:
‘ ഡീ…ഈ കഥ പറഞ്ഞതിന് ശേഷം എന്റെ ഉപ്പച്ചി എന്നോട് ഒരു ചോദ്യം കൂടി ചോദിച്ചിരുന്നു അതാണ് എന്നെ കൂടുതല്‍ സങ്കടപ്പെടുത്തിയത്.
‘മോളേ…ഈ മഹതിമാരെല്ലാം പാറിക്കളിക്കുന്ന സ്വര്‍ഗമാണ് നമ്മളും പടച്ചോനോട് ചോദിക്കുന്നത്. അത്കൊണ്ട് അതിനുള്ള ക്വാളിഫിക്കേഷന്‍ നമുക്കുണ്ടോയെന്ന് നാം ചിന്തിക്കേണ്ടേന്ന്…?’ അതൊക്കെ ഓര്‍ത്തിട്ടാ ടീ ഈ കോളേജിലേക്ക് വരുമ്പോഴും അല്ലാത്തപ്പോഴും തിരുനബി പറഞ്ഞതൊക്കെ എന്നാലാവും വിധം മുറുകെപ്പിടിക്കണമെന്ന നിര്‍ബന്ധമെനിക്ക്.
നമ്മുടെ ബ്ദ്റും ഉഹ്ദും ഖന്തക്കുമെല്ലാം ഈ കോളേജും ജീവിത പരിസരങ്ങളുമെല്ലാമാണ്. അവിടെ നാം ഈ ദീനിനെ ഉയര്‍ത്തിപ്പിടിച്ചാല്‍ പിന്നെ നാമെല്ലാവരും നബിതങ്ങളുടെ പ്രിയപ്പെട്ട ഉമ്മുഉമാറമാരാവും.
കഥപറഞ്ഞു നിറുത്തിയിട്ട് നൂറ വാച്ചിലേക്ക് നോക്കി. സമയം നാലുമണി കഴിഞ്ഞിരിക്കുന്നു.
‘എടീ, എനിക്ക് നാലേ മുപ്പതിന് ഒരു ബസുണ്ട്. ഞാന്‍ പോയാലോ…’
ദുഖം തളം കെട്ടിയ കണ്ണുകള്‍ തുടച്ചു കൊണ്ട് അവളുടെ മുഖത്ത് നോക്കിയിട്ട് ഫര്‍സാന തലയാട്ടി.
‘അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹ്…’
നൂറ സലാം പറഞ്ഞു.
‘വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹ്…’.

********************** ***************************** **********************

ഡിപാര്‍ട്മെന്റില്‍ നിന്ന് മേയ്ന്‍ ഗേറ്റിലേക്ക് അരകിലോമീറ്ററിനടുത്ത് നടക്കാനുണ്ട്. ലൈബ്രററിയില്‍ നിന്നെടുത്ത പുസ്തകങ്ങളും നിസ്‌കാരകുപ്പായവും എല്ലാം കൂടെ ബാഗിന് അത്യാവശ്യ ഭാരവുമുണ്ട്. ഗേറ്റിന് പുറത്തെ ബസ്ബേയിലേക്ക് നടന്നത്തിയപ്പോഴേക്കും അവളുടെ കാലിന്റെ മുട്ടിന് താഴേക്ക് വല്ലാത്തൊരു വേദനയനുഭവപ്പെട്ടു.
ബസിലെങ്ങാനും സീറ്റില്ലെങ്കില്‍ കുഴഞ്ഞത് തന്നെ…അവള്‍ മനസ്സില്‍ നിനച്ചു.
പത്ത് മിനിറ്റിനുള്ളില്‍ ബസെത്തി.
‘ഹാവൂ… സമാധാനമായി….തിരക്കില്ല.’ ബസ് നിറുത്തിയതും അവള്‍ വലതു കാല്‍ വെച്ച് ഓടി കയറി. ഡ്രൈവറുടെ പിന്‍വശത്തായി രണ്ടാമത്തെ സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. അവിടെ ചെന്നിരുന്ന് ഒന്ന് ശ്വാസമെടുത്തതിന് ശേഷം പതുക്കെ വാഹനത്തില്‍ കയറിയാല്‍ ചൊല്ലേണ്ട ദിക്ര് ചൊല്ലി.
‘ബിസ്മില്ലാഹി വല്‍ഹംദുലില്ലാഹ്, സുബ്ഹാനല്ലദീ സഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്രിനീന്‍, വഇന്നാ ഇലാ റബ്ബിനാ ലമുന്‍കലിബൂന്‍.
അല്ഹംദുലില്ലാഹ്, അല്ഹംദുലില്ലാഹ്, അല്ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍.
സുബ്ഹാനക്ക അല്ലാഹുമ്മ ഇന്നീ ളലംതു നഫ്സീ ഫഗ്ഫിര്‍ലീ, ഫഇന്നഹു ലാ യഗ്ഫിറു ദുനൂബ ഇല്ലാ അന്‍ത.’

അവള്‍ പുറത്തേക്ക് നോക്കി. വിന്‍ഡോ സീറ്റിലിരുന്നത് കൊണ്ടു തന്നെ ശക്തമായ കാറ്റ് കാരണം മുഖത്ത് നിന്ന് നിഖാബ് ഉയര്‍ന്ന് പൊങ്ങി. അവള്‍ ഒരുവിധത്തില്‍ കൈക്കൊണ്ട് പിടിച്ചു വെച്ചു. തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഒന്ന് നീങ്ങിയിരുന്നാല്‍ കാറ്റേല്‍ക്കാതിയിരിക്കാം, പക്ഷെ, വിന്‍ഡോ സീറ്റിലിരിക്കാനാണിഷ്ടം. ഈ കാറ്റിങ്ങനെ കൊണ്ട് ആലോചനയില്‍ മുഴുകിയിരുന്നാല്‍ എന്തോ വല്ലാത്തൊരു ഗൃഹാതുരത്വമാണ്.
ചെറുപ്പത്തില്‍ ഉമ്മച്ചിന്റെ വീട്ടില്‍ പോകുമ്പോള്‍ മോനൂസുമായി തുടങ്ങുന്ന ആദ്യ തര്‍ക്കം തന്നെ സീറ്റിനെചൊല്ലിയാവും. അവന്‍ വിന്‍ഡോസീറ്റിലിരിക്കാന്‍ വേണ്ടി വാശിപിടിച്ച് കരയും. അവനെത്രയുറക്കെ കരഞ്ഞാലും കണ്ടഭാവം നടിക്കാതെ ഞാന്‍ പുറത്തേക്ക് നോക്കിയിരിക്കും.
അവസാനം ഉമ്മച്ചി പറയും:
‘മോളെ…അവന്‍ ചെറിയ കുട്ടിയല്ലേ…നീ എത്ര നേരമായി അവിടെയിരിക്കുന്നു ഇനി കുറച്ച് നേരം അവനിരുന്നോട്ടെ…’
ഉമ്മച്ചിയത് പറയേണ്ട താമസം അവന്‍ സീറ്റിന് വേണ്ടി തിരക്ക് കൂട്ടി വരും. മനമില്ലാ മനമോടെ സീറ്റ് അവന് വിട്ട് കൊടുത്ത് നീങ്ങിയിരിക്കുമ്പോള്‍ ‘അവനങ്ങനെയിരുന്ന് സുഖിക്കണ്ടാ’യെന്ന് കരുതി ഉമ്മച്ചി കാണാതെ അവന്റെ ചന്തിക്ക് ഒരു നുള്ളങ്ങ് വെച്ചു കൊടുക്കും.
‘ഹൗ…ഉമ്മച്ചീ ഈ നൂറന്നെ നുള്ളീ’…
ന്നും പറഞ്ഞ് അവന്‍ ഈറപിടിച്ച് വീണ്ടും കരച്ചില്‍ തുടങ്ങും.
‘എന്താടി നീ ന്റെ കുട്ടിനെ കാട്ടിയത്…’
എന്നും പറഞ്ഞ് ഉമ്മച്ചി അവനെ വാരിയെടുത്ത് തന്റെ മടിയിലേക്ക് വെക്കും. അങ്ങിനെ ഞാന്‍ ഒന്നുമറിയാത്തവളെ പോലെ മെല്ലെ വീണ്ടും വിന്റോ സീറ്റില്‍ തന്നെ തിരിച്ചെത്തും. ഏതോ ആലസ്യത്തിലെന്ന പോലെ ആ സീറ്റില്‍ കണ്ണുമടച്ചിരുന്നതാലോചിച്ചപ്പോള്‍ അവളുടെ മുഖത്ത് ഒരു മന്ദസ്മിതം തെളിഞ്ഞു.
‘ഇപ്പള്‍ത്ത കുട്ടികളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…ഓല്‍ക്ക്ണ്ടോ മൂത്തോലെ ബഹുമാനിക്കാനറിണ്…!’
ബസിന്റെ പിന്‍ഭാഗത്ത് നിന്ന് ആരോ വിളിച്ച് പറയുന്നത് കേട്ടാണ് അവള്‍ കണ്ണു തുറന്നത്. ബസിലിപ്പോള്‍ അത്യാവശ്യത്തിന് തിരക്കുണ്ട്. ഒരു വൃദ്ധയായ സ്ത്രീ ഒടിഞ്ഞ് കുത്തി കമ്പിയും പിടിച്ച് നില്‍ക്കുന്നത് കണ്ടിട്ടാണ് മുമ്പില്‍ നിന്നാരോയങ്ങനെ കമന്റടിച്ചത്. ആ സ്ത്രീ നില്‍ക്കുന്ന സീറ്റിനടുത്തിരിക്കുന്നവരെല്ലാം കോളേജ് വിദ്യാര്‍ത്ഥികളാണ്. ആരും അവരെ കണ്ട ഭാവം നടിക്കുന്നില്ല.
നൂറ പെട്ടെന്ന് എഴുന്നേറ്റുകൊണ്ട് അവരെ മാടിവിളിച്ചു.
വെള്ളത്തില്‍ മുങ്ങിയവന് പിടിവള്ളി കിട്ടിയ പ്രതീതിയായിരുന്നു ആ അമ്മൂമ്മയുടെ മുഖത്തെ പ്രതീക്ഷ. അവര് ആവേശത്തോടെ മുമ്പോട്ട് വന്നു. നൂറ തന്റെ സീറ്റൊഴിഞ്ഞു കൊടുത്തു.
‘ ന്റെ കുട്ടിനെ ദൈവം കൊയക്കൂല’ ആ അമ്മൂമ്മ അവളുടെ മൂര്‍ദ്ധാവില്‍ കൈവെച്ചു കൊണ്ട് പറഞ്ഞു. അവള്‍ അമ്മൂമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു.
അമ്മൂമ ഒന്നുകൂടെ കൂട്ടിചേര്‍ത്തു:
‘ കുട്ട്യേ അനക്ക് ദീര്‍ഘായുസുള്ളതോണ്ടാണ് നീ ണീച്ച് തന്നത്. കര്‍മഫലംന്നൊന്ന് കാരണോന്മര് പറിണത് കേള്‍ക്കാറില്ലേ..നീയ്യ്… കുട്ടിക്ക് വയസ്സാകുമ്പോള്‍ ആരെങ്കിലുമൊക്കെ ഇങ്ങനെ ണീച്ച് തരാനുണ്ടാവുന്നാണ്തിന്റെ അര്‍ത്ഥം. അഥവാ, കുട്ടിക്കിനിയും ഒരുപാട് കാലം ജീവിക്കാന്‍ കഴിയൂന്ന്.’ അമ്മൂമ്മയുടെ പ്രത്യേക ഈണത്തിലുള്ള സംസാരം കേട്ടപ്പോള്‍ അവള്‍ക്ക് ചിരിവന്നു.
ശരിയാണത്, മുമ്പ് മദ്റസയില്‍ നിന്ന് ഉസ്താദും ഇതുപോലൊരു സംഭവം പറഞ്ഞു തന്നിരുന്നു. മുതിര്‍ന്നവരെ ബഹുമാനിച്ചാല്‍ ആയുസു കൂടുമെന്ന്. കാരണം നമുക്കും ആ ബഹുമാനം തിരിച്ച് ലഭിക്കണമെങ്കില്‍ പ്രായമാകണമല്ലോ. കാലിന്റെ അടിഭാഗം അത്രമേല്‍ വേദനിച്ചിട്ടും അതൊക്കെ ഓര്‍ത്തത് കൊണ്ടാണ് താന്‍ എഴുന്നേറ്റ് കൊടുത്തതും.
‘മനുഷ്യപറ്റുള്ള ഒരു കുട്ടിയങ്കിലും ഉണ്ടല്ലോ സമാധാനം…’
പിറകില്‍ നിന്ന് നേരെത്തെ വിളിച്ചു പറഞ്ഞയാളുടെ കമന്റ് വീണ്ടും വന്നു.
താന്‍ ചെയ്ത പ്രവൃത്തിയില്‍ അവള്‍ക്ക് അഭിമാനം തോന്നി. ഇങ്ങനെ എഴുന്നേറ്റ് കൊടുക്കല്‍ നമ്മുടെ ബാധ്യതയാണെന്ന ബോധം കുറച്ച് പേര്‍ക്കെങ്കിലും നല്‍കാന്‍ തന്റെ ഈ പ്രവര്‍ത്തി കൊണ്ട് സാധിച്ചിട്ടുണ്ടെന്ന് അവള്‍ക്കുറപ്പായി.
മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ താങ്ങാവാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെ ഒരു വിശ്വാസിയാണെന്ന് പറഞ്ഞു നടക്കുന്നതില്‍ അര്‍ത്ഥമുണ്ടോ. പണ്ട് നബി ദിനത്തിന് മോനൂസിന് പഠിപ്പിച്ച് കൊടുത്ത ഒരു കഥ അവന്‍ നബിദിന സ്റ്റേജില്‍ കയറി അവതരിപ്പിക്കുന്ന ഭാവപ്രകനടങ്ങളോടെ തന്നെ അവളുടെ മനസ്സില്‍ തെളിഞ്ഞു.
‘ അതാ…അങ്ങോട്ട് നോക്കൂ..അവിടെയൊരു വൃദ്ധയായ സ്ത്രീ തലയിലൊരു ഭീമന്‍ വിറകിന്റെ ചുമടുമായി വേച്ചു..വേച്ചു നടക്കുന്നു. ആ ചുമടിന്റെ ഭാരം കൊണ്ട് ആ അമ്മൂമ്മയുടെ മുതുക് വളഞ്ഞിരിക്കുന്നു’
മുമ്പിലിരുന്ന കൊച്ചു കുട്ടികളെല്ലാം ആശ്ചര്യത്തോടെ അവന്‍ കൈ ചൂണ്ടിയ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. രക്ഷിതാക്കള്‍ അവന്റെ അംഗവിക്ഷേപം കണ്ടിട്ട് ഊറി ചിരിച്ചു.
മൈക്കിന് മുമ്പില്‍ നിന്ന് അവനൊന്ന് ദീര്‍ഘ നിശ്വാസമെടുത്തതിന് ശേഷം വീണ്ടു പറഞ്ഞു തുടങ്ങി:
‘അതുവഴി കടന്നു പോയ നമ്മുടെ പുന്നാര നബിതങ്ങള്‍ ? ഈ രംഗം കണ്ടു. അവിടുന്ന് ആ സ്ത്രീയുടെ അടുത്തേക്ക് ഓടി ചെന്ന് കൊണ്ട് ആ വിറകു കെട്ട് വാങ്ങി അവരോടൊപ്പം നടന്നു.
അവരുടെ ആ നടത്തത്തിനിടയില്‍ തന്നെ സഹായിച്ച ഈ ചെറുപ്പക്കാരനോട് സ്നേഹം തോന്നിയത് കാരണം അമ്മൂമ പറഞ്ഞു കൊടുത്തു:
‘മോനേ…ഇവിടെ മുഹമ്മദ് എന്നു പറയുന്ന ഒരാള്‍ നമ്മുടെ പൂര്‍വീകന്മാരെയും ദൈവങ്ങളെയും ഒക്കെ തള്ളിപറയുന്നുണ്ട്. അവന്‍ ആളുകളെ വഴിപിഴപ്പിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് മോനെപ്പോലെയുള്ള യുവാക്കള്‍ അവന്റെ വലയില്‍ പെടാതെ ശ്രദ്ധിക്കണം കെട്ടോ…’
ആ വൃദ്ധ പറയുന്നതെല്ലാം മൗനിയായി കേട്ടുകൊണ്ട് പ്രവാചകര്‍ ? അവരോടൊപ്പം നടന്നു. അവരുടെ ലക്ഷ്യ സ്ഥാനത്തെത്തി തിരിച്ചു പോരുമ്പോള്‍ അവര് ചോദിച്ചു:
‘എന്താ മോന്റെ പേര്?’
‘മുഹമ്മദ്’
പ്രവാചകര്‍ ? അതും പറഞ്ഞ് പുഞ്ചിരിച്ച് കൊണ്ട് തിരിച്ച് നടന്നു.
നടന്നകലുന്ന പ്രവാചകര്‍ ? തന്റെ കണ്‍വെട്ടത്തു നിന്നും മറയുന്നത് വരെ ആ വൃദ്ധയായ സ്ത്രീ ആശ്ചര്യത്തോടെ നോക്കി നിന്നു.’
വേദിയിലിരുന്ന രക്ഷിതാക്കളും കുട്ടികളുമെല്ലാം കഥയില്‍ ലയിച്ചിരിക്കുകയാണ്.
ഒന്നുമിനീരിറക്കിയതിന് ശേഷം കഥയുടെ അവസാനം അവന്‍ സദസിനോട് ചോദിച്ചു:
‘ കൂട്ടുക്കാരെ ഈ കഥയില്‍ നിന്ന് നമുക്കെന്തു മനസിലായി…? നമ്മള്‍ മറ്റൊരാളെ സഹായിക്കേണ്ടത് അവരുടെ സ്വഭാവമോ ജാതിയോ മതമോ ഒന്നും നോക്കിയിട്ടല്ല. ഒരുപക്ഷെ, അവര്‍ നമ്മുടെ ശത്രുക്കളായിരിക്കാം അല്ലെങ്കില്‍ നമ്മളോട് വിരോധം വെച്ചു പുലര്‍ത്തുന്നവരായിരിക്കാം.. ഈ ശത്രുതയും വിരോധവുമെല്ലാം അവര് നമ്മോട് കാണിച്ചത് അവരുടെ സ്വഭാവമതായത് കൊണ്ടാണ്. നാം അവരോട് കാണിക്കേണ്ടത് നമ്മുടെ സ്വഭാവമാണ്. അതൊരിക്കലും ശത്രുതയുടേതാവരുത്. കാരണം നമ്മള്‍ പുണ്യനബി ? യുടെ അനുയായികളാണ്. നമ്മുടെ സ്വഭാവത്തിന് അവരില്‍ മാറ്റത്തിന്റെ ചിന്തകള്‍ പാകാന്‍ സാധിക്കണം. ഇത്രയും പറഞ്ഞു കൊണ്ട് ഞാനെന്റെ ഈ കൊച്ചു കഥയിവിടെ അവസാനിപ്പിക്കുന്നു’.
പരിപാടിയും കഴിഞ്ഞ് സമ്മാനവും വാങ്ങി ഉമ്മച്ചിന്റെ അടുത്തേക്ക് വന്ന മോനൂസിനെ കാണാന്‍ അന്നവിടെ കൂടിയ പെണ്ണുങ്ങളെല്ലാം കൂടെ വട്ടം കൂടിയത് ഇപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
കണ്ടക്ടര്‍ ഒന്നു രണ്ട് തവണ തന്റെ സ്റ്റോപിന്റെ പേര് വിളിച്ചപ്പോഴാണ് അവള്‍ ശ്രദ്ധിച്ചത്.
‘ഇത്രപെട്ടെന്നെത്തിയോ….?’
അവള്‍ ബസില്‍ നിന്ന് ധൃതിയിട്ടിറങ്ങി.

(തുടരും)

അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?

*** *** *** ***

Share this:

  • Twitter
  • Facebook

Related Posts

Photo by Debby Hudson on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-15

October 6, 2021
Photo by Annie Spratt on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-14

October 5, 2021
Photo by Cathy Holewinski on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-13

October 4, 2021
Photo by Morgane Le Breton on Unsplash
Novel

ഹബീബിനെ പ്രണയിച്ചവള്‍-12

October 2, 2021
  • Novel
  • About
  • Contact

© 2019 URAVA MAG.

No Result
View All Result
  • Home
  • Articles
  • Interview
  • Creative
  • Series
  • Review
  • Novel
error: Content is protected !!
×