പൂര്‍ണ്ണ ഹിജാബ് ധരിച്ച് അവള്‍ ക്ലാസില്‍ കയറിയപ്പോള്‍ അതുവരെ ശബ്ദമയമായിരുന്ന ആ ക്ലാസൊന്ന് നിശബ്ദമായി. ആ ക്ലാസിലെ എണ്‍പതില്‍പരം കണ്ണുകള്‍ അവളുടെ കറുത്ത പര്‍ദ്ദ ഒന്ന് ഓട്ടപ്രദിക്ഷണം വെച്ചിറങ്ങി. പുഛം നിറഞ്ഞ ചിലര്‍ പെട്ടെന്ന് മുഖം തിരിച്ച് എന്ത് കോലമാണല്ലേ…യെന്ന് പരിഹാസ്യ രൂപേണ ആംഗ്യം കാണിച്ചു.
അവളിരുന്നപ്പോള്‍ തൊട്ടടുത്തിരുന്ന കുട്ടി ഭയത്തോടെ അല്‍പം നീങ്ങിയിരുന്നു.
‘ഏതാടീ ആ മരഭൂതം’
പിന്‍ബെഞ്ചില്‍ നിന്നാരോ വിളിച്ച് ചോദിച്ചപ്പോള്‍ ആ ക്ലാസ് മുഴുക്കെ അവളെ നോക്കി പൊട്ടി ചിരിച്ചു.
പരിഹാസങ്ങളുടെ കുത്തുവാക്കുകളും വെറുപ്പിന്റെ നോട്ടങ്ങളും അവളുടെ മനസ്സിനെ കുത്തികീറി. ഒരു ബാഗ് നിറയെ തളംകെട്ടിയ ദുഃഖവുമായിട്ടാണ് അവള്‍ കോളജില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചത്. വീട്ടിലെത്തി, നേരെ റൂമില്‍ കയറി കതകടച്ച് കട്ടിലില്‍ മുഖമമര്‍ത്തി കിടന്നു കൊണ്ട് തേങ്ങികരഞ്ഞു. ഒരുപാട് കരഞ്ഞപ്പോള്‍ മനസ്സിനൊരാശ്വാസം തോന്നി.
അവള് കട്ടിലില്‍ നിന്നെഴുന്നേറ്റ് ചുവരിനോട് ചാരിയിട്ടിരിക്കുന്ന മേശയില്‍ ഘടിപ്പിച്ച കണ്ണാടിയുടെ മുമ്പില്‍ ചെന്നിരുന്നു. കോളേജില്‍ നിന്ന് വന്നപടി കിടന്നത് കൊണ്ടു തന്നെ ചിലയിടങ്ങളില്‍ ചുക്കി ചുളിഞ്ഞ ആ കറുത്ത പര്‍ദ്ദയില്‍ പൊതിഞ്ഞ ശരീരം അവളുടെ മുമ്പില്‍ ചമ്മലോടെ മൗനിയായി നിന്നു.
പെട്ടെന്ന് ഫോണൊന്ന് ചിലച്ചു. വാട്സപ്പ് ഗ്രൂപ്പ് മെസേജാണ്. തിരുനബിയുടെ മദ്ഹുകള്‍ പറയാന്‍ വേണ്ടിയുണ്ടാക്കിയ ഗ്രൂപ്പ്. അവളാ മെസേജിലൂടെ സ്‌ക്രോള്‍ ചെയ്തു വായിച്ചു.
മദീനയിലെ ജന്നത്തുല്‍ ബഖീഇന്റെ ചാരത്താണ് തിരുനബിയും സ്വഹാബത്തും. വെയിലാറി തുടങ്ങിയ സൂര്യന് ചുകപ്പ് നിറം കലര്‍ന്നിരിക്കുന്നു. ബഖീഇല്‍ പരന്നു കിടക്കുന്ന മീസാന്‍ കല്ലുകളിലേക്ക് ചിന്താനിമഗ്‌നനായി നോക്കിയതിന് ശേഷം ഹബീബ് ആത്മഗതമെന്നോണം കുറച്ചുച്ചത്തില്‍ പറഞ്ഞു;
‘എനിക്കെന്റെ സഹോദരങ്ങളെ കാണണം.’
നബിയോട് തൊട്ടുചാരി നില്‍ക്കുന്ന സ്വഹാബത്ത് അവിടുത്ത അധര ചലനങ്ങള്‍ ശ്രദ്ധിച്ച് ആശ്ചര്യപ്പെട്ടു. അവര്‍ ചോദിച്ചു:
‘അല്ല നബിയേ…, ഞങ്ങളെല്ലെ അവിടുത്ത സഹോദരങ്ങള്‍…?’
അവിടുന്നൊന്ന് തിരഞ്ഞ് എല്ലാവരേയും നോക്കിയതിന് ശേഷം പുഞ്ചിരിച്ചു കൊണ്ട് പതുക്കെ പറഞ്ഞു.
‘നിങ്ങളെന്റെ സ്വഹാബികളാണ്. നിങ്ങളെന്റെ സഹോദരങ്ങളല്ല. എന്റെ സഹോദരങ്ങളിതുവരെ പിറവിയെടുത്തിട്ടില്ല. അവര്‍ അവസാന നാളിനോടടുത്തേ പിറവിയെടുക്കൂ. അവര്‍ക്ക് എന്നെ കാണാന്‍ അതിയായി ആഗ്രഹമുണ്ടാവുമെങ്കിലും അവര്‍ക്ക് എന്നെ കാണാന്‍ സാധിക്കുകയില്ല. എന്നെയൊരു നോക്ക് കാണാന്‍ വേണ്ടി അവരെന്തും ചിലവഴിക്കും പക്ഷെ, അവര്‍ക്കെന്നെയോ എനിക്കവരെയോ ഈ ദുനിയാവില്‍ വെച്ച് നേരിട്ടു കാണാനവസരമുണ്ടാവുകയില്ല.’
തുടര്‍ന്ന് ഹബീബ് ഒരു വാക്കുകൂടി കൂട്ടിച്ചേര്‍ത്തു. അതുവായിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അതിതാണ്:
‘സ്വഹാബാ…അവരില്‍ ഒരാളുടെ കര്‍മത്തിന്റെ മൂല്യം നിങ്ങളില്‍ അമ്പതുപേരുടെ കര്‍മമൂല്യത്തിന് സമാനമാണ്.’
അത്ഭുതപരതന്ത്രരായ സ്വഹാബത്ത് സംശയം മാറാതെ ഹബീബിനോട് വീണ്ടും ചോദിച്ചു:
‘ഞങ്ങളില്‍ അമ്പത് പേര്‍ അവര്‍ക്ക് സമാനമെന്നാണോ അല്ല, അവരില്‍ അമ്പത് പേര്‍ ഞങ്ങള്‍ക്ക് സമാനമെന്നാണോ അങ്ങുദ്ദേശിച്ചത്.!? ‘
നബി തങ്ങള്‍ സംശയലേശമന്യേ മറുപടി പറഞ്ഞു:
‘നിങ്ങളില്‍ നിന്നുള്ള അമ്പത് പേരുടെ പ്രവര്‍ത്തനങ്ങള്‍ അവരില്‍ ഒരാളുടെ പ്രവര്‍ത്തനത്തിന് സമാനമാണ്. ‘
സംശയം മാറാതെ മിഴിച്ചു നില്‍ക്കുന്ന സ്വഹാബത്തിനോട് ഹബീബ് വീണ്ടും പറഞ്ഞു: ‘അതിന്റെ കാരണമെന്തെന്നറിയുമോ നിങ്ങള്‍ക്ക് സ്വഹാബാ, നിങ്ങളിന്ന് നന്മ ചെയ്യാന്‍ പറ്റിയ സാഹചര്യത്തിലാണ് ജീവിക്കുന്നത്. പരസ്പരം നന്മചെയ്യാന്‍ നിങ്ങള്‍ മത്സരിക്കുകയാണ്. എന്നാല്‍ അവര് ജീവിക്കുന്ന കാലമേതാണെന്നറിയുമോ നിങ്ങള്‍ക്ക്..!? തിന്മകള്‍ പെരുത്ത കാലമാണത്. നന്മചെയ്യുന്നവരെ സമൂഹം ഒറ്റപ്പെടുത്തുന്ന സമയമാവും അവരുടേത്. അതുകൊണ്ടു തന്നെ നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തിന്റെ അമ്പതിരട്ടി കൂലിയുണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് ‘
തിരുനബി (സ)പറഞ്ഞു നിറുത്തി.
ആ വാട്സപ്പ് മെസേജ് വായിച്ചു തീര്‍ന്നതിന് ശേഷം അവള്‍ വീണ്ടും തന്റെ മുമ്പിലുള്ള കണ്ണാടിയിലേക്ക് നോക്കി. ഇപ്പോള്‍ അവളുടെ മനസ്സില്‍ പരിഹാസത്തിന്റെ മുള്‍വേലികളില്ല, അപകര്‍ഷ ബോധത്തിന്റെ ബാന്ധവങ്ങളില്ല….അവള്‍ തന്റെ ഹിജാബിലേക്ക് അഭിമാനപൂര്‍വ്വം നോക്കി. ഒരു സമൂഹം ഒന്നടങ്കം അടക്കം പറഞ്ഞും വിളിച്ചു കൂവിയും പരിഹസിച്ചിട്ടും ഹബീബ് നിര്‍ദേശിച്ച ഈ വസ്ത്രമിട്ട് ആ ക്ലാസില്‍ ചെന്നിരുന്ന തനിക്ക് അധാര്‍മികതയുടെ ഒഴുക്കിനെതിരെ ഒരു ചെറുപ്രതിരോധം തീര്‍ക്കാനെങ്കിലും സാധിച്ചുവല്ലോ. ഇതുപെലെതന്നെ തന്റെ ജീവിതകാലം മുഴുക്കെ തുടരുമെന്നവള്‍ പ്രതിജ്ഞയെടുത്തു. ഹബീബ് പ്രതീക്ഷ വെച്ച ആ സഹോദരങ്ങളിലൊരാളാവാന്‍ തനിക്ക് സാധിക്കണമെന്നവളുടെ ഉള്ളു വെമ്പല്‍ കൊണ്ടു. അഭിമാന ബോധത്തോടെ അവള്‍ തന്നിലേക്ക് തന്നെ നോക്കിയിരുന്നു.
********* ********* ********* *********
ഇന്നവള്‍ പതിവിലും നേരത്തെയുറങ്ങി. ദൃഢനിശ്ചയത്തിന്റെ പ്രസന്നത അവളുടെ മുഖത്ത് തത്തിക്കളിക്കുന്നത് വ്യക്തമായി കാണാം. ഇന്നലത്തെ കോളേജിലെ കോപ്രായങ്ങള്‍ക്കെല്ലാം ഇരയായിട്ടും ഇവള്‍ക്കെങ്ങനെ ഇത്ര മനസമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നതെന്ന് അവളുടെ അന്നത്തെ ദിവസത്തെ കുറിച്ചറിഞ്ഞവരൊക്കെ ഒരു നിമിഷം ചിന്തിക്കും.
അവളുടെ മുഖത്തിപ്പോള്‍ ചിലഭാവ വ്യത്യാസങ്ങള്‍ കാണാം. സ്വപ്നത്തിലാണവള്‍. അവിടെയവള്‍ വലിയുമ്മയുടെ മടിയില്‍ തലചാഴ്ച്ച് കിടക്കുകയാണ്. വാര്‍ധക്യത്തിന്റെ ചുളിവുകള്‍ വീണ വിരലുകള്‍ അവളുടെ മുടിയിഴകളിലൂടെ തഴുകി തലോടുന്നുണ്ട്.
‘ ഉമ്മമ ങ്ളിനിക്കൊരു കഥ പറഞ്ഞു തരീം…’
അവള്‍ കൊച്ചു കുട്ടിയെ പോലെ ചിണുങ്ങി.
‘എന്ത് കഥയാണ് ഉമ്മമ്മന്റെ കുട്ടിക്ക് പറഞ്ഞരണ്ട്യത്.’
ഉമ്മമ്മ കഥപറയാനുള്ള തയ്യാറെടുപ്പിലാണ്.
‘എന്തെങ്കിലുമൊരു കഥ പറയ്യ്…’ അവള്‍ വീണ്ടും വാശിയോടെ പറഞ്ഞു.
‘കുറച്ച് പഴയ കഥയാണ് ഉമ്മമ്മന്റെ കുട്ടിക്ക് പിടിക്യോ ആവോ…’
‘ഇനിക്ക് പിടിക്കും ങ്ള് പറ…’
‘ന്നാല്‍ ഉമ്മമ്മ ഒരു വലിയ പണ്ഡിതന്റെ കഥ പറഞ്ഞു തരാം..’
‘ആ പറ…’
അവള്‍ ഒന്നു കൂടെ നീണ്ടു നിവര്‍ന്നതിന് ശേഷം രണ്ടു കൈയ്യും നടയില്‍ തിരുകി ഉമ്മമ്മയുടെ മടിയിലേക്ക് കയറി കിടന്നു.
‘കുറേ കാലം മുമ്പ് മാലിക് ബ്നു അനസ് എന്ന വലിയ പണ്ഡിതനുണ്ടായിരുന്നു. ഇസ്ലാമിലെ നാലു മദ്ഹബുകളിലൊന്നായ മാലികീ മദ്ഹബിന്റെ സ്ഥാപകന്‍. ‘
‘എന്നിട്ട്…’
അവള്‍ വലിയുമ്മയുടെ കഥയോടൊപ്പം സഞ്ചരിച്ചു.
‘മുത്ത് നബിയുടെ മദീനയിലായിരുന്നു മഹാനവര്‍കള്‍ ജീവിച്ചിരുന്നത്. താബിഉകളില്‍പെട്ട പണ്ഡിത കുലപതിയാണവര്‍ . ഒരിക്കല്‍ മദീനയിലെ ഗവര്‍ണര്‍ മഹാനവര്‍കളോട് ഗവണ്‍മെന്റിന് വേണ്ടി ഒരു ഫത്വ പുറപ്പെടുവിക്കാന്‍ പറഞ്ഞു.
എന്നാല്‍ മാലിക് തങ്ങള്‍ വിഷയത്തെ കുറിച്ച് പഠിച്ചു നോക്കിയപ്പോള്‍ സംഗതി അനുകൂല ഫത്വ കൊടുക്കാന്‍ പാടില്ലാത്ത വിഷയമാണ്. അതുകൊണ്ടു തന്നെ മഹാനവര്‍കള്‍ വിസമ്മതമറിയിച്ചു. നേരും നെറിയുമുള്ളവര്‍ സത്യം ആര്‍ക്കു മുമ്പിലും പണയം വെക്കൂല കുട്ട്യേ…മാലിക്കോരും തന്റെ ദീന്‍ ഗവര്‍ണര്‍ക്ക് മുമ്പില്‍ പണയപ്പെടുത്തീല.’
‘ എന്നിട്ട്’
അവള്‍ ഉദ്വേഗത്തോടെ ചോദിച്ചു.
എന്നിട്ടെന്താ …, മലിക്കോര് വിസമ്മതമറിയിച്ചതിന്റെ പ്രത്യാഘാതം ഭീകരമായിരുന്നു. ഗവര്‍ണറുടെ ഉത്തരവ് ലംഗിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ തുറങ്കിലടച്ചു. കഠിനമായ ശിക്ഷ വിധിച്ചു. അന്നവും വെള്ളവും നിഷേധിച്ചു. മഹാനവര്‍കള്‍ക്ക് ഒന്ന് നേരെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധം ശിക്ഷിച്ചു. ഇത് അനസിന്റെ മകന്‍ മാലികാണന്ന് അടുത്തറിയുന്നവര്‍ക്ക് പോലും മനസ്സിലായില്ല.’
മാലിക്കോരുടെ ശിക്ഷയെ കുറിച്ചോര്‍ത്തിട്ടാണെന്ന് തോന്നുന്നു അവളുടെ മുഖത്തും ആ കഠിന ശിക്ഷയുടെ ശക്തമായ വേദന അനുഭവിക്കുന്നതായി തോന്നി.
ഉമ്മമ്മ കഥ പറയുന്നതിനിടയില്‍ അവളുടെ മുഖത്ത് അമര്‍ത്തി ചുംബിച്ചുകൊണ്ട് തുടര്‍ന്നു.
‘ മഹാനവര്‍കള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. അതിനിടയില്‍ അന്നത്തെ രാജാവായിരുന്ന ഖാറൂന്‍ റശീദിന്റെ കാതുകളില്‍ വിവരമെത്തി. അദ്ദേഹം മദീനയിലേക്ക് വന്ന് മലിക്കെന്നോരെ സന്ദര്‍ശിച്ചു. ‘നിങ്ങളെ അന്യായമായി ശിക്ഷിച്ച ആ ഗവര്‍ണര്‍ക്ക് ഞാനെന്ത് ശിക്ഷയാണ് വിധിക്കേണ്ടതെന്ന്’ അദ്ദേഹം മാലിക്കോരോട് ചോദിച്ചു.
ഒരു നിമിഷം രാജാവിനെ നോക്കിയതിന് ശേഷം പുഞ്ചിരിച്ചുകൊണ്ട് മാലിക്ക്(റ) പറഞ്ഞു:
‘നിയമ പരമായി എനിക്ക് അദ്ദേഹത്തോട് പകരം ചോദിക്കാന്‍ അര്‍ഹതയുണ്ട്. പക്ഷെ, ആ ഗവര്‍ണര്‍ക്ക് തിരുനബിയുമായി എന്തോ ബന്ധമുണ്ടെന്നാണറിയാന്‍ കഴിഞ്ഞത്. നാളെ മഹ്ശറില്‍ ഇദ്ദേഹത്തെ ശിക്ഷിച്ചതിന്റെ പേരില്‍ ഹബീബെന്നോട് മുഖം കറുപ്പിച്ചാലോ…നിന്നെയൊന്ന് ശിക്ഷിച്ചെന്ന് കരുതി നീയെന്റെ പേരമകനോട് അപമര്യാദയായി പെരുമാറുമല്ലേ.. മാലിക്കേയെന്ന് അവിടുന്ന് ചോദിച്ചാല്‍ ആ ചോദ്യത്തെ താങ്ങാന്‍ ഈ മാലികിനാവില്ല..അതുകൊണ്ട് നിങ്ങളദ്ദേഹത്തെ വെറുതവിട്ടേക്കൂ..എനിക്ക് പരാതിയില്ല.’
ഉമ്മമ്മ ഒരര്‍ദ്ധവിരാമത്തിലെന്ന പോലെ കഥ പറഞ്ഞു നിറുത്തിയിട്ട് അവളുടെ മുഖത്തേക്ക് നോക്കി. അവള്‍ കരയുകയാണ്.
‘ഇത്രയേറെ പീഢനമനുഭവിച്ചിട്ടും എങ്ങെനെയാണ് ആ മനുഷ്യന് പൊറുക്കാന്‍ സാധിച്ചത്. ഇതുവെച്ച് നോക്കുമ്പോള്‍ ഞാനൊന്നും ഒന്നും അനുഭവിച്ചിട്ടില്ലല്ലൊ…! ‘
അവള്‍ വിതുമ്പികൊണ്ട് ആശ്ചര്യത്തോടെ ചോദിച്ചു.
അതാണ് മോളെ നബിസ്നേഹം രക്തത്തിലലിഞ്ഞ് ചേര്‍ന്നാല്‍ പിന്നെ അവിടെ പ്രതികാരത്തിനോ മറ്റു വികാരങ്ങള്‍ക്കോ പ്രസക്തിയില്ല. പ്രണയത്തില്‍ രണ്ടാമതൊരാലോചനക്കൊ മറുചോദ്യത്തിനോ സ്ഥാനമുണ്ടോ…!? എന്തോ ഓര്‍ത്തെടുക്കുന്നത് പോലെ ഉമ്മമ്മ ചോദിച്ചു.
ട്രിണീം……ട്രിണീം….
പെട്ടെന്ന് അലാറം നിറുത്താതെ അടിച്ചു. അവള്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു.
********* ********* ********* *********
സമയം പുലര്‍ച്ചെ നാലുമണി കഴിഞ്ഞ് മുപ്പത് മിനുട്ട്. നിറുത്താതെയടിക്കുന്ന അലാറത്തിലേക്ക് നോക്കി അവള്‍ ഞെട്ടിപിടഞ്ഞെഴുന്നേറ്റു.
‘അല്‍ ഹംദുലില്ലാഹില്ലദി അഹ് യാനാ ബഅ്ദ മാ അമാത്തന വ ഇലൈഹിന്നുശൂര്‍…’
അവളുടെ ചുണ്ടുകള്‍ യാന്ത്രികമെന്നോണം ചലിച്ചു. ഓര്‍മ്മവെച്ച നാള്‍ മുതലേ ഇങ്ങനെയാണ് എഴുന്നേല്‍ക്കാറ്. കൊച്ചിലേ ഉപ്പച്ചി ചൊല്ലി പഠിപ്പിച്ചതാണ്.
അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് ബാത്റൂമിന് നേരെ നടന്നു. തഹജ്ജുദും പതിവ് ആരാധന കര്‍മങ്ങള്‍ക്കും ശേഷം അരമണിക്കൂര്‍ വ്യായാമം പതിവാണ്. ഒന്നു രണ്ട് പതിവ് എക്സസൈസ് ചെയ്ത് ശരീരം ഒന്ന് വാമപ്പ് ആക്കിയ ശേഷം ഒരു പത്ത് മിനിറ്റ് മനസ്സില്‍ മറ്റു ചിന്തകള്‍ക്കൊന്നും ഇടം കൊടുക്കാതെ അവളങ്ങനെ കണ്ണുമടച്ചിരിക്കും. ഉപ്പച്ചിയാണ് ഇതിലും അവള്‍ക്ക് മാതൃക.
സുബ്ഹ് നമസ്‌കാരവും പതിവ് ചര്യകളും കഴിഞ്ഞാല്‍ ഉപ്പച്ചിക്കൊരു ഇരുത്തമുണ്ട്. കാണുന്നവര്‍ വിചാരിക്കും ആയാള്‍ ആ ഇരുത്തത്തില്‍ തന്നെ അവിടെ ഉറച്ച് പോയതാണെന്ന്. കൊച്ചിലൊരിക്കല്‍ എത്ര വിളിച്ചിട്ടും വിളികേള്‍ക്കാതെ ശില പോലിരിക്കുന്ന ഉപ്പച്ചിയോട് ദേഷ്യം പിടിച്ച് പുറത്ത് പാഞ്ഞു കേറീട്ട് ചോദിച്ചു :
‘ഈ ഉപ്പച്ചിയെന്താ… പൊട്ടനാണോ…!? എന്തിനാണിങ്ങനെ മിണ്ടാണ്ടിരിക്കുന്നത്…? ‘
അപ്രതീക്ഷിതമായുണ്ടായ തള്ളലില്‍ പിറകോട്ട് വീഴാനാഞ്ഞ ഉപ്പച്ചി ഒരു നിമിഷം ഒന്ന് ഞെട്ടിയതിന് ശേഷം അവളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. അവളുടെ കുഞ്ഞു കവിളില്‍ പതുക്കെ നുള്ളിക്കൊണ്ട് ഉപ്പച്ചി ചോദിച്ചു :
‘ ഉപ്പാന്റെ ശുന്ദരികുട്ടി ഉപ്പാനോട് പിണങ്ങിയോ…? മോളെന്താ ചോദിച്ചത്.. ‘
‘ ഉപ്പച്ചിയെന്താ ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ.. കൊറേ സമയം മിണ്ടാണ്ടിരിക്കുന്നത്…!? ‘ അവളുടെ ശുണ്ഠി പിടിച്ചുള്ള കൊച്ചുവായിലെ വലിയ ചോദ്യം കേട്ട് ചിരിയടക്കി പിടിച്ചുകൊണ്ട് ഉപ്പച്ചി പറഞ്ഞു :
‘അതോ മോളെ..
ഉപ്പച്ചി പറഞ്ഞു തരാം.. ഉപ്പച്ചി പറയാന്‍ പോകുന്ന കാര്യം മോള്‍ക്കിപ്പോള്‍ മനസിലാവണമെന്നില്ല.. ന്നാലും ഉപ്പച്ചിന്റെ മോള്‍ ശ്രദ്ധിച്ച് കേള്‍ക്കണം… കേള്‍ക്കൂലെ…!?’
ഉപ്പച്ചി അര്‍ദ്ധവിരാമമിട്ട് അവളെ നോക്കി.
‘ഉം.. കേള്‍ക്കാം…’
അവള്‍ കൊച്ചുതലയാട്ടി.
‘മോളെ.., ഇങ്ങനെ മിണ്ടാതെ ഏകാന്തമായിരിക്കുമ്പോള്‍ വല്ലാത്ത ഒരുള്‍കിടിലമാണ്. ‘
‘ അല്ലാഹുവിനെ സ്‌നേഹിക്കുന്ന സൂഫികളെ അറിയുമോ മോള്‍ക്ക്… ‘
അറിയില്ലെങ്കിലും എവിടെയോ കേട്ടുമറന്ന പോലെ അവള്‍ അറിയാമെന്ന് തലയാട്ടി. അന്ന് ഉപ്പച്ചി പലതും പറഞ്ഞെങ്കിലും അതൊന്നും അവള്‍ക്ക് മനസ്സിലായിരുന്നില്ല. പിന്നീട് അവളും ഉപ്പച്ചിയുടെ കൂടെ സ്ഥിരമായി ഭജനയിരിക്കാന്‍ തുടങ്ങി. ഇടക്ക് ഉപ്പച്ചിയുടെ കൊച്ചു കൊച്ചു ആത്മീയ ഉപദേശങ്ങളുമുണ്ടാവും.
‘ ഈ സൂഫികളെല്ലാം മാനസിക ശുദ്ധീകരണത്തിനും സംസ്‌കരണത്തിനും വേണ്ടിയും അല്ലാഹുവിന്റെ സ്മരണകളില്‍ മനസ്സിനെ തളച്ചിടാന്‍ വേണ്ടിയും ആയിരുന്നു ഏകാന്തവാസമിരുന്നത്. കാരണം തെറ്റ് ചെയ്യാനായി ശരീരത്തെ നിരന്തരം പ്രേരിപ്പിക്കുക, അമിതമായി ജനങ്ങളോട് സഹവസിക്കുക, ജീവിതം ആര്‍ഭാടമാക്കാന്‍ ഉത്തേജിപ്പിക്കുക, അല്ലാഹുവിനെ ഓര്‍ക്കുന്നതിനും നല്ലകാര്യങ്ങള്‍ ചിന്തിക്കുന്നതിനും വിലങ്ങുകള്‍ സൃഷ്ടിക്കുക എന്നതല്ലാം മനസ്സിന്റെ സ്ഥിരം ചേഷ്ടകളാണ്. ഇത്തരം വേണ്ടാത്ത പ്രവണതകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് സൂഫികള്‍ ഏകാന്തവാസമനുഷ്ഠിക്കുന്നത്.
ആ ഏകാന്തതയില്‍ അല്ലാഹു മാത്രമെ ഉണ്ടാവുകയുള്ളൂ. സ്വന്തം ശരീരത്തിന് പോലും അവിടെ നിലനില്‍പ്പുണ്ടാവുകയില്ല. ഏകാന്തവാസത്തില്‍ മറ്റു ആലോചനകള്‍ക്കോ ചിന്തകള്‍ക്കോ പ്രസക്തിയില്ല. ‘
ഉപ്പച്ചി തുടര്‍ന്നു:
‘ ഒരാത്മജ്ഞാനിയോട് ഒരിക്കല്‍ മുരീദ് അപേക്ഷിച്ചുവത്രെ :
‘അങ്ങ് അല്ലാഹുവില്‍ ലയിച്ചിരിക്കുമ്പോള്‍ ഈ എളിയവനെ കുറിച്ചും ഒന്നോര്‍ക്കണേ…’
അദ്ദേഹം മുരീദിന്റെ മുഖത്ത് നോക്കി ചെറുപുഞ്ചിരിയോടെ പതുക്കെ പറഞ്ഞു :
‘ഇടക്ക് നിന്നെ സ്മരിക്കുകയാണങ്കില്‍ ഞാന്‍ അല്ലാഹുവുമായുള്ള ലയനത്തില്‍ നിന്ന് വഴിമാറി പോകില്ലേ…!? ‘
ഇതായിരുന്നു സൂഫികളുടെ ലയനം.
പ്രവാചകത്വ ലബ്ദിക്ക് മുമ്പ് തിരുനബിയും ഹിറാ ഗുഹയിലിരുന്ന് ഏകാന്തവാസം അനുഷ്ഠിച്ചിട്ടുണ്ടല്ലോ…! അങ്ങനെ അവിടുന്ന് ഹിറാഗുഹയില്‍ അല്ലാഹുവിനെയോര്‍ത്ത് തനിച്ചിരിക്കുമ്പോഴാണ് മലക് ജിബ് രീല്‍(അ) ആദ്യമായി ഖുര്‍ആനുമായി വരുന്നത്. അപ്പോള്‍ അല്ലാഹുവിന്റെ സ്മരണയിലായി ഇങ്ങനെ ഇരിക്കല്‍ ഒരര്‍ത്ഥത്തില്‍ നബിചര്യ തന്നെയാണ് ‘
അന്ന് ഉപ്പച്ചി പറഞ്ഞ അത്രയൊന്നും വരില്ലെങ്കിലും കുറച്ച് സമയം അങ്ങനെയിരിക്കുമ്പോള്‍ അവള്‍ക്ക് വല്ലാത്തൊരു മനസമാധാനമാണ്.
ആ ഇരുത്തത്തില്‍ അവളൊരുപാട് തവണ അല്ലാഹുവിനെ സങ്കല്‍പ്പിക്കാന്‍ നോക്കിയതാണ്. ആദ്യത്തിലൊക്കെ അല്ലാഹുവിനെ കുറിച്ചാലോചിക്കുമ്പോള്‍ മദ്റസയില്‍ നിന്ന് പറഞ്ഞു പഠിച്ച സ്വര്‍ഗത്തിലെ പഴങ്ങളും പാലിന്റെ പുഴകളുമൊക്കെയായിരുന്നു മനസ്സിലേക്ക് ഓടി കിതച്ച് വരാറ്. ഇടക്കിടക്ക് കത്തിയാളുന്ന ഒരു വട്ടകിണറ് പോലെ നരകം പ്രത്യക്ഷപ്പെടും. അന്ന് അവളുടെ സങ്കല്‍പ്പത്തിലെ നരകത്തിനും സ്വര്‍ഗത്തിനും അത്രവ്യാപ്തിയേ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം നോക്കി നടത്തുന്ന ഒരു ഭീകരനായ കാവല്‍ക്കാരനായിരുന്നു അവള്‍ക്ക് അല്ലാഹു.
പിന്നെ….പിന്നെ അവളുടെ ചിന്തയിലേക്ക് ഒന്നും കടന്നു വരാതയായി. അങ്ങനെ വെറുതെ അല്ലാഹുവിനെ നിനച്ചിരിക്കുമ്പോള്‍ അലൗകികമായതെന്തോ ശരീരത്തിലൂടെ കടന്നു പോകുന്നതായിട്ട് അവള്‍ക്ക് അനുഭവപ്പെടും. അവിടെയവള്‍ക്ക് ഭൂമിയിലെ ശബ്ദകോലാഹലങ്ങളോ…മറ്റു പ്രയാസങ്ങളോ ഒന്നും വിഷയമാകാറില്ല. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു പ്രത്യേക തരം അനുഭൂതി അവളില്‍ നിറയാന്‍ തുടങ്ങും. തനിച്ചങ്ങനെ എത്ര നേരം വേണമെങ്കിലും ഇരിക്കാമെന്ന് പലപ്പോഴും തോന്നാറു പോലുമുണ്ട്.
‘ഡീ…ഇനിയും കഴിഞ്ഞില്ലേ….നിനക്ക് കോളേജില്‍ പോവണ്ടേ… എത്ര നേരമായി ഞാന്‍ വിളിക്കുന്നു.. നിന്റെ ചെവിയിലെന്താ അമ്പഴങ്ങ തിരുകി വെച്ചിട്ടുണ്ടോ….’
ഉമ്മ അവളുടെ അടുത്ത് വന്ന് തട്ടി വിളിച്ചപ്പോഴാണ് അവള്‍ ഞെട്ടിപിടഞ്ഞഴുന്നേറ്റത്.
അവള്‍ പതുക്കെ തല ഉയര്‍ത്തി ഉമ്മയുടെ മുഖത്ത് നോക്കി ചിരിച്ചു.
‘ ഈ കുട്ടിക്കിതെന്ത് പറ്റി റബ്ബേ…!? ‘എന്ന ചോദ്യം മുഖത്ത് വരുത്തിയതിന് ശേഷം ഒന്നും മനസ്സിലാവാത്ത പോലെ കൈ രണ്ടും മലര്‍ത്തി കാണിച്ച് അടുക്കളയില്‍ നിന്ന് പത്തിരിപരത്തുന്നതിനിടയില്‍ വന്ന ഉമ്മ തലവെട്ടിച്ച് അടുക്കളയിലേക്ക് തന്നെ ധൃതിയിട്ട് നടന്നു.
********* ********* ********* *********
രാവിലെ എട്ടുമണിക്ക് വീടിന്റെ മുമ്പില്‍ നിന്നൊരു ബസ്സുണ്ട്, സുല്‍ത്താന്‍. അതില്‍ കയറിയാല്‍ നേരെ കോളേജിന്റെ മുമ്പില്‍ ചെന്നിറങ്ങാം. ആ ബസ് അവിടെ നിറുത്തുന്നത് തന്നെ അവള്‍ക്ക് വേണ്ടിയാണ്. എസ്.എസ്.എല്‍.സിക്ക് ശേഷം തുടങ്ങിയതാണ് സ്‌കൂളിലേക്കുള്ള ഈ ബസ് യാത്ര.
അവളെ സ്റ്റോപ്പില്‍ കണ്ടില്ലെങ്കില്‍ ഒന്ന് രണ്ടു തവണ ബസ് നീട്ടി ഹോണടിക്കും. എട്ടുമണിക്ക് ബസ് ഹോണടിച്ചാല്‍ ആ നാട്ടുക്കാര്‍ക്കറിയാം ഇന്നവള്‍ ഇത്തിരി ലേറ്റായിട്ടാണ് എത്തിയത്. അതല്ലെങ്കില്‍ എന്തോ കാരണത്താല്‍ ക്ലാസിലേക്ക് പോയിട്ടില്ലായെന്ന്.
വീട്ടില്‍ നിന്ന് ഏകദേശം പതിനാറ് കിലോമീറ്ററുണ്ട് കോളേജിലേക്ക്. എന്‍.എച്ച്. 17നോട് തൊട്ടു ചാരി നില്‍ക്കുന്ന കോളേജിന്റെ വിശാലമായ ഗേറ്റ് ദൂരേനിന്ന് തന്നെ കാണാം.
കോളേജ്, അവിടെ വരുന്നവര്‍ക്കെല്ലാം അതൊരു സ്വപ്‌ന ലോകമാണെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ട്. കോളേജിന്റെ ഗേറ്റ് കടന്നതിന് ശേഷം വിശാലമായ ഒറ്റയടി പാതയിലൂടെ കുറേ നടന്നിട്ടു വേണം ഡിപാര്‍ട്ട്‌മെന്റിലെത്താന്‍.
പിങ്ക് കളറില്‍ നിറഞ്ഞു പുഷ്പിച്ച് നില്‍ക്കുന്ന അധികം പൊക്കമില്ലാത്ത എന്നാല്‍ നല്ല വണ്ണമുള്ള വളഞ്ഞു പിരിഞ്ഞ് കൂപ്പുകൈകള്‍ മുകളിലേക്കുയര്‍ത്തി പിടിച്ച ഒരു നര്‍ത്തകിക്ക് സമാനമായി നില്‍ക്കുന്ന പ്രത്യേക തരം മരം ആ ഒറ്റയടി പാതയുടെ ഇരുഭാഗങ്ങളിലുമായി ഒരു മീറ്റര്‍ അകലത്തില്‍ നട്ടു പിടിപ്പിച്ചതായി കാണാം.
ആ മരങ്ങള്‍ക്കിടയില്‍ ഇടക്കിടക്ക് മഞ്ഞപൂക്കളുമായി പുത്തു നില്‍ക്കുന്ന കണിക്കൊന്നയുമുണ്ട്. മഞ്ഞയും പിങ്കും കലര്‍ന്ന പൂക്കള്‍ വീണുകിടക്കുന്ന ഫൂട്ട് പാത്തിലൂടെ നടക്കുമ്പോള്‍ തന്നെ ഏതോ സ്വപ്‌ന ലോകത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് ആ കാമ്പസ് കോമ്പൗട്ടിലേക്ക് കാലെടുത്തുവെക്കുന്ന ആരും അറിയാതെ നിനച്ചു പോകും.
അകലത്തില്‍ നട്ടുപിടിപ്പിച്ച ആ മരങ്ങളെ കണ്ടപ്പോള്‍ അവളുടെ മനസ്സിലേക്ക് ആദ്യം ഓര്‍മ വന്നത് എവിടെയോ വായിച്ച കവി വിരാന്‍ കുട്ടിയുടെ വരികളാണ്.
‘എന്തായിരുന്നു ആ വരികള്‍…?’
അവള്‍ ഒരു നിമിഷം ഓര്‍ക്കാന്‍ ശ്രമിച്ചു:
‘ ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു.
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങള്‍ ”
പെട്ടെന്ന് കവിത ഓര്‍മ്മ വന്ന സന്തോഷത്തില്‍ അവളുടെ മുഖത്ത് ആനന്ദത്തിന്റെ ചെറുപുഞ്ചിരി മിന്നിമറിഞ്ഞു. ഡിപാര്‍ട് മെന്റിലേക്ക് നടക്കുന്നതിനിടയില്‍ ആ മരങ്ങളിലൊന്നിനെ പതുക്കെ തലോടി.
കുറച്ചൂടെ മുന്നോട്ട് നടന്നാല്‍ വ്യത്യസ്ത ഡിപാര്‍ടുമെന്റുകളിലേക്ക് പോകുന്ന റോഡുകള്‍ പരസ്പരം സന്ധിക്കുന്ന സര്‍ക്കിളാണ്. ആ ജ്ഗ്ഷനില്‍ ഒരു പടുകൂറ്റന്‍ ആല്‍മരമുണ്ട്. അല്‍മരത്തിന് അനുയോജ്യമായ ഒരു ഭീമന്‍ തറയും. ആല്‍ തറയില്‍ രണ്ടു പേര്‍ക്കിരിക്കാവുന്ന പത്തോളം ഇരുമ്പ് ബെഞ്ചുകള്‍ വൃത്താകാരത്തില്‍ ഘടിപ്പിച്ച് നിറുത്തിയിട്ടുണ്ട്.
അവിടെ വളരെ നേരത്തെയെത്തി ചുറ്റും നടക്കുന്നതൊന്നും അറിയാതെ പരസ്പരം മുഖത്തോട് മുഖംനോക്കി സ്വപ്നങ്ങള്‍ പങ്കുവെക്കുന്ന നാലഞ്ചു കാമുകീ കാമുകന്മാര്‍ സ്വപ്ന സല്ലാപത്തിലാണ്.
പെട്ടെന്നവള്‍ക്ക് ഉപ്പച്ചിയെ ഓര്‍മവെന്നു. പ്ലസ്ടുവില്‍ സയന്‍സില്‍ ഫുള്‍ ഏ പ്ലസോടെ വിജയിച്ചപോയാണ് കോളേജ് പഠനത്തെ കുറിച്ച് ആദ്യം ഓര്‍ത്തത്. കോളേജുകളെ കുറിച്ച് പറഞ്ഞു കേട്ടുള്ള അറിവ് മാത്രമേയുള്ളൂ.. കേട്ടതൊന്നും അത്ര നല്ലതായിരുന്നില്ല. ആണുങ്ങളും പെണ്ണുങ്ങളും ഇടകലരും…നമ്മളെ വഴിതെറ്റിക്കാനായി നോക്കി നടക്കുന്ന പൂവലന്മാരുണ്ടാകും..അങ്ങനെ പലതും അവള്‍ കേട്ടിരുന്നു. എന്നാലും അവളുടെ ഉള്ളിലെവിടെയോ തുടര്‍ന്ന് പഠിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു.
‘അവളെ കോളേജില്‍ വിടണ്ടേയെന്ന്….’
ഒരു ദിവസം രാത്രിയില്‍ ഉപ്പച്ചി ഉമ്മച്ചിയോട് അടക്കം ചോദിക്കുന്നത് അവള്‍ കേട്ടതാണ്.
‘അവളിത്ര പഠിച്ചത് മതി…കോളേജിലൊക്കെ പോയാല്‍ ന്റെ കുട്ടി കേടെന്നോവും…’
ഉമ്മച്ചി പരിഭവിച്ചു.
‘അവളതിന് മറ്റുകുട്ടികളെ പോലെയാണോടി…അവള് കാര്യബോധമുള്ള കുട്ടിയല്ലേ…?’
ഉപ്പച്ചിയുടെ വാക്കുകളില്‍ മകളെ കുറിച്ചുള്ള അഭിമാനബോധം തുളുമ്പിയിരുന്നു.
പിറ്റേന്ന് രാവിലെ ഒരുമിച്ചിരിക്കുമ്പോള്‍ ഉപ്പച്ചി അവളെ തുറിച്ചു നോക്കി.
‘ എന്തേ ഉപ്പച്ചി എന്നെ ആദ്യമായിട്ട് കാണുന്നത് പോലെ നോക്കുന്നത്…?! ‘
ഏതോ ചിന്തയില്‍ നിന്ന് ഉണര്‍ന്നിട്ടെന്ന പോലെ ഉപ്പച്ചി അവളോട് തിരിച്ചു ചോദിച്ചു.
‘പല രക്ഷിതാക്കളും പെണ്‍മക്കളെ കോളേജിലേക്ക് പഠിക്കാന്‍ വിടാത്തതിന്റെ കാരണമറിയുമോ മോള്‍ക്ക്…?’
പെട്ടെന്നുണ്ടായ ആ ചോദ്യത്തിന് ഉപ്പച്ചി ഉത്തരം പ്രതീക്ഷിച്ചില്ലായെന്ന് തോന്നുന്നു. അതുകൊണ്ടു തന്നെ അവളതിന് മുതിര്‍ന്നുമില്ല.
‘അവര്‍ക്ക് മക്കളെ പഠിപ്പിക്കാനാഗ്രഹമില്ലാഞ്ഞിട്ടല്ല… മക്കള്‍ക്ക് തെറ്റായ മാര്‍ഗം പറഞ്ഞു കൊടുത്ത രക്ഷിതാവാണ് താനെന്ന് നാളെ റബ്ബിനോട് മറുപടി പറയേണ്ടി വരുമെന്നോര്‍ത്ത് ഭയന്നിട്ടാണ്.’
മോള്‍ക്കൊരു കഥപറഞ്ഞു തരട്ടെ. ഉപ്പച്ചി ഇനി പറയാന്‍ പോകുന്ന കാര്യത്തെ കുറിച്ചാലോചിക്കാന്‍ മോള്‍ക്ക് ഈ കഥഉപകാരപ്പെടും.
മുത്ത് നബി ഒരിക്കല്‍ സ്വഹാബാക്കളോട് പറഞ്ഞു :
‘ സ്വര്‍ഗം വേണ്ടായെന്ന് പറയുന്നവരല്ലാത്തവരെല്ലാം എന്റെ സമുദായത്തില്‍ നിന്ന് സ്വര്‍ഗത്തില്‍ പ്രവേശിക്കും..’
സ്വഹാബാക്കള്‍ ആശ്ചര്യത്തോടെ തിരിച്ചു ചോദിച്ചു:
‘ആരെങ്കിലും സ്വര്‍ഗം വേണ്ടായെന്ന് വെക്കുമോ നബിയേ…!?’
നബിതങ്ങള്‍ മറുപടി പറഞ്ഞു:
‘എന്റെ സമുദയത്തില്‍ നിന്ന് ഞാന്‍ പറഞ്ഞതനുസരിച്ച് ജീവിക്കുന്നവര്‍ സ്വര്‍ഗപ്രവേശത്തിനര്‍ഹരാണ്. എന്നാല്‍ അങ്ങനെയല്ലാതെ ജീവിക്കുന്നവര്‍ വിസമ്മതമറിയിച്ചവരാണ്.’
ഒന്ന് നിറുത്തിയതിന് ശേഷം ഉപ്പച്ചി ചോദിച്ചു:
‘ മോളെ…നബിതങ്ങള് പറഞ്ഞ രീതിയില്‍ നിന്റെ ജീവിതം ചിട്ടപ്പെടുത്താന്‍ കോളേജിലേക്കയച്ചാല്‍ നിനക്ക് സാധിക്കുമോ…? ‘
ഉപ്പ അവളുടെ മുമ്പിലേക്ക് രണ്ടാമത്തെ ചോദ്യമിട്ടു. അതൊരു വല്ലാത്ത ചോദ്യമായിരുന്നു. എന്ത് മറുപടി പറയണമെന്നറിയാതെ അന്തിച്ച് നില്‍ക്കുന്ന അവളെ നോക്കി ഉപ്പച്ചി പറഞ്ഞു.
‘ മോള് ആലോചിച്ചിട്ട് നാളെ മറുപടി പറഞ്ഞാല്‍ മതി.’
ഒരു തീരുമാനമെടുക്കാനാവാതെ അവള്‍ എരിപിരികൊണ്ടു. ഒന്നുറങ്ങിയെഴുന്നേറ്റാല്‍ എല്ലാം റെഡിയാവുമെന്ന് കരുതി അവള്‍ കട്ടിലില്‍ കയറി കണ്ണുകള്‍ ഇറുക്കിയടച്ചു കിടന്നു. ഉറക്കം ആ വഴിക്ക് വന്നില്ല. തലയണയെടുത്ത് മുഖത്ത് വെച്ചമര്‍ത്തി…എന്നിട്ടും, ഉപ്പച്ചിയുടെ ചോദ്യം കാതുകളില്‍ മുഴങ്ങി കൊണ്ടേയിരുന്നു.
അവള്‍ എഴുന്നേറ്റ് ഉമ്മമ്മയുടെ റൂമിലേക്ക് ചെന്നു. കട്ടിലിന്റെ ഒരു മൂലയില്‍ കൂനിക്കൂടിയിരുന്ന് സബീനയില്‍ നിന്ന് നഫീസത്ത് മാല ചൊല്ലുകയാണ് ഉമ്മമ്മ.
അവളവിടെ ചെന്നിരുന്നപ്പോള്‍ ഉമ്മമ്മ തലഉയര്‍ത്തി അവളെ നോക്കി. പല്ലില്ലാത്ത മോണക്കാട്ടി ചിരിച്ചു.
‘എന്തേ…ഉമ്മമ്മന്റെ കുട്ടിന്റെ മോത്തൊരു സങ്കടം….? ‘
അവള് ഉമ്മമ്മയോട് ഉപ്പച്ചി പറഞ്ഞതെല്ലാം പറഞ്ഞു..
‘ഉമ്മമ്മാ..ഇനിക്കി പഠിക്കണം…പക്ഷെ, എന്റെ സ്വര്‍ഗം നഷ്ടപ്പെടുത്താന്‍ എനിക്ക് ആവൂല…’
വലിയുമ്മ ചിരിച്ചു.
‘മോള്‍ക്ക് ഇത്രകാലം പഠിച്ച ദീനനുസരിച്ച് കോളേജില്‍ പോകാന്‍ പറ്റ്വാ….? അയ്ന് കോളേജ്ന്ന് മൊടക്കം ണ്ടോ…’ ഉമ്മമ്മയുടെ ചോദ്യം.
‘ഇല്ല്യ..ഉമ്മമ്മ…’ അവളുടെ മറുപടി
‘ പിന്നെന്താ ന്റെ കുട്ട്യന്റെ പേടി…? ‘ വീണ്ടും ഉമ്മമ്മ
‘ ഞാനെങ്ങാനും വേണ്ടാത്തരത്തില്‍ ചെന്ന് ചാടുമോന്നാണ്…’
അവള്‍ കൈ രണ്ടും കുടഞ്ഞു
‘ ഹമ്പടി…..അനക്ക് അന്ന തന്നെ വിശ്വാസല്ല്യേ…അടിന്നോട് കിട്ടുനക്ക്…’ തമാശ കലര്‍ന്ന ശകാരത്തില്‍ ഉമ്മമ്മ
‘എനിക്ക് എന്നില്‍ വിശ്വാസൊക്കെണ്ട്…പക്ഷെ, ഉപ്പച്ചിങ്ങനെ ചോദിച്ചപ്പോ ഒരു പേടി…’
അവള്‍ ചിണുങ്ങി.
‘ ഉംം…’
ഉമ്മമ്മയൊന്ന് നീട്ടി മൂളിയതിന് ശേഷം പറഞ്ഞു തുടങ്ങി.
‘ മോള് ഈ സബീനയില്‍ പറയ്ണ ബീവി നഫീസത്തുല്‍ മിസ്രിയയെ അറിയുമോ…?’
‘നഫീസാ ബീവിയെ അല്ലേ…അറിയാതെ പിന്നെ…’
‘ എന്നാ ന്റെ കുട്ടി ശരിക്കറിയണം…മൂപ്പത്ത്യാരും പെണ്ണ് തന്നെയ്‌നി…വെറും പെണ്ണല്ല മുത്ത് നബിന്റെ പേരകുട്ടി. മഹതിയും പഠിച്ച്…വലിയ പണ്ഡിതയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ മഹതിയെ കാണാന്‍ വേണ്ടി മാത്രം ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്ന് വരാറുണ്ടായിരുന്നു. എന്തിനേറെ….മഹാനായ ശാഫീഈ ഇമാമും ദുന്നൂറുല്‍ മിസ് രിയുമെല്ലാം മഹതിയുടെ സ്ഥിരം സന്ദര്‍ശകരമായിരുന്നു…മുപ്പത്ത്യാര് ഇക്കണ്ട കാര്യമെല്ലാം ചെയ്തത് റബ്ബിന്റെ മുമ്പില് സ്വയം സമര്‍പ്പിച്ചതോണ്ടാണ്.
ന്റെ കുട്ട്യേ…പെണ്ണായതല്ല പ്രശ്നം. നഫ്സിനെ സ്വന്തം വരുതിയില്‍ പിടിച്ച് കെട്ടാന്‍ കഴിയാത്തതാണ്… അയ്ന് കഴിഞ്ഞാല്‍ ഏത് കോളേജില്‍ പോയാലും അനക്ക് ഒരു കൊഴപ്പവുണ്ടാവൂല..അയ്നുള്ള വിദ്യാഭ്യാസൊക്കെ അന്റെ വാപ്പ അനക്ക് പഠിപ്പിച്ചിട്ടില്ലേ…? ‘
ഉമ്മമ്മയുടെ ആ ചോദ്യം അവളുടെ മുഖത്ത് പ്രതീക്ഷയുടെ പുഞ്ചിരി വിടര്‍ത്തി. ദീന്‍ വിടാതെ തന്നെ പഠിക്കാന്‍ തനിക്ക് സാധിക്കുമെന്ന് ഉള്ളു കൊണ്ട് ആണയിട്ടു. സന്തോഷത്തോടെ ഉമ്മമ്മയുടെ നെറ്റിയില്‍ അമര്‍ത്തി ചുംബിച്ച് എഴുന്നേറ്റ് ഉപ്പാന്റെ അടുത്തേക്ക് ഓടി.
(തുടരും)
അറിയിപ്പ്:
ഈ കഥയുടെ പ്രസിദ്ധീകരാണനുമതി ഉറവ വെബ്‌സൈറ്റിനു മാത്രമാണുള്ളത്. ഇതില്‍ നിന്ന് ടെക്‌സ്റ്റ് കോപ്പി ചെയ്ത് മറ്റു പ്ലാറ്റ്‌ഫോമുകളില്‍ ഷെയര്‍ ചെയ്യുന്നതോ പ്രസിദ്ധീകരിക്കുന്നതോ നിയമവിരുദ്ധമാണ്. ഇതിന്റെ ലിങ്ക് പരമാവധി ഷെയര്‍ ചെയ്യുമല്ലോ?
********* ********* ********* *********