ഒരു മാളം കൂടി ബാക്കിയുണ്ട്. തന്റെ മടമ്പ് അവിടെ അമർത്തി വെച്ചു സിദ്ദീഖ് (റ). ആ കാൽപ്പാദങ്ങൾ മറ്റൊരു അനുരാഗിയുടെ കാഴ്ചകളെയാണ് മറച്ചത്. പ്രണയഭാജനത്തെ നോക്കിയിരുന്ന കണ്ണിന് കാൽപാദങ്ങളുടെ വിലങ്ങു വന്നപ്പോൾ സഹിക്കാനായില്ല. ഒരു കൊത്ത് കൊടുത്തു.. ആഹ്.. പിടഞ്ഞുപോയി എന്റെ മുത്തിന്റെ മുത്ത്. ശരീരമാസകലം വേദന അരിച്ചിറങ്ങി. കണ്ണുകൾ നിറയട്ടെ എന്ന് സമ്മതം ചോദിക്കുന്നുണ്ട്. ഏയ്, നിറയരുത്. മടിയിൽ ഉറങ്ങുന്ന എന്റെ ഹബീബിനെ കാണുന്നില്ലേ കണ്ണേ നീ. എത്ര സ്വസ്ഥതയോടെയാണ് ആ ഉറക്കം. കണ്ണിനോട് നിറയല്ലേ എന്ന് ശട്ടംകെട്ടിയെങ്കിലും വേദന സഹിക്കാൻ കഴിയുന്നില്ല. സമ്മതം ചോദിക്കാതെ ഒലിക്കുകയായിരുന്നു ആ മിഴികൾ. രണ്ടു തുള്ളി എന്റെ ഹബീബിന്റെ മുഖത്തും വീണു…
പ്രണയം വഴിഞ്ഞൊഴുകുന്ന ഹൃദയവുമായി ഒരാൾ മക്കയും മദീനയും കാണാൻ പോയാൽ എങ്ങനെയുണ്ടാകും !. ഒരു ചരിത്രാന്വേഷി കൂടിയായ അയാൾ താൻ കണ്ടതും അനുഭവിച്ചതും തീവ്രമായ ഭാഷയിൽ രേഖപ്പെടുത്തുകയും കൂടി ചെയ്താലോ . അനുരാഗികളുടെ ആത്മ സാക്ഷാത്കാരങ്ങളായിരിക്കുമത്. അത്തരമൊരു ചരിത്ര ദൗത്യത്തിനാണ് എഴുത്തുകാരനും യുവ പണ്ഡിതനുമായ ഖാലിദ് സഖാഫി സ്വലാത്ത് നഗർ തന്റെ ഹജ്ജ് ഉംറ: കർമം/ ചരിത്രം/ അനുഭവം എന്ന പുസ്തകത്തിലൂടെ തുടക്കമിട്ടിരിക്കുന്നത്.
മൂന്ന് ഭാഗങ്ങളായാണ് ഗ്രന്ഥ രചന നടത്തിയിട്ടുള്ളത്. അമൂർത്തമായ ഭാഷയിൽ ഹൃദയഹാരിയായ യാത്ര അനുഭവവും കർമശാസ്ത്രവും പിന്നെ ഹജ്ജ് ഉംറയിലെ പ്രത്യേക ദിക്റുകളും. ഹജ്ജ് ഉംറ നിർവ്വഹിക്കുന്നവർക്ക് യാത്രയിലെ വലിയൊരു മുതൽകൂട്ടും, നിർവ്വഹിക്കാൻ ആഗ്രഹം മുറ്റി നിൽക്കുന്നവരെ ഗ്രന്ഥകാരന്റെ കൂടെകൂട്ടി പുണ്യസ്ഥലങ്ങൾ ചുറ്റിക്കാണിക്കാൻ സാധിക്കുന്നു എന്നതുമാണ് ഇതര ഹജ്ജ് ഉംറ പുസ്തകളിൽ നിന്ന് ഈ രചനയെ വ്യതിരിക്തമാക്കുന്നത്. എല്ലാ വായനക്കാരെയും ഹജ്ജ് ഉംറ നിർവ്വഹിക്കാൻ ഈ ഗ്രന്ഥം പ്രചോദിപ്പിക്കും എന്നത് തീർച്ചയാണ്. പുസ്തകം വായിക്കുമ്പോൾ മക്കയിലും മദീനയിലുമാണെന്ന തോന്നലും നിർവൃതിയും ലഭിക്കുന്നുവെന്ന് അവതാരിക തയ്യാറാക്കിയ മഅ്ദിൻ അക്കാദമി ചെയർമാൻ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറയുന്നു. നിങ്ങൾക്ക് പുണ്യ ഭൂമികളിലെത്താൻ സാധിക്കുന്നില്ലെങ്കിലും നിങ്ങളുടെ പുസ്തകം എത്തുന്നുണ്ട് എന്ന് ഗ്രന്ഥത്തിന് ആശീർവാദം നൽകിയ സി മുഹമ്മദ് ഫൈസി പറഞ്ഞതായി എഴുത്തുകാരൻ തന്നെ പുസ്തക വിശകലന ചർച്ചയിൽ ഒരിക്കൽ കണ്ഡമിടറി പറഞ്ഞതോർക്കുന്നു. ഓരോ അധ്യായങ്ങളും ഒന്നിനൊന്നിന്റെ തുടർച്ചയാണെങ്കിലും തലവാചകങ്ങളിലെ അർത്ഥ വൈപുല്യവും അതിശയോക്തിയുമാണ് വായനക്കാരനെ അവസാനം വരെ പിടിച്ച് നിറുത്തുന്നതിലെ രാസത്വരകം. യാത്ര ചെയ്യുന്നതിന്റെ പ്രാധാന്യം പറഞ്ഞ് തുടങ്ങുന്ന പുസ്തകത്തിന്റെ ആദ്യ തലവാചകം ഇങ്ങനെയാണ്. “ഒഴുകുക, അകം ശുദ്ധിയാകും” ഇത് ഇമാം ശാഫി(റ)യുടെ കവിത ശകലത്തിലേക്ക് വെളിച്ചം വീശുന്നു. തുടർന്ന് വരുന്ന നിർഭയത്വത്തിലേക്ക് കാലുകൾ വെക്കുമ്പോൾ എന്ന തലവാചകം ബലദുൽ അമീൻ എന്ന വിശാലാർത്ഥങ്ങളുള്ള സാങ്കേതിക പ്രയോഗങ്ങളെ കൂടുതൽ ഗ്രാഹ്യവും ഹൃദ്യവുമായി മനസ്സിലാക്കി തരുന്നു.
യാത്രാനുഭവങ്ങൾക്ക് ചരിത്ര അവതരണത്തിന്റെ ചാരുത കൂടി ചേർക്കുന്ന ശൈലി വായനക്കാരന്റെ അന്വേഷണ തൃഷ്ണ വർദ്ധിപ്പിക്കുന്നു. വിജനമായ മക്ക ദേശം സംസം നീരുറവയിൽ കിളിർത്ത് നാഗരികത രൂപപ്പെട്ടത് മുതൽ ഹിജ്റ മുന്നൂറുകളിലെ കറാമിത്തയുടെ ഹജറുൽ അസ് വദ് തിരോധാന ചരിത്രമടക്കം 1351 ൽ അഫ്ഗാനിൽ നിന്നും വന്നവർ പുണ്യശില വെട്ടിമാറ്റിയത് വരെ സരളമായ ശൈലിയിൽ ഗ്രന്ഥകാരൻ അവതരിപ്പിക്കുന്നു. അശ്രദ്ധമാകാൻ ഇടവരുന്നിടത്ത് വായനക്കാരനിലേക്ക് തൊടുത്തു വിടുന്ന ചില ചോദ്യശരങ്ങൾ വായനക്കാരനിലെ ബോധതലങ്ങളെ ഉണർത്തുന്നതും കാണാം.
വരികളിലുടനീളം ഹൃദയത്തിൽ അങ്കുരിക്കുന്ന ആദരവിന്റെ ബഹിർ സ്ഫുരണങ്ങൾ ദർശിക്കാനാവും. ഇത് ഇസ് ലാമിനകത്തെ ആദര-വന്ദനങ്ങളുടെ നേരായ മാനങ്ങളെ വരച്ചു കാട്ടുന്നു.
“ഇനി കഅ്ബയുടെ മുറ്റത്തേക്കാണ്. മുറ്റം എന്ന് പറഞ്ഞു കൂടാ, പൂമുറ്റം എന്നാണ് പറയേണ്ടത്”. വ്യക്തികളും സ്ഥലങ്ങളും സമയങ്ങളും പരിപാവനത്വം സൂക്ഷിക്കപ്പെടേണ്ടതാണെന്ന് വരികൾക്കിടയിലൂടെ ഉണർത്തുന്നു.
മക്കയെ പതിയെ പിരിഞ്ഞ് തിരുനബിയിലേക്കും മദീനയിലേക്കും സഞ്ചരിക്കുമ്പോഴാണ് എഴുത്ത് ഇഷ്ഖിന്റെ മഴ നനഞ്ഞ് അനുവാചകരുടെ ഹൃത്തടത്തിൽ വിറയാർന്ന് നിൽക്കുന്നത്. ഹിജ്റയുടെ വേദനയും സൗറിന്റെ ഹർഷവും സിദ്ദീഖോരുടെ ത്യാഗവുമെല്ലാം ഗ്രന്ഥകാരൻ ഒറ്റക്ക് അനുഭവിച്ച് തീർക്കുന്നത് പോലെ തോന്നും. ഇഷ്ഖിൽ വിരിഞ്ഞ വാക്കുകൾക്കിടയിൽ ഹരം മൂക്കുമ്പോൾ അറിയാതെ ഒഴുകുന്ന മദ്ഹിന്റെ തല്ലജങ്ങൾ ഏറെ ചാരുത നൽകുന്നു. യാത്രാമധ്യേ ചരിത്രങ്ങളിലേക്ക് പ്രവേശിക്കുന്ന രൂപം ഏറെ എടുത്തു പറയേണ്ട ഒന്നാണ്. യാത്ര നിറുത്തി ചരിത്രം തുടങ്ങി മുഷിപ്പിക്കുന്നതിന് പകരം വായനക്കാരന്റെ കൈ പിടിച്ച് ചരിത്രത്തിലേക്ക് ഊളിയിടുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്. “ അല്പം മുകളിലെത്തി താഴോട്ടു നോക്കിയപ്പോൾ മക്കയിലെ ക്ലോക്ക് ടവർ ശ്രദ്ധയിൽ പെട്ടു. ക്ലോക്ക് ടവർ മാത്രമല്ല ഞാൻ കണ്ടത്. മൂന്ന് കിലോമീറ്ററുകൾക്കപ്പുറത്ത് ദൂരെ ഒരു പൊട്ടു പോലെ മക്കയിലെ ദാറുന്നദ് വയും ഞാൻ കണ്ടു. അവിടെ ഗംഭീരമായൊരു ചർച്ച നടക്കുകയാണ്.”സൗറിന്റെ മുകളിൽ നിന്ന് അത്തരമൊരു ശ്രമം നടത്തിയത് ആരെയും ഹഠാദാകർഷിപ്പിക്കുന്നതാണ്.
മസ്ജിദുന്നബവിയിലെ താഴിക കുടങ്ങളും സന്ദർശകർ നിർബന്ധമായും ചെന്നിരിക്കേണ്ട മസ്ജിദുകളും ചരിത്രത്തിലെ കിണറുകളും ഒരു പഠനമായി തന്നെ പുസ്തത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചരിത്രം അതിന്റെ തന്മയത്വത്തിൽ സൂക്ഷിക്കുന്നതിൽ സഊദി ഭരണകൂടം പരാജയപ്പെട്ടിട്ടുണ്ട്. ചരിത്രാന്വേഷിയെ ത്രസിപ്പിക്കുന്നതും അനുരാഗിയെ ആനന്ദിപ്പിക്കുന്നതും പ്രേമഭാജനത്തിന്റെ തുരുമ്പെടുക്കാത്ത നേർചിത്രങ്ങളാണ്. വികസനത്തിന്റെ പേരിൽ നഷ്പ്പെടുന്ന ചരിത്ര ചാരുതയെക്കുറിച്ചും വഹാബിസത്തിന്റെ കടന്നുകയറ്റത്തിലെ നൊമ്പരങ്ങളുമെല്ലാം ഗ്രന്ഥകാരൻ പങ്കു വെക്കുന്നു. അന്തലൂസിന്റെ നഷ്ട പ്രതാപങ്ങളെയോർത്തുള്ള കണ്ണീരൊഴുക്കിലേക്കാണ് മക്കയും മദീനയും പതിയെ നീങ്ങിക്കൊണ്ടിരിക്കുന്നത്.
മക്കയിൽ വെച്ച് ഒരു രാത്രിയിൽ പണ്ഡിതരും പൗരപ്രമുഖരും സമ്പന്നരും പങ്കെടുക്കുത്ത മൗലിദ് സദസ്സിൽ എത്തിച്ചേരാൻ കഴിഞ്ഞതിന്റെ അനുഭവം പങ്കുവെക്കുന്നുണ്ട്, നമ്മുടെ നാട്ടിൽ ഉള്ളതിനേക്കാൾ വിപുലവും ഏറെ നേരം നീണ്ടുനിൽക്കുന്നതുമാണ് അവിടങ്ങളിലെ മൗലിദ് സദസ്സുകൾ എന്ന് പറഞ്ഞുകൊണ്ട് ലോകത്തെല്ലായിടത്തും മൗലിദ് സദസ്സുകൾ ഉണ്ടെന്ന് സമർത്ഥിക്കുന്നു.
അനുരാഗത്തിന്റെ തെളിനീരിലേക്ക് ഉറ്റിവീഴുന്ന വിഷമാണ് പുത്തൻവാദം എന്ന് തെളിവുകൾ നിരത്തി വിശ്വാസപ്രമാണങ്ങളെ അരക്കെട്ടുറപ്പിക്കാനുള്ള ഗ്രന്ഥകാരന്റെ ശ്രമം അഭിനന്ദനാർഹമാണ്.
ഒടുക്കം മദീനയിൽനിന്ന് ഹബീബിനെ വിട്ടുപോരാൻ സാധിക്കാതെ തെല്ലൊരു നിസ്സംഗതയിൽ അനുരാഗി അവസാനം ഇങ്ങനെ കുറിച്ചിട്ടു, “തിരിച്ചുവരാനുള്ള മടക്കം”. അല്ലെങ്കിലും മദീനയിൽ നിൽക്കുമ്പോൾ എങ്ങനെയാണ് ഞാൻ മടങ്ങിപ്പോകുന്നു എന്ന് ചിന്തിക്കാൻ കഴിയുന്നത്. ആയതിനാൽ തിരിച്ചു വരണമെങ്കിൽ ഒരു മടക്കം വേണമല്ലോ, അത്രമാത്രം.
മുന്നൂറ്റി നാല് പേജുകളുള്ള പുസ്തകം ഹജ്ജ് ഉംറ വേളകളിലെ മുഴുവൻ അദ്കാറുകളും ഉൾക്കൊള്ളിക്കുന്നതോടൊപ്പം അവ മൊബൈലിന്റെ സഹായത്തോടെ ഓഡിയോ രൂപത്തിൽ കേൾക്കുന്നതിനുള്ള ക്യു ആർ കോഡ് സംവിധാനവും ഒരുക്കിയിരിക്കുന്നു. ഉറവാ പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.