ഇ എസ് എയിലെ ഒരു മങ്ങിയ സായാഹ്നം.
മെസ്സില്‍ നിന്ന് ഈവനിങ് കോഫി കുടിച്ചതിന് ശേഷം ഒന്നും ഉരിയാടാതെ റസാനും സിയന്നയും കുറച്ചകന്നു നടന്നു. അവരുടെ അപ്പാര്‍ട്ടുമെന്റിലെ സ്റ്റയര്‍കെയ്‌സുകളിലൊന്നില്‍ സിയന്നയും കുറച്ചു താഴയായി റസാനും ഇരുന്നു. നിഗൂഢമായ ഒരുതരം മൗനം ആ അന്തരീക്ഷത്തെ കൂടുതൽ ഇരുണ്ടതാക്കി.
‘എടാ നമ്മളെവിടെയാണ് എത്തിപ്പെടുക…?’ സിയന്ന നിര്‍വികാരത്തോടെ ചോദിച്ചു.
‘എന്തേ നീ അങ്ങനെ ചോദിച്ചത്….?’ സിയന്നയുടെ ശബ്ദത്തില്‍ സാധാരണയുണ്ടാവാറുള്ള ആത്മവീര്യം കാണാത്തത് കൊണ്ട് റസാന്‍ തിരിച്ചു ചോദിച്ചു.
‘ഏയ്….ഒന്നുമില്ല….’ അത്രയും പറഞ്ഞു കൊണ്ടവൾ വീണ്ടും നിശബ്ദയായി.
‘നമുക്കിനി തിരിച്ചുവരാന്‍ സാധിക്കില്ലേടാ…’ അല്‍പ്പ സമയത്തിനു ശേഷം അവള്‍ വീണ്ടും തന്റെ മൗനം ഭഞ്ജിച്ചു. റസാന്‍ സംശയ രൂപേണ തല തിരിച്ചു അവളെ നോക്കി.
‘ നിനക്കിതെന്തു പറ്റി..? ‘യെന്ന മുഖഭാവമായിരുന്നു അവന്.
‘എന്തോ ഒരു ആത്മവിശ്വാസ കുറവ് പോലെ…മടങ്ങിവരാന്‍ സധിക്കില്ലേയെന്ന ഭയം….’ സിയന്ന ആത്മഗതമെന്നോണം പതുക്കെ പറഞ്ഞു. റസാന്‍ ഒന്നും മിണ്ടിയില്ല.
‘നിനക്ക് ഈ ലോകത്ത് നമ്മളടങ്ങുന്ന ജീവനുള്ള ഏതൊന്നും അനുഭവിക്കുന്ന ഏറ്റവും വലിയ ഭയമേതാണെന്നറിയോ …?’ അവൻ സിയന്നയോടു പതുക്കെ ചോദിച്ചു. അവളൊന്നും മിണ്ടാതെ അവനെ തന്നെ നോക്കി. അവന്‍ തുടര്‍ന്നു:
” ജീവന്‍ നഷ്ടപ്പെടുമോയെന്ന പേടി, മരണം എന്നാണ് തന്റെ പടിവാതില്‍ക്കല്‍ വന്ന് മുട്ടിവിളിക്കുകായെന്ന ഭയം. എന്നിട്ടും എന്ത് ലാഘവത്തോടെയാണ് നമ്മള്‍ മരണത്തെ മറച്ചു പിടിക്കുന്നതെന്ന് നോക്കിയേ നീ. തൊട്ടടുത്ത നിമിഷം ഞാന്‍ ജീവിക്കുമോയെന്ന് ഒരു ജീവിക്കും ഉറപ്പില്ല. എന്നിട്ടും എത്രയെത്ര സ്വപ്‌നങ്ങളാണ് ഓരോ നിമിഷവുമെന്ന കണക്കേ നമ്മള് നെയ്തു കൂട്ടുന്നത്. മരണമാകുന്ന യാഥാര്‍ത്ഥ്യത്തെ ഗോപ്യമാക്കാനും മറച്ചുപിടിക്കാനും ആ ഭയം പുറത്ത് ചാടാതെ തളച്ചിടാനും നമ്മളോരോരുത്തരും കാട്ടികൂട്ടുന്ന കോപ്രയാങ്ങളാണ് നമ്മളീ ചെയ്തു കൂട്ടുന്നതല്ലാം. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് തിരിച്ചു ചെല്ലുമെന്നുറപ്പില്ലാതെ തന്നെയാണ് യഥാര്‍ത്ഥത്തില്‍ നമ്മളൊരോ യാത്രയും പുറപ്പെടുന്നത്. പക്ഷെ, ആ യാഥാര്‍ത്ഥ്യത്തെ നാം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയാണെന്നുമാത്രം. അതുകൊണ്ട് ഇവിടെയും നാം ആ സത്യത്തെ മറക്കാന്‍ ശ്രമിക്കുക…’ അവസാന ഭാഗം പറഞ്ഞപ്പോള്‍ അവന്റെ മുഖത്ത് ചെറിയൊരു ചിരിമിന്നിമറഞ്ഞു. വളരെ താത്വികമായിട്ടാണ് അവനത് പറഞ്ഞവസാനിപ്പിച്ചത്. സിയന്ന അതെത്രത്തോളം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നൊന്നും അറിയില്ല.
‘ആട്ടെ, നിനക്കെന്താണ് ആറാം നൂറ്റാണ്ടിലെ മധ്യപൗരസ്ത്യ നാട്ടിലേക്ക് തന്നെ പോകണമെന്നിത്ര ആഗ്രഹം…?’ സിയന്ന ആ അന്തരീക്ഷത്തിന്റെ ആംപിയന്‍സ് മാറ്റാന്‍ വേണ്ടി കുറച്ചുന്മേശത്തോടെ ചോദിച്ചു.
അവളുമായുള്ള പല സംസാരത്തിനിടയിലും താന്‍ സഞ്ചരിച്ച് ചെല്ലാനേറ്റവും ഇഷ്ടപ്പെടുന്ന കാലം ആറാം നൂറ്റാണ്ടാണെന്നും മധ്യപൗരസ്ത്യ നാടുകളാണെന്നും അവന്‍ പറയാറുണ്ട്. അതുകൊണ്ടാണ് അവളങ്ങനെ ചോദിച്ചത്. അവന്‍ ആ ചോദ്യം അപ്പോള്‍ പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. എങ്കിലും അല്‍പ്പസമയം ഒന്നാലോചിച്ചതിന് ശേഷം അവൻ പറഞ്ഞു:
‘ അതിന് ചരിത്ര പരമായും വ്യക്തിപരമായും കാരണങ്ങളുണ്ട്. ലോകത്ത് എല്ലാ സംസ്‌കാരങ്ങളും നാഗരികതകളും പിറവികൊണ്ടത് മധ്യപൗരസ്ത്യ നാടുകളില്‍ നിന്നാണ്. അവകളെ അടുത്തറിയാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷെ , ഇപ്പോഴത്തെ നമ്മുടെ ഒട്ടുമിക്ക തെറ്റിദ്ധാരണകളും നമുക്ക് തിരുത്താന്‍ സാധിക്കും. നമ്മള്‍ പരമ്പരാഗതമായി സത്യമാണെന്ന് കരുതിയ പല സിദ്ധാന്തങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെടും. രണ്ടാമത്, വ്യക്തിപരമായ കാരണമാണ്,
ജനിച്ചതിന് ശേഷം ഞാന്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുകയും പറയുകയും ചെയ്ത പേരും നാടും സംസ്‌കാരവുമെല്ലാം അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് ആ നൂറ്റാണ്ടിലാണ്…’ റസാന്‍ ഒന്നു പറഞ്ഞു നിറുത്തി. സിയന്ന അവന്‍ ബാക്കി പറയുന്നതും കാതോര്‍ത്തിരുന്നു.
‘മുഹമ്മദ് നബി ﷺ ജനിച്ച നൂറ്റാണ്ടാണ് ആറാം നൂറ്റാണ്ട്. ചരിത്രകാരന്മാര്‍ ഇരുണ്ടയുഗമെന്ന് തീറെയുതിയ കാലഘട്ടം. വിശുദ്ധ ഖുര്‍ആന്‍ ആ കാലഘട്ടത്തിലെ ആളുകളെ വിഷേശിപ്പിച്ചതെന്താണെന്നറിയോ…? ചെളിയില്‍ നിന്ന് വസ്ത്രത്തെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്ത വിധം തെറ്റുകളില്‍ നിന്ന് മനുഷ്യരെ വേര്‍തിരിച്ചെടുക്കാന്‍ പറ്റാത്ത കാലമായിരുന്നു അതെന്നാണ്. അത്തരമൊരു സമൂഹത്തില്‍ നിന്നാണ് മുഹമ്മദ് നബി ﷺ ലോകത്തിന് മാതൃകയാകുന്ന ഒരു ജനതയെ വളര്‍ത്തിയെടുത്തത്. ആ വിപ്ലവകരമായ മാറ്റത്തെ അവിടുന്ന് എങ്ങനെയാണ് നടത്തിയതെന്ന് അടുത്തു കാണാന്‍ എനിക്കൊരാഗ്രഹമുണ്ട്…സാധിക്കുമോയെന്നൊന്നുമറിയില്ല. എന്തായാലും ആ കാലഘട്ടത്തിലെത്തിയാല്‍, ആ നാട്ടുക്കാരുടെ സംസംകാരമെന്തായിരുന്നുവെന്നെങ്കിലും അടുത്തറിയാമല്ലോ. എങ്ങനെയാണ് മുഹമ്മദ് നബി ﷺ അവരില്‍ പ്രബോധനം നടത്തിയിട്ടുണ്ടാവുകയെന്ന് നമുക്ക് ഊഹിക്കാമല്ലോ….’ റസാന്‍ വാചാലനായി. സിയന്ന അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
‘അപ്പോള്‍ നിന്റെ ലക്ഷ്യം മുഹമ്മദിനെ അടുത്തറിയലാണ് അല്ലേ…’ സിയന്ന ലാഘവത്തോടെ ചോദിച്ചു. ആ പേര് കേട്ടതും റസാന്റെ നാവ് അറിയാതെ സ്വലാത്തിലൂടെ സഞ്ചരിച്ചു ﷺ. അവൻ സ്വലാത്തിന്റെ അകമ്പടി കൂടാതെ ആ പേരിതുവരെ ഉച്ചരിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല. റസാന്‍ ഒന്നും മിണ്ടിയില്ല.
‘ അങ്ങേര്, അതിനുമാത്രം സംഭവമാണോ…? ഞാനൊരുവിശ്വസിയല്ലാത്തത് കൊണ്ട് ചോദിക്കുകയാണ് കെട്ടോ…പ്രത്യേകിച്ചൊരുതരത്തിലുള്ള വിശ്വാസധാരയോടും അടുപ്പം പുലര്‍ത്താത്തയാളാണു ഞാന്‍. ഞാനീയാത്രക്ക് ഇറങ്ങിപുറപ്പെട്ടതു തന്നെ മനുഷ്യചരിത്രത്തില്‍ ആദ്യമായി മറ്റൊരു സമയത്തിലേക്ക് സഞ്ചരിച്ച ആള് നമ്മളാവുമല്ലോ എന്ന ലക്ഷ്യത്തിലാണ്. അല്ലാതെ കഴിഞ്ഞുപോയ ചരിത്രത്തെ അടുത്തറിയാനൊന്നുമല്ല. അഥവാ ഈ യാത്ര തുടങ്ങിയതിന് ശേഷം നമ്മള്‍ തൊട്ടുമുമ്പു നടന്ന സമയത്തിലേക്കാണ് ചെന്നത്തുന്നതെങ്കില്‍ പോലും എന്റെ ഈ യാത്രയുടെ ഉദ്ദേശ്യം സഫലമായി എന്നര്‍ത്ഥം…’ സിയന്ന പറഞ്ഞു നിറുത്തി.
അവൾ അവസാനം ഇത്രയും കൂടെ ചേർത്തു പറഞ്ഞു :
‘ഏതായാലും അമേരിക്കപോലോത്ത ഒരു ലിബറൽ രാജ്യത്ത് ജനിച്ചുവളര്‍ന്ന ഒരുവ്യക്തിയെന്ന നിലയില്‍ ഞാനറിഞ്ഞ മുഹമ്മദും ഇസ്ലാമും അത്ര രസമുള്ളതൊന്നുമല്ല. പ്രത്യേകിച്ച് ഞങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇസ്ലാം എന്നും രണ്ടാം സ്ഥാനത്തേ വരൂ. ഉം എന്തോ ആവട്ടെ… ഇനിയഥവാ, നമ്മളെങ്ങാനും അവിടെയെത്തുവാണേല്‍ നേരിട്ടനുഭവിച്ചറിയാലോ….’സിയന്നയുടെ സംസാരത്തിലും മുഖഭാവത്തിലും പരിഹാസത്തിന്റെ പുഛഭാവം ഒളിച്ചിരുന്നു.
‘ഇന്‍ ഷാ അല്ലാഹ്…’ മറുപടിയായി റാസാന്‍ അത്രമാത്രമേ പറഞ്ഞുള്ളൂ.
‘ എടാ…നീയിപ്പറയുന്ന സുഖമൊന്നുമുണ്ടാവില്ലയവിടെ ജീവിക്കാന്‍. കാട്ടാളന്മാരായിരിക്കും. മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടുണ്ടാവില്ല. നമ്മുടെ മിഷന്‍ സക്‌സസാവുക എന്നതിനെക്കാള്‍ വലിയ പ്രയാസമായിരിക്കും പിന്നെ ആ കാട്ടളന്മാരുടെ ഇടയില്‍ നിന്ന് തിരിച്ചു കരകയറാന്‍. അതോണ്ട് ആലോചിച്ചൊരു തീരുമാനത്തിലത്തിയാല്‍ മതി… ‘ സിയന്ന ഉപദേശരൂപേണ പറഞ്ഞു . റസാന്‍ എന്തോ ആലോചിച്ചു കൊണ്ടു പുഞ്ചിരിച്ചു. അല്‍പസമയത്തിന് ശേഷം അവന്‍ പതുക്കെ ചോദിച്ചു.
‘അപ്പോ, നിനക്ക് കൃത്യമായറിയാമല്ലേ ആ കാലം അത്ര നല്ലതല്ലായെന്ന്…അന്ന് നെറികെട്ട ജനങ്ങളാണ് ജീവിച്ചിരുന്നതെന്ന്…എന്നിട്ടും പ്രോഫറ്റ് മുഹമ്മദ് ﷺ ആ സമുദായത്തെ ഒന്നടങ്കം നന്നാക്കിയെടുത്തതു മാത്രം വിശ്വസിക്കാനെന്തേ നീയടങ്ങുന്ന ഈ ലോകത്തിന് ഉൾക്കൊള്ളാൻ സാധിക്കാത്തത്…?’ സങ്കടത്തിന്റെ ഊരാകുടുക്കുകള്‍ തൊണ്ടയിടുക്കില്‍ കുടുങ്ങി കിടന്ന് തടസം സൃഷ്ടിച്ചു കൊണ്ട് റസാന്റെ സംസാരം ആ ചോദ്യത്തിലവസാനിച്ചു.
സിയന്നയും അല്‍പ്പ സമയം മൗനിയായി.
‘നിനക്കറിയോ സിയന്ന, സത്യം പറഞ്ഞതിന്റെ പേരില്‍ ബഹിഷ്‌കരണമേറ്റുവാങ്ങിയിട്ടുണ്ട് എന്റെ ഹബീബും ﷺ കുടുംബവും, പട്ടിണി കിടന്ന് പച്ചില ഭക്ഷിച്ചിട്ടുണ്ട്, ചത്തു ചീഞ്ഞ ഒട്ടകത്തിന്റെ കുടല്‍മാല ശിരസില്‍ ഹാരമണിയിക്കപ്പെട്ടിട്ടുണ്ട്, സ്വന്തം ബന്ധുക്കള്‍ ഭ്രാന്തനെന്ന് കൂകിവിളിച്ച് കല്ലെടുത്തെറിഞ്ഞ് ആട്ടിയോടിച്ചിട്ടുണ്ട്, വിശപ്പിന്റെ കാഠിന്യം സഹിക്കവയ്യാഞ്ഞിട്ട് വയറില്‍ കല്ലുവെച്ചു കെട്ടിയിട്ടുണ്ട്, അവിടുത്തെ മുമ്പല്ല് പൊട്ടിയിട്ടുണ്ട്, എന്നുവേണ്ട സഹിക്കാവുന്നതിന്റെ എവറസ്റ്റ് കയറിയിട്ടുണ്ട് എന്റെ ഹബീബ് ﷺ. അവിടുന്നും ഒരു മനുഷ്യനായിരുന്നു. ശരീരത്തില്‍ മാംസവും സിരകളില്‍ രക്തവുമോടുന്ന പച്ചമനുഷ്യന്‍. പ്രതിസന്ധികള്‍ക്ക് മുമ്പില്‍ പരിശ്രമങ്ങള്‍ ഉപേക്ഷിച്ച് പോകല്‍ മാനുഷികമാണ്. എന്നാല്‍ അവകളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലെത്തല്‍ മഹത്തരമാണ്. അവിടുത്തേക്ക് ഉപേക്ഷിക്കാമായിരുന്നു. സ്വന്തത്തെ കുറിച്ച് മാത്രം ആലോചിക്കാമായിരുന്നു. പക്ഷെ, അവിടുന്നത് ചെയ്തില്ല. ഞാനടങ്ങുന്ന വരാനിരിക്കുന്ന വലിയൊരു സമൂഹത്തെ അവിടുന്നു കാലേക്കൂട്ടി മനസ്സില്‍ കണ്ടു. ഞങ്ങള്‍ക്കുകൂടി വേണ്ടിയായിരുന്നു അവിടുന്ന് ഈ ത്യാഗങ്ങളെല്ലാം സഹിച്ചത്.’ റസാന്‍ തന്റെ മുമ്പിലെ ചുവരിലെ ഏതോ ഒരു ബിന്ദുവിലേക്ക് നോക്കിക്കൊണ്ട് ചിന്താ നിമഗ്നനായി സങ്കടത്തോടെയും വിഷമത്തോടെയും പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു. അവന്‍ തുടര്‍ന്നു.
‘ അവിടുന്ന് തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടൊന്നുമില്ല. അതല്ലേലും സ്‌നേഹത്തിലെവിടെയാണല്ലേ തിരിച്ചടവ്…? പക്ഷെ, ഒന്നുണ്ട് കെട്ടോ അവിടുന്ന് നമ്മളെ ഉള്ളറിഞ്ഞു സ്‌നേഹിച്ചിരുന്നുവെന്നുറപ്പാണ്. മരണ സമയത്തും സമുദായത്തിന്റെ ഉന്നതിയായിരുന്നു അവിടുത്തെ മനസ്സിലും ശബ്ദത്തിലും. പിന്നെ, ഞാനങ്ങനെയാടീ എനിക്കിങ്ങനെ കാലം കടന്നു യാത്ര ചെയ്യാനൊരവസരം കിട്ടുമ്പോള്‍ ആ ജീവിതമെങ്ങനെയായിരുന്നുവെന്ന് ഒന്നെത്തി നോക്കാതിരിക്കുന്നത്…?’ റസാന്റെ സംസാരം വീണ്ടു ചോദ്യത്തിലവസാനിച്ചു.
പ്രണയത്തെ വര്‍ണ്ണിക്കുകയാണ് അവനെന്ന് സിയന്നക്ക് തോന്നി. തന്റെ ഇത്രയും കാലത്തെ ജീവിതത്തിനിടക്ക് ഒരു കാമുകനും തന്റെ കാമുകിയെ കുറിച്ച്, ഇത്രമനോഹരമായി ലയിച്ചിരുന്ന് വര്‍ണ്ണിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് അവൾ മനസ്സില്‍ നിനച്ചു.
“ഇനി നീ ഈ പറയുന്ന കാര്യങ്ങളെല്ലാം നമുക്ക് ബോധ്യപ്പെട്ടാല്‍ തന്നെ നമ്മളതെങ്ങനെ ഈ ലോകത്തെ ബോധ്യപ്പെടുത്തും…?” അവളുടെ സംസാരത്തിൽ ഒരു പ്രത്യേകതരം അനുകമ്പ നിറഞ്ഞിരുന്നു.
‘അതിന് വലിയ പണിയൊന്നുമില്ല. നമ്മള്‍ ഗറില്ലസ്യൂട്ടണിയലോട് കൂടെ നമ്മള്‍ കാണുന്നതെല്ലാം റെകോഡ് ചെയ്യപ്പെടും. അതിവിടെയിരുന്ന് കൃത്യമായി കണ്ട്രോള്‍ ചെയ്യുവാന്‍ സാധിക്കും…’ റസാന്റെ വാക്കുകള്‍ ദൃഢമായിരുന്നു.
“ഉം.. അത് ശരിയാണല്ലോ.,ഞാനതോർത്തില്ല.” സിയന്ന അമളിയോർത്ത് ചെറുചിരിയോടെ പറഞ്ഞു.
** ** ** ** ** ** ** ** **
‘ആണ്‍ കുഞ്ഞ്…’
വിറയാര്‍ന്ന കൈകളോടെ കുഞ്ഞിനെ അസദിന്റെ നേരെ നീട്ടിക്കൊണ്ട് പേറ്റിച്ചി തലതാഴ്ത്തി നിന്നു. അസദിന്റെ മുഖത്ത് സന്തോഷത്തിന്റെ ആയിരം പൂത്തിരി ഒന്നിച്ചുക്കത്തി. അയാള്‍ കുഞ്ഞിനെ ആവേശത്തോടെ വാങ്ങി മുഖത്തും ശരീരത്തിലുമാകെ ചുംമ്പിച്ചു. പേറ്റിച്ചിയുടെ നേരെ തന്റെ അരയില്‍ നിന്നെടുത്ത സ്വര്‍ണ്ണനാണയത്തിന്റെ ഒരു കിഴി വലിച്ചെറിഞ്ഞു. അവരത് പതുക്കെ തലകുനിച്ചെടുത്തു. അസദ് ഹിന്ദിന്റെ അടുത്തേക്ക് നീങ്ങി.
‘എടിയേ…നീ കണ്ടില്ലേ…നമുക്ക് വീണ്ടും ആണ്‍കുഞ്ഞു പിറന്നിരിക്കുന്നു…നീയെന്റെ ഭാഗ്യമാടീ…’
അസദിന് പറയാന്‍ വാക്കുകള്‍ കിട്ടിയില്ല. ഹിന്ദ് മുഖത്ത് ചിരിവരുത്താന്‍ കിണഞ്ഞു ശ്രമിച്ചു.
അവള്‍ താന്‍ കിടക്കുന്ന കട്ടിലിനോട് ചേര്‍ത്തു കെട്ടിയ മറയുടെ പിറകുവശത്തേക്ക് ഒളികണ്ണിട്ടു നോക്കി. അവിടെ പേറ്റിച്ചുയുടെ ദാസി ലൈലയുടെ വായ തന്റെ നെഞ്ചോടമര്‍ത്തിപ്പിടിച്ച് പേടിച്ചരണ്ട് നില്‍ക്കുന്നുണ്ട്.
‘എന്റേത് പെണ്‍കുഞ്ഞാണെങ്കില്‍ എങ്ങനേലും അവളെ രക്ഷിക്കണം’ എന്ന് ഹിന്ദ് പ്രസവത്തിന് തൊട്ടു മുമ്പ് പേറ്റിച്ചിയോട് ചട്ടം കെട്ടിയിരുന്നു. അതുകൊണ്ടാണ് താനിന്നലെ പേറെടുത്ത മലമുകളില്‍ തനിച്ചു താമസിക്കുന്ന തന്റെ തന്നെ ദാസിമാരില്‍ ഒരുത്തിക്കുണ്ടായ ആണ്‍കുഞ്ഞിനെ എത്രയും പെട്ടെന്ന് ഇവിടെ എത്തിക്കാന്‍ പേറ്റിച്ചി തീരുമാനിച്ചത്. ആ അടിമ സ്ത്രീയുടെ കുഞ്ഞാണ് അസദിന്റെ കയ്യിലിപ്പോള്‍. അസദിനും ഹിന്ദിനുമുണ്ടായ കുഞ്ഞു ലൈല ആ മറപ്പുറത്ത് അടിമസ്ത്രീയുടെ കൈവശവും.
ഹിന്ദിനോട് സന്തോഷം പങ്കിട്ട്, അവളുടെ മൂര്‍ദ്ധാവില്‍ ചുമ്പിച്ചുകൊണ്ട് അസദ് കുഞ്ഞിനേയും കൊണ്ടഴുന്നേറ്റു. അയാളുടെ എതിര്‍ വശത്തുണ്ടായിരുന്ന മറയൊന്നിളകി. കൂടെ ഒരു കൊച്ചു കുഞ്ഞിന്റെ ഞെരങ്ങിയുള്ള കരച്ചിലും. ഒരു നിമിഷം അയാളുടെ കണ്ണുകള്‍ ആ മറപ്പുറത്തേക്ക് നീങ്ങി. പേടിച്ചരണ്ട അടിമ സ്ത്രീ ലൈലയുടെ വായ അമര്‍ത്തി പിടിച്ചു.
‘ എന്താണവിടെ പതുങ്ങുന്നത്…ഇങ്ങ് പുറത്തേക്കിറങ്ങ്….’
അസദിന്റെ ഘന ഗംഭീര ശബ്ദം ആ കുഞ്ഞു മുറിയില്‍ അലയൊലി സൃഷ്ടിച്ചു. ഹിന്ദടക്കം അവിടെയുണ്ടായിരുന്ന സ്ത്രീജനങ്ങളുടെ ഹൃദയത്തില്‍ ഭയത്തിന്റെ പെരുമ്പറ കൊട്ടി.
( തുടരും….) ©️
✍️ Rilwan Aboobaker Adany
919567879684 (Wtsap Me)
വായനക്കാര്‍ ഈ സ്വലാത്ത് ഒരു തവണയെങ്കിലും ചൊല്ലാന്‍ മറക്കല്ലേ.
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ والنَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
(നിരവധി പ്രത്യേകതകളുള്ള സ്വലാത്തായ സ്വലാത്തുൽ ഫാതിഹാണിത്)
Notice:
(ഈ കഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി urava.net സൈറ്റിനു മാത്രമാണ്. ഇതില്‍ നിന്നും കോപ്പി ചെയത് കഥ മറ്റു പ്ലാറ്റ്ഫാമിലേക്ക് ഷെയര്‍ ചെയ്യുന്നത് നിയമ വിരുദ്ധമാണ്)