കൊല്ലവര്‍ഷം 2045 മേയ് 23
ഇന്ന് ഗറില്ല സ്യൂട്ടിന്റെ അവസാനഘട്ട പരീശീലനമാണ്. ജോണ്‍സണ്‍ സ്‌പേസ് സെന്ററിന്റെ ബൂട്ട് ക്യാമ്പിലെ ഏറ്റവും കോണ്‍ഫിഡന്‍ഷ്യല്‍ റൂമുകളിലൊന്നില്‍ റസാനും സിയന്നയും സ്യൂട്ട് ധരിക്കാനായി തയ്യാറെടുത്തു നിന്നു. പ്രൊജക്റ്റ് ഹെഡ് ഡേവിഡ് ജോണ്‍ അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
‘ഗറില്ല XXX-മിഷന്‍-2050യുടെ ആദ്യപരീക്ഷണത്തിനൊരുങ്ങുകയാണ് നാം. ലോക ചരിത്രത്തിന്റെ ഗതി തന്നെ മാറ്റാന്‍ സാധ്യതയുള്ള പരീക്ഷണമാണിത്. ഒരുപക്ഷെ, നമ്മള് പരാജയപ്പെട്ടേക്കാം. നമ്മുടെ ജീവന്‍ അപകടത്തിലായേക്കാം. തിരിച്ചുവരാന്‍ സാധിച്ചുവന്ന് വരില്ല. ഉറ്റവരെ ഇനിയൊരിക്കലും കാണ്ടില്ലെന്നു വരാം. ഇതെല്ലാം തെജിക്കാനും സഹിക്കാനും തയ്യാറായത് കൊണ്ടാണ് നിങ്ങള്‍ ഇതിന് സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നത്.’
തന്റെ മുമ്പില്‍ നില്‍ക്കുന്ന സിയന്നയേയും റസാനെയും പതുക്കെ വലയം വച്ചു നടന്നു കൊണ്ട് ഡേവിഡ് ജോണ്‍ വൈകാരികമായി സംസാരിച്ചു. റസാന്റെ മനസ്സിലൂടെ ഉമ്മിയുടെയും അബിയുടെയും അഫ്രിയുടെയും ചിത്രങ്ങള്‍ മാറി മാറി തെളിഞ്ഞു വന്നു. മനസ്സിന്റെ തെക്കേ മൂലയില്‍ നിന്നെന്തോ കോറിവലിക്കുന്നത് പോലെ അവന്റെ ഹൃദയം നീറി. എങ്കിലും അവനത് മുഖത്തു കാണിച്ചില്ല.
ഡേവിഡ് ജോണ്‍ തുടര്‍ന്നു
‘നിങ്ങളീ ധരിക്കാന്‍ പോകുന്ന ഈ സ്യൂട്ട് നിങ്ങളുടെ ബോഡിയുടെ ഭാഗമായി ലയിച്ചു ചേരും. അതുകൊണ്ടു തന്നെ ഈ സ്യൂട്ട് അണിയലോട് കൂടെ പ്രത്യക്ഷത്തില്‍ നിങ്ങള്‍ ഈ സ്യൂട്ട് ധരിച്ചതായി അറിയുകയേ ഇല്ല. എന്നാല്‍ ഈ സ്യൂട്ടിലൂടെ നിങ്ങളുടെ ശരീരത്തെ ഇവിടെ കണ്ട്രോല്‍ പാനലില്‍ ഇരുന്നു കൊണ്ട് ഞങ്ങള്‍ക്ക് നിയന്ത്രിക്കുവാന്‍ സാധിക്കും. ഈ സ്യൂട്ടിലേക്ക് എനര്‍ജി പ്രവഹിപ്പിച്ചു കൊണ്ടാണ് യാത്രയെ സുതാര്യമാക്കുന്നത്. ഇരുപതുവര്‍ഷമാണ് ഈ സ്യൂട്ടിന്റെ പരമാവധി കാലവധി. എന്നാല്‍ വര്‍ഷാവര്‍ഷവും കൃത്യമായ പരിചരണവും പുതുക്കലുകളും ആവശ്യമാണ്.’
‘സര്‍, എങ്ങനെയാണ് ഞങ്ങള്‍ക്കിത് പുതുക്കുവാന്‍ സാധിക്കുക…? ഞങ്ങള്‍ക്ക് തിരിച്ചു വരുവാന്‍ സാധിക്കുമോ…?’
‘യെസ്, ശുവര്‍ യു കാന്‍. അഥവ ഈ സ്യൂട്ട് ധരിക്കലോട് കൂടെ സ്യൂട്ടില്‍ ഘടിപ്പിച്ച പല്ല് നിങ്ങളുടെ നിലവലെ പല്ലുകളുമായി റീ പ്ലൈസ് ചെയ്യപ്പെടും. മുകളിലെ രണ്ട് സൈഡിലെയും അണപ്പല്ലുകള്‍ ഫ്രിങ്കര്‍ ടെച്ച് ആക്‌സസിബിള്‍ ആണ്. അവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങളുടെ തള്ളവിരലുമായി പ്രസ് ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തെങ്കിലും അപകടത്തിലോ നിങ്ങളുടെ സ്യൂട്ടിന് എന്തോ പ്രശ്‌നമോ സംഭവിച്ചിട്ടുണ്ട് എന്ന് കണ്ട്രോള്‍ റൂമില്‍ അലര്‍ട്ട് ലഭിക്കും. ഉടനെ നിങ്ങളെ തിരിച്ച് കൊണ്ടുവരാന്‍ ആവശ്യമായ സബ്‌സ്യറ്റിയൂട്ട് സ്യൂട്ട് മെഷീന്‍ എനജൈസ് ചെയ്യുകയും തിരിച്ചെത്തുകയും ചെയ്യും.’ അദ്ദേഹം ഒന്നു നിറുത്തിയതിന് ശേഷം തുടര്‍ന്നു.
‘ഇതാണ് നമ്മള്‍ പ്രഡിക്റ്റ് ചെയ്ത് ഈ സ്യൂട്ടില്‍ സെറ്റ് ചെയ്തിരിക്കുന്ന ഫീച്ചറുകള്‍. ഇതിങ്ങനെ തന്നെ പ്രൊസീഡ് ചെയ്താല്‍ നമ്മുടെ മിഷന്‍ സക്‌സസ്. ബാക്കിയെല്ലാം ദൈവത്തിലാണ്. സൊ, വി കാന്‍ പ്രേ ഫോര്‍ സെയ്ഫ് ജേണി. അടുത്ത ആഴ്ച ഇതേ ദിവസം നമ്മള്‍ സ്യൂട്ട് ലോഞ്ച് ചെയ്യും. അതുവരെ, നിങ്ങള്‍ക്ക് യാത്രക്ക് വേണ്ടി ഒരുങ്ങാം. നിങ്ങള്‍ക്ക് ആവശ്യമായ മറ്റു അസിസ്റ്റുകള്‍ ഇവിടെ നിന്നും ലഭിക്കും. കൃത്യമായി എല്ലാം മനസ്സിലാക്കുക. ഒരുനിമിഷത്തെ പിഴവ് മതി നമ്മുടെ സ്വപ്‌നങ്ങളത്രയും തരിപ്പണമാവാന്‍’ അത്രയും പറഞ്ഞ് ഡേവിഡ് തിരിച്ചു നടന്നു. അല്‍പ്പം മുന്നോട്ട് നീങ്ങിയതിന് ശേഷം അദ്ദേഹം തല തിരിച്ചു കൊണ്ടു പറഞ്ഞു:
‘ പിന്നെ, ശ്രദ്ധിക്കേണ്ട ഒരു കാര്യം. നിങ്ങള്‍ ബന്ധുക്കളോടും ഉറ്റവരോടും ഒക്കെ യാത്ര പറഞ്ഞേളൂ…എല്ലാം നല്ലതിനു തന്നെ. പക്ഷെ, ഈ മിഷന്‍ വളരെ കോണ്‍ഫിഡന്‍ഷ്യലാണ്. രഹസ്യ സ്വഭാവമുള്ളതാണ്. അതുകൊണ്ടു തന്നെ മിഷന്റെ പ്രധാന കാര്യങ്ങളും ലക്ഷ്യങ്ങളുമൊന്നും പുറത്ത് പോവാതെ സൂക്ഷിക്കണം. പുറത്തായാല്‍ പല തരത്തിലുള്ള ഭീഷണിയും വരാന്‍ സാധ്യതയുണ്ട്. കണ്ടറിഞ്ഞു കൈകാര്യം ചെയ്യുക.’ അയാള്‍ ആ റൂമില്‍ നിന്ന് നടന്നകന്നു.
***
കൊല്ലവര്‍ഷം 545.
മക്കപട്ടണത്തില്‍ നിന്ന് വടക്കോട്ട് ഏകദേശം 500 മൈല് സഞ്ചരിച്ചാലേ ഹെഗ്‌റയിലെത്തുകയുള്ളു. കുതിര സവാരിയാണെങ്കില്‍ എട്ടു ദിവസവും കാല്‍ നടയാണെങ്കില്‍ പതിനഞ്ച് ദിവസത്തെയും വൈദൂരമുണ്ട്. അനന്തമായി പരന്നു കിടക്കുന്ന മരുഭൂമിയും അവിടെയും ഇവിടെയും ഒറ്റയും തെറ്റയുമായി കാണുന്ന ഈന്തമര തോട്ടങ്ങളുമാണ് മക്കയില്‍ നിന്ന് ഹെഗ്‌റയിലേക്ക് പോകുമ്പോഴുള്ള പ്രധാന കാഴ്ച. കള്ളി മുള്‍ചെടികളും നിറഞ്ഞു നില്‍ക്കുന്ന കാഫ് മരങ്ങളുമായി കൊച്ചു കൊച്ചു കുന്നുകള്‍ക്കിടയിലേക്ക് യാത്ര എത്തിയാല്‍ മനസ്സിലാക്കണം ഹെഗ്‌റയോട് അടുത്തിരിക്കുന്നുവെന്ന്. ഇത്‌ലിബ് പര്‍വ്വത നിരകള്‍ക്കിടയിലാണ് ഹെഗ്‌റ സ്ഥിതിചെയ്യുന്നത്.
ഹെഗ്‌റ, വിശാലമായ അറേബ്യന്‍ മരുഭൂമിയിലെ കുന്നുകള്‍ക്കിടയില്‍ നിലകൊള്ളുന്ന ഒരു കൊച്ചു പ്രവിശ്യയാണ്. കിഴക്കന്‍ റോമന്‍ സാമ്രാജ്യത്തിന്റെ പതന സമയവും എന്നാല്‍ പടിഞ്ഞാറാന്‍ റോമന്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ കാലവുമായിരുന്നുവത്. ജസ്റ്റിനൈന്‍ ആയിരുന്നു പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തിന്റെ ആ സമയത്തെ ചക്രവര്‍ത്തി. ബൈസാന്റിയന്‍ സാമ്രാജ്യം എന്ന പേരിലും അദ്ദേഹത്തിന്റെ ഭരണ പ്രദേശം ലോകത്ത് വിശ്രുതിപ്പെട്ടു നില്‍ക്കുന്ന സമയം.
ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ ഒരു കൊച്ചു പ്രവിശ്യായാണ് ഹെഗ്‌റ. ഹെഗ്‌റയിലെ പ്രദേശവാസികള്‍ തഹ്മൂദിയന്‍ ഗോത്രവിഭാഗമാണ്. കൊച്ചു കുന്നുകളില്‍ തന്നെ അതിമനോഹരമായി തുരന്നും കൊത്തിയുമുണ്ടാക്കിയതാണ് തഹ്മൂദിയരുടെ വീടുകള്‍. ഇബ്‌നുല്‍ അസദ് ആണ് ഗോത്ര തലവന്‍. ഇബ്‌നുല്‍ അസദ് എന്നത് അദ്ദേഹത്തിന്റെ വിളിപ്പേരാണ്. സിംഹത്തെ പോലും ഒറ്റക്ക് വേട്ടയാടി പിടിക്കാന്‍ ധൈര്യമുള്ളയാളാണ് ഇബ്‌നുല്‍ അസദ് എന്നതാണ് ശ്രുതി. അദ്ദേഹത്തിന്റെ ആരോഗ്യ ദൃഢഗാത്രമായ ശരീരവും തീക്ഷണത സ്ഫുരിക്കുന്ന കണ്ണുകളും ഭയപ്പെടുത്താനുതകുന്നതാണ്. ഒന്നു രണ്ട് വെളുത്ത രോമങ്ങളുണ്ടെങ്കിലും കുമിഞ്ഞു കൂടിയ കരിക്കട്ട പോലെ കറുത്തു നിറഞ്ഞു നില്‍ക്കുന്ന താടിയും ചുണ്ടിലേക്ക് ഇറങ്ങി വളഞ്ഞു കുത്തി നില്‍ക്കുന്ന മീശയും കണ്ടാല്‍ ആ മുഖത്തേക്ക് ഒരു തവണ നോക്കിയ ആരും അറിയാതെ കണ്ണുകള്‍ താഴ്ത്തി തലകുനിച്ചു നില്‍ക്കും.
ഇബ്‌നുല്‍ അസദിന്(സിംഹത്തിന്റെ മകന്‍) ആ പേര് ലഭിക്കാനൊരു കാരണമുണ്ട്. ഒരിക്കല്‍ ഹെഗറില്‍ നിന്ന് ജസ്റ്റിനൈന്‍ ചക്രവര്‍ത്തിക്ക് കാണിക്കവെക്കാനായി നിരവധി പരിതോഷികങ്ങളും അടിമകളെയുമായി അന്നത്തെ ഗോത്രതലവന്‍ കിലാബിന്റെ നേതൃത്വത്തില്‍ 50 അംഗ സംഘം ഇത്‌ലിബ് പര്‍വതമിറങ്ങി. ജസ്റ്റിനൈന്റെ തലസ്ഥാന നഗരമായ കോണ്‍സ്‌റ്റേന്റിനേപ്പിളാണ് ലക്ഷ്യം.
ഹെഗര്‍ പ്രവിശ്യയോട് തൊട്ടുനില്‍ക്കുന്ന ഒന്നു രണ്ട് പര്‍വ്വത നിരകള്‍ യാത്രക്ക് സുരക്ഷിതമാണെങ്കിലും ശേഷമുള്ള പലതും ചെങ്കുത്തായ കുന്നുകളും വന്യമൃഗങ്ങളും കൊള്ള സംഘങ്ങളും പതിയിരിക്കുന്നിടമാണ്. അതുകൊണ്ടു തന്നെ എല്ലാം നേരിടാനുതകുന്ന സര്‍വ്വസായുധരായ യാത്ര സംഘത്തോടൊപ്പമേ ഈ കുന്നുകള്‍ താണ്ടാന്‍ സാധിക്കുകയുള്ളു.
ഹെഗറുകാരെ സംബന്ധിച്ച് ഈ കുന്നുകള്‍ ഒരേസമയം ഗുണവും ദോഷവും ചെയ്യും. പുറത്ത് നിന്നുള്ള ശത്രുകളുടെ കടന്നു വരവ് ഈ ദുര്‍ഘടം പിടിച്ച വഴികള്‍ താണ്ടുവാനുള്ളത് കൊണ്ട് പൊതുവെ കുറവാണ്. എന്നാല്‍ ഹെഗറ് പ്രവിശ്യയിലേക്ക് കച്ചവടസംഘങ്ങളുടെ വരവും പോക്കുമെല്ലാം ഇതുകാരണം മുടങ്ങുകയും ചെയ്യും.
അപ്രതീക്ഷിതമായുണ്ടായ ശക്തമായ മഴയും അടിച്ചുവീശിയ കാറ്റും കാരണം ഹെഗറില്‍ നിന്ന് പുറപ്പെട്ട ആ യാത്രസംഘത്തിന് അന്ന് മുന്നോട്ടുള്ള യാത്ര പ്രയാസകരമായി. ഇത്‌ലിബ് പര്‍വ്വത നിരകളില്‍ ഏറ്റവും ചെങ്കുത്തായി നില്‍ക്കുന്ന ഒരുപര്‍വ്വതത്തിന്റെ മധ്യത്തിലായിരുന്നു ആ യാത്രസംഘമപ്പോള്‍.
‘ ഇനിയാത്ര മഴ ശമിച്ചിട്ടാവട്ടെ’ യെന്നുള്ള കിലാബിന്റെ കല്‍പനയെത്തി. യാത്രസംഘം ആ കുന്നില്‍ തമ്പടിച്ചു. കാറ്റിനേയും മഴയേയും ശപിച്ചിട്ടാണെങ്കിലും അവര്‍ തങ്ങളുടെ യാത്രയിലെ ആസ്വദനങ്ങളൊന്നും മറന്നില്ല. മതിവരുവോളം രാകഥപറഞ്ഞും അടിമസ്ത്രീകളുമായും രമിച്ചും രാവിരുട്ടി. ദൃഢഗാത്രരായ പത്തുപേരെ പാറവ് നിറുത്തി സംഘം ഉറക്കത്തിലേക്ക് വീണു. മദ്യത്തിന്റെ ആലസ്യത്തിലായതിനാല്‍ തന്നെ എല്ലാവരും പെട്ടെന്ന് ഉറക്കിലേക്ക് വീണു. പാതിരാത്രി കഴിഞ്ഞപ്പോള്‍ മഴയും കാറ്റും രൗദ്രഭാവമടക്കി ഉള്‍വലിഞ്ഞു. അന്തരീക്ഷം പതുക്കെ ശാന്തമായി. അതുവരെ ഇമവെട്ടാതെ കാവലിരുന്ന പാറാവുക്കാരുടെ കണ്ണുകളില്‍ നിദ്രാദേവി തഴുകി തലോടി. അവരില്‍ മിക്കവരും തൊട്ടടുത്തുള്ള മരങ്ങളില്‍ ശരീരം ചാരിയിരുത്തി കണ്ണുകളടച്ചു.
പുറത്തെന്തോ ആള്‍പെരുമാറ്റം കേട്ടിട്ടെന്ന പോലെ കിലാബ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. ചുറ്റും കുരാകൂരിരുട്ടാണ്. തീ കാഞ്ഞിരുന്ന സ്ഥലത്ത് കനലെരിഞ്ഞടങ്ങിയിട്ടുണ്ട്. കാതുകള്‍ കൂര്‍പ്പിച്ചു. എങ്ങും നിശബ്ദം. പെട്ടെന്ന് കിലാബിന്റെ പിറകില്‍ ചെറിയ ഗര്‍ജനത്തോട് കൂടിയ മുരളല്‍ കേട്ടു. അയാള്‍ ഇരുട്ടിലേക്ക് കണ്ണുതിരുമി നോക്കി. തിളക്കമുള്ള രണ്ടു കണ്ണുകളുമായി കിലാബിന്റെ കണ്ണുകള്‍ കൊമ്പുകോര്‍ത്തു. സിംഹമാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലായി. എന്തുചെയ്യണമെന്നറിയാതെ കിലബ് ഒരു നിമിഷം പരുങ്ങി. അയുധം കുറച്ചപ്പുറത്ത് മരത്തില്‍ ചാരിനിറുത്തിയിരിക്കുകയാണ്. ശബ്ദമുണ്ടാക്കി ആളെവിളിച്ചുണര്‍ത്തുമ്പോഴേക്ക് തന്റെ കഥകഴിയും.
സിംഹ തന്നെ തന്നെ നോക്കി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇര മുമ്പില്‍ പെട്ടുവന്ന് കണ്ടാല്‍ ഇരക്ക് രക്ഷപെടാന്‍ സാധിക്കുമെങ്കില്‍ രക്ഷപ്പെട്ടോയെന്ന ഭാവത്തില്‍ അവസരം കൊടുക്കും സിംഹങ്ങള്‍. അധികാരഭാവത്തിലുള്ള സിംഹത്തിന്റെ ആ നടത്തം കണ്ടാല്‍ തന്നെ മുഴുവന്‍ രാജപ്രൗഢിയും തോന്നും. അല്‍പസമയം കാത്തിരുന്നിട്ടും സിംഹം അക്രമത്തിന് മുതിരാതെ ഉലാത്തല് തുടര്‍ന്നപ്പോള്‍ കിലാബിന് എന്തോ പന്തിക്കേട് തോന്നി. അയാള്‍ വീണ്ടും സിംഹത്തിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി.
അല്ല, ആ കണ്ണുകള്‍ തന്റെ കണ്ണുകളയല്ല ഉന്നം വെക്കുന്നതെന്ന് അയാള്‍ തീര്‍ച്ചപ്പെടുത്തി. തന്റെ പുറകില്‍ മറ്റെന്തോ ഉണ്ട്. ഇനിയതും മറ്റുവല്ല പിടിമൃഗവുമാവുമോ. രണ്ടും തന്നെതന്നെ ലക്ഷ്യവെച്ചാണോ നില്‍ക്കുന്നത്. കിലാബിന്റെ മനസ്സില്‍ ജീവനിലുള്ള പേടി ഉറവയെടുത്തു.
ധീരനാണെങ്കിലും വന്യമൃഗങ്ങളുമായി ഇതുവരെ അക്രമത്തിലേര്‍പ്പെട്ടിട്ടില്ല. കൂടാതെ ആയുധവും അങ്കിയുമൊന്നുമില്ലതാനും. നിശ്വാസംപോലും അടക്കി പിടിച്ചു കൊണ്ട് കിലബ് തന്റെ തല പതുക്കെ തിരിച്ചു പുറകിലേക്ക് നോക്കി. അയാളുടെ കണ്ണുകള്‍ മറ്റു രണ്ടു കണ്ണുകളുമായി കൂട്ടിമുട്ടി. ആദ്യം ഒന്നു ഭയന്നെങ്കിലും അത് മറ്റൊരു മൃഗത്തിന്റേതല്ലായെന്ന് കിലാബിന് ഒറ്റനോട്ടത്തില്‍ തന്നെമനസ്സിലായി. ശത്രുവിന് മുമ്പില്‍ ആയുധം പിടിച്ചു നില്‍ക്കുന്ന യോദ്ധാവിന്റെ കണ്ണുകളിലുള്ള തീക്ഷണത ആ ഇരുട്ടിലും കിലാബിന് വ്യക്തമായി കാണാമായിരുന്നു.
പെട്ടെന്നൊരലര്‍ച്ചയോടെ സിംഹവും ആ മനുഷ്യ രൂപവും അന്തരീക്ഷത്തിലേക്കുയര്‍ന്നു പൊങ്ങി. ആ മനുഷ്യരൂപത്തിന്റെ കൈകളില്‍ കിടന്ന കൂര്‍ത്ത ആയുധം സിംഹത്തിന്റെ കൊരവള്ളിയിലൂടെ കുത്തിയിറങ്ങി. നിലത്തേക്ക് മലര്‍ന്നു പതിച്ച ആ മനുഷ്യരൂപത്തിന്റെ മുകളിലേക്ക് സിംഹം ചത്തുമലര്‍ന്നു വീണു.
തന്റെ ജീവന്‍ രക്ഷിച്ച ആ ചെറുപ്പക്കാരനെ കിലബ് ചേര്‍ത്തു പിടിച്ചു. ആ ചെറുപ്പക്കാരന്‍ ആ യാത്രാ സംഘത്തോടൊപ്പമുള്ളതായിരുന്നില്ല. നാടും ഊരും തറവാടും ചോദിച്ചിട്ടും അവനൊന്നും ഉരിയാടിയതുമില്ല.
‘ നിന്റെ പേരന്തോ ആയിക്കോട്ടെ, നീ ഇന്നുമുതല്‍ ഇബ്‌നുല്‍ അസദ് എന്നപേരിലറിയപ്പെടും. ഇനിമുതല്‍ എന്റെ അംഗരക്ഷകനായി കൂടെവേണം.’ കിലാബ് പ്രഖ്യാപിച്ചു. അന്നുമുതലാണ് ഹെഗര്‍ ഇബ്‌നുല്‍ അസദ് എന്ന പേര് പരിചയപ്പെട്ടു തുടങ്ങിയത്.
കിലാബ് തന്റെ ഏറ്റവും ഇളയ മകള്‍ ഹിന്ദിനെ ഇബ്‌നുല്‍ അസദിന് വിവാഹം ചെയ്തുകൊടുക്കുകയും ചെയ്തു. കൂടാതെ തന്റെ മരണ സമയത്ത് പിന്‍ഗാമിയായി ഇബ്‌നുല്‍ അസദിനെ അവരോധിക്കുകയും ചെയ്തു. മരണത്തിന് മുമ്പ് കിലാബ് മറ്റൊരു നിബന്ധന കൂടിവെച്ചു. ‘ഇനിമുതല്‍ ഹെഗറിന്റെ ഗോത്ര തലവനായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇത്‌ലിബ് മലയിടുക്കില്‍ പോയി സിംഹവുമായി ദ്വന്ദയുദ്ധത്തിലേര്‍പ്പെട്ട് തലയറുത്ത് കൊണ്ടുവരണം’.
*
മറ്റുമക്കള്‍ക്കിടയിലും ഗോത്രസമൂഹത്തിലെ പലര്‍ക്കിടയിലും അസദിന്റെ അധികാരാരോഹണത്തില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നെങ്കിലും ‘ വെട്ടൊന്ന് മുറി രണ്ട്’ എന്ന അസദിന്റെ ശൈലിയാലോചിച്ച് എല്ലാവരും നിശബ്ദരായി.
അസദിനും ഹിന്ദിനും രണ്ടാണ്‍മക്കളാണ്. മൂന്നാളുണ്ടായിരുന്നു വെന്നാണ് അന്തപുരയിലെ രഹസ്യവര്‍ത്തമാനം. മൂത്തത് പെണ്‍കുഞ്ഞായതിനാല്‍ തന്റെ അഭിമാനത്തിനു ശതം സംഭവിക്കും എന്നു കരുതി അസദ് ജീവനോടെ കുഴിച്ചു മൂടിയതാണെന്നാണ് രഹസ്യമൊഴി. എന്നാല്‍ ആ രഹസ്യം സത്യമാണെന്ന വിവരം ഹിന്ദിനും അസദിനും മാത്രമേ അറിയൂ. ഹിന്ദ് വീണ്ടും ഗര്‍ഭിണിയായി.
‘ഇതുമൊരാണ്‍ കുഞ്ഞാണെങ്കില്‍..നിന്നെ ഞാന്‍ പൊന്നുകൊണ്ട് തുലഭാരം നടത്തും പ്രിയേ…’ ആ പ്രസവ മുറിയില്‍ പേറ്റുനോവിന്റെ മൂര്‍ദ്ധന്യതയില്‍ പല്ലിറുമി കിടക്കുന്ന ഹിന്ദിന്റെ ചെവികളില്‍ അസദ് കിന്നാരം പറയുപോലെ പറഞ്ഞു.
‘പെണ്‍കുഞ്ഞാണങ്കിലോ…?’ എന്ന് തിരിച്ചു ചോദിക്കണമെന്ന് ഹിന്ദിനുണ്ടായിരുന്നു. എന്നാല്‍ ആ ചോദ്യം ചോദിച്ചാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിനൊപ്പം തന്നെയും അസദ് ജീവനോടെ കുഴിച്ചുമൂടുമെന്ന് ഹിന്ദിനുറപ്പായിരുന്നു. അവള്‍ നിശബ്ദയായി. അസദിന് പിറക്കാന്‍ പോകുന്ന കുഞ്ഞിനെ വരവേല്‍ക്കാന്‍ ഹെഗര്‍ അണിഞ്ഞൊരുങ്ങിയിരുന്നു.
*
ഇപ്പോള്‍ പ്രസവ മുറിയില്‍ പേറ്റിച്ചിയും ഹിന്ദും മാത്രമേയുള്ളു. ഹിന്ദ് പേറ്റിച്ചിയെ തന്റെ അടുത്തേക്ക് വിളിച്ച് ചെവിയില്‍ എന്തോ പറഞ്ഞു. ഒരു നിമിഷം ഒന്ന് ആലോചിച്ച് നിന്നതിനു ശേഷം പേറ്റിച്ചു മുറിക്ക് പുറത്തേക്കു പോയി. തന്റെ കൂടെ സഹായത്തിന് വന്ന അടിമസ്ത്രീയുടെ ചെവിയില്‍ എന്തോ പറഞ്ഞു ശട്ടം കെട്ടിയ ശേഷം തിരിച്ചു നടന്നു. പേറ്റിച്ചി പറഞ്ഞു കഴിഞ്ഞതും ആ അടിമ സ്ത്രീ അന്തപുരയുടെ പിന്‍വാതിലിലൂടെ ആരും കാണതെയിറങ്ങി എങ്ങോട്ടോ കുതിച്ചു പാഞ്ഞു.
ഹിന്ദ് പ്രസവ വേദന കൊണ്ട് പുളഞ്ഞു. അസദ് പുറത്ത് ഇരിക്കപൊറുതിയില്ലാതെ തലങ്ങും വിലങ്ങും നടന്നു. അസദിന്റെ കൊട്ടാരത്തിന്റെ ഓരോ മുക്കിലും മൂലയിലും റാന്തല്‍ വിളക്കുകള്‍ പൂര്‍ണ്ണരൂപത്തില്‍ പ്രകാശം പരത്തി കത്തിജ്വലിച്ചു നിന്നു.
ഹിന്ദിന്റെ തുടകള്‍ക്കിടയില്‍ നിന്ന് പേറ്റിച്ച് ആ ചോരകുഞ്ഞിനെ പുറത്തെടുത്തു. ആ കുഞ്ഞിനേയുമേറ്റി അവര്‍ ഹിന്ദിന്റെ ചെവിക്കരികില്‍ വന്നു പതുക്കെ പറഞ്ഞു.
‘പെണ്‍കുഞ്ഞാണ്…’
അബോധവസ്ഥയിലാണെങ്കിലും ആ ശബ്ദം ഹിന്ദിന്റെ കാതുകളില്‍ ഭയത്തിന്റെ പെരുമ്പറ കൊട്ടി. ഒരു നിമിഷം ഇരുകൈകളും നീട്ടി അവള്‍ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു വാങ്ങി. മൂര്‍ദ്ദാവില്‍ പതുക്കെ ഉമ്മവെച്ചു.
കാതുകളില്‍ ‘ലൈല’ എന്ന് പേരുവിളിച്ചു.
ലൈല വാവിട്ടു കരഞ്ഞു.
തന്റെ ആദ്യ ശബ്ദം അവള്‍ ലോകത്തെ കേള്‍പ്പിച്ചു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടതും അസദ് മുറിക്കകത്തേക്ക് കുതിച്ചു പാഞ്ഞു.
‘എന്താ കുഞ്ഞ്….?’
അസദിന്റെ ആ ചോദ്യത്തിന് മുമ്പില്‍ ശീലയില്‍ പൊതിഞ്ഞ ചോരപൈതലുമായി നില്‍ക്കുന്ന പേറ്റിച്ചിക്ക് എന്തുപറയണമെന്നറിയാതെ നാവിറങ്ങി.
( തുടരും….) ©️
✍️ Rilwan Aboobaker Adany
919567879684 (Wtsap Me)
വായനക്കാര്‍ ഈ സ്വലാത്ത് ഒരു തവണയെങ്കിലും ചൊല്ലാന്‍ മറക്കല്ലേ.
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ والنَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
(നിരവധി പ്രത്യേകതകളുള്ള സ്വലാത്തായ സ്വലാത്തുൽ ഫാതിഹാണിത്)
Notice:
(ഈ കഥ പ്രസിദ്ധീകരിക്കാനുള്ള അനുമതി urava.net സൈറ്റിനു മാത്രമാണ്. ഇതില്‍ നിന്നും കോപ്പി ചെയത് കഥ മറ്റു പ്ലാറ്റ്ഫാമിലേക്ക് ഷെയര്‍ ചെയ്യുന്നത് നിയമ വിരുദ്ധമാണ്)