റസാൻ ഫോണിലൂടെ മിഅ്‌റാജിന്റെ കഥപറഞ്ഞു തീർക്കാനുള്ള തീരുമാനത്തിലാണെന്ന് തോന്നുന്നു. ഇഷ്ടമുള്ള കാര്യത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ അത് നീട്ടിപരത്തി പറയുകയെന്നത് സാർവത്രിക സ്വഭാവമാണല്ലോ. അല്ലാഹുവും മൂസാനബി(അ) ഉം തമ്മില്‍ നടന്ന ഒരു സംഭാഷണ ശകലം വിശുദ്ധ ഖുർആനിലുണ്ട്. പെട്ടെന്ന് അവസാനിപ്പിക്കാവുന്ന ഒരു സംസാരമായിരുന്നുവത്. എന്നിട്ടും മൂസാനബി (അ) ആ സംഭാഷണം തനിക്കാവും വിധം ദീർഘിപ്പിച്ചു. ‘എന്തിനായിരുന്നു ആ സംഭഷണമിത്ര നീണ്ടു പോയതെന്ന’ ചർച്ചയിൽ ഖുര്‍ആന്‍ വ്യാഖ്യാതക്കൾ നൽകുന്ന വിശദീകരണങ്ങളിലൊന്ന് തന്റെ ഇഷ്ടത്തോടാണ് മൂസാനബി(അ) സംസാരിച്ചു കൊണ്ടിരിന്നത്. അതുകൊണ്ടു തന്നെ അതവസാനിക്കലിനെ അവിടുന്ന് ഇഷ്ട്ടപ്പെട്ടില്ലയെന്നായിരുന്നു. എന്നതുപോലെ ഹബീബിﷺനെയാണ് റസാൻ പറയുന്നത്, അതുതന്ന അവിടുത്തെ ആകാശാരോഹണവും രണ്ടും അവന്റെ ഇഷ്ടവിഷയങ്ങളാണ്. കൂടാതെ ശ്രോതാവായുള്ളത് താനെന്തുപറഞ്ഞാലും ഇരുചെവിയും കൂർപ്പിച്ചു കേൾക്കുന്ന ഉമ്മിയും. പിന്നെ ആ ഫോൺകോൾ ദീർഘിക്കാൻ പ്രത്യേക കോമ്പിനേഷനൊന്നും വേണ്ടല്ലോ! റസാൻ തുടർന്നു :
“പിന്നീട് ബൈത്തുല്‍ മുഖദ്ദസിലെത്തിയ ഹബീബ് ﷺ ആദം നബി (അ) മുതല്‍ ഈസാനബി (അ) വരെയുള്ള മുഴുവന്‍ പ്രവാചകന്മാര്‍ക്കും ഇമാമായി നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നുണ്ട്. തുടര്‍ന്ന് അവിടെ നിന്ന് ഹബീബ് ﷺ ബൈത്തുല്‍ മുഖദ്ദസിലെത്തിയതിനേക്കാള്‍ വേഗതയിലാണ് മിഅ്‌റാജ് യാത്ര നടത്തിയത്. അതിന്റെ വേഗതയുടെ അളവ് പറയാന്‍ സാധിക്കുകയില്ലല്ലോ.? ഉമ്മിയന്ന് ശാസ്ത്രവും ഇസ്ലാമും എന്തു രസകരമായിട്ടാണ് കംപയര്‍ ചെയ്തിരുന്നത്.” ഓർമകൾ റസാന്റെ നാവുകളിലൂടെ വരിഞ്ഞൊഴുകി.
ഈ കൊച്ചുവെളുപ്പാൻ കാലത്ത് ഇവർക്കിതെന്താണിത്ര ഫോണില്‍ സംസാരിക്കാനുള്ളതെന്ന് അവരെ കാണുന്ന ആരും ഒരു നിമിഷം ചിന്തിച്ചു പോകും.
റസാൻ നിർത്താനുള്ള ഭാവമില്ല. അവന്റെ ഓർമകളിൽ നിന്ന് ഉമ്മി ചെറുപ്പത്തിൽ വിവരിച്ച ഇസ്റാഅ് മിഅ്റാജ് ചരിത്രം ശബ്ദ രൂപം പ്രാപിച്ചു പുറത്തു ചാടിക്കൊണ്ടേയിരുന്നു:
“പതിനഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു മനുഷ്യ കുഞ്ഞിന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല അങ്ങനെയൊരു യാത്രയെ കുറിച്ച് .
സൂറത്തുല്‍ ഇസ്‌റാഇന്റെ ആദ്യ സൂക്തത്തില്‍
”തന്റെ ദാസനെ കൊണ്ട് രാപ്രയാണം നടത്തിയവന്‍ എത്ര പരിശുദ്ധന്‍..!’ എന്ന് വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നുണ്ട്. ആ യാത്ര വെറുമൊരു സ്വപ്‌നമായിരുന്നുവെന്ന് ആരോപിക്കുന്നവര്‍ക്ക് കൂടിയുള്ള ശക്തമായ മറുപടിയാണ് ഈ വിശുദ്ധ വാക്യം. കാരണം അതൊരു സാധാരണ യാത്രയായിരുന്നുവെങ്കില്‍ തിരുനബിയുടെ ലോകാവസാനം വരെ നിലനില്‍ക്കുന്ന മുഅ്ജിസത്തായ വിശുദ്ധ ഖുര്‍ആനില്‍ ഒരു സ്വപ്നത്തെ ഇത്രമേല്‍ ആശ്ചര്യ പൂര്‍വ്വം അവതരിപ്പിക്കുമായിരുന്നില്ലല്ലോ!. അസാധാരണമാം വിധം തങ്ങളെ യാത്ര ചെയ്യിപ്പിച്ചത് കൊണ്ട് തന്നെയാണ് ഖുര്‍ആന്‍ ഈ വാക്യത്തിലിത്ര ആശ്ചര്യത നല്‍കിയതും.”
ഉമ്മി ആരോടോ ദേഷ്യമുള്ളത് പോലെയായിരുന്നു ഈ ഭാഗം പറഞ്ഞത്.
അന്ന് ഉമ്മിയെന്തിനാണ് അവിടെ ദേഷ്യപ്പെട്ടത് എന്നെനിക്ക് മനസ്സിലായില്ലെങ്കിലും പിന്നീട് ഇസ്റാഅ് – മിഅ്റാജിന്റെ ചരിത്രം പഠിച്ചപ്പോൾ അത് സ്വപ്നമാണെന്ന് പറഞ്ഞു വ്യാഖ്യാനിച്ചവരോട് ഉമ്മിയുടെ ഉള്ളില്‍ ഉരുണ്ടു കൂടിയ വികാരം ദേഷ്യമായി എന്നിലും ഉറഞ്ഞു തള്ളിയിരുന്നു.”
“ഉംം”
ചെറിയൊരു മന്ദസ്മിതത്തോടെ നൂറ മൂളിക്കേട്ടു.
“അന്ന് ശാസ്ത്രവും ഇസ്ലാമും എന്ന വിഷയത്തിലൊരു കാംപാരിസൺ നടന്നപ്പോൾ ആകാശ യാത്രകളെ കുറിച്ചും ബഹിരാകാശ വിക്ഷേപണങ്ങളെ കുറിച്ചും ആധുനിക ശാസ്ത്രം എന്നുമുതലാണ് ചിന്തിച്ചു തുടങ്ങിയത് എന്നറിയാനുള്ള ആകാംക്ഷയില്‍ ഞാൻ അന്വേഷിച്ചിരുന്നു. ലഭിച്ച ഉത്തരങ്ങൾ ആശ്ചര്യപ്പെടുത്തി. സോവിയറ്റ് റഷ്യയുടെ റോക്കറ്റ് ശാസ്ത്രജ്ഞനും ബഹിരാകാശ സഞ്ചാരത്തിന്റെ പ്രയോക്താവുമായ കോണ്‍സ്റ്റാന്റിന്‍ എദ്വാര്‍ദോവിച് സിയോള്‍ക്കോവ്‌സ്‌കി ആണത്രെ ശൂന്യാകാശ യാത്ര നടത്താനുള്ള പ്രായോഗികമായ ആശയം ആദ്യമായി മുന്നോട്ട് വെച്ചത്.
1903ല്‍ പ്രസിദ്ധീകൃതമായ ‘ദി എക്‌സ്‌പ്ലൊറേഷന്‍ ഓഫ് കോസ്മിക് സ്‌പേസ് ബൈ മീന്‍സ് ഓഫ് റിയാക്ഷന്‍ ഡിവൈസസ് ‘എന്ന തന്റെ ഗ്രന്ഥത്തിലാണിത്. അതിന് മുമ്പും ശേഷവുമെല്ലാം വ്യോമയാന യാത്രകളെ കുറിച്ചും മറ്റുമെല്ലാം കണ്ടെത്തലുകളും പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ഈ ആധുനിക ശാസ്ത്ര പഠനങ്ങള്‍ക്കെല്ലാം ഒന്നോ രണ്ടോ നൂറ്റാണ്ടുകളുടെ ചരിത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് മാത്രം . ”
ഉമിനീരിറക്കിയതിന് ശേഷം റസാൻ തുടര്‍ന്നു:
“അപ്പോ ഒന്നാലോയ്ച്ചു നോക്കുമ്മീ.. ഇസ്റാഅ്- മിഅ്റാജിലൂടെ ഏഴാകാശങ്ങളും അതിനപ്പുറവുമെല്ലാം ഹബീബ് യാത്ര ചെയ്തതും തിരിച്ചുവന്നതും ഒരു രാത്രിയിലെ കുറഞ്ഞ നിമിഷങ്ങള്‍ കൊണ്ടാണെന്ന് ഖുര്‍ആന്‍, 1400 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഖുര്‍ആനിത് ഈ ലോകത്തോട് പറയുന്നത്..അഥവാ, മനുഷ്യ സമൂഹം കാല്‍ നടയാത്രക്കും കുതിരസവാരിക്കുമപ്പുറം മറ്റൊരു യാത്രയെ കുറിച്ച് ചിന്തിച്ചിട്ടില്ലാത്ത സന്ദര്‍ഭത്തിൽ.! ചിന്തിക്കുന്നവർക്ക് ഈ സംഭവം എക്കാലത്തും അത്ഭുതം തന്നെയല്ലേ! .”
ആശ്ചര്യത്തോടെ ഒന്നു നിറുത്തിയതിന് ശേഷം അവൻ നൂറക്ക് ചിന്തിക്കാനുള്ള സാവകാശം നൽകി.
‘ഉംം.. അതേ… തീർച്ചയായും..എന്നിട്ട് എന്താണ് നിങ്ങളുടെ യാത്രയുടെ അടുത്ത പ്ലാൻ…? നീ അബിക്ക് വിളിച്ചോ…? ” നൂറയുടെ ശബ്ദം ധൃതിപ്പെട്ട് ചോദിച്ചു. അതിനുകാരണമുണ്ട്
പിറകിൽ നിന്ന് സിസ്റ്റര്‍ ലത തോണ്ടി വിളിച്ചു കൊണ്ട് “മാം, ഒരത്യാവശ്യമുണ്ടെന്നു” പറഞ്ഞപ്പോയാണ് താനാശുപത്രിയിലാണെന്ന സ്വബോധത്തിലേക്ക് തന്നെ നൂറ വന്നത്.
“ജസ്റ്റ് എ സെക്”
എന്ന് ശബ്ദം പുറപ്പെടുവിക്കാതെ ഇടതു കൈയുടെ ചൂണ്ടുവിരലും തള്ളവിരലും ഉയർത്തി കണ്ണുകളിറുക്കി ലതയോട് വെയ്റ്റ് ചെയ്യാനവശ്യപ്പെട്ടു.
” ഇല്ല, അബിക്ക് വിളിക്കണം. ഉമ്മി തിരക്കിലാണെന്ന് തോന്നുന്നു. യാത്രക്കിനിയും ചില പ്രൊസീഡ്യീചിയറും എക്സ്പിരിമെന്റുകളുമെല്ലാം ബാക്കിയുണ്ട്. അതെല്ലാം ഹൈലി കോൺഫിഡൻഷ്യലാണ്. ഉമ്മി എല്ലാം റാഹത്തിലും സന്തോഷത്തിലും ആവാൻ ദുആചെയ്യീ…” അതുവരെ ശാന്തമായി തന്നോട് സംസാരിച്ചിരുന്ന ഉമ്മിയുടെ സംസാരത്തിന്റെ ടോൺ മാറിയപ്പോൾ ഉമ്മിക്കെന്തോ എമർജൻസിയുണ്ടെന്നു മനസ്സിലാക്കിയ റസാൻ പറഞ്ഞു.
” ആടാ… ഒരു കേസു കൂടെ വന്നിട്ടുണ്ടെന്ന് തോന്നുന്നു. എന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്. നീ കാര്യങ്ങളെല്ലാം അബിയോടും പറ. ഞങ്ങൾ ഡിസ്കസ് ചെയ്തിട്ട് നിന്നെ വിളിക്കാം”.
“ഇനി വിളിക്കാൻ കഴിയോ എന്നറിയൂല. കയ്യിലുള്ള ഇലക്ട്രോണിക് ഡിവൈസുകളെല്ലാം ഒരുപക്ഷെ ഉടനെ ഇവിടെ സബ്മിറ്റ് ചെയ്യേണ്ടി വരും. ഇഫ് ഐ കാന്‍ ഐവിൽ കാൾ യു ഇൻ ഷ അല്ലാഹ്, ദെൻ ബൈ അസ്സലാമു അലൈക്കും”
നൂറ സലാം മടക്കുന്ന ശബ്ദം മറു തലക്കൽ കേട്ടതും ഫോൺ ഡിസ്‌കണക്റ്റായി.
( തുടരും….) ©️
✍️ Rilwan Aboobaker Adany
919567879684 (Wtsap Me)
വായനക്കാര്‍ ഈ സ്വലാത്ത് ഒരു തവണയെങ്കിലും ചൊല്ലാന്‍ മറക്കല്ലേ.
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ والنَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
(നിരവധി പ്രത്യേകതകളുള്ള സ്വലാത്തായ സ്വലാത്തുൽ ഫാതിഹാണിത്)