‘ഹലോ…ഉമ്മീ…പോയോ..ങ്ളവിടെ തന്നെയില്ലേ…!? ‘ അതുവരെ ആവേശത്തോടെ തന്നോട് സംസാരിച്ചിരുന്ന ഉമ്മി അല്‍പ്പ സമയം നിശബ്ദയായപ്പോള്‍ റസാന്‍ ഫോണിലൂടെ വിളിച്ചു ചോദിച്ചു. മധുരിക്കുന്ന ഓര്‍മകളുടെ ആലസ്യത്തില്‍ നിന്ന് മനമ്മില്ലാ മനസ്സോടെ തിരിച്ചു വന്നിട്ട് നൂറ തന്റെ സാന്നിധ്യമറിയിച്ചു:
‘ ഉം….നീ ബാക്കി പറ’
‘ഒകെ, ആസ്‌ട്രോണറ്റ് ആവണമെന്നതിനേക്കാള്‍ ഞാനന്നൊക്കെ അന്വേഷിച്ചിരുന്നതും കാണുന്നവരോടെല്ലാം ചോദിച്ചിരുന്നതും ടൈം ട്രാവല്‍ ചെയ്യുവാന്‍ സാധിക്കുമോ എന്നായിരുന്നു. ലഭിച്ച ഉത്തരങ്ങളൊന്നും പ്രതീക്ഷിച്ചതായിരുന്നില്ല. പിന്നെ അത്തരത്തിലുള്ള ഫിക്ഷനുകള്‍ വായിച്ചു കൂട്ടല്‍ എന്റെ ഒരു ഹോബിയായിരുന്നു. അതൊക്കെ ഉമ്മിക്ക് തന്നെ അറിയാവുന്നതല്ലേ…? പലപ്പോഴും ഞാൻ ചടഞ്ഞിരുന്ന് വായിക്കുന്നത് കണ്ട് ഉമ്മിയെന്നെ ‘എടാ… പുസ്തക പുഴൂ… ആ മുറ്റത്തിറങ്ങി രണ്ട് റൗണ്ട് കറങ്ങി വന്നേ’ യെന്ന് ഒച്ചയിട്ട് ഓടിച്ചതോർമയില്ലേ..? ”
റസാനൊന്ന് നിർത്തിയപ്പോൾ നൂറ കുലുങ്ങി ചിരിച്ചു. ഉമ്മിയുടെ ചിരി കേട്ടതുകൊണ്ടാവാം മുഖത്തൊരു പുഞ്ചിരിയൊളിപ്പിച്ചു കൊണ്ട് അവൻ തുടർന്നു :
” അത്തരം വായനകളിൽ, തന്റെ ലോകത്ത് നിന്ന് മറ്റൊരു മാജിക്കല്‍ വേള്‍ഡിലേക്ക് സഞ്ചരിച്ച ജെ.കെ റൗളിങിന്റെ ഹാരിപ്പോട്ടര്‍ മുതല്‍ ഒരു മാന്ത്രിക കല്ലില്‍ സ്പര്‍ശിക്കുമ്പോഴേക്കും മറ്റൊരു കാലഘട്ടത്തിലേക്ക് സഞ്ചരിക്കുന്ന കോമ്പാറ്റ് നേഴ്‌സ് ക്ലെയര്‍ റാന്‍ഡലിന്റെ കഥപറയുന്ന ഡയാന ഗാബള്‍ഡനിന്റെ ഔട്ട്‌ലാന്റർവരേ എന്നെ അത്രമേല്‍ സ്വാധീനിച്ചിരുന്നു. ആ കഥകളെല്ലാം മറ്റൊരു സമയത്തിലേക്കുള്ള സഞ്ചാരത്തെ കുറിച്ചുള്ള എന്റെ ആഗ്രഹങ്ങള്‍ക്ക് ശക്തിപകരുന്നവയായിരുന്നു. ”
റസാന്‍ ഉമിനീരിറക്കി.
” എന്നിട്ട്..!? ”
മകന്റെ കഥ കേള്‍ക്കാന്‍ വേണ്ടി ആ ന്യൂറോളജി ഓപ്‌റേഷന്‍ തീയേറ്ററിന്റെ കോറിഡോറില്‍ നിന്ന നിൽപ്പിൽ ഡോക്ടര്‍ നൂറ ആകാംക്ഷയോടെ കാതുകൂര്‍പ്പിച്ചു.
” ആയിടക്കാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും നാസയും കൂടെ സഹകരിച്ച് ‘garilla xxx- mission-2050’ എന്ന ടൈറ്റിലില്‍ ചെറിയൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്. സംഭവം എന്താണെന്നറിയാന്‍ വേണ്ടി കൂടുതല്‍ സെര്‍ച്ച് ചെയ്തു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ മേധാവിയും പ്രശസ്ത ആസ്‌ട്രോണറ്റുമായ ഡേവിഡ് ജോണ്‍ആണ് മിഷന് നേതൃത്വം നല്‍കുന്നത്. ടൈം ട്രാവലിങ്ങാണ് മിഷനെന്ന് ഡീറ്റെയ്ലായി അന്വേഷിച്ചപ്പോൾ മനസ്സിലായി. പിന്നീട് എങ്ങനെ ഇ എസ് എയില്‍ എത്താം എന്നായി ചിന്ത. അതിനുള്ള മാർഗങ്ങൾ അന്വേഷിച്ചു.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞു നില്‍ക്കുന്ന സമയമായിരുന്നുവത്. ഉമ്മിക്കോര്‍മ്മയില്ലേ…? അന്ന് ഞാന്‍ അമേരിക്കയിലെയും യൂറോപ്പിലെയും പ്രധാനപ്പെട്ട എല്ലാ യൂനിവേഴ്‌സിറ്റികളിലേക്കും പി എച്ച് ഡിക്ക് വേണ്ടി പ്രപ്പോസല്‍ അയച്ചത്..?” റസാൻ നൂറയോട് ചോദിച്ചു നിറുത്തി.
”ആ….അന്ന് ഞാൻ നിന്നോട് ചോദിച്ചിരുന്നല്ലോ… ഇവിടെ നാട്ടിലേതേങ്കിലും യൂനിവേഴ്സിറ്റികളിൽ നിന്നും റിസേർച്ച് കംപ്ലീറ്റ് ചെയ്താൽ പോരെ..? ശേഷം ഐ എസ് ആര്‍ ഒയില്‍ ജോയിന്‍ ചെയ്തൂടേന്നൊക്കെ. അന്ന് നീ പറഞ്ഞത്. ‘അതൊന്നും പറ്റില്ലുമ്മീ…എനിക്ക് കുറച്ച് അംബീഷന്‍സ് ഒക്കെയുണ്ട്. അത് നടക്കണമെങ്കില്‍ ഇവിടങ്ങളിലെ യൂനിവേഴ്‌സിറ്റികളിലെവിടെയെങ്കിലും തന്നെ അഡ്മിഷന്‍ ലഭിക്കണം.’ അങ്ങനെയാണെങ്കില്‍ നടക്കട്ടെയെന്ന് ഞാനും അബിയും തീരുമാനിച്ചു. നിന്നോട് കൂടുതലൊന്നും ചോദിക്കാനും നിന്നില്ല” നൂറ ഓര്‍ത്തെടുത്തു കൊണ്ട് പറഞ്ഞു.
‘ഉം… ഏതായലും അന്നെനിക്ക് പ്രപ്പോസലയച്ച ഏകദേശം എല്ലാ സ്ഥലത്തും അഡ്മിഷന്‍ ലഭിച്ചു.അൽ ഹംദുലില്ലാഹ്. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലോ പ്രിന്‍സറ്റണിലോ പോകണം എന്നായിരുന്നു ആഗ്രഹം. എന്നിട്ടും ഞാന്‍ സ്‌പെയിനിലെ വലന്‍സിയ യൂനിവേഴ്‌സിറ്റി തന്നെ സെലക്ട് ചെയ്യാനുള്ള കാരണം, ഇ എസ് എയിലേക്ക് പെട്ടെന്ന് എന്‍ട്രന്‍സ് ലഭിക്കാന്‍ നല്ലത് അതാണെന്ന് കണ്ടത് കൊണ്ടാണ്. അങ്ങനെ ചുരുക്കി പറഞ്ഞാല്‍ അവസാനം ഇ എസ് എയിലും ഇവിടെ തന്നെ ഏറ്റവും ബെസ്റ്റ് വിങായ ഡേവിഡ് സാറിനും ടീമിനുമൊപ്പവും ഇപ്പോഴിതാ ‘garilla xxx- mission-2050′ അകംബ്ലിഷ് ചെയ്യുവാനുള്ള ഫൈനൽ ക്രൂവിലും ഞാനെത്തിയിരിക്കുന്നു.! അല്‍ഹദുലില്ലാഹ്’ റസാന്‍ കണ്ണുകള്‍ മുറുക്കിയടച്ചു കൊണ്ട് റബ്ബിനെ സ്തുതിച്ചു.
നൂറയുടെ ഇരുനയനങ്ങളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കണ്ണീരില്‍ കുതിര്‍ന്ന പുരികങ്ങള്‍ അമര്‍ത്തിയടച്ചു കൊണ്ട് അവളും റബ്ബിനെ മനസ്സറിഞ്ഞു സ്തുതിച്ചു.
” ഉമ്മീ ങ്ള്‍ക്കൊരു കാര്യമറിയോ…!? എന്റെ ഈ യാത്രയിലെപ്പോഴും ഊര്‍ജം ഉമ്മിയും അബിയുമായിരുന്നു. ഞാന്‍ വായിച്ചു തീര്‍ത്ത ഫിക്ഷനുകളേക്കാളും ചെയ്തു തീര്‍ത്ത പരീക്ഷണങ്ങളേക്കാളും എന്നെ സ്വധീനിച്ചത് നിങ്ങളെനിക്ക് പറഞ്ഞു തന്ന ചരിത്രങ്ങളായിരുന്നു.
മിഅ്‌റാജിന്റെ രാത്രി ഉമ്മിയെനിക്ക് ഹബീബിന്റെ കഥപറഞ്ഞത് ഓർക്കുന്നുണ്ടോ…?
…
അൽപ സമയത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു :
“ഒരു ആസ്ട്രോണറ്റാവാൻ അതിനേക്കൾ ഇൻസ്പയർ ചെയ്യുന്ന മറ്റൊരു ഇൻസിഡന്റുണ്ടോ ചരിത്രത്തിൽ…!? ”
‘ ഉംം.. ആ കഥയൊക്കെ ഓര്‍ക്കാതെ, പിന്നെ…!? നമ്മള് പറഞ്ഞു തീര്‍ത്ത ഓരോ കഥാരാവുകളും ഈ ഉമ്മി മറക്കുമോ!? ‘
റസാൻ എന്തോ ആവേശത്തിൽ മിഅ്റാജിന്റെ ചരിത്ര പശ്ചാത്തലവും ശാസ്ത്രീയ സാധ്യതകളും വിവരിക്കാൻ തുടങ്ങി. അവൻ ഒരേസമയം മതത്തിലും ശാസ്ത്രത്തിലും വാചാലനായി. ചെറുപ്പത്തില്‍ ഉമ്മിയവന് രാകഥയായി പറഞ്ഞു കൊടുത്ത ഇസ്റാഅ് – മിഅ്റാജ് ചരിത്രം വെള്ളിത്തിരയിലെന്നപോൽ മനസ്സിന്റെ അഭ്രപാളികളില്‍ തെളിഞ്ഞു .
ഹബീബ് ﷺ ഉമ്മു ഹനീഅ് ബീവിയുടെ വീട്ടില്‍ നിന്ന് ജിബ് രീലിനൊപ്പം ബുറാഖിന്റെ പുറത്തേറി യാത്രയാരംഭിച്ചതും,ഒരു മാസ വഴിദൂരത്തെ നിമിഷ നേരം കൊണ്ട് ഹബീബ് ﷺ സഞ്ചരിച്ചതും അവൻ ഓർത്തെടുത്തു.
“പ്രകാശത്തേക്കാള്‍ വേഗതയുണ്ടായിരുന്നു ബുറാഖിനെന്ന് ഉമ്മി പറഞ്ഞപ്പോള്‍…’പ്രകാശത്തിനെന്തു വേഗത കാണുമെന്ന്..!? ‘ ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു. ആ രാത്രിയില്‍ സിറ്റൗട്ടില്‍ നിന്ന് മുറ്റത്തിന്റെ അങ്ങേയറ്റത്തേക്ക് വിരല്‍ ചൂണ്ടിയിട്ട്; ഉമ്മിയുടെ മടിയില്‍ തലവെച്ചു കിടക്കുന്ന എന്നോട് ഉമ്മി എന്റെ ചോദ്യത്തിന് മറുപടിയെന്നോണം ചോദിച്ചു:
‘എടാ നിനക്ക് അവിടെ പോയി ഇങ്ങോട്ടു വരാന്‍ എത്ര സമയം വേണം…? ‘ ഏകദേശം രണ്ടു വശത്തേക്കും കൂടെ നൂറുമീറ്ററില്‍ കുറവല്ലേ നമ്മുടെ മുറ്റത്തിന് നീളമുള്ളൂ. എന്നിട്ടും എന്റെ കൊച്ചു ബുദ്ധിയന്ന് പറഞ്ഞു :
‘തേർട്ടി സെകെന്റ്സ്.’
ഞാനത് പറഞ്ഞപ്പോള്‍ ഉമ്മി ഷോകേഴ്സില്‍ നിന്ന് ടോര്‍ച്ചെടുത്തുവരാന്‍ പറഞ്ഞു. എന്നിട്ട് മുറ്റത്തേക്കടിച്ചു. ടോര്‍ച്ചിന്റെ ബട്ടണമര്‍ത്തിയ നിമിഷം തന്നെ മുറ്റത്തിന്റെ അങ്ങേയറ്റത്തുള്ള ചുറ്റുമതിലില്‍ അതിന്റെ വെളിച്ചം പതിഞ്ഞു. ശേഷം ഉമ്മി എന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ ഒന്നും മനസ്സിലാവാത്തവനെ പോലെ വീണ്ടും ഉമ്മിയെ തന്നെ നോക്കി(ഫോൺ കതിനോട് ചേർത്തു പിടിച്ച് റസാൻ ഓർമകളുടെ മധുരിക്കുന്ന ആലസ്യത്തില്‍ പുഞ്ചിരിക്കുന്നുണ്ട്) :
‘നിനക്ക് ഒന്നും മനസ്സിലായില്ലേ…!?’ എന്ന് ചോദിച്ചു കൊണ്ട് എന്റെ തലയില്‍ പതുക്കെയൊന്ന് തട്ടിയിട്ട് ഉമ്മി പറഞ്ഞു:
‘ എടാ… ഈ ടോര്‍ച്ചിന്റെ വെളിച്ചമവിടെ ചുമരിലെത്തി തിരിച്ചുവരാന്‍ ഒരുസെകന്റ് പോലും എടുത്തില്ലല്ലോ. ഇതുപോലെ ഒരു സെകന്റില്‍ മൂന്നു ലക്ഷത്തിലധികം കിലോമീറ്റര്‍ വേഗത്തിലാണ് പ്രകാശം സഞ്ചരിക്കുന്നത്.
“മൂന്നുലക്ഷം!!!!???”
ആശ്ചര്യത്തിന്റെ തിരവെള്ളപാച്ചിലുണ്ടായിരുന്നു ആ മൂന്നാം ക്ലാസുകാരന്റെ മുഖത്ത്.
“ഒരു നിലക്ക് പറഞ്ഞാല്‍ ഇത്ര വേഗതയെ കുറിച്ചേ നമ്മുടെ ശാസ്ത്രം ഇപ്പോള്‍ കണ്ടത്തിയിട്ടുള്ളൂ. ഇതിലും വേഗതയില്‍ സഞ്ചരിക്കുന്ന വസ്തുവും ഉണ്ടെന്ന് പറയുന്നവരും ഉണ്ട്. ഏതായാലും ഹബീബിന്റെ ﷺ വാഹനത്തിന് ഒരുപക്ഷെ, ഇതിന് സമാനമോ ഇതിലധികമോ വേഗതയുണ്ടായിരിക്കണം.’ ഉമ്മി അന്ന് കൊച്ചു കുട്ടികള്‍ക്ക് സയന്‍സ് ക്ലാസ് എടുക്കുന്നത് പോലെ എനിക്ക് പറഞ്ഞു തന്നു.
( തുടരും….) ©️
✍️ Rilwan Aboobaker Adany
919567879684 (Wtsap Me)
വായനക്കാര്‍ ഈ സ്വലാത്ത് ഒരു തവണയെങ്കിലും ചൊല്ലാന്‍ മറക്കല്ലേ.
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ والنَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
(നിരവധി പ്രത്യേകതകളുള്ള സ്വലാത്തായ സ്വലാത്തുൽ ഫാതിഹാണിത്)