ഹബീബിനെ ﷺ തേടി 04
‘ ഉമ്മീ ങ്ള്‍ക്കോര്‍മ്മണ്ടോ…പണ്ട് ദര്‍സ് കഴിഞ്ഞ് വന്ന ദിവസം ഞാന്‍ ആകെ ആലോചനയിലാണ്ട് തല പുകഞ്ഞ് നിന്നത്….?’
നൂറ ഒരു നിമിഷം റസാന്‍ പറഞ്ഞ ദിവസത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. പക്ഷെ, ഓര്‍മയിലേക്ക് അങ്ങനെ പ്രത്യേക ദിവസങ്ങളൊന്നും കടന്നു വന്നില്ല.
‘ ഞാനുമ്മിയോട് ആദ്യമായി എനിക്കൊരു ആസ്‌ട്രോനമറാവണം എന്നു പറഞ്ഞ ദിവസം….?പ്ലസ്റ്റുവിന് ഫിസിക്‌സെടുത്ത് പഠിച്ചത് എത്ര നന്നായി എന്ന് എനിക്ക് ആത്മാഭിമാനം തോന്നിയ ദിവസം കൂടിയായിരുന്നുവത്.’ റസാന്‍ ആത്മഗതമെന്നോണം പറഞ്ഞത് നൂറക്ക് മനസ്സിലാകുന്ന ഒരു സൂചനകൂടിയായിരുന്നു.
‘ യെസ്, ഹൗ കുഡ് ഐ ഫോര്‍ഗെറ്റ് ദാറ്റ്.? അന്നെല്ലെ നീ ആദ്യമായി നിന്റെ തലതിരിഞ്ഞ ആലോചനകളൊക്കെ എന്നോട് പങ്കുവച്ചത്…!? അതും പറഞ്ഞ് നമ്മള് ഒരുപാട് നേരം കിനാവ് പറഞ്ഞിരുന്നത്.? ‘
ആ ഹോസ്പിറ്റൽ വരാന്തയില്‍ ഫോണുമായി സ്വയം മറന്നു നിൽക്കുന്ന നൂറയുടെ ഓര്‍മകളില്‍ പുഞ്ചിരി വിടര്‍ന്നു. പതിനാലാം രാവിലെ പൂര്‍ണ്ണ ചന്ദ്രനെ പോലെ ആദിവസം അവളുടെ ഓര്‍മകളില്‍ തെളിഞ്ഞു.
*
2042 ഡിസംബര്‍ 26
അതൊരു വെള്ളിയാഴ്ചയായിരുന്നു. റസാന്റെ ഇരുപത്തി രണ്ടാം വയസിലായിരുന്നുവത്. ദര്‍സില്‍ നിന്ന് ലീവിന് വേണ്ടി നാട്ടിലെത്തിയതാണ് അവന്‍. ക്രിസ്തുമസ് വെക്കേഷനായത് കൊണ്ടു തന്നെ യൂനിവേഴ്‌സിറ്റി കോളേജും ലീവാണ്.
സുബ്ഹ് നിസ്‌കാര ശേഷം പള്ളിയില്‍ നിന്ന് ഖുര്‍ആന്‍ ഓടുകയായിരുന്നു അവൻ .
‘ ലി കുല്ലി നബഇന്‍ മുസ്തകര്‍റുന്‍ വ സൗഫ തഅ്‌ലമൂന്‍’
സൂറത്തുല്‍ അന്‍ആമിലെ അറുപത്തി ഏഴാമത്തെ ഈ സൂക്തത്തിലെത്തിയപ്പോള്‍ മനസ്സിനൊരു സ്‌ട്രൈകിങ്. ഒരു നിമിഷം ഒന്ന് നിറുത്തി. ആയത്തിലൂടെ തന്നെ അവന്‍ പലതവണ മനസ്സു കൊണ്ട് സഞ്ചരിച്ചു. കാരണം ഈ സൂക്തമായിരുന്നു ഇന്നലെ അബൂബക്കര്‍ ഉസ്താദിന്റെ ക്ലാസിലെ(സബ്ഖ്) ചര്‍ച്ച.
വ്യാഴാഴിയിച്ചകളില്‍ രാവിലെ പതിനൊന്ന് മുതല്‍ പന്ത്രണ്ടു വരെ അബൂബക്കര്‍ ഉസ്താദിന്റെ സബ്ഖാണ് പതിവ്.
വീക്കെന്‍ഡ് ലീവിന് വേണ്ടി കോളേജ് അവധി പ്രഖ്യാപിക്കാറും വ്യാഴായിച്ചകളിലെ ഉസ്താദിന്റെ സബ്ഖിന് ശേഷമാണ്. അതിനാല്‍ തന്നെ ലീവ് പ്രഖ്യാപിക്കുന്ന ഇത്തരം ദിവസങ്ങളില്‍ ഉസ്താദിന്റെ സബ്ഖിലായിരിക്കില്ല കുട്ടികളുടെ ശ്രദ്ധ. എല്ലാവരും വീട്ടില്‍ പോകുവാനുള്ള തിരക്കുകളിലും ഒരുക്കങ്ങളിലുമായിരിക്കും. അത്തൊരുമൊരു വ്യാഴായിച്ചയായിരുന്നു അന്ന് . അടക്കിപ്പിടിച്ചും ഉസ്താദിനെ ഒളിഞ്ഞുനോക്കിയും കുട്ടികള്‍ പരസ്പരം വര്‍ത്തമാനം പറയുന്നത് കണ്ടാലും ഉസ്താദത് കണ്ടില്ലെന്ന് നടിക്കും. ഈ സമയത്ത് ഇവരോട് ശ്രദ്ധിക്കാന്‍ പറഞ്ഞ് ഉപദേശം കൊടുത്ത് സമയം മെനെക്കെടുത്തുന്നതിനെക്കാള്‍ നല്ലത് ശ്രദ്ധിക്കുന്നവര്‍ക്ക് വേണ്ടി രണ്ടക്ഷരം പറഞ്ഞു കൊടുക്കുന്നതാണെന്ന ബോധ്യം ഉസ്താദിന് നന്നായിട്ടുണ്ടായിരുന്നു.
അങ്ങനെയാണ് ഉസ്താദ് ഈ സൂക്തത്തെ വിശദീകരിച്ചു കൊണ്ട് പല തഫ്‌സീറുകളും(ഖുര്‍ആനിന്റെ വ്യാഖ്യാനങ്ങള്‍) ഉദ്ധരിക്കുകയും ആശയങ്ങള്‍ പറയുകയും ചെയ്തത്. ‘ഓരോ വൃത്താന്തത്തിനും അത് (സത്യമായി) പുലരുന്ന ഒരു സന്ദര്‍ഭമുണ്ട്. വഴിയെ നിങ്ങള്‍ അതറിഞ്ഞു കൊള്ളും’ ക്ലാസിന്റെ ആദ്യത്തില്‍ ഈ സൂക്തത്തെ പദാനുപദം അര്‍ത്ഥംവെച്ചതിന് ശേഷം തന്റെ പതിവ് വിശദീകരണങ്ങള്‍ക്കിടയില്‍ ഉസ്താദ് ഒരു കാര്യം കൂടെ ചേര്‍ത്തു പറഞ്ഞു. അതായിരുന്നു മനസ്സിനെ കൂടുതല്‍ ആകര്‍ഷിച്ചത്.
‘മുസ്തഖര്‍റ് എന്നാല്‍ സ്ഥിരപ്പെട്ടതാണ് എന്ന അര്‍ത്ഥത്തില്‍ പ്രയോഗിക്കുന്ന പദമാണ്. അങ്ങനെ നോക്കുമ്പോള്‍ ഈ ലോകത്തുള്ള മുഴുവന്‍ അറിവുകളും സ്ഥിരമാണ് എന്ന തലത്തില്‍ നിന്നു കൂടെ ഈ സൂക്തത്തെ നമുക്ക് വായിച്ചെടുക്കുവാന്‍ സാധിക്കും.
അഥവാ ഈ ലോകത്തുള്ള വൃത്താന്തങ്ങളെല്ലാം സ്ഥിരപ്പെട്ടതാണ്. അവകൾ നശിക്കുകയില്ല. അങ്ങനെയാണെങ്കില്‍ ഒരു പക്ഷെ, ഭാവിയില്‍ ആദം നബിയുടെ(അ) ശബ്ദവും ഹബീബായ നബി ﷺ തങ്ങളുടെ സംഭാഷണ ശകലങ്ങളുമെല്ലാം അന്തരീക്ഷത്തില്‍ നിന്നും പിടിച്ചെടുക്കുന്ന സംവിധാനങ്ങള്‍ വന്നു കൂടായികയില്ല…’
വളരെ യാദൃശ്ചികമെന്നോണം ഉസ്താദ് അത് പറഞ്ഞു പോയെങ്കിലും ആ സെന്റെന്‍സ് മനസ്സില്‍ ആഞ്ഞു പതിഞ്ഞു.
‘ ഇങ്ങനെ മുമ്പ് തന്റെ മനസ്സ് പിടഞ്ഞ ഒരു സമയം പണ്ട് ഉമ്മി സൂര്യനെ പിടിച്ചു നിറുത്തിയ ഹബീബിന്റെﷺ കഥ പറഞ്ഞപ്പോഴാണ്. അന്ന് ഹബീബ് സമയത്തെ പിടിച്ചു നിറുത്തിയിരുന്നു!. അതുപോലെ സമയങ്ങൾ പിടിച്ചു നിറുത്തപ്പെടാൻ സാധിക്കുന്ന ഒന്നാണെന്ന് തെളിയിക്കപ്പെട്ടാലോ?’
ഏതായാലും, ഉസ്താദിന്റെ സബ്ഖിലിരിക്കുവാനുള്ള ഒരാവേശം തന്നെ ഇതുപോലെയുള്ള ചര്‍ച്ചകളുണ്ടാവും എന്നതാണ്. ആദ്യം കേള്‍ക്കുമ്പോള്‍ ‘ഇയാളിതെന്തു ഭ്രാന്താണ് പറയുന്നതെ’ന്ന് കേള്‍വിക്കാര്‍ക്ക് തോന്നുമെങ്കിലും ഒന്നു കൂടെ ഇരുന്ന് ചിന്തിച്ചാല്‍ ആ പറഞ്ഞതില്‍ കാര്യമുണ്ടല്ലോയെന്ന് നമ്മുടെ ബുദ്ധി നമ്മോട് തര്‍ക്കിക്കും.
അന്നുസ്താദിന്റെ സബ്ഖിലിരുന്ന് അങ്ങനെയൊരു സുന്ദര സമയത്തെ കുറിച്ചും ഹബീബിന്റെ ﷺ മധുരിത ശബ്ദത്തിന്റെ ലയന ഭംഗിയില്‍ താന്‍ ആസ്വദിച്ചിരിക്കുന്നതുമെല്ലാം കിനാവ് കണ്ടിരുന്നു. ഉസ്താദ് ഈ പറഞ്ഞതിന്റെ സാധ്യതകളെ കുറിച്ച് ആലോചിക്കേണ്ടതില്ലേയെന്ന് തലപുകഞ്ഞതുമാണ്.
ഉമ്മിയുമായി ഈ കാര്യം ഒന്ന് ചര്‍ച്ച ചെയ്യണം എന്ന് മനസ്സില്‍ കരുതിയിരുന്നു. പക്ഷെ, എന്തോ മറന്നു പോയി. ദ വീണ്ടും ഖുര്‍ആന്‍ തന്നെ അതോര്‍മിപ്പിച്ചിരിക്കുന്നു.!
റസാന്റെ മുമ്പിലപ്പോള്‍ ചുറ്റിലുമുള്ള അന്തരീക്ഷത്തില്‍ ഒളിഞ്ഞിരിക്കുന്ന പൂര്‍വീകരുടെ ശബ്ദ വീചികളായിരുന്നു. പലരും തന്നോട് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. വളരെ ഉച്ചത്തില്‍ തന്നെ. പക്ഷെ, തനിക്കത് കേള്‍ക്കുവാന്‍ സാധിക്കുന്നില്ലായെന്നേയുള്ളൂ. തനിക്കും ആ ശബ്ദങ്ങള്‍ക്കുമിടയില്‍ ആരോ മറയിട്ടത് പോലെ. ആ മറ തനിക്ക് നീക്കണം. താനത് നീക്കും. എന്തോ തീരുമാനിച്ചിട്ടെന്ന പോലെ അവന്‍ വിശുദ്ധ ഖുര്‍ആന്‍ മടക്കി തിരിച്ച് ശെല്‍ഫിലേക്ക് തന്നെ വെച്ചു.
പള്ളിയില്‍ നിന്ന് തലയും താഴ്ത്തി ആലോചന നിരതനായി വീട്ടിലേക്ക് നടക്കുന്ന അവനെ കണ്ടാല്‍ ആരോ കീ കൊടുത്തു വിട്ട പാവയാണെന്ന് തോന്നും. കാരണം പരിചയക്കാര്‍ പലരും അടുത്ത് വന്ന് സലാം പറഞ്ഞിട്ടുപോലും അവരുടെ മുഖചിത്രങ്ങളോരോന്നും അവന്റെ കണ്ണുകളുടെ റെറ്റിനയില്‍ പതിഞ്ഞിട്ടും ആ ചിത്രങ്ങളൊന്നും ബ്രയിനിലേക്ക് സഞ്ചരിച്ചില്ല.
**
‘ എന്തടാ…എന്തുപറ്റി, മുഖത്തൊരു വല്ലായ്മാ…ആരേലും എന്തേലും പറഞ്ഞോ….’
ഗാഢമായിട്ടെന്തോ ആലോചനയുമായി വീടിന്റെ മുറ്റത്തേക്ക് കയറി വരുന്ന റസാനെ നോക്കി സിറ്റൗട്ടില്‍ നിന്ന് ഇറങ്ങി വന്നുകൊണ്ട് നൂറ വിളിച്ച് ചോദിച്ചു. പക്ഷെ, ആ ചോദ്യം അവന്‍ കേട്ടില്ലായെന്ന് തോന്നുന്നു. നൂറ സംശയത്തോടെ അവനെ തന്നെ നോക്കി കൊണ്ട് ഒന്നുകൂടെ അടുത്തേക്ക് ഇറങ്ങി ചെന്നു.
‘ ഹേയ്…വീടെത്തിയതൊന്നും അറിഞ്ഞില്ലേ….തെന്തൊരു ആലോചനായാണ് മൊയ്‌ല്യാരേ’
അവന്റെ മുമ്പിലെത്തി; തോളിലൊന്ന് പിടിച്ചു കുലുക്കിയതിന് ശേഷം നൂറ ചോദിച്ചു. ഏതോ സ്വപ്‌നത്തില്‍ നിന്നുണര്‍ന്നവനെ പോലെ പെട്ടെന്ന് തല ഉയര്‍ത്തി കൊണ്ട് അവന്‍ ചുറ്റുപാടും നോക്കി. വീട്ടിലാണെന്നറിഞ്ഞപ്പോള്‍ അവന്‍ ഉമ്മിയെ നോക്കി ചിരിച്ചു.
‘ എന്തേ ഉമ്മീ. ങള് മുറ്റത്തെറങ്ങി നിക്കണത്….?’
ചെറു പുഞ്ചിരിയോടെ അവനെയൊന്നിരുത്തി നോക്കിയതിന് ശേഷം ഉമ്മി ചോദിച്ചു:
‘അ…അ ഇപ്പൊ എനിക്കായല്ലോ കുറ്റം…എന്താണിപ്പോ ഉമ്മിന്റെ കുട്ടിക്ക് അയ്‌ന് മാത്രം ആലോചിക്കാനുള്ളത്…വല്ലവളേം വിളിച്ച് വീട്ടില്‍ കേറ്റാന്‍ പ്ലാനുണ്ടോ…?’
‘ഹാ…ആലോചനയിലുണ്ട്….ങ്ള്‍ക്ക് വല്ല ആഗ്രഹവും ഉണ്ടോ…’ അവന്‍ ഉമ്മിയുടെ തോളിലൂടെ കൈയ്യിട്ട് കോലായിലേക്ക് കയറുന്നതിനിടക്ക് ചിരിച്ചു കൊണ്ട് ചോദിച്ചു. സംശയ രൂപേണ തല തിരിച്ചു കൊണ്ട് നൂറ അവനെയൊന്ന് രൂക്ഷമായി നോക്കി.
‘ എന്ത് ആഗ്രഹം…? ‘
‘അല്ലാ, എന്റെ മരുമോള്‍ ഇങ്ങനെയൊക്കെ ആയിരിക്കണം…ഇങ്ങനെയൊക്കെ ആകാന്‍ പടില്ലാന്ന്….’ റസാന്‍ മുഖത്തെ പുഞ്ചിരിയൊളിപ്പിച്ചു കൊണ്ട് പറഞ്ഞു.
ഇതേ സംസാരം താന്‍ മുമ്പെവിടെയോ കേട്ടിട്ടുണ്ടല്ലോയെന്ന് നൂറ ഒരു നിമിഷം ആലോചിച്ചു. ഫാതിഹ് ഡോക്ടറും ഉമ്മയും തമ്മില്‍ ഡോക്ടറുടെ കല്യാണാലോചനാ സമയത്ത് നടന്ന ഒരു സംഭാഷണം കല്യാണം കഴിഞ്ഞയുടനെ അദ്ദേഹം തന്നോട് രസകരമായി പങ്കുവെച്ചത് നൂറയുടെ മനസ്സിലേക്ക് തികട്ടി വന്നു. അന്ന് ഉമ്മയു ഇതേചോദ്യം ചോദിച്ചപ്പോൾ ഡോക്ടര്‍ ഇതോ ഇതിനു സമാനമായതോ ആയ മറുപടിയാണ് പറഞ്ഞത്. ഏതായാലും ആ വാപ്പന്റേതല്ലേ മകന്‍ ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാല്‍ മതി. ആലോചനയിലായിരുന്ന നൂറ മുഖം കൊണ്ട് ചിരിച്ചു. തുടര്‍ന്ന് ഇടത് കൈ കൊണ്ട് അവന്റെ തോളില്‍ ചെറുതായിട്ടൊന്ന് അടിച്ചു കൊണ്ടവള്‍ തമാശ രൂപേണ ചോദിച്ചു.
‘അയ്യടെ, ചെക്കനോട് താമാശക്കൊന്ന് ചോദിച്ചപ്പോഴേക്കും അത് കാര്യമാക്കിയല്ലേ….? ‘
‘അഫ്രി എഴുന്നേറ്റോ….’
‘ആ…അവള് നീ പള്ളില്‍ പോകുമ്പോള്‍ എഴുന്നേറ്റിട്ടുണ്ടല്ലോ…കിച്ചണില്‍ കാണും… അല്ല നീ വിഷയം മാറ്റാതെ എന്താണ് ഉമ്മിന്റെ കുട്ടി അലോചിച്ചീന്യതെന്ന് പറഞ്ഞൊണ്ടാ’
രണ്ട് പേരും സിറ്റ്വൗട്ടിലെ ചെയറില്‍ ഇരിക്കുന്നതിനിടക്ക് നൂറ വീണ്ടും ചോദിച്ചു. അല്‍പ്പ സമയം കൂടെ ആലോചനയില്‍ മുഴുകിയതിന് ശേഷം റസാന്‍ പതുക്കെ പറഞ്ഞു.
‘ ഒകെ.. ഞാന്‍ പറയാം, പക്ഷെ ഡോക്ടര്‍ നൂറ ഞാന്‍ പറയുന്നത് കേട്ട് ഇതിനെ ഏത് സെന്‍സിലാണ് എടുക്കുകായെന്നൊന്നും എനിക്കറിയൂലാ. നമ്മള് പാവം ഒരു ദര്‍സ് വിദ്യാര്‍ത്ഥിയാണേ. അതോണ്ട് പൊട്ടത്തരം ആണേലും സഹിച്ചിരുന്ന് കേട്ടോണം’
റസാന്‍ പറയുന്നതിന് മുമ്പു തന്നെ മുന്‍കൂര്‍ ജാമ്യമെടുത്തു.
‘ ആ നോക്കാം, നീ പറ. നിനക്കിപ്പോള്‍ പൊട്ടതരം പറയാനും അത് കേള്‍ക്കാനും ഞാനൊരാളെങ്കിലും ഉണ്ടല്ലോ. അതിനെ കുറിച്ച് ഞാനെന്ത് പറയണം എന്നത് നീ കാര്യം പറഞ്ഞതിന് ശേഷം നമുക്കാലോചിക്കാം..’ നൂറ ചിരിച്ചു.
റസാന്‍ പറഞ്ഞു തുടങ്ങി:
‘ ഉമ്മീ…ഇന്നലെ അബൂബക്കര്‍ ഉസ്താദ് തഫ്‌സീര്‍ സബ്ഖ് എടുക്കുന്നതിനിടെയില്‍ പറഞ്ഞ ഒരു ആശയം എനിക്ക് വല്ലാതെ സ്‌ട്രൈകിങായി തോന്നി. അതിന്റെ സാധ്യതകളെ കുറിച്ചാലോചിക്കുകയായിരുന്നു ഞാന്‍’
‘ നീ എന്താണ് ആശയംന്ന് പറ…’
നൂറ ആവേശത്തോടെ റസാന് ചെവിക്കൊടുത്തു. അവന്‍ തന്റെ ചിന്തകള്‍ മുഴുവന്‍ ഉമ്മിയുമായി പങ്കുവെച്ചു. കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞപ്പോള്‍ നൂറ അവന്റെ മുഖത്തേക്ക് ഒന്ന് കൂടിയിരുത്തി നോക്കിയതിന് ശേഷം അവനെ തന്നിലേക്ക് ചേര്‍ത്തു നിറുത്തി മൂര്‍ദ്ധാവില്‍ ചുമ്പിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു :
‘ എന്ത് രസമുള്ള ആശയം! അല്ലേ….’
നൂറ കിനാവ് കാണുന്ന രൂപത്തില്‍ പറഞ്ഞു.
‘ ഹബീബിന്റെ ﷺ കാലത്തേക്കൊരു തിരിച്ചു പോക്ക്, ഹാ… അതും ഈ കെട്ടകാലത്തില്‍ നിന്ന്. അത്തരം ആലോചനയില്‍ നില്‍ക്കുന്നതിന് പോലും എന്തു ഭംഗിയാണ്…!’
നൂറ വാചാലയായി. റസാനറിയാമായിരുന്നു താന്‍ പറഞ്ഞത് പൊട്ടത്തരമാണെങ്കില്‍ പോലും ആ ആശയത്തെ ഉമ്മി ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന്. കാരണം ഹബീബായ നബി ﷺ തങ്ങളുടെ ശബ്ദത്തെ തിരിച്ചെടുക്കാന്‍ ശ്രമിക്കുക.! ആ കാലഘട്ടത്തെ റീ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കുക.! തിരുപ്രണയത്തിന്റെ അലൗകികതയില്‍ സ്വയം സമര്‍പ്പിതയായ ഉമ്മിക്ക് താന്‍ പറയുന്ന ഓരോ വാക്കുകളും സ്വര്‍ഗ സമാനമായിരുന്നിരിക്കണം. താനിത് പറഞ്ഞപ്പോള്‍ ഉമ്മിയുടെ കണ്ണുകള്‍ സജ്ജലമായതിന് കാരണവും ഇതു തന്നെയാണ്. ആ ഓര്‍മകളിൽ ജീവിക്കുന്ന ഒരാൾക്ക് ആ സൗകുമാര്യത നിത്യവസന്തമായി പൂത്തിരുന്ന ഒരു കാലത്തിലേക്കുള്ള തിരിച്ചു പോക്കിനെക്കാള്‍ മഹത്തരമായ മറ്റെന്തുവേണം!
( തുടരും….) ©️
✍️ Rilwan Aboobaker Adany
919567879684 (Wtsap Me)
…………………………………
വായനക്കാര്‍ ഈ സ്വലാത്ത് ഒരു തവണയെങ്കിലും ചൊല്ലാന്‍ മറക്കല്ലേ.
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ والنَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
(നിരവധി പ്രത്യേകതകളുള്ള സ്വലാത്തായ സ്വലാത്തുൽ ഫാതിഹാണിത്)