ഹബീബിനെ ﷺ തേടി 03
‘ഇനിയൊരുപക്ഷെ, നമ്മള്‍ തമ്മില്‍ നേരിട്ട് കാണാന്‍ സാധ്യതയില്ലായെന്ന് ഉമ്മിയോടൊന്ന് പറയണം. അതോണ്ട്, അവസാനമായിട്ട് എന്നോട് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍ ഉമ്മിയോട് എത്രയും പെട്ടെന്ന് എന്നെ തിരിച്ചു വിളിക്കാന്‍ പറയൂ…’
എന്തായിരിക്കും അവന്‍ അങ്ങനെ പറയാനുള്ള കാരണം? താന്‍ ഡോക്ടറോട് ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ലായെന്ന് പറഞ്ഞതിലുള്ള ദേഷ്യം അവന്റെ സംസാരത്തില്‍ വ്യക്തമാണ്. ഇനിയവന്‍ പറഞ്ഞത് ശരിയാണെങ്കില്‍ നൂറ മാഡം ഇപ്പോള്‍ ചെയ്യുന്ന സര്‍ജറിയെക്കാള്‍ തീര്‍ച്ചയായും അവര്‍ ആദ്യ ശ്രദ്ധ കൊടുക്കേണ്ട കാര്യം ഇതു തന്നെയാണ്. എത്രയും പെട്ടെന്ന് മാഡത്തോട് വിവരങ്ങള്‍ ധരിപ്പിക്കണം.
രണ്ടും കല്‍പ്പിച്ച് ഡോക്ടര്‍ ലക്ഷ്മി തിയേറ്ററിനുള്ളിലേക്ക് നടന്നു.
തന്റെ സര്‍വ്വ ശ്രദ്ധയും സര്‍ജറിയില്‍ അര്‍പ്പിച്ച നൂറയുടെ പുറകില്‍ ചെന്ന് ഡോക്ടര്‍ ലക്ഷ്മി പതുക്കെ തൊട്ടു വിളിച്ചു
‘മാം…’
ആദ്യ വിളി നൂറ അറിഞ്ഞില്ലെന്ന് തോന്നുന്നു.
‘മാം…പ്ലീസ്…’
ലക്ഷ്മി വീണ്ടും കുറച്ച് ശബ്ദം കൂട്ടി വിളിച്ചപ്പോള്‍. നൂറ പതുക്കെ തല ഉയര്‍ത്തി.
‘യൂ..ഹാവ് എന്‍ അര്‍ജന്റ് കാള്‍ മാം….ഐ തിങ്ക് ഇറ്റ് ഇസ് ഇംപോര്‍ട്ടന്റ്….’ ലക്ഷ്മി നൂറ എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് പറഞ്ഞു.
‘ഹൂ ഇസ് ഇറ്റ്’ കണ്‍ പുരികങ്ങള്‍ രണ്ടും വക്രിച്ചതിന് ശേഷം ആരാണത് എന്ന ഭാവത്തില്‍ നൂറ ലക്ഷ്മിയെ നോക്കി.
‘ ഇറ്റ്‌സ് ഫ്രം റസാന്‍…ഹീ സേയ്‌സ് മേ ബി ഹീ വില്‍ നെവര്‍ സീ യു എഗേയിന്‍…’ റസാന്‍ തന്നോട് പറഞ്ഞതിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ ഡോക്ടര്‍ ലക്ഷമി നൂറയോടും പറഞ്ഞു.
‘പ്ലീസ് ടേക് കെയര്‍ ഓഫ് ദിസ് വണ്‍, ഐ തിങ്ക് യു കാന്‍ ഹാന്‍ഡില്‍ ദിസ്’
ഒരു നിമിഷം ഒന്ന് ശങ്കിച്ച് നിന്നതിന് ശേഷം നൂറ ലക്ഷ്മിയോട് പറഞ്ഞു.
‘ശുവര്‍ മാം…ഐ വില്‍’
ലക്ഷ്മി സംശയമൊന്നും കൂടാതെ പറഞ്ഞു.
നൂറ ഫോണുമായി തീയ്യേറ്ററിന് പുറത്തേക്ക് നടന്നു. എന്തായിരിക്കും അവന്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം? ഇനി ഡോക്ടര്‍ ലക്ഷ്മിയെങ്ങാനും അവന്‍ പറഞ്ഞത് തെറ്റായി കേട്ടതാണോ? അതല്ല, അവന് വല്ല അപായവും സംഭവിച്ചിട്ടുണ്ടോ…?’ അവരുടെ മനസ്സില്‍ നൂറുകൂട്ടം സംശയങ്ങള്‍ വന്നു നിറഞ്ഞു.
‘യാ…റബ്ബ്, നീ കാക്കണേ….’
മനസ്സ് നൂലറ്റ പട്ടം പോലെ അടിയുലഞ്ഞ് പറക്കുവാന്‍ തുടങ്ങി. സ്വലാത്തുകള്‍ അവരുടെ നാവിലൂടെ വരിഞ്ഞൊഴുകി. എന്തുപ്രതിസന്ധിയുണ്ടെങ്കിലും സ്വലാത്തുകളില്‍ അഭയമുണ്ടെന്ന് നൂറയെല്ലാവരോടും പറയുന്ന കാര്യമാണ്.
അതുകൊണ്ടു തന്നെ മനസ്സിരുത്തി കണ്ണുകളിറുക്കിയടച്ചതിന് ശേഷം സ്വലാത്തുന്നാരിയ മൂന്നു തവണ ചൊല്ലി.
പ്രശ്‌നപരിഹാരത്തിന് നൂറയുടെ മനസ്സിലേക്ക് ആദ്യം ഉദിച്ചു വരുന്ന സ്വലാത്താണ് സ്വലാത്തുന്നാരിയ്യ! പുതുതായി വല്ല സ്വലാത്തുകളെയും കുറിച്ചു കേട്ടാല്‍ അവയെ കുറിച്ച് ആവേശത്തോടെ പഠിക്കലാണ് പ്രധാന ഹോബികളിലൊന്ന്. അതുകൊണ്ടു തന്നെ പ്രശ്‌ന പ്രതിവിധികള്‍ക്ക് അമൂല്യമായ രത്‌നമാണ് സ്വലാത്തുന്നാരിയായെന്ന് അവള
രെല്ലാവരോടും അത്ഭുതം പറയാറുണ്ട്.
സ്വലാത്തുന്നാരിയയുടെ പവിത്രതകളും പ്രത്യേകതകളും മനസ്സില്‍ ഉള്‍ക്കൊണ്ടു തന്നെയാണ് അവർ ഓരോ സ്വലാത്തും ചൊല്ലാറുള്ളത്.
അഗ്നി വസ്തുക്കളെ കത്തി നശിപ്പിക്കുന്നതിനെക്കാള്‍ വേഗത്തില്‍ കാര്യങ്ങളെ സാധൂകരിക്കാന്‍ ഫലപ്രാപ്തിയുള്ള സ്വലാത്തായതിനാലാണ് ഇതിനിങ്ങനെ പേരുവന്നത്. തഫ്‌രീജിയ്യ (പ്രശ്‌ന പരിഹാരം) എന്നാണ് മഹാപണ്ഡിതരായ ഇമാം ഖുര്‍തുബി ഈ സ്വലാത്തിന്ന് പേര് പറഞ്ഞത്. മൊറോക്കന്‍ രാജ്യങ്ങളിലെ പണ്ഡിതന്മാര്‍ക്കിടയിലാണ് ഇതിന് സ്വലാത്തുന്നാരിയ എന്ന പേര് വ്യാപകമായത്. പ്രയാസങ്ങള്‍ നീങ്ങുന്നതിന് പ്രത്യേക സദസ്സുകള്‍ സംഘടിപ്പിച്ച് ഈ സ്വലാത്ത് പാരായണം ചെയ്യുന്ന രീതി അവര്‍ക്കിടയില്‍ ഇന്നും വ്യാപകമാണ്.
ഇമാം ഖുര്‍തുബീ (റ)യും ഇമാം ഹാഫിള് ഇബ്‌ന അസ്ഖലാനിയും പറയുന്നത് ഈ സ്വലാത്തിന്റെ എണ്ണം 4444 എന്നാണ്. മിഫ്താഹു കന്‍സില്‍ മുഹീഥ് (സമഗ്ര നിധികളുടെ താക്കോല്‍) എന്ന പേരിലാണ് സൂഫീ ലോകത്ത് ഈ പേര് വ്യാപകമായത്. ശൈഖ് അബുല്‍ ഹസന്‍ ശാദുലീ (റ)വിന്റെ ആത്മീയ ഗുരു അബ്ദുസ്സലാം ഹശീശ് എന്നവരുടെ വിര്‍ദാണ്(പതിവ്) നാരിയ്യത്തുസ്വലാത്ത് എന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത്. സ്വലാത്തുന്നാരിയയുടെ ഒരു ചെറുവിവരണം നൂറയുടെ മനസ്സിലൂടെ ഓട്ടപ്രദിക്ഷണം വെച്ചു കടന്നു പോയി.
മനസ്സൊന്ന് ശാന്തമായപ്പോള്‍ അവളുടെ വിരലുകള്‍ ഫോണിന്റെ ഡയല്‍ ബട്ടണിലേക്ക് വ്യഗ്രതപ്പെട്ടു. മറുതലക്കല്‍ ആദ്യ റിങില്‍ തന്നെ ഫോണെടുത്തു.
‘ഹോലോ….അസ്സലാമു അലൈക്കും…റസീ എന്തേടാ…നിനക്കെന്തുപ്പറ്റി…? ‘
മുഖവുരയൊന്നും കൂടാതെ ; മകനെന്തോ അപകടം പിണഞ്ഞാല്‍ ഒരു മാതാവിനുണ്ടാവാന്‍ സാധ്യതയുള്ള മുഴുവന്‍ മാനസിക സങ്കര്‍ഷവും നൂറയപ്പോള്‍ അനുഭവിക്കുന്നുണ്ടെന്ന് ആ ശബ്ദത്തില്‍ നിന്ന് വ്യക്തമാണ്. ഉമ്മിയുടെ സംസാരത്തില്‍ പ്രകടമായ ഭയം കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു റസാന്‍ ഒന്ന് നിശബ്ദനായി. ശേഷം വളരെ സൗമ്യനായി സലാം മടക്കിയിട്ട് പറഞ്ഞു.
‘ഡോണ്ട് ബി പാനിക് ഉമ്മീ…, യു ഹാവ് എ സര്‍പ്രൈസ്…!’
ശാന്തമായ അവന്റെ ശബ്ദം കേട്ടത് കൊണ്ടായിരിക്കണം നൂറയുടെ മുഖം ഒന്ന് തെളിഞ്ഞു.
‘നീയെന്നെ പേടിപ്പിച്ചു കളഞ്ഞല്ലോടാ….! പേടിക്കാനില്ലാന്ന് എന്നോടിപ്പോ പറഞ്ഞിട്ട്….ഇനി നമ്മള്‍ തമ്മില്‍ കാണില്ലാന്നൊക്കെയാണോ ലക്ഷ്മി ഡോക്ടറോട് പറഞ്ഞത്.? അവരാണെങ്കില്‍ അതങ്ങനെ തന്നെ എന്നോട് വന്ന് പറയുകയും ചെയ്തു. അങ്ങനൊയൊക്കെ പറഞ്ഞാല്‍ എന്റെ അവസ്ഥ എന്തായിരിക്കുമെന്നൊന്ന് നിനക്കൊന്ന് ചിന്തിച്ചൂടായിരുന്നോ…?’
ഒരു നിമിഷം നഷ്ടപ്പെട്ടു എന്ന് കരുതിയ; ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയ സന്തോഷവും അതേ സമയം തന്നെ അത്തരം ഒരു സാഹചര്യത്തില്‍ തന്നെ നിറുത്താനുണ്ടായ കാരണത്തിലുള്ള സങ്കടവും നൂറയുടെ സംസാരത്തില്‍ ഒരേസമയം ഉള്‍ച്ചേര്‍ന്നിരുന്നു.
‘ഓകെ…സോറി, ഇവിടെ ഇപ്പോ സമയമെത്രയാണെന്നറിയുമോ ഉമ്മിക്ക്. പുലര്‍ച്ചേ മൂന്നു മണി. ഈ അസമയത്ത് ഞാനുമ്മിയെ പ്രയാസപ്പെടുത്താന്‍ വിളിക്ക്വോ. ഇല്ലല്ലോ? അതോണ്ട് ഞാനെന്റെ സര്‍പ്രൈസ് പറയുമ്പോള്‍ ഉമ്മിക്ക് ഒക്കെ മനസ്സിലാവും. അതുവരെ ഒന്ന് ക്ഷമിയുമ്മി….’
റസാന്‍ ക്ഷമ ചോദിച്ചതിന് ശേഷം ചെറുതായിട്ടൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.
‘സര്‍പ്രൈസോ…!? നീ ആളെ കുഴക്കാതെ കാര്യം പറ…, എനിക്ക് ആ സര്‍ജറി പൂര്‍ത്തിയാക്കാന്‍ പോലും സമയമ്മില്ലാത്ത എന്തു സര്‍പ്രൈസാടാ…? ‘
മകന് പ്രത്യേകിച്ച് അത്യഹിതമൊന്നുമില്ലായെന്ന ബോധ്യത്തിലേക്ക് വന്നത് കൊണ്ടായിരിക്കണം നൂറക്ക് വീണ്ടും തന്റെ പൂര്‍ത്തിയാക്കാത്ത സര്‍ജറിയെ കുറിച്ച് ഓര്‍മ്മ വന്നതെന്ന് തോന്നുന്നു.
അതു കൊണ്ടു തന്നെ നൂറയുടെ മുഖത്ത് ദേഷ്യവും സന്തോഷവും സമ്മിശ്രമായ ഒരുവികാരമുണ്ടായിരുന്നുവപ്പോള്‍.
‘ഉമ്മീ…ഡു യു ഹാവ് എനി ഐഡിയാസ് വേര്‍ ഐം സപ്പോസ് ടു ഗോ…? ‘
റസാന്‍ വല്ലാത്ത ആകാംശയില്‍ ചോദിച്ചു.
‘ഇവനിത് എങ്ങോട്ട് പോകുന്ന കാര്യത്തെ കുറിച്ചാണ് പറയുന്നതെന്നോ? ഇത് എന്ത് സര്‍പ്രൈസാണെന്നോ? എത്ര ആലോചിച്ചിട്ടും പിടിക്കിട്ടാതെ നൂറയുടെ തലപുകഞ്ഞു. അല്‍പ്പ സമയം കാത്തിരുന്നിട്ടും മറുപടിയൊന്നും ലഭിക്കാതിരുന്നതിനാലാവാം റസാന്‍ വീണ്ടും ചോദിച്ചു.
‘ഹലോ….ആര്‍ യു തേര്‍….? ഡു യു ഹാവ് എനി ഗസ്സസ്…?’
മുഖത്തൊരു ചെറു പുഞ്ചിരി വിടര്‍ത്തി റസാന്‍ തന്റെ ചോദ്യം ആവര്‍ത്തിച്ചു.
‘നോ…ഐ ഹാവ് നോ ഐഡിയ…നീ സമയം മെനക്കെടുത്താതെ കാര്യം പറ…. ഏതായാലും നീ ഒരുപാട് നാളായി ഇത്ര ആവേശത്തിലെന്നെയൊന്ന് വിളിച്ച് സംസാരിച്ചിട്ട്…..അപ്പൊ സംഗതി എന്തോ കാര്യപ്പെട്ടതാണ് നീ ഇറങ്ങി തിരിച്ചിരിക്കുന്നതെന്നുറപ്പാണ്’
‘യെസ്…ഉമ്മീ…ഐ തിങ്ക് ടു ഡേ ഈസ് മോസ്റ്റ് പ്രഷ്യസ് ഡേ ഇന്‍ മൈ ലൈഫ്… ജീവിതത്തില്‍ ഇതിനേക്കാള്‍ സന്തോഷകരമായ മറ്റൊരു ദിവസമുണ്ടായിട്ടുണ്ടോയെന്നനിക്കറിയില്ല…! ‘ അത്രയും പറഞ്ഞ് റസാനൊന്ന് നിറുത്തി. അവന്റെ വാക്കുകളിൽ ആവേശം നുരഞ്ഞു പൊന്തിയിരുന്നു. അവനെന്താണ് പറയാന്‍ പോകുന്നതെന്ന് കേള്‍ക്കാനുള്ള കൊതിയോടെ നൂറ കാതുകള്‍ രണ്ടും വട്ടം പിടിച്ച് അക്ഷമയോടെ കാത്തിരുന്നു.
‘ഞാനിത്രയും കാലം കണ്ട, അല്ല ഉമ്മി പറഞ്ഞു തന്ന കഥകളില്‍ നിന്ന് ഞാന്‍ കണ്ട സ്വപ്‌നത്തിന്റെ തൊട്ടരികിലെത്തിയിരിക്കുന്നു ഞാന്‍ ഉമ്മീ….’
സന്തോഷം കൊണ്ട് അവന്‍ സംസാരം പൂര്‍ത്തീകരിക്കാന്‍ നന്നേ പാടുപ്പെട്ടു.
പക്ഷെ, അപ്പോഴും നൂറക്ക് അവന്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നത് എന്നതിനെ കുറിച്ച ഒരയിഡിയയും ലഭിച്ചില്ല . അവളുടെ ആകാശംയോടെയുള്ള കാത്തിരിപ്പ് തുടര്‍ന്നു.
‘ഉമ്മീ…വി ആർ ഗോയിങ് ബാക്ക് റ്റു ദ ടൈം..! ‘ റസാന്‍ ആ സര്‍പ്രൈസ് പുറത്തു വിട്ടു.
….
‘എന്ത്…ബാക് ടു ദ ടൈം…?’
ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ഞെട്ടിതരിച്ചു കൊണ്ട് വിശ്വാസം വരാത്തത് പോലെ നൂറ ആശ്ചര്യത്തോടെ ചോദിച്ചു. അവളുടെ കാതുകള്‍ക്ക് റസാന്‍ പറഞ്ഞത് വിശ്വസിക്കുവാന്‍ സാധിച്ചിട്ടില്ലെന്ന് ഉറപ്പാണ്. നൂറയുടെയെന്നല്ല ലോകത്തുള്ള ഒരാളുടെ കാതുകള്‍ക്കും അവനപ്പോള്‍ പറഞ്ഞതിനെ വിശ്വസിക്കുവാന്‍ സാധിക്കുമായിരുന്നില്ല.
‘ അതെ ഉമ്മീ….ഞങ്ങള്‍ സമയത്തിന്റെ പിറകിലേക്ക് സഞ്ചരിക്കുവാന്‍ സജ്ജമായിരിക്കുന്നു.! ഇൻ ഷ അല്ലാഹ്, നമ്മളൊരുമിച്ചു പറഞ്ഞ ചരിത്ര സന്ധികളിലേക്ക് ഞാന്‍ തിരിച്ചു പോകും! . എന്നിട്ട് അവിടെവെച്ച് ഇവിടെ നിന്ന് കേള്‍ക്കുകയും വായിക്കുകയും ചെയ്തവരെ അടുത്തു കാണണം. ഉമ്മീ.. ഒരുപക്ഷെ, എനിക്ക് ഹബീബിന്റെ ﷺ കാലത്തേക്ക് തിരിച്ചുപോവാന്‍ സാധിച്ചേക്കാം…!’ അവന്‍ ആവേശത്തോടെയും അതിലേറെ തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തില്‍ ലയിച്ചു കൊണ്ടും പറഞ്ഞു നിറുത്തി.
എന്നാല്‍ തന്റെ ഉമ്മിയിപ്പോള്‍ അനുഭവിക്കുന്ന മാനസ്സികാവസ്ഥയെന്തായിരിക്കുമെന്ന് വ്യക്തമായി മനസ്സിലക്കിയിട്ടെന്നോണം അവന്‍ തുടര്‍ന്നു സംസാരിച്ചു.
‘എങ്ങനെ, എപ്പോള്‍, എന്ന് ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോടാ….’
അവൻ സംസാരം തുടരുന്നതിന് മുമ്പ് നൂറയുടെ നാവ് യാന്ത്രികമെന്നോണം ചലിച്ചു. ഒരു ഭ്രാന്തിയെ പോലെ. എന്താണ് ചോദിക്കേണ്ടതെന്നോ റസാന്‍ എന്താണ് പറയുന്നതെന്നോ അവള്‍ക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു.
‘ ഉടന്‍. ഇന്‍ ഷ അല്ലാഹ്, ഇന്നിപ്പോള്‍ ഡേവിഡ് സാറിന്റെ ‘എന്നെ യാത്ര ക്രൂവിലേക്ക് സെലക്ട് ചെയ്തു’ എന്ന് പറഞ്ഞു കൊണ്ടുള്ള മെയില് വന്നിട്ടേയുള്ളു. അതുകണ്ടയുടെനെ ഉമ്മിയോടിതാദ്യം പറയണമെന്ന് തോന്നി. അതാണ് ഈ പുലർച്ചെ ഉറക്കമിളിച്ച് ഞാന്‍ വിളിച്ചത്.’
‘ഡു യു ഹാവ് എനി ഐഡിയ വാട്ട് ആര്‍ യു ടാക്കിങ് എബൗട്ട്.? എടാ കഴിഞ്ഞു പോയ കാലത്തേക്ക് തിരിച്ചു പോവുകയോ…?! ഹൗ ഇറ്റ് ഈസ് ഈവൺ പോസിബിള്‍ ടു തിങ്ക് ? ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ… ആര്‍ യു ശുവര്‍ എബൗട്ട് ദിസ്….!?’ നൂറയുടെ സംസാരത്തില്‍ അവിശ്വസനിയതയുടെ ഏറ്റവും മൂര്‍ത്ത രൂപം നിറഞ്ഞു നിന്നിരുന്നു.
‘ യെസ് ഉമ്മീ വണ്‍ ഹണ്‍ഡ്രഡ് ആന്‍ഡ് ടെന്‍ പേര്‍സെന്റ് ശുവര്‍. ഐ നോ, ഉമ്മിക്കെന്നല്ലാ…ലോകത്തുള്ള ആരോടാണ് ഞാനിത് പറയുന്നതെങ്കിലും അവരിത് വിശ്വസിക്കില്ല. പക്ഷെ, ഞാനിത് പറയുന്ന ആദ്യ ആള്‍ ഉമ്മിയാകണമെന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു…’ റസാന്‍ ശാന്തമായി കൊണ്ട് തുടര്‍ന്നു.
( തുടരും….) ©️
9567879684 (Call Me)
ഹബീബിനെ പ്രണയിച്ചവൾ പുസ്തകം ലഭിക്കാൻ : 7356114436
……………………………………..
വായനക്കാര്‍ ഈ സ്വലാത്ത് ഒരു തവണയെങ്കിലും ചൊല്ലാന്‍ മറക്കല്ലേ….
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ والنَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
(നിരവധി പ്രത്യേകതകളുള്ള സ്വലാത്തായ സ്വലാത്തുൽ ഫാതിഹാണിത്)