ഹബീബിനെ ﷺ തേടി (02)
നൂറയുടെ സ്‌കാര്‍ബിന്റെ പോക്കറ്റില്‍ കിടന്ന് ‘ബീപ്പ്’ ശബ്ദത്തില്‍ ഫോണൊന്ന് ചിലച്ചു കൊണ്ട് നിശ്ചലമായി. നിശബ്ദതയുടെ അന്ധകാരം തളം കെട്ടി നില്‍ക്കുന്ന ആ ന്യൂറോളജി ഓപറേഷന്‍ തീയേറ്റര്‍ ഒരു നിമിഷത്തേക്ക് ശബ്ദമയമായി. സ്‌പൈനല്‍ കോഡിന് ഇന്‍ജുറി പറ്റിയ ഒരു രോഗിയെ ഓപ്‌റേറ്റ് ചെയ്യുന്ന ഡോക്ടര്‍ നൂറയുടെ കൈ കളില്‍ നിന്ന് സര്‍ജിക്കല്‍ നൈഫ് ഒന്ന് വിറച്ചു. അവർ പെട്ടെന്ന് തന്നെ നൈഫ് ഉയര്‍ത്തി.
തൊട്ടടുത്തുണ്ടായിരുന്ന സീനിയര്‍ നേഴ്‌സ് മേഴ്‌സിയുടെ മുഖത്തേക്ക് രൂക്ഷമായൊന്ന് നോക്കി. നൂറ അവരെയങ്ങനെ നോക്കാന്‍ കാരണമുണ്ട്; സാധാരണ സർജറി തുടങ്ങുന്നതിന് മുമ്പ് സിസ്റ്റര്‍ മേഴ്‌സിയാണ് നൂറയുടെ സ്‌കാര്‍ബ് ചെക്ക് ചെയ്യലും അതില്‍ നിന്ന് ഫോണും പുറത്തുവെക്കേണ്ട മറ്റുകാര്യങ്ങളുമെല്ലാം മാറ്റിവെക്കലും. നൂറയുടെ മുഖത്ത് നിന്നും പെട്ടെന്ന് തലതാഴ്ത്തി അവര് വേഗം അവളുടെ സ്‌കാര്‍ബിന്റെ പോക്കറ്റില്‍ നിന്ന് ഫോണെടുത്ത് നെറ്റ് ഓഫ് ചെയ്ത് സൈലന്റ് മോഡിലിട്ട് തൊട്ടടുത്തുണ്ടായിരുന്ന ടേബിളിലേക്ക് മാറ്റി വെച്ചു. നൂറ വീണ്ടും തന്റെ ശ്രദ്ധ മുഴുവന്‍ സര്‍ജറിയിലേക്ക് തന്നെ തിരിച്ചു.
*
മറുതലക്കല്‍ ഫോണ്‍ അറ്റന്റ് ചെയ്യുന്നില്ലെന്ന് കണ്ടപ്പോള്‍ റസാന്‍റെ മനസ്സ് അസ്വസ്ഥപ്പെട്ടു. ഉമ്മിയൊരിക്കലും തന്റെ കോള്‍ എടുക്കാതിരിക്കാറില്ല. ഒരുപക്ഷേ , അത്രയേറെ ഇംപോര്‍ട്ടന്റെുള്ള വല്ല കേസും അറ്റന്റു ചെയ്യുകയാണെങ്കിലൊഴിച്ച്. അതിനീ കൊച്ചു വെളുപ്പാന്‍ കാലത്ത് അത്ര ഇംപോടന്റായ വല്ല കേസും വരുമോ.
റസാന്‍ വാച്ചിലേക്ക് നോക്കി. സമയം പുലര്‍ച്ചെ മൂന്നോടടുത്തിരിക്കുന്നു. നാട്ടിലിപ്പോള്‍ ഏകദേശം ഏഴുമണിയാകുന്നേയുണ്ടാവൂ. സാധാരണ ഉമ്മി വീട്ടിൽ നിന്നിറങ്ങണമെങ്കില്‍ തന്നെ ഒമ്പതാവുമല്ലോ. ആ സൂപ്പര്‍സ്പഷാലിറ്റി ഹോസ്പിറ്റലല്ലെ…ആര്‍ക്ക് എപ്പോള്‍ മെഡിക്കല്‍ എമര്‍ജന്‍സി വരുമെന്ന് പറയാന്‍ സാധിക്കില്ലല്ലോ. ഹോസ്പിറ്റലിനെ സംബന്ധിച്ചിടത്തോളം ഉമ്മിയാണ് അവര്‍ക്കെല്ലാം. റസാന്റെ മനസ്സില്‍ ഉമ്മി ഫോണടുക്കാത്തതിന്റെ പരിഭവവും അതിന്റെ കാരണവും ഒരേസമയം ഓടിക്കൊണ്ടിരുന്നു.
പെട്ടെന്ന് ഒരു നിമിഷം അവന്റെ ചിന്ത മറ്റൊരു തലത്തിലേക്ക് നീങ്ങി. ‘ഉമ്മിയോട് താനെന്താണ് പറയുക…? ഇനിയൊരുപക്ഷേ തനിക്ക് ഉമ്മിയെ കാണാന്‍ സാധിക്കുകയില്ല. തിരിച്ചു വരാന്‍ സാധിക്കുമോ എന്നറിയാത്ത ഒരു യാത്രക്കാണ് താനിപ്പോ സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫോണിലൂടെ പറഞ്ഞാല്‍ ഉമ്മിയത് ഉള്‍ക്കൊള്ളുമോ…?’ അതുവരെ അവന് തന്റെ സന്തോഷം ഉമ്മിയെ വിളിച്ചറിയിക്കണം എന്ന വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ സന്തോഷം തന്റെ ഉമ്മി എങ്ങനെ ഉള്‍ക്കൊള്ളുമെന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല.
‘ ഇല്ല, ഉമ്മി സമ്മതിക്കുമായിരിക്കും. കാരണം ഉമ്മിക്ക് അത്രമേല്‍ ഇഷ്ടപ്പെട്ട ഒരു കാര്യമാണല്ലോ താന്‍ പറയാന്‍ പോകുന്നത്.’ അവന്‍ സ്വയം സമാധാനിച്ചു.
‘പക്ഷെ, താന്‍ തുടർ പഠനത്തിനായി ആദ്യമായി സ്പെയിനിലെ വലൻസിയ യൂനിവേഴ്സിറ്റിയിലേക്ക് യാത്ര തിരിച്ച സമയം മറക്കാനാവില്ല. കാരണം ആദ്യമായിട്ടാണ് ഉമ്മിയേയും അബിയേയും വിട്ട് വീട്ടില്‍ നിന്ന് ഇത്രയും ദൂരേക്ക് മാറി നിൽക്കാൻ പോകുന്നത്.
പതിവുപോലെ അന്നു രാത്രിയും താന്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചത് ഉമ്മിയോടൊപ്പമായിരുന്നൂ.
ആ രാത്രി ഉള്ളില്‍ വിരഹ വേദനയും പേറി റൂമില്‍ പരസ്പരം ഒന്നും മിണ്ടാതെയങ്ങനെ ഇരിക്കുമ്പോള്‍ പെട്ടെന്ന് ഉമ്മി ചോദിച്ചു:
‘എടാ, നീ മുആദ് ബ്‌നു ജബല്‍(റ) തങ്ങളെ ഹബീബ് ﷺ യമനിലേക്ക് ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി പറഞ്ഞയച്ച സംഭവം ഓര്‍ക്കുന്നുണ്ടോ..?’
ഒരു നിമിഷം ഒന്നാലോചിച്ചു. സങ്കടകരമായ പര്യവസാനമുള്ള ചരിത്രമാണത്. വല്ലാത്തൊരു യാത്രയയപ്പാണ്. കൃത്യമായിട്ട് തന്നെ താനത് ഉമ്മിയില്‍ നിന്നു തന്നെ പല തവണ കേട്ടതുമാണ്. പക്ഷെ, ഉമ്മിയുടെ ആ ചോദ്യത്തിന് മുമ്പില്‍ മിണ്ടാതെ നിന്നു. ഉമ്മി നിര്‍വികാരതയോടെ കണ്ണുകള്‍ രണ്ടും ഒരേ ദിശയില്‍ ശ്രദ്ധയൂന്നിക്കൊണ്ട് തുടര്‍ന്നു:
“മക്കാ ഫത്ഹിന് ശേഷം മക്കക്കാരെ ദീന്‍ പഠിപ്പിക്കാന്‍ വേണ്ടി ഹബീബ് ﷺ ഏല്‍പ്പിച്ച മഹാപണ്ഡിതനായിരുന്നു മഹാനവര്‍കള്‍. അവരില്‍ നിന്നും ദീൻ പഠിച്ചിട്ടാണ് പിൽക്കാലത്ത് മക്കയില്‍ ഇസ്ലാമിക പണ്ഡിതര്‍ ഉണ്ടായി വന്നത്.
അങ്ങനെ മക്കയിലെ തന്റെ ദൗത്യം പൂര്‍ത്തീകരിച്ചതിന് ശേഷം മുആദ് തങ്ങള്‍ ഇനി തനിക്ക് ഹബീബിനോടൊപ്പം ﷺ കഴിയാമല്ലോയെന്ന ആവേശത്തില്‍ മദീനയിലേക്ക് തിരിച്ചു. തുടര്‍ന്ന് തിരുസവിധത്തില്‍ തന്നെ ചുറ്റി പറ്റി സന്തോഷത്തോടെ മഹാനവര്‍കള്‍ ജീവിക്കുകയായിരുന്നു.”
ഉമ്മിയുടെ മുഖത്തും ആ സന്തോഷം പ്രകടമാണ്. തുടര്‍ന്നുള്ള ഭാഗം അല്‍പ്പം വ്യസന ഭാവത്തോടെയാണ് ഉമ്മി പറഞ്ഞു തുടങ്ങിയത്.
” ഇസ്ലാമിലേക്ക് ആളുകളെല്ലാം കൂട്ടം കൂട്ടമായി വന്നു കൊണ്ടിരിക്കുന്ന സമയമായിരുന്നുവത് . ഹബീബ് ﷺ വളരെയധികം സന്തോഷത്തിലാണ്. ആയിടക്കാണ് യമനില്‍ നിന്നുള്ള രാജ കുടുംബം ഹബീബിനെ ﷺ സന്ദര്‍ശിച്ചത്. അവിടെയും ആളുകള്‍ ഇസ്ലാമിലേക്ക് ഒഴുകി കൊണ്ടിരിക്കുകയാണെന്ന് അവര്‍ ഹബീബിനോട് ﷺസന്തോഷം പറഞ്ഞു. അവിടുന്ന് നിറഞ്ഞു പുഞ്ചിരിച്ചു.
അവസാനം അവര് ഒരാവശ്യം കൂടെ മുന്നോട്ട് വെച്ചു.
‘നബിയെ ഞങ്ങള്‍ക്ക് കൃത്യമായി ദീന്‍ പഠിപ്പിക്കാന്‍ പറ്റിയ ഒരാളെ വിട്ടു തരണം. യമനിൽ ഇനിയും സംശയത്തോടെ നില്‍ക്കുന്ന കുറച്ചു പേരു കൂടിയുണ്ട്. അവരെക്കൂടെയൊന്ന് നേരെയാക്കിയെടുക്കാനാണ്.’
ഹബീബ് ﷺ ഒരു നിമിഷമൊന്നാലോചിച്ചു. ശേഷം അവിടുന്ന് മുആദ്(റ) വിനെ വിളിപ്പിച്ചു.
‘മുആദ്, നിങ്ങള്‍ യമനിലേക്ക് പോവണം കൂടെ കുറച്ചു പേരെ കൂടെ അയക്കാം യമനില്‍ ചെന്ന് മുസ്ലിംകള്‍ക്ക് വിശുദ്ധ ഖുര്‍ആനും ദീനിന്റെ വിധിവിലക്കുകളും പഠിപ്പിക്കണം’
ഹബീബിന്റെ ﷺ കൂടെത്തന്നെ കഴിയണമെന്നാണ് മുആദ്(റ) വിന് ആഗ്രഹം . അവിടുത്തെ ശ്വാസത്തിലും നിശ്വാസത്തിലും താനുണ്ടാവണമെന്ന് മുആദോരുടെ ഉള്ളം തുടിക്കുന്നുണ്ട്. പക്ഷെ, യമനിലേക്ക് പോവാനാണ് കിട്ടിയ നിര്‍ദ്ദേശം. അവിടുന്ന് പറയുന്ന ദൗത്യം നിര്‍വ്വഹിക്കുകയെന്നതിനപ്പുറം മറ്റൊന്നും ഈ മുആദിന് ചിന്തിക്കാനാവില്ലല്ലോ…’ അത്രയും പറഞ്ഞ് ഉമ്മിയൊന്ന് നിറുത്തി. ഉമ്മിയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. അതുവരെ കട്ടിലിന്റെ ഒരറ്റത്തായിരുന്നിരുന്ന ഞാന്‍ ഉമ്മിയോട് ചേര്‍ന്നിരുന്നു. ഉമ്മി എന്റെ തോളിലേക്ക് തലചാരിവെച്ചതിന് ശേഷം തുടര്‍ന്നു:
‘മുആദ് തങ്ങള്‍ സ്വയം സമാധാനിക്കാന്‍ തുടങ്ങി. ‘ഇതും പുണ്യകര്‍മ്മം തന്നെയാണല്ലോ. തന്റെ ശ്രമഫലമായി ഒരാള്‍ ഇസ്ലാം സ്വീകരിക്കുന്നെങ്കില്‍ അതിലേറെ പുണ്യമുള്ള മറ്റെന്തു കര്‍മമാണ് ഈ ലോകത്തുള്ളത്?’
അങ്ങനെ മുആദുബ്‌നു ജബല്‍(റ) യാത്രക്കു തയ്യാറായി. മദീനയില്‍ ആ വാര്‍ത്ത പരന്നു. യമന്‍ രാജാക്കന്മാരുടെ കൂടെ മുആദ്(റ) പോവുകയാണ് . യാത്രയുടെ ദിവസം സമാഗതമായി. മുആദ്(റ) വും സംഘവും യാത്രയ്ക്ക് തയ്യാറായി വന്നു. ധാരാളം സഹായികള്‍ തടിച്ചുകൂടി. യമന്‍ രാജാക്കന്മാരുടെ യാത്ര കാണാന്‍ ഓടിക്കൂടിയവര്‍. ഹബീബുണ്ടായിരുന്നു ﷺ അവര്‍ക്ക് മധ്യത്തില്‍.
‘ഞങ്ങള്‍ പോയിവരട്ടെ’ രാജാക്കന്മാര്‍ വിട ചോദിക്കുന്നു.
‘എല്ലാവരും ഒട്ടകപ്പുറത്ത് കയറിക്കോളൂ ‘ ഹബീബ് ﷺപറഞ്ഞു.യമന്‍ രാജാക്കന്മാര്‍ ഓരോരുത്തരായി ഒട്ടകപ്പുറത്ത് കയറി. കൂടെ പോവുന്ന അധ്യാപകരും കയറിക്കഴിഞ്ഞു.
‘മുആദ്….. താങ്കളും കയറിക്കോളൂ’ ഹബീബ് ﷺ മുആദ് തങ്ങളുടെ മുഖത്ത് നോക്കാതെയാണത് പറഞ്ഞത്.
മുആദുബ്‌നു ജബല്‍(റ) ഒട്ടകപ്പുറത്ത് കയറിയിരുന്നു. ഒട്ടകങ്ങള്‍ പതുക്കെ മുമ്പോട്ട് നീങ്ങി തുടങ്ങി. ഹബീബും ﷺ സ്വഹാബാക്കളും കൂടെ നടന്നു. ദുഖസാന്ദ്രമയ മുഖവുമായി തലതാഴ്ത്തിക്കൊണ്ടാണ് ഹബീബ് ﷺ നടക്കുന്നത്.
‘ എന്തേ ഹബീബ് ﷺ വികാരഭരിതനായത്?
എന്തേ… പെട്ടെന്നൊരു ഭാവ മാറ്റം?
ആ മുഖഭാവം മ്ലാനമായല്ലോ? മനസ്സിനെ ഏതോ ദുഃഖ ചിന്തകള്‍ വലയം ചെയ്യുന്നുവല്ലോ?
വേര്‍പാടിന്റെ വേദനയാണോ?’ ഒരുനിമിഷം ഹബീബിന്റെ ﷺ മുഖത്തേക്ക് നോക്കിയവരുടെ മനസ്സിലെല്ലാം ചോദ്യങ്ങള്‍ ഉരുണ്ടു കൂടി.
യാത്രാസംഘം വീണ്ടും മുമ്പോട്ടു നീങ്ങി. വളരെ ദൂരം നീങ്ങി. എന്നിട്ടും ഹബീബ് ﷺ മടങ്ങുന്നില്ല. കൂടെ തന്നെ സഞ്ചരിക്കുകയാണ്. അനുയായികള്‍ ഒട്ടകപ്പുറത്താണ്. ഹബീബ് ﷺ മുആദ്(റ) ന്റെ ഒട്ടകത്തോടൊപ്പം തന്നെ നടക്കുന്നു. കണ്ണുകള്‍ നനയുന്നുണ്ടോ? മുആദോര് ശ്രദ്ധിച്ചു നോക്കി. പെട്ടെന്ന് പരിശുദ്ധമാക്കപ്പെട്ട വായില്‍ നിന്നു പുറത്തു വന്ന വാക്കുകള്‍ കേട്ട് എല്ലാവരും ഞെട്ടി.
‘മുആദ് താങ്കള്‍ യമനിലേക്ക് പോവുകയാണ്; അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊള്‍ക. ‘ ഒന്നു നിറുത്തിയതിന് ശേഷം ഹബീബ് ﷺ തുടര്‍ന്നു:
‘മുആദ് അടുത്ത വര്‍ഷം താങ്കള്‍ മദീനയില്‍ വരുമ്പോള്‍ എന്നെ കണ്ടെന്നു വരില്ല. എന്റെ പള്ളിയുടെയും ഖബറിന്റെയും ഇടയില്‍ കൂടി താങ്കള്‍ നടന്നു പോയെന്നു വരാം’
അത് പറയുമ്പോള്‍ ഉമ്മിയുടെ ചുടുകണങ്ങൾ തട്ടി എന്റെ ഷര്‍ട്ടിന്റെ ഷോള്‍ഡര്‍ നനഞ്ഞു കുതിര്‍ന്നിരുന്നു. ‘
” എങ്ങനെയായിരിക്കുമെടാ, മുആദ് തങ്ങള്‍ ആ വാക്കുകളെ ഉള്‍ക്കൊണ്ടിട്ടുണ്ടാവുക. എടാ…ഈ നൂറക്ക് ഇന്നതാലോച്ചിച്ചിട്ട് ഹൃദയം തകരുന്നു. ഹൊ, യാ റബ്ബ്”
ഉമ്മിയൊന്ന് ദീര്‍ഘ നിശ്വാസമെടുത്തു കൊണ്ട് തുടർന്നു: “ആ സമയത്ത് മുആദ് തങ്ങൾ ഹബീബിനെയൊരു ﷺ വിളിയാണ്
‘ അല്ലാഹുവിന്റെ റസൂലേ….’ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ശക്തനായ മുആദ്ബ്‌നു ജബല്‍(റ) പൊട്ടിക്കരഞ്ഞുപോയി. അവിടുന്ന് ഒരു കുട്ടിയെപ്പോലെ തേങ്ങിത്തേങ്ങിക്കരഞ്ഞു. കണ്ടു നിന്നവരും കരഞ്ഞു. രംഗം ശാന്തമായതിന് ശേഷം ഹബിബ് പതുക്കെ പറഞ്ഞു: ‘പോയ്‌ക്കോളൂ അല്ലാഹു അനുഗ്രഹിക്കട്ടെ’.
ഈ ലോകത്തുള്ള സര്‍വ്വ ഭാരവും തന്റെ നെഞ്ചിന്‍ കൂട്ടില്‍ കയറ്റിവെച്ചാലുള്ള അനുഭവമായിരുന്നു മുആദോർക്ക്. എല്ലാം സഹിച്ചു കൊണ്ട് മുആദ് തങ്ങൾ അവസാനമായി പറഞ്ഞു: ‘അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്…’
ആ സംഭവം പറഞ്ഞതിന് ശേഷം ഒരുപാട് സമയം ഒന്നും മിണ്ടാതെ ഉമ്മി എന്റെ തോളിലങ്ങനെ കിടന്നു. സമയം ഒരുപാട് വൈകുന്നത് കണ്ടപ്പോള്‍ താന്‍ പതുക്കെ ഉമ്മിയെ കുലുക്കി വിളിച്ചു. അപ്പോള്‍ ഉമ്മി പറഞ്ഞു:
‘ എടാ, നിന്നെ പിരിഞ്ഞു നില്‍ക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷെ, നിന്നെ വിഷമിപ്പിക്കാന്‍ വേണ്ടിയല്ല ഞാനീ സംഭവം ഇവിടെ പറഞ്ഞത്. മറിച്ച്, നമ്മുടെ ഹബീബും ﷺ സ്വഹാബത്തും എന്നും കൂടെ നില്‍ക്കണം എന്നു കരുതിയിട്ടും അവർ പിരിഞ്ഞിരുന്നിട്ടുണ്ടല്ലോ. അതുകൊണ്ട് നമ്മുടെ ഈ വേര്‍പാടൊന്നും അത്ര സങ്കടമുള്ളതല്ലായെന്ന് എന്റെ ശരീരത്തെയും നിന്നെയും ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയാണ്.’
ആ ഉമ്മിയോടാണ് ‘ നമ്മള് തമ്മിലിനിയൊരുപക്ഷെ കാണില്ലായെന്ന് താന്‍ പറയാന്‍ പോകുന്നത്! ‘ എങ്ങനെയാണ് ഉമ്മിയിതിനെ ഉള്‍ക്കൊള്ളുക. ഏതായാലും പറഞ്ഞേ പറ്റു. ഒരു സര്‍പ്രൈസ് പോലെ, വളരെ സന്തോഷത്തോടെ ഉമ്മിയോട് ഈ കാര്യം അവതരിപ്പിക്കാം. അല്ല, ഉമ്മിക്ക് ഇതിലും വലിയ സര്‍പ്രൈസ് തനിക്കിനി കൊടുക്കാന്‍ സാധിക്കുമോ? റസാന്‍ രണ്ടും കല്‍പ്പിച്ച് വീണ്ടും ഉമ്മിയുടെ നമ്പറിലേക്ക് ഡയല്‍ ചെയ്തു.
*
പ്രതികരണമൊന്നും കാണാത്തത് കൊണ്ടാണെന്ന് തോന്നുന്നു ടേബിളില്‍ കിടന്ന സൈലന്റ് മോഡിലുള്ള ഫോണ്‍ കിടന്ന് വിറകൊണ്ടു.
ഫോണ്‍ സ്‌ക്രീനില്‍ ‘ റസി കാളിങ്’ എന്ന് തെളിഞ്ഞു കത്തി. പക്ഷെ, ആരും ആ ഫോണെടുത്തില്ല.
അല്‍പ്പ സമയത്തിനകം ഓപ്‌റേഷന്‍ തീയറ്ററിന്റെ പുറത്തായിരുന്ന ഹെഡ് നേഴ്‌സ് ലതയുടെ ഫോൺ റിങ് ചെയ്തു. റസിയാണ് വിളിക്കുന്നത് എന്ന് കണ്ടപ്പോള്‍ തന്നെ അവര് ഫോണെടുത്തു.
‘ ഹലോ…റസീ…എന്തല്ലാടാ വിശേഷങ്ങള്…? നിയെന്താപ്പോ വിളിച്ചത്…?’ അവരവനോട് കുശലം ചോദിച്ചു.
‘ അതൊക്കെയുണ്ടേച്ചീ, ഞാന്‍ പറയം. നിങ്ങൾ പെട്ടെന്ന് ഉമ്മിക്ക് ഫോണൊന്ന് കൊടുക്കൂ….ഇറ്റ് ഈസ് ഹൈലീ എമര്‍ജന്‍സി’
മറുവശത്ത് നിന്ന് റസാന്‍ ധൃതിപ്പെട്ടു പറഞ്ഞു.
‘എടാ, അത്ര ഇംപോര്‍ട്ടന്റുള്ള വിഷയമാണോ… ഉമ്മ തീയ്യറ്ററിലാണല്ലോ? നിനക്കറിയാലോ ഉമ്മാനേ…. ഡ്യൂട്ടിക്ക് കയറിയാല്‍ പിന്നെ അത് കഴിഞ്ഞിട്ടേ അവര്‍ക്ക് മറ്റെന്തുമൊള്ളൂ…നീയെന്നെ ചീത്ത കേള്‍പ്പിക്കും’
അവര് കുറച്ച് ഭയത്തോടെ പറഞ്ഞു.
‘ ഇല്ലേച്ചീ…, ഞാനിന്നുവരെ ങ്ങളെവിളിച്ച് ബുദ്ധിമുട്ടിച്ചിട്ടുണ്ടോ. ഇത് അത്രമേല്‍ പ്രധാനപ്പെട്ട കാര്യമായത് കൊണ്ടാണ്. പ്ലീസ്…ഇതിന്റെ പേരില്‍ ഉമ്മി ങ്ങളോട് ചൂടാവില്ല അത് ഞാനുറപ്പ് തരാം. ‘
ലത മനമില്ലാ മനസ്സോടെ ഓപ്‌റേഷന്‍ തീയ്യേറ്ററിന് നേരെ നടന്നു. ആ അടച്ചിട്ട ഡോറിന് മുകളിലായി പച്ച ലൈറ്റ് മുനിഞ്ഞ് കത്തുന്നുണ്ട്. അതിനര്‍ത്ഥം അകത്ത് സര്‍ജറി നടന്നു കൊണ്ടിരിക്കുന്നുവെന്നാണ്. ആ സമയത്ത് ആര്‍ക്കും അവിടേക്ക് പ്രവേശനമുണ്ടാവറില്ല. വേണോ വേണ്ടയോ എന്നാലോചിച്ച് ലത ആ അടച്ചിട്ട വാതിലിന് പുറത്ത് ഒരു നിമിഷം ചിന്തയിലാണ്ടു നിന്നു.
‘ഹലോ…ഏച്ചി….നിങ്ങളവിടെയെത്തിയില്ലേ….’ ഫോണിന്റെ മറുതലക്കല്‍ നിന്ന് റസാന്റെ ശബ്ദം ധൃതികൂട്ടി. അവര് മെല്ലെ ഡോറില്‍ മുട്ടി.
അല്‍പസമയത്തെ കാത്തിരിപ്പിന് ശേഷം സിസ്റ്റര്‍ മേഴ്‌സി മെല്ലെ വാതില്‍ തുറന്നു. ഓപ്‌റേഷനിടയില്‍ വാതിലില്‍ മുട്ടിയതിലുള്ള നീരസം അവരുടെ മുഖത്ത് പ്രകടമായിരുന്നു.
‘ എന്താ കാര്യം…’
എന്ന ചോദ്യം അവരുടെ മുഖഭാവത്തില്‍ നിന്ന് മനസ്സിലാക്കിയ ലത പെട്ടെന്ന് കാര്യം പറഞ്ഞു:
‘ നൂറ മാഡത്തിന് ഒരത്യാവശ്യ ഫോണുണ്ട്. റസിമോനാണ്. എന്ത് തിരക്കിലാണെങ്കിലും മാഡത്തെ കണക്റ്റ് ചെയ്യണമെന്ന് അവന്‍ നിര്‍ബന്ധിക്കുന്നുണ്ട്.’
ലത പെട്ടെന്ന് പറഞ്ഞു.
‘മാഡത്തിന് ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ലായെന്ന് അവനോട് പറയൂ…’ മേഴ്‌സി വാതിലടച്ച് പോകുവാന്‍ തുനിഞ്ഞപ്പോള്‍. ലത ഹോള്‍ഡ് ചെയ്തു വെച്ചിരുന്ന റസാന്റെ ഫോണ്‍ അവര്‍ക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു.
‘ സിസ്റ്റര്‍ തന്നെ പറയൂ….’ നീട്ടി പ്പിടിച്ച ഫോണുമായി നില്‍ക്കുന്ന ലതയുടെ കൈകളിലേക്കും തുടര്‍ന്ന് അവരുടെ മുഖത്തേക്കും രൂക്ഷമായൊന്ന് നോക്കിയതിന് ശേഷം മേഴ്‌സി ഫോണ്‍വാങ്ങി.
‘ഹലോ…റസീ.. ഉമ്മാക്കിപ്പോള്‍……’ മേഴ്‌സി പറഞ്ഞു തുടങ്ങിയതേയുള്ളൂ.
‘ മേഴ്‌സ്യേടത്തീ…അവിടെ ലക്ഷമി ഡോക്ടറില്ലേ…. കഴിയുമെങ്കില്‍ ഈ സര്‍ജറി അവര്‍ക്കൊന്ന് ഹാന്‍ഡോവര്‍ ചെയ്യാന്‍ പറയൂ ഉമ്മിയോട്…ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. പ്ലീസ്….’ റസാന്റെ ശബ്ദത്തിലടങ്ങിയിരിക്കുന്ന ധൃതിയും വെപ്രാളവും ആകാംക്ഷയും എല്ലാം ഉള്‍ക്കൊണ്ടിട്ടെന്നവണ്ണം മേഴ്‌സി ഫോണുമായി തീയ്യേറ്ററിനുള്ളിലേക്ക് നടന്നു.
സര്‍ജറിയില്‍ നൂറയെ അസിസ്റ്റ് ചെയ്യുന്ന ലക്ഷ്മി ഡോക്ടറുടെ പിറകില്‍ ചെന്ന് മെല്ലെ തൊട്ടു വിളിച്ചു. ലക്ഷ്മി ഡോക്ടര്‍ തിരിഞ്ഞു കൊണ്ട് മുഖം കോട്ടി എന്തേയെന്ന് ചോദിച്ചു.
‘മാം…പ്ലീസ് കം വണ്‍ സെകെന്റ്’
മേഴ്‌സി അവരെ സര്‍ജറി ടേബിളില്‍ നിന്ന മാറി നിന്ന് സംസാരിക്കാന്‍ വേണ്ടി ക്ഷണിച്ചു. അവര് രണ്ടു പേരും മാറി നിന്ന് കാര്യങ്ങള്‍ പറഞ്ഞു.
സര്‍ജറി ചെയ്യുന്ന സമയത്ത് തന്റെ പേഷ്യന്‍സില്‍ അത്രമേല്‍ ശ്രദ്ധ പുലര്‍ത്തുന്ന ആളാണ് ഡോക്ടര്‍ നൂറ. അതുകൊണ്ടു തന്നെ അവരില്‍ നിന്ന് സർജറി ഏറ്റടുക്കുകയെന്നത് കുറച്ച് റിസ്‌ക്കുള്ള കാര്യമാണ്. എന്നാലും പത്തു പതിനഞ്ചു കൊല്ലമായി ഡോക്ടര്‍ നൂറയുടെ കൂടെ ഒരു നിഴലുപോലെ താനുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവരുടെ കീഴിലാണ് ഇന്റേണായി വര്‍ക്ക് ചെയ്തിരുന്നത്. അന്ന് മുതല്‍ കൂടെ കൂട്ടിയതാണ്. അതുകൊണ്ടു തന്നെ ഡോക്ടര്‍ക്ക് എന്തുമേല്‍പ്പിക്കുന്നതില്‍ വിശ്വാസമാണ്. പലസന്ദര്‍ഭങ്ങളിലും അവരുടെ സര്‍ജറി
‘ ലക്ഷ്മീ….ഈ കേസൊന്ന് അറ്റന്റ് ചെയ്യൂ’വെന്ന് പറഞ്ഞ് ഏല്‍പ്പിച്ചതുമാണ്.
പക്ഷെ, ഇതിപ്പോ താന്‍ അങ്ങോട്ട് പോയി ‘മാഡം ഇത് ഞാന്‍ ചെയ്‌തോളം മാഡത്തിനൊരു അത്യാവശ്യ കാളുണ്ട്’എന്ന് പറയുന്നത് മര്യാദ കേടാവുമോ. ഏയ് അങ്ങനെ വരാന്‍ വഴിയില്ല..കാരണം എന്തോ അത്യാവശ്യത്തിനാണ് മാഡത്തിന്റെ മകന്‍ വിളിക്കുന്നത്. ഈ സര്‍ജറിയേക്കാള്‍ ഇംപോര്‍ട്ടന്റാണ് ആ കാര്യമെന്നാണ് അവന്‍ പറയുന്നത്. അങ്ങനെയെങ്കില്‍ താന്‍ ഈ സര്‍ജറി ഏറ്റെടുക്കാതിരിക്കുന്നതായിരിക്കില്ലേ തെറ്റ് . ‘
ലക്ഷ്മിയുടെ മനസ്സിലൂടെ നൂറുക്കൂട്ടം പ്രശ്‌നങ്ങളും പരിഹാരങ്ങളും മിന്നിമറിഞ്ഞു. അല്‍പ്പ നേരം നൂറയിലേക്കും പിന്നെ ഫോണിലേക്കും മാറി മാറി നോക്കിയതിന് ശേഷം അവള്‍ ഫോണുമായി തിയ്യേറ്ററിന് പുറത്തേക്ക് നടന്നു.
‘ഹലോ…റസാന്‍, ലക്ഷ്മി ഡോക്ടറാണ്…എടാ നീ കാര്യമെന്താണെങ്കിലും എന്നോട് പറ. ഞാന്‍ ഉമ്മയോട് പറയാം….അല്ലാതെ ഇപ്പോള്‍ ഉമ്മാക്ക് ഫോണ്‍ കൊടുക്കാന്‍ സാധിക്കില്ല…അത് ഹോസ്പിറ്റല്‍ എത്തിക്‌സിനെ ബാധിക്കും. ഉമ്മ ഇത്തരം കാര്യങ്ങളില്‍ കുറച്ച് കണിശക്കാരിയാണെന്ന് നിനക്കറിയാലോ…’
ഡോക്ടര്‍ ഒറ്റ ശ്വാസത്തിന് കാര്യങ്ങള്‍ പറഞ്ഞു.
‘ഹലോ..റസാന്‍…നീ കേള്‍ക്കുന്നില്ലേ…’
അല്‍പ്പസമയം കാത്തിരുന്നിട്ടും മറുവശത്ത് നിന്നും മറുപടിയൊന്നും കേള്‍ക്കുന്നില്ലായെന്ന് കണ്ടപ്പോള്‍ ഫോണ്‍ ഡിസ്‌കണക്റ്റായോ എന്നറിയാന്‍ വേണ്ടി ലക്ഷ്മി ചെവിയോട് ചേര്‍ത്തുവെച്ചിരുന്ന ഫോണ്‍ എടുത്ത് നോക്കിയതിന് ശേഷം വീണ്ടും ചോദിച്ചു.
‘ഓകെ…എന്നാല്‍ മാഡം ഞാന്‍ പറയുന്നത് ഉമ്മിയോടൊന്ന് ചെന്ന് പറയണം…’ അത്രയും പറഞ്ഞതിന് ശേഷം അവന്‍ അല്‍പസമയം മൗനത്തിലാണ്ടു.
‘ഓകെ…നീ പറ’ ലക്ഷ്മി ഡോക്ടര്‍ മറുപടിക്കായി കാത്തു.
‘പ്ലീസ് സേ ഹെര്‍, മേബി ഷീ ആന്‍ഡ് മി നെവര്‍ സീ എഗേയിന്‍…സൊ അറ്റ്‌ലീസ്റ്റ് ഇഫ് ഷീ വാണ്ട് ടു ടോക് ടുമി വണ്‍ ലാസ്റ്റ് ടൈം, പ്ലീസ് ടെല്‍ ഹെര്‍ ടു കാള്‍മി ആസ് സൂണ്‍ ആസ് പോസിബ്ള്‍’ ആ ശബ്ദം അവസാനിച്ചതും മറുവശത്ത് ഫോണ്‍ ഡിസ്‌കണക്റ്റ് ആയത് ഡോക്ടര്‍ ലക്ഷ്മി ശരിക്കും അറിഞ്ഞു. അവര്‍ എന്തു ചെയ്യണമെന്നറിയാതെ ആശയ കുഴപ്പത്തിലായി ഫോണിലേക്ക് നോക്കി നിര്‍വികാരതയോടെ നിന്നു.
( തുടരും….) ©️
✍️ Rilwan Aboobaker Adany
9567879684 (Call Me)
🌑🌒🌓🌔🌙⚡🪐💫
മദീനയിലേക്കുള്ള പ്രയാണമാണ് ഈ കഥ. മദീനയെ പ്രണയിക്കാനും മദീന നമ്മെ പ്രണയിക്കാനും ഈ എഴുത്ത് നിദാനമാകണം.
വായനക്കാര്‍ ഈ സ്വലാത്ത് ഒരു തവണയെങ്കിലും ചൊല്ലാന്‍ മറക്കല്ലേ….
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ والنَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
(നിരവധി പ്രത്യേകതകളുള്ള സ്വലാത്തായ സ്വലാത്തുൽ ഫാതിഹാണിത്)