ഹബീബിനെ ﷺ തേടി (01)
റസാന്‍ നൂറയുടെ മടിയില്‍ തലചായ്ച് കിടക്കുകയാണ്. അവന്റെ മുടിയിഴകളിലൂടെ കൈ വിരലുകളോടിച്ച് കൊണ്ട് അവള്‍ ആലോചനയിലാണ്ടു മച്ചിലേക്ക് നോക്കി നിന്നു. വിഷാദമാണ് ഉമ്മിയുടെ മുഖഭാവമെന്ന് കണ്ടത് കൊണ്ടാവാം റസാന്‍ ചോദിച്ചു.
‘ഉമ്മിയെന്താ ആലോയ്ക്കുന്നേ…’
ഡ്യൂട്ടി കഴിഞ്ഞുവന്നാല്‍ എത്ര ക്ഷീണമുണ്ടെങ്കിലും ഉമ്മിക്ക് അല്‍പ സമയം തന്നോടൊപ്പം ചിലവഴിക്കല്‍ പതിവാണ്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉമ്മിയും അബിയും അവധി ദിവസങ്ങളിലൊഴികെയുള്ള ദിനങ്ങളില്‍ തന്നോടൊപ്പം ചിലവഴിക്കുന്ന ഏക സമയം ഇതാണ്. ഇന്നത്തെ പോലെ അബിക്ക് നൈറ്റ് ശിഫ്റ്റാണെങ്കില്‍ ആ വൃത്തം വീണ്ടും ചുരുങ്ങും. അവിടെ പിന്നെ ഉമ്മിയും ഞാനും മാത്രമേയുണ്ടാവൂ. അവര് വരുന്നത് വരെ ഉമ്മമ്മയാണ് കൂട്ട്.
രാവിലെ ഞങ്ങള്‍ മൂന്ന് പേരും വീട്ടില്‍ നിന്ന് ഒരുമിച്ചാണ് ഇറങ്ങുക. നേരെ സ്‌കൂളിലേക്ക്. എന്നെ സ്‌കൂളില്‍ ഇറക്കിയതിന് ശേഷമാണ് അവര്‍ രണ്ട് പേരും ഹോസ്പിറ്റലിലേക്ക് പോവുക. അതുകൊണ്ട് തന്നെ ഞങ്ങളൊരുമിച്ച് ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും ആനന്ദകരമാക്കാന്‍ അബിയും ഉമ്മിയും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
എന്നാല്‍ പതിവിന് വിപരീതമായി ഇന്ന് ഉമ്മിയുടെ മുഖത്തെന്തോ സങ്കടമുണ്ട്.
എന്റെ ചോദ്യം കേട്ടതും ആലോചനയില്‍ നിന്ന് ഉമ്മി തിരിച്ചു വന്നു. മുഖത്ത് ചെറിയൊരു പുഞ്ചിരി വിടര്‍ത്തി പറഞ്ഞു.
‘ഒന്നുമില്ലെടാ, എന്തൊക്കെയാണ് നിന്റെ സ്‌കൂളിലെ വിശേഷങ്ങള്‍…?’
‘ഇന്നും നിസ്‌കാരം ഖളാആകാനായിരിക്കുമല്ലേ…?’
ഉമ്മി ഉത്തരം പറയാതെ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ ചോദിച്ചു.
‘ഉം..’ മുഖത്തൊരു വാടിയ പുഞ്ചിരിയോടെ ഉമ്മി പറഞ്ഞു.
മുമ്പൊരിക്കല്‍ ഇതുപോലെ സങ്കടപ്പെട്ടിരുന്നപ്പോള്‍ ‘ എന്തുപറ്റി’യെന്ന് ചോദിച്ചപ്പോൾ ഉമ്മി വിഷമത്തോടെ പറഞ്ഞത്:
‘ അസര്‍ നിസ്‌കരിക്കാനിറങ്ങിയപ്പോയാടാ ഒരു സര്‍ജറി കേസ് വന്നത്. ഞാനവിടെ നിന്നിട്ടില്ലെങ്കില്‍ ആ ജീവനപകടത്തിലാവുമെന്നുറപ്പായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. തീയേറ്ററില്‍ കയറി. എല്ലാം കഴിഞ്ഞിറങ്ങുമ്പോള്‍ സമയം മഗ്രിബിനോടടുത്തിരുന്നു. ഒരു നിലക്കാണ് അസറ് ഖളാആകാതെ ലഭിച്ചത്. അല്‍ ഹംദുലില്ലാഹ്. ഇനിയിങ്ങനെ ഉണ്ടാവാതിരുന്നാല്‍ മതിയായിരുന്നു’
അന്ന് മുഴുവന്‍ ഉമ്മിക്ക് ആ സങ്കടമായിരുന്നു. ഉമ്മി അവരുടെ ജോലിയെ ജീവനു തുല്യം സ്‌നേഹിക്കുന്നുണ്ടെന്നുറപ്പാണ്. പക്ഷെ, ഉമ്മിക്ക് ജോലിയില്‍ ആകയുള്ള രണ്ടു വിഷമങ്ങളിലൊന്ന് ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെ മാനേജ് ചെയ്യുമൊന്നോര്‍ത്തിട്ടാണ്. മറ്റൊന്ന് തന്നോടും അബിയോടുമൊപ്പം ചിലവഴിക്കാന്‍ സമയം തികയുന്നില്ലായെന്നതും.
അങ്ങനെയൊക്കയാണെങ്കിലും അല്‍പ്പം ബുദ്ധിമുട്ടികൊണ്ടു തന്നെ വളരെ നല്ലനിലയില്‍ തന്നെ അബിയും ഉമ്മിയും ഇക്കാര്യങ്ങളെ മാനേജ് ചെയ്യുന്നുണ്ട്. എന്റെ കൂട്ടുകാരില്‍ പലരുടെയും പാരന്‍സിനെയപേക്ഷിച്ച് നോക്കുകയാണെങ്കില്‍ തനിക്ക് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും അനുഗ്രഹീതരായ രണ്ടുപേരെയാണ് അല്ലാഹു തന്നെ ഏല്‍പ്പിച്ചത്. അല്‍ഹംദുലില്ലാഹ്.
അന്ന് ഉമ്മി തനിക്കൊരു കഥ പറഞ്ഞു തന്നിരുന്നു. തന്റെ സഹപ്രവര്‍ത്തകരിലൊരാളുടെ നിസ്‌കാരം ഖളാആവാനായപ്പോള്‍ വളരെ മനോഹരമായ രീതിയില്‍ ആ രംഗം മാനേജ് ചെയ്ത ഒരാളുടെ കഥ. പ്രിയപ്പെട്ട ഹബീബായിരുന്നുവത് ﷺ. ഉമ്മിയെ അടുത്തറിയുന്നവര്‍ക്കെല്ലാമറിയവുന്ന കാര്യമാണത്; അതായത് ഉമ്മി ജീവിതത്തില്‍ എന്ത് ചെയ്യുകയാണെങ്കിലും തിരുനബിﷺയുടെ ജീവിതത്തോട് ചേര്‍ത്തുവെച്ചാണ് ചെയ്യുക.
എത്ര തിരക്കുകള്‍ക്കിടയിലാണെങ്കിലും തിരുﷺജീവിതത്തില്‍ നിന്ന് ഒരംശമെങ്കിലും തന്നോട് പങ്കുവെക്കാതെ ഉമ്മി ഉറങ്ങിയിട്ടില്ലായെന്നതാണ് സത്യം.
‘ഹബീബിന്റെ ﷺകാലത്താണെങ്കില്‍ നമുക്ക് അവിടുത്തോട് ചെന്ന് പരാതി പറഞ്ഞാല്‍ മതിയായിരുന്നു.’ നബിയേ.. ഇന്നാലിന്ന കാരണം കൊണ്ടെനിക്ക് നിസ്‌കാരം ഖളാആകാനടുത്തായിരിക്കുന്നു. പരിഹാരം പറയണേ…’എന്നു പറഞ്ഞാല്‍, ആ കാരണത്തില്‍ കാര്യമുണ്ടെന്നു കണ്ടാല്‍ ഹബീബ് ﷺ പരിഹാരമായവിടെയെത്തുമെന്നു തീര്‍ച്ച.’
തന്റെ ആലോചനയിലനുഭവിക്കുന്ന ആനന്ദം കൊണ്ടായിരിക്കണം ഉമ്മിയൊന്ന് ചിരിച്ചു കൊണ്ട് തുടര്‍ന്നു,
‘ അലിയാര് തങ്ങള്‍ക്ക് അവിടുന്ന് പരിഹാരം നിര്‍ദേശിച്ച സംഭവം നീ കേട്ടിട്ടില്ലേ….!? ‘
അന്ന് മറ്റു മുഖവുരകളൊന്നും കൂടാതെ ചോദിച്ചപ്പോള്‍ ഒന്നും മനസ്സിലാവാത്തവനെ പോലെ താന്‍ ഉമ്മിയെ തന്നെ നോക്കി നിന്നതാണ്.
എന്നാല്‍ ഉമ്മി അനന്തമായ തിരുപ്രണയത്തില്‍ ലയിച്ചു ചേര്‍ന്നവളെ പോലെ വാചാലയായി. ഞാനവരുടെ മടിയില്‍ കിടക്കുന്നുണ്ടെന്നോ? അവര്‍ എനിക്ക് വേണ്ടിയാണോ കഥപറയുന്നതെന്ന് പോലും തോന്നിപ്പോവും.
യഥാര്‍ത്ഥത്തില്‍ ഈ പ്രണയം ഒരു തരം മയക്കാണെന്ന് താനാദ്യമായി മനസ്സിലാക്കിയത് തന്നെ ഉമ്മിയില്‍ നിന്നാണ്. പ്രണയത്തിൽ മനുഷ്യന് ചുറ്റു പാടുകളെ കുറിച്ചും ബന്ധങ്ങളെ കുറിച്ചൊന്നും ഓര്‍മ കാണില്ല. അവര്‍ അവരെ തന്നെ മറന്നു കാണും. പ്രണയം മാത്രം നിലനില്‍ക്കുന്ന ഒരു തരം അദൃശ്യ ലോകമാണത്.
എന്നാലും ഉമ്മിയുടെ മടിയില്‍ കിടന്ന് സ്ഥിരമായി കഥ കേള്‍ക്കുമ്പോള്‍ നമ്മളെയും അവരുടെ പ്രണയ ലോകത്തേക്ക് ഉമ്മി കൈ പിടിച്ചാനയിക്കുന്നത് പോലെ നമുക്കനുഭവപ്പെടും. ഉമ്മി തുടര്‍ന്നു:
‘ അലിയാര് തങ്ങളുടെ മടിയില്‍ തലവെച്ച് കിടന്നുറങ്ങുകയാണ് ഹബീബ് ﷺ. നല്ല ക്ഷീണമുണ്ടവിടുത്തേക്ക്ﷺ.
അതുകൊണ്ടാണ് കിടന്നയുടെനെ തന്നെ ഉറക്കവും അവിടുത്തോടൊപ്പം അലിയാരുടെ മടിയില്‍ തലചായ്ച്ചത്. അസ്വര്‍ നിസ്‌കാരം കഴിഞ്ഞാണ് ഹബീബ് ﷺ കിടക്കുന്നത്. എന്നാല്‍ അലിയാരാണെങ്കില്‍ അസ്വര്‍ നിസ്‌കരിക്കാന്‍ വരുമ്പോഴാണ് ഹബീബിനെﷺ കണ്ടതും അടുത്തു വന്നതും ഇരുന്നതുമെല്ലാം. അങ്ങനെ അവരുടെ സംസാരത്തിനിടെയാണ് തിരുനബി അലിയാരുടെ മടിത്തട്ട് തലയിണയാക്കിയതും അവിടെ കിടന്ന് ഉറങ്ങിയതും. ‘
ഉമ്മി ആസ്വദിച്ചു പറയുകയാണ്. ഞാന്‍ ലയിച്ചിരിക്കുകയാണ്.
“സമയം അതിശീഘ്രം കടന്നു പോയി. അലിയാരുടെ മനസ്സ് തിളച്ചു മറിയുന്ന വെള്ളം പോലെ വെപ്രാളപ്പെട്ടു. കാരണം അസ്വര്‍ നിസ്‌കരിച്ചിട്ടില്ല, ഇനിയും വൈകിയാല്‍ നിസ്‌കാരം ഖളാആകും. എന്നാല്‍ മടിയില്‍ തലചായ്ച്ചുറങ്ങുന്നത് തിരുനബിയാണ് ﷺ. അവിടുത്തെﷺ ഉറക്കമുണര്‍ത്തി നിസ്‌കരിക്കലാണോ ? അതല്ലാ, മര്യാദയോടെ ഉണരും വരേ ക്ഷമിച്ചിരിക്കലാണോ താനിപ്പോള്‍ ചെയ്യേണ്ടത്? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് മുമ്പില്‍ അലിയാരുടെ മനസ്സ് അന്താളിച്ച് നിന്നു. അവര് ഹബീബിനെയും ﷺസൂര്യനേയും മാറിമാറി നോക്കി.’
ഉമ്മിയുടെ മുഖവും അലിയാരുടേത് പോലെ വിവര്‍ണ്ണമായിരിക്കുന്നു. അസ്തമാന സൂര്യന്റെ ചെമ്പക രശ്മികള്‍ ഉമ്മിയുടെ മുഖവും ചെങ്കളറാക്കി.
‘അല്‍പ്പ സമയത്തെ കാത്തിരിപ്പിന് ശേഷം ഹബീബ് ﷺഞെട്ടിയുണര്‍ന്നു. ആരും ഉണര്‍ത്തിയതല്ല അലിയാര് വിളിച്ചതുമല്ല. മറിച്ച്, അവിടുന്ന് സ്വയം ഉണർന്നതാണ്. പ്രിയപ്പെട്ടവര്‍ക്ക് തന്നെ ആവശ്യമുണ്ടെന്ന് തോന്നിയാല്‍ പരിഹാരവുമായി അവരുടെ സവിധത്തില്‍ സന്നിഹിതമാവല്‍ ഹബീബിന്റെﷺ പ്രകൃതമാണല്ലോ.? അലിയാരുടെ മുഖത്തെ വാട്ടം കണ്ടത് കൊണ്ടായിരിക്കണം:
‘എന്തുപറ്റി അലി മുഖത്തൊരു വയ്യായ്മ?’ എന്തു പറയണമെന്ന് ഒരു നിമിഷം ആലോചിച്ചെങ്കിലും ഹബീബിന്റെ ﷺആ ചോദ്യത്തിന് മുമ്പില്‍ അലിയാര് വിങ്ങിപോയി.
അലിയാര് പറഞ്ഞു:
‘പ്രിയപ്പെട്ടവരെ, ഞാന്‍ അസ്വര്‍ നിസ്‌കരിച്ചിട്ടില്ല. സൂര്യനാണെങ്കിലതാ അസ്തമിക്കാനടുത്തിരിക്കുന്നു. ഇനിയിപ്പൊ നിസ്‌കാരം ഖാളാആകുമല്ലോ…’ തന്റെ നിസഹായതയല്ലാതെ മറ്റൊന്നുമവിടെ പരിഹാരമില്ലെന്നലിയാര്‍ക്ക് നന്നായി ബോധ്യമുള്ളത് കൊണ്ടാണവരങ്ങനെ പറഞ്ഞത്.
കാരണം ഇപ്പോൾ അസ്വര്‍ ഖളാആകാതെ നിസ്‌കരിക്കണമെങ്കില്‍ സൂര്യനെ അവിടെ പിടിച്ചു നിറുത്തണം. സാധ്യമല്ലല്ലോയത്.! തന്റെ അശക്തതക്ക് മുമ്പിൽ നിർവികാരത്തോടെ നിൽക്കുകയാണ് അലിയാര്.
എന്നാല്‍ ഉടനെ ഹബീബിന്റെ ﷺ പരിഹാരമെത്തി. അവിടുന്ന് അസ്തമാന സൂര്യനെ നോക്കിയിട്ടൊന്ന് വിളിച്ചതിന് ശേഷം പറഞ്ഞു:
‘ ഒരു നിമിഷമൊന്ന് കാത്തു നില്‍ക്കണേ, എന്റെ അലിയൊന്ന് അസ്വര്‍ നിസ്‌കരിക്കട്ടെ’ അലിയാര് ഒരു നിമിഷം ഹബീബിനെയുംﷺ രക്തവര്‍ണ്ണമായി പാതിമറഞ്ഞ സൂര്യനെയും മാറി മാറി ആശ്ചര്യത്തോടെ നോക്കി.’
അലിയാരുടെ മുഖത്ത് വിരിഞ്ഞ അത്ഭുത ഭാവം പോലെ ; ഉമ്മിയുടെ കഥയിൽ ലയിച്ചു നിറഞ്ഞു നിന്നത് കൊണ്ടു തന്നെയായിരിക്കണം ഞാന്‍ ഉമ്മിയുടെ വായില്‍ നിന്ന് വരാന്‍ പോകുന്ന അടുത്ത വാക്കെന്താണെന്ന് വാപൊളിച്ചു കൊണ്ട് കാത്തിരുന്നു.
‘ആ തിരുകല്‍പന നിഷേധിക്കാനാവുന്ന ആരെങ്കിലുമുണ്ടോ മോനേ ഈ ലോകത്ത്? ‘
ഉമ്മിയെന്റെ മൂര്‍ദ്ധാവില്‍ പതുക്കെ ചുംബിച്ചു കൊണ്ട് ചോദിച്ചു.
‘തുടര്‍ന്ന് അലിയാര് അസ്വറ് നിസ്‌കരിക്കുന്നത് വരെ സൂര്യനങ്ങനെ അനങ്ങാതെ കാത്തു നിന്നു. ലോകത്ത് സമയം നിശ്ചലമായി ഒരാളെ വെയ്റ്റു ചെയ്തു നിന്നിട്ടുണ്ടെങ്കില്‍ അതന്നേരമായിരിക്കും. ‘ഉമ്മിയൊന്നു നിറുത്തി ഉമിനീരെടുത്തു.
‘സമയത്തെ പിടിച്ചു നിറുത്തിയോ ഹബീബ് ﷺ…!?’
അന്ന് ഉമ്മിയോട് ആശ്ചര്യത്തോടെ ചോദിച്ചു.
‘ഉംം’ ഉമ്മി ദീര്‍ഘമായൊന്ന് മൂളി…
‘അതെങ്ങനെ….? നമുക്കും കഴിയുമോ അത്…? ‘ എന്റെ മനസ്സില്‍ സംശയങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെ തിക്കിത്തിരക്കി.
ഉമ്മി വലതു കൈകൊണ്ട് എന്റെ കവിളുകള്‍ രണ്ടും ചേര്‍ത്തു പിടിച്ചു കൊണ്ട് എന്തോ പറയാനായി വാ തുറന്നു.
…
‘ബീപ്പ്’ പെട്ടെന്ന് ഒരു ഈമെയില്‍ സന്ദേശമെത്തിയതിന്റെ വരവറിയിച്ചു കൊണ്ട് ഫോണ്‍ ശബ്ദിച്ചു. ആ വലിയ റൂമിന്റെ ഒത്ത നടുവിലിട്ടിരിക്കുന്ന ഓഫീസ് ടേബിളില്‍ കാലുകള്‍ രണ്ടും മുകളിലേക്ക് കയറ്റിവെച്ച് ക്യുഷ്യന്‍ ചെയറില്‍ പിറകിലേക്ക് ചാരി കിടന്ന് പാതിമയക്കത്തിലായിരുന്ന റസാന്‍ എന്തോ പ്രതീക്ഷിച്ചിട്ടെന്നപ്പോലെ ഞെട്ടിയുണര്‍ന്നു.
തന്റെ സ്വപ്‌നത്തില്‍ ഉമ്മിയെന്താണ് പറഞ്ഞു പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചതെന്നറിയാന്‍ അവന്‍ ശക്തമായഗ്രഹിച്ചുവെങ്കിലും ഒരു നിമിഷം ചുറ്റുപാടുമൊന്ന് കണ്ണോടിച്ചതിന് ശേഷം അവന്‍ സ്വബോധത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമം നടത്തി. പെട്ടെന്ന് താനെവിടെയാണിരിക്കുന്നതെന്ന ബോധ്യം വന്നിട്ടാവണം അവന്റെ കൈകള്‍ തന്റെ മുമ്പില്‍ മലര്‍ക്കെ തുറന്നുവെച്ചിരിക്കുന്ന സിസ്റ്റത്തിന്റെ മൗസ്‌പൊയിന്റിലുടെ ഉഴറി നടന്നു. സിസ്റ്റം തെളിഞ്ഞു കത്തി. വേഗത്തില്‍ മെയില്‍ ഓപണ്‍ ചെയ്തു. അതിലവസാനമായി തൊട്ടു മുമ്പ് വന്ന മെയിലില്‍ ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ.
‘റസാന്‍…..,യു ആര്‍ ഇന്‍….’
തന്റെ രണ്ടു കണ്ണുകളെയും കൂട്ടി തിരുമ്മിയതിന് ശേഷം അവന്‍ വീണ്ടും സ്‌ക്രീനിലേക്ക് നോക്കി ഉറപ്പു വരുത്തി. ‘യെസ്, അതു തന്നെ, യു ആർ ഇന്‍’ അവന്റെ മനസ്സ് മന്ത്രിച്ചു. അല്‍ഹംദുലില്ലാഹ് അല്‍ഫ മര്‍റ(അല്ലാഹുവിന് ആയിരം സ്തുദികള്‍). അവന്റെ ചുണ്ടുകള്‍ പതുക്കെ കവിളിന്റെ ഇരു കോണുകളിലേക്കും വലിഞ്ഞു. പല്ലുകള്‍ വെളുക്കെ പ്രകടമായി. റസാന്റെ മുഖത്ത് ആയിരം നക്ഷത്രങ്ങള്‍ മിന്നിമറിഞ്ഞു. സന്തോഷം മനസ്സില്‍ ആനന്ദ നൃത്തം ചവിട്ടി.
എന്തുചെയ്യണമെന്നറിയാതെ അവന്‍ തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റു. പാരിസിലെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ(ഇഎസ്എ) ആസ്ഥാന മന്ദിരത്തിലെ ഏറ്റവും മുകളിലെ നിലയത്തില്‍ മൂന്നു ഭാഗവും ചില്ലുകൊണ്ട് മറച്ച ആ വിസ്തൃതമായ റൂമില്‍ ഗ്ലാസുകള്‍ക്ക് അഭിമുഖമായി നിന്നു കൊണ്ട് അവൻ പുറത്തേക്ക് നോക്കി. ആ പാതിരാത്രിയിലും തെരുവു വിളക്കുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന ഇളംമഞ്ഞ വെളിച്ചത്തില്‍ സ്വര്‍ണ്ണപകിട്ടോടെ തിളങ്ങി നില്‍ക്കുന്ന ആ പ്രണയ നഗരം അവന്റെ മുമ്പിലങ്ങനെ മാറുകാണിച്ചു മലർന്നു കിടന്നു. സന്തോഷം കൊണ്ട് അവന്‍ തന്റെ കൈകള്‍ രണ്ടും ചുരുട്ടി പിടിച്ച് വിരലുകളില്‍ കടിച്ചു.
എത്ര സമയം അവിടെയങ്ങനെ നിന്നുവെന്നറിയില്ല. ഉള്ളൊന്ന് ശാന്തമായപ്പോള്‍ വാഷ്‌റൂമില്‍ ചെന്ന് ഫ്രഷായി വുളൂഅ് ചെയ്തു വന്നതിന് ശേഷം തന്റെ റൂമിനോട് തൊട്ടുചാരിയുള്ള റിഫ്രഷ്‌മെന്റ് റൂമിലേക്ക് ചെന്ന് നന്ദിയോടെ സുജൂദിലേക്ക് വീണു. ഒരുപാട് സമയം സുജൂദിലായി കിടന്നു. സന്തോഷമുണ്ടായാല്‍ അല്ലാഹുവിനെ സ്തുതിക്കാനും ശുക്‌റിന്റെ സുജൂദ് ചെയ്യാനും ഉമ്മിയാണ് അവനെ പഠിപ്പിച്ചത്.
പെട്ടെന്നാണ് അവന്റെ ബോധമനസ്സിലേക്ക് വീണ്ടും ഉമ്മി കടന്നു വന്നത്. ഉമ്മിയെ കുറിച്ച് കിനാവ് കണ്ടു കൊണ്ടിരിക്കുമ്പോഴാണല്ലോ താന്‍ ആകാംക്ഷയോടെ കാത്തിരുന്ന ഈ സന്തോഷവും തന്നിലേക്ക് എത്തിച്ചേര്‍ന്നത്. ഉമ്മിയെ വിളിക്കട്ടെ, ഈ സന്തോഷം ആദ്യം പറയേണ്ടത് ഉമ്മിയോട് തന്നെയാണ്. അവന്‍ ഫോണെടുത്തു ഡയല്‍ ചെയ്തു കാതുകളോട് ചേര്‍ത്തു പിടിച്ചു.
( തുടരും….) ©️
✍️ Rilwan Aboobaker Adany
http://wa.me/919567879684 (Wtsap Me)
9567879684 (Call Me)