പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലഘട്ടമായ ആറാം നൂറ്റാണ്ടിലേക്ക് ന്യൂതന ആര്‍ട്ടിഫിഷ്യല്‍ ഉപകരണങ്ങള്‍ വഴി സഞ്ചരിച്ചെത്തിയ റസാന്റെയും മാതാവ് ഡോ. നൂറയുടെയും ത്രസിപ്പിക്കുന്ന ആഖ്യാനമാണ് ഹബീബിനെ തേടി ഋതുമാറി വിരിഞ്ഞ പൂക്കള്‍ എന്ന ഈ നോവല്‍. ന്യൂറോളജിയില്‍ അഗാധ പാണ്ഡിത്യമുള്ള ഡോ. നൂറ ജീവിതത്തെ പ്രവാചകന്‍ മുഹമ്മദ് നബിയോടൊപ്പിച്ച് ചിട്ടപ്പെടുത്താന്‍ ഏറെ ഔത്സുക്യം കാണിക്കുന്ന സ്ത്രീയാണ്, തന്റെ മകന്‍ റസാനും മാതാവിന്റെ വഴിയെയാണ് സഞ്ചരിക്കുന്നത്. ഒരു സന്ദര്‍ഭത്തില്‍ റസാനും അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ കോട്ടയക്കാരി സിയന്നക്കും അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡേവിഡും സംഘവും വികസിപ്പിച്ചെടുത്ത പ്രത്യേകതരം ബൂട്ടുപയോഗിച്ച് (ടൈം ട്രാവലര്‍ ) ചരിത്ര കാലങ്ങളിലേക്ക് സഞ്ചരിക്കാനുള്ള അവസരം ലഭിക്കുകയാണ്. കഠിന പരീക്ഷണങ്ങള്‍ വേണ്ടിവന്ന ഈ മിഷന്‍ സര്‍വ്വാത്മനാ ഏറ്റെടുക്കാന്‍ അവര്‍ രണ്ടു പേരും സജ്ജരാകുന്നു. അങ്ങനെ അവര്‍ പ്രവാചകന്‍ മുഹമ്മദ് നബി വരുന്നതിന്റെ ഇരുപത് വര്‍ഷം മുമ്പുള്ള അറേബ്യയിലെത്തുന്നതോടെയാണ് കഥയാരംഭിക്കുന്നത്.. പിന്നീട് നോവലിസ്റ്റ് ഇരുണ്ടയുഗ (dark age) ത്തിലെ അരാചകമയമാര്‍ന്ന കഥകള്‍ കദനം ചെയ്ത് അക്കാലഘട്ടത്തെ അക്ഷരാര്‍ത്ഥത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.. അവിടെ ഇബ്‌നു അസദ് എന്ന ക്രൂര ഭരണാധിപന്റെയും ലൈല എന്ന ഹതഭാഗ്യയായ രാജകുമാരിയുടെയും ഹക്കീം എന്ന ക്രൂരനും വ്യാജനുമായ രജകുമാരന്റെയും കഥകള്‍ പാലില്‍ നിന്നു വെണ്ണയെടുക്കുന്ന സൂക്ഷ്മതയില്‍ നോവലിസ്റ്റ് പറഞ്ഞ് വെക്കുന്നു.. ജാഹിലിയ്യ : കാലത്തെ ക്രൂര ശിക്ഷകളും സ്ത്രീകളെ മനുഷ്യരായി പോലും കാണാതെ ജനിക്കുമ്പോള്‍ തന്നെ കുഴിച്ച് മൂടുകയും ചെയ്യുന്ന നിഷ്ഠൂര വിനോദങ്ങളും വിത്യസ്ത കഥാപാത്രങ്ങളിലൂടെ കദനം ചെയ്യുന്നുണ്ട്.
ടൈം മിഷനിലെ ബൂട്ടില്‍ സാങ്കേതികമായി തകരാറുകള്‍ വന്നപ്പോള്‍ അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഡോ. നൂറ മിഷനില്‍ അംഗമാവുന്നത്. എന്നാല്‍ ഡോ. നൂറ കൂടെ ആറാം നൂറ്റാണ്ടില്‍ എത്തുന്നതോടെ കഥയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. പിന്നീട് റസാനും, സിയന്നയും ഡോ. നൂറയും നടത്തുന്ന രാഷ്ട്രീയ ഇടപെടലുകള്‍ കൂടെ കഥ ഇതള്‍ വിരിയിക്കുന്നു. അവസാനം ആറാം നൂറ്റാണ്ടില്‍ നിന്നും കറന്റ് ടൈമിലേക്ക് സിയന്നയും റസാനും വരുന്നുണ്ടങ്കിലും ഡേ :നൂറ അവിടെ ബാക്കിയാവുകയാണ്. ഹബീബിനെ തേടി …. തിരു പിറവി കാത്ത്… കഅബയില്‍ മുത്തമിട്ട് .. ത്വായിഫില്‍ ആതിപൂണ്ട്…അങ്ങനെ … ഏറെ സന്തോഷത്തോടെ….
സയന്‍സ് ഫിക്ഷന്‍ എന്ന നോവല്‍ വിഭാഗത്തെ ഇസ്‌ലാമിക സാഹിത്യത്തിലേക്ക് ഉള്‍ചേര്‍ക്കുന്ന ശ്രമകരവും അതിസൂക്ഷ്മവുമായി പ്രക്രിയയാണ് ഈ നോവലിലൂടെ സാധിച്ചെടുത്തത്. ഖുര്‍ആനിലെ സൂറത്തുല്‍ അന്‍ ആമിലെ അറുപത്തി ഏഴാം സൂക്തമാണ് ഈ നോവലിന് ബീജാവാപം നല്‍കിയത് എന്ന് ആമുഖത്തില്‍ വായിക്കാനാവും… ‘എല്ലാ വൃത്താന്തങ്ങള്‍ക്കും സ്ഥിരതയുണ്ടെന്ന’ ആശയമാണ് ഖുര്‍ആന്‍ ആ വചനത്തിലൂടെ ഓര്‍മപ്പെടുത്തുന്നത്. ശബ്ദങ്ങളും, ചിത്രങ്ങളും അന്തരീക്ഷത്തില്‍ നിന്നും ആഗിരണം ചെയ്ത് പിടിച്ചെടുക്കുകയും ശ്രോതാക്കളില്‍ എത്തിക്കുകയും ചെയ്യുന്ന ശാസ്ത്രത്തിന് വരും ഭാവിയില്‍ കഴിഞ്ഞ കാല ഘട്ടത്തില്‍ സംഭവിച്ച വൃത്താന്തങ്ങളെ ആ കാലഘട്ടത്തില്‍ ജീവിക്കുന്നത് പോലെ നമ്മിലേക്ക് എത്തിക്കാന്‍ കഴിയുമെന്നതില്‍ ശങ്കിക്കേണ്ടതില്ലല്ലോ. ആ തലത്തില്‍ നിന്നും നോക്കുമ്പോള്‍ ഈ നോവല്‍ മുന്നോട്ട് വെക്കുന്ന ദാര്‍ശനിക കാഴ്ച്ചപ്പാട് ഏറെ ചര്‍ച്ച ചെയ്യാത്തതും വരും ഭാവിയില്‍ വിശകലനങ്ങള്‍ക്ക് സ്‌പെയ്‌സ് കൂട്ടുന്നതുമായിരിക്കുമെന്ന് കരുതാനാവും.
നോവല്‍ സാഹിത്യം ഇസ്ലാമിക ലിറ്ററേച്ചറുകളില്‍ പരീക്ഷിച്ചു വരുന്ന കലഘട്ടം കൂടെയാണിന്ന്, അതേ സമയം ആവിഷ്‌കാരം മതത്തിന്റെ സൗന്ദര്യത്തെ മുച്ചൂടും മൂടിപ്പുതപ്പിക്കും എന്ന മൗഢ്യ വിചാരങ്ങളെ നാം തിരുത്തിയേ തീരൂ… ആസ്വാദനവും ആവിഷ്‌കാരവും ഇസ്ലാമിനോളം പ്രോത്സാഹിപ്പിച്ച വേറെ മതം ഇല്ല തന്നെ എന്നു പറയാം… അതിനാല്‍ തന്നെ ഈ നോവലാവിഷ്‌കാരം നമ്മുടെ ഇസ് ലാമിക സാഹിത്യത്തിലെ പുതിയ വാതിലുകള്‍ തുറക്കാന്‍ കാരണമാവുമെന്ന് ന്യായമായും കരുതാവുന്നതാണ്…
ഹബീബായ തിരുനബിയുടെ ജനനത്തിന് മുമ്പ് അറേബ്യ കണ്ട കലികാലത്തെ ആവിഷ്‌കരിക്കുന്നതോടൊപ്പം സന്ദര്‍ഭോചിതമായി നിരവധി പ്രവാചക കഥകളും ഭൂമിശാസ്ത്ര വിശകലനങ്ങളും പഠനങ്ങളും നോവലില്‍ ഉള്‍ചേരുന്നുണ്ട്.. പ്രവാചക ചരിത്രത്തെ
ഉചിതമായ രീതിയില്‍ കോറിയിടുന്ന രീതിയിലാണ് നോവലിന്റെ ഘടന. നവ ലിബറല്‍ ചിന്തകളേയും ആശയത്തെ ആമാശയ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരേയും ചുട്ട മറുപടിയോടെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രബോധകന്‍ ഉപയോഗിക്കേണ്ട രീതിശാസ്ത്രമാണ് സിയന്ന എന്ന െ്രെകസ്തവ സ്ത്രീയോട് റസാന്‍ നടത്തുന്ന ഇടപെടലുകളിലൂടെ
നോവലിസ്റ്റ് ത്വര്യപ്പെടുത്തുന്നത്.
ഭാവനയും ചരിത്രവും കൂട്ടി കലര്‍ത്തി സ്വതസിദ്ധമായ ആവിഷ്‌കാരമാണ് നോവലിനെ മികവുറ്റതാക്കുന്നത്. ഈ നോവലിന്റെ സവിശേഷതകളില്‍ പ്രധാനപ്പെട്ട ഒന്ന് ഭാഷ സൗകുമാര്യത തന്നെയാണ്.. മടുപ്പിക്കാത്ത അനുഭവം ഇതിന്റെ വായനയില്‍ ഉറപ്പ് നല്‍കാന്‍ വായനക്കാരന്‍ എന്ന നിലക്ക് എനിക്ക് സാധിക്കും. 5, 7 മണിക്കൂര്‍ സമയത്തിനുള്ളില്‍ വായിച്ചു തീര്‍ക്കാവുന്ന ഈ നോവല്‍ രിസ്‌വാന്‍ അദനി എഴുതിയതാണ്. മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള ഉറവ പബ്ലിക്കേഷനാണ് പ്രസാധകര്‍.
കോപ്പികള്‍ക്ക്: 7356114436.