മുസ്‌ലിം കേരളത്തിന്റെ ഇന്നലെകളിലേക്ക് കണ്ണോടിക്കുമ്പോൾ ഓരോ കാലങ്ങളെയും ധന്യമാക്കിയ പണ്ഡിത മഹത്തുക്കളെയും സൂഫിവര്യന്മാരെയും ധാരാളം കാണാം. അവരിൽ സുവർണ്ണാക്ഷരങ്ങളാൽ ചരിത്രം രേഖപ്പെടുത്തിയ മഹാ പണ്ഡിതനും വലിയ്യും സൂഫിവര്യനുമായിരുന്നു കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ. കമ്മുണ്ണി മോല്യേർ, കുറ്റൂർക്കാരൻ കമ്മുണ്ണി മുസ്ലിയാർ, തലക്കടത്തൂർ കമ്മുണ്ണി മുസ്ലിയാർ, കുറ്റൂർ കമ്മുണ്ണി ശൈഖ്, കമ്മുണ്ണി മോല്യേരുപാപ്പ തുടങ്ങിയ പല പേരുകളിലായി കമ്മുണ്ണി മുസ്ലിയാർ പൊതു സമൂഹത്തിൽ അറിയപ്പെടുന്നു.
ജനനം, ബാല്യം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നെടിയിരുപ്പിലെ മുസ്ലിയാരങ്ങാടിയിൽ നിന്നും വേങ്ങരക്കടുത്ത കുറ്റൂരിലെത്തിയ “ചെള്ളപ്പറമ്പൻ” കുടുംബത്തിലാണ് ഹി.1270ൽ മഹാൻ പിറന്നത്. ചെള്ളപ്പറമ്പൻ പോക്കർ മൊല്ലയും ഭാര്യ ഇത്തീമക്കുട്ടി ഉമ്മയുമായിരുന്നു മാതാപിതാക്കൾ. പാക്കടപ്പുറായ പന്താരപ്പറമ്പു വീട്ടിലായിരുന്നു അന്നാ കുടുംബം താമസിച്ചിരുന്നത്. കുറ്റൂർ പ്രദേശത്തെ പ്രാഥമിക ഓത്തുപള്ളിയായിരുന്ന പ്രസ്തുത ഭവനത്തിലാണ് കമ്മുണ്ണി മുസ്ലിയാർ തന്റെ ബാല്യം ചിലവിട്ടത്.
പഠനസപര്യയിൽ
പ്രാഥമിക പഠനം പിതാവിൽ നിന്നു തന്നെ സ്വായത്തമാക്കി. പിന്നീട് പിതാവിനൊപ്പം വയലിൽ കാർഷികവൃത്തിയിൽ ഏർപ്പെടാനായിരുന്നു നിയോഗം. അങ്ങിനെ പാടത്തു കഴിച്ചുകൂട്ടവേയാണ് ആത്മീയ ഉണർവും അറിവു നേടാനുള്ള അഭിലാഷവും ഉടലെടുക്കുന്നത്. അതായിരുന്നു ജീവിതത്തിന് അർത്ഥം കണ്ടെത്തിയ വഴിതിരിവ്. അങ്ങനെ ജ്ഞാനത്തിന്റെ ഉന്നതികൾ എത്തിപിടിക്കാനായി പരിശുദ്ധ ദീനീ വിജ്ഞാനം തേടി ദർസിൽ ചേരാൻ തീരുമാനിച്ചു. നേരെ ചെന്നെത്തിയത് അന്നത്തെ പ്രശസ്ത ദർസുകളിലൊന്നായ തിരുരങ്ങാടി നടുവിൽ പള്ളിയിലായിരുന്നു. കേളികേട്ട പണ്ഡിതൻ കോടഞ്ചേരി അഹ്മദ് കുട്ടി മുസ്ലിയാർ ആയിരുന്നു അന്ന് അവിടെ ദർസ് നടത്തിയിരുന്നത്. ദീർഘകാലം അവിടെ പഠനം നടത്തി. മഹാ പണ്ഡിതരായിരുന്ന പെരുമ്പടപ്പ് സൈനുദ്ധീൻ റംലി, ചാലിലകത്ത് ആലസ്സൻ മുസ്ലിയാർ, പുതുപ്പറമ്പ് കോയാമുട്ടി മുസ്ലിയാർ (വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരുടെ പിതാവ്) എന്നിവരിൽ നിന്നും അറിവിന്റെ മധു നുകർന്നു. ശേഷം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ ചെന്ന് വിളക്കത്തിരുന്ന് മുസ്ലിയാരായി. ഇങ്ങനെ സാഗരതുല്യരായ പണ്ഡിതരിൽ നിന്നും അറിവാർജ്ജിക്കുകവഴി പാണ്ഡിത്യത്തിന്റെ ഉന്നത സോപാനങ്ങളിൽ വിരാജിച്ച പണ്ഡിത ശ്രേഷ്ടരായിരുന്നു മഹാനായ കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ.
ജീവിതം, അനുഷ്ടാനങ്ങൾ
അറിവിനെ പ്രയോഗവൽക്കരിക്കുന്നതിൽ ജീവസ്സുറ്റ മാതൃകയായിരുന്നു മഹാൻ. ശരീഅത്ത് അനുശാസനകളിൽ അങ്ങേയറ്റം കാർകശ്യം പുലർത്തി. ഇബാദത്തിലും ഇതേ നിഷ്ഠയുള്ളവരായിരുന്നു. അങ്ങനെ വിലായതിന്റെ ഉന്നതിയിൽ എത്തുകയും അനവധി കറാമത്തുകൾ കാണിക്കുക വഴി ധാരാളം പേർക്ക് ആശ്വാസമേകുകയും ചെയ്തു. ദുആ ഇരപ്പിക്കാനും വിഷയങ്ങൾ ആരായാനും വേണ്ടി നിരവധി വിശ്വാസികൾ അവരെ സമീപിച്ചിരുന്നു. പുറമേ, വിവിധ വിഷയങ്ങളിൽ സംശയ നിവാരണത്തിനും മസ്അലകൾ ആരായുന്നതിനും അനേകം പേർ അവരുടെ സന്നിധിയിൽ വന്നുചേർന്നിരുന്നു.
അധ്യാപന കാലം
പഠന ശേഷം വഫാത് വരെ ദർസ് നടത്തുന്നതിൽ വ്യാപൃതനായിരുന്നു മഹാൻ. തലക്കടത്തൂർ, വെന്നിയൂർ,ചെല്ലൂർ, ചേർന്നൂർ പൂഴിക്കുത്ത് പള്ളി, വൈലത്തൂർ ചെലവിൽ തുടങ്ങിയ സ്ഥലങ്ങളിലായി അഞ്ച് പതിറ്റാണ്ടോളം ദർസ് നടത്തി. അവയിൽ 38 വർഷം നീണ്ടു നിന്ന തലക്കടത്തൂർ വലിയ ജുമാ മസ്ജിദിലെ തന്റെ ദർസ് ഏറെ പ്രശസ്തിയാർജിച്ചതായിരുന്നു. അക്കാലത്ത് കേരളക്കരയിലെ പ്രസിദ്ധ ദർസുകളിലൊന്നായിരുന്ന അവിടെ അന്ന് 300 ഓളം വിദ്യാർത്ഥികൾ പഠനം നടത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. അത്രമേൽ പ്രശസ്തിയാർജിച്ച ദർസായിരുന്നു കമ്മുണ്ണി മുസ്ലിയാരുടെത്.
ശിഷ്യപ്രമുഖർ
ദീർഘ കാലം ദർസ് നടത്തിയിരുന്ന മഹാൻ അമൂല്യ ശിഷ്യസമ്പത്തിന്റെ ഉടമയായിരുന്നു. “കമ്മുണ്ണി മുസ്ലിയാർ ഉപ്പാപ്പയുടെ പക്കൽ നിന്നു ഇർഷാദുൽ യാഫിഈ (ഒരു അധ്യാത്‌മിക ഗ്രന്ഥം) ഓതിയ മുന്നൂറോളം ഔലിയാക്കൾ ഉണ്ട്. ഞാൻ അവരിലൊരുവനാണ്” എന്ന വലിയ്യുല്ലാഹി വടകര മുഹമ്മദ് ഹാജിയുടെ വാക്കുകൾ ഇതിനോട് ചേർത്തു വായിക്കണം.
കമ്മുണ്ണി മുസ്ലിയാരുടെ ശിഷ്യന്മാരിലധികവും ഔലിയാക്കളായിരുന്നു. തന്റെ ശിഷ്യൻമാരെ വിലായതിലേക്കുയർത്തിയ മുർഷിദ് മഹാൻ തന്നെയായിരുന്നു.
ശംസുൽ ഉലമ ഖുതുബി മുഹമ്മദ് മുസ്ലിയാർ, പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, വടകര മുഹമ്മദ് ഹാജി, ചെമ്പ്ര പോക്കർ മുസ്‌ലിയാർ, ഓച്ചിറ മുഹമ്മദ് മുസ്ലിയാർ, കിഴക്കേപുറം പുളിക്കത്തൊടി മൊയ്തീൻ കുട്ടി മുസ്ലിയാർ, മരുമകൻ കുറ്റൂർ പാലശ്ശേരി കമ്മു മുസ്ലിയാർ, ആലുവായി അബൂബക്കർ മുസ്ലിയാർ, മലയിൽ ബീരാൻ കുട്ടി മുസ്ലിയാർ വാവൂർ, ചാലിയം ഇമ്പിച്ചിക്കോയ മുസാവ തങ്ങൾ, കോറാട് മൊയ്തീൻ മുസ്ലിയാർ (മറ്റത്ത്), തലക്കടത്തൂർ കറുത്ത ബീരാൻ കുട്ടി മുസ്ലിയാർ, പിച്ചൻ അബ്ദുൽ അസീസ് മുസ്‌ലിയാർ, മക്കളായ മുഹമ്മദ് മുസ്ലിയാർ, അബ്ദുറഹ്മാൻ മുസ്ലിയാർ തുടങ്ങി ധാരാളം പേരുണ്ട് ആ ശിഷ്യ നിരയിൽ. ദീനീ പ്രബോധനത്തിന്റെ നാനാതുറകളിലുമായി പ്രസിദ്ധി ആർജ്ജിച്ചവരായിരുന്നു ഇവരെല്ലാം.
ദേശങ്ങൾ
സ്വദേശമായ കുറ്റൂരിലേത് പോലെ തന്നെ തലക്കടത്തൂരിലും സുസമ്മതനായിരുന്നു കമ്മുണ്ണി മുസ്ലിയാർ ഉപ്പാപ്പ. തങ്ങളുടെ എല്ലാ കാര്യങ്ങളും അവരുടെ സമ്മതത്തോടെയും ആശീർവാദത്തോടെയയുമാവണം എന്ന് അവിടത്തുകാർക്ക് നിർബന്ധമുണ്ടായിരുന്നു. അവരുടെ പൂർണ്ണ ആലംബവും ആശ്രയവും എല്ലാമെല്ലാമായിരുന്നു കമ്മുണ്ണി മുസ്ലിയാർ. ഈ നാടുകളിൽ ദീൻ വളർന്നതും അറിവ് വിനിമയം ചെയ്യപ്പെട്ടതുമൊക്കെ ആ മഹാനുഭാവനിലൂടെയായിരുന്നു. കമ്മുണ്ണി മുസ്ലിയാരിൽ നിന്നു അറിവ് നേടിയ ധാരാളം പണ്ഡിതർ ഇരു നാടുകളിലുമുണ്ടായിരുന്നു. നാല്പതോളം പേർ കുറ്റൂരിൽ തന്നെ ഉണ്ടായിരുന്നു എന്ന് ചരിത്രം. ഇങ്ങനെ ഇരു നാടുകളുടെയും ആണിക്കല്ലായിരുന്നു മഹാൻ. ഇന്നും, ആ നാട്ടുകാരുടെ ഓർമ്മകളുടെ അടരുകളിൽ ബഹുമാനം മുറ്റി കമ്മുണ്ണി മുസ്ലിയാർ പരിലസിക്കുന്നു.
കുടുംബം
അധ്യാപനം ആരംഭിച്ച ശേഷം കമ്മുണ്ണി മുസ്ലിയാർ കുറ്റൂർ കുന്നാൻചേരി പള്ളിയുടെ പടിഞ്ഞാറു വശത്ത് രണ്ട് ഏക്കർ സ്ഥലം വാങ്ങി വീട് നിര്മ്മിച്ചു. പിന്നീട്, കുടുംബ വേരുകൾ സയ്യിദുനാ അബൂബക്കർ സിദ്ധീഖ് തങ്ങളിൽ എത്തുന്നതായി പറയപ്പെടുന്ന പെരുവള്ളൂർ കൂർമത്ത് കുടുംബതിൽ നിന്നും ബിയ്യാത്തു എന്ന മഹതിയേ വിവാഹം ചെയ്തു. ഇതിൽ മുഹമ്മദ് മുസ്ലിയാർ, ഫാത്തിമ എന്നീ രണ്ടു മക്കൾ പിറന്നു. ഈ ഭാര്യക്ക് വൈകാതെ അസുഖം വരികയും അതുമൂലം രണ്ടാമത് വിവാഹം ചെയ്യുകയും ചെയ്തു. ചേളാരി കൊടക്കാട് കോലാക്കൽ പണ്ഡിത കുടുംബത്തിലെ ബിരിയമ്മു എന്ന മഹതിയായിരുന്നു രണ്ടാം ഭാര്യ. ഈ ദാമ്പത്യത്തിൽ അബ്ദുറഹ്മാൻ മുസ്ലിയാർ, അഹ്മദ് കോയ മുസ്ലിയാർ, ഇത്തീമക്കുട്ടി, താച്ചുമ്മ, മറിയം എന്നീ സന്താനങ്ങൾ പിറന്നു.
പെൺമക്കളും ഭാര്യമാരും പൂർണ്ണ ഹിജാബും ഇസ്ലാമിക ചിട്ടയും പാലിക്കുന്നവർ ആയിരുന്നു. കമ്മുണ്ണി മുസ്ലിയാർ അതിൽ കണിശക്കാരനും ആയിരുന്നല്ലോ. മാത്രമല്ല, ആണ്മക്കൾ, മരുമക്കൾ തുടങ്ങി എല്ലാരും പണ്ഡിതന്മാർ തന്നെ ആയിരിക്കാൻ അവർ പ്രതേകം ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
ആകെ ഏഴ് മക്കളാണുണ്ടായിരുന്നത്.
മരുമക്കൾ തിരുരങ്ങാടി മുടയംപിലാക്കൽ ഹസ്സൻ മുസ്ലിയാർ, കുറ്റൂർ പാലിശ്ശേരി കമ്മു മുസ്ലിയാർ, കൈപറ്റ മൂസാൻ മുഹമ്മദ് മുസ്ലിയാർ, ഇരുമ്പുചോല പാങ്ങാട് മുഹമ്മദ് മുസ്ലിയാർ എന്നിവരാണ്.
(അന്ത്യ വിശ്രമം കൊള്ളുന്ന മസ്ജിദ്)
വിയോഗം, ഖബർ
കാലങ്ങളെറെ ജ്വലിച്ചുനിന്ന ആ ജ്യോതിസ്സ് ഹി: 1354 (ക്രി. 1936) ദുൽഖഅദ് 15 ഞായറാഴ്ച അർദ്ധരാത്രി ഈ ലോകത്ത് നിന്നും അഹദവനിലെക്ക് യാത്രയായി. ഇന്നാലില്ലാഹി. ജീവസ്സുറ്റ ഒരായുഷ്കാലത്തിന് വിരാമം.
വഫാത് വാർത്തയറിഞ്ഞു അനേകം ആളുകൾ കുറ്റൂർ പരിസരത്ത് തടിച്ചുകൂടി. തിങ്ങിക്കൂടിയ ജനങ്ങളുടെ അധരങ്ങളിൽ നിന്നും പൊഴിയുന്ന തഹ്ലീൽ മന്ത്രങ്ങളുടെയും പ്രാർത്ഥനകളുടെയും അകമ്പടിയിൽ ആ പുണ്യദേഹം കുറ്റൂർ കുന്നാൻചേരി പള്ളിയുടെ മുറ്റത്ത് ഖബറടക്കി.
ശാന്തി തേടി മഹാനിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് ഇന്നും തുടരുന്നു. മഖ്‌ബറയിൽ ദിനം പ്രതി അനേകം ആളുകൾ സിയാറത് ചെയ്ത് സാഫല്യം നേടിക്കൊണ്ടിരിക്കുന്നു.
റൂട്ട്: കാലിക്കറ്റ് – തൃശൂർ NH ൽ കൊളപ്പുറം –എയർപോർട്ട് റോഡിൽ –കക്കാടംപുറം — കുറ്റൂർ നോർത്ത് റോഡ് –കുന്നാഞ്ചേരി പള്ളി അനേഷിക്കുക.
അല്ലാഹു മഹാന്റെ കൂടെ സ്വർഗലോകത്ത് നമ്മേയും ഒരുമിപ്പിക്കട്ടെ, ആമീൻ.