മഅ്ദിന്റെ ശൈശവ കാലഘട്ടം. ഒരു ചെറിയ ഓഫീസും ഞങ്ങള്‍ വിരലിലെണ്ണാവുന്ന സ്റ്റാഫുകളും മാത്രം. ഒരിക്കല്‍ ഉസ്താദ് (സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി) ഞങ്ങളോട് പറഞ്ഞു: നമ്മുടെ ഓഫീസിലെ കാര്യങ്ങള്‍ ക്രമീകരിക്കാനും മറ്റുകാര്യങ്ങള്‍ക്കും വേണ്ടി കോഴിക്കോട് നിന്നും അബ്ദുല്‍ വഹാബ് (ബാവാക്ക) എന്ന് പറയുന്ന ഒരാള്‍ വരുന്നുണ്ട്. ഉസ്താദിങ്ങനെ പറഞ്ഞപ്പോള്‍ ആദ്യം ഞങ്ങള്‍ക്കത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. കാരണം സൗകര്യപരിമിതിയുള്ള ഈ ഓഫീസില്‍ അദ്ദേഹത്തെ എങ്ങനെ സ്വീകരിക്കും എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആശങ്ക. ഞങ്ങളുടെ പരിഭ്രമം കണ്ടത് കൊണ്ടാവണം ഉസ്താദ് ഞങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ വരവ് താത്കാലികം മാത്രമാണ്. ഓഫീസിനാവശ്യമായ കാര്യങ്ങളെല്ലാം ചെയ്തതിന് ശേഷം അദ്ദേഹം നമ്മളെ ഏല്‍പ്പിച്ചു പോകും. ഇത് കേട്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ആശ്വാസമായെങ്കിലും ആശങ്കകള്‍ മനസ്സില്‍ കിടന്നിരുന്നു.
അദ്ദേഹത്തെ എങ്ങനെ സ്വീകരിക്കണം എന്നതിനെ കുറിച്ചും ആവശ്യമായ സൗകര്യമൊരുക്കുന്നതിനെ കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് തലയില്‍ ഒരുറുമാലും കെട്ടി സാധാരണക്കാരന്റെ വേഷത്തില്‍ ഓഫീസിന്റെ മുറ്റത്തേക്ക് കടന്നു വരുന്ന ബാവാക്കയെയാണ് മനസ്സില്‍ ഓര്‍മ വരുന്നത്. മുഖത്തൊരു ചെറു പുഞ്ചിരിയുമായി ഓഫീസിലേക്ക് അന്ന് കാലെടുത്തുവെച്ച ബാവാക്ക പിന്നെ മരണം വരെയും മഅദിനിലെ ആത്മാര്‍ഥ സേവകനായി ജീവിച്ചു.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് എല്ലാവരെയും സമീപിക്കുക. അതുകൊണ്ടായിരിക്കണം മരിച്ചു കിടക്കുമ്പോഴും സുസ്‌മേര വദനനായി കിടക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.
ലാളിത്യം അദ്ദേഹത്തിന്റെ ജീവിത മുദ്രയായിരുന്നു. പ്രത്യേകിച്ച് മഅദിന്റെ ആവശ്യത്തിനായി അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തവര്‍ക്കൊക്കെ ഇക്കാര്യം വ്യക്തമാകും. ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടി നിരവധി തവണ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത വ്യക്തിയാണദ്ദേഹം. മര്‍ഹൂം മുഹമ്മദ് മാസ്റ്ററും ഞാനും ഈ യാത്രകളില്‍ പലതിലും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട്. കുറ്റിപ്പുറത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബസിലോ ട്രൈനിലോ മാത്രമാണ് അദ്ദേഹത്തിന്റെ യാത്രയുടെ രീതി. തിരുവനന്തപുരത്തെത്തിയാല്‍ വളരെ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന മുസാഫര്‍ ഖാനയിലെ ഒരു ബെഡ്ഡിലായിരിക്കും താമസം. റോഡു സൈഡിലെ തട്ടുകടയില്‍ നിന്ന് തുച്ഛമായി ലഭിക്കുന്ന എന്തെങ്കിലും വാങ്ങി കഴിക്കുക എന്നതായിരുന്നു ഭക്ഷണ രീതി. ഇത്തരം കാര്യങ്ങള്‍ക്കും അദ്ദേഹം സുഖ സൗകര്യങ്ങളുടെ പിന്നാലെ പോയിരുന്നില്ല. തന്റെ സേവനത്തില്‍ സ്ഥാപനത്തിന് പ്രത്യേകിച്ച് ചിലവുകളൊന്നും വരുത്താതിരിക്കാന്‍ അദ്ദേഹം വളരെയേറെ ശ്രദ്ധിക്കുമായിരുന്നു.
അദ്ദേഹത്തിന് പ്രത്യേകം താത്പര്യമുള്ള മേഖലയായിരുന്നു മഅദിനിലെ സ്‌പെഷ്യല്‍ സ്‌കൂള്‍. അവിടുത്തെ കുട്ടികള്‍ക്ക് എന്തെങ്കിലും ചെയ്തു കൊടുക്കുക എന്നത് അദ്ദേഹത്തിന്റെ ഹോബിയായിരുന്നു. എപ്പോഴും അവിടെ സന്ദര്‍ശിക്കുകയും കുട്ടികളോടൊപ്പം കളിക്കുകയും അവരെ ചിരിപ്പിക്കുകയുമൊക്കെ ചെയ്യുന്ന അദ്ദേഹത്തിന്റെ രസകരമായ നിമിഷങ്ങള്‍ ഇപ്പോഴും നിറഞ്ഞു കാണാം. സ്‌പെഷ്യല്‍ സ്‌കൂളിന്റെ ഏത് ഫയലുകള്‍ റെഡിയാക്കാനും അദ്ദേഹത്തിന് പ്രത്യേക താത്പര്യമായിരുന്നു. അതിനിടക്കാണ് വിധവ പെന്‍ഷന്റെ ഫയലുകള്‍ വരുന്നത്. അതും അദ്ദേഹം വളരെ കൃത്യമായി തന്നെ ചെയ്തു.
മരിക്കുന്ന സമയം വരെയുള്ള വിധവകളുടെ പെന്‍ഷന്‍ ഫയലുകള്‍ കൃത്യമായി അദ്ദേഹം ചെയ്തു വെച്ചിരുന്നു. മഅ്ദിന്‍ ഓഫീസിന് വ്യവസ്ഥാപിതമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ സഹായകമായത് ബാവാക്കയുടെ സേവനമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഏത് രേഖകള്‍ കിട്ടിയാലും അതൊരു ഫയലില്‍ വെച്ച് ആ ഫയലിനൊരു നമ്പറിട്ട് അതിന് പ്രത്യേകം രജിസ്റ്റര്‍ വെച്ച് റിക്കാര്‍ഡ് ചെയ്യലാണ് അദ്ദേഹത്തിന്റെ പതിവ് ശൈലി. കൃത്യമായി ജീവിതം ക്രമീകരിച്ച് തന്റെ കൊച്ചു ജീവിത കാലത്ത് ചെയ്യാവുന്നതിലുപരി ചെയ്തു തീര്‍ത്ത ബാവാക്കക്കൊപ്പം നാളെ അല്ലാഹു നമ്മെയും അവന്റെ ജന്നാത്തില്‍ ഒരുമിച്ച് കൂട്ടട്ടെ.


