ആർക്കും വായിക്കാവുന്ന തുറന്ന പുസ്തകം

തിരക്കിട്ട് കർമങ്ങൾ തീർക്കുന്നത് കൗതുകത്തോടെ, അത്ഭുതത്തോടെ നോക്കി നിന്നപ്പോഴൊന്നും, തിരക്കില്ലാത്ത ലോകത്തേക്ക് യാത്രയാവാനാണ് ഈ തിടുക്കമെന്ന് ഒരിക്കലും കരുതിയില്ല.
ശിഷ്യന്മാർക്ക് ഉസ്താദ് ഉപ്പയായിരുന്നു.
എപ്പോഴും എന്തും വന്നു പറയാൻ ഒരു ധൈര്യമായിരുന്നു.
ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ശരിയും തെറ്റും ചൂണ്ടിക്കാണിച്ചു സ്നേഹത്തോടെ പരിഹാര നിർദേശങ്ങൾ തന്ന നല്ലൊരു മാർഗദർശിയായിരുന്നു.

വഫാത്തിൻ്റെ അന്ന് ശനി അസറിന് വലിയ ആഗ്രഹമായിരുന്ന ശൈഖ് ജീലാനി തങ്ങളെക്കുറിച്ചുള്ള മനാഖിബിൽ; ഇമാം ഇബ്നു ഹജറിനിൽ അസ്ഖലാനി (റ) എഴുതിയ ഗിബ്തത്തു നാളിർ ഫീ തർജുമതി ശൈഖ് അബ്ദുൽ ഖാദിർ അൽജീലാനി എന്ന ഗ്രന്ഥത്തിൻ്റെ ടിപ്പണി പൂർത്തീകരിച്ച്, മൗലിദിനായി വീട് മുതഅല്ലിമീങ്ങളെ കൊണ്ട് സമ്പന്നമാക്കി, അവസാനത്തെ മഗ്‌രിബും നിസ്കരിച്ച് അധ്യാപനജീവിതത്തിൻ്റെ മുഴുസമയവും ചിലഴിച്ചിരുന്ന; പെരുന്നാൾ ദിവസം വരെ ചെലവിടാറുള്ള തൻ്റെ റൂം തന്നെ അവസാനത്തെ പടയിറക്കത്തിനും തിരഞ്ഞടുത്ത്, ഉസ്താദ് വിശ്രമിക്കാൻ മടങ്ങി. അബ്ദുൽ അസീസ് മഖ്ദൂം(റ) വിൻ്റെ മസ് ലഖുൽ അത്ഖിയാഇൽ നിന്നും ഇടക്കിടക്ക് ഓർമപ്പെടുത്തുന്ന വരിയുടെ പ്രതിഫലനമാണ് ഉസ്താദിൽ കണ്ടത്. ജീവിതത്തിൽ ഓരോ കാര്യങ്ങളും സമയക്രമം പാലിച്ചു ചെയ്യുന്നവർക്ക് ജീവിതത്തിൽ അത്ഭുതങ്ങൾ കാണാം. ഒരു സമയവും പാഴാക്കാതെ ആ മരണം വരെയുള്ള ഓരോ നിമിഷവും എത്ര കൃത്യം.

ഒരിക്കൽ ഇമാം വസ്സ്വാബി(റ) യുടെ അൽബറക എടുത്ത് ഇതിൽ ഞാൻ മറിക്കുന്ന പേജിൽ ആദ്യം കാണുന്ന ജുംല ജീവിതത്തിൽ ഉടനീളം കൊണ്ടുനടക്കണമെന്നു നിർദേശിച്ച് ഉസ്താദ് എനിക്ക് കിതാബ് മറിച്ച പേജിൽ ഫസ്റ്റ് കണ്ടത് അവിടുന്ന് പുഞ്ചിരിയോടെ വായിച്ചുകേൾപ്പിച്ചു.
‘إن الله لا يحب الفارغ الصحيح ‘
“ആരോഗ്യമുള്ള സമയം വെറുതെ ഇരിക്കുന്നവനെ അല്ലാഹുവിന് ഇഷ്ട്ടമില്ല” അവിടുന്ന് ഉപദേശിച്ചു. ഹൃത്തിൽ പതിഞ്ഞ വാക്കുകൾ. എപ്പോഴും ഓർമിക്കപ്പെടാൻ അത് എൻ്റെ കിതാബുകളിൽ ഞാൻ എഴുതി സൂക്ഷിച്ചിട്ടുണ്ട്.
ഉസ്താദിൻ്റെ ജീവിതം അങ്ങനെയായിരുന്നു.

ആദ്യകാലങ്ങളിൽ രാപകൽ മുഴുവനായി സ്ഥാപനത്തിൽ തന്നെയായിരുന്നു. പിന്നീട് ശാരീരിക ബുദ്ധിമുട്ടുകൾ കൂടിയപ്പോൾ ഉമ്മയുടെ കൽപ്പന മാനിച്ച് രാത്രി ഉറങ്ങാൻ വീട്ടിൽ പോകും, തഹജ്ജുദിനു പള്ളിയിലെത്തും. പള്ളിയിൽ എത്തിക്കഴിഞ്ഞാൽ സ്വദഖ കൊണ്ടായിരുന്നു തുടക്കം. അജ്മീറിലെ ഫുഖറാഇൻ്റെ പെട്ടി അതിലേക്ക് സ്വദഖയായി ഇടുകയെന്നത് പതിവാണ്. സാധനങ്ങൾ വാങ്ങി എത്ര രൂപ ചില്ലറയായി കിട്ടിയാലും അതും ആ പെട്ടിയിൽ നിക്ഷേപിക്കും. അജ്മീറിലേക്കു പോകുന്നവരുടെ കൈയിൽ പറഞ്ഞേൽപ്പിക്കും.

സുബ്ഹ് നിസ്കാരാനന്തരം അൽ ഉസ്താദ് ശൈഖുനാ ബദ്റുസ്സാദാത്ത് തങ്ങളുസ്താദിനും ദ്വീപിൽ ദീനെത്തിച്ച വലിയുല്ലാഹി ഉബൈദുല്ലാഹ് മുമ്പു മൗല സിദ്ധിഖി(റ) വിനും തുടങ്ങി അഞ്ചാറു മഹാരഥന്മാർക്കു പ്രത്യേകമായും പൊതുവായും ഫാതിഹ വിളിച്ചാണ് ദിവസത്തിൻ്റെ തുടക്കം. ശൈഖുനാ അൽഉസ്താദിന് ഫാതിഹ ഓതി ദിവസം തുടങ്ങാൻ പ്രത്യേകം നിർദേശിക്കുകയും ചെയ്യും. “ബാനിക്ക് ദുആ ചെയ്യാഞ്ഞാൽ ഇൽമിൽ ബറകത്ത് കിട്ടില്ല” എന്ന് ഉപദേശിക്കുമായിരുന്നു.

ഉസ്താദിന്റെ ഖുർആൻ പാരായണ രീതി അതിലും മനോഹരമാണ്. ഒരു ഖുർആൻ ഡയറിയുണ്ട്. ഓതുമ്പോൾ കിട്ടുന്ന ഫാഇദകൾ ഡയറിയിൽ എഴുതിവെക്കുമായിരുന്നു. തഫ്സീറുസ്വാവിയും ജവാഹിറും റൂഹുൽ ബയാനും എല്ലാം മറിച്ചുള്ള പാരായണം. ഒരു പേജ് നീങ്ങാൻ ദിവസങ്ങളോളം എടുക്കും. ഇടയ്ക്ക് കുട്ടികൾ ഓതുന്നതിൻ്റെ പിറകിൽ കസേരയിട്ട് ഇരിക്കും, ഓതിക്കഴിഞ്ഞു വരുന്ന വിദ്യാർത്ഥികളോട് ഇന്ന് ഓതിയതിൽ നിന്ന് എന്ത് ഫാഇദ കിട്ടിയെന്നു ചോദിക്കും.
മറുപടി ഇല്ലെങ്കിൽ വീണ്ടും ഓതിക്കും, കുട്ടികളെ അർത്ഥം ചിന്തിച്ചുള്ള ഓത്ത് ശീലിപ്പിക്കാനായിരുന്നു അത്.

ശേഷം ചായ കുടിക്കും.
“ചായ കുടിക്കാൻ കടി വേണം” ചിരിയിലൂടെ ഉണർത്തും..
“ലാ ചായ ബിലാ കടി ” എന്നു പറയും. അല്ലാഹു ഖുർആനിൽ ആദ്യം തിന്നലിനെയാണ് മുന്തിച്ചത്. മഹാനായ ഇബ്നു അജീബ് (റ) പറഞ്ഞിട്ടുണ്ട്, അല്ലാഹു മുന്തിച്ചതിനെ മുന്തിക്കണം. എന്നാൽ ജീവിതത്തിൽ അത്ഭുതങ്ങൾ കാണാം. അവിടുത്തെ ഉപദേശങ്ങളാണ്. ത്വിബിൻ്റെ കിതാബിലും ഇക്കാര്യമുണ്ടെന്ന് ഉണർത്തും.

തദ് രീസ് എന്നും ഉസ്താദിനൊരു ആവേശമായിരുന്നു.
എത്ര ക്ഷീണമാണെങ്കിലും സബ്ഖിൽ ഒന്നും പ്രതിഫലിക്കില്ല.
ഫത്ഹുൽ മുഈൻ സബ്ഖിനു മുന്നോടിയായി കരിങ്കപ്പാറ ഉസ്താദ്, സൈതാലി ഉസ്താദ് എന്നിവരുടെ ഫത്ഹുൽ മുഈൻ എന്നിവയുടെ ഹാമിശ്, ഇആനത്ത്, തർശീഹ് ഇവ മുഴുവനും നോക്കി, അതിൽ പറഞ്ഞ കിതാബുകളും നോക്കി കണ്ടത്തി; കിതാബുകളുടെ അച്ചടി ഇല്ലങ്കിൽ മഖ്തൂത്ത് നോക്കി മക്തബയിൽ ഇല്ലെങ്കിൽ പ്രിൻ്റെടുത്തു നമ്പറിട്ടു വരണം.
റുമൂസുകൾ കണ്ടത്തി പഠിച്ചു വരണം. നമ്പറിങ്ങിന് കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കും. ഓരോർത്തരും ഉറക്കമൊഴിഞ്ഞാണ് ഇതു പൂർത്തീകരിക്കുക.
ഇതു വഴി കുട്ടികളിൽ അന്വേഷണ തത്പരതയും ശൈലിയും ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ഉസ്താദിൻ്റെ ലക്ഷ്യം.

ഉസ്താദിൻ്റെ വായനാ രീതിയും അപ്രകാരമാണ്. ഉസ്താദ് പ്രധാന ഫാഇദകളുടെ മുകളിൽ വരയിടും. ചില കിതാബുകളുടെ പേരുകൾ, ഇമാമുമാരുടെ പേരുകൾ ചട്ടപ്പുറത്തേക്കു മാറ്റി എഴുതും. പരിചിതമല്ലാത്തതും പിന്നീട് നോക്കാനുമാണത്. നെറ്റിൽ സെർച്ച് ചെയ്തു കണ്ടത്തിയാൽ അവിടെ ടിക്കിടും, ഇമാമീങ്ങളെ ത്വബഖാതിൽ നിന്നും കണ്ടെത്തി വരാൻ പറയും.

ഫറാഇളിൻ്റെ ഭാഗമെത്തിയാൽ മഹല്ലി, റഹബിയ ഇങ്ങനെ നാലഞ്ച് കിതാബുകൾ വെച്ചാണു പഠിപ്പിക്കുക, റഹബിയ കാണതെ പഠിക്കണം.

നികാഹിൻ്റെ ഭാഗമെത്തുമ്പോൾ മഖാസിദു നികാഹ്, അൽഉദ്ദ തുടങ്ങി മൂന്നു നാല് കിതാബ് മുഖദ്ദിമയായി ഓതിത്തരും.
ഫത്ഹുൽ മുഈനിൽ ഇല്ലാത്ത ഇഹ്യാഉൽ മവാത്ത് പോലുള്ള ഭാഗങ്ങൾ മുഗ്നിയിൽ നിന്നും ഓതിതരും. അവസാനം എല്ലാം ഒരാവർത്തിയൊന്നു കണ്ണോടിക്കാൻ അബൂ ശുജാഉം ഓതിതരും.

മസ്അല പറയുമ്പോൾ പറഞ്ഞുകൊടുക്കുമ്പോൾ ഫത്ഹുൽ മുഈനിനെ മുന്തിക്കും ഉസ്താദ് ഫത്ഹുൽ മുഈനു കൊടുത്ത പ്രാധാന്യം ബോധ്യപ്പെടാൻ ഉസ്താദിൻ്റെ ഫത്ഹുൽ മുഈൻ നോക്കിയാൽ മതി. തഖ് രീറുകളാൽ സമ്പന്നമാണത്.

അതുപോലെ തന്നെയാണ് എല്ലാ സബ്ഖുകളും, എല്ലാ ഫന്നും, എല്ലാത്തിലും വലിയ അവഗാഹവും തൻ്റെതായ സംഭാവനകളും കാണാം.
എല്ലാ ഫന്നും ഓതിത്തരും, സ്വർഫ് പ്രത്യേകമായ ഇശലാണ്, സ്വർഫ് വിഷയത്തിൽ പ്രത്യേകം തയ്യാറാക്കിയ നോട്ട് തന്നെയുണ്ട്. സഞ്ചാനിന് 116 പേജിൽ മലയാളത്തിൽ നല്ലൊരു വിശദീകരണം ഉസ്താദ് എഴുതിയിട്ടുണ്ട്.

ഇൽമുൽ അറൂള: വൽ ഖവാഫി ഉസ്താദിൻ്റെതായി ഒട്ടനേകം രചനകളുണ്ട്. മൗലിദുകളിലെ ബൈത്തകൾ ഖത്ഉ ചെയ്തുകൊണ്ടുള്ള സബ്ഖ് നല്ല രസമായിരുന്നു. തഫ്സീർ, ഹദീസ്, മൻത്വിഖ്, എല്ലാത്തിലും ഉസ്താദിൻ്റെ അധ്യാപനരീതി വരിയിൽ ഒതുക്കാനാവാത്തതാണ്.
സബ്ഖിൽ മിസ്ബാഹുൽ മുനീറും മുഖ്താറും ഡിക്ഷ്ണറികൾ വാങ്ങാൻ നിർബന്ധിക്കും.
സബ്ഖുകൾ ആഫിയത്തു പോലെ നീളും.
ശാരീരിക ബുദ്ധിമുട്ടുകൾ വർധിക്കുന്നതിനു മുമ്പ് സുബ്ഹി വരെ നീണ്ട ഇരുത്തമുണ്ടായിട്ടുണ്ട്. ചില ദിവസങ്ങളിൽ ഒരു ബാച്ചിനു മാത്രം അഞ്ചും ആറും സബ്ഖുകൾ ഉണ്ടാകും.

റമളാനിൽ പതിവ് സബ്ഖുകൾക്കു പകരം തസവ്വുഫിൻ്റെ കിതാബുകൾ ഓതിത്തരും.
റമളാനിൽ ഉറുദി പറയുന്ന കുട്ടികൾക്ക് തൻ്റെ വകയിൽ വല്ലതും നൽകും.
രാത്രിയിലെ വട്ടമിട്ടുള്ള ആദി അമൈത്തെ നൂറുള്ളാ.. എന്ന ബൈത്ത് മോഡൽ അക്കാദമിയെ വല്ലാതെ ത്രസിപ്പിക്കും.
റമളാനിലെ വെള്ളിയാഴ്ച്ച മിക്കപ്പോഴും ശുഹദാപള്ളിയിലാകും. ജുമുഅക്കു ശേഷം നീണ്ട സിയാറത്താണ്.
മലപ്പുറം ശുഹദാക്കളെ വലിയ പിടുത്തമായിരുന്നു ഉസ്താദിന്.
എന്തിനും അവിടെ പോയി പറയും. 44 ഫാത്തിഹ ഓതിയാണ് പോവുക. പിന്നെ ബുഖാരി സാദാത്തീങ്ങളെയും സിയാറത്ത് ചെയ്യും.
സിയാറത്തുകളിൽ വലിയ ആനന്ദമായിരുന്നു. റൂം വിട്ട് ദീർഘയാത്രക്കൊരുങ്ങുമ്പോൾ വല്ലതും പഴയപള്ളിയുടെ മുമ്പിലുള്ള സ്വലാത്തിൻ്റെ പെട്ടിയിലേക്കിടും.
ജീവിച്ചിരിക്കുന്ന വഫാത്തായ മഹാരഥന്മാരെ കണ്ടു സിയാറത്ത് ചെയ്യും.
സിയാറത്തിനു ശേഷം മൗനം ദീക്ഷിച്ച് അൽപ്പനേരം കണ്ണടച്ചുനിൽക്കും. വലിയ ആഗ്രഹമായി പലരോടും പറയുമായിരുന്നു, യമനിലും മിസ്റിലും പോകണം. ഇമാം ശാഫിഈ, ഇമാം നവവി, ഹദ്ദാദ് തങ്ങൾ(റ) ഇവരെ സിയാറത്ത് ചെയ്യണമെന്ന്.

നിസ്കാരങ്ങളിൽ ഓതേണ്ട സൂറത്തുകൾക്ക് ഹദ്ദാദ് തങ്ങളുടെ പതിവായിരുന്നു സ്വീകരിച്ചിരുന്നത്.
അല്ലെങ്കിലും ഏത് കാര്യത്തിലും ഉസ്താദ് മഹാന്മാരുടെ പതിവിന് അനുസരിച്ചായിരുന്നു.
പഴം തൊലിക്കുമ്പോൾ പിൻഭാഗത്തിൽ നിന്നാണ് തൊലിക്കാറ്. അങ്ങനെയായിരുന്നു ശൈഖുനാ സി എം(റ), ശുഐബ് ആലം ഓർ അങ്ങനെയാണ് ചെയ്തിരുന്നതെന്നു പറയും. നിസ്കാരശേഷമുള്ള തസ്ബീഹ് ചൊല്ലുന്ന രീതി, അത് ഇമാം ഹദ്ദാദ്(റ) ചെയ്യുന്ന ത്വരീഖതു സഹ് ലയിൽ പറഞ്ഞ രീതിയിലാണ് ചെയ്യാറ്.
നിസ്കാരത്തിനു മുമ്പ് അറാക്ക് കൊണ്ട് പല്ലു തേക്കും, സുഗന്ധം പൂശും,
വുളൂഇൽ തഖ് രീറാത്തു സദീദയിൽ പറഞ്ഞപോലെ 9 പ്രാവശ്യം ചെവി തടവും. ഇങ്ങനെ പതിവാക്കിയാൽ മടിവരില്ലെന്ന മഹാരഥന്മാരുടെ വചനങ്ങളെ ഉണർത്തും. എന്നും മഗ്രിബിനു ശേഷം അന്ന് ലോകത്ത് മരണപ്പെട്ട എല്ലാവരുടെ പേരിലുമായി മയ്യിത്ത് നിസ്കരിക്കും. അവർ ആരെങ്കിലും നാളെ മഹ്ശറയിൽ കൈപിടിക്കുമെന്ന് ആശ്വാസം പറയും.

ഇന്ന് ആശുറാഅ്, ബറാഅത്ത്, റമളാൻ തുടങ്ങി വിശേഷദിനങ്ങളിൽ പതിവായി ചൊല്ലിപ്പോരുന്ന പല ദിക്റുകൾക്കും വെളിച്ചം കൊടുത്തത് തൻ്റെ മാർഗദർശി എന്ന രചനയിലൂടെയാണ്.
ഇവകൾ ഇആനതു ത്വാലിബീൻ എന്ന കിതാബിൻ്റെ മുസന്നിഫിൻ്റെ ഉസ്താദ് കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാരുടെ കൈയെഴുത്തിൽ നിന്നും, 100 വർഷം പഴക്കമുള്ള മൗലിദ് കിതാബും (ഇന്ന് മഅദിൻ കുതുബ് ഖാനയിൽ നുസ്ഖ ഉണ്ട്) ഹിജ്റ 1335ൽ അച്ചടിച്ച സ്വലാത്തിൻ്റെ ഏടുകളിൽ നിന്നും മറ്റനേകും ശേഖരങ്ങളിൽ നിന്നും സമാഹരിച്ചതാണിത്.
ഉമ്മയോടും ഉപ്പയോടുമുള്ള ഉസ്താദിൻ്റെ സ്നേഹം പറഞ്ഞറിയിക്കാനാകാത്തതാണ്.
100 ലേറെ രചനകൾ എഴുതിയ ഉസ്താദ് തൻ്റെ ആദ്യ കാല രചനകളിലൊന്നും ആ വിനയം കൊണ്ട് പേര് പറഞ്ഞു കാണില്ല. ഉപ്പ മരണപ്പെട്ട ശേഷം രചിച്ചവയിൽ ഉപ്പയുടെ പേര് പറയാൻ, അതുവഴി പ്രാർത്ഥന ലഭിക്കാൻ കാരണമാകുമല്ലോ എന്നു കരുതിയാണ് തൻ്റെ പേര് ചേർത്തിയത്.

കിതാബുകളെ തൻ്റെ മക്കളെ പോലെ, അല്ലെങ്കിൽ അതിലേറെ സ്നേഹിച്ചു എന്നു തന്നെ പറയാം.
ശാരീരിക അവശതകൾ നീക്കി അതിനായി ചെയ്ത പലായനം വരിയിൽ ഒതുക്കാനാവില്ല.
അൽ ഹാഫിള് അൽ മുഹദ്ദിസ് ഇബ്റാഹീം അന്നാജി തങ്ങളുടെ القلائد والعقيان എന്ന കിതാബിൻ്റെ മഖ്തൂത്ത ടൈപ്പ് ചെയ്യുമ്പോൾ കൈയെഴുത്തിലെ ചെറിയ സംശയം തീർക്കാൻ മറ്റൊരു നുസ്ഖ അന്വേഷിച്ചന്വേഷിച്ചപ്പോൾ യമനിൽ നിന്നും ഇന്ത്യൻ രൂപ 12000 കൊടുത്താലേ കിട്ടൂ എന്നറിഞ്ഞതും പണം നൽകി അതു വാങ്ങിച്ചു.
ആ ഒരു കലിമതിന് ഉസ്താദ് നൽകിയ വില അത്രയും വലുതായിരുന്നു.
ശാലിയാത്തി(റ)യുടെ കുതുബുഖാന ആദ്യാന്ത്യം നോക്കി ഫയലാക്കിയതും, കായൽപട്ടണം, കണ്ണൂർ, അറക്കൽ പള്ളി, വളപട്ടണം, മാട്ടൂൽ, പയ്യോളി, പൊന്നാനി, മിഷ്കാൽ പള്ളി.. ഇങ്ങനെ തുടങ്ങി നിരവധി ഇടങ്ങളിൽ 8,10 ദിവസം ക്യാമ്പ് ചെയ്ത് ക്യാമറയുമായി പോയി എല്ലാം പകർത്തി; പ്രാധാന്യം അവരെ ബോധിപ്പിച്ചു ഫയലാക്കി, അവർക്കും നൽകി.
ആ കിതാബുകൾക്കായുള്ള ഓട്ടത്തിൽ തിരസ്കരിച്ചയക്കുന്നവരുമുണ്ട്; ചെറു പുഞ്ചിരിയോടെ അവിടെ നിന്നും ഇറങ്ങിപ്പോരും.
ഒരിക്കൽ ഒരു പള്ളിയിൽ, വളരെ പഴക്കമുള്ള നിരവധി ടൂറിസ്റ്റുകൾ വരുന്ന ഇടം കൂടിയാണ്. നിരവധി ശേഖരങ്ങളുണ്ടന്ന് കേട്ട് എല്ലാ ഒരുക്കങ്ങളുമായി പോയി.
പക്ഷെ, അവർ വിസമതിച്ചു.
പിന്നെ കുറച്ചു കാലങ്ങൾക്കു ശേഷം വീണ്ടും അവിടെ പോവുകയും ചെയ്തു.
മുമ്പുണ്ടായിരുന്ന ഭാരവാഹികളായിരുന്നില്ല അപ്പോൾ, ഉസ്താദ് ചോദിച്ചു നോക്കി.
ഇപ്രാവശ്യം സമ്മതമായിരുന്നു. ശേഖരങ്ങളുള്ള റൂമിൽ കയറിയപ്പോൾ കണ്ണുനിറഞ്ഞിരുന്നു.
ചാക്കിലും കുടത്തിലുമായി ഒരു പരിപാലനവുമില്ലാതെ കിടക്കുന്നു ഒട്ടേറെ കിതാബുകൾ. പേപ്പറുകൾ.
5 ദിവസം സമീപത്തായുള്ള ഒരു മുതഅല്ലിമിൻ്റെ വീട്ടിൽ ക്യാമ്പ് ചെയ്ത്, രാപകൽ കഠിനാധ്വാനം ചെയ്ത്, പതുക്കെ പതുക്കെ എടുത്ത് പൊട്ടിയതും കീറിയതും ചേർത്തുവെച്ച്, ഒട്ടിച്ചു നന്നാക്കി പെൻഡ്രൈവിൽ ഫയലാക്കി, അവർക്കു നൽകി.
സന്തോഷം കൊണ്ട് അവർ ഉസ്താദിനെ ആദരിച്ചതും മാനുസ്ക്രിപ്റ്റ് പരിപാലനത്തിനു പ്രത്യേകം സമിതി ഉണ്ടാക്കിയതും വലിയ സന്തോഷം നൽകി. ഇത്രയും പ്രയാസങ്ങൾ സഹിച്ചുണ്ടാക്കിയ ശേഖരങ്ങൾ യാതൊരു വൈമനസ്യവും കൂടാതെ ഒരു ഹദ്‌യയും കൈ പറ്റാതെ കൈമാറുന്നതു കാണുമ്പോൾ അതിശയം തോന്നും.

ഇന്ന് മഅ്ദിൻ ഖുതുബ്ഖാന വലിയൊരു റഫറൻസാണ്.
ആര് എന്ത് ആഗ്രഹിച്ചു വന്നാലും അവിടെ അതുണ്ടാകും. കോവിഡ്കാലത്ത്, നിസ്കാരത്തിലെ വജ്ജഹ്ത്തു ഒഴിവാക്കൽ കറാഹത്തില്ലന്ന ചർച്ച വന്നപ്പോൾ (ഇത്രയും കാലം കറാഹത്തെന്ന് ഉസ്താദ്മാർ ചൊല്ലി പഠിപ്പിച്ചതിനെതിര് വന്നപ്പോൾ) വന്ദ്യരായ പറപ്പൂർ ഉസ്താദ് ഉസ്താദിൻ്റെ ഖുതുബ്ഖാന പരതാൻ പറഞ്ഞു. ഏകദേശം മുഴുവനും അരിച്ചു പെറുക്കിയെങ്കിലും ഒന്നും കിട്ടിയില്ല.
അപ്പോഴാണ് ശൈഖുന തൻ്റെ അന്വേഷണ യാത്രയിൽ പരതിക്കിട്ടിയ ഇമാം ഇബ്നു ഹജർ(റ) വിൻ്റെ ഈആബിൻ്റെ കൈയെഴുത്തു പ്രതി പ്രിൻ്റെടുത്ത് ബൈൻ്റ് കെട്ടിവെച്ചതു കണ്ടത്.
അവസാനം അതും നോക്കിയപ്പോയാണ് ആ വിഷയം കറാഹത്തുതന്നെയാണെന്ന ചർച്ച കണ്ടത്.

തനിക്കറിയാത്ത എന്തും ചോദിക്കും. വലിപ്പ ചെറുപ്പ വ്യത്യാസമില്ലായിരുന്നു.
ഒരിക്കൽ തനിക്ക് അത്രപരിചയമില്ലാത്ത വിഷയം തൻ്റെ ശിഷ്യനിൽ നിന്നും ചോദിച്ചു മനസ്സിലാക്കുകയും, ശേഷം ഇവനെൻ്റെ ഉസ്താദും കൂടിയാടാ എന്നു പുഞ്ചിരിച്ചു പറയുകയും ചെയ്തത് ഓർമ വരുന്നു.
ക്ഷണം സ്വീകരിച്ചു വീടുകളിൽ വരുമ്പോൾ തനിക്ക് പരിചയമില്ലാത്ത ഫുഡ് കാണുമ്പോഴും അതിനെ പറ്റി എല്ലാം അവിടുന്നു ചോദിച്ചറിയും.

അക്ഷാംശ രേഖാംശങ്ങൾ കൃത്യതയോടെ കിട്ടാനുള്ള ഉസ്താദിൻ്റെ വർഷങ്ങളോളമുള്ള കഠിനാധ്വാനം ഇവിടെ വിസ്മരിക്കാൻ ആവില്ല. ഗൂഗിൾ മാപ്പ് സംവിധാനം വികസിക്കും മുമ്പ് കൃത്യതയോടെ അക്ഷാംശ രേഖാംശം കിട്ടാത്ത കാലം. കേരളത്തിൻ്റെ 14 ജില്ലകളും ലക്ഷദ്വീപും മംഗലാപുരവും കന്യാകുമാരിയിലെ ചില സ്ഥലങ്ങളും സ്വന്തമായും വിദ്യാർത്ഥികളുടെ സഹായത്തോടെയും നേരിട്ടുപോയി ഓരോ ജില്ലകളിലെ പ്രധാന സ്ഥലങ്ങളല്ലാം ജിപിഎസ് സംഘടിപ്പിച്ച് പിടിച്ചടുത്ത് രേഖപ്പെടുത്തി വേപോയൻ്റ് എന്ന പേരിൽ ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്.

ഗോളശാസ്ത്ര പണ്ഡിതൻ എന്നത് ഒരു ആലങ്കാരിക പ്രയോഗമല്ലന്ന് ഉസ്താദിനെ അറിയുന്നവർക്കു മനസ്സിലാകും. ഇൽമുൽ ഫലഖുമായി ബന്ധപ്പെട്ട കിതാബുകൾ ഉസ്താദിൻ്റെ ഉടമസ്ഥതയിൽ മാത്രം 100 ലേറെയുണ്ട്.
ഒരിക്കൽ ഒരു ചർച്ച വന്നപ്പോൾ പറഞ്ഞത് ഓർമയുണ്ട്.
“ബനെ.. 70 ലേറെ കിതാബുകൾ ഇൽമുൽ ഫലഖിൽ ആദ്യാവസാനം നോക്കി തീർത്തിട്ടുണ്ട്’.

ദ്വീപിൽ മാസപ്പിറവി വിവാദത്തിനു ശമനം നൽകിയത് ഉസ്താദിൻ്റെ മാസപ്പിറവി എന്ന രചനയാണ്.
ഫത്ഹുൽ മുഈനിൽ
ഇഖ്തിലാഫുൽ മത്വാലിഇൻ്റെ ഭാഗം വല്ലാത്തൊരു അനുഭൂതിയാണ്.
ഉസ്താദിൻ്റെ തശ് രീഹുൽ അഫ്ലാലാഖ് നോക്കിയാൽ മതി, ഉസ്താദിൻ്റെ ആ ആഴം മനസ്സിലാക്കാൻ.
ഉസ്താദ് സ്വന്തമായും മഖ്തൂതകളെ പുനർജീവിപ്പിച്ചും കൊണ്ടും ഇൽമുൽ ഫലഖിൽ മാത്രം 40 ലേറെ അറബിയിലും മലയാളത്തിലുമായി രചനകൾ നിർവഹിച്ചു.
കേരളത്തിനകത്തും പുറത്തും ഇൽമുൽ ഫലഖുമായി ബന്ധപ്പെട്ട ഒട്ടനേകം ശിഷ്യഗണങ്ങളുണ്ട്.
ഒട്ടനേകം സ്ഥാപനങ്ങളിൽ ഇൽമുൽ ഫലഖ് പഠിപ്പിക്കാനായി യാത്ര ചെയ്തു,
അതു മാത്രം പഠിക്കാൻ ഒട്ടനേകം മുദരിസുമാർ ആ സവിധം തിരഞ്ഞെടുക്കാറുമുണ്ട്.
ദശമഹാവൃത്തം ഇന്ന് കാണുന്ന രൂപത്തിൽ ഉസ്താദ് രൂപകൽപ്പന ചെയ്തതാണ്.
“മറ്റെവിടയം കണ്ടിട്ടല്ല ഇതു ഞാൻ ചെയ്തതെന്ന്” പറയാറുമുണ്ട്.
ഇന്ന് രിസാലത്തുൽ മാറദീനി ഓതുന്നവർക്കു വലിയ മുതൽകൂട്ടാണത്. രിസാലത്തുൽ മാറദീനിയുമായി ബന്ധപ്പെട്ട് 13 നുസ്ഖകൾ അവലംബിച്ച് നല്ലൊരു ഗ്രന്ഥവും ഉസ്താദ് നിർവഹിച്ചിട്ടുണ്ട്.
പ്രശസ്തി പലതും തേടി വരുമായിരുന്നിട്ടും ഉസ്താദ് വിനയത്തിൻ്റെ വാത്മീകത്തിലൊളിച്ചു.
100 ലേറെ കിതാബുകൾ രചിച്ച ഉസ്താദിനോട് ഇതൊക്കെയൊന്നു വെളിച്ചം കാണിക്കണ്ടെ എന്നു ചോദിച്ചാൽ ചിരിച്ച് കൊണ്ടു പറയും “എൻ്റെ മരണശേഷം ഇറക്കിക്കോളിം” എന്ന്.

മാലകൾ ഉസ്താദിൻ്റെ ഇഷ്ട വിഷയങ്ങളാണ്, പടപ്പാട്ടുകളും…
‘പുറപ്പെട്ട ബുജാഹിൽ”
സബ്ഖിൽ ബദ്ർ ഖിസ്സപ്പാട് പാടി പറയുന്നത് നയനാനന്ദമാണ്. മുഹ്‌യിദ്ദീൻ മാല, സഫല മാല അർത്ഥം വെച്ചുള്ള ചൊല്ലൽ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്.
കുട്ടികളെ രണ്ട് ടീമാക്കി ഒരു ടീം മുഹിയിദ്ദീൻ മാല ചൊല്ലുമ്പോൾ ജവാബായി എതിർ ടീം രിഫാഈ മാല ചൊല്ലുന്ന അതിമനോഹര സദസ്സുകൾ.
ചില മാലകളുടെ വരികളുടെ അർത്ഥം കിട്ടാൻ ദ്വീപുകൾ താണ്ടിയ കഥ പറയാറുണ്ട്.
ഇത്രയേറെ മൗലിദുകളും ഏടിൽ കാണുമെന്നല്ലതെ മൻഖൂസും ശറഫുൽ അനാമും അല്ലാതെ പൊതുവെ ചൊല്ലാറില്ല. എന്നാൽ ബർസഞ്ചി, ജഅലമുഹമ്മദ്, സുബ്ഹാന മൗലിദ്, മുർസലീങ്ങളുടെ മൗലിദ്, ഖദീജ ബീവി(റ) മൗലിദ്, അലി(റ) മൗലിദ്, ഇമാം ശാഫിഈ(റ) മൗലിദ് എല്ലാം ചൊല്ലിക്കും.
ജവാബ് രേഖപ്പെടുത്താത്ത ഇടങ്ങൾ എത്തിയാൽ ഉടനെ ഉസ്താദിൻ്റെ ഉസ്താദ് മുണ്ടംപറമ്പ് ഉസ്താദിനു വിളിക്കും; എന്താണ് ഇവിടെ ജവാബെന്ന് ആരായും.
അത് ജവാബായി തൻ്റെ മൗലിദ് കിതാബിൽ എഴുതിച്ചേർക്കും, തബറുകിനു വീട്ടിൽ ഭക്ഷണവും ഒരുക്കും.

ഉസ്താദിന് എന്നോട് വലിയ സ്നേഹമെന്ന് ഓരോ ശിഷ്യന്മാർക്കും തോന്നും. അങ്ങനെ എല്ലാവരേയും ചേർത്തുനിർത്തി,
സന്തോഷത്തിലും സന്താപത്തിലും കൂടെ നിന്ന്, ഫലിതങ്ങൾ പറഞ്ഞു ചിരിപ്പിച്ചു, റബ്ബിനെ പറഞ്ഞ് കരയിപ്പിച്ച്, അപൂർവങ്ങളിൽ അപൂർവമായി വടിയെടുത്ത്, എല്ലാം സ്വജീവിതത്തിലൂടെ ജീവിച്ചുകാണിച്ച്, ആഖിറത്തിൽ നമ്മെ കാത്തിരിക്കാനാകും നേരെത്തെ മടങ്ങിയത്. റബ്ബ് സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ.. ആമീൻ.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!