അഗത്തി ഉസ്താദ് മഅ്ദിനിലെത്തുമ്പോൾ ഞങ്ങൾ മുതിർന്ന വിദ്യാർത്ഥികളാണ്. കോളേജിൽ പോകുന്നതിനു മുന്നേയുള്ള ചില പ്രധാനപ്പെട്ട കിതാബുകൾ ഉസ്താദാണ് ഓതിത്തന്നത്. ഉസ്താദിനെ കുറിച്ച് ഒരുപാട് എഴുത്തുകൾ വായിച്ചു. അതിലെല്ലാം തോന്നിയ സാമ്യത, ഉസ്താദിന് അവരോടെല്ലാം പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നുവെന്ന കരുതലും സാക്ഷ്യപ്പെടുത്തലുമാണ്. കഴിഞ്ഞ ഇരുപത്തിനാലു വർഷങ്ങൾക്കിടയിൽ, ഉസ്താദിന്റെ ഇഷ്ടവും കരുതലും സ്നേഹവും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. കുടുംബത്തിൽ, യാത്രകളിൽ, ക്ലാസ് റൂമുകളിൽ, തനിച്ചിരിക്കുമ്പോൾ പോലും ഉസ്താദിന്റെ സ്വാധീനം അനുഭവപ്പെടാറുണ്ട്. ചില ദൗത്യങ്ങളിൽ ഉസ്താദിന് പ്രത്യേകം തിരഞ്ഞെടുപ്പുകളുണ്ട്. ഇൽമിയ്യും അല്ലാത്തതുമായ ലക്ഷ്യങ്ങളുടെ താൽപര്യത്തിൽ ഉസ്താദ് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തു. ജീവിതത്തിലനുഭവിച്ച വലിയ ഭാഗ്യമാണത്.
ക്ലാസിനിടയിൽ ഉസ്താദ് മനപ്പൂർവ്വം വിദ്യാർത്ഥികളോട് തർക്കിക്കും. ചിലപ്പോൾ തോറ്റു തരും. കിബ്റ് തോന്നരുതെന്ന് കരുതലിൽ ഉസ്താദു തന്നെ തിരുത്തും.
“ബ്നേ…, അഹങ്കരിക്കണ്ട, എനിക്കതിന്റെ ഉത്തരം അറിയാഞ്ഞിട്ടാണെന്ന് അനക്ക് തോന്നുന്നുണ്ടോ…”
ഉസ്താദിന്റെ ക്ലാസുകൾ സംവാദാത്മകമാണ്. വിദ്യാർത്ഥികളെ നിരന്തരം പരിശ്രമങ്ങളിലേക്ക് പ്രേരിപ്പിച്ചാണ് ക്ലാസുകൾ തുടങ്ങിയതും അവസാനിച്ചതും. പഠിക്കുക പഠിപ്പിക്കുക എന്ന രീതിയും കഴിഞ്ഞ് മുന്നിലിരിക്കുന്ന വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക എന്ന താല്പര്യത്തിലാണ് ഉസ്താദിന്റെ ക്ലാസുകൾ സജീവമായത്. കിതാബുകൾ സ്വന്തമായി വാങ്ങുന്നതിലും അത് സൂക്ഷിക്കുന്നതിലും ഉസ്താദ് കാണിച്ചിരുന്ന കണിശത അപൂർവമായിരുന്നു. കിതാബിനു വേണ്ടി പണം ചിലവഴിക്കുന്നതിൽ ഒരു പിശുക്കും കാണിച്ചില്ല. കൂടുതൽ കോപ്പികൾ ലഭ്യമല്ലാത്ത കിതാബുകൾ ഫോട്ടോകോപ്പിയെടുത്തു സൂക്ഷിച്ചു. ബൈൻഡ് ചെയ്ത്, കേടുപാടുകൾ വരാതിരിക്കാനുള്ള മുൻകരുതലുകളെടുത്തു. ഏതാണ്ട് എല്ലാ കിതാബുകളിലും ഉസ്താദ് തന്നെ കുട്ടിശർറഹുകൾ (തഅലീഖാത്തുകൾ) എഴുതിച്ചേർത്തിട്ടുണ്ടാകും. മുൻപ് വലിയ ഉസ്താദുമാർ നന്നാക്കിയ കിത്താബാണെങ്കിലും, കൂടുതലായുള്ള വിശദീകരണങ്ങളും, ഉദ്ധരണികളും ഉസ്താദ് ചേർത്തുവച്ചിട്ടുണ്ടാകും. ഇത് ക്ലാസ്സിലിരിക്കുന്ന കുട്ടികൾക്കു കൈമാറി, വിശദമായ ഉള്ളടക്കങ്ങളിലേക്ക് ഇറങ്ങി, പരിശോധിച്ചു വ്യക്തത വരുത്തും. സ്വന്തമായി കിതാബുകളിൽ കുട്ടിശർറഹുകൾ എഴുതിച്ചേർക്കാൻ നിർബന്ധം പറയും. അത് മനസ്സിലാക്കുന്നതിന്റെയും, ഗഹനമായ പരിശോധനകളിൽ ഏർപ്പെടുന്നതിന്റെയും, രീതിശാസ്ത്രവും പ്രാധാന്യവും ഉസ്താദ് ആദ്യമേ പഠിപ്പിക്കും. ഏറ്റവുമെളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാക്കുക, പ്രാവർത്തികമാക്കുക, മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയെന്നത് ഉസ്താദിന്റെ ജീവിതത്തിലുടനീളം കാണാനാകും.
നോട്ട് എഴുതുന്നുണ്ടെന്ന് ഉസ്താദ് ഉറപ്പുവരുത്തും. ഇടവേളകളിൽ അതു പരിശോധിക്കും. ഒരു ഫന്നിലെ ഉസൂലും ഫുറൂഉം മുഴുവനായും മലയാളത്തിൽ മാത്രം എഴുതിവച്ച നോട്ടുബുക്കുകൾ ഉസ്താദിന്റെ കൈവശമുണ്ടായിരുന്നു. അത് പരിശോധിക്കാനും വായിക്കാനും പഠിക്കാനും കുട്ടികൾക്ക് കൈമാറും. ഞങ്ങളിൽ പലരും ഉസ്താദിന്റെ നോട്ടുബുക്കുകൾ പകർത്തിയെഴുതി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. അഖ്ലീയായ (ബുദ്ധി പ്രധാനമായ) ചർച്ചകൾ വളരെ ഗഹനമായി ഉസ്താദ് മലയാളത്തിൽ ആർക്കും മനസ്സിലാകുന്ന വിധത്തിൽ ലളിതമായി അവതരിപ്പിച്ചു. ഞങ്ങളുടെ തദ്‌രീസുകളിൽ (അധ്യാപനങ്ങളിൽ) ഇതെല്ലാം റഫറൻസാണ്.
ഫള്ൽ ഉസ്താദിന്റെ ജംഉൽ ജവാമിഅ്, മഹല്ലി, ഫത്ഹുൽ മുഈൻ തുടങ്ങിയ വിവിധ കിതാബുകൾ പരിശോധിക്കാനും ചില സ്ഥലങ്ങൾ പരാമർശിച്ച് അവിടെ എന്തെങ്കിലും എഴുതി ചേർത്തിട്ടുണ്ടോ എന്നന്വേഷിക്കുകയും ചെയ്തു. ബഹറുൽഉലൂം ശൈഖുന ഒ കെ ഉസ്താദിന്റെ കിതാബുകൾ അതുപോലെ നോക്കി പകർത്തിയ ആളാണ് ഫള്ൽ ഉസ്താദെന്ന് അന്ന് ഓർമപ്പെടുത്തി.
ക്ലാസിനിടയിൽ ഉസ്താദ് മനപ്പൂർവ്വം വിദ്യാർത്ഥികളോട് തർക്കിക്കും. ചിലപ്പോൾ തോറ്റു തരും. കിബ്റ് തോന്നരുതെന്ന് കരുതലിൽ ഉസ്താദു തന്നെ തിരുത്തും.
“ബ്നേ…, അഹങ്കരിക്കണ്ട, എനിക്കതിന്റെ ഉത്തരം അറിയാഞ്ഞിട്ടാണെന്ന് അനക്ക് തോന്നുന്നുണ്ടോ…”
ചില കൗതുകമുണർത്തുന്ന ചോദ്യങ്ങൾ ഉസ്താദ് ക്ലാസുകളുടെ അവസാനത്തിൽ അവശേഷിപ്പിക്കും. അതിൻ്റെ റിസോഴ്സുകൾ സൂചിപ്പിച്ചു തരും. ഞങ്ങളത് അന്വേഷിച്ചു കണ്ടുപിടിക്കും. സിലബസിലുള്ളതും ഇല്ലാത്തതുമായ പ്രധാനപ്പെട്ട കിതാബുകളുടെ മുത്വാലഅയിലേക്ക് (തുടർച്ചയായി പരിശോധിച്ചു പഠിക്കുക) ഉസ്താദ് വിദ്യാർത്ഥികൾ പോലുമറിയാതെ പരുവപ്പെടുത്തിയെടുക്കും. ഏത് സംശയങ്ങൾക്കും വാതിൽ തുറന്നിടും. എന്തും ചോദിക്കാം, എങ്ങനെയും ഇടപെടാം. ഇഹ് യാഉസ്സുന്നയിലേക്ക് പോകുന്നതിനു മുന്നേയുള്ള രണ്ടുവർഷമാണ് ഉസ്താദിനെ ശരിക്കും അനുഭവിച്ചത്. ഗുരു ക്ലാസ് റൂമിലും അതിനു പുറത്തും എങ്ങനെയാകണമെന്ന് ഉസ്താദ് ഞങ്ങളെ പഠിപ്പിച്ചു. ഒരു ഉസ്താദ് ഏറ്റവും നല്ല സുഹൃത്താവുന്നതും ഞങ്ങളനുഭവിച്ച കാലമായിരുന്നു അത്.
ഇഹിയഉസ്സുന്നയിലെ ഉപരിപഠന സമയത്ത് ലാൻഡ് ഫോണിൽ ഇടക്ക് ബന്ധപ്പെടും. പഠന, പഠനേതര വിഷയങ്ങൾ ചോദിച്ചറിയും. പലപ്പോഴും ഇഹ് യാ ഉസ്സുന്നയിലെ പ്രധാന മുദരിസായിരുന്ന ഫള്ൽ ഉസ്താദിന്റെ ജംഉൽ ജവാമിഅ്, മഹല്ലി, ഫത്ഹുൽ മുഈൻ തുടങ്ങിയ വിവിധ കിതാബുകൾ പരിശോധിക്കാനും ചില സ്ഥലങ്ങൾ പരാമർശിച്ച് അവിടെ എന്തെങ്കിലും എഴുതി ചേർത്തിട്ടുണ്ടോ എന്നന്വേഷിക്കുകയും ചെയ്തു. ബഹറുൽഉലൂം ശൈഖുന ഒ കെ ഉസ്താദിന്റെ കിതാബുകൾ അതുപോലെ നോക്കി പകർത്തിയ ആളാണ് ഫള്ൽ ഉസ്താദെന്ന് അന്ന് ഓർമപ്പെടുത്തി. പിന്നീട് ഈ പരിശോധന പലതവണ ആവർത്തിച്ചു. ഉസ്താദിന് ആവശ്യമായത് ലഭിക്കാൻ മുന്നിലുള്ള എല്ലാ മാർഗങ്ങളിലൂടെയും നടന്നു. സഹായം അഭ്യർത്ഥിക്കാൻ വ്യക്തികളുടെ വലിപ്പമോ, ചെറുപ്പമോ ഉസ്താദിനെ ബാധിച്ചില്ല. ആരെന്തു പറഞ്ഞാലും, ശരിയുണ്ടെന്ന് ഉസ്താദിന് ബോധ്യപ്പെട്ടാൽ അംഗീകരിക്കും. ശരികളെ കൊണ്ട് ഓർമപ്പെടുത്താനും തിരുത്താനും ഉസ്താദ് എല്ലാവർക്കും സൗകര്യവും ഇടവും നൽകി. എപ്പോഴും കേറി ചെല്ലാവുന്ന ഒരു വാതിൽ തുറന്നിട്ടു.
ഇന്ത്യയിലെ സാദാത്ത് ചരിത്രവുമായി ബന്ധപ്പെട്ട, വലിയ സോഴ്സുകൾ ഉസ്താദിന്റെ കൈവശമുണ്ടായിരുന്നു. ഒരിക്കൽ, ഞങ്ങളുടെ സഹപാഠിയായ ഒരു സാദാത്തിന്റെ ഖബീലക്ക് അസ്വ് ലില്ല (അടിസ്ഥാനമില്ല) എന്ന രൂപത്തിൽ ചർച്ചകളുണ്ടായി. ഉസ്താദ് അദ്ദേഹത്തെ തന്നെ അതിന്റെ മറുപടി കണ്ടെത്താൻ പ്രേരിപ്പിച്ചു. പിന്നീട് ഒരിക്കൽ ഇങ്ങനെയൊരു ചർച്ച കേൾക്കുന്നുണ്ടെന്ന് ഞങ്ങളിലൊരാൾ സൂചിപ്പിച്ചപ്പോൾ,
”ബ്നെ, ഇജജ് ഈ തങ്ങളെ മുന്നിന്ന് അത് പറയണ്ട, മൂപ്പരുടെ കയ്യിൽ നല്ല കട്ടിയുള്ള തെളിവുണ്ട്. അത് പൊട്ടിപ്പോകൂല്ല….”എന്നായിരുന്നു ഉസ്താദിന്റെ മറുപടി.
ശിഷ്യരോട് വലിയ ഇഷ്ടമായിരുന്നു. ശിഷ്യരുടെ നന്മക്കാവശ്യമായ മുഴുവൻ കാര്യങ്ങളിലും ഉസ്താദ് കൂടെയുണ്ടായി. സ്നേഹത്തോടെ ഇടപെട്ടു.
നന്മയിലേക്ക് പ്രേരിപ്പിക്കുകയെന്ന ദൗത്യം അത്ര എളുപ്പമുള്ളതല്ല. ഉസ്താദിന്റെ ജീവിതം മുഴുവൻ ആ എളുപ്പത്തെ സാധൂകരിക്കുന്നതായിരുന്നു. ഏറ്റവും നന്നായി അധ്വാനിക്കുക, ഏറ്റവും നന്നായി പഠിക്കുക, എളുപ്പത്തിൽ ജീവിക്കുക.
പഠനത്തിനും മറ്റു ആവശ്യങ്ങൾക്കും യാത്ര പോകുന്നുവെന്നറിഞ്ഞാൽ ഉസ്താദ് വിളിപ്പിക്കും. യാത്രയുടെ ലക്ഷ്യസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള മക്തബകളും, റിസോഴ്സ് കേന്ദ്രങ്ങളും പരിചയപ്പെടുത്തി തരും. കിതാബുകളുടെ കോപ്പി, സോഫ്റ്റ് ഡാറ്റ, മറ്റു എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കിൽ കൃത്യമായി അതിനെക്കുറിച്ചു ധാരണ നൽകും. അതിനാവശ്യമായ നിർദ്ദേശങ്ങൾ പറയും. വരാൻ സാധ്യതയുള്ള ചിലവിനേക്കാൾ കൂടുതൽ ഉസ്താദ് കയ്യിൽ വച്ചുതരും. 2011 ലെ ഒരു യമൻ യാത്രയിൽ നിറച്ചു കൊണ്ടുവരണമെന്ന നിബന്ധനയിൽ അന്ന് ലഭ്യമായ മികച്ച ക്യാമറയും, ഹാർഡ് ഡിസ്കും ഉസ്താദ് കയ്യിൽ തന്നിരുന്നു. തരീമിലെയും (യമൻ) പരിസരത്തെയും പ്രധാന ലൈബ്രറികൾ, ഇൽമിയായ കേന്ദ്രങ്ങൾ, കിതാബുകൾ ലഭ്യമാകുന്ന അപൂർവ്വ സ്ഥലങ്ങൾ, സന്ദർശിക്കേണ്ട മസാറുകൾ തുടങ്ങിയവ ഉസ്താദ് പ്രത്യേകം കുറിച്ച് തന്നിരുന്നു.
ഉസ്താദിന്റെ ജീവിതവും അതിനോട് ചേർന്ന് നിൽക്കുന്ന മുഴുവൻ പരിസരങ്ങളെയും അറിവ് ഉത്പാദിപ്പിക്കാനും പകർന്നു കൊടുക്കാനും സമർപ്പിച്ചതുകൊണ്ടാണ് വഫാത്തിന് ശേഷവും ഉസ്താദിന്റെ ഖബറരികിൽ സുഹൃത്തുക്കളും അവിടുത്തെ വിദ്യാർത്ഥികളും കിതാബുകൾ മുത്വാലഅ ചെയ്യാൻ എത്തുന്നത്. നന്മയിലേക്ക് പ്രേരിപ്പിക്കുകയെന്ന ദൗത്യം അത്ര എളുപ്പമുള്ളതല്ല. ഉസ്താദിന്റെ ജീവിതം മുഴുവൻ ആ എളുപ്പത്തെ സാധൂകരിക്കുന്നതായിരുന്നു. ഏറ്റവും നന്നായി അധ്വാനിക്കുക, ഏറ്റവും നന്നായി പഠിക്കുക, എളുപ്പത്തിൽ ജീവിക്കുക. ജീവിതത്തെ അറിവനുഭവങ്ങളെ കേന്ദ്രീകരിച്ച് ചിട്ടപ്പെടുത്തി പ്രകാശിപ്പിക്കുന്നുണ്ട് ഉസ്താദ്. അത് മറ്റുള്ളവരിലേക്ക് അസാധാരണമായി ഏറ്റവും ലളിതമായി കൈമാറുകയും ചെയ്യുന്നുണ്ട്. ആ പ്രകാശത്തെ കെടാതെ സൂക്ഷിക്കാനാകണം. സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂടാനുള്ള തൗഫീഖുണ്ടാകണം. ഇഹപര വിജയികളിൽ ഉൾപ്പെടുത്താനുള്ള കാരണങ്ങളായി നാഥൻ സ്വീകരിക്കട്ടെ.


