ആയാസങ്ങളെ സരളമാക്കിയ ഉസ്താദ്

 

സമയശാസ്ത്രമാണ്(ഇൽമുൽ മീഖാത്ത്) അഗത്തി ഉസ്താദ് ഇടപ്പെട്ട പ്രധാനപ്പെട്ട ഒരു മേഖല. നിസ്‌കര സമയ നിർണയത്തിൽ കൈക്രിയകൾ വളരെകൂടുതൽ ആവശ്യമുള്ളതിനാൽ സങ്കീര്‍ണമായ പ്രക്രിയയായി നിലനിന്നിരുന്ന ഘട്ടത്തിലാണ് ഉസ്താദിന്റെ ഇടപെടലുകളും ഗവേഷണങ്ങളും ഗണിതശാസ്ത്രത്തിന്റെ ബാലപാഠമറിയുന്ന ആർക്കും അനായാസം കൈകാര്യം ചെയ്യാവുന്ന തലത്തിലേക്കു മാറ്റിയത്. ഉസ്താദ് ‘വേ പോയിന്റ്’ എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ പറയുന്നു ‘നിസ്‌കാര സമയം, ഖിബ് ല ഡയറക്ഷന്‍ കാല്‍കുലേഷന്‍, സ്ഥലങ്ങള്‍ തമ്മിലുള്ള ദൂര നിര്‍ണയം തുടങ്ങി ഇല്‍മുല്‍ മീഖാതുമായി ബന്ധപ്പെട്ട എല്ലാത്തിനും കൃത്യമായ അക്ഷാംശ രേഖാംശങ്ങൾ വളരെ പ്രധാനമാണ്. അവ കൃത്യമായി ലഭ്യമല്ലാത്തതിനാല്‍ കേരളത്തിലെ പതിനാല് ജില്ലകളിലും ലക്ഷദ്വീപിലും മംഗലാപുരത്തും കന്യാകുമാരിയിലെ ചില സ്ഥലങ്ങളിലും നേരിട്ട് പോയി ജി.പി.എസ് ഉപയോഗിച്ച് പിടിച്ചെടുത്ത അക്ഷാംശ രേഖാംശങ്ങളാണ് അടുത്ത പേജുകളില്‍. കൃത്യമായ അക്ഷാംശ രേഖാംശങ്ങള്‍ ലഭിച്ചാല്‍ മാത്രമേ നിസ്‌കാര സമയ കാല്‍കുലേഷനും ഖിബ് ല ഡയറക്ഷന്‍ പരികലനവും കൃത്യത വരികയുള്ളൂ എന്നതിനാലാണ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്’.

2008ലാണ് അഗത്തി ഉസ്താദ് ഈ പുസ്തകം തയ്യാറാക്കുന്നത്. അതിനു വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ വിഷയത്തിൽ നിരന്തരമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. നീണ്ട ഒരുവര്‍ഷ സമയം അന്വേഷണ ഗവേഷണങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചാണ് ഉദ്യമം പൂര്‍ത്തീകരിച്ചതെന്ന് ഉസ്താദ് പറയുന്നുണ്ട്. മൊബൈൽ ഫോണോ, ഗൂഗിൾ ജി.പി.എസ് സംവിധാനങ്ങളോ, മറ്റു ഡിജിറ്റല്‍ ഫോര്‍മാറ്റുകളോ സജീവമല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ശ്രമമെന്നത് ശ്രദ്ദേയമാണ്.

 

1999-2000 കാലത്താണ് മര്‍കസില്‍ പഠിക്കുന്നത്. അന്ന് മര്‍ഹും നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ലിയാർ ഈ മേഖലയിലെ അവസാനവാക്കുകളിലൊന്നായിരുന്നു. പ്രധാനപ്പെട്ട പലസ്ഥലങ്ങളിലും പോയി ഗഹനമായി പഠനം നടത്താൻ നെല്ലിക്കുത്ത് ഉസ്താദ് ശ്രമിച്ചിരുന്നു. ഈ വിഷയത്തിൽ നെല്ലിക്കുത്ത് ഉസ്താദ് അഗത്തി ഉസ്താദിനെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിച്ചിരുന്നു.

 

അഗത്തി ഉസ്താദിന് ഗണിതം ഏറ്റവും സരളമായ ഒരു വിഷയമായിരുന്നു. മര്‍കസിലെ പഠന കാലത്താണ് സൈന്റിഫിക്ക് കാല്‍ക്കുലേറ്ററില്‍ നിസ്‌കാര സമയം കണക്കു കൂട്ടാനുള്ള സൂത്രവാക്യം (ഇക്വേഷന്‍) ഉസ്താദ് കണ്ടെത്തിയത്. ഇക്വേഷന്‍ കണ്ടെത്തുന്നതിന് മുമ്പുള്ള കുറച്ചു കാലം സ്വയം മറന്നുള്ള ആലോചനയുടേതായിരുന്നുവെന്ന് ഉസ്താദ് പറയാറുള്ളത് ശിഷ്യന്മാര്‍ പങ്കുവെക്കുന്നുണ്ട്. സൂത്രവാക്യം കണ്ടെത്തിയ സന്തോഷം ആദ്യം പങ്കുവെച്ചത് മര്‍ഹും ചെറുശോല ഉസ്താദി(കുഞ്ഞഹമ്മദ് മുസ്ലിയാര്‍) നോടാണ്. ചെറുശോല ഉസ്താദ് സന്തോഷത്തോടെ അഗത്തി ഉസ്താദിന്റെ തോളിലൂടെ കയ്യിട്ട് നെല്ലിക്കുത്ത് ഉസ്താദിൻ്റെ അടുത്തുചെന്ന് സൈന്റിഫിക് കാല്‍ക്കുലേറ്ററിലേക്ക് ചൂണ്ടിയിട്ട് പറഞ്ഞു ‘ഇനി നിസ്‌ക്കാര സമയം കാണാന്‍ ങ്ങളെ ആ കൈ കണക്കും സംഗതിയൊന്നും വേണ്ട. ദ ഈ സാധനത്തില് ഇതൊക്കെ കിട്ടുംന്ന് നമ്മളെ അഗത്തി കണ്ടെത്തീക്ക്ണ്.’ ചെറുശോല ഉസ്താദിന്റെ ഈ പ്രതികരണം ഉസ്താദ് അഭിമാനത്തോടെ അനുസ്മരിക്കാറുണ്ടായിരുന്നു. ‘അഗത്തി നല്ല കോളുള്ള മൊയ്‌ല്യാരാണെന്ന്’ നെല്ലിക്കുത്ത് ഉസ്താദ് പറയാറുണ്ടായിരുന്നെന്ന് അഗത്തി ഉസ്താദിന്റെ പഴയ കാല ശിഷ്യന്മാരും സഹപാഠികളും പങ്കുവെക്കുന്നുണ്ട്.

 

സമയം വെറുത കളയുന്ന സ്വഭാവമില്ലായിരുന്നു ഉസ്താദിന്. മര്‍കസില്‍ പഠിക്കുന്ന സമയത്തുള്ള അനുഭവം അന്നത്തെ ഉറ്റ സുഹൃത്തായിരന്ന ശൗക്കത്ത് സഖാഫി മലേഷ്യ വിവരിക്കുന്നുണ്ട്. ‘ഞാന്‍ ഫലഖടക്കമുള്ള പല കിതാബുകളും ഉസ്താദിന്റെ അടുത്തു നിന്നാണ് പഠിച്ചത്. പ്രത്യേകിച്ചും തഖസ്സുസില്‍ പഠിക്കുമ്പോഴാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. ഒന്നിച്ചാണ് കിതാബുകള്‍ നോക്കുക. അസറിന് ശേഷം ഞങ്ങള്‍ മര്‍കസിന്റെ ടൈപിംഗ് സെന്ററില്‍ അറബി, മലയാളം, ഇംഗ്ലീഷ് ടൈപിംഗ് പഠിക്കാൻ പോകും. ശേഷം കൂടുതല്‍ പഠിക്കാൻ അന്ന് കുന്ദമംഗലത്ത് ടിക്‌സ് എന്ന ഒരു കംപ്യൂട്ടര്‍ സെന്ററുണ്ടായിരുന്നു. അവിടെ പോയി ഡോസ്, വിന്റോസ്, എക്‌സല്‍ തുടങ്ങിയവയെല്ലാം പഠിക്കാന്‍ ആറുമാസത്തെ കോഴ്‌സിനു ചേര്‍ന്നു. എക്‌സൽ പഠിക്കുന്ന സമയത്ത് അഗത്തി ഉസ്താദ് അവിടുത്തെ അധ്യാപകരോട് ചില സംശയങ്ങള്‍ ചോദിച്ചു. എന്നാൽ സംതൃപ്തമായ രീതിയില്‍ അവർക്കത് പരിഹരിക്കാന്‍ സാധിച്ചില്ല. അവരുടെ സീനിയറായ അദ്ധ്യാപകനെ വിളിച്ചു. അദ്ദേഹത്തിനും വ്യക്തമായ രീതിയില്‍ അത് ഉസ്താദിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. അവസനം അവര്‍ ഉസ്താദിനോട് നിങ്ങളുടെ സംശയം ഞങ്ങള്‍ക്ക് തീര്‍ത്ത് തരാന്‍ സാധിക്കുന്നില്ല, അതുകൊണ്ട് ഫീസടച്ച കാശ് തിരികെ തരാം എന്നു പറഞ്ഞു. എന്നാല്‍ ഉസ്താദ് അത് വാങ്ങിയില്ല. എന്നുമാത്രമല്ല, ആ സ്ഥാപനത്തില്‍ നിന്നും പെട്ടെന്നു നിര്‍ത്തി പോന്നതുമില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും അവിടെ പോയി. പെട്ടെന്ന് നിര്‍ത്തുന്നത് അവരുടെ സ്ഥാപനത്തിന് ചീത്തപ്പേരോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാക്കേണ്ട എന്നു കരുതിയിട്ടായിരുന്നുവത്. ഓരോ ദിവസവും ക്ലാസ് കഴിഞ്ഞുവന്നാല്‍ അന്നത്തെ ക്ലാസ് നോട്ടുബുക്കില്‍ വൃത്തിയായി എഴുതി വെക്കും.

ഇന്ന് ടൈപ്പിംഗ് വളരെ എളുപ്പത്തില്‍ ആളുകള്‍ കൈകാര്യം ചെയ്യുന്ന വിഷയമാണ്. വലിയ ഫീസ് മുടക്കി ടൈപ്പിംഗ് പഠിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ടൈപ്പിംഗ് മേഖല വളരെ സരളമാക്കണമെന്ന ഉദ്ദേശ്യത്തിലാണ് ഉസ്താദ് ‘ടൈപിംഗ് മാന്വേല്‍ ഇംഗ്ലീഷ്, അറബി, മലയാളം’ എന്ന പുസ്തകമിറക്കുന്നത്. ഏറ്റവും ശാസ്ത്രീയമായും സുഗമമായും ടൈപിംഗ് സ്വയാത്തമാക്കാനുള്ള രീതി ഉസ്താദ് പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഇതുപയോഗിച്ച് ആയിരക്കണക്കിനാളുകള്‍ ടൈപിഗ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.

 

ഗണിതത്തിലുള്ള ഉസ്താദിന്റെ താത്പര്യം സൂചിപ്പിച്ചുവല്ലോ. ‘ഗണിതം ലളിതം. ദർസ് ഗണനങ്ങള്‍ക്ക് ഒരു ശാസ്ത്രീയ ആമുഖം’ എന്ന പേരില്‍ ഉസ്താദ് എഴുതിയ ലഘു കൃതി പഠിതാക്കള്‍ക്ക് സരളമായി കാര്യങ്ങൾ ഗ്രഹിക്കാൻ ഏറെ ഉപകാരപ്രദമാണ്. ‘മുതഅല്ലിമുകളെ ലക്ഷ്യമിട്ടാണ് ഈ രിസാല എഴുതിയിട്ടുള്ളത്. ഫറാഇള്, അളുവുകളും തൂക്കങ്ങളും, ലോഗരിതം, മസാഫതുല്‍ ഖസ്‌റ്, അളവുകള്‍ വന്നവഴി, ഹിജ്‌റ വര്‍ഷവും, ഇംഗ്ലീഷ് വര്‍ഷവും, സൈന്റിഫിക് കാല്‍കുലേറ്ററിന്റെ ഉപയോഗക്രമം തുടങ്ങിയവയാണ് ഇതിലെ വിഷയങ്ങള്‍. കിട്ടാവുന്നതില്‍ കൃത്യതയുള്ളത് കൊടുത്തിട്ടുണ്ട്. ഇതിലും കൃത്യത അറിയുന്നവര്‍ അറിയിച്ചു തന്ന് സഹകരിക്കുമല്ലോ. അളവുകള്‍ വന്ന വഴി ഇനിയും പഠന വിധേയമാക്കേണ്ടതുണ്ട്. അളവുകളെക്കുറിച്ച് മാത്രമുള്ള രിസാല എഴുത്തുപുരയിലായതിനാല്‍ വിശദ പഠനം അതില്‍ ചേര്‍ക്കാം’ എന്ന് കൃതിയുടെ തുടക്കത്തിൽ കാണാം. മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സരളമാക്കാനുതകുന്നതെല്ലാം ഉസ്താദ് ചെയ്തിരുന്നു. ‘ഗണിത ചിപ്പ് ഫറാഇളിലേക്കൊരു ഷോര്‍ട്ട് കട്ടും അല്‍പം അനുബന്ധങ്ങളും’ എന്ന വെറും പതിനാറ് പേജ് വരുന്ന പുസ്തകം ഏറ്റവും പ്രയാസകരം എന്നു പറയപ്പെടുന്ന ഇസ്ലാമിലെ അനന്തരാവകാശ പഠനത്തെ സരളമാക്കുന്ന മനോഹരമായ രചനയാണ്. ഉസ്താദിന്റെ രചനകളുടെ കൂട്ടത്തിൽ ഗണിതപരമായ ഗ്രന്ഥങ്ങള്‍ നിരവധി കാണാം.

 

‘നിസ്‌കാര സമയം നിങ്ങള്‍ക്കും കാല്‍കുലേറ്റ് ചെയ്യാം’ 28 പേജുകള്‍ വരുന്ന ഒരു കുഞ്ഞു പുസ്തകമെഴുതിയിട്ടുണ്ട്. ഭൗതികമായ മുഴുവന്‍ സാങ്കേതിക വിദ്യകളുടെയും പിന്‍ ബലത്തോടെ ഏറ്റവും പഴയ രീതികളിൽ തുടങ്ങി എങ്ങനെയെല്ലാം കൃത്യമായി നിസ്‌കാര സമയം നിര്‍ണയിക്കാമെന്ന് ഉസ്താദ് കൃതിയില്‍ പറയുന്നുണ്ട്. പഠനത്തിന്റെ മുഴുവന്‍ അവലംമ്പവും ചേര്‍ത്ത് എഴുതുന്നതാണ് ഉസ്താദിന്റെ കുറിപ്പുകളുടെയും പഠനങ്ങളുടെയും രീതി. ഇത്തരം എഴുത്തുകള്‍ പഠിതാവിന് പ്രസ്തുത മേഖലയില തുടര്‍ പഠനം കൂടുതൽ എളുപ്പമാക്കും.

 

തശ്രീഹുല്‍ അഫ്‌ലാഖ് എന്ന ഗോളശാസ്ത്ര ഗ്രന്ഥം ദർസുകളില്‍ പഠിക്കുന്നുണ്ട്. പ്രധാന ഭാഗമായ പത്തു മഹാവൃത്തങ്ങളെ ആധുനിക ശാസ്ത്ര ലോകം വിശകലനം ചെയ്യുന്ന രീതിയടക്കം ഉള്‍പ്പെടുത്തി കൃത്യമായി വിശദീകരണം നല്‍കി പഴയതും പുതിയതുമെല്ലാം സംയോജിപ്പിച്ച് ദശ മഹാവൃത്തങ്ങള്‍ എന്ന പേരില്‍ ഒരു മലയാള പുസ്തകമെഴുതിയിട്ടുണ്ട്. അന്തരീക്ഷത്തിലൂടെ സാങ്കല്‍പ്പികമായി വരച്ചു കാണിച്ചാണ് ദശ മഹാ വൃത്തങ്ങൾ പഠിപ്പിച്ചിരുന്നത്. ഇതു മനസ്സിലാക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പല പരിമിതികളുമുണ്ടായിരുന്നു. അഗത്തി ഉസ്താദ് ഈ മഹാവൃത്തങ്ങളും ധ്രുവങ്ങളുമെല്ലാം കൃത്യമായി മനസ്സിലാക്കാൻ ഒരു ഗ്ലോബ് ആവിഷ്ക്കരിക്കുകയും ഉസ്താദ് തന്നെ വെല്‍ഡര്‍മാരുടെ അടുത്ത് ചെന്നിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കി ഫിസിക്കലായ ഒരു രൂപമുണ്ടാക്കുകയും ചെയ്തു. ഉസ്താദിന്റെ ഗ്ലോബിന്റെ മാതൃകയന്വേഷിച്ച് പലയിടങ്ങളില്‍ നിന്നും ആളുകള്‍ എത്തുകയും അവര്‍ക്കെല്ലാം യാതൊരു സങ്കോചവുമില്ലാതെ അതു പകർന്നു നല്‍കുകയും ചെയ്തു. സാങ്കല്‍പ്പിക വൃത്തങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടുത്താവുന്ന രീതിയിലേക്ക് ദശമഹാവൃത്തങ്ങളെ ആവിഷ്‌കരിച്ചത് ഉസ്താദാണെന്ന് പറയാം.

 

ഇമാം മാറദീനിയുടെ രിസാലത്തു മാറദീനി റുബുഉല്‍ മുജയ്യബിന്റെ ഉപയോഗവുമായി ബന്ധപ്പെട്ടാണല്ലോ. ഈ റുബുല്‍ മുജയ്യബിനെ ഡിജിറ്റലാക്കുന്നത് അഗത്തി ഉസ്താദാണ്. അഥവാ,വളരെ കൃത്യമായി അതിനെ കോറല്‍ ഡ്രോ സോഫ്റ്റവയറിലേക്ക് ശ്രമപ്പെട്ട് പകര്‍ത്തിയത് ഉസ്താദാണ്. കാരണം അതില്‍ അതിസങ്കീര്‍ണവും കൃത്യമായ കണക്കുകളും ചിട്ടകളുമുള്ള രേഖകളും നിറവ്യത്യാസങ്ങളുമെല്ലാമുണ്ട്. അവയെല്ലാം കൃത്യമായി ഉള്‍ച്ചേര്‍ത്ത് കൊണ്ട് ഡിജിറ്റല്‍ പതിപ്പിലേക്ക് വളരെ മുമ്പ് തന്നെ പകര്‍ത്തുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്. കൂടാതെ, യഥാർത്ഥ റുബുഇലെ അദദുകള്‍(എണ്ണങ്ങള്‍)എല്ലാം കൂഫി ഖതിലാണ്(എഴുത്തുരൂപം). അതെല്ലാം അതേരൂപത്തില്‍ തന്നെയാണ് ഉസ്താദ് പകര്‍ത്തിയത്. മുമ്പ് ഇതിന്റെ ഫിസിക്കല്‍ രൂപമുണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക-സമയ നഷ്ടമുണ്ടായിരുന്നുവെങ്കില്‍ ഇന്നത് വളരെ ചുരുങ്ങിയ ചിലവില്‍ പ്രിന്റഡ് കോപ്പി ലഭ്യമാണ്. എല്ലാം ഉസ്തിന്റെ ശ്രമഫലമായി സംഭവിച്ചതാണ്.

 

രിസാലത്തുല്‍ ഹിസാബിനെ സൈന്റിഫിക് കാല്‍ക്കുലേറ്ററിലേക്ക് വിവര്‍ത്തനം ചെയ്തത് ഉസ്താദ് മേഖലയിൽ ചെയ്ത വലിയ സേവനമാണ്. റുബുഉല്‍ മുജയ്യബ് ഉപകരണം ഉപയോഗിച്ച് നിസ്‌കാര സമയ ഗണനത്തിന്റെ രീതിശാസ്ത്രം പറയുന്ന രിസാലത്തുല്‍ മാറദീനി എന്ന ഗ്രന്ഥം രിസാലത്തുല്‍ ഹിസാബ് എന്ന പേരിൽ ഹിസാബിലേക്ക്(കണക്ക്) വിവര്‍ത്തനം ചെയ്തത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്. രിസാലത്തുല്‍ ഹിസാബടിസ്ഥാനത്തില്‍ ഗണിച്ചായിരുന്നു കേരളത്തില്‍ നിസ്‌കാര സമയം കണക്കാക്കിയിരുന്നത്. രിസാലത്തുല്‍ ഹിസാബിനെ സൈന്റിഫിക് കാല്‍ക്കുലേറ്ററിലേക്ക് വിവര്‍ത്തനം ചെയ്ത്, അത് പെട്ടെന്ന് ഗണിച്ച് കണ്ടെത്താനുള്ള സൂത്രവാക്യം(ഇക്വേഷന്‍) കണ്ടെത്തി നിസ്‌കാര സമയം കാണാനുള്ള രീതി എളുപ്പമാക്കിയത് അഗത്തി ഉസ്താദാണ്. അഥവാ, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് ശേഷം ഈ മേഖലക്ക് വിപ്ലവകരമായ പുരോഗതിയും പുതിയ മുഖവും നല്‍കിയത് അഗത്തി ഉസ്താദാണ്. ഇത്തരം ഒരു സൂത്രവാക്യം കണ്ടെത്തുന്നതിലൂടെ മേഖലയില്‍ ഏറ്റവും മഹത്തരമായ സംഭാവന നല്‍കിയ ലോക പ്രതിഭകളുടെ കൂട്ടത്തിലേക്ക് ചേര്‍ത്തുവെക്കേണ്ട പേരു കൂടെയാണ് ഉസ്താദിൻ്റേത്. കൂടാതെ ഇമാം മാറദീനിയുടെ ലഭ്യമായ ഗ്രന്ഥങ്ങൾക്കു മുഴുവന്‍ ഉസ്താദ് സേവനം ചെയ്തിട്ടുണ്ട്. മറദീനി ഇമാമിന് ഇതു പോലെ ഖിദ്മ ചെയ്ത മറ്റൊരാള്‍ ചരിത്രത്തിലോ വര്‍ത്തമാനത്തിലോ ഉണ്ടായിരിക്കാന്‍ സാധ്യതയില്ലെന്നു തന്നെ പറയാം.

 

ഉസ്താദിന്റെ രചനവിലാസവും സംഭാവനകളും വിശാലമായി എഴുതേണ്ട മേഖലയാണ്. ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ് തുടങ്ങി സർവ്വ വിജ്ഞാനീയങ്ങളിലും അഗാധ പാണ്ഡിത്യവും മികച്ച അധ്യാപനശൈലിയും തെളിഞ്ഞ ജീവിത മാതൃകയും‍ പാലിച്ച ഉസ്താദിന്റെ ജീവിതം ചെറിയൊരു ലേഖനത്തിൽ ചുരുക്കാന്‍ സാധിക്കില്ല. വളര ഗഹനമായ രീതിയില്‍ തന്നെ ഉസ്താദ് വായിക്കപെടുകയും ഗവേഷണം ചെയ്യപ്പെടുകയും വേണം. മഅ്ദിന്‍ അകാദമിയുടെ ഭാഗത്ത് നിന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഉസ്താദില്‍ നിന്നും മാതൃകകള്‍ ഉള്‍ക്കൊണ്ട പ്രതിഭാധനരായ ശിഷ്യന്മാരില്‍ നിന്നും അഗത്തി ഉസ്താദിന് തുടര്‍ച്ചകളുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.

രിള്‌വാൻ അബൂബക്കർ അദനി

രിള്‌വാൻ അബൂബക്കർ അദനി

എഴുത്തുകാരൻ, നോവലിസ്റ്റ്, മാധ്യമ പ്രവർത്തകൻ

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!