ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രമേല്‍ ഹൃദയങ്ങളില്‍ കുടിയിരിക്കാനാകുന്നതെന്ന് അതിശയപ്പെട്ട നാളുകളാണ് കടന്നുപോയത്. മടുപ്പേതും കൂടാതെ സ്‌നേഹത്തിന്റെ ഷട്ടര്‍ തുറന്ന് ഹൃദയങ്ങളിലേക്ക് ആശ്വാസത്തിന്റെ തെളിനീര്‍ പടര്‍ത്തുന്ന അഗത്തി ഉസ്താദ് ഒരിക്കലും ഹൃദയ വാതിലുകള്‍ കൊട്ടിയടച്ചിട്ടില്ല. പെരുമ്പറമ്പ്, സ്വലാത്ത് നഗര്‍ എന്നീ രണ്ടു മഹല്ലുകളിലായിരുന്നു കഴിഞ്ഞ കാൽ നൂറ്റാണ്ട് ഉസ്താദ് താമസിച്ചത്. അയല്‍പ്പക്കക്കാരുടെയും നാട്ടുകാരുടെയും ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന പ്രകൃതമായിരുന്നു ഉസ്താദിന്റേത്. ചെറിയ ചെറിയ വര്‍ത്തമാനങ്ങളില്‍ നിന്നു വലിയ ആശയങ്ങളുടെ വാതായനങ്ങള്‍ തുറന്നിട്ട് എല്ലാവരെയും പ്രചോദിപ്പിക്കുന്ന ശൈലി. അയല്‍വാസികളെ സ്വന്തം വീടുപോലെ കണ്ട് ഭക്ഷണ സാധനങ്ങളും മറ്റും പങ്കിട്ട് സൗഹൃദത്തിൻ്റെ ഉത്തമ മാതൃക തീര്‍ത്തിരുന്ന വ്യക്തിത്വം. അസുഖ ബാധിതരായ അയല്‍വാസികളെയും ഇഷ്ടക്കാരെയും ചേര്‍ ത്തു പിടിക്കുന്ന അനുഭവങ്ങളായിരുന്നു നാട്ടുകാര്‍ക്ക് പങ്കുവെക്കാനുണ്ടായിരുന്നത്.
രോഗീ പരിചരണം, ഹൃദയ സേവനം
അയല്‍ വാസികളുടെയും നാട്ടുകാരുടെയും രോഗ പരിചരണത്തില്‍ മുന്‍പന്തിയിലായിരുന്നു ഉസ്താദ്.
അയല്‍ വീട്ടുകാരെ സ്വന്തം വീട്ടുകാരെപ്പോലെ പരിഗണിക്കുമായിരുന്നു. അയല്‍ വാസികൾ അസുഖ ബാധിതരായാല്‍ അവരുടെ ഡോക്ടര്‍ അപ്പോയ്‌മെന്റ് മുതല്‍ ഡോക്ടറെ കാണിക്കുന്നത് വരെ സ്വന്തം ഏറ്റെടുത്ത് ചെയ്യാറുണ്ടായിരുന്നു. ചികിത്സക്കാവശ്യമായ പണവും നല്‍കും. അവരുടെ വീട്ടാവശ്യങ്ങള്‍ക്കുള്ള ഭക്ഷണസാധനങ്ങള്‍ നല്‍കും.
15 വര്‍ഷം മുമ്പ് പെരുമ്പറമ്പിലെ അരിപ്പുറവന്‍ പാറക്കല്‍ അബൂബക്കറിന്റെ (കുഞ്ഞിപ്പ) വലിയ മോന് ‘മൂക്കിന് ‘ ഒരു ഓപ്പറേഷന്‍ വേണ്ടി വന്നു. മഞ്ചേരി മലബാർ ഹോസ്പിറ്റലിൽ വെച്ചായിറുന്നുവത്. ഒറ്റക്ക് ഓട്ടോ വിളിച്ച് വന്ന് ആ ഓപ്പറേഷന്‍ തീയേറ്ററിന്റെ മുന്നില്‍ സ്റ്റൂളിട്ട് ഇരുന്ന് പ്രാര്‍ത്ഥിക്കുകയായിരുന്ന ഉസ്താദിനെ ഇന്നും ഓർത്തെടുക്കുണ്ട് ആ കുടുംബം.
കൈയ്യിലപ്പോഴും ഒരു കിതാബുണ്ടായിരുന്നു.
പെരുമ്പറമ്പിലെ ഒരു കുടുംബത്തിലെ ഗൃഹനായിക ഉസ്താദിനോട് ആശുപത്രിയേതാണെന്ന് അറിയിക്കാതെ ഒരു സര്‍ജറിക്ക് വേണ്ടി അഡ്മിറ്റായി. ഉസ്താദ് തേടിപ്പിടിച്ച് അവിടെയെത്തി ആവശ്യമായ ധൈര്യം നല്‍കുകയും ഭര്‍ത്താവിന്റെ കൈയില്‍ കാശ് ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അവര്‍ പറയുന്നതിങ്ങനെ. ഞാന്‍ പോകുന്ന തലേദിവസം ഉസ്താദിന്റെ വീട്ടില്‍ ഭാര്യയോടും ഉസ്താദിനോടും ദുആ ചെയ്യാന്‍ പറഞ്ഞു. എനിക്കറിയാമായിരുന്നു ഉസ്താദ് വരുമെന്ന്. അന്നൊന്നും ഉസ്താദിന് വലിയ സുഖമില്ല. ഞാന്‍ എന്റെ ഭര്‍ത്താവിനോട് ഉസ്താദ് വിളിച്ചാല്‍ ആശുപത്രിയുടെ പേര് പറഞ്ഞു കൊടുക്കേണ്ടെന്ന് പറഞ്ഞേല്‍പ്പിച്ചിരുന്നു. പക്ഷെ, ഉസ്താദ് ഇവിടെ നിന്നും പുറപ്പെട്ടിട്ടുണ്ട് ഏതാണ് ഹോസ്പിറ്റല്‍ എന്ന് ചോദിച്ചു. പരപ്പനങ്ങാടി ഹോസ്പിറ്റലിലായിരുന്നു. ഞാന്‍ തിയറ്ററിലേക്ക് പോകുന്നതിന് അല്‍പ്പം മുമ്പ് അവിടെയെത്തി. കുറെ ധൈര്യം പകര്‍ന്നു തന്നു. ഉസ്താദിന്റെ ഭാര്യ സ്വന്തം അനിയത്തിയെപ്പോലെ മുടിയൊക്കെ കെട്ടിത്തന്നു. സത്യം പറയാലോ, തലേദിവസം ഞാന്‍ പേടിച്ചിട്ട് പ്രഷര്‍ കൂടിയിരുന്നു. ഉസ്താദ് ധൈര്യം പകര്‍ന്നു തന്നപ്പോള്‍ പേടിയൊക്കെ പമ്പ കടന്നു. സ്വന്തം ശരീരത്തിന് സുഖമില്ലാഞ്ഞിട്ടും എല്ലാവരുടെ കാര്യവും അന്വേഷിക്കുന്ന ഉസ്താദ് പോകുമ്പോള്‍ എന്റെ ഭര്‍ത്താവിന്റെ കൈയില്‍ കുറച്ച് കാശ് വെച്ചുകൊടുത്തു. ഭര്‍ത്താവ് അത് നിരസിച്ചപ്പോള്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതവള്‍ അറിയണ്ട എന്നും പറഞ്ഞിരുന്നത്രേ.
സമാനമായ ഒരുപാട് അനുഭവങ്ങളാണ് ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത്. പെരുമ്പറമ്പിലെ മറ്റൊരു കുടുംബത്തില്‍ ഒരു പ്രസവം നടന്നപ്പോള്‍ അവിടെ പോയി കുട്ടിയെ എടുത്ത് വാങ്കും ഇഖാമത്തും കൊടുത്ത് ഒരു ഉപ്പയെ പോലെ പ്രവര്‍ത്തിച്ച അനുഭവം ഒരാള്‍ പങ്കുവെച്ചു. വാപ്പയായും കൂട്ടുകാരനായും സഹോദരനായും അയല്‍വാസികളോടും നാട്ടുകാരോടും വര്‍ത്തിച്ചു.
രണ്ട് വീട്, ഒരുചാക്ക് അരി!
2005ലാണ് കടലുണ്ടിയില്‍ നിന്നും ജലീല്‍ സഖാഫിയുടെ കുടുംബം മക്കളുടെ പഠനാവശ്യാര്‍ഥം പെരുമ്പറമ്പില്‍ താമസമാക്കിയത്. പുതിയ അയല്‍വാസികള്‍, നാട്ടുകാര്‍, മഹല്ല് തുടങ്ങി പലവിധ ആശങ്കളുമായാണ് അവര്‍ പെരുമ്പറമ്പിലെത്തുന്നത്. എന്നാല്‍ അഗത്തി ഉസ്താദും കുടുബവും തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നുണ്ടെന്നുള്ള സമാധാനം ഉണ്ടായിരുന്നു. പുതിയ വീട്ടില്‍ താമസം തുടരുമ്പോള്‍ നല്ല ഭക്ഷണങ്ങളുണ്ടാക്കി ചുറ്റുപാടുള്ളവര്‍ക്ക് നല്‍കണമെല്ലോ. എന്നാല്‍ അതിനുവേണ്ടി ഒന്നും കയ്യില്‍ കരുതിയിരുന്നില്ല. അവിടെ ചെന്നിറങ്ങുമ്പോള്‍ ഉസ്താദും കുടുംബവുമാണ് അവരെ സ്വീകരിക്കാന്‍ വന്നത്.
അന്നേ ദിവസം ആവശ്യമുള്ള മുഴുവന്‍ ഭക്ഷണവും ഉസ്താദിൻ്റെ കുടുബം തയ്യാറാക്കി വെച്ചിരുന്നു. അവിടന്നങ്ങോട്ട് രണ്ടു കുടുംബവും ഒരു വീട്ടില്‍ താമസിക്കുന്നത് പോലയായിരുന്നു. രണ്ട് വീടിനും കൂടെ മാസത്തില്‍ ഒരു ചാക്ക് അരിയായിരുന്നു ഉപയോഗിച്ചിരുന്നത്. ഒരുമാസം അവര്‍ ചാക്ക് വാങ്ങിയാല്‍ അടുത്ത മാസം ഉസ്താദ് വാങ്ങിക്കും. മറ്റൊന്ന് ഭക്ഷണ തയ്യാറാക്കുന്ന രീതിയാണ്. ഉസ്താദിന്റെ വീട്ടില്‍ കറിയുണ്ടാക്കിയാല്‍ അവര്‍ ചോറുണ്ടാക്കും.
അയല്‍ വാസികളെ എത്രമാത്രം പരിഗണിക്കണമെന്ന് ഉസ്താദ് ജീവിച്ചു കാണിക്കുകയായിരുന്നു. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന മനസ്സ്. എല്ലാവരുടെയും ഉള്ളറിയുന്ന മനുഷ്യന്‍. ഇതായിരുന്നു ഏഴ് വര്‍ഷം ഉസ്താദിന്റെ അടുത്ത വീട്ടില്‍ കഴിഞ്ഞ ഒരു കുടംബത്തിന് പറയാനുണ്ടായിരുന്നത്.
നാട്ടുകാരുടെ ആശ്രയ കേന്ദ്രം
അയല്‍പ്പക്കക്കാര്‍ക്കും നാട്ടുകാര്‍ക്കും ഉസ്താദിനെ കുറിച്ച് പറയാന്‍ നൂറുനാവാണ്. മൊയ്‌ല്യാരാണെന്ന മസില്‍ പിടുത്തം ഒന്നുമില്ലാതെ സാധാരണക്കാരോടെല്ലാം ചിരിച്ചും തമാശ പറഞ്ഞും നില നിര്‍ത്തിയ ബന്ധം. എല്ലാ സന്തോഷങ്ങളും ആഗ്രഹങ്ങളും സങ്കടങ്ങളുമെല്ലാം ഉസ്താദിനോട് പറഞ്ഞാലേ തൃപ്തിയാകുമായിരുന്നൊള്ളു. ഒരു അയല്‍ക്കാരന്‍ തന്റെ വീടിനടുത്ത് കിണറിന് സ്ഥാനം കണ്ടെത്താന്‍ ഉസ്താദിനെ ക്ഷണിച്ചു. കുറേ കുഴിച്ചിട്ടും വെള്ളം കാണാതെ വന്നപ്പോള്‍ ഉസ്താദിനോട് ആധി ബോധിപ്പിച്ചു. ഒരു പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കു കൊടുത്താലും തീരാത്തത്ര വെള്ളം ലഭിക്കും എന്നായിരുന്നു ഉസ്താദിന്റെ മറുപടി. പിന്നീട് വേനലുകളില്‍ പരിസരത്തെ കിണറുകളില്‍ വെള്ളം താഴ്ന്നാലും ഈ കിണറില്‍ കുറയാറില്ലത്രെ.
തന്റെ വീട്ടില്‍ എന്തുണ്ടാക്കിയാലും അയല്‍ക്കാര്‍ക്ക് കൊടുത്തയക്കല്‍ ഉസ്താദിന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ അയല്‍ക്കാരും ഈ കാര്യം ഗൗരവ പൂര്‍വ്വം ശ്രദ്ധിച്ചിരുന്നു. ഉസ്താദിന്റെ ഭാര്യക്ക് പ്രധാനപ്പെട്ട ഒരു ഓപ്പറേഷന്‍ നടക്കുന്ന സമയത്ത് തന്റെ വീട്ടിലെ ആടിന്റെ ആദ്യത്തെ കറവയിലെ പാല് ഞാന്‍ ഉസ്താദിനാണ് കൊടുത്തതെന്ന് അയല്‍ക്കാരന്‍ കാവുങ്ങല്‍ കുട്ടിയാലിക്ക അനുഭവം പറയുകയുണ്ടായി.
വീടിന് കുറ്റിയടിക്കാനോ മറ്റു പരിപാടികള്‍ക്കോ ക്ഷണിച്ചാല്‍ നല്‍കുന്ന ഹദിയ ഉസ്താദിനെ കൊണ്ട് വാങ്ങിപ്പിക്കല്‍ വളരെ ശ്രമകരമാണ്. നാട്ടുകാരോടെല്ലാം എപ്പോഴും സുഖ വിവരങ്ങള്‍ ആരായുമായിരുന്നു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ക്ഷമയോടെ കേട്ട് നിന്ന് ആശ്വസിപ്പിച്ച് പരിഹാര മാര്‍ഗ്ഗം നിര്‍ദേശിക്കും. ആ പരിഹാരം അവര്‍ക്ക് എപ്പോഴും തണലാണ്. ഇരിയാക്കുളം ഉണ്ണി കാക്കയുടെ മകന്‍ ഷെരീഫിന് വലിയ രോഗം പിടിപെട്ടു. ഒരുപാട് ആശുപത്രികളും ഡോക്ടര്‍മാരും നല്‍കിയത് നിരാശ മാത്രം. ഒടുവില്‍ ഉസ്താദ് മന്ത്രിച്ച് നല്‍കിയ നൂല്‍ കാരണമാണ് സുഖമായതെന്നവര്‍ പങ്കുവെച്ചു.
പ്രായമുള്ളവരോടേറെ പ്രിയം
പ്രായമുള്ളവരോട് ഏറെ പ്രിയമായിരുന്നു. അവരുടെ അടുക്കലുണ്ടാകുന്ന വിജ്ഞാനങ്ങള്‍ വരും തലമുറക്ക് ഉപകാരപ്രദമാക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുമായിരുന്നു. മാത്രമല്ല അവരിലൊരാളായി ചേര്‍ന്ന് അത്തരം വിജ്ഞാനങ്ങളെ സ്വരുക്കൂട്ടാന്‍ മുന്നിട്ടിറങ്ങും. സ്വലാത്ത് നഗര്‍ സ്വദേശികളായ മൂസക്കുട്ടി ഹാജിയും പരേതനായ യൂസുഫ് ഹാജിയും അഗത്തി ഉസ്താദും സംസാരിച്ചു കൊണ്ടിരിക്കുകയാണ്. ഔഷധ സസ്യങ്ങളെ കുറിച്ച് വാചാലനാവുന്ന യൂസുഫ് ഹാജിയോട് ഉസ്താദ് ചോദിച്ചു: അല്ല, ഹാജ്യാരേ ഇത് നിങ്ങളിങ്ങനെ പറഞ്ഞാല്‍ മതിയോ. അടുത്ത തലമുറക്കും ഇതൊക്കെ അറിയണ്ടേ. ഇത് എവിടേലുമൊന്ന് കുറിച്ച്‌വെക്കണം. അങ്ങനെയാവട്ടെയെന്ന് യൂസുഫ് ഹാജിയും. തൊട്ടടുത്ത ദിവസം ഉസ്താദും കുട്ടികളും ഒരു ക്യാമറയും എടുത്ത് യൂസുഫ് ഹാജിയും മൂസക്കുട്ടി ഹാജിയും സ്വലാത്ത് നഗറിലെയും പരിസരങ്ങളിലേയും കുന്നുകളിലും മലകളിലും കാടുകളിലും കയറുകയും ഔഷധ സസ്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും വിവരണങ്ങള്‍ ശേഖരിക്കുകയും ചെയ്തു. അങ്ങനെയാണ് ‘സ്വലാത്ത് നഗറിലെ കൃഷികള്‍’ എന്ന പേരില്‍ ആ മാസത്തെ അല്‍ മിസ്ബാഹ് മാസിക പുറത്തിറങ്ങുന്നത്.
രാത്രി ഓക്‌സിജന്‍ പുറത്ത് വിടുന്ന സസ്യം, പ്രമേഹqത്തിനുള്ള സസ്യം തുടങ്ങി ഔഷധ മൂല്യമുള്ള സസ്യങ്ങൾ മഅ്ദിനില്‍ കുഴിച്ചിടാനും നിര്‍ദേശിച്ചതായി മൂസക്കുട്ടി ഹാജി ഓര്‍ക്കുന്നു. ഒരിക്കല്‍ മൂസക്കുട്ടി ഹാജിയോട് ഉസ്താദ് പറഞ്ഞു, നിങ്ങള്‍ തയ്യാറാണോ എല്ലാ വീടുകളിലും കയറി ദഅ്‌വത്ത് നടത്താന്‍.. ഇങ്ങനെയൊക്കെ ആയാല്‍ മതിയോ.
എല്ലാ വിഷയങ്ങള്‍ക്കും നാട്ടുകാര്‍ക്ക് ഒരു മാര്‍ഗദര്‍ശിയായിരുന്നു. എന്ത് സംശയങ്ങള്‍ ചോദിച്ചാലും ഉത്തരം പറയാന്‍ വലിയ ഊര്‍ജമായിരുന്നു. 60 കഴിഞ്ഞവരെ മരണത്തെ ഓര്‍മപ്പെടുത്തുമായിരുന്നു. ദൈനം ദിന ജീവിതം മെച്ചപ്പെടുത്തുന്നതിനും പരലോകം നന്നാക്കാനുമുള്ള ഉപദേശങ്ങള്‍, സംശയ നിവാരണങ്ങള്‍, ചരിത്രങ്ങള്‍ തുടങ്ങിയവ ആസ്വദിച്ചവര്‍ നിരവധിയാണ്.
ബാനിക്കുള്ള ദുആ, ജീവത വിജയത്തിനുള്ള താക്കോല
ബാനിക്ക് ദുആ ചെയ്യണമെന്ന് എപ്പോഴും ഉത്‌ബോധിപ്പിക്കുകയും അത് ജീവിതത്തിലും പകര്‍ത്തുകയും ചെയ്തിരുന്നു ഉസ്താദ്. എല്ലാ ദിവസവും ബദ്‌റുസ്സാദാത്തിന് വേണ്ടി ഫാതിഹ ഓതാത്ത ദിവസങ്ങളില്ല. അഞ്ച് വക്ത് നിസ്‌കാരങ്ങള്‍ക്ക് ശേഷവും ഖാസ്സായ ദുആയിലുമൊക്കെ ബദ്‌റുസ്സാദാത്തിനെ ഉള്‍പ്പെടുത്താറുണ്ടായിരുന്നു.
ഒരിക്കല്‍ ഒരു ഓട്ടോയുമായി അഗത്തി ഉസ്താദ് സ്വലാത്ത് നഗറിലെ ബാപ്പനുക്കയോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞു. നേരെ കിഴിശ്ശേരിയിലെ ഉസ്താദിന്റെ അടുത്തേക്ക്. വാഹനത്തില്‍ മുഴുവനും സാധന സാമഗ്രികള്‍. അവിടെ ചെന്ന് സ്വന്തം വീടുപോലെ സാധനങ്ങള്‍ക്കൊക്കെ ഇറക്കി അടുക്കളയില്‍ പണിയില്‍ വ്യാപൃതനാകാനുമൊക്കെ മുന്നിട്ടിറങ്ങുന്നത് കണ്ട് ബാപ്പനക്ക അതിശയപ്പെട്ടു പോയി. ഉസ്താദും ഉസ്താദിന്റെ ഉസ്താദും മുതഅല്ലിമീങ്ങള്‍ക്ക് ഒന്നാം ദര്‍സിന് ശേഷം ചൊല്ലേണ്ട ബൈത്തിനെ കുറിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. അഗത്തി ഉസ്താദിന്റെ നിര്‍ദേശ പ്രകാരം കിഴിശ്ശേരി ഉസ്താദ് ഉണ്ടാക്കിയ ബൈത്തായിരുന്നു അത്. അതില്‍ ശൈഖുന ബദ്‌റുസ്സാദാത്തിനു വേണ്ടിയുള്ള പ്രാര്‍ഥന നല്‍കാന്‍ അഗത്തി ഉസ്താദ് നിര്‍ദേശിച്ചിരുന്നു. തിരിച്ച് പോരുമ്പോള്‍ അഗത്തി ഉസ്താദ് പറഞ്ഞു; തങ്ങളുസ്താദ് നമുക്ക് വേണ്ടി ബുദ്ധിമുട്ടി ഓടിനടക്കല്ലേ..ഉസ്താദിന്റെ പേരില്‍ എന്തേലുമൊക്കെ ചൊല്ലാന്‍ ഉണ്ടാക്കണ്ടേ എന്നായിരുന്നു. എന്ത് കാര്യങ്ങളും തങ്ങളുസ്താദിനെ വിളിച്ച് ചര്‍ച്ച ചെയ്യും. അഗത്തി ഉസ്താദ് അസുഖബാധിതനായി കഴിയുമ്പോഴും വീട്ടില്‍ വന്ന് സന്ദര്‍ശിക്കാന്‍ ബദ്‌റുസ്സാദാത്തും സമയം കണ്ടെത്തിയത് പരസ്പര സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു.
മൗലിദും ഹദ് യയും
വീട്ടില്‍ മൗലിദുകള്‍ നടത്തുകയും ഭക്ഷണം നല്‍കുകയും ഹദ്‌യ നല്‍ കാനുമെല്ലാം വലിയ ആവേശമായിരുന്നു. നാട്ടുകാരില്‍ പരലും ആ സ്‌നേഹ സത്കാരത്തില്‍ പങ്കെടുത്തിട്ടുണ്ട്. നാട്ടുകാരണവന്മാര്‍ക്ക് പോലും ഹദ്‌യ നല്‍കുന്ന ശീലം ഉസ്താനുണ്ടായിരുന്നു. അത്തരുണത്തില്‍ ഉസ്താദിന്റെയടുത്ത് നിന്ന് ഹദ് യായി ലഭിച്ച മുഴുവന്‍ തുകയും ബറകത്തായി സൂക്ഷിക്കുന്നവര്‍ ഇപ്പോഴുമുണ്ട്.
വീട്ടില്‍ എന്ത് പരിപാടികളുണ്ടെങ്കിലും ബാപ്പനാക്കയുടെ വീട്ടിലെ പായയാണ് കൊണ്ടു പോകാറുള്ളത്. കുട്ടികളെ പായക്ക് വേണ്ടി പറഞ്ഞയക്കുന്നുണ്ട്, നിങ്ങള്‍ നടന്നോളി.. ഞാന്‍ വരാം എന്നു പറഞ്ഞാണ് അഗത്തി ഉസ്താദ് വിളിക്കാറുള്ളത്. ഇത് ഞാന്‍ പുതിയത് വാങ്ങിയാല്‍ നിങ്ങള്‍ക്ക് കൂലി കിട്ടൂലല്ലോ എന്ന് പറയുകയും ചെയ്യുമായിരുന്നു.
ലീവിന്റെ സമയത്ത് പഠനാവശ്യാര്‍ഥം കുറച്ച് കുട്ടികളെ ഉസ്താദിന്റെ അടുത്തു നിർത്താറുണ്ട്. അവരുടെ ഭക്ഷണ ചെലവുകളൊക്കെ ഉസ്താദായിരുന്നു വഹിക്കാറുള്ളത്. ഒരിക്കല്‍ ഒരു പെരുന്നാളിന്റെ തലേന്ന് വിളിച്ച് പായസമുണ്ടാക്കാന്‍ പറഞ്ഞു. എന്നിട്ട് ഗ്രാന്റിലെ അഷ്‌കര്‍ സഅദിയെ കൂട്ടി ഒരു ടെക്‌സ്റ്റൈല്‍സില്‍ പോയി തന്റെ ഒരു ശിഷ്യനുണ്ടായ കുട്ടിക്ക് വേണ്ടി ഡ്രസ്സ് എടുത്ത് തിരിച്ച് പായസം പോയി കുടിച്ച സംഭവം ബാപ്പനാക്ക പങ്കുവെച്ചു.
ഉപ്പു തൊട്ടു കർപ്പൂരം വരെ..
എളല്ലാ വീട്ടുസാധനങ്ങളെ കുറിച്ചും വലിയ ജ്ഞാനമായിരുന്നു. അടുക്കളയിലെ സാധനങ്ങള്‍, ഓരോന്നിനും ഏതു ചട്ടിയാണ് നല്ലത് തുടങ്ങിയ കാര്യങ്ങളില്‍ വലിയ പിടിപാടുണ്ടായിരുന്നു. ഒരിക്കല്‍ എറണാംകുളത്ത് നിന്ന് കുഴിയപ്പം ചുടുന്ന ചട്ടി നാട്ടുകാരനിലൊരാള്‍ക്ക് കൊണ്ടുപോയി കൊടുത്തു. സ്‌പെഷ്യല്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അയല്‍വാസികള്‍ക്കും അയല്‍വാസികള്‍ ഇങ്ങോട്ടും നല്‍കാറുണ്ടായിരുന്നു. ഭക്ഷണം വൃത്തിയായി കഴിക്കും. നല്ലവണ്ണം വടിക്കും. കഴുകി കുടിക്കും. ഇതൊക്കെയായിരുന്നു രീതി. ചേമ്പും കാവൂത്തുമൊക്കെ വെച്ച് ഉണ്ടാക്കുന്ന കൂട്ടാന്‍ വലിയ ഇഷ്ടമായിരുന്നു. അതിന് പ്രത്യേകം ഒരു പേര് തന്നെ ഉസ്താദ് വിളിച്ചിരുന്നു. കാട്ടൂട്ടാന്‍ (കാട്ടിലെ കൂട്ടാന്‍). കുടിയിരിക്കല്‍ കഴിഞ്ഞ് ഫാമിലി എത്തും മുമ്പ് ഉസ്താദ് നാട്ടിലെത്തിയിരുന്നു. അന്ന് ഉസ്താദിനുള്ള ഫുഡ് ഉണ്ടാക്കാനുള്ള മുഴുവന്‍ സാധനങ്ങളും നാട്ടുകാരിലൊരാളുടെ വീട്ടില്‍ ഇറക്കിയിരുന്നുവത്രേ.
എല്ലാവരുടെയും ഉസ്താദ്
അയല്‍ വാസികളോടൊക്കെ നല്ല ബന്ധം പുലര്‍ ത്തിയിരുന്നതു കൊണ്ട് എല്ലാവരും ഉസ്താദിനോടും തിരിച്ചും വലിയ സഹകരണമായിരുന്നു. കുറ്റിയടിക്കാനും മറ്റുമൊക്കെ ഒരുപാട് പേര്‍ ഉസ്താദിനെ കൊണ്ടുപോകുമായിരുന്നു. അത്തരത്തില്‍ ഉസ്താദ് കുറ്റിയടിച്ച വീടുകള്‍ പെട്ടെന്ന് പണി പൂര്‍ത്തിയാകുന്നതായി പലരും പങ്കുവെച്ചു. നാട്ടുകാരെല്ലാം ഉസ്താദിനെ അതിരറ്റു സ്‌നേഹിച്ചു. ആഖിറത്തിലെ പ്രതിഫലം മാത്രം പ്രതീക്ഷിച്ച് ഉസ്താദ് ആര്‍ക്കും, എന്റേതായിരുന്നു ഉസ്താദെന്ന് എല്ലാവർക്കും പറയാവുന്ന രൂപത്തിൽ ഹൃദയങ്ങളില്‍ ചേക്കേറി. മരണ ദിവസം ഉസ്താദിന്റെ വീട്ടില്‍ ഒരുമിച്ചുകൂടിയ ജനം അതിനു വലിയ തെളിവാണ്. മരണത്തിന് ശേഷം ഈ ദിവസങ്ങളിലൊക്കെയും എത്രയോ പേരാണ് ആ ഖബറിനരികില്‍ പോയി പരിചയം പുതുക്കുന്നത്. അവര്‍ക്ക് ഉസ്താദിന്റെ വിയോഗം താങ്ങാനാവത്താണ്. ഇത്രമേല്‍ അടുത്തത് ഇത്ര വേഗം പോകാനായിരുന്നോ എന്നാണ് പലര്‍ക്കും കണ്ണീരോടെ പറയാനുണ്ടായിരുന്നത്


