എല്ലാ മേഖലയിലും അറിവുണ്ടാവുക എന്നതാണ് ഉസ്താദിന്റെ ശൈലി. അതിനായി പഠന ശേഷവും പല യാത്രകളും നടത്തിയിട്ടുണ്ട്. ആത്മ സമർപ്പണം കൊണ്ട് നേടിയെടുത്ത അറിവുകളൊക്കെയും വിദ്യാർത്ഥികൾക്ക് പകർന്നു നൽകുന്നതിനൊപ്പം ആത്മീയ പുരോഗതിക്കാവശ്യമായ ജീവിച്ചിരിക്കുന്നതും വഫാത്തായവരുമായ മഹാന്മാരെ സന്ദർശിക്കാനും സമയം കണ്ടെത്തുന്നതായിരുന്നു ഉസ്താദിൻ്റെ ശൈലി.
മാതാപിതാക്കളും ഉസ്താദുമാരും;
ഉയർച്ചയുടെ പിന്നാമ്പുറങ്ങൾ.
ഉസ്താദിന്റെ ഉയർച്ചയുടെ പ്രധാന കാരണമായി പറയാറുള്ളത് മാതാപിതാക്കളുടെയും ഉസ്താദുമാരുടെയും തൃപ്തിയാണ്. അവരുടെ മുന്നിൽ നേരെ ഇരിക്കാൻ പോലും മടിച്ചിരുന്ന, അക്ഷരം പ്രതി അനുസരിക്കുന്ന പ്രകൃതമായിരുന്നു. “ഒരു നാൾ ഒരിക്കൽ താൻ ശൈഖെ പോയി കണ്ടെങ്കിൽ,
ഒരു മാസം ദോഷം പൊറുക്കും അതെന്നോവർ” എന്നാണല്ലോ രിഫാഈ മാലയിലുള്ളത്. അവരെ ഇടക്ക് സന്ദർശിക്കുകയും ദുആ ചെയ്യിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. പോകുമ്പോൾ അവർക്ക് സുഭിക്ഷമായി മാസങ്ങളോളം കഴിയാനുള്ള ഭക്ഷ്യ സാമഗ്രികളും കൂടെ കരുതിയിരുന്നുവെന്നത് അൽഭുതാവഹമാണ്.
ദർസാരംഭവും അവസാനവും
സിയാറതുമായി കൂട്ടുകൂടി സഫലമാക്കിയ ജീവിതമായിരുന്നു അഗത്തി ഉസ്താദ്. ഇടവേളകളിലും വിശേഷിച്ചും എല്ലാ വർഷവും ദർസിൻ്റെ തുടക്കത്തിലും (ശവ്വാൽ) ഒടുക്കത്തിലും (ശഅ്ബാൻ) സിയാറത്ത് ചെയ്യാറുണ്ടായിരുന്നു. ഇആനതു ത്വാലിബീൻ്റെ മുസന്നിഫ് സയ്യിദ് ബക്‌രി തങ്ങളുടെ ഹറമിലെ ഉസ്താദ്, തിരൂരങ്ങാടി നടുവിലെപ്പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന കോടഞ്ചേരി ഉസ്താദ് തുടങ്ങിയവരെ ആദ്യം സിയാറത്ത് ചെയ്യും, ശേഷമാണ് ആ വർഷം കിതാബ് തുടങ്ങുക. നമ്മൾ മലയാളികൾ അറിഞ്ഞോ അറിയാതെയോ സിയാറത്ത് ചെയ്യാൻ വിസ്മരിക്കുന്ന മഹാനാണല്ലോ കോടഞ്ചേരി ഉസ്താദ്. പലർക്കും അങ്ങനെയൊരു മഹാൻ ഉണ്ടെന്ന് പോലും അറിയില്ല. അറിയപ്പെട്ട മഖാമുകളിൽ പോകുന്നതിലുപരി ആത്മീയ വൈജ്ഞാനിക ഉയർച്ചക്ക് നിദാനമാകുന്ന അസ്‌ല് ഉള്ള എല്ലാ മഖാമുകളിലും തൻ്റെ ശിഷ്യരോടൊപ്പം സിയാറത്ത് ചെയ്യാൻ ഉസ്താദ് കാണിച്ച ഉത്സാഹം ചെറുതൊന്നുമല്ല.
അധ്യയന വർഷത്തിൻ്റെ തുടക്കത്തിലെന്ന പോലെ ഒടുക്കവും സിയാറത്ത് കൊണ്ടായിരുന്നു. മിക്കവാറും ആ വർഷം സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങുന്ന ബാച്ചുകാരെയാണ് കൂടെ കൂട്ടുക. സ്ഥാപനത്തിലെ ഉസ്താദുമാരും വിദ്യാർഥികളുമടങ്ങുന്ന സംഘം തങ്ങളുടെ ഗുരു പരമ്പരയിലെ മലയാളി കണ്ണികളെ മുഴുവൻ അടുത്തറിഞ്ഞ് അവരുടെ പൂർണ്ണ പൊരുത്തത്തോടെയും ആശീർവാദത്തോടെയുമാണ് പുതിയ മേച്ചിൽ പുറങ്ങൾ തേടി യാത്ര തിരിക്കുന്നത്. അവരുടെ ജീവിച്ചിരിക്കുന്ന ഉസ്താദുമാർ ഗുരു ശ്രേണിയിലേക്ക് വിളക്കിച്ചേർക്കാൻ വേണ്ടിയാകണം ഈ പ്രൗഢ സമാപനം. കുട്ടശ്ശേരി മുഹമ്മദ് സഈദ് മുസ്ലിയാർ, പള്ളിപ്പുറം അബ്ദുറഹ്മാൻ ഫള്ഫരി, യൂസുഫുൽ ഫള്ഫരി, അബ്ദുൽ ഖാദിർ ഫള്ഫരി, മലപ്പുറം ശുഹദാക്കൾ, ഉസ്താദുൽ അസാതീദ് ഓ കെ ഉസ്താദ്, ചെറുശ്ശോല ഉസ്താദ്, മമ്പുറം സയ്യിദ് അലവി തങ്ങൾ, ബീരാൻ കോയ ഉസ്താദ്, നൂറുദ്ദീൻ ശൈഖ് ചാലിയം, ബുഖാരി സാദാത്തീങ്ങൾ കടലുണ്ടി, സയ്യിദ് ജമലുല്ലൈലി തങ്ങൾ, പൊന്നാനി മഖ്ദൂം ഒന്നാമൻ (റ), ശൈഖ് ഉസ്മാൻ (റ), വെളിയംകോട് ഉമർ ഖാളി (റ), പുത്തൻ പള്ളി കുഞ്ഞുമുഹമ്മദ് (റ), നൂണക്കടവ് ശൈഖ് സൈനുദ്ദീൻ റംലി, അയിലക്കാട് സിറാജുദ്ദീൻ അൽ ഖാദിരി, ഓമച്ചപ്പുഴ അബൂബക്കർ മുസ്‌ലിയാർ, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, നന്നമ്പ്ര സെയ്താലി മുസ്‌ലിയാർ, വൈലത്തൂർ ബാവ മുസ്‌ലിയാർ, കൈപ്പറ്റ മമ്മൂട്ടി മുസ്‌ലിയാർ, കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ, അലനല്ലൂർ അബ്ദുല്ല മുസ്‌ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ തുടങ്ങി ഏകദേശം ഗുരു പരമ്പരയിലുള്ള മിക്കവാറും അസാതിദ ഉൾക്കൊള്ളുന്നതായിരിക്കും സിയാറത്ത് ഷെഡ്യൂൾ.
മലപ്പുറം ശുഹദാക്കൾ
മലപ്പുറം ശുഹദാക്കളെ വലിയ പിടുത്തമായിരുന്നു ഉസ്താദിന്. ഏതു സിയാറത്ത് യാത്ര തുടങ്ങുന്നതും അവിടെ നിന്നാകണമെന്ന് നിർബന്ധമുണ്ടായിരുന്നു. എന്ത് പ്രയാസങ്ങൾ ഉണ്ടായാലും മലപ്പുറം ശുഹദാക്കളുടെ അടുത്തു പോകാൻ പറയും. 44 ഫാതിഹ ഓതണം, അതായിരുന്നു ഉസ്താദിൻ്റെ ശീലം. അതു ചൊല്ലി ദുആ ചെയ്താൽ ഉത്തരം കിട്ടുമെന്ന് ഉറപ്പാണ്. അവിടെയുള്ള ഖബ്ർ പരിസരത്ത് മുളച്ച പുല്ല് തിന്നാൽ വരെ അസുഖമുള്ള പശുവിൻ്റെ അസുഖം ഭേദമാകും. അത്രയും ശുഹദാക്കളെ അവലംബിച്ചിരുന്നു. സ്കൂൾ എക്സാമിന് പോകുന്ന സമയം ഉസ്താദിനോട് ദുആ ചെയ്യിപ്പിക്കാൻ വേണ്ടി ചെന്നാൽ മലപ്പുറം ശുഹദാക്കളുടെ പേരിൽ 44 ഫാതിഹ ഓതാനാണ് പറയാറുള്ളത്. അതുപോലെ ചെയ്തതിനാൽ പല പരീക്ഷകളിലും അത്ഭുതാവഹമായ വിജയം കൊയ്യാൻ സാധിച്ചത് പലരും പങ്കു വെക്കാറുണ്ട്. മലപ്പുറം ശുഹദാക്കളെ കൂടുതൽ നെഞ്ചോട് ചേർക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്നാമതായി അവർ ഒറിജിനൽ ശുഹദാക്കളാണ്. മഅ്ദിൻ അക്കാദമിയോട് ഏറ്റവും അടുത്ത കിടക്കുന്ന പ്രധാനപ്പെട്ട മഖാമാണ് എന്നതാണ് രണ്ടാമത്. മലപ്പുറം ശുഹദാക്കൾ യുദ്ധത്തിന് പുറപ്പെട്ടത് മഅ്ദിൻ പരിസരത്ത് സ്ഥിതി ചെയ്യുന്ന തോടിൽ നിന്ന് കുളിച്ചാണെന്നാണ് ചരിത്രം പറയുന്നത്. വ്യാജ ശുഹദാക്കളും അരങ്ങുവാഴുന്ന കാലഘട്ടമാണിത്, പലപ്പോഴും അതിനെ നിശിതമായി വിമർശിക്കാറുണ്ട്. മലപ്പുറം ശുഹദാക്കൾ ഇസ്ലാമിൻറെ തനതായ ആശയാദർശം സംരക്ഷിക്കാൻ വേണ്ടി പടപൊരുതിയവരാണ് എന്നാണ് ചരിത്രം.
അടുത്തുള്ള മഖാമിനെ അവഗണിക്കരുത്.
അടുത്തുള്ള മഖാമുകളെ ഗൗനിക്കാതെ പലരും വിദൂരത്തുള്ള മഖാമുകളും മസാറുകളും തെരഞ്ഞെടുക്കുന്ന പ്രവണത കാണാറുണ്ട്. പ്രസ്തുത സിയാറതിനെ ഉസ്താദ് നിരുത്സാഹപ്പെടുത്താറുണ്ട്. നമ്മുടെ നാട്ടിൽ ഒരു മഹാൻ ഉണ്ടായിട്ട് അവരെ പരിഗണിക്കാതിരിക്കുന്നത് ഒട്ടും ശരിയല്ലെന്നാണ് ഉസ്താദിൻ്റെ പക്ഷം. അവരെക്കൂടി കൂട്ടിപ്പിടിച്ച് വേണം നമ്മുടെ സിയാറത്തുകൾ. ഉസ്താദിൻ്റെ ജീവിതത്തിൽ മലപ്പുറം ശുഹദാക്കളുടെ വിഷയത്തിലും ഇത് വ്യക്തമായി നിഴലിച്ചു കാണാവുന്നതാണ്. തൻറെ ഭാര്യയുടെ സുഖപ്രസവത്തിനു വേണ്ടി വിളിച്ചപ്പോൾ “അടുത്തുള്ള മഖാമിൽ പോയി ദുആ ചെയ്യണം, എങ്കിൽ അത് വലിയ ഉപകാരം ചെയ്യും..” എന്ന് ഉപദേശിച്ചതായി ഒരു ശിഷ്യൻ പങ്കുവെച്ചിരുന്നു.
സിയാറത്ത് വണ്ടി
സിയാറതുകളുടെ ഉറ്റ തോഴനാണ് ഉസ്താദ് എന്ന് വേണം പറയാൻ . എല്ലാറ്റിൽ നിന്നും വ്യത്യസ്തമായിരുന്നു ഉസ്താദിൻ്റെ സിയാറത്ത് യാത്രകൾ. നമ്മൾ പലരും മദ്ഹ് ഗാനങ്ങളും മറ്റും കേട്ട് സിയാറത്ത് നടത്താറുണ്ടെങ്കിൽ ഉസ്താദ് ഫുൾ ദിക്ർ ദുആയിലായിരിക്കും. വാഹനം ഫുൾ ടൈം ദിക്ർ മയമായിരിക്കും. കയറിയ ഉടനെ തന്നെ വാഹനത്തിൽ കയറിയാൽ ചൊല്ലേണ്ട ദിക്റുകൾ ഹബീബ് ഉമർ തങ്ങളുടെ خلاصة المدد നോക്കി ചൊല്ലാൻ വേണ്ടി പറയും. എല്ലാവരുടെയും കയ്യിലും ആ ഏട് ഉണ്ടാകൽ നിർബന്ധമാണ്. അത് ഇല്ലാത്തതിൻ്റെ പേരിൽ സബ്ഖിൽ നിന്ന് തല്ല് കിട്ടിയത് വരെ പല ശിഷ്യന്മാർക്കും ഓർത്തെടുക്കാൻ ഉണ്ടായിരുന്നു. അത്രയും യമനുമായും ഹബീബ് ഉമർ തങ്ങളുമായും, ജീവിതത്തിലെ വലിയ ആഗ്രഹമായിരുന്നു യമനിലും ശാഫീ ഇമാം മറവ് ചെയ്യപ്പെട്ട് കിടക്കുന്ന ഈജിപ്തിലും സിയാറത്ത് ചെയ്യമെന്നത്. റബ്ബ് അതിനു മുമ്പേ ഉസ്താദിനെ തിരിച്ചു വിളിച്ചു. നാഥൻ സ്വർഗം നൽകുമാറാകട്ടെ, ആമീൻ.
യമനിൽ ശരീരം കൊണ്ട് പോയില്ലെങ്കിലും മനസ്സെന്നും അവിടെയായിരുന്നു. ശിഷ്യരെയും മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവിടെയെത്തിക്കാൻ പലവുരു ശ്രമിക്കുകയും അതിന് പിന്നിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും അവിടെയെത്തുന്ന വിദ്യാർഥികൾക്ക് ഇവിടെ നിന്ന് തന്നെ ഓതേണ്ടതും വാങ്ങേണ്ടതുമായ കിതാബും സിയാറത്ത് ചെയ്യേണ്ട ഇടങ്ങളും കാണേണ്ട ഉസ്താദുമാരുടെ ലിസ്റ്റുമെല്ലാം തയ്യാറാക്കി നൽകി ഉസ്താദ് ഗൈഡ് ആകാറുണ്ട്. വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും മനസംതൃപ്തിയും ഉണ്ടാകാൻ ഇടായാകുമെന്ന് പറയേണ്ടതില്ലല്ലോ. ഉസ്താദിന്റെ നിർദ്ദേശപ്രകാരം പലപ്പോഴും ഇങ്ങനെ വരുന്നവർ കൊണ്ടുവരുന്ന പല കിത്താബുകളും ഇന്ന് മഅ്ദിൻ കുതുബുഖാനയിലും ഉസ്താദിൻറെ കിതാബ് ശേഖരത്തിലും ധാരാളം കാണാവുന്നതാണ്. ഖുലാസതുൽ മദദിൻറെ ഹബീബ് ഉമർ തങ്ങൾ കൈകൊണ്ട് ഒപ്പിട്ട് ഇജാസത്ത് കൊടുക്കുന്ന ശീലം യമനിൽ ഉണ്ട്. പോകാൻ കഴിയാത്ത ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് കോപ്പികൾ ലഭ്യമാക്കാനും ഇജാസത്തുകൾ കരസ്ഥമാക്കാനും പലപ്പോഴും മുന്നിൽ നിന്ന് പേര് ശേഖരിച്ച് അവിടെയുള്ള ശിഷ്യർക്ക് അയച്ചുകൊടുത്തു ഹബീബ് ഉമർ തങ്ങളുടെ ഇജാസത്ത് ലഭ്യമാക്കുന്നതിൽ ഉസ്താദ് താൽപ്പര്യം കാണിച്ചത് വിസ്മരിക്കാവതല്ല. ചുരുക്കത്തിൽ യമനിൽ പോയി വന്ന മലയാളികൾ ചൊല്ലുന്നതുപോലെ അല്ലെങ്കിൽ അതിലുപരിയായി ഉസ്താദ് യമനീ വളീഫകൾ ജീവിതത്തിൽ പാലിക്കാനും മറ്റുള്ളവരെക്കൊണ്ട് ചൊല്ലിപ്പിക്കാനും ശ്രമിച്ചിരുന്നുവെന്നർത്ഥം.
യാത്രയിൽ എല്ലാവരും ഒരേ സ്വരത്തിൽ ഒരേ താളത്തിൽ ഖുലാസതുൽ മദദ് ചൊല്ലും. അത് അത്യാവശ്യം ചൊല്ലിക്കഴിഞ്ഞു എന്ന് മനസ്സിലായാൽ ഉസ്താദ് ഫാത്തിഹ ലേക്ക് കടക്കും.
ഇലാ ഹള്റതിന്നബിയ്യി സയ്യിദിനാ മുഹമ്മദിൻ (സ്വല്ലള്ളാഹു അലൈഹി വസല്ലം) അൽ ഫാതിഹ, വഇലാ ഹള്റതി സയ്യിദിനാ അബിൽ ബഷർ ആദമ അലൈഹിസ്സലാം അൽ ഫാതിഹ, വഇലാ ഹള്റതി സയ്യിദിനാ നൂഹ് അലൈഹിസ്സലാം
അൽ ഫാതിഹ. ഇങ്ങനെ തുടങ്ങി ഓരോ നബിമാരുടെ പേരിലും ഫാതിഹ ഓതിപ്പിക്കും. വിളിയിൽ ഒട്ടും ചുരുക്കുന്ന ശീലമില്ല. കലീമുള്ളാഹ്, റൂഹുള്ളാഹ് തുടങ്ങി അവരുടെ സ്ഥാനപ്പേര് എല്ലാം ഉൾപ്പെടുത്തിയാണ് വിളിക്കുക. ഉപ്പാപ്പമാരുടെ പേരെല്ലാം ഉൾപ്പെടുത്തി നബിമാരുടെ ഹള്റതിലേക്കുള്ള ഫാതിഹ വിശാലമായി വിളിക്കുന്നത് കേൾക്കുന്നത് തന്നെ മനസ്സിന് ഉന്മേഷം പകരും.
കൂടുതലും ഉസ്താദ് തന്നെയാണ് നേതൃത്വം നൽകുക. ഉസ്താദ് ക്ഷീണിക്കുമ്പോൾ വളരെ അപൂർവമായി മറ്റൊരു വിദ്യാർത്ഥിയെ ബാക്കി പൂർത്തിയാക്കാൻ വേണ്ടി ഏൽപ്പിക്കും. ചിലപ്പോൾ അത് എല്ലാ വിദ്യാർത്ഥികൾ കൂടി ഏറ്റെടുക്കുന്ന രൂപവും ആകാറുണ്ട്.
പിന്നീട് സ്വഹാബികളുടെ പേര്, ഔലിയാക്കളുടെ പേര്, മഅ്ദിനിൽ നിന്നു മരണപ്പെട്ടവർ, ശിഷ്യന്മാരുടെ മരണപ്പെട്ട മാതാപിതാക്കൾ, ബന്ധപ്പെട്ടവർ അങ്ങനെയങ്ങനെ മണിക്കൂറുകളോളം നീളുമായിരുന്നു. കുട്ടികൾക്ക് കൂടുതൽ പരിചയമുള്ള സ്വഹാബിയുടെ പേര് പറഞ്ഞ് പ്രത്യേകം ഫാതിഹ വിളിക്കാനും അവസരമുണ്ടാകും.
യാത്രയിലും വെറുതെ ഇരിക്കുന്നത് കണ്ടാൽ ഉസ്താദ് സമതിക്കില്ല, തുടർച്ചയായ ദിക്റുകളിൽ നിന്നും ആരെങ്കിലും മാറി നിൽക്കുന്നുണ്ടോ എന്ന് തോന്നുമ്പോൾ ഉസ്താദിൻറെ ഉണർത്തൽ വരും. .”കമാ തദീനു തുദാനു” അങ്ങോട്ട് എങ്ങനെയുണ്ടാകുമോ ഇങ്ങോട്ടും അങ്ങനെ തന്നെ ഉണ്ടാകും. മറ്റുള്ളവർക്ക് വേണ്ടി നമ്മൾ ഫാത്തിഹ ചൊല്ലിയാൽ നമുക്ക് വേണ്ടിയും ഫാത്തിഹ ചെല്ലാൻ ആളുണ്ടാകും. മറ്റുള്ളവർക്ക് വേണ്ടി നമ്മൾ മിണ്ടാതിരുന്നാൽ നമുക്ക് വേണ്ടിയും മിണ്ടാതിരിക്കാൻ ആളുണ്ടാകും. അതോടെ വിദ്യാർഥികൾ ഒന്നുകൂടി ജാഗരൂകരായി ഫാത്തിഹയിൽ ബദ്ധശ്രദ്ധ വരുത്തും. വിദ്യാർത്ഥികളിൽ നിന്ന് വിടപറഞ്ഞു പോയവരെയും ഉസ്താദ് മറക്കില്ല.
അഫ്സലിൻ്റെ ഉപ്പ ഹാരിസ് എന്നവരുടെ ഹള്റത്തിലേക്ക് അൽ ഫാതിഹ, സഈദിന്റെ ഉപ്പ ഖാസിം ബ്നു അബ്ദുറഹീം അസ്സഖാഫി.. ഇങ്ങനെ തുടങ്ങി അത് ബാച്ചുകളിലെ വിദ്യാർത്ഥികളിൽ നിന്ന് വിടപറഞ്ഞുപോയ ഉപ്പമാരുടെ പേര് പറഞ്ഞുള്ള ഫാത്തിഹയായി പിന്നീട്.. അതോടെ വിദ്യാർഥികൾക്ക് ഒന്നുകൂടി ആവേശം വർദ്ധിക്കും. തങ്ങളിൽ നിന്ന് വിട പറഞ്ഞവർക്ക് ഫാത്തിഹ ഓതുമ്പോൾ സ്വാഭാവികമായും ആത്മീയയോർജ്ജം കൈവരുമല്ലോ. ഇങ്ങനെ പോകുന്നു ഫാതിഹ ലിസ്റ്റ്. പലപ്പോഴും ജീവിച്ചിരിക്കുന്നവർ വരെ (മഅ്ദിൻ ഉസ്താദുമാർ, വിദ്യാർത്ഥികൾ) ഈ ഫാതിഹ ലിസ്റ്റിൽ പെടും.
ഇതിനിടയിൽ ചിലപ്പോൾ മഖാമുകൾ എത്തും. അപൂർവമായി മഖാമുകളിൽ സിയാറത്ത് ചെയ്യാൻ സമയക്കുറവ് അനുഭവപ്പെടുമ്പോൾ വാഹനത്തിൽ നിന്ന് തന്നെ യാസീൻ ഓതാൻ പറയും. ഫാത്തിഹ കഴിഞ്ഞാൽ പിന്നെ ഖുലാസതുൽ മദദിലെ ഭാഗങ്ങൾ എല്ലാവരും കൂടി പാരായണം ചെയ്യുന്നതാണ് അടുത്ത രംഗം. ആവശ്യാനുസരണം വ്യത്യസ്ത മൗലിദുകൾ ചൊല്ലിയും ചൊല്ലിച്ചും ഉസ്താദ് ആത്മീയ നേതൃത്വം വഹിക്കും . 2023 24 അധ്യയന വർഷത്തിലെ സമാപന സിയാറത്തിന് ഭൂരിഭാഗം സമയങ്ങളിലും ഉസ്താദ് പങ്കെടുക്കുകയും അവസാന സമയം ക്ഷീണം അനുഭവപ്പെട്ടപ്പോൾ മഅ്ദിനിലേക്ക് തിരിക്കുകയും ചെയ്തു. അവിടെ എത്തിയ ഉടനെ മിഅ്റാജ് മൗലിദ് (മിഅ്റാജ് നോമ്പിന്റെ തലേദിവസമായിരുന്നു സിയാറത്ത്) സ്കാൻ ചെയ്ത് പിഡിഎഫ് ആക്കി വിദ്യാർത്ഥികൾക്ക് അയച്ചുകൊടുത്തു. എന്നിട്ട് അതു മുഴുവൻ ചൊല്ലാൻ വേണ്ടി നിർദ്ദേശിക്കുകയും ചെയ്തു. ഓതുന്നതിൽ എല്ലാ വിദ്യാർത്ഥികളും പങ്കാളിയാകണം എന്നാണ് ഉസ്താദിൻ്റെ നയം. എങ്കിൽ എല്ലാ വിദ്യാർത്ഥികൾക്കും അത് പ്രാക്ടീസ് ആവുകയും ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യുമല്ലോ. യാത്രയിൽ ഇല്ലെങ്കിലും യാത്രയിലുള്ള ഉസ്താദുമാരോട് ഇടക്കിടക്ക് ഉസ്താദ് വിളിച്ച് മൗലിദും യാത്രയും എവിടെയെത്തിയെന്ന് അന്വേഷിക്കും. ഉസ്താദ് എപ്പോഴും കൂടെയുണ്ടെന്ന ഊർജ്ജം വിദ്യാർത്ഥികളിൽ ബാക്കിയാക്കും.ആരും അടങ്ങിയൊതുങ്ങി വെറുതെ ഇരിക്കുകയും ചെയ്യില്ല. നമ്മൾ സാധാരണ ചെയ്യുന്നതിൽ ഉപരിയായി (പൊതുവേ മദ്ഹ് ഗാനങ്ങൾക്കും പ്രഭാഷണങ്ങൾക്കും ആണല്ലോ നാം പ്രാമുഖ്യം നൽകാറുള്ളത്) ദിക്റിൽ മുഴുകുന്നതോടെ പുതിയൊരു ആത്മീയാനുഭൂതി കൈവരുമെന്ന് തീർച്ച, ഇനിയാ സിയാറത്ത് വണ്ടിയുടെ നായകൻ ഉണ്ടാകില്ലല്ലോ എന്നോർത്ത് വിതുമ്പുകയാണ് മഅ്ദിൻ മോഡൽ അക്കാദമി വിദ്യാർത്ഥികൾ.
മഖാമുകളിലെ ഉസ്താദ്
ചില മഹാന്മാരുടെ മഖാമുകളിൽ അവരുടെ മൗലിദ് ഫുൾ ഓതി തീർക്കും, ഖബർ സുഗന്ധ പൂരിതമാക്കാൻ ആവശ്യമായത് എല്ലാം തയ്യാർ ചെയ്താണ് പുറപ്പെടുക. ചന്ദനത്തിരി കുത്തി പുകപ്പിക്കും. ആളുകൾ പൊതുവെ പരിഗണിക്കാത്ത ഖബർ ആണെങ്കിൽ വിശേഷിച്ചും. ഖബറിൻ്റെ അടുത്തു തന്നെ നിൽക്കും. വിദ്യാർത്ഥികളെ എല്ലാവരെയും തന്നോട് അടുപ്പിച്ച് നിർത്തി ഫാതിഹയും യാസീനും ഓതി ദുആ ചെയ്യും. എല്ലാം ഖിബ്‌ലക്ക് മുന്നിട്ട് തന്നെ. ദുആ ചെയ്യാൻ നേരത്തെ നിശ്ചയിച്ച ആൾ ഉണ്ടാകും. സിയാറത്ത് പോകുന്നതിനു മുമ്പ് തന്നെ ഷെഡ്യൂൾ തയ്യാറാക്കിയിട്ടുണ്ടാകും. അതിൽ സിയാറത്ത് ചെയ്യുന്ന കേന്ദ്രങ്ങൾ, സിയാറത്ത് തുടക്കം, മടക്കം, ദുആ നേതൃത്വം എല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതെല്ലാം കൂടി ഒരു പുസ്തകമായി പബ്ലിഷ് ചെയ്യാൻ മാത്രമുണ്ടാകും. പലപ്പോഴും പുസ്തകരൂപത്തിൽ ഓരോരുത്തർക്കും പ്രിൻ്റെടുത്ത് കൊടുത്തിട്ടുമുണ്ട്. കൂടുതലും മഖാമിന്റെ അടുത്ത പ്രദേശവാസികളായ പൂർവ്വ വിദ്യാർത്ഥികളും ഉസ്താദുമാരും ആയിരിക്കും ദുആക്ക് നേതൃത്വം നൽകുക. അല്ലെങ്കിൽ വിദ്യാർത്ഥികളിൽ നിന്ന് നേരത്തെ നിശ്ചയിക്കപ്പെട്ടവരുണ്ടാകും. ചിലയിടങ്ങളിൽ ഉസ്താദ് തന്നെ ദുആ ചെയ്യും. സിയാറത്ത് കഴിയുമ്പോഴേക്കും എല്ലാ വിദ്യാർത്ഥികളും തങ്ങളുടെ ദുആ ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തി കഴിഞ്ഞിട്ടുണ്ടാവും. പല സമയങ്ങളിലും കടലുണ്ടിയിൽ വന്ദ്യരായ സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി തങ്ങൾ, പൊന്നാനിയിൽ സയ്യിദ് ഹബീബ് തുറാബ് സഖാഫി തുടങ്ങിയവർ നേതൃത്വം നൽകിയതും അവരിൽ നിന്ന് ഉസ്താദ് ഇജാസത്ത് വാങ്ങിത്തന്നതും മറക്കാൻ കഴിയാത്ത അനുഭവങ്ങൾ ആയിരുന്നു.
വിദ്യാർത്ഥികളുടെ കൂട്ടത്തിൽ നിന്ന് മാതാപിതാക്കൾ മരണപ്പെട്ടവർ ഉണ്ടെങ്കിൽ ബാച്ച് സിയാറത്തിന് അത് പ്രത്യേകം ലിസ്റ്റിലുൾപ്പെടുത്തും. പലപ്പോഴും ആ ഭാഗത്ത് പറയത്തക്ക മഖാമുകളോ ചായയോ ഒന്നും ഉണ്ടാകണമെന്നില്ല, എന്നല്ല ആ വിദ്യാർത്ഥികളുടെ തൊട്ടടുത്തുള്ള വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് വിദ്യാർത്ഥികൾ പോലും നിനച്ചിട്ടുണ്ടാകില്ല, സാമ്പത്തിക പരാധീനത മൂലം കഴിയാത്തതിനാലാകാം അത്. എന്നാലും മരണപ്പെട്ട അവരുടെ മാതാപിതാക്കളെ തേടിപ്പിടിച്ച് സിയാറത്ത് ചെയ്യും. ചില സമയങ്ങളിൽ ഭക്ഷണം, ചായ തുടങ്ങിയവ എല്ലാവരും ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അതിൽ ഒരു ഭാഗം ഏറ്റെടുത്ത് മറ്റുള്ളവർക്ക് പ്രോത്സാഹനം നൽകും.
മുസന്നിഫിൻ്റെ (രചയിതാവിൻ്റെ) ചാരെ
കേരളീയ പണ്ഡിതരുടെ രചനയാണെങ്കിൽ കിതാബ് തുടങ്ങും മുമ്പ് അവരെ സിയാറത്ത് ചെയ്ത് സമ്മതം വാങ്ങൽ ഉസ്താദിൻറെ ശൈലിയായിരുന്നു. അത് അവരുടെ ആത്മീയ സാന്നിധ്യത്തിന് ഇടയാക്കുമല്ലോ. കഴിഞ്ഞവർഷം ഫത്ഹുൽ മുബീൻ ഓതിയ ചില ഘട്ടങ്ങൾ ശിഷ്യന്മാർ അയവിറക്കുന്നു.
മഹാനായ കോഴിക്കോട് ഖാളി മുഹമ്മദ് (റ) ൻ്റെ രചന, ആദ്യകാലത്ത് പോർച്ചുഗീസുകാർക്ക് എതിരെയുള്ള മുസ്ലിങ്ങളുടെ ചെറുത്തുനിൽപുകളും അവർക്ക് സപ്പോർട്ട് ചെയ്ത സാമൂതിരിയും പ്രതിപാദ്യമായ ‘അൽ ഫത്ഹുൽ മുബീൻ ലിസ്സാമിരി അല്ലദീ യുഹിബ്ബുൽ മുസ്‌ലിമീൻ’ ഓതാനുള്ള തയ്യാറെടുപ്പിലാണ് ഉസ്താദ്.
ഓതിത്തരുന്നതിനുമുമ്പ് ഉസ്താദ് ഒരു കണ്ടീഷൻ വെച്ചു. ഖാളി മുഹമ്മദോരുടെ അടുത്തു പോയി സിയാറത്ത് ചെയ്ത് വന്നാലേ കിതാബ് തുടങ്ങുകയുള്ളൂ എന്ന്. അതൊരു ശനിയാഴ്ചയായിരുന്നു. ശാരീരിക അവശതകളാൽ ഉസ്താദ് വന്നില്ല. എന്നാലും ഇടക്കൊക്കെ ഫോൺ വിളിച്ചിരുന്നു. കോഴിക്കോട് കുറ്റിച്ചിറ ജുമാമസ്ജിദിൻ്റെ വടക്കുവശത്തുള്ള ഖാളി മുഹമ്മദോരുടെ മഖാമിൻ്റെ അടുക്കൽ വെച്ച് മുഹ്‌യിദ്ദീൻ മാലയും ഫത്ഹുൽ മുബീനിലെ കുറച്ചു വരികളും ചൊല്ലാനും തെക്കു ഭാഗത്ത് അന്ത്യവിശ്രമം കൊള്ളുന്ന ശാദുലി മാലയുടെ രചയിതാവിൻ്റെ അടുക്കൽ വെച്ച് ശാദുലി മാല ചൊല്ലാനും പറഞ്ഞു. അതിനു ശേഷം പള്ളിയുടെ പടിഞ്ഞാറുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജിഫ്രി ഹൗസിൽ മറവെട്ടുകിടക്കുന്ന മമ്പുറം തങ്ങളുടെ അമ്മാവനെ സിയാറത് ചെയ്യാനും പറഞ്ഞു. പെട്ടെന്നുള്ളതും ആദ്യത്തേതുമായ പോക്കായതു കൊണ്ട് പ്രത്യേക തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. ഉച്ചക്ക് രണ്ടു മണിക്കാണ് പുറപ്പെടുന്നത്. ഞങ്ങൾ 11 പേരുണ്ടായിരുന്നു. പൂർണ്ണമായും ഗൂഗിൾ മാപ്പ് ആധാരമാക്കിയാണ് യാത്ര. കുറ്റിച്ചിറ പള്ളിയുടെ തൊട്ടെടുത്തുള്ള മിസ്കാൽ പള്ളി കാണണെമെന്നുണ്ടായിരുന്നു. അവിടേക്ക് പോവാൻ സമ്മതം ചോദിച്ചപ്പോൾ
“വേണ്ട, അതിനൊരു ദിവസം പൂർണ്ണമായും മാറ്റി വെക്കണം. അത്രക്കും അതിൽ കാണാനും മനസ്സിലാക്കാനുമുണ്ട്. ഇനിയെവിടേക്കും പോകണ്ട നേരെ ഇങ്ങോട്ട് പോരീ .” ചിലപ്പോഴൊക്കെ അങ്ങനെയാണ്, ഒരു ലക്ഷ്യത്തിനുവേണ്ടി പോയാൽ അതിൽ മറ്റൊന്നും കൈകടത്തരുതെന്ന സദുദ്ദേശമായിരുന്നു പിന്നിൽ.
അങ്ങനെ കിത്താബ് തുടങ്ങി. മുസന്നിഫിന്റെ അനുഗ്രഹാശിസ്സുകൾ ലഭിച്ചത് കൊണ്ടാകാം 538 വരികളുള്ള കിതാബ് വളരെ പെട്ടെന്ന് (രണ്ടുമാസത്തിനകം) ഓതിത്തീർക്കാൻ സാധിച്ചു. 10 പേരുണ്ടായിരുന്ന സമയത്ത് ദിവസേന 10 വരിയും പിന്നീട് അത് 11 പേരായി വർധിച്ചപ്പോൾ 11 വരിയും എടുക്കുന്ന രൂപമായി. അതിനുപുറമേ പരിഭാഷ വായിക്കുക കൂടി ചെയ്തിരുന്നു. ഉസ്താദിന്റെ മുന്നിൽ വച്ച് തന്നെ വായിക്കും. പരിഭാഷയിൽ വരുന്ന സ്ഖലിതങ്ങൾ ചൂണ്ടിക്കാണിക്കാനായിരുന്നെന്നു തോന്നുന്നു ഉസ്താദിൻറെ തെരഞ്ഞെടുപ്പിന്റെ നിദാനം. പലപ്പോഴും പരിഭാഷകളിൽ വരുന്ന പിഴവുകൾ തിരുത്തി ഉസ്താദ് തന്നെ യാഥാർത്ഥ്യം മനസ്സിലാക്കി തരും.
സാമൂതിരി രാജാവ് മുസ്ലിമുകളോട് കാണിച്ച ഉപകാരങ്ങൾക്കു പകരമായി വെള്ളിയാഴ്ചകളിലെ ഖുതുബയിൽ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചിരുന്നു എന്ന സ്ഥലത്ത് ഇവിടെ അയാൾ വെറും പ്രസംഗമെന്ന് പരിഭാഷപ്പെടുത്തി. ഇതെല്ലാം ഉസ്താദ് നിശിതമായി വിമർശിച്ചു. അങ്ങനെ ഓതിയും ഓതിച്ചുമുള്ള ആ കാലഘട്ടം അനുഭവവേദ്യമായിരുന്നെന്ന് ശിഷ്യന്മാർ ഓർത്തെടുക്കുന്നു. കിതാബുകൾ തുടങ്ങുമ്പോൾ മാത്രമല്ല ചില മഹാന്മാരുടെ ഗ്രന്ഥങ്ങളും എഴുത്തു കുത്തുകളും ശേഖരിക്കുമ്പോഴും അവരുടെ മഖ്ബറകളും സിയാറത്ത് ചെയ്യാറുണ്ട്. മുഈനി കിതാബുൻ ശഅ്നുഹു അജബുൻ ഹവാ മിനൽ ഫിഖ്ഹി മാ ലംയഹ്‌വിഹി കുതുബുൻ” എന്ന ബൈത്ത് എഴുതിയ പയ്യോളി ചെരിച്ചിൽപള്ളിയുടെ ചാരെ മറവ് മറവ് ചെയ്യപ്പെട്ട കിടക്കുന്ന അശ്ശൈഖ് ഫരീദ് ബിൻ മുഹിയുദ്ദീൻ എന്നിവരുടെ കിതാബ് സ്കാൻ ചെയ്യാൻ വേണ്ടി പോയപ്പോൾ അവിടെ ദീർഘനേരം ദുആ ചെയ്തത് സ്മരണീയമാണ്.
(തുടരും)


