മറഞ്ഞവരോട് ദൂരങ്ങളില്ലാതെ..

ഉംറ യാത്ര

 

മൂന്നു തവണയാണ് ഉസ്താദ് ഉംറക്കു പോയത്. ആദ്യതവണ ഉംറ യാത്രയയപ്പിന്റെ സമയത്ത് ഉസ്താദ് പറഞ്ഞത് ഓർമ വരുന്നു. എനിക്ക് ഉംറക്കുള്ള ഭാഗ്യം ലഭിക്കാൻ പ്രധാന കാരണമായി ഞാൻ മനസ്സിലാക്കുന്നത്, ബഹുമാന്യ ഗുരുവര്യരായിരുന്ന സയ്യിദ് അബ്ബാസ് അലവി മാലികി മഅ്ദിൻ പബ്ലിക് സ്കൂളിന് ശിലാസ്ഥാപനം നിർവഹിക്കാൻ വന്നപ്പോൾ അവിടെ നിന്ന് “ഇവിടെ ഒരുമിച്ചു കൂടിയവർക്കെല്ലാം നീ മക്കയും മദീനയും കാണാൻ ഭാഗ്യം നൽകണമെന്ന് ദുആ ചെയ്ത നിമിത്തമാണ്. മഹാരഥന്മാരുടെ ദുആകളിലുള്ള ഉസ്താദിൻറെ വിശ്വാസത്തിൻറെ പ്രതിഫലനമാണിത്. അഭിവന്ദ്യരായ ഏലംകുളം ഉസ്താദാണ് അന്നു ഉംറക്കു കൊണ്ടുപോയത്. ഗോളശാസ്ത്രത്തിലെ വിഷയങ്ങൾ ആധുനിക രൂപത്തിൽ മനസ്സിലാക്കാൻ ലക്ഷ്യം വെച്ചായിരുന്നുവത്.

ഖിബ് ല, നിസ്കാര സമയം തുടങ്ങിയവയുടെ പുതിയ രൂപം സൈന്റിഫിക് കാൽക്കുലേഷനിലൂടെ sin/ cos/Tan എല്ലാം ഉപയോഗിച്ചുള്ള കാൽക്കുലേഷൻ, നിസ്കാര സമയ കാൽക്കുലേഷൻ, സയൻ്റിഫിക് കാൽക്കൂലേറ്ററിൻറെ മറ്റു ഉപയോഗങ്ങൾ, തുടങ്ങിയവ പഠിക്കാൻ വേണ്ടിയായിരുന്നുവത്. ആ പതിനഞ്ചു ദിവസം കൊണ്ട് ആ വിഷയങ്ങൾ ഉസ്‌താദിൽ നിന്ന് പഠിക്കാൻ കഴിഞ്ഞുവെന്ന് ഏലംകുളം ഉസ്താദ് തന്നെ സ്മരിക്കുന്നുണ്ട്. മസ്ജിദുൽ ഹറമിൽ നിന്ന് കിതാബ് ഓതിക്കൊടുക്കുന്നതിന് പുറമേ തനിക്കാവശ്യമായ കിത്താബ് ശേഖരണത്തിനും ഉംറ സിയാറത്തിനും മറ്റ് മഹാരഥന്മാരെ സന്ദർശിക്കുന്നതിനും ഉസ്താദ് സമയം കണ്ടെത്തി. എൻ്റെ ഫവാഇദുൽ മക്കിയ്യ മക്കയിൽ നിന്നും ഫവാഇദുൽ മദനിയ്യ മദീനയിൽ നിന്നുമാണ് വാങ്ങിയത് എന്ന് ഉസ്താദ് ചാരിതാർഥ്യത്തോടെ സ്മരിക്കുന്നത് പലപ്പോഴും ശ്രവിച്ചിട്ടുണ്ട്. ഉംറ യാത്രയെക്കുറിച്ച് ഉസ്താദ് തന്നെ പറയുന്നത്: “ഞാൻ ബുക്ക് സ്റ്റാളുകളും മക്തബകളും അന്വേഷിച്ചു നടക്കുന്നത് കണ്ടപ്പോൾ കൂടെയുള്ളവർ പറഞ്ഞു, “നിങ്ങൾ ഉംറക്ക് ഒന്നും വന്നതല്ല, കിതാബ് വാങ്ങാൻ വേണ്ടി വന്നതാണ്.” ഹാലാങ്കെ.. ഞാനാണെങ്കിലോ അവരെക്കാളും ഉംറ നിർവഹിച്ചിട്ടുണ്ടുതാനും..”

2020 ജനുവരിയിലാണ് ഉസ്താദ് രണ്ടാമത്തെ ഉംറ യാത്രക്ക് പുറപ്പെടുന്നത്. ഭാര്യയും ഉണ്ടായിരുന്നു കൂടെ. മഅ്ദിൻ ഉംറ സംഘത്തോടൊപ്പം പുറപ്പെട്ട ഉസ്താദിനെ കുറച്ച് മഅ്ദിൻ അക്കാദമി വിദ്യാർത്ഥികൾ യാത്രയിൽ അനുഗമിച്ചിരുന്നു. (ചിലപ്പോൾ എങ്ങനെയായിരിക്കണം ഉംറ ചെയ്യേണ്ടത് എന്ന് പിൻതലമുറക്ക് കാണിച്ചു കൊടുക്കാൻ വേണ്ടി ആയിരിക്കാം ഉസ്താദ് അവരെ കൂടെ കൂട്ടിയത്) ഉംറ കർമ്മങ്ങൾക്കു പുറമേ മക്കയിലും മദീനയിലും ജീവിച്ചിരിക്കുന്ന ആലിമീങ്ങളിൽ നിന്ന് മന്ത്രിപ്പിക്കാനും ഇജാസത്ത് വാങ്ങാനും സമയം കണ്ടെത്തി. താൻ ജീവിതത്തിലുടനീളം നെഞ്ചോടു ചേർത്തുപിടിച്ച കിതാബുകൾ സ്വരുക്കൂട്ടാനും മറന്നില്ല. ബദ്ർ രണഭൂമിയിൽ ബദ്ർ മൗലിദ് ഫുൾ ചൊല്ലുകയും കുറെ നേരം അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും ബദർ യുദ്ധത്തെ കുറിച്ച് അധികാരികമായി വിദ്യാർത്ഥികൾക്ക് ഉൾക്കൊള്ളാനുതകുന്ന രൂപത്തിൽ അവതരിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഉഹ്ദിലും തഥൈവ, ഗ്രൂപ്പ് സിയാറത്തിനു പുറമേ അന്ന് രാത്രി ഉസ്താദ് തന്റെ ശിഷ്യരുമായി വാഹനം ഒപ്പിച്ചു യാത്ര പുറപ്പെട്ടു, ഉസ്താദിൻറെ നേതൃത്വത്തിൽ അത്യാവശ്യ സമയങ്ങൾ ദിക്റിൽ മുഴുകി. പലപ്പോഴും ഗ്രൂപ്പിനൊപ്പം കൂടുകയും മറ്റു സമയങ്ങളിൽ അവിടെ പോയി കൂടുതൽ എന്തെങ്കിലും ചെയ്യുന്നത് കാണാമായിരുന്നു.

1445 റബീഉൽ അവ്വൽ മാസത്തിലാണ് (2023) മൂന്നാമത്തേതും തൻറെ അവസാനത്തേതുമായ ഉംറ യാത്രക്ക് നാന്ദി കുറിക്കുന്നത്. റബീഉൽ അവ്വൽ 12ന് മദീനയിലായിരുന്നു. ആ സമയം ലോകത്തിൻറെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ള ധാരാളം ആലിമീങ്ങൾ പണ്ഡിതർ സംബന്ധിക്കുന്ന സമയം കൂടിയായതിനാൽ അവരിൽ നിന്നു കൂടുതൽ ഇൽമു ശേഖരിക്കാൻ സമയം കണ്ടെത്തി. വേദനകൾ അലട്ടുന്ന സമയത്തും ആത്മീയോന്നതിക്ക് ആവശ്യമായതെല്ലാം കരുതി വെക്കുന്നതിലായിരുന്നു ഉസ്താദ് താത്പര്യം കാണിച്ചത്.

 

ശൈഖുനാ സി എം വലിയ്യുള്ളാഹി (ഖു.സി) യോട് ഉസ്താദിനു വല്ലാത്ത മഹബ്ബതായിരുന്നു .

(19-09-24 || 15- റ.അവ്വൽ -1446) വ്യാഴം രാവിലെ സുബ്ഹി നിസ്കാരാനന്തരമായിരുന്നു അവസാനമായി സി എം വലിയ്യുള്ളാഹി (ഖു.സി) യുടെ അടുത്തേക്ക് പോയ അവസാന യാത്ര. തലേദിവസം തന്നെ രണ്ട് ലിറ്ററിന്റെ കുപ്പിയിൽ വെള്ളം കരുതാൻ ഉസ്താദ് പറഞ്ഞിരുന്നു. ഡ്രൈവറോഡ് സുബ്ഹി നിസ്കാരത്തിന് മഅ്ദിനിൽ എത്താൽ തലേ ദിവസം തന്നെ പറഞ്ഞിരുന്നു. കൂടെ മുബശ്ശിർ അദനിയും (മഅ്ദിൻ സാദാത്ത് അക്കാദമി മുദരിസ്), രണ്ടു മോഡൽ അക്കാദമി വിദ്യാർത്ഥികളും ഉണ്ടായിരുന്നു. മുമ്പ് ഉസ്താദ് കായൽപട്ടണത്തിൽ പോയപ്പോൾ കൊണ്ടു വന്ന മൂന്നു ഏടുകൾ (എല്ലാം സാമ്യതയുള്ളതാണ്) ഉണ്ടായിരുന്നു, യാത്രയിൽ ചൊല്ലാൻ അവ കയ്യിൽ കരുതാൻ പറഞ്ഞു. കുടിയിരിക്കുന്നതിൻ്റെ മുമ്പ് ഉസ്താദ് പോയപ്പോൾ കൊണ്ടുവന്ന മുറ്റിച്ചൂർ മൂപ്പരുടെ മൗലിദ് എടുക്കണ്ടേ എന്ന് ചോദിച്ചപ്പോൾ “വേണ്ട, മൗലിദിന്റെ ഏട് അവിടന്ന് വാങ്ങാണ് വേണ്ടത്” എന്ന് പറഞ്ഞു. മുമ്പ് ഉസ്താദ് പോയപ്പോൾ ആ മൗലിദ് പൂർണമായി ഓതുകയും, അതിനെപ്പറ്റി നല്ല അഭിപ്രായം പറയുകയും ചെയ്തിരുന്നു എന്നതാണ് അത് ചോദിക്കാനുള്ള കാരണം.

തുടക്കത്തിലെ ബൈതായ

وقفت على باب الحبيب مسلما

എന്ന് ബൈത് ഉസ്താദിന് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും, ആ മൗലിദ് പൂർണ്ണമായും അതിൽ ഉൾകൊണ്ടു എന്നും ഉസ്താദ് പറഞ്ഞിരുന്നു)

വണ്ടിയെടുക്കുന്നതിന് മുമ്പ് ഉസ്താദ് ഒരു കാര്യം പറഞ്ഞു: എല്ലാവരുടെയും നിയ്യത്ത് സി എം മൂപ്പരെ (അങ്ങനെയാണ് ഉസ്താദ് പ്രയോഗിക്കാറുള്ളത്) അടുത്തേക്ക് എന്ന ലക്ഷ്യമേ ഉണ്ടാകാൻ പറ്റുകയുള്ളൂ. അങ്ങനെ നിയ്യത്ത് വെക്കാനും പറഞ്ഞു. അങ്ങനെ യാത്ര പുറപ്പെട്ടു.

 

യാത്രയിലുടനീളം കയ്യിൽ കരുതിയിരുന്ന ഏടുകളിലൊന്ന് ഉസ്താദിൻ്റെയും മറ്റു രണ്ടെണ്ണം പിൻസീറ്റിൽ ഇരിക്കുന്നവരുടെ കയ്യിലുമായിരുന്നു ഉണ്ടായിരുന്നത്. ഒന്നു കഴിഞ്ഞാൽ അടുത്തത് എന്നിങ്ങനെ ഓരോ ബൈത്തുകളും ഉസ്താദ് ചൊല്ലിക്കൊണ്ടിരുന്നു.

 

അങ്ങനെ അറവങ്കരയിലെത്തിയപ്പോൾ സാധാരണ ഉസ്താദ് കയറാറുള്ള ചായക്കടയിൽ കയറി. അഞ്ചുപേരും ചായ കുടിച്ചു. തിരിച്ച് കാറിൽ കയറിയ ഉടനെ ഉസ്താദ് പറഞ്ഞു “നാസ്ത നമുക്ക് സിഎം മൂപ്പരെ അവിടുന്ന് ആക്കാം” വീണ്ടും നേരത്തെ ചൊല്ലിയ ബൈത്തുകൾ ആവർത്തിച്ചു ചൊല്ലി.

മഖാമിനോട് തൊട്ടടുത്തുള്ള ഒരു ഹോട്ടലിൽ കയറി. ഉസ്താദും, ഡ്രൈവറും പുട്ടും കടലയും ആണ് കഴിച്ചത്. ബാക്കി മൂന്ന് പേർ നൈറോസ്റ്റും. ഓർഡർ ചെയ്ത് എത്തുമ്പോഴേക്കും ഉസ്താദിൻറെ കഴിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ ഞങ്ങളോട് കഴിക്കാൻ പറയുകയും ഡ്രൈവറുടെ കൂടെ ഉസ്താദ് പുറത്തിറങ്ങുകയും ചെയ്തു. ഞങ്ങൾ കഴിച്ചു പുറത്തിറങ്ങുമ്പോൾ ഉസ്താദ് സിഎം വലിയുള്ളാഹി തങ്ങളുടെ മൗലിദുന്നൂർ അഞ്ചെണ്ണം വാങ്ങിയിരുന്നു. മഖാമിലേക്ക് കയറിയപ്പോൾ അവിടെ കൂട്ടുപ്രാർത്ഥന നടക്കുന്നുണ്ടായിരുന്നു അതു കഴിയും വരെ എല്ലാവരും അതിൽ പങ്കെടുത്തു. എല്ലാവർക്കും മൗലിദിന്റെ ഏട് നൽകി. എല്ലാവരോടും സി എം വലിയുല്ലാഹിയുടെ സഹോദരനോടും ഉപ്പയോടും സി എം വലിയ്യുള്ളാഹിയോടും സലാം പറയാൻ ആവശ്യപ്പെട്ടു. ഉസ്താദ് അവിടെ ചുമരിനോട് ചേർന്ന് ഒരു സ്റ്റൂളിൽ ഇരിക്കുകയും ബക്കിയുള്ളവരോട് ഒഴിഞ്ഞ സ്ഥലം ചൂണ്ടിക്കാണിച്ചു അവിടെ പോയി മൗലിദ് പൂർണ്ണമായും ചെല്ലാൻ പറഞ്ഞു. കയ്യിൽ കരുതിയിരുന്ന വെള്ളം എന്തിനാണെന്ന് അറിയാത്തതിനാൽ വെള്ളം കുപ്പി തുറന്നിട്ടില്ലായിരുന്നു. ഉടനെ ഉസ്താദ് വിളിച്ച് ആ വെള്ളം കൊണ്ടുവന്ന് മൂടി തുറക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ മൗലിദ് ചൊല്ലി കഴിഞ്ഞ് അവർ ദുആ ചെയ്തു. ഉസ്താദ് അവിടെയിരുന്ന് ദുആ ചെയ്യുകയാണ് ചെയ്തത്. മൗലിദ് ചൊല്ലിയതിനു ശേഷം ഉസ്താദ് രണ്ടു കൈയും മുഖത്തോടു ചേർത്തു പിടിച്ച് ഒരുപാട് നേരം ദുആ ചെയ്തിരുന്നു. ദുആ ചെയ്തതിനുശേഷം ഹബീബിനെ വിളിച്ചു. കാൽ ഓപ്പറേഷനു ശേഷം ഉസ്താദിന് നടക്കാൻ മറ്റൊരാളുടെ കൈപിടിക്കണമായിരുന്നു. എന്നിട്ട് ആദ്യം സി എം വലിയുല്ലാഹിയുടെ സഹോദരൻറെ അടുത്തുപോയി സലാം പറയുകയും പിന്നീട് അവരുടെ ഉപ്പയുടെ അടുത്ത് പോയി സലാം പറയുകയും സി എം വലിയുല്ലാഹിയുടെ അടുത്ത് പോയി സലാം പറയുകയും ചെയ്തു. സി എം വലിച്ചുള്ളാഹി തങ്ങളുടെ അടുത്തും ഉപ്പയുടെ അടുത്തും സലാം പറഞ്ഞതതിനു ശേഷം വേറെ എന്തൊക്കെയോ ഉസ്താദ് കണ്ണ് ചിമ്പി പറയുന്ന പോലെ അനുഭവപ്പെട്ടു. അത് പറയുന്ന അവസരത്തിലും ഉസ്താദിന്റെ കൈ മുറുകിയിരുന്നു. അതിനു ശേഷം അവിടെ ലഭിക്കുന്ന പച്ച ശീല വാങ്ങിക്കൊണ്ടു വരാൻ പറയുകയും, എന്നിട്ടത് അവിടെയുള്ള ഖാദിമിൻ്റെ അടുത്തു കൊടുക്കുകയും അവരത് മഖാമിൻ്റെ മുകളിൽ വിരിക്കുകയും ചെയ്തു. വീണ്ടും അദ്ദേഹത്തെ വിളിച്ചു. ഒരു 500 രൂപ അയാളുടെ പോക്കറ്റിലിട്ടു എന്തോ ഒന്ന് പറയാൻ നിന്നു, അയാളത് കണ്ടില്ല എന്ന് തോന്നുന്നു. അപ്പോ തന്നെ അയാൾക്ക് നിശ്ചയിച്ച സമയം അവസാനിച്ചെന്ന് തോന്നുന്നു. അടുത്ത ഖാദിം വന്നു. അപ്പോൾ ഉസ്താദയാളെ വിളിക്കുകയും എന്നിട്ട് അയാളുടെ പോക്കറ്റിലും 500 രൂപയിടുകയും എന്നിട്ടയാളോട് ശാരീരിക ബുദ്ധിമുട്ടുകളെ പറ്റിയും ദുആ ചെയ്യാനും പറഞ്ഞു. ആദ്യം അയാൾ വാങ്ങാൻ വിസമ്മതിച്ചെങ്കിലും ഉസ്താദിൻറെ നിർബന്ധം കാരണം അയാളത് വാങ്ങി. എന്നിട്ട് മലയാളത്തിൽ ദുആ ചെയ്യുകയും അവിടെയുള്ള ഒരു പച്ച ശീലയെടുത്ത് ഉസ്താദിൻറെ മുഖത്ത് തടവുകയും ചെയ്തു. പുറപ്പെടുന്ന സമയത്ത് അവിടെയുള്ള ഒരു കുളത്തിൽ ഉസ്താദ് കുറച്ച് ചില്ലറ വാരിയെറിഞ്ഞു. പലരും ഇങ്ങനെ എറിഞ്ഞത് കൊണ്ട് അതിലൊരുപാട് ചില്ലറ കാണാറുണ്ടല്ലോ. ഇതിനെപ്പറ്റി അവിടെവെച്ച് ഒന്നും ചോദിച്ചില്ലെങ്കിലും തിരികെ എത്തിയതിനു ശേഷം ചോദിച്ചു. അപ്പൊ പറഞ്ഞു “എല്ലാവരും ചെയ്യുന്ന കാര്യം ഇനി നമ്മളായിട്ട് ചെയ്യാതിരിക്കണ്ടല്ലോ”

ഓരോരുത്തർക്കും നൽകിയ മൗലിദിൻ്റെ ഏടുകൾ സ്വയം കൈവശം വെക്കാൻ പറഞ്ഞു. ഉസ്താദ് ചൊല്ലിയ ഏടിൻ്റെ തുടക്കത്തിൽ Agt എന്ന് അപ്പോ തന്നെ എഴുതിയിരുന്നു. അന്ന് കൊണ്ടുവന്ന വെള്ളം എല്ലാ ദിവസവും ഉസ്താദ് കുടിക്കാറുണ്ടായിരുന്നു. രാവിലെ സുബ്ഹി നിസ്കാരാനന്തരം വെറും വയറ്റിലാണ് കുടിക്കാറുള്ളത്. ചിലപ്പോൾ ചായ കുടിച്ചതിനു ശേഷവും, പിന്നീട് അത് കഴിയുമ്പോൾ വെള്ളം നിറച്ച് ഫിൽ ചെയ്യും, എല്ലാ ദിവസവും ഉസ്താദ് തന്നെ മന്ത്രിച്ചു ഊതുകയും ചെയ്യും. മരണത്തിൻറെ ദിവസം വരെ ഇത് തുടർന്നു. ഇതായിരുന്നു അവസാനത്തെ മടവൂരിലേക്കുള്ള സിയാറത്ത് യാത്ര.

 

ജീവിക്കുന്ന മഹാരഥർ

 

പലപ്പോഴും ജീവിച്ചിരിക്കുന്ന മഹാരഥരെയും സിയാറത്തിലുൾപ്പെടുത്തുന്നതാണ് ഉസ്താദിന്റെ ശൈലി. വിദ്യാർത്ഥികളെ അവരെക്കൊണ്ട് മന്ത്രിപ്പിക്കുകയും ദുആ ചെയ്യിപ്പിക്കുകയും ഇജാസത് വാങ്ങിക്കൊടുക്കുകയും ചെയ്യും.

 

ചെറുപ്രായത്തിൽ തന്നെ കിതാബുകൾ മുത്വാലഅഃ ചെയ്യാനുള്ള ഇജാസത്ത് മഹാനായ അല്ലാമതുസ്സയ്യിദ് അഹ്‌മദ് സൈനുദ്ധീൻ അൽഐദറൂസ് എന്ന ചാലിയത്തെീബ് ഇമ്പിച്ചിക്കോയ തങ്ങളിൽ നിന്ന് സ്വീകരിക്കാൻ സാധിച്ചത് വലിയൊരു നേട്ടമായി ഉസ്താദ് വിശേഷിപ്പിക്കാറുണ്ട്.

അദ്ദേഹം മുസ്‌നിദു മലൈബാർ അല്ലാമതുൽഇമാം അഹ്മദ് കോയശ്ശാലിയാത്തിയുടെ ശിഷ്യനായിരുന്നു. മഹാനായ ഇമ്പിച്ചിക്കോയ തങ്ങൾ അഗത്തി ഉസ്താദിന് ഇജാസത്തു നൽകിക്കൊണ്ട് എഴുതിക്കൊടുത്ത രേഖയിൽ ഫാളിലും ആലിമുമായി വിശേഷിപ്പിക്കുന്നുണ്ട്.

ഇജാസത്തു നൽകുമ്പോൾ ഉസ്താദ് തന്റെ പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് അഥവാ ഒരു മുതഅല്ലിം മാത്രമായിരുന്നു എന്നോർക്കണം. ഇരുത്തം വന്ന ആലിമീങ്ങൾക്കും മുദർരിസീങ്ങൾക്കുമല്ലാതെ, മുതഅല്ലിമീങ്ങൾക്കു മുത്വാലഅത്തിന്റെ ഇജാസത്തു കൊടുക്കുന്ന പതിവും മഹാനായ തങ്ങൾക്കുണ്ടായിരുന്നില്ല. ഇജാസത്തു സ്വീകരിക്കുന്ന വേളയിൽ കേവലമൊരു മുതഅല്ലിം മാത്രമായിരുന്ന ഉസ്താദിൻ്റെ പേരിന്റെ മുന്നിൽ ഇത്രയും വലിയ വിശേഷണങ്ങൾ ചേർക്കാൻ ഇമ്പിച്ചിക്കോയ തങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനു കാരണം മഹാനരുടെ ഉൾക്കാഴ്ച്ച മാത്രമായിരിക്കും.

ഇതേ ഇജാസത് (ഫാളിലും ആലിമുമെന്ന വിശേഷണം) തൻ്റെ ഇഷ്ട ശിഷ്യർക്ക് സാഹചര്യങ്ങൾക്ക് അനുസരിച്ച് എഴുതി കൊടുക്കാറുമുണ്ട്. ശിഷ്യന്മാരും തന്നെപ്പോലെ ആലിമീങ്ങൾ ആകണം എന്ന് ഒരു ഗുരു മനസ്സിൽ നിന്ന് നിർഗളിക്കുന്നതാണ് അതെല്ലാം.

 

ശിഷ്യരെ കൂട്ടിപ്പിടിച്ച്

 

ഈയടുത്ത് ഹാജിയാർ പള്ളിയിലെ തങ്ങളുടെ അടുത്തേക്ക് കൊണ്ടുപോയ വിവരം രണ്ട് ശിഷ്യന്മാർ പങ്കുവെക്കുകയുണ്ടായി. ഉസ്താദിൻ്റെ കൂടെയുള്ള ആദ്യ യാത്രയായതിനാൽ പ്രത്യേക തയ്യാറെടുപ്പൊന്നും എടുത്തിരുന്നില്ല. അതായത് കയ്യിൽ പ്രത്യേകം പൈസ ഒന്നും കരുതിയിരുന്നില്ല. യാത്ര പുറപ്പെട്ട ഉടനെ ഉസ്താദ് ഓരോരുത്തരോടായി എത്ര രൂപ എടുത്തു എന്നു ചോദിക്കാൻ തുടങ്ങി. സുബ്ഹിക്ക് ശേഷം നേരെ ഇറങ്ങിയത് കൊണ്ട് ഒന്നും കരുതാത്ത ഞങ്ങൾ ഒന്നും മിണ്ടിയില്ല. അതോടെ ഉസ്താദ് അവരെ ബഖീൽ എന്ന സ്ഥാനപ്പേര് വിളിച്ചു. യാത്രയിൽ ആണെങ്കിലും ഉസ്താദ് തമാശക്കൊന്നും കുറവു വരുത്താറില്ല, മുഷിപ്പുണ്ടാകാതിരിക്കാൻ ആവശ്യാനുസരണം ആകാമല്ലോ. ഇവരെ വഴിയിൽ ഇറക്കി വിട്ടാലോ എന്ന് മറ്റുള്ളവരോട് തമാശ രൂപത്തിൽ ചോദിച്ചു. എവിടേക്ക് ദുആ ചെയ്യിപ്പിക്കാൻ പോവുകയാണെങ്കിലും ആ ഉസ്താദിന് ആവശ്യമായ ക്യാഷ് കൊടുക്കാൻ വിദ്യാർത്ഥികളോട് പ്രത്യേകം നിർദ്ദേശിക്കുകയും അത് എത്രവേണം എന്നു വരെ ഉസ്താദ് അന്വേഷിക്കുകയും ചെയ്യാറുണ്ടായിരുന്നു,

കിഴക്കേതലയിൽ നിന്നു തിരിഞ്ഞ ഉടനെ സുഗന്ധം ലഭിക്കാൻ വേണ്ടി വണ്ടിയുടെ റിവേഴ്‌സ് മീററിൽ തൂക്കിയിരുന്ന ഒരു സാധനത്തിലേക്ക് നോക്കി ഉസ്താദ് ചോദിച്ചു: “ഇതെന്താ ?” “അത് ബോഡി സ്പ്രേയാണ്” എന്ന് പറഞ്ഞപ്പോൾ അതെങ്ങനെ കാറിനു യോജിക്കും എന്ന് തമാശ രൂപേണ ഉസ്താദ് ചിരിച്ചുകൊണ്ട് ചോദിച്ചു.

 

വണ്ടിയോടിക്കുന്നതിൽ ഉസ്താദ് എന്തോ അപരിചിതത്വം അനുഭവപ്പെട്ടു എന്ന് തോന്നുന്നു ഡ്രൈവറോട് ഉസ്താദ് ചോദിച്ചു ‘എത്ര ക്ലാസിന് പോയിരുന്നു’ എന്ന്? “ക്ലാസ്സിനൊന്നും പോയില്ല” എന്ന് പറഞ്ഞപ്പോൾ ‘പൂർണ്ണമായും ക്ലാസിന് പോയിട്ടു തന്നെ ലൈസൻസ് എടുക്കണം. എന്നാലേ നല്ല രൂപത്തിൽ വണ്ടി ഓടിക്കാൻ കഴിയുള്ളൂ. എൻറെ മകൻ ഉമറിനോട് ഞാൻ അതാണ് പറഞ്ഞിട്ടുള്ളത്’. എന്ന് ഓർമപ്പെടുത്തുകയും ചെയ്തു. ഒരു തസ്ബീഹ് മാല കയ്യിൽ കരുതി എപ്പോഴും ദിക്റിൽ മുഴുകിയ തങ്ങൾ ആണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി. എന്നിരുന്നാലും ആ പ്രദേശത്തെ മഹല്ല് കമ്മിറ്റി തങ്ങൾക്ക് വേണ്ടപോലെ പരിഗണന നൽകുന്നില്ല എന്ന് ഉസ്താദ് ഇടയിൽ സൂചിപ്പിച്ചത് ഓർത്തപ്പോൾ സങ്കടം വന്നു.

എവിടെപ്പോയാലും ഉസ്താദിൻറെ ഒരു പതിവാണല്ലോ ഹദ് യയായിട്ട്എന്തെങ്കിലും കനത്തിൽ കൊണ്ടുപോവുക എന്നത്, അന്ന് ഉസ്താദ് കൊണ്ടുപോയത് തലേദിവസം ഉസ്താദിൻറെ ഉമ്മ ദ്വീപിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന കടലിൽ നിന്ന് നേരിട്ട് പിടിച്ച മീൻ ആയിരുന്നു. സ്നേഹപൂർവ്വം തങ്ങളത് സ്വീകരിച്ചു. അവരത് ഉള്ളിലേക്ക് കൊണ്ടുപോയ സമയത്ത് ഉസ്താദ് വിദ്യാർത്ഥികളോട് പുറത്തിരിക്കാൻ പറയുകയും ഉള്ളിലേക്ക് കടക്കുകയും ചെയ്തു. അല്പം സംസാരിച്ചതിനുശേഷം ഉസ്താദ് ഞങ്ങളിൽ നിന്ന് ഓരോരുത്തരെയായി ഉള്ളിലേക്ക് വിളിക്കാൻ തുടങ്ങി. രണ്ടുപേരെയും മന്ത്രിക്കാൻ അവരോട് പറഞ്ഞു. ഉസ്താദ് തലേക്കെട്ട് ഊരാൻ പറഞ്ഞിരുന്നു, ( ആര് ഉസ്താദിൻറെ അടുത്ത് മന്ത്രിക്കാൻ വേണ്ടി വന്നാലും തലേക്കെട്ട് മാറ്റിവെച്ച് മൂർദ്ധാവിൽ തന്നെ കൃത്യം മന്ത്രിക്കുന്ന പതിവുണ്ടായിരുന്നു) മന്ത്രിച്ച് കഴിഞ്ഞതിനു ശേഷം ഉസ്താദ് പുറത്തിറങ്ങുകയും എല്ലാവരോടും അവരോട് സലാം പറയാൻ ആവശ്യപ്പെടുകയും ചെയ്തു.

പോരുന്ന സമയത്ത് ‘ഇങ്ങനെ നല്ല നല്ല ആളുകളുടെ അടുത്ത് പോയി മന്ത്രിപ്പിക്കണം’ ഉസ്താദ് ഒരനുഭവം പങ്കുവെച്ചു. പണ്ട് ഉസ്താദും മറ്റൊരു വ്യക്തിയും ഒ.കെ ഉസ്താദിനെ കാണാൻ പോവുകയും, മന്ത്രിപ്പിച്ചതിന് ശേഷം ഉസ്താദ് ഇൽമിൽ തറഖിയുണ്ടാവാനും മറ്റെ ആള് തൻ്റെ ബിസിനസ്സിൽ അഭിവൃദ്ധിയുണ്ടാവാനും ദുആ ചെയ്യിപ്പിച്ചു. അത് പറഞ്ഞിട്ട് ഉസ്താദ് പറഞ്ഞു: ‘അതുകൊണ്ട് അയാൾ വലിയ ബിസിനസ്സ്മാനും ഞാനൊരു ആലിമും ആയി ‘.

 

അങ്ങനെ വലിയങ്ങാടി എത്തിയപ്പോൾ ചായ കുടിക്കാൻ നിർത്താൻ പറഞ്ഞു. ‘ഇശാ ബൂഫിയ’ എന്നായിരുന്നു കടയുടെ പേര്. അത് വായിച്ച് തമാശ രൂപേണ ഉസ്താദ് പറഞ്ഞു: “അപ്പോൾ ഇപ്പോ തുറന്നിട്ടുണ്ടാവില്ലേ..” ഉസ്താദ് ചായയും ഞങ്ങളോട് വേണ്ടത് തെരഞ്ഞെടുക്കാനും പറഞ്ഞു.

അവസാനമായി 2023-24 ബാച്ച് മഅ്ദിൻ മോഡൽ അക്കാദമിയിൽ നിന്ന് പടിയിറങ്ങുന്ന സമയത്താണ് ബാച്ച് സിയാറത്തിനു പോയത്. തൻ്റെ രണ്ട് ഉസ്താദുമാരുടെ വീട്ടിലേക്കും വിദ്യാർത്ഥികളെ കൊണ്ടുപോയതിന് പുറമേ വിവിധ ഘട്ടങ്ങളിലായി സിയാറത്ത് നടന്നു. അവസാനം കാസർഗോഡ് ഭാഗത്തേക്കായിരുന്നു. സാധാരണ സിയാറത്ത് ചെയ്യുന്ന മഖാമുകൾക്ക് പുറമേ അമീനു ശരീഅ സയ്യിദ് അലി ബാഫഖി തങ്ങൾ, സൈനുൽ ഉലമ മാണി ഉസ്താദ്, അബ്ദുൽ ബാരി ഉസ്താദ്, സ്വാലിഹ് സഅദി ഉസ്താദ് കുറച്ച് പണ്ഡിതരെ മന്ത്രിപ്പിക്കാനും ഇജാസത്ത് വാങ്ങിപ്പിക്കാനും ആയിരുന്നു ഉസ്താദിന്റെ ലക്ഷ്യം, അതിലെല്ലാം ഉസ്താദ് വേദനകൾ അലട്ടുന്ന സമയത്തും കുട്ടികളിലൂടെ പോയി. “നിങ്ങളെന്തിനാണ് ബുദ്ധിമുട്ടി കുട്ടികളുടെ കൂടെ പോകുന്നത് (ആ ഇജാസതുകളും മറ്റും ഉസ്താദിന് പല തവണ ലഭിച്ചതാണ്) ” എന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോൾ ഉസ്താദ് പറഞ്ഞത്: “ഞാൻ പോയാലല്ലേ കുട്ടികൾക്ക് അതൊക്കെ വാങ്ങിക്കൊടുക്കാൻ പറ്റൂ..”

അവസാനമായി ഉസ്താദ് മന്ത്രിപ്പിക്കാനും ദുആ ചെയ്യിപ്പിക്കാനും ഇജാസത്ത് വാങ്ങാനും പോയത് ശൈഖുനാ സുൽത്താനുൽ ഉലമയുടെ ചാരത്തേക്ക് ആയിരുന്നു. അന്ന് സൈഫു രിഫാഈ അടക്കമുള്ള പല ഇജാസതുകളും നൽകിയപ്പോൾ ഉസ്താദ് ശൈഖുനയോട് പറഞ്ഞു: ഉസ്താദിൽ നിന്നും സെയ്ഫു രിഫാഈ മാത്രമേ കിട്ടാനുണ്ടായിരുന്നുള്ളൂ. ഇപ്പൊ അതും കിട്ടി, എല്ലാം പൂർത്തിയായി.. സി എം വലിയുല്ലാഹിയുടെയും എപി ഉസ്താദിൻ്റെയും ആശീർവാദവും അനുഗ്രവും ഏറ്റ് വാങ്ങിയാണ് ഉസ്താദ് യാത്രയായത്. മോഡൽ അക്കാദമിയിലെ കുട്ടികളുടെ കൂടെയുള്ള ഒരു സിയറാത്തിൽ താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാരുടെ ഖബർ രാത്രിയായതിനാൽ മനസ്സിലായില്ല എന്നു പറഞ്ഞപ്പോൾ അപ്പോൾ തന്നെ എന്നോട് വിളിച്ചു ചോദിക്കണ്ടേ എന്നു ചോദിച്ച് ഇനി മുതൽ ശ്രദ്ധിക്കണമെന്ന് ഓർമപ്പെടുത്തി. മഹാന്മാരെ മുറുകെപ്പിടിച്ചാൽ ജീവിതമാസകലം അതു പ്രതിഫലിക്കുമെന്നതിൻ്റെ നേർ ചിത്രമായിരുന്നു ഉസ്താദിൻ്റെ ജീവിതവും വഫാത്തും.

മഹാന്മാരുടെ ബറകത്ത് കൊണ്ട് നീ ഞങ്ങളുടെ ഉസ്താദിന് സന്തോഷം നൽകണേ നാഥാ..ആമീൻ..

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!