“മഗ്രിബ് നിസ്കാരത്തിനു ശേഷം ഉസ്താദിന്റെ വീട്ടിൽ മൗലിദ് ഉണ്ട്. ഉസ്താദ് വരാൻ പറഞ്ഞിട്ടുണ്ട്” സുഹൃത്ത് ഒന്നുകൂടെ ഓർമപ്പെടുത്തി. സ്ഥാപനത്തിനു പുറത്തായിരുന്നതിനാൽ വൈകീട്ട് എത്താൻ ഒത്തിരി താമസിച്ചു.
വാഹനത്തിലിരിക്കുമ്പോൾ വാട്സാപ്പിൽ തുടരെ മെസ്സേജുകൾ വന്നുകൊണ്ടിരിക്കുന്നു. ഗ്രൂപ്പ് തുറന്നു നോക്കി. ‘വന്ദ്യരായ അഗത്തി ഉസ്താദ് ഹോസ്പിറ്റലിലാണ്. എല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കുക’. ചികിത്സയും ഹോസ്പിറ്റൽ വാസവും ഉസ്താദിനെ സംബന്ധിച്ച് പുത്തരിയല്ല. പിന്നെയും മെസ്സേജ് വന്നു. “സീരിയസ് ആയ സാഹചര്യം ആണ്. എല്ലാവരും ഹാളിൽ അസ്മാഉൽ ബദ്ർ ആരംഭിക്കുക. മനസ്സിലൊരു പിടച്ചിൽ. വാഹനത്തിൽ പറ്റാവുന്നതൊക്കെ ചൊല്ലിപ്പറഞ്ഞിരുന്നു. ബസ്സിറങ്ങി ഉസ്താദിൻ്റെ വീട്ടിൽ മൗലിദിനു പോകാനായിരുന്നു കരുതിയിരുന്നത്. കാമ്പസിൽ എത്തിയപ്പോൾ വിദ്യാർഥികൾ മുഴുവൻ കൂടിയിരുന്ന് ദുആയിലാണ്. റൂമിൽ ചെന്നപ്പോൾ സുഹൃത്തുക്കളുടെ സംസാരത്തിൽ എന്തോ പന്തികേട് തോന്നി. ഫോൺ തുറന്നുനോക്കി. “ഇന്നാ ലില്ലാഹി…”. ഒരിക്കലും കേൾക്കരുതെന്നാഗ്രഹിച്ച വാർത്ത. ഹൃദയം വിങ്ങി. കണ്ണുകൾ നിറഞ്ഞു. എന്തെല്ലാമോ സംഭവിക്കുന്ന പോലെ. പുറത്തെത്തി നോക്കിയപ്പോൾ ഗ്രൗണ്ടിലേക്ക് നിരവധി വാഹനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ആളുകൾ സ്തബ്ധരായി പരസ്പരം നോക്കി നിൽക്കുന്നു. പെട്ടെന്ന് മൂന്നുനാലു പേർ മയ്യിത്ത് കട്ടിലുമായി കടന്നുചെന്നു. അതുകൂടി കണ്ടതോടെ അടക്കിനിർത്താനായില്ല.
പള്ളിയിൽ മുതഅല്ലിമീങ്ങളും മുഅ്മിനീങ്ങളും നിരന്നിരുന്ന് ഖുർആൻ പാരായണം ചെയ്യുന്നു. മുസ്‌ഹഫ് കയ്യിലെടുത്തിട്ടും ഓതാൻ പറ്റുന്നില്ല. അൽപ സമയത്തിനകം മസ്ജിദ് നിറഞ്ഞു. ഉസ്താദിനെ പള്ളിയിൽ കൊണ്ടുവന്നു. ദുആ ചെയ്യാൻ മൈക്ക് എടുത്തവരെല്ലാം വിതുമ്പുന്നു. കാണുന്നവരുടെ നയനങ്ങളെല്ലാം നിറഞ്ഞൊഴുകുന്നു. പള്ളിയിലേക്ക് ആദരണീയരായ പുറക്കാട്ടിരിയിലെ മുഹമ്മദ് ദാരിമി ഉസ്താദ് എത്തി. ആളുകൾ ഒന്നടങ്കം എഴുന്നേറ്റു നിന്നു. ഉസ്താദിൻ്റെ പ്രിയപ്പെട്ട ‘കോഴിക്കോട് ഉസ്താദ്’. സബ്ഖുകളിൽ പലപ്പോഴും കേട്ട ആ ഗുരുവര്യർ. കഴിഞ്ഞ വർഷം ആരോഗ്യസംബന്ധമായി ബുദ്ധിമുട്ടികൾക്കിടയിലും ഞങ്ങൾക്കു വേണ്ടി ദാരിമി ഉസ്താദിനെ കാണാനും ഇജാസത്ത് വാങ്ങിക്കാനും ഉസ്താദ് കൊണ്ടുപോയിരുന്നു.
അവിടെ സംബന്ധിച്ച ഉസ്താദുമാരുടെ നിർബന്ധത്തിനു വഴങ്ങി ഉസ്താദ് ദുആ ആരംഭിക്കുന്നു. വളരെ താമസമെടുത്ത് ആദ്യ വാചകം പൂർത്തിയാക്കി. തുടരാനാകുന്നില്ല. മൈക്ക് കൈമാറി. ശിഷ്യൻ്റെ വേർപാടിൽ ഇത്രയേറെ ഇടറുന്നെങ്കിൽ ഗുരുവിൻ്റെ ഹൃദയത്തിൽ ആ ശിഷ്യൻ്റെ സ്ഥാനം എന്തായിരിക്കും. വഫാത്തിനു ശേഷം ഒഴുകിയ പണ്ഡിതശ്രേഷ്ഠർ, ജനസാഗരങ്ങൾ ആ കൊച്ചുമുറിക്കകത്തു നിന്ന് തീർത്ത മഹാ വൈജ്ഞാനിക വിപ്ലവങ്ങൾക്കുള്ള അംഗീകാരമാണ്. ജനാസ നിസ്കാരത്തിന് നിന്നപ്പോൾ ഉസ്താദിനെ പറഞ്ഞു പൂർത്തീകരിക്കാനാവാതെ ശൈഖുനയുടെ വാക്കുകൾ ഇടറിയത് സ്ഥാപനത്തിൻ്റെ വളർച്ചയിലും ഉയർച്ചയിലും ഉസ്താദ് വഹിച്ച പങ്കിൻ്റെ സാക്ഷ്യപ്പെടുത്തലാണ്.
“നിങ്ങൾ ഏത് വിഷയവും മുന്നിലേക്കിട്ടോളൂ, മൂടുകല്ല് വെച്ച ശേഷം ഉപകരിക്കുന്ന ഇൽമാണെങ്കിൽ ഒറ്റദിവസം കൊണ്ട് ഞാൻ പഠിച്ചിരിക്കും.” ഒരായുഷ്കാലം മുഴുവൻ വിജ്ഞാന സമ്പാദനത്തിനും പ്രസരണത്തിനും ഗവേഷണങ്ങൾക്കും ഉഴിഞ്ഞു വെച്ച അറിവിൻ്റെ ആകാശങ്ങൾ സ്വപ്നം കാണാൻ പഠിപ്പിച്ച ഗുരുനാഥൻ്റെ പ്രചോദനം പകരുന്ന വാക്കുകളാണ്. ജീവിച്ച നാളുകളെക്കാൾ കർമങ്ങൾ ചെയ്തുതീർത്ത് നികത്താനാവാത്ത ഒരു വിടവ് ബാക്കിവെച്ച് നിനച്ചിരിക്കാതെ പടിയിറങ്ങിയിരിക്കുകയാണ് അഭിവന്ദ്യ അഗത്തി ഉസ്താദ്.
കുല്ലിയ്യയിലെ മാസലീവ് കഴിയുന്നതിൻ്റെ തലേദിവസം ഉസ്താദ് വിളിച്ചിരുന്നു. അടുത്ത വർഷത്തെ കലണ്ടറുകളിലേക്കുള്ള നിസ്കാര സമയങ്ങൾ കണക്കുകൂട്ടണം. ചില തടസ്സങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉസ്താദ് വിളിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. അവസാനത്തെ കൂടിക്കാഴ്ചക്കായിരുന്നു അന്ന് ക്ഷണിച്ചിരുന്നതെന്ന് നിനച്ചതേയില്ല.
വിവിധ പ്രദേശങ്ങളിലെ നിസ്കാര സമയ നിർണയത്തിൻ്റെ ചുമതല വർഷം തോറും ഉസ്താദിനു മുമ്പിലെത്തും. ചെയ്യേണ്ട രീതി ഉസ്താദ് തന്നെയാണ് ഞങ്ങളെ പഠിപ്പിച്ചത്. തത്പരരായ വിദ്യാർഥികൾക്ക് അവഗാഹമുള്ള ശിഷ്യരെ കൊണ്ടു തന്നെ പരിശീലനങ്ങൾ നൽകും. ഉസ്താദിൻ്റെ മേൽനോട്ടത്തിൽ റൂമിനു മുമ്പിലിരുന്ന് നിർണയിക്കപ്പെട്ട ഭാഗങ്ങൾ ഓരോരുത്തരും സയൻ്റിഫിക് കാൽകുലേറ്ററിൽ കണക്കുകൂട്ടും. വഫാത്തിനു മുമ്പായി മഅ്ദിൻ കലണ്ടറിൻ്റെ മുഴുവൻ കാര്യങ്ങളും ഉസ്താദ് പൂർത്തീകരിച്ചിരുന്നു. ഇരുന്ന് അൽപസമയമായതേയുള്ളൂ, ഉസ്താദിൻ്റെ വിളിയെത്തി “എല്ലാവരും വീട്ടിൽ ചെന്ന് ഭക്ഷണം കഴിച്ച് വരൂ”. അന്നത്തെ ഭക്ഷണം ഉസ്താദിൻ്റെ വീട്ടിലാണ്. കുട്ടികൾക്ക് വിഭവ സമൃദ്ധമായ സദ്യ അവിടെ തയ്യാർ ചെയ്തിരിക്കും. ആ കൊച്ചു വീട്ടിൽ എത്തിച്ചേരുന്ന ആരും മനസ്സും വയറും നിറഞ്ഞേ മടങ്ങാറുള്ളൂ. ഉസ്താദിൻ്റെ മുറിയിൽ വിവിധ ആവശ്യങ്ങൾക്ക് സന്ദർശനത്തിനെത്തുന്നവർക്ക് അവിടെ ചായ തയ്യാർ ചെയ്തിരിക്കും. ഉസ്താദിൻ്റെ ചായക്ക് കടി നിർബന്ധമാണ്. ‘കുലൂ വശ്റബൂ’ എന്നാണല്ലോ ഖുർആനിൽ പറഞ്ഞത്, അതുകൊണ്ട് കടിയെ മുന്തിക്കണം” എന്നാണ് ഉസ്താദിൻ്റെ പക്ഷം. സൽക്കരിക്കുന്നതിലും ആതിഥ്യമര്യാദയിലും മാതൃകയാണ് ഉസ്താദ്. ഭക്ഷണം പാകം ചെയ്യുമ്പോൾ എല്ലായ്‌പോഴും അധികം ഉണ്ടാക്കിവെക്കും. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ കടന്നു ചെല്ലാമെന്ന് ഉസ്താദ് പറയാറുണ്ട്.
മഅ്ദിൻ മോഡൽ അക്കാദമിയിലെ അവസാന വർഷം ബാച്ചിൻ്റെ ചുമതല ഉസ്താദിനായിരുന്നു. ഉസ്താദ് അവസാനമായി ഏറ്റെടുത്തതും ഞങ്ങളെ ആയിരുന്നു. ഗുരുനാഥനെന്നതിലപ്പുറം ഒരു പിതാവിനെ പോലെ ഞങ്ങളുടെ ഓരോ വിഷയങ്ങളിലും ഇടപെട്ടു. ലീവിന് നാട്ടിൽ പോകുമ്പോൾ എത്തിയാൽ വിളിക്കണമെന്ന് പറയും. മറന്നുപോയാൽ അന്വേഷിക്കും. നാട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹത്തുക്കളുടെ സന്ദർശിക്കാൻ പ്രേരിപ്പിക്കും. ജീവിച്ചിരിക്കുന്ന മശാഇഖുമാരെ ചെന്നുകണ്ട് മന്ത്രിപ്പിക്കാനും ദുആ ചെയ്യിക്കാനും നിർദേശിക്കും.
സബ്ഖുകളാണ് ഉസ്താദിനെ കൂടുതൽ പഠിക്കാനും അനുഭവിച്ചറിയാനും അവസരമൊരുക്കിയത്. ചുറ്റുപാടും വിശാലമായ ഗ്രന്ഥശേഖരങ്ങളുള്ള ഷെൽഫുകളും കമ്പ്യൂട്ടറും വേൾഡ് മാപ്പും ഗ്ലോബും ഉൾപ്പെടെ ഉത്സാഹിയായ ഒരു വിദ്യാർത്ഥിയുടെ മുറിയായിരുന്നു ഉസ്താദിൻ്റെത്. തൊട്ടടുത്ത സബ്ഖ് ഹാളിലും നാലുപാടും അടുക്കിവച്ച കിതാബുകളും വിവിധ പ്രസിദ്ധീകരണാലയങ്ങളുടെ അറബി ഡിക്ഷണറികൾ ഉൾപ്പെടെ അവയിൽ ഉണ്ട്. വിദ്യാർഥികളെ ഗ്രൂപ്പ് തിരിച്ചിരുത്തിയാണ് ദർസ് ആരംഭിക്കുക. ഖുർആനും ആത്മീയതയും ചരിത്രവും ശാസ്ത്രവും കവിതകളും തുടങ്ങി എല്ലാ വിജ്ഞാന ശാഖകളുടെയും സമ്മിശ്രമായ വിജ്ഞാന വേദികളായിരിക്കും. പുതിയ ചർച്ചകളും വിഷയങ്ങളും മുന്നിലിടും. ഉസ്താദ് എതിർപക്ഷത്തു നിന്ന് സംവദിക്കും. വിദ്യാർത്ഥികളുടെ മറുവാദങ്ങൾക്കും ഖണ്ഡനങ്ങൾക്കും ചെറു ചിരിയോടെ മറുപടി നൽകും. നന്നായി ചോദ്യം ചോദിക്കുന്നവരെ കൂടുതൽ ഇഷ്ടമാണ്. സബ്ഖിന് ഇരുന്നതു മുതൽ ഒടുക്കം വരെ ഉസ്താദിൻ്റെ മുഖത്ത് പുഞ്ചിരി നിഴലിച്ചിരിക്കും. കാർക്കശ്യങ്ങളോ ശിക്ഷകളോ ഒന്നുമില്ല. ചോദ്യം ചോദിക്കൽ വളരെ അപൂർവമാണ്. വളരെ ലളിതമായി ഉസ്താദിന്റേതായ ശൈലിയിൽ അവതരിപ്പിക്കുന്നതിനാൽ വിഷയങ്ങളെല്ലാം ഓരോ വിദ്യാർത്ഥിയുടെയും മനസ്സിലുണ്ടാകും. എത്ര താഴ്ന്ന പഠനനിലവാരം പുലർത്തുന്ന കുട്ടിക്കും പൂർണ്ണമായി ഗ്രഹിക്കാവുന്ന ശൈലിയിലാണ് ക്ലാസ്. പല ദർസുകളുടെയും സമാപനം സാരോപദേശങ്ങളായിരിക്കും. ഹൃദയത്തിൽ തറക്കുന്ന പ്രഹരശേഷിയുണ്ടാകും ആ വചസ്സുകൾക്ക്. ചിലപ്പോഴെല്ലാം വിഷയങ്ങളുടെ ആഴികളിലിറങ്ങി ഞങ്ങളെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തും. എന്നിട്ട് പറയും : “അറിവിൻ്റെ ലോകത്തേക്ക് സ്വാഗതം, ഇത് വിശാലമായ ഒരു ലോകമാണ്.” മണിക്കൂറുകൾ കടന്നു പോകുന്നതു പോലും അറിയില്ല. ഉറക്കം അരികിലൂടെ പോലും കടന്നുവരില്ല.
വിദ്യാർത്ഥികളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താനും അവർക്ക് അവസരങ്ങൾ സൃഷ്ടിക്കാനും ഉസ്താദ് മുൻപന്തിയിൽ നിന്നിരുന്നു. ഓരോരുത്തരുടെയും കഴിവും മികവും അറിഞ്ഞ് ആവശ്യമായതെല്ലാം ചെയ്തുതരും. വിശുദ്ധ ഹറമുകളിൽ ഉംറയും സിയാറത്തും നിർവഹിച്ച് വന്നതിന്റെ തൊട്ടടുത്ത ദിവസം ക്ലാസിനിടെ ഉസ്താദ് ചോദിച്ചു: അവിടെ നിന്ന് കിതാബുകൾ വല്ലതും കൊണ്ടുവന്നിട്ടുണ്ടോ? – പെട്ടെന്ന് ഒന്നും പറയാൻ കിട്ടിയില്ല. അവിടെ വരെ പോയിട്ട് കിതാബുകൾ ഒന്നും സംഘടിപ്പിച്ചല്ലെന്നോ? ഉസ്താദിൻ്റെ അതിശയത്തോടെയുള്ള അന്വേഷണം. പെട്ടെന്ന് ഉപ്പയോടൊപ്പം ഹറമിന് സമീപമുള്ള മൂത്താപ്പയുടെ മുറിയിൽ പോയത് ഓർമ വന്നു. പഴയ ചില കിതാബുകൾ ഉപ്പയോടൊപ്പം അവിടെ നിന്ന് ശേഖരിച്ചിരുന്നു. ഉടനെ ഉസ്താദിന് മറുപടി നൽകി. ആ മുഖത്ത് സന്തോഷം വിടർന്നു. കിതാബുകളുടെ പേരെല്ലാം ചോദിച്ചു. അൽ ബിദായത്തു വന്നിഹായ പറഞ്ഞപ്പോൾ അത് നല്ല മട്ടമുള്ള കിതാബാണ്. ഏത് ദാറി(പ്രസിദ്ധീകരണാലയം)ന്റെതാണ് എന്ന് ചോദിച്ചു. പേര് മറന്നുപോയിരുന്നു. ഉടനെ, “കിതാബിന്റെ ദാറ് ഏതാണെന്ന് നോക്കേണ്ടേ , സിറാജ് ഒരു വണ്ടി വാങ്ങിയിട്ട് ഏതാണെന്ന് ചോദിക്കുമ്പോൾ കാർ എന്ന് മാത്രം പറയുമോ,കമ്പനിയുടെ പേരും പറയില്ലേ?” എന്ന് സ്നേഹത്തോടെ ഗുണദോഷിച്ചു.
ഉസ്താദിൻ്റെ അടുക്കൽ ഫറാഇള് (അനന്തരാവകാശ ശാസ്ത്രം) ഓതുന്ന കാലം അവിസ്മരണീയമാണ്. നവവി ഇമാമിൻ്റെ മിൻഹാജും ഫത്ഹുൽ മുഈനും യാഖൂതുന്നഫീസും ഉൾപ്പെടെ നാലഞ്ച് പ്രധാന കർമശാസ്ത്ര ഗ്രന്ഥങ്ങളിലെ നിശ്ചിത ഭാഗം ഉൾപ്പെടുത്തി ഒരു പി.ഡി.എഫ് ഉസ്താദ് തയ്യാറാക്കി തന്നു. നാട്ടിൽ പോകുന്ന സമയമാണ്. നാട്ടിൽ വച്ച് അവ ഒന്ന് ഓതിനോക്കണമെന്ന് ഓർമപ്പെടുത്തി. ലീവ്‌സമയം വാട്സാപ്പിൽ ഉസ്താദ് വിവരങ്ങൾ ആരാഞ്ഞു. ആരെല്ലാം എത്ര കിതാബുകൾ നോക്കി. ഏകദേശം നോക്കി തീർത്തതായി ടെക്സ്റ്റ് ചെയ്തു. ഉടനെ ഉസ്താദിൻ്റെ കോൾ. നോക്കിയതിൻ്റെ വിവരങ്ങൾ അന്വേഷിച്ചു. സംശയങ്ങൾ വല്ലതും ഉണ്ടോ എന്ന് ആരാഞ്ഞു. ശേഷം ദുആ ചെയ്തു തന്നു.
സുബ്ഹി നിസ്കാര ശേഷം ദർസുകൾ ആരംഭിക്കും. ഗണിത ശാസ്ത്രത്തിലെ ഖുലാസയും ഫലകി(ഗോളശാസ്ത്രം)ൽ ഉസ്താദ് തന്നെ ക്രമപ്പെടുത്തിയ ലഖ്തുൽ ജവാഹിറും ഫറാഇദിലെ പ്രസിദ്ധമായ റഹബിയ്യയും മഹല്ലിയും മറ്റു ചില കിതാബുകളും ഒരേ സമയം ഓതിയിരുന്നു. മഗ്രിബ് നിസ്കാരാനന്തരം ഗ്രൂപ്പ് തിരിച്ചിരുത്തി റഹബിയ്യ ചൊല്ലിക്കും. വലിയ ഉച്ചത്തിലും ആവേശത്തിലും കുട്ടികൾ ചൊല്ലും. ചിലപ്പോൾ മത്സരങ്ങളായിരിക്കും. ബൈത്ത് തെറ്റിക്കാതെ ചൊല്ലണം. പള്ളിക്കു സമീപം തന്നെ റോഡ് ആയതിനാൽ വഴിയിലൂടെ സഞ്ചരിക്കുന്നവരെല്ലാം അത് ശ്രദ്ധിക്കും. കാമ്പസിലെ തന്നെ മറ്റു വിദ്യാർത്ഥികൾ പറഞ്ഞപ്പോഴാണ് അറിയാൻ സാധിച്ചത്.
ഫറാഇളിൽ ഒന്നിനു പിറകെ ഒന്നായി കണക്കുകൾ ചെയ്യിക്കും. കുറഞ്ഞ കാലയളവിൽ രണ്ടു വലിയ നോട്ടുപുസ്തകങ്ങളാണ് സബ്ഖിൽ കണക്കുകൾ ചെയ്ത് നിറഞ്ഞത്. ഫലക്ക് അനുഭവങ്ങൾ ഒന്ന് വേറെ തന്നെയാണ്. ഗോളശാസ്ത്രത്തിലെ കിതാബുകളിൽ നിന്ന് ആറ്റി കുറുക്കിയ അറബി ഭാഗങ്ങളും വിവിധ ശാസ്ത്ര ഗ്രന്ഥങ്ങൾ അവലംബിച്ച് തയ്യാറാക്കിയ ‘ദശമഹാവൃത്തങ്ങൾ’ എന്ന പേരിൽ പുറകുവശത്ത് മലയാളവും ഉൾക്കൊള്ളിച്ച ഉസ്താദ് തയ്യാറാക്കി പ്രിൻ്റ് ചെയ്തു തന്ന കിതാബിലാണ് ഓത്ത്. ഉസ്താദ് ഡിസൈൻ ചെയ്ത പ്രത്യേക ഗ്ലോബിലാണ് മഹാവൃത്തങ്ങളെയും ഗോളങ്ങളെയും അടയാളപ്പെടുത്തി കാണിച്ചുതന്നത്.
ഗോളശാസ്ത്ര പഠനത്തിൽ ഉപയോഗിക്കുന്ന റുബ്ഉൽ മുജയ്യബ് ഉസ്താദ് ഒരിക്കൽ പരിചയപ്പെടുത്തി. സൂര്യ – ചന്ദ്ര സ്ഥാന നിർണയവും സയൻറിഫിക് കാൽക്കുലേറ്ററിലെ ഫംഗ്ഷനുകളുമടങ്ങുന്ന ഉപകരണമാണ്. അടിസ്ഥാനപ്പെടുത്തി ഒരു ദിവസം ഓരോ മണിക്കൂറുകൾ ഇടവിട്ടുള്ള സൂര്യൻ്റെ സ്ഥാന വ്യത്യാസങ്ങൾ നിരീക്ഷിച്ചു രേഖപ്പെടുത്താൻ പറഞ്ഞു. തൊട്ടടുത്ത ദിവസം ഉസ്താദ് ആരൊക്കെ നിരീക്ഷിച്ചെന്ന് അന്വേഷിക്കുകയും ചെയ്തതായി അറിയിച്ചപ്പോൾ ‘ഇർശാദു ത്വാലിബീൻ’ എന്ന ഗ്രന്ഥം സമ്മാനമായി നൽകി. ഫലക്കിൽ ഉൾപ്പെടെ ഉപയോഗപ്രദമായ ചില ആപ്പുകളും അവയുടെ ഉപയോഗരീതിയും പഠിപ്പിച്ചു തന്നിരുന്നു. റുബ്ഉൽ മുജയ്യബിൽ ഓരോ നേരങ്ങളിലും സൂര്യന്റെയും ചന്ദ്രന്റെയും ഉയര വ്യത്യാസങ്ങൾ അന്വേഷിക്കാൻ പറയും. കിട്ടിയ ഉത്തരവുമായി ഞങ്ങൾ ആവേശത്തോടെ ഉസ്താദിനു മുന്നിലെത്തും. ഉസ്താദ് ആപ്പിൽ പരിശോധിക്കും. പോയിന്റ് അടക്കം എല്ലാം കറക്റ്റ് ആയിരിക്കും.
സംശയങ്ങൾ ചോദിച്ചു ചെന്നാൽ അന്വേഷിക്കാവുന്ന ഗ്രന്ഥങ്ങൾ പറഞ്ഞുതരും. മുമ്പൊരു റബീഉൽ അവ്വൽ മാസം ഓരോ ദിവസവും തിരുനബിയുടെ ശമാഇൽ അല്പാല്പമായി സ്ഥാപനത്തിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോർമുകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഉസ്താദ് അവ വായിക്കുകയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും റഫർ ചെയ്യേണ്ട കൂടുതൽ കിതാബുകളും അടുത്തൊരു സബ്ഖിൽ സൂചിപ്പിക്കുകയുണ്ടായി.
എന്തു വിഷയങ്ങൾക്കും അവലംബിക്കാവുന്ന കുത്തബ് ഖാന അവിടെ സജ്ജീകരിച്ചതും ഉസ്താദിൻ്റെ പ്രയത്‌നമാണ്. ഇത്രയേറെ ഫന്നുകളിൽ ഗ്രന്ഥശേഖരം വേറൊരു ഗ്രന്ഥ ശാലയിലും കാണില്ലെന്ന് ഉസ്താദ് മുമ്പ് പറഞ്ഞതോർക്കുന്നു. മക്തബയിലേക്ക് വങ്ങുന്നതോടൊപ്പം സ്വന്തമായും ആയിരക്കണക്കിന് കിതാബുകൾ ഉസ്താദിൻ്റെ റൂമിലെ ഷെൽഫുകളിലുണ്ട്. ഒരിക്കൽ ഒരു ദർസിനിടെ തൊട്ടുമുന്നിലുള്ള അലമാരയിലേക്കു ചൂണ്ടി ഉസ്താദ് പറഞ്ഞത്രേ ” ഇൽമുൽ മീഖാത്തിൽ മാത്രം നൂറിലേറെ ഗ്രന്ഥങ്ങൾ അതിനകത്തുണ്ട്. അത് നിങ്ങൾക്ക് വേറെവിടെയും കിട്ടില്ല”.
മോഡൽ അക്കാദമിയിലെ അവസാനത്തെ ദിനരാത്രങ്ങൾ ഓർമയിൽ നിന്ന് മായുന്നില്ല. കൂടുതൽ കിതാബുകൾ ഉസ്താദ് തയ്യാറാക്കി പ്രിൻ്റ് ചെയ്ത് അടുത്ത ദിവസങ്ങൾ ക്രിയാത്മകമായി മുന്നോട്ടു പോകാനുള്ള പദ്ധതികൾ കുട്ടികളുമായി ആലോചിച്ച് തയ്യാറാക്കി. ഇനി നിങ്ങൾക്ക് എന്താണ് വേണ്ടത്, ആവശ്യമായ കിതാബുകളും ഓതേണ്ട ഉസ്താദുമാരെയും ചർച്ച ചെയ്ത് ലിസ്റ്റ് ചെയ്തു തരാൻ പറഞ്ഞു. ഉസ്താദ് ഓതിത്തരേണ്ട കിതാബുകൾക്കു നേരെ ” ശൈഖുനാ അൽ അഗാത്തി ” എന്ന് രേഖപ്പെടുത്തി നൽകിയതും ഉസ്താദ് ചെറു ചിരിയോടെ അത് ക്ലാസ്സിൽ വായിച്ചതുമോർക്കുന്നു.
ഉസ്താദിന് അടുത്ത ബന്ധമുള്ള അഗ്രഗണ്യരായ നിരവധി ഉസ്താദുമാരെ ആ സമയങ്ങളിൽ ഞങ്ങൾക്ക് കൊണ്ട് വന്നു വിവിധ പഠനമേഖലകളെ ഉൾക്കൊള്ളിച്ചുള്ള ക്യാമ്പ് എടുത്തു പറയേണ്ടതാണ്. സ്ലൈഡുകൾ ക്രമീകരിച്ച് ഫലകിൽ വളരെ ആഴത്തിലുള്ള ഒരു സെഷന് നേതൃത്വം നൽകിയ ഒരു ഉസ്താദ് വിഷയങ്ങളെല്ലാം ഉസ്താദ് അവർകളിൽ നിന്ന് പഠിച്ചെടുത്തതാണെന്ന് ഓർമപ്പെടുത്തി.
കൊല്ലാവസാനമടുത്തപ്പോൾ ആത്മീയ സഞ്ചാരങ്ങളെ കുറിച്ച് ഉസ്താദ് വാചാലനായി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രധാന മഖാമുകൾ പ്രത്യേകിച്ച് നമ്മുടെ ഗുരുപരമ്പരയിലെ മശാഇഖുമാരെ സന്ദർശിച്ചായിരുന്നു തുടക്കം. ഉസ്താദിൻ്റെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. എന്നാലും സിയാറത്തിൽ ഉസ്താദ് സംബന്ധിച്ചു. മലപ്പുറം ശുഹദാക്കൾക്ക് സമീപം 44 ഫാത്തിഹ പാരായണം ചെയ്യുക എന്നതാണ് ഉസ്താദിൻ്റെ ശൈലി. സിയാറത്ത് കേന്ദ്രങ്ങൾക്കു സമീപമുള്ള കുട്ടികളുടെ വീടുകളിലാണ് ഭക്ഷണം തയ്യാർ ചെയ്തിരുന്നത്. ഓരോ വീടുകളിലും ഉസ്താദ് തന്നെ ദുആകൾക്ക് നേത്രത്വം നൽകി വീട്ടുകാരുടെ മനസ്സ് നിറച്ചാണ് പടിയിറങ്ങിയത്.
അടുത്ത ഘട്ടം ഉസ്താദിൻ്റെ ഏറെ പ്രിയപ്പെട്ട അരീക്കോട് ഉസ്താദിനെയും കോഴിക്കോട് ഉസ്താദിനെയും സന്ദർശിക്കാനും അവരെ കൊണ്ട് ഞങ്ങളെ മന്ത്രിക്കാനും ഇജാസത്ത് വാങ്ങിക്കാനുമായിരുന്നു. പതിറ്റാണ്ടുകൾക്കു ശേഷവും ആ ഉസ്താദുമാരോടുള്ള ഉസ്താദിൻ്റെ അടുപ്പവും പെരുമാറ്റത്തിലെ അങ്ങേയറ്റയെ വിനയവും അതിശയപ്പെടുത്തുന്നതാണ്. ശൈഖുന സുൽത്താനുൽ ഉലമ ഉസ്താദിനെ കുറിച്ച് പലപ്പോഴും വലിയ അഭിമാനത്തോടെ പറയാറുണ്ട്. ഉസ്താദ് ‘സുൽത്താനുസ്സമാൻ’ ആണെന്ന് പറയും.
അവസാന ഘട്ട യാത്ര ഉള്ളാൾ, കാസർഗോഡ് ഭാഗങ്ങളിലേക്കായിരുന്നു. ഹയാത്തിലുള്ളവരും മൺമറഞ്ഞവരുമായ അനേകം പണ്ഡിത മഹത്തുക്കളെ സന്ദർശിച്ചു. ആത്മീയനുഭൂതിയുള്ള ഒരു സഞ്ചാരമായിരുന്നു. യാത്രയിലുടനീളം ദിക്റുകളും ഉസ്താദ് നേരത്തെ തയ്യാർ ചെയ്തു വച്ച മൗലിദുകളുമായിരുന്നു. ഓരോ മസാറുകളിലും സിയാറത്തിനു ശേഷം ചൊല്ലാനുള്ള മനോഹരമായ ഒരു ബൈത്ത് നവ്യാനുഭവമായിരുന്നു. മഹത്തുക്കളെ സമീപിക്കുമ്പോഴുള്ള മര്യാദകളെല്ലാം ഉസ്താദിൽ നിന്ന് നേരിട്ട് മനസ്സിലാക്കാമായിരുന്നു. ഓരോ മസാറുകളിലേക്കും പോകുന്നതിനു മുമ്പ് അവിടെ അന്ത്യവിശ്രമം കൊള്ളുന്ന മഹാനെക്കുറിച്ച് നേരത്തെ പ്രിൻ്റ് ചെയ്ത പുസ്തകത്തിൽ നിന്ന് കുട്ടികൾ ആരെങ്കിലും വായിക്കും. ബസ്സിൽ മഹത്തുക്കൾ ഓരോരുത്തരുടെ പേരിലായി ഫാത്തിഹകൾ പാരായണം ചെയ്തു. ശേഷം ഓരോ കുട്ടിയുടെ പേരും പറഞ്ഞ് അവരുടെ വൈജ്ഞാനിക പുരോഗതിക്കു വേണ്ടി ഉസ്താദിൻ്റെ നേതൃത്വത്തിൽ ഫാത്തിഹ ഓതി. ശിഷ്യർക്ക് ഉസ്താദിന്റെ ഹൃദയത്തിൽ എത്രമാത്രം സ്ഥാനമുണ്ടെന്ന് ഇതിൽനിന്ന് ഗ്രഹിക്കാം.
കാസർഗോഡ് മാലിക് ദീനാറിൽ മഹാന്റെ ചരിത്രം പറയുന്ന ഒരു പുസ്തകം ഉസ്താദ് അന്വേഷിക്കുന്നു. പാതിരാ നേരമായിട്ടുണ്ട്. ഓഫീസ് പൂട്ടിയതായി വിവരം ലഭിച്ചു. പിന്നെ മഹല്ലിന്റെ ഉത്തരവാദത്തപ്പെട്ട ചിലരുമായി ബന്ധപ്പെട്ട് പുസ്തകം സംഘടിപ്പിക്കുന്നു. ഉസ്താദിന് അറിവിനോടുള്ള ജിജ്ഞാസക്ക് ഒറ്റ ഉദാഹരണമാണിത്.
അറിവന്വേഷിച്ചുള്ള ഉസ്താദിൻ്റെ യാത്രകൾ എണ്ണമറ്റതാണ്. പോകുന്നിടത്തെല്ലാം പഴക്കം ചെന്ന ഗ്രന്ഥങ്ങളും ഗ്രന്ഥശാലകളും തേടി നടക്കും. വിദേശത്ത് പഠനങ്ങൾക്കോ യാത്രകൾക്കോ പോകുന്ന വിദ്യാർത്ഥികൾക്കും സ്നേഹിതർക്കും പണം നൽകി പുസ്തകങ്ങൾ വാങ്ങിക്കും. കിതാബുകൾ വാങ്ങാൻ ചിലവഴിച്ച സംഖ്യ എത്രയെന്ന് തിട്ടപ്പെടുത്താനാകില്ല. കേവലം പത്താം ക്ലാസ് വരെ മാത്രം പഠനം നടത്തിയ ഉസ്താദ് പാഠ്യ പദ്ധതിയിലെ ബി.എസ്.സി മാത്തമാറ്റിക്സ് വരെയുള്ള ഗണിത വിഷയങ്ങളെല്ലാം സ്വയം പഠിച്ചെടുത്തിരുന്നു. ഇൽമുൽ മീഖാത്തിലെ സമസ്യകളെ ആധുനിക ഗണിതശാസ്ത്രവുമായി ബന്ധിച്ച് ഉസ്താദ് നടത്തിയ പഠനങ്ങൾ മുമ്പാരും ചെയ്തിട്ടില്ലാത്തതാണ്. ഗവേഷണ രംഗത്ത് അനവധി പഠിതാക്കളുടെ ഗൈഡായും പ്രവർത്തിച്ചിട്ടുണ്ട്. പഠനത്തിലും അധ്യാപനത്തിലും ഉസ്താദിൻ്റെ കൂടെ ദീർഘകാലം ചിലവഴിച്ച ജലീൽ സഖാഫി ഉസ്താദ് അനുസ്മരിക്കുന്നു: “ഉന്നത സർവ്വകലാശാലകൾക്ക് നാലഞ്ചു പി.എച്ച്.ഡി നൽകാനുള്ള പഠനങ്ങൾ ഉസ്താദ് നടത്തിയിട്ടുണ്ട്”.
അവിടുത്തെ ധർമശീലം അത്ഭുതപ്പെടുത്തുന്നതാണ്. തൻ്റെ ഉസ്താദുമാരെ കയ്യഴിഞ്ഞ് സഹായിക്കാറുണ്ട്. ദിവസേന പള്ളിക്കു മുമ്പിലുള്ള സ്വലാത്ത് പെട്ടിയിൽ വല്ലതും നിക്ഷേപിക്കും. കിട്ടുന്ന പണമെല്ലാം വേർതിരിച്ചു വെച്ച് മൗലിദുകൾ നടത്താനും മറ്റും ഉപയോഗിക്കും. എങ്ങോട്ട് പോവുകയാണെകിലും സ്വലാത്ത് പെട്ടിയിൽ വല്ലതും കൊണ്ടിടാറുണ്ട്. ഇടുന്നത്തിലും ഒരു ക്രമമുണ്ട്. ഞങ്ങൾ ഉസ്താദുമൊത്തുള്ള സിയാറത്തിന് യാത്ര തിരിച്ചപ്പോൾ ഒരു സംഖ്യ അതിൽ എല്ലാവരും നിക്ഷേപിക്കണമെന്ന് പറഞ്ഞു. 24 രൂപ ഇടാൻ ശ്രമിക്കുക, അത് 12,12 ആയി ഇടലാണ് ഏറ്റവും നല്ലത്, അതിനു കഴിഞ്ഞില്ലെങ്കിൽ 12ഓ 25ഓ രൂപ ഇടുക.
പിന്നീട് മഅദിൻ കുല്ലിയ്യ എൻട്രൻസ് ടെസ്റ്റിനുള്ള പരിശീലനക്കളരിയായിരുന്നു. ഗ്രൂപ്പുകൾ തിരിച്ച് പഠനങ്ങൾ സജീവമായി. ആയിടക്കാണ് എസ് എസ് എഫ് ദേശീയ സാഹിത്യോത്സവ് പ്രഖ്യാപനമുണ്ടായത്. പരീക്ഷ പടിവാതിൽക്കലെത്തി നിൽക്കെ ഉസ്താദിനോട് എങ്ങനെ സമ്മതം ചോദിക്കുമെന്ന ആധി. ബാച്ചിലെ ഒരു ഗ്രൂപ്പിൻ്റെ ചുമതല കൂടിയുണ്ടായിരുന്നു. ചില നിബന്ധനകൾ മുന്നിൽവച്ചു സമ്മതം നൽകി. പകരം ഒരാളെ ഏൽപ്പിക്കണം. പഠിക്കാൻ ബുദ്ധിമുട്ടുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. വിവരങ്ങൾ അന്വേഷിക്കണം. തുടർന്ന് സ്നേഹത്തോടെ യാത്രയയപ്പു നൽകി.
കുല്ലിയ്യയിൽ രണ്ടാം സെമസ്റ്ററിലാണ് ഉസ്താദിൻ്റെ ആദ്യ ക്ലാസ് ലഭിക്കുന്നത്. റബീഉൽ അവ്വൽ അവസാനത്തിലായിരുന്നു ഏറ്റവും ഒടുവിലെ സബ്ഖ്. ആദ്യം തന്നെ എത്രപേർ ഒരു ലക്ഷം സ്വലാത്ത് ചൊല്ലി, പതിനായിരം സ്വലാത്ത് ചൊല്ലി, എന്നിങ്ങനെ അന്വേഷണം. “നബി തങ്ങളോട് നമുക്ക് വലിയ കടപ്പാടുണ്ട്. അതുകൊണ്ട് ഇനിയുള്ള ദിവസങ്ങൾ പരമാവധി സ്വലാത്ത് ചൊല്ലണം”. ഈ വർഷത്തെ മഅ്ദിൻ ഇന്റേൺഷിപ്പിന് പുറപ്പെടുന്നതിനു മുമ്പ് ഉസ്താദിനെ കാണാൻ ചെന്നു. ഉപദേശ നിർദ്ദേശങ്ങൾക്കിടയിൽ ഒന്നുകൂടെ കൂട്ടിച്ചേർത്തു, “നിങ്ങൾ പോകുന്നിടത്ത് എസ്എസ്എഫിന് യൂണിറ്റില്ലെങ്കിൽ അവിടെ യൂണിറ്റ് തുടങ്ങണം. ഞങ്ങൾ ഒരു കാലത്ത് പലയിടങ്ങളിൽ ചെന്ന് യൂണിറ്റുകൾ സ്ഥാപിച്ച് സംഘടനാ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.”
യമനിൽ പ്രസിദ്ധീകരിക്കുന്ന ഖുലാസയിലെ ഔറാദുകൾ വിദ്യാർത്ഥികളെ കൊണ്ട് ചൊല്ലിക്കാറുണ്ടായിരുന്നു. ഖുർആനിലും ദിക്റുകളിലും സജീവമായ ജീവിതമായിരുന്നു ഉസ്താദിൻ്റേത്. ഞങ്ങളോട് പറയാറുണ്ട്: “ആർക്കെങ്കിലും അള്ളാഹു തആല മരണം നന്നായി കണക്കാക്കിയിട്ടുണ്ടെങ്കിൽ അവന് ഹദ്ദാദ് ഒഴിവാക്കാൻ കഴിയില്ല “. ഖുർആൻ ശ്രദ്ധയോടെ പാരായണം ചെയ്ത് അതിൽ പറഞ്ഞ സംഭവങ്ങൾ മനസ്സിലായ കാര്യങ്ങൾ വിവരിക്കാനും ആവശ്യപ്പെടാറുണ്ട്. മഹാന്മാരുടെയും ഔലിയാക്കന്മാരുടെയും മൗലിദുകൾ ചൊല്ലിക്കലും ഭക്ഷണം വിതരണം ചെയ്യലും ഉസ്താദിന് വലിയ താല്പര്യമായിരുന്നു. അവസാന കാലങ്ങളിൽ ഗുരുതര രോഗാവസ്ഥയ്ക്കിടയിലും ഉസ്താദ് ദർസുകളിൽ ചെന്നിരുന്നു. ഉസ്താദ് തന്നെ പറയാറുള്ളതു പോലെ കിതാബുകൾക്ക് മുന്നിലോ കമ്പ്യൂട്ടറിന് മുന്നിലോ ഇരുന്നാൽ പിന്നെ ക്ഷീണം മറക്കും. എഴുന്നേറ്റു നടക്കാൻ പോലും ആരുടെയെങ്കിലും കൈ പിടിക്കേണ്ട അവസ്ഥയിലും ദർസുകളിൽ ഉസ്താദിൻ്റെ ആവേശം എടുത്തുപറയേണ്ടതാണ്. ചെവി ഓപ്പറേഷൻ കഴിഞ്ഞ് തലയിൽ കെട്ടുമായാണ് ഉസ്താദ് അവസാന സബ്ഖിലെത്തുന്നത്. പതിവു ശൈലിയിൽ മികച്ച വിശദീകരണങ്ങളോടെ മനോഹരമായ അധ്യാപനം. അവസാനം കുട്ടികൾ സംശയങ്ങൾ ചോദിക്കുമ്പോൾ ഉസ്താദ് കേൾക്കാൻ വളരെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കണ്ണിനും ഓപ്പറേഷൻ പറഞ്ഞിരുന്നു. അവസാന കാലങ്ങളിൽ എണ്ണമറ്റ ആശുപത്രികളിലാണ് ഉസ്താദ് കയറിയിറങ്ങിയത്. രോഗങ്ങൾ നിരന്തരം പരീക്ഷണങ്ങളായി മുമ്പിലെത്തി. പ്രവാചകൻമാർക്ക് ശേഷം പരീക്ഷണങ്ങൾ കൂടുതൽ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരായ മഹത്തുക്കൾക്കായിരിക്കുമെന്ന് മുത്തുനബി പഠിപ്പിച്ചിട്ടുണ്ടല്ലോ. പരീക്ഷണങ്ങളിലൊന്നും അവിടുന്ന് റബ്ബിനെ മറന്നില്ല. എപ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള ചിന്ത ഞങ്ങളിൽ ഇട്ടു തന്നു. ഞങ്ങളുടെ ഒരു മുതിർന്ന ബാച്ചിൻ്റെ യാത്രയയപ്പ് വേദിയിൽ ഉസ്താദ് പറഞ്ഞതോർക്കുന്നു: “നിങ്ങൾ ഇവിടെ നിന്ന് പോകുമ്പോൾ അല്ലാഹുവിനെ കൂടെ കൊണ്ടു പോകണം.” ജീവിതത്തിലും പ്രവൃത്തി പഥത്തിലും റബ്ബ് ഉണ്ടാകണമെന്ന ചിന്ത രൂപപ്പെടുത്തുകയായിരുന്നു.ആത്മീയമായും വൈജ്ഞാനികമായും വിദൂര നാടുകളിൽ പോലും ഉസ്താദിന് ബന്ധങ്ങളുണ്ടായിരുന്നു.
സബ്ഖിൽ പലർക്കും ഇരട്ടപ്പേരുകൾ കിട്ടും. സ്നേഹത്തോടെയുള്ള ആ വിളി കേൾക്കാൻ കുട്ടികൾക്കും സന്തോഷമായിരുന്നു. എന്നാൽ സംസാരങ്ങളിൽ വിദ്യാർഥികളെയും ‘ഇങ്ങൾ’ എന്നാണ് അഭിസംബോധന ചെയ്യാറുണ്ടായിരുന്നത്. ഇൽമ് പഠിക്കുന്ന വിദ്യാർത്ഥികളോട് ഉസ്താദ് പുലർത്തിയ അദബായിരുന്നു അത്.
മഹാന്മാരോട് വലിയ അടുപ്പമുണ്ടായിരുന്ന ഉസ്താദിൻ്റെ അവസാനം വൈജ്ഞാനിക സേവനം ശൈഖ് ജീലാനി തങ്ങളുടെ മനാഖിബ് പറയുന്ന ഗ്രന്ഥം ചിട്ടപ്പെടുത്തിയതായിരുന്നു. മഹാനവർകൾ ഭൂജാതനായ മുഹറമിൽ ജനിച്ച് അവിടുന്ന് വഫാത്തായ റബീഉൽ ആഖിറിലാണ് ഉസ്താദിന്റെയും അന്ത്യ പ്രയാണം. വളരെ കുറഞ്ഞ ദിവസം കൊണ്ട് അതിവേഗത്തിൽ ചെയ്തുതീർത്താണ് ആ കിതാബ് പൂർത്തീകരിക്കുന്നത്. ഉസ്താദ് ഏറ്റെടുത്ത് ചെയ്യാറുള്ള സ്ഥാപനത്തിൻ്റെ കലണ്ടർ സംബന്ധിയായ നടപടിക്രമങ്ങളും വഫാത്തിന് മുമ്പ് തന്നെ പൂർത്തിയാക്കി വെച്ചതായി ശൈഖുനാ അനുസ്മരിക്കുകയുണ്ടായി. നവവി ഇമാമിന്റെ വയസ്സ് എന്ന അവസരം കഴിഞ്ഞു, ഇനി ശാഫിഈ ഇമാമിന്റെതാണ് പ്രതീക്ഷ, എന്നു പറഞ്ഞ ഉസ്താദ് ഹിജറി കലണ്ടർ പ്രകാരം ഇമാം ഷാഫി (റ) വഫാത്തായ 54-ാം വയസ്സിലാണ് അനേകം ജന്മങ്ങൾ ജീവിച്ച് കഴിവുറ്റ അനേകം ശിഷ്യരെ വാർത്തെടുത്ത് അനേകം ഗ്രന്ഥങ്ങൾക്ക് ജന്മം നൽകി യാത്രയാവുന്നത്.
ഉസ്താദ് ഒരു മഹാസമുദ്രമായിരുന്നു. പുറമേ നിന്നു വീക്ഷിച്ചവർ അതിൻ്റെ മാരുതൻ ആസ്വദിച്ചു. അരികത്തു ചെന്നവരെ അതിൻ്റെ തിരകൾ തലോടി. ദാഹിച്ചലഞ്ഞവർ അതിൽ നിന്ന് ദാഹമകറ്റി. വിശന്നിരിക്കുന്നവർക്ക് അന്നം നൽകി. ആഴികളിൽ ഇറങ്ങിയവർ മുത്തും രത്നങ്ങളും വാരിക്കൂട്ടി. ‘മൗത്തുൽ ആലിമി മൗത്തുൽ ആലം’ എന്ന വാക്യത്തെ അന്വർഥമാക്കി ഉസ്താദ് ആധികളില്ലാത്ത, ആസ്വാദനങ്ങളുടെ ലോകത്തേക്ക് യാത്രയായി. വിശ്രമം കബറിലാണെന്ന് ഇടയ്ക്കിടെ ഓർമിപ്പിക്കാറുള്ള, മൂടുകല്ല് വെച്ചാൽ ഉപകാരം കിട്ടുന്ന ഇൽമ് പഠിക്കണമെന്നുണർത്തിയ പ്രിയ ഗുരുവര്യർ ചെയ്ത സുകൃതങ്ങളും സഹിച്ച ത്യാഗങ്ങളും ആ ചെറിയ വലിയ ലോകത്ത് ആസ്വദിക്കുന്നുണ്ടാകും. ആ വിയോഗം ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല. മോഡൽ അക്കാദമിയിലെ ആ മുറിയിൽ കിതാബുകൾക്കു മുമ്പിലിരിക്കുന്ന ഉസ്താദാണ് ഇപ്പോഴും മനസ്സിൽ. ഉസ്താദുമായി ഏറ്റവും അടുത്തിടപഴകിയ ഒന്നൊന്നര വർഷത്തെ വളരെ ചെറിയ ഭാഗമാണ് ഇവിടെ കോറിയിട്ടത്. പറയാനും എഴുതാനും ഇനിയും ഒരുപാടുണ്ട്.
ഉസ്താദിൻ്റെ ജീവിതം പഠിക്കുകയും പകർത്തുകയും ചെയ്യുക എന്നതാവണം നമ്മുടെ ലക്ഷ്യം. ആ ഗുരുസന്നിധിയിൽ നാളെ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണേ നാഥാ..
സിറാജുദ്ദീൻ പെരുമുഖം


