ബഹുമാനപ്പെട്ട മർഹൂം അഗത്തി ഉസ്താദ് മർകസിൽ പഠിക്കുന്ന കാലം. ഞാനന്ന് ചെമ്മാടാണ് ദർസ് നടത്തുന്നത്. ചെമ്മാട് ദർസിൽ പഠനം പൂർത്തിയാക്കി ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ ഞങ്ങൾ ഉസ്താദുമാരെ അവർ ഉപരിപഠനം നടത്തുന്ന സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി കൊടുക്കുക സ്വാഭാവികമാണല്ലോ. അങ്ങനെയാണ് മർഹൂം അഗത്തി ഉസ്താദിന് ഈ വിനീതനെ കാണണം എന്ന് വിദ്യാർഥികളോട് ആഗ്രഹം പ്രകടിപ്പിക്കുന്നത്.
ഒരിക്കൽ ഒരു പൂർവവിദ്യാർത്ഥിയുടെ കല്യാണത്തിന് പോയപ്പോൾ അദ്ദേഹത്തിന്റെ സഹപാഠി കൂടിയായ അഗത്തി ഉസ്താദും അവിടെ വന്നിട്ടുണ്ടായിരുന്നു. അന്നാണ് ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്. “നിങ്ങളെക്കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്, കാണണം എന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു ” എന്ന് പറഞ്ഞ് അദ്ദേഹം ഒരുപാട് സൗഹൃദങ്ങൾ പങ്കിട്ടു.
പിന്നീട് ഞങ്ങൾ തമ്മിലുള്ള ആ സൗഹാർദ്ദം വലിയ ബന്ധമായി തീർന്നു.
അങ്ങനെയിരിക്കെ അദ്ദേഹത്തോട് ചെമ്മാട് ദർസിൽ വന്ന് ഞങ്ങൾക്ക് (വിനീതനും കൊളത്തൂർ അലവി സഖാഫി, ഇല്ലിപ്പിലാക്കൽ മുഹമ്മദ് സഖാഫി അടക്കം ഒരുപാട് ഉസ്താദുമാർക്ക്)ക്ലാസ് എടുക്കാൻ നിർബന്ധിച്ചപ്പോൾ ചെമ്മാട് വരികയും സയന്റിഫിക് കാൽക്കുലേറ്റർ മുഖേന നിസ്കാര സമയം നിർണ്ണയിക്കൽ, ഖിബ് ല ദിശാ നിർണയം നടത്തൽ, അനന്തരാവകാശ വിഹിതം ചെയ്യൽ, ഭൂമി അളക്കൽ തുടങ്ങി വിവിധ വിഷയങ്ങൾ അദ്ദേഹം ക്ലാസ് എടുത്തു തന്നിട്ടുണ്ട്. ചെമ്മാടും ഹികമിയയിലും തഷ് രീഹുൽ അഫ് ലാക് ദർസ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ഇരുമ്പുകമ്പി കൊണ്ട് നിർമ്മിച്ച ഗ്ലോബ് വെച്ചായിരുന്നു ഞാൻ ക്ലാസ് എടുത്തിരുന്നത്.
കമ്പ്യൂട്ടർ പരിജ്ഞാനം അടക്കം നിരവധി വിഷയങ്ങളിൽ അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 2001-2002 കാലഘട്ടത്തിലെ ഒരു ശഅബാനിൽ ദർസ് നിർത്തിയപ്പോൾ അദ്ദേഹം എന്റെ വീട്ടിൽ വന്നു.
അന്ന് റമളാൻ ലീവുകളിൽ വിദേശത്ത് പോകലോ മറ്റോ തുടങ്ങിയിട്ടില്ല. ആ സമയത്ത് റമദാൻ തുടക്കം മുതൽ അവസാനം വരെ അദ്ദേഹം എന്റെ വീട്ടിൽ വന്ന് താമസിക്കുകയും എനിക്കും മർകസ് മുദരിസായ കുഞ്ഞുമുഹമ്മദ് സഖാഫി പറവൂരിനും പല കമ്പ്യൂട്ടർ കോഴ്സുകളും പഠിപ്പിക്കുകയും ചെയ്തിരുന്നു. അറബി ഡിടിപി ചെയ്യാനും അദ്ദേഹമാണ് പഠിപ്പിച്ചു തന്നത്. വെറും വാക്കുകളെ കൊണ്ട് മാത്രം പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത ഗോളശാസ്ത്രം പ്രായോഗിക രീതിയിലേക്ക് പരിവർത്തിപ്പിച്ച അദ്ദേഹത്തിന്റെ കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്.
ഞാൻ സൗത്ത് പല്ലാർ മദ്രസയുടെ ചെറിയ ഖാദിമായി പ്രവർത്തിച്ചിരുന്ന കാലത്ത് പുതിയ കെട്ടിടം ഉണ്ടാക്കി സുൽത്താനുൽ ഉലമയെ ഉദ്ഘാടനത്തിന് ക്ഷണിച്ച വിപുലമായ ഒരു സമ്മേളനം നടത്തിയിരുന്നു. അന്ന് പുറത്തിറക്കിയ മദ്രസയുടെയും നാടിന്റെയും പൂർണ്ണമായ ചരിത്രം ഉൾക്കൊള്ളുന്ന “ജാലകം” എന്ന പേരിലുള്ള ഒരു സമ്മേളന സുവനീർ അദ്ദേഹമാണ് പൂർണ്ണമായും ഡി ടി പി ചെയ്തതും കവർ ഡിസൈൻ ചെയ്തതും.
മർഹൂം തിരൂരങ്ങാടി ബാപ്പു ഉസ്താദ് രചിച്ച ഖസ്വീദതു നുഅ്മാനിയ്യയുടെ മുഖമ്മസിന് വിനീതൻ എഴുതിയ വ്യാഖ്യാനം പുറത്തിറക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ തന്നതും പരിപൂർണമായ സഹായം നൽകിയതും പ്രേരിപ്പിച്ചതും ബഹുമാനപ്പെട്ട അഗത്തി ഉസ്താദ് തന്നെയായിരുന്നു. “നിങ്ങൾ ഇത്തരം കിതാബുകൾ ഒന്നും രചിച്ചാൽ പോരാ , നിങ്ങളിൽ നിന്ന് ഇതിലേറെ ഗഹനമായ രചനകൾ ആണ് സമൂഹം പ്രതീക്ഷിക്കുന്നത്” എന്നെല്ലാം പറഞ്ഞ് അദ്ദേഹം വളരെയധികം പ്രോത്സാഹിപ്പിക്കുമായിരുന്നു. അത്തരം വിഷയങ്ങളിലേക്ക് ഇറങ്ങാത്തതിന് കുറ്റപ്പെടുത്തുകയും ശാസിക്കുകയും ഒക്കെ അദ്ദേഹം ചെയ്യാറുണ്ടായിരുന്നു.
മറ്റൊരിക്കൽ അഗത്തിയിൽ ഒരു വിപുലമായ സുന്നി സമ്മേളനം സംഘടിപ്പിച്ച് കേരളത്തിലെ സമസ്തയുടെ പ്രഗത്ഭരായ പണ്ഡിതന്മാരെ ക്ഷണിച്ച കൂട്ടത്തിൽ എന്നെയും ഉസ്താദുമാരെയും ചെമ്മാട് പഠിക്കുന്ന മുതിർന്നവരായ ചില വിദ്യാർത്ഥികളെയും അദ്ദേഹം ക്ഷണിച്ചിരുന്നു. യാത്രക്കാവശ്യമായ എല്ലാ ചിലവുകളും അവർ തന്നെയായിരുന്നു വഹിച്ചിരുന്നത്. അന്ന് സമ്മേളനത്തിൽ പങ്കെടുപ്പിക്കുകയും അഗത്തിയും പരിസരപ്രദേശങ്ങളും കാണിക്കുകയും പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അതിനുവേണ്ടി അദ്ദേഹം വലിയ ത്യാഗം തന്നെ ചെയ്തത് ഇന്നലെ കഴിഞ്ഞതുപോലെ ഓർത്തു പോവുകയാണ്.
എന്ത് രോഗം ഉണ്ടായാലും പ്രയാസമുണ്ടായാലും കിതാബുമായി നിരന്തരം ഇടപെട്ട് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പുതിയ പാഠ്യ സംവിധാനങ്ങൾ ആവിഷ്കരിക്കുന്നതും വൈജ്ഞാനിക സേവനങ്ങളിൽ വ്യാപൃതനാവുന്നതും അദ്ദേഹത്തിന്റെ പതിവായിരുന്നു. ഇങ്ങനെ ത്യാഗം ചെയ്യുമ്പോൾ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കണം എന്ന് പറയുന്നവരോട് ചിരിച്ചുകൊണ്ട് അദ്ദേഹം പ്രതികരിക്കും “വിശ്രമം ഖബറിലാണ്, നമുക്ക് അവിടെ പോയി വിശ്രമിക്കാം”.
എപ്പോൾ കണ്ടാലും പൗരാണിക രചനകളുടെ കയ്യെഴുത്ത് പ്രതികളോ മറ്റോ ഉണ്ടോ എന്ന് അന്വേഷിക്കും. ഉണ്ടെങ്കിൽ എന്ത് ത്യാഗം സഹിച്ചും അത് നേടിയെടുക്കാൻ അദ്ദേഹം ശ്രമിക്കും. അത് പ്രിന്റ് ചെയ്യാനും പുറത്തിറക്കാനും ആവശ്യമായ എന്തൊക്കെ ത്യാഗം സഹിക്കാനും അദ്ദേഹം തയ്യാറായിരുന്നു. വളപ്പിൽ അബ്ദുൽ അസീസ് ശൈഖ് രചിച്ച ബദ്ർ മൗലിദും മറ്റും ഉദാഹരണം.
23 കൊല്ലം അനുചരന്മാരെയോ കുട്ടികളെയോ ഭാര്യമാരെയോ അടിക്കാതെ ചീത്ത പറയാതെ അധ്യാപനം നടത്തിയ മുത്ത് നബിയാണ് നമ്മുടെ മാതൃക എന്ന് പറയുകയുമായിരുന്നു. അരീക്കോട് ഭാഗത്തുള്ള ഒരു ഉസ്താദ് എനിക്കുണ്ട്. അവർ അങ്ങനെയാണെന്ന് പറയുകയും മക്കളെയും പേരമക്കളെയും അടിക്കാതെയും ചീത്ത പറയാതെയും വളർത്തുകയും അതാണ് ഇത്തിബാഉന്നബി എന്ന് പറഞ്ഞ് തോളിൽ കൈവെച്ച് സംസാരിക്കുമായിരുന്നു. ഈ വിധം നബിചര്യയുടെ അനുധാവനം അദ്ദേഹം വളരെയേറെ ശ്രദ്ധിക്കുമായിരുന്നു. അൽ ഇദ്ദിഹാനു ഇഗിബ്ബൻ, ഒന്നിടവിട്ട ദിവസം എണ്ണ പുരട്ടൽ തിരുസുന്നത് ആയതിനാൽ കുളി കഴിഞ്ഞതിനുശേഷം തലയിൽ എണ്ണ തേച്ച് ഇത് മുത്ത് നബിയുടെ സുന്നത്താണെന്ന് പറയുമായിരുന്നു.
മിസ്വാക്ക് ചെയ്യൽ, തലയിൽ എണ്ണ പുരട്ടൽ , സുഗന്ധം ഉപയോഗിക്കൽ, തലപ്പാവ് ധരിക്കൽ തുടങ്ങിയ സുന്നത്തുകൾ എല്ലാം ജീവിതത്തിന്റെ ഒരു ഭാഗമായി അദ്ദേഹം തുന്നിച്ചേർത്തിരുന്നു. തന്റെ ജീവിതത്തിൽ സാധ്യമാകുന്നത്ര തിരുചര്യകൾ അദ്ദേഹം ശ്രദ്ധിച്ചു പോന്നിരുന്നു.
ഒരു മാസത്തോളം എന്റെ വീട്ടിൽ താമസിക്കുകയും ചെമ്മാട് ദർസിൽ പലപ്രാവശ്യം വരികയും മറ്റു പലപ്പോഴും പല ഇടപാടുകളും നടത്തിയിട്ടും ഒരിക്കൽ പോലും സാമ്പത്തിക പരാധീനതകളോ പണമുണ്ടാക്കാനുള്ള മാർഗങ്ങളോ സംസാരിക്കാത്ത പൂർണ്ണമായി നിഷ്കളങ്കനായ ഒരു പണ്ഡിതനായിരുന്നു അദ്ദേഹം. തീർത്തും ഉഖ്റവിയായ ഒരു പരിത്യാഗി യുടെയും പണ്ഡിതന്റെയും സൽസ്വഭാവിയുടെയും എല്ലാ ഗുണങ്ങളും മേളിച്ച ഒരു മഹാപണ്ഡിതൻ ആയിട്ടാണ് എനിക്ക് അദ്ദേഹത്തെ ബോധ്യപ്പെട്ടത്. അല്ലാഹു അദ്ദേഹത്തെയും നമ്മെയും അവന്റെ സ്വർഗീയ ലോകത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ – ആമീൻ.
ഹസൻ ബാഖവി പല്ലാർ


