അനന്തരം, ഉസ്താദിനൊരു ഫോർമുലയുണ്ടായിരുന്നു

ഉസ്താദ് നിലനിർത്തിയ ബന്ധങ്ങളിൽ ഏറ്റവും ആഴമേറിയതും കാമ്പുള്ളതും വൈജ്ഞാനിക മേഖലയിൽ ഉസ്താദിനോട് ബന്ധപ്പെട്ടവരോട് കൂടെയുള്ളതാണ്. ആ ബന്ധങ്ങളിൽ ഏർപ്പെട്ടവരുടെ വാക്കുകളിൽ നിന്ന് അത് തെളിയുന്നുണ്ട്. പ്രത്യേകിച്ച് ഉസ്താദിന്റെ മാസ്റ്റർപീസും ഇഷ്ടവിഷയവുമായ ഗോളശാസ്ത്രവും അനന്തരാവകാശ ശാസ്ത്രവുമാകുമ്പോൾ അത് കൂടുതൽ ദൃഢമാകും. ആ ഭാഗ്യം ലഭിച്ചവരിൽ ഒരാളാണ് വിനീതൻ. കേവലം ഒരു കച്ചിത്തുരുമ്പായി തുടങ്ങിയ ബന്ധം പിന്നീട് എത്രമേൽ ഹൃദ്യവും മാധുര്യമുള്ളതുമായെന്ന് ഈ നിമിഷവും ഓർക്കുന്നു.

        ഉസ്താദ് ഇൽമുൽ ഫറാഇളിൽ തന്റെ എല്ലാ സമയവും ചിലവഴിച്ച സമയം. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നെല്ലാം പരക്കെ ഫറാഇളിന്റെ ഭാഗം പരതി ക്രമപ്പെടുത്തി വിദ്യാർഥികൾക്ക് വളരെ വേഗത്തിൽ ബുദ്ധിമുട്ടില്ലാതെ പൂർണ്ണമായും മനസ്സിലാക്കാവുന്ന രീതി ആവിഷ്‌കരിക്കുകയാണ് ഉസ്താദ്. മഹല്ലിയുടെ ഫറാഇള് ഭാഗത്തിന് ഹാമിഷ് തയാറാക്കാൻ ഉസ്താദിന് അതിയായ ആഗ്രഹം. കമ്പ്യൂട്ടറും ടൈപ്പിങ്ങും ഒന്നും സുലഭമാകാത്ത സമയമാണ്. ഇത് എങ്ങനെ എഴുതിക്കുമെന്ന അന്വേഷണത്തിനൊടുവിൽ തന്റെ ചെലവ് വീട്ടുകാരൻ മണ്ഡലത്ത് സലാം മുസ്‌ലിയാർ എഴുതാൻ പറ്റിയ ഒരാളെ കാണിച്ചു തരാം എന്ന് പറഞ്ഞു വിനീതനെ കാണിച്ച് കൊടുക്കുകയായിരുന്നു. അന്ന് ഓമച്ചപ്പുഴ ദർസിൽ ഓതുന്ന കാലമാണ്. പിന്നീട് ഉസ്താദ് എല്ലാ ആഴ്ചയും എൻ്റെ അടുത്ത് വന്ന് എഴുത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുകയും നാട്ടിൽ പോയി വരുന്ന സമയമാണെങ്കിൽ ദ്വീപിലെ സ്പെഷ്യൽ ഭക്ഷണങ്ങളെല്ലാം കൊണ്ട് തരും. എഴുതിത്തീരുന്നത് വരെ ഇത് തുടർന്നു. പൂർത്തിയായപ്പോൾ അന്നത്തെ (ഏകദേശം 96ൽ ) 500 രൂപ ഉസ്താദ് നൽകി. അവിടെ നിന്ന് തുടങ്ങിയ ബന്ധമാണ്. പിന്നീട് വഫാത്താകുവോളം ആ ബന്ധം നിലനിർത്തി. ഒരുപാട് യാത്രകളും മറ്റു വിജ്ഞാനപരമായ വിഷയങ്ങളെല്ലാം സദാസമയവും പരസ്പരം പങ്കിട്ടു.

        ഉസ്താദ് തേടി പിടിച്ച് കണ്ടെത്തുന്ന അടിച്ചിറക്കാത്ത കിതാബുകൾ ലഭിച്ചാൽ ഉടനെ എനിക്കും നൽകും. ഉസ്താദ് അങ്ങനെയാണ്. വിജ്ഞാന പരമായി തനിക്ക് ആരെയെങ്കിലും ഇഷ്ടപെട്ടാൽ അവരെ സ്വർഗത്തിലേക്കെത്തിക്കും വരെ ഉസ്താദ് പിന്തുടരുകയും ബന്ധപ്പെടുകയും ചെയ്യും.

    Muslim Educational Society (MES) എന്ന സംഘടന സംഘടിപ്പിച്ച മുജാഹിദ് വിഭാഗത്തിൻ്റെയും ജമാഅത്തെ ഇസ്ലാമിയുടെയും സമസ്ത ഇ.കെ വിഭാഗത്തിന്റെയും പ്രതിനിധികൾ ഒരുമിച്ച് നിസ്ക്കാര സമയങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിൽ കാലങ്ങളായി മുജാഹിദടക്കമുള്ളവർ ഉപയോഗിക്കുന്ന ‘ആക്ക്യുറേറ്റ് ടൈംസ്’ എന്ന ആപ്ലിക്കേഷനിൽ അപ്ഡേഷൻ നടക്കുന്നില്ലെന്നും അതുകാരണം 500 കൊല്ലത്തെ മൈലുശംസ് (സൂര്യൻ്റെ ചരിവ്) ഒന്നാണെന്നും തന്മൂലം പിഴവുകൾ വരുമെന്നും ഉസ്താദ് പ്രസ്താവിച്ചു. മാത്രമല്ല, ചിലർ കേരളത്തെ പോലെയാണ് ദീപുകളിലും മാസപ്പിറവി തീരുമാനിക്കുന്നത്. അഗത്തി ദീപിലും കേരളത്തിലും അസ്തമയം വ്യത്യാസപ്പെടുന്നുണ്ടെന്നും കേരളത്തിൽ അസ്തമിക്കുമ്പോൾ അഗത്തിയിൽ അസ്‌തമിക്കാതിരുന്നത് തെളിയിച്ചിട്ടുണ്ടെന്നുമുള്ള

ചുള്ളിക്കോട് ഉസ്താദിന്റെ പ്രസിദ്ധമായ വിശദീകരണവും അഗത്തി ഉസ്താദിന്റെ ഈ ചർച്ചയിലെ പ്രസ്താവനയിൽ നിന്നെടുത്തതാണ്. പിന്നീട് 2014 ൽ ഉസ്താദ് മുഴുവൻ സംഘടനകൾക്കും കാര്യം മനസ്സിലാകാൻ വേണ്ടി ‘നിസ്കാരസമയം ‘ എന്ന പുസ്തകം എഴുതിയിറക്കി. ‘ഈ പുസ്തകം വായിച്ചിട്ടും നിങ്ങൾക്ക് നിസ്കാര സമയം കാണാൻ സാധിക്കുന്നില്ലെങ്കിൽ..’എന്ന് പറഞ്ഞാണ് ഉസ്താദ് ആ പുസ്തകം അവസാനിപ്പിക്കുന്നത്.

അതിൽ ‘നിസ്ക്കാരസമയം കമ്പ്യൂട്ടറിൽ’എന്ന വിഷയം ഉസ്താദിന്റെ നിർദ്ദേശ പ്രകാരം ചെയ്യുകയുണ്ടായി. അങ്ങനെ അത് സംബന്ധിയായി ഒരുപാട് കാര്യങ്ങൾ ഉസ്താദ് എനിക്ക് പറഞ്ഞു തരുകയും ചെയ്തു.

ഉസ്താദ് കോടങ്ങത്ത് ജുമുഅത് പള്ളിയിൽ ഓതുന്ന കാലം. എൻ്റെ നാട്ടിലാണ്. ഉസ്താദിന്റെ ചെലവ് വീട്ടുകാരൻ മണ്ഡലത് സലാം മുസ്‌ലിയാർ മലയാള എഴുത്തിൽ വലിയ കഴിവുള്ളവരായിരുന്നു. ആ സമയത്ത് ഞാൻ സ്വന്തമായി അറബി എഴുത്ത് പഠിക്കാനുള്ള ശ്രമങ്ങൾ നടത്തി. വ്യത്യസ്ത ഖത്തുകൾ(എഴുത്ത് രീതികൾ) പരിശീലിച്ചു. (അതുകൊണ്ടാണ് മഹല്ലിക്ക് ഹാമിഷ് എഴുതാൻ സലാം മുസ്‌ലിയാർ ഉസ്താദിന് എന്നെ പരിചയപ്പെടുത്തി കൊടുത്തത് )

അന്ന് എപ്പോഴും ഉസ്താദിന്റെ കയ്യിൽ സയൻ്റിഫിക് കൽകുലേറ്റർ ഉണ്ടാകും. ദർസിൽ നിന്ന് ചെലവ് വീട്ടിലേക്ക് നടക്കുന്ന പത്തു മിനിറ്റ് ഉസ്താദ് കൽകുലേറ്ററിലായിരിക്കും. ഉസ്താദിന്റെ തന്നെ നാട്ടിലെ ഒരു തങ്ങളിൽ നിന്നായിരുന്നു അതിന്റെ ആരംഭം. പിന്നീട് ഉസ്താദ് സ്വയം പരിപോഷിപ്പിച്ചെടുക്കുകയായിരുന്നു. അതിലെ ഓരോ ബട്ടണും എന്തിനാണെന്നെല്ലാം ഉസ്താദ് ആഴത്തിൽ പഠിച്ചെടുത്തു.

ഓരോ മോഡുകളും അതിന്റെ ഉപമോഡുകളും അമർത്തി ഉസ്താദ് പഠിച്ചു. ഫറാഇളിന്റെ മസ്അലകൾ കൽകുലേറ്ററിൽ നിഷ്പ്രയാസം ചെയ്തു. ശതമാനം കാണുന്ന രീതിയിലൂടെ ഓരോ വ്യക്തികൾക്കും എത്രയെന്ന് സ്വത്തുമായി ഗുണിച്ച് കണ്ടെത്തുന്ന രീതി മനസ്സിലാക്കി. ഈ രീതിയിൽ ചെയ്യുന്ന വേറൊരാളും അന്നില്ലായിരുന്നു. അന്ന് ഉസ്താദിൽ നിന്ന് അവ പഠിക്കുകയും കൽകുലേറ്റർ സംബന്ധിച്ച ഒരുപാട് സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്തു. അതിൽ സ്വിഫ്ട് rnd എന്ന ബട്ടൺ പ്രസ് ചെയ്താൽ റാൻഡം നമ്പറാണ് വരിക. അടുത്ത ടച്ചിൽ മറ്റൊരു നമ്പർ ആയിരിക്കും. ഈ കീ എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകാതെ വന്നപ്പോൾ ഉസ്താദിനോട് ചോദിച്ചു. ‘നമ്മൾ ഖുർആനിലൊക്കെ പെട്ടെന്ന് ഒരു പേജ് മറിച്ച് ആ നമ്പർ എടുത്ത് ഫള്ൽ കണ്ടെത്തും പോലെ ഇതിൽ ഫള്ൽ കണ്ടെത്താനുള്ള ഓപ്ഷൻ ആയിരിക്കും’ എന്നായിരുന്നു ഉസ്താദിന്റെ മറുപടി. പിന്നീടാണ് ഉസ്താദ് കൽകുലേറ്ററിനെ സംബന്ധിച്ച പുസ്തകം എഴുതുന്നത്. അതിൽ ഉസ്താദ് യഥാർത്ഥ കാരണം പറഞ്ഞിട്ടുണ്ടാകാം.

ഉമ്മക്കും ഉസ്താദിനെ വളരെ വലിയ കാര്യമായിരുന്നു. ആ വേറിട്ട, ചിരിച്ചു കൊണ്ടുള്ള സംസാരം ആരെയും സന്തോഷിപ്പിക്കുന്നതും അശ്വസിപ്പിക്കുന്നതുമായിരുന്നു. ഉസ്താദിന്റെ വീട്ടിലേക്കുള്ള വരവ് എപ്പോഴും തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ 99 ൽ ബാഖിയാത്തിൽ പഠിക്കുന്ന സമയം ഉസ്താദ് ഒരിക്കൽ വീട്ടിൽ വന്നു. അന്ന് രിസാലത്തുൽ മാറദീനിയെ കുറിച്ച് അതിയായി താല്പര്യം പ്രകടിപ്പിച്ചപ്പോൾ ഉസ്താദ് കാൽക് ബട്ടൺ ഉള്ള ഒരു കാൽക്കുലേറ്റർ വാങ്ങിപ്പിക്കുകയും ജയ്ബ് എന്നത് ‘സൈൻ’ ആണെന്നും ജയ്ബ് തമാം എന്നത് ‘കോസ്’ ആണെന്നും തുടങ്ങി ശതമാനമെടുക്കുന്നതും എല്ലാം എൻ്റെ നോട്ടു പുസ്തകത്തിൽ ലളിതമായ രൂപത്തിൽ ഉസ്താദ് എഴുതി തന്നു. അത് സ്വായത്തമാക്കിയതോടെ എൻ്റെ പഠനങ്ങൾ വേറെ ഒരു രീതിയിലേക്ക് മാറുകയും വിഷയത്തിൽ വളരെയധികം താല്പര്യമുളവാക്കി തീർക്കുകയും ചെയ്തു . അതടിസ്ഥാനത്തിൽ ബാഖിയാത്തിൽ കൂടുതൽ പഠിക്കുകയും ബാഖിയത്തിലെ ഉസ്താദ് കമാലുദ്ധീൻ ഹസ്രത്തിന്റെ ‘ഹിദായത്തുൽ ഔഖാത് ‘എന്ന ഗ്രന്ഥം കൊണ്ടു വന്ന് ഒരു കോപ്പി ഉസ്താദിന് നൽകുകയും ചെയ്തു.

പിന്നീടൊരിക്കൽ ഉസ്താദ് കമാലുദ്ധീൻ ഹസ്രത്തിന്റെ സബ്ഖിൽ ഹിദായത്തുൽ ഔഖാത്തിൽ നിസ്ഫുൽ ഫള്ൽ കാണാനുള്ള മറ്റൊരു രൂപം ഞാനെങ്ങനെ കണ്ടെത്തി എന്ന് വരച്ച് കാണിക്കുന്നവർക്ക് 50 രൂപ നൽകും എന്ന് ഉസ്താദ് പ്രഖ്യാപിക്കുകയുണ്ടായി. ആ സമയം ശരിയാണെന്ന് ഉറപ്പൊന്നുമില്ലെങ്കിലും അഗത്തി ഉസ്താദിൽ നിന്ന് നേടിയെടുത്ത ആർജവത്തിൽ വരച്ച് വിശദമായി എഴുതി ഉസ്താദിന്റെ റൂമിൽ ചെന്ന് നൽകി. ഉസ്താദ് ഒന്നും പറയാതെ വാങ്ങി വെച്ചു. മറ്റൊരു മുതഅല്ലിമും കൊണ്ടുപോയി കൊടുത്തു. പിറ്റേ ദിവസം ഉസ്താദ് സബ്ഖിൽ വന്ന് ‘ഞാനൊരു കാര്യം പറഞ്ഞിട്ട് ഇത്രയും ആൾക്കാർ ഉണ്ടായിട്ടും ആകെ രണ്ടാളാണിപ്പോൾ ചെയ്തത്’ എന്ന് പറഞ്ഞു. എന്നിട്ട് മറ്റേ മുതഅല്ലിമിന്റെ പേപ്പർ എടുത്ത് ഇയാൾ എന്താ ചെയ്തത് എനിക്കറിയില്ല, ഇയാൾക്കറിയായിരിക്കും” എന്നുപറഞ്ഞ് ആ സുഹൃത്തിനു നേരെ നീട്ടി. പിന്നീട് എൻ്റെ പേപ്പർ എടുത്ത് ‘ഇതാണ് അതിന്റെ ഉത്തരം, ഇത് വളരെ നന്നായിരിക്കുന്നു’ എന്ന് പറഞ്ഞു എന്നെ വിളിക്കുകയും ഉസ്താദ് പ്രഖ്യാപിച്ച 50 രൂപ നീട്ടുകയും മടിച്ചു നിന്നപ്പോൾ ഇത് നിന്റെ ഹഖാണ്, നീ വാങ്ങുക തന്നെ വേണം എന്ന് തറപ്പിച്ചു പറയുകയും ചെയ്തു. ഈ ബഹുമതിക്കെല്ലാം കാരണം അഗത്തി ഉസ്താദ് തന്നെ ആയിരുന്നു.

പിന്നീട് നിസ്കാര സമയനിർണയവുമായി ബന്ധപ്പെട്ട് എപ്പോഴും ഉസ്താദുമായി വിവരാന്വേഷണം നടത്തുകയും ഒരിക്കൽ ഉസ്താദിന്റെ ഫോർമുല വെച്ച് സമയം കണക്കാക്കുന്നതിൽ ഞാനൊരു ബൈത് കിതാബ് രചിക്കട്ടെ എന്ന് ഉസ്താദിനോട് സമ്മതം ചോദിച്ചു. അത് 42 വരിയായിരിക്കണം എന്നുപറഞ്ഞ് ഉസ്താദ് സമ്മതം നൽകുകയും ചെയ്തു. അങ്ങനെ انقع الطرقات في احتساب الجد والأوقات എന്ന പേരിൽ 42 വരിയിൽ കിതാബ് എഴുതുകയും ഉസ്താദിന് അവിടെ വന്ന് കാണിച്ച് കൊടുക്കുകയും മുസ്വന്നിഫിന്റെ അടുത്ത് നിന്ന് തന്നെ കുട്ടികൾ പഠിക്കട്ടെ എന്ന് പറഞ്ഞ് മഅദിനിലെ കുട്ടികൾക്ക് ഓതി കൊടുക്കാൻ കൽപ്പിക്കുകയും ചെയ്തു.

ആഴമേറിയ ബന്ധമാണ് ഉസ്താദുമായിട്ടുള്ളത്. അത്യധികം അത്ഭുതപ്പെടുത്തുന്ന ചിന്തയാണ് ഉസ്താദിന്റേത്. എവിടെയെല്ലാം മറഞ്ഞ വിജ്ഞാനങ്ങളുണ്ടോ അതെല്ലാം പുറത്തു കൊണ്ടുവരാൻ ഉസ്താദ് നല്ലവണ്ണം പരിശ്രമിച്ചു. ഇൽമ് പഠിപ്പിച്ചു കൊടുക്കുന്നതിൽ ഒട്ടും പിശുക്കില്ല. എന്നാൽ വായിൽ വെച്ച് കൊടുക്കാൻ പറ്റിയ പാത്രമാണെങ്കിലേ നൽകുകയുള്ളു. അത് പിശുക്കായിരുന്നില്ല. ഇത് അവന് കിട്ടിയിട്ട് ഉപകാരമില്ല എന്നറിഞ്ഞാൽ പിന്നെ എന്തിനാണ് നൽകുന്നത്..? എന്നായിരുന്നു ഉസ്താദിന്. ഉസ്താദിന് എല്ലാത്തിനും ഒരു ഫോർമുലയുണ്ടായിരുന്നു.

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!