എഴുതിത്തീരാതെ..

ഒരു കമ്മ്യൂണിറ്റിയുടെ ആശയങ്ങൾ സംരക്ഷിക്കപ്പെടുന്നതും സംസ്കാരങ്ങൾ കൈമാറ്റം ചെയ്യുന്നതും പ്രധാനമായും രചനകളിലൂടെയാണ്. ഇസ്ലാമിൽ അതിന് വളരെ വലിയ പ്രാധാന്യമുണ്ടല്ലോ. ഒരുപക്ഷേ ചില ആശയങ്ങളും വിവരങ്ങളും ഭാവി തലമുറയ്ക്ക് നഷ്ടപ്പെടുന്നത് പൂർവിക ഗ്രന്ഥങ്ങൾ സംരക്ഷിക്കപ്പെടാത്തതു മൂലമാണ്. കേരളത്തിൽ ഇത് കൂടുതൽ പ്രതിഫലിച്ചിട്ടുണ്ട്. കേരളത്തിലെ ഇസ്ലാമിക ആഗമനത്തെ കുറിച്ചുള്ള വ്യക്തമായ രേഖയില്ലാത്തത് ചരിത്രം രേഖപ്പെടുത്തി വെക്കാതിരിക്കുകയോ അല്ലെങ്കിൽ രേഖപ്പെടുത്തപ്പെട്ടവ സംരക്ഷിക്കപ്പെടാത്തതു കൊണ്ടോ ആണല്ലോ.

ഒരു സമൂഹം മുഖ്യമായി കാണുന്ന കാര്യങ്ങൾ രേഖപ്പെടുത്തുകയും അവകൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നത് വളരെ വലിയ ദൗത്യമാണ്. ശാഫിഈ കർമ്മശാസ്ത്രത്തിലെ വിഖ്യാത്യ ഗ്രന്ഥമായ ഫത്ഹുൽ മുഈൻ വെളിച്ചം കാണുന്നത് വർഷങ്ങൾക്ക് ശേഷമായിരുന്നല്ലോ. കിതാബിന്റെ രചയിതാവ് സൈനുദ്ദീൻ മഖ്ദൂം തങ്ങൾ ആണെന്നതിന് വിശ്വാസ യോഗ്യമായ രേഖകളൊന്നും ലഭ്യമല്ല. ഇതുപോലെ ധാരാളം ഉദാഹരണങ്ങൾ കേരളീയ പരിസരത്തുണ്ട്.

ഈയൊരു വലിയ ദൗത്യത്തിൽ മഹാനായ അഗത്തി ഉസ്താദ് കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നു. സംരക്ഷിക്കപ്പെടാതെ നശിച്ചു പോകേണ്ടിയിരുന്ന, ഒരിക്കലും വെളിച്ചം കാണാതിരിക്കേണ്ട പല ഗ്രന്ഥങ്ങളെയും പുനരുജ്ജീവിപ്പിക്കുക വഴി കേരളീയ മുസ്ലിം സമൂഹത്തിൻ്റെ ആചാര അനുഷ്ഠാനങ്ങൾ ഭാവി തലമുറയിലേക്ക് കൈമാറ്റം ചെയ്യുകയായിരുന്നു ഉസ്താദ്.

കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇതിനായി ഉസ്താദ് സഞ്ചരിച്ചിട്ടുണ്ട്. അനേകം ലൈബ്രറികളും വീടുകളും സന്ദർശിച്ച് അവിടെയുള്ള മഖ്ത്വൂതുകൾ (കയ്യെഴുത്ത് പ്രതികൾ) ശേഖരിക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ പ്രഥമ യജ്ഞം. വളപ്പട്ടണം, കായൽ പട്ടണം, കുറ്റിച്ചിറ, ചാലിയം തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് ഉസ്താദ് ഇതിനായി യാത്ര ചെയ്തിരുന്നത്. ഇവിടങ്ങളിലുള്ള ഗ്രന്ഥങ്ങൾക്കും കയ്യെഴുത്ത് പ്രതികൾക്കും വ്യക്തമായ രേഖകളും കാറ്റലോഗും ഇല്ലാത്തത് ഒരു പ്രതിസന്ധിയായിരുന്നു. ഇത്തരം സ്ഥലങ്ങളിൽ പോയി അവിടെയുള്ള മൂല്യവത്തായ ഗ്രന്ഥങ്ങൾ ഡിജിറ്റലൈസ് ചെയ്യുകയും തന്റേതായ പരിശ്രമത്തിൽ അവകൾക്കെല്ലാം കാറ്റലോഗ് നിർമ്മിക്കാനും ഉസ്താദ് പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. കുറ്റിച്ചിറയിലെ മിസ്കാൽ പള്ളിയിലെ ചരിത്ര സൂക്ഷിപ്പുകൾ ഡിജിറ്റലൈസ് ചെയ്യുകയും അതിന്റെ അധികാരികൾക്ക് അവ കൈമാറുകയും ചെയ്തത് വർഷങ്ങൾക്കു മുമ്പാണ്.

കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം മൗലിദുകൾ സജീവമാണല്ലോ. തമിഴ്നാട്ടിലെ കായൽപട്ടണത്ത് മൗലിദുകൾക്ക് വലിയ സ്ഥാനമാണ്. അവിടെയുള്ള ആളുകൾ അതൊക്കെ സംരക്ഷിക്കാറുണ്ട്. നമ്മളെല്ലാം പതിവായി ചൊല്ലുന്ന മൗലിദുകൾ, ഖസീദകൾ എന്നിവയുടെയൊക്കെ വ്യത്യസ്ത പതിപ്പുകൾ കായൽപട്ടണത്തെ വിവിധ ലൈബ്രറികളിലും വീടുകളിലും ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. ഇതെല്ലാം ശേഖരിക്കുക എന്ന ലക്ഷ്യത്തിൽ രണ്ടുവർഷം മുമ്പ് ഉസ്താദ് കായൽ പട്ടണത്ത് അഞ്ചു ദിവസത്തെ പര്യടനം നടത്തിയിരുന്നു. പല മൗലിദുകളും, ഖസീദകളും മറ്റു ഗ്രന്ഥങ്ങളും അവിടെ നിന്ന് സ്വരൂപിച്ചിട്ടുണ്ട്. അവയെല്ലാം സ്കാൻ ചെയ്ത് സോഫ്റ്റ് കോപ്പിയാക്കുകയും ആവശ്യമായവ ടൈപ്പ് ചെയ്തു അതിന് ആവശ്യമായ ടിപ്പണികൾ (അടിക്കുറിപ്പുകൾ) നൽകി സൂക്ഷിക്കാറുണ്ട്. ഇതിനായി ഉസ്താദിന്റെ റൂമിൽ തന്നെ കമ്പ്യൂട്ടറും പ്രിന്ററുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അവ ആധികാരികതയോടെ ആകണമെന്നാണ് ഉസ്താദിന്റെ ഭാഷ്യം. അതിനായി ഒരു കിതാബിന്റെ തന്നെ വ്യത്യസ്ത കോപ്പികൾ സംഘടിപ്പിക്കും. ചിലത് ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകും. കൂടുതൽ കയ്യെഴുത്ത് പ്രതികളും അങ്ങനെയായിരുന്നില്ല. അവകളൊന്നും ഡിജിറ്റൽ ചെയ്തിരുന്നില്ല എന്നത് തന്നെയാണ് കാരണം. വിവിധ അറബ് – അറബിയിതര രാജ്യങ്ങളിലെ ലൈബ്രറികളിലൊക്കെയാണ് ഇവ സൂക്ഷിച്ചുവെക്കുക. അവിടങ്ങളിൽ നിന്ന് ഗ്രന്ഥങ്ങൾ സംഘടിപ്പിക്കൽ വലിയ പ്രയാസമാണ്. ഉസ്താദ് ഉദ്ദേശിക്കുന്ന ഗ്രന്ഥത്തിന്റെ കോപ്പി മറ്റു രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളിലോ ലൈബ്രറികളിലോ ഉണ്ടെന്നറിഞ്ഞാൽ അത് കിട്ടാനുള്ള എല്ലാ വഴിയും ഉസ്താദ് തേടും. പല രാജ്യങ്ങളിലും പരിചയമുള്ള പഠിക്കുന്നവരോ ജോലി ചെയ്യുന്നവരോ ആയ മലയാളികൾ ഉണ്ടാകും. അവരോടാണ് പലപ്പോഴും ഉസ്താദ് ഈ ആവശ്യങ്ങളെല്ലാം പറഞ്ഞിരുന്നത്.

ശാദുലി ഹൽഖകളെ എതിർക്കുന്നവർക്കെതിരെ കോഴിക്കോട് അബൂബക്കർ കുഞ്ഞി ഖാളി എന്നവർ ‘തൻവീറു തൽഖീഹാത്ത്’ എന്ന കിതാബ് എഴുതിയിട്ടുണ്ട്. അത് ഇത് വരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. വിവരമറിഞ്ഞ് ഉസ്താദ് അതിന്റെ കോപ്പികൾ അന്വേഷിച്ചു. ലൈഡൻ യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിൽ ഉണ്ടെന്നാണ് അവസാനമറിഞ്ഞത്. അവരുടെ സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ പറ്റും. ഒരു കേരളീയ പണ്ഡിതന്റെ കിതാബിന്റെ കയ്യെഴുത്ത് പ്രതി എങ്ങനെ ഹോളണ്ടിൽ എത്തി എന്ന് ചിന്തനീയമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ഇത്തരത്തിൽ ഇനിയും ഗ്രന്ഥങ്ങൾ നാടുകടത്തപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതാണെന്ന് ഉസ്താദ് പറഞ്ഞു. ആ കോപ്പി ലഭിച്ച ഉടനെ കുട്ടികളെയും വെച്ച് അത് ടൈപ്പ് ചെയ്തു ടിപ്പണി തയ്യാറാക്കി.

ചില കോപ്പികൾ കിട്ടണമെങ്കിൽ പണം കൊടുക്കേണ്ടിവരും. മറവിയും ദാരിദ്ര്യവും ഉണ്ടാക്കാൻ ഇടയാകുന്ന കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ‘ഖലാഇദുൽ ഇഖ്‌യാൻ’ എന്ന കിത്താബ് ഉസ്താദ് ടിപ്പണി ചെയ്യുമ്പോൾ അതിന്റെ അവസാനഭാഗത്ത് ഒരു വാക്ക് വായിക്കാൻ ബുദ്ധിമുട്ടി. പലരോടും അന്വേഷിച്ചിട്ടും തൃപ്പതികരമായ മറുപടി ലഭിച്ചില്ല. പിന്നീട് അതിന്റെ കോപ്പികളെ കുറിച്ച് അന്വേഷിച്ചപ്പോൾ യമനിലെ ‘മക്തബത്തുൽ ഔഖാഫിൽ’ ഉണ്ടെന്ന് അറിഞ്ഞു. എന്നാൽ അത് ലഭിക്കാൻ പന്ത്രണ്ടായിരം രൂപ കൊടുക്കണം . ഒട്ടും മടിക്കാതെ പണം നൽകി ഉസ്താദത് വാങ്ങി. അന്ന് അവിടെ പഠിച്ചിരുന്ന അഹമ്മദ് കബീർ അദനിയായിരുന്നു കിത്താബ് സംഘടിപ്പിച്ചത്. എന്നിട്ടും ആ പദം വായിക്കാനായില്ല. കിതാബിന്റെ 56-ാം പേജിൽ ആ വാക്ക് അതുപോലെ തന്നെ കൊടുത്തു. ഇങ്ങനെയൊക്കെയായിരുന്നു ഉസ്താദ് ഒരു ഗ്രന്ഥത്തിന്റെ വ്യത്യസ്ത കോപ്പികൾ സംഘടിപ്പിച്ചിരുന്നത്.

എല്ലാ പകർപ്പുകളും പരസ്പരം നോക്കി തെറ്റുകൾ തിരുത്താനായിരുന്നു ഇത്രയൊക്കെ കഷ്ടപ്പെട്ടത്. ഒരു കോപ്പി മാത്രം അടിസ്ഥാനപ്പെടുത്തുമ്പോൾ അതിൽ പിഴവുകൾ വരാൻ സാധ്യതയുണ്ട്. കൂടുതൽ ആധികാരികതയുള്ള കോപ്പി അടിസ്ഥാനപ്പെടുത്തി ടൈപ്പ് ചെയ്യുകയും മറ്റു കോപ്പികൾ ചേർത്തു വായിക്കുകയും ചെയ്യുമ്പോൾ ഇത്തരം പോരായ്മകളെ മറികടക്കാം. കിതാബിന്റെ തുടക്കത്തിൽ അതിന് അവലംബിക്കപ്പെട്ട എല്ലാ പകർപ്പുകളുടെയും വിവരങ്ങൾ ചേർക്കാറുമുണ്ട്. ഇത് മുൻഗാമികളുടെ രീതിയാണ്.

ഫത്ഹുൽ മുഈനിന്റെ 19 കോപ്പികൾ ഉസ്താദിന്റെ അടുത്തുണ്ടെന്ന് ക്ലാസുകളിൽ പറയാറുണ്ട്. ഒരിക്കൽ ഫത്ഹുൽ മുഈൻ ക്ലാസെടുക്കുമ്പോൾ മസ്ബൂഖുമായി ബന്ധപ്പെട്ട മസ്അലയിൽ ചെറിയ സംശയമുണ്ടായപ്പോൾ ഉസ്താദിന്റെ കമ്പ്യൂട്ടറിൽ ഉണ്ടായിരുന്ന ഒന്ന് രണ്ടു കോപ്പികൾ മറിച്ച് ആ ഭാഗം ശരിയാക്കി തന്നതോർക്കുന്നു.

ഉസ്താദ് വർക്ക് ചെയ്തു കൊണ്ടിരിക്കുന്ന കിതാബ് വേറെ ആരെങ്കിലും ടിപ്പണി ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നറിഞ്ഞാലും തന്റെ ദൗത്യം അവസാനിപ്പിക്കില്ല. പ്രസിദ്ധീകരിക്കപ്പെട്ട ആ കിതാബും ഉസ്താദ് സംഘടിപ്പിക്കും.

ലോക്ക്ഡൗൺ കാലത്ത് ഫത്ഹുൽ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥമായ ‘തർശീഹുൽ മുസ്തഫീദീൻ’ എന്ന കിതാബ് നല്ല രീതിയിൽ പ്രസിദ്ധീകരിക്കണമെന്ന് ഉസ്താദ് ആശിച്ചു. ഉടനെ തന്നെ അതിന്റെ പണികൾ തുടങ്ങുകയും ചെയ്തു. വർഷങ്ങൾക്കുള്ളിൽ തന്നെ എല്ലാം പൂർത്തിയായി. തുടക്കം മുതൽ അവസാനം വരെ മുഴുവനായും ഉസ്താദ് വായിച്ച് ഒന്നു കൂടി പ്രൂഫ് നോക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ആരോഗ്യപരമായും മറ്റും കാരണം കൊണ്ട് അത് നീണ്ടു. ലെബനാനിലെ DKI എന്ന പ്രസാധകർ പ്രസ്തുത കിതാബ് പ്രസിദ്ധീകരിച്ചുവെന്നും അത് കോഴിക്കോട് മത്ജർ ബുക്ക് സ്റ്റാളിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ 2000 രൂപ കൊടുത്ത് വാങ്ങി കൊണ്ടുവരാൻ പറഞ്ഞു. കഴിഞ്ഞവർഷം ഡമസ്കസിൽ നിന്ന് മറ്റൊരു പ്രസാധകർ ഇത് മൂന്നു വാല്യങ്ങളിലായി പുറത്തിറങ്ങി. അതും ഉസ്താദ് സംഘടിപ്പിച്ചു. പക്ഷേ ഉസ്താദ് തന്നെ പറയാറുണ്ടായിരുന്നു: “ഞാൻ ഉദ്ദേശിക്കുന്ന, നമ്മൾ ചെയ്തുവച്ചത് തന്നെയാണ് ഇവകളെക്കാൾ ഉഷാർ”

ഗോളശാസ്ത്രത്തിലെ കിതാബുകൾ അടിക്കുറിപ്പെഴുതി നന്നാക്കാൻ ഉസ്താദ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഗോളശാസ്ത്രത്തിലെ പത്തു ദാഇറകളെ കുറിച്ച് പ്രതിപാദിക്കുന്ന ‘ലഖ്തുൽ ജവാഹിർ’ എന്ന കിതാബിന്റെ നാലു വ്യത്യസ്ത കോപ്പികൾ സംഘടിപ്പിച്ച് ആവശ്യമായ ചിത്രീകരണത്തോടുകൂടെ ഉസ്താദ് മനോഹരമാക്കിയിട്ടുണ്ട്. അത് ഇപ്പോൾ ചില സ്ഥാപനങ്ങളിൽ സിലബസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ശർഹും (ഫത്ഹുൽ അലീമിൽ ഖാദിർ) ഉസ്താദ് തന്നെ മനോഹരമാക്കിയിട്ടുണ്ട്.

ഉസ്താദ് കൂടുതലും ശ്രദ്ധിച്ചിരുന്നത് ഇങ്ങനെയുള്ള രചനകളാണ്. മഹത്തുക്കളായ പൂർവ്വകാല പണ്ഡിതന്മാരുടെ രചനകൾ ആവശ്യമായ ടിപ്പണികളോടെ പുറംലോകം കാണിക്കുക എന്നതാണ് ലക്ഷ്യം. ധാരാളം കിതാബുകൾ ഇങ്ങനെ ഉസ്താദ് രചിച്ചിട്ടുണ്ട്. പൂർത്തിയായതും അല്ലാത്തതുമായി നൂറിലേറെ ഗ്രന്ഥങ്ങൾ നിലവിലുണ്ട്. എല്ലാം വ്യത്യസ്ത വിജ്ഞാന ശാഖകളിലുള്ള കിതാബുകൾ ആയിരുന്നു. കേരളവുമായി ബന്ധപ്പെട്ട രചനകൾക്ക് ഉസ്താദ് പ്രാമുഖ്യം നൽകിയതായി കാണാം.

പലപ്പോഴും മഅ്ദിനിൽ പഠിക്കുന്ന കുട്ടികളെയും കൂടെ കൂട്ടിയിട്ടാണ് വർക്കുകൾ ചെയ്യുക. കുട്ടികളെയും ഇതിന് പ്രാപ്തരാക്കുക എന്നതായിരുന്നു ലക്ഷ്യം. ആവശ്യമായ എല്ലാ രീതികളും അവർക്ക് പറഞ്ഞു കൊടുത്ത് അവരെ കൊണ്ട് ചെയ്യിക്കും. പലപ്പോഴും ഉസ്താദ് ശിഷ്യന്മാരോട് പറയാറുണ്ട്: “ നമുക്കൊരു ഫന്നോ (വിജ്ഞാന ശാഖ) നിശ്ചിത വിഷയമോ പഠിക്കണമെന്നുണ്ടെങ്കിൽ അത് പറയുന്ന ഏതെങ്കിലും ഒരു കിതാബ് സംഘടിപ്പിച്ച്

അത് ടിപ്പണി ചെയ്താൽ മതി. അതിൽ പറയുന്ന കാര്യങ്ങളൊക്കെ നമുക്ക് മനസ്സിലാക്കേണ്ടിവരുമല്ലോ”

എല്ലാം അതിൻ്റേതായ ക്വാളിറ്റിയോട് കൂടെ ആകണമെന്ന് ഉസ്താദിനു നിർബന്ധമുണ്ടായിരുന്നു. കിതാബിന്റെ ലേഔട്ട്, പ്രിന്റ് ചെയ്യുന്ന A4 ഷീറ്റ്, കിതാബുകൾ ബൈന്റ് ചെയ്യാൻ ഉപയോഗിക്കുന്ന ചട്ട ഇവകളിലൊക്കെ ഉസ്താദ് ഇത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ടൈപ്പ് ചെയ്യുകയും ആവശ്യമായ ടിപ്പണികൾ നൽകുകയും ചെയ്തു കഴിഞ്ഞാൽ വീണ്ടും പ്രൂഫ് റീഡിങ് നടത്തും. അവലംബിക്കപ്പെട്ട എല്ലാ കോപ്പികളും ചേർത്തുവായിക്കും. ഇങ്ങനെയുള്ള ഭാരിച്ച ദൗത്യങ്ങൾ ഏറ്റെടുക്കാൻ പലരും തയ്യാറാകാറില്ല. അറിവിനോടുള്ള അടങ്ങാത്ത ജിജ്ഞാസയും ഞാൻ മുഖേന ഭാവി തലമുറയ്ക്ക് വിജ്ഞാനം കൈമാറപ്പെടണം എന്ന തീരുമാനമായിരിക്കാം ഉസ്താദിനെ ഇങ്ങനെ പ്രേരിപ്പിച്ചത്.

‘ഗിബ്ത്വതുന്നാളിർ ഫീ തർജുമതി ശൈഖ് അബ്ദിൽ ഖാദിർ’ എന്ന കിതാബായിരുന്നു ഉസ്താദ് അവസാനമായി ചെയ്തിരുന്നത്. വഫാത്താകുന്ന ദിവസം വൈകുന്നേരമാണ് അതിന്റെ പണികളെല്ലാം പൂർത്തീകരിച്ചത്. പൊതുവേ ഗ്രന്ഥങ്ങളൊന്നും ഉസ്താദ് പ്രസിദ്ധീകരിക്കാറില്ലെങ്കിലും ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കണമെന്ന് പ്രത്യേകം പറഞ്ഞിരുന്നു. പക്ഷേ അതിന് ഉസ്താദ് കാത്തിരുന്നില്ല.‘

പകർപ്പാവകാശം പ്രസാധകർക്ക് മാത്രം’ എന്ന് മിക്ക ഗ്രന്ഥങ്ങളിലും നമ്മൾ കാണാറുണ്ടല്ലോ. ഇതിനോട് ഉസ്താദ് യോജിക്കാറില്ല. ഉസ്താദ് രചിച്ചത് ആർക്കും പ്രസാധനം ചെയ്യാം. അവസാനം എഴുതിയ ഗ്രന്ഥത്തിൽ ‘ഖാദിരിയ്യ ത്വരിഖത്തിനെ സ്നേഹിക്കുന്ന ഏവർക്കും പ്രസാധനം ചെയ്യാം’ എന്ന് കുറിച്ചു വച്ചിരുന്നു. എല്ലാവർക്കും അറിവ് ലഭിക്കട്ടെ എന്ന ഇഖ്ലാസിന്റെ അടയാളമല്ലാതെ മറ്റെന്താണ് ഉസ്താദിനെ ഇതിൽ പ്രേരിപ്പിച്ചിട്ടുണ്ടാവുക!?

ഉസ്താദ് കഠിനധ്വാനം ചെയ്തുണ്ടാക്കിയതാണെങ്കിൽ പോലും ആര് ചോദിച്ചാലും അതവർക്ക് കൊടുക്കാൻ ഒരു മടിയുമില്ലായിരുന്നു. വലിയ തുക കൊടുത്തു വാങ്ങിയതാണെങ്കിൽ പോലും സൗജന്യമായി തന്നെ നൽകും.

മലയാളത്തിലും ഉസ്താദ് സ്വന്തമായി ചില ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. തന്റെ ഉപ്പ വഫാത്തായപ്പോൾ ഉപ്പയുടെ പേരിൽ ഹദ്‌യയായി ‘മരണാനന്തര ജീവിതം സന്തോഷപ്രദമാകാൻ’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. മരണപ്പെട്ടവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ചെയ്തുകൊടുക്കേണ്ട കര്‍മങ്ങളും മരണപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കുന്നതും മരണാനന്തര ജീവിതം സുഖകരമാക്കാന്‍ ചെയ്യേണ്ടതുമായ അനുഷ്ഠാനങ്ങൾ പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകം.

ശുഭ-അശുഭം (നഹ്സ്, സഅദ് എന്നിവയെ സംബന്ധിച്ചുള്ള ഗ്രന്ഥം) വാസ്തുശാസ്ത്രം, ഗണിതം ലളിതം, നിസ്കാര സമയം നിങ്ങൾക്കും കാൽക്കുലേറ്റ് ചെയ്യാം, സമയ വിസ്മയം, രിസാലത്തുൽ ഹിസാബ് സയന്റിഫിക് കാൽക്കുലേറ്ററിലൂടെ, ദശമഹാ വൃത്തങ്ങൾ, മാസപ്പിറവി അറിഞ്ഞിരിക്കേണ്ട ചില യാഥാർത്ഥ്യങ്ങൾ, ഹിജ്റ കലണ്ടർ ഒരു ഹ്രസ്വ പഠനം തുടങ്ങിയവ ഉസ്താദിന്റെ മലയാള രചനകളിൽ പ്രധാനപ്പെട്ടവയാണ്.

ഇവയെല്ലാം വളരെ ഉപകാരപ്രദമായ വൈജ്ഞാനിക സേവനങ്ങളാണ്. ഉസ്താദിന്റെ എല്ലാ പരിശ്രമങ്ങളും അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ

സവാദ് കോട്ടുമല

സവാദ് കോട്ടുമല

വിദ്യാർത്ഥി, മഅ്ദിൻ കുല്ലിയ ഓഫ് ഇസ്ലാമിക് സയൻസ്

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!