പ്രഭാകിരണങ്ങൾ

തമസ്സിന്നിടുക്കമേറ്റിയ കാലത്ത്
അഖിലമാകെ പ്രഭ പരത്താൻ
പെരിയോൻ പടച്ച
കരുത്തുറ്റ ദ്യുതിയാണന്ന്
മക്കയിൽ നിന്ന് ജ്വലിച്ചുയർന്നത്.

അനാഥത്വത്തിൻ്റെ
കൈപ്പുനീരേറെ രുചിച്ച ബാലകന്
വേദനയുടെ ചൂരറിയാൻ
ശിക്ഷണം വേണ്ടെന്നിരിക്കെ
അൽഅമീനെന്ന വിശേഷണം
കടഞ്ഞെടുക്കപ്പെട്ടതായിരുന്നു

യത്തീമിനു മുന്നിൽ
താലോലമരുതെന്ന
പ്രഖ്യാപനത്തിന് പിന്നിൽ
നോവിൻ്റെയാഴമതിലേറെ
താണ്ടിയിട്ടുണ്ടാകണം

മതമന്യതായിട്ടും
ശവദാഹത്തിനകലുന്ന
മൃതദേഹത്തിന്നരികിൽ
എഴുന്നേറ്റു നിന്നാദരവേകിയത്
മനുഷ്യനാണെന്ന
പരിഗണനക്കു മുന്നിലെങ്കിൽ
മതസൗഹാർദ്ദത്തിനും
പാത വെട്ടിയവരായിരുന്നവിടുന്ന്!

കരുണയേറെ പകർന്ന ദൂതർ
മനുജനൊന്നിൻ്റെ കൊല
മാനവകുലനാശത്തിനു
തുല്യമെന്നരുളിയതും
സഹനപരീക്ഷണങ്ങളേറെ കടന്നിട്ടും
ശാപവാക്കുകളൊന്നും
വർഷിക്കാതെയാണ്

പിറന്നത് പെണ്ണെങ്കിൽ
ഉയിരോടെ മൂടപ്പെട്ട കാലത്ത്
ഫാത്വിമയെൻ്റെ കരളിൻ
കഷ്ണമെന്ന് ചേർത്ത നബി
സ്വർഗവരദാനമാണവരെന്ന്
സ്നേഹത്തിലൂട്ടിയാണ്
പകർന്നതു തന്നതും !

മാലിന്യമെറിഞ്ഞ്
ദ്രോഹം ചൊരിഞ്ഞ
ജൂതസ്ത്രീയോടും
പനിച്ച് വീണപ്പോൾ
പ്രതികാരമില്ലാതെ
പരിലാളന കൊണ്ട്
മാതൃക കാട്ടിയവരായിരുന്നു
തിരുദൂതർ.

അഭയം തേടിയണഞ്ഞ
കലമാനുമൊട്ടകവുമെല്ലാം
അവിടം സുരക്ഷിതമെങ്കിൽ
സഹജീവിസ്നേഹത്തിൻ
ജീവുള്ള മാതൃകയായിരുന്നവിടുന്ന്..!

എഴുതിത്തീരാത്ത
ജീവിത പ്രഭാവത്തിൻ
വർണ്ണനകൾക്കൊരു
തൂലികയും മതിയാവില്ലെന്നിരിക്കെ
ജീവിതം തന്നെയാണാ
അതുല്യ സന്ദേശവും!

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!