സ്നേഹ സമക്ഷം

പ്രവാചക അധരത്തു നിന്ന്
അറിവുറഞ്ഞുത്തുടങ്ങി.
വിരുന്നു വന്നവരെയെല്ലാം
ഇഷ്ടത്തോടെ ഇരുത്തിയൂട്ടാൻ
സമ്പന്നമായ തിരുസവിധം,
ദൈവഹിതങ്ങൾക്ക് ശബ്ദം പകർന്നു.

ശിരസ്സിലെ പറവകൾ
ഇളകാതിരിക്കാനെന്ന പോൽ
കേൾവിക്കാർ അന്യോന്യം നിശബ്ദമായി.

കണ്ണു പിടിക്കാത്ത കാലവും ദൂരവും കടന്നു
മുഹമ്മദ് നബി
മരുഭൂവിനും മനുഷ്യനുമൊത്ത നടുക്കെത്തി.

വേറൊരുത്തനെ നോവിക്കാത്ത
വാക്കും നോക്കും
വിതരണം ചെയ്യണമെന്നും,
മനസ്സിനു മധ്യേ ചൊറിച്ചിലുണ്ടാക്കുന്നതെല്ലാം
മറികടക്കണമെന്നും പറഞ്ഞു
നന്മ-തിന്മയുടെ നടുകെ മുറിച്ചു.

ആരൊരാളെക്കൊണ്ട് ഉടയവനെ ഓർമ്മയാകുന്നു
അവൻ അത്യുത്തമനും
സ്രഷ്ടാവിന് സമന്മാരെ തിരയുന്നവൻ
വൻ പാപത്തിൽ വീണുപോയെന്നും.

ഊരാക്കുടുക്കുകൾ അഴിയുന്ന ഉരിയാട്ടങ്ങൾ,
ശ്രവണ ശ്രുതി ചേരുന്ന വചനാമൃതങ്ങൾ.

വിഭാഗീയത വിളമ്പുന്ന
ക്ഷണങ്ങൾക്ക് സ്വാദില്ലെന്നും,
അപരന്റെ സ്വസ്ഥത കൂടി
മുസ്ലിമിന്റെ ബാധ്യതയാണെന്നും.

ശിലാഹൃദയരോട് അനാഥരുടെ
മൂർദ്ധാവിലൂടെ വിരലോടിക്കാൻ.
വരേണ്യരെ വലുതാക്കിയോ
അശരണരെ അകറ്റി നിർത്തിയോ
മതം മൊത്തക്കച്ചവടമാക്കരുതെന്ന താക്കീത്.

പ്രവാചകപ്പൊരുളുകളുടെ ഉറവിടം
പൂർവ്വാകാശങ്ങൾക്കും അപ്പുറം.

അവിടുന്ന് പറഞ്ഞതും പറയാത്തതും രേഖയായി,
മൗന സമ്മതങ്ങൾ പോലും
തങ്കത്തെളിച്ചമുള്ള പ്രമാണമായി.

തിരുനബി തുടരുകയാണ്,
വാക്കിന്റെ സൗന്ദര്യത്തിന് മിസ്ക്കിന്റെ സൗരഭ്യം.
സ്നേഹം ആവിഷ്കരിക്കുന്ന
വാക്കുകൾക്ക് ഒറ്റമുത്തിന്റെ ശോഭ..!

Next Post

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

error: Content is protected !!