പ്രവാചകന് വെളിപാടുണ്ടായന്ന്
ലോകത്താദ്യമായി
സൂര്യന് വെളിച്ചമുണ്ടായി
നിറയെ ഇരുട്ടുള്ള കാട്ടിൽ
ഒറ്റയ്ക്കൊരു മരം വളർന്ന്
വെളിച്ചം പൂവിട്ട് നിലാവായി
ജിബിരീലണഞ്ഞ്
പ്രവാചകനിൽ
തുടരെ തുടരെ
കൗതുകം ബാക്കി വെച്ചു,
സമാധാനം
ഒരു മതമായി വളർന്ന്
സ്നേഹത്തെ മാത്രം
നിർവ്വചിക്കാനറിയാവുന്ന
ഭാഷയായി.
പിന്നെ പിന്നെ,
ചന്ദ്രന് പ്രേമം മൂത്ത്
നെഞ്ച് കുത്തിപ്പിളർന്ന്
ഉള്ള് കാട്ടിക്കൊടുത്തു,
ആകാശം
വെളിച്ചമുള്ള കടലായി.
കുഞ്ഞായിരുന്നപ്പോൾ
തണല് വിരിച്ച
കഥയോർത്ത്
പെയ്ത് തീർന്നൊരു
മേഘം
തോർന്നു പോകാതെ
സത്യത്തിന്റ
വിത്തിൽ ചെന്ന് തൊട്ട്
മുളപൊട്ടി.
നബിയോരുടെ
വിളികേട്ടൊരു മരം
കാലെന്ന് തെറ്റിദ്ദരിച്ച്
വേരുകൾ കൊണ്ട്
നടന്ന് പോയ വഴി
സ്വർഗത്തിൽ
ചെന്നവസാനിച്ചു
പ്രവാചകന്
വഫാത്തുണ്ടായന്ന്
പ്രണയത്തിനുമതുണ്ടായി,
വസന്തം നിറയെ
ചിരി മറന്ന കാടായി
പിന്നീടൊരിക്കലും
ലോകത്തൊരിടത്തും
ഒരു പൂവും
കൊഴിഞ്ഞ് പോകാനല്ലാതെ
വിടർന്നില്ല,
മരിച്ചും.

