പകലോൻ
മാഞ്ഞു മാഞ്ഞ്
ഇരുള് പൂത്തപ്പോൾ
ഉമ്മറപ്പടിയിലന്ന്
മൂന്ന് നക്ഷത്രങ്ങളുണ്ട്.
ഈന്തപ്പഴച്ചീളിൽ
കണ്ണീര് നിറച്ചുനൽകി
ഖുവൈലിദിന്റെ പുത്രി.
പ്രിയനെ ഓർത്ത
പ്രണയമിഴികളന്ന്
സജലങ്ങളായി.
ഇലാഹീ സ്മരണകളിൽ
രാത്രിയെ പുതപ്പിച്ചു,
തിരുനബി.
പത്നി, നബിയോളം
പെയ്യാൻ പഠിച്ചു.
ഹൃദയത്തോളം
പ്രണയിക്കാനും.
വിക്കുന്ന വാക്കുകളിൽ
ഒരു ലോകമാകെ
വായിച്ചു തുടങ്ങിയത്
ഹിറായിൽ നിന്ന്
ഹുജ്റയിലേക്ക്
പോയപ്പോഴാണ്.
അത്രമേൽ വെട്ടം
പൊഴിച്ചൊരു മാലാഖയും
കേൾക്കാത്തൊരു
ഭാഷയും
ഉറഞ്ഞൊടുവിൽ
പുറത്തേക്കൊഴുകി
സമ്മിലൂനി..
പിന്നെയും,
സമ്മിലൂനി…
അന്ന്
തിരുനബി പുതച്ചത്
സ്നേഹം.
പുതപ്പിച്ചതോ
പ്രണയം.
ഓർമക്കനലുകളിൽ
ഉള്ളം നീറുമ്പോൾ
‘ബീവിയോളം’
പ്രണയമൊളിപ്പിക്കാനാവാതെ
ഖൽബ് പിടയ്ക്കും.
ഞാൻ നുറുങ്ങുകളാകും.
പൊള്ളുന്ന വെയിലിലും
പുതപ്പ് ചോദിക്കുന്നവനെപ്പോലെ
മദീന കേൾക്കുന്നതിനേക്കാൾ
പതുക്കെ
ഞാനും
വിളിച്ചുനോക്കും,
സമ്മിലൂനി…
സമ്മിലൂനി…

