നിരയൊപ്പിച്ച്
പുറ്റിനുള്ളിലേക്ക് നടന്നുകയറുന്ന
ഉറുമ്പിൻകൂട്ടത്തിൽ നിന്ന് ഒരുറുമ്പ് മാത്രം
ഇലമറവിലേക്ക് പതുങ്ങി
പടയാളികളുടെ കാലിനടിയിൽ പെട്ട്
ചതഞ്ഞരയുമോ എന്ന
ഉറുമ്പിൻപേടിയതൊരിക്കലും
ശ്വാസമായി പുറത്തുവിട്ടില്ല
കാറ്റ് സുലൈമാൻ നബിയുടെ ചാരനാണെന്നോർമയുണ്ട്
നിലാവ് പരത്ത്ണ ചിരിച്ചേലിൽ
സുലൈമാൻ നബിയെ കണ്ണിമവെട്ടാതെ നോക്കുമ്പോൾ
കയ്യിലൊരു മോതിരം
‘മുഹമ്മദെന്ന കൊത്തുപണി’
നജ്റാനിലെ പുരോഹിതന്മാർ
കാലാവസാനത്തിൽ മുദ്രവെച്ചു കൈമാറുന്ന രേഖകളിലൊന്ന്
പണ്ടാരോ ഉറക്കെ വായിച്ചൊരു മുഴക്കം
ഉറുമ്പിൻ കാലുകളെ ഉലച്ചു
കൊടിയ വനത്തിൽ വെച്ച്
ഒരു കിളി കൊത്തിപ്പെറുക്കുമോ എന്നാലോചിക്കാതെ
പൊള്ളുന്ന മരുഭൂമിയിൽ
വെച്ചുരുകിയൊലിക്കുമോ എന്നു നിനയ്ക്കാതെ
പൊടിക്കാറ്റിൽ പെട്ട്
രണ്ടായി പിളരുമോ എന്നു വിറയ്ക്കാതെ
ഉറുമ്പ്
വഴികളെ പ്രേമിച്ചു
കാലുകൾ
ഊന്നിയൂന്നി നടന്നു
മക്കയിലെത്താൻ വേണ്ട
സമയത്തെയോ ചവിട്ടടികളെയോ തിട്ടപ്പെടുത്താതെ
ഉന്മാദിയായി ഒഴുകി
തൂവൽ മുളയ്ക്കാത്ത കുഞ്ഞുപ്രാവിറച്ചി കണ്ട്
തിന്നാനാർത്തിയോടെ അരിച്ചെത്തിയപ്പോൾ
ഉറുമ്പൊരു സ്വപ്നം നുണഞ്ഞു
ഇടതടവില്ലാതെ കുറുകുന്ന പ്രാവും
വല നെയ്യുന്ന ചിലന്തിയും
സിദ്റത്തിന്റെ ചുവട്ടിലിരുന്ന് മാടിവിളിക്കുന്നു

